Showing posts with label ആംനസ്റ്റി ഇന്റർനാഷണൽ. Show all posts
Showing posts with label ആംനസ്റ്റി ഇന്റർനാഷണൽ. Show all posts

Wednesday, September 30, 2020

കലാപകാരികളെ തുറന്നുകാട്ടി; ആംനെസ്‌റ്റി ഇന്റർനാഷണൽ സംഘപരിവാറിന്റെ കണ്ണിലെ കരടായി

 ആംനെസ്‌റ്റി ഇന്റർനാഷണൽ ഇന്ത്യയെ കേന്ദ്രസർക്കാരിന്റെയും സംഘപരിവാറിന്റെയും കണ്ണിലെ കരടാക്കിയത്‌ ജമ്മു -കശ്‌മീർ വിഷയത്തിൽ സംഘടന തയ്യാറാക്കിയ റിപ്പോർട്ടുകൾ. അതിര്‍ത്തിജനതയുടെ നിസ്സഹായത അക്കമിട്ട് നിരത്തുന്നതായിരുന്നു 2016ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. വിദേശഫണ്ട്‌ വാങ്ങി ‌ ഇന്ത്യവിരുദ്ധപ്രചാരണം നടത്തിയെന്ന് ആക്ഷേപിച്ച് ആദ്യം രം​ഗത്തുവന്നത് എബിവിപി. അക്രമം ഭയന്ന്‌ ഡൽഹി, ബംഗളൂരു ഓഫീസുകൾ ദിവസങ്ങളോളം അടച്ചിട്ടു. രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു.

ഇഡി ഉദ്യോഗസ്ഥർ 2018 ഒക്ടോബറില്‍  സംഘടനയുടെ ആസ്ഥാനം പൂട്ടിയിട്ട്‌ 10 മണിക്കൂർ പരിശോധിച്ചു. ആവശ്യപ്പെട്ട രേഖകൾ പൊതുമണ്ഡലത്തിൽ ലഭ്യമായിരുന്നു. ഇതിനുശേഷം ചില മാധ്യമങ്ങൾ വഴി സംഘടനയ്‌‌ക്കെതിരെ അപവാദപ്രചാരണം തുടങ്ങി.

സംഘടനയ്‌ക്ക്‌ സംഭാവന നൽകുന്ന 30 പേർക്ക്‌ 2019 തുടക്കത്തിൽ ആദായനികുതി വകുപ്പ്‌ നോട്ടീസ്‌ അയച്ചു. ക്രമവിരുദ്ധമായതൊന്നും  അന്വേഷണത്തിൽ കണ്ടെത്താനായില്ല.  370–-ാം വകുപ്പ്‌ റദ്ദാക്കിയശേഷമുള്ള  ജമ്മു-കശ്‌മീരിലെ സാഹചര്യത്തെക്കുറിച്ച്‌ തയ്യാറാക്കിയ റിപ്പോർട്ട്‌ പ്രസിദ്ധീകരിക്കാൻ 2019 ജൂണിൽ ശ്രീനഗറിൽ നടത്താനിരുന്ന വാർത്താസമ്മേളനത്തിന്‌ അനുമതി നിഷേധിച്ചു. അക്കൊല്ലം ഒക്ടോബർ 22ന്‌ അമേരിക്കൻ കോൺഗ്രസിന്റെ പ്രതിനിധിസംഘത്തിനു മുമ്പാകെ ആംനെസ്‌റ്റി ഇന്റർനാഷണൽ ജമ്മു കശ്‌മീർ സാഹചര്യം വിശദീകരിച്ചു. നവംബർ 15ന്‌ ആംനെസ്‌റ്റിയുടെ ആസ്ഥാനവും ഡയറക്ടറുടെ വസതിയും സിബിഐ റെയ്‌ഡ്‌ ചെയ്‌തു. ഇക്കൊല്ലം ഏപ്രിലിൽ ഉത്തർപ്രദേശ്‌ പൊലീസ്‌ സംഘടനയ്‌ക്കെതിരെ  നടപടി തുടങ്ങി. ആഗസ്‌തിൽ ജമ്മു കശ്‌മീർ, ഡൽഹി  സ്ഥിതിഗതികളെക്കുറിച്ച്‌ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചതിനു പിന്നാലെ  ബാങ്ക്‌ അക്കൗണ്ടുകൾ മരവിപ്പിച്ചു. സംഘടന ഇന്ത്യ വിടുന്നതോടെ  150 ജീവനക്കാർക്ക്‌ തൊഴിൽ നഷ്ടപ്പെടും.

ആംനെസ്‌റ്റിയെ തള്ളി കേന്ദ്രം

ആംനെസ്‌റ്റി ഇന്റർനാഷണലിന്റെ വാദങ്ങൾ അതിശയോക്തിപരവും സത്യത്തിൽനിന്ന്‌ അകലെയുമാണെന്ന്‌ ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു. വിദേശസംഭാവന സ്വീകരിക്കാൻ സംഘടനയ്‌ക്ക്‌ നിയമപരമായി അവകാശമില്ല.  ഇന്ത്യയിലെ ആഭ്യന്തര രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടാൻ ആംനെസ്‌റ്റിക്ക്‌ അവകാശമില്ലെന്നും‌ ആഭ്യന്തരമന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.

പോരാട്ടം അവസാനിപ്പിക്കില്ല

കേന്ദ്ര സർക്കാരിന്റെ അങ്ങേയറ്റം ന്യായരഹിതവും ലജ്ജാകരവുമായ നടപടിമൂലമാണ് ‌ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിൽ മനുഷ്യാവകാശ പ്രവർത്തനം നിർത്തിവയ്‌ക്കുന്നതെന്ന്‌ സംഘടനയുടെ സെക്രട്ടറി ജനറൽ ജൂലി വെർഹാർ പറഞ്ഞു. എന്നാൽ, ഇതുകൊണ്ട്‌ ഇന്ത്യയിലെ മനുഷ്യാവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. പ്രവർത്തനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന്‌ ആലോചിച്ച്‌ തീരുമാനിക്കും.

ജമ്മു -കശ്‌മീർ, ഡൽഹി വിഷയങ്ങളിൽ ഇന്ത്യയിലെ സഹപ്രവർത്തകർ നടത്തിയ പ്രവർത്തനം അഭിമാനകരമാണ്‌. വിമതശബ്ദം അടിച്ചമർത്താനും ഭയം വളർത്താനുമാണ്‌ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്‌. ഈ സാഹചര്യത്തിൽ ഇരകൾക്കൊപ്പം നിൽക്കുകയെന്നത്‌ പ്രധാനമാണ്‌–- പ്രസ്‌താവനയിൽ പറഞ്ഞു.

ആംനെസ്‌റ്റിയെ പുറത്താക്കി മോഡി ; രാജ്യാന്തരതലത്തിൽ ഇന്ത്യക്ക്‌ നാണക്കേട്

 നൂറ്റമ്പതിലേറെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന  അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനയായ ആംനെസ്‌റ്റി ഇന്റർനാഷണലിനെ ഇന്ത്യയില്‍നിന്ന്‌ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി. എല്ലാ ബാങ്ക്‌ അക്കൗണ്ടും മരവിപ്പിച്ചതോടെ സംഘടന ഇന്ത്യയിലെ  പ്രവർത്തനം നിർത്തി. സമാധാന നൊബേൽ നേടിയ സംഘടനയ്ക്കെതിരായ നീക്കം രാജ്യാന്തരതലത്തിൽ ഇന്ത്യക്ക്‌ നാണക്കേടായി.

സിബിഐ, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌(ഇഡി), ആദായനികുതി വകുപ്പ്‌ എന്നിവയെ ഉപയോ​ഗിച്ചാണ് ആംനെസ്‌റ്റി ഇന്ത്യയെ  ശ്വാസംമുട്ടിച്ചത്. വിദേശസംഭാവന നിയന്ത്രണനിയമം ലംഘിച്ചെന്ന്‌ ആരോപിച്ച് സിബിഐയും കള്ളപ്പണം വെളുപ്പിച്ചെന്ന പേരില്‍ ഇഡിയും കേസെടുത്തു.

ജമ്മു കശ്‌മീർ, ഡൽഹി കലാപം എന്നിവയില്‍ മോഡിസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ആഗസ്‌തിൽ ആംനെസ്റ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. സെപ്‌തംബറിൽ സംഘടനയുടെ  ബാങ്ക്‌ അക്കൗണ്ടുകൾ മരവിപ്പിച്ചു.  "ലക്ഷത്തോളം ഇന്ത്യക്കാരിൽനിന്ന്‌ നിയമപരമായി സംഭാവന സ്വീകരിച്ചാണ്‌  പ്രവർത്തിക്കുന്നത്. മനുഷ്യാവകാശ സംഘടനകളെ ക്രിമിനൽ സംഘങ്ങളായി കേന്ദ്രം കാണുന്നു. രണ്ട്‌ വർഷമായി വേട്ടയാടുന്നു.

രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം  സൃഷ്ടിക്കുകയാണ്'‌–-ആംനെസ്‌റ്റി  ഇന്ത്യ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ അവിനാഷ്‌ കുമാർ പറഞ്ഞു.  ഇന്ത്യയിൽ അഞ്ച്‌ പ്രാവശ്യം ആംനെസ്‌റ്റിക്ക്‌ പ്രവർത്തനസ്വാതന്ത്ര്യം നിഷേധിച്ചിട്ടുണ്ട്. 50 വർഷം മുമ്പായിരുന്നു ഇതിൽ ആദ്യത്തേതെന്നും മുൻ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ ആകാർ പട്ടേൽ പറഞ്ഞു.

മനുഷ്യാവകാശത്തിന്റെ ശബ്ദം

രാജ്യാന്തരതലത്തില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന മനുഷ്യാവകാശസംഘടന. ലണ്ടൻ ആസ്ഥാനം. 150ലേറെ രാജ്യത്ത് സാന്നിധ്യം. 80ലക്ഷത്തോളം അം​ഗങ്ങള്‍.  തടവറകളിലെ പീഡനം, സർക്കാരുകളുടെയും ബഹുരാഷ്ട്ര കോർപറേഷനുകളുടെയും മനുഷ്യാവകാശലംഘനം തുടങ്ങിയവ വെളിച്ചത്തുകൊണ്ടുവരുന്നു. 1977ല്‍ സമാധാന നൊബേല്‍.

Tuesday, September 29, 2020

കേന്ദ്രസർക്കാരിന്റെ നിരന്തര വേട്ടയാടൽ: ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ വിടുന്നു

 ന്യൂഡൽഹി > അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു. കേന്ദ്ര സർക്കാരിന്റെ നിരന്തരമായ വേട്ടയാടൽ മൂലമാണ് തീരുമാനം. രണ്ടു വർഷമായി അടിച്ചമർത്തൽ നേരിടുകയാണ്. സംഘടനയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടർന്ന് ജീവനക്കാരെ തിരിച്ചയക്കേണ്ടി വന്നു. കേന്ദ്രസർക്കാരിന്റെ ഉപദ്രവം സഹിക്കാനാകുന്നില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വേട്ടയാടുകയാണെന്നും ആംനസ്റ്റി ഇന്ത്യ ഘടകം എക്സിക്യൂട്ടീവ് ഡയറക്ടർ അവിനാശ് കുമാർ പ്രസ്താവനയിൽ പറഞ്ഞു.  

കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപത്തിലും, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ നടന്ന അവകാശ ലംഘനങ്ങളെപ്പറ്റിയും ആംനസ്റ്റി ഇന്റർനാഷണൽ തയ്യാറാക്കിയ റിപ്പോർട്ടിൽ കേന്ദ്രസർക്കാരിനെതിരെ ചോദ്യങ്ങളും വിമർശനങ്ങളും ഉന്നയിച്ചിരുന്നു. ഇതിനുശേഷം കേന്ദ്രം സംഘടനക്കെതിരെ പ്രതികാരനടപടികൾ ശക്തമാക്കി.

സംഘടന വിദേശത്തുനിന്നും അനധികൃതമായി ഫണ്ട് സ്വീകരിക്കുന്നുവെന്നും, ഫോറിൻ കോൺട്രിബ്യൂഷൻ രജിസ്ട്രേഷൻ ആക്ടിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ സംഘടനയ്ക്കെതിരെ നടപടി സ്വീകരിച്ചത്. നിലവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആംനസ്റ്റി ഇന്ത്യക്കെതിരെ നടക്കുന്നുണ്ട്. 2017ൽ ആംനസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകൾ ഇഡി. മരവിപ്പിച്ചിരുന്നു. എന്നാൽ കോടതിയിൽ നിന്ന് ആംനസ്റ്റി ഇന്ത്യക്ക് അനുകൂല വിധി ലഭിച്ചു. യുകെയിൽന്ന് വിദേശനിക്ഷേപം സ്വീകരിച്ചു എന്നതുമായി ബന്ധപ്പെട്ട പരാതിയിൽ സിബിഐയും ആംനസ്റ്റി ഇന്ത്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.