Showing posts with label സാമ്പത്തികം. Show all posts
Showing posts with label സാമ്പത്തികം. Show all posts

Saturday, October 17, 2020

ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ പാകിസ്‌ഥാനും ബംഗ്ലാദേശിനും പിന്നിൽ; ക്യൂബയടക്കം 17 രാജ്യങ്ങള്‍ ഒന്നാം സ്ഥാനത്ത്

  പാകിസ്‌ഥാനും ബംഗ്ലാദേശും നേപ്പാളും ശീലങ്കയും  അടക്കമുള്ള അയൽരാജ്യങ്ങളെയും  കടത്തിവെട്ടി ഇന്ത്യയിൽ പട്ടിണി വർധിക്കുന്നതായി റിപ്പോർട്ട്‌. പട്ടിണിയിൽ നിരവധി ആഫ്രിക്കൻ രാജ്യങ്ങളെയും  ഇന്ത്യ പിന്നിലാക്കി. ഏറ്റവും ദരിദ്രരായ കുട്ടികൾ ഉള്ള രാജ്യമായി ബംഗ്ലാദേശിനും പിറകിലാണ്‌ ഇന്ത്യയുടെ സ്‌ഥാനം .

ആഗോള പട്ടിണി സൂചിക(ഗ്ലോബൽ ഹംഗർ ഇൻഡെക്സ് 2020 )അനുസരിച്ച് ലോകത്ത് അഞ്ചുവയസിൽ താഴെയുള്ള കുട്ടികളിൽ  ഏറ്റവും കൂടുതൽ പട്ടിണിയുള്ളവർ ഇന്ത്യയിലാണുള്ളത്‌. കുട്ടികളിലെ പോഷകാഹാരക്കുറവിൽ 2015‐ -19 കാലഘട്ടത്തിൽ   സ്ഥിതി കൂടുതൽ വഷളായി, കുട്ടികളുടെ പട്ടിണിയുടെ വ്യാപനം 2010 ‐ -14 ൽ 15.1% ആയിരുന്നത്‌ വീണ്ടും ഉയർന്ന്‌ 17.3% ആയി.

മൊത്തത്തിൽ, സൂചികയിലെ 107 രാജ്യങ്ങളിൽ 94 ത്തേതാണ്‌ ഇന്ത്യയുടെ സ്‌ഥാനം. അയൽ രാജ്യങ്ങളായ ബംഗ്ലാദേശ് (75), പാകിസ്ഥാൻ (88) എന്നിവയേക്കാൾ പിന്നിലാണ്‌.   ദക്ഷിണേഷ്യൻ രാജ്യങ്ങളുടെയും ബ്രിക്‌സ്‌ രാജ്യങ്ങളുടെയും കൂട്ടത്തിലും ഇന്ത്യ ഏറ്റവും പിന്നിലാണ്‌. ഉഗാണ്ട, സുഡാൻ, അഫ്‌ഗാനിസ്ഥാൻ, ഹെയ്‌ത്തി, യമൻ, ലൈബീരിയ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്‌ തുടങ്ങിയ രാജ്യങ്ങളാണ്‌ ഇന്ത്യയുടെ പിന്നിലുള്ളത്‌. കുട്ടികളുടെ പട്ടിണിയിൽ രണ്ടുപതിറ്റാണ്ടിന്‌ മുന്പുള്ളതിനേക്കാൾ മോശം സ്‌ഥിതിയാണ്‌.

രാജ്യാന്തര സന്നദ്ധസംഘടനകളായ  കൺസേൺ വേൾഡ്‌വൈഡ്‌,  വെൽത്‌ ഹംഗർ ലൈഫ്‌ എന്നിവ സംയുക്തമായി  പട്ടിണിയും പോഷകാഹാരക്കുറവും മാനദണ്ഡങ്ങളാക്കി തയ്യാറാക്കിയ റിപ്പോർട്ടിലാണ്‌ ഇന്ത്യയുടെ ദയനീയസ്ഥിതി വിശദീകരിക്കുന്നത്‌.

പോഷകാഹാരക്കുറവ്‌, അഞ്ച്‌ വയസ്സിൽ താഴെയുള്ള കുട്ടികളിലെ വളർച്ചമുരടിപ്പ്‌, ഭാരക്കുറവ്‌, ശിശുമരണനിരക്ക്‌ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ സൂചിക. ഏറ്റവും മികച്ച സ്‌കോർ പൂജ്യവും ഏറ്റവും മോശം സ്‌കോർ നൂറും ആണ്‌. ഇന്ത്യക്ക്‌ ലഭിച്ചത്‌ 30.3 ആണ്‌. ഗുരുതര പട്ടിണി നിലനിൽക്കുന്ന രാജ്യമാണ്‌ ഇന്ത്യയെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ഏഷ്യ പ്രദേശങ്ങളിൽ, ഇന്ത്യയേക്കാൾ മോശമായ രാജ്യങ്ങൾ തിമോർ-ലെസ്റ്റെ, അഫ്ഗാനിസ്ഥാൻ, ഉത്തര കൊറിയ എന്നിവയാണ്.

അതേസമയം ശിശുമരണനിരക്കിൽ ഇന്ത്യ ഇപ്പോൾ 3.7 ശതമാനമായി  മെച്ചപ്പെട്ടു.ആഗോളതലത്തിൽ 690 ദശലക്ഷം ആളുകൾ പോഷകാഹാരക്കുറവുള്ളവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കോവിഡ്‌  മഹാമാരി പട്ടിണിയും ദാരിദ്ര്യവും കുറയ്ക്കുന്നതിലെ പുരോഗതിയെ ബാധിച്ചിരിക്കാമെന്ന് റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു.

യൂറോപ്പിലെയും അമേരിക്കയിലെയും സമ്പന്ന രാജ്യങ്ങളെ ഒഴിവാക്കിയാണ്‌ പട്ടിണി സൂചികയുടെ പട്ടിക തയ്യാറാക്കിയത്‌.  പട്ടിണി  ഏറ്റവും കുറവുള്ള ആദ്യ 17 രാജ്യങ്ങളിൽ (സ്‌കോർ അഞ്ചിൽ താഴെ) ബലാറസ്‌, ചിലി, ക്യൂബ,ചൈന ,  റുമേനിയ, ഉറുഗ്വെ, കുവൈത്ത്‌, ടർക്കി  എന്നിവ ഉൾപ്പെടുന്നു.  പാകിസ്ഥാൻ  2015ൽ 106-ാം സ്ഥാനത്ത്‌  ആയിരുന്നെങ്കിൽ ഇപ്പോൾ 88 (സ്‌കോർ 37.2)  എത്തി. ബംഗ്ലാദേശ്‌- 75 , നേപ്പാൾ-73, ശ്രീലങ്ക-64, എന്നിങ്ങനെയാണ്‌  അയൽരാജ്യങ്ങളുടെ സ്ഥാനം. ബ്രിക്‌സ്‌ രാജ്യങ്ങളായ  ബ്രസീൽ-17,  റഷ്യ-18, ദക്ഷിണാഫ്രിക്ക-60 എന്നിവ ഇന്ത്യയെക്കാൾ ബഹുദൂരം മുന്നിലാണ്‌.

Friday, October 16, 2020

ജിഎസ്‌ടി നഷ്ടപരിഹാരം: കേന്ദ്രം തിരുത്തി; 1.1 ലക്ഷം കോടി വായ്‌പയെടുക്കും

 ജിഎസ്‌ടി നഷ്ടപരിഹാര കുറവ് പരിഹരിക്കാന്‍ കേന്ദ്രം 1.1 ലക്ഷം കോടി വായ്‌പയെടുക്കുമെന്ന്‌ ധനമന്ത്രാലയം. നഷ്‌ടപരിഹാര സെസ്‌ തുകയ്‌ക്ക്‌ ബദലായി സംസ്ഥാനങ്ങൾക്ക്‌ കൈമാറാനാണിത്. സംസ്ഥാനങ്ങള്‍ നേരിട്ട്‌‌ വായ്‌പയെടുക്കണമെന്നാണ്‌ കേന്ദ്രം ഇതുവരെ വാദിച്ചത്‌.

എന്നാൽ ഇതിനെതിരെ കേരളം നിയമനടപടി സ്വീകരിക്കുമെന്ന്‌ മുന്നറിയിപ്പ്‌ നൽകി. ഇതെകുറിച്ച്‌ ആലോചിക്കാൻ 17ന്‌ മുഖ്യമന്ത്രി ഉന്നതലയോഗം വിളിക്കുകയും ചെയ്‌തു. ഇതിന്റെ പശ്‌ചാത്തലത്തിലാണ്‌ തീരുമാന മാറ്റമെന്ന്‌ കരുതുന്നു. ഇത്‌ കേരളത്തിന്റെ നിലപാടിനുള്ള അംഗീകാരമായി.

 വ്യത്യസ്‌ത പലിശനിരക്ക്‌ ഒഴിവാക്കാനും ഭരണപരമായ സൗകര്യവും  മുൻനിർത്തിയാണ്‌ പുതിയ തീരുമാനമെന്ന്‌ മന്ത്രാലയം അറിയിച്ചു. അതേസമയം, വായ്‌പ പലിശടക്കം ആരാണ് തിരിച്ചടയ്ക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

ഈ വായ്‌പകൾ കേന്ദ്രസർക്കാരിന്റെ ധനകമ്മിയിൽ പ്രതിഫലിക്കില്ല. പകരം, സംസ്ഥാന സർക്കാരുകളുടെ മൂലധനവരവായും അവരുടെ ധനകമ്മി പരിഹരിക്കുന്നതിനുള്ള സഹായമായും കണക്കാക്കും. സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം നികത്തുന്നതുസംബന്ധിച്ച്‌ 12ന്‌ നടന്ന ജിഎസ്ടി കൗൺസിൽയോഗത്തിലും തീരുമാനമായിരുന്നില്ല. വിപണിയിൽനിന്ന്‌ വായ്‌പയെടുക്കാൻ തയ്യാറായ 20 സംസ്ഥാനങ്ങൾക്ക് ഏകപക്ഷീയമായി കേന്ദ്രം അനുമതി നൽകി.  ആകെ നികത്തേണ്ട നഷ്‌ടം 2.30 ലക്ഷം കോടി രൂപയാണ്. ഇതിൽ 60000 കോടി നഷ്‌ടപരിഹാര സെസിൽനിന്ന്‌ ലഭിക്കും. ബാക്കി 1.7 ലക്ഷം കോടി രൂപയിൽ 1.1 ലക്ഷം കോടിയാണ് വായ്‌പയെടുക്കുന്നത്.

 ജിഎസ്‌ടിയിൽ നിയമ നടപടി: തീരുമാനം 17ന്‌ 17ന് പകൽ 11.30ന്‌ ഓൺലൈനായി മുഖ്യമന്ത്രിയും ധന, നിയമ മന്ത്രിമാരും അഡ്വക്കറ്റ്‌ ജനറലും  പങ്കെടുക്കുന്ന യോഗമാണ്‌ ചേരുക.  പുതിയ തീരമാനവും യോഗം ചർച്ച ചെയ്‌തേക്കും.

Friday, October 9, 2020

അംബാനിക്കും അദാനിക്കും കോവിഡ്‌ കാലത്തും സമ്പത്ത് കുമിഞ്ഞു; ഫോർബ്‌സ്‌ മാഗസിൻ റിപ്പോർട്ട്

 സാമ്പത്തികമാന്ദ്യവും കോവിഡും രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാഴ്‌ത്തുമ്പോഴും മുകേഷ്‌ അംബാനിയുടെയും ഗൗതം അദാനിയുടെയും സമ്പത്തിൽ വൻ വർധന. അംബാനിയുടെ സ്വത്ത്‌ ഒരു വർഷത്തിനുള്ളിൽ 3730 കോടി ഡോളർ പെരുകിയെന്ന്‌ ‘ഫോർബ്‌സ്‌ മാഗസിൻ’. വർധന 73 ശതമാനം.

രാജ്യത്തെ ഏറ്റവും വലിയ ധനികനായ അംബാനിയുടെ മൊത്തം ആസ്‌തി 8870 കോടി ഡോളറായി. കോവിഡ്‌കാലത്ത്‌ ജിയോ നിക്ഷേപങ്ങൾവഴിമാത്രം അംബാനി 2000 കോടി ഡോളറിന്റെ ആസ്‌തിവർധന നേടി.രണ്ടാം സ്ഥാനക്കാരനായ ഗൗതം അദാനിയുടെ സ്വത്ത്‌ 61 ശതമാനം വർധിച്ച്‌ 2520 കോടി ഡോളറായി. ഈയിടെ മുംബൈ വിമാനത്താവളം സ്വന്തമാക്കിയത് അദാനിക്ക്‌ വൻകുതിപ്പായി. മൂന്നാം സ്ഥാനത്തുള്ള ശിവ്‌ നാടാറുടെ സമ്പത്ത്‌ 2040 കോടി ഡോളറായി ഉയർന്നു. രാധാകൃഷ്‌ണൻ ദമനി (1540 കോടി ഡോളർ), ഹിന്ദുജ സഹോദരങ്ങൾ (1280 കോടി ഡോളർ), സൈപ്രസ്‌ പൂനവാല(1150 കോടി ഡോളർ), പല്ലൻജി മിസ്‌ത്രി (1140 കോടി ഡോളർ), ഉദയ്‌ കൊഡാക്ക്‌ (1130 കോടി ഡോളർ), ഗോദ്‌റജ്‌ കുടുംബം(1100 കോടി ഡോളർ), ലക്ഷ്‌മി മിത്തൽ (1030 കോടി ഡോളർ) എന്നിവരാണ്‌ നാലുമുതൽ 10 വരെ സ്ഥാനത്തുള്ളത്‌. ആദ്യ 10 സ്ഥാനത്തുള്ളവരുടെ സ്വത്ത്‌  മൊത്തം 51,750 കോടി ഡോളറായി.

  ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്പത്തുള്ള 100 പേരിൽ പകുതിയോളം പേരുടെ ആസ്‌തി ഈ കാലയളവിൽ വർധിച്ചു.

Friday, October 2, 2020

രാജ്യത്ത്‌ വിലക്കയറ്റം 19 ശതമാനം കൂടി ; കേരളത്തിൽ താഴ്‌ന്നു; ആഭ്യന്തര ഉൽപ്പാദനം കൂടിയത് നേട്ടമായി

 കോവിഡ്‌കാലത്ത്‌ ഭക്ഷ്യധാന്യങ്ങൾ അടക്കമുള്ള അവശ്യവസ്‌തുക്കളുടെ വിലക്കയറ്റം പിടിച്ചുനിർത്തിയ ഏക സംസ്ഥാനമായി കേരളം. ദേശീയതലത്തിൽ ഭക്ഷ്യവസ്‌തുക്കളുടെ വില 19 ശതമാനംവരെ ഉയർന്നപ്പോൾ, കേരളത്തിൽ അരിയുടെ വിലയും താഴ്‌ന്നു. ഒരിനത്തിനും അഞ്ചു ശതമാനത്തിനപ്പുറം വിലക്കയറ്റമുണ്ടായിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളാണ്‌ വിലനിയന്ത്രണം സാധ്യമാക്കിയതെന്ന്‌ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്‌ ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷനിലെ പ്യാരലാൽ രാഘവൻ, ജോർജ്‌ ജോസഫ്‌ എന്നിവർ നടത്തിയ പഠനം വ്യക്തമാക്കി.

ഭക്ഷ്യവിലക്കയറ്റം രാജ്യത്ത്‌ 9.6 ശതമാനമായി. ഇറച്ചി, മീൻ തുടങ്ങിയവയുടെ വില 18.8 ശതമാനം ഉയർന്നു. പയറുവർഗങ്ങൾക്ക്‌ 15.9, ഭക്ഷ്യ എണ്ണ–- 12.4, പച്ചക്കറി–-‌ 11.3, പലവ്യഞ്‌ജനം–-‌ 13.3 എന്നിങ്ങനെയാണ്‌ വിലക്കയറ്റത്തിന്റെ ശതമാന നിരക്ക്‌. കേരളത്തിൽ കോഴിയിറച്ചിക്കടക്കം വില കുറഞ്ഞു. അരിയുടെ വില അഞ്ചു ശതമാനത്തിനപ്പുറം ഉയർന്നില്ല. പ്രമുഖ അഞ്ചിനം അരികളുടെ ശരാശരി വിലയിൽ 1.8 ശതമാനം ഇടിവുണ്ടായി. ദേശീയതലത്തിൽ ധാന്യ വിലവർധന ആറര ശതമാനമാണ്‌. 

സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരവകുപ്പിന്റെ കണക്കുകളിൽ ജൂണിൽ സംസ്ഥാനത്ത്‌ മൊത്തത്തിൽ വിലക്കയറ്റം 3.7 ശതമാനമായിരുന്നു. പിന്നീട്‌ ഓണക്കാലത്തും വില താഴ്‌ന്നത്‌ അപൂർവനേട്ടമാണ്‌. പച്ചക്കറികൾക്ക്‌ മൊത്തത്തിൽ രണ്ടുശതമാനം മാത്രമാണ്‌ വില കൂടിയത്‌. 10 പ്രധാന ഇനങ്ങൾക്ക്‌ 34 ശതമാനംവരെ വില കുറഞ്ഞു. പഴങ്ങൾക്കും ഇതേ സ്ഥിതിയാണ്‌.

ഉൽപ്പാദനം കൂടി; നേട്ടമായി

പഴം, പച്ചക്കറി, ഇറച്ചി, മുട്ട തുടങ്ങിയവയിൽ ആഭ്യന്തര ഉൽപ്പാദനം ഗണ്യമായി വർധിച്ചത്‌ വിലക്കുറവിന്‌ കാരണമായി. ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ എത്തുന്ന സാധനങ്ങളുടെ വിലയും താഴ്‌ത്തി. സർക്കാർ നടപടികളുടെ വിജയമാണ് ഇതെന്ന്‌ പഠനം ചൂണ്ടിക്കാട്ടുന്നു. ലോക്‌ഡൗൺകാലത്തും ചരക്കുനീക്ക തടസ്സം ഒഴിവാക്കാൻ സർക്കാർ നിരന്തരം ഇടപെട്ടു. വരുമാന ഇടിവ്‌ വിപണിയെ ബാധിക്കാതിരിക്കാൻ സാധാരണക്കാരുടെ കൈയിൽ പണമെത്തിച്ചു. ഓണക്കാലത്ത് 7500 കോടി രൂപയാണ് വിതരണം ചെയ്‌തത്‌.  റേഷനായും ഭക്ഷ്യക്കിറ്റുകളായും ജനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ചതും പൊതുവിപണിയിലെ വിലക്കയറ്റത്തെ വരുതിയിലാക്കി.

ജി രാജേഷ്‌ കുമാർ 

Saturday, September 26, 2020

സിഎജി പറയുന്നു ; സ്വച്ഛ്‌ വിദ്യാലയത്തില്‍ വെള്ളമില്ല ; ശുചിമുറികളില്‍ 30 ശതമാനവും ഉപയോഗിക്കുന്നില്ല

 രാജ്യത്ത്‌ സ്വച്ഛ്‌ വിദ്യാലയ അഭിയാന്റെ ഭാഗമായി നിർമിച്ച സ്‌കൂൾ ശുചിമുറികളില്‍ 72 ശതമാനത്തിലും വെള്ളമില്ലെന്ന്‌ സിഎജി. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ നിർമിച്ച ശുചിമുറികളില്‍ 30 ശതമാനവും ഉപയോഗിക്കുന്നില്ല. 55 ശതമാനത്തിലും കൈ ശുചിയാക്കാൻ വഴിയില്ല, 30 ശതമാനത്തിൽ സോപ്പോ അണുനാശിനിയോ ലഭ്യമല്ലെന്നും‌ സിഎജിയുടെ സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടി‌. കഴിഞ്ഞവര്‍ഷം നടത്തിയ സർവേയുടെ റിപ്പോർട്ട്‌ ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ പാർലമെന്റില്‍ വച്ചു.

പതിനഞ്ച്‌ സംസ്ഥാനത്തെ 2048 സ്‌കൂളിലെ 2695 ശുചിമുറി പരിശോധിച്ചാണ് സിഎജി  സർവേ നടത്തിയത്‌. ആൺകുട്ടികളും പെൺകുട്ടികളും ചേർന്ന്‌ പഠിക്കുന്ന 1967 സ്‌കൂളുകളില്‍ 99ലും ശുചിമുറി ഇല്ല. 436 ഇടത്ത്‌ ഒറ്റ ശുചിമുറിമാത്രം. ആണ്‍കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി വേണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം 535 സ്‌കൂളിലും നടപ്പായില്ല.

പൊതുമേഖലാ സ്ഥാപനങ്ങൾവഴി നിർമിക്കാന്‍ നിര്‍ദേശിച്ചവയിൽ 200 എണ്ണം നിർമിച്ചിട്ടില്ല. 86 എണ്ണത്തി‍ന്റെ നിർമാണം ഭാഗികം. ഒരുവർഷംകൊണ്ട്‌ പദ്ധതി‌ പൂർത്തീകരിക്കുമെന്ന‌ മന്ത്രാലയത്തിന്റെ പ്രഖ്യാപനം നടപ്പായില്ലെന്നും‌ റിപ്പോർട്ടിലുണ്ട്.

ജിഎസ്‌ടി നഷ്ടപരിഹാരം : കേന്ദ്രം 47,272 കോടി വകമാറ്റി: സിഎജി

 സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരമായി നല്‍കേണ്ട 47,272 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധമായി വകമാറ്റിയെന്ന് കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ (സിഎജി) കണ്ടെത്തി. ജിഎസ്‌ടി നഷ്ടപരിഹാര ഫണ്ടിൽ മതിയായ തുകയില്ലെന്ന പേരിൽ സംസ്ഥാനങ്ങൾക്ക്‌ അര്‍ഹമായവിഹിതം കേന്ദ്രം നിഷേധിക്കുമ്പോഴാണ് വകമാറ്റല്‍ വിവരം പുറത്തുവരുന്നത്.

ജിഎസ്‌ടി നഷ്ടപരിഹാര സെസ്‌ വഴി 2017–-18, 2018–-19ല്‍ പിരിച്ച തുക വകമാറ്റിയത് 2017ല്‍ പാസാക്കിയ ജിഎസ്‌ടി നഷ്ടപരിഹാരനിയമത്തിന്റെ ലംഘനമാണെന്നും സിഎജി റിപ്പോർട്ടിലുണ്ട്. ജിഎസ്‌ടി നഷ്ടപരിഹാര സെസ് പൂർണമായി പ്രത്യേക ഫണ്ടിലേക്ക്‌ മാറ്റണമെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നഷ്ടപരിഹാരം നൽകാൻമാത്രം വിനിയോ​ഗിക്കണമെന്നുമാണ് വ്യവസ്ഥ.

2018–-19ൽ സെസ്‌ ഇനത്തിൽ 95,081 കോടി കിട്ടിയപ്പോൾ പ്രത്യേക ഫണ്ടിലേക്ക്‌ മാറ്റിയത്‌ 54,275 കോടിമാത്രം‌. 2017–-18ലും സമാനമായ നിയമലംഘനമുണ്ടായി. കേന്ദ്രത്തിന്റെ ധനകമ്മി കുറച്ചുകാണിക്കാൻ ഈ തുക പൊതുഫണ്ടിൽ ഇട്ടു. ജിഎസ്‌ടി നഷ്ടപരിഹാര അക്കൗണ്ടിങ്‌ നടപടികക്രമങ്ങളും കേന്ദ്രം പാലിച്ചില്ല. ജിഎസ്‌ടി നഷ്ടപരിഹാരം കേന്ദ്രത്തിന്റെ ഔദാര്യമല്ല, സംസ്ഥാനങ്ങളുടെ അവകാശമാണ്‌. ധനമന്ത്രാലയം ഉടൻ നടപടി തിരുത്താൻ ‌സിഎജി നിര്‍ദേശിച്ചു.

നടപ്പു സാമ്പത്തികവർഷം ഏപ്രിൽ–- ജൂലൈ കാലയളവിൽ ജിഎസ്‌ടി നഷ്ടപരിഹാരമായി കേന്ദ്രം സംസ്ഥാനങ്ങൾക്ക് ‌1.51 ലക്ഷം കോടി നൽകാനുണ്ടെന്ന്‌ കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചിരുന്നു. സെസ്‌ തുക അപര്യാപ്‌തമാണെന്നും ഫണ്ടിന്റെ ലഭ്യതപ്രകാരം ‌സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കുന്നുണ്ടെന്നുമാണ് ധനസഹമന്ത്രി സഭയിൽ മറുപടി നൽകിയത്. കേന്ദ്രസർക്കാരിന്റെ അവകാശവാദങ്ങളുടെ വിശ്വസനീയത ചോദ്യംചെയ്യുന്നതാണ്‌ സിഎജി റിപ്പോർട്ട്‌.

Monday, September 7, 2020

ജിഡിപി സൂചനകൾ ആശങ്കപ്പെടുത്തുന്നത്; ഇന്ത്യ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്: രഘുറാം രാജൻ

 രാജ്യത്തിന്റെ സാമ്പത്തികരംഗം വലിയ അപകടത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക് മുൻ ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ. ജിഡിപി വളർച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞത് ആശങ്കപ്പെടുത്തുന്നതാണ്. ഈ വർഷം ആദ്യപാദത്തിൽ തന്നെ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് രാജ്യത്തിനുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ജിഡിപി 40 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ഇനിയും വർധിക്കും. അനൗദ്യോഗിക മേഖലയിലെ നഷ്ടങ്ങൾ കണക്കാക്കുമ്പോൾ ജിഡിപി നിരക്ക് ഇനിയും ഇടിയുമെന്നും രഘുറാം രാജൻ പറഞ്ഞു. മറ്റ് സമ്പദ് ഘടനകളെ അപേക്ഷിച്ച് ഇന്ത്യയുടെ ജിഡിപി തകർച്ച വളരെ കൂടുതലാണ്. ഇന്ത്യയിൽ മധ്യവർത്തി വിഭാഗം ചെലവിടുന്നത് വലിയ രീതിയിൽ കുറയ്ക്കും. അത് ഇന്ത്യക്ക് കൂടുതൽ പ്രതിസന്ധികളാണ് സമ്മാനിക്കുക. ഇവർക്കായി കൂടുതൽ സഹായങ്ങൾ സർക്കാരിൽ നിന്നുണ്ടായിട്ടില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും.

കോവിഡ് മഹാമാരി ഇന്ത്യൻ വിപണിയെ അതിഭീകരമായിട്ടാണ് ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ഏറ്റവും മോശമായി ബാധിച്ച വികസിത രാജ്യങ്ങളായ യുഎസ്, ഇറ്റലി എന്നിവിടങ്ങളിൽ സമ്പദ്വ്യവസ്ഥയിൽ വലിച്ചിൽ ഉണ്ടായെങ്കിലും അവരേക്കാൾ ഇന്ത്യയുടെ അവസ്ഥ മോശമാണ്. ഇന്ത്യ വൈറസിനെ നിയന്ത്രിച്ചുനിർത്തിയാൽ അതു ഉത്തേജനമാകുമെന്നു വിശ്വസിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ ഇപ്പോഴുള്ള തകർച്ചയെ കുറച്ചുകാണുകയാണ്. അന്ന് കുറച്ചൂകൂടി ചുരുങ്ങിയ, ഭീതിജനകമായ സമ്പദ്വ്യവസ്ഥയെ ആണ് കാണാൻ പോകുന്നത്.

ജിഡിപിയുടെ 20 ശതമാനം സാമ്പത്തിക പാക്കേജിനായി ചെലവിട്ടിട്ടിടും അമേരിക്കയ്ക്ക് ഇപ്പോഴും ആശങ്ക മാറിയിട്ടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. സമ്പദ്വ്യവസ്ഥ ശോഷിക്കാതിരിക്കാൻ നിർണായക ഉത്തേജനം വേണം. ഇന്ത്യയ്ക്ക് ശക്തമായ വളർച്ചയാണ് ആവശ്യം. സമ്പദ് ഘടനയെ സംരക്ഷിച്ച് നിർത്താൻ സർക്കാരിൽ നിന്നുള്ള സാമ്പത്തിക പാക്കേജുകൾ അത്യാവശ്യമാണ്. നിലവിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജുകൾ വളരെ തുച്ഛമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Wednesday, September 2, 2020

രാജ്യത്തിന്റെ ജിഡിപി 24 ശതമാനം ഇടിഞ്ഞു ; ലോകത്തെ പ്രധാന സമ്പദ്‌ഘടനകളിലെ ഏറ്റവും കടുത്ത തകർച്ച

 ന്യൂഡൽഹി: കോവിഡിനു മുമ്പേ മാന്ദ്യത്തിലായിരുന്ന രാജ്യത്തിന്റെ സമ്പദ്‌ഘടന ഏപ്രിൽ–-ജൂൺ കാലയളവിൽ 24 ശതമാനം ചുരുങ്ങി. ലോകത്തെ പ്രധാന സമ്പദ്‌ഘടനകളിലെ ഏറ്റവും കടുത്ത തകർച്ചയാണിത്‌. ആഭ്യന്തര ഉൽപാദന (ജിഡിപി)  കണക്ക് മൂന്നുമാസത്തിലൊരിക്കൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ ഇടിവാണിത്. 1996 മുതലാണ്‌ ത്രൈമാസ കണക്ക്‌ പ്രസിദ്ധീകരിച്ചു തുടങ്ങിയത്‌.

നിർമാണമേഖല 50.3 ശതമാനവും ഉൽപാദനമേഖല 39.3 ശതമാനവും ഇടിഞ്ഞു. വാണിജ്യ, ഹോട്ടൽ, ഗതാഗത, വാർത്താവിനിമയ–-വാർത്താവിതരണ മേഖലകളിലെ ഇടിവ്‌ 47 ശതമാനം‌. ധനകാര്യസേവനമേഖലയിൽ 5.3, ഖനനത്തിൽ 23.3, വൈദ്യുതി–-വാതകരംഗങ്ങളിൽ ഏഴ്‌ ശതമാനം വീതം ഇടിവ്. കാർഷികമേഖലയിൽ മാത്രമാണ്‌ വളർച്ച–-3.4 ശതമാനം. മൊത്തം മൂല്യവർധന 22.8 ശതമാനം ചുരുങ്ങും. ഈ വർഷം പൂർണമായി സമ്പദ്‌ഘടന ചുരുക്കത്തിലേ‌ക്ക്‌ നീങ്ങി.

കഴിഞ്ഞ സാമ്പത്തികവർഷം ഏപ്രിൽ–-ജൂൺ കാലത്ത്‌ 35.35 ലക്ഷം കോടി രൂപയായിരുന്ന ജിഡിപി ഇക്കൊല്ലം ഇതേ കാലയളവിൽ 26.90 ലക്ഷം കോടിയായി ഇടിഞ്ഞു. ധനകമ്മി ഏപ്രിൽ–-ജൂലൈ കാലയളവിൽ  8.21 ലക്ഷം കോടിയായി ഉയർന്നു. നടപ്പുവർഷത്തിലാകെ പ്രതീക്ഷിച്ച ധനകമ്മി 7.96 ലക്ഷം കോടി മാത്രം.  നടപ്പുവർഷം ബജറ്റ്‌കമ്മി ജിഡിപിയുടെ ഏഴ്‌ ശതമാനമായി ഉയരും.

ജനങ്ങളുടെ ദുരിതമേറി: യെച്ചൂരി

കോവിഡ്‌ രോഗവ്യാപന വളർച്ച നിരക്കിൽ ഏറ്റവും മുന്നിലെത്തിയ സമയത്ത്‌ തന്നെയാണ്‌ ഇന്ത്യ ജിഡിപി ഇടിവിലും ഒന്നാം സ്ഥാനം നേടിയതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനങ്ങളുടെ ദുരിതവും വേദനയും ജീവനോപാധികളുടെ വിനാശവും പെരുകുന്നു. ഇനി ജിഡിപി 35 ശതമാനം വികസിച്ചാൽ മാത്രമാണ്‌ 2017ലെ വളർച്ചതോതിൽ എത്താൻ കഴിയുക–-യെച്ചൂരി പ്രതികരിച്ചു.

സാജൻ എവുജിൻ

Monday, April 21, 2014

1000 കോടികൂടി കടമെടുക്കുന്നു

സംസ്ഥാനം 1000 കോടി രൂപകൂടി കടമെടുക്കുന്നു. കടപ്പത്രലേലം ചൊവ്വാഴ്ച മുംബൈയില്‍ റിസര്‍വ് ബാങ്ക് നടത്തും. 9.62 ശതമാനം പലിശയിലാണ് കടപ്പത്രം ഇറക്കുന്നത്. ഇത് സംസ്ഥാനം നല്‍കുന്ന ഏറ്റവും വലിയ പലിശനിരക്കാണ്. കഴിഞ്ഞ ഒമ്പതിന് 1000 കോടി രൂപ കടമെടുത്തിരുന്നു. സംസ്ഥാന ട്രഷറിയുടെ വിശ്വാസ്യത പൂര്‍ണമായും ചോദ്യംചെയ്യപ്പെടുന്ന നിലയിലേക്കാണ് സാമ്പത്തികസ്ഥിതി. ജീവനക്കാരുടെയും അധ്യാപകരുടെയും പിഎഫ് വായ്പയും ലീവ് സറണ്ടറും ചികിത്സാസഹായവും ഭവനവായ്പയും അടക്കമുള്ള എല്ലാ ആനുകൂല്യവും നിര്‍ത്തലാക്കാനാണ് സാധ്യത. ഏപ്രില്‍ 11 മുതല്‍ എല്ലാ ആനുകൂല്യവും വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു.

മാര്‍ച്ചിലെ ശമ്പളവും പെന്‍ഷനും ഇനിയും പൂര്‍ണമായി വിതരണം ചെയ്തിട്ടില്ല. ഇതില്‍നിന്ന് തലയൂരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 1000 കോടിയുടെ പുതിയ കടംകൂടി അടിച്ചേല്‍പ്പിക്കുന്നത്. മെയ് രണ്ടിന് ഏപ്രിലിലെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യണം. ഇതിനായി തനതുവരുമാനം ഒന്നുമില്ല. എങ്ങനെയും ശമ്പളം നല്‍കാനുള്ള നെട്ടോട്ടത്തിന്റ ഭാഗമായാണ് ചരിത്രത്തിലില്ലാത്തവിധം സാമ്പത്തികവര്‍ഷത്തിന്റെ ആദ്യമാസംതന്നെ രണ്ടാമതും കടമെടുക്കുന്നത്. ഒരു കടത്തില്‍മാത്രം അടുത്ത പത്തുവര്‍ഷത്തേക്ക് പ്രതിവര്‍ഷം 96.20 കോടി രൂപ പലിശ നല്‍കണം. പത്തുവര്‍ഷത്തേക്ക് 962 കോടി രൂപയുടെ അധികബാധ്യത. സംസ്ഥാനം സാമ്പത്തിക അരാജകത്വത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് സര്‍ക്കാര്‍ നടപടികളിലൂടെ വ്യക്തമാകുന്നത്.

9.62 ശതമാനം എന്ന ഏറ്റവുമുയര്‍ന്ന പലിശയില്‍ കടമെടുക്കുന്നതുതന്നെ സര്‍ക്കാരിന്റ സമ്പൂര്‍ണ പരാജയം വിളിച്ചോതുന്നു. ശമ്പളത്തിനും പെന്‍ഷനും മാത്രമായി 2800 മുതല്‍ 3000 കോടി രൂപ വേണം. ജനുവരി മുതല്‍ ക്ഷാമബത്ത കുടിശ്ശികയാണ്. 10 ശതമാനം ക്ഷാമബത്ത നല്‍കണം. പ്രതിമാസ കുടിശ്ശിക 300 കോടി കവിയും. ഇതിന്റെ 8.8 ശതമാനം പലിശബാധ്യത വേറെയും. സര്‍ക്കാര്‍ ചെലവുകള്‍ നീട്ടിക്കൊണ്ടുപോകുന്നതിലൂടെ സാമ്പത്തിക ബാധ്യത കുന്നുകൂടുന്നു. 20 ദിവസത്തിനുള്ളില്‍ 2000 കോടി രൂപയുടെ കടമാണ് അടിച്ചേല്‍പ്പിച്ചത്. കടമെടുത്ത് വികസന ആവശ്യങ്ങള്‍പോലും നിര്‍വഹിക്കാന്‍ പാടില്ലെന്ന് അവകാശപ്പെട്ട ആളാണ് ധനമന്ത്രി കെ എം മാണി. എന്നിട്ട് നിത്യച്ചെലവിനുപോലും കടമെടുക്കുകയാണ് സര്‍ക്കാര്‍.

ജി രാജേഷ്കുമാര്‍ deshabhimani

Wednesday, April 2, 2014

ശമ്പളത്തിന് എല്‍ഐസിയില്‍നിന്ന് കടമെടുക്കും

ശമ്പളവും പെന്‍ഷനും നല്‍കാന്‍ എല്‍ഐസിയില്‍നിന്ന് ഉയര്‍ന്ന പലിശയ്ക്ക് കടമെടുക്കുന്നു. 16 മുതല്‍ 22 വരെ ശതമാനം പലിശയ്ക്ക് കടം നല്‍കാമെന്ന് എല്‍ഐസി അറിയിച്ചു. ധനവകുപ്പില്‍ ഏകദേശ ധാരണയായി. ബുധനാഴ്ച മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുക്കും. മിനിമം ഫണ്ടുമാത്രമാണ് ട്രഷറിയില്‍ അവശേഷിക്കുന്നത്.

തിങ്കളാഴ്ച ട്രഷറിയില്‍നിന്ന് പണം നല്‍കാതെ അക്കൗണ്ടില്‍ ഫണ്ട് മാറ്റിനല്‍കല്‍ നടത്തി കുറച്ചു പണം ശേഖരിച്ചിട്ടുണ്ട്. ഇടപാടുകള്‍ക്ക് മൂന്നു മാസത്തിനുള്ളില്‍ ബാങ്ക് അക്കൗണ്ടുവഴി പണം കൈപ്പറ്റാവുന്ന ചെക്ക് നല്‍കുകയായിരുന്നു. ഇവ ബാങ്കില്‍ നല്‍കുന്നതിനുമുമ്പ് ധനവകുപ്പിന്റെ അനുമതി വാങ്ങണമെന്ന രഹസ്യ നിര്‍ദേശവും നല്‍കി. ധനകാര്യപരിശോധനാവിഭാഗം പല വകുപ്പുകളിലും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മിച്ചമുണ്ടായിരുന്ന ചെറിയ തുകപോലും ട്രഷറിയിലേക്ക് മാറ്റിച്ചു. പുതിയ സാമ്പത്തികവര്‍ഷത്തിലെ കേന്ദ്രത്തില്‍നിന്നുള്ള നികുതിയുടെയും കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും ആദ്യവിഹിതം ബുധനാഴ്ചതന്നെ ട്രഷറിയിലെത്തിക്കാനുള്ള നീക്കവും നടക്കുന്നു.

നിത്യനിദാനച്ചെലവുകള്‍ക്കായി 175 കോടി രൂപ അവശേഷിക്കുന്നു. ഇതും എടുക്കും. പുതിയ വായ്പയ്ക്ക് തല്‍ക്കാലം തടസ്സമില്ല. ഈ ധൈര്യത്തിലാണ് ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ധനമന്ത്രി ആവര്‍ത്തിക്കുന്നത്. ബുധനാഴ്ച തിരുവനന്തപുരത്ത് പ്രാദേശിക അവധിയായതിനാല്‍ തലസ്ഥാനത്ത് ശമ്പളം നല്‍കുന്നതിനുള്ള ബാധ്യത ഒരു ദിവസത്തേക്കുകൂടി നീട്ടാനാകുന്നത് സര്‍ക്കാരിന് ആശ്വാസമാണ്. തലസ്ഥാനത്താണ് ശമ്പളയിനത്തില്‍ ഏറ്റവും കുടുതല്‍ പണം വേണ്ടത്. ശമ്പളം പല ദിവസങ്ങളിലായി നല്‍കുന്നതിനാല്‍ ഒരുവിധം ഒപ്പിച്ചുപോകാനാകുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടല്‍. ബുധനാഴ്ച ഫണ്ട് എത്തുമെന്നും മുടക്കമില്ലാതെ ശമ്പളവും പെന്‍ഷനും നല്‍കുമെന്നുമാണ് ധനവകുപ്പ് അവകാശപ്പെടുന്നത്. എന്നാല്‍, വര്‍ഷാന്ത്യത്തിനുശേഷം ട്രഷറിമിച്ചം എത്രയെന്ന് വ്യക്തമാക്കാന്‍ ധനമന്ത്രിയോ വകുപ്പ് നേതൃത്വമോ തയ്യാറായിട്ടില്ല.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ അവസാന ഒരാഴ്ചമാത്രം 5541.75 കോടിയുടെ ഇടപാടുകള്‍ ട്രഷറി വഴി നടത്തിയെന്ന്് ധനമന്ത്രി കെ എം മാണി വാര്‍ത്താ കുറിപ്പില്‍ അവകാശപ്പെട്ടു. അവസാനദിവസം 2530 കോടി രൂപയുടെ ബില്ലുകള്‍ പാസാക്കി. കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ മൊത്തംവരവ് 66,046.71 കോടിയും ചെലവ് 68,917.86 കോടി രൂപയുമാണ്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം 10.14 ശതമാനവും 15.74 ശതമാനവും കൂടുതലാണെന്നും മന്ത്രി അവകാശപ്പെടുന്നു. സാമ്പത്തിക ക്രമീകരണം മാത്രമാണുള്ളതെന്ന് ആവര്‍ത്തിക്കുന്ന മന്ത്രി ഇപ്പോള്‍ മിച്ചമെത്ര എന്നു പറയുന്നില്ല.

ധനവകുപ്പിലെയും ട്രഷറി വകുപ്പിലെയും ഉദ്യോഗസ്ഥര്‍ക്കെല്ലാം ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കുന്നതില്‍ കര്‍ശന വിലക്കും ഏര്‍പ്പെടുത്തി. വോട്ടെടുപ്പ് ദിവസംവരെയെങ്കിലും ശമ്പളകാര്യത്തില്‍ പരാതി ഉണ്ടാകാന്‍ പാടില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം. അതിനാല്‍ എല്‍ഐസിയില്‍നിന്ന് വമ്പന്‍ പലിശയ്ക്ക് കടമെടുക്കുന്നതില്‍ മന്ത്രിസഭാ യോഗത്തില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടായാല്‍ മുഖ്യമന്ത്രി തടയിടുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ.

ജി രാജേഷ്കുമാര്‍ deshabhimani

Thursday, March 27, 2014

ട്രഷറി അടച്ചുപൂട്ടല്‍ ജനദ്രോഹം, വികസനവിരുദ്ധം: പിണറായി

സാമ്പത്തിക വര്‍ഷാന്ത്യത്തില്‍ സംസ്ഥാന ട്രഷറി ഫലത്തില്‍ അടച്ചുപൂട്ടുന്നത് ജനദ്രോഹവും വികസന വിരുദ്ധവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനത്തെ എത്തിച്ചത് ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വികസന- ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പകുതിയോളം തുകമാത്രമേ ചെലവഴിച്ചിട്ടുള്ളൂ. ബാക്കി തുക ഉപയോഗിച്ച് വികസന-ക്ഷേമ പരിപാടികള്‍ നടത്തി മാര്‍ച്ച് 31നകം ബില്ലുകള്‍ പാസാക്കുന്നതിനാണ് പ്രാദേശിക സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. എന്നാല്‍, ട്രഷറി കാലിയാക്കിയ സര്‍ക്കാര്‍ പ്രാദേശിക വികസനത്തിന് നിരോധനം അടിച്ചേല്‍പ്പിച്ചിരിക്കുന്നു. മാര്‍ച്ച് 26 മുതല്‍ ബില്ലുകളൊന്നും മാറേണ്ട എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഏതെങ്കിലും ബില്ലുകള്‍ മാറണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവും വേണം. ഇതിന്റെ അര്‍ഥം സംസ്ഥാനത്ത് യുഡിഎഫ് ഭരണം സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പാക്കിയിരിക്കുന്നു എന്നാണ്.

ഗുരുതരമായ ഈ സ്ഥിതിവിശേഷം എന്തുകൊണ്ടുണ്ടായി എന്ന് അറിയിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമുണ്ട്. നികുതി പിരിച്ചെടുക്കുന്നതിലെ അനാസ്ഥ, കേന്ദ്രത്തില്‍നിന്ന് ന്യായമായ വിഹിതം വാങ്ങുന്നതിലെ ഉപേക്ഷ, അധിക വിഭവ സമാഹരണത്തില്‍ കാട്ടിയ ശുഷ്കാന്തിയില്ലായ്മ, ഭരണധൂര്‍ത്ത്, അഴിമതി എന്നിവയൊക്കെ പ്രതിസന്ധിയിലേക്ക് നയിച്ച ഘടകങ്ങളാണ്. എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് സര്‍ക്കാര്‍ ഭരണമേറ്റെടുത്തത് സമ്പന്നമായ ട്രഷറിയോടെയായിരുന്നു. എന്നാല്‍, എല്‍ഡിഎഫ് അധികാരത്തില്‍ ഉണ്ടായിരുന്നതിന്റെ മൂന്നിരട്ടിയോളമായി റവന്യൂ കമ്മി വര്‍ധിച്ചു. 2008-09ല്‍ 3711.67 കോടി രൂപയായിരുന്നത് 2012-13ല്‍ 9351 കോടിയായി. മൂന്നുവര്‍ഷംകൊണ്ട് വര്‍ധിച്ചത് മൂന്നിരട്ടി. ധനകമ്മി ഇതേ ഘട്ടത്തില്‍ 6346 കോടിയില്‍നിന്ന് 15,002 കോടിയിലേക്ക് ഉയര്‍ന്നു. ഇത്തരമൊരു സ്ഥിതി സൃഷ്ടിച്ച യുഡിഎഫ് ഭരണത്തിന്റെ കൊള്ളരുതായ്മയാണ് ട്രഷറി പൂട്ടുന്നതിനു തുല്യമായ അവസ്ഥയിലെത്തിച്ചത്.

റവന്യൂ വരുമാനത്തിലെ കേന്ദ്രവിഹിതം 2007-08ല്‍ 29.55 ശതമാനമായിരുന്നത് 22.34 ശതമാനമായി ചുരുങ്ങി. ഗ്രാന്റ്-ഇന്‍-എയ്ഡും ഇടിഞ്ഞു. സംസ്ഥാനം കടുത്ത വേനലിലേക്ക് കടക്കുമ്പോള്‍ കുടിവെള്ളം എത്തിക്കുന്നതിന് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ട്രഷറി നിയന്ത്രണംമൂലം തടസ്സപ്പെടും. വേനല്‍ക്കെടുതിക്ക് പരിഹാരമുണ്ടാക്കാന്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കൈമാറുന്നത് വിലക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ട്രഷറി പൂട്ടലിനു തുല്യമായ അവസ്ഥ സൃഷ്ടിച്ച സംസ്ഥാന സര്‍ക്കാരിന്റെ കൊള്ളരുതായ്മയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ എല്ലാ വിഭാഗം ജനങ്ങളോടും പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.

സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ

തിരു: സംസ്ഥാനത്ത് അപ്രഖ്യാപിത സാമ്പത്തിക അടിയന്തരാവസ്ഥ. എല്ലാത്തരം ചെലവുകള്‍ക്കും കടുത്തനിയന്ത്രണം ഏര്‍പ്പെടുത്തി. ധനവകുപ്പിന്റെ പ്രത്യേക അനുമതിയുള്ള ബില്ലുകള്‍മാത്രമേ മാറിനല്‍കാവൂ എന്ന് ട്രഷറി ഡയറക്ടര്‍ കര്‍ശനിര്‍ദേശം നല്‍കി. ഈ വര്‍ഷത്തെ പ്രതീക്ഷിത റവന്യൂ വരുമാനത്തില്‍ 10,900 കോടി രൂപ കുറവുണ്ടായി. മാര്‍ച്ചിലെ ശമ്പളവും പെന്‍ഷനും വിതരണംചെയ്യാനുള്ള നെട്ടോട്ടത്തിലാണ് സര്‍ക്കാര്‍. ശനിയാഴ്ചമുതല്‍ ഫണ്ട് വിതരണത്തിനുള്ള കത്ത് (അലോട്ട്മെന്റ് ലെറ്റര്‍) ട്രഷറികളില്‍ സ്വീകരിച്ചിരുന്നില്ല. ബുധനാഴ്ച മൂന്നുമണിക്കുശേഷം ട്രഷറി ബില്‍, ചെക്ക്, ചെലാന്‍ എന്നിവയൊന്നും എടുക്കേണ്ടതില്ലെന്നും ട്രഷറി ഡയറക്ടര്‍ ട്രഷറി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

കഴിഞ്ഞ 20നുശേഷം മുന്‍കൂര്‍ ബില്ലില്‍ പണം അനുവദിക്കുന്നില്ല. റവന്യൂ വരുമാനം കുത്തനെ ഇടിഞ്ഞതോടെയാണ് സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകളെല്ലാം കര്‍ശനമായി നിയന്ത്രിക്കാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പായതിനാല്‍ ശമ്പളവും പെന്‍ഷനും ഏതുവിധേനയും വിതരണംചെയ്യണമെന്ന നിര്‍ദേശം ധനവകുപ്പിന് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കേന്ദ്രവിഹിതത്തില്‍നിന്ന് പ്രതീക്ഷിക്കുന്ന ആയിരം കോടിക്കുപുറമെ കടപ്പത്രത്തിലൂടെ 600 കോടിയും ഈ മാസംതന്നെ ലഭിക്കുമെന്നാണ് ധനവകുപ്പ് കരുതുന്നത്. എന്നാലും 1500 കോടി രൂപയെങ്കിലും പുറമെനിന്ന് കണ്ടെത്തിയാലേ ഈ മാസം തള്ളിനീക്കാനാകൂ. ഇല്ലെങ്കില്‍ കേരളത്തിന്റെ ട്രഷറികള്‍ക്ക് റിസര്‍വ് ബാങ്ക് താഴിടും. ഇത് മറികടക്കാനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയടക്കം സര്‍ക്കാര്‍ സമീപിച്ചു. തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെ മിച്ചഫണ്ടാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബോര്‍ഡുകളുടെ ബാങ്ക് നിക്ഷേപങ്ങള്‍ തല്‍ക്കാലത്തേക്ക്് ട്രഷറിയിലേക്ക് മാറ്റാനാണ് നീക്കം. ഇതിലൂടെ ഈ മാസം കടന്നുപോകാമെന്ന്് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍, ഏപ്രില്‍മുതല്‍ കൂടുതല്‍ കടുത്തപ്രതിസന്ധിക്കും നടപടികള്‍ക്കും ഇത് കാരണമാകും.

നികുതിവരുമാനം കുത്തനെ ഇടിഞ്ഞത് പ്രതിസന്ധിക്ക് ആക്കംകൂട്ടി. രജിസ്ട്രേഷന്‍നികുതിയും സ്റ്റാമ്പ് ഡ്യൂട്ടിയുമായി 4207 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, മാസം അവസാനിക്കുമ്പോള്‍ വരവ് 2294 കോടി രൂപയില്‍ ഒതുങ്ങും. 50 ശതമാനത്തിന്റെ കുറവാണ് ധനവകുപ്പ് കണക്കാക്കുന്നത്. വാണിജ്യനികുതിയില്‍ 15 ശതമാനം കുറവുണ്ട്. 28,456 കോടിയുടെ വരവ് പ്രതീക്ഷിച്ചു. 24,558 കോടിയില്‍ ഒതുങ്ങും. എക്സൈസ് നികുതി 36 ശതമാനം കുറയും. മോട്ടോര്‍വാഹനികുതിയില്‍ 32 ശതമാനമാണ് കുറവ്. 2570 കോടി ഉണ്ടാകേണ്ടത് 2027 കോടിയില്‍ അവസാനിക്കും. നികുതിയിതര വരുമാനത്തിലും 972 കോടിയുടെ കുറവുണ്ടാകുമെന്നാണ് ധനവകുപ്പിന്റെ അന്തിമവിശകലനം. ബജറ്റില്‍ 4821 കോടിയുടെ വരവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, 3839 കോടിയില്‍ ഒതുങ്ങും. കേന്ദ്രവിഹിതത്തിലും വലിയ അന്തരമുണ്ട്. 12,523 കോടി രൂപ ലഭിക്കേണ്ടിടത്ത് 10,061 കോടിമാത്രമാണ് മാര്‍ച്ച് 19 വരെ ലഭിച്ചത്. 2462 കോടിയുടെ കുറവ്. ഇനി എത്ര ശ്രമിച്ചാലും ആയിരം കോടിയിലധികം കേന്ദ്രത്തില്‍നിന്ന് ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍.

ജി രാജേഷ് കുമാര്‍ deshabhimani

Saturday, March 22, 2014

വായ്പ 600 കോടിമാത്രം: ട്രഷറി പൂട്ടും

സാമ്പത്തികപ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാന്‍ സര്‍ക്കാര്‍ നടത്തിയ അവസാന കളിയും പരാജയത്തില്‍. കടമെടുപ്പു പരിധി പരിഗണിക്കാതെ 1500 കോടി വായ്പ അനുവദിക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. 600 കോടി രൂപയുടെ വായ്പയ്ക്കുമാത്രമാണ് അനുമതിയായത്. ഇതു സംബന്ധിച്ച അറിയിപ്പും സര്‍ക്കാരിന് ലഭിച്ചു. കണക്കിലെ വാര്‍ഷിക ക്രമീകരണങ്ങള്‍കൂടിയാകുമ്പോള്‍ 450 കോടിയില്‍ താഴെയേ ലഭിക്കൂ. ഇതോടെ സാമ്പത്തികവര്‍ഷത്തിന്റെ അവസാനാളില്‍ ധനകമ്മി 1000 കോടി കവിയും. ട്രഷറി പൂട്ടും.

ശമ്പളവും പെന്‍ഷനുമടക്കം ചെലവുകള്‍ക്ക് പണമില്ലാതെയാകും. പൊതു കടപത്രങ്ങളുടെ ഈ വര്‍ഷത്തെ അവസാന ലേലം റിസര്‍വ്ബാങ്ക് 25നാണ് നടത്തുക. ഇതിനുമുമ്പ് 1500 കോടിയെങ്കിലും കടമെടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. തെരഞ്ഞെടുപ്പുകാലത്തിന്റെ സാധ്യത പരിഗണിച്ച് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. രാഷ്ട്രീയ സമ്മര്‍ദമടക്കം പ്രയോഗിച്ചിട്ടും സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടു. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി അത്ര മോശമായതിനാലാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. ട്രഷറി പൂട്ടല്‍ അനിവാര്യമായതോടെ അസാധാരണ നടപടികളിലൂടെ സ്തംഭനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ പെടാപ്പാട് തുടങ്ങി.പൊതുമേഖല- സ്വയംഭരണ- സഹകരണ സ്ഥാപനങ്ങള്‍, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അനുവദിച്ച പണം ട്രഷറി അക്കൗണ്ടില്‍ത്തന്നെ സൂക്ഷിക്കണമെന്ന കര്‍ശന നിര്‍ദേശം ധനവകുപ്പ് നല്‍കി. സര്‍വകലാശാലകള്‍ക്കടക്കം പണം ലഭിക്കില്ല. വാര്‍ഷികപദ്ധതിയിലെ പണവും നല്‍കില്ല. ഈ സ്ഥാപനങ്ങളുടെ ബില്ലുകള്‍ക്ക് ഭരണാനുമതി നല്‍കുന്നതും ധനവകുപ്പ് വിലക്കി. ഫണ്ട് പാഴാകാതിരിക്കാന്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഡിമാന്‍ഡ് ഡ്രാഫ്റ്റായി തുക പിന്‍വലിക്കുന്നതും തടഞ്ഞു. ബജറ്റില്‍ മാറ്റിവച്ച തുക അനുവദിക്കാന്‍ ട്രഷറിയില്‍ പണമില്ല.

അസാധാരണ നിയന്ത്രണങ്ങളിലൂടെ ഇതില്‍നിന്ന് രക്ഷപ്പെടാനാകുമോ എന്നാണ് നോട്ടം. നികുതിപിരിവിലെ കെടുകാര്യസ്ഥതയും ധൂര്‍ത്തും സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ കണക്കിലും കള്ളക്കളി തുടങ്ങി. വാര്‍ഷിക പദ്ധതി ചെലവ് 95 ശതമാനമെങ്കിലും എത്തിക്കാന്‍ കണക്കുകള്‍ പെരുപ്പിച്ചുകാട്ടും. ജനുവരിവരെ ചെലവ് 43.75 ശതമാനമാണ്. ഫെബ്രുവരിയിലെ കണക്കില്‍ 65.31 ശതമാനമായി ഉയര്‍ത്തി. ഒരു മാസത്തില്‍ 21.50 ശതമാനം വര്‍ധന. മാര്‍ച്ച് 31നകം ചെലവില്‍ 30 ശതമാനം വര്‍ധനകൂടി കാട്ടണം. ഇതിനുള്ള പണം ട്രഷറിയില്‍ ഇല്ലാത്തതിനാല്‍ ഫണ്ട് തടഞ്ഞുവച്ച്, കണക്കില്‍ കള്ളത്തരം കാട്ടി ചെലവ് കൂട്ടിക്കാണിക്കുന്ന കുതന്ത്രം പ്രയോഗിക്കും. എല്ലാ മുന്‍കൂര്‍ ചെലവും തടഞ്ഞു. ഒരു കോടിക്കുമുകളിലെ ചെലവുകള്‍ ഉത്തരവിലൂടെ തടഞ്ഞെങ്കില്‍, ചെറിയ തുകകള്‍ക്ക് വാക്കാല്‍ വിലക്കുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 1550 കോടി രൂപയുടെ വികസനഫണ്ട് വകമാറ്റി ചെലവഴിക്കാന്‍ നിര്‍ദേശിച്ചതിലൂടെയും ട്രഷറിയില്‍നിന്ന് പണം പിന്‍വലിക്കലും വിലക്കിലാണ്.

ജി രാജേഷ്കുമാര്‍ deshabhimani

Friday, February 21, 2014

ജപ്പാന്‍ തകര്‍ച്ചയിലേക്ക്; വ്യാപാര കമ്മി റെക്കോര്‍ഡില്‍

സാമ്പത്തിക തകര്‍ച്ചയുടെ വക്കിലെത്തിയ ജപ്പാന്റെ പ്രതിമാസ വ്യാപാരക്കമ്മി പുതിയ റെക്കോര്‍ഡിലെത്തി. റെക്കോര്‍ഡ് വാര്‍ഷിക വ്യാപാരക്കമ്മിയുടെ വാര്‍ത്തകള്‍ പുറത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് ഇത്. പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ സാമ്പത്തിക പരിഷ്കരണ നടപടികളില്‍ പെട്ട് വീണ്ടും യെന്നിന്റെ വിലയിടിഞ്ഞതാണ് മൂന്നാമത്തെ ലോകസാമ്പത്തിക ശക്തിയായ ജപ്പാന്റെ പുതിയ പ്രതിസന്ധിക്കു കാരണം. യെന്നിന്റെ വിലയിടിഞ്ഞതോടെ ഇറക്കുമതി ചിലവ് വര്‍ധിച്ചു. കയറ്റുമതിയില്‍ നിന്ന് രാജ്യമുദ്ദേശിച്ച വരുമാനമുണ്ടായതുമില്ല. ഡിസംബറിലെ വ്യാപാരക്കമ്മിയില്‍ നിന്ന് 71 ശതമാനത്തിന്റെ വര്‍ധനവാണ് ജനുവരിയില്‍ നേരിട്ടത്. 16200 കോടി രൂപയുടെ കമ്മിയാണ് കഴിഞ്ഞ മാസം അവസാനം റിപ്പോര്‍ട്ട് ചെയ്തത്.

തുടര്‍ച്ചയായി പത്തൊമ്പതാമത്തെ മാസമാണ് ജപ്പാനില്‍ വമ്പന്‍ വ്യാപാരക്കമ്മി റിപ്പോര്‍ട്ട് ചെയ്യുന്നത്. യെന്നിന്റെ വിലയിടിച്ചുള്ള ഷിന്‍സോ ആബേയുടെ പരിഷ്കാരങ്ങള്‍ തിരിച്ചടിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 2011ലെ സുനാമിയില്‍ ഫുക്കോഷിമയിലെ ആണവനിലയം തകര്‍ന്നതിനുശേഷം വര്‍ദ്ധിച്ച ആവശ്യങ്ങള്‍ നേരിടാന്‍ ഇന്ധനം രാജ്യത്തേക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നതാണ് ഇറക്കുമതി ചെലവ് കൂടാന്‍ കാരണമായത്. അതേസമയം കുറഞ്ഞ വിലയ്ക്ക് കയറ്റുമതി നടത്താനുളള നീക്കം ഫലം കണ്ടതുമില്ല. ഏപ്രിലില്‍ വില്‍പന നികുതി നിരക്ക് ഉയര്‍ത്തുന്നതോടെ പ്രതിസന്ധി ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

deshabhimani

Saturday, February 15, 2014

നികുതിവരുമാനം ഇടിഞ്ഞത് അഴിമതിയും കെടുകാര്യസ്ഥതയും മൂലം: തോമസ് ഐസക്

കോട്ടയം: യുഡിഎഫ് സര്‍ക്കാരിന്റെ വാണിജ്യനികുതിവരുമാനം ഗണ്യമായി ഇടിയാന്‍ കാരണം അഴിമതിയും കെടുകാര്യസ്ഥതയുമാണെന്ന് ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷംകൊണ്ട് നേടിയത് കെ എം മാണിയും കൂട്ടരും ചേര്‍ന്ന് രണ്ടര വര്‍ഷംകൊണ്ട് പൊളിച്ചടുക്കിയെന്നും അദ്ദേഹം പറഞ്ഞു. കെജിഒഎ കോട്ടയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി "കേരളം- തകരുന്ന സാമൂഹ്യസുരക്ഷയും വളരുന്ന വികസനപ്രതിസന്ധിയും" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ഫോറം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ചെക്കുപോസ്റ്റുകളില്‍ സാര്‍വത്രിക അഴിമതിയാണ്. ഇത് തടയാന്‍ സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതായിരുന്നില്ല സ്ഥിതി. ഒരാള്‍ക്കുപോലും നികുതിവെട്ടിപ്പ് നടത്താനാവാത്ത വിധം ഉദ്യോഗസ്ഥ സംവിധാനം സുസജ്ജമായിരുന്നു. സര്‍ക്കാര്‍ മാറിയതോടെ വീണ്ടും പഴയപടിയായി. കെ എം മാണി 24 ശതമാനം നികുതിപിരിവ് ലക്ഷ്യമിട്ടിട്ട് ചെന്നെത്തിയത് വെറും 12 ശതമാനത്തിലാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പരിശോധിക്കണം. കേരളത്തില്‍ എല്ലാ മേഖലകളിലും അരക്ഷിതാവസ്ഥയാണിന്ന്. കെ എം മാണി ബജറ്റിന് ഒരു വിലയും കല്‍പ്പിക്കുന്നില്ല. പാവങ്ങള്‍ക്ക് സഹായം ചെയ്യാതെ മിച്ചബജറ്റെന്ന് മേനി പറഞ്ഞിട്ട് കാര്യമില്ല. എല്‍ഡിഎഫ് കാലത്തും വേണമെങ്കില്‍ മിച്ചബജറ്റ് ആകാമായിരുന്നു. എന്നാല്‍, ജനങ്ങളുടെ ക്ഷേമമാണ് നോക്കിയത്. മാണിയുടെ മിച്ചബജറ്റ് പ്രഖ്യാപനം തട്ടിപ്പാണ്. കള്ളക്കണക്കുണ്ടാക്കി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഒരാള്‍ക്കും സാമൂഹ്യസുരക്ഷ നല്‍കരുതെന്ന മുതലാളിത്ത ദര്‍ശനമാണ് സര്‍ക്കാരിനെ ഭരിക്കുന്നത്. സാമൂഹ്യസുരക്ഷ നല്‍കിയാല്‍ ഭാവിയില്‍ ജനം അച്ചടക്കമില്ലാതെ വിലപേശുമെന്നാണ് വിചാരം. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനടക്കമുള്ള കാര്യങ്ങളിലും ഇതാണ് സ്ഥിതി. രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ കുംഭകോണമായി ഊഹക്കച്ചവടം മാറിയതോടെ കാര്‍ഷികരംഗത്തും പ്രതിസന്ധിയായി. ഊഹക്കച്ചവടത്തിലൂടെയും ഇറക്കുമതിയിലൂടെയും റബര്‍ വിലയിടിച്ചു. ഇനി ഇതില്‍ നിക്ഷേപത്തിന് കര്‍ഷകര്‍ മടിക്കും. അറിഞ്ഞുകൊണ്ട് ഉണ്ടാക്കിയ അരക്ഷിതാവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു.

കെജിഒഎ സംസ്ഥാന ട്രഷറര്‍ ഡോ. കെ എം ദിലീപ് അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി പി എന്‍ കൃഷ്ണന്‍ നായര്‍, കെജിഒഎ സംസ്ഥാന സെക്രട്ടറി എസ് എഡിസണ്‍ എന്നിവര്‍ സംസാരിച്ചു. കോട്ടയം അര്‍ബന്‍ സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. കെ അനില്‍കുമാര്‍ പങ്കെടുത്തു. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് ആര്‍ മോഹനചന്ദ്രന്‍ സ്വാഗതവും കോട്ടയം ഏരിയ സെക്രട്ടറി മുഹമ്മദ് ഷെറീഫ് നന്ദിയും പറഞ്ഞു.

deshabhimani

Friday, February 14, 2014

പണമില്ല; ഖജനാവ് പൂട്ടും

കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ സംസ്ഥാന ഖജനാവ് അടച്ചുപൂട്ടലിനോട് അടുക്കുന്നു. പദ്ധതി നിര്‍വഹണം പകുതിയിലേറെ ശേഷിക്കെ വരുമാനസ്രോതസ്സുകള്‍ കാലിയാണ്. റവന്യൂ കമ്മി കുത്തനെ കുതിച്ചതും നികുതി വരുമാനത്തിലെ ചോര്‍ച്ചയും ട്രഷറി നിക്ഷേപം കൂട്ടത്തോടെ പിന്‍വലിക്കാന്‍ അനുവദിച്ചതുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ട്രഷറിയില്‍ ഇനി ശേഷിക്കുന്നത് 300 കോടി രൂപ മാത്രമാണ്. ജനുവരി 31 വരെയുള്ള കണക്ക് പ്രകാരം 45.48 ശതമാനം മാത്രമാണ് പദ്ധതി നിര്‍വഹണം. 54 ശതമാനത്തോളം ഇനിയും ശേഷിക്കുന്നു. വിവിധ കടങ്ങളുടെ പലിശയിനത്തില്‍ ഈ വര്‍ഷം നല്‍കേണ്ടത് 7613 കോടി രൂപയാണ്. ഡിസംബര്‍ അവസാനംവരെ കൊടുത്തുതീര്‍ത്തത് 1682 കോടി മാത്രം. അവസാന മാസമാണ് പലിശബാധ്യത കുന്നുകൂടുക. മാര്‍ച്ചില്‍ മാത്രം ഇതിനായി 5500 കോടി കണ്ടെത്തണം. ഇതിനെല്ലാമുള്ള പണം എവിടെനിന്നാണെന്ന് സര്‍ക്കാരിന് നിശ്ചയമില്ല. ആയിരം കോടിയുടെ കടപ്പത്രങ്ങള്‍ ഇറക്കാന്‍ കഴിഞ്ഞ മാസം സര്‍ക്കാര്‍ തീരുമാനിച്ചതോടെ കടമെടുക്കാന്‍ ശേഷിക്കുന്നത് ആയിരം കോടിയാണ്.

നികുതിയിലും കനത്ത ചോര്‍ച്ചയുണ്ട്്. 20000 കോടി രൂപ ഇനിയും ഖജനാവിലേക്ക് എത്തേണ്ടതാണെങ്കിലും പകുതിയില്‍ താഴയേ ലഭിക്കൂ എന്നതാണ് സ്ഥിതി. ഭാഗ്യക്കുറി ഒഴികെയുള്ള മേഖലകളിലെല്ലാം നികുതിവരുമാനം ഇടിഞ്ഞു. വില്‍പ്പന നികുതി വരുമാനം 25 ശതമാനമാണ് കുറഞ്ഞത്. വാളയാര്‍ മോഡല്‍ അടക്കം കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ ഇല്ലാതാക്കിയതും ആയിരക്കണക്കിന് സ്റ്റേ അനുവദിച്ചതും വരുമാനം ചോര്‍ത്തി. മദ്യത്തിന്റെ ഉപഭോഗം വര്‍ധിക്കുമ്പോഴും നികുതി വരുമാനം ഇടിഞ്ഞു. സ്വകാര്യ ബാറുകളെ പ്രോത്സാഹിപ്പിക്കുന്ന മദ്യനയമാണ് ഇതിനു കാരണമായത്.

ബില്ലുകളും മറ്റുമായി സാമ്പത്തികവര്‍ഷത്തെ അവസാന നാലുദിവസം മാത്രം 3500-4000 കോടി കൊടുക്കേണ്ടിവരും. എങ്ങനെ ശ്രമിച്ചാലും ഇത് സാധ്യമാകില്ലെന്ന് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭീമമായി വര്‍ധിച്ച റവന്യൂ കമ്മി ഖജനാവ് കുളം തോണ്ടുകയായിരുന്നു. ബജറ്റില്‍ പ്രതീക്ഷിച്ച കമ്മി 2269 കോടിയായിരുന്നു. കഴിഞ്ഞ മാസം തന്നെ കമ്മി 2293 കോടിയിലെത്തി. സാമ്പത്തികവര്‍ഷം അവസാനത്തോടെ ഇത് ഇരട്ടിയാകും. ജനസമ്പര്‍ക്ക പരിപാടിയും ധനവകുപ്പിനെ മറികടന്നുള്ള ധൂര്‍ത്തും സ്ഥിതി വഷളാക്കി. ധനവകുപ്പ് അറിയാതെയും അജന്‍ഡയില്‍ ഉള്‍പ്പെടുത്താതെയും മന്ത്രിസഭായോഗത്തില്‍ ഫയലുകള്‍ പാസാക്കി. എയ്ഡഡ് കോളേജുകളിലും മറ്റുമായി നിരവധി തസ്തികകള്‍ അനുവദിച്ചു. ശമ്പളപരിഷ്കരണത്തിലെ അപാകം പരിഹരിക്കുന്നതിന്റെ പേരില്‍ സമ്മര്‍ദശക്തികള്‍ക്ക് വഴിപ്പെട്ടതും പ്രതിസന്ധിക്ക് ഇരട്ടിയാക്കി. പൊതുമേഖലാസ്ഥാപനങ്ങളുടെയും മറ്റും പണം ബാങ്കിലേക്ക് മാറ്റാന്‍ അനുവദിച്ചതും സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ട്രഷറി എടിഎം തുടങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച് ശമ്പളം ബാങ്ക് വഴിയാക്കിയതും ട്രഷറിയെ ദുര്‍ബലമാക്കി.

deshabhimani

Thursday, January 9, 2014

പിന്തുണക്കുറവ് പരിഷ്കാരങ്ങള്‍ക്ക് തടസ്സമായി: മന്‍മോഹന്‍ സിങ്

മതിയായ രാഷ്ട്രീയ പിന്തുണയില്ലാത്തത് യുപിഎ സര്‍ക്കാരിന് ധനകാര്യ-ഇന്‍ഷുറന്‍സ് മേഖലകളില്‍ സമഗ്ര പരിഷ്കാരത്തിന് തടസ്സമായെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. പരിമിതിക്കുള്ളില്‍നിന്ന് ആകര്‍ഷക നിക്ഷേപകേന്ദ്രമായി ഇന്ത്യയെ മാറ്റാന്‍ നടപടി സ്വീകരിച്ചതായും മാസങ്ങള്‍ക്കകം ഫലമുണ്ടാകുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. 12ാമത് പ്രവാസി ഭാരതീയ ദിവസ് ആഘോഷം ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കാനും ധനസ്ഥിതി മെച്ചമാക്കാനും പ്രകൃതിവിഭവം ഉപയോഗപ്പെടുത്താനും നികുതി പരിഷ്കരിക്കാനും ഒട്ടേറെ നടപടികളുണ്ടായി. കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയുടെ സാമ്പത്തികസ്ഥിതി മെച്ചമായിരുന്നു. രണ്ട് വര്‍ഷമായി മാന്ദ്യമാണ്. ഇക്കൊല്ലം അഞ്ച് ശതമാനം മാത്രമാവും വളര്‍ച്ച. പക്ഷേ, സമ്പദ്ഘടനയുടെ അടിസ്ഥാനഘടകങ്ങള്‍ ശക്തമാണ്. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ 30 ശതമാനവും നിക്ഷേപവും സമ്പാദ്യവുമാണ്. സുതാര്യവും സംശുദ്ധവുമായ ഭരണത്തിനായി നിയമങ്ങള്‍ കൊണ്ടുവന്നെങ്കിലും മതിയായ പുരോഗതിയുണ്ടായിട്ടില്ല. ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. അതേസമയം മാറുന്ന ലോകസാഹചര്യവുമായി പൊരുത്തപ്പെടാനും ശ്രമിക്കുന്നു. പ്രവാസികളുമായുള്ള ബന്ധം ശക്തമാക്കാന്‍ മന്ത്രാലയം സ്ഥാപിച്ചു. പ്രവാസി തൊഴിലാളികളുടെ സുരക്ഷയ്ക്കായി മഹാത്മാഗാന്ധി പ്രവാസി സുരക്ഷാപദ്ധതി തുടങ്ങി. ഡല്‍ഹിയില്‍ പ്രവാസി ഭാരതീയ കേന്ദ്രം ഇക്കൊല്ലം തുറക്കും. പ്രവാസി ഭാരതീയ ഭവന്‍ തുടങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കും- പ്രധാനമന്ത്രി പറഞ്ഞു. ഉദ്ഘാടനസമ്മേളനത്തില്‍ മലേഷ്യന്‍ പരിസ്ഥിതി മന്ത്രി ദതൂക്ക് സേരി പളനിവേല്‍ മുഖ്യാതിഥിയായി. മന്ത്രി വയലാര്‍ രവി സംസാരിച്ചു. പ്രേം നാരായണ്‍ സ്വാഗതം പറഞ്ഞു.

സാമ്പത്തികനയം: കോണ്‍ഗ്രസിലെ ഭിന്നത മറനീക്കി

ന്യൂഡല്‍ഹി: പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ മറനീക്കിയത് സാമ്പത്തികനയം സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളിലെ ആശയക്കുഴപ്പവും ആശങ്കയും. ഉദാരവല്‍ക്കരണനയം തുടരുമെന്ന് വാണിജ്യമന്ത്രി ആനന്ദ്ശര്‍മയും നഗരവികസനമന്ത്രി കമല്‍നാഥും വ്യക്തമാക്കിയപ്പോള്‍ ദരിദ്രരെ അവഗണിച്ചുള്ള നയം രാജ്യത്തെ നാശത്തിലെത്തിക്കുമെന്ന് രാജീവ്ഗാന്ധി പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. മോഹന്‍ഗോപാല്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയസാഹചര്യം മാറിവരുന്നതിലുള്ള ആശങ്ക മൂന്നുപേരും പരസ്യമായി പ്രകടിപ്പിച്ചു. "ഇന്ത്യയുടെ വളര്‍ച്ച-വികസന അജന്‍ഡ" എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചാസമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചത്.

മാറ്റങ്ങളിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നും ഭരണരംഗത്തെ പരിഷ്കാരങ്ങള്‍ക്കാണ് ഊന്നല്‍. സാമ്പത്തികസ്ഥിതിയില്‍ ആശങ്ക വേണ്ട. അമേരിക്കയിലും യൂറോപ്പിലും ബാങ്കുകള്‍ സര്‍ക്കാരില്‍നിന്ന് പണം വാങ്ങുമ്പോള്‍ ഇന്ത്യയില്‍ ബാങ്കുകളില്‍നിന്ന് സര്‍ക്കാര്‍ പണം വാങ്ങുന്നു. എന്നാല്‍, അടിസ്ഥാനസൗകര്യമേഖലയില്‍ രാജ്യം പിന്നിലാണ്- കമല്‍നാഥ് പറഞ്ഞു. ഇന്ത്യയുടെ നേട്ടങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നില്ലെന്ന് ആനന്ദ്ശര്‍മ പറഞ്ഞു. 2000-2013 കാലത്ത് 30900 കോടി ഡോളര്‍ നേരിട്ടുള്ള വിദേശനിക്ഷേപം വന്നു. ഇതില്‍ 17600 കോടിയും 2009-2013 കാലത്താണ്. കൃഷിയെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകാനാവാത്തതുകൊണ്ടാണ് നിര്‍മിതോല്‍പ്പന്നമേഖലയില്‍ എഫ്ഡിഐ പരിധി ഉയര്‍ത്തിയത്. അതേസമയം രണ്ടുതരം പൗരന്മാരെ നിലനിര്‍ത്തി രാജ്യത്തിന് മുന്നേറാനാവില്ലെന്ന് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മോഹന്‍ ഗോപാല്‍ പറഞ്ഞു. ദരിദ്രരും ധനികരുമായി ഇന്ത്യക്ക് നിലനില്‍പ്പില്ല. പത്തു വര്‍ഷമായി രാജ്യത്ത് നിലനിന്ന രാഷ്ട്രീയസ്ഥിരത നഷ്ടമാകുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. ഒരു വശത്ത് ഏകാധിപത്യത്തിനും മറുവശത്ത് ജനപ്രിയനയങ്ങള്‍ക്കും സ്വീകാര്യത ലഭിക്കുന്നു- മോഹന്‍ഗോപാല്‍ പറഞ്ഞു.

deshabhimani

Monday, October 21, 2013

ചെലവ് ചുരുക്കല്‍ നയങ്ങള്‍ക്കെതിരെ ഇറ്റലിയിലും പോര്‍ചുഗലിലും പ്രതിഷേധമിരമ്പി

സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ ചെലവ് ചുരുക്കല്‍ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നയങ്ങള്‍ക്കെതിരെ ഇറ്റലിയിലും പോര്‍ചുഗലിലും പതിനായിരങ്ങള്‍ തെരുവില്‍ പ്രതിഷേധിച്ചു. ഇറ്റാലിയന്‍ തലസ്ഥാനമായ റോമില്‍ വിദ്യാര്‍ഥികള്‍ ഉപരോധമേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു.
ഇറ്റലിയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളുമാണ് പ്രതിഷേധപ്രകടനങ്ങള്‍ക്ക് മുന്‍കൈ എടുത്തത്. 70,000ല്‍പ്പരംപേര്‍ റോമിലെ പ്രകടനത്തില്‍ പങ്കെടുത്തതായി സംഘാടകര്‍ അവകാശപ്പെട്ടു. 50,000 പേര്‍ പങ്കെടുത്തുവെന്നാണ് പൊലീസിന്റെ കണക്ക്.പ്രകടനം തുടങ്ങുന്നതിനു മുമ്പുതന്നെ പൊലീസ് 14 പേരെ അറസ്റ്റ് ചെയ്തു. അവരില്‍ നിന്നും ചെയിനുകളും ലാത്തികളും ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 4000ത്തോളം പൊലീസുകാരെയാണ് സുരക്ഷാ നടപടികളുടെ ഭാഗമായി വിന്യസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി സാമ്പത്തികമാന്ദ്യത്തിലകപ്പെട്ടിരിക്കുന്ന ഇറ്റലിയില്‍ തൊഴിലില്ലായ്മ റെക്കോഡ് നിലവാരത്തിലാണ്.

പോര്‍ചുഗലില്‍ തലസ്ഥാനമായ ലിസ്ബണിലും മറ്റൊരു പ്രധാനനഗരമായ പോര്‍ട്ടോയിലുമായിരുന്നു പ്രകടനങ്ങള്‍. പോര്‍ചുഗീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ട്രേഡ് യൂണിയനായ സി ജി ടിയാണ് പ്രതിഷേധ പ്രകടനങ്ങള്‍ക്ക് മുന്‍കൈ എടുത്തത്. ലിസ്ബണില്‍ പ്രകടനക്കാരെ നഗരത്തിലേക്ക് കടക്കുന്നതില്‍ നിന്നും പൊലീസ് തടഞ്ഞു. നഗരത്തിലേക്ക് കടക്കുന്നതിനുള്ള പാലത്തിന്റെ സുരക്ഷിതത്വപ്രശ്‌നം ഉന്നയിച്ചാണ് തടഞ്ഞത്. ഇതേത്തുടര്‍ന്ന് 400ല്‍പ്പരം ബസുകളില്‍ നഗരത്തിലെത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ഗവണ്‍മെന്റിന്റെ നിരോധനം നിയമവിരുദ്ധമായ നടപടിയാണെന്ന് പ്രക്ഷോഭകര്‍ കുറ്റപ്പെടുത്തി.

പോര്‍ചുഗലില്‍ കഴിഞ്ഞ ചൊവ്വാഴ്ച അവതരിപ്പിച്ച 2014ലേക്കുള്ള ബജറ്റിലാണ് ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങളുള്ളത്. ബജറ്റ് അവതരണത്തിനുശേഷമുണ്ടായ ഏറ്റവും വലിയ പ്രതിഷേധമാണ് ഞായറാഴ്ച അരങ്ങേറിയത്.

janayugom

Thursday, October 17, 2013

പാപ്പരത്തത്തിന്റെ വക്കില്‍ യുഎസ്

അമേരിക്ക പാപ്പരത്തം മുന്നില്‍ കാണ്‍കെ വായ്പപരിധി ഉയര്‍ത്താനുള്ള അവസാനവട്ടചര്‍ച്ചകള്‍ തുടരുന്നു. 16.7 ലക്ഷം കോടി ഡോളറിന്റെ വായ്പപരിധി പിന്നിട്ടതിനാല്‍ വ്യാഴാഴ്ചയ്ക്കുമുമ്പ് ഇത് ഉയര്‍ത്തേണ്ടതുണ്ട്. യുഎസ് കോണ്‍ഗ്രസിന് ഇതിന് കഴിഞ്ഞില്ലെങ്കില്‍ അമേരിക്ക അക്ഷരാര്‍ഥത്തില്‍ പാപ്പരാകും. മറ്റൊരു ആഗോള സാമ്പത്തികപ്രതിസന്ധിയിലേക്കാകും കാര്യങ്ങള്‍ നീങ്ങുക. ഇത് ഒഴിവാക്കാന്‍ റിപ്പബ്ലിക്കന്മാരുമായി അവസാനനിമിഷമെങ്കിലും ഒത്തുതീര്‍പ്പിലെത്താനാണ് ഡെമോക്രാറ്റുകളുടെ ശ്രമം. ധാരണയിലെത്തിയാല്‍ വായ്പപരിധി ഉയര്‍ത്തുന്ന ബില്‍ റിപ്പബ്ലിക്കന്മാര്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയിലാകും ആദ്യം വോട്ടിനിടുകയെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ ഇരുപക്ഷവും ഏറെക്കുറെ ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. സെനറ്റ് നേതാക്കള്‍ ധാരണയിലെത്തിയെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ കെല്ലി അയോട്ട് പറഞ്ഞു. വായ്പപരിധി ഉയര്‍ത്തിയില്ലെങ്കില്‍ വന്‍ പ്രത്യാഘാതമുണ്ടാകുമെന്ന് രാഷ്ട്രീയനേതാക്കളും ബാങ്കുകളും സാമ്പത്തികവിദഗ്ധരും മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ മേയില്‍തന്നെ അമേരിക്ക പരമാവധി കടത്തിലെത്തിയിരുന്നു. ഇതിനുശേഷം അസാധാരണമായ നടപടികളിലൂടെയാണ് യുഎസ് ട്രഷറി ബില്ലുകളില്‍ പണം അനുവദിച്ചിരുന്നത്. ഈ നടപടി ഒക്ടോബര്‍ 17ന് അവസാനിക്കുമെന്ന് ട്രഷറി സെക്രട്ടറി ജാക്ക് ല്യൂ വ്യക്തമാക്കിയിരുന്നു. ഹ്രസ്വകാലത്തേക്ക് വായ്പപരിധി ഉയര്‍ത്താനുള്ള നിര്‍ദേശം ഒത്തുതീര്‍പ്പുധാരണയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടേക്കും. ഫെബ്രുവരി ഏഴുവരെ വായ്പപരിധി ഉയര്‍ത്താനും ജനുവരി പകുതിവരെ സര്‍ക്കാര്‍ചെലവിന് ബജറ്റ് അനുവദിക്കാനുമുള്ള നീക്കമാണ് നടക്കുന്നത്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ ധാരണപ്രകാരം ബില്‍ പാസാകുമെങ്കിലും റിപ്പബ്ലിക്കന്‍മേധാവിത്വമുള്ള ജനപ്രതിനിധിസഭയില്‍ മതിയായ വോട്ട് ലഭ്യമാകുമോയെന്ന് ആശങ്കയുണ്ട്. ഒബാമയുടെ തെരഞ്ഞെടുപ്പുവാഗ്ദാനമായ ആരോഗ്യ പരിരക്ഷാപദ്ധതിയെ ചൊല്ലിയാണ് റിപ്പബ്ലിക്കന്മാര്‍ ഇടഞ്ഞുനില്‍ക്കുന്നത്. "ഒബാമ കെയര്‍" പദ്ധതി ഉപേക്ഷിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യാതെ ബജറ്റ് അംഗീകരിക്കില്ലെന്ന ഇവരുടെ നിലപാടിനെ തുടര്‍ന്ന് സാമ്പത്തികവര്‍ഷാരംഭമായ ഒക്ടോബര്‍ ഒന്നുമുതല്‍ അമേരിക്ക സര്‍ക്കാര്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. റിപ്പബ്ലിക്കന്മാരുമായി ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഒബാമ വ്യക്തമാക്കിയതോടെയാണ് വായ്പപരിധി ഉയര്‍ത്താനുള്ള ബില്ലുകളും പ്രതിസന്ധിയിലായത്.

deshabhimani

Monday, October 14, 2013

ഹ്രസ്വകാലത്തേക്ക് വായ്പാപരിധി ഉയര്‍ത്താന്‍ റിപ്പബ്ലിക്കന്‍സമ്മതം

അമേരിക്കയില്‍ ബജറ്റ് പാസാകാത്തതിനെ തുടര്‍ന്നുള്ള അടച്ചുപൂട്ടല്‍ തുടരവെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രസിഡന്റ് ബറാക് ഒബാമ റിപ്പബ്ലിക്കന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. വരുന്ന പതിനേഴിനകം കടമെടുക്കല്‍പരിധി ഉയര്‍ത്താന്‍ യുഎസ് കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കില്‍ അമേരിക്ക പാപ്പരാകും. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ ദുരന്തം സംഭവിക്കാനിടയില്ലെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്ചെയ്യുന്നത്. "ഒബാമകെയറി"ന്റെ പേരില്‍ ബജറ്റ് പാസാക്കാന്‍ വിസമ്മതിച്ച റിപ്പബ്ലിക്കന്മാര്‍ക്കെതിരെ അമേരിക്കയില്‍ ശക്തമായ ജനരോഷമുണ്ട്. രാജ്യത്തെ പാപ്പരാക്കുന്നതിലേക്കുകൂടി നയിക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നാണ് വിലയിയിരുത്തല്‍. 16.7 ലക്ഷം കോടി ഡോളറിന്റെ വായ്പാപരിധി കൂടുതല്‍ ഉയര്‍ത്താന്‍ റിപ്പബ്ലിക്കന്മാര്‍ സഹകരിക്കുമെന്ന് ഒബാമയുമായുള്ള ചര്‍ച്ചയില്‍ അവര്‍ അറിയിച്ചു. എന്നാല്‍, ആറാഴ്ചത്തേക്ക് മാത്രം കടപരിധി ഉയര്‍ത്താമെന്നാണ് റിപ്പബ്ലിക്കന്മാരുടെ നിര്‍ദേശം. ബജറ്റ് പാസാക്കുന്നതില്‍ തങ്ങളുടെ ഉപാധികള്‍ അംഗീകരിക്കാന്‍ വീണ്ടും ഒബാമയ്ക്കുമേല്‍ സമ്മര്‍ദം തുടരാനുള്ള തന്ത്രമാണിതെന്ന് ഡെമോക്രാറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ആറാഴ്ച കഴിഞ്ഞാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജേ കാര്‍ണി പറഞ്ഞു. റിപ്പബ്ലിക്കന്മാരുമായുള്ള ചര്‍ച്ചയില്‍ ഒബാമ സ്വന്തം നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് ജനപ്രതിധിനി സഭയില്‍ സ്പീക്കറായ റിപ്പബ്ലിക്കന്‍ നേതാവ് ജോണ്‍ ബീനറുമായി ഒബാമ ടെലിഫോണില്‍ സംസാരിച്ചു. ചര്‍ച്ച ക്രിയാത്മകമായിരുന്നെന്നും കൂടിയാലോചന തുടരുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു. പിന്നീട് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരെ കണ്ട ഒബാമ അവരുടെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ ഓരോദിവസവും സ്ഥിതി മോശമാക്കുകയാണെന്നും ഇത് പരിഹരിക്കാനാണ് തങ്ങള്‍ക്കും ആഗ്രഹമെന്നും റിപ്പബ്ലിക്കന്‍ സെനറ്റര്‍ സൂസന്‍ കോളിന്‍സ് പറഞ്ഞു.

ഒബാമയുടെ ആരോഗ്യ പരിരക്ഷാ പദ്ധതി വൈകിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാതെ ബജറ്റ് അംഗീകരിക്കില്ലെന്ന് റിപ്പബ്ലിക്കന്മാര്‍ ശാഠ്യംപിടിച്ചതോടെയാണ് സാമ്പത്തിക വര്‍ഷാരംഭമായ ഒക്ടോബര്‍ ഒന്നുമുതല്‍ അമേരിക്ക "അടച്ചുപൂട്ടി"യത്. എട്ട് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരാണ് ശമ്പളമില്ലാത്ത അവധിയില്‍ വീട്ടിലിരിക്കുന്നത്. ഇവരില്‍ പ്രതിരോധവകുപ്പിലെ ജീവനക്കാരോട് ഈ ആഴ്ച മുതല്‍ ജോലിക്കെത്താന്‍ നിര്‍ദേശിച്ചിരുന്നു. സ്റ്റാറ്റ്യൂ ഓഫ് ലിബര്‍ട്ടി അടക്കമുള്ള പാര്‍ക്കുകളും ദേശീയോദ്യാനങ്ങളും താല്‍ക്കാലികമായി തുറക്കാനും വഴിയൊരുങ്ങി. അതത് സംസ്ഥാനങ്ങള്‍ ചെലവ് വഹിക്കാന്‍ രംഗത്തെത്തിയതോടെയാണിത്. അതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്ക അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജി20 രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്രനാണയനിധിയുടെയും ലോകബാങ്കിന്റെയും വാര്‍ഷികയോഗത്തിന് മുന്നോടിയായാണ് ജി20 രാജ്യങ്ങളുടെ ധനമന്ത്രിമാരും കേന്ദ്രബാങ്ക് ഗവര്‍ണര്‍മാരും സമ്മേളിച്ചത്. ധനമന്ത്രി പി ചിദംബരം പങ്കെടുത്തു.

സാമ്പത്തിക പ്രതിസന്ധി ആഗോള മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ഐഎംഎഫ്

വാഷിങ്ടണ്‍: അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ അത് ലോകത്തെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡോ. എബിസി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഐഎംഎഫ് മേധാവിയുടെ അഭിപ്രായ പ്രകടനം. അമേരിക്കന്‍ പ്രതിസന്ധിയെക്കുറിച്ച് ലോക ബാങ്ക് തലവന്‍ കഴിഞ്ഞ ദിവസം സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

ഒബാമ കെയര്‍ എന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പേരില്‍ പ്രസിഡന്റുമായി അഭിപ്രായ വ്യത്യാസമുണ്ടായതോടെ റിപ്പബ്ലിക്കന്‍ ജനപ്രതിനിധിസംഘങ്ങള്‍ ബജറ്റ് പാസാക്കാന്‍ തയാറാവാതിരുന്നതോടെയാണ് അമേരിക്ക സാമ്പത്തിക പ്രതിസന്ധിയിലായത്. കടമെടുക്കാന്‍ പ്രസിഡന്റിനുള്ള അധികാരം 17ന് അവസാനിക്കും. അത് കുറച്ചുകാലത്തേക്ക് നീട്ടിക്കൊടുക്കാമെന്ന് റിപ്പബ്ലിക്കന്‍ പ്രതിനിധിസഭാംഗങ്ങള്‍ പറഞ്ഞിരുന്നെങ്കിലും കുറച്ചുകലാത്തേക്ക് മാത്രമായി കടമെടുക്കല്‍ പരിധി നീട്ടുന്നതിനോട് യോജിപ്പില്ലെന്ന് ഒബാമ വ്യക്തമാക്കിയതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

deshabhimani