Showing posts with label ജ്വല്ലറി തട്ടിപ്പ്. Show all posts
Showing posts with label ജ്വല്ലറി തട്ടിപ്പ്. Show all posts

Thursday, November 12, 2020

തട്ടിപ്പ്‌ കേസിൽ ഖമറുദീനെതിരെ അന്വേഷണം തുടരാം: ഹൈക്കോടതി; ഹർജി തള്ളി

കൊച്ചി >  ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് എംഎൽഎ എം സി ഖമറുദീനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഖമറുദീൻ സമർപ്പിച്ച ഹർജി കോടതി തള്ളി.

ഹർജിയിൽ ഇടപെടാനാവില്ലന്ന് കോടതി വ്യക്തമാക്കി.അന്തിമ റിപോർട്ട്‌ സമർപ്പിച്ചതിന്നു ശേഷംപ്രതിക്ക്  കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഖമറുദീനെതിരെ വഞ്ചനാ കുറ്റം നിലനിൽക്കുമെന്നും പ്രതികൾ പോപ്പുലർ ഫിനാൻസ് മാതൃകയിൽ നിക്ഷേപ തട്ടിപ്പ് നടത്തി സ്വന്തം ആവശ്യത്തിനായി പണം തിരിമറി നടത്തിയെന്നുമുള്ള സർക്കാർവാദം കണക്കിലെടുത്താണ് ജസ്റ്റിസ് വി.ജി. അരുൺഹർജി തള്ളിയത് .

നിക്ഷേപകർക്ക് പണം നൽകാനുണ്ടന്നും വഞ്ചനാ കുറ്റം നിലനിൽക്കില്ലന്നും പരാതിക്കാർ കമ്പനി ലോ ട്രിബ്യൂണലിനെ സമിപിക്കണമെന്നുമായിരുന്നു ഖമറുദീന്റെ വാദം.

എം സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ ഹോസ്‌ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി തളളി

‌‌കാസര്‍കോട് > തട്ടിപ്പ്‌ കേസിൽ മുസ്ലിം ലീഗ്‌ എംഎൽഎ എം സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി തളളി. കഴിഞ്ഞ ദിവസം തന്നെ ജാമ്യം അനുവദിക്കണമെന്ന വാദത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.

2017-ന് ശേഷം സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു കാര്യവും കമ്പനി രജിസ്ട്രാറിനെ അറിയിച്ചിരുന്നില്ല. 2017 ഓഗസ്റ്റില്‍ സ്ഥാപനം പൂട്ടിപ്പോയതിന് ശേഷം 2019 ആറാം മാസത്തില്‍ പോലും ഖമറുദ്ദീനും മറ്റും നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്‌. അതുകൊണ്ടുതന്നെ തട്ടിപ്പ് നടത്തുന്നതിന് ലക്ഷ്യം വെച്ചുകൊണ്ടുളള നീക്കമായിരുന്നു സ്ഥാപന ഉടമകള്‍ നടത്തുന്നതെന്നായിരുന്നു പോസിക്യൂഷന്റെ വാദം. ഈ വാദങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി ഖമറുദ്ദീനെതിരേയുളള മൂന്നുകേസുകളിലുളള ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ നവംബര്‍ ഏഴിനാണ് ഖമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തത്. 800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ തട്ടിപ്പാണ്‌ നടന്നത്‌. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ ഖമറുദ്ദീനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്.

ഖമറുദ്ദീനെതിരെ കണ്ണൂരിലും കേസ് ; 11 കേസില്‍കൂടി അറസ്‌റ്റ്‌

കാഞ്ഞങ്ങാട്/കണ്ണൂര്‍ > സ്വർണനിക്ഷേപത്തട്ടിപ്പിൽ പതിനൊന്നു കേസുകളിൽകൂടി എം സി ഖമറുദ്ദീൻ എംഎൽഎയുടെ അറസ‌്റ്റ‌് രേഖപ്പെടുത്തി. ഇതോടെ അറസ്‌റ്റിലായ കേസുകൾ 14. രണ്ട്‌ ദിവസത്തെ പൊലീസ്‌ കസ്‌റ്റഡി അവസാനിച്ചതിനാൽ ജയിലിലേക്ക്‌ മാറ്റി. പുതിയ  നാല് പരാതിയുൾപ്പടെ ‌126 കേസാണ്‌ ഖമറുദ്ദീനെതിരെ രജിസ്‌റ്റർ ചെയ്‌തത്‌.  നേരത്തെ റിമാൻഡിലായ മൂന്ന്‌ കേസുകളുടെ ജാമ്യാപേക്ഷയിൽ വാദം തുടരുമ്പോഴാണ്‌ ‌കൂടുതൽ കേസുകളിൽ അറസ‌്റ്റിന്‌ അനുമതി തേടിയത‌്.

എംഎൽഎയുടെ ജാമ്യാപേക്ഷയിൽ  തീർപ്പായില്ല. ജാമ്യ ഹർജിയും പൊലീസ‌് കസ‌്റ്റഡി അപേക്ഷയും വ്യാഴാഴ‌്ച  പകൽ 11ന‌്  വീണ്ടും പരിഗണിക്കും.  ചന്തേര  സ്‌റ്റേഷനിലെ  മൂന്ന്‌ വഞ്ചനാകേസിൽ റിമാൻഡിലായ ഖമറുദ്ദീന്റെ പൊലീസ‌് കസ‌്റ്റഡി ബുധനാഴ‌്ച പകൽ മൂന്നിന‌്  അവസാനിച്ചതിനെതുടർന്ന്‌‌ കോടതിയിൽ ഹാജരാക്കി.   കൂടുതൽ തെളിവുകളും രേഖകളും കണ്ടെത്താനും സ്വത്തുവകകൾ സംബന്ധിച്ച വിവരങ്ങൾ അറിയാനുള്ളതിനാൽ കസ‌്റ്റഡി നീട്ടണമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.  കരാർ ലംഘനമല്ലാതെ വഞ്ചനയില്ലെന്നുള്ള  പ്രതിഭാഗം  വാദം  പ്രോസിക്യൂഷൻ ഖണ്ഡിച്ചു. ചെയർമാൻ എന്ന നിലയിൽ ഖമറുദ്ദീന്റെ അറിവോടെയായിരുന്നു‌ തട്ടിപ്പ‌്‌.  ആരിക്കാടി  സ്വദേശി ഷഹാന അബ്ദുറഹ‌്മാന്റെ പരാതി ജ്വല്ലറി തകർന്ന ശേഷവും 20 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ചുവെന്നാണെന്ന്‌‌  പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 2016നുശേഷം കമ്പനി രജിസ്‌ട്രാർക്ക്‌ ‌ സ‌്റ്റേറ്റ‌്മെന്റ‌് നൽകിയില്ല. ഖമറുദ്ദീനെ ജില്ലാ ജയിലിലേക്ക‌്‌ കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റുന്നതിനിടെയാണ‌് പൊലീസ‌് കൂടുതൽ കേസുകളിൽ  അറസ‌്റ്റ‌് രേഖപ്പെടുത്തിയത‌്.

കണ്ണൂരിലും കേസ്

ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിൽ അറസ്‌റ്റിലായ ലീഗ്‌ എംഎൽഎ എം സി ഖമറുദ്ദീനെതിരെ കണ്ണൂർ ടൗൺ പൊലീസും കേസെടുത്തു. പയ്യാമ്പലം സ്വദേശി ഭുവൻ രാജിന്റെ ഹർജിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ടു കോടതി നിർദേശ പ്രകാരമാണ്‌ കേസ്‌.

ഫാഷൻ ഗോൾഡ്‌ എംഡി പൂക്കോയ തങ്ങൾ, ജനറൽ മാനേജർ സൈനുൽ ആബിദിൻ, കണ്ണൂർ തോട്ടട സ്വദേശി സൈനുദ്ദീൻ എന്നിവരും പ്രതികളാണ്‌. 2008–-09ൽ ഫാഷൻ ഗോൾഡ്‌ ജ്വല്ലറിയിൽ നിക്ഷേപമായി 25 ലക്ഷം രൂപ വാങ്ങി തിരിച്ചു നൽകിയില്ലെന്നാണ്‌ കേസ്‌. 2019വരെ ലാഭവിഹിതം ലഭിച്ചെന്നും പിന്നീട്‌ നിലച്ചെന്നും പരാതിയിൽ പറഞ്ഞു.

ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.

പ്രാഥമികാന്വേഷണത്തിനു ശേഷം ജ്വല്ലറി തട്ടിപ്പ്‌ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ പ്രത്യേകാന്വേഷണ സംഘത്തിന്‌ കേസ്‌ കൈമാറിയേക്കും.

Sunday, November 8, 2020

ആസ്‌തികൾ വിറ്റു; സ്വർണം കടത്തി; വഖഫ് ഭൂമിയും തട്ടി, 1.43 കോടിയുടെ നികുതിവെട്ടിപ്പും

വാണിജ്യതകർച്ച മൂലമാണ്‌ പ്രതിസന്ധിയുണ്ടായത്‌ എന്ന്‌ മുസ്ലിംലീഗും യുഡിഎഫും ആവർത്തിക്കുമ്പോഴും പുറത്തുവരുന്നത്‌ ആസൂത്രിത തട്ടിപ്പിന്റെ വിവിധ തെളിവുകൾ.

 [എം സി ഖമറുദ്ദീൻ എംഎൽഎയെ വൈദ്യപരിശോധനയ്‌ക്കായി കാസർകോട്‌ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ]

60 കോടിയുടെ ആസ്‌തിയിൽ തുടങ്ങിയ ജ്വല്ലറിയിൽ നിക്ഷേപ പദ്ധതി തുടങ്ങിയപ്പോൾ 136 കോടിയോളം എത്തി. 2010ൽ പയ്യന്നൂരിലും 2011ൽ കാസർകോടും 2017ൽ അജ്മാനിലും ശാഖകൾ തുറന്നു. എന്നാൽ അജ്മാനിലെ ഷോറൂം മൂന്ന് മാസംകൊണ്ട് പൂട്ടി.  മൂന്ന് ശാഖകളിലായി 80 കിലോയിലധികം സ്വർണമുണ്ടായിരുന്നിടത്ത് 2019 ആകുമ്പോഴേക്കും  20 കിലോയായി കുറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ മൂന്ന് ജ്വല്ലറികൾക്കും താഴുവീണു. ഇതിനിടെ ജ്വല്ലറിയുടെ പേരിലുള്ള ആസ്‌തികൾ മുഴുവൻ ആരുമറിയാതെ കൈമാറുകയും ചെയ്‌തു.

എം സി ഖമറുദ്ദീൻ എംഎൽഎ ചെയർമാനും ലീഗ്‌ നേതാവ്‌ ടി കെ പൂക്കോയ തങ്ങൾ മാനേജിങ് ഡയറക്ടറുമായ  ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ 2003ലാണ് ചെറുവത്തൂരിൽ ജ്വല്ലറി തുടങ്ങിയത്. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിയായിരുന്നു അന്ന്‌ ഖമറുദ്ദീൻ. പൂക്കോയ തങ്ങൾ ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവും. 

പിന്നീട്  ഫാഷൻ ഗോൾഡ് ഇന്റർ നാഷണൽ,  ഖമർ ഫാഷൻ ഗോൾഡ്, ഫാഷൻ ഗോൾഡ് ഓർണമെന്റ്, നുജൂം ഗോൾഡ് എന്നീ കമ്പനികൾകൂടി  രജിസ്‌ട്രാർ ഓഫ് കമ്പനീസ് (ആർഒസി)) മുമ്പാകെ രജിസ്റ്റർ ചെയ്തു. 2016ൽ ഫാഷൻ റിയാൽറ്റേഴ്‌സ്‌ എന്ന പേരിൽ ഖമറുദ്ദീനും പൂക്കോയ തങ്ങളും  ഡയറക്ടർമാരായി ഒരു കമ്പനികൂടി രജിസ്‌റ്റർ ചെയ്‌തു. അതിനുശേഷമാണ്‌ ജ്വല്ലറി പ്രതിസന്ധിയിലായെന്ന പ്രചാരണം വരുന്നത്‌.  2017 മുതൽ ഒരു വിവരവും  കമ്പനി രജിസ്‌ട്രാറിൽ ഫയൽ ചെയ്തിട്ടില്ല.

തുടർന്ന്‌ ജ്വല്ലറി വികസിപ്പിക്കാനെന്നപേരിൽ വ്യാപകമായി പണം സ്വരൂപിച്ചു.  കമ്പനികളുടെപേരിലും സ്വന്തംപേരിലും കരാർ പത്രവും ചെക്കും നൽകി.  ആവശ്യപ്പെട്ടാൽ തിരിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ടും പണം വാങ്ങി.  749 പേരാണ്‌ നേതാക്കളെ വിശ്വസിച്ച്‌ പണം നൽകിയത്‌. ഇവരിൽ ഭൂരിപക്ഷവും ലീഗ്‌ പ്രവർത്തകരാണ്‌.

വഖഫ് ഭൂമിയും തട്ടി

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ തൃക്കരിപ്പൂരിലെ വഖഫ് ഭൂമി തട്ടിയെടുത്തതിലും ഖമറുദ്ദീൻ എംഎൽഎയ്‌ക്ക്‌ പങ്ക്‌. ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരം, ജെംസ് സ്‌കൂൾ  എന്നിവയടക്കമാണ്‌  ജില്ലയിലെ അഞ്ച് ലീഗ് നേതാക്കൾ ചേർന്ന്‌ തട്ടിയെടുത്തത്.

ഖമറുദ്ദീൻ ചെയർമാനായ തൃക്കരിപ്പൂർ എഡ്യുക്കേഷൻ ആൻഡ്‌‌ ‌ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലാണ് അഗതി മന്ദിരത്തിന്റെ 4.17 ഏക്കർ ഭൂമി ചുളുവിലയ്‌ക്ക് മാറ്റിയത്‌. 11000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടവും പള്ളിയും ഉൾപ്പെടുന്നതാണ്‌ ഭൂമി. എംഎൽഎയുടെ ബിസിനസ്‌ പങ്കാളിയും  ലീഗ്‌ ജില്ലാ കമ്മിറ്റി അംഗവുമായ  ടി കെ പൂക്കോയ തങ്ങളായിരുന്നു അഗതിമന്ദിരത്തിന്റെ പ്രസിഡന്റ്‌ .  വിവാദമായതോടെ കഴിഞ്ഞ ജൂണിൽ ഭൂമി തിരിച്ചുനൽകി.

1.43 കോടിയുടെ നികുതിവെട്ടിപ്പും

ഫാഷൻ ഗോൾഡ് ജ്വല്ലറി ചരക്ക്‌ സേവന നികുതിയിലും വെട്ടിപ്പ്‌ നടത്തി. 1.43 കോടി രൂപയുടെ നികുതിവെട്ടിപ്പാണ്‌  പുറത്തുവന്നത്. പയ്യന്നൂരിലെ  ജ്വല്ലറിയിൽനിന്ന്‌ സ്വർണം വിറ്റതിന്‌ നികുതിയും പിഴപ്പലിശയും അടക്കം 1,39,506 രൂപ പലതവണ  നോട്ടീസ്‌ നൽകിയിട്ടും അടച്ചില്ല.  തുടർന്ന്‌‌  ചരക്ക്‌ സേവന നികുതി വിഭാഗം ഖമറുദ്ദീന്റെ വീടും‌ സ്വത്തും‌ കണ്ടുകെട്ടാൻ നോട്ടീസ്‌ നൽകി‌. 

കാസർകോട് ഖമർ ഫാഷൻ ഗോൾഡ് 84,82,744 രൂപയും ചെറുവത്തൂർ ന്യൂഫാഷൻ ഗോൾഡ് 57,03,087 രൂപയും നികുതി അടയ്‌ക്കാനുണ്ട്‌. പയ്യന്നൂരിലെ  ജ്വല്ലറിയിലേതുൾപ്പെടെ 1,43,25,337  രൂപയാണ്‌ അടയ്‌ക്കാനുള്ളത്‌.

നിക്ഷേപകർ ബഹുഭൂരിപക്ഷവും ലീഗുകാർ

ആയുസ്സിന്റെ പാതിയിലധികം മണലാരണ്യത്തിൽ വിയർപ്പൊഴുക്കി നേടിയ പണവും സ്വർണവും കൈവിട്ട കണ്ണീർ കഥകളാണ്  ജ്വല്ലറി നിക്ഷേപത്തട്ടിപ്പിനിരയായവർക്ക് പറയാനുള്ളത്. വിവാഹത്തിനായി നീക്കിവച്ച സമ്പാദ്യം, ആശുപത്രി ചെലവുകൾക്ക് മാറ്റിവച്ച പണം,  ഇൻഷുറൻസ്‌ തുക, ജീവനാംശമായി ലഭിച്ച തുക. പണംപോയവരുടെ കഥകൾ കരളലിയിക്കുന്നതാണ്‌. 

കബളിപ്പിക്കപ്പെട്ടവരിൽ 99 ‌ശതമാനംപേരും മുസ്ലിം ലീഗ്‌ പ്രവർത്തകരും അവരുടെ ബന്ധുക്കളുമാണ്‌. ലീഗനുകൂല പ്രവാസിസംഘടനയുടെ ആളുകളും പണം നിക്ഷേപിച്ചു.  സ്വന്തം നേതാക്കളുടെ സ്ഥാപനത്തിലെ നിക്ഷേപം നഷ്ടമാവുമെന്ന്‌  അവർ കരുതിയില്ല. പണം തിരിച്ചുകിട്ടുമെന്ന്‌ വിശ്വസിച്ചു. തിരിച്ചുനൽകുമെന്ന് ലീഗ്‌ നേതൃത്വം‌ പ്രഖ്യാപിച്ചപ്പോൾ കേസിനുപോലും ഭൂരിപക്ഷംപേരും തയ്യാറായില്ല.  

ലീഗുമായി ബന്ധമുള്ള വൻ സമ്പന്നരുടെ ലക്ഷങ്ങളും ജ്വല്ലറിയിലുണ്ട്‌. അതിൽ പലതും പ്രശ്‌നങ്ങൾക്കിടയിലും തിരിച്ചുകൊടുത്തിരുന്നു. കേസിൽ പാർടി നിയോഗിച്ച മധ്യസ്ഥൻ  ലീഗ്‌ ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിയുടെ 80 ലക്ഷം രൂപയും ജ്വല്ലറിയിലുണ്ട്‌.

ലീഗ്‌ ജില്ലാ കമ്മിറ്റിക്ക്‌ മാസം അരലക്ഷം വീതം

ജ്വല്ലറിയിൽ  നിക്ഷേപിച്ച പാവങ്ങൾക്ക്‌ പണം തിരിച്ചുനൽകിയില്ലെങ്കിലും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിക്ക് ലാഭവിഹിതമായി  മാസം അരലക്ഷം രൂപ വീതം നൽകി.  ലീഗ്‌ ജില്ലാ കമ്മിറ്റി  40 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്.  2019 മാർച്ച് വരെ 40,000 മുതൽ അരലക്ഷം രൂപവരെ ലാഭ വിഹിതമായി‌ നൽകിയിട്ടുണ്ട്‌.  നിക്ഷേപകർ‌ പണത്തിനായി ജ്വല്ലറി ചെയർമാന്റെയും എംഡിയുടെയും വീടുകളിൽ കയറിയിറങ്ങുമ്പോഴാണിത്‌‌‌. മഞ്ചേശ്വരത്ത്‌ സ്ഥാനാർഥിയാകാൻ ഖമറുദ്ദീൻ  കോടികൾ നേതൃത്വത്തിന്‌ നൽകിയതായി തെരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ  ലീഗുകാർ തന്നെ ആരോപിച്ചിരുന്നു. ഈ സമയത്ത്‌ അഞ്ചരകിലോ സ്വർണം കാസർകോട്ടെ ജ്വല്ലറിയിൽനിന്ന്‌ കടത്തി കൊണ്ടുപോയതായി ക്രൈംബ്രാഞ്ച്‌ സംഘം കണ്ടെത്തിയിരുന്നു.

പി മഷൂദ്

ലീഗ്‌ എംഎൽഎ ജയിലിൽ ; 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു

സ്വന്തം ജ്വല്ലറിയിൽ നിക്ഷേപമായി വാങ്ങിയ കോടികൾ തട്ടിയെടുത്ത മുസ്ലീം ലീഗ്‌ നേതാവ്‌ എം സി ഖമറുദ്ദീൻ എംഎൽഎയെ  പ്രത്യേക അന്വേഷക സംഘം അറസ്‌റ്റ്‌ ചെയ്‌തു. ശനിയാഴ്‌ച  ജില്ലാ പൊലീസ്‌ ആസ്ഥാനത്ത്‌ നടത്തിയ ചോദ്യംചെയ്യലിനുശേഷം വൈകിട്ട്‌ നാലോടെയാണ്‌ അറസ്‌റ്റ്‌‌. ചന്തേര പൊലീസ്‌ സ്‌റ്റേഷനിൽ രജിസ്‌റ്റർചെയ്‌ത നാല്‌ കേസിൽ 13 കോടി തട്ടിയതിനാണ്‌ പിടിയിലായത്‌.

കാസർകോട്‌ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷം കാസർകോട്‌ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ (രണ്ട്‌) ഹാജരാക്കി.  14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌ത്‌ ‌ കാഞ്ഞങ്ങാട്‌ ജില്ലാ ജയിലിലടച്ചു. ഞായറാഴ്‌ച കോവിഡ്‌ പരിശോധന നടത്തും. വഞ്ചന (ഐപിസി 420), ഗൂഢാലോചന നടത്തി തട്ടിപ്പ്‌ ( 34) വകുപ്പുകളനുസരിച്ചാണ്‌ കുറ്റം ചുമത്തിയത്‌.

എണ്ണൂറോളം പേരിൽനിന്ന്‌ 150 കോടി രൂപ ജ്വല്ലറിയുടെ പേരിൽ സമാഹരിച്ച്‌ ലാഭവിഹിതമോ നിക്ഷേപമോ തിരികെ നൽകാതെ വഞ്ചിച്ചുവെന്നാണ്‌ കേസ്‌. മഞ്ചേശ്വരം മണ്ഡലത്തിലെ പ്രതിനിധിയായ  ഖമറുദ്ദീൻ മുസ്ലിംലീഗ്‌ ജില്ലാപ്രസിഡന്റായിരിക്കെയാണ്‌ നിക്ഷേപം കൂടുതലും വാങ്ങിയത്‌.

കേസിൽ ചോദ്യം ചെയ്യാൻ‌ ശനിയാഴ്‌ച ജില്ലാ പൊലീസ്‌ ആസ്ഥാനത്ത്‌ എത്താൻ  അന്വേഷകസംഘം ഖമറുദ്ദീന്‌ നോട്ടീസ്‌ നൽകി. രാവിലെ പത്തരയോടെ‌ എഎസ്‌പി വി വിവേക്‌കുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടങ്ങി‌. പരാതിക്കാരുടെ മൊഴി നേരത്തെ ശേഖരിച്ചിരുന്നു. അന്വേഷകസംഘത്തിനു‌ മുന്നിൽ  ഖമറുദ്ദീന്റെ വാദങ്ങൾ പൊളിഞ്ഞു. തുടർന്നാണ്‌ അറസ്‌റ്റ്‌‌.

2017ൽ പരാതികൾ വന്ന സമയത്ത്‌ തന്നെയാണ്‌  മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ  ഖമറുദ്ദീനെ യുഡിഎഫ്‌ സ്ഥാനാർഥിയാക്കിയത്‌.  പണം നഷ്ടമായവർ പലവട്ടം മുസ്ലിംലീഗ്‌ നേതൃത്വത്തെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ഒടുവിൽ പൊലീസിൽ പരാതിയെത്തിയപ്പോൾ ആറ്‌ മാസത്തിനുള്ളിൽ നിക്ഷേപകർക്ക്‌ പണം തിരികെ നൽകുമെന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി എംപി ഉറപ്പുനൽകി. മാസങ്ങൾ പിന്നിട്ടിട്ടും ഒരു ഇടപെടലിനും  ലീഗ്‌ നേതൃത്വം തയ്യാറായില്ല.

പണം വാങ്ങിയതിന്‌  രേഖയില്ല ; 113 കേസ്‌

നഷ്ടത്തിന്റെ പേരിൽ ജ്വല്ലറിയുടെ എല്ലാ ശാഖകളും പൂട്ടി എംഎൽഎയും സംഘവും സ്ഥലം വിട്ട്‌‌  ഒരുവർഷത്തിനുശേഷമാണ് ആദ്യപരാതി‌. അതുവരെ പണം മടക്കി നൽകാമെന്ന്‌ പറഞ്ഞ്‌ നിക്ഷേപകരെ വഞ്ചിച്ചു.

35 ലക്ഷം രൂപ നിക്ഷേപിച്ച പ്രവാസി കാടങ്കോട് സ്വദേശി അബ്ദുൾ ഷൂക്കൂറാണ്‌ ആഗസ്ത് 27ന്‌ ചന്തേര പൊലീസ്‌ സ്‌റ്റേഷനിൽ ആദ്യ പരാതി നൽകിയത്‌. ദിവസങ്ങൾക്കകം പരാതി 50 കടന്നു. 

ആറുമാസത്തിനുള്ളിൽ പണം തിരികെ നൽകുമെന്ന് കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ്‌ നേതാക്കൾ ഉറപ്പുനൽകി. പണം കിട്ടുമെന്ന്‌ വിചാരിച്ച്‌ ബാക്കി നിക്ഷേപകർ പരാതി നൽകാൻ മടിച്ചു. അപ്പോഴാണ്‌‌, നിക്ഷേപിച്ച പണത്തിന്‌ നിയമപരമായ രേഖയൊന്നുമില്ലെന്ന വിവരം ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിൽ പുറത്തുവന്നത്‌. ഇതോടെ പരാതികളുടെ എണ്ണം 113 ആയി. എംഎൽഎ അറസ്‌റ്റിലായതോടെ ഇനിയും പരാതി ഉണ്ടാകുമെന്നാണ്‌ അന്വേഷകസംഘം കരുതുന്നത്‌. മുസ്ലീംലീഗ്‌ സംസ്ഥാന നേതൃത്വം ഇടപെട്ട്‌ ഒത്തുതീർപ്പ് ചർച്ചകളും പ്രശ്നപരിഹാര യോഗങ്ങളും ഇതിനിടയിൽ നടന്നു. അതെല്ലാം അലസിപ്പിരിഞ്ഞു. പരാതിക്കാർക്ക്‌ നേരെ ഭീഷണിയുമുണ്ടായി.

13 കോടി എണ്ണി വാങ്ങി

എം സി ഖമറുദ്ദീൻ എംഎൽഎ നേരിട്ട്‌ എണ്ണിവാങ്ങിയത്‌ 13 കോടി. ക്രൈം ബ്രാഞ്ച്‌ പ്രത്യേകസംഘം നടത്തിയ സമഗ്ര അന്വേഷണത്തിലാണ്‌ ഇത്‌ വ്യക്തമായത്‌. പണം നൽകിയ 80 പേരുടെ മൊഴി ശേഖരിച്ചു.  113 പരാതി‌യിൽ 77 ന്റെ അന്വേഷണം പൂർത്തിയായി‌. വാങ്ങിയ തുക, ജ്വല്ലറി നിക്ഷേപമായി തന്നെ വകയിരുത്തിയിട്ടുണ്ടോ;  വകമാറ്റി എംഎൽഎ സ്വന്തം നിലയിൽ വ്യാജ ഓഹരി സർട്ടിഫിക്കറ്റ്‌ നൽകിയോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്‌.

മുഹമ്മദ്‌ ഹാഷിം

Saturday, November 7, 2020

ജ്വല്ലറി തട്ടിപ്പ്‌ : ലീഗ്‌ എംഎൽഎ എം സി ഖമറുദ്ദീൻ അറസ്‌റ്റിൽ

 കാസർകോട്‌ > ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ എംസി ഖമറുദ്ദീനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തു. അന്വേഷണ സംഘ തലവന്‍ വി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് അറസ്റ്റ്. എണ്ണൂറോളം പേരില്‍ നിന്നായി 150 കോടി രൂപതട്ടിയെടുത്ത കേസിലാണ്‌ അറസ്‌റ്റ്‌. കാസര്‍കോട്ടെ എസ്പി ഓഫിസിലേക്ക് വിളിച്ചുവരുത്തി ഇന്ന് രാവിലെ മുതല്‍ ഖമറുദ്ദീനെ  ചോദ്യം ചെയ്തിരുന്നു. ഖമറുദ്ദീനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന്  അന്വേഷണം സംഘം പറഞ്ഞു.

ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിലെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. നിക്ഷേപകരുടെ പരാതി പരിഹരിക്കാന്‍ ലീഗ് നിയോഗിച്ച മധ്യസ്ഥന്‍ കല്ലട്ര മാഹിന്‍ ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു.

കഴിഞ്ഞ ദിവസം ജ്വല്ലറി എംഡി പൂക്കോയ തങ്ങളേയും ഒന്‍പതു മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജ്വല്ലറിയുടെ നിലവിലെ ആസ്‌തികള്‍ സംബന്ധിച്ചും ബാധ്യതകളെ സംബന്ധിച്ചുമുള്ള വിവരങ്ങളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്.

എണ്ണൂറോളം പേരില്‍നിന്നായി 150 കോടി രൂപയാണ് കാസര്‍കോട് ജില്ലയിലെ ലീഗ് നേതാക്കള്‍ ജ്വല്ലറിയുടെ മറവില്‍ തട്ടിയെടുത്തത്. 96 കോടി രൂപ നിക്ഷേപമായും 50 കോടിയിലധികം രൂപ സ്വര്‍ണ സ്‌കീമുകളിലൂടെയും വാങ്ങി. പാര്‍ടി അണികളും ലീഗനുഭാവ പ്രവാസി സംഘടനാ പ്രവര്‍ത്തകരുമാണ് തട്ടിപ്പിനിരയായവരിലേറെയും. ജ്വല്ലറിയുടെയും ഖമറുദ്ദീന്റെയും ആസ്തിവിറ്റ് ആറു മാസത്തിനകം ബാധ്യത തീര്‍ക്കുമെന്ന് സംസ്ഥാന നേതൃത്വം മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ജ്വല്ലറി പൂട്ടിയപ്പോള്‍തന്നെ ഖമറുദ്ദീന്‍  ആസ്തികള്‍ വിറ്റു. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതിനാല്‍ ബാക്കി ആസ്തികള്‍ ഡയറക്ടര്‍മാര്‍ക്കോ മധ്യസ്ഥനോ വില്‍ക്കാനാവില്ല. കമ്പനി രേഖയിലെവിടെയും പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിച്ചതായും കാണിച്ചിട്ടില്ല. എന്നിട്ടും നിക്ഷേപകരുടെ കണ്ണില്‍ പൊടിയിടാനാണ്  ഖമറുദ്ദീനും ലീഗ് നേതൃത്വവും ഇതുവരെ  ശ്രമിച്ചത്. അത് അറിയാതെ നേതൃത്വത്തെ വിശ്വസിച്ച് പൊലീസില്‍ പരാതിപ്പെടാതെ കാത്തിരിക്കുകയായിരുന്നു ഭൂരിപക്ഷം നിക്ഷേപകരും. പിന്നീടാണ് അവര്‍ പരാതിയുമായെത്തിയത്. 109 വഞ്ചനാ കേസുകളില്‍ പ്രതിയാണ് ഖമറുദ്ദീന്‍ ഇപ്പോള്‍.

നിക്ഷേപകരുടെ ബാധ്യത തീര്‍ക്കുന്ന കാര്യം പാര്‍ട്ടി ഏറ്റെടുത്തിട്ടില്ലെന്ന് ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആറുമാസത്തിനകം പണം തിരിച്ച് നല്‍കുമോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ എംസി കമറുദ്ദീന്‍ തയാറാകാതിരുന്നപ്പോഴാണ് ലീഗ് ഈ നിലപാടെടുത്തത്.

Thursday, October 29, 2020

ഖമറുദ്ദീന്റെ ജ്വല്ലറിത്തട്ടിപ്പ്‌ : അന്വേഷണം ലീഗ് നേതാക്കളിലേക്ക്

 എം സി ഖമറുദ്ദീൻ എംഎൽഎയുടെ ഫാഷൻ ഗോൾഡ്‌ ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ മുസ്ലിംലീഗ് നേതൃത്വത്തിന്റെ  പങ്കും അന്വേഷകസംഘം പരിശോധിക്കുന്നു. മധ്യസ്ഥനും ജില്ലാ ട്രഷററുമായ കല്ലട്ര മാഹിൻ ഹാജി, ജില്ലാ പ്രസിഡന്റ്‌ ടി ഇ അബ്ദുള്ള, ജില്ലാ സെക്രട്ടറി എ അബ്ദുൾ റഹിമാൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യും.

കഴിഞ്ഞ ദിവസം ജ്വല്ലറി എംഡി ടി കെ പൂക്കോയ തങ്ങൾ,  ഡയറക്ടർമാർ, ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ എന്നിവരിൽനിന്ന് ശേഖരിച്ച വിവരത്തിന്റെ  അടിസ്ഥാനത്തിലാണ് അന്വേഷണം ലീഗ് നേതാക്കളിലേക്ക്‌ നീളുന്നത്‌.   ഡയറക്ടറായ കണ്ണൂർ സ്വദേശി സൈനുദ്ദീൻ ഇടനിലക്കാരനായി ബംഗളൂരുവിലെടുത്ത 10 കോടി രൂപയുടെ സ്വത്തിന്റെ രേഖയും ആക്ഷൻ കമ്മിറ്റിയുടെ പക്കലുണ്ടായിരുന്ന പയ്യന്നൂരിലെയും കാസർകോട്ടെയും ഭൂമിയുടെ രേഖകളും ലീഗ് ജില്ലാ നേതൃത്വത്തിന്റെ  പക്കലാണെന്ന് ‌ എംഡിയും ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളും  അന്വേഷകസംഘത്തിന്‌ മൊഴി നൽകിയിരുന്നു.

ലീഗ് ജില്ലാ കമ്മിറ്റി  നിക്ഷേപമായി നൽകിയ 40 ലക്ഷം രൂപയുടെ വിവരങ്ങളും ശേഖരിക്കും.  പ്രതിമാസം അരലക്ഷത്തിലേറെ രൂപ ലീഗ്‌ ജില്ലാ കമ്മിറ്റിക്ക് ലാഭവിഹിതമായി നൽകിയതായി ജ്വല്ലറി രേഖകളിലുണ്ട്‌‌.   ബുധനാഴ്ച ക്രൈംബ്രാഞ്ച് സംഘം ചെറുവത്തൂരിലും പയ്യന്നൂരിലുമെത്തി തെളിവ്‌ ശേഖരിച്ചു. ജീവനക്കാരുടെ മൊഴിയുമെടുത്തു.

പി മഷൂദ് 

എം സി ഖമറുദീൻ പ്രതിയായ തട്ടിപ്പുകേസ്‌ : വഞ്ചനയ്‌ക്ക് തെളിവുണ്ട്

മുസ്ലിംലീഗ് എംഎൽഎ, എം സി ഖമറുദീൻ പ്രതിയായ ജ്വല്ലറി തട്ടിപ്പിൽ നിക്ഷേപകരെ വഞ്ചിക്കാൻ കമ്പനിയും ഡയറക്ടർ ബോർഡ് അംഗങ്ങളും ബോധപൂർവം ശ്രമിച്ചെന്ന്‌  സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങൾ തിരിമറി നടത്തി നിക്ഷേപകരെ വഞ്ചിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന ഖമറുദീന്റെ ഹർജിയാണ് പരി​ഗണിക്കുന്നത്.

ഓഹരി നിക്ഷേപം സ്വീകരിക്കാൻ എംഎൽഎയുടെ കമ്പനിക്ക് ലൈസൻസ് ഇല്ല. കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻപ്രകാരം സ്വർണക്കച്ചവടത്തിനേ ഉദ്ദേശ്യമുണ്ടായിരുന്നുള്ളു. ഉദ്ദേശ്യലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിച്ച് നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ചു. കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച രേഖപ്രകാരം 2017 മാർച്ചിൽ കമ്പനി നാല് ലക്ഷത്തോളം രൂപ ലാഭത്തിലാണ്. 2016 മുതൽ കമ്പനി നഷ്ടത്തിലാണെന്ന പ്രതിയുടെ വാദം ശരിയല്ല. 2019ൽ നടന്ന ജിഎസ്ടി പരിശോധനയിൽ, ലാഭം മറച്ചുവയ്ക്കാൻ കമ്പനി രജിസ്ട്രാർക്ക് വ്യാജരേഖ സമർപ്പിച്ചതായി കണ്ടെത്തിയെന്നും കമ്പനിക്ക് ഒരുകോടി രൂപ പിഴ ചുമത്തിയെന്നും സർക്കാർ വെളിപ്പെടുത്തി.

കമ്പനിയുടെ സാമ്പത്തികനില സംബന്ധിച്ച് ഡയറക്ടർമാർ നൽകുന്ന കണക്കുകൾ വ്യാജമാണ്. നിക്ഷേപകരെ ഓഹരി സർട്ടിഫിക്കറ്റ് നൽകാതെ വഞ്ചിച്ചു. ലാഭവിഹിതവും നൽകിയിട്ടില്ല.

ബംഗളൂരുവിൽ സ്ഥലം വാങ്ങാൻ 8 കോടി തട്ടി

ഖമറുദീൻ അടക്കമുള്ള ഉന്നതർ ബംഗളൂരുവിൽ സ്ഥലം വാങ്ങുന്നതിന് എട്ടു കോടി തിരിമറി നടത്തിയതായി ജനറൽ മാനേജരുടെ മൊഴിയുണ്ട്. നഷ്ടത്തിലാണെന്നു പറയുമ്പോഴും 2018 വരെ നിക്ഷേപം സ്വീകരിച്ചതിന്‌ രേഖയുണ്ട്. ഡയറക്ടർമാർ കമ്പനിയുടെ ആസ്തികളും സ്വർണവുമായിമുങ്ങി. നിക്ഷേപം സ്വീകരിച്ചതിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചോ എന്ന് സംശയമുണ്ട്. കടം വീട്ടാൻ കമ്പനിയുടേതായി നിലവിൽ ആസ്തികളൊന്നുമില്ല. ചില ഷോറൂമുകളുടെ ഉടമസ്ഥാവകാശം മാറ്റി.

ഷോറൂമുകളിൽ വിലപിടിപ്പുള്ള ഒന്നുമില്ല. ഇക്കാര്യങ്ങളിലെല്ലാം ആഴത്തിലുള്ള അന്വേഷണം വേണം. നിക്ഷേപം സമാഹരിക്കുന്നതിന് എംഎൽഎ പദവി ഖമറുദീൻ ഉപയോഗിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ സി ശ്രീധരൻനായർ ചൂണ്ടിക്കാട്ടി. കേസ് ഖമറുദീന്റെ മറുപടിക്കായി കോടതി മാറ്റി.

Tuesday, October 27, 2020

ജ്വല്ലറി തട്ടിപ്പ്: നിക്ഷേപകരെ വഞ്ചിക്കാന്‍ കമ്പനിയും ഡയറക്ടര്‍ ബോര്‍ഡും ബോധപൂര്‍വ്വമായ ശ്രമം നടത്തി; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  മുസ്ലീംലീഗ് എംഎല്‍എ, എം.സി കമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി തട്ടിപ്പില്‍ നിക്ഷേപകരെ വഞ്ചിക്കാന്‍ കമ്പനിയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ബോധപുര്‍വ്വമായ ശ്രമങ്ങള്‍നടത്തിയിട്ടുണ്ടന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തിരിമറി നടത്തി നിക്ഷേപകരെ വഞ്ചിച്ചതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് സത്യവാങ്ങ്മൂലത്തില്‍വ്യക്തമാക്കിയത്.ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ കമ്പനി റിസര്‍വ് ബാങ്കിന്റേയും റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെയും 2013 ലെ സംസ്ഥാന നിക്ഷേപകസംരക്ഷണ നിയമത്തിലെയും വ്യവസ്ഥകള്‍ ലംഘിച്ചെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഓഹരി ഉടമകളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍കമ്പനിക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ പ്രകാരം സ്വര്‍ണക്കച്ചവടത്തിനേ ഉദ്ദേശമുണ്ടായിരുന്നുള്ളു.

കമ്പനി ഉദ്ദേശലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് തട്ടിപ്പ്നടത്തി. നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ചു.കമ്പനി രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച രേഖ പ്രകാരം 2017 മാര്‍ച്ചില്‍ കമ്പനി നാല് ലക്ഷത്തോളം രൂപ ലാഭത്തിലാണ്. 2016 മുതല്‍ കമ്പനി നഷ്ടത്തിലാണന്ന പ്രതിയുടെ ഹര്‍ജിയിലെവാദം ശരിയല്ല.2019 ല്‍ നടന്ന ജിഎസ്ടി പരിശോധനയില്‍, ലാഭം മറച്ചുവെയ്ക്കാന്‍ കമ്പനി രജിസ്ട്രാര്‍ക്ക് വ്യാജരേഖകള്‍ സമര്‍പ്പിച്ചതായി കണ്ടെത്തിയെന്നും കമ്പനിക്ക്

ഒരു കോടി പിഴ ചുമത്തിയെന്നും സര്‍ക്കാര്‍ ചുണ്ടിക്കാട്ടി.

കമ്പനിയുടെ സാമ്പത്തിക നില സംബന്ധിച്ച് ഡയറക്ടര്‍മാര്‍ നല്‍കുന്ന കണക്കുകള്‍ വ്യാജമാണ്. നിക്ഷേപകരെ ഓഹരി സര്‍ട്ടിഫിക്കറ്റ് നല്‍കാതെ വഞ്ചിച്ചു. ലാഭവിഹിതവുംനല്‍കിയിട്ടില്ല. കമറുദിന്‍ അടക്കമുള്ള ഉന്നതര്‍ ബാംഗ്‌ളൂരില്‍ സ്ഥലം വാങ്ങുന്നതിന് 8 കോടി തിരിമറി നടത്തിയതായി ജനറല്‍ മാനേജറുടെ മൊഴിയുണ്ട്. കമ്പനി നഷ്ടത്തിലാണന്നു പറയുമ്പോഴും 2018 വരെ നിക്ഷേപം സ്വീകരിച്ചതിന് രേഖകള്‍ ഉണ്ട്.

ഡയറക്ടര്‍മാര്‍ കമ്പനിയുടെ ആസ്തികളും സ്വര്‍ണവുമായി മുങ്ങിയിരിക്കുകയാണ്. നിക്ഷേപം സ്വീകരിച്ചതിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചോ എന്ന് സംശയമുണ്ട്. കടം വീട്ടാന്‍ കമ്പനിയുടേതായി നിലവില്‍ ആസ്തികളൊന്നുമില്ല. ചില ഷോറൂമുകളുടെ ഉടമസ്ഥാവകാശം  മാറ്റിയിട്ടുണ്ട്. ഷോറൂമുകളില്‍ വില പിടിപ്പുള്ളതായി ഒന്നും കാണുന്നില്ല . ഇക്കാര്യങ്ങളിലെല്ലാം ആഴത്തിലുള്ള അന്വേഷണം വേണം.

കമറുദീന്‍ എംഎല്‍എ പദവി നിക്ഷേപം സമാഹരിക്കുന്നതിന് ഉപയോഗിച്ചിട്ടുണ്ട്. 71 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികള്‍ പല രേഖകളും മുക്കിയിരിക്കുകയാണ്. വിശദമായ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ സി.ശ്രീധരന്‍ നായര്‍  അറിയിച്ചു. കേസ് കമറുദീന്റെ മറുപടിക്കായി കോടതി മാറ്റി.

Tuesday, September 29, 2020

അണികളെ പറഞ്ഞ് പറ്റിച്ചു, സ്വത്ത് പരമാവധി ഊറ്റിയെടുത്തു; ജ്വല്ലറി തട്ടിപ്പിൽ ലീഗ് നടത്തിയത് പച്ചയായ കൊള്ള

 തൃക്കരിപ്പൂർ > ജ്വല്ലറിയുടെ മറവിൽ മുസ്ലിംലീഗ്‌ നേതാക്കൾ നടത്തിയത്‌ പാർടി അനുഭാവികളെ മാനസികമായി ബന്ദിയാക്കിയുള്ള കൊള്ള. സ്വന്തം താൽപര്യങ്ങൾക്ക്‌ വേണ്ടി അണികളെ പറഞ്ഞു വിശ്വസിപ്പിച്ചു അവരുടെ സമ്പത്ത്‌ പരമാവധി ഊറ്റിയെടുത്തു. ലീഗിന്റെ സമുന്നതരായ നേതാക്കളെന്ന നിലയിലാണ്‌  വാരിക്കോരികകൊടുത്തത്‌. മതവും രാഷ്‌ട്രിയവും ഇടകലർത്തി പാവങ്ങളെ വിശ്വസിപ്പിച്ചു ചൂഷണം ചെയ്യുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ലീഗ്‌ പ്രമുഖരുടെ തട്ടിപ്പ്‌. 

നിക്ഷേപം വാങ്ങുമ്പോൾ വിറ്റൊഴിക്കലും

800 ഓളം നിക്ഷേപകരെ പെരുവഴിയിലാക്കി 150 കോടി ആവിയാക്കി  മൂന്ന് ബ്രാഞ്ചും അടച്ച് പൂട്ടിയതിന് ശേഷവും 20 കോടിയോളം രൂപ പിരിച്ചെടുത്തു. അതിനിടയിൽ ജ്വല്ലറിയുടെ പേരിലുള്ള എല്ലാ സ്വത്തുകളും മറുവശത്തൂടെ കെയൊഴിഞ്ഞു. കാസർകോട്ടെയും പയ്യന്നൂരിലേയും ഭൂമിയും കെട്ടിടവും വിൽപന നടത്തി.കാഞ്ഞങ്ങാട് ആരംഭിക്കാനിരുന്ന പുതിയ ഷോറൂം ബിനാമികൾ മുഖേനെ കൈമാറി. ബംഗളുരുവിലെ ഗസ്റ്റ് ഹൗസ് ഒരു ഡയറക്ടർക്കും കൈമാറി. പയ്യന്നൂരിൽ പ്രവർത്തിച്ചിരുന്ന ഷോറൂം കെട്ടിടമാണ് ഒടുവിൽ വിറ്റത്‌. പ്രശ്‌നം കത്തി നിൽക്കുമ്പോൾ  ജൂലൈ 13 ന് പയ്യന്നൂർ സബ് രജിസ്ട്രാർ ഓഫീസിൽ വച്ചാണ്‌  എട്ട് പേർക്ക്  കൈമാറിയത്. 

ഈ ഭൂമിയാവട്ടെ കവ്വായി സ്വദേശി പയ്യന്നൂർ കോടതിയിലും കള്ളാർ സ്വദേശികളായ രണ്ട്‌ പേർ പയ്യന്നൂർ, ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിലും സിവിൽ കേസിൽ ബന്ധിപ്പിച്ചതാണ്‌. അനുരഞ്ജന ചർച്ചയിൽ പയ്യന്നൂരിലെ കേസ് പിൻവലിച്ചെങ്കിലും ഹൊസ്ദുർഗിൽ നിലനിൽക്കുന്നു. ‌ കാസർകോട് താലൂക്കിൽ ചെയർമാൻ  ഖമറുദ്ദീൻ, ഡയറക്ടർ ടി കെ പൂക്കോയ തങ്ങൾ എന്നിവരുടെ പേരിൽ 2016ൽ  3419 നമ്പർ പ്രകാരം റജിസ്റ്റർ ചെയ്ത17.7 ഹെക്ടർ ഭൂമിയാണ് 15  കോടിയിലേറെ രൂപക്ക് വിൽപന നടത്തിയത്. സെന്റിന് 30 ലക്ഷം രൂപ മാർക്കറ്റ് വിലയുള്ള ഭൂമി ജനുവരി 25നാണ്‌   കൈമാറ്റം ചെയ്തതത്. ഈ തുക  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ചെലവിന്റെ ബാധ്യത തീർക്കാൻ ഉപയോഗിച്ചുവെന്നാണ്‌ എംഎൽഎയുമായി അടുപ്പമുള്ളവർ പറയുന്നത്‌.  

കാഞ്ഞങ്ങാട്ടെ ഭൂമിയും മൂന്ന്‌ നില കെട്ടിടവും  മാർച്ച് അഞ്ചി-നാണ്‌  അതീവ രഹസ്യമായി കൈമാറിയത്. കാഞ്ഞങ്ങാട്ട് അജാനൂർ വില്ലേജിൽ തെക്കേപ്പുറം മുസ്ലിം ജമാഅത്ത് പള്ളിക്ക്  തെക്ക്  കാഞ്ഞങ്ങാട്‐-- കാസർകോട് കെഎസ്ടിപി റോഡിന് പടിഞ്ഞാറു ഭാഗത്തുള്ള ഏഴരസെന്റ് ഭൂമി  എംഎൽഎയടക്കം മൂന്ന്‌ പേരുടെ കൈയിലായിരുന്നു.  ജ്വല്ലറി പൂട്ടിതുടങ്ങിയപ്പോൾ  അവരിൽ ഒരാളുടെ ഭാര്യ സഹോദരന്റെ പേരിലേക്ക്‌ ഏഴ്‌മാസം മുമ്പ്‌ മാറ്റി.  2019 നവംബർ 22-നായിരുന്നു ആദ്യകൈമാറ്റം.   അവരുടെ കൈയിൽ നിന്നാണ്‌ ഇപ്പോൾ പ്രശ്‌സതമായ ജ്വല്ലറി ഏറ്റെടുത്തത്‌.  ഏഴര സെന്റ് ഭൂമിക്ക് 64 ലക്ഷം രൂപയാണ് കാണിച്ചിട്ടുള്ളത‌്.  വ്യാപാരം ഉറപ്പിച്ചതാകട്ടെ  3.28 കോടി രൂപയ‌്ക്കും. 

ജ്വല്ലറിയിൽനിന്ന്‌ സ്വർണവും പണവും വാരി

ഇതിനിടയിൽ കഴിയുന്നവരൊക്കെ ജ്വല്ലറിയിൽനിന്ന്‌ സ്വർണവും പണവും വാരി. ഫാഷൻ ഗോൾഡ്‌ എംഡിയുടെ മകനും  പിലിക്കോട്‌ പഞ്ചായത്തംഗമായ ഒരു യൂത്ത്‌ ലീഗ്‌ നേതാവും ചേർന്ന്‌ നടത്തുന്ന സ്വർണ മൊത്ത വ്യാപാര സ്ഥാപനം ഫാഷൻ ഗോൾഡിന്റെ 20 കോടിയിലേറെ രൂപ മുക്കിയതായാണ്‌ പുറത്തുവന്ന വിവരം. പയ്യന്നൂരിലെ ജ്വല്ലറിയിൽ നിന്ന്‌ രണ്ട്‌ ഡയരക്ടർമാർ അഞ്ചരകിലോ സ്വർണം കടത്തികൊണ്ടുപോയി. കാസർകോട്‌ നിന്ന്‌ കുടകിലേക്ക്‌ ചെയർമാന്റെ അനുചരൻ അഞ്ചരകിലോ  കൊണ്ടുപോയി. ചുരുക്കി പറഞ്ഞാൽ  ‌ ലീഗ്‌ നേതാക്കളും അവരുമായി ബന്ധമുള്ളവരും ചേർന്നു ജ്വല്ലറിയിൽ  നടത്തിയത്‌ കാട്ടുകൊള്ളയായിരുന്നു. ലീഗിലെ പല നേതാക്കളുടെ കൈയിലും ഫാഷൻ ഗോൾഡിലെ പണവും സ്വർണവും എത്തി. അതിനാലാണ്‌ ഖമറുദ്ദീനിനെ കൈയൊഴിയാൻ നേതൃത്വത്തിന്‌ മടി.

പി മഷൂദ് 

Monday, September 28, 2020

എംഎൽഎയുടെ സ്വർണത്തട്ടിപ്പ്‌

 മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീന്റെ നേതൃത്വത്തിലുള്ള ഫാഷൻ ഗോൾഡ്‌ ജ്വല്ലറി തട്ടിപ്പ്‌ മുസ്ലിംലീഗിന്‌ പരിഹരിക്കാൻ കഴിയാത്തത്ര സങ്കീർണതയിലേക്ക്‌ നീങ്ങുകയാണല്ലോ. സംസ്ഥാന ക്രൈംബ്രാഞ്ച്‌ അന്വേഷണം പുരോഗമിക്കുമ്പോൾ തട്ടിപ്പിന്റെ വ്യാപ്‌തി കൂടുതൽ വ്യക്തമാകുന്നു‌. കമ്പനി രൂപീകരിച്ച്‌ കബളിപ്പിക്കൽ, നിയമം ലംഘിച്ചുള്ള  ആസ്‌തിവിൽപ്പന, സ്വകാര്യസ്വത്ത്‌ സമ്പാദനം, നികുതിവെട്ടിപ്പ്‌, വിദേശയാത്രകൾ എന്നിവയൊക്കെ അന്വേഷണ പരിധിയിൽ വരും. പൊതുപ്രവർത്തകൻ എന്ന സ്വാധീനമുപയോഗിച്ചുള്ള അഴിമതിയായും ഖമറുദ്ദീന്റെ തട്ടിപ്പിനെ കണക്കാക്കാമെന്നാണ്‌  പ്രാഥമിക പരിശോധനയ്‌ക്കുശേഷം അന്വേഷകസംഘം പറയുന്നത്‌.  യുഡിഎഫ്‌ ഭരണത്തിൽ‌  കരകൗശല കോർപറേഷൻ ചെയർമാനായിരുന്നപ്പോൾ സ്വർണക്കടത്തിന്‌ ഖമറുദ്ദീൻ ഔദ്യോഗിക വാഹനം ഉപയോഗിച്ചുവെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്‌. 

കുരുക്ക്‌ മുറുകുന്നു

മധ്യസ്ഥൻവഴി നിക്ഷേപകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന ലീഗ്‌ നേതൃത്വത്തിന്റെ ശ്രമം പാളുമെന്നുറപ്പായിട്ടുണ്ട്‌. ആസ്‌തികളും ബാധ്യതകളുമായി പൊരുത്തപ്പെടാത്ത  സാമ്പത്തിക ഇടപാടുകൾ ലീഗ്‌ നിയോഗിച്ച  മധ്യസ്ഥരെപ്പോലും  അമ്പരപ്പിച്ചിരിക്കുകയാണ്‌. എണ്ണൂറോളം നിക്ഷേപകരിൽ നിന്നായി തട്ടിയെടുത്ത  150 കോടിയോളം രൂപ തിരിച്ചുനൽകാനാകില്ല എന്ന്‌‌ നന്നായി അറിയാവുന്നത്‌ മുസ്ലിംലീഗ്‌ നേതൃത്വത്തിനുതന്നെയാണ്‌. അതിനാൽ നിയമനടപടികളിൽനിന്ന്‌ ഖമറുദ്ദീനെ ഊരിയെടുക്കാനുള്ള ചുമതലയാണ്‌ മധ്യസ്ഥനായ മാഹിൻ ഹാജിയെ ഏൽപ്പിച്ചിരിക്കുന്നത്‌. ജ്വല്ലറി ജീവനക്കാരെയും  ലീഗിന്റെ നേതൃത്വത്തിലില്ലാത്ത ഡയറക്ടർമാരെയും ബലിയാടാക്കാനുള്ള ശ്രമമാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്‌‌. ജീവനക്കാരെ വിളിച്ചുവരുത്തി മർദിച്ചതിന്‌‌ പൊലീസ്‌ കേസ്‌ എടുത്തിരിക്കുകയാണ്‌. വരുന്ന തെരഞ്ഞെടുപ്പുവരെ കബളിപ്പിക്കപ്പെട്ട  അണികളെ സമാധാനിപ്പിക്കുക മാത്രമാണ്‌ ലീഗ്‌ ഉദ്ദേശിക്കുന്നത്‌. കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടും തട്ടിപ്പുകാരനായ നേതാവിനെ എന്തിനാണ്‌  സംരക്ഷിക്കുന്നത്‌ എന്ന‌ ചോദ്യത്തിനും നേതൃത്വത്തിന്‌ മറുപടിയില്ല.  ‌

കമ്പനി നിയമപ്രകാരം രജിസ്‌റ്റർ ചെയ്‌ത സ്ഥാപനങ്ങളായതിനാൽ ലീഗ്‌ നേതൃത്വം കരുതുന്നതുപോലെ വിറ്റും കൈമാറിയും പണം തിരിച്ചുനൽകാനാകില്ല. ആസ്‌തിയും ബാധ്യതയും നാഷണൽ കമ്പനി ട്രിബ്യൂണൽ പരിശോധിച്ച്‌, ഡയറക്ടർമാരുടെ വ്യക്തിപരമായ ആസ്‌തികളും പിടിച്ചെടുത്ത്‌ നിയമനടപടിയിലൂടെ മാത്രമേ ‌ പരിഹരിക്കാനാകൂ. നികുതിവെട്ടിപ്പ്‌ നടത്തിയതിന്‌ കോടികൾ പിഴയടയ്‌ക്കാൻ ജിഎസ്‌ടി വകുപ്പ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ജ്വല്ലറിയുടെ ബാക്കിയുള്ള ആസ്‌തികൾ കേസുകളിൽ അറ്റാച്ച്‌ ചെയ്‌തിട്ടുമുണ്ട്‌. ഈ കുരുക്കുകളിൽ നിന്നുള്ള   പ്രശ്‌നപരിഹാരം‌ എളുപ്പമല്ല എന്ന്‌ നിക്ഷേപകർക്ക്‌ നിയമസഹായം നൽകുന്ന മുൻ പബ്ലിക്‌ പ്രോസിക്യൂട്ടർ സി ഷക്കൂർ പറയുന്നു.

പണത്തിന്‌ പലിശവാങ്ങുന്നത്‌ തെറ്റായി കാണുന്ന സമൂഹമാണ്‌ കാസർകോട്ടെ മുസ്ലിം ജനവിഭാഗം. അവർക്കിടയിലാണ്‌ ബിസിനസ്‌  ലാഭം എന്ന ചൂണ്ടയുമായി 2006ൽ മുസ്ലിംലീഗ്‌ യുവനേതാവായ‌ എം സി ഖമറുദ്ദീൻ ഇറങ്ങിയത്‌. കൂട്ടിന്‌ മതനേതാവും ലീഗ്‌ ജില്ലാ നിർവാഹകസമിതി അംഗവുമായ  ടി കെ പൂക്കോയ തങ്ങളെയും ലഭിച്ചു. മുസ്ലിംലീഗ്‌ നേതാവും‌  മതനേതാവുമെന്ന രസതന്ത്രം നന്നായി ഫലിച്ചു. ജ്വല്ലറിയിലേക്ക്‌ നിക്ഷേപം ഒഴുകിയെത്തി. ആയിരംമുതൽ രണ്ട്‌ കോടിവരെ നിക്ഷേപിച്ചവരുണ്ട്‌. സമ്പന്നരെ മാറ്റിനിർത്തിയാൽ മണലാരണ്യത്തിൽ ജീവിതം ഹോമിച്ചുനേടിയ സമ്പാദ്യമാണ്‌ ‌ ഭൂരിപക്ഷംപേർക്കും നഷ്ടപ്പെട്ടത്‌.  മക്കളുടെ വിവാഹത്തിനായി കരുതിവച്ചത്‌, ചികിത്സാ ആവശ്യത്തിനുള്ളത്‌, പെൻഷൻ തുക, മക്കളുടെ അപകടമരണത്തെ തുടർന്ന്‌ ലഭിച്ച ഇൻഷുറൻസ്‌ തുക, ജീവനാംശം ലഭിച്ച തുക എന്നിങ്ങനെയാണ്‌ പണം വന്ന വഴികൾ.  ആവശ്യത്തിന്‌ തിരിച്ചുകിട്ടുമെന്ന ഒറ്റപ്രതീക്ഷ മാത്രമായിരുന്നു നിഷേപകരിൽ.  കാസർകോട്‌, കാഞ്ഞങ്ങാട്‌, ചെറുവത്തൂർ, പയ്യന്നൂർ, യുഎഇയിൽ അജ്മാൻ എന്നിവിടങ്ങളിലായിരുന്നു ആറ്‌ വർഷംകൊണ്ട്‌  ജ്വല്ലറിപ്രസ്ഥാനം പടുത്തുയർത്തിയത്‌.

2006ലാണ്‌ ഫാഷൻ ഗോൾഡ്‌ ഇന്റർനാഷണൽ  എന്ന കമ്പനി ചെറുവത്തൂർ ചന്തേര മാണിയാട്ട്‌  തവക്കൽ കോംപ്ലക്‌സിൽ എം സി ഖമറുദ്ദീൻ ചെയർമാനും  ടി കെ പൂക്കോയ തങ്ങൾ മാനേജിങ് ഡയറക്ടറുമായി  രൂപീകരിച്ചത്‌. ചെറുവത്തൂരിൽ ആദ്യ ജ്വല്ലറി തുടങ്ങി‌.  തുടർന്നുള്ള ആറ്‌ വർഷത്തിലായി  അതേ വിലാസത്തിൽ നുജും ഗോൾഡ്‌, ഖമർ ഗോൾഡ്,‌ ഫാഷൻ ഓർണമെന്റ്‌സ്‌ എന്നിങ്ങനെ മൂന്ന്‌ സ്ഥാപനം  കമ്പനി നിയമമനുസരിച്ച്‌ രജിസ്‌റ്റർ ചെയ്തു.  2016ൽ ഫാഷൻ റിയൽറ്റേഴ്‌സ്‌ എന്ന കടലാസ്‌ സ്ഥാപനവും തുടങ്ങുന്നു. ഖമറുദ്ദീനും ടി കെ പൂക്കോയ തങ്ങളും മാത്രമായിരുന്നു ആ കമ്പനിയുടെ‌ ഡയറക്ടർമാർ. അതോടെയാണ്‌ തകർച്ചയുടെ കഥ പുറത്തുവിടുന്നത്‌. ബിസിനസ്‌ പത്തരമാറ്റ്‌ ശുദ്ധിയുള്ളതാണെങ്കിൽ എന്തിനാണ്‌ അഞ്ച്‌ കമ്പനി. എന്നിട്ടും പലർക്കും നൽകിയത്‌ ഇല്ലാത്ത കമ്പനിയുടെ നിക്ഷേപ സർട്ടിഫിക്കറ്റ്‌. ഇതിന്‌ പുറമേ കമ്പനി നിയമപ്രകാരമല്ലാത്ത നിക്ഷേപം സ്വീകരിക്കൽ, സ്വർണം സ്വീകരിക്കൽ എന്നിവയും.  ജ്വല്ലറികൾ തുടങ്ങുമ്പോൾ  ആറായിരം രൂപമാത്രമുണ്ടായിരുന്ന സ്വർണവില 40,000ത്തിലെത്തുമ്പോൾ ബിസിനസ്‌ തകർച്ച എന്ന്‌‌ പറയുന്നതിന്റെ യുക്തി ലീഗ്‌നേതൃത്വത്തിന്‌‌ മാത്രമേ ബോധ്യമാകൂ.  2019ൽ പണമിടപാടുകൾ നിലച്ചു. ഡിസംബറോടെ  പൂട്ടി. നവംബറിൽ നിക്ഷേപകരുടെ യോഗത്തിൽ ഖമറുദ്ദീൻ അറിയിച്ചത്‌ ജ്വല്ലറി നഷ്ടത്തിലല്ല അറ്റകുറ്റപ്പണിക്കുശേഷം തുറക്കുമെന്നാണ്‌.  തുടർന്നും നിക്ഷേപം സ്വീകരിച്ചു. അതിനിടയിൽ കമ്പനിയുടെ എല്ലാ ആസ്‌തികളും വിൽക്കാനും കൈമാറാനുമുള്ള  നടപടികൾ അതീവ രഹസ്യമായി നീക്കി.

തുടക്കം സ്വർണക്കൊള്ളയിലൂടെ

ഖമറുദ്ദീൻ സ്വർണബിസിനസ്‌ തുടങ്ങുന്നത്‌  തലശേരിയിലെ മർജാൻ  ഗോൾഡിനെ‌ കബളിപ്പിച്ചാണെന്ന്‌  ഉടമ കെ കെ ഹനീഫ വെളിപ്പെടുത്തിയിട്ടുണ്ട്‌.  പങ്കാളിത്ത ബിസിനസിനായി വന്ന ഫാഷൻ ഗോൾഡ്‌ സംഘം  രണ്ടുതവണ വണ്ടി ചെക്ക്‌‌ നൽകി കബളിപ്പിച്ചു. അതോടെ സഹകരണം അവസാനിപ്പിച്ചുവെങ്കിലും  2008ൽ മർജാൻ ജ്വല്ലറിതന്നെ കൊള്ളയടിച്ചു. ‌ 25 കിലോഗ്രാം സ്വർണം  കൊള്ളയടിച്ചുവെന്നാണ്‌‌ തലശേരി പൊലീസ്‌ സ്‌റ്റേഷനിലെ കേസ്‌. കാസർകോട്‌ മർജാൻ ഗോൾഡ്‌ തുടങ്ങാനായി ഫർണിഷ്‌ ചെയ്‌ത കെട്ടിടവും സ്വന്തമാക്കി‌. ഖമറുദ്ദീന്റെ കാസർകോട്ടേ ജ്വല്ലറിയിൽനിന്ന്‌ മർജാൻ സ്വർണം വിറ്റതിന്‌ തെളിവുണ്ട്‌ എന്നും ഹനീഫ‌ പറയുന്നു.  ചെറുവത്തൂർ 320, പയ്യന്നൂർ 187, കാസർകോട് ‌134   എന്നിങ്ങനെ 749 പേരിൽ നിന്നായി 132‌ കോടി രൂപ വാങ്ങിയതായാണ്‌ പുറത്തുവന്നത്‌. ‌ ഇതിന്‌ പുറമേ യുഎഇ അജ്‌മാനിലെ ജ്വല്ലറിയുടെ മറവിൽ ലീഗ്‌ അനുഭാവ പ്രവാസി സംഘംവഴി  ഗൾഫ്‌ രാജ്യങ്ങളിൽനിന്ന്‌ വൻ തോതിൽ പണം പിരിച്ചു. 50 രൂപയുടെ മുദ്രക്കടലാസിൽ എഴുതിനൽകി പണം കൈക്കലാക്കൽ, സ്വർണം വാങ്ങി നിക്ഷേപമാക്കൽ, ഗോൾഡ്‌ സ്‌കീമുകളിൽ ആളെ ചേർക്കൽ തുടങ്ങിയ  പരിപാടികളും യഥേഷ്ടം.150 കോടിയോളം രൂപ ജ്വല്ലറിയുടെ മറവിൽ സ്വന്തമാക്കി.

കലവറയില്ലാത്ത ധൂർത്തായിരുന്നു ഫാഷൻ ഗോൾഡിന്റെ മുഖമുദ്ര‌.  എംഡിക്കും ചില ഡയറക്ടർമാർക്കും പ്രതിമാസം വേതനമായി വൻ തുക നൽകി.  ഒാരോ ജ്വല്ലറി ഉദ്‌ഘാടനവും മഹാമേളയായിരുന്നു.  ഹെലികോപ്‌റ്ററിൽനിന്ന്‌ പൂവിതറിയാണ് ഒരു ജ്വല്ലറി‌ ഉദ്‌ഘാടനംചെയ്‌തത്‌. ലീഗ്‌ നേതാക്കളും ഡയറക്ടർമാരും ‌പണം നൽകാതെ ലക്ഷങ്ങളുടെ സ്വർണംവാങ്ങി. ഈ കടംമാത്രം മൂന്ന്‌ കോടിയിലധികം വരും. പടന്ന എടച്ചാക്കൈ സ്വദേശിയായ ഖമറുദ്ദീൻ തളിപ്പറമ്പ്‌ സർസയ്യിദ്‌ കോളേജിൽ ഡിഗ്രി വിദ്യാർഥിയായിരുന്നപ്പോൾ  എംഎസ്‌എഫ്‌ പ്രവർത്തകനായാണ്‌ രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നത്‌. എംഎസ്‌എഫ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റായിരുന്ന ഖമറുദ്ദീൻ പിന്നീട്‌ മുസ്ലിംലീഗ്‌  നേതൃത്വത്തിലെത്തി. കാസർകോട്‌ ജില്ലാ ജനറൽ സെക്രട്ടറിയും വൈസ്‌ പ്രസിഡന്റുമായി. എംഎൽഎയായിരുന്ന പി ബി അബ്‌ദുൽ റസാഖിന്റെ മരണത്തോടെയാണ്‌ മഞ്ചേശ്വരം മണ്ഡലത്തിൽ ‌ നറുക്കുവീണത്‌. അണികൾ തട്ടിപ്പിന്റെ കഥകളുമായി  പാണക്കാട്ട്‌ പോയി എതിർപ്പ്‌ പ്രകടിപ്പിച്ചുവെങ്കിലും ഏശിയില്ല. പാണക്കാട്ടെ സ്ഥാനാർഥിയായി‌ ‌ മഞ്ചേശ്വരംമണ്ഡലത്തിൽ ഖമറുദ്ദീനെ അവതരിപ്പിക്കുകയാണുണ്ടായത്‌. പി കെ കുഞ്ഞാലിക്കുട്ടി രണ്ടാഴ്‌ച മഞ്ചേശ്വരത്ത്‌ താമസിച്ച്‌ ‌ തെരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിച്ചാണ്‌ വിജയപീഠത്തിലെത്തിച്ചത്‌. ലീഗ്‌ അണികളുടെ പണം കൊള്ളയടിച്ചപ്പോഴും ഖമറുദ്ദീന്‌ പിന്തുണയുമായി അതേ നേതൃത്വം പിന്നിലുണ്ട്.

ജയകൃഷ്‌ണൻ നരിക്കുട്ടി 

Wednesday, September 16, 2020

ജ്വല്ലറിതട്ടിപ്പിൽ രക്ഷപ്പെടാമെന്ന്‌ കരുതേണ്ട; കമറുദ്ദീന്റെ കേസ് ഗൗരവമുള്ളത്‌: മുഖ്യമന്ത്രി

 തിരുവനന്തപുരം > എം സി കമറുദ്ദീൻ എംഎൽഎ ഉൾപ്പെട്ട ജ്വല്ലറി തട്ടിപ്പുകേസ്‌ ഗൗരവമുള്ളതാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎയുടെ അനുയായികൾ ഉൾപ്പെടെ വഞ്ചനയാണെന്ന്‌ പരാതിപ്പെട്ടിട്ടുണ്ട്‌. നേതൃത്വത്തെ വിശ്വസിച്ചാണ്‌ ചെയ്‌തതെന്നാണ്‌ റിപ്പോർട്ട്‌.

ഇക്കാര്യത്തിൽ കേസന്വേഷണം വിട്ടുവീഴ്‌ചയില്ലാതെ മുന്നോട്ടുപോകും. ആരും രക്ഷപ്പെട്ടുകളയാമെന്ന്‌ കരുതേണ്ട. ഇത്തരത്തിൽ പണം തട്ടിയെടുത്ത്‌ മറ്റിടങ്ങളിൽ കൊണ്ടുപോയി നിക്ഷേപിച്ച്‌ രക്ഷപ്പെടാമെന്ന്‌ കരുതുന്നവരുണ്ട്‌. അങ്ങനെയൊന്നും രക്ഷപ്പെടാൻ പോകുന്നില്ലെന്ന്‌ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്‌ മുഖ്യമന്ത്രി പ്രതികരിച്ചു.

ഖുറാന്‍ കൊടുക്കുന്നത് തെറ്റായി ബിജെപിക്ക് തോന്നാം, ലീഗിന് തോന്നണോ; ജലീലിനോട് ചിലര്‍ക്ക് ഒരുകാലത്തും മാറാത്ത പക: മുഖ്യമന്ത്രി

തിരുവനന്തപുരം> ഖുർആനെ പോലെ വിശുദ്ധഗ്രന്ഥം വിശ്വാസികൾക്ക്‌ നൽകുന്നത്‌ ബിജെപിക്ക് തെറ്റായി തോന്നാം. എന്നാൽ, മുസ്ലിംലീഗിന് അങ്ങനെ തോന്നണോ എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഖുർആൻ വിശ്വാസികൾക്ക്‌ പ്രധാനമാണ്‌. അത്‌ വിതരണം ചെയ്യുന്നത്‌ തെറ്റായി കാണാനാകില്ല. അത്‌ ബിജെപിക്ക്‌ തോന്നാം. എന്നാൽ അതേ വികാരത്തോടെ ലീഗും എടുക്കണോ.

കെ ടി ജലീലാകുമ്പോൾ ഖുർആൻ ആയാലും തൊട്ടുകൂടെന്ന രീതിയിലേക്ക്‌ ലീഗ്‌ മാറുന്നു.  ജലീലിനെതിരെ ആക്ഷേപമുന്നയിച്ച്‌ കേരളത്തിന്റെ പൊതു അന്തരീക്ഷം അട്ടിമറിക്കാനാണ്‌ ശ്രമം. ബിജെപിക്കും ലീഗിനും ഒരേരീതിയിൽ കാര്യങ്ങൾ നീക്കാൻ കഥാപാത്രത്തെ സൃഷ്ടിക്കുകയാണ്‌. ഇരുകൂട്ടർക്കും അവരുടേതായ ഉദ്ദേശ്യങ്ങളുണ്ട്‌. അതിനായി നാട്‌ കുട്ടിച്ചോറാക്കാൻ ശ്രമിക്കുന്നവർ ഇത്‌ കേരളമാണെന്ന്‌ ഓർക്കണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

കെ ടി ജലീൽ ഒരു തെറ്റും ചെയ്‌തിട്ടില്ലെന്ന്‌ സമൂഹത്തിന്‌ ബോധ്യമുണ്ട്‌. മന്ത്രിതന്നെ ഇക്കാര്യത്തിൽ വേണ്ടത്ര വ്യക്തത വരുത്തിയിട്ടുണ്ട്‌. ജലീൽ എൽഡിഎഫിനൊപ്പം വന്നതുമുതൽ ചിലർക്ക് അദ്ദേഹത്തോട്‌ പകയാണ്‌. അത്‌ ഒരുകാലത്തും ചിലർക്ക്‌ വിട്ടുമാറുന്നില്ല. അതിന്റെ കൂടെ ചേർന്നവരുടെ ഉദ്ദേശ്യം വ്യക്തമാണ്‌. സമരസപ്പെട്ടുപോകാൻ പ്രയാസമുണ്ടെന്നുവച്ച്‌ വ്യക്തിയെ തേജോവധം ചെയ്യാൻ പാടില്ല. ഇത്‌ രാഷ്‌ട്രീയ പ്രചാരണമല്ല. ഇല്ലാക്കഥ കെട്ടിച്ചമച്ച്‌ നാട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്‌. ആക്ഷേപം വന്നാൽ ഏത്‌ ഏജൻസിയും പരിശോധന നടത്തും. അതിലെന്താണ്‌ തെറ്റ്‌. കേരളത്തിൽ ഒരു മന്ത്രിയെ ചോദ്യംചെയ്യുന്നത്‌ ആദ്യമായാണോ?

ഇഡി ചോദ്യം ചെയ്തുവെന്നത് വലിയൊരു പ്രശ്നമല്ല. ഇത്തരം ചോദ്യം ചെയ്യലുകൾ കേരളത്തിൽ ആദ്യത്തേതുമല്ല. ഖുർആനും സക്കാത്തും ജലീൽ അങ്ങോട്ട്‌ ചോദിച്ചതല്ല. സാംസ്‌കാരിക രീതിയനുസരിച്ച്‌ ഇക്കാര്യത്തിൽ സഹായിക്കണമെന്ന്‌ കോൺസുലേറ്റ്‌ അദ്ദേഹത്തോട്‌  അഭ്യർഥിച്ചതാണ്‌. ഇക്കാര്യത്തിൽ രാജിവയ്‌ക്കാൻമാത്രം ജലീൽ എന്ത്‌ തെറ്റുചെയ്‌തുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചോദിച്ചു.

കോവിഡ് പ്രതിരോധം അട്ടിമറിച്ച് രോഗംപടർത്താൻ പ്രതിപക്ഷശ്രമം; സങ്കുചിത താൽപര്യങ്ങൾക്കായി പന്താടാനുള്ളതല്ല ജനങ്ങളുടെ ജീവൻ: മുഖ്യമന്ത്രി

തിരുവനന്തപുരം > കോവിഡ് പടരാതിരിക്കാനുള്ള ശ്രമം നാടാകെ നടത്തുമ്പോൾ രോഗവ്യാപന തോത് വർധിപ്പിക്കാൻ ചില രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന തലസ്ഥാനത്തടക്കം പല കേന്ദ്രങ്ങളിലും പ്രതിപക്ഷം കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാൻ ബോധപൂർവമായ നീക്കമാണ് നടത്തിയത്. പ്രോട്ടോകോൾ ലംഘിച്ചുള്ള സമരങ്ങൾ ബഹുമാനപ്പെട്ട ഹൈക്കോടതി വിലക്കിയതാണ്. കോവിഡ്കാലത്ത് ആൾക്കൂട്ടങ്ങൾ ഉണ്ടാകരുത് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. സെക്രട്ടറിയറ്റിനു മുന്നിലെ സമരത്തെ സമരമെന്ന് പറയാനാകില്ല. കുറേ ആളുകളെ കൂട്ടിവന്നുള്ള സമരാഭാസമാണ് അതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

മാസ്‌ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും പൊതുസ്ഥലത്ത് ഇടപഴകാൻ നിയമപ്രകാരം ആർക്കും അനുവാദമില്ല. പരസ്യമായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പൊലീസിനുനേരേ ചീറിയടുക്കുന്ന കുറേ ആളുകളെയാണ് അവിടെ കണ്ടത്. അവർ സ്വന്തം സുരക്ഷയല്ല, ഈ നാടിൻറെ തന്നെ സുരക്ഷയും സമാധാനവുമാണ് നശിപ്പിക്കുന്നത്. അത്തരം നീക്കങ്ങളെ ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമരം നടത്തുന്നതിന് സർക്കാർ എതിരല്ല. എന്നാൽ, കോവിഡ് പ്രതിരോധം തകർക്കാനും അതിലൂടെ നാടിൻറെ നിയമസമാധാനത്തിനൊപ്പം ആരോഗ്യകരമായ നിലനിൽപ്പുകൂടി അട്ടിമറിക്കാനുള്ള നീക്കം ഏതു ഭാഗത്തുനിന്നും ഉണ്ടായാലും അത് തടയുന്നത് സർക്കാരിൻറെ പ്രാഥമിക ഉത്തരവാദിത്വമാണ്. സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി പന്താടാനുള്ളതല്ല ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതം. അത്തരം നീക്കങ്ങളിൽ ജനപ്രതിനിധികൾ കൂടി ഉണ്ടാകുന്നു എന്നത് നിസ്സാര കാര്യമല്ല. നാട്ടിലാകെ കോവിഡ് പരത്താനുള്ള ശ്രമത്തെ വെച്ചുപൊറുപ്പിക്കാനാവില്ല.

രോഗം പടരാതിരിക്കാൻ നാടാകെ ശ്രമിക്കുകയാണ്. അതിനുവേണ്ടി ത്യാഗപൂർണമായി മാസങ്ങളോളം നമ്മുടെ ആരോഗ്യപ്രവർത്തകർ രംഗത്തുണ്ട്. സന്നദ്ധപ്രവർത്തകരും പൊലീസും സർക്കാർ സംവിധാനങ്ങളും വിശ്രമമില്ലാതെ ഇടപെടുന്നുണ്ട്. എന്നിട്ടും രോഗവ്യാപനം നമ്മെ വിഷമിപ്പിച്ചുകൊണ്ട് തുടരുകയാണ് എന്ന വസ്തുത ഓർക്കണം. രോഗം പടർത്താനുള്ള നേരിട്ടുള്ള ശ്രമങ്ങൾ ഇവിടെ നടന്നു. അത് ഇപ്പോൾ എല്ലാ പരിധിയും വിട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്‍കരുതല്‍ പാലിക്കുന്നതില്‍ അര്‍ഥമില്ലെന്ന പ്രചരണം പാടില്ല; ഇപ്പോഴും നിയന്ത്രിതമായ അവസ്ഥയില്‍ തന്നെയാണ് നാം: മുഖ്യമന്ത്രി

തിരുവനന്തപുരം> രോഗവ്യാപനം അനിയന്ത്രിതമായെന്നും മുന്‍കരുതല്‍ പാലിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്നുമുള്ള പ്രചരണമാണ് ചിലര്‍ അഴിച്ചുവിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇനി വരുന്നിടത്ത് വച്ച് നോക്കാമെന്നാണ് ചിലര്‍ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

ഇതങ്ങേയറ്റം അപകടകരമായ ഒരവസ്ഥയാണ്. നാം ഇപ്പോള്‍ കാണുന്ന രോഗവ്യാപനം മുമ്പത്തേക്കാള്‍ വര്‍ധനവാണെന്ന് സംശയമില്ല. അപ്പോഴും ഒരു സമൂഹം എന്ന നിലക്ക് നല്ല നിലയില്‍ പ്രതിരോധിക്കാന്‍ നമുക്ക് കഴിഞ്ഞു. അല്ലെങ്കില്‍ തൊട്ടടുത്ത സംസ്ഥാനങ്ങളുടെ അവസ്ഥയിലേക്കു നമ്മള്‍ പോകുമായിരുന്നു. ആ സാഹചര്യം നമുക്കുണ്ട്.

നമ്മള്‍ പാലിച്ച ജാഗ്രതയുടെ ഫലം തന്നെയാണിത്. രോഗവ്യാപനത്തിന് ഇടയായ കാരണം പരിശോധിച്ചാല്‍ സമ്പര്‍ക്കം തന്നെയാണ്‌ പ്രധാനം. സമ്പര്‍ക്കം ഒഴിവാക്കാനാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് നേരത്തെ മുതല്‍ പറയുന്നത്. ഇപ്പോഴും നിയന്ത്രിതമായ അവസ്ഥയില്‍ തന്നെയാണ് നാം നില്‍ക്കുനന്നത്. നേരത്തെ സ്വീകരിച്ച പോലുള്ള കാര്യങ്ങള്‍ തുടരണം.

മുന്‍കരുതല്‍ പാലിക്കുന്നതില്‍ അര്‍ഥമില്ലെന്ന നിരാശാജനകമായ നിലപാടിലേക്കൊന്നും നാം എത്തിയിട്ടില്ല. മുന്‍കരുതല്‍ പാലിക്കാത്ത ചില ഇടത്ത് രോഗം കൂടി.അതിനാല്‍ കൃത്യമായി മുന്‍കരുതല്‍ പാലിച്ചുപോകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Saturday, September 12, 2020

ജ്വല്ലറി തട്ടിപ്പിന്‌ ലീഗ്‌ പച്ചക്കൊടിയോ?

 മല എലിയെ പ്രസവിച്ചു’ എന്ന നാടൻ പ്രയോഗം അന്വർഥമാക്കുംവിധമാണ്‌ മുസ്ലിംലീഗ്‌ നേതൃത്വം എം സി ഖമറുദ്ദീൻ മുഖ്യപ്രതിയായ ഫാഷൻ ഗോൾഡ്‌ തട്ടിപ്പ്‌ കേസ്‌ കൈകാര്യം ചെയ്‌തത്‌. രാഷ്ട്രീയ‐സാമുദായിക–-ആധ്യാത്മിക സ്വാധീനങ്ങൾ ആവോളം മറയാക്കി നൂറുകണക്കിനാളുകളിൽനിന്ന്‌ കോടിക്കണക്കിന്‌ രൂപയാണ്‌ ഒരു കോക്കസ്‌ പറ്റിച്ചത്‌. പരാതിക്കാരിൽ ബഹുഭൂരിപക്ഷവും സ്വന്തം പ്രവർത്തകരും അനുഭാവികളുമായിട്ടും ഇരകളെ ലീഗ്‌ നിർദാക്ഷിണ്യം കൈയൊഴിഞ്ഞു.

ഭർത്താവ്‌ ഉപേക്ഷിച്ചപ്പോൾ കോടതിവിധി പ്രകാരം ലഭിച്ച തുച്ഛമായ ജീവനാംശം നിക്ഷേപിച്ച്‌ പെരുവഴിയിലായ വീട്ടമ്മയ്‌ക്കുപോലും നീതി ലഭിച്ചില്ല. പകരം എംഎൽഎയ്‌ക്ക്‌ കവചം തീർക്കുന്ന നിലപാടാണ്‌ നേതൃത്വത്തിന്റേത്‌.150 കോടി തട്ടിയ കേസിൽ, ക്രമക്കേടോ വഞ്ചനയോ ഇല്ലെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ തലോടൽ സാമ്പത്തിക ക്രിമിനൽവൽക്കരണത്തിന്‌ ന്യായീകരണമാകുകയാണ്‌. നാലു മാസത്തിനുള്ളിൽ  ബാധ്യത തീർക്കാമെന്ന്‌ പ്രതി പറയുമ്പോൾ നേതൃത്വം രണ്ടുമാസം നീട്ടിനൽകിയത്‌ വിചിത്രമാണല്ലോ.  കേസ്‌ തുടരുന്നവർക്ക്‌ അങ്ങനെയാകാം;  മറ്റുള്ളവർക്ക്‌ ഒത്തുതീർപ്പിന്റെ വഴി സ്വീകരിക്കാമെന്ന  നിലപാട്‌  എല്ലാം നഷ്ടപ്പെട്ടവരോടുള്ള   ഭീഷണിയായേ കണക്കാക്കാനാകൂ.

ചുരുക്കത്തിൽ ഫാഷൻ ഗോൾഡ്‌ തട്ടിപ്പിന്‌ ലീഗ്‌ പച്ചക്കൊടി വീശിയെന്ന്‌ ചുരുക്കം.  വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ അണികളെ അടക്കിയിരുത്താനുള്ള കുതന്ത്രമാണ്‌ നേതാക്കളുടെ ഇപ്പോഴത്തെ വിശദീകരണം. പണം ലഭിക്കാൻ നിയമത്തിന്റെ വഴി  മാത്രമാണ്‌ പോംവഴി.  നേതൃത്വം അവകാശപ്പെടുംപോലെ അത്‌ ബിസിനസ്‌ തകർച്ചയല്ലെന്നും പൊതുസമൂഹത്തിൽ വൻസ്വാധീനമുള്ള ചിലർ   നടത്തിയ മാപ്പർഹിക്കാത്ത  ക്രിമിനൽ കുറ്റകൃത്യമാണെന്നും വ്യക്തം. 

കേരളമാകെ മാസങ്ങളായി ഏറെ  വിവാദമുയർത്തിയിട്ടും സംസ്ഥാന പ്രവർത്തകസമിതി അംഗമായ ഖമറുദ്ദീനെതിരെ സംഘടനാ  നടപടിയുണ്ടായില്ല. യുഡിഎഫ്‌ ജില്ലാ അധ്യക്ഷപദവിയിൽനിന്ന്‌ ഒഴിവാക്കിയെന്നാണ്‌ കഴിഞ്ഞ ദിവസത്തെ പാണക്കാട്ട്‌ പ്രഖ്യാപനം.  എംഎൽഎ ആയപ്പോഴേ ആ  സ്ഥാനം വിടാൻ  അദ്ദേഹം ഒരുങ്ങിയിരുന്നു.  മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനുമുമ്പേ  ഖമറുദ്ദീന്റെ  വൻ നിക്ഷേപത്തട്ടിപ്പ്‌ സംബന്ധിച്ച ഒട്ടേറെ ഗുരുതര പരാതികൾ നേതൃത്വത്തിന് മുന്നിലെത്തി. ആ പശ്ചാത്തലത്തിൽ അദ്ദേഹത്തെ സ്ഥാനാർഥിയാക്കരുതെന്ന ആവശ്യം പ്രവർത്തകർ ഉന്നയിക്കുകയും ചെയ്‌തു. കാര്യങ്ങൾ കൈയാങ്കളിയിലേക്കുവരെ എത്തി.  പ്രതിഷേധം മറികടന്ന്‌  പാണക്കാട്‌ തങ്ങളുടെ നോമിനിയെന്ന  നിലയ്‌ക്കാണ്‌ ഖമറുദ്ദീനെ അടിച്ചേൽപ്പിച്ചത്‌. അതൊരു പേമെന്റ്‌ സീറ്റായിരുന്നെന്ന വിമർശനവും അക്കാലത്ത്‌ ശക്തമായിരുന്നു.

കച്ചവടം  പൊളിഞ്ഞതിനാലാണ്‌‌  നിക്ഷേപകർക്ക്‌ കാശ്‌  മടക്കിക്കൊടുക്കാൻ കഴിയാതിരുന്നതെന്ന ലീഗ്‌ നേതാക്കളുടെ വാദം സത്യവിരുദ്ധമാണ്‌. നിക്ഷേപകരെ വഞ്ചിക്കുക എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തിയാണ്‌  തുടക്കംമുതലുള്ള കാര്യങ്ങളുടെ പോക്ക്‌.  ഫാഷൻ ഗോൾഡിന്റെ  വിലാസത്തിൽ നാല്‌ കമ്പനികൂടി  രൂപീകരിച്ച്‌ പണം സമാഹരിച്ചെങ്കിലും നഷ്ടത്തിലാണെന്ന്‌ കമ്പനി രജിസ്‌ട്രാറെ അറിയിച്ചില്ല. അങ്ങനെയായാൽ  ലിക്വിഡേഷൻ അനിവാര്യമാകും.  അതിനുമുമ്പ്‌ ആസ്‌തി, ബാധ്യത,  ഡയറക്ടർമാരുടെ സമ്പാദ്യം എന്നിവ പരിശോധിച്ച്‌  കമ്പനി ആസ്‌തിയിൽ ചേർത്താണ്‌ നിക്ഷേപകർക്ക്‌ നൽകുക. അത്‌ മുൻകൂട്ടി കണ്ട എംഎൽഎ, ജ്വല്ലറി സ്വത്തുക്കൾ ആരുമറിയാതെ പെട്ടെന്ന്‌ കൈമാറി.  2019 ആഗസ്‌തിൽ ഇടപാടുകൾ  അവസാനിപ്പിച്ച്‌ രണ്ടു മാസത്തിനുശേഷം വിളിച്ചുകൂട്ടിയ നിക്ഷേപകയോഗത്തിൽ സ്ഥാപനം നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തിയെന്നാണ്‌ പറഞ്ഞത്‌.  അപ്പോഴും  ആളുകളെ  കബളിപ്പിച്ച്‌ ‌ എല്ലാ സ്ഥാപനങ്ങളുടെയും സ്വത്തുക്കളും ആസ്‌തിയും  ഒഴിവാക്കാൻ ഗൂഢ നീക്കങ്ങൾ നടത്തി.

ഉന്നത ലീഗ്‌  ഭാരവാഹികളും പാർടിയുമായി ഉറ്റബന്ധമുള്ളവരും ചേർന്ന് നടത്തുന്ന സ്ഥാപനമെന്ന്  തെറ്റിദ്ധരിപ്പിച്ചാണ്‌  പലരെയും വലയിലാക്കിയത്‌.  മതം മറയാക്കി  മഹല്ല് കമ്മിറ്റികളെവരെ അതിന്റെ ഭാഗമാക്കി. ജ്വല്ലറി തട്ടിപ്പിൽ പുറത്തുവന്ന പരാതികൾ ഏറെ ഗൗരവമുള്ളതാണ്. വ്യക്തമായ ആസൂത്രണത്തോടെ നിക്ഷേപകരെ കബളിപ്പിക്കുകയായിരുന്നു. ലീഗ്‌ സംസ്ഥാന നേതൃത്വത്തിന്റെ ആശിർവാദത്തോടെയാണ്‌ ഇവയെല്ലാമെന്നാണ്‌ സാഹചര്യത്തെളിവുകൾ നിസ്സംശയം അടിവരയിടുന്നത്‌. സ്വർണക്കടത്തും കൊള്ളയും ബിനാമി ഇടപാടുകൾ, വണ്ടിച്ചെക്കുകൾ, വ്യാജ ഒപ്പ്‌, കൃത്രിമരേഖ ചമയ്‌ക്കൽ, വഖഫ് ഭൂമി തട്ടിയെടുക്കൽ എന്നിങ്ങനെ ദീർഘമായ ചങ്ങലപോലെ കോർക്കപ്പെട്ട മാഫിയാ മൂലധനത്തിന്റെ അഴിമതി പരമ്പരകളാണ്‌  തെളിയുന്നത്‌.

മൂടാടി സ്വദേശിയും മർജാൻ ഗോൾഡ്‌ ഉടമയുമായ കെ കെ ഹനീഫയുടെ വെളിപ്പെടുത്തലും  നിസ്സാരമല്ല. തലശേരിയിലെ ജ്വല്ലറിയിൽനിന്ന്‌ 2008ൽ കാൽ ക്വിന്റൽ സ്വർണം  ഖമറുദ്ദീനും സംഘവും  കൊള്ളയടിച്ചെന്നാണ്‌ പറഞ്ഞത്‌.  ഫാഷൻ ഗോൾഡ്‌ ആരംഭിക്കുന്ന വേളയിൽ മർജാനുമായി സഹകരിക്കാൻ ഖമറുദ്ദീൻ എത്തി. താൽപ്പര്യമില്ലെന്ന്‌ അറിയിച്ചപ്പോൾ  നേതാക്കളെ ഇടപെടുവിച്ചതിനാൽ കരാറുണ്ടാക്കി. അരക്കോടിയുടെ  രണ്ട്‌ ചെക്ക്‌  നൽകി. അവ വണ്ടിച്ചെക്കായിരുന്നതിനാൽ ഇടപാടിൽനിന്ന്‌ പിന്മാറി. തുടർന്ന്‌,  ഖമറുദ്ദീനും കൂട്ടാളികളും സ്വർണം  കവർന്നതായും  ഹനീഫ വെളിപ്പെടുത്തി. സാധാരണക്കാർ അധ്വാനിച്ച്‌ സ്വരുക്കൂട്ടുന്ന പണം കബളിപ്പിച്ച് തട്ടിപ്പു നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി അനിവാര്യമാണ്‌. ഖമറുദ്ദീന്റെ  നേതൃത്വത്തിൽ നടന്ന ജ്വല്ലറി തട്ടിപ്പും  ഉയർന്നുവന്ന മറ്റ് ആക്ഷേപങ്ങളും സംബന്ധിച്ച വിശദാംശങ്ങളിൽ ഉന്നതതല  അന്വേഷണം നടത്തേണ്ടതുമുണ്ട്‌.

deshabhimani editorial 12092020

എംഎൽഎക്കും സംഘത്തിനും മാസം 4.5 ലക്ഷം ശമ്പളം; പണമെല്ലാം പോയത്‌‌ നേതാക്കളുടെ കീശയിലേക്ക്‌

 തൃക്കരിപ്പൂർ: ലീഗ്‌ നേതാവും എംഎൽഎയുമായ എം സി ഖമറുദ്ദീന്റെ നേതൃത്വത്തിൽ നടന്ന  ജ്വല്ലറി നക്ഷേപത്തട്ടിപ്പിൽ പണം മുഴുവൻ പോയത്‌ നേതാക്കളുടെ കീശയിലേക്ക്. ‌നിക്ഷേപകരിൽനിന്ന്‌ സ്വീകരിച്ച പണം  ‌സ്വകാര്യ സമ്പാദ്യത്തിലേക്ക് ‌മാറ്റിയെന്നാണ്‌ അറിയുന്നത്‌. ഫാഷൻ ഗോൾഡിന്റെപേരിൽ വാങ്ങിയ ഭൂമിയും മറ്റ് ആസ്തികളും വിൽക്കുകയും ചെയ്‌തു. ലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്‌ ജ്വല്ലറിക്ക്‌‌ ബംഗളൂരുവിലും മംഗളൂരുവിലും ആസ്‌തിയുണ്ടെന്നാണ്‌. ഇതെല്ലാം ‌ ബിനാമികളുടെ പേരിലാണുള്ളത്‌.

ജ്വല്ലറി‌ ഡയറക്ടർ‌ ബോർഡിലെ എംഎൽഎ അടക്കമുള്ള മൂന്ന്‌ പ്രധാനികൾ ശമ്പളയിനത്തിൽ പ്രതിമാസം നാലര ലക്ഷം രൂപ എഴുതിയെടുത്തിരുന്നു. ഡ്രൈവർമാരുടെ ശമ്പളം,  പെട്രോൾ എന്നീ  ഇനത്തിൽ  ഒരു ലക്ഷം വേറെയും. ഇതിനുപുറമേ  50, 000 മുതൽ ഒരു ലക്ഷം വരെ ശമ്പളം പറ്റിയ എട്ട് ഡയറക്ടർമാരും സ്ഥാപനത്തിലുണ്ടായിരുന്നു.

സ്ഥാപനം പ്രതിസന്ധിയിലായെന്നത്‌ നിഷേപകർ മനസ്സലാക്കുന്നത്‌ കഴിഞ്ഞ നവംബറിലാണ്‌. പണം പിൻവലിക്കാൻ എത്തിയവരെ നേതാക്കളെ ഇടപെടുവിപ്പിച്ചും അവധി പറഞ്ഞും മടക്കി. അവധി പറഞ്ഞുള്ള കബളിപ്പിക്കൽ നീണ്ടതോടെയാണ്‌ ഭീഷണിയിൽ പതറാതെ ചിലർ കേസുകൊടുത്തത്‌. 

സ്ഥാപനം മുങ്ങിയപ്പോഴും സ്വന്തക്കാരുടെ തുക തിരിച്ചുനൽകി. മകനെ ഡയറക്ടറാക്കി ഒരു കോടി രൂപ ഒരു വർഷംമുമ്പ്‌ നിക്ഷേപിച്ച പടന്നയിലെ പ്രവാസിക്ക് ബംഗളൂരുവിലെ ഫ്ലാറ്റും 20 ലക്ഷം രൂപയുടെ ചെക്കും നൽകി. എന്നാൽ, മുസ്ലിംലീഗ്‌  പാർടിയെ വിശ്വസിച്ച പാവങ്ങൾക്ക്‌ ഒരു രൂപപോലും തിരിച്ചുകിട്ടിയില്ല.

ജീവനാംശം കിട്ടിയ പണമാണ്‌ സർ ഇത്‌

നീലേശ്വരം കരുവാച്ചേരി സ്വദേശിനി എൻ പി നസീമക്ക്‌ എം സി ഖമറുദ്ദീൻ എംഎൽഎയുടെ ജ്വല്ലറിത്തട്ടിപ്പിൽ നഷ്ടമായത്‌ ജീവനാംശമായി ലഭിച്ച എട്ട്‌ ലക്ഷം രൂപ.  എട്ടുവർഷമായി പടന്ന വടക്കേപ്പുറത്ത് വാടകവീട്ടിലാണ് കുടുംബം കഴിയുന്നത്. ഭർത്താവിൽനിന്ന്‌ വിവാഹമോചനം നേടിയ ഇവർക്ക് ഹോസ്ദുർഗ് മജിസ്ട്രേട്ട്‌ കോടതിമുഖേന ജീവനാംശം ലഭിച്ച തുകയാണ് എംഎൽഎയുടെ ജ്വല്ലറിയിൽ നിക്ഷേപിച്ചത്. 2019 ഒക്ടോബർവരെ മാസം 8000 രൂപ ലാഭവിഹിതം ലഭിച്ചിരുന്നു. പിന്നെ, രണ്ട് മാസം പകുതിയായി. ജനുവരിമുതൽ മുടങ്ങി. 

എംഎൽഎയെ നിരവധി തവണ ബന്ധപ്പെട്ടങ്കിലും പരിഹാരമുണ്ടായില്ല. ഇതിനിടയിൽ ഫോണിലൂടെ ഭീഷണിയും വന്നുതുടങ്ങി. ഒമ്പതിലും ഏഴിലും പഠിക്കുന്ന രണ്ട് പെൺമക്കളാണിവർക്കുള്ളത്‌.   വരുമാനമില്ലാതെ കുട്ടികളുടെ പഠനവും മുടങ്ങി. എല്ലാം നഷ്ടപ്പെട്ട്‌ ആത്മഹത്യാ മുനമ്പിലായ കുടുംബത്തിന്‌  പ്രദേശത്തെ സന്നദ്ധ സംഘടന എല്ലാ മാസവും നൽകുന്ന പലവ്യഞ്ജനക്കിറ്റാണ്‌ സഹായം. വാടക നൽകാനാവാത്തിനാൽ വീട്‌ ഒഴിഞ്ഞുകൊടുക്കേണ്ട അവസ്ഥയിലുമാണ്‌. 

പണം തിരികെ ലഭിക്കില്ല: മാർജാൻ ജ്വല്ലറി ഉടമ

എം സി ഖമറുദ്ദീൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ജ്വല്ലറിത്തട്ടിപ്പിൽ ഇരകൾക്ക്‌ പണം തിരികെ ലഭിക്കാൻ സാധ്യത കുറവാണെന്ന്‌ തലശേരിയിലെ മർജാൻ ഗോൾഡ്‌ ഉടമ കൊയിലാണ്ടി മൂടാടി സ്വദേശി കെ കെ ഹനീഫ. മുസ്ലിംലീഗ്‌ നേതൃത്വം പറയുന്നത്‌ മുഖവിയ്‌ക്കെടുക്കാനാവില്ലെന്നതാണ്‌ അനുഭവമെന്നും ഖമറുദ്ദീന്റെ ചതിയിൽ ജ്വല്ലറി വ്യാപാരം പൂർണമായി ഉപേക്ഷിചച ഹനീഫ പറഞ്ഞു.

2008ലാണ്‌ മർജാൻ ഗോൾഡ് ജ്വല്ലറിയിൽ നിന്ന്,‌ സ്‌ത്രീകളടക്കമുള്ള ജീവനക്കാരെ ബന്ദികളാക്കി മൂന്ന്‌ കോടിയുടെ  25 കിലോ സ്വർണം ഖമറുദ്ദീനും സംഘവും കവർന്നത്‌. തെളിവ്‌ നശിപ്പിക്കാനായി സിസിടിവിയുമായി ബന്ധിപ്പിച്ച രണ്ട്‌ കംപ്യൂട്ടറും കൊണ്ടുപോയി. തലശേരി പൊലീസ്‌ സ്‌റ്റേഷനിൽ ഇതു സംബന്ധിച്ച്‌ കേസുണ്ട്‌. ഫാഷൻ ഗോൾഡ്‌ ഡയറക്ടർമാരടക്കം പ്രതികളായതിനാൽ ലീഗ്‌ നേതാവിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തി. ആറ്‌ മാസക്കാലാവധിയിൽ ഒരു കോടി 70 ലക്ഷം രൂപയുടെ ചെക്ക്‌ നൽകി. പണമില്ലാത്തിനാൽ ചെക്ക്‌ മടങ്ങി. ഒമ്പതുവർഷം പിന്നാലെ നടന്നിട്ടും തുക കിട്ടാത്തതിനാൽ 2019 ഡിസംബറിൽ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയെന്നും ഹനീഫ പറഞ്ഞു. പുതിയ സാഹചര്യത്തിൽ മർജാൻ ഗോൾഡ്‌ കവർച്ചകൂടി അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്ന്‌  മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകിയിരിക്കുകയാണ്‌ ഇദ്ദേഹം.

‘മരിച്ച മകന്റെ ഇൻഷുറൻസ്‌ തുകയും തട്ടി’

‘‘അപകടത്തിൽ മരിച്ച മകന്‌ കിട്ടിയ പണമാണ്‌ അവർ കൊണ്ടുപോയത്‌’’–- കാഞ്ഞങ്ങാട്‌ ഇട്ടമ്മലിലെ ഫിറോസ്‌ഖാൻ‌ സങ്കടത്തോടെ പറഞ്ഞു. മകൻ മരിച്ചപ്പോൾ ലഭിച്ച  ഇൻഷുറൻസ്‌ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ ലഭിച്ച തുകയും ചേർത്ത്‌ നാലുലക്ഷമാണ്‌ എം സി ഖമറുദ്ദീൻ എംഎൽഎയുടെ ജ്വല്ലറിയിൽ നിക്ഷേപിച്ചത്‌.

2015ലാണ്‌ മകൻ മുഹമ്മദ്‌ ഫമീസ്‌ വാഹനാപകടത്തിൽ മരിച്ചത്‌. അവന്റെ പേരിൽ ലഭിച്ച പണം നഷ്ടപ്പെടരുത്‌ എന്നാണ്‌ ആഗ്രഹിച്ചത്‌. മാസ വരുമാനമാകുമല്ലോ എന്ന വാക്കിൽ വീണാണ്‌ ജ്വല്ലറിയിൽ നിക്ഷേപിച്ചത്‌.  പെയിന്റിങ് ജോലിക്കിടെ വീണ്‌ കടുത്ത നടുവേദനകാരണം ജോലിക്ക്‌ പോകാനാവാതെവന്നപ്പോൾ  ജ്വല്ലറി എംഡി ടി കെ പൂക്കോയതങ്ങളെയും ഖമറുദ്ദീനിനെയും പണത്തിനായി സമീപിച്ചു. മാസങ്ങളായി അവരുടെ വീടുകൾ കയറിയിറങ്ങുകയാണെന്ന്‌ ഫിറോസ്‌ഖാൻ‌ പറഞ്ഞു.

‘നേതാവിനെ‌ വിശ്വസിച്ചു പോയി’

‘‘മുസ്ലിംലീഗ്‌ പ്രവർത്തകനായ ഞാൻ നേതാവിന്റെ വാക്ക്‌ വിശ്വസിച്ച്‌ 2008–-ൽ  പത്ത്‌ ലക്ഷമാണ്‌ നൽകിയത്‌. അതിൽ നാലുലക്ഷം സുഹൃത്തിന്റേതായിരുന്നു. അബുദാബിയിൽ ജോലി ചെയ്യുകയായിരുന്ന എന്റെ വീട്ടിൽ വന്നാണ്‌ പണം നിക്ഷേപിക്കാൻ  എംഡി ടി കെ പൂക്കോയതങ്ങൾ  നിർബന്ധിച്ചത്‌’’–-ജമാൽ എന്ന പ്രവാസി പറഞ്ഞു.

ജ്വല്ലറി പൂട്ടിയപ്പോൾ പണം തിരികെ ചോദിച്ചു. അവരുടെ ആളുകൾ വന്നു നിരുത്സാഹപ്പെടുത്തി. കേസിന്‌ പോയാൽ നടപടിയാകാൻ മാസങ്ങളെടുക്കുമെന്നും നിക്ഷേപം വാങ്ങിത്തരാമെന്നും പറഞ്ഞതിനാലാണ്‌ പരാതി നൽകാതിരുന്നത്‌–- ജമാൽ പറഞ്ഞു.

നിക്ഷേപത്തട്ടിപ്പ്‌: ഖമറുദ്ദീനെതിരെ 36 കേസെടുത്തു

മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനെതിരെ പരാതികൾ പ്രവഹിക്കുന്നു. വ്യാഴാഴ്‌ച മൂന്ന് പരാതിയിൽ കൂടി ചന്തേര പൊലീസ് കേസെടുത്തു. ഇതോടെ മൊത്തം 36 കേസിൽ 74 കോടി രൂപയും 68 പവനും കബളിപ്പിച്ച വിവരം‌ പുറത്തുവന്നു‌. കാസർകോട് സ്റ്റേഷനിൽ അഞ്ചും ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ രണ്ടും കേസുൾപ്പെടെയാണിത്‌. ചന്തേര സ്റ്റേഷനിൽ മാത്രം 29 കേസായി. 749 പേരിൽനിന്നായി മൊത്തം 150 കോടി രൂപയോളം വെട്ടിച്ചതായാണ്‌ കണക്ക്‌.

വ്യാഴാഴ്‌ച വെളളൂരിലെ എം ഫസീല (ഒമ്പത് ലക്ഷം), പടന്ന കടപ്പുറത്തെ ടി ഇബ്രാഹിം (65 ലക്ഷം), പടന്നയിലെ നൂറുദ്ധീൻ (15 ലക്ഷം) എന്നിവരാണ് പരാതി നൽകിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ചെറുവത്തൂരിലെ ഫാഷൻ ഗോൾഡിന്റെ പ്രധാന ഷോറൂം പൊലീസ്‌ റെയ്‌ഡ്‌ചെയ്‌ത്‌ ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു. ചന്തേര ഇൻസ്പെക്ടർ പി നാരായണന്റെ നേതൃത്വത്തിലാണ്‌ പൂട്ടിയിട്ട സ്ഥാപനം വ്യാഴാഴ്‌ച പരിശോധിച്ചത്. ഓഫീസ്‌ മുറിയിലെ കംപ്യൂട്ടറിൽനിന്നുള്ള വിവരം മാത്രമാണ്‌ ലഭിച്ചത്‌. ഡയറക്ടർമാരുടെ ഫോട്ടോകളും നിക്ഷേപകരുടെ വിവരങ്ങളുമാണതിലുള്ളത്‌.

വാടക കെട്ടിടമാണിത്‌. നവീകരണത്തിനായി അടച്ചിടുന്നതായി പുറത്ത്‌ ബോർഡ്‌ വച്ചിരുന്നുവെങ്കിലും ജ്വല്ലറി പൂട്ടിയ കഴിഞ്ഞ ഡിസംബറിൽത്തന്നെ കെട്ടിടം ഉടമക്ക് തിരിച്ചുനൽകിയിരുന്നു. കഴിഞ്ഞ ദിവസം എംഎൽഎയുടെ ഇടച്ചാക്കൈയിലെ വീട്ടിലും മാനേജിങ്‌ ഡയറക്ടർ ടി കെ പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു.

ബുധനാഴ്ച മാവിലാകടപ്പുറത്തെ കെ സി മുഹമ്മദ് (15 ലക്ഷം), അജാനൂരിലെ ജമാൽ പറമ്പത്ത് (10 ലക്ഷം), പടന്നക്കടപ്പുറത്തെ പി കെ സബീന (ആറ് ലക്ഷം), വടക്കേപ്പുറത്തെ ശംസുദ്ദീൻ (ഏഴ് ലക്ഷം), പിലിക്കോട് ഏച്ചികൊവ്വൽ സ്വദേശികളായ എം ടി പി നഫീസത്ത് (ആറ് ലക്ഷം), കുഞ്ഞാമി (85,000), ശബാന റഹ്മത്ത് (പത്ത് ലക്ഷം), ഇലൂമ്മുന്നിസ (പത്ത് ലക്ഷം), പടന്നകടപ്പുറത്തെ യു മുഹമ്മദ് (പത്ത് ലക്ഷം), കൈതക്കാട്ടെ വി പി അബ്ദുൾഖാദർ (അഞ്ച് ലക്ഷം), കാടങ്കോട്ടെ ബി അബ്ദുൾ ലത്തീഫ് (പത്ത് ലക്ഷം), തുരുത്തിയിലെ കെ ദൈനബി (അഞ്ച് ലക്ഷം), അജാനൂരിലെ സി കെ കുഞ്ഞാമിന (ഏഴ് ലക്ഷം), തട്ടാനിച്ചേരിയിലെ കെ സഹീദ (പത്ത് ലക്ഷം) എന്നിവർ പരാതി നൽകിയിരുന്നു.

പി മഷൂദ്

courtesy: deshabhimani

Friday, September 11, 2020

പ്രതിസന്ധിക്ക്‌ മുമ്പേ സ്വത്തെല്ലാം വിറ്റു; കബളിപ്പിക്കൽ തുടക്കംമുതൽ

 തൃക്കരിപ്പൂർ: ബിസിനസ്‌ തകർന്നതിനാലാണ്‌‌  ജ്വല്ലറി നിക്ഷേപകർക്ക്‌ പണം തിരിച്ചു നൽകാൻ പറ്റാതായതെന്ന ലീഗ്‌ നേതാക്കളുടെ വാദം പച്ചക്കള്ളം. നിക്ഷേപകരെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌  തുടക്കം മുതൽ കാര്യങ്ങൾ നടത്തിയതെന്ന്‌ പുറത്തുവന്ന വസ്‌തുതകൾ തെളിയിക്കുന്നു. 

ഫാഷൻഗോൾഡിന്റെ  മേൽവിലാസത്തിൽ നാല്‌ കമ്പനികൾകൂടി  രൂപീകരിച്ച്‌ പണം സമാഹരിച്ചെങ്കിലും സ്ഥാപനങ്ങൾ നഷ്ടത്തിലാണെന്ന്‌ രജിസ്‌ട്രാർ ഓഫ്‌ കമ്പനീസിൽ  ഇതുവരെ അറിയിച്ചില്ല. അങ്ങനെ ചെയ്‌താൽ  നാഷണൽ കമ്പനി ട്രൈബ്യൂണലിലറിയിച്ച്‌ ലിക്വിഡേറ്റ്‌ ചെയ്യാൻ തീരുമാനിക്കും.  അതിന്‌ മുമ്പ്‌ സ്ഥാപനത്തിന്റെ ആസ്‌തി, ബാധ്യത,  ഡയറക്ടർമാരുടെ സമ്പാദ്യം എന്നിവ പരിശോധിച്ച്‌  കമ്പനിയുടെ ആസ്‌തിയിൽ ചേർത്താണ്‌ നിക്ഷേപകർക്ക്‌ തിരിച്ചുനൽകുക. ഇത്‌ മനസിലാക്കിയ‌ എംഎൽഎ, ജ്വല്ലറി സ്വത്തുക്കൾ നിക്ഷേപകരറിയാതെ  ധൃതിയിൽ  കൈമാറി. 

2019 ആഗസ്‌തിൽ ജ്വല്ലറി ഇടപാടുകൾ  നിർത്തിയശേഷം നവംബറിൽ വിളിച്ചുചേർത്ത നിക്ഷേപകരുടെ യോഗത്തിൽ എം സി ഖമറുദ്ദീൻ അറിയിച്ചത്‌ സ്ഥാപനം നഷ്ടത്തിലല്ലെന്നാണ്‌.  എന്നാൽ, നിക്ഷേപകരെ കബളിപ്പിച്ച്‌ ‌ എല്ലാ സ്ഥാപനങ്ങളുടെയും സ്വത്തുക്കളും ആസ്‌തിയും  ഒഴിവാക്കാൻ രഹസ്യ നടപടികളാണ്‌ തുടർന്നത്‌.  കാസർകോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും  വിറ്റു.  കാഞ്ഞങ്ങാട് അതിഞ്ഞാലിൽ ദേശീയപാതക്കരികിൽ നിർമാണത്തിലിരുന്ന ഷോറൂം കെട്ടിടം  വ്യവസായിയും ലീഗ്‌ നേതാവുമായ ഫാഷൻഗോൾഡിന്റെ ഡയറക്ടറുടെ ഭാര്യ സഹോദരന്റെ പേരിലേക്ക്‌ മാറ്റി. കഴിഞ്ഞ ഫെബ്രുവരിയിൽ ഇത്‌  മറ്റൊരു ജ്വല്ലറി ഗ്രൂപ്പിന്‌ കൈമാറി. ഫാഷൻ റിയാൽറ്റേഴ്‌സിന്‌ കീഴിലുണ്ടായിരുന്ന ബംഗളൂരുവിലെ ഗസ്റ്റ് ഹൗസ് ഒരു ഡയറക്ടർക്കും കൈമാറി. അദ്ദേഹം ഡയറക്ടർ സ്ഥാനം ഒഴിഞ്ഞതായും രേഖയുണ്ടാക്കി.  അതിന്‌ പിന്നാലെയാണ്‌  പയ്യന്നൂരിലെ ഷോറൂം ഭൂമിയും 15  കോടിയിലേറെ രൂപക്ക് കഴിഞ്ഞ ജൂലായ് 13ന് കൈമാറിയത്‌.

കവ്വായി സ്വദേശി പയ്യന്നൂർ കോടതിയിലും കള്ളാർ സ്വദേശികളായ സി അഷ്റഫും സി സുബീറും ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിലും നൽകിയ സിവിൽ കേസിൽ ബന്ധപ്പെടുത്തിയതായിരുന്നു ഈ ഭൂമി.  അനുരഞ്ജന ചർച്ചയിൽ പയ്യന്നൂരിലെ കേസ് പിൻവലിച്ചിരുന്നു. അതുകാട്ടി  പയ്യന്നൂരിലെ രജിസ്‌ട്രാർ ഓഫീസിനെ കബളിപ്പിച്ചാണ്‌ വിറ്റത്‌.  ഈ കേസിൽ ഹോസ്ദുർഗ്‌ കോടതി ഒക്ടോബർ രണ്ടിന്  എംഎൽഎയോട്‌ ഹാജരാകാൻ‌ ആവശ്യപ്പെട്ട്‌  സമൻസ് അയച്ചിട്ടുണ്ട്.  ‌ 

കാസർകോട് താലൂക്കിൽ  ഖമറുദ്ദീന്റെയും  ടി കെ പൂക്കോയ തങ്ങളുടെയും പേരിൽ 2016ൽ രജിസ്‌റ്റർ ചെയ്‌ത  17.7 ഹെക്ടർ ഭൂമിയാണ് 15 കോടിയിലേറെ രൂപക്ക് വിറ്റത്. സെന്റിന് 30 ലക്ഷം രൂപ മാർക്കറ്റ് വിലയുള്ള ഭൂമിയാണിത്. കഴിഞ്ഞ ജനുവരി 25ന്‌ മടക്കരയിലെ റൂസിഫ് അലി, ഉദിനൂരിലെ  ചെറിയ ആഫി എന്നിവരുടെ പേരിൽ  കൈമാറ്റം ചെയ്തതായാണ്‌ രേഖ. നിക്ഷേപകർ പരാതിയുമായി രംഗത്തുവന്നതോടെയാണ്‌  കോടികൾ വിലമതിക്കുന്ന ഭൂമിയും കെട്ടിടങ്ങളും തിരക്കിട്ടു കൈമാറി‌യത്‌.

നേതൃത്വവും പരാതിക്കാരെ കൈവിട്ടു

ഫാഷൻ ഗോൾഡ്‌ ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എം സി ഖമറുദീൻ എംഎൽഎയെ  സംരക്ഷിച്ച്‌ ഇരകളെ കൈവിട്ട  മുസ്ലിം ലീഗ്‌ സംസ്ഥാന നേതൃത്വത്തിനെതിരെ  പ്രതിഷേധം ശക്തം. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്‌ മുമ്പു തന്നെ എംഎൽഎയുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്‌ പരാതികൾ പാർടി നേതൃത്വത്തിന് മുന്നിലുണ്ടായിരുന്നു.  പ്രതിഷേധം അവഗണിച്ച്‌ പാണക്കാട്‌ തങ്ങളുടെ സ്ഥാനാർഥിയെന്ന നിലയ്‌ക്കാണ്‌ ഖമറുദീനെ നിശ്‌ചയിച്ചത്‌.

ലീഗ്‌ നേതാവെന്ന നിലയിലാണ്‌  പണം നൽകിയത്‌.  പാർടിക്ക്‌ കൈകഴുകാനാവില്ലെന്ന്‌ കബളിപ്പിക്കപ്പെട്ട കാഞ്ഞങ്ങാട് ‌ഇട്ടമ്മൽ സ്വദേശിയും ലീഗ്‌ പ്രവർത്തകനുമായ ജമാൽ പറഞ്ഞു.  കേസിന്‌ പോകുന്നവർക്ക്‌ തുടരാം;  അല്ലാത്തവർക്ക്‌ ഒത്തുതീർപ്പിലൂടെ പ്രശ്‌നംതീർക്കാമെന്ന നിലപാട്‌  ഖമറുദ്ദീനിനെ ‌ രക്ഷപ്പെടുത്താനുള്ള  നേതൃത്വത്തിന്റെ തന്ത്രമാണ്‌. പാർടിക്ക്‌ കൈകാര്യം ചെയ്യാനാകാത്തവിധം വലിയ തുകയായതിനാലാണ്‌  ജില്ലാ നേതൃത്വം നിസ്സഹായരായതെന്ന്‌ ഒരു മുതിർന്ന നേതാവ്‌ പറഞ്ഞു.  749 പേരുടെ 150 കോടിയോളം രൂപ നഷ്ടപ്പെട്ട സംഭവത്തിൽ  എംഎൽഎക്കെതിരെ ചെറിയനടപടിയെടുത്ത്‌  മുഖം രക്ഷിച്ചത്‌ പാർടിക്ക്‌ കൂടുതൽ ദോഷംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ അണികളെ സമാധാനിപ്പിക്കാനുള്ള തന്ത്രംമാത്രമാണ്‌  സംസ്ഥാന നേതാക്കളുടെ വിശദീകരണമെന്ന്‌  നിക്ഷേപകരെ സഹായിക്കുന്ന അഭിഭാഷകൻ ഷുക്കൂർ പറഞ്ഞു. പണം തിരിച്ചുലഭിക്കാൻ  നിയമനടപടി മാത്രമാണ്‌ പോംവഴി.  ലീഗ്‌ നേതൃത്വം പറയുന്നതുപോലെ ഇത്‌ ബിസിനസ്‌ തകർച്ചയല്ലെന്നും പൊതുസമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയെന്ന നിലയിൽ നടത്തിയ കുറ്റകൃത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖമറുദ്ദീൻ എംഎൽഎയുടെ തട്ടിപ്പ്‌; പയ്യന്നൂരിലെ ‌ ജ്വല്ലറിയിൽനിന്ന്‌ അവസാനം കടത്തിയത്‌ അഞ്ചരക്കിലോ സ്വർണം

തൃക്കരിപ്പൂർ > ഫാഷൻ ഗോൾഡ്‌ ജ്വല്ലറിയുടെ പയ്യന്നൂർ പുതിയ ബസ്‌ സ്‌റ്റാൻഡിലെ രണ്ടാമത്തെ ഷോറൂം പൂട്ടി 2019 നവംബർ 25ന്‌ ഒറ്റരാത്രികൊണ്ട് ഡയറക്ടർമാരുടെ വീട്ടിലെത്തിച്ചത്‌ അഞ്ചരക്കിലോ സ്വർണം. ആദ്യഘട്ടത്തിൽ എട്ടുകോടിയോളം മുടക്കിയ ചന്തേരയിലെ നാല് ഡയറക്ടർമാർ  പണം തിരിച്ചുകിട്ടില്ലെന്നുറപ്പായതോടെ ജ്വല്ലറി അട‌യ്‌ക്കുന്ന സമയത്ത് അകത്തുകയറി അഞ്ചരക്കിലോ സ്വർണവുമെടുത്ത്‌ പോകുകയായിരുന്നു.

ജ്വല്ലറി പ്രവർത്തനം അവതാളത്തിലാണെന്ന വിവരം പ്രചരിച്ചത്‌ 2019 ആഗസ്‌തിലാണ്‌. വിദേശത്തായിരുന്ന ഡയറക്ടർമാർ  ഇതോടെ രഹസ്യമായെത്തി ജ്വല്ലറി പരിശോധിച്ചു. പതിനൊന്നര കിലോ സ്വർണം സ്റ്റോക്കിലുണ്ടായിരുന്നു. എം സി ഖമറുദ്ദീനുമായി ചർച്ച നടത്തി പ്രതിസന്ധി പരിഹരിക്കാമെന്ന ധാരണയിലെത്തി.

എന്നാൽ, നവംബറിൽ കാര്യങ്ങൾ തലകീഴായി. വിളിച്ചാൽ ഖമറുദ്ദീൻ ഫോണെടുക്കാതെയായതോടെ വിദേശത്തുനിന്ന്‌ വീണ്ടുമെത്തി ഡയറക്ടർമാർ അഞ്ചരക്കിലോ സ്വർണം  കടത്തി. ഇതോടെ നവംബറിൽ ജ്വല്ലറി പൂട്ടി. കാസർകോട്ടെ ജ്വല്ലറിയിൽനിന്ന്‌ ലീഗ്‌ നേതാക്കൾവഴി സ്വർണം കൊടുത്തവകയിൽ  ഒരു കോടിയിലേറെ രൂപ നൽകാനുണ്ട്‌. ഇക്കാര്യങ്ങൾ പുറത്തുവരുമെന്ന്‌ ഭയന്നാണ്‌ നേതൃത്വം ഖമറുദ്ദീനെ കൈവിടാത്തത്‌.

കടപ്പാട്: ദേശാഭിമാനി

Thursday, September 10, 2020

ഖമറൂദ്ദീന്റെ നേതൃത്വത്തില്‍ ലീഗ് നടത്തിയ നിക്ഷേപ തട്ടിപ്പ് ഞെട്ടിക്കുന്നത്; മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരണം: സിപിഐ എം

 തിരുവനന്തപുരം>  മഞ്ചേശ്വരം എം.എല്‍.എ എം സി ഖമറൂദ്ദീന്റെ നേതൃത്വത്തില്‍ ലീഗ് നേതാക്കള്‍ നടത്തിയ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് ഞെട്ടിപ്പിക്കുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇതിന്റെ മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരാന്‍ ഉന്നതതല അന്വേഷണം സര്‍ക്കാര്‍ നടത്തണം.

 നിക്ഷേപ തട്ടിപ്പില്‍ 33 കേസാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു എം.എല്‍.എക്കെതിരെ ഇത്രയധികം കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. ഓരോ ദിവസവും നിരവധി ആളുകളാണ് പുതുതായി പരാതിയുമായി മുന്നോട്ടു വരുന്നത്. 150 കോടിയോളം രൂപയാണ് സമാഹരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. നിക്ഷേപകരെ കമ്പളിപ്പിക്കാനായി അഞ്ച് കമ്പനികളാണ് ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനായ എം.സി ഖമറൂദ്ദീനും എം.ഡിയായ പൂക്കോയതങ്ങളും രജിസ്റ്റര്‍ ചെയ്തത്.

2006 ല്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ചന്തേര മാണിയാട്ട് തവക്കല്‍ കോംപ്ലക്‌സിലാണ് ആദ്യ കമ്പനി രജിസ്റ്റര്‍ ചെയ്തത്. പിന്നീട് 2007 ലും 2008 ലും 2012 ലും 2016 ലുമായാണ് മറ്റുകമ്പനികള്‍ രജിസ്റ്റര്‍ ചെയ്തത്. ഒരേ മേല്‍വിലാസത്തിലാണ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതെങ്കിലും ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനമല്ലാതെ മറ്റൊന്നും മാണിയാട്ട് ഉണ്ടായിരുന്നില്ല. മുസ്ലീം ലീഗിന്റെ ഭാരവാഹികളും ലീഗുമായി അടുത്ത ബന്ധമുള്ളവരും ചേര്‍ന്ന് നടത്തുന്ന സ്ഥാപനമെന്ന് പറഞ്ഞ് ജനവിശ്വാസം ആര്‍ജ്ജിച്ചാണ് ലീഗ് അണികളായ സമ്പന്നരെയും പാവങ്ങളെയും വലയില്‍ വീഴ്ത്തിയത്.

 ലീഗ് നേതാക്കളുടെ സമ്മര്‍ദ്ദം കാരണമാണ് ആദ്യം ആരും പരാതി നല്‍കാന്‍ തയ്യാറാവാതിരുന്നത്. നേതാക്കള്‍ ഉറപ്പ് പാലിക്കാത്തതിനാലാണ് നിക്ഷേപകര്‍ പൊലീസില്‍ പരാതി നല്‍കിയത്. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരം പരാതികള്‍ ഉയര്‍ന്നു വരികയും ഖമറുദ്ദീന്റെ സ്ഥാനാര്‍ത്ഥിത്വം ഭാവിയില്‍ തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം ലീഗ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുകയും പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന നേതൃത്വം ഖമറൂദ്ദീന് പിന്നില്‍ ശക്തമായി നിലയുറപ്പിക്കുകയാണ് ചെയ്തത്.

 എന്നാല്‍ ജ്വല്ലറി തട്ടിപ്പ് സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പരാതികള്‍ അത്യന്തം ഗൗരവമുള്ളതാണ്. വ്യക്തമായ ആസൂത്രണത്തോടെ നിക്ഷേപകരെ കബളിപ്പിക്കുകയും വഞ്ചിക്കുകയുമാണ് ചെയ്തിരിക്കുന്നത്. എം.എല്‍.എയെ സംരക്ഷിക്കുന്ന മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിനെതിരെ ലീഗ് അണികള്‍ തന്നെ കടുത്ത രോഷം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. മുസ്ലീം ലീഗിന്റെ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണോ ഇത് നടന്നിരിക്കുന്നത് എന്ന് വേണം സംശയിക്കാന്‍. ലീഗിന്റെ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് പുറത്തുവന്ന പ്രഖ്യാപനം ഈ തട്ടിപ്പില്‍ നിന്നും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ്.  

തലശ്ശേരിയിലെ മര്‍ജാന്‍ ഗോള്‍ഡ് കടയില്‍ കയറി ഖമറുദ്ദീനും സംഘവും 25 കിലോ സ്വര്‍ണ്ണം കൊള്ളയടിച്ച് കൊണ്ടുപോയതായി പരാതി ഉയര്‍ന്നുവിരിക്കുന്നു. കൃത്രിമ രേഖയുണ്ടാക്കി വഖഫ് ഭൂമി തട്ടിയെടുത്ത സംഭവത്തിലും ഖമറൂദ്ദീന്‍ എം.എല്‍.എ അടക്കമുള്ള മുസ്ലീം ലീഗ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന പരാതിയും ഉയര്‍ന്നു വന്നിട്ടുണ്ട്. ജനങ്ങളെ കബളിപ്പിച്ച് തട്ടിപ്പു നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നുണ്ട്. എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ജ്വല്ലറി തട്ടിപ്പ് സംബന്ധിച്ചും ഉയര്‍ന്നുവന്ന മറ്റ് ആക്ഷേപങ്ങളെ സംബന്ധിച്ചും വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് സെക്രട്ടേറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഖമറുദ്ദീന്‍ നടത്തിയത് തട്ടിപ്പല്ലെന്ന് ലീഗ്, ബിസിനസ് പൊളിയുക മാത്രമാണ് ചെയ്തത്; നടപടിയില്ല

കോഴിക്കോട്> നിക്ഷേപ തട്ടിപ്പില്‍ പ്രതിയായ മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനെതിരെ നടപടിയെടുക്കാതെ മുസ്ലിം ലീഗ്.  ആര്‍ക്കെല്ലാം ഫണ്ട് നല്‍കണം, കടബാധ്യത എത്രയുണ്ട് എന്നത് സംബന്ധിച്ച്  പാര്‍ട്ടിക്ക്  വിവരം നല്‍കാന്‍  ഖമറുദ്ദീനോട് പറഞ്ഞിട്ടുണ്ടെന്നും  മുസ്ലിം  ലീഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 ആറ് മാസത്തിനുള്ളില്‍ കടബാധ്യത വീട്ടണമെന്ന കാര്യത്തിലാണ് പാര്‍ട്ടി ഗൗരവം കാണുന്നത്. സ്വകാര്യമായ കടബാധ്യതയാണ്.  ഖമറുദ്ദീന് കുറെ ആസ്തിയുണ്ട്.  നിശ്ചിത സമയം കടം വീട്ടാനായി നല്‍കിയിരിക്കുകയാണ്. ഇതൊരു ബിസിനസാണ്, അത് പൊളിഞ്ഞു എന്നാണ് പാര്‍ട്ടി കാണുന്നത്. കമ്പനി പൊളിഞ്ഞതാണ്, വഞ്ചനയും  തട്ടിപ്പുമില്ല.

കേസ് വേണമെന്നുള്ളവര്‍ക്ക് കേസുമായി പോകാം. പണം വേണ്ടവര്‍ക്കായി പാര്‍ട്ടി ഇടപെട്ട് കര്‍ശന നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടിയിലെ സ്ഥാനങ്ങളൊന്നും   ഖമറുദ്ദീന്‍ വഹിക്കുന്നില്ല.ഉള്ള സ്ഥാനം രാജിവെച്ചു. പണം കൊടുത്ത് തീര്‍ക്കുന്നതിലാണ് ഫോക്കസ്.ഇത് പ്രൈവറ്റ് കടമാണ്. പാര്‍ട്ടിക്ക് ഏറ്റെടുക്കാനാകില്ല. പറഞ്ഞ കാര്യമെല്ലാം  ഖമറുദ്ദീന്‍ സമ്മതിച്ചു.

ഏകദേശ കണക്കാണ് ഇപ്പോള്‍ കിട്ടുന്നത്. കൃത്യമായ ബാധ്യതാ കണക്ക് കിട്ടിയിട്ടില്ല. ബാംഗ്ലൂരും മംഗലാപുരത്തൊക്കെ ആസ്തിയുണ്ടെന്ന  സൂചന കിട്ടി. പാര്‍ട്ടിക്ക് ഇതില്‍ ഉത്തരവാദിത്തമില്ല. പാര്‍ട്ടി സ്ഥാനത്തുള്ള  ആളായതുകൊണ്ട് ധാര്‍മിക ഉത്തരവാദിത്തത്തിന്റെ അടിസ്ഥാനത്തിലാണ് ഇടപെടുന്നതെന്നും    ലീഗ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട പാര്‍ട്ടി അംഗങ്ങള്‍ തല്‍ക്കാലം പാര്‍ട്ടിയില്‍ നിന്നും മാറി നില്‍ക്കണമെന്നും ലീഗ് വ്യക്തമാക്കി.

"ഖമറുദ്ദീൻ ജ്വല്ലറി തുടങ്ങിയത്‌ കവർച്ച നടത്തിയ സ്വർണം ഉപയോഗിച്ച്‌'; വെളിപ്പെടുത്തലുമായി തലശ്ശേരി മർജാൻ ജ്വല്ലറി ഉടമ

കണ്ണൂർ > എംസി ഖമറുദ്ദീൻ എം എൽ എ ക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുമായി തലശേരി മർജാൻ ജ്വല്ലറി ഉടമയായിരുന്ന കെ കെ ഹനീഫ. തന്റെ ജ്വല്ലറിയിൽ നിന്നും കവർന്ന 25 കിലോസ്വർണ്ണം കൊണ്ടാണ് കമറുദ്ദീൻ ഫാഷൻ ഗോൾഡ്‌തുടങ്ങിയത്. പട്ടാപ്പകൽ ഗുണ്ടാ സംഘങ്ങളെ കൊണ്ട് വന്നാണ് ഖമറുദീൻ മർജാൻ ഗോൾഡിൽ നിന്നും സ്വർണ്ണം കവർന്നത്. 2007 ഒക്ടോബർ 26 നായിരുന്നു സംഭവം.

ഇന്ന് വിപണിയിൽ 13 കോടിയോളം രൂപവില വരുന്ന സ്വർണ്ണമായിരുന്നു കമറുദ്ദീനും സംഘവും കവർന്നതെന്നും ഹനീഫ പറഞ്ഞു. മഞ്ചേശ്വരം എം എൽ എ യും മുസ്ലീം ലീഗ് നേതാവുമായ എം സി ഖമറുദ്ദീനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് തലശേരിയിലെ മർജാൻ ഗോൾഡ് ഉടമയായിരുന്ന ഹനീഫ നടത്തിയിരിക്കുന്നത്.

2007ഒക്ടോബർ 26ന് വൈകീട്ടായിരുന്നു സംഭവം. ജ്വലറിയിലെ ജീവനക്കാരെ ബന്ദിയാക്കിയ ശേഷമായിരുന്നു സ്വർണ്ണം കവർന്നത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വെച്ച രണ്ട് കംപ്യൂട്ടറുകളും സംഘം കവർന്നിരുന്നു. ഈ സ്വർണം ഉപയോഗിച്ചാണ് ഖമറുദ്ദീൻ ഫാഷൻ ഗോൾഡ് ജ്വല്ലറി തുടങ്ങിയതെന്നും ഹനീഫ പറഞ്ഞു.

ഹനീഫ ഉൾപ്പെടെയുള്ള പാർട്ട്ണർമാരുടെ പരാതിയെ തുടർന്ന് ഖമറുദ്ദീൻ ഉൾപ്പെടെ 20 പേർക്കെതിരെ തലശേരി പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് ഒത്ത് തീർപ്പാക്കുന്നതിന് വേണ്ടി ഖമറുദ്ദീൻ 1700000 രൂപയ്ക്ക് ഇവരുമായി കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ പിന്നീട് വണ്ടിച്ചെക്ക് നൽകിയും ഖമറുദ്ദീൻ വഞ്ചിച്ചുവെന്ന് ഹനീഫ പറയുന്നു. ജ്വല്ലറി കൊള്ളയെ തുടർന്ന് സാമ്പത്തിമായി തകർന്ന ഹനീഫ പിന്നീട്‌ മർജാൻ ജ്വല്ലറിഅടച്ച് പൂട്ടി , സ്വർണ്ണകച്ചവടം തന്നെ അവസാനിപ്പിച്ചു. കൈരളി ന്യൂസിനോടായിരുന്നു ഹനീഫയുടെ വെളിപ്പെടുത്തൽ.

കടപ്പാട്: ദേശാഭിമാനി