Showing posts with label ഹജ്ജ്. Show all posts
Showing posts with label ഹജ്ജ്. Show all posts
Wednesday, April 17, 2013
ഹജ്ജ് നയത്തിന് ഇനി 5 വര്‍ഷം പ്രാബല്യം
കേന്ദ്രസര്‍ക്കാരിന്റെ ഹജ്ജ് നയത്തിന് അഞ്ചുവര്‍ഷ കാലാവധി നിശ്ചയിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ഓരോ വര്‍ഷവും നയം പുതുക്കല്‍ അപ്രായോഗികമാണെന്നു ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. 2013ല്‍ രൂപം നല്‍കുന്ന ഹജ്ജ് നയം 2017 വരെ നിലനില്‍ക്കുമെന്ന് ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജനപ്രകാശ് ദേശായി എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഹജ്ജുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പരിഗണിച്ച എല്ലാ ഹര്‍ജികളും തീര്‍പ്പാക്കിയാണ് ഉത്തരവിട്ടത്.
ഹജ്ജ് സബ്സിഡി പത്തുവര്‍ഷംകൊണ്ട് ഇല്ലാതാക്കുക, പ്രധാനമന്ത്രിയുടെ ഹജ്ജ് സൗഹാര്‍ദ പ്രതിനിധി സംഘാംഗങ്ങളുടെ എണ്ണം രണ്ടായും കേന്ദ്രസര്‍ക്കാരിന് നിശ്ചയിക്കാവുന്ന ക്വോട്ട 300 ആക്കിയും പരിമിതപ്പെടുത്തുക തുടങ്ങിയ മുന്‍ ഉത്തരവുകള്‍ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. 2013-17 കാലയളവിലെ ഹജ്ജ് നയത്തിനുശേഷം പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തി അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള നയത്തിന് രൂപം നല്‍കുക. ഓരോ അഞ്ചു വര്‍ഷനയവും ആദ്യം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി അഭിപ്രായങ്ങള്‍ ക്ഷണിക്കുക. ഒരു മാസത്തിനകം ലഭിക്കുന്ന യോഗ്യമായ അഭിപ്രായങ്ങള്‍ സ്വീകരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അന്തിമനയം രൂപീകരിക്കുക. ഈ നയം പിന്നെ അടുത്ത അഞ്ചുവര്‍ഷ കാലയളവില്‍ ഒരു മാറ്റത്തിനും വിധേയമാക്കരുത്. കോടതിയോ മറ്റ് അധികാര കേന്ദ്രങ്ങളോ ഇടപെടല്‍ നടത്തരുത്. സൗദി സര്‍ക്കാര്‍ എടുക്കുന്ന എന്തെങ്കിലും തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റം അനിവാര്യമായി വന്നാല്‍മാത്രം ഭേദഗതി വരുത്തുക- തുടങ്ങിയ നിര്‍ദേശങ്ങളും കോടതി നല്‍കി. ഹജ്ജിനു പോകുന്ന വനിതകള്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണം.
ഹജ്ജ് നയത്തില്‍, സുപ്രീംകോടതി അഭിഭാഷകന്‍ ഇ എം സദറുള്‍ അനാമിന്റെ പല നിര്‍ദേശങ്ങളും പരിഗണനാര്‍ഹമാണ്. വിദേശമന്ത്രാലയം അനാമില്‍നിന്ന് ഈ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് നയത്തില്‍ ഉള്‍പ്പെടുത്തുക. ഹജ്ജിന് അപേക്ഷകള്‍ സ്വീകരിക്കുന്നതും മറ്റും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പാക്കുക. അപേക്ഷകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ മാതൃക സ്വീകരിക്കാം. ഹജ്ജുമായി ബന്ധപ്പെട്ട് തീരുമാനിക്കുന്ന സമയപ്പട്ടികയില്‍ കോടതിപോലും ഇടപെടല്‍ നടത്തരുത്. സൗദിയില്‍ ഹാജിമാരുടെ താമസത്തിന് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ആറംഗ സമിതിക്ക് രൂപം നല്‍കണം. ഗള്‍ഫ്- ഹജ്ജ് ചുമതലയുള്ള ജോയിന്റ് സെക്രട്ടറി, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, ജാമിയ മിലിയ വിസി നജീവ് ജങ്, ആസൂത്രണ കമീഷന്‍ അംഗം സയ്യദ ഹമീദ, വിദേശമന്ത്രാലയം അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പദവി ഒഴിഞ്ഞുകിടക്കുകയാണെങ്കിലും മറ്റ് സമിതിയംഗങ്ങള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണം. നിലവില്‍ ഹജ്ജിനും ഗള്‍ഫ് മേഖലയ്ക്കുമായി വിദേശമന്ത്രാലയത്തില്‍ ഒരു ജോയിന്റ് സെക്രട്ടറിയാണുള്ളത്. ഹജ്ജിനുമാത്രമായി ജോയിന്റ് സെക്രട്ടറിയെ നിയമിക്കണം. പരാതി പരിഹാരത്തിന്റെ ചുമതല ഒരു ഡെപ്യൂട്ടി സെക്രട്ടറിക്ക് നല്‍കണം. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ അപേക്ഷ ക്ഷണിക്കുന്നതിന്റെ ചുമതലയില്‍നിന്ന് ഹജ്ജ് കമ്മിറ്റിയെ ഒഴിവാക്കി വിദേശമന്ത്രാലയത്തെ ഏല്‍പ്പിക്കണം. കേന്ദ്ര- സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഉന്നതാധികാര സമിതിക്ക് രൂപം നല്‍കുകണം. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരെ പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടായി തരംതിരിക്കുന്ന നയം തുടരാമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
(എം പ്രശാന്ത്)
deshabhimani 170413
Thursday, April 11, 2013
ജമാ അത്തെ ഇസ്ലാമിക്ക് ഹജ്ജ് ക്വാട്ടയ്ക്ക് അര്‍ഹതയില്ല: സുപ്രീംകോടതി
ജമാ-അത്തെ ഇസ്ലാമി രാഷ്ട്രീയ പാര്‍ടിയാണെന്ന് സുപ്രീംകോടതി. ഇക്കാരണത്താല്‍ ഹജ്ജ് ക്വാട്ട ആവശ്യപ്പെട്ട് കേസില്‍ കക്ഷി ചേരാനുള്ള ജമാ-അത്തെ ഇസ്ലാമിയുടെ അപേക്ഷ കോടതി തള്ളി. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഹജ്ജ് സ്വകാര്യ ക്വാട്ട അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. തങ്ങള്‍ക്ക് കീഴിലുള്ള ഒരു ട്രസ്റ്റിന് ഹജ്ജ് ക്വാട്ട അനുവദിക്കണമെന്ന് ജമാ-അത്തെ ഇസ്ലാമി ആവശ്യപ്പെടുന്നതിനിടെയാണ് കോടതി ഇടപെട്ടത്. തങ്ങള്‍ക്ക് ലാഭേച്ഛയില്ലെന്നും ഹജ്ജ് ക്വാട്ട ലഭിക്കാന്‍ അര്‍ഹത ഉണ്ടെന്നും ജമാ-അത്തെ ഇസ്ലാമി വാദിച്ചു. എന്നാല്‍ ജസ്റ്റിസ് അഫ്താബ് ആലം അധ്യക്ഷനായ ബഞ്ച് ഇത് അംഗീകരിച്ചില്ല. ലാഭേച്ഛയില്ലാത്തവര്‍ എന്തിനാണ് കച്ചവട താല്‍പ്പര്യത്താല്‍ ഹജ്ജ് ക്വാട്ടയ്ക്ക് ഇറങ്ങുന്നതെന്ന് ബഞ്ച് ചോദിച്ചു. രാഷ്ട്രീയ പാര്‍ടിയായ ജമാ-അത്തെ ഇസ്ലാമിക്ക് ഈ വിഷയത്തില്‍ ഇടപെടാന്‍ അര്‍ഹതയില്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താത്ത നിരവധി മുസ്ലിം സംഘടനകള്‍ രാജ്യത്തുണ്ട്. എന്നാല്‍ ജമാ-അത്തെ പ്രൊഫഷണല്‍ രാഷ്ട്രീയ സംഘടനയാണ്. ജമാ- അത്തെയുടെ ഹര്‍ജി പരിഗണിച്ചാല്‍ മറ്റ് അപേക്ഷകളും സ്വീകരിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
deshabhimani 110413
Monday, October 1, 2012
ഹജ്ജ് കമ്മിറ്റി ചെയര്‍മാന് ആഡംബര കാറും ശമ്പളവും; തീരുമാനം വിവാദമാവുന്നു
ഹജ്ജ് കമ്മിറ്റി ചെയര്‍മാന് ആഡംബര കാറും മാസാന്ത വേതനവും നല്‍കാനുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനം വിവാദമാവുന്നു. ചെയര്‍മാന് പതിനഞ്ച് ലക്ഷം രൂപയുടെ കാറ് വാങ്ങി നല്‍കാനും അയ്യായിരം രൂപ വീതം മാസവേതനം നല്‍കാനുമാണ് ഹജ്ജ് കമ്മിറ്റി തീരുമാനം. മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്മാര്‍ ആരും ഇത്തരമൊരു സംവിധാനം ഉപയോഗിച്ചിട്ടില്ല. വര്‍ഷത്തിലൊരിക്കല്‍ ഹജ്ജ് യാത്രാസമയത്ത് പതിനഞ്ച് ദിവസം മാത്രമാണ് ഹജ്ജ് ഹൗസില്‍ ചെയര്‍മാന്റെ സേവനം ആവശ്യമുള്ളൂ. അതിന് മുമ്പ് നടക്കുന്ന യോഗങ്ങളില്‍ സംബന്ധിക്കുന്നതിന് യാത്രാബത്തയുമുണ്ടാവും. ഇത്തരം സാഹചര്യത്തില്‍ ലക്ഷങ്ങള്‍ മുടക്കി കാറ് വാങ്ങാനും മാസശമ്പളം നല്‍കാനുമുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം ഒരു തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ പി ടി എ റഹീം എംഎല്‍എ പറഞ്ഞു.
ഹജ്ജ് ഹൗസ് കവാടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍നിന്ന് പി ടി എ റഹീം എംഎല്‍എയെ മാറ്റിനിര്‍ത്തിയതും പ്രതിഷേധത്തിനിടയാക്കി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് കവാടം നിര്‍മിക്കാന്‍ 20 ലക്ഷം രൂപ അനുവദിച്ചത്. പെരിന്തല്‍മണ്ണ എംഇഎ സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് കവാടം നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സ്വാശ്രയ കോളേജിന്റെ പണം ഉപയോഗിച്ച് കവാടം നിര്‍മിക്കേണ്ടതില്ലെന്നും നിര്‍മാണച്ചെലവ് നല്‍കാമെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിനെതിരെ സ്വാശ്രയ കോളേജ് മഞ്ചേരി കോടതിയെ സമീപിച്ചെങ്കിലും കോടതി സര്‍ക്കാരിന് അനുകൂലമായ വിധി പ്രഖ്യാപിച്ചു. ഇതിനുശേഷം പി ടി എ റഹീം എംഎല്‍എ ചെയര്‍മാനായ കമ്മിറ്റിയാണ് കവാടം നിര്‍മിക്കന്‍ ടെന്‍ഡര്‍ ക്ഷണിച്ചതും കരാര്‍ ഉറപ്പിച്ചതും. ശിലാസ്ഥാപനവും നടത്തിയിരുന്നു. ഇതിന്റെ ഉദ്ഘാടന ചടങ്ങില്‍നിന്നാണ് പി ടി എ റഹീം എംഎല്‍എയെ മാറ്റിനിര്‍ത്തിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. തിങ്കളാഴ്ച കവാടത്തിന്റെ ഉദ്ഘാടനം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും.
deshabhimani 011012
Wednesday, April 18, 2012
വിശ്വാസികളെ വഞ്ചിക്കുന്നവര്‍
ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടനമാണ് ഹജ്ജ്. ഖുര്‍ആനും പ്രവാചകചര്യയും നിര്‍ദേശിച്ച മാതൃകയില്‍ ദുല്‍ഹജ്ജ് മാസം എട്ടുമുതല്‍ 12വരെ മക്കയിലേക്ക് നടത്തുന്ന ഹജ്ജ് തീര്‍ഥാടനത്തെ ഇസ്ലാം മതവിശ്വാസികള്‍ ഐക്യത്തിന്റെയും അള്ളാഹുവിനുള്ള കീഴ്പ്പെടലിന്റെയും പ്രതീകമായാണ് കാണുന്നത്. അത്തരമൊന്നിനെ വാണിജ്യവല്‍ക്കരിക്കാനും രാഷ്ട്രീയപ്രീണനത്തിനുള്ള ഉപകരണമാക്കാനും തയ്യാറാകുന്ന മ്ലേച്ഛമായ നടപടിക്കെതിരെയാണ് കഴിഞ്ഞദിവസം സുപ്രീംകോടതി കടുത്ത ഭാഷയില്‍ മുന്നറിയിപ്പു നല്‍കിയത്.
ഹജ്ജ് തീര്‍ഥാടനകാലത്ത് ഇന്ത്യയില്‍നിന്ന് പ്രധാനമന്ത്രിയുടെ സൗഹൃദസംഘം എന്നപേരില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടപ്പെട്ടവരെ സര്‍ക്കാര്‍ ചെലവില്‍ വര്‍ഷങ്ങളായി അയച്ചുവരികയാണ്. ആ സംഘത്തില്‍ ഉള്‍പ്പെട്ട് കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് ഹജ്ജിനുപോയവരുടെ പേരുകള്‍ പുറത്തുവന്നിട്ടുണ്ട്. ഖജനാവ് കൊള്ളയടിയുടെ ഏറ്റവും പരിഹാസ്യമായ അധ്യായമാണ് ആ പട്ടികയിലൂടെ മറനീക്കിയത്. സൗഹൃദസംഘത്തില്‍ ഒന്നിലേറെ തവണ സൗജന്യമായി ഹജ്ജ് യാത്ര നടത്തിയവരില്‍ മുസ്ലിംലീഗ്, കോണ്‍ഗ്രസ് നേതാക്കളുടെ നീണ്ട നിരയാണുള്ളത്. ഹൈദരലി ശിഹാബ് തങ്ങള്‍, ഇ അഹമ്മദ്, ഇ ടി മുഹമ്മദ്ബഷീര്‍, അബ്ദുസമദ് സമദാനി, എം കെ മുനീര്‍, ചെര്‍ക്കളം അബ്ദുള്ള, പി വി അബ്ദുള്‍ വഹാബ്, പാണക്കാട് അബ്ബാസ് അലി ശിഹാബ്തങ്ങള്‍, സാദിഖലി ശിഹാബ്തങ്ങള്‍, ടി എച്ച് മുസ്തഫ, എം എം ഹസ്സന്‍ എന്നിങ്ങനെയാണ് ആ പട്ടിക നീളുന്നത്.
ഇന്തോ-പാക് യുദ്ധാനന്തരം ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ നടത്തിയ നുണപ്രചാരണത്തെ ചെറുക്കുന്നതിനാണ്, 1967ല്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആദ്യമായി സൗഹൃദസംഘത്തെ അയച്ചത്. ആ പതിവ് പിന്നീടുള്ള വര്‍ഷങ്ങളില്‍ തുടര്‍ന്നു. പക്ഷേ, സംഘത്തിലുള്ളവരുടെ എണ്ണം വര്‍ധിച്ചുവന്നു. 2006ല്‍ അത് 49 ആയി. സ്വാധീനംചെലുത്തി സര്‍ക്കാര്‍ പട്ടികയില്‍ കയറിപ്പറ്റി പലതവണ ഹജ്ജിനുപോകാന്‍ ഭരണകക്ഷിയുടെ പ്രമുഖ നേതാക്കള്‍തന്നെ തുനിഞ്ഞിറങ്ങി. ഹജ്ജ് യാത്രയ്ക്ക് പണം മുടക്കാനില്ലാതെ ആയിരക്കണക്കിന് വിശ്വാസികള്‍ സങ്കടപ്പെടുമ്പോഴാണ് നേതാക്കള്‍ സൗജന്യയാത്ര തരപ്പെടുത്തി പലവട്ടം ഹജ്ജിനുപോയത്.
ഇപ്പോള്‍ സംഘത്തിന്റെ എണ്ണം 32 ആയി നിജപ്പെടുത്തിയിട്ടുണ്ടെന്നും ഇനി അത് പത്തായി ചുരുക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. രാജ്യത്തോടും ജനങ്ങളോടും ഇസ്ലാംമത വിശ്വാസികളോടും ചെയ്യുന്ന കടുത്ത അനീതി എന്ന നിലയിലാണ് സുപ്രീംകോടതി ഇതിനെ കണ്ടത്. പാകിസ്ഥാനില്‍നിന്നുള്ള സംഘം ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തിയ സാഹചര്യം ഇന്ന് നിലവിലില്ല. അതുകൊണ്ടുതന്നെ സൗഹൃദസംഘം അപ്രസക്തമാണ്. സൗഹൃദസംഘത്തെ അയക്കുന്നത് മൂന്നോ നാലോ വര്‍ഷംകൊണ്ട് സര്‍ക്കാര്‍ നിര്‍ത്തലാക്കണം- ജസ്റ്റിസുമാരായ അഫ്താബ് അലം, രഞ്ജനപ്രസാദ് ദേശായി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് സംശയത്തിനിടയില്ലാത്ത വിധമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സര്‍ക്കാര്‍ ചെലവില്‍ ചില വിഐപികളെ തുടര്‍ച്ചയായി ഹജ്ജിന് കൊണ്ടുപോകുന്നതില്‍ കോടതി ആശ്ചര്യം പൂണ്ടു. രാഷ്ട്രീയസ്വാധീനത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ സൗഹൃദസംഘത്തിലേക്ക് സര്‍ക്കാര്‍ നടത്തുന്ന തെരഞ്ഞെടുപ്പ് ശരിയായ രീതിയിലല്ലെന്നും പരമോന്നതകോടതി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ സബ്സിഡിയോടെയുള്ള ഹജ്ജ് യാത്ര ഒരാള്‍ക്ക് ഒരിക്കല്‍ മാത്രം മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതും കോടതിയുടെ ഇടപെടലിലൂടെയാണ്. സബ്സിഡിയോടെയുള്ള ഹജ്ജ് തീര്‍ഥാടനം പണവും സ്വാധീനവുമുള്ളവര്‍ക്ക് മാത്രം ലഭിക്കുകയും ഇക്കാര്യത്തില്‍ നിരവധി ക്രമക്കേടുകള്‍ നടക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതോടെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരില്‍നിന്ന് കൃത്യമായ വിശദീകരണം തേടുകയാണുണ്ടായത്. ഹജ്ജ് തീര്‍ഥാടനം കുറെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കോടികള്‍ കൊയ്യാനുള്ള ഒന്നായി മാറിയിട്ടുണ്ട്. ഇക്കൊല്ലം ഇന്ത്യയില്‍നിന്ന് 1.70 ലക്ഷംപേര്‍ ഹജ്ജിനുപോകുന്നതില്‍ 1.25 ലക്ഷംപേര്‍ ഹജ്ജ് കമ്മിറ്റി വഴിയും 45,000 പേര്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേനയുമായിരിക്കും യാത്ര നടത്തുന്നത്. സര്‍ക്കാര്‍ ക്വോട്ടയില്‍നിന്ന് ഒരു ഭാഗം സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കണമെന്ന് മുംബൈ ഹൈക്കോടതി ഈയിടെ വിധിച്ചിരുന്നു. അതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേക ഹര്‍ജിയാണ് ഹജ്ജുമായി ബന്ധപ്പെട്ട് നടക്കുന്ന ആശാസ്യമല്ലാത്ത പ്രവണതകള്‍ ചൂണ്ടിക്കാട്ടാന്‍ സുപ്രീംകോടതിക്ക് അവസരമൊരുക്കിയത്.
ഹജ്ജിന്റെ കാര്യത്തില്‍ കച്ചവടക്കണ്ണ് അനുവദിക്കാനാകില്ലെന്ന് സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കോടതി ശക്തമായ മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്. ഹജ്ജിന് ഒരിക്കല്‍പ്പോലും പോകാത്തവരുടെ അപേക്ഷകള്‍ക്കും 70 വയസ്സ് കഴിഞ്ഞവര്‍ക്കും മൂന്നുതവണ അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവര്‍ക്കും പ്രത്യേക പരിഗണന നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. തീര്‍ത്തും മതവിശ്വാസവുമായി ബന്ധപ്പെട്ടതാണ് ഹജ്ജ് തീര്‍ഥാടനം. അതിനെ അവിഹിതനേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത് വിശ്വാസത്തോടുള്ള കടുത്ത അവഹേളനംതന്നെയാണ്. പലവട്ടം ശ്രമിച്ചിട്ടും അവസരം കിട്ടാത്തവര്‍ നാട്ടിലുണ്ടായിരിക്കെ, സര്‍ക്കാരില്‍ സ്വാധീനംചെലുത്തി ഒരുപൈസ മുടക്കില്ലാതെ പലവട്ടം പോയിവരുന്ന രാഷ്ട്രീയനേതാക്കള്‍ നാടിന് അപമാനംതന്നെ. അവരുടെ കൂറും താല്‍പ്പര്യവും അധികാരത്തിന്റെ അപരിമിതമായ സൗകര്യങ്ങളോടാണ്; വോട്ടുചെയ്ത് ജയിപ്പിക്കുന്ന ജനങ്ങളോടല്ല. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുന്നവര്‍തന്നെയാണ് ഈ പണിയും ചെയ്യുന്നതെന്നോര്‍ക്കണം. പണം കുന്നുകൂട്ടാനും അഴിമതി നടത്താനുമുള്ളതാണ് അവര്‍ക്ക് മതവിശ്വാസംപോലും. അത്തരക്കാരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്ന ആഹ്വാനം കൂടിയാണ് സുപ്രീംകോടതിയുടെ ഇടപെടലില്‍ വായിച്ചെടുക്കാനാകുന്നത്.
deshabhimani editorial 180412
Tuesday, April 17, 2012
സൗഹൃദസംഘത്തില്‍ ഹജ്ജ്യാത്ര നടത്തിയവരില്‍ ഏറെയും ലീഗ്- കോണ്‍ഗ്രസ് നേതാക്കള്‍
പ്രധാനമന്ത്രിയുടെ സൗഹൃദസംഘത്തില്‍ കടന്നുകയറി ഒന്നിലേറെ തവണ സൗജന്യമായി ഹജ്ജ് യാത്ര നടത്തിയവരില്‍ ഏറെയും മുസ്ലിംലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ പത്തുവര്‍ഷത്തെ പട്ടികയിലാണ് കേരളത്തില്‍നിന്നുള്ള ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ഉള്‍പ്പെട്ടിരിക്കുന്നത്. ഹജ്ജ് യാത്രയ്ക്ക് പണം മുടക്കാനാകാതെ ആയിരക്കണക്കിനു വിശ്വാസികള്‍ ബുദ്ധിമുട്ടുമ്പോള്‍ നേതാക്കള്‍ സൗജന്യയാത്ര തരപ്പെടുത്തുന്നതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. പത്തു വര്‍ഷത്തിനിടെ സൗഹൃദസംഘ പ്രതിനിധികളായി ഒന്നിലേറെ തവണ ഹജ്ജ് യാത്ര നടത്തിയവരുടെ പട്ടിക സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഹജ്ജ് സബ്സിഡി സംബന്ധിച്ച സത്യവാങ്മൂലത്തോടൊപ്പം ഈ പട്ടികയും സര്‍ക്കാര്‍ സമര്‍പ്പിച്ചു.
പട്ടികയില്‍ ഉള്‍പ്പെട്ട ലീഗ് നേതാക്കള്‍ ഇവരാണ്- ഹൈദരാലി ശിഹാബ് തങ്ങള്‍, ഇ അഹമ്മദ്, ഇ ടി മുഹമ്മദ്ബഷീര്‍, അബ്ദുസമദ് സമദാനി, എം കെ മുനീര്‍, ചെര്‍ക്കളം അബ്ദുള്ള, പി വി അബ്ദുള്‍വഹാബ്, പാണക്കാട് അബ്ബാസ്അലി ശിഹാബ്തങ്ങള്‍, സാദിഖലി ശിഹാബ്തങ്ങള്‍. കോണ്‍ഗ്രസ് നേതാക്കളായ ടി എച്ച് മുസ്തഫ, എം എം ഹസ്സന്‍ എന്നിവരും സര്‍ക്കാര്‍ സൗജന്യം പറ്റി ഒന്നിലേറെ തവണ ഹജ്ജ് യാത്ര നടത്തിയവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കുപുറമെ കേരളത്തില്‍നിന്ന് ടി പി എം ഇബ്രാഹിംഖാന്‍, ജസ്റ്റിസ് കെ എ അബ്ദുള്‍ ഗഫൂര്‍, ഒ അബ്ദുള്ള എന്നിവരും കേന്ദ്രസര്‍ക്കാരിന്റെ പട്ടികയിലുണ്ട്.
deshabhimani 170412
Monday, April 16, 2012
ഹജ്ജ് സബ്സിഡി ആയുസ്സിലൊരിക്കല്‍: കേന്ദ്രം
സര്‍ക്കാര്‍ സബ്സിഡിയോടെയുള്ള ഹജ്ജ് യാത്ര ജീവിതത്തില്‍ ഒരിക്കല്‍ മാത്രം മതിയെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ തീരുമാനമെടുത്തെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഹജ്ജ് സബ്സിഡി സംബന്ധിച്ച് ഫെബ്രുവരി 24ന് സുപ്രീംകോടതി ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടിയായാണ് സത്യവാങ്മൂലം നല്‍കിയത്.
നിലവില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഹജ്ജിന് പോകാന്‍ സൗകര്യമുണ്ട്. പുതിയ മാറ്റമനുസരിച്ച് ഹജ്ജ് യാത്രികര്‍ക്ക് സര്‍ക്കാര്‍ സബ്സിഡി സൗകര്യം ആയുസ്സില്‍ ഒരിക്കല്‍ മാത്രമാക്കും. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ (എച്ച്സിഒഐ) വഴി ഹജ്ജിന് പോകുന്നവരുടെ എണ്ണത്തില്‍ കുറവുവരുത്തുന്ന മാറ്റമാണിത്. ഹജ്ജിന് പോയിട്ടില്ലാത്തവര്‍ക്ക് അവസരം നല്‍കുംവിധം മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. മൂന്ന് തവണ അപേക്ഷിച്ചവര്‍ക്കും 70 വയസ്സ് കഴിഞ്ഞവര്‍ക്കും സബ്സിഡി നല്‍കുന്ന കാര്യത്തില്‍ മുന്‍ഗണന നല്‍കും. 2012ല്‍ ഹജ്ജ് യാത്രികര്‍ക്ക് സബ്സിഡിയായി എത്ര തുക നല്‍കുമെന്ന് വ്യക്തമാക്കാന്‍ കേന്ദ്രം തയ്യാറായില്ല. ഹജ്ജ് കഴിഞ്ഞ് യാത്രികര്‍ തിരിച്ചെത്തിയാല്‍ മാത്രമേ അത് കണക്കാക്കാനാകു എന്നാണ് മറുപടി നല്‍കിയത്. ഹജ്ജ് യാത്രികര്‍ക്ക് പൊലീസ് പരിശോധനയില്ലാതെ ചുരുങ്ങിയ കാലാവധിയുള്ള പാസ്പോര്‍ട്ടുകള്‍ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ അഫ്താബ് അലം, രഞ്ജനപ്രകാശ് ദേശായ് എന്നിവരാണ് ഹജ്ജ് സബ്സിഡിയെയും മാനദണ്ഡത്തെയുംപ്പറ്റി കേന്ദ്രത്തോട് വിശദീകരണം തേടിയത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് അനുവദിക്കുന്ന സീറ്റുകളെക്കുറിച്ചും കോടതി ആരാഞ്ഞു. ഹജ്ജ് യാത്രികര്‍ക്കൊപ്പം വലിയ ഉദ്യോഗസ്ഥസംഘം സഞ്ചരിക്കുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സബ്സിഡിയോടെയുള്ള ഹജ്ജ് തീര്‍ഥാടനം പണവും സ്വാധീനമുള്ളവര്‍ക്ക് മാത്രം ലഭിക്കുകയും ഇക്കാര്യത്തില്‍ നിരവധി ക്രമക്കേടുകള്‍ നടക്കുകയുംചെയ്യുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി വിശദീകരണം തേടിയത്. ഗവണ്‍മെന്റിന്റെ ക്വോട്ടയില്‍നിന്ന് ഒരു ഭാഗം സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കണമെന്ന മുംബൈ ഹൈക്കോടതി വിധിക്കെതിരായി കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേക ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ഇക്കൊല്ലം ഇന്ത്യയില്‍ നിന്ന് 1.70 ലക്ഷം പേര്‍ക്കാണ് സൗദി അറേബ്യന്‍ സര്‍ക്കാര്‍ ഹജ്ജിന് അനുമതി നല്‍കിയത്. ഇതില്‍ 1.25 ലക്ഷം പേര്‍ ഹജ്ജ് കമ്മിറ്റി വഴിയും 45,000 പേര്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേനയുമായിരിക്കും യാത്ര നടത്തുക. 1994ല്‍ 21,035 പേരാണ് സര്‍ക്കാര്‍ സബ്സിഡി ഉപയോഗിച്ച് ഹജ്ജിനു പോയത്. 2011ല്‍ ഇത് 1.25 ലക്ഷമായി. സബ്സിഡി തുക 1994ലെ 5000 രൂപയില്‍നിന്ന് 2011ല്‍ 38,800 രൂപയായും വര്‍ധിച്ചു.
(വി ജയിന്‍)
deshabhimani 160412
Wednesday, April 4, 2012
ഹജ്ജിനുള്ള കേന്ദ്ര ക്വോട്ടയും സബ്സിഡിയും നിര്‍ത്തുന്നു
ഹജ്ജിനുള്ള കേന്ദ്ര ക്വോട്ടാസംവിധാനവും സബ്സിഡിയും നിര്‍ത്തലാക്കുന്നു. കേന്ദ്ര വിദേശമന്ത്രി എസ് എം കൃഷ്ണയാണ് കഴിഞ്ഞദിവസം ഇക്കാര്യം വ്യക്തമാക്കിയത്. ഹജ്ജ് സബ്സിഡിയെന്നാണ് പേരെങ്കിലും ഇതിനായി കഴിഞ്ഞ മൂന്നുവര്‍ഷമായി സര്‍ക്കാര്‍ ഒരു രൂപപോലും മുടക്കുന്നില്ല. രാജ്യാന്തര ടെന്‍ഡര്‍ വഴി എയര്‍ ടിക്കറ്റ് ബുക്ക്ചെയ്ത് ലഭിക്കുന്ന ഇളവ് ജനങ്ങള്‍ക്കായി വീതിച്ചുനല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതാണ് ഇപ്പോള്‍ നിര്‍ത്തലാക്കുന്നത്. ഇതുവഴി സ്വകാര്യ ഹജ്ജ് ഓപ്പറേറ്റര്‍മാരുടെ വന്‍ കൊള്ളയ്ക്കാണ് വഴിയൊരുങ്ങുന്നത്. നിലവില്‍ സര്‍ക്കാര്‍ ക്വോട്ടയില്‍ ഹജ്ജിനു പോകുന്നവര്‍ക്ക് 1,10,000 രൂപയാണ് ചെലവ്. യാത്രാടിക്കറ്റ് ഇനത്തില്‍ ഇവരില്‍നിന്ന് ഈടാക്കുന്ന 16,000 രൂപ ഉള്‍പ്പെടെയാണിത്. സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ വഴി ഹജ്ജിനു പോകുന്നവര്‍ക്കാകട്ടെ രണ്ടുമുതല്‍ രണ്ടേകാല്‍ലക്ഷം രൂപവരെയാണ് ചെലവ്. പുതിയ തീരുമാനത്തോടെ മുഴുവന്‍ പേരും ഹജ്ജിന് സ്വകാര്യ ഓപ്പറേറ്റര്‍മാരെ ആശ്രയിക്കേണ്ടിവരുന്നത് തീര്‍ഥാടകരുടെ ചെലവ് കുത്തനെ ഉയര്‍ത്തും. മറ്റ് സമുദായങ്ങള്‍ക്ക് ഇത്തരം ആനുകൂല്യം നല്‍കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് ഹജ്ജ് സബ്സിഡിതന്നെ നിര്‍ത്തലാക്കാന്‍ പോകുകയാണെന്ന് എസ് എം കൃഷ്ണ കൊച്ചിയില്‍ പറഞ്ഞത്.
ബിജെപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ നാളുകളായി ഈ സംവിധാനത്തിനെതിരെ ശബ്ദമുയര്‍ത്തിവരികയാണ്. ഇതിനുപുറമെ സുപ്രീം കോടതിയില്‍ പൊതുതാല്‍പ്പര്യഹര്‍ജിയും നിലവിലുണ്ട്. ഈ ഹര്‍ജിയില്‍ വിധി വരുംമുന്‍പെ സര്‍ക്കാര്‍ തീരുമാനമെടുത്തത് ദുരൂഹത സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയില്‍നിന്ന് ഹജ്ജിനു പോകാന്‍ 1,61,000 പേര്‍ക്കാണ് അനുമതി. ഇതില്‍ 45,000 സീറ്റുകളാണ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്കുള്ളത്. ബാക്കിയുള്ള മുഴുവന്‍ സീറ്റിലും സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് യാത്ര ഒരുക്കുന്നത്. കേരളത്തിന് 7000 സീറ്റുകളാണ് സര്‍ക്കാര്‍ ക്വോട്ടയിലുള്ളത്. പുതിയ തീരുമാനം സ്വകാര്യ കമ്പനികള്‍ക്ക് തോന്നിയ രീതിയില്‍ പണം ഈടാക്കാന്‍ സൗകര്യമൊരുക്കും. കഴിഞ്ഞ മൂന്നുവര്‍ഷമായി എയര്‍ ഇന്ത്യ ഹജ്ജ് സര്‍വീസുകള്‍ നടത്തുന്നുമില്ല. നിലവിലുള്ള ഹജ്ജ് യാത്രാസംവിധാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നത് സ്വകാര്യ ലോബിയെ സഹായിക്കാനാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പി ടി എ റഹീം എംഎല്‍എ പറഞ്ഞു. സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ വ്യക്തത വരുന്നതിനുമുന്‍പേ ഇത്തരമൊരു തീരുമാനമെടുത്ത് ദുരൂഹമാണെന്നും അദ്ദേഹം ദേശാഭിമാനിയോട് പറഞ്ഞു.
(ഷഫീഖ് അമരാവതി)
deshabhimani 040412
Saturday, January 29, 2011
ഹജ്ജ് സബ്സിഡി ഭരണഘടനാ വിരുദ്ധമല്ല: സുപ്രീംകോടതി
ഹജ്ജ് കര്‍മത്തിന് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി ഭരണഘടനാവിരുദ്ധമല്ലെന്ന് സുപ്രീംകോടതി. ഹജ്ജിന് സബ്സിഡി നല്‍കുന്നതോ അതല്ലെങ്കില്‍ സമാനമായി മറ്റ് മതവിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതോ ഭരണഘടനാവിരുദ്ധമായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു. മുന്‍ ബിജെപി എംപി പ്രഫുല്‍ ഗൊറാദിയ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് ജസ്റിസുമാരായ മാര്‍ക്കണ്ഡേയ കാട്ജു, ഗ്യാന്‍സുധ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്.
ഹജ്ജ് തീര്‍ഥാടനത്തിന് സബ്സിഡി അനുവദിക്കുന്നത് ഭരണഘടനയുടെ 14 (തുല്യത}), 15 ബി (വിവേചനമില്ലായ്മ), 27 (ഏതെങ്കിലും മതവിഭാഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പൊതുനികുതി പാടില്ല) എന്നീ വകുപ്പുകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗൊറാദിയയുടെ ഹര്‍ജി. എന്നാല്‍, സബ്സിഡിക്കായി പൊതുപണത്തിന്റെ ചെറിയ ഭാഗം ഉപയോഗിക്കുന്നത് ഭരണഘടനാവിരുദ്ധമായി കാണാനാകില്ല-കോടതി പറഞ്ഞു. ഇന്ത്യയില്‍ സര്‍ക്കാര്‍ പിരിക്കുന്ന ആദായനികുതിയുടെയോ എക്സൈസ് നികുതിയുടെയോ കസ്റംസ് നികുതിയുടെയോ വില്‍പ്പന നികുതിയുടെയോ അതല്ലെങ്കില്‍ മറ്റേതെങ്കിലും നികുതിയുടെയോ വലിയൊരു ഭാഗം സബ്സിഡിക്കായി ചെലവഴിച്ചാല്‍ മാത്രമേ 27-ാം വകുപ്പിന്റെ ലംഘനമായി കാണാനാകൂ. ആദായനികുതിയുടെയോ അതല്ലെങ്കില്‍ മറ്റേതെങ്കിലും നികുതിയുടെയോ 25 ശതമാനം വരെ പണം ഏതെങ്കിലും മതവിഭാഗത്തെ നിലനിര്‍ത്തുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ ഉപയോഗിക്കുകയാണെങ്കില്‍ ഭരണഘടനാവിരുദ്ധമായി കാണേണ്ടിവരും. എന്നാല്‍, ഹജ്ജ് സബ്സിഡിക്കായി നികുതിവരുമാനത്തില്‍ ചെറിയൊരു ശതമാനം മാത്രമാണ് ചെലവഴിക്കുന്നത്-കോടതി വിധിച്ചു.
ഹജ്ജ് സബ്സിഡി അനുവദിച്ച 1959 ലെ ഹജ്ജ് കമ്മിറ്റി നിയമത്തിന്റെ സാധുത ചോദ്യംചെയ്താണ് ഗൊറാദിയ ഹര്‍ജി നല്‍കിയത്. ഏതെങ്കിലും മതവിഭാഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പൊതുപണം ഉപയോഗിക്കാന്‍ പാടില്ലെന്ന ഭരണഘടനയുടെ 27-ാം വകുപ്പിന്റെ ലംഘനമാണ് ഹജ്ജ് സബ്സിഡിയെന്നായിരുന്നു വാദം. താന്‍ ഹിന്ദുവാണെന്നും എന്നാല്‍, പ്രത്യക്ഷ-പരോക്ഷ നികുതികളില്‍ ഒരു ഭാഗം മുസ്ളിങ്ങള്‍ മാത്രം അനുഷ്ഠിക്കുന്ന ഹജ്ജ് കര്‍മത്തിന് അനുവദിക്കുകയാണെന്നും ഗൊറാദിയ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നികുതിയുടെ ചെറിയ ഭാഗമാണ് ഏതെങ്കിലും മതവിഭാഗത്തിന്റെ സൌകര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതെങ്കില്‍ അതിനെ ഭരണഘടനാവിരുദ്ധമായി കാണാനാകില്ല-കോടതി പറഞ്ഞു. മാത്രമല്ല കുംഭമേളയ്ക്കും ചൈനയിലെ മാനസരോവറിലേക്ക് ഹിന്ദുക്കള്‍ നടത്തുന്ന തീര്‍ഥാടനത്തിനും സമാനമായ സബ്സിഡി അനുവദിക്കാറുണ്ടെന്ന വസ്തുതയും കോടതി ചൂണ്ടിക്കാട്ടി. പാകിസ്ഥാനിലെ ക്ഷേത്രങ്ങളും ഗുരുദ്വാരകളും സന്ദര്‍ശിക്കുന്നതിന് ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ചില സംസ്ഥാനസര്‍ക്കാരുകള്‍ സബ്സിഡി അനുവദിക്കാറുണ്ട്. ഇതൊന്നും ഭരണഘടനാവിരുദ്ധമായി കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ദേശാഭിമാനി 290111

Saturday, August 29, 2009
അഹമ്മദ് രാജി വച്ചേ തീരൂ
ഇസ്ളാം വിശ്വാസികള്‍ക്ക് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട മതപരമായ ചടങ്ങാണ് ഹജ്ജ് കര്‍മം. ഖുര്‍ആനും പ്രവാചകചര്യയും നിര്‍ദേശിക്കുംപടി ദുല്‍ഹജ്ജ് മാസം എട്ടുമുതല്‍ 12 വരെ മുസ്ളിങ്ങള്‍ മക്കയിലേക്ക് നടത്തുന്ന തീര്‍ഥാടനവും കര്‍മങ്ങളുമാണ് ഹജ്ജ്. ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടനമാണത്. ഇസ്ളാം മതവിശ്വാസികളുടെ ഐക്യത്തിന്റെയും അള്ളാഹുവിലുള്ള കീഴ്പ്പെടലിന്റെയും പ്രതീകമായി മതിക്കപ്പെടുന്ന ഹജ്ജ് കര്‍മം കഴിവും സമ്പത്തുമുള്ള ഓരോ മുസ്ളിമും ജീവിതത്തില്‍ ഒരിക്കലെങ്കിലും ചെയ്തിരിക്കണമെന്നാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. മതത്തിന്റെയും വിശ്വാസത്തിന്റെയും വിശുദ്ധമായ ഭാഗമായി കരുതപ്പെടുന്ന അത്തരമൊരു അനുഷ്ഠാനത്തിന്റെ മറവില്‍ അഴിമതി നടത്തുക; അതിന്റെ നേതൃത്വം നാഴികയ്ക്ക് നാല്‍പതുവട്ടം മത-വിശ്വാസങ്ങളെ പ്രകീര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ സമുന്നത നേതാവിനാവുക; കേന്ദ്ര മന്ത്രിസ്ഥാനത്തിരിക്കുന്ന ആ നേതാവിനെതിരെ അന്വേഷണം നടത്താന്‍ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍തന്നെ തീരുമാനിക്കുക-അത്യന്തം സങ്കീര്‍ണമായ സ്ഥിതിയാണുണ്ടായിരിക്കുന്നത്.
ഹജ്ജ് ക്വോട്ട അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതും അതിനായി ചര്‍ച്ചകള്‍ നടത്തുന്നതും വിദേശ മന്ത്രി എസ് എം കൃഷ്ണയാണ്. വിദേശ സഹമന്ത്രി ശശി തരൂര്‍ ആ വാര്‍ത്തയ്ക്ക് സ്ഥിരീകരണവും നല്‍കിയിരിക്കുന്നു. പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു കണ്ടാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനിച്ചത്. കേന്ദ്ര സഹമന്ത്രി ഇ അഹമ്മദ് പ്രാഥമികമായി കുറ്റവാളിയാണെന്ന് കണ്ടെത്തിക്കഴിഞ്ഞു എന്നര്‍ഥം. അഹമ്മദിന് ഒരു നിമിഷംപോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നാണ് ഇതില്‍ തെളിയുന്നത്. മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ മറ്റൊരു മന്ത്രി അന്വേഷണം നടത്തുമെന്ന് പറയുന്നത് അത്യപൂര്‍വമായ സംഭവമാണ്.
സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുന്ന ഹജ്ജ് സീറ്റിലെ തിരിമറിയാണ് പുറത്തുവന്നത്. 47,000 സീറ്റ് സ്വകാര്യ ഏജന്‍സികള്‍ക്കു നല്‍കി തിരിമറി നടത്തിയെന്നാണ് പരാതി. സ്വകാര്യ ഏജന്‍സികള്‍ക്ക് വര്‍ഷം ശരാശരി 155 സീറ്റാണ് നല്‍കുന്നത്. എന്നാല്‍, അഹമ്മദിന് ബന്ധമുള്ള അല്‍ഹിന്ദ് ട്രാവല്‍സിന് 1700 സീറ്റ് അനുവദിച്ചു. ഒട്ടേറെ ക്രമക്കേട് ഇതിനു പിന്നില്‍ നടന്നു. അല്‍ഹിന്ദ് ഹജ്ജ് തീര്‍ഥാടകരില്‍നിന്ന് അര ലക്ഷം രൂപവരെ കൂടുതല്‍ ഈടാക്കിയെന്നാണ് പരാതി. അഴിമതിയെക്കുറിച്ച് സുപ്രീംകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നാണ് വിദേശമന്ത്രാലയം വ്യക്തമാക്കിയത്. ഹജ്ജ് ക്വോട്ട വീതിച്ചതിലെ അഴിമതിയെയും ക്രമക്കേടുകളെയുംകുറിച്ച് സുപ്രീംകോടതിയിലെ റിട്ട. ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നും രാജ്യസഭ ഉപാധ്യക്ഷന്‍ റഹ്മാന്‍ ഖാനെ അന്വേഷണത്തില്‍ സഹകരിപ്പിക്കുമെന്നുമാണ് എസ്എം കൃഷ്ണ വിശദീകരിച്ചത്. ജഡ്ജിയാരാണെന്ന് നിശ്ചയിക്കുതിന് അറ്റോര്‍ണി ജനറല്‍ ജി എന്‍ വഹന്‍വതിയുമായി കൃഷ്ണ വ്യാഴാഴ്ച ചര്‍ച്ച നടത്തുകയുമുണ്ടായി.
തികഞ്ഞ സ്വജനപക്ഷപാതവും ക്രമക്കേടുമാണ് ഹജ്ജ് ക്വോട്ട അനുവദിക്കുന്ന കാര്യത്തില്‍ മന്ത്രി കാട്ടിയത്. അഴിമതി ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ത്തന്നെ മന്ത്രിമാര്‍ രാജിവച്ചൊഴിയുന്നതാണ് കീഴ്വഴക്കം. വോള്‍ക്കര്‍ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്നാണ് വിദേശമന്ത്രി നട്‌വര്‍സിങ്ങിനെ യുപിഎ സര്‍ക്കാര്‍ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയത്. സിഖ് വിരുദ്ധകലാപക്കേസില്‍ പ്രതിയാക്കപ്പെട്ട ജഗദീഷ് ടൈറ്റ്ലറെയും മറ്റൊരുകേസില്‍ ഷിബുസൊറനെയും മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ആ മാനദണ്ഡങ്ങള്‍ അഹമ്മദിനും ബാധകമാണ്. ഇ അഹമ്മദ് വിദേശ സഹമന്ത്രിയായിരിക്കെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പിലൂടെ കോടികള്‍ വെട്ടിച്ചതിനുപുറമെ സര്‍ക്കാര്‍ ഹജ്ജ് സീറ്റിലും തിരിമറി നടത്തിയതായി വാര്‍ത്ത വന്നിട്ടുണ്ട്. ഹജ്ജ് സെല്ലിന്റെ ഗവമെന്റ് ക്വോട്ടയിലും സൌദി സര്‍ക്കാര്‍ അനുവദിച്ച സ്പെഷ്യല്‍ ക്വോട്ടയിലുമായി ലഭിച്ച 17,000 സീറ്റാണ് അങ്ങനെ തിരിമറി നടത്തിയത്. സ്പെഷ്യല്‍ ക്വോട്ടയുടെ മറവില്‍ സീറ്റ് വന്‍തോതില്‍ വിറ്റ് കാശുമാറി. 20,000 മുതല്‍ 30,000 രൂപവരെ ഒരു സീറ്റിന് കമീഷന്‍. വാങ്ങിയായിരുന്നു വില്‍പ്പന. ശരാശരി 20,000 രൂപ കൂട്ടിയാല്‍ ചുരുങ്ങിയത് 34 കോടി രൂപയെങ്കിലും ഇങ്ങനെ അടിച്ചുമാറ്റിയിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ ഇന്ത്യയില്‍ 2,76,000 പേര്‍ ഹജ്ജ് കമ്മിറ്റികള്‍ മുഖേന രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച ക്വോട്ട 1,57,000 ആണ്. ഇതില്‍ 47,000 സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് നല്‍കി. ബാക്കി 1,10,000 എണ്ണത്തില്‍ 6000 എണ്ണം ഹജ്ജ് സെല്ലിന്റെ ചുമതലയുള്ള കേന്ദ്ര വിദേശമന്ത്രാലയം പിടിച്ചുവച്ചു. ശേഷിക്കുന്ന 1,04,000 എണ്ണം സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് മുസ്ളിം ജനസംഖ്യാനുപാതികമായി വീതിച്ചുനല്‍കി. കേരളത്തില്‍മാത്രം കഴിഞ്ഞവര്‍ഷത്തെ അപേക്ഷകരുടെ എണ്ണം 29,072 ആയിരുന്നു. ലഭിച്ച ക്വോട്ട 7800 മാത്രം. 21,272 പേര്‍ വെയ്റ്റിങ് ലിസ്റ്റിലായി. ഇത്രയേറെ പേര്‍ വെയ്റ്റിങ് ലിസ്റ്റിലിരിക്കെയാണ് സൌദി ഗവമെന്റ് ഇന്ത്യക്ക് 13000 സീറ്റ് കൂടുതലായി അനുവദിച്ചത്. ഇതില്‍ 2000 മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് നല്‍കിയത്. വിശ്വാസികളുടെ ഹജ്ജ് തീര്‍ഥാടനമോഹം മുതലെടുത്താണ് മുസ്ളിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഈ പകല്‍ക്കൊള്ള നടന്നത്.
കോണ്‍ഗ്രസിന്റെ അത്യുന്നതങ്ങളില്‍ സ്വാധീനംചെലുത്തി ജുഡീഷ്യല്‍ അന്വേഷണം ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണിപ്പോള്‍ അഹമ്മദും കൂട്ടരും. ഹജ്ജ് അഴിമതി മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. അധികാരം ഉപയോഗിച്ച് കാട്ടിക്കൂട്ടുന്ന അഴിമതിയുടെയും ക്രമക്കേടുകളുടെയും ചെറിയൊരംശംമാത്രം. പ്രമുഖ ചാനല്‍ ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നതിനെത്തുടര്‍ന്നാണ് എസ് എം കൃഷ്ണയ്ക്ക് ഇതില്‍ ഇടപെടേണ്ടിവന്നത്.
ഖേദകരമെന്നുപറയട്ടെ, തെളിവുസഹിതം കൂറ്റന്‍ അഴിമതി പുറത്തുവന്നപ്പോള്‍ അതേക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ കേരളത്തിലെ മുഖ്യമാധ്യമങ്ങള്‍ തയ്യാറായി കാണുന്നില്ല. യുഡിഎഫിന്റെയും മുസ്ളിം ലീഗിന്റെയും ചെരുപ്പുനക്കികളായി 'അഴിമതി വിരുദ്ധ മാധ്യമങ്ങള്‍' മാറുന്ന നാണംകെട്ട കാഴ്ചയാണ് തെളിയുന്നത്. ഹജ്ജ് ക്വോട്ട അഴിമതിയുടെ പേരില്‍ മുസ്ളിം ലീഗിനെ പിണക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് താല്‍പ്പര്യമില്ല. ലീഗില്ലെങ്കില്‍ യുഡിഎഫ് തന്നെ ഉണ്ടാകില്ല എന്ന ഭീതിയാണവരെ നയിക്കുന്നത്. അതുകൊണ്ട്, അഹമ്മദ് അഴിമതി നടത്തിയാലും അത് രാജ്യത്തെ ഇസ്ളാം വിശ്വാസികളുടെ നെഞ്ചത്ത് ചവിട്ടിയിട്ടായാലും കോണ്‍ഗ്രസില്‍നിന്ന് ഒരു പ്രതികരണവുമുണ്ടാകില്ല. ആ കോണ്‍ഗ്രസിന്റെ മാനസികാവസ്ഥയില്‍നിന്ന് ഒട്ടും ഉയരത്തിലല്ല ഇന്നാട്ടിലെ മാധ്യമ പോരാളികളുടെ അളിഞ്ഞ മനഃസ്ഥിതിയും. അല്‍പ്പം ആത്മാഭിമാനം ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുണ്ടെങ്കില്‍, ഈ മൌനിമാധ്യമങ്ങള്‍ എന്നേ പണി ഉപേക്ഷിച്ചേനേ.
വിശ്വാസികളെ വഞ്ചിക്കലും വിശ്വാസം മുതലെടുത്ത് പകല്‍ക്കൊള്ള നടത്തലുമാണ് അഹമ്മദിനുമേല്‍ നിലനില്‍ക്കുന്ന കുറ്റം. രാഷ്ട്രീയ ഉപജാപങ്ങളിലൂടെ തീര്‍ക്കാവുന്നതല്ല അത്. ജുഡീഷ്യല്‍ അന്വേഷണം നടത്തണം-കുറ്റവാളികളെ തുറുങ്കിലടയ്ക്കണം. അന്വേഷണത്തില്‍ സഹകരിച്ച് അഹമ്മദ് രാജിവയ്ക്കുകയും വേണം. അത് ഇന്നാട്ടില്‍ ജനാധിപത്യം നിലനില്‍ക്കേണ്ടതിന്റെ ഉപാധികൂടിയാണ്.
ദേശാഭിമാനി മുഖപ്രസംഗം 29 ആഗസ്റ്റ് 2009

Labels:
അഴിമതി,
കേരളം,
കോണ്‍ഗ്രസ്,
മാധ്യമം,
രാഷ്ട്രീയം,
ഹജ്ജ്
Subscribe to:
Posts (Atom)