Showing posts with label അഭിമുഖം. Show all posts
Showing posts with label അഭിമുഖം. Show all posts

Saturday, June 19, 2021

പ്രഫുൽ പട്ടേൽ ഒരു ടൂൾ മാത്രം; നടപ്പാകുന്നത് സംഘപരിവാര്‍ അജണ്ട ..ആയിഷ സുല്‍ത്താന പ്രതികരിക്കുന്നു.

ലക്ഷദ്വീപ് സമൂഹത്തിൽ നിന്നുള്ള ആദ്യ സിനിമാസംവിധായികയാണ് ആയിഷ സുൽത്താന. ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നടപടികളിലെ ആപത്‌സൂചനകളെപ്പറ്റി ആദ്യം പ്രതികരിച്ചവരിൽ പ്രധാനിയാണ് അവർ. ഈ പ്രതികരണങ്ങളുടെ പേരില്‍ അവരെ ദേശദ്രോഹ കുറ്റം ചുമത്തി ജയിലിലാക്കാന്‍ നീക്കം നടക്കുന്നു.

ദ്വീപിൽ  ഇപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് ആയിഷ വ്യക്തമാക്കുന്നു.

(ദേശാഭിമാനി വാരിക പ്രസിദ്ധീകരിച്ച അഭിമുഖം.)

? ലക്ഷദ്വീപിൽ നിന്നുള്ള ആദ്യ സിനിമാസംവിധായികയാണ് ആയിഷ സുൽത്താന എന്നറിയാം. താങ്കളുടെ പ്രവർത്തനങ്ങൾ സ്വയം പരിചയപ്പെടുത്താമോ.

= ഞാൻ ലക്ഷദ്വീപ് സമൂഹത്തിലെ ചെത്‌ലാത്ത് ദ്വീപ് സ്വദേശിയാണ്. സ്‌കൂൾ പഠനാനന്തരം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബി എ മലയാളം കരസ്ഥമാക്കി. ലാൽജോസിന്റെ കീഴിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് ഫിലിം ഫീൽഡിൽ തുടക്കം. ഇപ്പോൾ സ്വന്തമായി ഒരു ഫിലിം ചെയ്തു. ‘ഫ്ലഷ് ’ എന്നാണ് പേര്. ഷൂട്ടിങ്‌ ഒക്കെ കഴിഞ്ഞു. എഡിറ്റിങ്ങിലാണ്. സിനിമയെക്കുറിച്ച് അധികം പറയാൻ ഉദ്ദേശിക്കുന്നില്ല. ദ്വീപ് വിഷയത്തിലുള്ള എന്റെ എളിയ ഇടപെടലുകൾ പുതിയ സിനിമയുടെ പ്രചാരണത്തിനുവേണ്ടിയാണെന്ന് തൽപ്പര കക്ഷികൾ പ്രചരിപ്പിക്കുവാൻ സാധ്യതയുണ്ട്.

2009 മുതൽ ജോലി ആവശ്യാർഥവും മറ്റും ഞാൻ എറണാകുളത്താണ് താമസിക്കുന്നത്. ചെത്തിലാത്തിൽ ഇടയ്‌ക്ക്‌ പോകാറുണ്ട്.

-? ചെത്‌ലാത്ത് ദ്വീപിലെ കുട്ടിക്കാലവും സാമൂഹിക സാം സ്‌ക്കാരിക കാലാവസ്ഥയും വിശദീകരിക്കാമോ.

= ഞാൻ ജനിച്ചത് ചെത്‌ലാത്ത് ദ്വീപിലാണെങ്കിലും പിതാവിന്റെ ജോലി മിനിക്കോയ് ദ്വീപിലായതിനാൽ വളരെ ചെറുപ്പത്തിൽ തന്നെ അങ്ങോട്ട് പോയി. എട്ടാം ക്ലാസ്സുവരെ പഠിച്ചത് മിനിക്കോയ് ദ്വീപിലാണ്. തുടർന്ന് പത്താംതരം വരെ ചെത്‌ലാത്ത് ദ്വീപിലും. ചെത്ലാത്ത് ഒരു ചെറിയ ദ്വീപാണ്. 2011 ൽ അവിടത്തെ ജനസംഖ്യ 2400 ആണ്. 84.4 ശതമാനമാണ് സാക്ഷരതാ നിരക്ക്. പൊതുവെ സമാധാനപ്രിയരും ശാന്തസ്വഭാവികളുമാണ് എന്റെ ദ്വീപുകാർ. എല്ലാവർക്കും എല്ലാവരേയും അറിയാം. പരുസ്‌പരം സഹായിച്ചും ഉള്ളത് പങ്കുവെച്ചും ജീവിക്കുന്നവരാണ്. മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതും ചതിയും വഞ്ചനയുമൊക്കെ ദ്വീപുവാസികൾക്ക് കേട്ടുകേൾവികൾ മാത്രമാണ്.

നൂറ്റാണ്ടുകൾക്കു മുമ്പേ കേരളവുമായി പലതരത്തിൽ ബന്ധമുള്ളവരാണ് ഞങ്ങൾ. എല്ലാ ദ്വീപുകളുടേയും അവസ്ഥ ഇതു തന്നെയാണ്. കേരളീയ സംസ്‌കാരവുമായും ജനങ്ങളുമായും പല തരത്തിൽ ബന്ധവും വംശീയ സാദൃശ്യവുമുള്ളവരാണ് ലക്ഷദ്വീപ് ജനത. മലയാളമാണ് ദ്വീപിന്റെ ഔദ്യോഗിക ഭാഷ.

ഞാൻ എട്ടാം ക്ലാസ് വരെ പഠിച്ച മിനിക്കോയി ദ്വീപിന്‌ മാത്രം സമീപരാജ്യമായ മാലിദ്വീപുമായിട്ടാണ് പല കാര്യങ്ങളിലും ബന്ധവും സാമ്യവും.  മാലിദ്വീപ്‌ ഭാഷകളുമായി സാമ്യമുള്ള മഹൽ ഭാഷയാണു മിനിക്കോയ് ദ്വീപിൽ സംസാരിക്കുന്നത്. 2011 ലെ കണക്കെടുപ്പുപ്രകാരം ദ്വീപിലെ ജനസംഖ്യ 66,000 ആണ്.

? ലക്ഷദ്വീപിന്റെ ലഭ്യമായ ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ ചുരുക്കി വിവരിക്കാമോ.

= ഈ വിഷയത്തിൽ ഞാനൊരു പണ്ഡിതയല്ല. എന്നാലും ചിലത് സൂചിപ്പിക്കാം.

ലക്ഷദ്വീപ്‌ സമൂഹത്തിലെ ദ്വീപുകൾ രൂപപ്പെട്ടിട്ട് പതിനായിരം വർഷത്തിലേറെയായെന്നാണ് ചരിത്രകാരന്മാരുടെ അനുമാനം. കടൽ കടന്ന് ഇന്ത്യയിലേക്ക് വന്ന പല സഞ്ചാരികളുടേയും കുറിപ്പുകളിൽ ദ്വീപിനെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. എ ഡി ആറാം നൂറ്റാണ്ടിൽ ബുദ്ധമത വിശ്വാസികൾ ലക്ഷദ്വീപിൽ  ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. എട്ടാം നൂറ്റണ്ടിൽ ഇസ്ലാം മതം ലക്ഷദ്വീപിൽ എത്തിയതായി വിശ്വസിക്കപ്പെടുന്നു. വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല.

പോർച്ചുഗീസുകാരുടെ ക്രൂരതകൾക്ക് വിധേയമായവരാണ് ലക്ഷദ്വീപ് ജനത. സ്ത്രീകളെ ഉപദ്രവിച്ചും കൊള്ളയടിച്ചും ദ്വീപ്‌ ജനതയെ പൊറുതിമുട്ടിച്ച പോർച്ചുഗീസുകാരെ ഒറ്റക്കെട്ടായി നിന്ന് പൊരുതി കെട്ടുകെട്ടിച്ചവരാണ് ദ്വീപ്‌ ജനത. ദീർഘകാലം അറക്കൽ രാജവംശത്തിന്റെ കീഴിലായിരുന്നു ലക്ഷദ്വീപ്. മാലിദ്വീപ് സമൂഹത്തിൽപെട്ട കുറെ ദ്വീപുകളും അറക്കൽ രാജവംശത്തിന്റെ കീഴിലായിരുന്നു.

1787ൽ അമിനി, കടമത്ത്‌, കിൽതാൻ, ചെത്ത്‌ലാത്, ബിത്ര തുടങ്ങിയ ദ്വീപുകൾ ടിപ്പു സുൽത്താന്റെ ആധിപത്യത്തിൻ കീഴിലായി. മൂന്നാം ആംഗ്ലോ‐-മൈസൂർ യുദ്ധത്തിനു ശേഷം ടിപ്പു സുൽത്താന്റെ ഭരണം അവസാനിച്ച ശേഷം ഇംഗ്ലീഷുകാരുടെ ഭരണത്തിൻ കീഴിലായിരുന്നു ലക്ഷദ്വീപ്.

- ? ലക്ഷദ്വീപിന്റെ കലാപാരമ്പര്യം എന്തെന്ന് വിശദമാക്കാമോ.              

 = സമ്പന്നമായ കലാപാരമ്പര്യമുള്ളവരാണ് ലക്ഷദ്വീപുകാർ. ദ്വീപിന്റെ തനതായ ഒട്ടേറെ കലാരൂപങ്ങളുണ്ട്. ഡോലിപ്പാട്ട്, ഉലക്കമുട്ട് പാട്ട്, കാറ്റു വിളിപ്പാട്ട്, കൈ കൊട്ടിപ്പാട്ട്, ലാവാ നൃത്തം തുടങ്ങി ഒട്ടേറെ തനത് കലാരൂപങ്ങളും വൈവിധ്യമാർന്ന പാട്ടുപാരമ്പര്യവും ലക്ഷദ്വീപിലുണ്ട്. ആധുനിക കലാരൂപങ്ങളിലും ലക്ഷദ്വീപ് ഒട്ടും പിന്നിലല്ല. ഇന്ത്യയിലെ തന്നെ പ്രശസ്തനായ ചിത്രകാരൻ എൻ കെ പി മുത്തു കോയ ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപ് നിവാസിയാണ്. മദ്രാസ് ഗവൺമെന്റ് കോളേജ് ഓഫ് ആർട്സിൽ കെ സി എസിന്റെ ശിഷ്യനായി പഠിച്ചയാളാണ്. അദ്ദേഹത്തിന്റെ സർറിയലിസ്റ്റിക് ചിത്രങ്ങൾ പ്രശസ്തമാണ്.

- ? സ്വാതന്ത്യാനന്തരമുള്ള ലക്ഷദ്വീപിന്റെ അവസ്ഥയെന്താണ്.

= സ്വാതന്ത്ര്യാനന്തരം ലക്ഷദ്വീപിനെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ചു. അന്നുമുതൽ കേന്ദ്ര സർക്കാർ അയക്കുന്ന അഡ്മിനിസ്ട്രേറ്റർമാരാണ് ലക്ഷദ്വീപ് ഭരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ 239ാം ആർട്ടിക്കിൾ അനുസരിച്ച് ഇന്ത്യൻ പ്രസിഡന്റിന്റെ അംഗീകാരത്തോടെയാണ്  കേന്ദ്ര ഭരണപ്രദേശങ്ങളിലേക്ക് അഡ്മിനിസ്ട്രേറ്റർമാരെ നിയോഗിക്കുന്നത്. ഏറ്റവും ഒടുവിൽ ലക്ഷദ്വീപിൽ ഭരണാധികാരിയായി എത്തിയ പ്രഫുൽ ഘോടാ പട്ടേൽ അടക്കം 37 അഡ്മിനിസ്ട്രേറ്റർമാർ ലക്ഷദ്വീപ് ഭരിച്ചിട്ടുണ്ട്. ബിജെപി സർക്കാർ അധികാരമേൽക്കുന്നതിന്‌ മുമ്പ് ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർമാരായി വന്നവരെല്ലാം ഐ എ എസ് റാങ്കിൽ ഉള്ളവരായിരുന്നു. രാഷ്ട്രീയനിയമനം തുടങ്ങിയത് ബിജെപിയാണ്. മലയാളിയായ മൂർക്കോത്ത് രാമുണ്ണി അടക്കം നിരവധി മികച്ച അഡ്മിനിസ്‌ട്രേറ്റർമാർ മുന്പുണ്ടായിരുന്നു. ദ്വീപു ജനതയുടെ സ്‌നേഹം പിടിച്ചുപറ്റിയവരാണവർ. പുതിയ അഡ്മിനിസ്ട്രേറ്റർമാർ വരുമ്പോൾ ആഘോഷപൂർവമാണ് ദ്വീപ് ജനത അവരെ സ്വീകരിക്കാറുള്ളത്.

1960 കളിലേയും അതിനു മുമ്പത്തേയും ദ്വീപ് അവസ്ഥയെപ്പറ്റി അറിയാൻ മൂർക്കോത്ത് രാമുണ്ണി രചിച്ച ‘ആ അർധരാത്രിക്കു മുമ്പും പിമ്പും’ എന്ന പുസ്തകം വായിച്ചു നോക്കിയാൽ മതി. ഒരർഥത്തിൽ, പണ്ട് വൈസ്രോയിമാർ വന്ന് ഇന്ത്യ ഭരിച്ചതു പോലെയാണ് ദ്വീപുകാരുടെ അവസ്ഥ. ഞങ്ങൾ തെരഞ്ഞെടുത്തവരല്ല ഞങ്ങളെ ഭരിക്കുന്നത്. മുമ്പത്തെ അഡ്മിനിസ്‌ട്രേറ്റർമാർ ഞങ്ങളെ മനസ്സിലാക്കുവാൻ ശ്രമിച്ചിരുന്നു. ദ്വീപിൽ വികസനവും ക്ഷേമവും ഉണ്ടാകണമെന്ന് അവരാഗ്രഹിച്ചിരുന്നു. പൊളിറ്റിക്കൽ നിയമന ത്തിലൂടെ വന്നവർ അക്കാര്യത്തിൽ അമ്പേ പരാജയമാണ്. അവരുടെ ഗൂഢ അജണ്ടകൾ ദ്വീപ് വാസികൾക്കു മേൽ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുകയാണ്.

? വികസനമാണല്ലോ സംഘപരിവാർ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്താണ് ദ്വീപിന്റെ വികസനാവസ്ഥ.

= ഇത് കുറച്ച് വിശദീകരിച്ചു പറയേണ്ടതാണ്. പല ദ്വീപുകളും വികസന കാര്യത്തിൽ ബഹുദൂരം പിന്നിലാണ്. നല്ല ആശുപത്രികളോ ഉന്നതപഠനത്തിനുള്ള സൗകര്യങ്ങളോ ഇല്ല. തീർച്ചയായും അതൊക്കെയും ഉണ്ടാവേണ്ടതുണ്ട്. ചുരുക്കത്തിൽ, സാധാരണ ജനങ്ങളുടെ പുരോഗതിയിൽ ഊന്നുന്ന അടിസ്ഥാന വികസനമാണ് ദ്വീപിലുണ്ടാകേണ്ടത്. പരിഷ്‌കാരങ്ങൾ നടപ്പാക്കുമ്പോൾ തദ്ദേശീയ ജനതയെ കൂടി കണക്കിലെടുത്തു കൊണ്ടുള്ളതാകണം. എന്നാൽ ഇപ്പോൾ ലക്ഷദ്വീപിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതൊന്നുമല്ല. സംഘപരിവാറിന്റെ കോർപ്പറേറ്റ് അജണ്ടയാണ്.

? വികസനത്തിന്റെ പേരിൽ യഥാർത്ഥത്തിൽ സംഘപരിവാർ ലക്ഷദ്വീപിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്താണ്.

= പ്രഫുൽ പട്ടേൽ സംഘപരിവാറിന്റെ ഒരു ടൂൾ മാത്രമാണ്. അദ്ദേഹം വഴി ദ്വീപിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് സംഘപരിവാർ അജണ്ടയാണ്. നിലവിൽ, ലക്ഷദ്വീപിന്റെ സംസ്‌കാരവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകളുംസംരക്ഷിക്കുന്നതിനു വേണ്ടി നിരവധി നിയമങ്ങൾ ലക്ഷദ്വീപിലുണ്ട്. ഉദാഹരണമായി ലക്ഷദ്വീപ് ലാന്റ് ടെനൻ സി റെഗുലേഷൻ, ലക്ഷദ്വീപ് എൻട്രി പ്രൊഹിബിഷൻ റെഗുലേഷൻ തുടങ്ങിയവ. ഇവയൊക്കെ അട്ടിമറിച്ചുകൊണ്ടുള്ള നിയമങ്ങളാണ് പുതിയ അഡ്മിനിസ്‌ട്രേറ്റർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഉദാഹരണമായി, ലക്ഷദ്വീപ് ഡവലപ്‌മെന്റ് അതോറിറ്റി റെഗുലേഷൻ എന്താണെന്ന് നോക്കുക. ഇതുപ്രകാരം യാതൊരു നിബന്ധനയും നടപടിക്രമങ്ങളുമില്ലാതെ ലക്ഷദ്വീപുകാരുടെ കൈവശമുള്ള ഭൂമി ഏകപക്ഷീയമായി ഭരണാധികാരികൾക്ക് പിടിച്ചെടുക്കാൻ കഴിയും. രണ്ടാമതായി ലക്ഷദ്വീപ് ആന്റി സോഷ്യൽ ആക്റ്റിവിറ്റീസ് റെഗുലേഷൻ എന്താണെന്ന് നോക്കുക. ഇതനുസരിച്ച് ഏതൊരു വ്യക്തിയെയും 12 മാസം വരെ കരുതൽ തടങ്കലിൽ വെക്കാൻ അഡ്മിനിസ്ട്രേറ്റർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. ഈ റെഗുലേഷൻ പ്രകാരം അഡ്വൈസറി ബോർഡ് മുമ്പാകെ ഹാജരാക്കുന്ന വ്യക്തിക്ക് അഭിഭാഷക സേവനം പോലും നിഷേധിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ ഉള്ള പ്രദേശത്താണ് ഇത്ര മാരകമായ നിയമം കൊണ്ടുവരുന്നതെന്നോർക്കണം. ഈ നിയമം അത്രമേൽ നിഷ്‌കളങ്കമല്ല. എതിർക്കുന്നവരെ മുഴുവൻ വായടപ്പിക്കുവാനുള്ള താണ് ഈ നിയമം. ഈ റെഗുലേഷൻ അനുസരിച്ച് ഇതേ വരെ അറസ്റ്റു ചെയ്യപ്പെട്ടവർ ചെയ്ത ‘കുറ്റകൃത്യങ്ങൾ’ എന്തെന്ന് പരിശോധിച്ചാൽ കാര്യം വ്യക്തമാവും. എൻആർസിക്കും സിഎഎക്കുമെതിരെ മാസങ്ങൾക്കു മുമ്പ് ബാനർ പതിച്ചവർക്കെതിരെയാണ് ആദ്യം ഈ ഗുണ്ടാ ആക്ട് പ്രയോഗിച്ചിരിക്കുന്നത്!

-? ലക്ഷദ്വീപിൽ കുറ്റകൃത്യങ്ങൾ പെരുകാതിരിക്കാനാണ് ഈ ഗുണ്ടാ ആക്ട് എന്നാണല്ലോ പറയപ്പെടുന്നത്. ദ്വീപിലെ കുറ്റകൃത്യങ്ങളുടെ അവസ്ഥയെന്താണ്.

= ഞാൻ പറഞ്ഞില്ലേ ഇന്ത്യയിൽ ഏറ്റവും കുറ്റകൃത്യങ്ങൾ കുറഞ്ഞ പ്രദേശമാണ് ലക്ഷദ്വീപ്. നാളിതുവരെയുള്ള ദ്വീപിന്റെ ചരിത്രത്തിൽ  മൂന്ന് കൊലപാതകങ്ങളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ രണ്ടു കേസുകളിലെ പ്രതികൾ മാനസിക രോഗികളാണ്. ദ്വീപുകളിലെ ജയിലുകൾ പൊതുവെ ശൂന്യമാണ്. മദ്യവും മയക്കുമരുന്നുമൊന്നും ദ്വീപിൽ ലഭ്യമല്ല. അതിനാൽ അതിന്റെ പേരിലുള്ള കലഹങ്ങൾ ഇവിടെ കേട്ടുകേൾവി ഇല്ലാത്തതാണ്. മോഷണവും പിടിച്ചുപറിയുമൊന്നും ദ്വീപിൽ പൊതുവെ ഇല്ലെന്നു തന്നെ പറയാം. എന്നിട്ടും വ്യാജകഥകൾ സംഘികൾ ദ്വീപിനെക്കുറിച്ച് പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

? ദ്വീപിന്റെ സമീപത്തുനിന്ന്‌ വൻ മയക്കുമരുന്ന് ശേഖരവും ആയുധങ്ങളും പിടിച്ചെടുത്തതായി പറയപ്പെടുന്നുണ്ടല്ലോ.

= ആയുധങ്ങളും ഡ്രഗ്സും ലക്ഷദ്വീപിൽ നിന്ന് പിടിച്ചെടുത്തു എന്നത് വ്യാജ പ്രചാരണമാണ്.ഇന്ത്യൻ നേവി ശ്രീലങ്കൻ ബോട്ടുകളിൽ നിന്ന് ആയുധം പിടിച്ചെടുത്തതിനു ലക്ഷദ്വീപുകാർ എന്ത്‌ പിഴച്ചു? ആ സംഭവം നടന്നത് ലക്ഷദ്വീപിന്റെ തെക്കേ അറ്റത്തുള്ള മിനിക്കോയ് ദ്വീപിനും 90 നോട്ടിക്കല്‍ മൈല്‍ തെക്കാണ്. അതായത് മാലിദ്വീപിന് വളരെ അടുത്ത്. അത് അന്താരാഷ്ട്ര കപ്പല്‍ റൂട്ട് ആണ്. അവിടെവെച്ച് ഏതെങ്കിലും കപ്പൽ പിടിച്ചാല്‍ ഏറ്റവും അടുത്തുള്ള ഇന്ത്യന്‍ ഭൂപ്രദേശം ലക്ഷദ്വീപ് ആയതുകൊണ്ട് അത് ‘ലക്ഷദ്വീപിനരികെ' എന്നാണ് സ്ഥലം മനസ്സിലാകാനുള്ള എളുപ്പത്തിന്‌ വേണ്ടി സാധാരണ ഇന്ത്യന്‍ മാധ്യമങ്ങള്‍ എഴുതാറുള്ളത്. അതും ലക്ഷദ്വീപും തമ്മില്‍ ഒരു ബന്ധവുമില്ല. ലക്ഷദ്വീപിന്റെ ടെറിട്ടോറിയല്‍ വാട്ടർ, ദ്വീപിനുചുറ്റും വെറും 12 നോട്ടിക്കല്‍ മൈല്‍ മാത്രമാണ്.

65,000 ജനങ്ങൾ താമസിക്കുന്ന ലക്ഷദ്വീപിൽ നിന്ന് 3000 കോടിയുടെ മയക്കുമരുന്നു പിടിച്ചു എന്നൊക്കെയാണ് തൽപ്പരകക്ഷികൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. അതിന്റെ പേരിൽ ഏതെങ്കിലും ലക്ഷദ്വീപുകാരനെ അറസ്റ്റു ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ ആ വ്യക്തിയുടെ പേരും മറ്റു വിവരങ്ങളും വ്യക്തമാക്കണം. പല ചാനൽ ചർച്ചകളിലും ബിജെപി പ്രതിനിധികളെ ഇക്കാര്യത്തിൽ ഞാൻ വെല്ലുവിളിച്ചിട്ടുണ്ട്.  ഒരാൾക്കും വ്യക്തമായ മറുപടിയില്ലായിരുന്നു. നുണപ്രചാരണമെന്നത് ഒരു ഫാസിസ്‌റ്റ്‌ തന്ത്രമാണല്ലോ.

? ലക്ഷദ്വീപിലെ ജനങ്ങളാൽ 90 ശതമാനവും മുസ്ലിങ്ങളാണല്ലോ. അതും ഷെഡ്യൂൾഡ് ട്രൈബ് മുസ്ലിങ്ങൾ. ഭരണഘടനാപരമായിത്തന്നെ  പ്രത്യേക പരിരക്ഷ അർഹിക്കുന്നവർ. ലക്ഷദ്വീപിൽ ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിഷ്‌ക്കരണങ്ങൾ ദ്വീപ് വാസികളായ ഷെഡ്യൂൾഡ് ട്രൈബിന്റെ സാംസ്‌ക്കാരിക തനിമയ്‌ക്കെതിരെയുള്ള കയ്യേറ്റം കൂടിയല്ലേ.

= തീർച്ചയായും. ഒരിക്കലും തന്നെ ദ്വിപിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ ഒരു ഹിന്ദു‐മുസ്ലിം പ്രശ്നമല്ല; ഇന്ത്യൻ ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ദ്വീപ് വാസികളുടെ സാംസ്‌കാരിക -സാമൂഹിക തനിമയ്‌ക്ക്‌ മേലുള്ള കടന്നാക്രമണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ദ്വീപ് വാസികളുടെ ഭക്ഷണ സംസ്‌കാരത്തിനുമേൽ സംഘപരിവാർ അജണ്ട അടിച്ചേൽപ്പിക്കുന്ന ലക്ഷദ്വീപ് അനിമൽ പ്രിസർവേഷൻ റെഗുലേഷൻ അതിന്റെ മികച്ച ഉദാഹരണമാണ്. ഈ റെഗുലേഷൻ പ്രകാരം 15 വയസ്സ് പൂർത്തിയാകാത്ത മൃഗത്തെ അറക്കുന്നതും ഭക്ഷിക്കുന്നതുമൊക്കെ നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിച്ചാൽ അത് ജാമ്യമില്ലാ കുറ്റമാണ്. ഏറ്റവും ഭീകരം ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇതെന്നതാണ്. ഇനി മുതൽ ദ്വീപ് വാസികൾ ആടിന്റേയും കാളയുടേയും പോത്തിന്റേയുമൊക്കെ ഡേറ്റ് ഓഫ് ബെർത്ത് സർട്ടിഫിക്കറ്റ് സംഘടിപ്പിക്കേണ്ട അവസ്ഥയാണ് ഈ നിയമം അനുശാസിക്കുന്നത്.

? ദ്വീപിൽ നടപ്പിലാക്കിക്കൊ ണ്ടിരിക്കുന്ന പുതിയ പരിഷ്‌കാരങ്ങൾക്കു പിന്നിൽ കൃത്യമായ കോർപ്പറേറ്റ് അജണ്ടയുണ്ടെന്ന വസ്തുതയെ എങ്ങനെ കാണുന്നു.

= ദ്വീപ് നിവാസികളെ ദ്രോഹിച്ചും ഒറ്റപ്പെടുത്തിയും കുടിയൊഴിപ്പിച്ചും സ്വകാര്യ നിക്ഷേപകർക്ക് ലക്ഷദ്വീപിലെ ടൂറിസ്റ്റ് സാധ്യതകളെ തീറെഴുതിക്കൊടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ആസൂത്രിതമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ലക്ഷദ്വീപിലെ ക്ഷീര സമ്പദ്‌മേഖലയെ തകർത്ത് പുതിയ അഡ്മിനിസ്‌ട്രേറ്റർക്ക് പങ്കാളിത്തമുള്ള അമുൽ കമ്പനിയുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള മാർക്കറ്റായി ദ്വീപിനെ മാറ്റാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഇതിനെല്ലാം പുറമെ ഓരോ ദിവസവും പുതിയ പുതിയ ഉത്തരവുകളിലൂടെ സാമാന്യ ജനത്തെ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ് പുതിയ ഭരണാധികാരി. അകാരണമായി വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നവരെ പിരിച്ചുവിട്ട് പകരം സംഘികളെ തിരുകിക്കയറ്റിക്കൊണ്ടിരിക്കുകയാണ്.

പുതിയ അഡ്മിനിസ്ട്രേറ്റർ കൊണ്ടുവന്ന തെറ്റായ നയങ്ങൾക്കെതിരാണ് ദ്വീപിലെ എല്ലാ രാഷ്ട്രീയ പാർടികളും. തീർച്ചയായും കർക്കശമായ ലോക്ഡൗൺ പിൻവലിച്ചാൽ ഇതിനെതിരെയുള്ള ജനരോഷം ആളിപ്പടരുക തന്നെ ചെയ്യും.

? ഭാഷാപരമായും ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും ലക്ഷദ്വീപിന് ഏറ്റവും ബന്ധവും അടുപ്പവും കേരളവുമായിട്ടാണല്ലോ. എന്തുകൊണ്ട് ലക്ഷദ്വീപിനെ കേരള സംസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റിക്കൂടാ. അല്ലെങ്കിൽ ലക്ഷദ്വീപിലെ പതിനൊന്ന്  ജനവാസ കേന്ദ്രങ്ങളും ചേർന്ന ഒരു സ്വതന്ത്ര സംസ്ഥാനം.  ഇങ്ങനെയൊരു തെരഞ്ഞെടുപ്പിന്റെ പ്രശ്നം വന്നാൽ ഏതു സ്വീകരിക്കും.

= രണ്ടും സ്വീകാര്യമാണ്. കേന്ദ്ര ഗവൺമെന്റിന്റെ സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്നുള്ള വിടുതലാണ് ദ്വീപ് ജനതയ്‌ക്ക്‌ ഇന്ന് അടിയന്തരാവശ്യം. ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടിയെങ്കിലും ലക്ഷദ്വീപ് ജനതയ്‌ക്ക്‌ ഇന്നുമതിന്റെ ഗുണഫലങ്ങൾ ആവോളം ആസ്വദിക്കുവാൻ കഴിഞ്ഞിട്ടില്ല. ഞങ്ങൾ തെരഞ്ഞെടുത്ത എംപിയും പഞ്ചായത്ത് ഭരണാധികാരികളുമൊക്കെയുണ്ടെങ്കിലും അവരെയെല്ലാം നോക്കുകുത്തിയാക്കി അഡ്മിനിസ്ട്രേറ്റർ നടത്തുന്നത് സ്വേച്ഛാഭരണമാണ്. ഹിതപരിശോധന നടത്തി അഡ്മിനിസ്ട്രേറ്ററെ മാറ്റാനുള്ള അധികാരം ദ്വീപ് ജനതയ്‌ക്ക്‌ ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു പ്രഫുൽ പട്ടേലിനെ ദ്വീപ് ജനത എത്രമേൽ വെറുക്കുന്നുവെന്ന കാര്യം. ദ്വീപിലെ ബിജെപി പ്രവർത്തകർ പോലും അദ്ദേഹത്തിന്റെ അജണ്ടകളെ അംഗീകരിക്കുന്നില്ല .

ഡോ അസീസ്‌ തരുവണ 

Tuesday, June 15, 2021

തൊഴിലിന്‌ മുഖ്യപരിഗണന - മന്ത്രി 
എം വി ഗോവിന്ദൻ ദേശാഭിമാനിയോട്‌ സംസാരിക്കുന്നു

കേരളം പുതുവഴിയിലൂടെ സഞ്ചരിക്കുകയാണ്‌. മാറുന്ന കാലത്തിനനുസരിച്ച്‌ നാടിനെ മുന്നോട്ടു നയിക്കാൻ പര്യാപ്‌തമായ ദിശാബോധമുള്ള വികസന പദ്ധതികൾ ഒരുങ്ങുന്നു. തുടക്കം കുറിച്ചവ പൂർത്തീകരണത്തിലേക്ക്‌. മഹാമാരിയുടെ കാലത്തും കരുതലും വികസനവും ഒരേ പോലെ സമന്വയിപ്പിച്ച്‌ കേരളത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട്‌ ജനകീയ സർക്കാർ നീങ്ങുന്നു. വരും കാല വെല്ലുവിളികളെ നേരിടാൻ സാമൂഹ്യക്ഷേമവും ജനകീയ ഐക്യവും കരുതലോടെ സംയോജിപ്പിച്ച്‌ മുന്നോട്ട്‌. സർക്കാർ ലക്ഷ്യംവയ്ക്കുന്ന സുപ്രധാനമായ 
മേഖലകളെക്കുറിച്ച്‌ തദ്ദേശഭരണ എക്‌സൈസ്‌ മന്ത്രി 
എം വി ഗോവിന്ദൻ ദേശാഭിമാനിയോട്‌ സംസാരിക്കുന്നു. 


കോവിഡ്‌ പ്രതിരോധത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ വലുതാണ്‌. പ്രാദേശിക ഭരണകൂടം എന്ന നിലയ്‌ക്ക്‌ പരമ്പരാഗതരീതിയിൽ വലിയ മാറ്റമല്ലേ വരുന്നത്‌?

പ്രതിസന്ധി ഘട്ടങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ വിളിപ്പുറത്തുണ്ടെന്ന ആത്മധൈര്യം ഇന്ന്‌ ജനങ്ങൾക്കുണ്ട്‌. കോവിഡ്‌ പ്രതിരോധത്തിൽ താഴെ ത്തട്ടിൽ നടക്കുന്ന പ്രവർത്തനങ്ങൾ ജനങ്ങൾ അനുഭവിച്ചറിയുകയാണല്ലോ. ആരോഗ്യ വകുപ്പുമായി ചേർന്നുള്ള പരിരക്ഷ. പൊലീസുമായി ചേർന്നുള്ള ക്വാറന്റൈൻ നിരീക്ഷണം. ആരും പട്ടിണി കിടക്കാതിരിക്കാനുള്ള കരുതൽ. അങ്ങനെ എല്ലാ മേഖലയിലും തദ്ദേശഭരണ സ്ഥാപനങ്ങൾ മുന്നിലുണ്ട്‌. ഇക്കാര്യത്തിൽ കക്ഷിരാഷ്‌ട്രീയമില്ല. ജനപ്രതിനിധികൾക്കൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും രാപ്പകലില്ലാതെ സേവനസന്നദ്ധരായി. ഇത്‌ പുതിയൊരു സംസ്‌കാരമാണ്‌ രൂപപ്പെടുത്തിയത്‌.

കോവിഡ്‌ രണ്ടാം തരംഗം ശക്തമായ ഉടനെയാണല്ലോ പുതിയ സർക്കാർ ചുമതലയേറ്റത്‌. തുടർന്ന്‌, എന്തെല്ലാം ഇടപെടലാണ്‌ സർക്കാർ നടത്തിയത്‌

കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ താഴെത്തട്ടിൽ ഇടപെട്ടത്‌ വാർഡ്‌തല സമിതികളാണ്‌. എന്നാൽ, രോഗികളുടെ എണ്ണത്തിൽ കുറവുവന്നതോടെ വാർഡ്‌തല സമിതികൾക്ക്‌ ചെറിയൊരു ആലസ്യം വന്നു. അവ കണ്ടെത്തി പരിഹരിക്കുകയും സമിതികളെ സജീവമാക്കുകയുമാണ്‌ പുതിയ സർക്കാർ ആദ്യം ചെയ്‌തത്‌. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശഭരണ അധ്യക്ഷൻമാരുടെ യോഗം വിളിച്ചു. തദ്ദേശഭരണ, ആരോഗ്യ വകുപ്പ്‌ ചുമതലയുള്ള മന്ത്രിമാർ പങ്കെടുത്തു. അതിന്റെ ഗുണവും കണ്ടു. സിഎഫ്‌എൽടിസി, എസ്‌എഫ്‌എൽടിസികൾ, ഡിസിസികൾ തുടങ്ങിയവ വീണ്ടും സജ്ജമായി. ഓക്‌സിജൻ ലഭ്യത, ആംബുലൻസ്‌ ലഭ്യത തുടങ്ങിയവ ഉറപ്പ്‌ വരുത്താൻ കൺടോൾ റൂമുകളും കോർഗ്രൂപ്പുകളും രൂപീകരിച്ചു. അതിന്റെ ഫലമായി മരണനിരക്ക്‌ നിയന്ത്രിച്ച്‌ നിർത്താനായി. ജനകീയഹോട്ടലുകളും സാമൂഹ്യ അടുക്കളകളും സജീവമായി. രാജ്യത്ത്‌ മറ്റൊരിടത്തും ഇത്തരം ഇടപെടലില്ല. നമ്മുടെ ജനാധിപത്യ ആരോഗ്യ സംവിധാനത്തിന്റെ കരുത്തും ഇതാണ്‌.

ജനകീയാസൂത്രണ പ്രസ്ഥാനം കാൽനൂറ്റാണ്ട്‌ തികച്ചു. ജനകീയാസൂത്രണത്തിന്റെ കരുത്തിലല്ലേ മഹാമാരികളെപ്പോലും നേരിടാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ പാകപ്പെട്ടത്‌?


ജനകീയാസൂത്രണം തുടർച്ചയായി മുന്നോട്ടുപോയതിന്റെ ഏറ്റവും മികച്ച നേട്ടമാണ്‌ ഈ മഹാമാരിക്കാലത്ത്‌ നമ്മൾ അനുഭവിക്കുന്നത്‌. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ജനകീയാസൂത്രണം വലിയ മാറ്റമാണ്‌ കേരളത്തിലുണ്ടാക്കിയത്‌. അധികാര വികേന്ദ്രീകരണമെന്ന ഭരണഘടനാ തത്വം കേരളത്തിൽ ഏറ്റവും നല്ല നിലയിൽ നടത്താനായതും ജനകീയാസൂത്രണത്തിന്റെ നേട്ടമാണ്‌. ലോകത്ത്‌ ഏറ്റവും കൂടുതൽ ജനകീയവൽക്കരിക്കപ്പെട്ട നാട്‌ നമ്മുടേതാണ്‌. ഇതുതന്നെയാണ്‌ ഏത്‌ പ്രതിസന്ധിയെയും നേരിടാൻ നമുക്ക്‌ കരുത്ത്‌ പകരുന്നത്‌.

എൽഡിഎഫ്‌ പ്രകടനപത്രികയിലും പുതിയബജറ്റിലും തൊഴിലിനാണല്ലോ വലിയ പ്രാധാന്യം. ഇക്കാര്യത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്ക്‌?

ശരിയാണ്‌. തൊഴിൽമേഖലയ്‌ക്കാണ്‌ തദ്ദേശഭരണ വകുപ്പ്‌ മുന്തിയ പരിഗണന നൽകുക. ഒരു വാർഡിൽ നേരിട്ട്‌ തൊഴിൽ നൽകുന്ന ഒരു സംരംഭമെങ്കിലും ആരംഭിക്കും. ഇങ്ങനെ ആദ്യഘട്ടം 20,000 തൊഴിൽ സംരംഭം ആരംഭിക്കാനാണ്‌ പദ്ധതി. തദ്ദേശഭരണ സ്ഥാപനങ്ങൾ നേരിട്ടും കുടുംബശ്രീ വഴിയുമാകും ഇത്‌. ഇതിനായി പ്രവാസികളുടെ സഹായവും തേടും. സ്‌ത്രീതൊഴിലന്വേഷകർക്ക്‌ കുടുംബശ്രീ പ്രത്യേകപദ്ധതി തയ്യാറാക്കും. കിലയെ തൊഴിൽ ലഭ്യമാക്കാനുള്ള സ്ഥാപനംകൂടിയായി വളർത്തും. കിഫ്‌ബിയുടെ സ്‌കൂൾ നവീകരണ പദ്ധതി ഇപ്പോൾ കില ഏറ്റെടുത്തിട്ടുണ്ട്‌. ഇത്തരം വിവിധ പദ്ധതികളിലൂടെയാകും തൊഴിൽ സൃഷ്‌ടിക്കുക.

സർക്കാരിന്റെ സുപ്രധാനമായ പ്രഖ്യാപനമാണല്ലോ വീട്ടമ്മമാർക്ക്‌ ക്ഷേമ പെൻഷനും സ്‌മാർട്ട്‌കിച്ചണും

സ്‌ത്രീകൾക്ക്‌ വലിയ ആത്മവിശ്വാസമാണ്‌ എൽഡിഎഫ്‌ നൽകുന്നത്‌. തുടർഭരണത്തിന്‌ പ്രധാനകാരണം സ്‌ത്രീ വോട്ടർമാരുടെ ഈ പിന്തുണയാണ്‌. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ അവരെ ചേർത്തുപിടിച്ചു. ഈ സർക്കാരും അതു തുടരും. അതിന്റെ ഭാഗമായാണ്‌ വീട്ടമ്മമാർക്ക്‌ ക്ഷേമ പെൻഷൻ പദ്ധതി നടപ്പാക്കുന്നത്‌. ഇത്‌ കേവലം പണത്തിന്റെ പ്രശ്‌നമല്ല. സ്‌ത്രീയുടെ അധ്വാനത്തെ മാനിക്കലാണ്‌. ഫ്യൂഡൽ ചിന്താഗതിയിൽനിന്നുയർന്ന ആൺകോയ്‌മയുടെ വീട്ടകങ്ങളെ അവ പൊളിച്ചെഴുതും. ഞാൻ എന്നതിൽനിന്ന്‌ ഞാനും നീയും ഒന്നിച്ച്‌ എന്ന വിചാരത്തിലേക്ക്‌ സമൂഹം എത്തും. അതിനാലാണ്‌ വീട്ടമ്മമാരുടെ പെൻഷൻ വിപ്ലവകരമായ നടപടിയാകുന്നത്‌. മുമ്പ്‌ കർഷകത്തൊഴിലാളികൾക്ക് ക്ഷേമനിധി പെൻഷൻ ഏർപ്പെടുത്തിയപ്പോഴും ഇതേ വികാരമായിരുന്നു. മണ്ണിൽ വിയർപ്പൊഴുക്കിയ ഒരു വലിയ ജനവിഭാഗത്തെയാണ്‌ അന്ന്‌ ആദരിച്ചത്‌.

ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി ഏതെങ്കിലും രീതിയിൽ പൊളിച്ചെഴുതേണ്ടതുണ്ടോ?

വേണമെന്നാണ്‌ സർക്കാർ നയം. ആസ്‌തി വികസന പദ്ധതികൾ കൂടുതൽ ഏറ്റെടുക്കാൻ തൊഴിലുറപ്പ്‌ പദ്ധതിക്കാകണം. അതുവഴി കൂടുതൽ തൊഴിലവസരങ്ങളും സൃഷ്‌ടിക്കാനാകും. തൊഴിൽദിനങ്ങളും കൂട്ടണം. 100 എന്നത്‌ 200 ആക്കണമെന്നാണ്‌ കേരളത്തിന്റെ ആവശ്യം. കേന്ദ്രസർക്കാരാണ്‌ അതിൽ തീരുമാനമെടുക്കേണ്ടത്‌. ശുചീകരണപ്രവർത്തനം ഇപ്പോൾ തൊഴിലുറപ്പ്‌ തൊഴിലാളികളെ ഏൽപ്പിച്ചിട്ടുണ്ട്‌.

തദ്ദേശഭരണ ഏകീകരണം എന്നത്‌ എൽഡിഎഫിന്റെ സുപ്രധാന കാൽവയ്‌പല്ലേ. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ അവ നടപ്പാക്കിയെങ്കിലും ഇനിയുമേറെ കാര്യങ്ങൾ ചെയ്യാനില്ലേ

അതെ. വിവിധ വിഭാഗങ്ങളായി നിൽക്കുന്ന തദ്ദേശഭരണ വകുപ്പുകളുടെ ഏകീകരണം ഭരണപരമായും ജനോപകാരപ്രദമായും ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. എൽഡിഎഫ്‌ പ്രകടനപത്രികയിലും അവ എടുത്തു പറഞ്ഞിട്ടുണ്ട്‌. അതിനാൽ ഈ സർക്കാരിന്റെ പ്രഥമപരിഗണനയിൽ ഒന്നാമത്‌ ഏകീകരണം ഫലപ്രദമാക്കലാണ്‌. ജീവനക്കാരുടെ പുനർവിന്യാസവും കുറച്ചുകൂടി ശക്തമാക്കണം. നിലവിലെ സംവിധാനത്തിൽനിന്ന്‌ മാറി കൂടുതൽ മേഖലകളിലേക്ക്‌ തദ്ദേശഭരണ സ്ഥാപനങ്ങൾ കടക്കുകയാണ്‌. അതിനാൽ കൂടുതൽ ജീവനക്കാരുടെ ആവശ്യം വരികയാണ്‌.

നിലവിലെ മദ്യനയത്തിൽ എന്തെങ്കിലും മാറ്റം ആലോചനയിലുണ്ടോ?

മദ്യനയത്തിൽ ഒരു മാറ്റവും ഇപ്പോൾ ആലോചനയിലില്ല. വളരെ ആലോചിച്ചാണ്‌ മദ്യവർജനത്തിൽ ഊന്നിയുള്ള മദ്യനയം സർക്കാർ സ്വീകരിച്ചത്‌. മദ്യനിരോധനം പരാജയമാണെന്ന്‌ ലോകമാകെ തെളിയിച്ചതാണ്‌. മദ്യവർജനമാണ്‌ ശരിയായ നിലപാട്‌. ഇവ ശക്തിപ്പെടുത്തും. എന്നാൽ, മദ്യം അത്യാവശ്യമായി വേണ്ടവരുണ്ടാകും. അത്തരക്കാർക്ക്‌ അവ കിട്ടാതെ വന്നാലുള്ള ആരോഗ്യ–-സാമൂഹ്യ പ്രശ്‌നങ്ങൾ നമ്മൾ ഏറെ കണ്ടതാണ്‌. വ്യാജ മദ്യമടക്കം ഒഴുകും. മയക്കുമരുന്ന്‌ ഉപയോഗം വർധിക്കും. അതിനാൽ മദ്യലഭ്യതയും ആവശ്യമാണ്‌. വിമുക്തി പദ്ധതി ശക്തിപ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌. കുട്ടികൾക്കിടയിലെ മയക്കുമരുന്ന്‌ ഉപയോഗം തടയാൻ വാർഡ്‌ സമിതികൾ രൂപീകരിക്കും.

വിവിധതരം പഴങ്ങളിൽനിന്ന്‌ വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതി

വലിയ സാധ്യതയാണ്‌ ഈ പദ്ധതിക്ക്‌. വീര്യം കുറഞ്ഞതും ആരോഗ്യത്തിന്‌ ഹാനികരവുമല്ലാത്ത മദ്യമാണ്‌ ഇതുവഴി ലഭിക്കുക . അതിനായി കൃഷി, വ്യവസായം, തദ്ദേശഭരണം, എക്‌സൈസ്‌ വകുപ്പുകൾ യോജിച്ച്‌ ഇതിനുള്ള പദ്ധതി തയ്യാറാക്കേണ്ടതാണ്‌. കർഷകർക്ക്‌ അവരുടെ ഉൽപ്പന്നങ്ങൾക്ക്‌ നല്ല വില ഉറപ്പ്‌ വരുത്താനും ഈ പദ്ധതി വഴി സാധിക്കും.

തയ്യാറാക്കിയത്‌: റഷീദ്‌ ആനപ്പുറം

Monday, February 15, 2021

കാർഷിക പ്രതിസന്ധിയുടെ സാമൂഹ്യശാസ്ത്രം

ഇന്ത്യയിലെ അറിയപ്പെടുന്ന റൂറൽ സോഷ്യോളജിസ്‌റ്റും ജെഎൻയു സ്‌കൂൾ ഓഫ്‌ സോഷ്യൽ സയൻസസ്‌ മേധാവിയുമായ സുരീന്ദർസിങ്‌ ജോധ്‌കയുമായി ചിന്താ പബ്ലിഷേഴ്‌സ്‌ എഡിറ്റർ കെ എസ്‌ രഞ്ജിത്ത്‌ നടത്തിയ സംഭാഷണം.

രഞ്ജിത്ത്: ഇന്ത്യയിലെ കർഷകസമൂഹം ഇന്ന് നടത്തുന്ന ഈ പ്രക്ഷോഭങ്ങളെ ഒരു സോഷ്യോളജിസ്റ്റ് എന്ന നിലയിൽ താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത്.

എസ് എസ് ജെ: പ്രധാനമായും പഞ്ചാബ്, ഹരിയാന, പശ്ചിമ യുപി എന്നിവിടങ്ങളിൽനിന്നുള്ള കർഷകരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. Cultivators എന്ന് വിളിക്കാവുന്നവരാണ് പ്രധാനമായും ഈ വിഭാഗം. പരിമിതമായ ഭൂമിയിൽ തങ്ങളുടെ കുടുംബത്തിലെ അധ്വാനശക്തി മാത്രം ഉപയോഗിച്ച് പണിയെടുക്കുകയും അവിടെ ഉൽപ്പാദിപ്പിക്കുന്നവ പ്രധാനമായും സ്വന്തം ഉപഭോഗത്തിനായി വിനിയോഗിക്കുകയും ചെയ്യുന്ന ചെറുകിട കർഷകർ, ഇംഗ്ലീഷിൽ Peasants എന്ന് നാം വിളിക്കുന്നവർ മറ്റൊരു സാമൂഹ്യ വിഭാഗമാണ്. ഇവരുടെ പ്രധാന രാഷ്ട്രീയപ്രശ്‌നം ഭൂമിയിലുള്ള ഉടമസ്ഥതയാണ്. പല രീതിയിലുള്ള ചൂഷണങ്ങൾക്കും വിധേയരാകുന്നവരാണ്‌ അവർ. കൊള്ളപ്പലിശയ്ക്കു പണം കൊടുക്കുന്നവരുടെ ചൂഷണങ്ങൾക്കു പുറമെ അന്യായമായ ഭൂനികുതികളിലൂടെയും ദരിദ്രരാക്കപ്പെടുന്നവരാണ്‌ അവർ.

ചെറുകിട ചരക്കുൽപ്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ് ആദ്യം പറഞ്ഞ കൂട്ടർ. കമ്പോള വ്യവസ്ഥയുമായി ഇഴുകിച്ചേർന്നവരാണ് ഈ വിഭാഗം. കൃഷിക്കാവശ്യമായ വിഭവങ്ങൾ കമ്പോളത്തിൽനിന്ന് വാങ്ങുകയും തങ്ങളുടെ ഉൽപ്പന്നങ്ങൾ കമ്പോളത്തിൽ വിൽക്കുകയും ചെയ്യുന്നവരാണ്‌ അവർ. അധ്വാനശക്തി ആവശ്യമായ സന്ദർഭങ്ങളിൽ, പലപ്പോഴും ദിവസക്കൂലിക്ക്, അവരത് വാങ്ങി ഉപയോഗിക്കുന്നുമുണ്ട്. ആധുനിക യന്ത്രോപകരണങ്ങൾ കൃഷിയുടെ പല ഘട്ടത്തിലും അവർ ഉപയോഗിക്കാറുണ്ട്. തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കമ്പോളത്തിൽ ലഭിക്കുന്ന വില, അതുപോലെ അധ്വാനശക്തിക്കായി നൽകേണ്ടിവരുന്ന കൂലിയുടെ തോത്, ഇതൊക്കെയാണ് അവരുടെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിക്കുന്നത്.

രഞ്ജിത്ത്: ഇന്ത്യയിലെ ആകെ ജനങ്ങളിൽ 60 ശതമാനവും കാർഷികമേഖലയുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. എന്നാൽ, ദേശീയോൽപ്പാദനത്തിൽ കാർഷികമേഖലയുടെ പങ്ക് വലിയ തോതിൽ കുറഞ്ഞുവരികയാണ്. ഇന്നത് 15 ശതമാനം മാത്രമാണ്. ഇതിനർഥം ദേശീയോൽപ്പാദനത്തിന്റെ 85 ശതമാനവും 40 ശതമാനം മാത്രംവരുന്ന ജനവിഭാഗങ്ങൾക്കിടയിൽ വിതരണം ചെയ്യപ്പെടുകയാണ് എന്നാണ്. ഇത് സ്വാഭാവികമായും ജനങ്ങളുടെ ജീവിത നിലവാരത്തെ ബാധിക്കുന്നു. എതു ദിശയിലേക്കാണ് ഈ പ്രതിഭാസം നമ്മെ കൊണ്ടുചെന്നെത്തിക്കുക.

എസ് എസ് ജെ: യഥാർഥ വസ്തുതകൾ ഇതിനേക്കാൾ സങ്കീർണമാണ്. തങ്ങളുടെ ജീവനോപാധിയായി ഭൂമിയെ മാത്രം കാണുന്നവരുടെ എണ്ണം സമകാലിക ഇന്ത്യയിൽ വളരെ കുറവാണ്. ഉദാഹരണത്തിന് ബിഹാറിലെ മധുബനി ജില്ലയിൽ കുറെക്കാലം മുമ്പ്‌ ഞാനൊരു ഫീൽഡ് വർക്ക് പഠനം നടത്തിയിരുന്നു. 94 ശതമാനം ജനങ്ങളും ഗ്രാമത്തിൽത്തന്നെയാണ് ജീവിക്കുന്നതെങ്കിലും കൃഷിയെ മാത്രം ആശ്രയിക്കുന്നവർ 10-–-15 ശതമാനം മാത്രമാണ്‌. രാജ്യത്തെ വികസിത പ്രദേശങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ഗ്രാമീണമേഖലയിലെ വരുമാനം രാജ്യം ഒന്നാകെ പരിശോധിക്കുകയാണെങ്കിൽ കാർഷികേതര മേഖലയിൽനിന്നാണെന്നു കാണാം. അതുപോലെ കുടുംബങ്ങളുടെ സാമൂഹ്യ, സാമ്പത്തിക വ്യത്യാസങ്ങൾ അനുസരിച്ച്‌ വരുമാന സ്രോതസ്സുകളുടെ വൈവിധ്യവും മാറും. പരമ്പരാഗതമായി കൃഷിയെ ആശ്രയിച്ചിരുന്നവർ ജീവിക്കാനായി മറ്റു പല തൊഴിലുകളെയും ആശ്രയിക്കേണ്ടിവരുന്നു.

എന്നാൽ, താങ്കൾ ചൂണ്ടിക്കാണിച്ച കണക്കുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ അസമത്വത്തിന്റെ ഗുരുതരാവസ്ഥയിലേക്കു വിരൽചൂണ്ടുന്നു. കാർഷികമേഖലയുടെ തകർച്ചയെയും അത് എടുത്തുകാട്ടുന്നു. ഇതിന്റെ പ്രത്യാഘാതങ്ങൾ പലതാണ്. ഉദാഹരണത്തിന്‌ ദേശീയ വരുമാനത്തിൽ കൃഷിയുടെ വരുമാനത്തിലുണ്ടാകുന്ന ഗണ്യമായ കുറവ് രാജ്യത്തെ രാഷ്ട്രീയ സംവിധാനത്തിൽ കൃഷിക്കാർക്ക് കൈമോശം വരുന്ന അധികാരത്തെയും സൂചിപ്പിക്കുന്നു.

ഇന്ത്യയിലെ കർഷകസമൂഹം ആന്തരികമായി അസമത്വങ്ങൾ നിറഞ്ഞതാണ്. പലരും പല തലത്തിലാണ് നിലനിൽക്കുന്നത്. വിവിധ പ്രദേശങ്ങളിലെ ഉൽപ്പാദനക്ഷമതയിലും ഏറ്റക്കുറച്ചിലുകളുണ്ട്. സംസ്ഥാനങ്ങൾ തമ്മിൽ താരതമ്യം ചെയ്യുകയാണെങ്കിൽ കൈവശം വയ്ക്കുന്ന കൃഷിഭൂമിയുടെ അളവിലും വലിയ വ്യത്യാസങ്ങളുണ്ട്. ഭൂമിയിലെ ഉടമസ്ഥതയുടെ കേന്ദ്രീകരണം വൻകിട കൃഷിക്കാരെ കേന്ദ്രീകരിച്ചാണ് കിടക്കുന്നത്‌. ചെറു ന്യൂനപക്ഷം വരുന്ന വൻകിട കൃഷിക്കാർ വലിയ അളവിൽ ഭൂമി കൈവശംവച്ചു പോരുകയാണ്.

രഞ്ജിത്ത്: വികസിച്ചുവരുന്ന മുതലാളിത്ത വർഗങ്ങളും പരമ്പരാഗത കർഷകസമൂഹങ്ങളും തമ്മിലുള്ള സംഘർഷങ്ങളെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്. ഇതുസംബന്ധിച്ച് നമുക്ക് മറ്റു വികസിത രാജ്യങ്ങളുടെ ചരിത്രത്തിൽനിന്ന് എന്തെങ്കിലും ഉൾക്കൊള്ളാനുണ്ടോ?

എസ് എസ് ജെ: മറ്റു വികസിത രാജ്യങ്ങളിൽ സംഭവിച്ചതുപോലെ കോർപറേറ്റ് മൂലധനം ഇന്ത്യയിലും മേൽക്കൈ നേടിയിട്ടുണ്ട്. കർഷക സമൂഹങ്ങളുടെ നഷ്ടങ്ങളുടെ മേലെയാണ് ഇത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇവർ കൂടുതൽ കൂടുതൽ പ്രാന്തവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കോർപറേറ്റ് മൂലധനത്തിന്റെ സാമൂഹിക അടിത്തറയായി വർത്തിക്കുന്ന പട്ടണ പ്രദേശങ്ങളിലെ മധ്യവർഗം ജനസംഖ്യയിൽ വലുതല്ലെങ്കിലും 1990കൾക്കു ശേഷമുള്ള കാലയളവിൽ ഇവരുടെ സ്വാധീനം വളരെ കൂടിയിട്ടുണ്ട്.

ഗ്രാമീണ തൊഴിൽ മേഖലകളിൽ അധികപ്പറ്റായി മാറുന്ന ജനവിഭാഗങ്ങളെ ഉൾക്കൊള്ളാനാകുന്നവിധത്തിൽ മുതലാളിത്ത വികസനം നമ്മുടെ പട്ടണ പ്രദേശങ്ങളിൽ ഉണ്ടായിട്ടില്ലെന്ന് നമുക്കറിയാം. ഗ്രാമീണമേഖലകളിലെ വരേണ്യ വിഭാഗത്തിൽപ്പെട്ടവർക്ക് ഉന്നത വിദ്യാഭ്യാസങ്ങൾ ലഭിക്കുന്ന സാഹചര്യം നിലവിലുണ്ട്. നഗരപ്രദേശങ്ങളിലെ ജോലിയും നഗരജീവിതത്തിലെ മറ്റു സുഖസൗകര്യങ്ങളും അവർ കാംക്ഷിക്കുന്നുണ്ട്. കോർപറേറ്റ് മൂലധനം പ്രദാനം ചെയുന്ന പരിമിതമായ തൊഴിലുകൾ നഗരങ്ങളിലെ വരേണ്യവിഭാഗത്തിൽപ്പെട്ടവർ സ്വാഭാവികമായും കരസ്ഥമാക്കുന്നു. ഇത് ലഭിക്കാൻ ആവശ്യമായ സാമൂഹ്യവും സാംസ്‌കാരികവുമായ മൂലധനം ഇവർക്കാണുള്ളത്. കൂടുതൽ മുന്നോട്ടുകുതിക്കാൻ ആഗ്രഹിക്കുന്നതായ ഗ്രാമങ്ങളിലെ പ്രാമാണിക വിഭാഗങ്ങൾ തന്നെ ഇതിൽ അസംതൃപ്തരും രോഷാകുലരുമാകുന്നു. പിന്നോക്ക വിഭാഗ സംവരണത്തിന്റെ ആനുകൂല്യങ്ങൾ പറ്റി സർക്കാർ സ്ഥാപനങ്ങളിൽ ജോലി കരസ്ഥമാക്കാനാണ് പിന്നെ അവർ ശ്രമിക്കുന്നത്. എന്നാൽ, സർക്കാർജോലികൾ തന്നെ ഇന്ന് കുറഞ്ഞുവരികയാണ്. അതീവ ഗുരുതരമായ സാമൂഹിക അന്തരീക്ഷത്തിലേക്കാണ് ഇത് നമ്മെ നയിക്കുന്നത്.

രഞ്ജിത്ത്: കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കുന്നവരുടെ ഒരുവാദം കാർഷിക മേഖലയിലെ ഇടനിലക്കാരും ധനിക കർഷകരുമാണ് സമരത്തിന് നേതൃത്വം നൽകുന്നതെന്നാണ്. പക്ഷേ, ദരിദ്ര കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും സജീവമായ പങ്കാളിത്തം നമുക്ക്‌ ഈ സമരത്തിൽ കാണാനാകും. താങ്കൾ എങ്ങനെയാണ് ഇതിനെ കാണുന്നത്.

എസ് എസ് ജെ: ഗ്രാമീണ കർഷക ജനവിഭാഗങ്ങൾക്കിടയിൽ നേർത്തുവരുന്ന വർഗവൈരുധ്യങ്ങളിലേക്കാണ് ഇത് ഒരുപക്ഷെ വിരൽചൂണ്ടുന്നത്. കൈവശം വയ്ക്കുന്ന ഭൂമിയുടെ അളവ്‌ പൊതുവെ കുറഞ്ഞുവരികയാണ്. കൃഷിക്കാരുടെയും സാമ്പത്തിക സാഹചര്യങ്ങൾ കർഷകത്തൊഴിലാളികളുടേതിൽനിന്ന് ഏറെ വ്യത്യസ്തമല്ല ഇന്ന്. കർഷകരിൽത്തന്നെയുള്ള ധനിക വിഭാഗങ്ങളുടെ സ്ഥിതിയും മോശമാകുകയാണ്. കർഷക സമൂഹത്തിന്റെ സ്ഥിതി മോശമാകുന്നത് ഗ്രാമീണമേഖലയിലെ മുഴുവൻ ജനങ്ങളെയും പ്രാദേശിക കച്ചവടക്കാരെയടക്കം ബാധിക്കുന്നതാണ്.

രഞ്ജിത്ത്: ഇന്ത്യയിലെ ഗ്രാമീണ സമൂഹങ്ങളെപ്പറ്റി ആഴത്തിൽ പഠനങ്ങൾ നടത്തിയിട്ടുള്ള ഒരു അക്കാദമിക് എന്നനിലയിൽ ദരിദ്രരായ ഗ്രാമീണ ജനവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്? ഇക്കാര്യത്തിൽ ഗവൺമെന്റിന്റെ പങ്കെന്താണ്?

എസ് എസ് ജെ: ഗ്രാമീണമേഖലയിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് കാർഷിക മേഖലയെങ്കിലും അത് ഇവിടങ്ങളിലെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളുന്നില്ല. കാർഷിക മേഖലയുമായി ബന്ധപ്പെട്ടല്ല എല്ലാ കാര്യവും നടക്കുന്നതും. ഇന്ത്യൻ സാഹചര്യങ്ങളിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയാണ് അതിനൊരു കാരണം. കൃഷിഭൂമി സ്വന്തമാക്കാനോ അതിൽ പണിയെടുക്കാനോ ദളിത് വിഭാഗങ്ങൾക്ക് ആദ്യകാലത്ത്‌ അനുമതിയുണ്ടായിരുന്നില്ല. കർഷക സമൂഹങ്ങളിൽ പങ്കാളികളായി അവരെ കരുതിയിരുന്നില്ല. മറ്റു വാക്കുകളിൽ പറഞ്ഞാൽ ജാതീയമായും വർഗപരമായും ഗ്രാമീണ ഇന്ത്യ സവിശേഷമായ രീതിയിൽ വിഭജിക്കപ്പെട്ടു കിടക്കുകയാണ്. സമകാലീന സാഹചര്യങ്ങളിലും ഈ അവസ്ഥ തുടരുകയാണ്. ഭൂരഹിതരാണ് എന്നതുമാത്രമല്ല, ദാരിദ്ര്യത്തിന്റെ അടിസ്ഥാനം. അവരുടെ അസ്തിത്വത്തെ അടയാളപ്പെടുത്തുന്ന മറ്റു ഘടകങ്ങളും ഇതിലേക്ക് വഴിതെളിക്കുന്നു. ഇവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന നയങ്ങളും രാഷ്ട്രീയ സമീപനങ്ങളും രൂപീകരിക്കുമ്പോൾ സാമ്പത്തികേതരമായ ഇത്തരം വശങ്ങളും പരിഗണിക്കേണ്ടതുണ്ട്.

ഗ്രാമീണ മേഖലയിലുള്ളവർക്ക് ജീവിക്കാനാവശ്യമായ വരുമാനം ലഭിക്കുന്നത് ഉറപ്പാക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ട്. കമ്പോളശക്തികളുടെ ദയാവായ്പിനായി കാർഷികമേഖലയെ വിട്ടുകൊടുക്കുന്നത് കർഷക സമൂഹത്തെ കൂടുതൽ പാപ്പരീകരിക്കുകയേ ഉള്ളൂ.

രഞ്ജിത്ത്: ഉദാരവൽക്കൃതാനന്തര ഇന്ത്യയിൽ ഒരു നവസമ്പന്ന മധ്യവർഗം രൂപപ്പെടുന്നത് നമുക്ക് കാണാനാകും. ഇവരുടെ ഉപഭോഗസ്വഭാവങ്ങളും ആവശ്യങ്ങളും വളരെ വിഭിന്നങ്ങളാണ്. നല്ല ഉപഭോഗശേഷിയുള്ള ഇന്ത്യൻ ജനതയിലെ ഈ വിഭാഗത്തെയാണ് ദേശീയ അന്തർദേശീയ അഗ്രിബിസിനസ് കമ്പനികൾ ലക്ഷ്യമിടുന്നത്. അതിനു സഹായിക്കുന്ന പുതിയ കാർഷിക നിയമങ്ങൾ ദേശീയ ഭക്ഷ്യ സുരക്ഷിതത്വത്തെപ്പോലും അപകടപ്പെടുത്തുന്നതാണ്. ഏതു യുക്തിയാലാണ് ഈ പ്രതിഭാസത്തെ വിശദീകരിക്കാനാകുക.

എസ് എസ് ജെ: ഒരുപക്ഷേ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഇന്ത്യൻ ഭരണകൂടം ഒരു പ്രശ്‌നമായി ഇന്ന് കരുതുന്നതേയില്ല. ഇന്ത്യയിലെ ഭക്ഷ്യോൽപ്പാദനം ഇടിഞ്ഞുപോയാലും അന്താരാഷ്ട്ര കമ്പോളത്തിൽനിന്നും അനായാസം കുറവ് വരുന്ന ഭക്ഷ്യധാന്യങ്ങൾ വാങ്ങാമെന്നാണ് അവർ വിചാരിക്കുന്നത്. കാർഷികമേഖലയിലെ സബ്‌സിഡികൾ വെട്ടിക്കുറയ്‌ക്കുന്നതിലാണ് അവർക്ക് ഇന്ന് ഏറെ താൽപ്പര്യം. കാർഷികമേഖലയിലെ ഉൽപ്പാദനക്ഷമതയും വിതരണവുമെല്ലാം കോർപറേറ്റ് മൂലധനം കൈകാര്യം ചെയ്യുമെന്നാണ് അവർ വിശ്വസിക്കുന്നത്. പൊതുവിതരണ സമ്പ്രദായത്തെ ഇല്ലാതാക്കുന്നതും എല്ലാം കമ്പോളത്തിനു വിട്ടുകൊടുക്കുന്നതാണ് നല്ലതെന്നുമുള്ള നിയോ ലിബറൽ ചിന്തയുടെ ഭാഗമാണ്‌ ഇത്. നിലനിൽപ്പിനായി ദീർഘനാളായി പാടുപെടുന്ന കാർഷികമേഖലയ്ക്ക് ഇത് ഒട്ടും അഭികാമ്യമല്ല. കാർഷികമേഖലയ്ക്ക് പുറത്തുള്ള തൊഴിലവസരങ്ങൾ പരിമിതമായ ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളിൽ ഇത് ഗുരുതരമായ രാഷ്ട്രീയ അസ്വസ്ഥതകൾ സൃഷ്ടിക്കും .

സുരീന്ദർ സിങ്‌ ജോധ്‌ക / കെ എസ്‌ രഞ്ജിത് 

Sunday, January 3, 2021

ഇതു ജനങ്ങളുടെ പ്രസ്ഥാനം; ജനങ്ങളുടെ സര്‍ക്കാര്‍...പിണറായി വിജയന്‍ സംസാരിക്കുന്നു

 മുഖ്യമന്ത്രി പിണറായി വിജയനോടാകുമ്പോൾ അഭിമുഖം വെല്ലുവിളിയാണ്. കേരളത്തിൽ ഒരു കല്പിതകഥയാണല്ലോ ചോദ്യങ്ങൾക്കുമുന്നിലെ പിണറായി. ഏകാകിയായി ആ മിത്ത് മറികടന്നുവേണമല്ലോ അഭിമുഖം.അത്‌ ഇങ്ങനെ സംഭവിച്ചു.കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ അതിന്റെ ചരിത്രത്തിലെ ഏറ്റ‍വും വലിയ ആക്രമണങ്ങൾ നേരിടുമ്പോൾ ഉയരുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം ഇങ്ങനെ ഉത്തരം പറഞ്ഞു...

ദേശാഭിമാനി വാരികയ്ക്ക് വേണ്ടി കൈരളി ടി വി എക്സിക്യൂട്ടീവ് എഡിറ്റര്‍ എന്‍ പി ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖം


? എൽ ഡി എഫ് സർക്കാർ കാലാവധി തികയ്‌ക്കാൻ ഇനി മാസങ്ങൾ മാത്രം‐  കഴിഞ്ഞ നാലര വർഷത്തെക്കുറിച്ച്...

= കഴിഞ്ഞ നാലര വർഷത്തെക്കുറിച്ച് തികഞ്ഞ സംതൃപ്തിയാണുള്ളത്. വാഗ്ദാനം ചെയ്തതെല്ലാം നിറവേറ്റാനായി. അപ്രതീക്ഷിത വെല്ലുവിളികളെ തരണം ചെയ്യാനായി. ക്ഷേമ‐ വികസനപ്രവർത്തനങ്ങളുടെ കാര്യത്തിൽ രാജ്യത്തിനുതന്നെ മാതൃകയായി കേരളം മാറി. സമാധാനത്തിന്റെയും സാഹോദര്യത്തിന്റേതുമായ അന്തരീക്ഷം നാട്ടിലുണ്ടായി. കേരളീയർ ഒറ്റക്കെട്ടായി നാടിനുവേണ്ടി നിലകൊള്ളുന്ന സാഹചര്യം സംജാതമായി. അഴിമതിരഹിത‐ മതനിരപേക്ഷ‐ വികസിത കേരളം എന്ന മുദ്രാവാക്യം അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കി. ഇതുകൊണ്ടൊക്കെയാണ് തികഞ്ഞ സംതൃപ്തിയുള്ളത്.

ലോകത്തിനാകെ സ്വീകാര്യമായ മാനവ വിഭവശേഷി നമുക്കുണ്ട്. അത് നമ്മുടെ നാടിനുതന്നെ പ്രയോജനപ്രദമാകണമെന്നുണ്ടെങ്കിൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ നാം വലിയ കുതിച്ചുചാട്ടം നടത്തേണ്ടിയിരുന്നു. അങ്ങനെ നമ്മുടെ ആളുകളുടെ ശേഷികളെ ഇവിടെത്തന്നെ വിന്യസിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

 അത്തരമൊരു സമീപനത്തിന്റെ ഭാഗമായി കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ, കൊച്ചി വാട്ടർ മെട്രോ, ദേശീയപാത, റെയിൽവെ, ദേശീയ ജലപാത, സംസ്ഥാന‐ജില്ലാ റോഡുകൾ, ഹൈടെക്‌ ഇൻഡ്സ്ട്രിയൽ കോറിഡോർ, കൂടംകുളം പവർഹൈവേ, എൽഎൻജി ടെർമിനൽ, പെട്രോകെമിക്കൽ പാർക്ക്, ലൈഫ് സയൻസസ് പാർക്ക്, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ നിരവധി ഇടപെടലുകളാണ് അധികാരത്തിൽ വന്നതിനുശേഷം നാടിന്റെ അടിസ്ഥാനസൗകര്യവികസനം മുൻനിർത്തി നടത്തിയിട്ടുള്ളത്.

ഇതോടൊപ്പം നിലവിലുള്ള നമ്മുടെ സാധ്യതകളെ കുറേക്കൂടി ശക്തിപ്പെടുത്താൻ ഹരിതകേരളം, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകളും എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷനും നടപ്പിലാക്കി. സർക്കാർ സർവീസുകളെ കാര്യക്ഷമമാക്കാനും നിരവധി ചെറുപ്പക്കാരെ സർവീസ് മേഖലയുടെ ഭാഗമാക്കാനും കഴിഞ്ഞു. പൊതുമേഖലയെ സംരക്ഷിക്കാനും ലാഭത്തിലാക്കാനും, പരമ്പരാഗത മേഖലകൾക്ക് ഉത്തേജനമേകാനും സാധിച്ചു.

ക്ഷേമ പെൻഷനുകളുടെ കാര്യത്തിലും വിവിധ മേഖലകളിലുള്ള തൊഴിലാളികൾക്ക് വേതനം നൽകുന്ന കാര്യത്തിലും രാജ്യത്തിനുതന്നെ ഈ ഘട്ടത്തിൽ കേരളം മാതൃകയായി. സാങ്കേതികവിദ്യാമേഖലയിൽ ലോകശ്രദ്ധ നേടിയെടുക്കാനും, വലിയ നിക്ഷേപങ്ങൾ സംസ്ഥാനത്തു കൊണ്ടുവരാനും അങ്ങനെ കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കാനുമൊക്കെ ഇക്കഴിഞ്ഞ നാലുവർഷം കൊണ്ട് കഴിഞ്ഞു എന്നതിൽ ചാരിതാർഥ്യമുണ്ട്.

? പ്രകൃതിദുരന്തങ്ങളും രോഗബാധകളും മുമ്പില്ലാത്തവിധം കേരളത്തെ ബാധിച്ച കാലമാണ് കഴിഞ്ഞ നാലര വർഷം. ആ അനുഭവത്തെപ്പറ്റി...

= അതെ. ആദ്യത്തെ ചോദ്യത്തിനു മറുപടി നൽകുമ്പോൾ പറഞ്ഞിരുന്നു, അപ്രതീക്ഷിത വെല്ലുവിളികളെക്കുറിച്ച്. പ്രകൃതി ദുരന്തങ്ങളും രോഗങ്ങളും അടിക്കടി ഉണ്ടായപ്പോൾ ഒരു സമൂഹമെന്ന നിലയ്‌ക്ക്‌ കേരളം ഒറ്റക്കെട്ടായി നിന്ന് പരസ്പരം സഹായിച്ചു. ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് ആ ഘട്ടങ്ങളിലെല്ലാം ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ആശ്വാസ നടപടികൾക്കും ചുക്കാൻ പിടിക്കാൻ കഴിഞ്ഞു എന്നതിൽ ചാരിതാർഥ്യമുണ്ട്. അതിജീവനത്തിന്റെ മാതൃക കേരള ജനത ലോകത്തിനു മുമ്പിൽ അവതരിപ്പിച്ചു എന്നതിലാണ് അഭിമാനമുള്ളത്.

സമ്പദ്ഘടനതന്നെ തകർന്നുപോകുന്ന വിധത്തിലുള്ള പ്രശ്നങ്ങളെയാണ് നമുക്ക് നേരിടേണ്ടിവന്നത്. എന്നിട്ടും കേരളത്തിൽ സാമ്പത്തികവളർച്ചയുണ്ടായി. അതിസങ്കീർണ പ്രതിസന്ധികൾക്കിടയിലും കേരളത്തിൽ വികസന‐ ക്ഷേമ പ്രവർത്തനങ്ങൾക്ക് യാതൊരു മുടക്കവും വന്നിട്ടില്ല. ഇതൊക്കെ സാധ്യമായത് കേരളം ബദൽ മാർഗങ്ങൾ അവലംബിക്കുന്നതുകൊണ്ടാണ്; ഇവിടത്തെ എൽഡിഎഫ് സർക്കാർ വ്യത്യസ്തമായി ജനപക്ഷത്തുനിന്നു ചിന്തിക്കുന്നതുകൊണ്ടാണ്. നേരിട്ട വെല്ലുവിളികളോരോന്നും പ്രതിസന്ധികളെ അതിജീവിക്കാനുള്ള നമ്മുടെ ശേഷിയെ മെച്ചപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.

അതിനുള്ള ഉദാഹരണമാണ് ഈ കോവിഡ് കാലത്ത് വിശന്നുവലയുന്നവരുടെ വിശപ്പകറ്റാൻ കമ്യൂണിറ്റി കിച്ചണുകളിലൂടെ ഒരു കോടിയിലധികം സൗജന്യ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു എന്ന വസ്തുത.

  ? ലൈഫ് പദ്ധതി  കേരളത്തിൽ വീടില്ലാത്ത ആരുമുണ്ടാകില്ല എന്ന നിശ്ചയത്തോടെ പ്രഖ്യാപിച്ച പദ്ധതി. കുടിയിറക്കു നിരോധിച്ച, ഭൂപരിഷ്‌കാരം കൊണ്ടുവന്ന കമ്യൂണിസ്റ്റ് പാരമ്പര്യത്തിന് താങ്കളുടെ മന്ത്രിസഭ നൽകിയ സംഭാവന. ഏറ്റവും സംതൃപ്തി നൽകിയ പദ്ധതി അതാണ് എന്നു പറയാമോ...

 = ഭവനരഹിതരായ ആരും കേരളത്തിലുണ്ടാകരുത് എന്നതായിരുന്നു ലൈഫ് മിഷൻ ആരംഭിക്കുന്നതിനു പിന്നിലുള്ള ചേതോവികാരം. ആ ലക്ഷ്യത്തിലേക്കു  നാമടുക്കുന്നു എന്നതിൽ സന്തോഷമുണ്ട്. മൂന്നു ഘട്ടങ്ങളിൽ ആദ്യത്തേതിൽ മുമ്പ് ഭവനനിർമാണം ആരംഭിച്ച് പൂർത്തീകരിക്കാൻ കഴിയാതെ പോയവരുടെ പ്രശ്നമാണ് നാം പരിഹരിച്ചത്. രണ്ടാമത്തേതിൽ ഭൂമിയുണ്ടെങ്കിലും വീടില്ലാതെ പോയവരെയാണ് നാം സഹായിച്ചത്. ഇപ്പോൾ മൂന്നാമത്തെ ഘട്ടത്തിലാകട്ടെ ഭൂമിയും വീടുമില്ലാത്തവർക്കുവേണ്ട ഭവനസമുച്ചയങ്ങളാണ് പണിയുന്നത്.

ലൈഫിന്റെ ഭാഗമായി ആദ്യ രണ്ടു ഘട്ടങ്ങളിലായി രണ്ടുലക്ഷത്തി നാൽപ്പതിനായിരം വീടുകൾ പൂർത്തീകരിച്ചു. ഡിസംബറിൽ അത് രണ്ടുലക്ഷത്തി അമ്പതിനായിരം ആകും. മൂന്നാമത്തെ ഘട്ടത്തിൽ വിവിധ സ്രോതസ്സുകളിലൂടെ ഭവന നിർമ്മാണത്തിനായി 8491.50 കോടി  രൂപയാണ് ഈ പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്. മൂന്നു ഘട്ടങ്ങളിലായി പാർപ്പിടമില്ലായ്മ എന്ന പ്രശ്നം കേരളത്തിൽ ഇല്ലാതാക്കാനാണ് നാം ഉദ്ദേശിച്ചത്. എന്നാൽ, അതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നിരുന്നാലും ലക്ഷ്യം പൂർത്തീകരിക്കാതെ സർക്കാർ പിന്നോട്ടില്ല. അതുകൊണ്ടാണ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെപോയ അർഹരായ മുഴുവൻ ആളുകൾക്കും വീടു നൽകാനുള്ള  നടപടികൾ കൈക്കൊണ്ട് ഇക്കഴിഞ്ഞ ആഗസ്റ്റ് ഒന്ന്‌ മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ പുതിയ അപേക്ഷകൾ സ്വീകരിച്ചത്.

വീടുകൾ പണിയുന്നതിനു പുറമെ പൊതുവിദ്യാലയങ്ങൾ മെച്ചപ്പെടുത്താനും പൊതുജനാരോഗ്യ സംവിധാനത്തെ നവീകരിക്കാനും ജലാശയങ്ങൾ വൃത്തിയാക്കാനും തരിശുനിലങ്ങൾ വീണ്ടെടുക്കാനുമൊക്കെ കഴിഞ്ഞിട്ടുണ്ട്. അതിലൊക്കെ സന്തോഷമുണ്ട്.

എന്നാൽ ഏറ്റവും സംതൃപ്തി നൽകിയത് അവയൊന്നുമല്ല. ഇരട്ടിയിലധികമായി വർധിപ്പിച്ച ക്ഷേമ പെൻഷനുകൾ ഇരുകൈയും നീട്ടി വാങ്ങി പല്ലില്ലാത്ത അപ്പൂപ്പൻമാരും അമ്മുമ്മമാരും നിറഞ്ഞ മനസ്സോടെ വാതുറന്നു ചിരിക്കുന്ന കാഴ്ചയാണ് ഏറ്റവുമധികം സംതൃപ്തി നൽകിയത്.

? പ്രകടനപത്രികയിൽ എത്ര വാഗ്ദാനങ്ങൾ പൂർത്തിയാക്കി എന്ന് ഇടയ്‌ക്കിടെ ജനങ്ങളോടു പറയുന്ന മുഖ്യമന്ത്രിയാണ് താങ്കൾ. അവശിഷ്ടവാഗ്ദാനങ്ങളെപ്പറ്റി...

= 35 ഇനപരിപാടി ആദ്യ വർഷം തന്നെ നടപ്പാക്കിയിരുന്നു. നാലു വർഷം കൊണ്ട് 600  വാഗ്ദാനങ്ങളിൽ 570 ഉം നിറവേറ്റനായി. ബാക്കിയുള്ളതും പൂർത്തീകരിക്കും. ഒരു സംശയവുമില്ല. പ്രകടന പത്രികയിൽ ഉൾപ്പെടാതിരുന്ന പലതും ഏറ്റെടുക്കേണ്ടി വരികയും പലതിനെയും അഭിമുഖീകരിക്കേണ്ടിവരികയും അതിനെയൊക്കെ അതിജീവിക്കുകയും ചെയ്തിട്ടുണ്ട്.

ഓഖി മുതൽ പ്രളയം വരെയും നിപ മുതൽ കോവിഡ് വരെയും അതിജീവിച്ചാണ് ഈ വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റിയത്. അതിൽ തികഞ്ഞ ചാരിതാർഥ്യമുണ്ട്. വാഗ്ദാനങ്ങൾ നിറവേറ്റുക മാത്രമല്ല ചെയ്തത്. തെരഞ്ഞെടുപ്പിനുമുമ്പ് പ്രകടന പത്രികയിലൂടെ നൽകിയ വാഗ്ദാനം അധികാരത്തിൽ വന്നതിനുശേഷം ഈ സർക്കാർ നിറവേറ്റിയവയും തമ്മിൽ പൊതുജനങ്ങൾക്ക് താരതമ്യം ചെയ്യാൻ കഴിയുന്ന വിധത്തിൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുകകൂടി ചെയ്തിട്ടുണ്ട്.

? കേരളത്തിൽ എൽഡിഎഫിന്‌ ഭരണത്തുടർച്ചയുണ്ടാകുമെന്ന് നാലു മാസം മുമ്പ് ഏഷ്യാനെറ്റ് നടത്തിയ ഒരു സർവെ കണ്ടെത്തി. ആ പ്രവചനത്തെക്കുറിച്ച്...

= ജനങ്ങൾ ഈ സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംതൃപ്തി ഉള്ളവരാണ്. ഈ സർക്കാർ തുടർന്നാൽ അത് നാടിനാകെ ഗുണകരമാവും എന്ന് കരുതുന്നവരാണ് ബഹുഭൂരിപക്ഷവും. എന്നാൽ, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പേ അത്തരമൊരു സർവെ പുറത്തിറക്കിയത്  കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. സർക്കാരിനെതിരെ ഒന്നും പറയാനില്ലാതെ ഇരുന്ന പ്രതിപക്ഷത്തെയും ബിജെപിയെയും ഉണർത്തിയെടുക്കാനുദ്ദേശിച്ച ഒന്നായിരുന്നു ആ സർവെ. പിന്നീടിങ്ങോട്ടുള്ള നാളുകളിൽ നടന്ന നാടകങ്ങളും വാർത്താ കോലാഹലങ്ങളുമൊക്കെ നിരീക്ഷിച്ചാൽ ആർക്കുമത് ബോധ്യമാകും. ആ സർവെയുടെ യഥാർത്ഥ ലക്ഷ്യമെന്തെന്ന് ആ സർവെയെത്തുടർന്നുണ്ടായിട്ടുള്ള സംഭവവികാസങ്ങളിൽ നിന്ന് വ്യക്തമാകും.

?  ആ പ്രവചനം കേരളരാഷ്ട്രീയത്തെ പൊടുന്നനെ വഴിതിരിച്ചുവിട്ടു എന്ന നിഗമനമുണ്ട്‐ അതിനുശേഷം പ്രതിപക്ഷം മറ്റൊരു മുഖം കാട്ടി, സർക്കാരിനെതിരെ ആരോപണപരമ്പരകളുണ്ടായി, സർക്കാരിനോടുള്ള മാധ്യമസമീപനം മാറി. എങ്ങനെ പ്രതികരിക്കുന്നു.

= ആ സർവെയ്ക്കൊരു രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു. കൃത്യമായി അവർ ആ ലക്ഷ്യം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ അതിനു ശേഷം സംഘടിപ്പിച്ചിട്ടുണ്ട്.

?  ഇപ്പോൾ, സ്വർണക്കടത്ത് വിവാദത്തിന്റെയും തുടർവിവാദങ്ങളുടെയും നടുവിലാണ് സർക്കാർ. ഇത് എവിടെയെത്തുമെന്നാണ് താങ്കൾ കരുതുന്നത്...

= സ്വർണക്കടത്ത് സർക്കാരിനെ ബാധിക്കുന്ന ഒരു വിഷയമല്ല. ഏതായാലും അതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട്. അത് നടക്കട്ടെ, കുറ്റക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരട്ടെ.എന്നാൽ, അന്വേഷണത്തിന്റെ പേരുപറഞ്ഞ് കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാരിന്റെ നയപരിപാടികളിൽ കൈകടത്തുന്നത് ശരിയായ സമീപനമല്ല; ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരാണ്. ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്.

നേരത്തെ നമ്മൾ പരാമർശിച്ച ലൈഫ് പദ്ധതിക്കെതിരെ ഒരന്വേഷണം നടത്താൻ ശ്രമിച്ചത് ആ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച്, അവയുമായി യാതൊരു ബന്ധവുമില്ലാത്ത വകുപ്പുകൾ ചേർത്താണ്. കോടതിതന്നെ ആ ശ്രമത്തെ തടഞ്ഞു.

പിന്നെയൊരു പ്രധാനപ്പെട്ട പദ്ധതി കെ‐ ഫോണാണ്. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം. ഇവിടെ എല്ലാവർക്കും മികച്ച ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ അതുകൊണ്ടുതന്നെ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. അതിനുവേണ്ട പശ്ചാത്തല സൗകര്യമൊരുക്കലാണ് കെ‐ഫോൺ പദ്ധതി. അതിലൂടെ എല്ലാ വീടുകളെയും ഓഫീസുകളെയും മറ്റും ഹൈസ്പീഡ് ഓപ്ടിക്കൽ ഫൈബർ ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ്. പാവപ്പെട്ടവർക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കാൻ ഉദ്ദേശിച്ചുകൊണ്ടുകൂടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇത് നമ്മുടെ അനേകായിരം ചെറുപ്പക്കാർക്ക് തൊഴിൽ ലഭ്യമാക്കുന്നതും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതും അങ്ങനെ നാടിനാകെ ഗുണം വരുത്തുന്നതുമായ പദ്ധതിയാണ്. ഈ മേഖലയിലെ കുത്തകകളുടെ താൽപ്പര്യം ഈ പദ്ധതി പ്രായോഗികമായിക്കാണണമെന്നാവില്ലല്ലോ.

പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവർ നിയമസഭയിൽ ഈ വിഷയം പരാമർശിച്ചപ്പോൾ ഇത്തരം വശങ്ങൾ കൂടി പരിഗണിക്കേണ്ടതായിരുന്നു. വിദ്യാഭ്യാസം നൽകാനും ആരോഗ്യം സംരക്ഷിക്കാനുമൊക്കെ ഇവിടെ കച്ചവട താൽപ്പര്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന സ്വകാര്യ വ്യവസായങ്ങളുണ്ടല്ലോ, അതുകൊണ്ട് സർക്കാർ എന്തിന് ഈ മേഖലകളിൽ പ്രവർത്തിക്കണം എന്ന മട്ടിൽ ചോദിക്കുന്നതുപോലെയുള്ള തീർത്തും ജനദ്രോഹപരമായ വാദങ്ങൾ ഉണ്ടായിക്കൂടാത്തതാണ്.

അതേ താൽപ്പര്യം മുൻനിർത്തിയാണ് കേന്ദ്രത്തിന്‌ ചങ്ങാത്തമുള്ള മുതലാളിമാരുടെ ബിസിനസ്സ് താൽപ്പര്യങ്ങൾ സംരക്ഷിക്കാനെന്നോണം കേന്ദ്ര ഏജൻസികൾ ഈ ഘട്ടത്തിൽ കേരള സർക്കാരിന്റെതന്നെ പ്രവർത്തനങ്ങളിൽ കൈകടത്താൻ ശ്രമിക്കുന്നത്. അത് നമ്മുടെ നാടിന്റെ വികസനത്തെ അട്ടിമറിക്കാനും നമ്മുടെ ചെറുപ്പക്കാരുടെ ഭാവിയെ അപകടത്തിലാക്കാനുമുള്ള ശ്രമമാണ്. അതൊന്നും ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ല.

? കേന്ദ്ര അന്വേഷണ ഏജൻസികളുടെ കൈയിലുള്ള കേസുകളിൽ ഒന്ന് താങ്കളെ നേരിട്ടു ബാധിക്കുന്നതാണ്.  നായനാർ മന്ത്രിസഭയുടെ കാലത്ത് വൈദ്യുതി വകുപ്പു കൈയാളിയപ്പോൾ ഉയർന്ന ലാവലിൻ കേസ്. ബിജെപി സർക്കാരിന്റെ കൈയിൽ സിപിഐ എമ്മിനെതിരായ അന്തിമായുധമാണ് ആ കേസ് എന്ന് കരുതുന്നവരുണ്ട്. എന്തു പറയുന്നു...

= ആ കേസ് അന്വേഷണ ഏജൻസിയുടെ കൈയിലല്ല. കോടതി മുമ്പാകെ എത്തിയതും കോടതി വിധി പറഞ്ഞതുമാണ്. ഒന്നല്ല, രണ്ടു കോടതികൾ. ആ കേസിൽ ഞാൻ പ്രതിപോലുമാകേണ്ടതില്ല എന്നു വ്യക്തമാക്കിയതാണ്. രണ്ട് കോടതികൾ എന്നെ കുറ്റവിമുക്തനാക്കിയ കേസാണ്; വിചാരണ കോടതിയും ഹൈക്കോടതിയും.

ഏജൻസികൾക്ക് അന്വേഷണത്തിൽ ഇനി ഒന്നും ചെയ്യാനില്ല. ഇക്കാര്യത്തിൽ മുൻവിധിയോടെയുള്ള ഒരു പ്രതികരണത്തിനു ഞാനില്ല. നിയമപരമായ കാര്യങ്ങൾ അതിന്റെ മുറയ്ക്കു നടക്കട്ടെ.

? കേന്ദ്ര അന്വേഷണ ഏജൻസികൾ മന്ത്രിസഭയെ വട്ടമിട്ടു നിൽക്കുന്നു. ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിനെ ബിജെപി സർക്കാർ ഉപരോധിക്കുകയാണ് എന്നു നിരീക്ഷിക്കുന്നവരുണ്ട്. വിമോചനസമരം അന്വേഷണ ഏജൻസികളിലൂടെ നടപ്പാക്കുകയാണ് എന്നു വിലയിരുത്തുന്നവരുണ്ട്. ഇത് സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നിടത്തേയ്‌ക്ക്‌ എത്തുമോ? ത്രിപുര ആവർത്തിക്കുകയെന്ന ബിജെപി ലക്ഷ്യം നടപ്പാകുമോ.

= കേരളത്തിലെ ജനങ്ങൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. ഇന്ത്യയിലേറ്റവുമധികം ന്യൂസ്/ഇന്റർനെറ്റ് പെനിട്രേഷനുള്ള സംസ്ഥാനമാണ് കേരളം. പ്രബുദ്ധരായ കേരളീയർക്ക് വസ്തുതകൾ എന്താണെന്ന് സുവ്യക്തമാണല്ലോ. അതുകൊണ്ട് ഇവിടെ അത്രയെളുപ്പം തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടും എന്ന് ആരും വ്യാമോഹിക്കണ്ട.

?  ശബരിമല പ്രശ്നത്തെ വർഗീയവത്കരിച്ച് ബിജെപി ഉണ്ടാക്കിയ വിവാദത്തിന്റെ നേട്ടം കൂടിയാണ് കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കൊയ്‌തത് എന്നു കരുതുന്നവരുണ്ട്. സർക്കാരിനെ ബിജെപി വേട്ടയാടട്ടെ, അതിന്റെ ഗുണം കൊയ്യാം എന്ന നിലപാട് യുഡിഎഫിനെ നയിക്കുന്നുണ്ടോ...

= കേരള രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ പ്രത്യേകത എന്താണ് എന്ന് ചോദിച്ചാൽ അത് കോൺഗ്രസ്സിനെയും ബിജെപിയെയും തമ്മിൽ വേർതിരിച്ച് കാണാൻ കഴിയില്ല എന്നതാണ്. ഒട്ടുമിക്ക വിഷയങ്ങളിലെയും അവരുടെ നിലപാടുകളും സമീപനങ്ങളും പരിശോധിച്ചാൽ കോൺഗ്രസ്സല്ലേ  ബിജെപി, ബിജെപിയല്ലേ കോൺഗ്രസ്‌ എന്ന് തോന്നിപ്പോകും. ബിജെപിയെ ചാരിനിന്ന് നേട്ടം കൊയ്യാമെന്ന് ആരെങ്കിലും കരുതിയാൽ അതിന്റെ അനന്തരഫലം എന്താകുമെന്ന് ജനങ്ങൾക്കാകെ അറിയാം. ഒരുപക്ഷേ, ബിജെപിയെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ ലാഭമുണ്ടാക്കാം എന്നു കരുതി ഇറങ്ങി പുറപ്പെട്ടിട്ട് നിരന്തരം നഷ്ടം മാത്രമുണ്ടായിക്കൊണ്ടിരിക്കുന്ന കൂട്ടർക്കുമാത്രം അത് അറിയില്ലായിരിക്കാം.

?  പ്രതിപക്ഷം ഭരണപക്ഷത്തിന്റെ മറുപുറമാണ്. കേരളത്തിലെ പ്രതിപക്ഷത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായം...

= വസ്തുതകളില്ലാത്ത ആരോപണങ്ങളുടെ ഉപജ്ഞാതാക്കളും പിന്നീടവ പിൻവലിക്കുന്നതിൽ അഗ്രഗണ്യരുമാണ് കേരളത്തിലെ പ്രതിപക്ഷം. എന്നാലവരുടെ ഏറ്റവും വലിയ സംഭാവന കേരളത്തിൽ നടക്കുന്ന ചരിത്രപരമായ വികസന‐ ക്ഷേമ പ്രവർത്തനങ്ങളെ തകർക്കാൻ മാത്രം വഴിവെക്കുന്നവയായിരുന്നു. അങ്ങനെ നാടിന്റെയാകെ താൽപ്പര്യങ്ങളെ ബലികഴിക്കാനാണ് അവർ നിരന്തരം ശ്രമിച്ചിട്ടുള്ളത്.

? നാലരക്കൊല്ലം എതിർപക്ഷത്തിന്റെ നേതാവായിരുന്ന പ്രതിപക്ഷനേതാവിനെക്കുറിച്ച്...

= അദ്ദേഹത്തെ ജനങ്ങൾ വിലയിരുത്തുന്നതാവും ഉചിതം. ആ സ്ഥാനത്തോട് നീതി പുലർത്തിയിട്ടുണ്ടോ എന്നദ്ദേഹവും സ്വയം വിലയിരുത്തട്ടെ.

? മുഖ്യപ്രതിപക്ഷമല്ലെങ്കിലും ബിജെപിയും പ്രതിപക്ഷത്തുണ്ട്. അവരെക്കുറിച്ച്...

= ഹൈവെ വികസനം നിർത്തിവെക്കണം എന്ന് കേന്ദ്രത്തോട് പറഞ്ഞവരാണ്. കേരളത്തെ സോമാലിയയോട് ഉപമിച്ചവരാണ്. വർഗീയ ചേരിതിരിവ് നടത്താൻ മാത്രം ശ്രമിക്കുന്നവരാണ്. കോൺഗ്രസ്സിനോടൊപ്പം ചേർന്നുനിന്ന് നാടിനെ പിന്നോട്ടടിക്കാനും  നാട്ടിലെ വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ നടപടികൾക്കും തുരങ്കം വെക്കാനും ഒരു മടിയുമില്ലാത്തവരാണ്.

?  ബിജെപിയുടെ രാജ്യഭാരത്തെക്കുറിച്ച്... കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനത്തെക്കുറിച്ച്...

= കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായി നടത്തുന്ന പദ്ധതികൾ നടപ്പാക്കാൻ മികച്ച രീതിയിൽ ഇരു സർക്കാരുകളും സഹകരിച്ചിട്ടുണ്ട്. എന്നാൽ ജിഎസ്ടി,  സംസ്ഥാനങ്ങളുടെ വായ്പാപരിധി, സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്കു നടത്തുന്ന വികസന‐ ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയവയുടെയൊക്കെ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. പൗരത്വം, മതനിരപേക്ഷത തുടങ്ങിയ കാര്യങ്ങളിലൊക്കെയും സംസ്ഥാനത്തിനു കേന്ദ്ര സമീപനത്തോടുള്ള വിയോജിപ്പ് പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ടല്ലോ.

നോട്ടുനിരോധനം, സഹകരണ സ്ഥാപനങ്ങൾക്കെതിരായ സമീപനം, മാധ്യമങ്ങളുടെ വായടപ്പിക്കൽ, ഭരണഘടനാ സ്ഥാപനങ്ങളോടുള്ള കൈയേറ്റം, സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കു മേലുള്ള കൈകടത്തൽ, കാർഷിക ബില്ലുകൾ തുടങ്ങിയ കാര്യങ്ങളിലെല്ലാം കേന്ദ്രത്തെ അതിശക്തമായി എതിർത്ത സംസ്ഥാനമാണ് കേരളം. ചില ഘട്ടങ്ങളിൽ കേരള നിയമസഭ കേന്ദ്ര തീരുമാനങ്ങൾക്കെതിരെ പ്രമേയം പാസാക്കുകയും ചില കാര്യങ്ങളിൽ സംസ്ഥാന സർക്കാർ കേന്ദ്ര നിയമങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യ വ്യവസ്ഥയ്ക്കകത്തുനിന്നുകൊണ്ട്‌ സഹകരിക്കേണ്ടവയിൽ സഹകരിക്കാനും എതിർക്കേണ്ടവയെ എതിർക്കാനും കേരളം കഴിഞ്ഞ നാലുവർഷമായി ഒട്ടും മടിച്ചിട്ടില്ല.

ഈ മഹാമാരിയുടെ ഘട്ടത്തിൽ വർഗീയ ധ്രുവീകരണത്തിനല്ല ശ്രമിക്കേണ്ടത് എന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകേണ്ടത് എന്നുമുള്ള നിലപാടാണ് സംസ്ഥാനത്തിനുള്ളത്. അതിനായി കേന്ദ്രം സംസ്ഥാനങ്ങളുടെ കടമെടുക്കൽ പരിധി ഉപാധിരഹിതമായി വർധിപ്പിക്കണമെന്നും  തടഞ്ഞുവെക്കപ്പെട്ടിരിക്കുന്ന സംസ്ഥാന വിഹിതം അടിയന്തരമായി ലഭ്യമാക്കണമെന്നുമുള്ള നിലപാടാണ് കേരളത്തിനുള്ളത്.

?  കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയാണ് വി മുരളീധരൻ. കേന്ദ്രമന്ത്രി എന്ന നിലയ്‌ക്കുള്ള അദ്ദേഹത്തിന്റെ പ്രവർത്തനത്തെക്കുറിച്ച്...

= അദ്ദേഹം മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ്. അതുകൊണ്ടുതന്നെ കേന്ദ്രമന്ത്രി എന്ന നിലയിൽ അദ്ദേഹം കേരളത്തിന്റെ പ്രതിനിധി അല്ല. എന്നാലദ്ദേഹം മലയാളിയാണ്. ഒരു മലയാളി എന്ന നിലയ്ക്ക് കേരളത്തിലെ വികസന‐ ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം തന്റെ കേന്ദ്ര മന്ത്രി സ്ഥാനം എപ്രകാരം പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്ന് ജനങ്ങൾ വിലയിരുത്തുമെന്നാണ് ഞാൻ കരുതുന്നത്.

? കേരള കോൺഗ്രസ് എൽഡിഎഫിലെത്തി. ആ മാറ്റത്തിന് എത്രമാത്രം പ്രാധാന്യമുണ്ട്...

= കേരള രാഷ്ട്രീയത്തിന്റെ  ഗതിയെത്തന്നെ മാറ്റിമറിക്കാൻ പോന്ന ഒരു ചുവടുവയ്പ്പാണ് കേരള കോൺഗ്രസ്‌ മാണി വിഭാഗത്തിൽ നിന്നുണ്ടായിട്ടുള്ളത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം മുമ്പ് ഇടതുപക്ഷത്തിന്‌ സ്വാധീനമില്ലാതിരുന്ന ജനവിഭാഗങ്ങളിലേക്കും മേഖലകളിലേക്കും എത്തും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കേരളത്തിന്റെ പുരോഗമന മനസ്സിനെ കുറേകൂടി ശക്തിപ്പെടുത്തും ഈ ചുവടു മാറ്റം. അത് നാടിനാകെ ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. മതനിരപേക്ഷത വളരെ പ്രധാനമാണ്. അതു സംരക്ഷിക്കാൻ എൽഡിഎഫിനൊപ്പം നിൽക്കേണ്ടതുണ്ട് എന്നു ജോസ് കെ മാണി പറഞ്ഞതു ശ്രദ്ധിക്കുക. മതനിരപേക്ഷതയ്ക്കെതിരെ ഉയരുന്ന ഭീഷണികളും അവയെ ചെറുക്കാൻ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കേ കഴിയൂ എന്നതും കൂടുതൽ കൂടുതൽ പാർടികൾ തിരിച്ചറിയുകയാണ്.

? സമാന്തരമായി ജമാ അത്തെ ഇസ്ലാമി അടക്കമുള്ള തീവ്രവർഗീയ സംഘടനകളുമായി പ്രതിപക്ഷം കൈകോർത്തു. അതിനെക്കുറിച്ച്...

= മതനിരപേക്ഷ സ്വഭാവമുള്ള, ജനാധിപത്യത്തെ മുറുകെ പിടിക്കുന്ന, രാഷ്ട്രീയ കക്ഷികളുമായി സഖ്യം ഉണ്ടാക്കുന്നതുപോലെയല്ല വർഗീയ സ്വഭാവമുള്ള, മതരാഷ്ട്രം സ്ഥാപിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള രാഷ്ട്രീയ കക്ഷികളുമായി സഖ്യമുണ്ടാക്കുന്നത്. അതിന്റെ അപകടം കോൺഗ്രസ്‌ തിരിച്ചറിയുന്നുണ്ടോ എന്ന് അറിയില്ല. ഏതായാലും, എൽഡിഎഫ് സഖ്യമുണ്ടാക്കുന്നത് പരസ്യമായിട്ടാണ്. രഹസ്യസ്വഭാവമുള്ള ഒരു രാഷ്ട്രീയ നീക്കുപോക്കും ഇടതുപക്ഷത്തിനില്ല. അതുകൊണ്ടുതന്നെ രണ്ടിനെയും താരതമ്യം ചെയ്യാൻ കഴിയില്ല. ഒരു കാര്യം ഞങ്ങളാവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വോട്ടോ സീറ്റോ കൂടുമെന്ന് കരുതിയല്ല ഇടതുപക്ഷം രാഷ്ട്രീയ നിലപാടുകൾ കൈക്കൊള്ളുന്നത്. ഞങ്ങളുടെ നിലപാടുകൾ നാടിനെ പുരോഗമനപരമായി നിലനിർത്താനും നാട്ടിൽ വികസന‐ ക്ഷേമ പ്രവർത്തനങ്ങൾ മാതൃകാപരമായി മുന്നോട്ടു കൊണ്ടുപോകാനും വേണ്ടിയുള്ളതാണ്.

?  ഭരണത്തുടർച്ചയുണ്ടാകുമെന്ന ഏഷ്യാനെറ്റ് സർവെ ഫലം വന്നത് 2020 ജൂലൈയിലാണ്. ഭരണത്തുടർച്ചയുണ്ടാകുമോ എന്ന ചോദ്യം 2020 ഡിസംബറിൽ ചോദിച്ചാൽ ഉത്തരമെന്തായിരിക്കും.

= അന്ന് കിട്ടിയ അതേ ഉത്തരം തന്നെയായിരിക്കും ഇന്നും കിട്ടുക.

  ? ഇപ്പോൾ ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി. പാർടി പൊളിറ്റ് ബ്യൂറോ അംഗം. ദേശീയരാഷ്ട്രീയത്തിലെ പാർടിയുടെ ഭാവി എങ്ങനെ കാണുന്നു.

= ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം കാണാനും വർഗീയതയോട് സന്ധിയില്ലാതെ പൊരുതാനും രാജ്യത്തെ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ എന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തങ്ങോളമിങ്ങോളം മനുഷ്യന്റെ അന്നത്തിനും തൊഴിലിനും അവകാശങ്ങൾക്കും വേണ്ടി നടക്കുന്ന പോരാട്ടങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന ഓരോ തെരഞ്ഞെടുപ്പിലും അത് വ്യക്തമാവുകയാണ്. മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഹിമാചലിലും കഴിഞ്ഞ നാളുകളിൽ നാമത് കണ്ടു. ഇപ്പോൾ ബീഹാറിലും നാമത് കാണുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പോരാടുന്നതിന്റെ മുൻപന്തിയിൽ പാർടി ഉണ്ടെങ്കിൽ ഇന്ത്യയിലെ ജനങ്ങൾ പാർടിയെ നെഞ്ചിലേറ്റുമെന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ പാർടിയുടെ ഭാവി ശോഭനമാണ്.

വീറോടേ ചില വീട്ടുകാര്യങ്ങൾ

 ? അച്ഛൻ ചെത്തുതൊഴിലാളിയായിരുന്നു എന്ന പരിഹാസം ഈ അടുത്ത കാലത്തുപോലും കേൾക്കേണ്ടിവന്ന മകനാണ് താങ്കൾ. ആ പൈതൃകത്തെപ്പറ്റി... അച്ഛനെയും അമ്മയെയും ജനിച്ചുവളർന്ന വീടിനെയും പറ്റി...

= തൊഴിലെടുത്തു ജീവിക്കുക എന്നത് അഭിമാനമായി കരുതുന്ന ഒരു സംസ്കാരമാണ് എന്റേത്. ഏതുതൊഴിലും അഭിമാനകരമാണ്. എനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് എന്റെ അച്ഛൻ. അച്ഛനൊപ്പംതന്നെ പ്രിയപ്പെട്ടതാണ് അച്ഛന്റെ തൊഴിലും.

ഒരു തൊഴിലുമെടുക്കാതെ ഏവരെയും ചൂഷണം ചെയ്തു ജീവിക്കുക എന്ന രീതി സംസ്കാരമാക്കിയവരുമുണ്ട് സമൂഹത്തിൽ. ലോകത്തെയാകെ മാറ്റിമറിക്കാൻ പോന്ന രാഷ്ട്രീയശക്തിയാണ്‌ തൊഴിലാളിവർഗം എന്ന ബോധത്തിലേക്ക് ചരിത്രബോധത്തോടെ അവർ ഉണരുമ്പോൾ അവരുടെ കാഴ്ചപ്പാടും മാറിക്കൊള്ളും.

നാട്ടിൻപുറത്തെ അതിസാധാരണമായ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ആ ബാല്യം പരുക്കൻ സ്വഭാവമുള്ളതായിരുന്നു. ആ പാരുഷ്യം ആവാം ഒരുപക്ഷേ, ഇന്ന് പലരും എന്നെ വിമർശിക്കുന്ന ഒരു ഘടകം.'ദാരിദ്ര്യമെന്നുള്ളതറിഞ്ഞവർക്കേ പാരിൽ പരക്ലേശ വിവേകമുള്ളൂ' എന്ന് ഒരു കവിതാഭാഗമുണ്ട്. പരക്ലേശ വിവേകം ഉള്ളവനായി എന്നെ വളർത്തിയത് ആ ബാല്യത്തിന്റെ പാരുഷ്യമാണ്. ധാരാളിത്തത്തിലും ധൂർത്തിലുമായിരുന്നു വളർന്നിരുന്നതെങ്കിൽ ഞാൻ മറ്റൊരാളായിപ്പോയേനേ.

?  രണ്ട് ഏട്ടന്മാരാണ്. അവരെപ്പറ്റി. അവരിലൊരാൾ കുമാരേട്ടൻ തലശ്ശേരി കലാപകാലത്ത് ഖുർ ആൻ കത്തിച്ചു എന്ന് രാഷ്ട്രീയ എതിരാളികൾ അടുത്ത കാലത്ത് വ്യാജ ആരോപണം ഉയർത്തി. ഏട്ടന്റെ മരണാനന്തരം ഉയർന്ന ആ ആരോപണത്തെക്കുറിച്ച്... അതു നിഷേധിക്കാൻ തലശ്ശേരിയിലെ പള്ളി കമ്മിറ്റിക്കാരും ഇസ്ലാം മത വിശ്വാസികളും സ്വയം മുന്നോട്ടുവന്ന അനുഭവത്തെപ്പറ്റി...

= തലശ്ശേരി കലാപത്തിന്റെ തീ കെടുത്താൻ ജീവൻപോലും തൃണവൽഗണിച്ചു മുന്നിട്ടിറങ്ങിയതു കമ്യൂണിസ്റ്റുകാരാണ്. കമ്യൂണിസ്റ്റുകാരുടെ ആ പങ്കിനെ വിതയത്തിൽ കമ്മീഷൻ എടുത്തുപറഞ്ഞിട്ടുണ്ട്. വർഗീയകലാപങ്ങളുണ്ടാക്കാനും അത് ജ്വലിപ്പിച്ചുനിർത്താനും മതവികാരങ്ങൾ ആളിപ്പടർത്തുക എന്നത് വർഗീയശക്തികൾ അനുവർത്തിക്കുന്ന തന്ത്രമാണ്. വ്യാജ ആരോപണങ്ങളും അങ്ങനെ തന്നെ. അതിൽ കുടുങ്ങാതെ ശാന്തിക്കുവേണ്ടി കലാപഭൂമിയിൽ നിലകൊള്ളാൻ എത്തിയവരിൽ എന്റെ ജ്യേഷ്ഠനുമുണ്ടായി എന്നത് അഭിമാനകരമാണ്. ആ ജ്യേഷ്ഠനെപ്പറ്റിയാണ് പിന്നീട് വ്യാജ ആരോപണങ്ങൾ ചിലർ ഉന്നയിച്ചത്. സത്യമറിയാവുന്ന ഇസ്ലാം മതമേധാവികൾ തന്നെ ആരോപണം നിഷേധിക്കാൻ മുന്നിട്ടിറങ്ങിയല്ലോ. യാതൊരു സത്യവുമില്ലാത്ത ആരോപണങ്ങളുന്നയിച്ച് അപകർത്തിപ്പെടുത്തുന്നതിൽനിന്നു മരിച്ചവരെപ്പോലും വെറുതെവിടില്ല എന്നത് എത്ര മനുഷ്യത്വരഹിതമായ തലത്തിലേക്ക് ചിലർ അധഃപതിച്ചിരിക്കുന്നു എന്നാണു തെളിയിക്കുന്നത്.

? കമല ഇന്റർനാഷനൽ എന്ന പേരിൽ താങ്കൾക്ക് വിദേശത്ത് കമ്പനിയുണ്ടെന്ന് ലാവലിൻ വിവാദകാലത്ത് എതിരാളികൾ പറഞ്ഞുനടന്നിരുന്നു. ആ കള്ളക്കഥ ഭാര്യ കമല ടീച്ചർ എങ്ങനെയാണ് നേരിട്ടത്...

= അവർ കമ്യൂണിസ്റ്റുകാരന്റെ ഭാര്യയല്ലേ. അവർക്കറിയാം, അതുകൊണ്ടുതന്നെ ഇതും ഇതിലപ്പുറവും കേൾക്കേണ്ടിവരുമെന്ന്. വിവാഹം ചെയ്യുന്ന കാലത്തുതന്നെ ഞാൻ മുഴുവൻസമയ കമ്യൂണിസ്റ്റ് പാർടി പ്രവർത്തകനാണ്. കമല, ഒഞ്ചിയം സമരസേനാനിയായിരുന്ന ആണ്ടിമാസ്റ്ററുടെ മകളും പാർടി കുടുംബാംഗവും. പൂവിരിച്ച പാതകളിലൂടെയാവില്ല യാത്രയെന്ന് അവർക്ക് അന്നേ അറിയാം. അസത്യങ്ങൾ തുടരെ കേൾക്കേണ്ടിവന്നിട്ടുണ്ട്. അത് അവരെ ക്ഷീണിപ്പിച്ചിട്ടില്ല. അസത്യമാണെന്നവർക്കു ബോധ്യമുണ്ട്. അത് കാലം തെളിയുക്കുമെന്നും ബോധ്യമുണ്ട്. ഏതൊക്കെ ഏജൻസികൾ അകത്തും പുറത്തും അന്വേഷിച്ചു. കമലാ ഇന്റർനാഷണൽ പോയിട്ട്, കമ എന്ന ഒരു വാക്കു കണ്ടെത്താൻ കഴിഞ്ഞോ? ഞാൻ എപ്പോഴും പറയാറുണ്ടല്ലോ. മടിയിൽ കനമില്ലാത്തവനു വഴിയിൽ ഭയക്കേണ്ട.

? രണ്ടു മക്കളാണ്. അവരും വിവാദങ്ങൾക്ക് ഇരകകളായിട്ടുണ്ട്. അതിനെപ്പറ്റി... മകളുടെ വിവാഹംപോലും ആയുധമാക്കിയെടുത്തുള്ള ആക്രമണത്തിനു വിധേയനായ അച്ഛനാണ് താങ്കൾ. ആ അനുഭവത്തെപ്പറ്റി...

= രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്ന സമ്പ്രദായത്തിന് അറുതിവരുത്തേണ്ടതുണ്ട്. കുട്ടികൾ അതും ഒരു ജീവിതാനുഭവമായി കണക്കാക്കിയിട്ടുണ്ടാവുമെന്നാണു ഞാൻ കരുതുന്നത്. ആദ്യമാദ്യം വേദനിച്ചിട്ടുണ്ടാവും. പിന്നെപ്പിന്നെ ജീവിതത്തിൽ പരുക്കൻ വശങ്ങളെ നേരിടാനുള്ള കരുത്തായി അതു മനസ്സിൽ മാറിയിട്ടുണ്ടാവും. അതേക്കുറിച്ച് ഞാൻ ചോദിച്ചിട്ടില്ല.

ഇങ്ങനെ, എന്റെ കമ്യൂണിസ്റ്റ് ജീവിതം

? എങ്ങനെ കമ്യൂണിസ്റ്റായി.

= കമ്യൂണിസ്റ്റ് കുടുംബമായതിന്റെ പേരിൽ എന്റെ കുടുംബത്തിൽ തന്നെയുണ്ടായ വേട്ടയാടലുകളെക്കുറിച്ച് അമ്മ പറഞ്ഞതുകേട്ടാണ് വളർന്നത്. 1948ൽ ക്രൂരമായ പൊലീസ് മർദനത്തിനു ജ്യേഷ്ഠൻ ഇരയായതും വീട്ടിൽ കയറി ഗുണ്ടകൾ സാധനങ്ങൾ എടുത്തുകൊണ്ടുപോയതും അവർ നാട്ടിലാകെ ഭീകരത സൃഷ്ടിച്ചതും ഒക്കെ അമ്മയിൽ നിന്നുതന്നെ അറിഞ്ഞു. ആ അറിവുകളിലൂടെ അനുഭവങ്ങളിലൂടെയാണ് കമ്യൂണിസ്റ്റായത്.

ഇഎം എസിനും കേളുവേട്ടനും ഒപ്പം

പിന്നീട് സിദ്ധാന്തങ്ങളെ പരിചയപ്പെട്ടപ്പോൾ ചൂഷണാധിഷ്ഠിതമായ ക്രൂര വ്യവസ്ഥിതിക്ക് അറുതിവരുത്താൻ ഒരേ ഒരു വഴിയേ ഉള്ളൂ എന്നും അത് മാർക്സിസം‐ ലെനിനിസത്തിന്റേതാണ് എന്നും മനസ്സിലായി. അങ്ങനെ പ്രായോഗിക ജീവിതപരിചയവും സിദ്ധാന്ത പരിചയവും പരസ്പരപൂരകമാവുന്നതായിത്തോന്നി. പ്രായോഗികതയില്ലാത്ത സൈദ്ധാന്തികതയും സൈദ്ധാന്തികതയില്ലാത്ത പ്രായോഗികതയും അപൂർണമാണ്. അടിച്ചമർത്തലിന്റെ, ചൂഷണത്തിന്റെ, മനുഷ്യത്വരാഹിത്യത്തിന്റെ സാമൂഹ്യസാഹചര്യങ്ങളാണ്, അവയോടുള്ള അടങ്ങാത്ത അമർഷമാണ്, ആ സാമൂഹ്യക്രമം പൊളിച്ചെഴുതണമെന്ന ഒടുങ്ങാത്ത വാഞ്ഛയാണ് എന്നെ കമ്യൂണിസ്റ്റാക്കിയത്. പട്ടിണികണ്ടു വളർന്ന ബാല്യങ്ങളല്ലേ അന്ന് നാട്ടിൻപുറങ്ങളിലുണ്ടായിരുന്നത്. ആ തലമുറ വിദ്യാർഥി സംഘടനയിലേക്കും അതുവഴി രാഷ്ട്രീയത്തിലേക്കും വന്നു.

? 1967ൽ നക്‌സലൈറ്റ് പാതക്കാരെ പുറന്തള്ളി എസ്എഫ്ഐയുടെ പൂർവരൂപമായ കെഎസ്എഫിനെ നയിച്ച സംസ്ഥാനസെക്രട്ടറി താങ്കളാണ്. ആ ആശയസമരത്തിന്റെ ഓർമ്മകൾ...

= വിപ്ലവം പോരാ എന്നത് ചെറുപ്പക്കാരെ എളുപ്പത്തിൽ ആകർഷിക്കാനിടയുള്ള മുദ്രാവാക്യമാണ്. അതുകൊണ്ടുതന്നെ അന്ന് നക്സൽ ചിന്തയിലേക്ക് ചെറുപ്പക്കാർ കൂടുതലായി ആകർഷിക്കപ്പെട്ടു. ആ മുദ്രാവാക്യത്തിന്റെയും അതുയർത്തിയ സംഘടനയുടെയും അപ്രയോഗികതയെക്കുറിച്ച് അവർ വേണ്ടപോലെ ചിന്തിച്ചില്ല. ഒരു ഭൂപ്രഭുവിനെ കൊന്ന് ഭൂപ്രഭുത്വം അവസാനിപ്പിക്കാൻ പറ്റില്ല. വേണ്ടത് രാഷ്ട്രീയമാണ്. ഒറ്റപ്പെട്ട അത്യാചാരങ്ങൾ യഥാർത്ഥ വിപ്ലവപ്രസ്ഥാനത്തെ കൂടി ജനങ്ങളിൽനിന്ന് അകറ്റാനേ വഴിവെക്കൂ. അതിതീവ്ര സാഹസിക പ്രസ്ഥാനങ്ങൾ അടുത്ത ഘട്ടത്തിൽ അതിതീവ്ര വലതുപക്ഷത്തേ ചെന്നുനിൽക്കൂ. ഇന്ത്യൻ സാഹചര്യത്തിലുള്ള മാർക്സിസം‐ ലെനിനിസത്തിന്റെ ശരിയായ പ്രയോഗം നക്സലുകളുടേതല്ല. ജനങ്ങളുടെ മനസ്സിൽ വേരുറപ്പിക്കലാണ് പ്രധാനം. അങ്ങനെയേ അവരെ പോരാട്ടത്തിലണിനിരത്തി വ്യവസ്ഥിതിയുടെ മാറ്റത്തിനുവേണ്ടി പൊരുതാനാവൂ. ഇക്കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി യുവാക്കളെ തിരികെ കൊണ്ടുവരികയാണന്നു ചെയ്തത്. ഈ നിലപാടാണ് ശരി എന്ന് ഇന്ന് മാർക്സിസമറിയാവുന്ന ഏവരും പൊതുവിൽ അംഗീകരിക്കുന്നു. അന്ന് അതിതീവ്ര ഇടതുപക്ഷ വ്യതിയാനത്തിന്റെ വഴിയേ പോയവരോ? അവരിൽ ചിലർ ചിതറി എവിടെയൊക്കെയെത്തി എന്നതു ഞാൻ പറയേണ്ടതില്ല. ഒരു ഘട്ടത്തിൽ റിവിഷനിസത്തിനും  മറ്റൊരു ഘട്ടത്തിൽ ഇടതുപക്ഷ തീവ്ര സാഹസികതാവാദത്തിനും എതിരെ പൊരുതിയാണ് സിപിഐ എമ്മിനെ വളർത്തിയെടുത്തത്.

? വിദ്യാർഥിമുന്നണി വിട്ട് നാട്ടിൽ പാർടിയെ നയിക്കാനെത്തി ‐ 25 വയസ്സുമാത്രമുള്ളപ്പോൾ. ആർഎസ്എസ് അക്രമകാലത്ത്. ദിനേശ് ബീഡിയുടെ രൂപംകൊള്ളുന്നതിലേയ്‌ക്ക്‌ എത്തിച്ച ബീഡിത്തൊഴിലാളി സമരകാലത്ത്. തലശ്ശേരിയിൽ പാർടിയെ നയിച്ച ആ സെക്രട്ടറിക്കാലത്തെപ്പറ്റി...

= പ്രതികൂല സാഹചര്യങ്ങൾക്കെതിരെ പെരുതിക്കൊണ്ടേ അന്ന് പാർടി പ്രവർത്തനം നടത്താൻ കഴിയുമായിരുന്നുള്ളൂ. ഒരുവശത്ത് തൊഴിലാളികളുടെ ആത്മവീര്യം തകരാതെ നോക്കണം. ഇതിനെല്ലാമിടയിൽ സംഘടന കെട്ടിപ്പടുത്ത് സമരസജ്ജമാക്കണം. ഇന്നത്തേതുപോലയേ ആയിരുന്നില്ല അന്ന് സംഘടനാപ്രവർത്തനം.

മാംഗ്ളൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഗണേഷ് ബീഡി കമ്പനിയുടെ തൊഴിൽശാലയുണ്ടായിരുന്നു അന്ന് നമ്മുടെ നാട്ടിൽ. അവർ ക്രൂരമായി തൊഴിലാളികളെ ചൂഷണം ചെയ്തു. ന്യായമായ കൂലി നിഷേധിച്ചു. കമ്പനി തന്നെ പൂട്ടി തൊഴിലാളികളെ പട്ടിണിക്കിട്ടു. തൊഴിലാളികളെ സംഘടിപ്പിച്ച് സമരരംഗത്ത് നിരത്തുകയാണ് അക്കാലത്ത് ചെയ്തത്. എ കെ ജി ഒക്കെ സമരം നയിക്കാനെത്തി.

അന്ന് കമ്പനിയുടെ പിണിയാളരായി ആർഎസ്എസുകാർ തൊഴിലാളികളെ ആക്രമിക്കുമായിരുന്നു. തലശ്ശേരിയിലെ ആർഎസ്എസ് ആക്രമണത്തിന്റെ തുടക്കം അവിടെയാണ്. ഇങ്ങനെ പട്ടിണി മുതൽ ആക്രമണം വരെയുള്ളവയെ നേരിട്ടാണ് തൊഴിലാളികൾ സമരരംഗത്തണിനിരന്നത്. ആ പ്രക്രിയയിലാണ് തൊഴിലാളി കുടുംബങ്ങളെ രക്ഷിക്കാൻ ബദൽ എന്ന രീതിയിൽ ദിനേശ് ബീഡിക്കമ്പനിക്കു രൂപം കൊടുത്തത്. രാജ്യത്തെ തലയെടുപ്പുള്ള തൊഴിലാളി സഹകരണ പ്രസ്ഥാനമായി അത് പിന്നീട് മാറിയതു ചരിത്രം.

ഇ കെ നായനാര്‍ക്കും വി എസ് അച്യുതാനന്ദനും ഒപ്പം

? 1970ൽ 26ാം വയസ്സിൽ എംഎൽഎയായി. പൊലീസ് മർദനമേറ്റ് ചോരപുരണ്ട ഷർട്ടുയർത്തിപ്പിടിച്ച് സഭയിൽ നടത്തിയ പ്രസംഗം പ്രസിദ്ധം. ആ സംഭവം ഓർത്താൽ... അടിയന്തരാവസ്ഥാതടവുകാരനുമായിരുന്നു. ആ അനുഭവത്തെക്കുറിച്ച് പുതിയ തലമുറയോട്...

= അടിയന്തരാവസ്ഥയിലാണത്. അന്നു ഞാൻ എംഎൽഎയാണ്. വീട്ടിൽനിന്നു പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ആസൂത്രിതമായി നിശ്ചയിച്ചുറപ്പിച്ചതായിരുന്നു. ശാരീരികമായി ആക്രമിച്ചു തകർക്കുക എന്നതായിരുന്നു ഉദ്ദേശം. അതിഭീകരമായ ഭേദ്യം ചെയ്യലായിരുന്നു കൂത്തുപറമ്പ് ലോക്കപ്പിൽ. പിന്നീട് ചികിത്സപോലും നൽകാതെ മിസ തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു. കെ കരുണാകരനായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. നിയമസഭയിൽ അതിനെക്കുറിച്ച് നടത്തിയ പ്രസംഗം വൈകാരികമായതു സ്വാഭാവികം. ആ കാലത്തെ മർദനത്തിന്റെ ഫലമുണ്ടായ ശാരീരിക പ്രശ്നങ്ങൾക്ക് ഇന്നും ചികിത്സ തുടരേണ്ടിവരുന്നുണ്ട് എന്നുമാത്രം പറയട്ടെ. അമിതാധികാര സ്വേഛാധിപത്യവാഴ്ച ഏറ്റവും നിഷ്ഠൂരമായി മാറിയ കാലമായിരുന്നല്ലോ അത്.

?  1998‐ 2015 കാലത്ത് സംസ്ഥാന സെക്രട്ടി. ഏറ്റവും കൂടുതൽ കാലം ആ ചുമതല കൈയാളിയ നേതാവ്. കപട ഇടതുപക്ഷവുമായി ഏറ്റുമുട്ടേണ്ടിവന്ന കാലമാണ് അതെന്ന് പറഞ്ഞാൽ എങ്ങനെ പ്രതികരിക്കും. സഖാവ് പ്രശ്നകാലങ്ങളിലൂടെ കടന്നുവന്നു എന്നു നിരീക്ഷിച്ചാൽ, ഇടതുപക്ഷ തീവ്രവാദികളോട്, ആർഎസ്എസ്സുകാരോട് കപട ഇടതുപക്ഷക്കാരോട്, അവരുടെ മഴവിൽ മുന്നണിയോട്, മാധ്യമദുരാധിപത്യത്തോട് ഒക്കെ പാർടി നടത്തിയ സമരത്തിന്റെ നേതൃത്വമായിരുന്നു താങ്കൾ വിവിധ കാലത്തു വഹിച്ച സംഘടനാ‐  പാർടി ചുമതലകളുടെ ദൗത്യം എന്നു നിരീക്ഷിച്ചാൽ, തെറ്റുണ്ടോ.

 = ഇ കെ നായനാർ മന്ത്രിസഭയിൽ വൈദ്യുതിയുടെ ചുമതലയുള്ള മന്ത്രിയായിരുന്നല്ലൊ ഞാൻ. അന്നത്തെ പ്രവർത്തനത്തെ പൊതുവിൽ മാധ്യമങ്ങൾ ശ്ലാഘിക്കുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് മന്ത്രിസ്ഥാനമുപേക്ഷിച്ച് പാർടി ചുമതലയിലേക്കു മാറിയത്. പാർടി സെക്രട്ടറിയായി കുറച്ചുകഴിഞ്ഞപ്പോൾ തന്നെ എല്ലാ വിരുദ്ധ ശക്തികളും ചേർന്ന് പാർടിയെ വളഞ്ഞുവെച്ച് ആക്രമിക്കുന്ന നിലയുണ്ടായി. അതിൽ കോൺഗ്രസുകാരുണ്ട്, പാർടിയിൽനിന്ന് പുറത്തായവരുണ്ട്, പാർടി വിരുദ്ധരായവരുണ്ട്, ഇടതുപക്ഷമെന്നു നടിച്ചുകൊണ്ടുതന്നെ ആക്രമിച്ചവരുണ്ട്... എല്ലാമുണ്ട്. അത്തരമൊരു മിശ്രമുന്നണി മുമ്പുണ്ടായിട്ടില്ല. പാർടിക്കെതിരായ ആക്രമണം പാർടി സെക്രട്ടറിക്കെതിരായ ആക്രമണമായി മാറി. ഒരുതരം വളഞ്ഞിട്ടുള്ള ആക്രമണം. വിഭാഗീയത അതിനു കാര്യമായി വളംവെക്കുന്ന നിലയുണ്ടായിരുന്നു അന്ന്.

?  പ്രശ്നകാലഘട്ടങ്ങളിലൂടെ കടന്നുവന്ന കമ്യൂണിസ്റ്റുകാരൻ എന്ന നിലയ്‌ക്ക്‌ സിപിഐ എമ്മിന്റെ മുന്നിൽ ഇപ്പോഴുള്ള പ്രശ്നകാലത്തെ എങ്ങനെ വിലയിരുത്തും. പാർടി എങ്ങനെ ഈ കാലത്തെ അതിജീവിക്കും എന്നാണ് സഖാവ് കരുതുന്നത്്‌...

= തീയിൽ കുരുത്ത പാർടിയാണിത്. ഇത് വെയിലത്തു വാടുകയില്ല. ചരിത്രം എത്രയോ വട്ടം ഇക്കാര്യം തെളിയിച്ചിരിക്കുന്നു. ഇതിന്റെ പാഠം പഠിക്കാതെ ആക്രമിച്ച് നിശ്ശേഷം തകർത്തുകളയാം എന്നു കരുതുന്നവരോട് സഹതാപമേയുള്ളൂ. ഇത് ജനങ്ങളുടെ പ്രസ്ഥാനമാണ്. തൊഴിലാളിയുടെ പ്രസ്ഥാനമാണ്. അവർക്ക് ഇതല്ലാതെ മറ്റൊരു പ്രസ്ഥാനവുമില്ല. അവർ തന്നെ ഏതു പ്രതിസന്ധിയിൽനിന്നും ഇതിനെ രക്ഷിക്കും. ഒരുവിധ വ്യാജ പ്രചാരണങ്ങൾക്കും തങ്ങളുടെ ജീവിതത്തെ ഗുണപരമായി മാറ്റിയെടുത്ത പ്രസ്ഥാനത്തെക്കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാൻ കഴിയില്ല. സാമ്രാജ്യത്വത്തിന്റെ, അതിന്റെ ചൊൽപ്പടിക്കുള്ള സാമ്പത്തികനയങ്ങളുടെ, വർഗീയതയുടെ, ഛിദ്രീകരണ പ്രവണതകളുടെയൊക്കെ എതിർസ്ഥാനത്ത് ശക്തമായി, വിട്ടുവീഴ്ച ചെയ്യാതെ നിലകൊള്ളുന്ന പ്രസ്ഥാനം ഇടതുപക്ഷമാണ്. അത് ജനങ്ങൾക്കറിയാം.

ദേശാഭിമാനിയും കൈരളിയും എന്റെ കണ്ണിൽ

? പിണറായി വിജയൻ എന്ന കമ്യൂണിസ്റ്റുകാരന്റെ വളർച്ചയിൽ ദേശാഭിമാനിക്ക് എന്തു പങ്കാണ് ഉള്ളത്...

= ദേശാഭിമാനി വ്യക്തികളെ വളർത്താനുള്ളതല്ല. പ്രസ്ഥാനത്തെ വളർത്താനുള്ളതാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനസ്വാധീനം വർധിപ്പിക്കാൻ പത്രം ചെയ്യുന്ന നല്ല കാര്യങ്ങളുടെ വെളിച്ചം പാർടി നേതാക്കളായി വരുന്നവരിലും പ്രവർത്തകരിലും ഒക്കെ വന്നുവീണെന്നു വരാം. അത്രയേ ഉള്ളൂ. അത് വ്യക്തിയെ വളർത്തലല്ല.

?  വിമോചനസമരകാലത്ത് കേരളത്തിലെ പത്രങ്ങൾ ഒത്തൊരുമിച്ച് കമ്യൂണിസ്റ്റ് പാർടിക്കെതിരെ അണിനിരന്നു. വീണ്ടും അതുപോലൊരു കാലം വന്നിരിക്കുന്നു. ഇക്കാലത്ത് ദേശാഭിമാനിയുടെ പങ്ക്...

= കമ്യൂണിസ്റ്റ് വിരുദ്ധ, ഇടതുപക്ഷ വിരുദ്ധ, പുരോഗമന വിരുദ്ധ കലാപസ്വരങ്ങൾ കൊണ്ട് കലുഷിതമായ ഒരു മാധ്യമകാലമാണിത്. ഇത്തരമൊരു കാലത്ത് പുരോഗമന പക്ഷത്തിന്റെ ഏകാന്ത ശബ്ദമാണ് ദേശാഭിമാനി ഉയർത്തുന്നത്. ദേശാഭിമാനി ഇല്ലായിരുന്നെങ്കിൽ പല കാര്യങ്ങളുടെയും മറുവശം ജനങ്ങൾ കാണാതെ പോവുമായിരുന്നു.

ഇതര മാധ്യമങ്ങൾ ഒരുമിച്ച് ആക്രമിക്കുന്ന വേളയിൽ ദേശാഭിമാനി എന്തു പറയുന്നു എന്ന് ആളുകൾ അന്വേഷിക്കുന്നു. അതാണ് അതിന്റെ പ്രസക്തിയും സാംഗത്യവും. വിമോചനസമരകാലത്തെ പത്രങ്ങളുടെ രാഷ്ട്രീയ പങ്ക് വിമോചനസമരം കഴിഞ്ഞ ഘട്ടത്തിൽ മാത്രമല്ല തെളിയിക്കപ്പെട്ടത്. മൊയ്നിഹാന്റെ ഇടപെടലിലൂടെയും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സീക്ലാസിഫൈ ചെയ്തു പുറുത്തുവിട്ട രേഖകളിലൂടെയും ഒക്കെ അത് പുറത്തുവന്നു. ആർക്കൊക്കെ എത്ര പണം കിട്ടി എന്നതുവരെ തെളിഞ്ഞു. അതേപോലെ ഇന്നത്തേതിനും നാളെ തെളിവുണ്ടാവാം.

? നേരത്തെ പറഞ്ഞ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടില്ലാത്ത ദൃശ്യമാധ്യമമാണ് കൈരളി ടിവി. ആ സ്ഥാപനത്തിന്റെ പ്രമോട്ടർമാരിൽ പ്രമുഖനാണ് താങ്കൾ. കൈരളി ടിവി കെട്ടിപ്പടുക്കാൻ മുന്നിട്ടിറങ്ങിയത് എന്തുകൊണ്ട്...

= ജനങ്ങളുടെ ആവിഷ്കാര മാധ്യമം ഉണ്ടാവണമെന്ന ചിന്തയുടെ ഫലമായാണ് കൈരളി ഉണ്ടായത്. വലതുപക്ഷ മാധ്യമങ്ങളുടെ വൻ സമൃദ്ധിയുള്ള കാലത്ത് അതിൽനിന്ന് വേർതിരിഞ്ഞുനിൽക്കുന്ന ഏതു മാധ്യമത്തിനും അതുകൊണ്ടുതന്നെ വൻ സ്വീകാര്യതയുണ്ടുതാനും.

ദേശാഭിമാനി വാരിക എനിക്ക്

? താങ്കൾക്ക് 25 വയസ്സുള്ളപ്പോഴാണ് ദേശാഭിമാനി വാരിക പിറക്കുന്നത്. വാരിക വായിച്ചതിന്റെ ഓർമ്മകൾ...

 = അന്ന് ഇടതുപക്ഷ സാംസ്കാരിത പുതിയ തലമുറയിൽ പടർത്തുന്നതിൽ വലിയ പങ്കുവഹിച്ചു ദേശാഭിമാനി. വലതുപക്ഷത്തിന്റേതിനു വിരുദ്ധമായ സാംസ്കാരിക ബദലിന്റെ സന്ദേശം അതിലുണ്ടായി. ഇ എം എസിനെപ്പോലുള്ളവരുടെ ലേഖനങ്ങൾ, വിവർത്തനങ്ങൾ, സാർവദേശീയ രാഷ്ട്രീയ വിശേഷങ്ങൾ, പുരോഗമന സ്വഭാവമുള്ള കഥകൾ, കവിതകൾ, രാഷ്ട്രീയ ചിന്തകൾ എന്നിവയൊക്കെക്കൊണ്ടു ശ്രദ്ധേയമായി അന്നു വാരിക.

പുതിയ തലമുറയെ തൊഴിലാളിവർഗ സാർവദേശീയതാബോധത്തിലേക്കുണർത്തുന്നതിലും സോഷ്യലിസ്റ്റ് റിയലിസത്തിന്റെ ക്ലാസിക്കുകൾ പരിചയപ്പെടുത്തുന്നതിലും മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്ര ബോധത്തിന്റെ തെളിച്ചത്തിലേക്കുണർത്തുന്നതിലും ഒക്കെ വലിയ പങ്കുവഹിച്ചു. സാഹിത്യത്തിന് സാമൂഹ്യബന്ധമുണ്ടാവണം എന്ന കാര്യത്തിൽ വലിയ നിഷ്കർഷ തന്നെയുണ്ടായി വാരികയ്ക്ക്. അന്നു വാരികയിൽ എഴുതിത്തുടങ്ങിയ നിരവധി പേർ പിൽക്കാലത്ത് മലയാളത്തിന്റെ പ്രമുഖ സാഹിത്യകാരൻമാരായി അംഗീകരിക്കപ്പെട്ടു.

? കേരളം പിടിക്കാൻ സംഘപരിവാർ നടത്തുന്ന ഓപ്പറേഷന്റെ വലിയൊരു ഭാഗം അരങ്ങേറുന്നത് സാംസ്‌കാരികരംഗത്താണ്. മാവേലിസ്മരണയെപ്പോലും ആക്രമിക്കാനുള്ള ‘ശേഷി’ നേടിയിരിക്കുന്നു അവർ. ഈ സാഹചര്യത്തിൽ ദേശാഭിമാനി വാരികയ്‌ക്ക്‌  കേരളത്തിൽ വഹിക്കാനുള്ള പങ്കിനെക്കുറിച്ച്...

= സാംസ്കാരിക രംഗത്തിനു വലിയ പ്രാധാന്യമുണ്ട്. അത് നമ്മൾ തിരിച്ചറിയുന്നുമുണ്ട്. വ്യക്തി മനസ്സിനെയും സമൂഹ മനസ്സിനെയും സ്വാധീനിക്കുക എന്നത് സംസ്കാരത്തിന്റെ വഴികളിലൂടെത്തന്നെയാണ്. മുതലാളിത്ത വ്യവസ്ഥയിൽ സാംസ്കാരിക പ്രസിദ്ധീകരണത്തിനു പിന്നിലൊരു മൂലധനമുണ്ട്. ആ മൂലധനത്തിനുപിന്നിലൊരു പ്രത്യയശാസ്ത്രമുണ്ട്. ഈ പ്രത്യയശാസ്ത്രം അക്ഷരങ്ങളായി, വാചകങ്ങളായി ലേഖനങ്ങളും കഥകളുമായി വ്യക്തിമനസ്സിനെ, സമൂഹമനസ്സിനെ സ്വാധീനിക്കുന്നു. മാറ്റിമറിക്കുന്നു.

പുരോഗമന സ്വഭാവമുള്ള മനസ്സിനെപ്പോലും തുടർച്ചയായ പിന്തിരിപ്പൻ ഉള്ളടക്കത്തോടുകൂടിയ രചനകളിലൂടെ മറ്റൊരു സ്വഭാവത്തിലാക്കാം. 'മൈൻഡ് മാനേജ്മെന്റ് ' എന്നു പറയുന്നത് ഇതുകൂടിയാണ്. സാധാരണഗതിയിൽ അസ്വീകാര്യമായ ഒന്നിനെ പുരോഗമനവാദിയെക്കൊണ്ടു പോലും സ്വീകരിക്കുന്ന സമ്മതി നിർമാണം ഇതിന്റെ ഭാഗമാണ്.


തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന എഴുത്തുകാർക്കും കലാകാരന്മാർക്കും ആരാധരുണ്ടാകും. അവരുടെ നിലപാടുകൾ ആരാധകരെ സ്വാധീനിക്കും. അവരെക്കൊണ്ടു പ്രത്യേക നിലപാട് എടുപ്പിക്കൽവരെ രാഷ്ട്രീയ താൽപ്പര്യത്തിൽ നടക്കുന്നുണ്ട്.

ഏറ്റവും പ്രചാരമുള്ളതിൽ എഴുതാൻ എഴുത്തുകാർക്ക് പ്രത്യേക താൽപ്പര്യമുണ്ടായെന്നു വരും. പ്രസിദ്ധീകരണം കൈക്കൊള്ളുന്ന രാഷ്ട്രീയ നിലപാട് പങ്കിടുന്നവർക്കേ അതിൽ പ്രാമുഖ്യം നൽകുന്നുള്ളൂ എന്നുവരും. പ്രസിദ്ധീകരണത്തിൽ ഇടം കിട്ടാൻ അവരുടെ നിലപാടുകൾ അംഗീകരിച്ചെന്നുവരും.

ഇതിനൊക്കെ പരിഹാരമുണ്ടാവണമെങ്കിൽ ഇടതുപക്ഷ സാംസ്കാരിക പ്രസിദ്ധീകരണങ്ങൾ ഏറ്റവും പ്രചാരണവും സ്വാധീനവുമുള്ള അവസ്ഥയിലേക്കുയരണം. സാംസ്കാരിക രംഗത്തെ ഗൗരവപൂർവം തന്നെയാണ് സിപിഐ എമ്മും എൽഡിഎഫ് ഗവൺമെന്റും കാണുന്നത്.

മാവേലി സ്മരണയെ അവർ ആക്രമിക്കുന്നു എന്നു പറഞ്ഞിട്ടു കാര്യമില്ല. അത്തരം പൊതു സാംസ്കാരിക സങ്കൽപ്പങ്ങൾ അവരുടെ കുത്തകയല്ല, അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പൊതുവായ സാംസ്കാരിക ഈടുവെയ്പ്പാണെന്ന് ആവർത്തിച്ചുറപ്പിക്കുകയും വിട്ടുകൊടുക്കാതിരിക്കുകയുമാണു വേണ്ടത്.

ഇല്ല, മാധ്യമങ്ങളുമായി സംഘർഷമില്ല

?  മാധ്യമങ്ങളുമായി നിരന്തരം സംഘർഷത്തിലേർപ്പെടുന്ന പൊതുപ്രവർത്തകനാണ് താങ്കൾ. മാധ്യമങ്ങളെ പിണറായി വിജയൻ കൈയകലത്തിൽ നിർത്തുന്നത് എന്തുകൊണ്ടാണ്...

= മാധ്യമങ്ങളുമായി ഒരു സംഘർഷവുമില്ല. ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണ്. ഒരു ഘട്ടത്തിൽ മാധ്യമ സമ്മേളനം നടത്താത്തതു മാധ്യമങ്ങളോടുള്ള അവജ്ഞകൊണ്ടാണെന്നും ചിലർ പറഞ്ഞു. എന്നാൽ, അടുത്തകാലത്ത് നിത്യേന മാധ്യമങ്ങളെ കണ്ടുതുടങ്ങി. അപ്പോൾ അതിനെതിരെയായി ചിലരുടെ വിമർശനം.

പത്രസമ്മേളനം നടത്തണോ എന്നു നിശ്ചയിക്കുന്നത് ഞാനല്ല, വിഷയങ്ങളുടെ ഗൗരവമാണ്. അതേപോലെ, ഞാൻ പത്രസമ്മേളനത്തിൽ എന്തു പറയണം എന്ന അജണ്ടയോടെ എത്തുന്നവർക്കു നിരാശയുണ്ടാവുന്നുണ്ടാവും. അതിന് ഞാനോണോ കുറ്റക്കാരൻ? പ്രത്യേക അജണ്ടയോടെയുള്ള ചോദ്യങ്ങൾ ഒഴിവാക്കിയാൽ പ്രശ്നം തീരും.

മാധ്യമങ്ങളെ അകറ്റിനിർത്തുന്നു എന്നതു സത്യമല്ല എന്നതിന്റെ ദൃഷ്ടാന്തമാണല്ലോ നിത്യേനയുള്ള പത്രസമ്മേളനങ്ങളും ചോദ്യോത്തരങ്ങളും.

? കേരളത്തിൽ ഒരു മാധ്യമ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നു എന്ന താങ്കളുടെ പരാമർശം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. രണ്ടു പതിറ്റാണ്ടോളം കഴിഞ്ഞ് ആ പരാമർശത്തിലേയ്‌ക്ക്‌ തിരിഞ്ഞുനോക്കുമ്പോൾ എന്തു പറയുന്നു...

= ഒരു പ്രത്യേക രാഷ്ട്രീയ താൽപ്പര്യം മുൻനിർത്തി ഒരു പ്രത്യേക വാർത്ത ഒരു അടിസ്ഥാനവുമില്ലാതെ പല കൂട്ടർ സങ്കൽപ്പിച്ചുണ്ടാക്കി പ്രസിദ്ധീകരിക്കുന്നു. ഇതിന്റെ എത്രയോ ഉദാഹരണങ്ങൾ ഉണ്ടായപ്പോഴാണ് മാധ്യമ സിൻഡിക്കേറ്റ് എന്നു ഞാൻ പറഞ്ഞത്.

പലർ ചേർന്നു കൽപ്പിച്ചുകൂട്ടി വാർത്തയുണ്ടാക്കുന്നതും ആ വാർത്ത സർക്കാരിനെ അസ്ഥിരപ്പെടുത്തുക, ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾക്കായി ഉപയോഗിക്കുക തുടങ്ങിയവയും ഇന്നുമുണ്ട്. അന്നത്തെ സഖ്യം അതുപോലെ നിൽക്കുന്നുണ്ടോ ഇല്ലയോ എന്നു പറയുക വയ്യ. ഏതായാലും ഒരു കാര്യം പറയാം. ഇപ്പോൾ മറ്റൊരു കൂട്ടർ കൂടിയുണ്ട് ഇവർക്കു സഹായമായി‐ ചില അന്വേഷണ ഏജൻസികൾ.

  ?  ‘മാധ്യമങ്ങളോട് മയത്തിൽ പെരുമാറണം, മാധ്യമപ്രവർത്തകരെ കൈയിലെടുക്കണം’  എന്നൊക്കെ ആരെങ്കിലും ഉപദേശിക്കാറുണ്ടോ? ഉണ്ടെങ്കിൽ അവരോടു പറയാറുള്ള ഉത്തരമെന്താണ്.

= മാധ്യമങ്ങളുടെ പരിലാളനകൾ കൊണ്ടു വളർന്നയാളല്ല ഞാൻ എന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമങ്ങളുടെ കടുത്ത ആക്രമണങ്ങളിൽ തളരുന്ന ആളുമല്ല ഞാൻ. മാധ്യമപ്രവർത്തകരോട് സാധാരണ സന്ദർഭങ്ങളിലൊക്കെ മയത്തിലേ പെരുമാറാറുള്ളൂ. മൈക്കുമായി വന്നു മാർഗതടസ്സമുണ്ടാക്കുമ്പോൾ വഴിതരാൻ പറഞ്ഞിട്ടുണ്ടാവും. അത് മയത്തിലല്ലാത്ത പെരുമാറ്റമൊന്നുമല്ല. പൊതുവെ മയത്തിലാണ് പെരുമാറാറ് എന്നതുകൊണ്ട് അതിനായി ആരെങ്കിലും ഉപദേശിക്കേണ്ട പ്രശ്നവുമില്ല  .

പിണറായി വിജയന്‍/എന്‍ പി ചന്ദ്രശേഖരന്‍ 

Sunday, November 15, 2020

നാലാംതൂണെന്ന കാര്യം മാധ്യമങ്ങൾ മറന്നു; ചാരക്കേസ്‌ രൂപത്തിലേക്ക്‌‌ കാര്യങ്ങൾ പോകുന്നു: സക്കറിയ സംസാരിക്കുന്നു

സക്കറിയയോട്‌ സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ മാത്രം ഒപ്പം കൂട്ടിയാൽ പോര. ആ ചിന്താപദ്ധതിയിൽ സാഹിത്യം മാത്രമല്ലല്ലോ വിഷയം. എഴുത്തിലെ വൈവിധ്യം പോലെ പറയുന്നതിലുമുണ്ട്‌ വേറിട്ട വഴിയും ചിന്തയും കണിശതയും. ഇങ്ങനെയൊക്കെ മൗലികമായി സാമൂഹ്യവിഷയങ്ങളിൽ ഇടപെടുന്ന എഴുത്തുകാർ മലയാളത്തിൽ അധികമില്ല; പുതിയ രാഷ്ട്രീയ കാലത്ത്‌ ഒട്ടുമേയില്ല. മലയാളസാഹിത്യത്തിലെ പരമോന്നത സാഹിത്യ അവാർഡായ എഴുത്തച്ഛൻ പുരസ്‌കാരം‌ സക്കറിയക്ക്‌ നൽകുമ്പോൾ, സമ്മാനിതമാകുന്നത്‌ വായനക്കാർ കൂടിയാണ്.

എഴുത്തച്ഛൻ പുരസ്‌കാരം‌ മലയാളഭാഷയിലെ ഏറ്റവും വലിയ അവാർഡാണ്‌. അത്‌ മലയാളത്തിൽ പുതിയ ഭാവുകത്വം പകർന്ന സക്കറിയക്ക്‌ നൽകുമ്പോൾ, അവാർഡിന്റെ തലമുറമാറ്റമാണ്‌ എന്ന്‌ നിരീക്ഷിക്കാമോ? 

 ■ തലമുറ മാറ്റമൊന്നുമല്ല; എനിക്ക്‌ മുമ്പ്‌ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച മുകുന്ദനുമായി രണ്ടുമൂന്ന്‌ വയസ്സിന്റെ വ്യത്യാസമേ എനിക്കുള്ളൂ. പുതിയ തലമുറയാണെന്നൊക്കെ പറയാൻ തോന്നുന്നത്‌ ഞാൻ അതുമിതും പറഞ്ഞ്‌ നടക്കുന്നത്‌ കൊണ്ടാണ്‌. ഞങ്ങളൊക്കെ ഒരേ തലമുറയാണ്‌‌. മുകുന്ദൻ രാഷ്ട്രീയവും മറ്റും അങ്ങനെ പറയുന്ന സ്വാഭാവക്കാരനല്ല. ഞാൻ നിർഭാഗ്യവശാൽ രാഷ്ട്രീയത്തിലും മറ്റും അഭിപ്രായം പറയുന്നു അത്രേയുള്ളൂ!

 ഭാഷാപിതാവ്‌ കുഞ്ചൻ നമ്പ്യാരാണെന്ന്‌ വാഴ്‌ത്തുന്ന സക്കറിയക്ക്‌ എഴുത്തച്ഛന്റെ പേരിലുള്ള പുരസ്‌കാരം കിട്ടിയതിലുള്ള യാദൃച്‌ഛികതയൊക്കെ സാമൂഹ്യ മാധ്യമങ്ങളിൽ തമാശയായി പങ്കുവയ്‌ക്കുന്നുണ്ട്‌.

 ■ എഴുത്തച്ഛൻ ഭക്തി മാർഗത്തിലൂടെ കാര്യങ്ങൾ പറഞ്ഞപ്പോൾ കുഞ്ചൻ നമ്പ്യാർ രാഷ്ട്രീയത്തിന്റെയും സാമൂഹ്യ വിമർശനത്തിന്റെയും സാധാരണക്കാരന്റെയും മാർഗവും ഉപയോഗിച്ചു. രണ്ടുപേരുടെയും രണ്ടു പാതയാണ്‌. പക്ഷേ, ഭാഷ രൂപീകരിച്ചത്‌ എഴുത്തച്ഛനാണ്‌. അതുവരെ മണിപ്രവാളവും സംസ്‌കൃതമാണോ തമിഴാണോ എന്നറിയാത്ത രീതിയിൽ തുടർന്ന ഭാഷയ്‌ക്ക്‌, രാമായണം, മഹാഭാരതം പോലുള്ള സങ്കീർണമായ വിഷയങ്ങളെ കൈകാര്യം ചെയ്യാനുള്ള ശക്തിയുണ്ടെന്ന്‌ അദ്ദേഹം തെളിയിച്ചു. ആ പാതയിലാണ്‌ ഭാഷ വളർന്നത്‌. അടുത്ത പടവിലാണ്‌ കുഞ്ചൻ നമ്പ്യാർ വരുന്നത്‌. ലോകത്ത്‌ മറ്റെവിടെയുമായിരുന്നെങ്കിൽ സർവാന്റസിനെപ്പോലെയൊക്കെ ആഘോഷിക്കുമായിരുന്ന ജീനിയസ്‌ ആണ്‌ അദ്ദേഹം. കാവ്യത്തെ ആദ്യമായിട്ട്‌ ജനങ്ങളുടെ നടുവിലേക്ക്‌ ഇറക്കിക്കൊണ്ടുവന്നയാൾ‌. രാഷ്ട്രീയ ആക്ഷേപഹാസ്യം വഴി മതം, ജാതി, അധികാരം എന്നിവയെയൊക്കെ വിമർശിച്ച ആളാണ്‌. കവിത അതിന്‌ ഉപകരണമാക്കിയ ആളാണ്‌. ആ അർഥത്തിലാണ്‌ ഞാൻ കുഞ്ചൻ നമ്പ്യാരെ നിരൂപിച്ചത്‌.

 സക്കറിയയെ നിനവിൽ വരുമ്പോൾ എഴുത്തുകാരൻ എന്ന ഇമേജ്‌ മാത്രമല്ല വരിക. കൃത്യമായ നിലപാടുകൾ വെട്ടിത്തുറന്ന്‌ പറയുന്ന ഒരാൾ എന്ന അർഥം കൂടിയുണ്ട്‌. പണ്ട്‌ മാധ്യമ പ്രവർത്തകനൊക്കെ ആയിരുന്നതു കൊണ്ടാണോ അങ്ങനെയാക്കെ?

 ■ അങ്ങനെയല്ല; ഞാൻ ഡൽഹിയിലൊക്കെ ജീവിച്ച കാലത്ത്‌ ഒ വി വിജയനൊക്കെ എന്നെ നന്നായി സ്വാധീനിച്ചു‌. വിജയനും വിജയന്റെ സന്തതസഹചാരിയും സുഹൃത്തുമായിരുന്ന സിംഗപ്പുർ‌ ഗോപനുമൊക്കെയാണ്‌ എന്റെ മോഡൽ. മലയാളി എന്ന നിലയിൽ നമ്മളെങ്ങനെ കേരളത്തെ നോക്കിക്കാണണം എന്ന അവബോധം സൃഷ്ടിച്ചത്‌ വിജയനും അദ്ദേഹത്തിന്റെ ‘ഇന്ദ്രപ്രസ്ഥം’  പംക്തിയുമൊക്കെയാണ്‌. അതിൽ കൂടി കാര്യങ്ങളെ എങ്ങനെ വീക്ഷിക്കണം എന്ന കാര്യം വിജയൻ തുടങ്ങിവച്ചു. ഇത്‌ എന്നെയും സ്വാധീനിച്ചു. എന്റെ ഐഡന്റിറ്റി എന്നു പറയുന്നത്‌ മലയാളിയാണ്‌, പിന്നെ ഇന്ത്യക്കാരനും.‌ ആ നിലയ്‌ക്ക്‌ ഇവിടെ എന്താണ്‌ നടക്കുന്നത്‌ എന്ന്‌ ഞാൻ കൂടി അറിഞ്ഞിരിക്കേണ്ടതല്ലെ, പറയേണ്ടതല്ലെ എന്നതാണ്‌ പ്രശ്‌നം.

അതേ ഒ വി വിജയനെ താങ്കൾ അവസാന കാലത്ത്‌ തള്ളിപ്പറഞ്ഞിട്ടുണ്ട്‌.

■ തള്ളിയതല്ല, വിജയനും ഞാനും സഹോദരങ്ങളെ പോലെ ജീവിച്ചുവളർന്നവരാണ്‌. എന്നെ ഫാസിസം പഠിപ്പിച്ചയാളാണ്‌. ആ അധികാരത്തിന്റെ മുഴുവൻ കള്ളക്കളികളും എനിക്ക്‌ കാണിച്ചു തന്ന, ‘ഇത്രയൊക്കെ ഉള്ളെടാ കാര്യങ്ങൾ’ എന്ന്‌ പറഞ്ഞ്‌, വെറും പച്ചക്കള്ളവും വ്യാജവുമാണ്‌ ഇവന്മാരുടെ അഭിനയങ്ങൾ എന്ന്‌ എനിക്ക്‌ പഠിപ്പിച്ചു തന്ന മനുഷ്യനാണ്‌. അദ്ദേഹം ഖസാക്കിന്‌ ശേഷം പതിയെ ആധ്യാത്മികതയിലേക്ക്‌ തിരിയുന്നതിൽ എനിക്ക്‌ വളരെ സംശയമുണ്ടായിരുന്നു. വളരെ വൈകാരികമായ ആ ആധ്യാത്മികതയിൽ എനിക്ക്‌ സംശയമുണ്ടായിരുന്നു. ആ വിമർശനം എല്ലായ്‌പ്പോഴും ഉണ്ടായിരുന്നു. എന്തുകൊണ്ട്‌ വിജയൻ അങ്ങനെയായി എന്ന്‌ ഞാൻ ആഴത്തിൽ ചിന്തിച്ചിട്ടില്ല. അവസാനം വിജയൻ ഒരു വർഗീയ സംഘടനയുടെ പുരസ്‌കാരം സ്വീകരിച്ചപ്പോൾ മാത്രമാണ്‌‌ ഞാൻ വിജയനെ ചോദ്യം ചെയ്‌തത്‌. വൈകാരിക ആധ്യാത്മികത സ്വീകരിച്ചത്‌ വിജയന്റെ സ്വാതന്ത്ര്യമാണ്‌; എഴുത്തുകാരൻ എന്ന നിലയ്‌ക്ക്‌, അതെന്റെ വിഷയമല്ല. വർഗീയ സംഘടനയുടെ അവാർഡ്‌ വാങ്ങിയപ്പോൾ ഞാൻ വിമർശിച്ചു. അത്‌ എന്റെ സ്വന്തം അപ്പനും അമ്മയും ആണെങ്കിലും ഞാൻ വിമർശിക്കും. വിജയൻ എന്റെ ജ്യേഷ്‌ഠനെപ്പോലുള്ള ആളാണ്‌. ഒരേ കുടുംബം പോലെ ജീവിച്ചവർ‌.

വിജയൻ ആ കാലത്ത്‌ ശാരീരികമായും മാനസികമായും തളർന്ന മനുഷ്യനാണ്‌. അപ്പോഴാണ്‌ അവാർഡ്‌ സ്വീകരിച്ചത്‌. വാസ്‌തവത്തിൽ താൻ എന്താണ്‌ ചെയ്യുന്നത്‌ എന്ന കാര്യം അദ്ദേഹം മനസ്സിലാക്കിയിരുന്നോ എന്നുപോലും  സംശയമുണ്ട്‌. അന്ന്‌ ഞാൻ ദേഷ്യപ്പെടുകയൊക്കെ ചെയ്‌തെങ്കിലും സത്യത്തിൽ എനിക്ക്‌ തോന്നുന്നില്ല, വിജയൻ സ്വന്തം നിയന്ത്രണത്തിലാണത്‌ ചെയ്‌തതെന്ന്‌.

കേരളത്തിൽ മാധ്യമവിമർശനം സജീവമായി നടക്കുന്ന കാലമാണിത്‌.  അത്തരം വിമർശനം ജനാധിപത്യത്തിന്റെ നാലാംതൂണെന്ന നിലയിൽ അതിനെ ദുർബലമാക്കും എന്നും വാദമുണ്ട്‌. എത്രത്തോളം ശരിയാണത്‌?

■ പലതവണ പറഞ്ഞ കാര്യമാണിത്‌‌. ജനാധിപത്യത്തിന്റെ നാലാം തൂണാണ്‌ എന്ന കാര്യം മാധ്യമങ്ങൾ മറന്നുകഴിഞ്ഞു. അതാണ്‌ പ്രശ്‌നം. മാധ്യമങ്ങൾ എന്തുകൊണ്ടാണ്‌ നാലാംതൂൺ ആകുന്നത്‌? ജനങ്ങൾക്കും ഭരണകൂടത്തിനും ഇടയിൽനിന്ന്‌ ജനങ്ങൾക്ക്‌ വേണ്ടി ഭരണകൂടത്തെ ചോദ്യം ചെയ്യുക എന്ന ദൗത്യമാണ്‌ മാധ്യമങ്ങൾക്കുള്ളത്‌. അത്‌ ചെയ്യുന്നതിന്‌ പകരം, ഭരണകൂടത്തിന്റെ സേവകരും വാലാട്ടികളുമായി കഴിയുമ്പോൾ പിന്നെ എന്തുചെയ്യും; ഒന്നുമില്ല!

വിശദാംശങ്ങളിലേക്ക്‌ കടന്നാൽ നരവേട്ട നടത്തുന്നു എന്നൊക്കെ പറയേണ്ടി വരും. ഇപ്പോൾ നോക്കൂ; ഒരു ശിവശങ്കരനെ പിടിച്ചു വേട്ടയാടുന്നു; അങ്ങനെ ഒറ്റപ്പെട്ട ആളുകളെ കിട്ടിയാൽ വേട്ടയാടുക എന്ന രീതിയിലാണ്‌ കാര്യങ്ങൾ. ഏതാണ്ട്‌ പഴയ ചാരക്കേസിന്റെ അതേ രൂപത്തിലേക്ക്‌‌ കാര്യങ്ങൾ ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നു‌. ഇനി അത്‌ ഏതെല്ലാം രൂപത്തിൽ മാറിവരും എന്നൊന്നും നമുക്ക്‌ പറയാൻ കഴിയില്ല. കോടതിയുടെ മുമ്പിലാണുള്ളത്‌. ഒരുപക്ഷേ ഇരുപതു കൊല്ലം കഴിഞ്ഞായിരിക്കും നമ്പി നാരായണനെ പോലെ അദ്ദേഹം പുറത്തുവരിക; നമുക്കത്‌‌ പറയാൻ പറ്റില്ല!

മതരാഷ്ട്രവാദം മുഖ്യ അജൻഡയായ സർക്കാരാണ്‌ കേന്ദ്രത്തിൽ‌. അപ്പോൾ പുതിയ കാലത്ത്‌ എഴുത്തുകാർ എന്ത്‌ നിലപാടായിരിക്കണം സ്വീകരിക്കേണ്ടത്‌?

■ ഒരു എഴുത്തുകാരനോ ഒരു വ്യക്തിക്കോ എന്തിനധികം ഒരു പാർലമെന്റ്‌ അംഗത്തിനുപോലും ഒറ്റയ്‌ക്ക്‌ ‌ ഭരണകൂടത്തോട്‌ യുദ്ധം ചെയ്യാനാകില്ല. ഒറ്റവെടിക്ക്‌ തീരാനുള്ള കഥയേയുള്ളൂ; ഒരു മനുഷ്യന്റെ യുദ്ധവും മറ്റും. അപ്പോൾ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഇവിടെ നരേന്ദ്ര മോഡിയോടൊക്കെ യുദ്ധം ചെയ്യാൻ പറ്റില്ല. ഇവിടുത്തെ രാഷ്ട്രീയ പാർടികൾക്കാണ്‌ അത്‌ ചെയ്യാനാകുക. അതാണ്‌ അവരുടെ ജോലി. അതവർ കൃത്യമായി ചെയ്യന്നുമില്ല! എഴുത്തുകാരന്‌ ചെയ്യാവുന്നത്‌ അവനവന്റെ ഉള്ളിലെ ജനാധിപത്യ ബോധവും മതേതരത്വ ബോധവും എഴുത്തിലൂടെ പ്രകടിപ്പിക്കുക, ഇവിടുത്തെ വികൃതങ്ങളായ പുരുഷ പ്രമാണിത്ത ബോധത്തെയും ദളിത്‌ വിരുദ്ധ ചിന്തയെയും എതിർക്കുക, സാധുജന പക്ഷത്ത്‌ നിൽക്കുക എന്നതൊക്കെയാണ്‌.

അങ്ങനെ പറയുമ്പോൾ തന്നെ പുതിയ കാലത്ത്‌ എഴുത്തുകാർ ഫാസിസത്തിന്‌ വിധേയരാകുന്നുമുണ്ട്‌?

■ അതവരുടെ ഇഷ്ടം. അതിന്‌ എനിക്ക്‌ എന്തുകാര്യം. ഞാൻ വിധേയനാകുന്നില്ല. വിധേയരായ എത്രയോ എഴുത്തുകാരെ എനിക്കറിയാം. അതവരുടെ പ്രശ്‌നമാണ്‌. അവരുടെ മനഃസാക്ഷിയും അവരുടെ വായനക്കാരും തമ്മിലുള്ള വിഷയമാണ്‌. അവരുടെ വായനക്കാർ അതുകൊണ്ട്‌ സംതൃപ്‌തരാണെങ്കിൽ എനിക്ക്‌ എന്തുചെയ്യാൻ കഴിയും. ഒരു എഴുത്തുകാരൻ, കവി/കവയിത്രി വർഗീയവാദികളുടെ തോളിൽ കൈയിട്ട്‌ നടക്കുന്നതിൽ, അവർക്കും അവരുടെ വായനക്കാർക്കും സന്തോഷം തോന്നുന്നുണ്ടെങ്കിൽ ഞാനെന്ത്‌ ചെയ്യാനാണ്‌. ഞാനതിനെ ചോദ്യം ചെയ്യാൻ തയ്യാറല്ല.

അങ്ങനെ പോകുന്ന എഴുത്തുകാരെ എന്തോ ബാധിച്ചിട്ടുണ്ട്‌. അവരുടെ തലച്ചോറിനെ എന്തോ ബാധിച്ചിട്ടുണ്ട്‌. ഒരുപക്ഷേ അത്യാഗ്രഹങ്ങളായിരിക്കാം. ഒരുപക്ഷേ വളരെ യഥാർഥമായ വർഗീയത തന്നെ അവരിലുമുണ്ട്‌ എന്നുള്ളതായിരിക്കും. ഇതിനെ രണ്ടിനെയും ഞാൻ ചോദ്യം ചെയ്യാൻ തയ്യാറല്ല. അതവരുടെ സ്വാതന്ത്ര്യമാണ്,‌ ജനാധിപത്യബോധമാണ്‌. അവർക്ക്‌ വർഗീയവാദിയാകാൻ പറ്റില്ല എന്ന്‌ ആരുപറഞ്ഞു?

നമുക്കതിൽ പ്രതിഷേധിക്കാമല്ലോ?

■ നമുക്ക്‌ പ്രതിഷേധിക്കാം എന്നേയുള്ളൂ. അത്‌ മറ്റൊരു കാര്യം. നിങ്ങൾ ഫാസിസ്റ്റാകാൻ പാടില്ല എന്ന്‌ പറയാൻ ഞാനാരാ? അങ്ങനെ ഞാൻ പറയുന്നത്‌ ജനാധിപത്യ വിരുദ്ധമാണ്‌ എന്നാണ്‌ എന്റെ പക്ഷം. അത്തരം അടിച്ചേൽപ്പിക്കൽ പരിപൂർണമായ ജനാധിപത്യത്തിൽ ശരിയല്ല എന്നു തന്നെയാണ്‌ എന്റെ വാദം.

ജനാധിപത്യത്തിന്‌ അങ്ങനെയെല്ലാം വിശാലമായ അർഥം കാണണോ?

■ അങ്ങനെ തന്നെ കാണണം. കാരണം ജനാധിപത്യത്തിന്റെ അകത്ത്‌ കോംപ്രമൈസൊന്നും പാടില്ല. അത്‌ പരിപൂർണമായ വ്യവസ്ഥയാണ്‌. അത്തരം സ്ഥിതി യൂറോപ്പിലൊക്കെ കാണാം. നോർവെയിലും സ്വീഡനിലും ഒക്കെ പോയാൽ അനുഭവിച്ചറിയാം. അമേരിക്കയിൽ പോലുമുണ്ട്‌ എന്നാണ്‌ എന്റെ പക്ഷം. ട്രംപിനെ പോലുള്ള വൃത്തികെട്ടവന്മാർ കാട്ടിക്കൂട്ടുന്ന അമേരിക്കയല്ലല്ലോ യഥാർഥ അമേരിക്ക. വളരെ ശ്രദ്ധയോടെ, ജനാധിപത്യ വിരുദ്ധമായ കാര്യങ്ങൾ നുള്ളിപ്പെറുക്കി എടുക്കുന്നവരുമുണ്ട്‌ അവിടെ.

ജന്മനാടായ ഉരുളികുന്നത്തിന്റെയും കുടിയേറ്റ കൃസ്‌ത്യാനിയുടെയും കൂടി എഴുത്തുകാരനാണ്‌ താങ്കൾ. പുതിയ കാലത്തെ പരിസ്ഥിതി ചിന്തകളിൽ, കുടിയേറ്റ കർഷകൻ വലിയൊരു പരിസ്ഥിതി വിരുദ്ധനാണ്‌ എന്നൊരു വ്യാഖ്യാനമുണ്ട്‌. ഇത്തരം വിമർശനത്തിന്‌ പിന്നിൽ വംശീയ താൽപ്പര്യങ്ങളുണ്ടെന്ന്‌ പറയാൻ കഴിയുമോ?

■ അതൊരു അന്ധമായ സമീപനമാണ്‌ എന്നാണ്‌ എന്റെ പക്ഷം. പരിസ്ഥിതി വാദം എന്നത്‌ വളരെ പ്രസക്തവും കാലികവുമായ വിഷയം തന്നെയാണ്‌. പക്ഷേ ചരിത്രപരമായി പരിസ്ഥിതിക്ക്‌ സംഭവിച്ച ക്ഷതങ്ങളെ നമ്മൾ നോക്കുമ്പോൾ, കാട്‌ വെട്ടിയവരും മൃഗങ്ങളെ കൊന്നവരും കൃഷി ചെയ്‌തവരും എങ്ങനെയാണ്‌ ആ സാഹചര്യത്തിലേക്ക്‌ എത്തിയത്‌ എന്നുള്ള പഠനം ഇല്ലാതായിപ്പോയി. അതുംകൂടി വച്ചുവേണം അവരെ അളക്കാനും വിമർശിക്കാനും.

നാൽപ്പതുകളുടെ അവസാനം അമ്പതുകളിലാണ്‌ കുടിയേറ്റങ്ങളുടെ ഏറ്റവും വലിയ തരംഗം കേരളത്തിലുണ്ടായത്‌. മധ്യതിരുവിതാംകൂറിൽനിന്ന്‌ ക്രിസ്‌ത്യാനികൾ തിരമാല പോലെ ഇങ്ങനെ കയറി വന്നു‌. ആ കാലഘട്ടത്തിൽ അമേരിക്കയിൽ പോലും പരിസ്ഥിതി വാദം വന്നിട്ടില്ല. റേച്ചൽ കാഴ്‌സന്റെ പരിസ്ഥിതി പുസ്‌തകം സൈലന്റ്‌ സ്‌പ്രിങ്‌ പോലും അറുപതുകളിലാണ്‌ വരുന്നത്‌. അതിന്‌ മുമ്പ്‌, തീർത്തും നിരക്ഷരരായ ഈ കൃഷിക്കാർ പരിസ്ഥിതി വാദമറിഞ്ഞ്‌ പെരുമാറണമായിരുന്നു എന്നൊക്കെ പറയുന്നതിൽ യുക്തിയില്ലായ്‌മയുണ്ട്‌. അതാണ്‌ പ്രശ്‌നം. അതിന്‌ ശേഷമാണ്‌ ഇവിടെ ആസൂത്രിതമായ വനം നിരപ്പാക്കുന്ന അവസ്ഥയൊക്കെയുണ്ടായത്‌. സംഘടിതമായി തന്നെ നടന്നു. അതാണ്‌ വിഷയം. അല്ലാതെ കർഷകരുടെ പ്രശ്‌നമല്ല.

ഭാസ്‌കര പട്ടേലരെയും തൊമ്മിയെയും കണ്ടെത്തുന്നത്‌  കുടിയേറ്റ ജീവിതത്തിലെ അനുഭവത്തിൽനിന്നാണ്‌. ദക്ഷിണ കർണാടകയിലെ ബർത്തങ്ങാടിയിലെ ജീവിതം. അവിടെ വിട്ടതിന്‌ ശേഷം അങ്ങോട്ട്‌ പോയിട്ടുണ്ടോ പിന്നീട്‌?

■ പിന്നെ! ശരിക്കും ഞാൻ അവിടെ ഉപേക്ഷിച്ചിട്ട്‌ അധികകാലമൊന്നും ആയിട്ടില്ല. 1996ലോ മറ്റോ ആണ്‌ അവിടം വിടുന്നത്‌. ഡൽഹിയിലായിരിക്കുമ്പോഴാണ്‌ ഞാനും ജ്യേഷ്‌ഠനും കൂടി അത്‌ വാങ്ങിക്കുന്നത്‌. കവുങ്ങ്‌, റബർ, കശുമാവ്‌, തെങ്ങ്‌ എന്നിവയായിരുന്നു പ്രധാന കൃഷി. രസകരമായ ജീവിതം. രമണീയമായ കാലം. ചെറിയൊരു വീടുണ്ടായിരുന്നു. പന്നീട്‌ ജ്യേഷ്‌ഠന്റെ മരണത്തോടെ കൊണ്ടുനടക്കാൻ പറ്റാതെവന്നു. അതോടെയാണ്‌‌ ഞാനത്‌ വിൽക്കുന്നത്‌. അവിടെ തന്നെയുള്ള ഒരു പട്ടരാണ്‌ അത്‌ വാങ്ങിച്ചത്‌. ഇരുപത്തൊന്നു വർഷം ഞാൻ ആ ഭൂമി നോക്കി.  വല്ല നിവൃത്തിയുണ്ടായിരുന്നെങ്കിൽ ഞാനത്‌ വിൽക്കില്ലായിരുന്നു. ഡൽഹിയിൽനിന്ന്‌ വന്നിട്ടാണ്‌ ഞാൻ അവിടുത്തെ കൃഷിയൊക്കെ നോക്കിയത്‌. പിന്നീട്‌ തിരുവനന്തപുരത്ത്‌ ഏഷ്യാനെറ്റിൽ ഉള്ള‌ കാലത്താണ്‌ വിൽക്കുന്നത്‌. ഭാസ്‌കര പട്ടേലരെയും തൊമ്മിയെയും പോലുള്ള കഥാപാത്രങ്ങളെ കിട്ടിയതാണ്‌ അക്കാലത്തെ ജീവിതത്തിലെ വലിയ കാര്യം.

വിനോദ്‌ പായം vinodpayam@gmail.com