Showing posts with label വൈദ്യുതി. Show all posts
Showing posts with label വൈദ്യുതി. Show all posts

Sunday, April 4, 2021

ഇപ്പോഴും യുഡിഎഫ് അല്ല കേരളം ഭരിക്കുന്നതെന്ന് ചെന്നിത്തലയെ ആരെങ്കിലും ഉപദേശിക്കണം: എംഎം മണി

തിരുവനന്തപുരം> യുഡിഎഫ്  ഭരണം പോലെയാണ് എല്‍ഡിഎഫ് കാലത്തും നടക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് ധരിച്ചുവെച്ചിരിക്കുന്നതെന്നും കാലം മാറിയെന്നും ഇപ്പോള്‍ മുഖ്യമന്ത്രി  പിണറായി വിജയനാണെന്നും അദ്ദേഹത്തെ ആരെങ്കിലും ഓര്‍മിപ്പിക്കണമെന്നും വൈദ്യുതി മന്ത്രി എംഎം മണി.ദീര്‍ഘകാല കരാര്‍ വെച്ചേ എന്നാണ് പ്രതിപക്ഷ നേതാവ് മുറവിളികൂട്ടിയത്. ഒരു സ്വകാര്യ കമ്പനിയുമായും ഒരു ദീര്‍ഘകാല കരാറും ഉണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഇടതുപക്ഷ നേതാക്കളുമൊക്കെ രേഖകള്‍ സഹിതം വ്യക്തമാക്കി.


കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ കിട്ടിയ ഏറ്റവും കുറഞ്ഞ നിരക്കായ യൂണിറ്റിന് 2.80 രൂപ, 2.83 രൂപ നിരക്കുകളില്‍ കാറ്റാടി വൈദ്യുതി വാങ്ങാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്)സെക്കിയുമായി മാത്രമേ കരാറുള്ളൂ എന്നും വിശദീകരിച്ചു. എന്നാല്‍ പറഞ്ഞുപോയ അബദ്ധം ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷ നേതാവ്. കാറ്റാടി വൈദ്യുതിക്കുള്ള കരാര്‍ റദ്ദാക്കണമെന്നും അദ്ദേഹം പറയുന്നു.

ദീര്‍ഘകാല കരാറിന്റെ കാര്യം പൊളിഞ്ഞപ്പോള്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ വരുന്ന അധിക ഉപഭോഗം നേരിടാന്‍ ടെണ്ടര്‍ മുഖാന്തിരം ഉണ്ടാക്കിയ ഹൃസ്വകാല കരാറിന്റെ കോപ്പി വിതരണം ചെയ്ത് ഇതാണ് ഞാന്‍ പറഞ്ഞത് എന്നായി പുതിയ വാദം. രണ്ടും രണ്ടുകാര്യങ്ങളാണെന്ന് വിശദീകരിച്ചപ്പോള്‍ ദീര്‍ഘകാല കരാര്‍ ഇല്ലാ എന്നു പറഞ്ഞത് കരാറേ ഇല്ല എന്നാണ് താന്‍ കേട്ടത് എന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വെച്ച ദീര്‍ഘകാല കരാറുകളുടെ ഒരു പട്ടികയാണ് ഇതോടൊപ്പം കൊടുക്കുന്നത്. പതിനൊന്ന് കരാറുകള്‍. യൂണിറ്റിന് 3.91 രൂപ മുതല്‍ 5.42 രൂപ വരെയായിരുന്നു വില. എത്ര കോടിയാണ് യുഡിഎഫ് കോഴ വാങ്ങിയത്?. ഇതിലൊക്കെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന്, അന്നത്തെ അഭ്യന്തര മന്ത്രിക്ക്  എത്ര പങ്കു കിട്ടി? ദയവായൊന്ന് വെളിപ്പെടുത്തുമോ?- മന്ത്രി ചോദിച്ചു

വൈദ്യുതി വാങ്ങല്‍; യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന് നഷ്ടം വരുത്തിയത് 10,000 കോടി: എ കെ ബാലന്‍

പാലക്കാട്‌ > ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നാല് സ്വകാര്യ കമ്പനികളുമായി 25 വർഷത്തേക്ക് സൗരോര്‍ജം വാങ്ങാനുണ്ടാക്കിയ കരാർ വഴി സംസ്ഥാനത്തിന് 10,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. വർഷംതോറും 800 മെഗാവാട്ട്‌ വൈദ്യുതി വാങ്ങാൻ യൂണിറ്റിന്‌ 4.25 രൂപ നിരക്കിലാണ്‌ കരാറിൽ ഏർപ്പെട്ടത്‌. 66,225 കോടി രൂപയുടെ കരാറിൽ വർഷം 427 കോടി രൂപയാണ്‌ കെഎസ്‌ഇബിക്ക്‌ നഷ്ടമുണ്ടാകുക. ഇതിൽ 500 മെഗാവാട്ടിന്റെ കരാറിന്‌ വൈദ്യുതി റഗുലേറ്ററി കമീഷന്റെ അനുമതിയില്ല. മുൻ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഉമ്മൻചാണ്ടി നടത്തിയ അഴിമതികൾ ചർച്ചയാക്കാനാണ്‌ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു. സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുന്ന കരാറിൽ യുഡിഎഫ് സർക്കാർ ഏർപ്പെടുമ്പോൾ കെപിസിസി പ്രസിഡന്റായിരുന്നു രമേശ് ചെന്നിത്തല.

എൽ വൺ, എൽ ടു വിഭാഗങ്ങളിൽ യൂണിറ്റിന്‌ 50 പൈസ വ്യത്യാസമുണ്ട്‌. ഇതുകാണാതെ രണ്ടിനും ഒുരേ തുകയാണ്‌ കരാറിൽ രേഖപ്പെടുത്തിയത്. ഈ വ്യത്യാസം റഗുലേറ്ററി കമീഷൻ അംഗീകരിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ ഇത്തരത്തില്‍ കരാറില്‍ ഏർപ്പെട്ടത് കെപിസിസി പ്രസിഡന്റ്‌ അറിയാതെയാണോ എന്ന്‌ ചെന്നിത്തല വ്യക്തമാക്കണം. അങ്ങനെയൊരു കരാർ ഉണ്ടാക്കിയിട്ടില്ല എന്ന്‌ പ്രതിപക്ഷ നേതാവ്‌ പറയുകയാണെങ്കിൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും എ കെ ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എൽഡിഎഫ്‌ സർക്കാർ മൂന്ന്‌ മാസത്തേക്ക്‌ 2.58 രൂപയ്‌ക്കാണ്‌ വൈദ്യുതി വാങ്ങാൻ കരാർ ഉണ്ടാക്കിയത്‌. 300 മെഗാവാട്ടിന്റെ കരാറിൽ 75 മെഗാവാട്ട്‌ മാത്രമാണ്‌ അദാനിയുടെ കമ്പനി നൽകുന്നത്‌. 4.25 രൂപയ്‌ക്ക്‌ 25 വർഷത്തേക്ക്‌ വൈദ്യുതി വാങ്ങാൻ കരാർ ഉണ്ടാക്കിയവരാണ്‌ 2.58 രൂപയ്‌ക്ക്‌ വൈദ്യുതി വാങ്ങുന്നതിനെ എതിർക്കുന്നത്‌. 2019ൽ കരാർ ഉണ്ടാക്കിയത്‌ ഇപ്പോഴാണ്‌ പ്രതിപക്ഷ നേതാവ്‌ ഉയർത്തുന്നത്‌. ഇത്രയും കാലം എന്തുകൊണ്ട്‌ പുറത്തുവിട്ടില്ല. എൽഡിഎഫ്‌ സർക്കാരിനെതിരെ പൊട്ടിച്ച ബോംബ്‌ ഫലത്തിൽ ഉമ്മൻചാണ്ടിക്കാണ്‌ കൊണ്ടത്. പിണറായി സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ്‌ കൊണ്ടുവന്ന ഏതെങ്കിലും ആരോപണം ശരിയായിട്ടുണ്ടോയെന്നും എ കെ ബാലൻ ചോദിച്ചു.

വൈദ്യുതി കരാര്‍ ആരോപണം: പ്രതിപക്ഷനേതാവിനോട് മുഖ്യമന്ത്രിയുടെ 10 ചോദ്യങ്ങൾ

കണ്ണൂർ > വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വ്യാജ ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയോട്‌ പത്ത്‌ ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടെടുപ്പു ദിവസം മുതൽ പ്രതിപക്ഷം തന്നെ നിർത്താൻ പോകുന്ന, ഒരു കാമ്പുമില്ലാത്ത ആരോപണമാണ് പ്രതിപക്ഷനേതാവ് ഇപ്പോൾ ആരോപിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ആദ്യദിവസങ്ങളിൽ ഉന്നയിച്ച വാദങ്ങളിൽ നിന്നൊക്കെ അദ്ദേഹം പിന്നാക്കം പോവുകയും ചെയ്‌തു‌. അദ്ദേഹം ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബാദ്ധ്യസ്ഥനാണ്. പ്രതിപക്ഷത്തിന് അല്പമാത്രമെങ്കിലും രാഷ്ട്രീയധാർമികതയുണ്ടെങ്കിൽ ഈ ചോദ്യങ്ങൾക്കു മറുപടി പറയാനുള്ള ആർജവം കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചോദ്യങ്ങൾ:

1. കെഎസ്ഇബിയുടെ യൂണിറ്റിന് 2.80 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതി ലഭിക്കുന്ന കരാറിലൂടെ 1000 കോടി രൂപയുടെ നഷ്ടം അരോപിക്കുന്ന അങ്ങ് പഞ്ചാബിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ യൂണിറ്റിന് 5.67 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതിയും 7.25 നിരക്കില്‍ സോളാര്‍ വൈദ്യുതിയും വാങ്ങുന്ന കരാറുകള്‍ വഴിയുള്ള നഷ്ടം വെളിപ്പെടുത്തുമോ?

2. രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കാറ്റാടി വൈദ്യുതി യൂണിറ്റിന് 5.02 രൂപയ്ക്കും സോളാര്‍ വൈദ്യുതി യൂണിറ്റിന് 4.29 രൂപയ്ക്കും വാങ്ങുന്നതു വഴിയുള്ള നഷ്ടം അങ്ങ് കണക്കാക്കിയിട്ടുണ്ടോ?

3. യൂണിറ്റിന് 2.80 രൂപ തോതില്‍ കെഎസ്ഇബി ഏര്‍പ്പെട്ട ദീര്‍ഘകാലകരാറിനെ എതിര്‍ക്കുന്ന അങ്ങ് കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് ഏര്‍പ്പെട്ട 1565 മെഗാവാട്ടിന്റെ 11 ദീര്‍ഘകാലകരാറുകള്‍ യൂണിറ്റിന് 3.91 മുതല്‍ 5.42 രൂപ വരെ നിരക്കില്‍ ഏര്‍പ്പെട്ടതിനെ എതിര്‍ത്തിരുന്നോ?

4. യുഡിഎഫ് ഗവണ്‍മെന്റ് യൂണിറ്റിന് 3.91 മുതല്‍ 5.42 രൂപ വരെ നിരക്കില്‍ ഏര്‍പ്പെട്ട ദീര്‍ഘകാലകരാറുകള്‍ വഴി കേരളത്തിനുണ്ടാകുന്ന നഷ്ടം അങ്ങ് കണക്കാക്കിയിട്ടുണ്ടോ?

5. കെഎസ്ഇബി ചുരുങ്ങിയ നിരക്കില്‍ വൈദ്യുതി വാങ്ങല്‍ കരാറുകളില്‍ ഏര്‍പ്പെടുന്നതു ഭാവിയില്‍ തങ്ങള്‍ക്ക് ദോഷകരമായേക്കാം എന്ന യുഡിഎഫ് കാലത്തെ ദീര്‍ഘകാലകരാറുകാരുടെ ആശങ്കയാണോ അങ്ങയുടെ അക്ഷേപങ്ങള്‍ക്ക് പിന്നില്‍?

6. വേനല്‍ക്കാലത്തെ വര്‍ദ്ധിച്ച ഉപയോഗം നിറവേറ്റാന്‍ യൂനിറ്റിന് 3.04 നിരക്കില്‍ 2 മാസത്തേക്ക് വൈദ്യുതി വാങ്ങുന്നതിനെ ആക്ഷേപിക്കുന്ന അങ്ങ് യുഡിഎഫ് കാലത്ത് യൂണിറ്റിന് 7.45 രൂപ നിരക്കില്‍ വരെ വൈദ്യുതി കരാറാക്കിയതിനെക്കുറിച്ച് എതിര്‍പ്പറിയിച്ചിരുന്നോ?

7. പുനഃരുപയോഗ ഊര്‍ജം നിശ്ചിത അളവില്‍ കെഎസ്ഇബി വാങ്ങാതിരുന്നതിനെ തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച റഗുലേറ്ററി കമ്മീഷന്‍ 125 കോടി രൂപ കെഎസ്ഇബിക്ക് പിഴയിട്ടപ്പോള്‍ താങ്കള്‍ എന്തു പരിഹാരനടപടിയാണ് സ്വീകരിച്ചത്?

8. യൂണിറ്റിന് 2.80 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതി ലഭിക്കുന്ന കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട താങ്കള്‍ പഞ്ചാബിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ യൂണിറ്റിന് 5.67 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതിയും 7.25 നിരക്കില്‍ സോളാര്‍ വൈദ്യുതിയും വാങ്ങുന്ന കരാറുകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുമോ?

9. രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ യൂണിറ്റിന് 5.02 നിരക്കില്‍ കാറ്റാടി വൈദ്യുതി വാങ്ങുന്നതിനും യൂണിറ്റിന് 4.29 രൂപ നിരക്കില്‍ സോളാര്‍ വൈദ്യുതി വാങ്ങുന്നതിനുമുള്ള കരാറുകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുമോ?

10. നേരം പുലരുമ്പോള്‍ കുറെ ആരോപണങ്ങള്‍ വായിക്കുക: അവയ്ക്ക് മറുപടി കിട്ടുമ്പോള്‍ അടുത്ത ദിവസം പുതിയത് വായിക്കുക - ഇതാണ് പ്രതിപക്ഷധര്‍മ്മമെന്ന് പ്രതിപക്ഷനേതാവ് കരുതിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് ആരെയാണ് പറ്റിക്കാന്‍ ശ്രമിക്കുന്നത്? അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ നിരന്തരം വിളിച്ചു പറയുകയും അത് ചില മാധ്യമങ്ങളിലൂടെ അമിതപ്രാധാന്യം നല്‍കി പ്രചരിപ്പിക്കുകയും ചെയ്താല്‍ ഇല്ലാതാകുന്നതാണോ ഈ കണക്കുകള്‍?.

Friday, April 2, 2021

ചെന്നിത്തലയുടെ 'കാറ്റാടി ബോംബും' ചീറ്റി; അദാനിയുമായി കെഎസ്ഇബിയ്‌ക്ക് കരാറേയില്ല

തിരുവനന്തപുരം > തെരെഞ്ഞടുപ്പിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പൊട്ടിയ്‌ക്കാന്‍ കരുതിക്കൂട്ടി പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന ഒരു നുണബോംബുകൂടി ചീറ്റി. കെഎസ്ഇബി. ലിമിറ്റഡ് അദാനി പവര്‍ കമ്പനിയുമായി വൈദ്യുതി വാങ്ങല്‍ കരാറില്‍ ഏര്‍പ്പെട്ടതില്‍ വന്‍ അഴിമതി എന്നായിരുന്നു ആരോപണം. എന്നാല്‍ പുതിയ കേന്ദ്ര വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് വൈദ്യതി ലഭ്യമാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ സോളാര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്. അവരുമായുള്ള വൈദ്യതി ബോര്‍ഡിന്റെ കരാറിനെയാണ് അഴിമതിയാണ് ചെന്നിത്തല കൊണ്ടുവന്നത്.

ആരോപണങ്ങളും വസ്തുതകളും സംസ്ഥാന വൈദ്യതി ബോര്‍ഡ് വിശദീകരിച്ചിട്ടുണ്ട്.

ചോദ്യം 1: 2021 മാര്‍ച്ചില്‍ അദാനി ഗ്രീന്‍ എനര്‍ജിയുമായി KSEB 300 MWന്റെ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ?

♦ അദാനി ഗ്രീന്‍ എനര്‍ജിയുമായി കെ.എസ്.ഇ.ബി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല. ആ ആരോപണം കളവാണ്.

ചോദ്യം 2: പിന്നെ ആരുമായിട്ടാണ് 300 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ KSEB കരാര്‍ ഒപ്പിട്ടിട്ടുള്ളത്?

♦ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ (SECL) ആയിട്ടാണ് വൈദ്യുതി വാങ്ങുന്നതിനായുള്ള കരാര്‍ KSEB ഒപ്പിട്ടിട്ടുള്ളത്.  2019 ജൂണില്‍ നൂറ് മെഗാവാട്ടിനും, ആ വര്‍ഷം സെപ്റ്റംബറില്‍ കാറ്റില്‍ നിന്നുള്ള ഇരുന്നൂറ് മെഗാവാട്ട് വൈദ്യുതിക്കുമുള്ള കരാറാണ് ഒപ്പിട്ടിട്ടുള്ളത്. ഈ കരാറുകള്‍ ഉള്‍പ്പടെ എല്ലാ വൈദ്യുതി വാങ്ങല്‍ കരാറുകളും KSEBയുടെ വെബ് സൈറ്റില്‍ സുതാര്യമായി മുന്‍പേ തന്നെ ലഭ്യമാക്കിയിട്ടുണ്ട്.

ചോദ്യം 3: എങ്ങനെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ SECL ഈ വൈദ്യുതി ലഭ്യമാക്കുക?

♦ താരിഫ് അധിഷ്ടിത ടെന്‍ഡര്‍ നടപടികളിലൂടെ SECL തിരഞ്ഞെടുത്ത ഉല്പാദക കമ്പനികളില്‍ നിന്നാകും പ്രസ്തുതവൈദ്യുതി ലഭ്യമാക്കുക. ഇപ്രകാരം തെരെഞ്ഞെടുക്കപ്പെട്ട കമ്പനികളായ അദാനി വിന്‍ഡ് എനര്‍ജി (75 MW), സെനാട്രിസ് വിന്‍ഡ് എനര്‍ജി (125 MW), സ്പ്രിങ്ങ് വിന്‍ഡ് എനര്‍ജി (100 MW) എന്നിവരില്‍ നിന്നാകും KSEBയ്ക്ക് വൈദ്യുതി നല്കുക. ഇത് SECl 2020ല്‍ തന്നെ അറിയിച്ചിട്ടുള്ള കാര്യമാണ്. ഇതില്‍ 25 MW അദാനി വിന്‍ഡ് എനര്‍ജിയില്‍ നിന്നും 2021 മാര്‍ച്ച് മുതല്‍ ലഭ്യമായിട്ടുണ്ട്.

ചോദ്യം 4: സൗരവൈദ്യുതി 2020 ഡിസംബറില്‍ 1.99 രൂപയ്‌ക്ക് ലഭ്യമാണെന്നിരിക്കെയാണ് അദാനിയില്‍ നിന്നും 2021 മാര്‍ച്ചില്‍ 2.99 രൂപയ്ക്ക് വാങ്ങുന്നത്.

♦ തെറ്റായ വിവരമാണിത്. ഒരു പ്രത്യേകസാഹചര്യത്തില്‍ മാത്രമാണ് ഈ വിലയ്ക്ക് സൗരവൈദ്യുതി ലഭ്യമാവുക. രാജസ്ഥാനില്‍ സര്‍ക്കാര്‍ ലദ്യമാക്കുന്ന ഭൂമിയില്‍ സൗരവൈദ്യുതനിലയം സ്ഥാപിച്ച് രാജസ്ഥാനിലെ വൈദ്യുതി വിതരണ കമ്പനികള്‍ക്ക് വൈദ്യുതി നല്കുന്ന ടെന്‍ഡറില്‍ 1.99 എന്ന നിരക്ക് വന്നിരുന്നു. വാര്‍ത്തകളില്‍ നിന്നു തന്നെ വ്യക്തമാകുന്നതു പോലെ രാജ്യത്താദ്യമായാണ് ഇത്തരമൊരു കുറഞ്ഞ നിരക്ക് ടെന്‍ഡറില്‍ ലഭ്യമായത്. ടെന്‍ഡര്‍ നടപടിക്രമം പൂര്‍ത്തിയായി നിലയം സ്ഥാപിച്ച് വൈദ്യുതി ലഭ്യമാകുന്നത് 2023 ല്‍മാത്രമാണ്. മാത്രമല്ല രാജസ്ഥാനിലെ വിതരണ കമ്പനികള്‍ക്ക് മാത്രമായി വിളിച്ച ടെന്‍ഡറില്‍ നിന്നും KSEBയ്ക്ക് വൈദ്യുതി ലഭ്യമാകുകയുമില്ല. കാറ്റാടി വൈദ്യുതിയുടെ നിരക്ക് സോളാര്‍ വൈദ്യുതിയുടെ നിരക്കുമായി താരതമ്യം ചെയ്യാനും കഴിയില്ല.

ചോദ്യം 5: പിന്നെ എത്രയാണ് കാറ്റാടി വൈദ്യുതിയുടെ നിരക്ക്? ആരാണിതു നിശ്ചയിക്കുന്നത്?

♦ ഈ നിരക്ക് SECI ആണ് നിശ്ചയിക്കുന്നത്. SECIയുമായി 2019 ജൂണില്‍ ഒപ്പിട്ട കരാര്‍ പ്രകാരം കാറ്റാടി വൈദ്യുതിയുടെ പരമാവധി നിരക്ക് യൂണിറ്റിന് 2.83 രൂപയും 2019 സെപ്തംബറില്‍ ഒപ്പിട്ട കരാര്‍ പ്രകാരമുള്ള പരമാവധി നിരക്ക് യൂണിറ്റിന് 2.80 രൂപയും ആണ്. ഇത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ KSEB ഏര്‍പ്പെട്ട കരാറുകളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ചോദ്യം 6: കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ചേര്‍ന്ന് വാങ്ങേണ്ട സൗരവൈദ്യുതിയുടെ അളവ് കുറച്ച് കാറ്റാടി വൈദ്യുതിയുടെ അളവ് കൂട്ടി.

♦ ശുദ്ധ കളവാണ് ഈ ആരോപണം. ശരിക്കും സൗരവൈദ്യുതിയുടെ അളവും ശതമാനവും വര്‍ഷാവര്‍ഷം കൂടുകയാണ് ചെയ്യുന്നത്. ഒന്ന്, സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് KSEB വാങ്ങേണ്ട വൈദ്യുതിയുടെ അളവ് തീരുമാനിക്കുന്നത്. 2019-20 കാലയളവില്‍ ആകെയുള്ള പുനഃരുപയോഗ ഊര്‍ജം 12% ആയിരിക്കണമെന്നും, ഇതില്‍ 4% സൗരവൈദ്യുതിയും 8% സൗരേതരവൈദ്യുതിയും ആകണമെന്നാണ് റെഗുലേറ്ററി കമ്മീഷന്‍ നിജപ്പെടുത്തിയിരിക്കുന്നത്. അതായത്, സൗര-സൗരേതര അനുപാതം 0.5. 2020-21 കാലയളവില്‍ സൗരവൈദ്യുതി 5.25%, സൗരേതരവൈദ്യുതി 9%. സൗര-സൗരേതര അനുപാതം 0.58 ആയി വര്‍ദ്ധിച്ചു. 2021-22ലാണെങ്കില്‍ സൗരവൈദ്യുതി 10.25%, സൗരേതരവൈദ്യുതി 6.75%. സൗര-സൗരേതര അനുപാതം 0.65 ആയി വീണ്ടും വര്‍ദ്ധിക്കുന്നു.

ചോദ്യം 7: കേരളത്തില്‍ നിന്നുള്ള വൈദ്യുതിക്ക് പകരം പുറത്തു നിന്നുള്ള വൈദ്യുതി വാങ്ങുന്നതു വഴി പ്രസരണ നഷ്ടം കേരളം സഹിക്കേണ്ടി വരില്ലേ?.

♦ ഇതും കളവാണ്. പുനഃരുപയോഗവൈദ്യുതി പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അവയുടെ പ്രസരണചാര്‍ജ്ജും പ്രസരണനഷ്ടവും പൂര്‍ണമായി ഒഴിവാക്കി നല്കിയിട്ടുണ്ട്. അഥവാ ഉല്പാദന നിലയത്തിന്‍ ഉല്പാദിപ്പിക്കുന്ന മുഴുവന്‍ വൈദ്യുതിയും പ്രസരണനഷ്ടം കണക്കാക്കാതെ തന്നെ KSEBയ്ക്ക് ലഭ്യമാകും.

ചോദ്യം 8: എന്നാലും കേരളത്തില്‍ നിന്നും കാറ്റാടി വൈദ്യുതി ഉത്പാദിപ്പിക്കുന്നതല്ലേ നല്ലത്?

♦ കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ (സ്ഥല വില, കാറ്റിന്റെ അളവ് തുടങ്ങി ) മൂലം കേരളത്തിനുള്ളിലെ കാറ്റാടി നിലയങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കാണ് ഇക്കാലയളവില്‍ റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ളത്. 2017 ലും 2018 ലും കമ്മീഷന്‍ കേരളത്തിനുള്ളിലെ കാറ്റാടി നിലയങ്ങളിലെ വൈദ്യുതി നിരക്ക് നിശ്ചയിച്ചത് യൂണിറ്റിന് യഥാക്രമം 5.23 രൂപയും 4.09 രൂപയും തോതിലാണ്.

ചോദ്യം 9. 1 രൂപയ്‌ക്ക് റിന്യൂവബിള്‍ എനര്‍ജി സര്‍ട്ടിഫിക്കറ്റ് വാങ്ങി വൈദ്യുതി ആവശ്യം നിറവേറ്റാമായിരുന്നില്ലേ?

♦ ശുദ്ധ അസംബന്ധമാണ്. സര്‍ട്ടിഫിക്കറ്റിന്റെ ഒപ്പം വൈദ്യുതി ലഭിക്കില്ല. പുനഃരുപയോഗവൈദ്യുതി ഒരു നിശ്ചിതയളവില്‍ വാങ്ങാതെ വരുമ്പോള്‍ അതിന് പിഴയായിട്ടാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടി വരുന്നത്. വൈദ്യുതി ലഭിക്കാതെ ഈ പിഴ നല്കുന്നതാണ് ലാഭകരമെന്ന് ഈ വിഷയത്തില്‍ ആവശ്യത്തിന് ഗൃഹപാഠം നടത്തിയ ആരും കരുതില്ല

Monday, January 25, 2021

ഒരു ഫോൺ കോളിൽ വെളിച്ചം വീട്ടിലെത്തും; ഇനി കെഎസ്‌ഇബി ഓഫീസിൽ കയറിയിറങ്ങേണ്ട

തിരുവനന്തപുരം > വൈദ്യുതി കണക്‌ഷൻ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക്‌ ഇനി കെഎസ്‌ഇബി ഓഫീസിൽ കയറിയിറങ്ങേണ്ട. ഒരു ഫോൺ കോളിൽ കണക്‌ഷനടക്കമുള്ള മുഴുവൻ സേവനങ്ങളും അതിവേഗം ലഭ്യമാക്കുകയാണ്‌ കെഎസ്‌ഇബി. ഇതിനായി ‘സേവനങ്ങൾ വാതിൽപ്പടിയിൽ’ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കും.

ആദ്യ ഘട്ടത്തിൽ പുതിയ എൽടി കണക്‌ഷനുകൾക്ക്‌ അപേക്ഷിക്കുന്നവർക്കും നിലവിലെ എൽടി ഉപയോക്താക്കൾക്കുമാണ്‌ ഈ സൗകര്യം. ഫെബ്രുവരി രണ്ടാം വാരം പദ്ധതി നടപ്പാക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്  മന്ത്രി എം എം മണി പറഞ്ഞു. ആദ്യ ഘട്ടത്തിൽ എല്ലാ ഇലക്ട്രിക്കൽ ഡിവിഷനുകളിലും കുറഞ്ഞത്‌ ഒരു ഇലക്ട്രിക്കൽ സെക്‌ഷനിലെങ്കിലും പദ്ധതി ആരംഭിക്കും. പ്രവർത്തനം വിലയിരുത്തിയ ശേഷം ജൂണിന്‌ മുമ്പായി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സേവനം ഇങ്ങനെ

ഉപഭോക്തൃ സേവന കേന്ദ്രത്തിലെ 1912 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കണം. പുതിയ കണക്‌ഷനാണ്‌ വേണ്ടതെങ്കിൽ അപേക്ഷൻ പേരും സ്വന്തം ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങളും നൽകണം. അപേക്ഷ ഉടൻ രജിസ്‌റ്റർ ചെയ്യും. രജിസ്‌ട്രേഷൻ നടന്നതായി വ്യക്തമാക്കുന്ന ഡോക്കറ്റ്‌ നമ്പർ അപേക്ഷകന്‌ ലഭിക്കും. പുതിയ കണക്‌ഷന്‌ പുറമേ ഉടമസ്ഥാവകാശ മാറ്റം, കണക്ടഡ്‌ ലോഡ്‌, കോൺട്രാക്ട്‌ ലോഡ്‌ ഫേസ്‌മാറ്റം, താരിഫ്‌ മാറ്റം, വൈദ്യുതി ലൈൻ‐മീറ്റർ സ്ഥാപിക്കൽ തുടങ്ങിയ  സേവനങ്ങൾക്കും ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.

പേരിനും ഫോൺ നമ്പറിനും പുറമേ സെക്‌ഷന്റെ പേര്‌, കൺസ്യൂമർ നമ്പർ എന്നിവയും നൽകണം. സേവന കേന്ദ്രത്തിലെ ഓപ്പറേറ്റർ വിവരങ്ങൾ ശേഖരിച്ച്‌  സെക്‌ഷൻ ഓഫീസിലേക്ക്‌ കൈമാറും. അസിസ്‌റ്റന്റ്‌ എൻജിനീയർ നടപടിക്ക്‌ ഉദ്യോഗസ്ഥരെ നിയോഗിക്കും. ഉദ്യോഗസ്ഥൻ അപേക്ഷകനെ വിളിച്ച്‌ ലഭ്യമായ വിവരങ്ങൾ ശരിയെന്ന്‌ ഉറപ്പാക്കും. സ്ഥല പരിശോധനയ്‌ക്ക്‌ സൗകര്യപ്രദമായ തീയതി തീരുമാനിക്കും. അപേക്ഷകൻ കരുതേണ്ട രേഖകളെക്കുറിച്ചുള്ള വിവരങ്ങളും നൽകും. നിശ്ചിത തീയതിയിൽ ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ച്‌ വിവരങ്ങൾ മൊബൈൽ ആപ്‌ വഴി ശേഖരിക്കും. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളും ആപ്പിൽ അപ്‌ലോഡ്‌ ചെയ്യും. അംഗീകാരം ലഭിക്കുമ്പോൾ വിവരം അപേക്ഷകനെ എസ്‌എംഎസ്‌, ഇമെയിൽ വഴി അറിയിക്കും. തുടർന്ന്‌  അപേക്ഷകന്‌ ഓൺലൈനായോ, കൗണ്ടർ വഴിയോ ഫീസടയ്‌ക്കാം.

ജെയ്‌സൻ ഫ്രാൻസിസ്

Monday, December 14, 2020

ഊർജസംരക്ഷണം ജീവസംരക്ഷണം

2001 ലെ ഊർജ സംരക്ഷണ നിയമം നിലവിൽ വന്നതോടുകൂടിയാണ് രാജ്യത്ത് ചിട്ടയോടുകൂടിയുള്ള ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നത്. കേരളത്തിൽ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്കു മാത്രമായി 1996 ൽ തന്നെ എനർജി മാനേജ്മെന്റ് സെന്റർ സ്ഥാപിതമായിട്ടുണ്ട്. പല പദ്ധതി പ്രവർത്തനങ്ങളിലും മുമ്പേ നടക്കുവാനും കേരളത്തിന്‌ സാധിച്ചു. കഴിഞ്ഞ രണ്ടു വർഷമായി ദേശീയ തലത്തിൽ തയ്യാറാക്കിയ ഊർജ കാര്യക്ഷമതാ സൂചികയിൽ കൂടുതൽ പോയിന്റ് നേടി കേരളം മുന്നിലെത്തി. പത്ത് തവണ മികച്ച ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ദേശീയ അവാർഡും ലഭിച്ചു. ത്രിതല പഞ്ചായത്ത് ഭരണ സംവിധാനം ശക്തമായ കേരളത്തിൽ പഞ്ചായത്തുകളുടെ സഹകരണത്തോടുകൂടി ജനകീയ പങ്കാളിത്തത്തോടുകൂടി പല പരിപാടികളും നടപ്പിലാക്കി

ഇന്ന് ദേശീയ ഊർജ സംരക്ഷണ ദിനം. കോവിഡ് 19 ന്റെ മാന്ദ്യം മാറി വികസന പദ്ധതികൾ കൂടുതൽ കരുത്തോടെ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് നാം. കോവിഡ് ഊർജ മേഖലയിലുണ്ടാക്കിയ ആഘാതം പഠന വിഷയമാക്കിയ ഇന്റർനാഷണൽ എനർജി ഏജൻസിയുടെ റിപ്പോർട്ടനുസരിച്ച് ആഗോളതലത്തിൽ ഊർജത്തിന്റെ ഡിമാന്റ് ആറ് ശതമാനത്തോളം കുറഞ്ഞു എന്നു കാണിക്കുന്നു. ഇത് ഒരു താൽക്കാലിക പ്രതിഭാസമായാണ് വിലയിരുത്തുന്നത്. ഇതോടനുബന്ധിച്ച് ശ്രദ്ധയിൽപ്പെട്ട മറ്റൊരു കാര്യം അന്തരീക്ഷ മലിനീകരണത്തിന്റെ തോതിലുള്ള കുറവാണ്. പല നഗരങ്ങളിലും വായു മലിനീകരണത്തിന്റെ തോത് കുറഞ്ഞു. അന്തരീക്ഷത്തിലേക്ക് വമിക്കുന്ന പല വിഷവാതകങ്ങളുടെ അളവിലും കുറവ് രേഖപ്പെടുത്തി. ഇത് പ്രകൃതി അതിന്റെ തനതു താളം വീണ്ടെടുക്കുന്നതിന്റെ സൂചകങ്ങളായി. എന്നാൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ഒരു തിരിച്ചുപോക്ക് അസാധ്യമാണ്. ഇവിടെയാണ് വികസനത്തിനാവശ്യമായ വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും സുസ്ഥിര വികസനം എന്ന കാഴ്ചപ്പാടും പ്രാധാന്യം നേടുന്നത്.

പതിനേഴ് ലക്ഷ്യങ്ങൾ അടങ്ങിയ സുസ്ഥിര വികസന അജണ്ട ആധാരമാക്കി നിതി ആയോഗ് തയ്യാറാക്കിയ സൂചികയിൽ കേരളം മുന്നിൽ നിൽക്കുകയാണ്. എല്ലാവർക്കും എല്ലായ്‌പ്പോഴും തടസ്സമില്ലാതെയും താങ്ങാവുന്ന വിലയിലുള്ളതുമായ ആധുനിക ഊർജ സേവനങ്ങൾ ലഭ്യമാക്കുക എന്ന ഏഴാമത്തെ ലക്ഷ്യം മുൻനിർത്തിയാണ് ഊർജമേഖലയെ വിലയിരുത്തുന്നത്. സുസ്ഥിര വികസന അജണ്ടകളിൽ മാത്രമല്ല, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുള്ള കർമപദ്ധതികളിലും ഊർജ സംരക്ഷണത്തിനും പാരമ്പര്യേതര ഊർജ സ്രോതസ്സുകൾക്കും പ്രാധാന്യമേറുന്നു. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന വാതകങ്ങളിൽ നല്ലശതമാനവും ഖനിജ ഇന്ധനാധിഷ്ഠിതമായ വൈദ്യുതോൽപ്പാദന കേന്ദ്രങ്ങളിൽനിന്നും വ്യവസായശാലകളിൽനിന്നും ഗതാഗത മേഖലയിൽനിന്നുമാണ്. ഒരു യൂണിറ്റ് വൈദ്യുതി ലാഭിക്കുന്നതിലൂടെ ഏകദേശം ഒരു കിലോഗ്രാം കാർബൺഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് വമിക്കുന്നത് തടയാൻ കഴിയും എന്നാണ് കണക്ക്. എന്നാൽ ഇവയ്ക്കൊന്നും ചുരുങ്ങിയ സമയംകൊണ്ട് ബദൽ മാർഗങ്ങൾ കണ്ടെത്തി വികസനം മുന്നോട്ടുപോവുക പ്രയാസമാണ്. അതുകൊണ്ടാണ് നിലവിലുള്ള കൽക്കരി അധിഷ്ഠിക ഉൽപ്പാദനരീതികളിൽ ‘ക്ളീൻ കോൾ ടെക്നോളജി’ പോലുള്ളവ പരീക്ഷിക്കുന്നതും സൗരോർജം, കാറ്റ്, ചെറുകിട ജലവൈദ്യുത പദ്ധതികൾ ജൈവാവശിഷ്ടങ്ങൾ തുടങ്ങിയ പാരമ്പര്യേതര മാർഗങ്ങൾ പ്രോത്സാഹിപ്പിച്ച് മുന്നോട്ടു നീങ്ങുന്നതും.

ലഭിച്ചുകൊണ്ടിരിക്കുന്ന ഊർജ വിഭവങ്ങൾ വിവേകപൂർവം ഉപയോഗിക്കുക എന്നതാണ് ഊർജസംരക്ഷണത്തിന്റെ കാതൽ. ഊർജസംരക്ഷണത്തിലൂടെ നേടുന്ന ഊർജ ലാഭംകൊണ്ട് കൂടുതൽ ഊർജാവശ്യങ്ങൾ നിറവേറ്റുവാനും ശ്രമിക്കുന്നു. ഇതിനായി ബദൽ ഉൽപ്പാദന മാർഗങ്ങൾ, പ്രസരണ വിതരണ സമ്പ്രദായങ്ങൾ, മാലിന്യമുക്ത സാങ്കേതിക വിദ്യകൾ, വായ്പാ പദ്ധതികൾ, വിപണി ഇടപെടലുകൾ വിദ്യാഭ്യാസ പരിപാടികൾ, നയരൂപീകരണം, നിയമനിർമാണങ്ങൾ എല്ലാം നടക്കുന്നുണ്ട്.

കേരളത്തിൽ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്കു മാത്രമായി 1996 ൽ തന്നെ എനർജി മാനേജ്മെന്റ് സെന്റർ സ്ഥാപിതമായിട്ടുണ്ട്. പല പദ്ധതി പ്രവർത്തനങ്ങളിലും മുമ്പേ നടക്കുവാനും കേരളത്തിന്‌ സാധിച്ചു.

ഊർജ സുരക്ഷ മുൻനിർത്തിയുള്ള ഇന്ത്യയിലെ ഊർജസംരക്ഷണ പ്രവർത്തനങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത് മൂന്നു കാര്യങ്ങളാണ്. ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്‌ക്കുക. ഖനിജ ഇന്ധന അധിഷ്ഠിധമായ ഉൽപ്പാദന പ്രക്രിയകൾക്ക് ബദൽ മാർഗങ്ങൾ കണ്ടെത്തുകയോ അവയുടെ കാര്യക്ഷമത ഉയർത്തുകയോ ചെയ്യുക, കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യ അവതരിപ്പിച്ച കർമ പദ്ധതികൾ നടപ്പിലാക്കി മലിനീകരണ തോത് കുറയ്ക്കുക.

2001 ലെ ഊർജ സംരക്ഷണ നിയമം നിലവിൽ വന്നതോടുകൂടിയാണ് രാജ്യത്ത് ചിട്ടയോടുകൂടിയുള്ള ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നത്. കേരളത്തിൽ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്കു മാത്രമായി 1996 ൽ തന്നെ എനർജി മാനേജ്മെന്റ് സെന്റർ സ്ഥാപിതമായിട്ടുണ്ട്. പല പദ്ധതി പ്രവർത്തനങ്ങളിലും മുമ്പേ നടക്കുവാനും കേരളത്തിന്‌ സാധിച്ചു. കഴിഞ്ഞ രണ്ടു വർഷമായി ദേശീയ തലത്തിൽ തയ്യാറാക്കിയ ഊർജ കാര്യക്ഷമതാ സൂചികയിൽ കൂടുതൽ പോയിന്റ് നേടി കേരളം മുന്നിലെത്തി. പത്ത് തവണ മികച്ച ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ദേശീയ അവാർഡും ലഭിച്ചു. ത്രിതല പഞ്ചായത്ത് ഭരണ സംവിധാനം ശക്തമായ കേരളത്തിൽ പഞ്ചായത്തുകളുടെ സഹകരണത്തോടുകൂടി ജനകീയ പങ്കാളിത്തത്തോടുകൂടി പല പരിപാടികളും നടപ്പിലാക്കി. പിലിക്കോട് ഗ്രാമ പഞ്ചായത്തിനെ ഇന്ത്യയിലെ തന്നെ ആദ്യത്തെ ഫിലമെന്റ് രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചത് അതിൽ ഒന്നു മാത്രം.

വരും കാലങ്ങളിൽ ഊർജാവശ്യം കൂടുവാൻ സാധ്യതയുള്ള മേഖലകളായി കാണുന്നത് കെട്ടിട നിർമാണം, ഗതാഗതം, ഗാർഹികം, കാർഷികം ഇവയാണ്. ജനസംഖ്യാ വർധനവ്, നഗരവൽക്കരണം, വികസന പദ്ധതികൾ ഇവയെല്ലാം ഇതിന് കാരണമാണ്. ഇവയിലെല്ലാം ഊർജ കാര്യക്ഷമത ഉയർത്തുന്നതിനുള്ള പദ്ധതികളും നമുക്ക് ആവിഷ്‌കരിക്കുവാൻ സാധിച്ചിട്ടുണ്ട്. ഊർജ സംരക്ഷണ കെട്ടിടചട്ടം കേരളത്തിലെ പഞ്ചായത്ത് -മുനിസിപ്പൽ കെട്ടിട ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനത്തിനായി ഇലക്ട്രിക് വാഹന നയം. കാർഷിക പമ്പുസെറ്റുകളിലെ ഊർജ കാര്യക്ഷമത ലക്ഷ്യമിട്ടുള്ള പ്രത്യേക പരിപാടികളും. സമ്പൂർണ വൈദ്യുതീകരണം, എല്ലാവർക്കും വീട്, സ്മാർട്ട് സിറ്റികൾ ഇവയെല്ലാം വൈദ്യുതി ആവശ്യം കൂട്ടുന്നവയാണ്. ഉൽപ്പാദന വർധനവ് ലക്ഷ്യമിടുന്ന സൗരോർജനയവും, ചെറുകിട ജലവൈദ്യുത പദ്ധതി നയവും കേരളത്തിനുണ്ട്

വൈദ്യുതോപകരണങ്ങളുടെ തള്ളിക്കയറ്റമാണ് ഗാർഹിക മേഖലയിൽ കാണുന്നത്. ഉപകരണങ്ങൾക്ക് ഊർജ കാര്യക്ഷമതാ ലേബലുകൾ നിലവിലുണ്ട്. പൊതുജനങ്ങൾക്ക് സ്റ്റാർ ലേബലിനെക്കുറിച്ച് അറിവു നൽകുന്നതിനുള്ള പലവിധ ബോധവൽകരണ പരിപാടികളും നടക്കുന്നു. ഇന്ന് ഊർജസംരക്ഷണ പ്രവർത്തനങ്ങളെ കാണുന്നത് കേവലം സാമ്പത്തികനേട്ടം ഉണ്ടാക്കുന്ന ഒന്നായല്ല, മറിച്ച് ഭൂമിയുടെ നിലനിൽപ്പിന് ഒരു കൈ സഹായം എന്ന നിലയിൽ കൂടിയാണ്. നാം ഓരോരുത്തരുടെയും മുന്നിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് ഒരു പാട് അവസരങ്ങളുണ്ട്. ഊർജ സംരക്ഷണദിനത്തിൽ അവ സഗൗരവം വീക്ഷിക്കാം പ്രവർത്തിക്കാം.

ബീന ടി എ 

(എനർജി മാനേജ്മെന്റ് സെന്റർ പബ്ളിക് റിലേഷൻസ് ഓഫീസറാണ്‌ ലേഖിക)

Saturday, December 12, 2020

വൈദ്യുതി നിരക്ക് കൂട്ടില്ല, താരിഫ് പരിഷ്‌കരിക്കുന്നത് ആലോചിച്ചിട്ടേയില്ല: വ്യാജവാര്‍ത്തക്കെതിരെ കെഎസ്ഇബി

 സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ മാറ്റമുണ്ടാകില്ല. നിരക്ക് കൂട്ടുന്ന കാര്യം ആലോചിച്ചിട്ടേയില്ലെന്ന് കെഎസ്‌ഇബി. അന്തർ സംസ്ഥാന പ്രസരണനിരക്കിലെ വർധന, ബോർഡിന്റെ വരവുചെലവ് അന്തരം, സർ ചാർജ് എന്നിവ പരിഗണിച്ച് വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്നുള്ള പ്രചാരണം തെറ്റാണെന്നും കെഎസ്ഇബി വ്യക്തമാക്കി.

അന്തർ സംസ്ഥാന പ്രസരണനിരക്കിലെ വർധനയ്‌ക്കെതിരെ നിയമനടപടികൾക്ക് കേരളത്തിന് അവസരമുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീർപ്പായിട്ടില്ല. താരിഫ് നിശ്ചയിക്കുന്നത് വൈദ്യുതി റഗുലേറ്ററി കമീഷനാണ്. ബഹുവർഷ താരിഫാണ് പുറപ്പെടുവിക്കുക. 2019ൽ നിശ്ചയിച്ച താരിഫാണ് നിലവിലുള്ളത്. ഇത് 2022 മാർച്ച് വരെയാണ്‌ ബാധകം.‌ ഇതിൽ എന്തെങ്കിലും മാറ്റംവരുത്തണമെങ്കിൽ കെഎസ്ഇബി കമീഷന് അപേക്ഷ സമർപ്പിക്കണം. ഇത്തരത്തിൽ ഒരു അപേക്ഷയും കെഎസ്ഇബി നൽകിയിട്ടില്ല. വരവു-ചെലവ് വ്യത്യാസം കണക്കാക്കുന്നതും ഇവ തമ്മിലുള്ള അന്തരം എത്രയെന്ന് തിട്ടപ്പെടുത്തി അംഗീകരിക്കുന്നതും താരിഫ് പരിഷ്കരണനടപടികൾക്ക് അനുബന്ധമായാണ്. നിലവിലെ ബഹുവർഷ താരിഫ് 2022 മാർച്ച് വരെ ആയതിനാൽ ഇതിനുള്ള പ്രാഥമിക നടപടിപോലും കമീഷൻ ആരംഭിച്ചിട്ടില്ല.

അധിക ബാധ്യതയുടെ അടിസ്ഥാനത്തിലാണ് മൂന്നു മാസത്തേക്ക് സർ ചാർജ് ഈടാക്കുന്നത്. ‌സെപ്തംബർ വരെയുള്ള അധിക ബാധ്യതയുടെ കണക്ക് കെഎസ്ഇബി കമീഷന് നൽകിയിട്ടുണ്ട്. എന്നാൽ, കോവിഡ് മഹാമാരി ദുരിതത്തിലാക്കിയ ജനങ്ങളിൽനിന്ന്‌ സർ ചാർജ് ഈടാക്കേണ്ടതില്ലെന്നാണ് തീരുമാനം. ജനങ്ങളുടെ പ്രയാസം മാറുന്ന ഘട്ടമെത്തുമ്പോൾ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ. ചുരുക്കത്തിൽ താരിഫ് പരിഷ്കരണത്തിനുള്ള ഒരു നടപടിയും കെഎസ്ഇബിയോ വൈദ്യുതി റഗുലേറ്ററി കമീഷനോ ആരംഭിച്ചിട്ടില്ല. വസ്തുതകൾ ഇതായിരിക്കെയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നിക്ഷിപ്ത താൽപ്പര്യത്തോടെ ചില കേന്ദ്രങ്ങളുടെ കുപ്രചാരണം.

Thursday, November 19, 2020

കിഫ്‌ബി മുടക്കുന്നത്‌ 5200 കോടി: ട്രാൻസ്‌ഗ്രിഡ്‌ 2.0 വികസനത്തിന്റെ ഊർജപാത

കാൽ നൂറ്റാണ്ടു കാലത്തേക്ക്‌ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്ന ഭാവിവികസനത്തിന്റെ ഊർജപാതയാണ് ട്രാൻസ്ഗ്രിഡ് 2.0. പണമില്ലായ്‌മയിൽ കുടുങ്ങിയ പദ്ധതി കിഫ്ബി ഏറ്റെടുക്കുകയായിരുന്നു. വൈദ്യുതി പ്രസരണ – വിതരണശൃംഖല സൃഷ്ടിക്കാനും ശാക്തീകരിക്കാനും പദ്ധതിക്കായി‌‌  കെഎസ്ഇബിക്ക്‌ കിഫ്‌ബി 5200 കോടി രൂപ നൽകുന്നു.  പദ്ധതിയുടെ 15 പാക്കേജിൽ ഒമ്പതെണ്ണത്തിന്‌ കരാറായി. അടങ്കൽ 1494.21 കോടി. ടെൻഡർ തുക 1255.80 കോടി. 1515.29 കോടിയിൽ കരാർ ഉറപ്പിച്ചു. നിർമാണ നടപടികൾ പുരോഗമിക്കുന്നു.

വിപുലമായ ലൈൻ നവീകരണത്തിന് ഭൂമി ഏറ്റെടുക്കുകയെന്ന വെല്ലുവിളി മറികടക്കുന്നതാണ്‌ ട്രാൻസ്‌ഗ്രിഡ്‌ പദ്ധതിയുടെ പ്രത്യേകത. 110, - 220 കെവി ലൈനുകൾക്കു മുകളിൽ, മറ്റൊരു നിലയായാണ്‌ 220 – 440 കെവി ലൈനുകൾ തീർക്കുക. ഇതിനാവശ്യമായ സബ്സ്റ്റേഷനുകളും ട്രാൻസ്ഫോർമറുകളും സ്ഥാപിക്കുന്നു.

ടെൻഡർ കള്ളക്കളി നിലച്ചു

വൈദ്യുതി പദ്ധതികളിലൂടെ യുഡിഎഫ്‌ കാലത്ത്‌ നടമാടിയിരുന്ന വലിയ കള്ളക്കളി ട്രാൻസ്‌ഗ്രിഡ്‌ പുറത്തുകൊണ്ടുവന്നു. ടെൻഡർ ഉറപ്പിച്ച ഒമ്പത്‌ പാക്കേജിന്റെ ശരാശരി ടെൻഡർ അധികരിക്കൽ 20.66 ശതമാനം മാത്രം. യുഡിഎഫ് കാലത്ത് ശരാശരി 51 ശതമാനമായിരുന്നു.  80 മുതൽ 90 ശതമാനം അധിക അടങ്കലും അനുവദിച്ചിരുന്നു. 2013ലെ പഴയ നിരക്കിൽ ടെൻഡർ ക്ഷണിച്ചപ്പോഴും ട്രാൻസ്ഗ്രിഡിൽ 21 ശതമാനം മാത്രമായി അടങ്കൽ അധികരിക്കൽ.

ലംഘിക്കുന്നത് ജനകീയ അവകാശം

സർവത്ര അഴിമതിയെന്നു പറഞ്ഞു കാടുംപടർപ്പും തല്ലുന്ന പ്രതിപക്ഷ നേതാവ്, ട്രാൻസ്‌ഗ്രിഡിനെയും ഇതിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു.  ഭാവികേരളത്തിന്റെ ഊർജ ആവശ്യങ്ങൾ സംബന്ധിച്ച ഗൗരവമായ പ്രശ്നമാണ് പൊതുസമൂഹത്തിനു മുന്നിലുള്ളത്. ആ ജനകീയ അവകാശം ലംഘിക്കാൻ സംഘടിതമായി നടത്തുന്ന  ഗൂഢാലോചനയാണ് സമൂഹത്തിനുമുന്നിൽ ചർച്ചയ്ക്കായി വയ്ക്കുന്നത്.

കായിക കനവിന് മിഴിവേകും

മാരാരിക്കുളം: വോളിബോൾ കോർട്ടിൽ മലയാളിയുടെ അഭിമാനം വാനോളമുയർത്തിയ കലവൂർ എൻ ഗോപിനാഥിന്റെ ഓർമയ്‌ക്കായി നിർമിക്കുന്ന സ്‌റ്റേഡിയത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. കലവൂരിലെ പ്രീതികുളങ്ങരയിലാണ് കിഫ്ബിയിൽനിന്ന്‌ അനുവദിച്ച അഞ്ചരക്കോടി മുടക്കി അടിമുടി അത്യാധുനിക സ്‌റ്റേഡിയം ഉയരുന്നത്. ഇതിനോട്‌ ചേർന്ന് ഒരു സ്‌കൂൾമന്ദിരവും നിർമിക്കുന്നുണ്ട്. ഫെബ്രുവരിയോടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വോളിബോളിൽ നിരവധി ദ്രോണാചാര്യൻമാരെയും അർജുന അവാർഡ് ജേതാക്കളെയും സ‌ൃഷ്‌ടിച്ച കലവൂരിന് അർഹിച്ച അംഗീകാരമെന്ന നിലയിലാണ് സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. 

നിര്‍‍മാണം പുരോഗമിക്കുന്ന ആലപ്പുഴ പ്രീതികുളങ്ങരയിലെ കലവൂര്‍‍ ഗോപിനാഥ് സ്മാരക സ്പോര്‍‍ട്സ് സ്റ്റേഡിയം

വി എസ് സർക്കാരിന്റെ കാലത്ത് കലവൂർ ജീവിച്ചിരിക്കെ തന്നെ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക് സ്‌റ്റേഡിയം നിർമിക്കാൻ 25 ലക്ഷം രൂപ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എസ് എൻ പുരം പ്രോഗ്രസീവ് ക്ലബ്ബിൽ നിർമിക്കാനായിരുന്നു പദ്ധതിയെങ്കിലും തുടർന്ന്‌ വന്ന യുഡിഎഫ് സർക്കാർ നിർമാണമുപേക്ഷിച്ചു. വീണ്ടും എൽഡിഎഫ് അധികാരത്തിലെത്തിയതോടെയാണ് സ്‌റ്റേഡിയത്തിന് ജീവൻവച്ചത്. ഒടുവിൽ കഴിഞ്ഞവർഷം മാരാരിക്കുളത്ത് സ്ഥലം കണ്ടെത്തുകയും നിർമാണം ആരംഭിക്കുകയുമായിരുന്നു. ജിംനേഷ്യം, സെവൻസ് ഫുട്ബോൾ കോർട്ട്, നാല്‌ ലൈൻ സിന്തറ്റിക് ട്രാക്ക്, ഇൻഡോർ സ്‌റ്റേഡിയം എന്നിവയും സ്‌റ്റേഡിയത്തിലുണ്ടാകും. പ്രീതികുളങ്ങര ടാഗോർ മെമ്മോറിയൽ എൽപി സ്‌കൂളിനായി ആറ്‌ ക്ലാസുമുറികളുള്ള ഇരുനില മന്ദിരവും നിർമിച്ചു. ജിംനേഷ്യത്തിന്റെയും ഓഫീസിന്റെയും നിർമാണവും പൂർത്തിയായി. കിറ്റ്കോയുടെ മേൽനോട്ടത്തിലാണ് നിർമാണം .

പിന്നോട്ടുവലിക്കരുത് കുതിക്കും പെണ്‍‍പള്ളിക്കൂടം

മാവേലിക്കര ‘തകർക്കരുത് ഈ മഹാവിദ്യാലയത്തെ’  കിഫ്ബിയിലൂടെ അഞ്ചു കോടി രൂപ ചെലവിട്ട്  നിർമാണം പുരോഗമിക്കുന്ന മാവേലിക്കര ഗവ. ഗേൾസ് എച്ച്എസ്എസിലെ അധ്യാപകരും വിദ്യാർഥികളും നാടൊന്നാകെയും ആഹ്ലാദത്തിലിരിക്കെയാണ് വികസനം മുടക്കാനുള്ള നീക്കം നടക്കുന്നത്. സ്‌കൂൾ ഹൈടെക്കാകുന്നത് നാടിന്റെ സ്വപ്‌നമാണ്.  

പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായാണ്‌ സ്‌കൂളിനെ ഹൈടെക് നിലവാരത്തിലേക്കുയർത്തുന്നത്‌. കെട്ടിടം നിർമാണ പുരോഗതിയിലാണ്. പുതുതായി നിർമിക്കുന്ന രണ്ട് ഇരുനില കെട്ടിടങ്ങളിൽ സ്‌മാർട്ട് ക്ലാസ്‌മുറികൾ, വിശാലമായ ലൈബ്രറി സൗകര്യം, ഡൈനിങ് ഹാൾ, കോൺഫറൻസ് ഹാൾ, ലാബുകൾ എന്നിവയും ആധുനിക പഠനസൗകര്യങ്ങളും ഉണ്ടാകും.

   മാവേലിക്കര -തട്ടാരമ്പലം റോഡിലെ പൂക്കട ജങ്ഷന് തെക്ക് സ്ഥിതിചെയ്യുന്ന സ്‌കൂൾ, പെൺകുട്ടികളുടെ വിദ്യാഭ്യാസം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ 1896ൽ രാജഭരണ കാലത്ത് സ്ഥാപിച്ചതാണ്‌. 1946ൽ ഹൈസ്‌കൂളായും 1998ൽ ഹയർ സെക്കൻഡറിയായി ഉയർത്തി. ജില്ലയിലെ മികച്ച സ്‌കൂളിലൊന്നായ ഈ വിദ്യാലയം മികച്ച പെൺപള്ളിക്കൂടത്തിനുള്ള പുരസ്‌കാരം സ്ഥിരമായി നേടാറുണ്ട്. ഭരണപരിഷ്‌കരണ കമീഷൻ മെമ്പർ സെക്രട്ടറി ഷീല തോമസ് ഐഎഎസ്, സിജി തോമസ് ഐഎഎസ് തുടങ്ങി നിരവധി പ്രമുഖർ ഈ വിദ്യാലയത്തിന്റെ സൃഷ്‌ടികളാണ്. പ്രശസ്‌ത സിനിമാനടി മാവേലിക്കര പൊന്നമ്മയും അന്തരിച്ച പ്രമുഖ സാഹിത്യകാരൻ ശിവരാമൻ ചെറിയനാടും ഉൾപ്പടെയുള്ള മികച്ച അധ്യാപകനിര കൊണ്ടും സ്‌കൂൾ ശ്രദ്ധേയമാണ്.

മികച്ച സ്‌കൂളുകളിലൊന്നാകും: ഷീല തോമസ് 

നിർമാണം പൂർത്തീകരിക്കുന്നതോടെ  സംസ്ഥാനത്തെ മികച്ച സ്‌കൂളുകളിലൊന്നായി മാറുമെന്ന് ഭരണപരിഷ്‌കരണ കമീഷനംഗം  സെക്രട്ടറി ഷീല തോമസ് ഐഎഎസ് പറഞ്ഞു. പൂർവ വിദ്യാർഥി കൂടിയായ ഷീല തോമസ് സ്‌കൂളിന്റെ വികസനവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു. നിലവിൽ മികച്ച സ്‌കൂളുകളുടെ പട്ടികയിലുള്ള മാവേലിക്കര ഗേൾസ് സ്‌കൂൾ കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും ആധുനിക സൗകര്യങ്ങളും വർധിക്കുമ്പോൾ കൂടുതൽ മികച്ച നിലവാരത്തിലെത്തുമെന്നുറപ്പാണ്. നിലവിലെ വികസനം എല്ലാനിലയിലും ഈ സ്‌കൂൾ അർഹിക്കുന്നുണ്ട്.  1967-–-72 കാലത്താണ് ഷീല തോമസ് ഈ സ്‌കൂളിൽ പഠിച്ചത്. മാവേലിക്കര ബിഷപ്മൂറിലും തിരുവനന്തപുരം ഗവ. വിമൻസ് കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലുമുള്ള പഠനത്തിന് ശേഷം ഐഎഎസ് നേടി. 1985 ബാച്ചാണ്.

Tuesday, September 22, 2020

25 വര്‍ഷത്തേക്ക് പവര്‍ഫുള്‍ കേരളം ; 2000 മെഗാവാട്ട് പ്രവാഹം ഉടന്‍, വിതരണത്തിന്‌ പവര്‍ഹൈവേകളും

മാടക്കത്തറയിൽ നിർമാണം പുരോഗമിക്കുന്ന 2000 മെഗാവാട്ട്‌ പവർസ്‌റ്റേഷൻ

തൃശൂർ: കേരളത്തിലെ ഏറ്റവും വലിയ പവർ സ്റ്റേഷനും  2000 മെഗാവാട്ട് മാടക്കത്തറ–- പുഗലൂർ ലൈനും കമീഷനിലേക്ക്‌.  തമിഴ്നാട്ടിലെ പുഗലൂരിൽനിന്നും  മാടക്കത്തറ  സ്‌റ്റേഷനിലേക്ക് അടുത്തമാസം വൈദ്യുതി  പ്രവഹിക്കും. ഇവിടെനിന്നുള്ള വൈദ്യുതി വിതരണം സുഗമമാക്കാൻ  കെഎസ്ഇബിയുടെ പവർഹൈവേകളും 220 സബ്സ്‌റ്റേഷനും നിർമാണം പൂർത്തിയാവുകയാണ്. ഇതോടെ സംസ്ഥാനത്ത് ലോഡ്ഷെഡിങ്ങും പവർകട്ടും പൂർണമായും ഇല്ലാതാവും. അടുത്ത 25 വർഷത്തേക്ക്‌ കേരളത്തിൽ വൈദ്യുതി ക്ഷാമമില്ലാതിരിക്കാൻ ലക്ഷ്യമിട്ട വൻ പദ്ധതിയാണ് എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കുന്നത്.

തമിഴ്നാട്ടിലെ പുഗലൂർ–- മാടക്കത്തറ ലൈനും 2000 മെഗാവാട്ട് പവർസ്റ്റേഷനും പവർഗ്രിഡ് കോർപറേഷനാണ് നിർമിക്കുന്നത്. പ്രസരണ നഷ്ടം കുറവായ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന ഹൈവോൾട്ടേജ് ഡയറക്ട് കറന്റാണ് (എച്ച്‌വിഡിസി) മാടക്കത്തറയിലെത്തുക. ഇത് എസിയാക്കിമാറ്റി 400 കെവി വഴിയാണ് വിതരണം.  മാടക്കത്തറയ്‌ക്കൊപ്പം  കൊച്ചിയിലും ഈ വൈദ്യുതി എത്തിക്കും.

കേരളത്തിൽ 2800 മെഗാവാട്ടാണ് നിലവിൽ ഇറക്കുമതിശേഷിയെന്ന്  കെഎസ്ഇബി ട്രാൻസ്ഗ്രിഡ് പ്രോജക്ട് ചീഫ് എൻജിനിയർ ഡോ. പി രാജൻ പറഞ്ഞു. പുഗലൂരിൽനിന്ന് 2000 മെഗാവാട്ട്കൂടി എത്തുന്നതോടെ 4800 മെഗാവാട്ടാവും. ആഭ്യന്തര ഉൽപ്പാദനം പരമാവധി 1400 മെഗാവാട്ടാണ്. ഇതുൾപ്പെടെ 6200 മെഗാവാട്ട് വൈദ്യുതി പ്രയോജനപ്പെടുത്താം. കേരളത്തിൽ പരമാവധി 4000 മെഗാവാട്ടാണ് വൈദ്യുതി ആവശ്യകത. വർഷംതോറുമുള്ള ശരാശരി ലോഡ് വർധന കണക്കാക്കിയാൽ  25 വർഷത്തേക്കുള്ള വൈദ്യുതി  ആവശ്യകത കണക്കാക്കിയുള്ള പദ്ധതികളാണ്‌ പൂർത്തിയാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പവർഹൈവേയും ഒരുങ്ങുന്നു

കേരളത്തിൽ  വൈദ്യുതി വിതരണത്തിന്‌  അന്തർസംസ്ഥാന ലൈനുകൾക്കൊപ്പം സംസ്ഥാന പവർഹൈവേയും ശക്തമാക്കി. പുഗലൂർ –- മാടക്കത്തറ 2000 മെഗാവാട്ട്‌ ലൈനിനൊപ്പം  അരീക്കോട് –-  മൈസൂർ ലൈനും സമാന്തരമായി നിലവിലുണ്ട്. ഈ ലൈൻ വയനാടുനിന്നും  കട്ട്ചെയ്ത് കാസർകോട് എത്തിക്കാനും പദ്ധതിയുണ്ട്.  ഉടുപ്പി –- കാസർകോട് പ്രത്യേക ലൈൻ വലിക്കും. ഇതോടെ ഉടുപ്പി, കാസർകോട്, വയനാട്, അരീക്കോട്,  തൃശൂർ, കൊച്ചി,  കോട്ടയം,  എടമൺ, തിരുവനന്തപുരം എന്ന 400 പവർഹൈവേ  യാഥാർഥ്യമാവും.

സി എ പ്രേമചന്ദ്രൻ 

Saturday, May 31, 2014

ഉത്തരകേരളത്തിലേക്ക് വൈദ്യുതിയില്ല; രാവും പകലും വെന്തുരുകുന്നു

കാസര്‍കോട്: ലോഡ്ഷെഡിങ് പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതുമുതല്‍ ജില്ലയിലെ വൈദ്യുതി ബന്ധം വിഛേദിച്ച് കെഎസ്ഇബിയുടെ പകപോക്കല്‍. രണ്ട് ദിവസമായി പകലും രാത്രിയും വൈദ്യുതിയില്ലാതെ ജനങ്ങള്‍ കടുത്ത ദുരിതമനുഭവിക്കുന്നു. ജില്ലയിലെവിടെയും അറ്റകുറ്റപ്പണി നടക്കുന്നതായി അറിയിപ്പില്ല. എന്താണ് കറന്റ് പോകാന്‍ കാരണമെന്ന് അന്വേഷിച്ചാല്‍ കെഎസ്ഇബി ഓഫീസിലിരിക്കുന്നവര്‍ക്ക് വ്യക്തമായ ഉത്തരം പറയാന്‍ പറ്റുന്നില്ല. ജില്ലയിലെ എല്ലാ ഓഫീസിലേക്കും ആളുകള്‍ നിരന്തരം വിളിക്കുന്നതിനാല്‍ ഏറെ സമയം വിളിച്ചാലും ഫോണ്‍ കിട്ടാറില്ല. ഇതുകാരണം ഫോണ്‍ എടുത്തുവച്ചതാണെന്ന ആരോപണവും ജീവനക്കാര്‍ കേള്‍ക്കേണ്ടിവരുന്നുണ്ട്. അരമണിക്കൂര്‍ കറന്റ് വന്നാല്‍ ഒരു മണിക്കൂര്‍ കട്ടാക്കുന്ന രീതിയാണ് രണ്ട് ദിവസമായി ജില്ലയിലെല്ലായിടത്തും. കട്ട് ചിലപ്പോള്‍ ഒന്നര- രണ്ട് മണിക്കൂര്‍വരെ നീളും. രാത്രിയിലും സമാന രീതിയിലാണ് കട്ട്. അസഹനീയ ചൂടാണ് രണ്ടാഴ്ചയായി ജില്ലയില്‍ അനുഭവപ്പെടുന്നത്. അപ്രഖ്യാപിത കറന്റ് കട്ട് ആരംഭിച്ചതോടെ പകലും രാത്രിയും ജനം വെന്തുരുകുകയാണ്.

വ്യാപാരസ്ഥാപനങ്ങളും തൊഴില്‍ ശാലകളുമാണ് ഇതുകാരണം കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ചെറുകിട തൊഴില്‍സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ട ഗതികേടിലാണ്. കറന്റ് ഉപയോഗിച്ച് നടത്തുന്ന പണികളൊന്നും ചെയ്യാനാവുന്നില്ല. മാര്‍ബിള്‍, ടൈല്‍സ് ജോലികളും നിലച്ചു. ഈ പണികള്‍ക്ക് തൊഴിലാളികളെ വച്ചവര്‍ക്ക് വലിയ നഷ്ടമാണുണ്ടായത്. വടക്കേ മലബാറിലേക്ക് വൈദ്യുതി വരുന്ന മാടക്കത്തറ സബ്സ്റ്റേഷനില്‍നിന്നുള്ള ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് ട്രാന്‍സ്മിഷന്‍ എക്സക്യൂട്ടീവ് എന്‍ജിനിയര്‍ പറഞ്ഞു. മൂന്നു ദിവസത്തേക്കാണ് ഇപ്പോള്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. വെള്ളിയാഴ്ചകൂടി അരമണിക്കൂര്‍ ഇടവിട്ട് കട്ടുണ്ടാകുമെന്നാണ് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ നല്‍കുന്ന സൂചന. സംസ്ഥാനം അനുഭവിക്കുന്ന കടുത്ത വൈദ്യുതി ക്ഷാമമാണ് അറ്റകുറ്റപ്പണിയുടെ പേരിലുള്ള വൈദ്യുതി നിയന്ത്രണത്തിന് കാരണമെന്ന അഭിപ്രായമുണ്ട്. കേന്ദ്രപൂളില്‍നിന്ന് കിട്ടിയിരുന്ന വൈദ്യുതിയില്‍ വലിയ കുറവുണ്ടായി. ആഭ്യന്തര ഉല്‍പാദനവും ഗണ്യമായി കുറഞ്ഞതോടെ ഉത്തരമലബാറിലേക്ക് കൊടുക്കാന്‍ വൈദ്യുതി ഇല്ലാതായതാണ് ഇപ്പോഴത്തെ നിയന്ത്രണത്തിന് കാരണം. വരും ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണമുണ്ടാകുമെന്ന ആശങ്കയിലാണ് ജീവനക്കാരും ജനങ്ങളും. പകലും രാത്രിയും വൈദ്യുതി കട്ട് ആരംഭിച്ചതോടെ വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനവും നിലച്ചു. ഇതോടെ ജനങ്ങള്‍ ചൂടിനൊപ്പം വെള്ളവും കിട്ടാതെ വലയുകയാണ്. മണിക്കൂറുകളോളം മോട്ടോര്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ടാങ്കില്‍ ആവശ്യത്തിന് വെള്ളം സംഭരിക്കാന്‍ സാധിക്കു. അപ്രഖ്യാപിത വൈദ്യുതി മുടക്കം കാരണം പലയിടത്തും അര മണിക്കൂര്‍പോലും മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനാവാത്ത അവസ്ഥയാണ്. ഇതുകാരണം നിരവധി കുടുംബങ്ങള്‍ക്ക് പ്രാഥമികാവശ്യത്തിനുപോലും വെള്ളം ലഭിക്കുന്നില്ല.

കേരളം കൂടുതല്‍ ഇരുട്ടിലേക്ക്: ആര്യാടന്‍

കൊച്ചി: കടുത്ത വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്ന്് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രപൂളില്‍നിന്ന് വൈദ്യുതി ഉണ്ടെങ്കിലും ഇത് കേരളത്തിലേക്ക് എത്തിക്കാന്‍ മാര്‍ഗമില്ല. ഇടമണ്‍-കൊച്ചി വൈദ്യുതിലൈന്‍ നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. മൈസൂരുവില്‍നിന്നുള്ള ലൈന്‍ നിര്‍മാണവും പൂര്‍ത്തിയായിട്ടില്ല. ഇത്തരം സാഹചര്യങ്ങള്‍ വല്ലാത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. കാറ്റടിച്ചാലും ഇടിവെട്ടിയാലും വൈദ്യുതി പോകുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഇതേ സാഹചര്യം തുടര്‍ന്നാല്‍ കേരളം കൂടുതല്‍ ഇരുട്ടിലേക്കു പോകുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ടി എച്ച് മുസ്തഫ സ്വീകരിച്ച സമീപനം തെറ്റാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തെ പാര്‍ടിയില്‍നിന്ന് സസ്പെന്‍ഡ്ചെയ്തത്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി ആവശ്യമെങ്കില്‍ കൂടുതല്‍ നടപടി പാര്‍ടി സ്വീകരിക്കും. പറയാനുള്ള അഭിപ്രായം പാര്‍ടി ഫോറങ്ങളിലാണ് പറയേണ്ടത്. കെപിസിസി യോഗത്തില്‍ നടന്നത് വിമര്‍ശമല്ല ചര്‍ച്ചകളാണെന്നും ആര്യാടന്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

deshabhimani

Sunday, May 25, 2014

തെരുവുവിളക്കും സ്വകാര്യകമ്പനിക്ക്

തെരുവുവിളക്ക് സ്ഥാപിക്കാനും പരിപാലിക്കാനുമുള്ള ചുമതല സ്വകാര്യകമ്പനിക്ക് കൈമാറാന്‍ നീക്കം. കാലടിയിലെ ഒരു സ്വകാര്യകമ്പനിയുടെ പ്രതിനിധികള്‍ പൊതുമേഖലാ സ്ഥാപനമായ സിഡ്കോയുടെ ശുപാര്‍ശക്കത്തുമായി ഗ്രാമപഞ്ചായത്തുകളെ സമീപിച്ച് എല്‍ഇഡി ലൈറ്റ് സ്ഥാപിക്കാനുള്ള പദ്ധതി സമര്‍പ്പിച്ചു. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരം നല്‍കാതെയാണ് സ്വകാര്യകമ്പനിക്ക് പദ്ധതി തീറെഴുതുന്നത്.

പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുമായി ബന്ധപ്പെട്ട് കില തയ്യാറാക്കിയ നയസമീപനരേഖയിലാണ് തെരുവുവിളക്കിനായി പരിസ്ഥിതിസൗഹൃദവും വിലകുറഞ്ഞതും ആയുസ്സ് കൂടിയതുമായ എല്‍ഇഡി ലാമ്പുകള്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചത്. ഘട്ടംഘട്ടമായി ബള്‍ബ് മാറ്റി എല്‍ഇഡി ലാമ്പ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഗ്രാമപഞ്ചായത്തുകള്‍ക്കുവേണ്ട എല്‍ഇഡി ലാമ്പ് കെല്‍ട്രോണില്‍നിന്ന് വാങ്ങണമെന്ന് സബ്സിഡി മാര്‍ഗരേഖയില്‍ തദ്ദേശഭരണവകുപ്പ് വ്യവസ്ഥചെയ്തു. എല്‍ഇഡി ലാമ്പ് ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാപനമായതിനാലായിരുന്നു ഈ നിര്‍ദേശം. ഈ വ്യവസ്ഥയില്‍ വെള്ളം ചേര്‍ത്താണ് സ്വകാര്യകമ്പനിക്ക് ഒത്താശ ചെയ്യുന്നത്. ഗ്രാമപഞ്ചായത്തുകളെ അംഗങ്ങളാക്കി ചാരിറ്റബിള്‍ ട്രസ്റ്റായി രൂപീകരിച്ച സ്വയംഭരണസ്ഥാപനമായ കേരള റൂറല്‍ എംപ്ലോയ്മെന്റ് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയെ (ക്രൂസ്) ഒരു ഭാഗത്ത് നിര്‍ത്തിയാണ് സിഡ്കോയുടെ മറവില്‍ സ്വകാര്യകമ്പനിക്ക് തെരുവുവിളക്കുകള്‍ കൈമാറുന്നത്. കെല്‍ട്രോണിനൊപ്പം ക്രൂസിനും എല്‍ഇഡി ലാമ്പ് വിതരണത്തിന് കരാര്‍ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. മുസ്ലിംലീഗ് നേതാവും നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സൂപ്പി നരിക്കാട്ടേരിയാണ് ക്രൂസ് ചെയര്‍മാന്‍. പഞ്ചായത്ത് ഡയറക്ടറേറ്റ് ക്രൂസിന്റെ ആവശ്യം അംഗീകരിക്കണമെന്ന് ശഠിച്ചു. എല്‍ഇഡി ലാമ്പ് ഉല്‍പ്പാദിപ്പിക്കാത്ത സ്ഥാപനമായിട്ടും ക്രൂസിനെ സര്‍ക്കാര്‍ അംഗീകരിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തെരുവുവിളക്കുകളുടെ ചുമതല ക്രൂസിന് വിട്ടുനല്‍കി. ഗ്രാമാസൂത്രണ- പഞ്ചായത്ത്- നഗരകാര്യ മന്ത്രിമാര്‍ പങ്കെടുത്ത വികേന്ദ്രീകൃതാസൂത്രണ ഏകോപനസമിതിയുടെ കഴിഞ്ഞ യോഗം വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകള്‍കൂടി ക്രൂസിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചു.

എന്നാല്‍, ഇതേസമിതി മുമ്പാകെയുള്ള കെല്‍ട്രോണിന്റെ പദ്ധതിക്ക് അംഗീകാരം നല്‍കിയില്ല. 20 വാട്ട്, 45 വാട്ട് എല്‍ഇഡി ലൈറ്റ് ഉപയോഗിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഇതിന്റെ വിലസംബന്ധിച്ച് കെല്‍ട്രോണ്‍ സമര്‍പ്പിച്ച നിര്‍ദേശവും രണ്ടുമാസം കഴിഞ്ഞിട്ടും പരിഗണിച്ചിട്ടില്ല. ഇതിനിടയില്‍ സിഡ്കോയുടെ പിന്തുണയോടെ സ്വകാര്യകമ്പനി രംഗപ്രവേശം ചെയ്തത് ദുരൂഹമാണ്. നേരത്തെ സിഡ്കോ എല്‍ഇഡി ലാമ്പ് പദ്ധതിയുമായി തദ്ദേശഭരണവകുപ്പിനെ സമീപിച്ചിരുന്നു. എന്നാല്‍, ഉല്‍പ്പാദകര്‍ അല്ലാത്തതിനാല്‍ പദ്ധതി നിരസിച്ചു. ഇത് ചില ഗ്രാമപഞ്ചായത്തുകള്‍ സ്വകാര്യകമ്പനി പ്രതിനിധികളോട് ചൂണ്ടിക്കാട്ടി. എന്നാല്‍, തങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി ഉടന്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെട്ടത്.

ജി രാജേഷ്കുമാര്‍ deshabhimani

Saturday, May 24, 2014

പ്രസരണശൃംഖല വികസനപദ്ധതികള്‍ സ്തംഭനത്തില്‍

സംസ്ഥാനത്തെ വൈദ്യുതി പ്രസരണ സംവിധാനം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ സ്തംഭനത്തില്‍. സംസ്ഥാനത്തിന് ആവശ്യമായ 2280 കോടി യൂണിറ്റ് വൈദ്യുതിയില്‍ 1280 കോടി യൂണിറ്റും പുറത്തുനിന്ന് കൊണ്ടുവരണം. ഇതിന് അനിവാര്യമായ പ്രസരണശൃംഖലാ വികസനത്തില്‍ സര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. വര്‍ഷംതോറും വര്‍ധിക്കുന്ന വൈദ്യുതിആവശ്യത്തിനുള്ള അധിക വൈദ്യുതി എത്തിക്കാന്‍ നിലവിലുള്ള പ്രസരണശൃംഖല മതിയാവില്ല. ഇതിനായി സമഗ്രമായ പ്രസരണ മാസ്റ്റര്‍പ്ലാനിന് 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കംകുറിച്ചിരുന്നു. തിരുനെല്‍വേലി-കൊച്ചി, മൈസൂര്‍-അരീക്കോട് പ്രസരണലൈനുകളുടെ പ്രവൃത്തിയില്‍ വലിയ പുരോഗതി അക്കാലത്ത് കൈവരിച്ചു. തിരുനെല്‍വേലി-കൊച്ചി 400 കെവി പ്രസരണലൈനില്‍ തിരുനെല്‍വേലി മുതല്‍ ഇടമണ്‍വരെയുള്ള പ്രവൃത്തി പൂര്‍ത്തിയാക്കി. ഇടമണ്‍മുതല്‍ കൊച്ചിവരെയുള്ള ലൈന്‍ പൂര്‍ത്തിയാക്കാന്‍ ഭൂഉടമകള്‍ക്ക് നഷ്ടപരിഹാരമടക്കം നിശ്ചയിച്ചു.

എന്നാല്‍, യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ എല്ലാം തകിടംമറിച്ചു. പുതുപ്പള്ളി വഴിയുള്ള ലൈന്‍ നിര്‍മാണം മുഖ്യമന്ത്രി ഇടപെട്ട് തടസ്സപ്പെടുത്തി. തിരുനെല്‍വേലി-കൊച്ചി ലൈന്‍ പൂര്‍ത്തിയാക്കിയാല്‍ലേ കൂടംകുളം ആണവനിലയത്തിലെ 1000 മെഗാവാട്ടിന്റെ ഒന്നാം ഘട്ടത്തില്‍നിന്ന് ലഭിക്കേണ്ട 133 മെഗാവാട്ട് വൈദ്യുതി കേരളത്തിലെത്തിക്കാന്‍ കഴിയൂ. മറ്റ് ഭാഗങ്ങളില്‍നിന്നുള്ള വൈദ്യുതി എത്തിക്കുന്നതിലും ദേശീയ ഗ്രിഡുമായി കേരളത്തെ കൂട്ടിയിണക്കുന്നതിലും ഈ ലൈന്‍ അനിവാര്യമാണ്. മൈസൂര്‍-അരീക്കോട് 400 കെവി ലൈന്‍ നിര്‍മാണത്തിന് തിരുവമ്പാടിയിലും വയനാട്ടിലും തടസ്സമുണ്ടായത് കഴിഞ്ഞ സര്‍ക്കാര്‍ പരിഹരിച്ചിരുന്നു. 210 കിലോമീറ്റര്‍ ലൈനില്‍ കേരളത്തിലെ 92 കിലോമീറ്ററും കര്‍ണാടകത്തിലെ 63 കിലോമീറ്ററും പണി പൂര്‍ത്തിയാക്കി. കര്‍ണാടകത്തിലെ കുടകിലുള്ള 54.5 കിലോമീറ്റര്‍ പണിയാണ് പൂര്‍ത്തിയാക്കാനുള്ളത്. അവിടെ പദ്ധതി പ്രവര്‍ത്തനത്തിന് നേരിട്ട തടസ്സം നീക്കാനുള്ള ഒരു ശ്രമവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. കേരളത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ വലിയൊരു ഭാഗം മധ്യകേരളത്തിലാണ്. ഇവിടേക്ക് വൈദ്യുതി എത്തിക്കുന്നതില്‍ നിലവിലുള്ള പ്രസരണ സംവിധാനത്തിന് പരിമിതിയുണ്ട്. ഇത് പരിഹരിക്കാന്‍ തിരുനെല്‍വേലി-കൊച്ചി ലൈന്‍ പൂര്‍ത്തിയാക്കണം. മൈസൂര്‍-അരീക്കോട് ലൈന്‍ പൂര്‍ത്തിയാക്കേണ്ടത് മലബാറിലെ പ്രശ്നപരിഹാരത്തിനും അനിവാര്യമാണ്. ഇതിനുപുറമെ ഉഡുപ്പി- മംഗലാപുരം-കാസര്‍കോട്ടെ മയിലാട്ടി ലൈന്‍ സ്ഥാപിക്കേണ്ടതുണ്ട്. കേരളത്തിലെ 400 കെവി പ്രസരണലൈനുകളെ കൂട്ടിയിണക്കുന്ന ശൃംഖലയും ഉണ്ടാകണം. ദക്ഷിണ ഗ്രിഡിനെ ദേശീയ ഗ്രിഡുമായി കൂട്ടിയിണക്കുന്ന പ്രവൃത്തി 2014 ജനുവരി ഒന്നിന് പൂര്‍ത്തിയായി. അതിനാല്‍ ഏതു സംസ്ഥാനത്തുനിന്നുള്ള വൈദ്യുതിയും കേരളത്തിലെത്തിക്കാന്‍ ബുദ്ധിമുട്ടില്ല. ദക്ഷിണ ഗ്രിഡിനെ ദേശീയ ഗ്രിഡുമായി കൂട്ടിയിണക്കിയതിന്റെ പ്രയോജനം കേരളത്തിന് ലഭിക്കണമെങ്കില്‍ തിരുനെല്‍വേലി-കൊച്ചി, മൈസൂര്‍-അരീക്കോട് 400 കെവി ലൈനുകളുടെ പണി പൂര്‍ത്തിയാക്കണം.

വി ജയിന്‍ deshabhimani

Friday, May 23, 2014

കേരളം ഇരുട്ടിലേക്ക്

കടുത്ത വൈദ്യുതി പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനം ഇരുട്ടിലേക്ക് നീങ്ങുന്നു. അടുത്ത വര്‍ഷം കേരളത്തിന്റെ ആവശ്യം കണക്കിലെടുത്ത് വൈദ്യുതി ലഭ്യമാക്കാനുള്ള ആസൂത്രണമോ പ്രവര്‍ത്തനമോ ഇല്ല. 700 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവ് പരിഹരിക്കാനുള്ള മാര്‍ഗം കാണാതെ ഇരുട്ടില്‍ തപ്പുകയാണ് വൈദ്യുതിബോര്‍ഡ്.

കേരളത്തില്‍ വൈദ്യുതി ഉപഭോഗത്തിന്റെ വാര്‍ഷികവര്‍ധന ഏഴ്-എട്ട് ശതമാനമാണ്. 150 കോടി യൂണിറ്റ് വീതം വൈദ്യുതി ഓരോവര്‍ഷവും അധികമായി വേണം. 2013-14ല്‍ 2139 കോടി യൂണിറ്റ് വൈദ്യുതി വേണ്ടിവരുമെന്നാണ് കണക്ക്. 2014-15ല്‍ ഇത് 2280 കോടി യൂണിറ്റെങ്കിലുമാകും. കേരളത്തിന്റെ മൊത്തം ജലവൈദ്യുത പദ്ധതികളില്‍നിന്നും ഡീസല്‍ നിലയങ്ങളില്‍നിന്നും ലഭിക്കുന്നത് 850 കോടി യൂണിറ്റ് മാത്രമാണ്. കായംകുളം നിലയം, ബിഎസ്ഇഎസ് എന്നിവയില്‍ നിന്ന് 100 കോടി യൂണിറ്റ് പ്രതീക്ഷിക്കുന്നു.

കേരളത്തിനു പുറത്തുള്ള കേന്ദ്രനിലയങ്ങളില്‍ നിന്ന് 900 കോടി യൂണിറ്റ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍, 600 കോടി യൂണിറ്റ് കിട്ടുമെന്ന പ്രതീക്ഷയേ സംസ്ഥാനത്തിനുള്ളൂ. 450 കോടി യൂണിറ്റ് വൈദ്യുതി കേരളത്തിനു പുറത്തുള്ള സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങണം. ഈ വൈദ്യുതി വാങ്ങാനുള്ള കരാറുകള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ വലിയ വീഴ്ചയാണ് വരുത്തിയത്. മാത്രമല്ല, സംസ്ഥാന സര്‍ക്കാരും വൈദ്യുതി ബോര്‍ഡും കാട്ടിയ അനാസ്ഥകാരണം ദക്ഷിണ ഗ്രിഡിലൂടെ ഈ വൈദ്യുതി കേരളത്തിലെത്തിക്കാനുള്ള സൗകര്യവും അടഞ്ഞു. ഈ പ്രതിസന്ധി കാരണം 700 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ജലവര്‍ഷം(ജൂണ്‍ ഒന്നുമുതല്‍ മെയ് 31 വരെ) ലഭിച്ച തോതില്‍ മഴ അടുത്ത ജലവര്‍ഷം ലഭിക്കില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. അതനുസരിച്ച് ജലവൈദ്യുത പദ്ധതികളില്‍നിന്നുള്ള ഉല്‍പ്പാദനം കുറയും.

കഴിഞ്ഞ വര്‍ഷം ലഭിച്ച മഴയുടെയും ഈ മാസം ലഭിച്ച വേനല്‍മഴയുടെയും സഹായത്താലാണ് 2013-14ല്‍ വൈദ്യുതി പ്രതിസന്ധി അല്‍പ്പമെങ്കിലും കുറച്ചത്. സതേണ്‍ ഗ്രിഡിലൂടെ വൈദ്യുതി എത്തിക്കാന്‍ കേരളം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതാണ് ഇനിയുള്ള നാളുകളെ ആശങ്കയിലാഴ്ത്തുന്നത്. എസ്1, എസ്2 എന്നിങ്ങനെ വിഭജിച്ച സതേണ്‍ ഗ്രിഡിന്റെ ശേഷി പൂര്‍ണമായും കര്‍ണാടകവും തമിഴ്നാടും ചേര്‍ന്ന് കൈയടക്കി. ഇക്കാര്യത്തില്‍ കേരളത്തിന്റെ അപേക്ഷ അവഗണിച്ചു. ഇതുസംബന്ധിച്ച് അപ്പലേറ്റ് ട്രിബ്യൂണലിന് പരാതി സമര്‍പ്പിച്ചിരിക്കുകയാണ് കേരളം.

കര്‍ണാടകത്തില്‍നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാര്‍പ്രകാരം വൈദ്യുതി ലഭിച്ചില്ല. കര്‍ണാടക വൈദ്യുതി നിയമത്തിലെ 11-ാം വകുപ്പ് പ്രകാരം വൈദ്യുതി കേരളത്തിന് നല്‍കുന്നത് നിരോധിച്ചു. ഇതിനെതിരെ കേരളം ഹൈക്കോടതിയില്‍ വിധി സമ്പാദിച്ചെങ്കിലും പ്രായോഗത്തില്‍ വരുത്താനായിട്ടില്ല. കേരളത്തിന്റെ വൈദ്യുതിക്കുറവ് പരിഹരിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാത്രം വൈദ്യുതി വാങ്ങുകയെന്ന നിലപാടാണ് കേരളത്തിന് വിനയായത്. വൈദ്യുതി മിച്ച സംസ്ഥാനങ്ങളായ ഛത്തീസ്ഗഡ്, ഒഡിഷ, അസം എന്നിവിടങ്ങളില്‍നിന്ന് വൈദ്യുതി വാങ്ങാനുള്ള ശ്രമം നടത്തിയിട്ടുമില്ല.

വി ജയിന്‍ deshabhimani

Monday, May 19, 2014

25 ശതമാനത്തിലേറെ വൈദ്യുതിനിരക്കും കൂട്ടും

വൈദ്യുതിനിരക്ക് കുത്തനെ വര്‍ധിപ്പിച്ചുള്ള തീരുമാനം ആഗസ്തില്‍. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കടക്കം വന്‍വര്‍ധനയ്ക്കുള്ള അനുമതി തേടി വൈദ്യുതി റെഗുലേറ്ററി കമീഷന് കെഎസ്ഇബി അപേക്ഷ നല്‍കി. 25 ശതമാനത്തിനു മുകളില്‍ വര്‍ധനയ്ക്കുള്ള ശുപാര്‍ശകളാണ് നല്‍കിയിരിക്കുന്നത്. 3000 കോടിയുടെ നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബി വന്‍നിരക്കുവര്‍ധന ലക്ഷ്യമിടുന്നത്. നഷ്ടത്തില്‍ പകുതിയിലധികവും ഉപയോക്താക്കളില്‍നിന്ന് ഈടാക്കണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ നിലപാട്. ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ക്കടക്കം വര്‍ധന ഇരുട്ടടിയാകും.

നിലവിലുള്ള സ്ലാബ് സമ്പ്രദായം പൊളിച്ചെഴുതി ഉപയോക്താക്കളെ കൊള്ളയടിക്കാനുള്ള നീക്കത്തിലാണ് വൈദ്യുതി ബോര്‍ഡ്. ബോര്‍ഡിന്റെ അപേക്ഷയില്‍ റഗുലേറ്ററി കമീഷന്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം ആരായും. ഇതിനുശേഷം വര്‍ധനയ്ക്ക് കമീഷന്‍ അനുമതി നല്‍കും. സിറ്റിങ് തീയതി നിശ്ചയിച്ചിട്ടില്ല. ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യത്തോടെയാകും വര്‍ധനയെന്നും സൂചനയുണ്ട്. നിരക്കുവര്‍ധന ശുപാര്‍ശ നല്‍കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പായതിനാല്‍ ബോര്‍ഡ് വൈകിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞ സാഹചര്യത്തില്‍ ഇത് വൈകിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ സര്‍ക്കാരും ബോര്‍ഡും എത്തിച്ചേര്‍ന്നു. പ്രസരണനഷ്ടത്തിനുസരിച്ച് വൈദ്യുതിനിരക്ക് കൂട്ടണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രണ്ടുതവണ വൈദ്യുതിനിരക്ക് കൂട്ടി. ഒരുതവണ സര്‍ചാര്‍ജും ചുമത്തി. പുതിയ വൈദ്യുതി കണക്ഷനുള്ള നിരക്ക് കുത്തനെ കൂട്ടി ഉത്തരവിറക്കിയതും അടുത്തിടെയാണ്. ഗാര്‍ഹിക കണക്ഷന് 300 മുതല്‍ 10,000 രൂപവരെയാണ് കൂട്ടിയത്. വന്‍കിട ഉപയോക്താക്കള്‍ക്കുള്ള നിരക്ക് കുത്തനെ കുറയ്ക്കുകയും ചെയ്തു.

deshabhimani

വൈദ്യുതിപ്രതിസന്ധി രൂക്ഷമാകും

പത്തനംതിട്ട: അറ്റകുറ്റപ്പണികള്‍ക്കായി ശബരിഗിരി ജല വൈദ്യുത പദ്ധതി അടച്ചിടുന്നതോടെ വൈദ്യുതിക്കും വെള്ളത്തിനും പ്രതിസന്ധി നേരിടും. ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 30 വരെയാണ് പദ്ധതിഅടയ്ക്കുന്നത്. പദ്ധതി പൂര്‍ണമായി അടച്ചിടുന്നതോടെ വൈദ്യുതി ഉല്‍പ്പാദനത്തിലും പ്രതിസന്ധിയുണ്ടാകും. അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ കൃഷിയെയും പ്രതികൂലമായി ബാധിക്കും. കക്കിയില്‍നിന്ന് മൂഴിയാര്‍ പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന രണ്ടാം നമ്പര്‍ പെന്‍സ്റ്റോക്ക് പൈപ്പിന്റെ ബട്ടര്‍ഫ്ളൈ വാല്‍വിലുണ്ടായ ചോര്‍ച്ച പരിഹരിക്കുന്നതിനാണ് ഉല്‍പ്പാദനം നിര്‍ത്തിവച്ച് അറ്റകുറ്റപ്പണി നടത്തുന്നത്. മൂന്നു ടണലുകളിലൂടെ ഒഴുകിയെത്തുന്ന ജലമാണ് പവര്‍ഹൗസിലെ ആറ് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇതില്‍ മൂന്നും നാലും ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന വെള്ളം കടന്നുപോകുന്ന രണ്ടാം നമ്പര്‍ വാല്‍വിനാണ് ചോര്‍ച്ച. 2.30 കോടി രൂപ ചെലവഴിച്ചാണ് വൈദ്യുതി ബോര്‍ഡ് വാല്‍വ് മാറ്റിവയ്ക്കുന്നത്.

ശബരിഗിരിയില്‍നിന്ന് 275 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് അടയ്ക്കുന്നതോടെ കക്കാട്, അള്ളുങ്കല്‍, മണിയാര്‍, പെരുനാട് എന്നീ അനുബന്ധ പദ്ധതികളിലെയും ഉല്‍പ്പാദനം നിലയ്ക്കും. അനുബന്ധ പദ്ധതികളിലെല്ലാമായി 65 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതോടെ 340 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. ഇതിനു പകരമായി പുറത്തുനിന്ന് വൈദ്യുതി വാങ്ങാനാണ് നീക്കമെന്നറിയുന്നു. എന്നാലും, വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയുണ്ട്.

അതോടൊപ്പം, കുടിവെള്ളത്തിനും കടുത്ത ക്ഷാമം അനുഭവപ്പെടും. പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ വേനല്‍കാലത്ത് പ്രധാനമായും ആശ്രയിക്കുന്നത് ശബരിഗിരി പദ്ധതിയില്‍നിന്ന് ഉല്‍പ്പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളത്തെയാണ്. ഏതാണ്ട് 35 ലക്ഷം ക്യൂബിക് മീറ്റര്‍ വെള്ളമാണ് ദിവസവും പദ്ധതിയില്‍നിന്ന് കക്കാട്ടാറു വഴി പമ്പയില്‍ എത്തുന്നത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ മിക്ക കുടിവെള്ള പദ്ധതികളിലും പമ്പ് ചെയ്യുന്നത് ഈ വെള്ളമാണ്. പമ്പയിലെ ജലനിരപ്പ് ഇപ്പോള്‍തന്നെ താഴ്ന്നു. കാലവര്‍ഷം നേരത്തെ എത്തിയില്ലെങ്കില്‍ ഈ മേഖലകളില്‍ കുടിവെള്ളപ്രശ്നം രൂക്ഷമാകും. പിഐപിയുടെ കനാല്‍ വഴി മണിയാറില്‍നിന്ന് തിരിച്ചുവിടുന്ന വെള്ളവും ഒട്ടുമിക്ക പ്രദേശങ്ങളുടെയും ദാഹമകറ്റിയിരുന്നു. കാര്‍ഷിക മേഖലയിലെ വരള്‍ച്ച തടയുന്നതിനും കനാലിനു സമീപത്തെ കിണറുകളെ ജലസമൃദ്ധമാക്കാനും കനാല്‍ജലം സഹായിക്കുന്നുണ്ട്. അതേസമയം, മൂഴിയാര്‍, മണിയാര്‍ ഡാമുകളില്‍ വെള്ളം സംഭരിച്ചു നിര്‍ത്തി പ്രതിസന്ധിക്ക് പരിഹാരം കാണാമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.

deshabhimani

Monday, May 12, 2014

വൈദ്യുതിനിരക്ക് ഉടന്‍ കൂട്ടും

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് ഉടന്‍ കൂട്ടും. റഗുലേറ്ററി കമീഷന്റെ പുതിയ സപ്ലൈ കോഡില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ അംഗീകാരം നല്‍കിയ സാഹചര്യത്തിലാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഈ വര്‍ഷം ലോഡ്ഷെഡിങ്ങും പവര്‍കട്ടും ഉണ്ടാവില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രഖ്യാപിച്ചിരുന്നെങ്കിലും മഴ ശക്തമായില്ലെങ്കില്‍ മെയ് മൂന്നാം വാരത്തോടെ ലോഡ് ഷെഡിങ് അനിവാര്യമാകുമെന്ന് കെഎസ്ഇബി അധികൃതര്‍ സൂചിപ്പിച്ചു.

വൈദ്യുതിവിതരണ വ്യവസ്ഥകള്‍ നിര്‍ദേശിക്കുന്ന ഈ വര്‍ഷത്തെ സപ്ലൈ കോഡിലാണ് നിരക്ക് ഉയര്‍ത്തി ബോര്‍ഡിന്റെ ബാധ്യതകള്‍ പരിഹരിക്കണമെന്ന് നിര്‍ദേശിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ ഈ കോഡ് നിലവില്‍വന്നെങ്കിലും ചില കാര്യങ്ങളില്‍ വിശദീകരണം ആവശ്യമായതിനാല്‍ നടപ്പായിട്ടില്ല. സപ്ലൈകോഡ് ഉടന്‍ നടപ്പാക്കുന്നതിനോടൊപ്പം നിരക്കും വര്‍ധിപ്പിക്കാനാണ് നീക്കം. ഒരു മെഗാവാട്ട്വരെ വൈദ്യുതി ആവശ്യമായ കണക്ഷനുകള്‍ക്കുള്ള സാമഗ്രികള്‍ ബോര്‍ഡ് നല്‍കും. ഇതിന്റെ ബാധ്യതക്ക് നിരക്ക് വര്‍ധിപ്പിക്കാമെന്നുമാണ് സപ്ലൈകോഡില്‍ പറയുന്നത്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കടക്കം നിരക്ക് കൂട്ടാനാണ് നീക്കം. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം രണ്ടു തവണ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. ഒരിക്കല്‍ സര്‍ചാര്‍ജും ചുമത്തി.

നിലവില്‍ ജൂണ്‍ ആദ്യവാരംവരെ വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള വെള്ളമേ ഡാമുകളിലുള്ളൂ. 250 മെഗാവാട്ട് ശേഷിയുള്ള മൂഴിയാര്‍ നിലയം അറ്റകുറ്റപ്പണികള്‍ക്ക് 20ന് അടയ്ക്കും. മെയ് ഇരുപതോടെ നല്ല മഴ കിട്ടിയില്ലെങ്കില്‍ അരമണിക്കൂര്‍ വീതമെങ്കിലും ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് കെഎസ്ഇബിയിലെ ഉന്നതന്‍ ദേശാഭിമാനിയോടു പറഞ്ഞു. കഴിഞ്ഞവര്‍ഷം മെച്ചപ്പെട്ട കാലവര്‍ഷം കിട്ടിയിട്ടും ലോഡ് ഷെഡിങ് അനിവാര്യമാക്കിയത് വൈദ്യുതി വകുപ്പിന്റെ ആസൂത്രണത്തിലെ പാളിച്ചയാണ്. അതേസമയം തെരഞ്ഞെടുപ്പും പരീക്ഷകളും കഴിഞ്ഞപ്പോള്‍ സംസ്ഥാന വ്യാപകമായി അപ്രഖ്യാപിത പവര്‍കട്ട് തുടരുകയാണ്. അറ്റകുറ്റപ്പണികളുടെ പേരില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും പകല്‍സമയത്ത് വൈദ്യുതിയില്ല. ദൈനംദിന വൈദ്യുതി ഉപയോഗം കഴിഞ്ഞ മാസം 70-71 ദശലക്ഷം യൂണിറ്റുവരെയായി സര്‍വകാല റെക്കോഡിലെത്തിയിരുന്നു. പത്തു ദശലക്ഷം യൂണിറ്റുവരെ വന്‍ വിലയ്ക്ക് പുറമെനിന്ന് വൈദ്യുതി വാങ്ങിയാണ് പവര്‍കട്ട് ഒഴിവാക്കിയത്. ഇപ്പോള്‍ ദൈനംദിന ഉപയോഗം ശരാശരി 62 ദശലക്ഷം യൂണിറ്റാണ്. ആഭ്യന്തര ഉല്‍പ്പാദനം 30 ദശലക്ഷം യൂണിറ്റാണ്.

വി എം രാധാകൃഷ്ണന്‍ deshabhimani

Monday, May 5, 2014

വൈദ്യുതി കണക്ഷന്റെ പേരില്‍ വന്‍ കൊള്ള: എ കെ ബാലന്‍

പാലക്കാട്: വൈദ്യുതിനിരക്കും സര്‍വീസ്ചാര്‍ജും വര്‍ധിപ്പിച്ച് ഇരുട്ടടി നല്‍കിയ യുഡിഎഫ് സര്‍ക്കാര്‍ വൈദ്യുതി കണക്ഷന്റെ പേരില്‍ മുമ്പെങ്ങുമില്ലാത്തവിധം ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് ജനങ്ങളെ കൊള്ളയടിക്കാനാണെന്ന് മുന്‍ വൈദ്യുതി മന്ത്രി എ കെ ബാലന്‍ എംഎല്‍എ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം രണ്ടുതവണയായി 2500 കോടിരൂപയുടെ താരിഫ് വര്‍ധനയാണ് വരുത്തിയത്. 1500 കോടി രൂപയുടെ വര്‍ധന ഉടന്‍ വരാന്‍പോകുന്നു. തെരഞ്ഞെടുപ്പിന്മുമ്പ് തയ്യാറാക്കിയ നിരക്ക്വര്‍ധന ജനകീയപ്രതിഷേധം ഭയന്നാണ്, തെരഞ്ഞെടുപ്പിനുശേഷം നടപ്പാക്കുന്നത്. സാധാരണക്കാര്‍ക്ക് വൈദ്യുതികണക്ഷന്‍ നിഷേധിക്കുന്ന നിലയിലുള്ള വര്‍ധനയാണ് വരുത്തുന്നത്. ഒരുപോസ്റ്റ് മാത്രം വേണ്ട കണക്ഷന് നിലവിലുള്ള നിരക്കായ 8600 രൂപയില്‍നിന്ന് 11500 രൂപയായും സപ്പോര്‍ട് പോസ്റ്റ്മാത്രം വേണ്ട കണക്ഷന് 2,350 രൂപയില്‍നിന്ന് 4000 രൂപയാക്കിയും വര്‍ധിപ്പിച്ചു. പോസ്റ്റുകള്‍ മാറ്റുന്നതിന് 2009ലെ നിരക്കിന്റെ 143 ശതമാനംവരെ കൂട്ടി. പോസ്റ്റ് വേണ്ടാത്ത കണക്ഷനുപോലും 16 ശതമാനത്തിന്റെ വര്‍ധന. രണ്ട് പോസ്റ്റ് വേണ്ട കണക്ഷന് 11900 രൂപയും (43 ശതമാനം വര്‍ധന), മൂന്നു പോസ്റ്റ് വേണ്ട കണക്ഷന് 26100 രൂപ (45 ശതമാനം), നാല് പോസ്റ്റ് വേണ്ട കണക്ഷന് 33700 രൂപ(46ശതമാനം വര്‍ധന)യായും ഉയര്‍ത്തി. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് കണക്ഷനെടുക്കേണ്ട വ്യവസായ ഉപഭോക്താക്കള്‍ 25 ശതമാനം അധികനിരക്ക് നല്‍കണം. കണക്ടഡ്ലോഡ് 10 കിലോവാട്ട് 25 ആക്കാന്‍ 10200 രൂപയും 25ല്‍നിന്ന് 50 ആക്കാന്‍ 16600 രൂപയും 50ല്‍നിന്ന് 100 ആക്കാന്‍ 19250 രൂപയും ഇനി അടയ്ക്കണം.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി എല്ലാ വിഭാഗം ഗാര്‍ഹിക കണക്ഷനും സൗജന്യമായി നല്‍കിയിരുന്നു. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ 2011 ഒക്ടോബറോടെ സൗജന്യം എല്ലാം നിര്‍ത്തി. ക്യാന്‍സര്‍രോഗികള്‍ക്കുപോലും സൗജന്യ കണക്ഷന്‍ നല്‍കുന്നില്ല. വൈദ്യുതികണക്ഷന്‍ വേണ്ടവരെല്ലാം ഒവൈഇസി അടയ്ക്കണമെന്ന സ്ഥിതിയാണ്. ഇതിനുപുറമെയാണ് കണക്ഷന്‍ നിരക്കുകളില്‍ വന്‍ വര്‍ധനയും വരുത്തിയത്. ഇത് ജനങ്ങളെ കൊള്ളയടിക്കലാണെന്നും എ കെ ബാലന്‍ എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

Monday, April 14, 2014

ഇരുട്ടിലേക്ക് നീങ്ങുന്ന കേരളം

കേരളത്തിന്റെ വൈദ്യുതിമേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. വൈദ്യുതി നിയന്ത്രണങ്ങളുടെയും താരിഫ് വര്‍ധനയുടെയും ഫലമായി വികസനമേഖലകള്‍ താറുമാറാകുന്ന സ്ഥിതിയാണ്. ചെറുകിട ജലവൈദ്യുതപദ്ധതികളുടെ നിര്‍മാണം പാതിവഴിയിലായതോടെ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനും വിലവര്‍ധിപ്പിക്കാനും തീരുമാനിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പായതിനാല്‍ തല്‍ക്കാലം മരവിപ്പിച്ചുനിര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തീരുമാനം നടപ്പാക്കാനാണ് നീക്കം.

ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് വൈദ്യുതിരംഗത്തെ പ്രതിസന്ധിക്കു കാരണം. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യം കണക്കിലെടുത്ത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍, മൂന്നു വര്‍ഷത്തേക്ക് 500 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ 2011 മാര്‍ച്ചില്‍ സ്വീകരിച്ചിരുന്നു. കേരളം ഉള്‍പ്പെടുന്ന തെക്കന്‍ ഗ്രിഡിലേക്ക് വൈദ്യുതി കൊണ്ടുവരുന്നതിനുള്ള പ്രസരണ കോറിഡോറിന്റെ ലഭ്യതക്കുറവുകൂടി പരിഗണിച്ചാണ് മീഡിയം ടേം ഓപ്പണ്‍ ആക്സസ് സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് ആ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഇതോടൊപ്പം 2011-12 വര്‍ഷത്തേക്ക് കര്‍ണാടകത്തില്‍നിന്ന് 100 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനും കരാറുണ്ടാക്കി. എന്നാല്‍, ഭരണമാറ്റത്തെത്തുടര്‍ന്ന് ഈ നടപടികള്‍ ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ടായി. കര്‍ണാടകത്തില്‍നിന്നുള്ള വൈദ്യുതി കരാര്‍ റദ്ദുചെയ്യാനും 500 മെഗാവാട്ടിന്റെ ടെന്‍ഡര്‍ നടപടികള്‍ ഉപേക്ഷിക്കാനും തീരുമാനിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 208 മെഗാവാട്ട് വൈദ്യുതിയാണ് പുതുതായി ഉല്‍പ്പാദിപ്പിച്ചത്. അനാവശ്യ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനും ഊര്‍ജസംരക്ഷണസന്ദേശം പ്രചരിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കി. ഒന്നരക്കോടി സിഎഫ്എല്‍ വിതരണമടക്കം ഡിമാന്‍ഡ് സൈഡ് മാനേജ്മെന്റിലും ഊര്‍ജസംരക്ഷണമേഖലയിലും കേരളം നടത്തിയ ഇടപെടലുകള്‍ രാജ്യശ്രദ്ധ നേടി. പ്രസരണനഷ്ടം കുറയ്ക്കുന്നതിനും നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി 97 സബ്സ്റ്റേഷനുകള്‍ കമീഷന്‍ ചെയ്തു. പതിനാലായിരത്തോളം കിലോമീറ്റര്‍ 11 കെവി ലൈനും ഇരുപത്തൊന്നായിരത്തോളം വിതരണ ട്രാന്‍സ്ഫോര്‍മറുകളും സ്ഥാപിച്ചു. 2006 മാര്‍ച്ചില്‍ 24.6 ശതമാനമായിരുന്ന പ്രസരണനഷ്ടം 2011 മാര്‍ച്ച് ആകുമ്പോഴേക്കും 16.19 ശതമാനമായി കുറഞ്ഞു. ഇതുവഴി 1500 മില്യണ്‍ യൂണിറ്റോളം വൈദ്യുതിയാണ് ലാഭിക്കാനായത്.

യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ സമ്പൂര്‍ണ വൈദ്യുതീകരണവും സൗജന്യ കണക്ഷനുകളും നിര്‍ത്തലാക്കി. എല്‍ഡിഎഫ് ഭരണകാലത്ത് 85 മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടന്നെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഒരിടത്തു മാത്രമാണ് ഈ ലക്ഷ്യം കൈവരിച്ചത്. ഉപയോക്താക്കളുടെ വര്‍ധനയ്ക്കനുസരിച്ച് തസ്തികകള്‍ സൃഷ്ടിക്കുന്നില്ല എന്നുമാത്രമല്ല, വിരമിക്കുന്നവര്‍ക്ക് പകരം നിയമനവും നടക്കുന്നില്ല. ജീവനക്കാരുടെ കുറവും സാധനസാമഗ്രികളുടെ ലഭ്യതയില്ലായ്മയും എല്ലാംചേര്‍ന്ന് ഉപഭോക്തൃസേവനം താറുമാറാക്കി. സേവനങ്ങളിലെ അസംതൃപ്തി പലയിടത്തും ജനങ്ങളും ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങളിലേക്ക് നീങ്ങുന്നു.

വൈദ്യുതി ഉല്‍പ്പാദനരംഗത്തും സ്ഥിതി ഇതുതന്നെ. പള്ളിവാസല്‍ എക്സ്റ്റെന്‍ഷന്‍, തോട്ടിയാര്‍, ചാത്തങ്കോട്ടുനട, വിലങ്ങാട് എന്നിങ്ങനെ ഒട്ടുമിക്ക വൈദ്യുതി ഉല്‍പ്പാദനപദ്ധതികളും മുടങ്ങിയ അവസ്ഥയിലോ ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയിലോ ആണ്. 2012ല്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന തോട്ടിയാര്‍ പദ്ധതിയുടെ പണി 18 ശതമാനത്തോളമേ ആയിട്ടുള്ളൂ. കരാറുകാരനെ കൊണ്ട് പണിചെയ്യിക്കാനുള്ള ബോര്‍ഡിന്റെ അനാസ്ഥയാണ് പദ്ധതി പാളാനിടയാക്കിയത്. 40 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയാണ് മാങ്കുളം രണ്ടാംഘട്ടം. പ്രാഥമിക സര്‍വേ ജോലികള്‍ പൂര്‍ത്തിയായി. തുടര്‍നടപടികള്‍ എടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇതിനുള്ള അനുമതി അസാധ്യമായിരിക്കുകയാണ്. വൈദ്യുതി ഉല്‍പ്പാദനത്തില്‍ കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കിയ ഒന്നായിരുന്നു ബൈതരണി കല്‍ക്കരിപ്പാടം. ഖനനടപടികളില്‍ പുരോഗതിയില്ലെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ആ പാടം തിരിച്ചെടുത്തു. ഇക്കാര്യത്തില്‍ ഒരു ഇടപെടലും സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. വൈദ്യുതി ഉല്‍പ്പാദനരംഗത്ത് കുറേ പ്രകൃതിവാതകനിലയങ്ങള്‍ നിര്‍മിക്കാന്‍ പോകുന്നെന്ന് ഇടയ്ക്കിടെ വൈദ്യുതി മന്ത്രി പ്രസ്താവിക്കാറുണ്ട്. ഇങ്ങനെ പറഞ്ഞുപോകുന്നതല്ലാതെ നിലയങ്ങളുടെ സാധ്യതാപഠനം പോലും ഏറ്റെടുക്കപ്പെട്ടിട്ടില്ല. ചീമേനി താപവൈദ്യുതനിലയം എമര്‍ജിങ് കേരളയില്‍ വില്‍പ്പനയ്ക്ക് വച്ചതുമാത്രമാണ് സര്‍ക്കാരില്‍നിന്നുണ്ടായ ഏകനടപടി. അത് മാധ്യമങ്ങളില്‍ വിവാദമായതിനാല്‍ പദ്ധതിക്കുവേണ്ടി മാറ്റിവച്ച 1621 ഏക്കര്‍ സ്ഥലം വിറ്റുകാശാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രം.

വൈദ്യുതി പ്രസരണരംഗത്തും കടുത്ത സ്തംഭനാവസ്ഥയാണ്. വര്‍ഷം ശരാശരി 20 സബ്സ്സ്റ്റേഷനുകള്‍ പൂര്‍ത്തിയായിരുന്ന കേരളത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷംകൊണ്ട് 20 സബ്സ്റ്റേഷനുകള്‍പോലും പൂര്‍ത്തിയായിട്ടില്ല. കൂടങ്കുളത്തുനിന്ന് കേരളത്തിലേക്ക് വൈദ്യുതി കൊണ്ടുവരുന്നതിന് നിര്‍മാണം തുടങ്ങിയ തിരുനെല്‍വേലി കൊച്ചി 400 കെവി ലൈന്‍ ഉപേക്ഷിച്ചമട്ടാണ്. 400 കെവി പവര്‍ ഹൈവേ എന്ന കാഴ്ചപ്പാട് കേള്‍ക്കാന്‍പോലുമില്ല. വൈദ്യുതിനിരക്കിന്റെ കാര്യത്തില്‍ രണ്ടു വര്‍ഷത്തിനിടയില്‍ 40 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്ന് നിയമസഭയില്‍ മന്ത്രി തന്നെ വ്യക്തമാക്കി. കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട വിഹിതം വാങ്ങിയെടുക്കുന്ന കാര്യത്തിലും കുറവാണ് രേഖപ്പെടുത്തിയത്.

ഈ അവസ്ഥയ്ക്കുത്തരവാദി യുഡിഎഫ് സര്‍ക്കാര്‍ മാത്രമാണ്. കേരളത്തെ വീണ്ടും ഇരുട്ടിലേക്ക് തള്ളിയിട്ടവരെന്ന് ചരിത്രം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വിലയിരുത്തും. വൈദ്യുതിമേഖലയെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാനുള്ള പോരാട്ടം യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധതയ്ക്കെതിരായ രാഷ്ട്രീയപോരാട്ടത്തിന്റെ ഭാഗമായിത്തന്നെ ഏറ്റെടുക്കപ്പെടണം.

deshabhimani editorial

Sunday, April 13, 2014

സംസ്ഥാനം പവര്‍കട്ടിലേക്ക്

ചെറുകിട ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണം പാതിവഴിയിലായതോടെ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. ബോര്‍ഡ് മാനേജ്മെന്റ് തലത്തിലെ ചേരിപ്പോരും വൈദ്യുതി മന്ത്രിയുടെ അലംഭാവവുമാണ് പ്രതിസന്ധിയ്ക്ക് കാരണം. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വൈദ്യുതി നിയന്ത്രണവും വിലവര്‍ധനയും ഉടന്‍ ഉണ്ടാകും. പ്രധാന പദ്ധതികളിലൊന്നായ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി 2011 മാര്‍ച്ചില്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. 60 മെഗാവാട്ടിന്റേതാണ് പദ്ധതി. മൂന്നാര്‍ ഹെഡ്വര്‍ക്ക് ഡാമില്‍നിന്ന് പുതിയ പെന്‍സ്റ്റോക്ക് വഴി വെള്ളം പവര്‍ഹൗസിലെത്തിക്കേണ്ട ഇന്‍ടേക്ക് ടണല്‍ നിര്‍മാണം തുടങ്ങിയിരുന്നു. എന്നാല്‍ രണ്ടര വര്‍ഷമായി നടക്കുന്ന ടണല്‍ നിര്‍മാണത്തില്‍ പുരോഗതിയില്ല. 40 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ മാങ്കുളം പദ്ധതിയുടെ സ്ഥലമേറ്റെടുപ്പും അനന്തമായി നീളകയാണ്. ബോര്‍ഡ് അംഗം എത്താത്തതിനാല്‍ പദ്ധതിയുടെ പര്‍ച്ചേസ് കമ്മിറ്റി യോഗം സമയത്ത് ചേരാന്‍ കഴിയുന്നില്ലെന്ന് പര്‍ച്ചേസ് കമ്മിറ്റിയംഗങ്ങള്‍ പറയുന്നു.
2012ല്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന തൊട്ടിയാര്‍ പദ്ധതിയുടെ പണി 18 ശതമാനത്തോളമേ ആയിട്ടുള്ളൂ. കരാറുകാരനെക്കൊണ്ട് പണിചെയ്യിക്കാനുള്ള ബോര്‍ഡിന്റെ അനാസ്ഥയാണ് പദ്ധതി പാളാനിടയാക്കിയത്. കാലാവധികഴിഞ്ഞ് പണി നീളുന്നതിനാല്‍ കരാറുകാരന് അധിക തുക നല്‍കേണ്ടിവരും. രണ്ടാംഘട്ടത്തില്‍ 85 മെഗാവാട്ട് യൂണിറ്റ് വൈദ്യുതി അധികമായി ലഭ്യമാക്കാനായിരുന്നു പദ്ധതി. 2010ല്‍ നിര്‍മാണം ആരംഭിച്ച് 2013ല്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഏറ്റവും ചെലവ് കുറഞ്ഞ പദ്ധതിയാണിത്. യൂണിറ്റിന് 1.30 പൈസ മാത്രമാണ് ഉല്‍പ്പാദനച്ചെലവ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആറുമാസത്തിലൊരിക്കല്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി ഇടപെടലുകള്‍ നടത്തിയിരുന്നു. ഇപ്പോള്‍ എല്ലാം നിലച്ചു. 2015വരെ നീട്ടിയിട്ടുണ്ടെങ്കിലും പദ്ധതി എന്ന് പൂര്‍ത്തിയാകുമെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. എന്‍ജിനിയര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല.

വിരിപ്പാറ, രാജമല ഡൈവേര്‍ഷന്‍, കീരിത്തോട്, മാങ്കുളം രണ്ടാംഘട്ട പദ്ധതികളും ഉപേക്ഷിച്ച നിലയിലാണ്. 40 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് മാങ്കുളം രണ്ടാഘട്ടം. പ്രാഥമിക സര്‍വേജോലികള്‍ പൂര്‍ത്തിയായി. തുടര്‍നടപടികള്‍ എടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇതിനുളള അനുമതി അസാധ്യമായിരിക്കുകയാണ്. ഇപ്പോള്‍ യൂണിറ്റിന് 17 രൂപയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നല്‍കുന്നത്. സാമ്പത്തികപ്രതിസന്ധി നേരിടുന്ന സര്‍ക്കാരിന് ഇത് എത്രനാളത്തേക്ക് തുടരാന്‍ കഴിയുമെന്ന് പറയാനാവില്ല.

ടി കെ സുധേഷ് കുമാര്‍ deshabhimani

Monday, April 7, 2014

വൈദ്യുതി നിരക്കും വെള്ളക്കരവും കുത്തനെ കൂട്ടും

സാധാരണക്കാര്‍ക്ക് ഇരുട്ടടിയും അധികബാധ്യതയുമായി വൈദ്യുതി നിരക്കും വെള്ളക്കരവും ഈ മാസം അവസാനത്തോടെ കുത്തനെ വര്‍ധിപ്പിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും. പുതുക്കിയ നിരക്കുവര്‍ധന ഈ മാസംമുതല്‍ നിലവില്‍ വരും. വൈദ്യുതി നിരക്ക് മുപ്പതുമുതല്‍ നാല്‍പ്പത് ശതമാനംവരെയും വെള്ളക്കരം അഞ്ചിരട്ടിയുമായാണ് വര്‍ധിപ്പിക്കുക. വൈദ്യുതി, ശുദ്ധജല നിരക്കുകളില്‍ ഇത്രയധികം നിരക്കുവര്‍ധന സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്.

നിരക്കുവര്‍ധന നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പായതിനാല്‍ രഹസ്യമാക്കിയിരിക്കുകയാണ്. ഗാര്‍ഹിക ഉപയോക്താക്കളില്‍നിന്നും ചെറുകിടക്കാരില്‍നിന്നും അധികനിരക്ക് ഈടാക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം. നിരക്കുവര്‍ധന അമ്പതു ശതമാനമായേക്കുമെന്നും സൂചനയുണ്ട്. പുതിയ നിരക്കുവര്‍ധനയിലൂടെ 3200 കോടി അധികവിഭവ സമാഹരണമാണ് ലക്ഷ്യമിടുന്നത്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഇതോടെ വന്‍ നിരക്കുവര്‍ധനയാണ് ഉണ്ടാവുക. ഇതു കൂടാതെ ഇപ്പോഴത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ പേരിലുള്ള തെര്‍മല്‍ സര്‍ചാര്‍ജ് കൂടി ഉപയോക്താക്കള്‍ നല്‍കേണ്ടി വരും.

തെരഞ്ഞെടുപ്പു നടക്കുന്ന 10 നുശേഷം നിരക്ക് വര്‍ധിപ്പിക്കാനുള്ള തുടര്‍ നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കും. നിരക്കുവര്‍ധന സംബന്ധിച്ച നിവേദന(താരിഫ്പെറ്റീഷന്‍)വും വരവ് ചെലവ് കണക്കുകളും വൈദ്യുതി റഗുലേറ്ററി കമീഷന് കെഎസ്ഇബി പത്തിന് ശേഷം സമര്‍പ്പിക്കും. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഇത് ഫെബ്രുവരിയില്‍തന്നെ തയ്യാറാക്കിയിരുന്നു. വന്‍ വര്‍ധന ശുപാര്‍ശകളിലുള്ളതിനാല്‍ തെരഞ്ഞെടുപ്പു കഴിഞ്ഞശേഷം കമീഷന് സമര്‍പ്പിച്ചാല്‍ മതിയെന്ന് നിര്‍ദേശിക്കുകയായിരുന്നു സര്‍ക്കാര്‍. ഇതിന്റെ അടിസ്ഥാനത്തില്‍ താരിഫ്പെറ്റീഷനും വരവ് ചെലവ് കണക്കുകളും സമര്‍പ്പിക്കുന്നതിന് രണ്ടു തവണ കമീഷന്‍ സമയം നീട്ടി നല്‍കി.

പ്രസരണ നഷ്ടത്തിന് അനുസരിച്ച് വൈദ്യുതിനിരക്ക് കൂട്ടാനുള്ള നീക്കവും സജീവ പരിഗണനയിലാണ്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും വ്യാപാരികള്‍ക്കും വന്‍ തിരിച്ചടിയാകും ഈ തീരുമാനം. പ്രസരണനഷ്ടം ഏറ്റവും കൂടുതല്‍ വരുത്തുന്നത് ഈ വിഭാഗക്കാരാണെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. നിരക്കുവര്‍ധന ഇതിന്റെ അടിസ്ഥാനത്തിലാകുന്നതോടെ അമിത ഭാരത്താല്‍ ഉപയോക്താക്കള്‍ പൊറുതിമുട്ടും. ഇതു കൂടാതെ കെഎസ്ഇബിയുടെ കമ്പനിവല്‍ക്കരണംമൂലം ഉണ്ടാകുന്ന ബാധ്യതകളും ഉപയോക്താക്കള്‍ക്ക് പേറേണ്ടി വരും.

വാട്ടര്‍ അതോറിറ്റി വിതരണംചെയ്യുന്ന വെള്ളത്തിന്റെ നിരക്ക് അഞ്ചിരട്ടി മുതല്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുള്ള വെള്ളക്കരം മിനിമം നിരക്ക് നൂറുരൂപയാക്കും. ഇത് നിലവില്‍ 22 രൂപയാണ്. കിലോലിറ്ററിന് നാല് രൂപയെന്നത് എട്ടു മുതല്‍ പത്തു രൂപയ്ക്ക് മുകളിലെത്തും. ഗാര്‍ഹിതേതര വിഭാഗത്തില്‍ കിലോലിറ്ററിന് 14 രൂപയില്‍നിന്ന് 30 രൂപയാക്കും.

ദിലീപ് മലയാലപ്പുഴ deshabhimani