Showing posts with label വാർത്ത. Show all posts
Showing posts with label വാർത്ത. Show all posts

Saturday, November 7, 2020

'ബിനീഷിനെതിരെ ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെ, പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്': കോടിയേരി

 ബിനീഷ് കോടിയേരിക്കെതിരായി ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണം ഒരു വ്യക്തിക്കെതിരായി ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണമാണെന്നും സര്‍ക്കാരുമായി ബന്ധപ്പെട്ട എന്തെങ്കിലും സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആളല്ല ബിനീഷെന്നും കോടിയേരി. ബിനീഷൊരു പൊതുപ്രവര്‍ത്തകനോ പബ്ലിക് സര്‍വന്റോ അല്ല.  വ്യക്തിപരമായാണ് ആരോപണം ഉയര്‍ന്നുവന്നിരിക്കുന്നത്. ആ ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

 അന്വേഷിക്കട്ടെ, ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെ, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ. എത്ര ഉയര്‍ന്ന ശിക്ഷ വേണമെങ്കിലും കൊടുക്കട്ടെ എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളത്. ഇപ്പോഴും അതേ നിലപാടാണ്.  പാര്‍ട്ടി എന്ന നിലയില്‍ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ല. ഇപ്പോഴും ഇടപെടാന്‍ ഉദ്ദേശിക്കുന്നുമില്ല. അന്വേഷണം അന്വേഷണത്തിന്റെ വഴിക്ക് നടക്കട്ടെ.  അതെല്ലാം അന്വേഷിച്ച് തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കട്ടെ. കോടതി തീരുമാനിക്കട്ടെ.

ഒരു വ്യക്തിക്കെതിരായ ആരോപണത്തെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ബന്ധപ്പെട്ട അന്വേഷണ ഏജന്‍സിക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്.  അവരത് അന്വേഷിക്കട്ടെ. എന്തെല്ലാം കണ്ടുപിടിക്കാന്‍ സാധിക്കുന്നു എങ്കില്‍ കണ്ടുപിടിക്കട്ടെ.  കണ്ടുപിടിച്ചത് കോടതിയില്‍ സമര്‍പ്പിക്കട്ടെ . കോടതി തീരുമാനിക്കട്ടെ തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് . ഇപ്പോള്‍ ആരോപണം മാത്രമാണ്. അതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായിട്ട് തെറ്റായ നടപടി ഉണ്ടാകുമ്പോള്‍  അത് ചോദ്യം ചെയ്യാന്‍ കുടുംബത്തിന് അവകാശമുണ്ട്. ആ അവകാശം അനുവദിച്ച് കൊടുക്കുക.

ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച ആക്ഷേപം  കുടുംബം ഉന്നയിച്ചിട്ടുണ്ട്. അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ആക്ഷേപം. അത് സംബന്ധിച്ച പരാതി ബന്ധപ്പെട്ടവര്‍ ഇഡി ഡയറക്ടര്‍ക്കും  കോടതിക്കും സമര്‍പ്പിച്ചിട്ടുണ്ട്.  ആ കാര്യങ്ങള്‍ നിയമസംവിധാനം പരിശോധിക്കട്ടെ. പരാതി കൊടുക്കാന്‍ അനുഭവിച്ചവര്‍ക്ക് അവകാശമുണ്ട്.  നിയമവിരുദ്ധമായിട്ട് ഏതെങ്കിലും ഏജന്‍സി പ്രവര്‍ത്തിച്ചാല്‍ അതിനെ നിയമപരമായി  ചോദ്യം ചെയ്യാന്‍ വ്യക്തിക്കും, എല്ലാവര്‍ക്കും അവകാശമുണ്ട്

താനൊരു പാര്‍ട്ടി സെക്രട്ടറിയായിട്ടാണ് സംസാരിക്കുന്നത്. ഒരാളുടെ അച്ഛന്‍ എന്ന നിലയില്ല . പാര്‍ട്ടിയെ സംബന്ധിച്ച്, പാര്‍ട്ടിയും ഒരു വ്യക്തിയും തമ്മിലുള്ള താല്‍പര്യം വന്നാല്‍ പാര്‍ട്ടി താല്‍പര്യമാണ് ഉയര്‍ത്തിപ്പിടിക്കുക. അതാണ് ഈകാര്യത്തിലും നിലപാട്. അതിനാല്‍ ഏതന്വേഷണവും നടക്കട്ടെ എന്ന നേരത്തേയും ഇപ്പോഴത്തേയും നിലപാടില്‍ തന്നെയാണ് താനും പാര്‍ട്ടിയും നില്‍ക്കുന്നത്.

പരാതി കിട്ടിയാല്‍  ബാലാവകാശ കമ്മീഷന്‍ അത് അന്വേഷിക്കും.  ബിനീഷിന്റെ കുട്ടിയായാല്‍ പീഡിപ്പിക്കാമെന്നുണ്ടോ?.അതിനാല്‍ പരാതി കൊടുക്കാനും കമ്മീഷന് ഇടപെടാനും അവകാശമുണ്ട്

ഞങ്ങളുടെ പാര്‍ട്ടിയുടെ സെക്രട്ടറി ആരായിരിക്കും എന്ന് തീരുമാനിക്കുന്നത് ഞങ്ങളുടെ പാര്‍ട്ടിയാണ്.അത് ഞങ്ങളുടെ പാര്‍ട്ടിക്ക് വിട്ടുകൊടുക്കുന്നതായിരിക്കും നല്ലത്.കെപിസിസി പ്രസിഡന്റ് ആരാണെന്നുള്ളത്  ഞങ്ങളുടെ പാര്‍ട്ടി തീരുമാനിച്ചാല്‍ ശരിയാകുമോ. അതവരല്ലെ തീരുമാനിക്കേണ്ടതെന്നും കോടിയേരി മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കി.

Friday, November 6, 2020

ബിനീഷ്‌ ഡോണുമല്ല, ബോസുമല്ല , എന്റെ രണ്ട്‌ കുട്ടികളുടെ അച്ഛനാണ്;‌ സാധാരണ മനുഷ്യനാണ്‌ : ബിനീഷിന്റെ ഭാര്യ റെനീറ്റ

‘‘ബിനീഷ്‌ ബോസുമല്ല, ഡോണുമല്ല. എന്റെ രണ്ട്‌ കുട്ടികളുടെ അച്ഛനാണ്;‌ സാധാരണ മനുഷ്യനാണ്‌’’- ഇഡിയുടെ തടങ്കലിനുശേഷം പുറത്ത്‌ എത്തിയപ്പോൾ കണ്ണീരടക്കി ഉറച്ച ശബ്ദത്തിൽ ബിനീഷിന്റെ ഭാര്യ റെനീറ്റ മാധ്യമങ്ങളോട്‌ പറഞ്ഞു.  

‘‘ബുധനാഴ്‌ച രാവിലെയാണ്‌ അമ്മയ്‌ക്കും അച്ഛനും ഇളയ മകൾക്കും ഒപ്പം ഇവിടെ എത്തിയത്‌. മൂത്തമകളെ സ്വന്തം വീട്ടിലാക്കിയിട്ടാണ്‌ വന്നത്‌. ഉടൻ തിരിച്ചുപോകാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അത്‌. എന്നാൽ, മരുതംകുഴിയിലെ വീട്ടിൽ കയറിയപാടെ ഇഡി മൊബൈൽ ഫോൺ വാങ്ങിവച്ചു. വാതിൽ അടച്ചു. രാത്രി ഏഴോടെ ഡെബിറ്റ്‌ കാർഡ്‌ കിട്ടിയെന്നും വീട്ടിൽനിന്ന്‌ ലഭിച്ചതാണെന്ന്‌  ഒപ്പിട്ട്‌ നൽകണമെന്നും ആവശ്യപ്പെട്ടു. അത്‌ വീട്ടിൽനിന്ന്‌ ലഭിച്ചതല്ലെന്ന്‌ ഉറപ്പായിരുന്നു. അതിനാൽ ഒപ്പിട്ട്‌ നൽകിയില്ല. നിങ്ങൾ കൊണ്ടുവന്നതാണെന്ന്‌ രേഖയിൽ എഴുതിയാൽ ഒപ്പിട്ട്‌ നൽകാമെന്ന്‌ പറഞ്ഞു. ഇതോടെ അവരുടെ ഭാവം മാറി. ബിനീഷിനെ രക്ഷപ്പെടുത്തണമെങ്കിൽ ഒപ്പിട്‌. ഇല്ലെങ്കിൽ കുരുക്ക്‌ മുറുകും, പ്രശ്‌നമാകും, എന്നെല്ലാം പറഞ്ഞു. വഴങ്ങാഞ്ഞതോടെ ബിനീഷിനെക്കൊണ്ട്‌ പറയിപ്പിച്ചാൽ ഒപ്പിടുമോ എന്ന്‌ ചോദിച്ചു.

നിങ്ങൾ ഇതിൽ ഒപ്പിടാത്തതുകൊണ്ടാണ്‌ അവനെ വിടാത്തത്‌. എന്ത്‌ പറഞ്ഞാലും ജയിലിൽ പോകേണ്ടിവന്നാലും ഒപ്പിടില്ലെന്ന്‌ തീർത്ത്‌ പറഞ്ഞു. ഈ വീട്ടിൽ നിന്നാണ്‌ നിങ്ങൾക്കത്‌ കിട്ടിയതെങ്കിൽ എന്തുകൊണ്ട്‌ പരിശോധന തീർന്ന ഉടൻ കാണിക്കാതിരുന്നത്‌ എന്ന ചോദ്യത്തിന്‌ അവർക്ക്‌ മറുപടിയുണ്ടായില്ല. ഇതിനിടെ ഇഡി ഉദ്യോഗസ്ഥർ ആരോടോ ഫോണിൽ വിളിച്ചു. ‘വീട്ടിൽനിന്ന്‌ ഒന്നും കിട്ടിയില്ല’എന്ന്‌ അവർ പറയുന്നതും  കേട്ടു.

ആരെയും പുറത്തേക്ക്‌ പോകാൻ അനുവദിച്ചിരുന്നില്ല.  ഇഡി ആവശ്യപ്പെട്ടതെല്ലാം നൽകി. ഇ മെയിൽ ഐഡി, പാസ്‌വേഡ്‌ എന്നിവ കൈമാറി. ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങൾ എല്ലാം ബിനീഷ്‌  നേരത്തേ നൽകിയിട്ടുണ്ട്‌. പേരിന്‌ മാത്രമാണ്‌  ഇഡിയുടെ പരിശോധന. എല്ലാവിവരങ്ങളും തങ്ങളുടെ കൈയിലുണ്ടെന്ന്‌ അവർതന്നെ പറയുന്നു‌. പിന്നെ എന്തിനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. ഇഡിയുടെ മാനസിക പീഡനം വാക്കുകൾക്ക്‌ അതീതമായിരുന്നു’’–- റെനീറ്റ പറഞ്ഞു.

സ്‌ത്രീകളെമാത്രം വീട്ടിൽ നിർത്തി തന്നെ ഇറക്കിവിട്ടെന്ന്‌ കാട്ടി റെനിറ്റയുടെ അച്ഛൻ എസ്‌ ആർ പ്രദീപ്‌ ഇ ഡി ഡയറക്‌ടർക്ക്‌ പരാതി നൽകി.

അരമണിക്കൂർ മാത്രം പരിശോധന പിന്നെ ഭക്ഷണം, കളി, ചിരി...

ബിനീഷിന്റെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ ആകെ നടത്തിയത്‌ അരമണിക്കൂർ പരിശോധന. ബാക്കി സമയത്തെല്ലാം ഉദ്യോഗസ്ഥർ വെറുതെ വീട്ടിൽ കഴിയുകയായിരുന്നു.

മുകളിലെ മുറിയിലേക്കാണ്‌ ഇഡി ഉദ്യോഗസ്ഥർ ആദ്യം പോയത്‌. പിന്നീട്‌ താഴെയുള്ള മുറിയിലേക്ക്‌ വന്നു. അലമാരയിലെ സാധനങ്ങളല്ലാം വലിച്ചുവാരിയിട്ടു. ഇതിനാകെ എടുത്തത്‌ അരമണിക്കൂർ. ബാക്കി സമയം വീടിനുള്ളിൽ ഭക്ഷണം കഴിക്കൽ, വിശ്രമം, മൊബൈൽ ഗെയിം കളി, തമാശ പങ്കിട്ട്‌ ചിരിക്കൽ...

പൊലീസ്‌ വിശദീകരണം തേടി

പരിശോധനയുടെ മറവിൽ ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും ഭാര്യാമാതാവിനെയും 26 മണിക്കൂർ വീട്ടുതടങ്കലിലാക്കിയ ഇഡി നടപടിയിൽ പൊലീസ്‌ അന്വേഷണം തുടങ്ങി.

ബിനീഷിന്റെ ഭാര്യാപിതാവ്‌ എസ്‌ ആർ പ്രദീപ്‌ നൽകിയ പരാതിയിലാണ്‌ പൂജപ്പുര പൊലീസ്‌‌ അന്വേഷണം നടത്തുന്നത്‌. ഇതിനായി ഇഡി ഉദ്യോഗസ്ഥരിൽനിന്ന്‌ പൊലീസ്‌ വിശദീകരണം ആവശ്യപ്പെട്ടു. പൊലീസനോട്‌ എല്ലാ വിവരവും നൽകാമെന്നു പറഞ്ഞെങ്കിലും കുറച്ച്‌ വിവരം മാത്രമേ ഇ–-മെയിലായി നൽകിയുള്ളൂ. തുടർന്ന്‌‌ കൂടുതൽ വിവരം ആവശ്യപ്പെട്ട്‌ പൊലീസ്‌ ഇഡിക്ക്‌ മെയിൽ അയച്ചു.‌ എല്ലാ മനുഷ്യാവകാശവും ബാലാവകാശവും ഹനിക്കപ്പെട്ടതോടെയാണ്‌ പൊലീസിൽ പരാതിപ്പെട്ടതെന്ന്‌ എസ്‌ പി പ്രദീപ്‌ പറഞ്ഞു‌.

Thursday, November 5, 2020

സംഗതി ലളിതമാണ്; സുതാര്യമായ അന്വേഷണമൊന്നുമല്ല ലക്ഷ്യം...അഡ്വ. സി പി പ്രമോദ് എഴുതുന്നു.

 ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍  നടത്തിയ റെയ്ഡില്‍ നടന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പറ്റി ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. സി പി പ്രമോദ് എഴുതുന്നു. ഫേസ്‌ബുക്ക് പോസ്റ്റില്‍ നിന്ന്:

റെയ്ഡ് നടത്തിയ ശേഷം ഒപ്പിടാതെ വന്ന കാരണത്തിന് 24 മണിക്കൂറിലധികം രണ്ട് സ്ത്രീകളെയും മൂന്ന് വയസ്സായ പിഞ്ചു കുഞ്ഞിനെയും ED തടഞ്ഞു വെച്ചത് എങ്ങിനെയൊക്കെയാണ് നിയമ വിരുദ്ധമാവുന്നത്?

പുറത്തുവന്ന വിവരങ്ങൾ വെച്ച് നോക്കുമ്പോൾ ഇന്നലെ രാത്രി 10 മണിയോടെ റെയ്ഡ് പൂർത്തിയായിരിക്കുന്നു. അപ്പോൾ മുതൽ കണ്ടെടുത്ത രേഖകൾ രേഖപ്പെടുത്തുന്ന മഹസ്സറിൽ ഒപ്പിടാൻ അവരെ നിർബന്ധിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. അവരെ കൊണ്ട് ഒപ്പിടുവിച്ചേ അടങ്ങു എന്ന് എന്തിനാണ് വാശി പിടിക്കുന്നത് ? രേഖകൾ കസ്റ്റഡിയിൽ എടുക്കാൻ അവരുടെ ഒപ്പ് ഇല്ലാതെ മറ്റ് പോംവഴികൾ ഇല്ലെന്നാണോ ?

* മഹസ്സറിൽ സ്വതന്ത്ര സാക്ഷികളായി അയൽക്കാരെ കണ്ടെത്താമായിരുന്നില്ലേ ? ചുറ്റിലും വീടുകളുള്ള ഒരു ജന നിബിഡമായ പ്രദേശത്ത് ഒരാളെ കണ്ടെത്താൻ എന്താണ് പ്രയാസം ?

* തയ്യാറാക്കുന്ന മഹസ്സറുകൾ ഇലക്ട്രോണിക് സാങ്കേതിക വിദ്യ കണ്ടുപിടിക്കുന്നതിനും മുൻപത്തെ ഒരു ഉപാധിയാണ്. വീഡിയോ ഗ്രാഫിംഗ് സാർവ്വത്രികമായി ഉപയോഗിക്കപ്പെടുന്ന ഇക്കാലത്ത് റെയ്‌ഡും രേഖകൾ കണ്ടെടുക്കലും വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കി തെളിയിച്ചു കൂടെ ?

* അവിടെ ഇല്ലാത്ത ചില വസ്തുക്കൾ കൊണ്ടു വന്ന് ഇട്ട് ലിസ്റ്റിൽ ചേർത്തി ഒപ്പിടുവിക്കാൻ ശ്രമിച്ചു എന്ന ആരോപണം ഉണ്ടാകുമോ ?

*എന്തുകൊണ്ടാവും റെയ്ഡ് തൽസമയ വീഡിയോ റിക്കാർഡിംഗില്ലാതെ നടത്തിയത് ?

* റെയ്ഡിനിടെയും , അത് കഴിഞ്ഞും ആ വീട്ടിലുണ്ടായിരുന്ന ആൾക്കാർ എന്ന ഒറ്റക്കാരണത്താൽ പ്രതികളല്ലാത്ത അവരെ ചോദ്യം ചെയ്യാൻ ഏജൻസിക്ക് എന്താണ് അധികാരം?

* രാത്രി 10 മണിയോടെ പൂർത്തിയായ റെയ്ഡിനു ശേഷം 12 മണിക്കൂറിലധികം അവിടെ തുടരാനും , വീടിനെ ഒരു തടവറയാക്കി മാറ്റി കസ്റ്റഡിയിൽ വെക്കാനും , പുറത്തുള്ള ആരുമായും ഇടപെടാൻ അനുവദിക്കാതെയും , സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനും ആരാണ് ഇവർക്ക് അധികാരം നൽകിയത് ?

കൃത്രിമ തെളിവുണ്ടാക്കാൻ ശ്രമം: രേഖയിൽ ഒപ്പിടാതെ വീട്ടുകാർ ; ബിനീഷിന്റെ വീട്ടിൽ ഇഡി നാടകം

 ബിനീഷിനെതിരെ കൃത്രിമ തെളിവുണ്ടാക്കാനുള്ള എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ (ഇഡി) ശ്രമം പുറത്ത്‌. ബിനീഷിന്റെ വീട്ടിൽ പരിശോധന നടത്തിയിട്ടും ഒരു രേഖയും കിട്ടാതെ വന്നപ്പോഴാണ്‌ കള്ളക്കളി നടത്തിയത്‌. ലഹരി കടത്തുകേസ്‌ പ്രതി അനൂപ്‌ മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ്‌‌ കാർഡ്‌ ഇഡി ഉദ്യോഗസ്ഥരുടെ കൈയിലുണ്ടായിരുന്നു. ഇത്‌ വീട്ടിൽനിന്ന്‌ ലഭിച്ചതായി രേഖപ്പെടുത്തി ഒപ്പിട്ട്‌ നൽകണമെന്ന ആവശ്യം പക്ഷെ ബിനീഷിന്റെ ഭാര്യ അംഗീകരിച്ചില്ല. എല്ലാ രേഖയുടെയും പകർപ്പ്‌  നൽകണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും ഇഡി നൽകാത്തതും ദുരൂഹമാണ്‌. അഭിഭാഷകരുമായി സംസാരിക്കണമെന്ന അവരുടെ ആവശ്യവും ഇഡി അനുവദിച്ചില്ല.

രാവിലെ തുടങ്ങി ഉച്ചയ്‌ക്ക്‌ മൂന്നരയ്‌ക്ക്‌ പരിശോധന അവസാനിച്ചെങ്കിലും രേഖയിൽ ഒപ്പുവാങ്ങാനുള്ള ഗൂഢനീക്കം നടക്കാതെ വന്നപ്പോൾ ഇഡി ഉദ്യോഗസ്ഥർ രാത്രി വൈകിയും വീട്ടിൽ തുടർന്നു.കേന്ദ്രസേനയെ അടക്കം ഇറക്കി ഭീകരാവസ്ഥ സൃഷ്ടിച്ച്‌ മണിക്കൂറുകൾ നീണ്ട പരിശോധനയിൽ ഒരു ഡയറിമാത്രമാണ്‌ ലഭിച്ചത്‌. അത്‌ അവർ തിരികെ നൽകുകയും ചെയ്‌തു. ബിനീഷിന്റെ ഭാര്യക്കു പുറമെ മക്കൾ, ഭാര്യാപിതാവ്‌, അമ്മ എന്നിവരാണ്‌ വീട്ടിലുണ്ടായിരുന്നത്‌. എല്ലാവരും പരിശോധനയോട്‌ പൂർണമായും സഹകരിച്ചു. എന്നാൽ, തെറ്റായ രേഖകളിൽ ഒപ്പിടണമെന്ന ആവശ്യം ഭാര്യ നിഷേധിച്ചതോടെ  ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്‌.

തിരുവനന്തപുരം മരുതൻകുഴിയിലുള്ള ബിനീഷിന്റെ വീടിനു പുറമെ ടോറസ് റെമഡീസ് എന്ന സ്ഥാപനം, ഒാൾഡ് കോഫിഹൗസ് എന്ന സ്ഥാപനത്തിെന്റെ പാർട്ണർ ആനന്ദ് പത്മനാഭെന്റെ കുടപ്പനക്കുന്നിലെ വീട്,  കെ കെ റോക്സ് ഉടമ അരുൺ വർഗീസിന്റെ വീട്, കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫിന്റെ സ്ഥാപനത്തിലും വീട്ടിലും, സുഹൃത്ത് അൽജസാമിന്റെ അരുവിക്കര വട്ടക്കുളത്തുള്ള വീട്‌ എന്നിവിടങ്ങളിലാണ്‌ പരിശോധന നടത്തിയത്‌. കണ്ണൂർ ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ സെക്രട്ടറി മുഹമ്മദ്‌ അനസിന്റെ വീട്ടിലും ഇഡി പരിശോധന നടന്നു.

ഒപ്പിടാന്‍ ഭീഷണിപ്പെടുത്തി, മരുന്നെടുക്കാന്‍ പോലും അനുവദിച്ചില്ല; 25 മണിക്കൂര്‍ കടുത്തമനുഷ്യാവകാശ ലംഘനം

തിരുവനന്തപുരം > അന്വേഷണത്തിന്റെ പേരില്‍ ബിനീഷ് കോടിയേരിയുടെ കുടുംബത്തെ തടവിലാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ ഭാര്യയും രണ്ടര വയസുള്ള കുഞ്ഞും ഭാര്യയുടെ അമ്മയും മാത്രമാണ് വീട്ടിലുള്ളത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് കുടുംബത്തിനെതിരെ ഇഡി നടത്തുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 25 മണിക്കൂര്‍ നീണ്ട പരിശോധന  അവസാനിപ്പിച്ച് ഇഡി മടങ്ങി.

കുഞ്ഞിനെയടക്കം തടവിലാക്കിയെന്ന പരാതിയെത്തുടര്‍ന്ന് ബാലാവകാശ കമീഷന്‍ ബിനീഷിന്റെ വീടിനുമുന്നില്‍ എത്തിയെങ്കിലും ഇഡി ഉദ്യോഗസ്ഥര്‍ കടത്തിവിട്ടില്ല. ബിനീഷിന്റെ കുട്ടിയുടെ അവകാശം ഉദ്യോഗസ്ഥര്‍ നിഷേധിച്ചുവെന്നും നടപടിയെടുക്കുമെന്നും ബാലാവകാശ കമീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.

കുട്ടിയെയും രണ്ട് സ്‌ത്രീകളെയും അനധികൃതമായി തടവിലാക്കിയതിന്‌ ഇഡിക്കെതിരെ പൂജപ്പുര പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കി. ബിനീഷിന്റെ കുടുംബം മനുഷ്യാവകാശ കമീഷനേയും വനിതാ കമീഷനെയും സമീപിച്ചു. കുഞ്ഞിനെയടക്കം തടഞ്ഞുവെച്ചതിനെതിരെ സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കി.

പുറത്തെ പ്രതിഷേധം കടുത്തതോടെ കുടുംബത്തെ അല്‍പസമയം ഗേറ്റ് വരെ പോകാന്‍ അനുവദിച്ചു. തങ്ങളെ മുറിയില്‍ പൂട്ടിയിട്ട ശേഷം രേഖകളുമായി വരികയും അതില്‍ ഒപ്പിടാന്‍ ഭീഷണിപ്പെടുത്തിയെന്നും ബിനീഷിന്റെ ഭാര്യയുടെ അമ്മ പറഞ്ഞു. മരുന്നെടുക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും കുടുംബം ആരോപിച്ചു. പുറത്തുനിന്ന ബാലാവകാശ കമീഷന്‍ അംഗങ്ങളോട് സംസാരിക്കാന്‍ പോലും ബിനീഷിന്റെ ഭാര്യയെ അനുവദിച്ചില്ല.

തലപോയാലും മഹസറില്‍ ഒപ്പിടില്ലെന്നും, കണ്ടെടുത്ത വസ്തുക്കള്‍ തങ്ങളെ കാണിച്ചില്ലെന്നും ബിനീഷിന്റെ ഭാര്യാമാതാവ് പുറത്തുവന്ന് പറഞ്ഞു. ഒപ്പിട്ടില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. വക്കീലിനെ ബന്ധപ്പെടാന്‍ പോലും മൊബൈല്‍ ഫോണ്‍ എടുക്കാന്‍ അനുവദിച്ചില്ല. ഒപ്പിട്ടില്ലെങ്കില്‍ ബിനീഷിന് കൂടുതല്‍ പ്രശ്‌നമാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ വീട്ടില്‍ നിന്നും കണ്ടെടുക്കാത്തവ ഒപ്പിട്ട് നല്‍കില്ലെന്നും അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യണമെങ്കില്‍ ചെയ്‌തോളാനും ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും കുടുംബം പറഞ്ഞു.

ബിനീഷിനെതിരെ കൃത്രിമ തെളിവുണ്ടാക്കാനുള്ള നീക്കമാണ് ഇഡി നടത്തുന്നതെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ബിനീഷിന്റെ വീട്ടില്‍ പരിശോധന നടത്തിയിട്ടും ഒരു രേഖയും കിട്ടാതെ വന്നപ്പോഴാണ് കള്ളക്കളി നടത്തിയത്. ലഹരി കടത്തുകേസ് പ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡ് ഇഡി ഉദ്യോഗസ്ഥരുടെ കൈയിലുണ്ടായിരുന്നു. ഇത് വീട്ടില്‍നിന്ന് ലഭിച്ചതായി രേഖപ്പെടുത്തി ഒപ്പിട്ട് നല്‍കണമെന്ന ആവശ്യം പക്ഷെ ബിനീഷിന്റെ ഭാര്യ അംഗീകരിച്ചില്ല. എല്ലാ രേഖയുടെയും പകര്‍പ്പ്  നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇഡി നല്‍കാത്തതും ദുരൂഹമാണ്. അഭിഭാഷകരുമായി സംസാരിക്കണമെന്ന അവരുടെ ആവശ്യവും ഇഡി അനുവദിച്ചില്ല.

രാവിലെ തുടങ്ങി ഉച്ചയ്ക്ക് മൂന്നരയ്ക്ക് പരിശോധന അവസാനിച്ചെങ്കിലും രേഖയില്‍ ഒപ്പുവാങ്ങാനുള്ള ഗൂഢനീക്കം നടക്കാതെ വന്നപ്പോള്‍ ഇഡി ഉദ്യോഗസ്ഥര്‍ രാത്രി വൈകിയും വീട്ടില്‍ തുടര്‍ന്നു. കേന്ദ്രസേനയെ അടക്കം ഇറക്കി ഭീകരാവസ്ഥ സൃഷ്ടിച്ച് മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ ഒരു ഡയറിമാത്രമാണ് ലഭിച്ചത്. അത് അവര്‍ തിരികെ നല്‍കുകയും ചെയ്തു. എല്ലാവരും പരിശോധനയോട് പൂര്‍ണമായും സഹകരിച്ചു. എന്നാല്‍, തെറ്റായ രേഖകളില്‍ ഒപ്പിടണമെന്ന ആവശ്യം ഭാര്യ നിഷേധിച്ചതോടെ  ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

25 മണിക്കൂര്‍ അനധികൃത തടങ്കല്‍: ഇഡിയ്‌ക്ക് പൂജപ്പുര പൊലീസിന്റെ നോട്ടീസ്

  ബിനീഷ് കോടിയേരിയുടെ വീട്ടില്‍ 25 മണിക്കൂറിലേറെ നീണ്ട റെയ്ഡ് അവസാനിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. കുടുംബത്തെ തടവിലാക്കിയുള്ള പരിശോധനയെ തുടര്‍ന്ന് കടുത്ത പ്രതിഷേധം പുറത്ത് നടക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ബിനീഷിന്റെ ഭാര്യ, രണ്ടര വയസുള്ള കുഞ്ഞ്, ഭാര്യാ മാതാവ് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന കാര്‍ഡ് കണ്ടെടുത്തുവെന്ന് സമ്മതിച്ച് ഒപ്പിടാന്‍ ഭീഷണിപ്പെടുത്തിയതായി ബിനീഷിന്റെ ഭാര്യ റെനീറ്റ പറഞ്ഞു.

മൊബൈല്‍ ഫോണടക്കം പിടിച്ച് വാങ്ങി കുടുംബത്തെ അനധികൃതമായി തടവിലാക്കിയതിനെതിരെ റെനീറ്റയുടെ പിതാവ് പൂജപ്പുര പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തിയതോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് അവസാനിപ്പിച്ച് മടങ്ങാനിറങ്ങിയത്. ഗേറ്റിന് പുറത്തുവെന്ന് ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് പൊലീസ് വിവരങ്ങള്‍ ആരാഞ്ഞു. വിവരങ്ങള്‍ വിശദമായി തരാമെന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. ഇഡിക്ക് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.

കുഞ്ഞിനെ തടവിലാക്കിയെന്ന പരാതിയില്‍ ബാലാവകാശ കമീഷന്‍ അംഗങ്ങള്‍ സ്ഥലത്തെത്തിയെങ്കിലും അകത്തേക്ക് കടത്തിവിടാന്‍ ഇഡി തയ്യാറായില്ല. ഉദ്യോഗസ്ഥരുടെ നടപടി നിയമപരമല്ലെന്നും നടപടി സ്വീകരിക്കുമെന്നും കമീഷന്‍ ചെയര്‍മാന്‍ അറിയിച്ചു.

വീട്ടില്‍ ഇല്ലാത്ത കാര്‍ഡ് ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നിട്ടു, ഒപ്പിടാന്‍ വിസമ്മതിച്ചപ്പോള്‍ ജയിലിലടക്കുമെന്ന് ഭീഷണി

തിരുവനന്തപുരം > വീട്ടില്‍ ഇല്ലാത്ത രേഖകള്‍ കൊണ്ടുവന്നിട്ട് ഒപ്പിടാന്‍ എന്‍ഫോഴ്‌‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഹസ്ഥര്‍ ഭീഷണിപ്പെടുത്തിയതായി ബിനീഷ് കോടിയേരിയുടെ ഭാര്യ. അനൂപ് മുഹമ്മദിന്റെ പേരിലുള്ള കാര്‍ഡ് ഇഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവരികയായിരുന്നു. ഇത് കണ്ടെടുത്തു എന്ന് സമ്മതിച്ച് ഒപ്പിടാന്‍ പറഞ്ഞു. അതിന് വിസമ്മതിച്ചപ്പോള്‍ ബിനീഷിനെ വീണ്ടും പ്രശ്‌നത്തിലാക്കുമെന്നും തങ്ങളെയും ജയിലിലാക്കുമെന്നും ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റ പറഞ്ഞു.

വീട്ടില്‍ നിന്ന് ഒരു സാധനവും ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയില്ല. അമ്മയുടെ ഫോണ്‍ മാത്രമാണ് കൊണ്ടുപോയതെന്നും റെനീറ്റ പറഞ്ഞു. വക്കീലിനെ ബന്ധപ്പെടാന്‍ പോലും മൊബൈല്‍ ഫോണ്‍ എടുക്കാന്‍ സമ്മതിച്ചില്ല. 25 മണിക്കൂറും വെറുതേ ഇരിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. ബിനീഷ് ഒരു ബോസും ഡോണുമല്ല, കുറച്ച് സുഹൃത്തുക്കള്‍ മാത്രമുണ്ടെന്നേയുള്ളൂ. ഒപ്പിട്ടില്ലെങ്കില്‍ ബിനീഷിന് കൂടുതല്‍ പ്രശ്‌നമാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ വീട്ടില്‍ നിന്നും കണ്ടെടുക്കാത്തവ ഒപ്പിട്ട് നല്‍കില്ലെന്നും അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യണമെങ്കില്‍ ചെയ്‌തോളാനും ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും കുടുംബം പറഞ്ഞു.

വീടിനു പുറത്ത് ബന്ധുക്കളുടെ പ്രതിഷേധം കനത്തതോടെ 25 മണിക്കൂര്‍ നീണ്ട പരിശോധന അവസാനിപ്പിച്ച് ഇഡി മടങ്ങി. ബിനീഷിന്റെ കുടുംബം മനുഷ്യാവകാശ കമീഷനേയും വനിതാ കമീഷനെയും സമീപിച്ചു. രണ്ടര വയസുള്ള കുഞ്ഞിനെയടക്കം തടഞ്ഞുവെച്ചതിനെതിരെ സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കി. കുഞ്ഞിനെ തടവിലാക്കിയെന്ന പരാതിയെ തുടര്‍ന്ന് ബാലാവകാശ കമീഷന്‍ അംഗങ്ങള്‍ എത്തിയെങ്കിലും കടത്തിവിടാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. കുട്ടിയുടെ അവകാശം ഉദ്യോഗസ്ഥര്‍ നിഷേധിച്ചുവെന്ന് ചെയര്‍മാന്‍ പറഞ്ഞു.

12 ഉദ്യോഗസ്ഥരാണ് സിആര്‍പിഎഫിന്റെ സുരക്ഷയോടെ റെയ്‌ഡ് നടത്തിയത്. ഇഡി അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്നുവെന്ന് ബിനീഷിന്റെ ഭാര്യയുടെ അച്ഛന്‍ പരാതി നല്‍കി. തുടര്‍ന്ന് പൂജപ്പുര പൊലീസ് സ്ഥലത്ത് എത്തിയതോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്‌ഡ് അവസാനിപ്പിച്ച് മടങ്ങാനിറങ്ങിയത്. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് പൊലീസ് വിവരങ്ങള്‍ ആരാഞ്ഞു. വിവരങ്ങള്‍ വിശദമായി തരാമെന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി.

Friday, October 30, 2020

ഐഎഎസുകാർ കുടുങ്ങിയ കേസുകൾ ഏറെ; അന്ന്‌ ഭരണനേതൃത്വം രാജിവച്ചോ?

 കേന്ദ്രസർക്കാരിന്‌ കീഴിലുള്ള പ്രമുഖ ഐഎഎസ്‌ ഉദ്യോഗസ്ഥർ കേസുകളിൽ കുടുങ്ങിയ സംഭവങ്ങൾ രാജ്യത്ത്‌ നിരവധി. ആരോപണങ്ങളും കേസുകളും മാത്രമല്ല, അറസ്‌റ്റും ശിക്ഷയും ഏറ്റുവാങ്ങിയവരും ഏറെ. ഒരിക്കലും രാഷ്ട്രീയ ഭരണനേതൃത്വം ഇതിന്റെ പേരിൽ രാജിവച്ചിട്ടില്ല.

●കോളിളക്കം സൃഷ്ടിച്ച  കൂമർ നാരായണൻ ചാരവൃത്തിക്കേസിൽ ആരോപണവിധേയനായി 1985ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ്‌ഗാന്ധിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി സി അലക്‌സാണ്ടറിന്‌ പുറത്തുപോകേണ്ടിവന്നു.  അലക്‌സാണ്ടറിന്റെ സഹായികൾ അടക്കം ശിക്ഷിക്കപ്പെട്ടു. പിന്നീട്‌ മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും  അലക്‌സാണ്ടറിനെ ഗവർണറായി നിയമിച്ചു. രാജ്യസഭാംഗവുമായി.

●ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്രകുമാറിനെ 2015ൽ  50 കോടി രൂപയുടെ അഴിമതിക്കേസിൽ സിബിഐ അറസ്‌റ്റുചെയ്‌തു.

●ഛത്തീസ്‌ഗഢ്‌ പ്രിൻസിപ്പൽ സെക്രട്ടറി ബി എൽ അഗർവാളിനെ 2017ൽ  ഒന്നരക്കോടി രൂപയുടെ കൈക്കൂലി കേസിൽ സിബിഐ അറസ്‌റ്റ്‌ ചെയ്‌തു.

●നോയിഡ‌ ഭൂമികുംഭകോണക്കേസിൽ ഉത്തർപ്രദേശ്‌ മുൻ ചീഫ്‌ സെക്രട്ടറി നീര യാദവ്,  പ്രിൻസിപ്പൽ സെക്രട്ടറി രാജീവ്‌കുമാർ എന്നിവരെ കോടതി മൂന്നു വർഷം തടവിനു ശിക്ഷിച്ചു. ‌മറ്റൊരു തട്ടിപ്പു കേസിൽ  നീരവയാദവിന്‌ നാല്‌ വർഷം തടവും ശിക്ഷിച്ചു. പ്രതിയായിരിക്കെ നീര യാദവും ഭർത്താവ്‌ മഹേന്ദ്ര സിങ്ങും ബിജെപിയിൽ ചേർന്നു.

●അഗസ്‌ത വെസ്‌റ്റ്‌ലാൻഡ്‌ ഹെലികോപ്‌ടർ അഴിമതിക്കേസിൽ മുതിർന്ന  ഉദ്യോഗസ്ഥർ പ്രതികളായി.

●ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിൻസിപ്പൽ സെക്രട്ടറി എസ്‌ പി  ഗോയൽ 26 ലക്ഷം രൂപ കൈക്കൂലി ചോദിച്ചതായി ആരോപണം ഉയർന്നു. ആരോപണം ഉന്നയിച്ച അഭിഷേക്‌ ഗുപ്‌തയുടെ പേരിൽ കേസെടുക്കുകയാണ്‌ ചെയ്‌തത്‌.

Saturday, May 10, 2014

മലപ്പുറം കോര്‍പറേഷന്‍ രൂപീകരണം ലീഗിന്റെ രാഷ്ട്രീയ അജന്‍ഡ: സിപിഐ എം

മലപ്പുറം നഗരസഭയുടെ വികസനത്തിനെന്ന വ്യാജേന മലപ്പുറം കോര്‍പറേഷന്‍ രൂപീകരിക്കാനുള്ള നീക്കം മുസ്ലിംലീഗിന്റെ സങ്കുചിത രാഷ്ട്രീയവും അധിക്കാരക്കൊതിയും മാത്രമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

ജില്ലയുടെ പകുതിയിലധികംവരുന്ന പ്രദേശം ചേര്‍ത്ത് കോര്‍പറേഷന്‍ രൂപീകരിക്കാമെന്നത് നഗരകാര്യ മന്ത്രിയുടെ അപക്വമായ രാഷ്ട്രീയ മോഹമാണ്. അത് അംഗീകരിക്കില്ല. മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ, കോട്ടക്കല്‍ നഗരസഭകള്‍ക്കു പുറമെ ഒട്ടനവധി പഞ്ചായത്തുകളും ചേര്‍ത്ത് കോര്‍പറേഷന്‍ രൂപീകരിക്കാനാണ് നീക്കമെന്നറിയുന്നു. ലീഗിന് മറ്റൊരു അധികാര സ്ഥാപനം കൈയടക്കുകമാത്രമാണ് ഇതിനുപിന്നിലെ ലക്ഷ്യം. ഭൂമിശാസ്ത്രപരമായി ഒട്ടും ബന്ധമില്ലാതെ വേറിട്ട് കിടക്കുന്ന സ്ഥലങ്ങള്‍ ഒറ്റ കോര്‍പറേഷനാക്കി മാറ്റുന്നതിന് പിന്നില്‍ ഗൂഢ താത്പര്യമാണുള്ളത്. നഗരവല്‍ക്കരണം ദ്രുതഗതിയില്‍ നടക്കുന്ന, കര്‍ഷകപ്രധാനമല്ലാത്ത, നഗരകേന്ദ്രീകൃതമായ തൊഴില്‍ മേഖലയുള്ള, പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളാണ് കോര്‍പറേഷനായി പരിഗണിക്കപ്പെടുക. 70,000 ജനസംഖ്യയുള്ള മലപ്പുറം നഗരസഭയുടെ വളര്‍ച്ചയാണ് ലക്ഷ്യമെങ്കില്‍ ചെറുകിട- ഇടത്തരം നഗരങ്ങള്‍ക്കുള്ള നിരവധി കേന്ദ്രപദ്ധതി നിലവിലുണ്ട്. ഇവ ലഭ്യമാക്കാന്‍ പരിശ്രമിക്കുന്നതിന് പകരം മാനദണ്ഡം കാറ്റില്‍ പറത്തി കോര്‍പറേഷന്‍ സ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല.

നഗരസഭകളോടും വളര്‍ന്നുവരുന്ന ചെറുകിട നഗരങ്ങളോടുമുള്ള നഗരകാര്യ മന്ത്രിയുടെ സമീപനം സ്വാര്‍ഥതാത്പര്യം മുന്‍നിര്‍ത്തിയുള്ളതാണ്. അധികാര വികേന്ദ്രീകരണമല്ല, കേന്ദ്രീകരണമാണ് മന്ത്രിയുടെ ലക്ഷ്യം. അനധികൃത കെട്ടിടങ്ങള്‍ക്ക് ചട്ടങ്ങളില്‍ ഇളവ് നല്‍കിയും നഗരസഭകള്‍ക്ക് പലതരത്തിലുള്ള നിയന്ത്രണംഅടിച്ചേല്‍പ്പിച്ചും മന്ത്രി സ്വന്തം വകുപ്പുകള്‍ക്ക് കീഴിലെ നഗരസഭകളുടെ ഭരണം അവതാളത്തിലാക്കുകയാണ്. പെരിന്തല്‍മണ്ണ നഗരസഭയെ നോക്കുകുത്തിയാക്കി രൂപീകരിച്ച വള്ളുവനാട് വികസന അതോറിറ്റി കടലാസില്‍ ഒതുങ്ങുകയാണുണ്ടായത്. പെരിന്തല്‍മണ്ണ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നേരത്തെ അംഗീകരിച്ച ബൈപാസ് പദ്ധതി അട്ടിമറിച്ചാണ് മന്ത്രി മേല്‍പ്പാല പരീക്ഷണവുമായി മുന്നോട്ടുപോയത്. ഇവ രണ്ടും മന്ത്രിയുടെ പരാജയപ്പെട്ട തുഗ്ലക്ക് പരിഷ്കാരങ്ങള്‍ക്ക് ഉദാഹരണമാണ്. ഇവകൊണ്ട് ആര്‍ക്കാണ് നേട്ടമുണ്ടായതെന്ന് മന്ത്രിയും ലീഗ് നേതൃത്വവും വ്യക്തമാക്കണം. പഞ്ചായത്തുകള്‍ ശക്തിപ്പെടുത്തി ഗ്രാമസ്വരാജ് സ്ഥാപിക്കലാണ് പഞ്ചായത്ത് രാജിന്റെ ലക്ഷ്യം. ഇവിടെ പഞ്ചായത്തുകളെത്തന്നെ ഇല്ലാതാക്കാനാണ് നീക്കം നടക്കുന്നത്. പഞ്ചായത്തുകള്‍ പിരിച്ചുവിട്ട് കോര്‍പറേഷന്‍ രൂപീകരിക്കുന്നത് ഭരണഘടനാ തത്വങ്ങള്‍ക്കുതന്നെ വിരുദ്ധമാണെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

deshabhimani

എറണാകുളത്തിന്റെ വ്യാപാര- വാണിജ്യ പെരുമ അസ്തമിക്കുന്നു

ഇന്ത്യയിലെ വന്‍കിട വ്യാപാരനഗരങ്ങള്‍ക്കൊപ്പം തലയെടുപ്പോടെ നിന്നിരുന്ന എറണാകുളത്തിന്റെ വാണിജ്യ-വ്യാപാര പ്രൗഢി മങ്ങുന്നു. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം വന്‍കിട മാളുകളുടെ കടന്നുവരവും വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ മിന്നല്‍ റെയ്ഡും പ്രതിസന്ധിയിലാക്കിയത് ചെറുതും വലുതുമായ നൂറുകണക്കിന് വ്യാപാരികളെയും തൊഴിലാളികളെയുമാണ്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ 50 ശതമാനംവരെ വ്യാപാരമാന്ദ്യമുണ്ടായി. പിടിച്ചുനില്‍ക്കാനാകാതെ നൂറ്റമ്പതോളം കടകള്‍ പൂട്ടി. വന്‍കിട വസ്ത്രവ്യാപാരശാലകളും ജ്വല്ലറികളും ഇതില്‍ ഉള്‍പ്പെടും. സര്‍ക്കാരിലേക്കും കോര്‍പറേഷനിലേക്കുമുള്ള നികുതിവരുമാനത്തിന്റെ 60 ശതമാനവും പിരിച്ചെടുക്കുന്ന എറണാകുളത്തിന്റെ വ്യാപാരമേഖല നിലനില്‍പ്പു ഭീഷണിയിലാണ്. ബാങ്കുകളില്‍നിന്നും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍നിന്നും വായ്പയെടുത്ത പല വ്യാപാരികളും കടുത്ത പ്രതിസന്ധിയിലായി. സാമ്പത്തിക പ്രതിസന്ധിയുടെയും വന്‍ മാളുകളുടെയും വരവോടെ 25 ശതമാനം വ്യാപാരമാന്ദ്യമുണ്ടായി. സര്‍ക്കാരും നഗരസഭയും ആവശ്യമായ മുന്നൊരുക്കമില്ലാതെ മെട്രോ റെയില്‍ നിര്‍മാണം ആരംഭിച്ചതോടെ മാന്ദ്യം 50 ശതമാനംവരെ എത്തിയെന്ന് വ്യാപാരികള്‍ പറഞ്ഞു.

എംജി റോഡ്, ബ്രോഡ്വേ, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളിലെ മൊത്ത, ചില്ലറ വ്യാപാരങ്ങള്‍ പ്രതിസന്ധിയിലാണ്. മധ്യവര്‍ഗത്തെ ആശ്രയിച്ചായിരുന്നു ഇവിടുത്തെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. നോര്‍ത്ത് പാലത്തിലൂടെ ഓട്ടോയും ബൈക്കും കടത്തിവിടാതായതോടെ ചെറുവാഹനങ്ങളുടെ വരവ് കുറഞ്ഞു. തുണിത്തരങ്ങളുടെയും തുകല്‍, പ്ലാസ്റ്റിക്, കയര്‍ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയെ സാരമായി ബാധിച്ചു. മുംബൈ, ചെന്നൈ, തിരുപ്പുര്‍ എന്നിവ കഴിഞ്ഞാല്‍ എറണാകുളത്തെയായിരുന്നു വ്യാപാരികള്‍ ആശ്രയിച്ചിരുന്നത്. മാറിയ സാഹചര്യത്തില്‍ വ്യാപാരികളുടെ വരവു കുറഞ്ഞു. വ്യാപാരം തൃശൂര്‍, കോഴിക്കോട്, കൊല്ലം നഗരങ്ങളിലേക്കു മാറി. ഇടപ്പള്ളി-വൈറ്റില ബൈപാസ് കേന്ദ്രീകരിച്ച് വന്‍കിട ബ്രാന്‍ഡഡ് സ്ഥാപനങ്ങള്‍ ഷോറൂമുകളും മാളുകളും തുടങ്ങിയതോടെ എംജി റോഡ്, ബ്രോഡ്വേ, മാര്‍ക്കറ്റ് റോഡ് എന്നിവയിലെ മൊത്തവ്യാപാരസ്ഥാപനങ്ങളുടെ നിലനില്‍പ്പ് കൂടുതല്‍ പ്രതിസന്ധിയിലായി. ബൈപാസിലെ കുത്തകകളുടെ സ്ഥാപനങ്ങളിലേക്ക് വ്യാപാരമേഖലയെ മാറ്റുന്നതില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് വ്യാപാരികള്‍ ആരോപിച്ചു. ഓണം, വിഷു, ക്രിസ്മസ് സീസണുകളില്‍പ്പോലും വ്യാപാരം നേര്‍പകുതിയായി. തുണിവ്യാപാരത്തില്‍ 40 ശതമാനത്തിന്റെ മാന്ദ്യമുണ്ടായി. മാര്‍ക്കറ്റ് റോഡിലാണ് ഇത്തരം സ്ഥാപനങ്ങള്‍ ഏറെയും. അടച്ചുപൂട്ടാമെന്നുവച്ചാല്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍പോലും പണമില്ല.

ബാങ്കുകള്‍ നേരത്തെ അഞ്ചുലക്ഷം രൂപവരെ വ്യാപാരികള്‍ക്ക് വായ്പ അനുവദിച്ചിരുന്നതും നിര്‍ത്തി. ബില്ലുള്ള സാധനങ്ങള്‍ക്കും അണ്ടര്‍വാല്യുവേഷന്റെ പേരില്‍ റെയ്ഡ് നടത്തി വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ പീഡനം മറ്റൊരുവശത്ത്. രജിസ്റ്റര്‍ചെയ്ത സ്ഥാപനങ്ങളും പരിശോധിച്ച് പിഴ ഈടാക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ ടാര്‍ജറ്റ് നികത്താനായി വ്യാപാരികളെ പരിശോധനയുടെ പേരില്‍ പിഴിയുന്നതും വ്യാപകമായി. നികുതിവരുമാനത്തിന്റെ പകുതിയിലധികം നല്‍കിയിട്ടും എറണാകുളത്തെ വ്യാപാരികളെ സഹായിക്കാന്‍ സര്‍ക്കാരോ കോര്‍പറേഷനോ തയ്യാറായിട്ടില്ല. എംഎല്‍എയും കേന്ദ്രമന്ത്രിയും ഇടപെടുന്നില്ല. ബ്രോഡ്വേയിലെ റോഡുകള്‍ പലതും തകര്‍ന്നു. അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടില്ല. പല കെട്ടിടങ്ങള്‍ക്കും മാസവാടക വര്‍ധിപ്പിച്ചതും വ്യാപാരികള്‍ക്ക് തിരിച്ചടിയായി. നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി ഷട്ടില്‍ സര്‍വീസ് നടത്താനുള്ള ചെലവ് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് വഹിക്കാമെന്ന് സര്‍ക്കാരിനും ജില്ലാ ഭരണകേന്ദ്രത്തിനും പദ്ധതി തയ്യാറാക്കി നല്‍കിയിട്ടും ആ വഴിക്കും നീക്കമൊന്നും ഉണ്ടായില്ല.

deshabhimani

Tuesday, May 6, 2014

കള്ളുചെത്ത് മേഖലയില്‍ വന്‍പ്രതിസന്ധി

കണ്ണൂര്‍: മദ്യവ്യവസായ മേഖലയിലെ സര്‍ക്കാരിന്റെ തലതിരിഞ്ഞ നയം വഴിയാധാരമാക്കിയത് സംസ്ഥാനത്തെ പതിനായിരക്കണക്കിന് കള്ളുചെത്ത് തൊഴിലാളികളെ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പരിഷ്കാരങ്ങള്‍ അട്ടിമറിച്ചും ഉദയഭാനു കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതെയുമാണ് കള്ളുചെത്തു വ്യവസായത്തെ തകര്‍ക്കുന്നത്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് വ്യാജമദ്യവില്‍പനയും അഴിമതിയും കൊഴുക്കുന്നു. തൊഴില്‍ സുരക്ഷിതത്വം ഇല്ലാതായതോടെ ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയില്‍നിന്ന് കുടിയിറങ്ങുന്നത് 1967 ല്‍ ഇ എം എസ് സര്‍ക്കാരാണ് വീര്യം കൂടിയ മദ്യത്തിന്റെയും വ്യാജമദ്യത്തിന്റേയും വില്‍പ്പന തടയാന്‍ കള്ളുഷാപ്പുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചത്.

ഇതോടെ ലക്ഷങ്ങള്‍ക്ക് തൊഴില്‍ നല്‍കാനായി. നിരവധിപേര്‍ക്ക് അനുബന്ധജോലിയും ലഭിച്ചു. ക്ഷേമനിധിയടക്കമുള്ള പദ്ധതികളും നടപ്പാക്കി. തൊഴില്‍ സുരക്ഷിതത്വം ഒരുക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഉല്‍പ്പന്നം ലഭ്യമാക്കുന്നതിനായി ഉദയഭാനു കമീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് 2001ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സഹകരണസൊസൈറ്റി സംവിധാനം അട്ടിമറിച്ചതോടെയാണ് ഈ രംഗത്തെ തകര്‍ച്ചയ്ക്ക് ആക്കം കൂടിയത്. രാഷ്ട്രീയ ലക്ഷ്യത്തോടെ മേഖല തകര്‍ക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടി. ദൂരപരിധിയുടേയും മറ്റും പേരില്‍ ആയിരക്കണക്കിന് കള്ളുഷാപ്പുകളാണ് അടച്ചുപൂട്ടിയത്. 2006ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ വീണ്ടും തൊഴിലാളികളുടെ നേതൃത്വത്തിലുള്ള സഹകരണസംഘങ്ങള്‍ കള്ളുഷാപ്പുകള്‍ നടത്താനാരംഭിച്ചു.

ഇത് വ്യവസായത്തിന്റെ കുതിപ്പിന് ഊര്‍ജമായി. നടത്തിപ്പില്‍നിന്നു ലഭിക്കുന്ന മിച്ചമുപയോഗിച്ച് സൊസൈറ്റികള്‍ തൊഴില്‍ സംരംഭങ്ങളിലും ഏര്‍പ്പെട്ടു. നിരവധി തൊഴിലവസരങ്ങളും സൃഷ്ടിച്ചു. സഹകരണ സംഘത്തില്‍നിന്ന് തൊഴിലാളികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പയും ലഭ്യമാക്കി. എന്നാല്‍ വീണ്ടും ഭരണത്തിലെത്തിയ യുഡിഎഫ്, വ്യവസായ നടത്തിപ്പില്‍നിന്ന് സംഘങ്ങളെ ഒഴിവാക്കി വന്‍തുക കോഴവാങ്ങി സ്വകാര്യകരാറുകാരെ കൊണ്ടുവന്നു. ലൈസന്‍സ് നല്‍കുന്നതിനും നടത്തിപ്പിനുമായി കോടികളുടെ അഴിമതിയാണ് നടക്കുന്നത്.

തൊഴിലാളികളുടെ ക്ഷേമനിധിയില്‍ കോടികളാണ് യുഡിഎഫ് സര്‍ക്കാര്‍ വായ്പയെടുത്തും മറ്റുമായി ഉപയോഗിക്കുന്നത്. എന്നാല്‍ നാശോന്മുഖമായ പരമ്പരാഗത തൊഴില്‍ സംരക്ഷണത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. ക്ഷേമനിധി പ്രവര്‍ത്തനത്തിലും അനാസ്ഥയാണ്. മറ്റ് തൊഴിലിനേക്കാള്‍ കുറഞ്ഞ കൂലി കൂടിയായതോടെ തൊഴിലാളികള്‍ ഈ മേഖലയില്‍ നിന്ന് പിന്‍വാങ്ങുകയാണ്.

കെ സി രമേശന്‍ deshabhimani

Sunday, May 4, 2014

ടയര്‍കമ്പനികള്‍ കൊയ്തത് കോടികള്‍

കോട്ടയം: കഴിഞ്ഞ പത്തു മാസത്തെ റബര്‍ ഇറക്കുമതി മൂലം ടയര്‍ വ്യവസായികള്‍ അധികലാഭം നേടിയത് ആയിരക്കണക്കിന് കോടി രൂപ. ഏതാണ്ട് 3.5 ലക്ഷം ടണ്‍ റബറാണ് ടയര്‍ വ്യവസായികള്‍ ഇക്കാലയളവില്‍ ഇറക്കുമതി ചെയ്തതെന്നാണ് കണക്ക്. ഒരുകിലോയ്ക്ക് 10 മുതല്‍ 30 രൂപയിലേറെ ഇറക്കുമതിയിലൂടെ വ്യവസായികള്‍ക്ക് ലഭിച്ചു. ഇതുവഴി മാത്രം ടയര്‍ കമ്പനികള്‍ നേടിയത് 700 കോടി രൂപ. ഇറക്കുമതി തുടരുന്നതിനാല്‍ കര്‍ഷകര്‍ക്ക് നഷ്ടപ്പെടുന്നത് കോടികളാണ്. കൂടുതല്‍ ഇറക്കുമതി നടന്ന കാലത്ത് ടയര്‍ വില 300 മുതല്‍ 500 രൂപവരെ കൂടി. അതിലൂടെയും കോടികളാണ് വ്യവസായികള്‍ നേടിയത്. അഡ്വാന്‍സ് ലൈസന്‍സ് ഉപയോഗിച്ച് ഇറക്കുമതി ചെയ്തവരുടെ ലാഭം ഇതിലും ഇരട്ടിയാണ്. ഇക്കാലയളവില്‍ മാത്രം മൂവായിരം കോടിരൂപ ടയര്‍ കമ്പനികള്‍ അധികലാഭം നേടിയതായാണ് കണക്ക്.

2013 ഫെബ്രവരി 26 മുതല്‍ ഡിസംബര്‍ 21 വരെ ഇറക്കുമതികുത്തിയൊഴുകി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ റബര്‍ ഇക്കുമതി ചെയ്തതും ഇക്കാലയളവിലാണ്. ഇറക്കുമതി റബറിന്റെ 30 ശതമാനം വിഹിതവും എംആര്‍എഫിനായിരുന്നു. ശേഷിക്കുന്നത് സിയാറ്റ്, അപ്പോളോ, ജെകെ, ബ്രിക്സ്റ്റോണ്‍, ബിര്‍ള തുടങ്ങിയ ടയര്‍ കമ്പനികള്‍ക്കും. തീരുവ വര്‍ധിപ്പിക്കാനുള്ള തീരുമാനം നടപ്പാക്കാന്‍ ബോധപൂര്‍വമായ കാലതാമസം ഉണ്ടാക്കിതും ടയര്‍ വ്യവസായികള്‍ക്ക് ലാഭം കൊയ്യാനിടയാക്കി. വ്യവസായികള്‍ക്ക് അമിത ലാഭമുണ്ടായപ്പോള്‍ നികുതിയിനത്തില്‍ സര്‍ക്കാരിന് 800 കോടിയുടെ നഷ്ടമുണ്ടായതായും കണക്കാക്കപ്പെടുന്നു. ഇറക്കുമതിയുടെ ഈ കാലയളവില്‍ മാത്രം കിലോ റബറിന്റെ വില നൂറ് രൂപ ഇടിഞ്ഞു. അതേസമയത്താണ്് എംആര്‍എഫ് അടക്കമുള്ള ടയര്‍ കമ്പനികള്‍ക്ക് ആയിരക്കണക്കിന് കോടി രൂപയുടെ നേട്ടവുമുണ്ടായത്. കര്‍ഷകരുടെ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ടയര്‍ ലോബിയെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇത് നടപ്പാക്കിയില്ല. ഇത് ഇറക്കുമതി തുടരാനും ആഭ്യന്തരവിപണി വില കുത്തനെ ഇടയാനും ഇടയാക്കി. 243 രൂപയില്‍ നിന്ന് 137ലേക്ക് വില താഴ്ന്നു. രാജ്യത്തെ റബര്‍ ഉല്‍പ്പാദനത്തില്‍ 90 ശതമാനവും കേരളത്തിലാണ്. 12 ലക്ഷത്തോളം റബര്‍ കര്‍ഷകരുമുണ്ട്. മോശം കാലാവസ്ഥയുള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ ഉല്‍പ്പാദനത്തില്‍ 1,00,000 ടണ്ണിന്റെ കുറവ് വന്നിട്ടുണ്ടെന്നാണ് റബര്‍ ബോര്‍ഡ് വിലയിരുത്തല്‍. ടാപ്പിങ് ദിനങ്ങളുടെ എണ്ണം കുറഞ്ഞതാണ് പ്രധാന കാരണം.

ടി പി മോഹന്‍ദാസ് deshabhimani

Saturday, May 3, 2014

പി എം മനോജിന് സൈബര്‍ കമ്യൂണ്‍ മാധ്യമ അവാര്‍ഡ്

നവമാധ്യമരംഗത്തെ കൂട്ടായ്മയായ സൈബര്‍ കമ്യൂണ്‍ ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ അവാര്‍ഡ്് ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജിന്. 25,000 രൂപയും ശില്‍പ്പവും അടങ്ങുന്ന പുരസ്കാരം 12ന് തിരുവനന്തപുരം പ്രസ്ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് അവാര്‍ഡ് നിര്‍ണയ സമിതി അംഗം ഭാസുരേന്ദ്രബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ അഴിമതി പുറത്തുകൊണ്ടുവന്ന കൈരളി ടി വി മലബാര്‍ റീജണല്‍ ചീഫ് പി വി കുട്ടന് മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍ക്കുള്ള പ്രത്യേക പുരസ്കാരം നല്‍കും. 11,111 രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം.

ഡോ. ബി ഇക്ബാല്‍, ഭാസുരേന്ദ്രബാബു, എം സ്വരാജ് എന്നിവരാണ് പുരസ്കാരനിര്‍ണയ സമിതി അംഗങ്ങള്‍. സൈബര്‍രംഗത്ത് ഇടപെടുന്ന കൂട്ടായ്മയിലെ അംഗങ്ങള്‍ക്കിടയില്‍ പ്രാഥമിക വോട്ടെടുപ്പ് നടത്തി തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍നിന്നാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

കേരളത്തെ പിന്തിരിപ്പന്‍ ആശയങ്ങളിലേക്ക് തിരിച്ചു നടത്താനുള്ള ശ്രമങ്ങളെ ചെറുത്തുനില്‍ക്കുന്നതിനും ഇടതുപക്ഷത്തിനെതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനും അച്ചടി, ദൃശ്യ, നവമാധ്യമങ്ങളില്‍ നടത്തുന്ന ജാഗ്രതയോടുള്ള ഇടപെടലുകളാണ് പി എം മനോജിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. കാല്‍നൂറ്റാണ്ടായി മാധ്യമരംഗത്ത് ഇടതുപക്ഷമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പി എം മനോജിന് കഴിഞ്ഞെന്നും അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ മനോജ് പഴയനിരത്തിലെ പരേതനായ മമ്മാലി ബാലന്റെയും എം പി രോഹിണിയുടെയും മകനാണ്. ദേശാഭിമാനി ഹെഡ് ഓഫീസില്‍ അസി. മാനേജര്‍ ആര്‍ ശ്രീലതയാണ് ഭാര്യ. മക്കള്‍: അമല്‍ (ബംഗളൂരു ഓക്സ്ഫോര്‍ഡ് കോളേജ് ഓഫ് മാനേജ്മെന്റ്), ദേവി (ലോ അക്കാദമി, തിരുവനന്തപുരം).

ഒമ്പതുവര്‍ഷമായി കൈരളിയില്‍ ജോലിചെയ്യുന്ന പി വി കുട്ടന്‍ കണ്ണൂര്‍ കുറ്റൂര്‍ സ്വദേശിയാണ്. ഭാര്യ നിമിഷ. മകള്‍: നേത്ര. പ്രൊഫ. സി പി അബൂബക്കര്‍, സൈബര്‍ കമ്യൂണ്‍ സെക്രട്ടറി മനോജ് എ കെ, കണ്‍വീനര്‍ പ്രമോദ് കൊല്ലം, രശ്മി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

Thursday, April 24, 2014

വാഹന നികുതിവര്‍ധന: തൊഴിലാളികള്‍ വഴിയാധാരം

വാഹന നികുതി ഒറ്റയടിക്ക് നാലിരട്ടിയിലേറെ വര്‍ധിപ്പിച്ചും പഴയ വാഹനങ്ങള്‍ക്കടക്കം അഞ്ചു വര്‍ഷത്തെ നികുതി ഒന്നിച്ചടയ്ക്കണമെന്ന് ഉത്തരവിറക്കിയും മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന തീവെട്ടിക്കൊള്ളയ്ക്കെതിരെ തൊഴിലാളികള്‍ വെള്ളിയാഴ്ച സെക്രട്ടറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തും. നികുതിവര്‍ധന ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഓട്ടോ-ടാക്സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കിയ മോട്ടോര്‍ വാഹനങ്ങളുടെ നികുതിവര്‍ധന ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതാണ്. ഇന്നോവ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് നിലവിലുള്ള 1040 രൂപയില്‍ നിന്ന് നികുതി 12,000 രൂപയാക്കി. ഏഴില്‍ കൂടുതല്‍ പുഷ്ബാക്ക് സീറ്റുള്ള വാഹനങ്ങള്‍ക്ക് സീറ്റൊന്നിന് 310 രൂപയില്‍നിന്ന് 1,000 രൂപയായും പുഷ്ബാക്ക് സീറ്റ് ഒന്നാണെങ്കിലും പൂര്‍ണമായും പുഷ്ബാക്ക് സീറ്റായി കണക്കാക്കി നികുതി നല്‍കണം. സാധാരണ ടാക്സിക്ക് വാര്‍ഷിക നികുതിയായ 1,040 രൂപ 8,500 രൂപയാക്കി. ഒന്നര ടണ്‍ ചരക്ക് വാഹനത്തിന് 880 രൂപയ്ക്ക് പകരം 8400 രൂപയും രണ്ട് ടണ്‍ പിക്കപ്പ് വാഹനത്തിന് 11,000 രൂപയും അധികം നല്‍കണം. മൂന്ന് ടണ്‍ പിക്കപ്പിന് 1,700 രൂപയ്ക്ക് പകരം 14,000 രൂപ അടയ്ക്കണം. 20 സീറ്റില്‍ കൂടുതലുള്ള ബസുകള്‍ 3 മാസത്തേക്കുള്ള ടാക്സ് സീറ്റൊന്നിന് 530 രൂപയില്‍ നിന്ന് 1000 രൂപയായി. പുഷ്ബാക്ക് സീറ്റുള്ള ടൂറിസ്റ്റ് ബസുകള്‍ക്ക് സീറ്റൊന്നിന് 750 രൂപയ്ക്കു പകരം 2000 രൂപയാക്കി. ഇരുചക്രവാഹനങ്ങളുടെ നികുതിയും വന്‍തോതില്‍ വര്‍ധിപ്പിച്ച് അഞ്ചു വര്‍ഷത്തേത് ഒരുമിച്ച് അടയ്ക്കണം എന്ന് നിര്‍ബന്ധമാക്കിയത് 77 ശതമാനം കേരളീയ കുടുംബങ്ങളെ ബാധിക്കും.

വര്‍ധിപ്പിച്ച എല്ലാ നികുതികളും അഞ്ചു വര്‍ഷത്തേക്ക് മുന്‍കൂട്ടി ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മോട്ടോര്‍ വാഹന മേഖലയില്‍ സ്ഫോടനാത്മക സ്ഥിതിയാണ് സൃഷ്ടിച്ചത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ധൂര്‍ത്തുകൊണ്ട് കാലിയായ ഖജനാവ് നികത്താന്‍ ഇരുചക്രവാഹന ഉടമകളെപ്പോലും സര്‍ക്കാര്‍ ഞെക്കിപ്പിഴിയുകയാണ്. അഞ്ചുവര്‍ഷംകൊണ്ട് ഖജനാവിലേക്ക് വരേണ്ട തുക ഒറ്റയടിക്ക് പിരിച്ചെടുക്കാനുള്ള തീരുമാനം ജനങ്ങളെ വേട്ടയാടലാണ്. സര്‍ക്കാരിന്റെ ഈ തീരുമാനം മൂലം ഈ മേഖലയില്‍ ഉപജീവനം കണ്ടെത്തുന്ന ലക്ഷക്കണക്കിന് തൊഴിലാളികളും വഴിയാധാരമാവുന്നു. അതുകൊണ്ടുകൂടിയാണ് തൊഴിലാളികള്‍ ഒന്നടങ്കം പ്രക്ഷോഭരംഗത്തേക്ക് അണിനിരക്കുന്നത്. ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന ഒഴിവാക്കുക, വാഹന തൊഴിലാളി ക്ഷേമനിധി ഫണ്ട് ദുരുപയോഗംചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും മാര്‍ച്ചില്‍ ഉന്നയിക്കും. ഉത്തരവ് പിന്‍വലിക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബി സത്യന്‍ എംഎല്‍എ, കെ ജയമോഹനന്‍, കോട്ടയ്ക്കകം ശിവന്‍, പി എസ് ജയചന്ദ്രന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

Sunday, March 9, 2014

വിധി പറയേണ്ടയാള്‍ക്ക് വീരേന്ദ്രകുമാറിന്റെ അവാര്‍ഡ്

കണ്ണൂര്‍: മകന്റെ ഭൂമി െകൈയേറ്റക്കേസില്‍ വിധി പറയേണ്ടയാള്‍ക്ക് അച്ഛന്റെ അവാര്‍ഡുദാനം. എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ ആദിവാസികളുടെ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട കേസില്‍ പട്ടികജാതി ഗോത്രവര്‍ഗ കമീഷന്‍ 19ന് വിധി പറയാനിരിക്കെയാണ് കമീഷന്‍ ചെയര്‍മാനെ അച്ഛന്‍ എം പി വീരേന്ദ്രകുമാര്‍ അവാര്‍ഡ് നല്‍കി ആദരിച്ചത്. പത്തനംതിട്ടയിലെ ജനവേദി സംഘടനയുടെ കവിതയ്ക്കുള്ള അവാര്‍ഡാണ് വീരേന്ദ്രകുമാറില്‍നിന്ന് പട്ടികജാതി ഗോത്രവര്‍ഗ കമീഷന്‍ ചെയര്‍മാന്‍ പി എന്‍ വിജയകുമാര്‍ ഏറ്റുവാങ്ങിയത്.

വയനാട്ടിലെ കൃഷ്ണഗിരി വില്ലേജില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ 14.44 ഏക്കര്‍ ആദിവാസി ഭൂമി കൈയേറിയെന്ന കേസില്‍ കമീഷന്‍ മുമ്പാകെയുള്ള വാദം പൂര്‍ത്തിയായത് അവാര്‍ഡ്ദാനച്ചടങ്ങിന് ശേഷമാണ്. 19നാണ് കേസില്‍ വിധിപറയുക. ഈ സാഹചര്യത്തില്‍ പത്തനംതിട്ടയിലെ അവാര്‍ഡുദാനത്തിന് വീരേന്ദ്രകുമാറെത്തിയത് ബോധപൂര്‍വമാണെന്ന് ആക്ഷേപമുയര്‍ന്നു. അവാര്‍ഡ് ഏര്‍പ്പെടുത്തിയതും ദുരൂഹമാണ്. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയാണ് ശ്രേയാംസ്കുമാര്‍ കൈയേറിയതെന്നും ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും പരാതിക്കാരനായ പത്രപ്രവര്‍ത്തകന്‍ പി രാജന്‍ കമീഷന്‍ മുമ്പാകെ ബോധിപ്പിച്ചിരുന്നു. പൈതൃകമായി കിട്ടിയതാണ് ഭൂമിയെന്നും കമീഷന് ഇക്കാര്യത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്നുമാണ് ശ്രേയാംസിന്റെ വാദം. ഫെബ്രുവരി എട്ടിനാണ് അവാര്‍ഡുദാനച്ചടങ്ങ് നടന്നത്. ഇതിന്റെ വിശദമായ വാര്‍ത്തയും പടവും അടുത്ത ദിവസത്തെ മാതൃഭൂമി പത്രത്തില്‍ വന്നിട്ടുണ്ട്.

deshabhimani

Thursday, February 27, 2014

വീണ്ടും മുങ്ങിക്കപ്പല്‍ തീപിടിത്തം നാവികസേനാ മേധാവി രാജിവച്ചു

മുംബൈ: പതിനെട്ടു നാവികസേനാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ഐഎന്‍എസ് സിന്ധുരക്ഷക് മുങ്ങിക്കപ്പല്‍ ദുരന്തത്തിന് ആറുമാസം പിന്നിടുമ്പോള്‍ നാവികസേനയുടെ മറ്റൊരു അന്തര്‍വാഹിനിയില്‍ തീപിടിത്തം. ബുധനാഴ്ച മുംബൈ തീരത്ത് ഐഎന്‍എസ് സിന്ധുരത്ന മുങ്ങിക്കപ്പലിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. രണ്ടുപേരെ കാണാതായി. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നാവികസേനാ മേധാവി അഡ്മിറല്‍ ഡി കെ ജോഷി രാജിവെച്ചു.

കാണാതായവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. സംഭവത്തില്‍ നാവികസേന അന്വേഷണം തുടങ്ങി. നാവികസേനയുടെ തന്ത്രപ്രധാനകേന്ദ്രത്തില്‍ ദുരന്തം ആവര്‍ത്തിച്ചത് പ്രതിരോധസേനയിലാകെ ആശങ്ക പടര്‍ന്നിട്ടുണ്ട്. ഡിസംബറില്‍ കൈമാറിയ റഷ്യന്‍ നിര്‍മിത അന്തര്‍വാഹിനി സേനയുടെ ഭാഗമാക്കുന്നതിന് മുമ്പുള്ള പരീക്ഷണത്തിനിടെയാണ് തീപിടിത്തം. എഴുപതോളം ഉദ്യോഗസ്ഥര്‍ കപ്പലിലുണ്ടായിരുന്നു. ആയുധങ്ങളോ വെടിക്കോപ്പുകളോ സൂക്ഷിക്കാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ബാറ്ററി കംപാര്‍ട്ടുമെന്റില്‍ നിന്നുള്ള ചോര്‍ച്ചയാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.

പത്തുമാസത്തിനിടെ ഏഴാം തവണയാണ് നാവികസേനയുടെ കപ്പല്‍ ദുരന്തം. കഴിഞ്ഞ ആഗസ്തിലാണ് മുംബൈ തീരത്തുതന്നെ ഐഎന്‍എസ് സിന്ധുരക്ഷക് തീപിടിച്ച് പൊട്ടിത്തെറിച്ച് 18 പേര്‍ കൊല്ലപ്പെട്ടിരുന്നു. നാവികസേനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ദുരന്തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മേധാവി രാജിവയ്ക്കുന്നത്. വൈസ് അഡ്മിറല്‍ റോബിന്‍ ദൊവാന് ചുമതല കൈമാറിയിട്ടുണ്ട്. സര്‍വീസില്‍ 15 മാസം ശേഷിക്കെയാണ് ജോഷി സ്ഥാനമൊഴിയുന്നത്. 1971ലെ യുദ്ധകാലത്ത് പാക്കിസ്ഥാന്‍ ഇന്ത്യന്‍ യുദ്ധകപ്പല്‍ തകര്‍ത്ത ശേഷം നാവികസേന അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തമായിരുന്നു ആഗസ്തില്‍ സിന്ധുരക്ഷകിലേത്.

വെള്ളത്തിനടിയില്‍ ഏതോ വസ്തുവുമായി കൂട്ടിയിടിച്ച് ഐഎന്‍എസ് ബേത്വയ്ക്ക് പിന്നീട് കേടുപാടു സംഭവിച്ചു. വിമാനവാഹിനിയായ ഐഎന്‍എസ് വിരാടിനും തീപിടിച്ചു. ഐഎന്‍എസ് തല്‍വാറും ഒരു മല്‍സ്യബന്ധന ബോട്ടും കൂട്ടിയിടിച്ചു. പ്രൊപ്പലറിന് കേടു സംഭവിച്ചതിനെ തുടര്‍ന്ന് ഐഎന്‍എസ് ഐരാവതിന് അറ്റകുറ്റപ്പണി വേണ്ടിവന്നു.

ദുരന്തങ്ങളില്‍ മുങ്ങി നാവികസേന

ന്യൂഡല്‍ഹി: അപ്രതീക്ഷത ദുരന്തങ്ങളില്‍പ്പെട്ട് കിതയ്ക്കുകയാണ് ഇന്ത്യന്‍ നാവികസേന. ഏഴ് മാസത്തിനിടെ ഒമ്പത് അപകടങ്ങള്‍. ഇതില്‍ മൂന്നെണ്ണം മുങ്ങിക്കപ്പല്‍ ദുരന്തം. ആവര്‍ത്തിക്കുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ നാവികസേനാ മേധാവി രാജിവച്ചെങ്കിലും ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നിന്ന നാവികസേനയുടെ അഭിമാനമാണ് ഇല്ലാതാകുന്നത്. ദുരന്തങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതല സമിതികളെ നിയോഗിച്ചെങ്കിലും ഇവ നല്‍കുന്ന ശുപാര്‍ശകള്‍ നടപ്പാക്കുന്നില്ലെന്നതാണ് ലഭ്യമാകുന്ന വിവരങ്ങള്‍ നല്‍കുന്ന സൂചന. പ്രതിരോധ മന്ത്രാലയത്തിന്റെ വീഴ്ചയും ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു.

ലോകത്തെ ഏത് സൈന്യത്തോടും കിടപിടിക്കുന്നതെന്ന് അഭിമാനിച്ച ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തില്‍ കോഴ വ്യാപകമായതോടെയാണ് ദുരന്തങ്ങളുടെ വ്യാപ്തി വര്‍ധിച്ചത്. രാജ്യത്തിന്റെ അഭിമാനമായ ഐഎന്‍എസ് സിന്ധുരക്ഷക് എന്ന മുങ്ങിക്കപ്പല്‍ പൊട്ടിത്തെറിച്ച് മുങ്ങി 18 ഉദ്യോഗസ്ഥരാണ് മരിച്ചത്. ഇതിന്റെ അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കെ, മുംബൈ തീരത്ത് വീണ്ടും ഐഎന്‍എസ് സിന്ധുരത്ന അപകടത്തില്‍പ്പെട്ടു. വിദേശത്തുനിന്ന് കൊണ്ടുവന്ന പടക്കപ്പലുകളായിരുന്നു ഇവ രണ്ടും. ഐഎന്‍എസ് സിന്ധുരക്ഷക് ദുരന്തത്തിന് തൊട്ടുപിന്നാലെയാണ് ഐഎന്‍എസ് ബേത്വ അപകടത്തില്‍പ്പെട്ടത്. സമുദ്രാടിത്തട്ടിലുള്ള എന്തോ വസ്തുവില്‍ തട്ടിയായിരുന്നു ഈ അപകടം. തുടര്‍ന്ന് ഐഎന്‍എസ് സിന്ധുഘോഷും അപകടത്തിനിരയായി. ഇന്ത്യയുടെ പ്രമുഖ മൈന്‍സ്വീപ്പറായ ഐഎന്‍എസ് കൊങ്കണും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അപകടത്തിനിരയായി. വിശാഖപട്ടണത്തെ നാവികസേനാ ഡോക്ക്യാര്‍ഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ തീപിടിത്തമുണ്ടായി.

deshabhimani

Sunday, February 23, 2014

ഷാജി ജേക്കബ് പഠിപ്പിച്ചത് അശ്ലീലഭാഷയില്‍: വനിതാസെല്‍

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ അധ്യാപകന്‍ ഡോ. ഷാജി ജേക്കബ് പഠിപ്പിക്കുന്നതിനിടെ വിദ്യാര്‍ഥിനികളോട് അശ്ലീലച്ചുവയോടെ സംസാരിക്കുമായിരുന്നെന്ന് വിദ്യാര്‍ഥിനികള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള സമിതിയുടെ രണ്ടാം ഇടക്കാല റിപ്പോര്‍ട്ട്. പാഠഭാഗങ്ങള്‍ വിശദീകരിക്കുമ്പോഴായിരുന്നു ഇത്തരം സംസാരം. പെണ്‍കുട്ടികളുടെ വസ്ത്രധാരണവും പെരുമാറ്റവുമൊക്കെ ഇങ്ങനെ വിശദീകരിച്ചിരുന്നു. ഇത് വളരെയധികം അലോസരപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടികള്‍ അറിയിച്ചതായി ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് വ്യാഴാഴ്ച രജിസ്ട്രാര്‍ക്കു കൈമാറി. സാഹിത്യകൃതികള്‍ പഠിപ്പിക്കുമ്പോഴാണ് ഷാജി ജേക്കബ് ലൈംഗിക പരാമര്‍ശങ്ങളിലേക്കു കടക്കുക. തുടര്‍ന്ന് സംസാരം പൂര്‍ണമായും അശ്ലീലച്ചുവയോടെയാവുമെന്ന് റിപ്പോര്‍ട്ടിലുണ്ട്.

വിദ്യാര്‍ഥികളില്‍നിന്ന് മൊഴിയെടുപ്പ് പൂര്‍ത്തിയാവാത്തതിനാല്‍ സമിതിയുടെ പൂര്‍ണറിപ്പോര്‍ട്ട് സര്‍വകലാശാലയ്ക്കു ലഭിക്കാന്‍ കാലതാമസമുണ്ടാവും. പതിനെട്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് എംഎ മലയാളം ക്ലാസില്‍. അവസാന സെമസ്റ്ററിലെ ട്യൂട്ടറായിരുന്നു ഡോ. ഷാജി ജേക്കബ്. ഇദ്ദേഹത്തിനെതിരെ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് വകുപ്പുതല അന്വേഷണം നടത്തി. സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷിക്കാന്‍ വിദ്യാര്‍ഥിനികള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള സമിതിയെ നിയമിച്ചു. സമിതി ആദ്യം നല്‍കിയ റിപ്പോര്‍ട്ടിലും വിദ്യാര്‍ഥിനികളെ അപമാനിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിന്‍ഡിക്കറ്റ് ഷാജി ജേക്കബിനെ സസ്പെന്‍ഡ് ചെയ്തു. പരാതി പറയാന്‍ ആരും മുന്നോട്ടുവരാത്തതിനാല്‍ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്. എന്നാല്‍ ഷാജി ജേക്കബിനെതിരെ ക്രിമിനല്‍ക്കേസ് എടുക്കണമെന്ന് സര്‍വകലാശാല പൊലീസിനോട് ആവശ്യപ്പെട്ടു.

deshabhimani

Saturday, February 22, 2014

വിജേഷിന് നേര്‍രേഖ ഓണ്‍ലൈന്റെ കൈത്താങ്ങ്

തൃശ്ശൂര്‍ : വീഗാലാന്റില്‍ നിന്ന് റൈഡിനിടെ അപകടം സംഭവിച്ച വിജേഷ് വിജയന് സോഷ്യല്‍നെറ്റ് വര്‍ക്കിലെ നേര്‍രേഖ ഓണ്‍ലൈന്റെ സഹായധനം വെള്ളിയാഴ്ച തൃശ്ശൂരില്‍ വെച്ച് നല്‍കി. നേര്‍രേഖ അംഗങ്ങള്‍ സ്വരൂപിച്ച ഒരു ലക്ഷം രൂപയാണ് നല്‍കിയത്. ജീവകാരുണ്യ പ്രവര്‍ത്തകനും സമരങ്ങളെ അധിക്ഷേപിച്ച ചിറ്റിലപ്പള്ളി തനിക്ക് നല്‍കിയ ധനസഹായം വേണ്ടെന്നും വെച്ച ടി വി ജോര്‍ജ്ജ് ആണ് തുക കൈമാറിയത്. സമരങ്ങള്‍ രൂപപ്പെടുത്തിയ കേരളത്തെ പരിഹസിക്കുന്ന വലതുപക്ഷ മുതലാളിമാരെയും അവരെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങളുടെയും കുതന്ത്രം ജനം മനസ്സിലാക്കുമെന്ന് ജോര്‍ജ്ജ് പറഞ്ഞു.

സ്വന്തം സ്ഥാപനത്തില്‍ നിന്നും അപകടം പറ്റിയ വ്യക്തിയെ സഹായിക്കാന്‍ തയ്യാറാവാതെ രാഷ്ട്രീയ താല്‍പര്യത്തോടെ ധനസഹായങ്ങള്‍ പ്രഖ്യാപിക്കുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിമാരെ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയണമെന്ന ഭനേര്‍രേഖ പ്രമേയം ലിന്‍സ് അവതരിപ്പിച്ചു. തൃശ്ശൂര്‍ വിജേഷ്ന്റെ വീട്ടില്‍ നടന്ന പരിപാടിയില്‍ വിജേഷ് വിജയന്‍ സഹായ സമിതിയിലെ വിതുരന്‍ അധ്യക്ഷനായി. ബാലസംഘം സംസ്ഥാന സെക്രട്ടറി പി ജെ അഭിജിത്ത് , എസ്എഫ്ഐ എറണാകുളം ജില്ല പ്രസിഡന്റ് സ്വാതി എസ്, നേര്‍രേഖാ പത്രാധിപസമിതി അംഗങ്ങളായ ഹരി ചിരുകണ്ടോത്ത്, മാര്‍ട്ടിന്‍ ക്രിസ്റ്റി, നേര്‍രേഖ പ്രവര്‍ത്തകരായ സാദിക്ക്, മാനവ് മോഹന്‍, മൊയ്ദീന്‍ പാറയില്‍, ഷിറില്‍, സജിത്ത് ഹംസ, നിഷാദ്, നീരജ്, റംഷി മാഹി എന്നിവര്‍ സംസാരിച്ചു.

രാഷ്ട്രീയ, ബഹുജന സംഘടനാ പ്രതിനിധികള്‍,വിജേഷ് വിജയന്‍ സഹായ സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജിതേഷ് ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞു. നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിലെ പ്രമുഖമായ പുരോഗമനകൂട്ടായ്മയാണ് നേര്‍രേഖ  (www.facebook.com/groups/nerrekha). അവരുടെ തന്നെ വെബ്സൈറ്റ് ആണ് നേര്‍രേഖ ഓണ്‍ലൈന്‍ (www.nerrekha.com).

deshabhimani

Friday, February 21, 2014

ഷാജി ജേക്കബ്ബിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് സര്‍വകലാശാല

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനികളെ അപമാനിച്ച അധ്യാപകന്‍ ഡോ. ഷാജി ജേക്കബിനെതിരെ ക്രിമിനല്‍ക്കേസെടുക്കണമെന്ന് സര്‍വകലാശാല പൊലീസിനോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് സര്‍കലാശാല രജിസ്ട്രാര്‍ ഡോ. പ്രശാന്ത്കുമാര്‍ ഇക്കാര്യം രേഖാമൂലം കാലടി പൊലീസിനോട് ആവശ്യപ്പെട്ടത്. അധ്യാപകനെതിരെ വിദ്യാര്‍ഥികള്‍ എഴുതി നല്‍കിയ പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. പരാതിക്കാര്‍ ആരൊക്കെയാണെന്ന് അറിയിക്കണമെന്നും അവരുമായി സംസാരിക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് കാലടി എസ്ഐ മനോജ്കുമാര്‍ രജിസ്ട്രാര്‍ക്ക് ബുധനാഴ്ച കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാജി ജേക്കബിനെതിരെ ലൈംഗിക ചൂഷണത്തിനും പെരുമാറ്റദൂഷ്യത്തിനും കേസെടുക്കണമെന്ന് രജിസ്ട്രാര്‍ മറുപടി കത്തില്‍ ആവശ്യപ്പെട്ടത്.

വിദ്യാര്‍ഥികള്‍ രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ കേസെടുക്കാതിരിക്കാന്‍ പൊലീസിനു കഴിയില്ലെന്നും വിദ്യാര്‍ഥികളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സിന്‍ഡിക്കറ്റ് ഷാജി ജേക്കബിനെ സസ്പെന്‍ഡ് ചെയ്തതെന്നും കത്തില്‍ പറഞ്ഞു. ആരോപണത്തെക്കുറിച്ച് സര്‍വകലാശാലയിലെ വനിതാസെല്ലും അന്വേഷിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സര്‍വകലാശാല നടപടികളുടെയും അന്വേഷണ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കണം. മലയാളംവകുപ്പ് തലവനോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും രജിസ്ട്രാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികളെ അപമാനിച്ച അധ്യാപകനെതിരെ പരാതി നല്‍കിയ സിന്‍ഡിക്കറ്റ് അംഗമായ കെഎസ്യു നേതാവിനോട് ഇക്കാര്യത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്തേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതായി സൂചനയുണ്ട്. ഇതിനിടെ, അധ്യാപകനെ രക്ഷിക്കാനായി കോണ്‍ഗ്രസ് നേതാക്കളും മന്ത്രിയും എംപിയും എംഎല്‍എയും വരെ ഇടപെട്ടു.

deshabhimani

Thursday, February 6, 2014

പണം നല്‍കില്ലെന്ന് ചിറ്റിലപ്പിള്ളി; ജസീറ സമരം പിന്‍വലിച്ചു

മണല്‍ മാഫിയക്കെതിരെ സമരം ചെയ്ത ജസീറക്ക് നല്‍കാമെന്നേറ്റ അഞ്ച് ലക്ഷം രൂപ നല്‍കില്ലെന്ന് കൊച്ചൗസേഫ് ചിറ്റിലിപ്പിള്ളി പരസ്യമായി പ്രഖ്യാപിച്ചു. ആ പണം സര്‍ക്കാരിന്റെ താലോലം പദ്ധതിയിലേക്ക് കൈമാറുമെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു.ഇതോടെ ജസീറ ചിറ്റിലപ്പിള്ളിയുടെ വീടിന്മുന്നില്‍ നടത്തുന്ന സമരം അവസാനിപ്പിച്ചു. തനിക്ക് പ്രഖ്യാപിച്ച പാരിതോഷികം നല്‍കുകയോ അല്ലെങ്കില്‍ തരില്ലെന്ന് പ്രഖ്യാപിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഡല്‍ഹിയില്‍ നിന്നെത്തിയ ശേഷം ജസീറയും മക്കളും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ വീടിനുമുന്നില്‍ സമരം തുടങ്ങിയത്.

അതിനിടെ ജസീറയുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നും അതിന് പിന്നില്‍ സിപിഐ എം ആണെന്നും ചിറ്റിലപ്പിള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ തന്നെ വ്യക്തപരമായി അവഹേളിച്ച ചിറ്റിലപ്പിള്ളിക്കെതിരെ ജസീറ പാലാരിവട്ടം പൊലീസിന് പരാതി നല്‍കി. എന്നാല്‍ പരാതിയില്‍ പൊലീസ് കേസടുക്കുന്നില്ലെന്നാരോപിച്ച് ബുധനാഴ്ച രാത്രി മുതല്‍ പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു ജസീറയുടെ സമരം.

എന്നാല്‍ രാത്രിയില്‍ ചില യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെ ചീത്ത വിളിക്കുകയും അതില്‍ പരാതി പറയുവാന്‍ ചെന്നപ്പോള്‍ പൊലീസ് മര്‍ദിച്ചുവെന്നും ജസീറ പറഞ്ഞു. പൊലീസ് സ്റ്റേഷനകത്തേക്ക് കൊണ്ടുപോയാണ് മര്‍ദ്ദിച്ചതെന്നും ജസീറ പറഞ്ഞു. മര്‍ദനമേറ്റ ജസീറയും മക്കളും നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചില ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ജസീറയെ പൊലീസ് മര്‍ദിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. ജസീറക്ക് മര്‍ദനമേറ്റെന്ന സംഭവം അന്വേഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

deshabhimani

Wednesday, February 5, 2014

പണം തരില്ലെങ്കില്‍ പ്രഖ്യാപനം പരസ്യമായി പിന്‍വലിക്കണമെന്ന് ജസീറ

വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വസതിക്കുമുന്നില്‍ ജസീറ നടത്തുന്ന കുത്തിയിരുപ്പുസമരം രണ്ടുദിവസം പിന്നിട്ടു. മണല്‍മാഫിയക്കെതിരെ സമരംചെയ്തിന് പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ തനിക്കുതന്നെ നല്‍കാന്‍ കഴിയില്ലെങ്കില്‍ പ്രഖ്യാപനം പരസ്യമായി പിന്‍വലിക്കാന്‍ ചിറ്റിലപ്പിള്ളി തയ്യാറാകണമെന്ന ആവശ്യം ജസീറ ആവര്‍ത്തിച്ചു. തുക പിന്‍വലിച്ച ചിറ്റിലപ്പിള്ളി പ്രതിഷേധം ഭയന്നാണ് മക്കളുടെ പേരില്‍ നല്‍കാമെന്ന് പറയുന്നത്. അതിനു ചിറ്റിലപ്പിള്ളിക്ക് അവകാശമില്ല. തനിക്കാണ് പണം നല്‍കേണ്ടത്. തനിക്കു പിന്തുണ നല്‍കുന്നത് പച്ച മനുഷ്യരാണ്. ആരുടെയും പിന്തുണ തേടി പോയിട്ടില്ല. ജസീറയുടെ സമരം രാഷ്ട്രീയപ്രേരിതമാണെന്നും ഇത് സ്പോണ്‍സര്‍ ചെയ്യുന്നതാരാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വാര്‍ത്താസമ്മേളനം നടത്തി ഉന്നയിച്ച ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

പിന്തുണയ്ക്കുന്നവരുടെ ജാതിയും മതവും രാഷ്ട്രീയവും തിരക്കാറില്ല. ആര് പിന്തുണ തന്നാലും സ്വീകരിക്കും. മുടന്തന്‍ ന്യായങ്ങളാണ് ചിറ്റിലപ്പിള്ളി പറയുന്നത്. പണം തരില്ലെങ്കില്‍ അത് പരസ്യമായി പ്രഖ്യാപിക്കാനുള്ള ധൈര്യം ചിറ്റിലപ്പിള്ളി കാണിക്കണമെന്നും അവര്‍ പറഞ്ഞു. ജസീറയ്ക്കു പിന്തുണയുമായി നിരവധിപേര്‍ ചിറ്റിലപ്പിള്ളിയുടെ വീടിനുമുന്നിലെ സമരപ്പന്തലിലെത്തി. ആഹാരവും മറ്റു സഹായങ്ങളുമായി നിരവധിപേര്‍ എത്തുന്നുണ്ട്. കളമശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രക്ച്ചേഴ്സ് ലിമിറ്റഡ് എംഡി എന്‍ എ മുഹമ്മദ്കുട്ടി സമരവേദിയിലെത്തി ജസീറയ്ക്ക് ഒരുലക്ഷം രൂപ കൈമാറി. മണല്‍മാഫിയക്കെതിരെ ഡല്‍ഹിയിലും തിരുവനന്തപുരത്തും സമരം നടത്തിയതിനുള്ള അംഗീകാരമാണ് പാരിതോഷികമെന്നും മുഹമ്മദ്കുട്ടി പറഞ്ഞു. പ്രഖ്യാപിച്ച പാരിതോഷികം നല്‍കി സമരം അവസാനിപ്പിക്കാന്‍ ചിറ്റിലപ്പിള്ളി തയ്യാറാകണമെന്നും അതിനായി സംസാരിക്കാന്‍ തയ്യാറാണെന്നും മുഹമ്മദ്കുട്ടി പറഞ്ഞു.

deshabhimani

Tuesday, February 4, 2014

ചിറ്റിലപ്പിള്ളിയുടെ വീടിനു മുന്നില്‍ ജസീറ കുത്തിയിരിപ്പ് തുടങ്ങി

മണല്‍ മാഫിയക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്ത കണ്ണൂര്‍ സ്വദേശിനി ജസീറ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ കൊച്ചിയിലെ വീടിനുമുന്നില്‍ കുത്തിയിരിപ്പുസമരം തുടങ്ങി. ഡല്‍ഹിയില്‍ സമരംചെയ്ത തനിക്ക് ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ച അഞ്ചുലക്ഷംരൂപ തന്നെ ഏല്‍പ്പിക്കാന്‍ കഴിയില്ലെങ്കില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ജസീറ കുത്തിയിരിപ്പുസമരം തുടങ്ങിയത്. തന്നെ ഉപയോഗിച്ച് കൈയടി നേടാനാണ് ചിറ്റിലപ്പിള്ളി ശ്രമിച്ചതെന്ന് ജസീറ മാധ്യമങ്ങളോട് പറഞ്ഞു. പണം ഇരന്ന് ആരുടെയും മുന്നില്‍ കൈ നീട്ടിയിട്ടില്ല. സമരത്തിനു നല്‍കിയ സമ്മാനമായിരുന്നു അത്. മക്കള്‍ക്കല്ല തന്റെ കൈയിലാണ് പണം നല്‍കേണ്ടത്. അതിനു കഴിയില്ലെങ്കില്‍ തുക പിന്‍വലിക്കുന്നതായി മാധ്യമങ്ങള്‍ക്കു മുമ്പാകെ ചിറ്റിലപ്പിള്ളി പരസ്യമായി പ്രഖ്യാപിക്കണമെന്നും ജസീറ ആവശ്യപ്പെട്ടു. മൂന്നു മക്കള്‍ക്കൊപ്പം പകല്‍ മൂന്നരയോടെ എത്തിയ ജസീറ ചിറ്റിലപ്പിള്ളിയുടെ വൈറ്റിലയ്ക്കടുത്തെ ചക്കരപ്പറമ്പിലെ വീടിനുമുന്നിലെത്തിയാണ് സമരം തുടങ്ങിയത്. എന്നാല്‍, ജസീറ വീട്ടിലെത്തുന്നതിന് 10 മിനിറ്റ്മുമ്പ് ചിറ്റിലപ്പിള്ളി പുറത്തുപോയി.

സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള എല്‍ഡിഎഫിന്റെ ക്ലിഫ്ഹൗസ് ഉപരോധത്തെ അപഹസിച്ച സന്ധ്യയെന്ന യുവതിക്ക് അഞ്ചുലക്ഷം നല്‍കുമെന്ന ചിറ്റിലപ്പിള്ളിയുടെ പ്രഖ്യാപനം വിവാദമായിരുന്നു. തുടര്‍ന്നാണ് മണല്‍ മാഫിയക്കെതിരെ സെക്രട്ടറിയറ്റിനു മുന്നിലും ഡല്‍ഹിയിലുമുള്‍പ്പടെ തെരുവില്‍ സമരംചെയ്ത ജസീറയ്ക്കും ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍, സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യക്കൊപ്പം വേദി പങ്കിട്ട് സമ്മാനം സ്വീകരിക്കില്ലെന്ന് ജസീറ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പ്രഖ്യാപിച്ച തുക ചിറ്റിലപ്പിള്ളി ആദ്യം പിന്‍വലിച്ചു. പിന്നീട് മക്കളുടെ പേരില്‍ അക്കൗണ്ടിലിടുമെന്ന് പ്രഖ്യാപിച്ചു. മക്കള്‍ക്ക് പണം കൊടുക്കാന്‍ തനിക്ക് അറിയാമെന്നും അതിന് ചിറ്റിലപ്പിള്ളിയുടെ സഹായം വേണ്ടെന്നും ജസീറ വ്യക്തമാക്കിയിരുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പലരും പണമുള്‍പ്പെടെയുള്ള ഉപഹാരങ്ങള്‍ പ്രഖ്യാപിച്ചത് മാധ്യമങ്ങള്‍ വഴി അറിഞ്ഞിരുന്നു. അവര്‍ തന്നെ ഉപയോഗിച്ച് പ്രശസ്തി നേടാനല്ല ശ്രമിച്ചത്.ഡല്‍ഹിയില്‍ സമരം നടക്കുന്നതിനാല്‍ സന്ധ്യക്കൊപ്പം ഉപഹാരം സ്വീകരിക്കില്ലെന്നു പ്രഖ്യാപിച്ചശേഷം താന്‍ പലവട്ടം ചിറ്റിലപ്പിള്ളിയുമായി ഫോണ്‍വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം സംസാരിക്കാന്‍ തയ്യാറായില്ലെന്നും ജസീറ പറഞ്ഞു.

deshabhimani