Showing posts with label ശ്രീരാമസേന. Show all posts
Showing posts with label ശ്രീരാമസേന. Show all posts

Saturday, April 20, 2013

മോഡിയെ സന്ദര്‍ശിച്ചത് തെറ്റായിപ്പോയി:ഷിബു ബേബിജോണ്‍


ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചത് തെറ്റായിപ്പോയെന്ന് ബോധ്യപ്പെട്ടെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍. കഴിഞ്ഞ വ്യാഴാഴ്ച ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ ആറന്‍മുള കണ്ണാടിയും ഷിബു മോഡിയ്ക്ക് സമ്മാനിച്ചിരുന്നു. വികസന ചര്‍ച്ചകള്‍ക്കാണ് താന്‍ മോഡിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഷിബു-മോഡി കൂടിക്കാഴ്ച വന്‍ വിവാദമായതോടെയാണ് തെറ്റുപറ്റിയെന്ന വിശദീകരണവുമായി ഷിബു രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ അനുമതിയോടെയല്ലായിരുന്നു തന്റെ സന്ദര്‍ശനമെന്നും മന്ത്രി പറഞ്ഞു. ഷിബുവിന്റെ ഗുജറാത്ത് സന്ദര്‍ശനത്തിനെതിരെ യുഡിഎഫ് ഘടകകക്ഷികളടക്കം രംഗത്തെത്തിയിരുന്നു. മന്ത്രിമാരുടെ ഇത്തരം സന്ദര്‍ശനങ്ങള്‍ മുഖ്യമന്ത്രി വിലക്കണമെന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവി ആവശ്യപ്പെട്ടു. കേരളം പോലെ വികസനമുള്ള സംസ്ഥാനത്തിലെ മന്ത്രി ഗുജറാത്തിലെ വികസനം മാതൃകയാക്കാന്‍ പോയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷിബുവിന്റെ മോഡി സന്ദര്‍ശനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും അതൃപ്തിയുണ്ട്. ഷിബുവിനെതിരേ കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാലും രംഗത്തുവന്നു. കേരളാ വികസനത്തിന് മോഡിയുടെ ഔദാര്യം വേണ്ടെന്നായിരുന്നു ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ പ്രതികരണം.

deshabhimani

Tuesday, January 24, 2012

സിബിഐക്ക് സൗകര്യമൊരുക്കാത്ത മോഡി സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശം

അഹമ്മദാബാദ്: ഏറ്റുമുട്ടല്‍കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താത്ത ഗുജറാത്തിലെ നരേന്ദ്രമോഡി സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. 2003 ജനുവരി 12ന് നരോദയില്‍ സാദിഖ് മേഹ്തറെ ക്രൈംബ്രാഞ്ച് പൊലീസ് വെടിവച്ചുകൊന്ന കേസ് അന്വേഷിക്കുന്ന സിബിഐയ്ക്ക് ഓഫീസും മറ്റും ഒരുക്കാത്തതിനെയാണ് ഗുജറാത്ത് ഹൈക്കോടതി വിമര്‍ശിച്ചത്. ആറുമാസമായിട്ടും അന്വേഷകസംഘത്തിന് ഒരു സൗകര്യവും ഏര്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടെന്ന് ജസ്റ്റിസ് എം ആര്‍ ഷാ ചോദിച്ചു. ഇക്കാലയളവില്‍ എഴുത്തുകുത്തുകളല്ലാതെ മറ്റൊന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പത്ത് ദിവസത്തിനകം എല്ലാ സൗകര്യവും ഒരുക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഉറപ്പുനല്‍കി. ഗാന്ധിനഗറില്‍ 2,500 ചതുരശ്ര അടിയില്‍ ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സൗകര്യത്തോടെയുള്ള ഓഫീസ് നല്‍കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയത്.

ഹൈക്കോടതി ഇടപെട്ടാണ് സാദിഖ് ഏറ്റുമുട്ടല്‍ കേസ് ഗുജറാത്ത് പൊലീസില്‍നിന്ന് സിബിഐയ്ക്ക് വിട്ടത്. കഴിഞ്ഞ ജൂണ്‍ 16ന് കേസ് ഏല്‍പ്പിക്കുമ്പോള്‍ ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ , ആറുമാസം കൂടി സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണ സംവിധാനത്തിന് സൗകര്യമെന്നും ഇല്ലെന്നും ഹോട്ടലുകളിലും സര്‍ക്കാര്‍ വിശ്രമ കേന്ദ്രങ്ങളിലും മറ്റുമാണ് പ്രവര്‍ത്തിക്കുന്നതെന്നും സിബിഐ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി നടപടി. കേസ് ഫെബ്രുവരി ഏഴിന് വീണ്ടും കോടതി പരിഗണിക്കും.

മലേഗാവ് കേസില്‍ ജയിലിലായ മുന്‍ സൈനികന്‍ സ്ഥാനാര്‍ഥി

ലഖ്നൗ: മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും മുന്‍ മേജറുമായ രമേശ് ഉപാധ്യായ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് തലോജ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന രമേശ് അഖില ഭാരത് ഹിന്ദു മഹാസഭാ സ്ഥാനാര്‍ഥിയായി ബൈരിയ മണ്ഡത്തിലാണ് പത്രിക നല്‍കിയത്. 2008 സെപ്തംബര്‍ 29ന് ആറുപേരുടെ മരണത്തിനും നൂറിലധികംപേരുടെ മരണത്തിനും ഇടയാക്കിയ മലേഗാവ് സ്ഫോടനത്തില്‍ പ്രധാന പ്രതി ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിനൊപ്പം ഗൂഢാലോചന നടത്തിയതിനാണ് രമേശ് അറസ്റ്റിലായത്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ 12 പേരെയാണ് അറസ്റ്റ്ചെയ്തത്. മൂന്നുപേര്‍ക്ക് പിന്നീട് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ശ്രീരാമസേനയെ നിരോധിക്കില്ല: കര്‍ണാടക മന്ത്രി

ബംഗളൂരു: ശ്രീരാമസേനയെ കര്‍ണാടകത്തില്‍ നിരോധിക്കില്ലെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി ആര്‍ അശോക്. ബിജാപുരിലെ സിന്ദഗി താലൂക്ക് ഓഫീസില്‍ പുതുവത്സരദിനത്തില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ സേനയുടെ പങ്ക് വെളിപ്പെട്ടെങ്കിലും ഇപ്പോള്‍ സംഘടന നിരോധിക്കാനുള്ള സാഹചര്യമില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിന്ദഗി സംഭവത്തില്‍ ശ്രീരാമസേനയാണ് പാക് പതാക ഉയര്‍ത്തിയതെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂര്‍ണമായശേഷമേ സംഘടന നിരോധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ- മന്ത്രി പറഞ്ഞു. പുതുവത്സരദിനത്തില്‍ ശ്രീരാമസേനാ പ്രവര്‍ത്തകര്‍ സിന്ദഗി താലൂക്ക് ഓഫീസില്‍ പാക് പതാക ഉയര്‍ത്തിയത് വര്‍ഗീയ കലാപം ലക്ഷ്യമിട്ടാണ്. സംഭവവുമായി ബന്ധപ്പെട്ട് സേനാ പ്രവര്‍ത്തകരായ ആറ് കോളേജ് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റുചെയ്തു.

deshabhimani 240112

Thursday, January 5, 2012

പാക് പതാക ഉയര്‍ത്തിയത് ശ്രീരാമസേന; 6 പേര്‍ അറസ്റ്റില്‍

കര്‍ണാടകത്തിലെ ബിജാപുര്‍ ജില്ലയിലെ സിന്ദഗി താലൂക്ക് ഓഫീസില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ ആറ് ശ്രീരാമസേന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്ചെയ്തു. കേസില്‍ മറ്റൊരു പ്രതി ഒളിവിലാണ്. വര്‍ഗീയ കലാപം സൃഷ്ടിക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് ബിജാപുര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് സി എസ് രാജപ്പ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശ്രീരാമസേനയുടെ വിദ്യാര്‍ഥിവിഭാഗം ജില്ലാപ്രസിഡന്റ് രാജേഷ് സിദ്ധരായ്യമഠ, അനില്‍കുമാര്‍ ശ്രീരാംസോളങ്കര്‍ , മല്ല വിനയ്കുമാര്‍ പാട്ടീല്‍ , പരശുറാം അശോക് മോറെ, രോഹിത് ഈശ്വര്‍നായ്ക്, സുനില്‍ മടിവാരപാദവര എന്നിവരെയാണ് അറസ്റ്റുചെയ്തത്. സംഭവത്തിന്റെ സൂത്രധാരന്‍ അരുണ്‍ വെഗര്‍മോറെ ഒളിവിലാണ്. പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

പുതുവത്സരദിനത്തില്‍ രാവിലെ ഒമ്പതരയോടെയാണ് താലൂക്ക് ഓഫീസിലെ കൊടിമരത്തില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയതായി കണ്ടത്. ഇതില്‍ പ്രതിഷേധിച്ച് നടന്ന ബന്ദിലും പ്രകടനങ്ങളിലും അറസ്റ്റിലായവര്‍ സജീവമായി പങ്കെടുത്തിരുന്നു. പ്രതിഷേധപ്രകടനത്തിനിടെ കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെയും നിരവധി സ്വകാര്യവാഹനങ്ങള്‍ക്കുനേരെയും വ്യാപക അക്രമം അരങ്ങേറി. സിന്ദഗി തഹസില്‍ദാര്‍ ഡോ. വിനയകല അടക്കമുള്ളവരെ കൈയേറ്റംചെയ്യാനും ഇവര്‍ ശ്രമിച്ചിരുന്നു. ബുധനാഴ്ച വീണ്ടും സംഘപരിവാര്‍ സംഘടനകള്‍ സിന്ദഗിയിലും ബിജാപുരിലും ബന്ദ് ആചരിച്ചു. ബുധനാഴ്ച സംഘപരിവാര്‍ സംഘടനകള്‍ ബിജാപുരില്‍നിന്ന് സിന്ദഗിയിലേക്ക് ത്രിവര്‍ണപതാക ജാഥ നടത്തി.

deshabhimani 050112

Friday, October 14, 2011

വിലപ്പോകുന്നത് കൈക്കരുത്തോ?

സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെ സുപ്രീംകോടതിക്കെതിര്‍വശത്തുള്ള അദ്ദേഹത്തിന്റെ ചേംബറില്‍ചെന്ന് വര്‍ഗീയവാദികള്‍ക്ക് ആക്രമിക്കാന്‍ കഴിഞ്ഞുവെന്നത് തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുപോലും അക്രമിസംഘങ്ങള്‍ക്ക് അഴിഞ്ഞാടാമെന്ന അവസ്ഥയാണുള്ളതെന്ന് വ്യക്തമാക്കുന്നു. നിയമവ്യവസ്ഥയല്ല, വര്‍ഗീയശക്തികളുടെ കൈക്കരുത്താണ് തലസ്ഥാനത്ത് വിലപ്പോവുക എന്ന ദുരവസ്ഥ ആശങ്കയുണര്‍ത്തുന്നതാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. നേരത്തെ, അരുന്ധതിറോയിയുടെ പുസ്തകപ്രകാശനച്ചടങ്ങ് അലങ്കോലമാക്കി, മിര്‍വായിസ്ഉമര്‍ ഫറൂഖിന്റെ കാര്‍ ആക്രമിച്ചു. സയ്യദ് അലിഷാ ഗീലാനിയുടെ യോഗത്തെ ആക്രമിച്ചു. ഇതെല്ലാം ചെയ്തത് ശ്രീറാം സേന എന്ന ഇതേ അക്രമിസംഘമാണ്. രാജ്യത്ത് വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരുണ്ട്. അതിനോട് ചിലര്‍ക്ക് യോജിപ്പുണ്ടാവില്ല എന്നത് സ്വാഭാവികമാണ്. എന്നാലും വ്യത്യസ്തങ്ങളോ വിരുദ്ധങ്ങള്‍ തന്നെയോ ആയ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നിലനില്‍ക്കണം. എന്നാല്‍ , വ്യത്യസ്താഭിപ്രായങ്ങളെ കായികശക്തി പ്രയോഗത്തിലൂടെ ഞെരിച്ചുകളയുമെന്ന ഭീഷണിയാണ് തലസ്ഥാനത്ത് തുടര്‍ച്ചയായി വിലപ്പോകുന്നത്. ജനാധിപത്യത്തിന് അപകടകരമാണിത്. സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താനുള്ള അവകാശത്തിനുനേര്‍ക്കുനടന്ന കടന്നാക്രമണമാണിത്. അപലപനീയമാണിത്.

deshabhimani editorial 141011

ഇവര്‍ സംഘപരിവാറിന്റെ 'ആശയ മച്ചുനന്മാര്‍'

പ്രശാന്ത് ഭൂഷണ്‍ ഇന്ത്യന്‍ ജനതയ്ക്ക് ഒട്ടും അപരിചിതനല്ല. സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകനായ അദ്ദേഹം മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടുപോന്ന സാമൂഹിക പ്രവര്‍ത്തകനുമാണ്. അന്നാഹസാരെ നയിക്കുന്ന 'അഴിമതിക്കെതിരെ ഇന്ത്യ' എന്ന പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരനാണ് അദ്ദേഹം. ഇന്ത്യന്‍ നിയമലോകത്തെ അഗ്രഗാമികളിലൊരാളായ ശാന്തിഭൂഷന്റെ മകനാണ് പ്രശാന്ത്. മനുഷ്യാവകാശ ചര്‍ച്ചകളില്‍ തന്റെ നിലപാടുകള്‍ സൗമ്യമായാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ആ നിലപാടുകള്‍ നിശിതവും നിര്‍ഭയവുമായിരിക്കണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ട്. ആ പ്രശാന്ത് ഭൂഷണാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതിയിലെ ലോയേഴ്‌സ് ചേമ്പറിലെ 301-ാം നമ്പര്‍ മുറിയില്‍വച്ച് മൃഗീയമായി മര്‍ദിക്കപ്പെട്ടത്. ശ്രീറാം സേനയുടെ പ്രവര്‍ത്തകരെന്ന് സ്വയം വിശേഷിപ്പിച്ച രണ്ട് ഗുണ്ടകളാണ് മിനിറ്റുകള്‍ നീണ്ടുനിന്ന മര്‍ദനത്തിനുണ്ടായിരുന്നത്. സുപ്രിംകോടതിയില്‍ നിന്നു വിളിപ്പാടകലെയാണ് നാടിനെ നാണിപ്പിക്കുന്ന ഈ സംഭവമുണ്ടായത്. ആ പ്രദേശത്ത് കനത്ത സുരക്ഷാ സന്നാഹമുണ്ടെന്നാണ് സങ്കല്‍പം. ഗുണ്ടകള്‍ പ്രശാന്ത് ഭൂഷണെ കടന്നാക്രമിക്കുന്ന ദൃശ്യങ്ങള്‍ രാജ്യം മുഴുവന്‍ കണ്ടതാണ്. രാഷ്ട്ര തലസ്ഥാനത്ത് അധികാരത്തിന്റെ മൂക്കിനു താഴെ സുപ്രിം കോടതിക്കു അഭിമുഖമായി നില്‍ക്കുന്ന ഭഗവന്‍ ദാസ് റോഡില്‍ ഇതെല്ലാം നടക്കുമ്പോള്‍ നമ്മുടെ സുരക്ഷാ സംവിധാനങ്ങളുടെ സ്ഥിതിയോര്‍ത്തു ദുഃഖിക്കുക. കേന്ദ്രത്തിലെ 'കരുത്തനായ' ആഭ്യന്തര മന്ത്രിക്ക് ബഹുവിധ ഇടപാടുകള്‍ വേറെയുള്ളതുകൊണ്ടാകാം സുരക്ഷാ കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ സൂക്ഷ്മദൃഷ്ടി വേണ്ടത്ര പതിക്കാതെ പോയത്. അതേപ്പറ്റി പ്രതികരിക്കേണ്ടത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും യു പി എ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധിയുമാണ്.

പ്രശാന്ത് ഭൂഷണുനേരെ നടന്ന ഈ ആക്രമണം ഗൗവതരമായ ചോദ്യങ്ങളാണ് നാടിനു മുമ്പില്‍ അവതരിപ്പിക്കുന്നത്. ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇവിടെ യാതൊരു വിലയുമില്ലേ? വര്‍ഗീയഭ്രാന്തുമൂലം കണ്ണുകാണാതായ രണ്ടു തെരുവ് ഗുണ്ടകള്‍ അതിനെ കൈയൂക്കു കൊണ്ടു കശക്കിയെറിയാന്‍ വന്നാല്‍ ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലേ? ഈ ഗുണ്ടകളുടെ പിറകില്‍ കടിഞ്ഞാണ്‍ പിടിച്ചതാരാണെന്നും അവരുടെ ലക്ഷ്യമെന്താണെന്നും കണ്ടെത്താന്‍ നിയമവാഴ്ചയുടെ സൂക്ഷിപ്പുകാരെന്നു പറയുന്ന ഭരണക്കാര്‍ക്കു ചുമതലയില്ലേ? മുമ്പ് പലപ്പോഴും എന്നതുപോലെ രാജ്യം ഉന്നയിക്കുന്ന ഇത്തരം ചോദ്യങ്ങള്‍ക്കു മുമ്പില്‍ മൗനം കൊണ്ടു ഉത്തരം പറഞ്ഞ് തടിതപ്പാനായിരിക്കുമോ ഇക്കുറിയും ഭരണക്കാരുടെ ശ്രമം?

സംഭവത്തോടനുബന്ധിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പശ്ചാത്തലവും മുന്‍കാല ചരിത്രവും വിരല്‍ ചൂണ്ടുന്നത് ഫാസിസ്റ്റ് സ്വഭാവത്തിലുള്ള ഭീകര ആക്രമണത്തിലേക്കാണെന്നത് ഗവണ്‍മെന്റ് കാണാതിരുന്നുകൂടാ. ഡല്‍ഹിയില്‍ ഇതിനുമുമ്പ് നടന്ന സമാനസ്വഭാവത്തിലുള്ള ആക്രമണങ്ങളിലെ പങ്കാളികളാണവര്‍. അതില്‍പെട്ട് തജീന്ദര്‍പാല്‍ സിംഗ് ബഗ്ഗ എന്നയാള്‍ അരുന്ധതി റോയ്‌യുടെ പുസ്തക പ്രകാശന ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചവനാണ്. ഡല്‍ഹിയിലെ വിദേശ പത്രപ്രവര്‍ത്തക ക്ലബ്ബിലേക്കു കാശ്മീരിലെ മിര്‍വായ്‌സ് ഉമര്‍ ഫാറൂഖ് വന്നപ്പോള്‍ തടയാന്‍ ശ്രമിച്ചവരില്‍ അയാളുണ്ടായിരുന്നു. സെയദ് അലിഷാ ഗിലാനി തലസ്ഥാനത്തെ ഒരു സെമിനാറില്‍ പ്രസംഗിക്കാന്‍ വന്നപ്പോള്‍ പ്രശ്‌നം സൃഷ്ടിക്കാനും ഇയാള്‍ മുമ്പിലുണ്ടായിരുന്നു. ആരോ കൂലിക്കെടുത്ത വെറും തെരുവു ഗുണ്ടകളല്ല പ്രശാന്ത് ഭൂഷണെ മര്‍ദ്ദിച്ചതെന്ന് വ്യക്തമാക്കുന്നതാണ് ഇതെല്ലാം. 'ലക്ഷ്യബോധമുള്ള' വര്‍ഗീയ ഫാസിസ്റ്റ് ചിട്ടയില്‍ തന്നെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.

''നിങ്ങള്‍ ഞങ്ങളുടെ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ നിങ്ങളുടെ തല തകര്‍ക്കും'' എന്ന മുദ്രാവാക്യമാണ് ഇതുമായി ബന്ധപ്പെട്ട ചിലര്‍ ഫെയ്‌സ് ബുക്കിലും ട്വിറ്ററിലുമൊക്കെ പ്രചരിപ്പിക്കുന്നത്. പശ്ചാത്താപത്തിന്റെയും മര്യാദയുടെയും കണികപോലുമില്ലാത്ത ഇത്തരം മുദ്രാവാക്യങ്ങള്‍ ചരിത്രം പലപ്പോഴും കേട്ടിട്ടുണ്ട്. രാജ്യം കീഴ്‌പ്പെടുത്താന്‍ വന്നപ്പോള്‍ ഹിറ്റ്‌ലറും മുസോളിനിയും പള്ളിപൊളിക്കാന്‍ കരുനീക്കിയപ്പോള്‍ സംഘപരിവാറും ഈ ചുവയുള്ള മുദ്രാവാക്യങ്ങളാണ് പ്രചരിപ്പിച്ചത്. അതേ അച്ചില്‍വാര്‍ത്ത ചെറുതും വലുതുമായ ഫാസിസ്റ്റ് ഗ്രൂപ്പുകള്‍ ഇന്ത്യയിലെമ്പാടും തലപൊക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഹിന്ദു-മുസ്‌ലീം വര്‍ഗീയ ഭ്രാന്തിന്റെ തണലില്‍ ഇവര്‍ക്കെല്ലാം വളരാന്‍ ഊര്‍ജം പകരുന്നത് ആഗോള സാമ്രാജ്യത്വത്തിന്റെ കൗശലം നിറഞ്ഞ തന്ത്രങ്ങളാണ്. അതിനെ യഥാസമയം കണ്ടെത്തുവാനും തകര്‍ക്കുവാനും കഴിയാത്തത്ര ദുര്‍ബലമാണ് നമ്മുടെ സുരക്ഷാ സന്നാഹങ്ങള്‍. സാമ്രാജ്യത്വശക്തികളുമായി തന്ത്രപരമായ 1, 2, 3 ഉടമ്പടിക്കു കോപ്പു കൂട്ടിയവര്‍ക്ക് ഇത്തരം വിപത്തുകളെ ചെറുത്തുതോല്‍പിക്കാനുള്ള രാഷ്ട്രീയ ഇച്ഛയാണ് കൈമോശം വരുന്നത്.

കശ്മീരിനെപ്പറ്റി പ്രശാന്ത് ഭൂഷണ്‍ പറഞ്ഞതിനോട് ഒരാള്‍ക്ക് യോജിക്കാനും വിയോജിക്കാനും അവകാശമുണ്ട്. അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ തലതല്ലിപ്പൊട്ടിക്കാന്‍ ആര്‍ക്കും അവകാശമില്ല. ശ്രീരാമനുവേണ്ടി രക്ഷാസൈന്യം ഉണ്ടാക്കുന്നുവെന്നു ഭാവിക്കുന്നവര്‍ വാസ്തവത്തില്‍ തല്ലിപ്പൊട്ടിക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ തലയാണ്. ഇന്ത്യയുടെ വര്‍ത്തമാനകാലത്തിന്റെയും ഭാവിയുടെയും ആധാരശിലയായ സാമൂഹിക - രാഷ്ട്രീയ ബഹുത്വത്തിന്റെ ശിരസാണ് അവര്‍ തല്ലിപ്പൊട്ടിക്കാന്‍ നോക്കുന്നത്. ഹിറ്റ്‌ലര്‍-മുസോളിനി സ്‌കൂളില്‍ നിന്നു പഠിച്ചിറങ്ങി വരുന്നവരാണിവര്‍. അവരുടെ ഇന്ത്യന്‍ നേതൃത്വം ഏറ്റെടുത്തിട്ടുള്ള സംഘപരിവാറിന്റെ ആശയമച്ചുനന്മാരാണിവര്‍. അവരോടു തോറ്റുകൊടുത്താല്‍ കൂടുതല്‍ അക്രമാസക്തമായി അവര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത എല്ലാത്തിന്റെയും തല തല്ലിപ്പൊളിക്കാനെത്തും. അതനുവദിച്ചുകൂടാ. പ്രശാന്ത് ഭൂഷണു നേരെ നടന്നത് ഒറ്റപ്പെട്ട ഗുണ്ടാ ആക്രമണമായി കാണാതെ അതിന്റെ പിറകിലെ ദൂരവ്യാപകമായ അര്‍ഥങ്ങള്‍ വായിച്ചറിയേണ്ട സന്ദര്‍ഭമാണിത്. രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാ ജനാധിപത്യ-മതേതര-പുരോഗമന ശക്തികളും അതിനായി രംഗത്തു വരേണ്ടത് ഇപ്പോഴാണ്.

janayugom editorial 141011

Thursday, October 13, 2011

ഹസാരെ സംഘാംഗങ്ങള്‍ക്ക് ക്രൂരമര്‍ദ്ദനം

ന്യൂഡല്‍ഹി: ഹസാരെ സംഘത്തിലെ പ്രമുഖന്‍ പ്രശാന്ത് ഭൂഷണെതിരായി നടന്ന ആക്രമണത്തിനുപിന്നാലെ ഹസാരെ സംഘാംഗങ്ങള്‍ക്കുനേരെ വീണ്ടും ക്രൂരമര്‍ദ്ദനം. പട്യാല ഹൗസ് കോടതിയ്ക്ക് മുന്നില്‍വെച്ചായിരുന്നു ഭഗത്സിങ് ക്രാന്തിസേനയിലെ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. മുഹമ്മദ് ഷൗഫി, രാജ്കുമാര്‍ തുടങ്ങിയവരെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പ്രശാന്ത് ഭൂഷണെ മര്‍ദ്ദിച്ചവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് അല്‍പസമയത്തിനുള്ളില്‍ അവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. പൊലീസ് നോക്കിനില്‍ക്കെയായിരുന്ന അക്രമികളുടെ അഴിഞ്ഞാട്ടം. പ്രശാന്ത് ഭൂഷണെ ആക്രമിച്ച തേജീന്ദ്രപാല്‍ സിങ് ബാഗ, വിഷ്ണു വര്‍മ്മ, ഇന്തര്‍ ശര്‍മ്മ എന്നിവരെ വ്യാഴാഴ്ച അറസ്റ്റു ചെയ്തിരുന്നു. പ്രശാന്ത് ഭൂഷനെതിരായ ആക്രമണത്തില്‍ രാജ്യമെങ്ങും വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഹസാരെ സംഘാംഗങ്ങളെ ഉന്നംവെച്ച് വീണ്ടും ആക്രമണം നടന്നിരിക്കുന്നത്.

deshabhimani news

നടുക്കുന്ന കാഴ്ചകള്‍

ശ്വാസം നിലയ്ക്കുന്ന കാഴ്ചയായിരുന്നു അത്. ദേശീയ ചാനലുകളും മലയാളം ചാനലുകളും ആ ദൃശ്യം ആവര്‍ത്തിച്ചു കാണിച്ചുകൊണ്ടിരുന്നു. അതോടെ മറ്റെല്ലാ വാര്‍ത്തകളുടെയും ഉരുക്കം ആ ദൃശ്യങ്ങള്‍ കീഴടക്കുകയായിരുന്നു. അഡ്വ പ്രശാന്ത് ഭൂഷണിനുനേരെ രണ്ട് പേര്‍ ഭ്രാന്തമായി നടത്തിയ കയ്യേറ്റം കണ്ടുനില്‍ക്കുമ്പോള്‍ അവിടേയ്ക്ക് ആരും ഓടിയെത്തുന്നില്ലെല്ലോ എന്ന ഉത്ക്കണ്ഠയായിരുന്നു മനസുനിറയെ. സംഭവിക്കേണ്ടതൊക്കെ സംഭവിച്ചു കഴിഞ്ഞപ്പോള്‍ ആളും പൊലീസുമൊക്കെ എത്തി. പക്ഷേ അപ്പോഴേയ്ക്കും പ്രശാന്ത്ഭൂഷണ്‍ ആകെ പരിക്ഷീണനായി കഴിഞ്ഞിരുന്നു.

പത്രപ്രവര്‍ത്തകനായ എന്‍ നരേന്ദ്രന്റെ കഴിഞ്ഞ അനുസ്മരണദിനം. മുഖ്യ പ്രഭാഷകന്‍ പ്രശാന്ത്ഭൂഷണായിരുന്നു. അന്നാണ് അദ്ദേഹത്തെ നേരില്‍ കാണുന്നതും കേള്‍ക്കുന്നതും. അത്രനാളും മാധ്യമങ്ങളിലൂടെ മാത്രമേ പ്രശാന്ത്ഭൂഷണിന്റെ ഇടപെടലുകളെക്കുറിച്ചും, അതിന്റെ ചരിത്ര നിയോഗത്തെക്കുറിച്ചും അറിഞ്ഞിരുന്നുള്ളു. നരേന്ദ്രന്‍ അനുസ്മരണം നടത്താന്‍ പ്രശാന്ത്ഭൂഷണ്‍ വരുന്നതും കാത്ത് തിരുവനന്തപുരം പ്രസ് ക്ലബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാള്‍ നിറയെ സദസ്യരുണ്ടായിരുന്നു. ഇരിക്കാന്‍ ഇടംകിട്ടാതെ നിന്നവരും ഏറെ. എന്തുകൊണ്ടാണ് പ്രശാന്ത്ഭൂഷന്റെ വാക്കുകള്‍ക്കുവേണ്ടി ഇത്രയും തിക്കും തിരക്കുമെന്ന് ആലോചിച്ചിരുന്നു. സദസ്യരില്ലാത്ത സായാഹ്ന സമ്മേളനങ്ങളാണ് ഈ നഗരത്തില്‍ അധികവും നടക്കുന്നത്. അതിനിടയില്‍ ഭൂഷണിന്റെ വാക്കുകള്‍ സൃഷ്ടിച്ച നേരിന്റെയും നെറിയുടെയും ഫലാശ്രുതിയായിരുന്നു അന്നവിടെ കണ്ട സമ്പന്നമായ സദസ്. അവിടെ അദ്ദേഹം ഇന്ത്യന്‍ അവസ്ഥയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാനിടയുള്ളതുമായ ആകുലതകളാണ് പങ്കുവെച്ചത്. ഘനഗംഭീരമായ ശബ്ദമോ അനര്‍ഗളം പ്രയോഗിക്കുന്ന പദവിന്യാസമോ പ്രശാന്ത്ഭൂഷണ് സ്വന്തമായിരുന്നില്ല. എന്നാല്‍ പറയുന്ന കാര്യത്തോടുള്ള ആത്മാര്‍ഥതയും അകളങ്കമായ സത്യസന്ധതയും ആ വാക്കുകള്‍ക്കുണ്ടായിരുന്നു. താന്‍ നടക്കുന്നത് വഴിമാറിയാണെന്നും ഇന്ത്യ ഭരിക്കുന്നവരും ഭരിക്കാന്‍ ആഗ്രഹിക്കുന്നവരും തന്റെ വാക്കുകളോട് നിശബ്ദരാകാന്‍ ഇടയില്ലെന്നും പ്രശാന്ത്ഭൂഷണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഓര്‍മവന്നു.
കൃത്യം ഒരു മണിക്കൂര്‍ കൊണ്ട് പ്രശാന്ത്ഭൂഷണ്‍ പ്രഭാഷണം അവസാനിച്ചു. അദ്ദേഹം പറഞ്ഞ ഓരോ  വാക്കും പ്രതിലോമചിന്തയുമായി ജീവിക്കുന്നവരെ അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ആ ദസില്‍ അങ്ങനെ ആരും എത്തിയിരുന്നില്ല. കാരണം നരേന്ദ്രന്റെ സുഹൃത്തുക്കളായിരുന്നു അവിടെവന്നവരില്‍ ഏറെപ്പേരും. പ്രശാന്ത്ഭൂഷണ്‍ പറയുന്നതിന്റെ നഗ്നയാഥാര്‍ഥ്യങ്ങള്‍ വകതിരിവോടെ മനസിലാക്കുന്നവരായിരുന്നു അവര്‍.

ഇന്നലെ പ്രശാന്ത്ഭൂഷണിനുനേരെ ശ്രീരാമസേനക്കാരാണ് ദില്ലിയില്‍ കയ്യേറ്റം നടത്തിയതെന്ന് ഏതാണ്ട് വ്യക്തമാക്കിയിട്ടുണ്ട്. അതിനുമുമ്പ് ഭഗത്‌സിംഗ് ക്രാന്തിസേനക്കാരാണ് അക്രമം നടത്തിയതെന്ന് ആദ്യം വാര്‍ത്ത വന്നപ്പോള്‍ ആകെ അമ്പരന്നുപോയി. ക്രാന്തിസേന അങ്ങനെ ചെയ്യില്ല എന്ന തോന്നലില്‍ നിന്നുള്ള അമ്പരപ്പായിരുന്നില്ല അത്. മറിച്ച് ഇതുപോലുള്ള സാമൂഹ്യവിരുദ്ധ ശക്തികള്‍ ഭഗത്‌സിംഗിന്റെ പേര് എത്രമാത്രം ദുരുപയോഗം ചെയ്യുന്നു എന്ന ഖേദമായിരുന്നു പലര്‍ക്കുമുണ്ടായത്.

കശ്മീര്‍ പ്രശ്‌നത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് രണ്ട് സാമൂഹ്യവിരുദ്ധരായ ചെറുപ്പക്കാര്‍ പ്രശാന്ത്ഭൂഷണെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. അവര്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ കടന്നുചെന്ന് കസേരയില്‍ നിന്നും വലിച്ചു നിലത്തിട്ട് മാരകമായി ആക്രമിച്ചു. ആ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ദില്ലിയില്‍ സുരക്ഷിതത്വം എത്രമാത്രം തുച്ഛമാണെന്നു തോന്നിപ്പോയി.
പ്രശാന്ത്ഭൂഷണെ സംരക്ഷിക്കാന്‍ ആര്‍ക്കാണ് അവിടെ നേരം? കോടികള്‍ കുന്നുകൂട്ടുന്നതിനുള്ള കൂട്ടയോട്ടം നടത്തുന്നവരാണല്ലോ അവിടെ അധികവും.

കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതില്‍ എന്താണ് തെറ്റ്? അതില്‍ തന്റെ മൗലികമായ അഭിപ്രായം പ്രശാന്ത് പറഞ്ഞതില്‍ എന്തിനാണ് ചിലര്‍ രോഷം കൊള്ളുന്നത്. സത്യം വിളിച്ചുപറയുന്നവരോട് പ്രതിലോമ സേനകള്‍ എന്നും ഇങ്ങനെയൊക്കെയാണ് പെരുമാറിയിട്ടുള്ളതെന്ന് ചരിത്രം നമ്മെ വീണ്ടും ഓര്‍മപ്പെടുത്തുന്നു.

സി അനൂപ് janayugom 131011

പ്രശാന്ത് ഭൂഷണെ ശ്രീറാം സേന ക്രൂരമായി മര്‍ദിച്ചു

ന്യൂഡല്‍ഹി: അണ്ണ ഹസാരെ സംഘാംഗവും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണെ സുപ്രീംകോടതിയിലെ ലോയേഴ്സ് ചേംബേഴ്സില്‍ മൂന്നംഗ അക്രമിസംഘം ക്രൂരമായി മര്‍ദിച്ചു. ശ്രീറാംസേനക്കാര്‍ ഈയിടെ രൂപീകരിച്ച ഭഗത്സിങ് ക്രാന്തിസേന എന്ന സംഘടനയുടെ പേരിലാണ് ആക്രമണം നടത്തിയത്. കശ്മീര്‍ പ്രശ്നത്തില്‍ പ്രശാന്ത് ഭൂഷണ്‍ ഹിതപരിശോധനയ്ക്ക് അനുകൂല നിലപാടു സ്വീകരിച്ചതിന്റെ പേരിലാണ് മര്‍ദനമെന്ന് അക്രമികള്‍ അവകാശപ്പെട്ടു.

സുപ്രീംകോടതി വളപ്പിലെ ലോയേഴ്സ് ചേംബേഴ്സില്‍ വൈകിട്ട് നാലോടെയാണ് സംഭവം. സ്വന്തം ചേംബറില്‍ ഒരു സ്വകാര്യചാനലിന് അഭിമുഖം നല്‍കുമ്പോഴാണ് മൂന്നംഗസംഘം സമീപിച്ചത്. കശ്മീര്‍ പ്രശ്നത്തിലെ ഭൂഷണിന്റെ നിലപാട് വിമര്‍ശിച്ച സംഘാംഗങ്ങളില്‍ ഒരാള്‍ പെട്ടെന്ന് മുന്നോട്ടുകുതിച്ച് ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായ കൈയേറ്റത്തില്‍ പതറിയ ഭൂഷണിന്റെ മുഖത്തടിച്ച അക്രമി അദേഹത്തിന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു. തുടര്‍ന്ന് കസേരയില്‍ നിന്നു വലിച്ച് താഴെയിട്ടു ചവിട്ടി. തടയാന്‍ ശ്രമിച്ച ഭൂഷണിന്റെ സഹായിയെയും ഭീകരമായി മര്‍ദിച്ചു. ഇതിനുശേഷം പിന്തിരിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ അഭിഭാഷകരും ചാനല്‍ പ്രവര്‍ത്തകരും പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഘത്തിലെ മറ്റു രണ്ടുപേര്‍ രക്ഷപ്പെട്ടു. ഇവരെ പിടികൂടാന്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. ഇന്ദര്‍വര്‍മ എന്ന യുവാവാണ് പിടിയിലായത്. താന്‍ ശ്രീറാം സേനയുടെ ഡല്‍ഹി പ്രസിഡന്റാണെന്ന് ഇയാള്‍ അവകാശപ്പെട്ടു.
കശ്മീര്‍ പാകിസ്ഥാനു വിട്ടുനല്‍കണമെന്നാണ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞതെന്നും ഇക്കാര്യം സംസാരിക്കാന്‍ ചെന്ന തന്നെ ഭൂഷണും കൂട്ടരും മര്‍ദിച്ചെന്നും ഇയാള്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഭൂഷണിനെ മര്‍ദിച്ചതിനു തൊട്ടുപിന്നാലെ ഭഗത്സിങ് ക്രാന്തി സേന എന്ന സംഘടന ഫേസ്ബുക്കില്‍ അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഭൂഷണ്‍ രാജ്യത്തെ പല കഷണമാക്കാന്‍ ശ്രമിച്ചെന്നും തങ്ങള്‍ അയാളുടെ തല കഷണങ്ങളാക്കാനാണ് നോക്കിയതെന്നും സംഘടനാ പ്രസിഡന്റ് തേജീന്ദര്‍പാല്‍ സിങ് ബാഗ ഫേസ്ബുക്കില്‍ കുറിച്ചു. ഓപ്പറേഷന്‍ പ്രശാന്ത് ഭൂഷണ്‍ വിജയിച്ചെന്നും ദൗത്യത്തില്‍ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുകയാണെന്നും ബാഗ എഴുതി. യുവമോര്‍ച്ചയുടെ മുന്‍ഭാരവാഹിയാണ് ബാഗ.

ശ്രീറാംസേന പോലുള്ള സംഘടനകളെ സാമൂഹ്യമായി ഒറ്റപ്പെടുത്തണമെന്ന് പ്രശാന്ത് ഭൂഷണ്‍ പിന്നീടു പ്രതികരിച്ചു. നിരായുധരെ അക്രമിക്കല്‍ ഇവരുടെ സ്ഥിരം ശൈലിയാണ്. കര്‍ണാടകത്തില്‍ പെണ്‍കുട്ടികളെയും മറ്റും ഇവര്‍ ക്രൂരമായി മര്‍ദിച്ചു. ഡല്‍ഹിയില്‍ അക്രമം നടത്തി. ഇത്തരം സംഘടനകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇവര്‍ക്ക് നിയമപരമായി പ്രവര്‍ത്തിക്കാന്‍ അവകാശമില്ല-ഭൂഷണ്‍ പറഞ്ഞു. പ്രശാന്ത് ഭൂഷണിനെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. കാര്യമായ പരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തിലക്നഗര്‍ പൊലീസ്സ്റ്റേഷനിലെത്തി പ്രശാന്ത് ഭൂഷണ്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു. ഇന്ദര്‍വര്‍മ, വിഷ്ണുഗുപ്ത, തേജീന്ദര്‍പാല്‍ എന്നീ മൂന്നുപേരാണ് ആക്രമിച്ചതെന്ന് ഭൂഷണ്‍ പൊലീസിനെ അറിയിച്ചു. ഭൂഷണിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് അണ്ണ ഹസാരെ സംഘാംഗങ്ങള്‍ രംഗത്തുവന്നു. തിലക്നഗര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയ അനുയായികള്‍ ശ്രീറാംസേനയ്ക്കെതിരെയും മറ്റും മുദ്രാവാക്യങ്ങള്‍ മുഴക്കി.

അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണം: കാരാട്ട്

ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണെ കൈയേറ്റം ചെയ്തതിനെ ഇടതുപക്ഷ പാര്‍ടികള്‍ അപലപിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണ് ഉണ്ടായതെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. കോണ്‍ഗ്രസ് അടക്കം മറ്റു രാഷ്ട്രീയപാര്‍ടികളും അക്രമത്തെ അപലപിച്ചിട്ടുണ്ട്. കൈയേറ്റത്തെ ശക്തമായി അപലപിക്കുന്നതായി അണ്ണ ഹസാരെ പ്രതികരിച്ചു. എന്നാല്‍ , കശ്മീര്‍ പ്രശ്നത്തില്‍ ഭൂഷണിന്റെ നിലപാടിനോട് എന്താണ് അഭിപ്രായമെന്ന ചോദ്യത്തോട് ഹസാരെ പ്രതികരിച്ചില്ല. തന്റെ സംഘാംഗങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്ന് ഹസാരെ പറഞ്ഞു.

deshabhimani 131011

Friday, May 14, 2010

കൊട്ടേഷന്‍ വര്‍ഗീയ കലാപം

പണം വാങ്ങി കലാപം: മുത്തലിക് ഒളിക്യാമറിയില്‍ കുടുങ്ങി

ബാംഗ്ലൂര്‍: പണം നല്‍കിയാല്‍ വര്‍ഗീയ കലാപം നടത്താമെന്ന് സമ്മതിച്ച ശ്രീരാമസേനാ തലവന്‍ പ്രമോദ് മുത്തലിക് ഒളിക്യാമറയില്‍ കുടുങ്ങി. തെഹല്‍ക്കയും ഇംഗ്ലീഷ് ടെലിവിഷന്‍ ചാനലായ ഹെഡ്‌ലൈന്‍സ് ടുഡേയും സംയുക്തമായി നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് മുത്തലിക് കുടുങ്ങിയത്. കലാപം നടത്താന്‍ 60 ലക്ഷം രൂപയാണ് മുത്തലികും അനുയായികളും ആവശ്യപ്പെട്ടത്.

എം.എഫ് ഹുസൈനെപ്പോലെ പ്രശസ്തനാകാന്‍ ആഗ്രഹിക്കുന്ന ഒരു ചിത്രകാരന്റെ വേഷത്തില്‍ മുത്തലികിനെ സമീപിച്ച തെഹല്‍ക്ക ടീമിനോട് മുസ്‌ലീം മതവിശ്വാസികള്‍ കൂടുതലുള്ള ഏതെങ്കിലും സ്ഥലത്ത് ചിത്രപ്രദര്‍ശനം സംഘടിപ്പിക്കാനും ശ്രീരാമസേനാ പ്രവര്‍ത്തകര്‍ പ്രദര്‍ശനം തടസപ്പെടുത്തി അത് ഒരു കലാപമാക്കി മാറ്റാമെന്നും മുത്തലിക് പറയുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. 2008 ല്‍ എം.എഫ് ഹുസൈന്റെ ചിത്രപ്രദര്‍ശനത്തിനെതിരെ നടത്തിയതു പോലുള്ള അക്രമണമാണ് തെഹല്‍ക്ക ആവശ്യപ്പെട്ടത്.

മുത്തലികിന് പുറമെ ശ്രീരാമസേനയുടെ ദേശീയ വൈസ്​പ്രസിഡന്റ് പ്രസാദ് അട്ടാവര്‍, ബാഗ്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് വസന്ത് കുമാര്‍ ഭവാനി എന്നിവരും വീഡിയോ ദൃശ്യത്തിലുണ്ട്. പ്രതിഫലത്തെക്കുറിച്ചും പ്രദര്‍ശനം നടത്തേണ്ട സ്ഥലത്തെക്കുറിച്ചും ഉദ്ഘാടനകനെക്കുറിച്ചുമൊക്കെ ഇവരാണ് സംസാരിക്കുന്നത്.

സ്ത്രീകള്‍ പബ്ബില്‍ പോകുന്നത് ഇന്ത്യന്‍ സംസ്‌ക്കാരത്തിനെതിരാണന്ന് ആരോപിച്ച് 2009 ജനവരിയില്‍ മംഗലാപുരത്ത് ശ്രീരാമസേനാ പ്രവര്‍ത്തകര്‍ പബ്ബ് ആക്രമിച്ചിരുന്നു.

കടപ്പാട്: മാതൃഭൂമി ദിനപ്പത്രം

ഹെഡ്‌ലൈന്‍സ് ടുഡേയിലെ വാര്‍ത്ത
Sri Ram Sene ready to riot for money'

ഇന്ത്യാ ടുഡേ സൈറ്റിലെ വീഡിയോ ദൃശ്യങ്ങള്‍