Showing posts with label പലസ്തീന്‍. Show all posts
Showing posts with label പലസ്തീന്‍. Show all posts

Monday, May 17, 2021

പലസ്‌തീൻ: നീതിയുടെ കശാപ്പുശാല - കെ ജെ തോമസ് എഴുതുന്നു

ഇപ്പോഴത്തെ ഇസ്രയേൽ–- പലസ്‌തീൻ സംഘർഷം മെയ്‌ ഏഴിനാണ്‌ ആരംഭിച്ചത്‌. ചെറിയ പെരുന്നാളിന്‌ ആറുദിവസംമുമ്പ്‌. മെയ്‌ ഏഴിന്‌ കിഴക്കൻ ജറുസലേമിലെ ഹാരാൻ അൽ ഷെരീഫിലുള്ള അൽ അക്‌സ മോസ്‌കിൽ പ്രാർഥന നടത്തിക്കൊണ്ടിരുന്ന പലസ്‌തീൻകാർക്കുനേരെ ഇസ്രയേൽ പൊലീസ്‌ ഗ്രനേഡും പ്ലാസ്റ്റിക്‌ ബുള്ളറ്റും പ്രയോഗിച്ചു. കിഴക്കൻ ജറുസലേമിലുള്ള പുതിയ ജൂതകുടിയേറ്റത്തെ അവർ എതിർത്തുവെന്നതാണ്‌ ഇതിനു കാരണം. ഇതിനുശേഷം ഗാസ മുനമ്പിൽനിന്ന്‌ ഹമാസുകാർ ജറുസലേമിലെ ജൂതപ്രദേശത്തേക്ക്‌ റോക്കറ്റ്‌ ആക്രമണം നടത്തി. ഈ ആക്രമണത്തിലാണ്‌ മലയാളിയായ നമ്മുടെ പ്രിയപ്പെട്ട സഹോദരി ഇടുക്കി സ്വദേശിയായ സൗമ്യ മരണമടഞ്ഞത്‌. ഇത്‌ നമ്മെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വേദനാജനകമാണ്‌.

ഈ സംഭവത്തോട്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ പ്രതികരിച്ചത്‌ ആക്രമണത്തെ പ്രതിരോധിക്കാൻ ഇസ്രയേലിന്‌ അവകാശമുണ്ടെന്നാണ്‌. ഇത്‌ ആക്രമണത്തിനുള്ള ലൈസൻസാണ്‌. ഇതിനുശേഷം ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ 29 കുട്ടികളടക്കം 109 പലസ്‌തീൻകാർ മരിച്ചു. ഇപ്പോഴും ഇസ്രയേൽ ആക്രമണം തുടരുകയാണ്‌. പല ലോകരാജ്യങ്ങളും ആക്രമണം നിർത്തണമെന്ന്‌ ആവശ്യപ്പെട്ടു. പണ്ടേ ഇതൊന്നും ചെവിക്കൊള്ളാത്തവരാണ്‌ ഇസ്രയേലുകാർ.

എന്താണ്‌ പലസ്‌തീൻ പ്രശ്‌നം

1948 മെയ്‌ 14നാണ്‌ സാമ്രാജ്യത്വശക്തികളുടെ പിന്തുണയോടെ ഇസ്രയേൽ എന്ന രാജ്യം രൂപമെടുത്തത്‌. ഇത്‌ ഒരു സിയോണിസ്റ്റ്‌ രാജ്യമായിട്ടാണ്‌ അറിയപ്പെടുന്നത്‌. അതുകൊണ്ടുതന്നെ ലോകമൊട്ടാകെയുള്ള പുരോഗമനശക്തികൾ വംശീയാടിസ്ഥാനത്തിലുള്ള രാഷ്ട്രം രൂപീകരിക്കുന്നതിനോട്‌ ഒരു യോജിപ്പും പ്രകടിപ്പിച്ചിരുന്നില്ല. എതിർപ്പ്‌ പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴത്തെ യുദ്ധത്തിന്‌ നിദാനം മേൽപറഞ്ഞതാണെങ്കിലും അതിന്‌ മറ്റൊരു കാരണംകൂടിയുണ്ട്‌. എന്തെങ്കിലും കാരണമുണ്ടാക്കി പലസ്‌തീനെതിരെ യുദ്ധം നടത്തുക എന്നത്‌ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ആവശ്യമാണ്‌. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം കിട്ടാതിരുന്നതിനെത്തുടർന്ന്‌ ഭരണം നഷ്ടപ്പെടുമോയെന്ന ഭീതിയിൽ അത്‌ തിരിച്ചുപിടിക്കാനാണ്‌ അധികാരമോഹിയായ നെതന്യാഹു പലസ്‌തീനിലെ നിരപരാധികളെ കൊന്നൊടുക്കുന്നത്‌.

പലസ്‌തീൻ എന്ന പ്രദേശത്തിന്‌ ഏഴായിരത്തിലധികം വർഷത്തെ പഴക്കമുണ്ടെന്ന കാര്യം ലോകചരിത്രം പരിശോധിക്കുന്ന ഏതൊരാൾക്കും മനസ്സിലാകുന്ന കാര്യമാണ്‌. യഹൂദമതത്തിന്‌ ഒരു രാജ്യം വേണമെന്ന ആവശ്യം ആദ്യമുയർന്നത്‌ 1897ൽ സ്വിറ്റ്‌സർലൻഡിലെ ബാസലിൽ നടന്ന ജൂതമതസമ്മേളനത്തിൽവച്ചാണ്‌. ജൂതരാഷ്ട്രമെന്ന ആശയം അവിടെ ഉന്നയിക്കുന്നത്‌ ഓസ്‌ട്രിയൻ പത്രപ്രവർത്തകനായ തിയോഡോർ ഹെർഷലാണ്‌. യോഗത്തിന്റെ സംഘാടകനും അദ്ദേഹമായിരുന്നു. ജൂതരാഷ്ട്രമെന്ന പുസ്‌തകവും അവിടെ വിതരണം ചെയ്യപ്പെട്ടു. ജറുസലേം തങ്ങൾക്ക്‌ ഏറ്റവും പ്രിയപ്പെട്ടതാണെന്നും അതുകൊണ്ട്‌ പണ്ട്‌ തങ്ങൾക്ക്‌ നഷ്ടമായ ആ ഭൂപ്രദേശം തങ്ങളുടെ രാജ്യമാക്കുമെന്നുമുള്ള ജൂതരാഷ്ട്ര ആശയം ലോകത്തിന്റെ നാനാഭാഗത്തും പാർക്കുന്ന ജൂതന്മാരെ അറിയിച്ചു. ഈ ആശയത്തിന്‌ ബ്രിട്ടനും അമേരിക്കയും ശക്തമായ പിന്തുണ നൽകി.

അമേരിക്കയിലെയും യൂറോപ്പിലെയും അതിസമ്പന്നരായ യഹൂദ ബാങ്കർമാർ രണ്ടാം ലോകയുദ്ധ കാലത്ത്‌ സഖ്യശക്തികൾക്ക്‌ സഹായം നൽകി. ഈ അവസരമുപയോഗിച്ച്‌ യഹൂദനേതാക്കൾ ബ്രിട്ടീഷ്‌ സർക്കാരിനെ സമീപിച്ച്‌ ജൂതരാഷ്ട്ര പ്രഖ്യാപനം ഉടൻ നടത്തണമെന്ന്‌ ആവശ്യപ്പെട്ടു. ഒന്നാം ലോകയുദ്ധം അവസാനിച്ച 1918ൽ ബ്രിട്ടീഷ്‌ വിദേശമന്ത്രിയായിരുന്ന സർ ആർതർ ബാൽഫോർഡ്‌ യഹൂദരാഷ്ട്രം പ്രഖ്യാപിച്ചു. ഇതാണ്‌ കുപ്രസിദ്ധമായ ബാൽഫോർഡ്‌ പ്രഖ്യാപനം. ഒന്നാം ലോകമഹായുദ്ധകാലത്ത്‌ പലസ്‌തീൻ അടക്കം ചുറ്റുപാടുമുള്ള എല്ലാ രാജ്യങ്ങളും ബ്രിട്ടന്റെ അധീനതയിലായി. ഈ അധികാരമുപയോഗിച്ച്‌ ലോകത്തിന്റെ നാനാഭാഗത്തുമുള്ള യഹൂദരെ പലസ്‌തീനിലേക്ക്‌ കൊണ്ടുവരാൻ തുടങ്ങി. ഇവർക്ക്‌ പലസ്‌തീൻമേഖല കൈയടക്കാൻ ബ്രിട്ടനും അമേരിക്കയും എല്ലാ സഹായവും ചെയ്‌തുകൊടുത്തു. 1910ൽ 22,000 മാത്രമായിരുന്ന ജൂത ജനസംഖ്യ യഹൂദകുടിയേറ്റം തുടങ്ങി 1922 ആയപ്പോഴേക്കും 82,000 ആയി ഉയർന്നു. ഇതേസമയം, അറബി ജനസംഖ്യ 10 ലക്ഷവും. 1948ലും പലസ്‌തീകാർതന്നെയായിരുന്നു ജനസംഖ്യയിൽ ഭൂരിപക്ഷം.

1948ൽ അന്നത്തെ യുഎൻ രക്ഷാസമിതി ഇസ്രയേൽ സ്ഥാപിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി. ആ പ്രമേയം ഇപ്രകാരം പറയുന്നു: 55 ശതമാനം ഭൂപ്രദേശം ഇസ്രയേലിന്‌, 45 ശതമാനം ഭൂമി പലസ്‌തീന്‌. രണ്ടും സ്വതന്ത്രരാജ്യമാകണം. ജറുസലേം മൂന്നു പ്രധാനപ്പെട്ട മതങ്ങൾക്കും –-മുസ്ലിം, ജൂത, ക്രിസ്‌ത്യൻ–- പുണ്യകേന്ദ്രമായതിനാൽ യുഎൻ ട്രസ്റ്റീഷിപ്പിനു കീഴിൽ ഭരണം നടത്തണം. ഈ തീരുമാനത്തോട്‌ ആരും യോജിച്ചില്ല. അറബികളും അറബി രാജ്യങ്ങളും ഇതിനെതിരെ രംഗത്തുവന്നു.

അമേരിക്ക ഇസ്രയേലിന്‌ എല്ലാ ആയുധവും നൽകി സഹായിച്ചു. പതിനായിരക്കണക്കിന്‌ അറബികൾ ഈ യുദ്ധത്തിൽ കൊലചെയ്യപ്പെട്ടു. യുഎൻ തീരുമാനം ഇസ്രയേൽ അംഗീകരിച്ചില്ല. അറബികൾക്കൊരു രാജ്യം നൽകില്ലെന്നായിരുന്നു നിലപാട്‌. അതിനുശേഷം നിരവധി യുദ്ധം അരങ്ങേറി. അതിൽ പ്രധാനമാണ്‌ 1967ലെ ഇസ്രയേൽ– -ഈജിപ്‌ത്‌ യുദ്ധം. ആ യുദ്ധത്തിൽ പലസ്‌തീന്റെ കൈവശമുണ്ടായിരുന്ന ഭൂമി പിടിച്ചെടുത്ത്‌ സമ്പൂർണ ആധിപത്യം സ്ഥാപിച്ചു. 1991 ൽ യാസർ അറഫാത്തിന്റെ നേതൃത്വത്തിൽ ശക്തിയാർജിച്ചുവന്ന പലസ്‌തീൻ വിമോചന പ്രസ്ഥാനം പലസ്‌തീൻ ജനതയുടെ വലിയ പ്രതീക്ഷയായി ഉയർന്നു. 93 ൽ പലസ്‌തീൻ–- ഇസ്രയേൽ സംഘർഷം പരിഹരിക്കാൻ ഇസ്രയേൽ പിഎൽഒയുമായി ഓസ്‌ലോ ഉടമ്പടി ഒപ്പുവച്ചു. എന്നാൽ, ഇത്‌ അറബികളെ കബളിപ്പിച്ച ഉടമ്പടിയായിരുന്നു. നാമമാത്രമായ അധികാരമാണ്‌ പലസ്‌തീന്‌ ലഭിച്ചത്‌. ഗാസയിൽ താമസിക്കുന്ന ജനവിഭാഗത്തിന്‌ വലിയ എതിർപ്പാണ്‌ ഈ ഉടമ്പടിയോടുണ്ടായിരുന്നത്‌. ഇസ്രയേലിന്റെ ഭാഗത്തുനിന്ന്‌ ക്രൂരമായ ആക്രമണങ്ങളാണ്‌ പിന്നീടും അറഫാത്തിന്‌ നേരിടേണ്ടിവന്നത്‌. ഇന്ത്യയുമായി ഏറ്റവും സൗഹൃദം പുലർത്തിയ നേതാവായിരുന്നു അദ്ദേഹം.

ഗാസയിലും വെസ്റ്റ്‌ ബാങ്കിലുമായി 52 ലക്ഷം പലസ്‌തീൻകാരാണ്‌ അതീവ ദുഷ്‌കരമായ അവസ്ഥയിൽ അധിവസിക്കുന്നത്‌. ബിസി 400 മുതൽ റോമൻ ഭരണത്തിൻകീഴിലായിരുന്നു ഈ ഭൂപ്രദേശം. അതിനുശേഷം ഒട്ടേറെ രാജവംശങ്ങൾ ഭരണം നടത്തി. എഡി 1100ൽ ജറുസലേം പിടിക്കാനുള്ള കുരിശുയുദ്ധപ്പോരാളികളുടെ പടയോട്ടത്തിൽ മുസ്ലിങ്ങളും യഹൂദന്മാരും തോളോടുതോൾ ചേർന്നുനിന്നാണ്‌ കുരിശുയുദ്ധപ്പടയാളികളെ ഒന്നിച്ചെതിർത്തത്‌. എഡി 650 മുതൽ 1948 വരെയുള്ള കാലത്ത്‌ യഹൂദന്മാർ ഈ ഭൂവിഭാഗങ്ങളിൽ ഭരണം നടത്തിയിട്ടേയില്ല. സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പലസ്‌തീൻ ജനതയുടെ ചെറുത്തുനിൽപ്പ്‌ ഐതിഹാസികമാണ്‌. അറബികളുടെ മണ്ണ്‌ അവർക്ക്‌ അവകാശപ്പെട്ടതാണ്‌.

കഴിഞ്ഞമൂന്നുവർഷമായി പതിനായിരക്കണക്കിനു പലസ്‌തീൻകാരെ കൊന്നൊടുക്കിയ സാമ്രാജ്യത്വ ചട്ടുകമായ ഇസ്രയേലിന്‌, നീതിക്കുവേണ്ടി നിലവിളിക്കുന്ന പലസ്‌തീന്റെ സ്വാതന്ത്ര്യം ഒടുവിൽ അംഗീകരിക്കേണ്ടിവരും.

കെ ജെ തോമസ്

ഇസ്രായേലിന്റെ പലസ്തീൻ അധിനിവേശം: ചില ചോദ്യങ്ങളും ഉത്തരങ്ങളും

എന്താണ് ഇസ്രായേൽ-പലസ്തീൻ പ്രശ്നത്തിന്റെ ചരിത്രപരമായ നാൾവഴികൾ? ഐഐറ്റി മദ്രാസിൽ നിന്നും ഇംഗ്ലീഷ് സ്റ്റഡീസിൽ ഇന്റഗ്രേറ്റഡ് എംഎ വിദ്യാഭ്യാസം പൂർത്തിയാക്കിയ അസർ മൊയ്ദീൻ എഴുതിയ ചോദ്യോത്തരി ചുവടെ.

1. ഇസ്രായേൽ-പലസ്തീൻ പ്രശ്നം നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു മതസംഘർഷം അല്ലേ?

മതസംഘർഷമല്ല. മതപരമായ വികാരങ്ങൾ പ്രശ്നങ്ങളെ വഷളാക്കുകയും ഒരു ഒത്തുതീർപ്പിൽ എത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു എന്നുള്ളത് വസ്തുതയാണ്. എങ്കിലും, ഇപ്പോഴത്തെ പ്രശ്നം ഇസ്രായേൽ എന്ന രാഷ്ട്രം ഉണ്ടാക്കുന്ന കാലഘട്ടത്തിലും അതിനു ശേഷവും പലസ്തീൻകാരെ അടിച്ചമർത്തുന്നതും, അവിടെ അധിനിവേശം നിലനിൽക്കുന്നു എന്നതും ആണ്. പലസ്തീൻ ജനതയുടെ പോരാട്ടം ഇസ്രായേലി കയ്യേറ്റ കൊളോണിയലിസത്തിന് (settler colonialism) എതിരെ ആണ്.

2. ഈ പ്രശ്നം എങ്ങനെയാണ് തുടങ്ങിയത്?

പശ്ചിമേഷ്യയിലെ പ്രശ്നം പ്രധാനമായും തുടങ്ങുന്നത് ഒന്നാം ലോകമഹായുദ്ധത്തിന് ശേഷമാണ്. ബ്രിട്ടീഷുകാർ ഓട്ടോമൻ സാമ്രാജ്യത്തിനുള്ളിലുള്ള പലസ്തീൻ എന്ന അറബ് മുസ്ലിം-ജൂത-ക്രിസ്തുമത വിശ്വാസികൾ താമസിച്ചിരുന്ന പ്രദേശത്തെ കീഴടക്കുകയും അവിടെ ജൂതന്മാർക്ക് ജന്മനാടിനുള്ള അവകാശമുണ്ട് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. യൂറോപ്പിൽ നിന്ന് ജൂതന്മാരെ അങ്ങോട്ട് വലിയ തോതിൽ കയ്യേറാൻ അനുവദിക്കുകയും ഇതിന്റെ ഭാഗമായി സംഭവിച്ചു. 1917ൽ അവിടത്തെ 8% മാത്രം ജനസംഖ്യ ഉണ്ടായിരുന്ന ജൂതന്മാർ രണ്ടു പതിറ്റാണ്ടുകൾ കൊണ്ട് 30% വരെയെത്തി. ഇതോടുകൂടി അവിടെ ജൂതരാഷ്ട്രവാദം ഉന്നയിക്കുന്ന സിയോണിസ്റ്റുകളും അറബികളും തമ്മിൽ സംഘർഷം ആരംഭിച്ചു.

3. പലസ്തീനിൽ ജൂതന്മാർക്ക് ജന്മനാടിനുള്ള അവകാശം ഇല്ലേ?

പലസ്തീൻ എന്ന അറബ് രാഷ്ട്രത്തിൽ മുസ്ലിം-ജൂത-ക്രിസ്തുമത വിശ്വാസികൾ നൂറ്റാണ്ടുകളായി സാഹോദര്യത്തോടെ കഴിഞ്ഞിരുന്നതാണ്. ഓട്ടോമൻ സാമ്രാജ്യത്വത്തിനെതിരെ യുദ്ധം ചെയ്ത അറബികൾക്ക് ബ്രിട്ടീഷുകാർ വാഗ്ദാനം ചെയ്ത സ്വതന്ത്ര അറബ് രാഷ്ട്രത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഇത്. എന്നാൽ യുദ്ധത്തിന് ശേഷം ഫ്രാൻസിനൊപ്പം ഈ പ്രദേശം കീഴടക്കി പങ്കുവെക്കാം എന്ന രഹസ്യ കൂട്ടുകെട്ടിൽ ബ്രിട്ടൻ ഏർപ്പെടുകയും അറബികളെ വഞ്ചിക്കുകയും ചെയ്തു. ഇത് പുറത്ത് കൊണ്ടുവന്നത് റഷ്യയിലെ ബോൾഷെവിക്കുകൾ ആണ്. യൂറോപ്പിൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗമായ ജൂതന്മാർക്ക് ഇവിടെ ജന്മനാട് വാഗ്ദാനം ചെയ്തതും അതോടൊപ്പം അറബികളുടെ രാഷ്ട്രീയാവകാശങ്ങൾ അനുവദിക്കാതിരിക്കുകയും ചെയ്തത് സാമ്രാജ്യത്വശക്തികൾ ആണ്.

4. എന്തിനാണ് സാമ്രാജ്യശക്തികൾ അങ്ങനെ ചെയ്തത്?

തുടക്കത്തിൽ ജൂതന്മാരോടുള്ള കുറ്റബോധം കൊണ്ടും സിയോണിസ്റ്റുകളുടെ സ്വാധീനം കൊണ്ടും ആയിരിക്കാം. ചരിത്രപരമായി സിയോണിസത്തിന്റെ തന്നെ വളർച്ച യൂറോപ്യൻ സാമ്രാജ്യത്വത്തിന്റെ ഒരു ഘടകമായിട്ടാണ് എന്ന് പലസ്തീനിലെ PFLP (Popular Front for Liberation of Palestine) വിലയിരുത്തുന്നുണ്ട്. കയ്യേറ്റ കൊളോണിയലിസം അവരുടെ ആദ്യം മുതലെയുള്ള പദ്ധത്തിയായിരുന്നു. എന്തായാലും പിൽക്കാലത്ത് അറബ് നാടുകളിൽ വളർന്നുവന്നുകൊണ്ടിരുന്ന മതേതര അറബ് ദേശീയതയെയും സാമ്രാജ്യത്വവിരുദ്ധ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെയും എതിർക്കാനും അവിടെ സ്വാധീനം നിലനിർത്താനുമുള്ള ഉപകരണമായി മാറുകയായിരുന്നു ഇസ്രായേൽ, ആദ്യം ബ്രിട്ടീഷ് പിന്നെ അമേരിക്കൻ സാമ്രാജ്യത്വശക്തികൾക്ക്.

5. ഇസ്രായേൽ സൃഷ്ടിച്ചപ്പോൾ എന്തുകൊണ്ട് പലസ്തീനും സ്വാതന്ത്ര്യം കിട്ടിയില്ല?

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ പലസ്തീനെ മൂന്നായി വിഭജിക്കാനുള്ള ഒരു പദ്ധതിയാണുണ്ടായത്. ഒരു ഇസ്രായേൽ രാഷ്ട്രവും ഒരു പലസ്തീൻ രാഷ്ട്രവും പിന്നെ രണ്ടുകൂട്ടർക്കും നിയന്ത്രണമുള്ള ജെറുസലേമും സൃഷ്ടിക്കുക. സിയോണിസ്റ്റുകൾ അടങ്ങുന്ന ജൂത ഏജൻസി ഇതിനെ അംഗീകരിച്ചു. എന്നാൽ അറബ് രാഷ്ട്രങ്ങളും പലസ്തീനിലെ അറബികളും ഇത് എതിർത്തു. ഇതിനെത്തുടർന്ന് അവിടെ ആഭ്യന്തരയുദ്ധം ആരംഭിച്ചു.

 6. എന്തുകൊണ്ടാണ് അറബികൾ ഇതിനെ എതിർത്തത്?

 ജനങ്ങൾക്കുള്ള സ്വയംനിർണയാവകാശത്തിന് എതിരെ ആയത് കൊണ്ടും മേൽപ്പറഞ്ഞ ഇസ്രായേൽ രാഷ്ട്രത്തിന്റെ അതിർത്തിക്കുള്ളിൽ 45% ജനങ്ങൾ അറബികൾ ആയിരുന്നതും കൊണ്ടും. സിയോണിസ്റ്റുകളുടെ സമ്മർദ്ദമുണ്ടായിട്ടും അറബ് രാഷ്ട്രങ്ങൾക്ക് പുറമെ ഇന്ത്യ അടക്കം മറ്റുചില രാഷ്ട്രങ്ങളും ഈ പദ്ധതിയെ എതിർത്തിരുന്നു.

 7. അതിന് ശേഷം എന്തുണ്ടായി?

 ബ്രിട്ടീഷ് ഭരണം 1948ൽ അവസാനിക്കുന്നതിന് തൊട്ടു മുൻപ് ഇസ്രായേൽ എന്ന സ്വതന്ത്രരാഷ്ട്രത്തിന്റെ പ്രഖ്യാപനം നടന്നു. പലസ്തീനിലെ ആഭ്യന്തരയുദ്ധത്തിലേക്ക് ചുറ്റുമുള്ള അറബ് രാഷ്ട്രങ്ങൾ പങ്കുചേർന്നു. യുദ്ധത്തിനൊടുവിൽ ഐക്യരാഷ്ട്രസഭയുടെ പദ്ധതിയിലെ അവരുടെ ഭൂമിയും പലസ്തീനിലെ അറബികൾക്കുള്ള ഭൂമിയുടെ 60% വും ഇസ്രായേൽ കീഴടക്കി. ഏഴരലക്ഷത്തില്പരം പലസ്തീൻകാർ അഭയാർത്ഥികളാക്കപ്പെട്ടു. പലസ്തീനിലെ അറബ് വംശജർക്കവകാശപ്പെട്ട സ്ഥലങ്ങളായ വെസ്റ്റ് ബാങ്ക് ജോർദാനിന്റെ കീഴിലും ഗാസ ഈജിപ്തിന്റെ നിയന്ത്രണത്തിലും ആയി. പിന്നീട് 1967ലെ യുദ്ധത്തിൽ ഇസ്രായേൽ ഈ രണ്ടു പ്രദേശങ്ങളും കീഴടക്കി. ഇതു വഴി വീണ്ടും നാലു ലക്ഷത്തില്പരം പലസ്തീൻകാർ അഭയാർത്ഥികളായി. എന്നാൽ, അതിനു ശേഷവും ഇസ്രായേൽ ഇവിടെയും പലസ്തീൻകാർ താമസിക്കുന്ന മറ്റിടങ്ങളിലും സെറ്റിൽമെന്റുകൾ പണിതുകൊണ്ടേയിരുന്നു. ഇസ്രായേൽ സൈന്യം 2005ൽ ഗാസയിൽ നിന്ന് പിന്മാറിയെങ്കിലും ഗാസ ഇപ്പോഴും അവരുടെ ഉപരോധത്തിൽ ആണ്. ഗാസയുടെ വ്യോമാതിർത്തിയും കടൽത്തീരവും ഇസ്രായേലിന്റെ നിയന്ത്രണത്തിൽ ആണ്. വെള്ളം, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ ഒക്കെ ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. ഇതുകൊണ്ടാണ് ഗാസയെ ഒരു തുറന്ന ജയിലായി വിശേഷിപ്പിക്കുന്നത്. വെസ്റ്റ് ബാങ്കിലും ഗാസയിലും അല്ലാത്ത ഇസ്രായേലിന്റെ ഉള്ളിലുള്ള അറബ് മുസ്ലിം-ക്രിസ്തുമത വിശ്വാസികൾ അവിടെ പൂർണ ജനാധിപത്യാവകാശങ്ങൾ ഇല്ലാത്ത രണ്ടാംകിട പൗരന്മാരാണ്. ഒരേ കുറ്റത്തിന് പലസ്തീൻകാർക്കും ഇസ്രായേലിലെ കുയ്യേറ്റജനതയ്ക്കുമുള്ള ശിക്ഷയടക്കം വ്യത്യസ്തമാണ്.

 8. ഇതിന് ഇതുവരെ പരിഹാരം എന്തുകൊണ്ട് ഉണ്ടായില്ല?

 പരിഹാരം ഉണ്ടാക്കാൻ എത്രയോ ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാനും അവരുടെ സെറ്റിൽമെന്റുകളുടെ നിർമാണം നിർത്തിവെക്കാനും തയ്യാറല്ല. സാമ്രാജ്യത്വശക്തികളുടെ പിന്തുണയുള്ളതുകൊണ്ട് ഇസ്രായേലിന് ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളും മറ്റ് അന്താരാഷ്ട്രനിയമങ്ങളും യഥേഷ്ടം ലംഘിച്ചുകൊണ്ട് അധിനിവേശം തുടരാൻ സാധിക്കുന്നു എന്നതാണ് വസ്തുത. ഇസ്രായേലിനെതിരെ ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ പ്രമേയം വന്നാൽ അമേരിക്കയുടെ വീറ്റോ അധികാരത്തിന്റെ സംരക്ഷണവുമുണ്ട്.

9. ഇപ്പോളുണ്ടായ പുതിയ പ്രശ്നം എന്താണ്?

ഈസ്റ്റ് ജെറുസലേമിലെ അധിനിവേശത്തിന്റെ ഭാഗമായി അവിടത്തെ ഷെയ്ഖ് ജാറ എന്ന സ്ഥലത്തു പതിറ്റാണ്ടുകളായി താമസിക്കുന്ന കുടുംബങ്ങളെ ഒഴിപ്പിക്കാനായി ഈയിടെ അവിടത്തെ കോടതി ഉത്തരവിടുകയുണ്ടായി. ഈ ഭൂമി പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരു ജൂത സംഘടന വിലകൊടുത്ത് വാങ്ങിയിരുന്നെന്നും അത് കൊണ്ട് ഇവിടെ ജൂതന്മാർക്ക് സെറ്റിൽമെന്റ് പണിയാൻ അവകാശം ഉണ്ടെന്നുമാണ് വാദം. എന്നാൽ അവിടെ ഉള്ള പലസ്തീൻകാർ ഇത് നുണയാണെന്ന് അവരുടെ പക്കലുള്ള ഓട്ടോമൻ പ്രമാണം കാണിച്ചുകൊണ്ട് പറയുന്നു. എന്നിരുന്നാലും ഈ കുടിയൊഴിപ്പിക്കലിനെതിരെ അവിടെ പ്രതിഷേധം ഉയർന്നു.

ഇതിനെ തുടർന്ന് എല്ലാ വർഷവും തീവ്രവലതുപക്ഷ ജൂതന്മാർ 1967ലെ വിജയം അനുസ്മരിക്കുന്ന ജെറുസലേം റാലിക്കെതിരെ അടുത്തുള്ള അൽ അഖ്‌സ പള്ളിയിൽ നിന്ന് അക്രമം വരാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞു കൊണ്ടും ഇസ്രായേൽ സൈന്യം അൽ അഖ്സ പള്ളി ആക്രമിച്ചു. പള്ളിക്കുള്ളിൽ റംസാൻ മാസത്തിൽ പ്രാർത്ഥിക്കാൻ വന്നവർക്കെതിരെ സ്റ്റൺ ഗ്രെനേഡുകളും കണ്ണീർ വാതകവും ഉപയോഗിച്ചു. കുറേ പേരെ അറസ്റ്റു ചെയ്തു. ഇസ്രായേലിൽ ഇപ്പോളുടലെടുത്ത സവിശേഷ രാഷ്ട്രീയസാഹചര്യവും ഇപ്പോഴത്തെ അൽ-അഖ്സ പള്ളിയാക്രമണത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ബെന്യാമിൻ നെതന്യാഹു പ്രതിപക്ഷം കൊണ്ടുവന്ന അഴിമതിയാരോപണങ്ങൾ മൂലം കടുത്ത രാഷ്ട്രീയപ്രതിസന്ധി നേരിടുകയാണ്. അതിൽ നിന്നും ശ്രദ്ധ തിരിക്കുക എന്ന ഉദ്ദേശ്യം കൂടി അൽ അഖ്സ പള്ളിയാക്രമണത്തിനു പിന്നിലുണ്ട്.

അൽ അഖ്സ ആക്രമണത്തെ തുടർന്ന് അവിടെ നിന്നും സൈന്യത്തെ പിൻവലിക്കാൻ ഇസ്രായേലിന് ഹമാസ് അന്ത്യശാസനം നൽകി. ഇതിനു വിസമ്മതിച്ച ഇസ്രയേലിനെതിരെ അവർ റോക്കേറ്റാക്രമണം തുടങ്ങി. തിരിച്ച് ഇസ്രായേൽ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസക്കെതിരെ വ്യോമാക്രമണവും അഴിച്ചുവിട്ടു. തുടക്കത്തിൽ തന്നെ വ്യോമാക്രമണം നിർത്തുകയും ജറുസലേമിലെ സൈന്യത്തിനെ തിരിച്ചുവിളിക്കുകയും ചെയ്‌താൽ വെടിനിർത്തലിന് സന്നദ്ധത ഹമാസ് പ്രഖ്യാപിച്ചെങ്കിലും ഇസ്രായേൽ അത് നിരസിച്ചു.

ഇതിനു പുറമെ വെസ്റ്റ് ബാങ്കിലും ഇസ്രായേലിന്റെ മറ്റു പ്രദേശങ്ങളിലുമുള്ള പലസ്തീൻകാർ പ്രതിഷേധിക്കാനിറങ്ങിയപ്പോൾ ഇസ്രായേൽ പൊലീസും ആയുധം കൈവശം വെച്ചിറങ്ങിയ കയ്യേറ്റക്കാരും അവർക്ക് നേരെ ആക്രമണം തുടങ്ങി.

ആക്രമണങ്ങളിൽ പരിക്കേറ്റ പലസ്തീൻകാരെ സഹായിക്കാൻ വരുന്നവരെയും ഇസ്രായേൽ പൊലീസ് തടയുന്നുണ്ട്. ഇപ്പോൾ ലെബനൻ, സിറിയ, ജോർദാൻ എന്നിവിടങ്ങളിൽ നിന്നും ജനങ്ങൾ ഇസ്രായേൽ അതിർത്തിയിലോട്ട് പലസ്തീനുമായി ഐക്യദാർഢ്യവുമായി എത്തുന്നുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസമായി ഇതിന്റെയൊക്കെ ഫലമായി ഇരുന്നൂറിലധികം പലസ്തീൻകാർ മരണമടഞ്ഞിട്ടുണ്ട്. ഇതിൽ അൻപത്തിയഞ്ചു പേരും കുട്ടികളാണ്. പത്ത് ഇസ്രായേലികളും (അതിൽ ഒരു കുട്ടിയും) മരിച്ചിട്ടുണ്ട്. റബ്ബർ ബുള്ളെറ്റുകൾ കൊണ്ട് ആക്രമിക്കപ്പെട്ട ആയിരക്കണക്കിന് പലസ്തീൻ യുവാക്കൾക്ക് പരിക്കേറ്റിട്ടും ഉണ്ട്.

10. അപ്പോൾ ഹമാസിന്റെ റോക്കറ്റുകൾ അല്ലെ പ്രശ്നം? അവർ ചെയ്യുന്നത് വയലൻസ് അല്ലെ? അവർ ഭീകരവാദികൾ അല്ലെ?

നാശനഷ്ടം സംഭവിക്കുന്നതും പൗരന്മാർ മരണമടയുന്നതും തികച്ചും നിർഭാഗ്യകരമാണ്. എന്നാലും ഇവിടെ ഹമാസ് പലസ്തീൻ ജനതയുടെ വിമോചനത്തിന് വേണ്ടി പോരാടുന്ന ഒരു പ്രസ്ഥാനം ആണെന്ന് മനസ്സിലാക്കണം. ഇസ്രായേൽ എന്ന ആണവശക്തിയുടെ അധിനിവേശത്തിനെതിരെ ചെറുത്തുനിൽക്കാൻ അവരുടെ പക്കൽ കുറച്ച് റോക്കറ്റുകൾ മാത്രമാണ് ഉള്ളത്. ഈ റോക്കറ്റുകളാകട്ടെ ഒട്ടുമിക്കതും ഇസ്രായേലിന്റെ മിസൈൽ പ്രതിരോധസംവിധാനമായ അയേൺ ഡോം (Iron Dome) പ്രതിരോധിക്കുകയും ചെയ്യും. ഇപ്പോൾ തന്നെ ഇസ്രായേൽ ജനതയുടെ എഴുപതു ശതമാനത്തിലധികം പേരും ബോംബ് ഷെൽട്ടറുകളിൽ ആണെന്നാണ് കണക്ക്. പലസ്തീൻകാർക്ക് അങ്ങിനെയുള്ള സംവിധാനങ്ങൾ ഒന്നും തന്നെയില്ല.

ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിന്റെ കഴിവ് വളരെയധികം വർദ്ധിച്ചിട്ടുണ്ട് എന്നുള്ളത് ശരിയാണ്. പക്ഷെ ആദ്യമായി ഗാസയിൽ നിന്ന് 2002ൽ റോക്കറ്റ് വിട്ടതിന് ശേഷം ഇന്നേവരെ അതുവഴി മരിച്ചത് മുപ്പത്തില്പരം ഇസ്രായേലികളാണ്. ഗാസ നേരിടുന്ന വ്യോമാക്രമണത്തിൽ ഓരോ ദിവസവും ഇതിലും കൂടുതൽ പലസ്തീൻകാരാണ് മരിക്കുന്നത്. മൂന്നു യുദ്ധങ്ങളാണ് 2008ന് ശേഷം മാത്രം അവർക്ക് നേരിടേണ്ടി വന്നത്. 2014ലെ യുദ്ധത്തിൽ മാത്രം 2300ല്പരം പലസ്തീൻകാർ ആണ് മരണമടഞ്ഞത്. യുദ്ധങ്ങളിലല്ലാതെയുള്ള മറ്റു സംഘർഷങ്ങളിൽ മരിക്കുന്നത് വേറെയും. ഹമാസിന്റെ തന്നെ കുറെ മേധാവികളെ ഇസ്രായേൽ വെടിനിർത്തൽ നിലനിൽക്കെ ആക്രമിച്ച് വധിച്ചിട്ടുമുണ്ട്.

പതിറ്റാണ്ടുകളായി അധിനിവേശം നേരിടുന്ന, അടിച്ചമർത്തൽ അനുഭവിക്കുന്ന, ജനതയോട് നിങ്ങളുടെ വിമോചനം അക്രമരഹിതമായി നേടണം എന്ന് പറയുന്നത് ഉചിതമാണെന്ന് തോന്നുന്നില്ല. പ്രത്യേകിച്ചും അധിനിവേശശക്തി ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാതിരിക്കുമ്പോൾ. അവർക്ക് സാമ്രാജ്യത്വശക്തികളുടെ സമ്പൂർണപിന്തുണയുള്ളപ്പോൾ. ഹമാസിനെ മാത്രമല്ല, മുൻപ് ഫത്താ (Fatah), PFLP എന്നിവരടങ്ങുന്ന PLOയെയും (Palestine Liberation Organisation) ഒക്കെ ഇസ്രായേൽ വിശേഷിപ്പിച്ചിരുന്നത് ഭീകരവാദികൾ ആയിട്ടാണ്. എന്തായാലും ഇസ്രയേലും അമേരിക്കയും ഒക്കെ ഹമാസിനെ ഭീകരസംഘടനയായി കാണുന്നുണ്ടെങ്കിലും ഐക്യരാഷ്ട്രസഭയിൽ അവരെ അങ്ങനെ പ്രഖ്യാപിക്കണം എന്നുള്ള അമേരിക്കയുടെ പ്രമേയം ബഹുഭൂരിപക്ഷത്തോടെ പരാജയപ്പെടുകയായിരുന്നു.

11. ഹമാസ് എങ്ങിനെയാണുണ്ടായത്?

ഈജിപ്ത്തിലെ സുന്നി ഇസ്ലാമിസ്റ്റ് സംഘടനയായ മുസ്ലിം ബ്രദർഹുഡിന്റെ ഒരു വിങ്ങായി പ്രവർത്തിക്കുന്ന ചാരിറ്റിയായാണ് ഹമാസിന്റെ തുടക്കം. PLOയുടെ ജനപ്രിയമായ മതനിരപേക്ഷ അറബ് ദേശീയവാദത്തിൽ നിന്ന് പലസ്തീൻ ജനതയെ പിന്തിരിപ്പിക്കാൻ ആഗ്രഹിച്ച ഇസ്രായേൽ ഹമാസിനെ അക്കാലത്ത് അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. പള്ളികൾ പണിയുന്നതിലും മത-സംസ്കാരവിഷയങ്ങളിലും സാമൂഹ്യസേവനത്തിലും മാത്രം ഒതുങ്ങിയിരുന്ന ഇവർ 1987ൽ ഒന്നാം ഇന്തിഫാദ എന്നറിയപ്പെടുന്ന ബഹുജനകലാപം പൊട്ടിപുറപ്പെട്ടപ്പോൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. ഇപ്പോൾ ഇസ്രയേലിനെ എതിർക്കുന്ന പലസ്തീനിലെ പ്രധാനശക്തിയെന്ന എന്ന നിലക്ക് അവർക്ക് ജനപിന്തുണയുണ്ട്. 2006ലെ അന്താരാഷ്ട്ര നിരീക്ഷകർ അംഗീകരിച്ച പലസ്തീനിലെ തിരഞ്ഞെടുപ്പിൽ അവർ ഭൂരിപക്ഷം നേടുകയുണ്ടായി. പക്ഷെ ഇസ്രയേലും അമേരിക്കയും അത് അംഗീകരിക്കാൻ തയ്യാറായില്ല. ഇപ്പോൾ ഗാസ ഹമാസിന്റെ നിയന്ത്രണത്തിലും വെസ്റ്റ് ബാങ്ക് ഫത്തായുടെ നിയന്ത്രണത്തിലുമാണ്.

12. അപ്പോൾ ഹമാസ് ഇസ്ലാമിസ്റ്റുകൾ അല്ലെ? അപ്പോൾ നമുക്ക് പലസ്തീനിലെ റെസിസ്റ്റൻസ് എങ്ങനെ പിന്തുണക്കാനാവും?

അതെ. ഹമാസിനെ ഇസ്ലാമിസ്റ്റുകൾ എന്ന് വിളിക്കുന്നതിൽ തെറ്റില്ല. അവർ അവരെ സ്വയം വിശേഷിപ്പിക്കുന്നത് ഇസ്ലാമിൿ റെസിസ്റ്റൻസ് മൂവ്മെന്റ് എന്നാണ്. അവരുടെ സ്ഥാപക ചാർട്ടറിൽ കടുത്ത ജൂത വിരുദ്ധത കാണാൻ സാധിക്കും. പക്ഷെ അവർ ജനാധിപത്യതെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാൻ തീരുമാനിക്കുകയും ഭരണത്തിലേക്ക് ശ്രദ്ധ മാറ്റുകയും ചെയ്തതോടെ അവരുടെ നിലപാടുകൾക്ക് കുറെ മാറ്റം വന്നിട്ടുണ്ട്. മുസ്ലിം ബ്രദർഹുഡുമായുള്ള ബന്ധം അവസാനിപ്പിക്കുകയും അവരുടെ ചാർട്ടർ മാറ്റിയെഴുതി ജൂതവിരുദ്ധത എടുത്തുകളയുകയും ചെയ്തിട്ടുണ്ട്. മറ്റുചില സംഘടനകളെ പോലെ അവർ സ്ത്രീകളെ കൊണ്ട് നിർബന്ധിച്ചു തട്ടം ധരിപ്പിക്കുക തുടങ്ങിയ പ്രവർത്തികളിൽ ഒന്നും ഏർപ്പെടുന്നില്ല. എന്നിരുന്നാലും അവരെ ഒരിക്കലും ഒരു പുരോഗമനപ്രസ്ഥാനമായി കണക്കാക്കാൻ പറ്റില്ല. അവരുടെ സംഘടനക്കുള്ളിൽ തന്നെ സ്ത്രീകളുടെ പങ്കാളിത്തം സാമൂഹ്യസേവനത്തിലും വിദ്യാലയങ്ങളിലും മാത്രം ഒതുങ്ങുന്നു. അവരുടെ സാമൂഹ്യബോധം തികച്ചും യാഥാസ്ഥിതികമാണ്. മറ്റ് ഇസ്ലാമിസ്റ്റുകളെ പോലെ തന്നെ അവരുടെ വർഗാടിസ്ഥാനം പെറ്റി ബൂർഷ്വാസികളാണ്.

13. എന്താണ് പരിഹാരം?

ഗാസയുടെ നേരെയുള്ള വ്യമോക്രമണവും ഉപരോധവും ഉടനടി നിർത്തണം. നിയമവിരുദ്ധമായ ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കണം. പുതുതായി നിർമിച്ചുകൊണ്ടിരിക്കുന്ന സെറ്റില്മെന്റുകൾ തകർക്കണം. ഇസ്രായേലിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കണം. ലെബനൻ, സിറിയ, ജോർദാൻ എന്നിവിടങ്ങളിൽ അഭയാർത്ഥി കാമ്പുകളിൽ താമസിക്കുന്ന അറുപതു ലക്ഷത്തോളം വരുന്ന പലസ്തീൻ അഭയാർത്ഥികളെ തിരിച്ചു കൊണ്ടുവരണം.

പലസ്തീൻ ജനതയുടെ ജനാധിപത്യാവകാശങ്ങൾ ഉറപ്പ് വരുത്താൻ പൊതുവെ ഏകരാഷ്ട്ര അല്ലെങ്കിൽ ദ്വിരാഷ്ട്രപരിഹാരമാണ് മുന്നോട്ട് വെക്കപ്പെടാറുള്ളത്. ദ്വിരാഷ്ട്രപരിഹാരം എന്നു പറഞ്ഞാൽ 1947ലെ ഐക്യരാഷ്ട്രസഭയുടെ വിഭജനപദ്ധതി അല്ലെങ്കിൽ 1967ന് മുന്നേയുള്ള അതിർത്തി കണക്കാക്കി രണ്ടു വ്യത്യസ്തരാജ്യങ്ങൾ. ജെറുസലേം രണ്ടുപേരും കൂടി നിയന്ത്രിക്കുന്നതാവാം. ഏകരാഷ്ട്രം എന്നു വെച്ചാൽ 1948ന് മുന്നെ ബ്രിട്ടീഷ് ഭരണത്തിനടിയിലുണ്ടായിരുന്ന പലസ്തീൻ മാൻഡേറ്റ് പോലെ ഒരു രാജ്യം. അവിടെ ജൂതന്മാർക്കും അറബികൾക്കും തുല്യപരിരക്ഷണയും ജനാധിപത്യാവകാശങ്ങളും ഉണ്ടായിരിക്കും. ഇതാണ് PFLP പോലുള്ള പുരോഗമനപ്രസ്ഥാനങ്ങൾ മുന്നോട്ട് വെക്കുന്ന പരിഹാരമാർഗം.

14. ഏകരാഷ്ട്രം അപ്രായോഗികമല്ലേ? വിവേചനം ഉണ്ടാവാൻ സാധ്യതയില്ലേ ? ഇത്രയും വ്യത്യാസങ്ങളുള്ള രണ്ട് വിഭാഗങ്ങൾ എങ്ങനെയാണ് ഒരുമിച്ച് താമസിക്കുക?

ഏകരാഷ്ട്ര പരിഹാരത്തിന് നമുക്ക് മുന്നിൽ ചരിത്രപരമായ ഒരു മാതൃകയുണ്ട്‌ - ദക്ഷിണാഫ്രിക്ക. അധിനിവേശത്തിനടിയിലുണ്ടായിരുന്ന, ഇസ്രായേലിനെപോലെ അപ്പാർതീഡ് സ്റ്റേറ്റ് ആയിരുന്നു ദക്ഷിണാഫ്രിക്ക. ഇപ്പോൾ അവിടം എല്ലാവർക്കും തുല്യാവകാശങ്ങളുള്ള ഒരു രാജ്യമാണ്. ഒരു വിരോധവും എന്നെന്നേക്കും നിലനിൽക്കുമെന്ന് വിചാരിക്കേണ്ട കാര്യമില്ല. സാമ്രാജ്യത്വശക്തികളും സിയോണിസ്റ്റുകളും ആണ് നിലവിലുള്ള വിവേചനത്തിന് കാരണം. എന്തായാലും ഇത് ഇസ്രായേൽ-പലസ്തീൻ ജനത ഒരുമിച്ചെടുക്കേണ്ട തീരുമാനമാണ്. ഏകരാഷ്ട്രമായാലും ദ്വിരാഷ്ട്രമായാലും പലസ്തീൻകാരുടെ സ്വയംനിർണയാവകാശം ഉറപ്പ് വരുത്തേണ്ടതുണ്ട്.

15. ഇതിനു വേണ്ടി നമുക്ക് എന്തു ചെയ്യാൻ സാധിക്കും?

പലസ്തീൻ ജനതയുടെ പോരാട്ടത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണം. ഈ വിഷയത്തെ പറ്റി വസ്തുനിഷ്ഠമായ പൊതു അവബോധം സൃഷ്ടിക്കാൻ കഴിയണം. വസ്തുതകൾ മനസ്സിലാക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളെ ചോദ്യം ചെയ്യുകയും വേണം.

അന്താരാഷ്ട്രതലത്തിൽ ദക്ഷിണാഫ്രിക്കക്ക് എതിരെ ഉണ്ടായിരുന്നത് പോലെയൊരു സമ്മർദ്ദം ഇസ്രായേലിന്റെ മേൽ ചെലുത്തുന്നതിനു പങ്കുചേരണം. സാമ്രാജ്യത്വശക്തികളുടെ മനസ്സുമാറാൻ കാത്തിരിക്കാൻ പറ്റില്ല എന്നുള്ളതുകൊണ്ട് ഇതിനായി BDS (Boycott, Divestment and Sanctions) പോലെ ഇസ്രയേലിനെ ബഹിഷ്കരിക്കുന്ന പ്രസ്ഥാനങ്ങളുണ്ട്. ഇസ്രായേലിന്റെ യുദ്ധോപകരണങ്ങൾ ഏറ്റവും അധികം വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. കശ്മീർ തൊട്ട് തൂത്തുക്കുടി വരെയുള്ള പൊലീസ് സേനകൾ ഇസ്രായേലിന്റെ പരിശീലനം ഏറ്റുവാങ്ങിയിട്ടുണ്ട്. ഇതൊക്കെ അവസാനിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കണം. ആവശ്യം വന്നാൽ കായിക-സാംസ്കാരികമേഖലകളിൽ ഒക്കെ തന്നെ ഇസ്രയെലിനെ ഉൾപ്പെടുത്തുന്നില്ല എന്ന് ഉറപ്പുവരുത്തണം.

ഇതൊക്കെ ഒറ്റയടിക്ക് ചെയ്യണം എന്നല്ല. ബിസിനസ്സുകൾക്കും സർക്കാറുകൾക്കും പലപ്പോഴും ആവശ്യമുള്ള പല ഉപകരണങ്ങളും സാങ്കേതികവിദ്യകളും നൽകുന്നത് ഇസ്രായേൽ ആവാം. ഈ ആശ്രയം കുറക്കാനും മറ്റ് ഉറവിടങ്ങൾ കണ്ടെത്താനും സഹായം കൊടുക്കേണ്ടി വരും.

ഒരു വിവേചനവും അധിനിവേശവും അടിച്ചമർത്തലും എന്നെന്നേക്കും നിലനിൽക്കില്ല എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. പലസ്തീൻ ജനതയുടെ വിമോചനം നമ്മളെല്ലാവരുടെയും വിമോചനത്തിന്റെ അനിവാര്യഘടകമാണ്. അതിനുവേണ്ടി ഒരുമിച്ചുനിൽക്കാം.

അധിക വായനയ്ക്ക്

പലസ്‌തീൻ കോളനിവൽക്കരിക്കപ്പെട്ടത് എങ്ങനെ? 

പലസ്‌തീൻ കോളനിവൽക്കരിക്കപ്പെട്ടത് എങ്ങനെ?

പ്രശസ്‌ത പത്രപ്രവർത്തകയായ ആബി മാർട്ടിന്റെ Empire Files എന്ന പരിപാടിയുടെ ഭാഗമായി ലാറ്റിനമേരിക്കൻ ദൃശ്യമാധ്യമമായ ടെലെസൂർ (teleSUR) 2016 സെപ്റ്റംബറിൽ റിലീസ് ചെയ്‌ത “How Palestine became colonized” എന്ന ഡോക്യുമെന്ററിയുടെ ലിഖിത രൂപമാണിത്.

വിവർത്തനം: ലക്ഷ്മി ദിനചന്ദ്രൻ.

പലസ്തീന്റെ ചുരുങ്ങിക്കൊണ്ടിരിക്കുന്ന അതിർത്തികൾ കാണിക്കുന്ന പ്രശസ്തമായ ഭൂപടം (ചിത്രങ്ങൾ 1, 2, 3) നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാകും. എന്നാൽ ഇത്ര നാടകീയമായ മാറ്റങ്ങൾ വന്നതെങ്ങനെ എന്ന് വളരെക്കുറച്ചുപേർക്കു മാത്രമേ വിശദമായി അറിയൂ. ഈ മാറ്റങ്ങൾക്കു പിന്നിലെ കഥകളോരോന്നും ചരിത്രത്തിലെ ഈ കടംകഥയിൽ പ്രധാനമാണ്.

ചിത്രം 1

ചിത്രം 2

ചിത്രം 3

ഓട്ടമൻ സാമ്രാജ്യത്തിനു കീഴിലെ പലസ്‌തീൻ

ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെ പലസ്തീന്റെ ആദ്യകാലത്തെ അതിർത്തികൾ എങ്ങനെ രൂപപ്പെട്ടു എന്ന് ആദ്യമേ പരിശോധിക്കാം. ആധുനിക മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങൾ ഒരുകാലത്ത് ഓട്ടമൻ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. ഓട്ടമൻ പലസ്തീനിൽ താമസിച്ചിരുന്ന അഞ്ചുലക്ഷത്തോളം ആളുകളിൽ 75 ശതമാനം മുസ്ലീങ്ങളും 20 ശതമാനം ക്രിസ്ത്യാനികളും 5 ശതമാനം യഹൂദരുമായിരുന്നു. 100 ശതമാനവും അറബികളും.

അറബ് കലയുടെയും സംസ്കാരത്തിന്റെയും വിളയിടങ്ങളായിരുന്ന അവിടുത്തെ നഗരങ്ങൾ, പ്രത്യേകിച്ച് ജറൂസലെം, മധ്യപൂർവപ്രദേശത്തെ ബുദ്ധിജീവികളുടെ സംഗമസ്ഥാനമായിരുന്നു. പലസ്തീന് അതിർത്തികൾ ഉണ്ടാകുന്നതിനുമുമ്പേ തന്നെ, അതിന് ഒരു ദേശീയതയുടെ സവിശേഷതകൾ ഉണ്ടായിരുന്നു. ആ ഭൂമിയിൽ വേരാഴ്‌ത്തിനിൽക്കുന്ന അതിന്റെ സാംസ്കാരിക സ്വത്വം തന്നെ വ്യത്യസ്തമാണ്.

എന്നാൽ പലസ്തീനുവേണ്ടിയുള്ള പദ്ധതികൾ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും തയ്യാറായിക്കൊണ്ടിരിക്കുകയായിരുന്നു. 1800-കളുടെ അവസാനത്തിൽ അതിനെ ഒരു കോളനിയാക്കാനായിരുന്നു ശ്രമം നടന്നുകൊണ്ടിരുന്നത്.

സയണിസം (Zionism)

യുഎസ്, യൂറോപ്പ്, റഷ്യ എന്നിവിടങ്ങളിൽ യഹൂദ വിരോധം അപകടകരമായി വളർന്നുകൊണ്ടിരുന്ന ഒരു ശക്തിയായിരുന്നു. യഹൂദരുടെ ആൾക്കൂട്ടക്കൊല പതിവ് സംഭവങ്ങളായിരുന്നു. ഭീകരതയുടെ ഈ കാലാവസ്ഥയിലാണ് സയണിസം അഥവാ ലോകത്തെവിടെയെങ്കിലും ഒരു യഹൂദരാഷ്‌ട്രം സ്ഥാപിക്കണം എന്ന ആശയം വളർന്നുവന്നത്. സയണിസം ഉണ്ടായപ്പോൾ മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെ സയണിസ്റ്റുകൾ യഹൂദരിലെ വളരെ ചെറിയ ഒരു ന്യൂനപക്ഷമായി തുടർന്നു. മതവിശ്വാസികളും മതേതരവാദികളുമെല്ലാം അടങ്ങുന്ന യഹൂദജനത ഈ പ്രത്യയശാസ്ത്രത്തെ നിരാകരിച്ചു. യഹൂദ വിരോധം വലിയ അപകടമാണെന്ന് സമ്മതിക്കുമ്പോഴും മറ്റൊരു ജനതയുടെ ദേശത്തേക്ക് കൂട്ടത്തോടെ പുറപ്പെടുന്നതിനേക്കാൾ സ്വന്തം രാജ്യങ്ങളിൽ യഹൂദവിരോധത്തെ പരാജയപ്പെടുത്താൻ വേണ്ടി സംഘടിക്കുകയാണ് ആവശ്യം എന്നതായിരുന്നു പൊതുവിൽ അവർ ചിന്തിച്ചിരുന്നത്.

യൂറോപ്പിൽ നിന്ന് മുഴുവൻ യഹൂദജനതയും വിട്ടുപോകുന്നത് ഫലത്തിൽ എതിരാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിനു തുല്യമാണെന്ന് പലരും വാദിച്ചു. എന്നാൽ എത്ര പാർശ്വവൽക്കരിക്കപ്പെട്ടതെങ്കിലും സയണിസം അതിന്റെ പ്രഖ്യാപിത പിതാവ് തിയൊഡോർ ഹെർട്സ്‌ലിന്റെ നേതൃത്വത്തിൽ തീവ്രമായ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി മാറി. ഓസ്ട്രിയക്കാരനായ ഒരു നിരീശ്വരവാദിയായിരുന്നു തിയൊഡോർ ഹെർട്സ്‌ൽ.

തങ്ങളുടെ രാജ്യമാക്കാൻ ആദ്യം അർജന്റീനയെയും ഉഗാണ്ടയെയും കണക്കിലെടുത്തെങ്കിലും, ഒടുവിൽ സയണിസ്റ്റ് പ്രസ്ഥാനം തങ്ങളുടെ ഉദ്ദേശ്യം നിറവേറ്റാനായി കണ്ടെത്തിയത് അവർ “വിശാല ഇസ്രായേൽ” എന്നു പേർ വിളിച്ച പ്രദേശത്തെയാണ്. അതിൽ പലസ്‌തീനിന്റെ മുഴുവൻ പ്രദേശവും, പുറമേ ഇന്നത്തെ ലെബനൻ, ജോർദാൻ, സിറിയ, ഇറാഖ്, ഈജിപ്‌ത് എന്നിവയുടെ ഭാഗങ്ങളും ഉൾപ്പെട്ടിരുന്നു. യേശുവിന്റെ ജനനത്തിന് 600 വർഷങ്ങൾക്ക് മുൻപുള്ള പഴയ നിയമത്തിലെ പുരാതനരാജ്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഈ പ്രദേശത്തിനുമേലുള്ള അവകാശം അവർ ഉന്നയിച്ചത്.

ഹെർട്സ്‌ൽ മുഴുവൻ സമയവും ഉലകംചുറ്റി തന്റെ പദ്ധതിയോട് സഹകരിക്കാനിടയുള്ള അധികാരികളെ സ്വാധീനിക്കാൻ ശ്രമിച്ചു. എല്ലാറ്റിനുമുപരിയായി സയണിസ്റ്റുകൾക്ക് ആവശ്യം കുടിയേറ്റത്തിനുള്ള പണവും ആത്യന്തികമായി, ആഗോളശക്തികളുടെ അംഗീകാരവുമായിരുന്നു.

ജർമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബെയ്ഡനിലെ പ്രഭുവിന് ഹെർട്സ്‌ൽ കത്തെഴുതി, "ഞങ്ങളുടെ ചരിത്രപരമായ പിതൃരാജ്യത്തിലേക്ക് മടങ്ങുക എന്നത് ദൈവഹിതമാണെങ്കിൽ, ഞങ്ങൾ ആഗ്രഹിക്കുന്നത് പാശ്ചാത്യ നാഗരികതയുടെ പ്രതിനിധികളായി പോകാനും, പകർച്ചവ്യാധികൾ നിറഞ്ഞ ആ നശിച്ച കിഴക്കൻ നാട്ടിൽ വൃത്തിയും വെടിപ്പും ആചാരമര്യാദകളും ഉണ്ടാക്കാനുമാണ്."

ആദ്യകാല സയണിസ്റ്റുകൾ, പലസ്തീനെ "കാടത്തത്തിനെതിരെ ഒരു മുന്നണിപ്പട" (എന്നുവച്ചാൽ ഫലത്തിൽ പാശ്ചാത്യ സൈനികശക്തിക്ക് ഒരു പിണിയാൾ) ആക്കുമെന്നും, "പരിഷ്കൃതജനതയ്‌ക്ക് രാജപാതകൾ" അഥവാ യൂറോപ്യൻ കോടീശ്വരന്മാർക്ക് വ്യാപാരത്തിനുള്ള അവസരങ്ങൾ ഒരുക്കും എന്നുമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്.

ഇസ്രായേലിന്റെ സൃഷ്ടിക്കുള്ള മുദ്രാവാക്യം, "ഭൂമിയില്ലാത്ത ഒരു ജനതയ്ക്ക്, ജനങ്ങളില്ലാത്ത ഒരു ദേശം" എന്നതായിരുന്നു.

സയണിസ്റ്റ് അധിനിവേശത്തിനു മുമ്പ് പലസ്തീനിൽ ഒരു ജനതയില്ലായിരുന്നു എന്ന വാദമായിരുന്നു അവരുടെ നയങ്ങളുടെ അടിത്തറ. സത്യത്തിൽ അവിടെ ജീവിച്ചിരുന്നവരെക്കുറിച്ച് അവർക്ക് എല്ലായ്പ്പോഴും നല്ല ധാരണയുണ്ടായിരുന്നു.

മറ്റൊരു പ്രമുഖ സയണിസ്റ്റായ ഇസ്രായേൽ സാങ്‌വില്ലിന്റെ വാക്കുകളിൽ, "പലസ്തീനിൽ അറബികൾ താമസിക്കുന്നു എന്നതിനേക്കാൾ, അവർ അവിടം താറുമാറാക്കിയിരിക്കുന്നു എന്നുവേണം പറയാൻ."

കുടിയൊഴിപ്പിക്കൽ

അതിന്റെ തുടക്കംമുതൽ തന്നെ, രാഷ്ട്രീയ സയണിസം എന്നാൽ കോളനിവൽക്കരണത്തിനും അധിനിവേശത്തിനുമുള്ള പദ്ധതി മാത്രമായിരുന്നില്ല, സ്വദേശികളെ അവിടെനിന്നും പുറത്താക്കാൻ കൂടി ഉള്ളതായിരുന്നു.

ചരിത്രപരമായ പലസ്തീനിൽ നിലനിന്നിരുന്നത് ഒരു തരം അർദ്ധ ഭൂപ്രഭുത്വമാണ് (semi-feudalism). സിറിയയിലെയും ജോർദാനിലെയും കണ്ണഞ്ചിപ്പിക്കുന്ന നഗരങ്ങളിൽ താമസിക്കുന്ന ധനികരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കൃഷി ചെയ്തു ജീവിക്കുന്ന കർഷകരുടെ നാട്.

ഈ ഭൂമിയാണ് സയണിസ്റ്റ് കുടിയേറ്റക്കാർ 1882 മുതൽ വാങ്ങിക്കൂട്ടാൻ ആരംഭിച്ചത്. സ്വദേശികളെ കുടിയിറക്കി അവർ ആദ്യത്തെ താവളങ്ങൾ നിർമ്മിച്ച് തുടങ്ങി. യഹൂദരും, മുസ്ലിങ്ങളും, ക്രിസ്ത്യാനികളും സാമാന്യം സൗഹാർദ്ദത്തിൽ കഴിഞ്ഞിരുന്ന ആ നാട്ടിൽ ഇത് പെട്ടെന്ന് സംഘർഷത്തിന് വഴിവച്ചു.

തുടക്കത്തിൽ ഇഴഞ്ഞുനീങ്ങിയ സയണിസ്റ്റ് പദ്ധതിയ്ക്ക് ഒന്നാം ലോകമഹായുദ്ധത്തോടെ ഒരു പുതിയ അവസരം ലഭിച്ചു. ഹെർട്സ്‌ലും യുദ്ധത്തിൽ വിജയികളായ അയാളുടെ കൂട്ടുകാരും തോറ്റവരുടെ കോളനികൾ - പലസ്തീനടക്കം - പങ്കിട്ടെടുത്തു.

ബ്രിട്ടനിലും ഫ്രാൻസിലും റഷ്യയിലുമുള്ള പ്രഭുക്കന്മാർ രഹസ്യമായി മധ്യപൂർവദേശം പങ്കിട്ടെടുക്കുകയായിരുന്നു. കുപ്രസിദ്ധമായ സൈക്സ്-പിക്കോ ഉടമ്പടിയിലൂടെ അക്കാലത്താണ് ജോർദാൻ, ലെബനൻ, സിറിയ എന്നീ രാജ്യങ്ങളും, ഒപ്പം ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ പലസ്തീനും നിലവിൽ വരുന്നത്.

മറ്റൊരു സാമ്രാജ്യം കൂടി തങ്ങൾക്കുമേൽ അധികാരം സ്‌ഥാപിക്കുന്നതിനെതിരെ ജറുസലേമിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറി.

ഓട്ടമൻ പലസ്തീൻ ബ്രിട്ടീഷ് അധീന പലസ്തീൻ ആയത് സയണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വലിയൊരു മുന്നേറ്റമായിരുന്നു. ഒരു ചെറിയ സംഘം ബ്രിട്ടീഷ് പ്രഭുക്കന്മാർ വെറും ചില വിരലനക്കങ്ങൾ വഴി സയണിസത്തിന്റെ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകി. [അതായിരുന്നു യഹൂദജനതയ്‌ക്ക് പലസ്തീനിൽ സ്വന്തമായി രാജ്യം സ്ഥാപിക്കാൻ ബ്രിട്ടൻ പിന്തുണ നൽകുമെന്നു പറയുന്ന 1917-ലെ ബാൽഫോർ പ്രഖ്യാപനം.]

ബ്രിട്ടീഷുകാരുടെ സഹായത്തോടെ ഈ കയ്യേറ്റക്കാർക്ക് കൂടുതൽ ഭൂമി ഏറ്റെടുക്കാനും സ്വദേശികളെ കുടിയിറക്കാനും സാധിച്ചു. എങ്കിലും തദ്ദേശീയരായ അറബികളില്ലാതെ, “വിശാല ഇസ്രായേൽ” മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഒരു സ്വദേശം എന്ന സയണിസ്റ്റ് സ്വപ്നം അവരെ  അപ്പോഴും മുന്നോട്ട് നയിച്ചുകൊണ്ടിരുന്നു.

"യഹൂദരല്ലാത്ത എല്ലാവരും നാടുകടത്തപ്പെടുന്നതിനെയാണ് സയണിസ്റ്റുകൾ ഉറ്റുനോക്കുന്നത്" എന്നാണ് 1919 -ൽ ഒരു അമേരിക്കൻ പ്രതിനിധി റിപ്പോർട്ട് ചെയ്തത്.

അപ്പോഴേയ്ക്കും അവിടുത്തെ ജനസംഖ്യയുടെ പത്തുശതമാനം കുടിയേറ്റക്കാരായ യഹൂദരായിരുന്നു. പാശ്ചാത്യലോകത്തെ പണച്ചാക്കുകളുടെ സംഭാവനകളിലൂടെ ഈ എണ്ണം കൂടിക്കൊണ്ടുമിരുന്നു. ഇത് മൂലം ഒരു അഭയാർത്ഥിപ്രശ്നം തന്നെ ആ പ്രദേശത്തു സംജാതമായി.

സിറിയയിൽ 1929-ൽ പലസ്തീനിയൻ അഭയാർത്ഥികൾ നടത്തിയ ഒരു പ്രതിഷേധ പ്രകടനമാണ് ചിത്രം 4-ൽ കാണുന്നത്. അൻപതിനായിരം പേരാണ് അതിൽ പങ്കെടുത്തത്.

ചിത്രം 4

ലഭിച്ച പുതിയ പിന്തുണ ഉപയോഗിച്ച് ഈ കൊളോണിയൽ പദ്ധതി വളരെവേഗം വളർന്നു - കൂടുതൽ കൂടുതൽ സ്ഥലം ഫ്യൂഡൽ ഭൂവുടമകളുടെ കയ്യിൽനിന്നും വാങ്ങി ഓരോരോ പ്രദേശങ്ങൾ കയ്യടക്കി.

ഈ കയ്യേറ്റ പ്രസ്ഥാനത്തിന്റെ നേതാവും പിൽക്കാലത്ത് ഇസ്രയേലിന്റെ പ്രധാനമന്തിയുമായിത്തീർന്ന ഡേവിഡ് ബെൻ-ഗൂരിയോൺ ആ കാലഘട്ടത്തെപ്പറ്റി എഴുതി, "ഞങ്ങൾ ജോലി ചെയ്യുക മാത്രമായിരുന്നില്ല - ഞങ്ങൾ കീഴടക്കി, കീഴടക്കി, കീഴടക്കി മുന്നേറുകയായിരുന്നു. വിജയികളുടെ ഒരു പടയായിരുന്നു ഞങ്ങൾ."

1920 മുതൽ 1939 വരെയുള്ള കാലത്ത് കയ്യേറ്റക്കാരുടെ ശതമാനം പത്തിൽനിന്നും മുപ്പതു ശതമാനത്തിലേയ്‌ക്ക് ഉയർന്നു. അവരുടെ ലക്ഷ്യമെന്താണ് എന്ന കാര്യത്തിൽ ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല.

ബെൻ-ഗൂരിയോൺ തന്നെ പറഞ്ഞത്, "നമ്മൾ അറബികളെ നാടുകടത്തി അവരുടെ സ്ഥാനം കയ്യടക്കണം" എന്നാണ്.

ചിത്രം 5 – ഡേവിഡ് ബെൻ‌-ഗൂരിയോൺ

ഈ കാലഘട്ടത്തിലുടനീളം തങ്ങളുടെ ദേശം കയ്യേറിയ വരത്തരുടെ നേരെ പലസ്തീൻകാർ ആക്രമണങ്ങൾ നടത്തിയിരുന്നു. നഗരങ്ങളിൽ ഇവർ തമ്മിൽ നടന്ന പോരാട്ടങ്ങളിൽ രണ്ടുവശത്തും ഒട്ടനവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

എന്നാൽ സമാനതകളില്ലാത്ത മനുഷ്യക്കുരുതിയുടെ ഒരു യുഗമായിരുന്നു കാലം കാത്തുവച്ചിരുന്നത്.

കൂട്ടക്കുരുതികൾ

1936-ൽ പലസ്തീനികൾ ഒരു പൊതുപണിമുടക്ക് നടത്തി. നിരവധി നഗരങ്ങളിൽ പ്രക്ഷോഭം ആളിക്കത്തി. ആറുമാസക്കാലം സമരം ശക്തമായി തുടർന്നു. തുടക്കത്തിൽ സമാധാനപരമായിരുന്നെങ്കിലും ബ്രിട്ടീഷ് ഭരണകൂടം സമരത്തോട് പ്രതികരിച്ചത് പട്ടാളഭരണം ഏർപ്പെടുത്തിക്കൊണ്ടാണ്. പലസ്‌തിനിയൻ ഗ്രാമങ്ങൾ ആക്രമിക്കാനും കൊള്ളയടിക്കാനും ബ്രിട്ടീഷുകാർ തങ്ങളുടെ സൈനികരോടൊപ്പം സയണിസ്റ്റ് പോരാളികളെക്കൂടി ഉൾപ്പെടുത്തി. നിരവധി പലസ്‌തിനിയൻ വിമതരാണ് ആ കാലത്ത് കൊലചെയ്യപ്പെട്ടത്.

പണിമുടക്ക് ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സായുധപോരാട്ടമായി വളർന്നു. ബ്രിട്ടീഷുകാരും അവരുടെ സയണിസ്റ്റ് കൂട്ടാളികളും സ്വീകരിച്ച തന്ത്രം, ആയിരക്കണക്കിന് പലസ്തീനിയൻ വീടുകൾ തകർക്കുക എന്നതായിരുന്നു. യാഫ്ഫ എന്ന ഗ്രാമത്തിൽ ഒരൊറ്റ ദിവസംകൊണ്ട് അവർ പൊളിച്ചുകളഞ്ഞത് ഇരുന്നൂറിലേറെ വീടുകളാണ്.

1939 ആയപ്പോഴേയ്‌ക്കും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കൈയ്യൂക്കു കൊണ്ട് ആ പോരാട്ടത്തെ അവർ ചോരയിൽ മുക്കിക്കൊന്നുകളഞ്ഞു. അയ്യായിരം പലസ്തീനികളെയാണ് കൊന്നുതള്ളിയത്. മറുവശത്ത് 300 കയ്യേറ്റക്കാരും 250 ബ്രിട്ടീഷ് സൈനികരും കൊല്ലപ്പെട്ടു.

രക്തരൂഷിതമായ ഈ അടിച്ചമർത്തലിലൂടെയാണ്, ബ്രിട്ടീഷ് സൈന്യം ആയുധവും പരിശീലനവും കൊടുത്ത് ആയിരക്കണക്കിനു പേരെ ചേർത്ത ഒരു സയണിസ്റ്റ് സൈന്യം രൂപംകൊണ്ടത്.

യഥാർത്ഥത്തിൽ ആ സൈന്യത്തിന് രണ്ടു വിഭാഗങ്ങൾ ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അംഗീകാരമുള്ള ഹഗാന എന്ന ഔദ്യോഗികവിഭാഗമായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത്, തീവ്രവാദികളായ സയണിസ്റ്റ് സായുധസംഘങ്ങൾ. അവയിൽ ഏറ്റവും വലുതായ ഇർഗുണിൽ ആയിരക്കണക്കിന് അംഗങ്ങളുണ്ടായിരുന്നു. ഒരു ലക്ഷണമൊത്ത ഭീകരവാദ സംഘടന എന്നുതന്നെ വിളിക്കാവുന്ന ഇർഗുണിന്റെ രീതികൾ, സാധാരണക്കാരായ പലസ്‌തീനികളെ തിരക്കേറിയ വ്യാപാരകേന്ദ്രങ്ങളും മറ്റും ബോംബുവച്ച് തകർത്ത് കൊല്ലുക തുടങ്ങിയവയായിരുന്നു.

വർഷങ്ങൾക്കിപ്പുറം അവർ ബ്രിട്ടീഷ് സൈനികരെത്തന്നെ ആക്രമിക്കുന്ന സ്ഥിതി വന്നു എന്നത് ചരിത്രം. അവരുടെ ഏറ്റവും കുപ്രസിദ്ധമായ ആക്രമണം, പതിനേഴു യഹൂദരടക്കം 91 പേരെ കൊന്നൊടുക്കിയ കിംഗ് ഡേവിഡ് ഹോട്ടൽ ബോംബ് സ്ഫോടനം ആയിരുന്നു.

ഇർഗുണിന്റെ മനസ്സാക്ഷിയില്ലാത്ത രീതികൾക്ക് കയ്യേറ്റക്കാരുടെയിടയിൽ വലിയ പിന്തുണയുണ്ടായിരുന്നു എന്നതിന് തെളിവാണ്, നിരവധി കൂട്ടക്കൊലകൾക്ക് നേതൃത്വം കൊടുത്ത ഇർ‌ഗുൺ ഹെഡ് കമാൻഡർമാരിൽ ഒരാളായിരുന്ന മെനഹേം ബെഗിൻ പിന്നീട് ഇസ്രായേൽ പ്രധാനമന്ത്രി ആയത്.

ആൽബർട്ട് ഐൻസ്റ്റൈൻ അടക്കം നിരവധി പ്രമുഖരായ യഹൂദർ ചേർന്ന് ബെഗിന്റെ സംഘടനയെക്കുറിച്ച് ന്യൂയോർക്ക് ടൈംസിൽ ഒരു തുറന്ന കത്ത് പ്രസിദ്ധീകരിച്ചിരുന്നു. ബെഗിന്റെ പ്രസ്ഥാനം "അതിന്റെ സംഘാടനത്തിലും, പ്രവർത്തനരീതിയിലും, രാഷ്ട്രീയതത്വങ്ങളിലും, ആശയപ്രചാരണ രീതികളിലും നാസി, ഫാഷിസ്റ് പാർട്ടികളോട് അടുത്ത സാദൃശ്യം കാണിക്കുന്നു" എന്നായിരുന്നു അവർ എഴുതിയത്.

ഹഗാനയും ഇർഗുണും ചേർന്ന് കോളനിവൽക്കരണം തുടരവേ, അവരുടെ ലക്‌ഷ്യം വ്യക്തമായിരുന്നു. ഇസ്രായേൽ ദേശം വീണ്ടെടുക്കാൻ മുന്നിട്ടിറങ്ങിയ Jewish National Fund-ന്റെ പ്രസിഡന്റായ യൊസേഫ് വൈറ്റ്സ് 1940-ൽ എഴുതി, “ഈ ദേശത്ത് രണ്ടു ജനതയ്‌ക്കും കൂടിയുള്ള സ്ഥലമില്ല... അറബികളെ ഇവിടെനിന്നും സമീപരാജ്യങ്ങളിലേയ്‌ക്ക് മാറ്റുകയല്ലാതെ വേറെ വഴിയില്ല... ഒരു ഗ്രാമത്തെയോ ഗോത്രത്തെയോ പോലും കുടിയൊഴിപ്പിക്കലിൽ നിന്നും ഒഴിവാക്കരുത്.

യഹൂദരാഷ്‌ട്രത്തിന്റെ പിറവി

നാസിസം എന്ന ക്യാൻസർ നടത്തിയ, ചരിത്രത്തിൽ സമാനതകളില്ലാത്ത നരഹത്യയിൽ ജീവൻ നഷ്ടപ്പെട്ടത് അറുപതുലക്ഷം യഹൂദർക്കാണ്. ദേശീയതയുടെ പേരിലും, ഇടതുപക്ഷക്കാരായതിന്റെ പേരിലും, സ്വവർഗ്ഗാനുരാഗികളായതിന്റെ പേരിലും വേറെയും ദശലക്ഷക്കണക്കിനു പേർ കൊല്ലപ്പെട്ടു. നാസികൾ നടത്തിയ യഹൂദ കൂട്ടക്കൊലകൾ സൃഷ്ടിച്ച രൂക്ഷമായ ഭീതിയുടെ കാലാവസ്ഥ മൂലം, അന്നുവരെ യഹൂദർക്കിടയിൽത്തന്നെ ചെറു ന്യൂനപക്ഷം മാത്രം അംഗീകരിച്ചിരുന്ന സയണിസം, യഹൂദസമൂഹത്തിലെ വലിയ വിഭാഗങ്ങൾക്കിടയിൽ സ്വീകാര്യത നേടി.

ഒടുവിൽ 70 വർഷം നീണ്ട ചരടുവലികളുടെ ഫലമായി, യഹൂദർക്കായി ഒരു രാജ്യം എന്ന ആവശ്യം 1947-ൽ ഔപചാരികമായി അംഗീകരിക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണകൂടം, പലസ്‌തീൻ എന്ന തങ്ങളുടെ കോളനിയെ ഐക്യരാഷ്ട്രസഭയ്ക്ക് കൈമാറി. അവരാകട്ടെ, പലസ്‌തീനെ തുണ്ടുതുണ്ടായി വിഭജിച്ച്, പലസ്‌തീൻ രാജ്യത്തിന്റെ മേൽ ഇസ്രായേൽ എന്ന യഹൂദരാഷ്‌ട്രം  സ്ഥാപിച്ചു. പലസ്‌തീനിന്റെ 55 ശതമാനം സ്ഥലം പുതിയ രാജ്യത്തിനു കൈമാറി. കയ്യേറ്റക്കാരുടെ ചെറു പ്രദേശങ്ങൾ മാത്രമുണ്ടായിരുന്ന സ്ഥിതിയിൽ (ചിത്രം 6; ചാരനിറത്തിലുള്ളതാണ് യഹൂദ കയ്യേറ്റ പ്രദേശങ്ങൾ) നിന്നും, ഭൂരിഭാഗം സ്ഥലങ്ങളും ഇസ്രായേലിന്റേതായി മാറിയ സ്ഥിതിയായി (ചിത്രം 7).

ചിത്രം 6

ചിത്രം 7

പലസ്‌തീൻ മൂന്നായി വിഭജിക്കപ്പെട്ടു. പലസ്‌തീൻ ജീവിതത്തിന്റെ കേന്ദ്രമായിരുന്ന തലസ്ഥാനം ജെറൂസലെം യുഎൻ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര മേഖലയായി പ്രഖ്യാപിക്കപ്പെട്ടു.

എന്നാൽ സയണിസ്റ്റുകൾക്ക് മറ്റൊരു വലിയ പ്രശ്നം മുന്നിലുണ്ടായിരുന്നു. അവരുടെ പുതിയ രാജ്യത്തിന്റെ 40 ശതമാനം അപ്പോഴും അറബികൾ ആയിരുന്നു. ഇത് ബെൻ-ഗുരിയോണിനും മറ്റ് ഇസ്രായേലി നേതാക്കൾക്കും സ്വീകാര്യമായിരുന്നില്ല. “അറുപതു ശതമാനം എന്ന ഭൂരിപക്ഷം കൊണ്ട് സുസ്ഥിരവും ശക്തവുമായ ഒരു യഹൂദരാഷ്‌ട്രം കെട്ടിപ്പടുക്കാനാകില്ല,” ബെൻ-ഗൂരിയോൺ പറഞ്ഞു.

നക്ബ (മഹാദുരന്തം)

തദ്ദേശീയരെ പുറന്തള്ളിക്കൊണ്ട്, അതും തദ്ദേശീയരെ ചർച്ചയിലോ തീരുമാനത്തിലോ ഭാഗഭാക്കുകളാക്കാതെ, കയ്യേറ്റക്കാരായ യൂറോപ്യന്മാർക്ക് ഒരു രാജ്യം സൃഷ്ടിച്ച് കൊടുത്ത നടപടി അറബ് ലോകത്ത് വലിയ രോഷം സൃഷ്ടിച്ചു. ആ നടപടിയോടുള്ള ചെറുത്തുനിൽപ്പ് 1948-ൽ യുദ്ധമായി പരിണമിച്ചു.

യുദ്ധം തുടങ്ങി മാസങ്ങൾക്കകം ഹഗാനയും ഇർഗുണും ചേർന്ന് ഏറ്റവും സമാധാനപരമായി ജീവിക്കുന്ന സമൂഹങ്ങളെ ആക്രമിച്ച്, അതുവഴി സകല പലസ്‌തീൻ സ്വദേശികളെയും പലായനത്തിലേയ്ക്ക് തള്ളിവിടുക എന്ന തന്ത്രം സ്വീകരിച്ചു. Plan Dalet എന്നായിരുന്നു ഈ പദ്ധതിയുടെ പേര്.

ഇതെത്തുടർന്നു നടന്ന നിരവധി ഭീകരവാദി ആക്രമണങ്ങളെയും തൽഫലമായുണ്ടായ കൂട്ടപ്പലായനത്തെയും ‘നക്ബ‘ (മഹാദുരന്തം) എന്നാണു വിളിക്കുന്നത്.

ഇസ്രായേൽ എന്ന രാജ്യത്തിന്റെ ശൈശവം വ്യാ‍പകമായ കൂട്ടക്കൊലകളുടേതായിരുന്നു.

യാതൊരു പ്രതിരോധവും ഉയർത്താതിരുന്ന ദെയർ യാസിൻ (Deir Yassin) എന്ന ഗ്രാമത്തിൽ കയ്യേറ്റക്കാരുടെ സായുധസംഘം അക്രമം അഴിച്ചുവിട്ടു. വീടുകൾ ബോംബിട്ടു തകർത്തു. സ്ത്രീകളെ വധിക്കുന്നതിനുമുമ്പ് കൂട്ട ബലാത്സംഗം ചെയ്തു. ഈ കൂട്ടക്കുരുതിയിൽനിന്ന് രക്ഷപ്പെട്ട ഒരു കുട്ടി, കൈക്കുഞ്ഞിനു പാലുകൊടുത്തുകൊണ്ടിരുന്ന തന്റെ അമ്മയടക്കം എല്ലാവരെയും അക്രമിസംഘം നിരത്തിനിറുത്തി വെടിവച്ചുകൊന്ന സംഭവം വിവരിച്ചിരുന്നു. [1948 ഏപ്രിൽ 9-നായിരുന്നു ഈ കൂട്ടക്കൊല നടന്നത്.]

ദിവസങ്ങൾക്ക് ശേഷം അവിടം സന്ദർശിച്ച ഒരു റെഡ്ക്രോസ് പ്രതിനിധി പറഞ്ഞത്, അവിടെ 200 പേർ കൊല്ലപ്പെട്ടു എന്നാണ്. മെഷീൻ ഗണ്ണും ഗ്രെനേഡും കൊണ്ട് തുടങ്ങിയ “ജോലി” കത്തികൾ കൊണ്ടാണ് കൊലയാളികൾ അവസാനിപ്പിച്ചത് എന്നും.

വെറും 12 ദിവസങ്ങൾക്കു ശേഷം, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഹൈഫാ നഗരം യഹൂദസേന ബോംബിട്ടു തകർത്തു. ക്രൂരതയ്ക്ക് ആക്കം കൂട്ടാനെന്നോണം, അറബ് സ്ത്രീകൾ നിലവിളിക്കുന്നതും, "ജീവൻ വേണമെങ്കിൽ രക്ഷപ്പെടൂ, യഹൂദന്മാർ വിഷവാതകവും ആണവായുധങ്ങളും ഉപയോഗിക്കുന്നു" എന്നുള്ള സന്ദേശങ്ങളും ലൗഡ്‌സ്പീക്കറിലൂടെ കേൾപ്പിച്ചുകൊണ്ടിരുന്നു.

[1948 മെയ് 13, 14 തീയതികളിൽ] ഇസ്രായേലി സേന അബു ഷൂഷ (Abu Shusha) എന്ന ഗ്രാമം ആക്രമിച്ച് കയ്യേറി. വീടുകളിൽത്തന്നെ നിന്ന സ്‌ത്രീകളെ ബലാത്സംഗം ചെയ്‌തു, ജനങ്ങളെ മുഴുവൻ കോടാലികൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. രക്ഷപ്പെടാൻ ശ്രമിച്ചവരെ വെടിവച്ചിട്ടു. ഔദ്യോഗിക കണക്കുകൾ പ്രകാരം കൊല്ലപ്പെട്ടത് 60 പേരാണെങ്കിലും വർഷങ്ങൾക്ക് ശേഷം കൂട്ടശ്മശാനത്തിൽ 52 ശരീരങ്ങൾ കൂടെ കണ്ടെത്തി.

1948 ഒക്‌ടോബർ 28-ന് അൽ-ദവായിമ (Al-Dawayima) ആക്രമിച്ച ഇസ്രായേൽ സൈന്യം അവിടെയുണ്ടായിരുന്ന പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കി. ഇരുന്നൂറു ശരീരങ്ങൾ കണ്ടെത്തി, ഇരുന്നൂറ്റിയമ്പതോളം പേരെ കാണാതെയായി. രണ്ടു ദിവസത്തിനു ശേഷം, 1948 ഒക്‌ടോബർ 30-ന് സലീഹ (Saliha) ഗ്രാമം ആക്രമിച്ച ഇസ്രായേലി സൈന്യം, അവിടത്തെ മോസ്‌ക് ബോംബിട്ടു തകർത്ത് അവിടെ അഭയം പ്രാപിച്ച എൺപതോളം പേരെ കൊന്നു. ഗ്രാമത്തിലെ മറ്റുള്ളവരെ ഗ്രാമത്തിനു മധ്യത്തിൽ നിറുത്തി കവചിതവാഹനങ്ങളിലെ യന്ത്രത്തോക്കുകൾ ഉപയോഗിച്ച് വെടിവച്ചുകൊന്നു.

അന്ന് രക്ഷപ്പെട്ടവരിലൊരാൾ പറഞ്ഞത്, മൃതദേഹങ്ങൾ ദിവസങ്ങളോളം അഴുകാ‍ൻ വിട്ടിട്ട് ഒടുവിൽ ബുൾഡോസർ ഉപയോഗിച്ച് ഒരു മുസ്ലിം പള്ളിയിലേയ്‌ക്ക് കൂട്ടിയിട്ട് സ്ഫോടനം നടത്തി നശിപ്പിക്കുകയായിരുന്നു എന്നാണ്.

ഏതെങ്കിലും തരത്തിലുള്ള ചെറുത്തുനിൽ‌പ്പു നടത്തുന്നവർക്കുള്ള ശിക്ഷ ആ നാടിനുമേൽ മൊത്തമായി നടപ്പാക്കിപ്പോന്നു.

1948-ലെ യുദ്ധത്തിലെ ഏറ്റവും ക്രൂരമായ കൂട്ടക്കൊലകളിലൊന്ന് ലിഡ്ഡ (Lydda) ഗ്രാമത്തിൽ നടന്നതാണ്. ആ വർഷം ജൂലൈ 12-നാണ് അടുത്തുള്ള ഒരു മോസ്‌കിൽ നിന്നും വെടിയുതിർന്നു എന്ന പേരിൽ കണ്ണിൽക്കണ്ട സാധാരണക്കാരെ മുഴുവൻ വെടിവച്ചുകൊന്നത്. ഇസ്രായേലി സൈന്യം വീടുകളുടെ ജനലിലൂടെ ഗ്രെനേഡ് വലിച്ചെറിയുകയും തീപിടിച്ച വീടുകളിൽ നിന്നും ഓടിരക്ഷപ്പെടുന്നവരെ വെടിവച്ച് കൊല്ലുകയും ചെയ്തു. ഇസ്രായേലി സൈനികവൃത്തങ്ങൾ പറയുന്നത്, വെറും മുപ്പത് മിനിട്ടിനുള്ളിൽ കൊല്ലപ്പെട്ടത് 250 പേരാണ് എന്നാണ്.

ഈ ആക്രമണപരമ്പര ആ ഗ്രാമങ്ങളിലും മറ്റു നൂറുകണക്കിന് ഗ്രാമങ്ങളിലും അതുദ്ദേശിച്ച ഫലം ചെയ്തു - അവിടങ്ങളിലെ അറബ് ജനത ഒന്നടങ്കം പലായനം ചെയ്തു.

ഇതിനെല്ലാം സാക്ഷ്യം വഹിച്ച ബ്രിട്ടീഷ് ജനറൽ ജോൺ ബാഗറ്റ് ഗ്ലബ്ബ് ഇതിലെ കൊളോണിയൽ നിഷ്‌ഠൂരത മറച്ചുവയ്‌ക്കുന്നില്ല: "വളരെയേറെപ്പേർ കൂട്ടക്കൊല ചെയ്യപ്പെട്ടു എന്ന് പറയുന്നത് അതിശയോക്തിയാണ്. എങ്കിലും, ആ ജനങ്ങൾ മുഴുവൻ പലായനം ചെയ്യുന്നു എന്നുറപ്പാക്കാൻ തക്കവണ്ണം പേർ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്."

മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ യൊസേഫ് നഹ്മാനി എഴുതിയത്, പല ഗ്രാമങ്ങളിലും പലസ്‌തീനികൾ അവരെ [സമാധാനത്തിന്റെ പ്രതീകമായ] വെള്ളക്കൊടികൾ ഉയർത്തിയും ഭക്ഷണം നൽകിയുമാണ് സ്വീകരിച്ചത് എന്നാണ്. അവരും കൊല്ലപ്പെടുന്നത് കണ്ടുനിന്നതിനു ശേഷം നഹ്മാനി എഴുതി, “എവിടെ നിന്നാണ് നാസികളെപ്പോലെ ഇത്രയും ക്രൂരത അവർ [ഇസ്രായേലി സൈന്യം] സമാഹരിച്ചത്? ഇത്തരം മാർഗങ്ങളല്ലാതെ തദ്ദേശീയരെ ആട്ടിയോടിക്കാൻ മനുഷ്യത്വപരമായ വഴികളൊന്നുമില്ലേ?”

ഏതാണ്ട് എട്ടുലക്ഷം പേരാണ് കൊലപാതക പരമ്പരകൾ മൂലം തങ്ങളുടെ വീടുകൾ വിട്ട് ഓടിപ്പോയത്. പലസ്‌തീൻ രാജ്യത്തെ അറബ് വംശജരിൽ പകുതിയിലേറെയും, പുതിയ ഇസ്രായേൽ രാജ്യത്തെ എൺപതിലേറെ ശതമാനം അറബ് വംശജരും പലായനം ചെയ്‌തു. അവർ മറ്റുരാജ്യങ്ങളിലെ അഭയാർഥി ക്യാമ്പുകളിൽ പാർക്കാൻ നിർബന്ധിതരായി.

അഞ്ഞൂറിലേറെ നഗരങ്ങളൂം ഗ്രാമങ്ങളും വംശഹത്യയ്‌ക്ക് സാക്ഷ്യം വഹിക്കുകയും നിലം‌പരിശാക്കപ്പെടുകയും ചെയ്‌തു. ഇവയുടെ അവശിഷ്ടങ്ങളാണ് പുതിയ ഇസ്രായേലിന്റെ അടിത്തറയായത്.

1948-ലെ യുദ്ധത്തിൽ ഇസ്രായേലി സൈനിക കമാണ്ടറായിരുന്ന മോഷെ ദയാൻ ഇസ്രായേലികളുടെ ഒരു ആരാധനാപാത്രമാണ്. മോഷെ ദയാൻ പറഞ്ഞത് ഇപ്രകാരമാണ്, "അറബ് ഗ്രാമങ്ങളുടെ മേലാണ് യഹൂദഗ്രാമങ്ങൾ പണിതിരിക്കുന്നത്. നിങ്ങൾക്ക് അവയുടെ പേരു പോലുമറിയില്ല. അത് നിങ്ങളുടെ കുറ്റമല്ല - കാരണം ഭൂമിശാസ്‌ത്ര പുസ്‌തകങ്ങൾ ഒന്നും ബാക്കിയില്ല. പുസ്‌തകങ്ങൾ മാത്രമല്ല, ആ ഗ്രാമങ്ങളും ബാക്കിയില്ല. ഈ നാട്ടിൽ പണിതുയർത്തിയിട്ടുള്ള ഒരിടവുമില്ല മുമ്പ് അറബ് ജനതയില്ലാതിരുന്നതായി."

ഈ നരനായാട്ടിനിടെ, പലസ്‌തീനികൾക്ക് അനുവദിച്ചതിന്റെ പകുതി സ്ഥലങ്ങൾ ഇസ്രായേലി സൈന്യം പിടിച്ചെടുത്തു. 1948 അവസാനത്തോടെ സയണിസ്റ്റുകൾ പലസ്തീനിന്റെ 78 ശതമാനം പിടിച്ചടക്കിയിരുന്നു. പലസ്തീനികളുടെ പക്കൽ അപ്പോൾ അവശേഷിച്ചിരുന്നത് 22 ശതമാനം മാത്രം.

പലസ്തീൻ ചെറുത്തുനിൽപ്പു പോരാളികളിൽ ചിലർ യുദ്ധസമയത്ത് സാധാരണക്കാരുടെ മേൽ ആക്രമണങ്ങൾ നടത്തിയെങ്കിലും ‘നക്ബ’യുടെ ഭാഗമായ ഇസ്രായേൽ കുറ്റകൃത്യങ്ങളുടെ ഭീമമായ തോതുമായി ഇവയ്‌ക്ക് താരതമ്യമേയില്ല.

ഇസ്രായേലി ചരിത്രകാരൻ ഇലൻ പാപ്പേ വിശദീകരിച്ചതുപോലെ, ഒരു വംശീയ ഉന്മൂലനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അതിക്രമങ്ങളെല്ലാം നടന്നത്. “എല്ലാ പശ്ചാത്തലങ്ങളിലും നിന്നു വന്ന, പല പദവികളിലുള്ള, എല്ലാ പ്രായങ്ങളിലുമുള്ള ഇസ്രായേലി സൈനികർ ആയിരക്കണക്കിന് പലസ്‌തീനികളെ നിർദ്ദയമായി, കിരാതമായി കൂട്ടക്കൊല ചെയ്യുകയായിരുന്നു.”

ഒരു ദശലക്ഷത്തോളം ആളുകളുടെ ഈ ക്രൂരമായ നാടുകടത്തൽ, 800,000 പലസ്‌തീൻ അഭയാർഥികളെ അവരുടെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെടാൻ ഐക്യരാഷ്‌ട്രസഭയെ നിർബന്ധിതമാക്കി.

പലസ്‌തീനികളുടെ ഭൂവുടമസ്ഥാവകാശം കുത്തനെ ഇടിഞ്ഞു. 1948-ന് മുമ്പ് 90 ശതമാനം ഭൂമിയും പലസ്‌തീനികളുടേത് ആയിരുന്നുവെങ്കിൽ നാല് വർഷത്തിന് ശേഷം ഇത് 3 ശതമാനം മാത്രമായി കുറഞ്ഞു. ഇന്നും അവർ സ്വദേശത്തു നിന്നും പറിച്ചെറിയപ്പെട്ടവരായി തുടരുന്നു. പതിനായിരങ്ങൾ ഇപ്പോഴും അഭയാർഥിക്യാമ്പുകളിൽ കഴിയുന്നു.

യുഎൻ പ്രമേയത്തെ മാനിക്കാൻ വിസമ്മതിച്ചതിന് ഇസ്രായേലിന്റെ ന്യായീകരണം, പലസ്തീനികൾ "സ്വമേധയാ” നാടു വിട്ടുപോയതാണ് എന്നതാണ്. ഇസ്രായേലിന്റെ അതിർത്തിക്കുള്ളിൽ തുടരുന്നവരുടെമേൽ യഹൂദ കയ്യേറ്റക്കാരുടെ മേധാവിത്വം നിയമപരമായി അടിച്ചേൽപ്പിച്ചിച്ചു.

പല‌സ്‌തീനികളുടെ വീടുകളും ഭൂമിയും കയ്യടക്കുന്നത് ഇസ്രായേൽ നിയമവിധേയമാക്കി. പലസ്‌തീനികളുടെ രാഷ്‌ട്രീയ പങ്കാളിത്തം പരിമിതപ്പെടുത്തുകയും, അവർക്കായി പ്രത്യേക നിയന്ത്രണങ്ങൾ നടപ്പാക്കുകയും ചെയ്തു.

അറബ് പ്രദേശങ്ങൾ സൈന്യം കൈവശപ്പെടുത്തി, കർഫ്യൂവിന് വിധേയമാക്കി. പലരെയും കാരണമില്ലാതെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തു.

ഇസ്രായേലിന്റെ ആദ്യ ദശകങ്ങൾ

അറബികളെ നാടുകടത്തുന്നതിനൊപ്പം യഹൂദരുടെ ജനസംഖ്യ വർദ്ധിപ്പിക്കേണ്ടതും കയ്യേറ്റക്കാരുടെ ആവശ്യമായിരുന്നു. ഇതിന്റെ പ്രധാന ചാലകശക്തിയായത് ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള യഹൂദ വിരുദ്ധതയായിരുന്നു. 1948-ലെ യുദ്ധത്തിനുശേഷം, അറബ് രാജ്യങ്ങളിലെ യഹൂദർക്കു നേരെ പല അക്രമങ്ങളുമുണ്ടായി. എന്നാൽ സയണിസ്റ്റുകളിൽ പലരും തങ്ങളുടെ കൂട്ടരെത്തന്നെ കുരുതികൊടുക്കാൻ തയ്യാറായിരുന്നു.

1951 മുതൽ 1952 വരെ സിനഗോഗുകൾക്കും മറ്റ് യഹൂദ കേന്ദ്രങ്ങൾക്കുമെതിരെ ഇറാഖിലെ ബാഗ്ദാദിൽ നിരവധി ബോംബാക്രമണങ്ങൾ നടക്കുകയും ഡസൻ കണക്കിനു പേർ മരിക്കുകയും ചെയ്തു. എന്നാൽ ഈ അക്രമങ്ങൾക്ക് പിന്നിൽ സയണിസ്റ്റ് അണ്ടർഗ്രൗണ്ട് എന്ന ഗ്രൂപ്പ് ആണെന്ന് പാശ്ചാത്യ ചേരിക്ക് അനുകൂലമായ ഇറാഖ് സർക്കാർ തന്നെ കണ്ടെത്തി. മുൻ സിഐഎ ഉദ്യോഗസ്ഥൻ വിൽബർ ക്രെയിൻ എവെലാൻഡ് ഇത് സ്ഥിരീകരിക്കുന്നു: “ഇറാഖികളെ അമേരിക്കൻ വിരുദ്ധരായി ചിത്രീകരിക്കാനും യഹൂദരെ ഭയചകിതരാക്കാനുമുള്ള ശ്രമത്തിൽ സയണിസ്റ്റുകൾ യുഎസ് ഇൻഫർമേഷൻ സർവീസ് ലൈബ്രറിയിലും സിനഗോഗുകളിലും ബോംബുകൾ സ്ഥാപിച്ചു. താമസിയാതെ, ഇസ്രായേലിലേയ്‌ക്ക് പലായനം ചെയ്യാൻ യഹൂരോട് ആഹ്വാനം ചെയ്യുന്ന ലഘുലേഖകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അറബ് ഭീകരത ഭയന്നാണ് ഇറാഖി യഹൂദർ പലായനം ചെയ്‌തത് എന്നാണു ലോകത്തിലെ വലിയൊരു പങ്ക് ജനങ്ങളും വിശ്വസിച്ചത്. യഥാർത്ഥത്തിൽ, സയണിസ്റ്റുകൾ അവരെ “രക്ഷിച്ചത്” ഇസ്രായേലിലെ യഹൂദ ജനസംഖ്യ വർദ്ധിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു."

ഇതിനു സമാനമായ ഒരു ആക്രമണം 1954-ൽ ഇസ്രായേൽ സർക്കാർ തന്നെ നടത്തി, ഇത്തവണ ഈജിപ്‌തിനു മേൽ പ്രാദേശികമായി മേൽക്കൈ നേടുന്നതിന്. അവർ യുഎസ്, ബ്രിട്ടീഷ് പൗരന്മാർക്കു നേരെ നിരവധി ബോംബാക്രമണങ്ങൾ നടത്തി. ആക്രമണങ്ങളുടെ ഉത്തരവാദിത്വം അറബികളുടെയും കമ്മ്യൂണിസ്റ്റുകാരുടെയും മേൽ ചാ‍ർത്തുകയായിരുന്നു ഉദ്ദേശ്യം.

1950-കളിലുടനീളം പ്രധാനമായും ഫ്രാൻസിന്റെ സഹായത്തോടുകൂടി ഇസ്രായേൽ സൈനികശക്തി വർദ്ധിപ്പിച്ചുകൊണ്ടേയിരുന്നു. ഫ്രഞ്ച്, ബ്രിട്ടീഷ് സാമ്രാജ്യത്വ താല്പര്യങ്ങളെ സഹായിക്കാൻ ഇസ്രായേൽ ഈ ആയുധങ്ങൾ കൃത്യമായി ഉപയോഗിച്ചു. അറബ് മേഖലയിലാകെ ആദരിക്കപ്പെട്ട ഈജിപ്ഷ്യൻ പ്രസിഡന്റ് ജമാൽ നാസറിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ ആക്രമണമായിരുന്നു ഇതിലൊന്ന്. ആക്രമണം പരാജയപ്പെട്ട് തിരിഞ്ഞോടുന്ന സമയത്ത്, ദുശ്ശാഠ്യക്കാരനായ ഒരു കുട്ടിയെപ്പോലെ, പോകുന്ന വഴിയിൽ കണ്ട കെട്ടിടങ്ങളെല്ലാം തകർത്തു ഇസ്രായേൽ.

ഇത് യുഎസ് സാമ്രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി; നാസറിന്റേത് പോലെയുള്ള ദേശീയ പ്രസ്ഥാനങ്ങൾക്കെതിരെ ഉപയോഗിക്കാവുന്ന ഒരു ഉപകരണം എന്ന നിലയ്‌ക്ക് ഇസ്രായേലിന്റെ മൂല്യം അവർ തിരിച്ചറിഞ്ഞു. അതോടെ ഇസ്രായേലിനെ സംരക്ഷിക്കാൻ സ്വന്തം സൈന്യത്തെത്തന്നെ യുഎസ് നിയോഗിച്ചു. ഇസ്രായേൽ സൈന്യത്തിന്റെ പ്രധാന ധനസ്രോതസ്സായി യുഎസ് മാറി. 1967 ആയപ്പോഴേയ്‌ക്കും രാക്ഷസീയമായ യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ മുമ്പത്തെക്കാളും വളരെ വലിയ ഒരു സൈനികശക്തിയായി ഇസ്രായേൽ മാറി.

1967-ലെ യുദ്ധം

എന്നാൽ ഇസ്രായേലിന്റെ പ്രധാന സഖ്യകക്ഷി പോലും അതിന്റെ അക്രമോത്സുകതയിൽ നിന്ന് സുരക്ഷിതരായിരുന്നില്ല. 1967-ൽ രാജ്യചിഹ്നങ്ങളില്ലാത്ത ഇസ്രായേലി യുദ്ധവിമാനങ്ങളും ടോർപ്പിഡോ ബോട്ടുകളും യുഎസ് നാവികസേനയുടെ കപ്പലിനെ ഈജിപ്തിന്റെ തീരത്തു വച്ച് ആക്രമിച്ചു. യുഎസ് പതാക ഉയർത്തിയ യു‌എസ്‌എസ് ലിബർട്ടിയുടെ മേലുള്ള ആക്രമണം രണ്ട് മണിക്കൂർ നേരം നീണ്ടുനിന്നു. 34 പേർ കൊല്ലപ്പെടുകയും 174 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ ഒരു റിപ്പോർട്ട് പറഞ്ഞത്, ഇത് അബദ്ധത്തിൽ സംഭവിച്ചതാവുക അസാധ്യമാണെന്നാണ്. ഇസ്രായേലിന്റെ ഉദ്ദേശ്യം, കപ്പൽ മുക്കിയതിന്റെ ഉത്തരവാദിത്വം ഈജിപ്തിന്റെ മേൽ കെട്ടിവച്ച് ഈജിപ്തിനെ ആക്രമിക്കാൻ യുഎസിനെ പ്രേരിപ്പിക്കുക എന്നതായിരുന്നു എന്ന് അമേരിക്കൻ ഉദ്യോഗസ്ഥർക്ക് മനസിലായിരുന്നു എന്നാണ് റിപ്പോർട്ട് പറഞ്ഞത്.

സയണിസ്റ്റ് അധിനിവേശത്തിന്റെ അടുത്ത അധ്യായമായിരുന്നു ആറ് ദിവസത്തെ യുദ്ധം (Six Day War) എന്നറിയപ്പെടുന്ന ഇസ്രായേലിന്റെ മറ്റൊരു വലിയ ഭൂമി പിടിച്ചെടുക്കൽ. അതിന്റെ ഭാഗമായിരുന്നു യുഎസ്‌എസ് ലിബർട്ടിയുടെ മേലുള്ള ആക്രമണം.

ഈജിപ്ത്, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങൾക്കെതിരെ ഇസ്രായേൽ മുന്നറിയിപ്പില്ലാതെ ആക്രമണം നടത്തി. എന്നിട്ട് പലസ്‌തീനിന്റെ പക്കൽ ബാക്കിയുള്ള 22 ശതമാനം ഭൂമിയും കൂടി ആക്രമിച്ചു കൈവശപ്പെടുത്തി. ഇസ്രായേലിലെ യഹൂദ ജനതയെ അവർക്ക് ചുറ്റുമുള്ള അറബ് രാജ്യങ്ങൾ ചേർന്ന് കൂട്ടക്കൊല ചെയ്യാതിരിക്കാനുള്ള മുൻകരുതൽ നടപടി ആണ് ഈ യുദ്ധം എന്നായിരുന്നു ഇസ്രയേലിന്റെ ഔദ്യോഗിക യുക്തി. ഇത് പ്രചാരണത്തിനായി പറഞ്ഞ മുട്ടുന്യായം മാത്രമാണെന്ന് ഇസ്രായേലി സൈന്യത്തിലെ ഉന്നതവൃത്തങ്ങൾ തന്നെ സമ്മതിക്കുകയുണ്ടായി. 1967-ലെ യുദ്ധത്തിന്റെ സമയത്തെ ഉന്നതനായ സൈനിക കമാൻഡർ ആയിരുന്ന ജനറൽ മത്തിത്യാഹു പെലേദ് ഇങ്ങനെ പറഞ്ഞതായി ഹാരെറ്റ്സ് (Ha'aretz) പത്രം റിപ്പോർട്ട് ചെയ്‌തു: “1967 ജൂണിൽ വംശഹത്യ എന്ന ഭീഷണി നമുക്കു മേൽ തൂങ്ങിനിന്നിരുന്നു എന്നും, ഇസ്രായേൽ അതിന്റെ നിലനിൽപ്പിനായി പോരാടുകയായിരുന്നു എന്നുമുള്ള സിദ്ധാന്തം വെറും പൊള്ളത്തരമാണ്.”

കൊളോണിയൽ വൻശക്തിയായ ഇസ്രായേൽ നാപാം ഉപയോഗിച്ച് മിന്നൽ വേഗത്തിൽ ആക്രമണം നടത്തി. ഒരാഴ്‌ചയ്‌ക്കുള്ളിൽ 40,000-ഓളം അറബികൾ കൊല്ലപ്പെട്ടു, അവരിൽ ഏറെയും ജനസാന്ദ്രതയേറിയ നഗരങ്ങളുടെ മേൽ ഇസ്രായേൽ ടാങ്ക് ആക്രമണവും ബോംബാക്രമണവും നടത്തിയതു വഴി ജീവൻ നഷ്‌ടപ്പെട്ട സാധാരണക്കാർ. ഇസ്രായേലിനു നഷ്ടമായത് 800-ൽത്താഴെ സൈനികരെയും 20 സാധാരണക്കാരെയും. ആ ആറു ദിനങ്ങളുടെ ഒടുവിൽ, ഒരു പുതിയ ഭൂപടം രൂപം കൊണ്ടു - സയണിസ്റ്റുകൾ എല്ലായ്പ്പോഴും സ്വപ്നം കണ്ടിരുന്ന വിശാല ഇസ്രായേലിനോട് അടുത്തുനിൽക്കുന്ന ഒന്ന്.

അവർ ഈജിപ്തിലെ സിനായി ഉപദ്വീപ്, സിറിയയിലെ ഗോലാൻ കുന്നുകൾ, പലസ്തീനിന്റെ പക്കൽ ബാക്കിയുണ്ടായിരുന്ന ഭാഗങ്ങൾ എന്നീ പ്രദേശങ്ങൾ കീഴടക്കി. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മൂന്നു ലക്ഷം പലസ്തീനികളെക്കൂടി അഭയാർഥികളാക്കി. ഇവരിൽ പലരും നക്ബയുടെ സമയത്ത് ഒരു തവണ അഭയാർഥികളായവരാണ്.

ആത്യന്തികമായി സിനായി ഉപദ്വീപ് ഈജിപ്തിനു തിരിച്ചുനൽകേണ്ടി വന്നു എങ്കിലും, ഈ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചടക്കിയ പലസ്‌തിനിയൻ പ്രദേശങ്ങൾ ഇന്നും ഇസ്രായേലി  നിയന്ത്രണത്തിൽ തുടരുന്നു.

ഇന്നും ഭൂപടത്തിൽ (ചിത്രം 8) പലസ്‌തിനിയൻ പ്രദേശങ്ങളുണ്ട്. എന്നാൽ അവിടങ്ങളെല്ലാം ഇസ്രായേലിന്റെ സൈനിക അധിനിവേശത്തിനും ഇസ്രായേലി നിയമങ്ങൾക്കും കീഴിലാണ്. ഒപ്പം നൂറുകണക്കിന് അനധികൃത ഇസ്രായേലി കയ്യേറ്റങ്ങൾ ആ ഭൂപടത്തിൽ വീണ്ടും ദ്വാരങ്ങൾ വീഴ്ത്തുന്നതോടെ യഥാർത്ഥത്തിൽ പലസ്‌തീനികളുടെ കയ്യിലുള്ള ഭൂപ്രദേശം തീർത്തും തുച്‌ഛമായി മാറിയിരിക്കുന്നു.

ചിത്രം 8

ഇന്നും തുടരുന്ന അധിനിവേശത്തെ ഇസ്രായേൽ ന്യായീകരിക്കുന്നത്, തങ്ങളുടെ ഭരണകൂടത്തെ ഭീകരവാദത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ നടപടികൾ എന്ന പേരുപറഞ്ഞാണ്.  എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിനെ അടയാളപ്പെടുത്തിയ അതേ സാമ്രാജ്യത്വത്വരയാണ് ഇന്നും ഇസ്രയേലിനുള്ളത്.

സങ്കൽപ്പിക്കാനാവാത്ത ക്രൂരതയുടെ നേരെ ഇക്കാലമത്രയും പലസ്‌തീൻ ജനത തങ്ങളുടെ ഏറ്റവും ശക്തമായ ആയുധമുപയോഗിച്ചാണ് ചെറുത്തുനിന്നത് - അവരിന്നും നിലനിൽക്കുന്നു എന്നതുതന്നെ. തങ്ങളെ നാടുകടത്തുന്നതിനായി സാധ്യമായ എല്ലാ ആയുധങ്ങളും ഉപയോഗിക്കപ്പെടുന്ന ഭൂമിയിൽ വേരുകളുറപ്പിച്ച് നിൽക്കുകയാണ് അവർ. ധീരോദാത്തമായ ചെറുത്തുനിൽപ്പ് ഒരിക്കലും മരിക്കില്ലെന്ന് അവർ തെളിയിക്കുന്നു.

ആബി മാർട്ടിൻ, മൈക്ക് പ്രൈസ്‌നർ 

(ചിത്രങ്ങൾക്ക് കടപ്പാട്: Empire Files.) 

അധിക വായനയ്ക്ക്

ഇസ്രായേലിന്റെ പലസ്തീന്‍ അധിനിവേശം: ചില ചോദ്യങ്ങളും ഉത്തരങ്ങളും 

Sunday, January 12, 2014

സയണിസ്റ്റ് ക്രൂരതയുടെ ബുള്‍ഡോസര്‍

ഏരിയല്‍ ഷാരോണ്‍ അന്തരിച്ചു

ജെറുസലേം: ആധുനിക ലോകചരിത്രത്തിലെ കുപ്രസിദ്ധനായ "കൂട്ടക്കൊലയാളി" ഏരിയല്‍ ഷാരോണ്‍ (85) അന്തരിച്ചു. ഇസ്രയേലി മുന്‍ പ്രധാനമന്ത്രിയായ അദ്ദേഹത്തിന്റെ അന്ത്യം ടെല്‍ അവീവിനു സമീപം ഹാഷോമറിലെ ഷേബ മെഡിക്കല്‍ സെന്ററിലായിരുന്നു. മസ്തിഷ്കാഘാതത്തെതുടര്‍ന്ന് എട്ടുവര്‍ഷമായി അബോധാവസ്ഥയിലായിരുന്നു. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ നെഗേവിലെ ഫാംഹൗസില്‍ സംസ്കരിക്കും.

2006 മുതല്‍ അബോധാവസ്ഥയിലായ ഷാരോണിന്റെ നില കഴിഞ്ഞയാഴ്ചയാണ് തീര്‍ത്തും വഷളായത്. വൃക്കശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്ന് ഇസ്രയേലി സര്‍ക്കാര്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ശനിയാഴ്ചയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പുത്രന്മാരായ ഗിലാദും ഒമ്രിയും മറ്റു കുടുംബാംഗങ്ങളും അന്ത്യനാളുകളില്‍ സമീപമുണ്ടായിരുന്നു. ഭാര്യ ലില്ലി 2000ല്‍ അന്തരിച്ചു. ഇസ്രയേലിന്റെ രൂപീകരണംമുതല്‍ സൈന്യത്തില്‍ അംഗമായ ഷാരോണ്‍ പൈശാചികമായ യുദ്ധക്കൊതിയിലൂടെ കുപ്രസിദ്ധനായി. ലിക്കുഡ് പാര്‍ടി അംഗമായി 1973ല്‍ പാര്‍ലമെന്റില്‍ എത്തിയതുമുതല്‍ കിടപ്പാകുന്നതുവരെ ഇസ്രയേലിന്റെ അധികാരശ്രേണികളില്‍ ഷാരോണിന്റെ സാന്നിധ്യമുണ്ടായിരുന്നു. 1977ല്‍ മന്ത്രിസഭയിലെത്തിയ അദ്ദേഹം പിന്നീട് പലതവണയായി കൃഷി, ആരോഗ്യം, വ്യവസായം, പ്രതിരോധം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യംചെയ്തു. 1998-99ല്‍ വിദേശമന്ത്രിയുമായി. 2001 മുതല്‍ 2006 വരെയാണ് പ്രധാനമന്ത്രിയായത്.

2005ല്‍ ലിക്കുഡ് പാര്‍ടി വിട്ട് കദിമ പാര്‍ടി രൂപീകരിച്ചു. 1982ലെ ലെബനന്‍ അധിനിവേശസമയത്ത് ഇസ്രയേലി പ്രതിരോധമന്ത്രിയായിരുന്നു ഷാരോണ്‍. തെക്കന്‍ ലെബനണിലും ബെയ്റൂട്ടിലും സജീവമായിരുന്ന പലസ്തീന്‍ വിമോചന സംഘടനയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരന്‍ ഷാരോണായിരുന്നു. ലോകവ്യാപക പ്രതിഷേധം ഉയര്‍ത്തിയ ഈ അധിനിവേശത്തിനെതിരെ ഇസ്രയേലില്‍പ്പോലും എതിര്‍പ്പുയര്‍ന്നു. ഇരുപതിനായിരത്തോളം അറബികളെയാണ് ഷാരോണിന്റെ സൈന്യം കൊന്നുതള്ളിയത്. സാബ്രയിലെയും ഷാത്തിലയിലെയും അഭയാര്‍ഥിക്യാമ്പുകളില്‍ നടത്തിയ ക്രൂരമായ ആക്രമണത്തിലൂടെ ഷാരോണിന്റെ ചോരക്കൊതി ലോകം ഞെട്ടലോടെ കണ്ടു. പലസ്തീന്റെ വിമോചനപോരാട്ടത്തെ നഖശിഖാന്തം എതിര്‍ത്ത ഷാരോണിന്റെ യുദ്ധക്കൊതി മറ്റ് അയല്‍രാജ്യങ്ങളുമായും നിരന്തരം സംഘര്‍ഷം സൃഷ്ടിച്ചു.

സയണിസ്റ്റ് ക്രൂരതയുടെ ബുള്‍ഡോസര്‍

പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് തൊട്ടുമുമ്പ് 2001 ഫ്രെബ്രുവരിയില്‍ ഏരിയല്‍ ഷാരോണ്‍ ബീര്‍ഷേവയിലെ കാര്‍ഷിക സ്കൂള്‍ സന്ദര്‍ശിക്കാനെത്തി. ഇലില്‍ കോമി എന്ന പതിനാറുകാരി ക്ഷോഭത്തോടെ ഷാരോണിന്റെ അടുത്തേക്ക് ചീറിയെത്തി. "എന്റെ അച്ഛനെ ലബനണിലേക്കയച്ച ദുഷ്ടാ, ഈ രാജ്യത്തെ നിരവധിയാളുകളെ കഷ്ടപ്പെടുത്തിയ നിങ്ങള്‍ പ്രധാനമന്ത്രിയാകില്ല" എന്നാക്രോശിച്ചു. ലിക്കുഡ് പാര്‍ടി നേതാവ് ഏരിയല്‍ ഷാരോണ്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സാധാരണ ജനങ്ങളില്‍ അദ്ദേഹത്തിനെതിരെയുള്ള വികാരം പ്രതിഫലിക്കുന്നതായിരുന്നു ഈ വാക്കുകള്‍. ബെയ്റൂട്ടിലെ കൂട്ടക്കശാപ്പുകാരന്‍, ബുള്‍ഡോസര്‍, മിസ്റ്റര്‍ സെക്യൂരിറ്റി...ലോകചരിത്രത്തിലെ ഏറ്റവും വലിയ ഭീകരവാദിക്ക് വിശേഷണങ്ങളേറെ. സമാധാനത്തെ വെറുക്കുകയും യുദ്ധത്തെയും കൂട്ടക്കൊലകളെയും സ്നേഹിക്കുകയും ചെയ്തയാള്‍. അമേരിക്കയുടെ ഉറ്റ സുഹൃത്ത്. പക്ഷേ, മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഷാരോണിനെ സീകരിച്ചില്ല. എന്നാല്‍, വാജ്പേയി സര്‍ക്കാര്‍ ചുവപ്പ് പരവതാനി വിരിച്ച് ഷാരോണിനെ സ്വീകരിച്ചു.

ഒളിവില്‍ പ്രവര്‍ത്തിക്കുന്ന "ഹഗാനാഹ്" എന്ന സൈനിക സംഘടനയില്‍ യുവാവായിരിക്കെ പ്രവര്‍ത്തിച്ചുതുടങ്ങിയതാണ് ഷാരോണ്‍. ഇസ്രയേല്‍ രൂപംകൊണ്ടപ്പോള്‍ സൈന്യത്തില്‍ ചേര്‍ന്ന് 1948 ലെ ഇസ്രയേല്‍-അറബ് യുദ്ധത്തില്‍ പങ്കെടുത്തു. പലസ്തീന്‍ ആക്രമണങ്ങളെ ചെറുക്കാനെന്നപേരില്‍ ഇസ്രയേല്‍ രൂപീകരിച്ച 101 കമാന്‍ഡിന്റെ ചുമതല 1953ല്‍ ഏറ്റെടുത്തു. അതോടെ അറബികളെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കി. ദക്ഷിണ ഗാസയിലെ എല്‍ ബുറീഗ് അഭയാര്‍ഥി ക്യാമ്പ് ആക്രമിച്ച് ഷാരോണിന്റെ പട കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 50 പേരെ കൊന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പോലും വെടിവച്ചിട്ടു. 1953ല്‍ ഷാരോണിന്റെ 101 കമാന്‍ഡര്‍ സേനജോര്‍ദാന്‍ ഗ്രാമമായ ക്വിബിയ ആക്രമിച്ചു. ആദ്യം വീടുകളില്‍ കയറി എല്ലാവരെയും നിര്‍ദയം വധിച്ചിട്ടും കലിതീരാതെ വീടുകള്‍ ചുട്ടെരിച്ചു. 69 പേര്‍ കത്തി ചാമ്പലായി. ആരും മരിച്ചില്ലെന്നും എല്ലാവരും ഓടിരക്ഷപ്പെട്ടെന്നും ആണയിടുന്ന ഷാരോണിനെയാണ് പിറ്റേന്ന് ലോകം കണ്ടത്. 1970ല്‍ ഇസ്രയേല്‍ പ്രതിരോധസേനയുടെ തലവനായ ഘട്ടത്തിലാണ് ഗാസയിലെ പലസ്തീന്‍ കുടിലുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി ഷാരോണ്‍ റോഡ് പണിതത്.

ഷാരോണിന്റെ ഏറ്റവും ക്രൂരമായ ആക്രമണം 1982ല്‍ ലെബനണ് നേരെയുള്ളതായിരുന്നു. മെനാച്ചം ബെഗിന്‍ സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായ വേളയിലായിരുന്നു ഇത്. ബെയ്റൂട്ടിലേക്ക് ഇരച്ച് കയറിയ ഇസ്രയേല്‍ സേന 20000 അറബികളെ കൊന്നു. സാബ്ര, ഷാത്തില എന്നീ അഭയാര്‍ഥി ക്യാമ്പുകളില്‍ നടത്തിയ ആക്രമണത്തിന് ലോകചരിത്രത്തില്‍ സമാനതകള്‍ ഏറെയില്ല. സെപ്തംബറില്‍ 62 മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ ഗര്‍ഭിണികളെ വരെ കൊന്നുതള്ളി. സുപ്രീംകോടതി മേധാവി യിത്ഷാക്ക് കഹാന്‍ നടത്തിയ അന്വേഷണം ഈ കൂട്ടക്കൊലയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഷാരോണിന് ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്ന് കണ്ടെത്തി. ഷാരോണിനെ യുദ്ധക്കുറ്റവാളിയായി ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും അമേരിക്ക അദ്ദേഹത്തെ രക്ഷിച്ചു.

പലസ്തീന്‍ പ്രശ്നം പരിഹരിക്കാനുള്ള എല്ലാ ശ്രമത്തെയും ഷാരോണ്‍ എതിര്‍ത്തു. 1970ല്‍ കൃഷിമന്ത്രിയായിരിക്കെയാണ് വെസ്റ്റ് ബാങ്കില്‍ ജൂതപാര്‍പ്പിടങ്ങള്‍ നിര്‍മിച്ച് പലസ്തീന്‍കാരെ തുരത്തുന്ന നയത്തിന് തുടക്കമിട്ടത്. ഈ പ്രശ്നം ഇപ്പോഴും ഇസ്രയേല്‍-പലസ്തീന്‍ ബന്ധങ്ങളെ ഉലയ്ക്കുന്നു. 1979ല്‍ ഈജിപ്തുമായുള്ള സമാധാനസന്ധിക്കെതിരെ വോട്ട് ചെയ്ത ഷാരോണ്‍ 1985 ല്‍ ദക്ഷിണ ലെബനണില്‍ നിന്നുള്ള ഇസ്രയേല്‍ സേനാപിന്മാറ്റത്തെ എതിര്‍ത്തു, 1991 ല്‍ മാഡ്രിഡ് സംഭാഷണങ്ങളെയും. 1993 ലെ സുപ്രസിദ്ധ ഓസ്ലോ കരാറിനെതിരെ പാര്‍ലമെന്റില്‍ വോട്ട് ചെയ്തു. 1994ല്‍ ജോര്‍ദാനുമായുള്ള സമാധാനശ്രമത്തെയും എതിര്‍ത്തു. സമാധാനപാതയില്‍ സഞ്ചരിക്കാന്‍ വിസമ്മതിച്ച ഷാരോണിനെ ബെണിനും യിത്സാക്ക് ഷമീറിനും ഒപ്പം കൈകളില്‍ രക്തക്കറ പുരണ്ട ഇസ്രയേല്‍ നേതാവായാണ് ചരിത്രം തിരിച്ചറിയുക.
(വി ബി പരമേശ്വരന്‍)

deshabhimani

Saturday, November 9, 2013

അന്താരാഷ്ട്ര അന്വേഷണം വേണം: പലസ്തീന്‍

റാമല്ല: പലസ്തീന്‍ വിമോചനമുന്നണി നേതാവും പലസ്തീന്‍ അതോറിറ്റി പ്രസിഡന്റുമായിരുന്ന യാസര്‍ അറഫാത്തിന്റെ മരണത്തിനു പിന്നിലെ "ഏക പ്രതി" ഇസ്രയേല്‍ മാത്രമാണെന്ന് പലസ്തീന്‍ അന്വേഷകര്‍ ചൂണ്ടിക്കാട്ടി. അറഫാത്തിന്റെ കൊലപാതകത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും പലസ്തീന്‍ ആവശ്യപ്പെട്ടു.

അറഫാത്തിന്റെ ശരീരത്തിലും വസ്തുക്കളിലും റേഡിയോ വികിരണശേഷിയുള്ള മാരകവിഷം പൊളോണിയം ഉണ്ടായിരുന്നെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതോടെയാണ് ഇസ്രയേലിനെതിരെ അന്വേഷകര്‍ രംഗത്തു വന്നത്. അറഫാത്തിനെ "കൊന്നത്" ആരെന്ന് കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ പ്രാഥമിക ലക്ഷ്യം. അറഫാത്തിന്റെ മരണത്തില്‍ മുഖ്യകുറ്റവാളി ഇസ്രയേലാണ്. കൂടുതല്‍ അന്വേഷണം നടത്തി കൊടുംക്രൂരകൃത്യത്തിന്റെ എല്ലാ വിവരങ്ങളും പുറത്തുകൊണ്ടുവരും. പലസ്തീന്‍ അന്വേഷണ മേധാവി തൗഫിക് തിരാവി പറഞ്ഞു. പൊളോണിയം സാധാരണക്കാര്‍ക്ക് ലഭ്യമായ വസ്തുവല്ല. ശക്തരായ സര്‍ക്കാരുകളുടെ അധീനത്തില്‍മാത്രം കാണുന്ന വസ്തുവാണിത്. അന്താരാഷ്ട്രസമിതി അന്വേഷിക്കണമെന്ന് പിഎല്‍ഒ അംഗം വസീല്‍ അബു യൂസേഫ് പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിലെ ലൂസനേ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയേഷന്‍ ഫിസിക്സ് ആണ് ഒമ്പതുമാസത്തിലേറെ നീണ്ട പരിശോധനയ്ക്കൊടുവില്‍ പൊളോണിയം സാന്നിധ്യം സ്ഥിരീകരിച്ചത്. അറഫാത്തിന്റെ മരണത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ഉണ്ടെന്ന് സംഘം സ്ഥിരീകരിച്ചു.

deshabhimani

Friday, November 8, 2013

പലസ്തീനും കശ്മീരും കൂട്ടിക്കുഴയ്ക്കരുത്

ഐക്യരാഷ്ട്രകേന്ദ്രം: പലസ്തീന് സ്വതന്ത്രരാഷ്ട്രപദവി നല്‍കുന്നതില്‍ കാലതാമസം അരുതെന്ന് ഐക്യരാഷ്ട്ര പൊതുസഭയില്‍ പി രാജീവ് എംപി ആവശ്യപ്പെട്ടു. ഇന്ത്യയെ പ്രതിനിധാനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച ആദ്യത്തെ രാജ്യമാണ് ഇന്ത്യ. ആ നിലപാടില്‍തന്നെയാണ് ഇന്ത്യ ഉറച്ചുനില്‍ക്കുന്നത്. പലസ്തീന് നിരീക്ഷകപദവി നല്‍കിയത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, സ്വതന്ത്രരാഷ്ട്രപദവി നല്‍കാന്‍ വൈകുന്നത് നീതീകരിക്കാനാകില്ല. പലസ്തീന്‍വിഷയത്തിനിടെ കശ്മീര്‍പ്രശ്നം ഐക്യരാഷ്ട്രസഭയില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാകിസ്ഥാന്‍ നടത്തിയ ശ്രമം അപലപനീയമാണ്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമാണ്. കശ്മീര്‍വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത് പലസ്തീന്‍ ജനതയുടെ സ്വയംനിര്‍ണയാവകാശത്തിനും സ്വതന്ത്രപദവിക്കും വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധിയായ മസൂദ് ഖാനാണ് കശ്മീര്‍വിഷയം ഉയര്‍ത്താന്‍ ശ്രമിച്ചത്. കശ്മീരിലെ ജനങ്ങള്‍ക്ക് സ്വയംനിര്‍ണയാവകാശമുണ്ടെന്ന്, കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന പാകിസ്ഥാന്റെ നിലപാട് ഉയര്‍ത്തി ഖാന്‍ പറഞ്ഞു. തൊഴിലില്ലായ്മയും മറ്റു ജീവിതദുരിതങ്ങളുമാണ് വംശീയകലാപങ്ങളടക്കമുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നതെന്നും രാജീവ് പറഞ്ഞു. പ്രകൃതിദുരന്തങ്ങള്‍പോലുള്ള സന്ദര്‍ഭങ്ങളിലും അവ മുന്‍കൂട്ടി പ്രവചിച്ച് മുന്‍കരുതലുകളെടുക്കുന്നതില്‍ രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

deshabhinani

അറഫാത്തിനെ വിഷം നല്‍കി കൊന്നെന്ന് സ്ഥിരീകരിച്ചു

പലസ്തീന്‍ വിമോചന നായകന്‍ യാസര്‍ അറഫാത്തിനെ വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് നടത്തിയ ഫൊറന്‍സിക് പരിശോധനയിലാണ് ഇത് തെളിഞ്ഞത്. പരിശോധനയില്‍ വാരിയെല്ലുകളിലും അടക്കം ചെയ്ത മണ്ണില്‍ അലിഞ്ഞുചേര്‍ന്ന ശരീരാവശിഷ്ടങ്ങളിലും അണുവികിരണ മൂലകമായ പൊളോണിയത്തിന്റെ അംശം വളരെ കൂടിയ നിലയില്‍ കണ്ടെത്തിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. സാധാരണ കണ്ടുവരുന്നതിനേക്കാള്‍ 18 മുതല്‍ 36 മടങ്ങ് വരെ അധികമാണ് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങളില്‍ കണ്ടെത്തിയ പൊളോണിയത്തിന്റെ അളവ്. 108 പേജ് വരുന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം അറഫാത്തിന്റെ വിധവ സുഹറയ്ക്ക് കൈമാറിയതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫ്രഞ്ച്, സ്വിസ്, റഷ്യന്‍ വിദഗ്ധരാണ് പരിശോനയ്ക്ക് നേതൃത്വം നല്‍കിയത്.

2004 നവംബര്‍ 14ന് പാരീസിലെ സൈനിക ആശുപത്രിയിലാണ് അറഫാത്ത് അന്തരിച്ചത്. രണ്ട് വര്‍ഷത്തോളം അറഫാത്തിന്റെ റാമള്ളയിലെ വസതി വലയം ചെയ്തിരുന്ന ഇസ്രയേല്‍ സേന ഒക്ടോബറോടെയാണ് പിന്‍വലിഞ്ഞത്. ഒക്ടോബര്‍ 12ന് വൈകിട്ട് ഭക്ഷണം കഴിച്ചയുടന്‍ ഛര്‍ദ്ദിക്കുകയും വയറ് വേദനയുണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് അറഫാത്ത് ചികില്‍സ തേടിയിരുന്നു. ആരോഗ്യ നില വഷളായതോടെ വിദഗ്ധ ചികില്‍സയ്ക്ക് ജോര്‍ദാനിലേക്കും പിന്നീട് പാരീസിലെ സൈനിക ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് പലസ്തീന്‍ നേതാക്കളും ജനതയും ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് ഫൊറന്‍സിക് റിപ്പോര്‍ട്ട് ശക്തിപകര്‍ന്നിരിക്കുകയാണ്.

അറഫാത്തിനെ വിഷം നല്‍കി കൊന്നത് സംശയാതീതമായി തെളിഞ്ഞതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ഡേവ് ബാര്‍ക്ലേ പറഞ്ഞതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണകാരണം വ്യക്തമായ സ്ഥിതിയ്ക്ക് ഇനി കൊലയാളികളെയാണ് കണ്ടെത്തേണ്ടതെന്നും ഡേവ് വ്യക്തമാക്കി. ഫൊറന്‍സിക് പരിശോധനാഫലം അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മരണവിവരം ഇപ്പോള്‍ അറിഞ്ഞതുപോലെ നടുങ്ങിയെന്ന് അറഫാത്തിന്റെ വിധവ സുഹറ പറഞ്ഞു.

deshabhimani

Saturday, April 27, 2013

വിദേശവാര്‍ത്തകള്‍ - ഗ്വാണ്ടനാമോ, പലസ്തീന്‍, ഗ്രീസ്


ഗ്വാണ്ടനാമോ തടവുകാരുടെ നിരാഹാരസമരം ശക്തമായി

മിയാമി: ഗ്വാണ്ടനാമോ ദ്വീപില്‍ അമേരിക്ക തടവിലിട്ടിരിക്കുന്നവര്‍ നടത്തുന്ന നിരാഹാരസമരം ശക്തമായി. പ്രത്യേക സെല്ലുകളിലേക്ക് മാറ്റാനുള്ള അമേരിക്കന്‍ സൈന്യത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് നിരാഹാരം അനുഷ്ഠിക്കുന്ന തടവുകാരുടെ എണ്ണം 92 ആയി. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി എട്ടുപേര്‍ കൂടി കഴിഞ്ഞദിവസം നിരാഹാരസമരത്തില്‍ പങ്കുചേര്‍ന്നു. ബുധനാഴ്ച ഡോക്ടര്‍മാര്‍ നടത്തിയ കണക്കെടുപ്പിലാണ് നിരാഹാരം അനുഷ്ഠിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി കണ്ടെത്തിയത്.

തടവിലുള്ളവരെ പ്രത്യേകം പ്രത്യേകം സെല്ലുകളിലേക്ക് മാറ്റാനുള്ള നീക്കം ജയില്‍ ജീവനക്കാരും തടവുകാരും തമ്മില്‍ സംഘര്‍ഷത്തിന് വഴിയൊരുക്കിയിരുന്നു. ഫെബ്രുവരിയില്‍ തടവുകാര്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച് പ്രക്ഷോഭം ആരംഭിച്ചിരുന്നുവെങ്കിലും ഇവരുടെ കണക്കെടുക്കാന്‍ സൈന്യം തയ്യാറായില്ലെന്ന് തടവുകാരുടെ അഭിഭാഷകര്‍ ആരോപിച്ചു. ക്യൂബന്‍ ദ്വീപായ ഗ്വാണ്ടനാമോ കൈയടക്കിവച്ചിരിക്കുന്ന അമേരിക്ക അവിടെയാണ് പല രാജ്യങ്ങളില്‍നിന്ന് ഇസ്ലാമിക തീവ്രവാദികള്‍ എന്നാരോപിച്ച് തടവിലാക്കിയവരെ പാര്‍പ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ നിയമങ്ങളൊന്നും ഇവര്‍ക്ക് ബാധകമല്ല.

ഇസ്രയേലി മതിലിനെതിരെ പലസ്തീന്‍ ക്രൈസ്തവര്‍

ബെയ്റ്റ് ജാല: പലസ്തീന്‍ പ്രദേശമായ വെസ്റ്റ് ബാങ്കിനെ വെട്ടിമുറിച്ച് ഇസ്രയേല്‍ നടത്തിവരുന്ന വംശീയ മതില്‍ നിര്‍മാണത്തിനെതിരെ തദ്ദേശ ക്രൈസ്തവര്‍ പ്രക്ഷോഭം ശക്തമാക്കുന്നു. പലസ്തീനിലെ ക്രൈസ്തവ സഭയുടെ സ്വത്തുക്കള്‍ വന്‍തോതില്‍ കവരുന്ന ഇസ്രയേലി മതില്‍ നിര്‍മാണത്തിനെതിരെ വത്തിക്കാന്‍ ഇടപെടല്‍ ശക്തമാക്കണമെന്നാണ് അവരുടെ ആവശ്യം. ഈ ആവശ്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണാന്‍ പ്രതിനിധി സംഘത്തെ അയക്കാന്‍ ഒരുങ്ങുകയാണ് ബെയ്റ്റ് ജാലയിലെ ക്രൈസ്തവര്‍. യേശു ജനിച്ച ബെത്ലഹേമിനോട് ചേര്‍ന്നുള്ള ഈ ഗ്രാമത്തിലെ 16000 ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവരാണ്.

ബെയ്റ്റ് ജാലയിലെ ക്രെമിസന്‍ താഴ്വരയില്‍ 790 ഏക്കര്‍ സ്ഥലം മതില്‍ നിര്‍മാണത്തിനായി പിടിച്ചെടുക്കാനാണ് ഇസ്രയേലി പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. ഇതില്‍ മൂന്നിലൊന്നും വത്തിക്കാന്റെ സ്വത്താണ്. ബാക്കിയുള്ളത് 60 ക്രൈസ്തവ കുടുംബങ്ങളുടേതാണ്. ഇവിടെയുള്ള ക്രൈസ്തവ മഠവും 131 വര്‍ഷമായി പുരോഹിതര്‍ വീഞ്ഞുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മുന്തിരിത്തോട്ടവും മറ്റും ഇസ്രയേലിലാവും. കത്തോലിക്കാ സ്വത്തുക്കള്‍ പിടിച്ചെടുക്കരുതെന്ന് വത്തിക്കാന്‍ ഇസ്രയേലിനോട് നേരത്തെ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. വത്തിക്കാന്‍ തങ്ങളുടെ നിയമയുദ്ധത്തില്‍ പങ്കുചേരുകയോ ഇസ്രയേലിനെ പരസ്യമായി അപലപിക്കുകയോ ചെയ്യണമെന്ന് സഭയുടെ പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നു. ഒരു പതിറ്റാണ്ട് മുമ്പ് ഇസ്രയേല്‍ ആരംഭിച്ച മതില്‍നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഐക്യരാഷ്ട്രസംഘടനയും ലോകരാഷ്ട്രങ്ങളും ആവശ്യപ്പെട്ടിട്ടും അതവഗണിച്ചാണ് തുടരുന്നത്. മതിലിന്റെ സ്ഥാനം മാറ്റുകയെങ്കിലും ചെയ്യണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം. മതില്‍നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ അവശിഷ്ട പലസ്തീന്‍ പ്രദേശങ്ങളില്‍ 10 ശതമാനംകൂടി ഇസ്രയേലിലാവും.

യൂറോപ്പില്‍നിന്ന് തുരത്തപ്പെട്ട ജൂതരെ കുടിയിരുത്താന്‍ 1947ല്‍ യുഎന്‍ പലസ്തീന്‍ പ്രദേശം വെട്ടിമുറിച്ചപ്പോള്‍ പലസ്തീന്‍ രാഷ്ട്രത്തിന് നീക്കിവച്ച പ്രദേശത്തിന്റെ പകുതിപോലും നിലവില്‍ അവര്‍ക്കില്ല. ഇതിനിടെ ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് പരിഹാരം കാണുന്നതില്‍ ഐക്യരാഷ്ട്ര രക്ഷാസമിതി പുലര്‍ത്തുന്ന നിസ്സംഗതയെ യുഎന്നിലെ പലസ്തീന്‍ പ്രതിനിധി റിയാദ്മന്‍സൂര്‍ രൂക്ഷമായി വിമര്‍ശിച്ചു. യുഎന്‍ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ നിന്ന് ഒളിച്ചോടുന്നതിനെയും പലസ്തീന്‍ പ്രതിനിധി വിമര്‍ശിച്ചു. മധ്യപൗരസ്ത്യ വിഷയങ്ങള്‍ സംബന്ധിച്ച് രക്ഷാസമിതിയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രീസില്‍ വംശീയ ആക്രമണം വര്‍ധിക്കുന്നു

ഏതന്‍സ്: ഗ്രീസില്‍ വംശീയ വിദ്വേഷംമൂലമുള്ള ആക്രമണം വന്‍തോതില്‍ വര്‍ധിക്കുന്നതായി മനുഷ്യാവകാശ സംഘടനകള്‍. 2012ല്‍ മാത്രം 154 വംശീയ ആക്രമണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 25ലേറെ കേസുകളില്‍ പൊലീസാണ് അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. യൂറോപ്പിലെ സാമ്പത്തികമാന്ദ്യത്തെയും വന്‍തോതിലുള്ള തൊഴില്‍ വെട്ടിക്കുറയ്ക്കലിനെയും തുടര്‍ന്നാണ് വംശീയ ആക്രമണം വര്‍ധിച്ചതെന്ന് ദ റേസിസ്റ്റ് വയലന്‍സ് റെക്കാഡിങ് നെറ്റ്വര്‍ക്ക് പുറത്തിറക്കിയ സര്‍വേയില്‍ പറയുന്നു.

വന്‍ സാമ്പത്തിക തകര്‍ച്ചയെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ ഗ്രീസില്‍ തൊഴിലില്ലായ്മ 27 ശതമാനത്തോളമായെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏതന്‍സിലാണ് ഏറ്റവുമധികം വംശീയ ആക്രമണമുണ്ടായത്. രാജ്യത്ത് വംശീയ ആക്രമണങ്ങളില്‍ മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധനയുണ്ടായതായി ഗ്രീസിലെ ദേശീയ മനുഷ്യാവകാശ കമീഷന്‍ തലവന്‍ കോസ്തിസ് പപയ്ഞ്ഞു പറഞ്ഞു. യഥാര്‍ഥ കണക്ക് ഇതിലേറെ വരുമെങ്കിലും പലരും ഭയം കാരണം പരാതി നല്‍കാന്‍ മുന്നോട്ടുവരുന്നില്ല.

deshabhimani 260413

Wednesday, March 27, 2013

പലസ്തീന് വാഗ്ദാനം ചെയ്ത സഹായം നല്‍കാതെ അറബ് ലീഗ്


ദോഹ: അറബ് ലീഗ് അമേരിക്കയുടെ കളിപ്പാവയാകുന്നതില്‍ ആഭ്യന്തര പ്രതിഷേധം ശക്തമാകുന്നതിനിടെ കൂട്ടായ്മയുടെ 24ാം ഉച്ചകോടി ദോഹയില്‍ ആരംഭിച്ചു. 22 അംഗരാഷ്ട്രങ്ങളെ പ്രതിനിധീകരിച്ച് 15 രാഷ്ട്രത്തലവന്മാരടക്കം ദ്വിദിന ഉച്ചകോടിയില്‍ പങ്കെടുക്കുന്നു. ആതിഥേയനായ ഖത്തര്‍ എമീര്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി ഉച്ചകോടി ഉദ്ഘാടനംചെയ്തു. ഇസ്രയേല്‍ അധിനിവേശവും ശത്രുതാപരമായ നടപടികളും അനുഭവിക്കുന്ന പലസ്തീന് അറബ് ലീഗ് വാഗ്ദാനംചെയ്ത സഹായം ഇതുവരെ നല്‍കിയിട്ടില്ലെന്ന് അല്‍ താനി പ്രസംഗത്തില്‍ സമ്മതിച്ചു.

ലീഗിനെ നയിക്കുന്ന സൗദി അറേബ്യയും ഖത്തറും മറ്റും സിറിയയില്‍ അട്ടിമറിക്ക് വിമത കലാപകാരികള്‍ക്ക് വന്‍തോതില്‍ സഹായം നല്‍കുമ്പോഴാണ് അറബ് ലീഗിന്റെ പാളിച്ച കാരണം സ്വന്തം മണ്ണ് നഷ്ടപ്പെട്ട് ആറര പതിറ്റാണ്ടായി പീഡനമനുഭവിക്കുന്ന പലസ്തീന്‍കാരെ അവഗണിക്കുന്നത്. ജെറുസലെമിന്റ അറബിത്വം സംരക്ഷിക്കാന്‍ 100 കോടി ഡോളറിന്റെ നിധി രൂപീകരിക്കണം എന്ന് അല്‍ താനി ആഹ്വാനം ചെയ്തു. അതിലേക്ക് ഖത്തര്‍ 25 കോടി ഡോളര്‍ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സിറിയയെ പ്രതിനിധീകരിച്ച് വിമത നേതാക്കളെയാണ് ഉച്ചകോടിയില്‍ പങ്കെടുപ്പിക്കുന്നത്. വിമതസഖ്യം നായകസ്ഥാനം രാജിവച്ച അഹ്മദ് മുഅസ് അല്‍ ഖത്തീബ്, നിയുക്ത വിമത പ്രധാനമന്ത്രി ഗസ്സന്‍ ഹിത്തോ, ജോര്‍ജ് സബ്രാ, സുഹെയ്ര്‍ അത്താസി എന്നിവരാണ് ഉച്ചകോടിക്കെത്തിയത്. ആയിരക്കണക്കിന് ഇറാനിയന്‍, റഷ്യന്‍ പോരാളികള്‍ സിറിയന്‍ സര്‍ക്കാരിനെ സഹായിക്കുന്നതായി ഖത്തീബ് ആരോപിച്ചു. ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി, പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് തുടങ്ങിയവരും ഉച്ചകോടിയിലുണ്ട്. സൗദി അറേബ്യ, ഇറാഖ്, അല്‍ജീരിയ, ഒമാന്‍, സുഡാന്‍, യുഎഇ എന്നിവിടങ്ങളില്‍നിന്ന് രാഷ്ട്രത്തലവന്മാര്‍ക്ക് പകരം ഉന്നത തല സംഘങ്ങളാണ് പങ്കെടുക്കുന്നത്.

deshabhimani 270313

Friday, March 22, 2013

ഇസ്രയേലിന്റെ വാദവുമായി ഒബാമ വെസ്റ്റ്ബാങ്കില്‍


അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പലസ്തീന്‍ പ്രദേശമായ വെസ്റ്റ് ബാങ്കില്‍ എത്തിയത് ഇസ്രയേലിന്റെ വാദവുമായി. ഇസ്രയേല്‍ പലസ്തീന്‍ പ്രദേശങ്ങളില്‍ തുടരുന്ന ജൂത കുടിയേറ്റ വ്യാപനം അവസാനിപ്പിക്കാതെ അവരുമായി ചര്‍ച്ചയില്ലെന്ന ഉപാധി പലസ്തീന്‍ ഉപേക്ഷിക്കണം എന്നാണ് ഒബാമയുടെ ഉപദേശം. സ്തംഭിച്ചുനില്‍ക്കുന്ന സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ പ്രധാന തടസ്സം ഇസ്രയേലിന്റെ കുടിയേറ്റ നിര്‍മാണമാണെന്ന് ഒബാമ സമ്മതിച്ചു.

ഐക്യരാഷ്ട്രസംഘടനയും ലോകമാകെയും എതിര്‍ത്തിട്ടും അതവഗണിച്ചാണ് ഇസ്രയേല്‍ പലസ്തീന്‍ പ്രദേശങ്ങളില്‍ കുടിയേറ്റങ്ങള്‍ വ്യാപിപ്പിക്കുന്നത്. ഇസ്രയേലിന് അനുകൂലമായ അമേരിക്കന്‍ സമീപനത്തില്‍ ശക്തമായ പ്രതിഷേധമാണ് ഒബാമയുടെ സന്ദര്‍ശനവേളയില്‍ പലസ്തീനില്‍ ഉയര്‍ന്നത്. വെസ്റ്റ് ബാങ്കിലെ റമല്ലയില്‍ പലസ്തീന്‍ അഥോറിറ്റി ആസ്ഥാനത്ത് ഒബാമ ചര്‍ച്ചയ്ക്ക് എത്തിയപ്പോള്‍ നൂറുകണക്കിന് യുവാക്കള്‍ ഒബാമയ്ക്കെതിരെ മുദ്രാവാക്യവുമായി ബാരിക്കേഡിനപ്പുറം തടിച്ചുകൂടിയിരുന്നു. ഇവരെ നിയന്ത്രിക്കാന്‍ പലസ്തീന്‍ സുരക്ഷാഭടന്മാര്‍ വിഷമിച്ചു. രാവിലെ ഒബാമ ഇസ്രയേലില്‍ ആയിരുന്നപ്പോള്‍ ഗാസയില്‍നിന്ന് തെക്കന്‍ ഇസ്രയേലിലേക്ക് രണ്ട് റോക്കറ്റുകള്‍ വര്‍ഷിക്കപ്പെട്ടു. ആളപായമില്ലെങ്കിലും ഇതിനെ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അപലപിച്ചു. അബ്ബാസുമായി ഒന്നര മണിക്കൂര്‍ ചര്‍ച്ച നടത്തിയ അബ്ബാസ് പിന്നീട് ഒന്നിച്ച് ഭക്ഷണത്തിന് ശേഷം പലസ്തീന്‍ പ്രധാനമന്ത്രി സലാം ഫയ്യദുമായും ചര്‍ച്ച നടത്തി. അബ്ബാസുമൊത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇസ്രയേലി കുടിയേറ്റ നിര്‍മാണം സമാധാനത്തിന് തടസ്സമാണെന്ന് ഒബാമ സമ്മതിച്ചത്. എന്നാല്‍, ഇതവസാനിപ്പിക്കണം എന്ന ഉപാധി പാടില്ലെന്നാണ് ഒബാമയുടെ അഭിപ്രായം. ഇതുതന്നെയാണ് കാലങ്ങളായി ഇസ്രയേലും ആവശ്യപ്പെടുന്നത്.

സമാധാന ചര്‍ച്ച മുന്നോട്ടുകൊണ്ടുപോവാന്‍ ഇസ്രയേല്‍ അനധികൃത കുടിയേറ്റ നിര്‍മാണം നിര്‍ത്തണമെന്ന് അബ്ബാസ് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അവിഹിതമായതോ നിയമവിരുദ്ധമായതോ ആയ എന്തെങ്കിലുമല്ല തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അബ്ബാസ് ഓര്‍മിപ്പിച്ചു. സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിനും ഇസ്രയേലി അധിനിവേശത്തിന്റെ അന്ത്യത്തിനും പലസ്തീന്‍കാര്‍ക്ക് അര്‍ഹതയുണ്ടെന്ന് ഒബാമ പറഞ്ഞു. മേഖലയില്‍ ത്രിദിന സന്ദര്‍ശനത്തിനെത്തിയ ഒബാമ ഇസ്രയേലില്‍നിന്നാണ് വെസ്റ്റ്ബാങ്കില്‍ എത്തിയത്.അഞ്ചുമണികൂറില്‍ താഴെ മാത്രമാണ് അവിടെ ചെലവഴിച്ചത്. ജോര്‍ദാനിലും സന്ദര്‍ശനം നടത്തി വെള്ളിയാഴ്ച മടങ്ങും. ബുധനാഴ്ച ഇസ്രയേല്‍ പ്രസിഡന്റ് ഒരുക്കിയ വിരുന്നില്‍ ആഫ്രിക്കന്‍ വംശജയായ ആദ്യ മിസ് ഇസ്രയേല്‍ യിത്യിഷ് തിതി അയ്നോവിനെയും ഒബാമ ക്ഷണിച്ചു.

deshabhimani

Monday, February 4, 2013

തോക്കുകള്‍ ഗര്‍ജിക്കുന്നു; പക്ഷെ, ഇവര്‍ പന്തുതട്ടുന്നു


ഞങ്ങള്‍ കൂടുതല്‍ ഒന്നും ആവശ്യപ്പെടുന്നില്ല, മനുഷ്യരെപ്പോലെ ജീവിക്കാന്‍ ഞങ്ങളെ അനുവദിക്കണം. അതുമാത്രമാണ് ഞങ്ങള്‍ ലോകത്തോട് അഭ്യര്‍ഥിക്കുന്നത്-ഇന്ത്യയുമായുള്ള സൗഹൃദ ഫുട്ബോള്‍ മത്സരത്തിനെത്തിയ പലസ്തീന്‍ ടീമിന്റെ സംഘത്തലവന്‍ അബ്ദല്ല എസ് എ അല്‍ഫ്രയുടേതാണ് ഈ അഭ്യര്‍ഥന. അവര്‍ക്ക് ജീവിതം തോക്കിന്‍മുനയുടെ ദയാവായ്പാണ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ടീം പരിശീലനം നടത്തുമ്പോഴാണ് ടച്ച്ലൈനിനടുത്തുനിന്ന് പലസ്തീനിന്റെ ചോരമണക്കുന്ന ജീവിതം വിവരിച്ചത്.

പലസ്തീനില്‍നിന്ന് പുറത്തുകടക്കാനുള്ള ഏകമാര്‍ഗം വെസ്റ്റ്ബാങ്കിലെ അല്ലന്‍ബി പാലമാണ്. ഒരുമണിക്കൂര്‍കൊണ്ട് ഈ പാലം കടന്ന് ജോര്‍ദാനിലെ അമ്മാനിലെത്തി അവിടെനിന്ന് മറ്റു സ്ഥലങ്ങളിലേക്ക് വിമാനം കയറാം. പക്ഷെ, ഈ പാലം കടക്കാന്‍ പലസ്തീന്‍ ടീം അഞ്ചു മണിക്കൂറെടുത്തു. അത് ട്രാഫിക് ബ്ലോക്കല്ല; ഇസ്രയേലി ചെക്ക്പോസ്റ്റുകളിലെ കര്‍ശന പരിശോധന- ഭക്ഷണമില്ല, വെള്ളമില്ല, പുറത്തിറങ്ങാന്‍ അനുവാദമില്ല. കൊടുംചൂടില്‍, ബസില്‍നിന്ന് പുറത്തിറങ്ങാനാകാതെ, ഇസ്രയേല്‍ ഭടന്മാരുടെ തോക്കിന്‍മുനയില്‍ കഴിച്ചുകൂട്ടിയ അഞ്ചു മണിക്കൂറുകളെക്കുറിച്ചു പറയുമ്പോള്‍ അല്‍ഫ്രയുടെ കണ്ണില്‍ ഇപ്പോഴും ഭീതി. ഫുട്ബോളിനെ വല്ലാതെ പ്രണയിക്കുന്നവരാണ് പലസ്തീനികള്‍. പക്ഷെ, അതത്ര എളുപ്പമല്ലെന്ന് അല്‍ഫ്ര സാക്ഷ്യംപറയുന്നു. വെസ്റ്റ്ബാങ്കില്‍ മാത്രമാണ് പ്രൊഫഷണല്‍ ലീഗുള്ളത്. പ്രതിഭാധനരായ കളിക്കാര്‍ ഗാസാ മുനമ്പിലും. വെസ്റ്റ് ബാങ്കിലേക്ക് പോകണമെങ്കില്‍ ഇസ്രയേല്‍ ചെക്ക്പോസ്റ്റ് കടക്കണം. അവിടെ എന്തും സംഭവിക്കാം. അറസ്റ്റ് ചെയ്യപ്പെടാം, ജയിലിലടക്കപ്പെടാം.വെസ്റ്റ്ബാങ്കിലെ മൗണ്ട് സ്കോര്‍പ്പസിന്റെ താരമായ ഇബ്രാഹിം വാദിയെ ഈ രീതിയില്‍ അറസ്റ്റ്ചെയ്ത് ജയിലിലടച്ചിരിക്കുകയാണെന്ന് അല്‍ഫ്ര പറഞ്ഞു.

ദേശീയ ടീമിനൊപ്പം ചേരാന്‍പോയ മഹമ്മൂദ് സര്‍സാക്കിനും ഇതേ അനുഭവമായിരുന്നു. മൂന്നുമാസം കഴിഞ്ഞാണ് സര്‍സാക്ക് പുറംലോകം കണ്ടത്. കാരണമൊന്നും പറയാതെയാണ് താരങ്ങളെ അറസ്റ്റ്ചെയ്യുന്നതെന്ന് അല്‍ഫ്ര പറഞ്ഞു. ഇന്ത്യയുമായുള്ള മത്സരം കഴിഞ്ഞ് ടീം പലസ്തീനിലേക്ക് മടങ്ങുന്നില്ല. പോയാല്‍ നേപ്പാളില്‍ നടക്കുന്ന എഎഫ്സി ചാലഞ്ച് കപ്പ് മത്സരങ്ങള്‍ക്കായി തിരിച്ചുവരാനാകില്ല. അതിനാല്‍ ഇന്ത്യയില്‍നിന്നു നേരെ ദുബായിയിലേക്ക് പോയി പരിശീലനം നടത്താനാണ് തീരുമാനം. കുട്ടികളെപ്പോലും കൊന്നൊടുക്കുന്ന ഇസ്രയേലികള്‍. അവര്‍ ഒന്നിനെയും കാര്യമാക്കുന്നില്ല. ഐക്യരാഷ്ട്രസഭയെപ്പോലും വകവയ്ക്കാത്ത അവര്‍ക്കൊരിക്കലും ഞങ്ങളെ മനുഷ്യരായി കാണാനാകില്ല- വേദനയോടെ അല്‍ഫ്ര പറഞ്ഞു. റാമള്ള സ്വദേശിയായ അല്‍ഫ്രയ്ക്ക് ഗാസാ മുനമ്പില്‍ ബന്ധുക്കളുണ്ട്. ഒരു മണിക്കൂര്‍ മാത്രമാണ് യാത്രാസമയം. പക്ഷെ, അവരെ സന്ദര്‍ശിക്കാറില്ല. കാരണം, ഇസ്രയേലി ചെക്ക്പോസ്റ്റ് എന്ന ഭീകരതതന്നെ. ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന ഭീതിയിലാണ് പലസ്തീനിലെ ഫുട്ബോള്‍ താരങ്ങളെന്ന് അല്‍ഫ്ര പറഞ്ഞു.

അന്താരാഷ്ട്ര നിലവാരമുള്ള 10 സ്റ്റേഡിയങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. പക്ഷെ, അന്താരാഷ്ട്ര മത്സരങ്ങള്‍ ലഭിക്കുന്നില്ല. മേയില്‍ നടക്കുന്ന അല്‍നകബാ കപ്പിന് ഇന്ത്യയെ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യ കളിക്കാന്‍ വന്നാല്‍ അത് പലസ്തീന്‍ ഫുട്ബോളിന് മാത്രമല്ല, ഞങ്ങളുടെ രാജ്യത്തിനുകൂടിയുള്ള അംഗീകാരമായി മാറും- അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ളത് ശരിക്കും സൗഹൃദമത്സരം മാത്രമാണെന്ന് സംഘത്തലവന്‍ പറഞ്ഞു. ഇന്ത്യ ഞങ്ങളുടെ രണ്ടാം ഗൃഹമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുകയാണ് ഈ മത്സരത്തിന്റെ ലഷ്യം. ഞങ്ങള്‍ ജയത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. വിവിധ രാജ്യങ്ങളില്‍ കളിക്കുന്ന 15 പ്രൊഫഷണല്‍ താരങ്ങളിലാരും ഈ ടീമിലില്ല. ചാലഞ്ച് കപ്പ് യോഗ്യതയ്ക്കുള്ള ടീമാണിത്. ഏഴു താരങ്ങള്‍ ഗാസാമുനമ്പില്‍നിന്നുള്ളവരാണ്- അദ്ദേഹം പറഞ്ഞു. ടീം തിങ്കളാഴ്ച പുലര്‍ച്ചെയാണെത്തിയത്. വൈകുന്നേരം ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അവര്‍ പരിശീലനത്തിനിറങ്ങി. നായകന്‍ അബ്ദല്‍ ലത്തീഫ് അല്‍ബഹാദ്രി, അഷ്റഫ് അല്‍ വാഗ്റ എന്നിവരാണ് ടീമിലെ പ്രൊഫഷണലുകള്‍. ശേഷിക്കുന്നവര്‍ അമച്വര്‍ താരങ്ങളും.

എം കെ പത്മകുമാര്‍ deshabhimani 040213

Friday, November 30, 2012

പലസ്തീന്‍ ഇനി രാഷ്ട്രം


ഐക്യരാഷ്ട്ര കേന്ദ്രം: പൂര്‍ണ പരമാധികാര രാഷ്ട്ര പദവിക്ക് പലസ്തീനുള്ള അനിഷേധ്യ അവകാശത്തിന് അടിവരയിട്ട് ഐക്യരാഷ്ട്ര പൊതുസഭ വന്‍ ഭൂരിപക്ഷത്തോടെ പലസ്തീന് അംഗമല്ലാത്ത നിരീക്ഷക രാഷ്ട്ര പദവി അനുവദിച്ചു. 193 രാഷ്ട്രങ്ങള്‍ക്ക് അംഗത്വമുള്ള പൊതുസഭയില്‍ അമേരിക്കയും ഇസ്രയേലും അടക്കം ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് പലസ്തീന്റെ ആവശ്യത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, ക്യൂബ, ദക്ഷിണാഫ്രിക്ക തുടങ്ങി ബഹുഭൂരിപക്ഷം വികസ്വര രാജ്യങ്ങളടക്കം138 രാജ്യങ്ങള്‍ പലസ്തീന്റെ പദവി ഉയര്‍ത്തുന്നതിനെ അനുകൂലിച്ചു. ബ്രിട്ടനും ജര്‍മനിയുമടക്കം 41 രാജ്യങ്ങള്‍ വിട്ടുനിന്നു. മൂന്നുരാജ്യങ്ങള്‍ പങ്കെടുത്തില്ല. പലസ്തീന്‍ പ്രദേശങ്ങളില്‍ ഫലമറിഞ്ഞ് ജനങ്ങളുടെ ആഹ്ലാദം അണപൊട്ടി.

കഴിഞ്ഞ വര്‍ഷം യുഎന്‍ രക്ഷാസമിതിയില്‍ അമേരിക്കന്‍ വീറ്റോ ഭീഷണി മൂലം പൂര്‍ണ അംഗ രാഷ്ട്ര പദവിയ്ക്കുള്ള ശ്രമത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടിവന്ന പലസ്തീന് അതിന് വീണ്ടും ശ്രമിക്കാന്‍ കരുത്തുപകരുന്നതാണ് യുഎന്‍ പൊതുസഭയില്‍ നടന്ന ചരിത്രപ്രധാനമായ വോട്ടെടുപ്പ്. ഫ്രാന്‍സും ഇറ്റലിയുമടക്കം 17 യൂറോപ്യന്‍ രാജ്യങ്ങളും പലസ്തീന്റെ ആവശ്യത്തെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതമായി. ചെക് റിപബ്ലിക് ഒഴികെ മറ്റെല്ലാ യൂറോപ്യന്‍ രാജ്യങ്ങളും വിട്ടുനിന്നു. പലസ്തീന്റെ ആവശ്യത്തെ എതിര്‍ക്കാന്‍ തങ്ങള്‍ക്കൊപ്പം ഉണ്ടാവുമെന്ന് ഇസ്രയേല്‍ കണക്കാക്കിയ യൂറോപ്യന്‍ രാജ്യങ്ങള്‍ പലസ്തീനെ അനുകൂലിച്ച് വോട്ട് ചെയ്യാനോ നിഷ്പക്ഷത പാലിച്ച് വിട്ടുനില്‍ക്കാനോ തയ്യാറായത് സയണിസ്റ്റ് ജൂത വംശീയ രാഷ്ട്രത്തിന് കനത്ത പ്രഹരമായി.

അവിഭക്ത പലസ്തീന്‍ പ്രദേശം വിഭജിച്ച് അറബ്, ജൂത രാജ്യങ്ങള്‍ക്ക് രൂപം നല്‍കാന്‍ യുഎന്‍ പൊതുസഭ 181ാം പ്രമേയത്തിലൂടെ തീരുമാനിച്ചതിന്റെ 65ാം വാര്‍ഷിക നാളിലാണ് ആ പ്രമേയത്തില്‍ പരാമര്‍ശിച്ച പലസ്തീന്‍ ജനതയ്ക്ക് നീതിയുടെ തരിമ്പെങ്കിലും ലഭ്യമാവുന്നത്. 181ാം പ്രമേയത്തില്‍ പലസ്തീന് നീക്കിവച്ച പ്രദേശത്തിന്റെ പകുതിയില്‍ താഴെ മാത്രം വരുന്നതാണ് ഇപ്പോള്‍ പലസ്തീന്‍ പ്രദേശങ്ങളായി അവശേഷിക്കുന്ന വെസ്റ്റ്ബാങ്കും ഗാസയും കിഴക്കന്‍ ജെറുസലെമും. എന്നാല്‍ അതുപോലും അനുവദിക്കാതെ പലസ്തീന്‍ രാഷ്ട്ര രൂപീകരണം തടയാന്‍ ഇസ്രയേല്‍ അമേരിക്കന്‍ സഹായത്തോടെ നടത്തിവന്ന ശ്രമത്തിനെതിരെയാണ് ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളും വോട്ട് ചെയ്തത്.

അന്താരാഷ്ട്ര പലസ്തീന്‍ ഐക്യദാര്‍ഡ്യ ദിനമായി യുഎന്‍ ആചരിക്കുന്ന ദിനത്തിലാണ് ആ അറബ്ജനതയ്ക്ക് ഈ ചരിത്ര നേട്ടം എന്നതും ശ്രദ്ധേയമാണ്. പ്രമേയം വോട്ടിനിടുന്നതിന് മുമ്പ് പലസ്തീന്‍ പ്രസിഡന്റ് നടത്തിയ പ്രസംഗത്തില്‍, 65 വര്‍ഷം മുമ്പുള്ള യുഎന്‍ പ്രമേയം ഇസ്രയേലിന്റെ ജനസര്‍ട്ടിഫിക്കറ്റായത് എടുത്തുപറഞ്ഞു. അതുപോലെ പലസ്തീന്‍ രാഷ്ട്രമെന്ന യാഥാര്‍ത്ഥ്യത്തിന്റെ ജന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അബ്ബാസ് ലോകത്തോട് അഭ്യര്‍ത്ഥിച്ചു. ഹര്‍ഷാരവത്തോടെയാണ് യുഎന്നിലെ പ്രൗഢസദസ് അബ്ബാസിനെ വരവേറ്റത്. പലസ്തീന്‍ ജനതയുടെ അനിഷേധ്യ അവകാശങ്ങള്‍ നടപ്പാക്കുന്നതിനുള്ള സമിതിയ്ക്ക് വേണ്ടി യുഎന്നിലെ സുഡാന്റെ സ്ഥിരം പ്രതിനിധി ദഫാ അല്ലാ എല്‍ഹാഗ് അലി ഉസ്മാനാണ് പലസ്തീന്റെ പദവി ഉയര്‍ത്താന്‍ ആവശ്യപ്പെടുന്ന കരട് പ്രമേയം യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ചത്.

ചൈന, ക്യൂബ, വെനസ്വേല, ദക്ഷിണാഫ്രിക്ക, സിംബാബ്വെ തുടങ്ങി എഴുപതില്‍പരം രാജ്യങ്ങള്‍ പ്രമേയത്തിന്റെ സഹപ്രായോജകരായി. 67ാം യുഎന്‍ വാര്‍ഷിക സമ്മേളനത്തിന്റെ അധ്യക്ഷനായ വാക് ജെറെമിക് വോട്ടിങ്ങ് ഫലം പ്രഖ്യാപിച്ചപ്പോള്‍ സഭാ ഹാളില്‍ നിന്ന് വന്‍കരഘോഷമുയര്‍ന്നു. പൂര്‍ണ അംഗരാഷ്ട്ര പദവിക്ക് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പലസ്തീന്‍ സമര്‍പ്പിച്ച അപേക്ഷ യുഎന്‍ രക്ഷാസമിതി അനുഭാവപൂര്‍വം പരിഗണിക്കുമെന്നും പ്രമേയത്തിലൂടെ പൊതുസഭ പ്രത്യാശ പ്രകടിപ്പിച്ചു. മധ്യപൗരസ്ത്യ സമാധാന പ്രക്രിയ പുനരാരംഭിക്കാന്‍ അടിയന്തിരമായി ചര്‍ച പുനരാരംഭിക്കുന്നതിനും പൊതുസഭ ആവശ്യപ്പെട്ടു. പലസ്തീന്‍ പ്രതിനിധികള്‍ക്ക് ഇനി യുഎന്‍ സംവാദങ്ങളില്‍ പങ്കെടുക്കുകയും ഐസിസി അടക്കമുള്ള യുഎന്‍ വേദികളില്‍ അംഗത്വം നേടുകയും ചെയ്യാന്‍ അനുവദിക്കുന്നതാണ് ഇപ്പോള്‍ ലഭിച്ച നിരീക്ഷക രാഷ്ട്ര പദവി. ഇസ്രലേുമായി ചര്‍ച്ചയിലൂടെ മാത്രമേ പലസ്തീന് രാഷ്ട്രപദവി ലഭിക്കൂ എന്ന് ശഠിക്കുന്ന ഇസ്രയേലും അമേരിക്കയും പൊതുസഭാ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു.

പലസ്തീന് നിരീക്ഷകരാഷ്ട്ര പദവി: ഭീഷണിയുമായി അമേരിക്ക

ഐക്യരാഷ്ട്രകേന്ദ്രം: ഐക്യരാഷ്ട്രസംഘടനയില്‍ വെറും "നിരീക്ഷക" പദവിയില്‍ നിന്ന് "അംഗമല്ലാത്ത നിരീക്ഷക രാഷ്ട്ര" പദവിയിലേക്ക് ഉയരുന്ന പലസ്തീനെ ഈ ചരിത്രനേട്ടത്തില്‍ നിന്ന് തടയാന്‍ അവസാനവേളയില്‍ അമേരിക്കയുടെ ഭീഷണി. പദവി ഉയര്‍ത്തുന്നതിന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പൊതുസഭയില്‍ പ്രമേയം അവതരിപ്പിച്ചാല്‍ പലസ്തീനുള്ള ധനസഹായം വെട്ടിക്കുറയ്ക്കുമെന്നാണ് അമേരിക്കന്‍ ഭീഷണി. പ്രമേയത്തിനെതിരെ വോട്ടുചെയ്യുമെന്നും അമേരിക്ക വ്യക്തമാക്കി. പ്രമേയം പാസാക്കിയാല്‍ പലസ്തീന്‍കാരില്‍ നിന്നു പിരിക്കുന്ന നികുതിപ്പണം അബ്ബാസ് ഭരണകൂടത്തിന് കൈമാറില്ലെന്ന് ഇസ്രയേലിന്റെ ഭീഷണിയുമുണ്ട്.

വ്യാഴാഴ്ച പകല്‍ മൂന്ന് (ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നര) കഴിഞ്ഞേ പ്രമേയം വോട്ടിനിടൂ എന്നാണ് റിപ്പോര്‍ട്ട്. അവിഭക്ത പലസ്തീന്‍ അറബ്, ജൂതരാഷ്ട്രങ്ങളായി വിഭജിക്കാന്‍ ഐക്യരാഷ്ട്ര പൊതുസഭ പ്രമേയം പാസാക്കിയതിന്റെ 65-ാം വാര്‍ഷികനാളിലാണ് പലസ്തീന്‍ തങ്ങളുടെ ദീര്‍ഘകാല ആവശ്യത്തിലേക്ക് ഒരു ചുവടുകൂടി വയ്ക്കുന്നത്. പലസ്തീന്‍ പ്രമേയം പാസാകാന്‍ 193 അംഗ പൊതുസഭയില്‍ കേവല ഭൂരിപക്ഷം മതിയെങ്കിലും കുറഞ്ഞത് 130 രാഷ്ട്രമെങ്കിലും പിന്തുണയ്ക്കുമെന്നാണ് സൂചന. പതിനഞ്ചോളം യൂറോപ്യന്‍ രാജ്യങ്ങള്‍ പലസ്തീന്‍ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചത് പലസ്തീന്‍ നീക്കത്തെ എതിര്‍ക്കുന്ന അമേരിക്കയെയും ഇസ്രയേലിനെയും തീര്‍ത്തും ഒറ്റപ്പെടുത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചെക് റിപ്പബ്ലിക് മാത്രമാണ് പ്രമേയത്തെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ജര്‍മനി, നെതര്‍ലന്‍ഡ്സ്, എസ്തോണിയ, ലിത്വാനിയ എന്നിവ വോട്ടിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും. ബ്രിട്ടന്‍, ഇപ്പോഴും നിഷ്ഠുരമായ വംശഹത്യ കേസുകളിലടക്കം അന്താരാഷ്ട്ര കോടതിയില്‍ ഇസ്രയേല്‍ വിചാരണ ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ പലസ്തീനുമായി വിലപേശലിലാണ്. ഇസ്രയേലിനെ ഐസിസിയിലേക്ക് വലിച്ചിഴക്കില്ലെന്ന് ഉറപ്പുനല്‍കിയാല്‍ പ്രമേയത്തെ അനുകൂലിക്കാമെന്നാണ് ബ്രിട്ടന്റെ നിലപാട്.

ഇസ്രയേലും പലസ്തീനും തമ്മില്‍ ചര്‍ച്ച ചെയ്താകണം പലസ്തീന്‍ രാഷ്ട്രപദവി നേടേണ്ടത് എന്നാണ് അമേരിക്കയുടെ വാദം. എന്നാല്‍, ലോകാഭിപ്രായം അവഗണിച്ച് പലസ്തീന്‍ പ്രദേശങ്ങളില്‍ അനധികൃത കുടിയേറ്റങ്ങള്‍ വ്യാപിപ്പിച്ച് ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ ഇസ്രയേല്‍ ഇല്ലാതാക്കുന്ന സാഹചര്യത്തിലാണ് പലസ്തീന്‍ യുഎന്‍ പൊതുസഭയെ സമീപിച്ചത്. കഴിഞ്ഞവര്‍ഷം പൂര്‍ണ രാഷ്ട്രപദവിക്ക് പലസ്തീന്‍ ശ്രമിച്ചിരുന്നെങ്കിലും രക്ഷാസമിതിയില്‍ തടയുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയതിനാല്‍ പിന്‍വാങ്ങുകയായിരുന്നു. നിരീക്ഷക രാഷ്ട്രപദവിക്ക് അമേരിക്കന്‍ ഇടങ്കോല്‍ ഫലിക്കാത്ത പൊതുസഭയില്‍ ഭൂരിപക്ഷ പിന്തുണ മതി യെന്നതാണ് പലസ്തീന് കരുത്താകുന്നത്. പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഒന്നടങ്കം എതിര്‍ത്താലും പൊതുസഭയില്‍ വികസ്വരരാജ്യങ്ങളുടെ വന്‍പിന്തുണയോടെ പ്രമേയം പാസാക്കാനാകും.

deshabhimani

Tuesday, November 27, 2012

ഗാസയില്‍ 6930 കോടിയുടെ നാശനഷ്ടം


എട്ടുദിവസം നീണ്ട ഇസ്രയേലി വ്യോമ-നാവിക ആക്രമണത്തില്‍ ഗാസയില്‍ 124.5 കോടി ഡോളറിന്റെ (6930 കോടിയോളം രൂപ) നാശനഷ്ടമുണ്ടായതായി കണക്ക്. ഗാസയിലെ ഹമാസ് സര്‍ക്കാര്‍ അറിയിച്ചതാണിത്. പ്രത്യക്ഷ നാശനഷ്ടം 54.5 കോടി ഡോളര്‍ വരും. പരോക്ഷ നാശനഷ്ടം 70 കോടിയും. ഇരുനൂറിലധികം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. എണ്ണായിരത്തില്‍പ്പരം വീടുകള്‍ക്ക് ഭാഗിക നാശമുണ്ടായി. വീടുകള്‍ക്ക് പുറമെ സര്‍ക്കാര്‍ ആസ്ഥാനമടക്കം വേറെ 42 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. മൂന്ന് പള്ളിയും ഒരു ആരോഗ്യകേന്ദ്രവും നിലംപൊത്തി. നൂറുകണക്കിന് ഔദ്യോഗിക മന്ദിരങ്ങളും ഭാഗികമായി തകര്‍ന്നു. 43 കുട്ടികളും 13 സ്ത്രീകളുമടക്കം 171 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള കണക്ക്. പലസ്തീന്‍കാരുടെ പ്രത്യാക്രമണത്തില്‍ രണ്ട് സൈനികരടക്കം ആറ് ഇസ്രയേലികളും മരിച്ചു.

ഗാസ ഭരിക്കുന്ന ഹമാസും പലസ്തീന്‍ അഥോറിറ്റിയുടെ ആസ്ഥാനമടങ്ങുന്ന വെസ്റ്റ് ബാങ്ക് ഭരിക്കുന്ന ഫത്തായും തമ്മിലുള്ള ഭിന്നതകളില്‍ അയവുവരാന്‍ ഇസ്രയേലി ആക്രമണം ഇടയാക്കിയിട്ടുണ്ട്. ഗാസയില്‍ ജയിലുകളിലുള്ള ഫത്താക്കാരെ വിട്ടയക്കുമെന്ന് ഹമാസ് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. 22 ഫത്താക്കാരാണ് ഗാസയില്‍ തടവിലുള്ളത്. ആക്രമണവേളയില്‍ ഇസ്രയേലിനു വേണ്ടി ചാരവൃത്തി നടത്തി എന്നാരോപിച്ച് രണ്ട് സംഭവത്തിലായി ഏഴുപേരെ വെടിവച്ചുകൊന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ഹമാസ് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

deshabhimani 271112

Wednesday, November 21, 2012

ആക്രമണ ലക്ഷ്യം വംശഹത്യ: സിഐടിയു

ന്യൂഡല്‍ഹി: അമേരിക്കന്‍ പിന്തുണയോടെ പലസ്തീന്‍ ജനതയുടെ വംശഹത്യ നടത്താനാണ് ഇസ്രയേല്‍ ശ്രമമെന്ന് സിഐടിയു കേന്ദ്ര കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള സമാധാനകാംക്ഷികളുടെ ശക്തമായ പ്രതിഷേധമുണ്ടായിട്ടും സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളെ കൊന്നൊടുക്കുന്നത് ഇസ്രയേല്‍ തുടരുകയാണ്. ആക്രമണം അവസാനിപ്പിക്കണമെന്ന ലോകമാകെയുള്ള തൊഴിലാളികളുടെയും സമാധാനകാംക്ഷികളുടെയും ആവശ്യത്തിനൊപ്പം സിഐടിയുവും ചേരുന്നതായി ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗാസയിലെ സാധാരണജനങ്ങള്‍ക്കും ആശുപത്രികള്‍ക്കും വിദ്യാലയങ്ങള്‍ക്കുമെതിരെ ആയിരം തവണയെങ്കിലും വ്യോമാക്രമണം നടത്തി. തുടര്‍ച്ചയായ ആക്രമണവും ഉപരോധവുംമൂലം ഭക്ഷണം, മരുന്ന്, വെള്ളം, വൈദ്യുതി തുടങ്ങി എല്ലാ അവശ്യവസ്തുക്കളും കിട്ടാതായി. ഗാസയില്‍ 17 ലക്ഷം ജനങ്ങള്‍ നരകയാതന അനുഭവിക്കുകയാണ്. അമേരിക്കന്‍ സാമ്രാജ്യത്വ പിന്തുണയോടെ ഇസ്രയേല്‍ നടത്തുന്ന ഈ വംശഹത്യയെ ലോകമാകെയുള്ള തൊഴിലാളിവര്‍ഗം ശക്തമായി എതിര്‍ക്കുമെന്ന് ഉറപ്പാണ്. ആക്രമണം ആരംഭിച്ച് ആറ് ദിവസം പിന്നിട്ടിട്ടും ഇസ്രയേലിന്റെ കാടത്തത്തിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ഇന്ത്യാ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. യജമാനന്മാരായ അമേരിക്കയ്ക്ക് അലോസരമുണ്ടാക്കാതിരിക്കാനാണ് ഈ മൗനം. കേന്ദ്രസര്‍ക്കാരിന്റെ നാണംകെട്ട നിലപാട് അപലപനീയമാണ്. ആക്രമണത്തെ അപലപിച്ച് ഇസ്രയേലുമായുള്ള സൈനികബന്ധം അവസാനിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിക്കണം. പലസ്തീനെതിരായ ഇസ്രയേല്‍ ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ രാജ്യവ്യാപകമായി തൊഴിലാളിവര്‍ഗം കൈകോര്‍ക്കണമെന്നും മറ്റ് ജനാധിപത്യശക്തികളുമായി ചേര്‍ന്ന് പ്രതിഷേധമുയര്‍ത്തണമെന്നും പ്രസ്താവന അഭ്യര്‍ഥിച്ചു.

ഗാസ ആക്രമണത്തില്‍ അയവ് ; മരണം 121

ഗാസ സിറ്റി: ഗാസയില്‍ ഇസ്രയേല്‍ ആരംഭിച്ച നിഷ്ഠുര ആക്രമണം ഒരാഴ്ച തികഞ്ഞ ചൊവ്വാഴ്ച ബോംബിങ്ങില്‍ അയവ്. ഒരാഴ്ചയ്ക്കിടെ ഇസ്രയേല്‍ നടത്തിയ നിഷ്ഠുര ആക്രമണത്തില്‍ മരണസംഖ്യ 121 ആയതായാണ് കണക്ക്. പരിക്കേറ്റവരുടെ എണ്ണം ആയിരത്തിലധികമാണ്. കൂട്ടക്കൊലയ്ക്കൊപ്പം ഗാസയിലെ പശ്ചാത്തല സൗകര്യങ്ങളും പാടേ തകര്‍ക്കുക എന്ന ആക്രമണലക്ഷ്യത്തിന്റെ ഭാഗമായി ഇസ്രയേലിന്റെ എഫ്-16 യുദ്ധ ജെറ്റുകള്‍ ഗാസ സിറ്റിയിലെ ഇസ്ലാമിക് നാഷണല്‍ ബാങ്ക് ബോംബിട്ട് തകര്‍ത്തു. ഏതാനും മണിക്കൂറുകള്‍ക്കകം ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുമെന്ന് മധ്യസ്ഥശ്രമം നടത്തിവരുന്ന ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി ചൊവ്വാഴ്ച പറഞ്ഞിട്ടുണ്ട്.

സമാധാനത്തിന് ലോകത്തിന്റെ നാനാഭാഗത്തുനിന്ന് മനസ്സാക്ഷിയുള്ളവരെല്ലാം മുറവിളി കൂട്ടുമ്പോഴും അനങ്ങാതിരുന്ന ഐക്യരാഷ്ട്രസംഘടനയും പാശ്ചാത്യസമൂഹവും അനങ്ങിത്തുടങ്ങിയതും പ്രതീക്ഷ നല്‍കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ചൊവ്വാഴ്ച വിദേശ സെക്രട്ടറി ഹിലരി ക്ലിന്റനെ മേഖലയിലേക്ക് അയച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ ബാണ്‍ കി മൂണും മേഖലയിലുണ്ട്.

ഇസ്രയേല്‍ നേതാക്കളോടും വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനോടും ഈജിപ്ത് പ്രസിഡന്റിനോടും ചര്‍ച്ച നടത്തുന്ന മൂണും ഹിലരിയും ഗാസയിലെ ഹമാസ് ഭരണാധികാരികളോട് സംസാരിക്കുന്നില്ല. എന്നാല്‍, വര്‍ഷങ്ങളായുള്ള ഇസ്രയേലി ഉപരോധത്തിനുപിന്നാലെ ഇപ്പോള്‍ കനത്ത ആക്രമണവും നേരിടുന്ന ഗാസയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ അറബ്ലീഗ് തലവന്‍ നബീല്‍ അല്‍ അറബിയുടെ നേതൃത്വത്തില്‍ 10 അറബ്രാജ്യങ്ങളിലെ വിദേശമന്ത്രിമാര്‍ ഗാസയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ ഗാസയിലുള്ളപ്പോഴും അവിടെ ബോംബിട്ട ഇസ്രയേല്‍ അന്താരാഷ്ട്ര മര്യാദകളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് വീണ്ടും തെളിയിച്ചു. തുര്‍ക്കി വിദേശമന്ത്രിയും ഗാസയില്‍ എത്തിയിട്ടുണ്ട്. ഇതിനിടെ ഒരാഴ്ചയ്ക്കിടെ രണ്ടാംതവണ പലസ്തീന്‍പോരാളികളുടെ പ്രത്യാക്രമണത്തില്‍ ജറുസലേമില്‍ റോക്കറ്റ് പതിച്ചു. വെസ്റ്റ് ബാങ്ക് ജൂത കുടിയേറ്റ കേന്ദ്രമായ ഗുഷ് എത്സിയോണിനുസമീപം ഒഴിഞ്ഞ പ്രദേശത്താണ് റോക്കറ്റ് വീണത്. ഇസ്രയേലി നഗരമായ ബീര്‍ ഡേവയിലും 11 റോക്കറ്റുകള്‍ പതിച്ചു. ആവശ്യമെങ്കില്‍ മേഖലയിലെ അമേരിക്കക്കാരെ നാട്ടിലെത്തിക്കാന്‍ ഒബാമ ഭരണകൂടം മൂന്ന് യുദ്ധക്കപ്പലുകള്‍കൂടി മധ്യപൗരസ്ത്യ ദേശത്തേക്ക് അയച്ചു.

Tuesday, November 20, 2012

കൂട്ടക്കുരുതി: മരണം 100 കടന്നു

ഗാസ സിറ്റി: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വ്യോമ-നാവിക ആക്രമണം ഏഴാംനാളിലേക്ക് കടക്കുമ്പോള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറിലധികമായി. ഇവരില്‍ പകുതിയിലധികവും സാധാരണ ജനങ്ങളാണ്. ബഹുഭൂരിപക്ഷവും പിഞ്ചുകുട്ടികളും സ്ത്രീകളും. 900ത്തിലധികമാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിലും അധികവും സ്ത്രീകളും കുട്ടികളുമാണ്. ഞായറാഴ്ച 31 പേര്‍ കൊല്ലപ്പെട്ട ഗാസയില്‍ തിങ്കളാഴ്ച മരണസംഖ്യ നാല്‍പ്പതോളമാണ്.

കുഞ്ഞുങ്ങളുടെ മൃതശരീരങ്ങളും മാരകമായി പരിക്കേറ്റ് ചോരയില്‍ കുളിച്ചവരുടെ ദൃശ്യങ്ങളും ലോകമനഃസാക്ഷിയെ നടുക്കുമ്പോഴും അമേരിക്ക അക്രമിയായ ഇസ്രയേലിനെ ന്യായീകരിക്കുകയാണ്. നിഷ്ഠുരമായ ആക്രമണം തടയാന്‍ ലോകസമൂഹം കാര്യമായി ഒന്നും ചെയ്യാതിരിക്കെ 2008-09ലെ യുദ്ധത്തിന്റെ ആവര്‍ത്തനമാകുമോ എന്ന ആശങ്ക പരക്കുകയാണ്. ഗാസ ഭരിക്കുന്ന ഹമാസിനോട് യോജിപ്പുള്ള ഇസ്ലാമിക കക്ഷി ഭരിക്കുന്ന ഈജിപ്തിന്റെ നേതൃത്വത്തിലുള്ള പരിമിത ശ്രമങ്ങള്‍ ഒഴിച്ചാല്‍ സമാധാനത്തിന് കാര്യമായ നയതന്ത്രശ്രമങ്ങളില്ല. സാധാരണ പൗരജനങ്ങള്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കും എന്ന് ലോകനേതാക്കള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അവകാശപ്പെട്ടിരിക്കെയാണ് കൊല്ലപ്പെട്ടവരുടെ എണ്ണം നൂറുകടന്നത്. സമാധാനചര്‍ച്ചകളില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഹമാസ് ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ പോരാ, ഉപരോധം അവസാനിപ്പിക്കണം എന്നും വ്യക്തമാക്കിയിട്ടുണ്ട്. ആറ് ദിവസത്തിനിടെ ഗാസയില്‍ 1300 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സേന അറിയിച്ചു. പ്രത്യാക്രമണത്തില്‍ പലസ്തീന്‍ പോരാളികള്‍ 550ഓളം റോക്കറ്റുകള്‍ തൊടുത്തെങ്കിലും അതില്‍ 300ലധികവും ഇസ്രയേലിന്റെ പ്രതിരോധ മിനാരം തടഞ്ഞു. അവശേഷിക്കുന്നവയില്‍ പകുതിയിലധികവും ഇസ്രയേലില്‍ എത്തിയതുമില്ല. എത്തിയവ പറയത്തക്ക നാശവുമുണ്ടാക്കിയില്ല. തിരിച്ചടിക്കാന്‍പോലും കഴിയാത്ത ദുര്‍ബലമായ ജനതയ്ക്കെതിരെയാണ് ഇസ്രയേല്‍ സൈനികമുഷ്ക് തുടരുന്നത്.

തിങ്കളാഴ്ചയും ഒരു മാധ്യമകേന്ദ്രം ഇസ്രയേല്‍ ആക്രമിച്ചു. കൂടാതെ ഇസ്രയേലി സേനയുടെ ഇലക്ട്രോണിക് യുദ്ധവിഭാഗം ഗാസയിലെ ടെലിഫോണ്‍, റോഡിയോ പരിപാടികളില്‍ തങ്ങളുടെ സന്ദേശങ്ങള്‍ തിരുകിക്കയറ്റി. പലയിടത്തും ഇസ്രയേലി യുദ്ധവിമാനങ്ങളും പൈലറ്റില്ലാത്ത ഡ്രോണുകളും താണുപറന്ന് നാശം വിതയ്ക്കുകയാണ്. വീട്ടില്‍ കിടന്നുറങ്ങുന്ന കുട്ടികളും പാടത്ത് പണിയെടുക്കുന്ന കര്‍ഷകരും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും തിങ്കളാഴ്ചയും സയണിസ്റ്റ് ശക്തിയുടെ മിസൈലുകള്‍ക്കിരയായി. അഞ്ച് വര്‍ഷമായുള്ള ഉപരോധംമൂലം മരുന്നും സൗകര്യങ്ങളുമില്ലാതെ വിഷമിക്കുന്ന ആശുപത്രികളില്‍ പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സ നല്‍കാന്‍ പോലും കഴിയുന്നില്ല.

സമാധാനശ്രമത്തിന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാണ്‍ കി മൂണ്‍ ചൊവ്വാഴ്ച ഇസ്രയേല്‍ സന്ദര്‍ശിക്കുന്നുണ്ട്. ഈജിപ്ത് വിദേശമന്ത്രി മുഹമ്മദ് അമറിന്റെയും അറബ് ലീഗ് തലവന്‍ നബീല്‍ അല്‍ അറബിയുടെയും നേതൃത്വത്തില്‍ അറബ്ലീഗ് സംഘം ഗാസയില്‍ ഐക്യദാര്‍ഢ്യവുമായെത്തും. കരയുദ്ധത്തിനും ഒരുങ്ങുന്ന ഇസ്രയേലിനെ അതില്‍നിന്ന് തടയാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ മുന്നറിയിപ്പുണ്ട്. കരയുദ്ധം തുടങ്ങിയാല്‍ ഇപ്പോള്‍ ഇസ്രയേലിന് "ലോകസമൂഹ"ത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണയ്ക്ക് മാറ്റം വരുമെന്നാണ് കാമറണിന്റെ ഉപദേശം.

ഇസ്രയേല്‍ കൂട്ടക്കുരുതിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധമിരമ്പി

ന്യൂഡല്‍ഹി: അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ പലസ്തീനിലെ ഗാസയില്‍ നടത്തുന്ന കൂട്ടക്കൊലയ്ക്കെതിരെ ഡല്‍ഹി ഇസ്രയേല്‍ എംബസിക്കു മുന്നില്‍ വന്‍ പ്രതിഷേധം. എസ്എഫ്ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും അധ്യാപകരും പ്രതിഷേധത്തില്‍ അണിനിരന്നു. ഇസ്രയേല്‍ അതിക്രമം തുടരുമ്പോഴും നിശ്ശബ്ദത പുലര്‍ത്തുന്ന യുപിഎ സര്‍ക്കാരിനെതിരെ പ്രതിഷേധം അലയടിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും കോലം കത്തിച്ചു. എംബസിക്കു മുന്നില്‍ പൊലീസ് ബാരിക്കേഡ് കെട്ടി പ്രകടനം തടഞ്ഞു. ജലപീരങ്കിയും വന്‍ പൊലീസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. നവ ഉദാരവല്‍ക്കരണനയം നടപ്പാക്കുന്ന യുപിഎ സര്‍ക്കാരിന് അമേരിക്കയുടെ പിന്തുണയോടെ സയണിസ്റ്റുകള്‍ നടത്തുന്ന അക്രമത്തിനെതിരെ പ്രതികരിക്കാന്‍ ധൈര്യമില്ലെന്ന് ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ അധ്യാപകനായ കമല്‍ ചുനായ് പറഞ്ഞു. നെഹ്റുവിന്റെ കാലം ഇന്ത്യ പലസ്തീനോട് സ്വീകരിച്ച നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കൈയൊഴിയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹ്യശാസ്ത്രജ്ഞന്‍ സൂസന്‍ വിശ്വനാഥന്‍, ഡല്‍ഹി സര്‍വകലാശാലാ അധ്യാപകന്‍ അശുതോഷ്കുമാര്‍ എന്നിവരും പങ്കെടുത്തു. ജെഎന്‍യു, ഡല്‍ഹി സര്‍വകലാശാല, ജാമിയ മിലിയ, സൗത്ത് ഏഷ്യ സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

Monday, November 19, 2012

ഗാസ: മൗനം ഇന്ത്യക്ക് കളങ്കം

ന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രയേല്‍ ചോരപ്പുഴ ഒഴുക്കുമ്പോഴും ഇന്ത്യക്ക് മൗനം. ആക്രമണം നിര്‍ത്തണമെന്ന് സയണിസ്റ്റ് വംശീയ രാഷ്ട്രത്തോട് പറയാന്‍ ഇന്ത്യക്ക് കഴിയുന്നില്ല. പകരം ഇരുപക്ഷവും ചര്‍ച്ച നടത്തി സംഘര്‍ഷത്തിന് അയവുവരുത്തണമെന്ന ഉപദേശം മാത്രമാണ് ഇന്ത്യയുടേത്. യുഎന്‍ രക്ഷാസമിതിയുടെ താല്‍ക്കാലിക അധ്യക്ഷപദവിയിലിരിക്കുന്ന രാഷ്ട്രമായിട്ടും പ്രശ്നപരിഹാരത്തിന് നേതൃത്വമെടുക്കാന്‍ ഇന്ത്യ വിസമ്മതിക്കുകയാണ്.

ഇസ്രയേല്‍ ആക്രമണം തുടങ്ങി അഞ്ചാംദിവസം മാത്രമാണ് പരിഹാരത്തിന് ഇരുപക്ഷവും ശ്രമിക്കണമെന്ന പ്രസ്താവനപോലും വിദേശമന്ത്രാലയം ഇറക്കിയത്. അവിഭക്ത പലസ്തീന്‍ വിഭജിച്ച് ഇസ്രയേല്‍ രൂപീകരിക്കുന്നതിന് ചര്‍ച്ച ഉയര്‍ന്നപ്പോള്‍ത്തന്നെ മഹാത്മാഗാന്ധിയടക്കം ഇന്ത്യന്‍ നേതാക്കള്‍ അതിനെ എതിര്‍ത്തിരുന്നു. എന്നാല്‍, ഇപ്പോള്‍ പലസ്തീന്റെ അവശിഷ്ട മണ്ണുകൂടി കവര്‍ന്ന് ഇസ്രയേല്‍ ആ ജനതയെ കൂട്ടക്കൊല ചെയ്യുമ്പോഴും ഇന്ത്യക്ക് മൗനമാണ്.

ഇസ്രയേല്‍ വ്യോമസേനയുടെ ആക്രമണത്തില്‍ ഇതിനകം അറുപതോളം പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. ഹമാസ് പ്രധാനമന്ത്രി ഇസ്മയില്‍ ഹനിയെയുടെ ആസ്ഥാനംപോലും ബോംബിട്ടുതകര്‍ത്തു. ജനാധിപത്യത്തോടുള്ള ഇസ്രയേലിന്റെ വെറി ആക്രമണത്തിലൂടെ തെളിഞ്ഞിട്ടും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം അതിനോട് ശക്തമായി പ്രതികരിക്കാത്തത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ വില കുറയ്ക്കുമെന്ന് പ്രതിരോധവിദഗ്ധന്‍ പ്രബീര്‍ പുര്‍കായസ്ത പറഞ്ഞു. ഇസ്രയേലുമായുള്ള ആയുധക്കച്ചവടവും അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധവുമാണ് പലസ്തീന്‍ ജനതയുമായുള്ള ആത്മബന്ധം ഉപേക്ഷിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായുള്ള ആയുധക്കച്ചവടത്തില്‍നിന്ന് ലഭിക്കുന്ന വരുമാനമാണ് ഗാസയ്ക്കെതിരായ ആക്രമണം ശക്തമാക്കാന്‍ ഇസ്രയേല്‍ ഉപയോഗിക്കുന്നതെന്നും അതിനാലാണ് ഇസ്രയേലുമായുള്ള സൈനികബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇസ്രയേലില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പും പലസ്തീന്‍ അതോറിറ്റിക്ക് യുഎന്‍ അംഗീകാരം ലഭിക്കുന്നത് തടയുകയുമാണ് ഗാസ ആക്രമണത്തിന്റെ ലക്ഷ്യം. അധികാരത്തില്‍ തുടരാന്‍ പലസ്തീനെ ആക്രമിക്കുകയെന്നത് ഇസ്രയേലിലെ വലതുപക്ഷം എപ്പോഴും സ്വീകരിക്കുന്ന തന്ത്രമാണ്. ഹമാസിന്റെ റോക്കറ്റാക്രമണമാണ് സംഘര്‍ഷത്തിന് കാരണമെന്ന് വരുത്തി പലസ്തീന്‍ അതോറിറ്റിക്ക് യുഎന്‍ അംഗീകാരം അമേരിക്കയുടെ സഹായത്തോടെ റദ്ദാക്കുകയെന്നതും ഇസ്രയേലിന്റെ ലക്ഷ്യമാണ്.

എന്നാല്‍, അറബ്ലോകത്തെ മാറ്റം പൂര്‍ണമായും ഉള്‍ക്കൊള്ളാതെയുള്ള നീക്കമാണ് ഇസ്രയേലിന്റേതെന്ന് പ്രബീര്‍ പുര്‍കായസ്ത പറഞ്ഞു. പലസ്തീന്‍പ്രശ്നം സൈനികനീക്കത്തിലൂടെ പരിഹരിക്കാമെന്നത് ഇസ്രയേലിന്റെ മിഥ്യാമോഹമാണ്. അറബ്ലോകത്ത് ശക്തരായ നേതാക്കളുടെ അഭാവം തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് ഇസ്രയേലിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും കാറ്റ് അറബ്ലോകത്തും വീശുകയാണെന്ന യാഥാര്‍ഥ്യമാണ് ഇസ്രയേല്‍ വിസ്മരിക്കുന്നത്. ഇത് അവരുടെതന്നെ ശവക്കുഴിതോണ്ടും- പ്രബീര്‍ പുര്‍കായസ്ത പറഞ്ഞു.
 
****
 
വി ബി പരമേശ്വരന്‍

 

വംശഹത്യ

 ഗാസ/ജറുസലേം: ഗാസയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും നിഷ്ഠുരമായ ആക്രമണം തുടര്‍ന്ന ഇസ്രയേലി സൈന്യം നടത്തുന്നത് വംശഹത്യ. പോര്‍വിമാനങ്ങള്‍ക്കൊപ്പം യുദ്ധക്കപ്പലുകള്‍കൂടി മിസൈല്‍ വര്‍ഷിച്ചുതുടങ്ങിയതോടെ ഗാസയില്‍ ജീവിതം ദുസഹമായി. 24 മണിക്കൂറിനിടെ 20ല്‍പരം ആളുകള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച തുടങ്ങിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 58 ആയെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു. നിരവധി പിഞ്ചുകുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഗാസയില്‍ നിന്ന് ആക്രമണവാര്‍ത്തകള്‍ പുറംലോകത്തെത്തുന്നത് തടയാന്‍ ഞായറാഴ്ച അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകളും തകര്‍ത്തു. സൈനികനടപടി കൂടുതല്‍ വ്യാപിപ്പിക്കുമെന്നും ഇസ്രയേല്‍ പ്രഖ്യാപിച്ചു.

ഞായറാഴ്ച പുലരുംവരെയും ആകാശത്തും കടലിലുംനിന്ന് ഇസ്രയേല്‍ രൂക്ഷമായ ആക്രമണം തുടര്‍ന്നു. ഹമാസ് പ്രവര്‍ത്തകന്റെ വീടിനുനേരെ നടന്ന ഒരു ആക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അഭയാര്‍ഥി ക്യാമ്പിനുനേരെ ഉണ്ടായ ആക്രമണത്തില്‍ മൂന്നുകുട്ടികള്‍ കൊല്ലപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഒന്നരവയസ്സും മൂന്നര വയസ്സുമുള്ള സഹോദരങ്ങളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റൊരു ആക്രമണത്തില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയും കൊല്ലപ്പെട്ടു. തുടര്‍ച്ചയായ ആക്രമണം ഗാസയെ പുകപടലത്തിലാക്കി. ഏതുനിമിഷവും ഗാസയില്‍ കടന്നുകയറി കര ആക്രമണത്തിനും സന്നദ്ധമായി ഇസ്രയേലി സൈന്യം അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കയാണ്. ഗാസയിലെ മാധ്യമസ്ഥാപനങ്ങള്‍ക്കുനേരെ നടന്ന വ്യോമാക്രമണത്തില്‍ എട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ കാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. അറബ് അല്‍ ഖുദ്സ് ടിവി ശൃംഖലയുടെ ഓഫീസാണ് ആദ്യം തകര്‍ത്തത്. തുടര്‍ന്ന് അല്‍ അറേബ്യ, റഷ്യ ടുഡെ, കുവൈത്ത് ടിവി, ബ്രിട്ടന്റെ സ്കൈ ന്യൂസ്, ജര്‍മനിയുടെ എആര്‍ഡി, ഇറ്റലിയുടെ റായ് എന്നിവയുടെയും ഹമാസിന്റെ അല്‍ അഖ്സ ടിവി ചാനലിന്റെയും ഓഫീസുകളും ആക്രമണത്തിനിരയായി. പ്രദേശത്തെ റേഡിയോ പ്രക്ഷേപണം നിലച്ചു. ഹമാസിന്റെ ട്രാന്‍സ്മിഷന്‍ ആന്റിന തകര്‍ക്കാനാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേലി സേനാ വക്താവ് പറഞ്ഞു. വിദേശ മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ ഉണ്ടെന്ന് അറിയാമായിരുന്നെന്ന് അദ്ദേഹം സമ്മതിച്ചു.

അതിനിടെ, ഈജിപ്തിന്റെ മുന്‍കൈയില്‍ നടക്കുന്ന അനുരജ്ഞന ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഫ്രാന്‍സിന്റെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ലോറങ് ഫാബിയസ് ഗാസയിലെത്തി. അടിയന്തര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും യുദ്ധം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരയിലൂടെ ഇസ്രയേല്‍ കടന്നാക്രമണം തുടങ്ങിയാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി മുന്നറിയിപ്പ് നല്‍കി. ഈജിപ്തും സ്വതന്ത്രലോകവും ഒരിക്കലും ഈ നടപടി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ സ്ഥിതിഗതിയില്‍ ആശങ്ക പ്രകടിപ്പിച്ചു. നെതന്യാഹുവിനെ ഫോണ്‍ചെയ്ത കാമറണ്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, ആക്രമണത്തില്‍നിന്ന് പിന്മാറാന്‍ ഒരുക്കമല്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. സൈനികനീക്കം കൂടുതല്‍ വ്യാപിപ്പിക്കാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. ഗാസയെ മധ്യകാലത്തിന്റെ ഇരുണ്ടനാളുകളിലേക്ക് തള്ളുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേല്‍ ആഭ്യന്തരമന്ത്രി എലി യിഷായ് "ഹാരെറ്റ്സ്" ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഗാസയില്‍നിന്ന് വാണിജ്യനഗരമായ ടെല്‍ അവീവിനെ ലക്ഷ്യമിട്ട റോക്കറ്റുകള്‍ തങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു.

അന്താരാഷ്ട്രസമൂഹം ഇടപെടണം: സിപിഐ എം

തിരു: പലസ്തീന്‍ജനതയ്ക്കെതിരെ ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടം നടത്തുന്ന അതിഭീകരമായ കടന്നാക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്രസമൂഹം ഇടപെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ആക്രമണത്തെ അപലപിച്ചും വീരോചിതമായി ചെറുത്തുനില്‍ക്കുന്ന പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കാന്‍ പാര്‍ടി ഘടകങ്ങളോടും ജനങ്ങളോടും സെക്രട്ടറിയറ്റ് ആഹ്വാനംചെയ്തു. 
 
നാലുദിവസമായി തുടരുന്ന ആക്രമണത്തില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം അമ്പതിലേറെപ്പേര്‍ കൊല്ലപ്പെടുകയും പിഞ്ചുകുഞ്ഞുങ്ങളടക്കം ആയിരങ്ങള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഈ ക്രൂരമായ ആക്രമണങ്ങള്‍ക്കുപിന്നില്‍ ഇസ്രയേലിന്റെ അധിനിവേശലക്ഷ്യങ്ങളോടൊപ്പം, വരുന്ന ജനുവരിയില്‍ നടക്കാന്‍പോകുന്ന ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി മേല്‍ക്കൈ നേടുകയെന്ന പ്രധാനമന്ത്രി നെതന്യാഹുവിന്റെ കുടിലതയുമുണ്ട്. 17 ലക്ഷം പലസ്തീനികളെ പശ്ചിമതീരത്തും ഗാസയിലും ബന്ദികളെപ്പോലെ വളഞ്ഞുവച്ച് പീഡിപ്പിക്കുകയും കൊന്നുതള്ളുകയും ചെയ്യുന്ന പൈശാചികത്വം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നഗ്നമായ പിന്തുണയോടെയും സാമ്പത്തിക- സൈനിക- രാഷ്ട്രീയ സഹായത്തോടെയുമാണ്. ഐക്യരാഷ്ട്രസഭയുടെ പ്രസക്തങ്ങളായ ഒട്ടേറെ പ്രമേയങ്ങളുടെ നിര്‍ദേശങ്ങള്‍ ലംഘിക്കാന്‍ ഇസ്രയേലിന് മടിയില്ല. 
 
പലസ്തീന്‍ ജനതയോട് ആത്മാര്‍ഥമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തുവരാന്‍ ഇന്ത്യാ ഗവണ്‍മെന്റ് അറച്ചുനില്‍ക്കുകയാണ്. മഹാത്മാഗാന്ധിയുടെ കാലംമുതല്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനം പിന്തുടര്‍ന്നുവന്ന നിലപാട് സത്യസന്ധമായി ഉയര്‍ത്തിപ്പിടിക്കാന്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും തയ്യാറാകണം. ഇസ്രയേലില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. ഈ പണംകൂടി പലസ്തീന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ ഇസ്രയേല്‍ ഭരണകൂടം ഉപയോഗപ്പെടുത്തുന്നുണ്ട് എന്നത് മറക്കരുത്. ഇസ്രയേല്‍ ഭരണകൂടവുമായി കൈകോര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരില്‍ മുസ്ലിംലീഗ് മന്ത്രിയും നിര്‍വികാരനായി ഉറച്ചിരിക്കുകയാണ്. കോണ്‍ഗ്രസിനും മുസ്ലിംലീഗിനും ഇതുസംബന്ധിച്ച് എന്ത് വിശദീകരണമാണ് നല്‍കാനുള്ളതെന്ന് വ്യക്തമാക്കണം.
 
കടന്നാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അടിയന്തരമായി ഇന്ത്യ ആവശ്യപ്പെടണം. ഇസ്രയേലിനെ സംരക്ഷിക്കുന്ന അമേരിക്കന്‍ നയത്തെ എല്ലാ സമാധാനവാദികളും അപലപിക്കണം. ആക്രമണത്തെ അപലപിച്ചും പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും തിങ്കളാഴ്ച വൈകിട്ട് എല്ലാ ഏരിയ കേന്ദ്രങ്ങളിലും പ്രകടനവും യോഗവും നടത്താന്‍ പാര്‍ടി സഖാക്കളോടും അനുഭാവികളോടും സമാധാനകാംക്ഷികളോടും സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.