Showing posts with label സി.പി.ഐ. Show all posts
Showing posts with label സി.പി.ഐ. Show all posts

Saturday, October 17, 2020

കമ്യൂണിസ്റ്റ്‌ പാർടിക്ക്‌ നൂറ്റാണ്ട്‌

 ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാർടി പിറവിയെടുത്തിട്ട്‌  ഒരു നൂറ്റാണ്ട്‌ പൂർത്തിയാകുകയാണ്‌. പുതിയ ലോകം സാധ്യമാണെന്ന്‌ ലോകത്തെ ബോധ്യപ്പെടുത്തിയ മഹത്തായ റഷ്യൻ വിപ്ലവം ആഴത്തിൽ സ്വാധീനിച്ച  പ്രവാസികളായ ചില  ഇന്ത്യൻ വിപ്ലവകാരികൾ താഷ്‌കന്റിൽ  ‘കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ’ രൂപീകരിക്കുന്നതിന്‌ മുന്നിട്ടിറങ്ങുകയും  1920 ഒക്ടോബർ 17ന്‌ യോഗം ചേരുകയുമുണ്ടായി. കുറച്ചു പതിറ്റാണ്ടുകളായി ആഗോളവൽക്കരണ‐ ഉദാരവൽക്കരണ  നയങ്ങളും ‘ഘടനാപരമായ’ പരിഷ്‌കാരങ്ങളും  തീർത്ത ഭയാനകമായ  അസമത്വത്തിനും ജർമനിയെയും ഇറ്റലിയെയും ഓർമിപ്പിക്കുംവിധം ഹിന്ദുത്വ ഫാസിസം തീർക്കുന്ന ഹിംസാത്മകതയ്‌ക്കുമെതിരായ  വിവിധതരം പ്രക്ഷോഭങ്ങൾക്ക്‌  പുതിയ മാനം കൈവരുന്ന അവസ്ഥയിലാണ്‌ പാർടി രൂപീകരണ ശതാബ്ദിവർഷം മുന്നിലെത്തിയിരിക്കുന്നത്‌. 

മുതലാളിത്ത വ്യവസ്ഥ ചെന്നകപ്പെട്ട സർവതലസ്‌പർശിയായ പ്രതിസന്ധിക്കും  കൊറോണ വൈറസ്‌ സൃഷ്ടിച്ച അനിയന്ത്രിതമായ അരക്ഷിതാവസ്ഥയ്‌ക്കും മുന്നിൽ  ഒരിക്കലും കുലുങ്ങില്ലെന്ന്‌ വീമ്പിളക്കിയ വൻകിട  മുതലാളിത്ത ഭരണകൂടങ്ങൾപോലും  നിലതെറ്റി അന്ധാളിച്ചുനിൽക്കുകയാണ്. ഈ സാമ്പത്തിക‐സാമൂഹ്യ‐ആരോഗ്യ പ്രതിസന്ധിയും  പുതിയ ചൂഷണങ്ങൾക്കും കൊള്ളയ്‌ക്കും കുത്തകകൾക്ക്‌ പാദസേവ ചെയ്യാനുമുള്ള  മികച്ച അവസരമാക്കുകയാണ്‌ മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണം.  ഭരണഘടനയുടെ അന്തഃസത്തയെയും  നിയമവ്യവസ്ഥയെയും ഔപചാരിക പാർലമെന്ററി സംവിധാനത്തെപ്പോലും  നിർവീര്യമാക്കി ജനകോടികളെ ദയാരഹിതമായി ചതച്ചരയ്‌ക്കുകയാണ്‌.

തൊഴിലാളി‐ കർഷക ദ്രോഹനയങ്ങളും ന്യൂനപക്ഷ‐ദളിത്‌‐ സ്ത്രീ‐ ബുദ്ധിജീവി വേട്ടകളും  എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു. ജനലക്ഷങ്ങൾ ജീവത്യാഗംചെയ്‌ത്‌  പൊരുതിനേടിയ സ്വാതന്ത്ര്യവും പരമാധികാരവും സ്വാശ്രയത്വവും സ്വദേശി സങ്കൽപ്പവും  തകർത്തു തരിപ്പണമാക്കിക്കൊണ്ടിരിക്കുന്നു. ഈ പശ്‌ചാത്തലത്തിലാണ് ഇന്ത്യൻ കമ്യൂണിസത്തിന്റെ ദീർഘവും സാഹസികവും  തീക്ഷ്‌ണവും രണോത്സുകവുമായ നൂറ്റാണ്ട്‌ മുൻനിർത്തി ആലോചിക്കേണ്ടത്. പ്രസ്ഥാനത്തിന്റെ പിറവി, കുതിപ്പുകളും കിതപ്പുകളും ഏറ്റെടുക്കേണ്ട പുതിയ ദൗത്യങ്ങൾ, സ്വയംനവീകരണങ്ങൾ തുടങ്ങിയവയെല്ലാം മുൻവിധികളില്ലാതെ പാർടി പരിശോധിക്കുമെന്നുറപ്പ്‌.    

ജനാധിപത്യം, പാർലമെന്ററി സംവിധാനം, അടിസ്ഥാനവർഗങ്ങളുടെ പരിതാപകരമായ സ്ഥിതി, കാർഷികരംഗം തുടങ്ങിയ മേഖലകളിൽ ഭൂരിപക്ഷത്തിന്റെ താൽപ്പര്യവും ശാസ്‌ത്രീയ പരിപ്രേക്ഷ്യവും പ്രായോഗിക കർമപദ്ധതിയും ആദ്യമായി മുന്നോട്ടുവച്ച്‌  ദേശീയ പ്രസ്ഥാനത്തിന്‌ അതുവരെ അപരിചിതമായ ബഹുജനാടിത്തറയും  പുതിയ ദിശാബോധവും നൽകിയത്‌ കമ്യൂണിസ്റ്റ്‌ പാർടിയാണ്‌. അതിലൂടെ  മിതവാദ സമീപനങ്ങൾക്കു പകരം പ്രക്ഷോഭം  ഊർജസ്വലമാക്കാനുമുള്ള സംഭാവനകളാണ് പാർടി നൽകിയതും. ഈയർഥത്തിൽ 1921 ഡിസംബർ 27ന്‌ ചേർന്ന അഹമ്മദാബാദ് എഐസിസി സമ്മേളനം എടുത്തുപറയേണ്ടതാണ്‌. എം എൻ റോയിയും അബനി മുഖർജിയും പ്രതിനിധികൾക്കിടയിൽ ഒരു നയരേഖ വിതരണം ചെയ്തു. തുറന്ന കത്ത്‌ എന്ന നിലയിലായിരുന്നു അത്‌. ട്രേഡ്‌ യൂണിയനുകളും കിസാൻസഭയും ഉന്നയിക്കുന്ന അടിയന്തരമായ ജീവൽപ്രശ്‌നങ്ങളും ആവശ്യങ്ങളും സ്വന്തം മുദ്രാവാക്യമായി കോൺഗ്രസ്‌ ഏറ്റെടുക്കണമെന്ന്‌ ഇരുവരും ആവശ്യപ്പെട്ടു.

തുടർച്ചയെന്നോണം കമ്യൂണിസ്‌റ്റ്‌ പാർടിയംഗവും പ്രശസ്‌ത കവിയുമായ ഹസ്റത് മൊഹാനി പൂർണ സ്വാതന്ത്ര്യ പ്രമേയവും അവതരിപ്പിച്ചു.  പരമാധികാര സ്വതന്ത്ര രാജ്യം എന്ന സങ്കൽപ്പവും അതിനായുള്ള ചെറുത്തുനിൽപ്പും  ദേശീയ നേതൃത്വത്തിൽ ചർച്ചയാകുന്നത്‌ അതേത്തുടർന്നാണ്‌. മറ്റൊരു പ്രസ്ഥാനവും ആവശ്യപ്പെടുംമുമ്പ്‌  കമ്യൂണിസ്റ്റ്‌ പാർടി അതിന്റെ രൂപീകരണകാലംമുതൽ പരിപൂർണ സ്വാതന്ത്ര്യം എന്ന ആവശ്യം ശക്തമായി മുന്നോട്ടുവച്ചിരുന്നു. അതുകൊണ്ടുതന്നെ പാർടിയുടെ ഉദയത്തിന്റെയും മുന്നേറ്റത്തിന്റെയും ആവേശകരമായ  ചരിത്രം സ്വാതന്ത്ര്യസമരത്തിന്റെ അഭേദ്യഭാഗവുമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷക‐ തൊഴിലാളി സംഘടനകൾ വ്യത്യസ്‌തമായ വീക്ഷണങ്ങളുടെ കരുത്തോടെ മുന്നേറി. ഭൂപരിഷ്‌കരണവും ന്യായമായ കൂലിയും അങ്ങനെയാണ്‌ അടിയന്തരാവശ്യമായി മാറിയതും. ബാലഗംഗാധര തിലകനെ അറസ്‌റ്റ്‌ ചെയ്‌തപ്പോൾ ബോംബെ തൊഴിലാളികൾ ഒന്നടങ്കം പണിമുടക്കിയപ്പോൾ ലെനിൻ റഷ്യയിലിരുന്ന്‌ ആവേശത്തോടെ ആരാധനാപൂർവം എഴുതിയത്‌ ‘ഇന്ത്യൻ തൊഴിലാളിവർഗത്തിന്‌ പ്രായപൂർത്തിയായിരിക്കുന്നു’വെന്നാണെന്നത്‌ മറക്കാനാകാത്തതാണ്‌.  

  സ്വാതന്ത്ര്യമുന്നേറ്റത്തെ ആധുനിക ജനാധിപത്യ‐ മതനിരപേക്ഷ റിപ്പബ്ലിക്കിനായുള്ള  സമരമാക്കി മാറ്റിയ കമ്യൂണിസ്റ്റ്‌ പാർടി,  ഫെഡറൽ പ്രശ്‌നം, ബഹുഭാഷാ പ്രസക്തി, ഭാഷാ സ്വത്വം,  സാമൂഹ്യനീതി, ജാതി ഉച്ചനീചത്വം തുടങ്ങിയ കാര്യങ്ങൾ ദേശീയപ്രസ്ഥാനത്തിന്റെ അജൻഡയിലെത്തിച്ചു. ബ്രിട്ടീഷുകാർ അടിച്ചേൽപ്പിക്കുന്ന  ഇന്ത്യാ ആക്ടിനു പകരം   ഭരണഘടനാ അസംബ്ലി രൂപീകരിക്കണമെന്ന  ആവശ്യവും ഉന്നയിക്കുകയുണ്ടായി. ഇന്ത്യാ ആക്ട്‌ തള്ളിക്കളയാനും സ്വതന്ത്രമായ ഭരണഘടനാ നിർമാണ അസംബ്ലിക്കുവേണ്ടി  വാദിക്കാനും കോൺഗ്രസിന്‌ പ്രേരണയായതും കമ്യൂണിസ്‌റ്റ്‌ പാർടി  നിലപാടാണ്‌. സ്വതന്ത്ര പരമാധികാര സിവിൽ സമൂഹം എന്ന കാഴ്‌ചപ്പാട്‌ പ്രചരിപ്പിക്കാനും മുന്നിട്ടിറങ്ങി.  എന്നാൽ, ദീപ്‌തമായ ഇത്തരം ചരിത്ര വസ്‌തുതകൾ തമസ്‌കരിക്കുകയാണ്‌ സംഘപരിവാരവും മറ്റു വലതുപക്ഷ ശക്തികളും ബുദ്ധിജീവികളും മാധ്യമ വൃന്ദങ്ങളും. കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ ഇന്ത്യയിൽ എന്താണ്‌ പ്രസക്തിയെന്ന ചോദ്യത്തിന്‌,  കമ്യൂണിസ്‌റ്റ്‌ പാർടിയില്ലാത്ത ഇന്ത്യയുടെ പ്രസക്തിയെന്താണെന്നാണ്‌ ഉത്തരം. വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും അഭിമുഖീകരിച്ചാണ്‌ പ്രസ്ഥാനം ഒരു നൂറ്റാണ്ടിലെത്തിയിരിക്കുന്നത്‌. അതിനാൽ  മാർക്‌സിസവും കമ്യൂണിസ്‌റ്റ്‌ പാർടിയും വിജയങ്ങളിൽനിന്നു മാത്രമല്ല, പരാജയങ്ങളിൽനിന്നും ഊർജം സംഭരിച്ച്‌ മുന്നേറുമെന്നുറപ്പ്‌.

deshabhimani editorial 171020

സഹനത്തിന്റെയും സമരത്തിന്റെയും കമ്യൂണിസ്‌റ്റ്‌ ചരിത്രം - പീപ്പിൾസ്‌‌ ഡെമോക്രസിയുടെ മുഖപ്രസംഗം

ചരിത്രദിവസമാണിന്ന്‌. നൂറു‌വർഷംമുമ്പ്‌ ഒക്ടോബർ 17നാണ്‌ മുൻ സോവിയറ്റ്‌ യൂണിയനിലെ താഷ്‌കന്റിൽവച്ച്‌ കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ രൂപംകൊണ്ടത്‌. സ്വാതന്ത്ര്യസമരവുമായി ഇഴുകിച്ചേർന്നുകൊണ്ടാണ്‌ കമ്യൂണിസ്റ്റ്‌ പാർടി ജന്മം കൊണ്ടതും വളർന്നു പന്തലിച്ചതും. സ്വാതന്ത്ര്യസമരത്തിന്റെ വിവിധ ധാരകളിലുള്ള നല്ലവരും കരുത്തരുമായ പോരാളികളാണ്‌ കമ്യൂണിസ്റ്റ്‌ പാർടിയിൽ ചേർന്നത്‌. പാർടിയുടെ വിട്ടുവീഴ്‌ചയില്ലാത്ത സാമ്രാജ്യത്വവിരുദ്ധതയായിരുന്നു ഇതിന്‌ കാരണം. കടുത്ത അടിച്ചമർത്തലിന്‌ പാർടി വിധേയമായി. ആയിരക്കണക്കിന് പേർ വിവിധ ജയിലുകളിൽ അടയ്‌ക്കപ്പെട്ടു. നിരവധിപേർ ഫ്യൂഡൽവിരുദ്ധ സാമ്രാജ്യത്വവിരുദ്ധ സമരത്തിൽ  പങ്കെടുത്ത്‌ രക്തസാക്ഷികളായി.  പ്രത്യേകിച്ചും രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള രണ്ട്‌ വർഷത്തിൽ. (1945–-47).

കമ്യൂണിസ്റ്റ്‌ പാർടി നേരിട്ട അടിച്ചമർത്തലിന്റെയും സഹനത്തിന്റെയും ആഴം എത്രയുണ്ടെന്ന്‌ മനസ്സിലാക്കണമെങ്കിൽ ഈയൊരു കണക്കുമാത്രം മതി. 1943ൽ ബോംബെയിൽ ചേർന്ന കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ ആദ്യ കോൺഗ്രസിൽ പങ്കെടുത്ത 138 പ്രതിനിധികൾ മൊത്തം 414 വർഷമാണ്‌ ജയിലറകളിൽ കഴിഞ്ഞത്‌. പൂർണസ്വരാജ്‌ അർഥവത്താകണമെങ്കിൽ തൊഴിലാളികളും കർഷകരും സാമ്പത്തികമായും സാമൂഹ്യമായും വിമോചിതരാകണമെന്ന്‌ കമ്യൂണിസ്‌റ്റുകാർ വിശ്വസിച്ചു. ട്രേഡ്‌ യൂണിയനുകളിലൂടെ തൊഴിലാളികളെയും കിസാൻസഭകളിലൂടെ കർഷകരെയും സംഘടിപ്പിക്കുന്നതിലും അവരെ ദേശീയ പ്രസ്ഥാനത്തിലേക്ക്‌ നയിക്കുന്നതിലും കമ്യൂണിസ്റ്റ്‌ പാർടി പ്രധാനപങ്ക്‌ വഹിച്ചു.

സ്വാതന്ത്ര്യത്തിനുശേഷം പുതിയ ഭരണവർഗം–-ബൂർഷ്വാ–-ഭൂപ്രഭു സഖ്യം –-ജനാധിപത്യവിപ്ലവം പൂർത്തീകരിക്കുന്നതിൽനിന്ന്‌ മുഖംതിരിഞ്ഞു നിന്നു. വൻകിട ബൂർഷ്വാസിയുടെ നേതൃത്വത്തിലുള്ള ബൂർഷ്വ–-ഭൂപ്രഭു സഖ്യം രാഷ്ട്രീയാധികാരം ഉപയോഗിച്ച്‌ മുതലാളിത്ത വികസനപാതയ്‌ക്ക്‌ തുടക്കം കുറിച്ചുവെങ്കിലും ഭൂപ്രഭുത്വവുമായി സന്ധിചെയ്തതിനാൽ ഫ്യൂഡൽ ഭൂബന്ധങ്ങളിൽനിന്ന്‌ കർഷകജനതയെ വിമോചിപ്പിക്കാതെ മുതലാളിത്ത ചൂഷണം അവർക്കുമേൽ അടിച്ചേൽപ്പിച്ചു. വൻകിട കുത്തകകൾക്കും ഗ്രാമീണ സമ്പന്നർക്കും അനുകൂലമായ നയങ്ങളാണ്‌ നടപ്പാക്കിവന്നത്‌.

കൃഷിഭൂമി കൃഷിക്കാരന്‌ എന്ന മുദ്രാവാക്യം ഉയർത്തി ഭൂപരിഷ്‌കരണത്തിനുവേണ്ടിയുള്ള സമരങ്ങൾ നയിച്ചുകൊണ്ട്‌  കാർഷികബന്ധങ്ങളെ ജനാധിപത്യവൽക്കരിക്കാൻ കമ്യൂണിസ്റ്റ്‌ പാർടി  ശ്രമിച്ചു. ഈ സമരങ്ങളുടെ ഫലമായി കേരളത്തിൽ ആദ്യ കമ്യൂണിസ്റ്റ്‌ സർക്കാർ അധികാരമേറി (1957ൽ). തുടർന്ന്‌, പശ്‌ചിമ ബംഗാളിലും ത്രിപുരയിലും  ഇടതുപക്ഷ സർക്കാരുകൾ  രൂപംകൊള്ളുകയും അവിടങ്ങളിലൊക്കെ ഭൂപരിഷ്‌കരണം നടപ്പാക്കുകയും ചെയ്‌തു. സ്വാതന്ത്ര്യം കിട്ടിയ ആദ്യ പതിറ്റാണ്ടുകളിൽ ഭൂപരിഷ്‌കരണം എന്ന  മുദ്രാവാക്യം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്ര വിഷയമാക്കി മാറ്റിയത്‌ കമ്യൂണിസ്റ്റ്‌ പാർടിയായിരുന്നു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണത്തിനുവേണ്ടിയുള്ള സമരത്തിന്റെ മുൻപന്തിയിലും കമ്യൂണിസ്റ്റ്‌ പാർടി നിലയുറപ്പിച്ചിരുന്നു. സ്വാതന്ത്ര്യത്തിന്‌ മുമ്പുതന്നെ ഇത്തരമൊരു ആശയം കമ്യൂണിസ്റ്റ്‌ പാർടി മുന്നോട്ടുവയ്‌ക്കുകയും ചെയ്‌തിരുന്നു.

ഇന്ത്യൻ രാഷ്ട്രീയസംവിധാനത്തിൽ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ വിട്ടുവീഴ്‌ചയില്ലാതെ പൊരുതിയ പ്രസ്ഥാനവും കമ്യൂണിസ്റ്റ്‌ പാർടിതന്നെ. എല്ലാ മതങ്ങൾക്കും തുല്യത എന്ന ആശയമാണ്‌ മതനിരപേക്ഷത എന്നതുകൊണ്ട്‌ കോൺഗ്രസും മറ്റ്‌ ബൂഷ്വാ പാർടികളും ഉയർത്തിപ്പിടിച്ചതെങ്കിൽ രാഷ്ട്രം, രാഷ്ട്രീയം എന്നിവയിൽനിന്ന്‌ മതത്തെ വേർതിരിക്കുക എന്ന ‌ സിദ്ധാന്തമാണ്‌ കമ്യൂണിസ്‌റ്റുകാർ മുന്നോട്ടുവച്ചത്‌. കേരളത്തിലെയും പശ്‌ചിമ ബംഗാളിലെയും ത്രിപുരയിലെയും ഇടതുപക്ഷ സർക്കാരുകൾ വിവിധ ഘട്ടങ്ങളിൽ മതനിരപേക്ഷതയോടുള്ള പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്‌. ഹിന്ദുത്വശക്തികൾ 1990കളിൽ ഉയർന്നുവന്നപ്പോൾ ഇടതുപക്ഷവും കമ്യൂണിസ്റ്റ്‌ പാർടികളുമാണ്‌ അതിനെതിരെ സന്ധിയില്ലാതെ പോരാടിയത്‌.

രാജ്യത്ത് ജനാധിപത്യം ആഴത്തിൽ വേരോടുന്നതിനായി നിലകൊണ്ടതും കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനമായിരുന്നു. ഭരണവർഗം എപ്പോഴും ജനാധിപത്യത്തെയും പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങളെയും പരിമിതപ്പെടുത്താനാണ്‌ ശ്രമിച്ചത്‌. മുൻകരുതൽ അറസ്‌റ്റിനെ എതിർത്ത കമ്യൂണിസ്റ്റ്‌ പാർടികൾ എന്നും ജനാധിപത്യ അവകാശങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കാനാണ്‌ നിലകൊണ്ടത്‌. അടിയന്തരാവസ്ഥയെ എതിർത്ത സിപിഐ എമ്മിന്റെ നിരവധി നേതാക്കൾ ജയിലിലടയ്‌ക്കപ്പെട്ടു.

മൂന്ന്‌ ദശാബ്‌ദംമുമ്പ്‌ ഭരണവർഗം നവ ഉദാരവൽക്കരണനയങ്ങൾ സ്വീകരിച്ചതോടെ മുതലാളിത്ത വികസനമാതൃകയിൽ വൻ മാറ്റങ്ങൾ ദൃശ്യമായി. കോൺഗ്രസും ബിജെപിയും മറ്റ്‌ ബൂർഷ്വാ പാർടികളും നവഉദാരവൽക്കരണനയത്തെ പുണർന്നു. എന്നാൽ, ഈ നയത്തെയും അതിന്റെ ഭാഗമായുണ്ടായ സാമ്രാജ്യത്വ അനുകൂലചായ്‌വിനെയും കമ്യൂണിസ്റ്റുകാർ വിട്ടുവീഴ്‌ചയില്ലാതെ എതിർത്തു. ഈ നവ ഉദാരവൽക്കരണ ആക്രമണത്തിനെതിരെ തൊഴിലാളിവർഗ ഐക്യം കെട്ടിപ്പടുക്കുന്നതിനും കമ്യൂണിസ്റ്റുകാർ തന്നെയാണ്‌ മുൻനിന്ന്‌ പ്രവർത്തിച്ചത്‌. നവ ഉദാരവൽക്കരണത്തിന്റെ വിവിധ വശങ്ങൾക്കെതിരെ ഇന്ത്യൻ തൊഴിലാളിവർഗം 19 പണിമുടക്ക്‌ നടത്തുകയുണ്ടായി. 20–-ാമത്തെ പണിമുടക്കാണ്‌ നവംബർ 26ന്‌ നടക്കാൻ പോകുന്നത്‌.

ഭരണവർഗത്തിന്‌ കമ്യൂണിസ്റ്റുകാരോടും ഇടതുപക്ഷത്തോടും ഒടുങ്ങാത്ത കലിയാണുള്ളത്‌. 1970കളിൽ പശ്‌ചിമബംഗാളിലെ അർധ ഫാസിസ്‌റ്റ്‌ വാഴ്‌ചതന്നെ ഉദാഹരണം. തുടർന്ന്‌, ത്രിപുരയിലും ഇതാവർത്തിക്കപ്പെട്ടു. രണ്ട്‌ സംസ്ഥാനത്തും ഇപ്പോൾ വീണ്ടും കമ്യൂണിസ്റ്റ്‌വിരുദ്ധ ഭീകരത നടമാടുകയാണ്‌. കേരളത്തിലാകട്ടെ സിപിഐ എമ്മിന്റെ നൂറുകണക്കിന്‌ കേഡർമാരെയാണ്‌ ആർഎസ്‌എസ്‌ ഉൾപ്പെടെ ഭരണവർഗം കൊന്നുതള്ളിയത്‌.

വനിതാ വിമോചനം സംബന്ധിച്ച്‌ സമഗ്രമായ ഒരു കാഴ്‌ചപ്പാട്‌ മുന്നോട്ടുവച്ചതും കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനമായിരുന്നു. എല്ലാ മേഖലയിലും സ്‌ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുകയും ചെയ്‌തു. പുരുഷാധിപത്യവും സാമൂഹ്യമായ അടിച്ചമർത്തലും അവസാനിപ്പിച്ചാലേ വനിതാവിമോചനം യാഥാർഥ്യമാകൂ. 1931ൽത്തന്നെ കമ്യൂണിസ്റ്റ്‌ ഡ്രാഫ്‌റ്റ്‌ പ്ലാറ്റ്‌‌ഫോം ഓഫ്‌ ആക്‌ഷൻ ജാതിവ്യവസ്ഥ ഉന്മൂലനം ചെയ്യാനും തൊട്ടുകൂടാത്തവരുടെ വിമോചനത്തിനുമായി വാദിച്ചിരുന്നു. കമ്യൂണിസ്‌റ്റുകാർ എപ്പോഴും വർഗസമരത്തെ സാമൂഹ്യ അടിച്ചമർത്തലിനെതിരായ  പോരാട്ടവുമായി കണ്ണിചേർക്കുമായിരുന്നു.

നവ ഉദാരവൽക്കരണവും ഹിന്ദുത്വവും ശക്തിപ്രാപിക്കുന്നത്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും കടുത്ത വെല്ലുവിളിയാണ്‌ ഉയർത്തുന്നത്‌. വർഗങ്ങളുടെ ഘടനയിലും മറ്റും നിയോലിബറൽ മുതലാളിത്തം വരുത്തിയ മാറ്റങ്ങൾ തൊഴിലാളിവർഗ, കർഷകപ്രസ്ഥാനങ്ങളുടെ വികാസത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്‌. ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകൾക്ക്‌‌ ബദൽ നയങ്ങൾ നടപ്പാക്കുന്നതിൽ പല പരിമിതികളും ഇത്‌ സൃഷ്ടിക്കുന്നുണ്ട്‌. സിപിഐ എമ്മും ഇടതുപക്ഷ ശക്തികളും ഈ സാഹചര്യം മുറിച്ചുകടക്കാനുതകുന്ന  അടവുപരമായ സമീപനങ്ങളും മുദ്രാവാക്യങ്ങളും ‌രൂപപ്പെടുത്തുകയാണ്‌.

കഴിഞ്ഞ ആറുവർഷമായി കേന്ദ്രാധികാരം കൈയാളുന്നത്‌ ഹിന്ദുത്വ ആശയപദ്ധതി അടിസ്ഥാനമാക്കിയ രാഷ്ട്രീയ പാർടിയാണ്‌. അവരെ നിയന്ത്രിക്കുന്നതാകട്ടെ ഫാസിസ്റ്റ്‌ സംഘടനയായ ആർഎസ്‌എസും. മതനിരപേക്ഷത, ജനാധിപത്യം, തൊഴിലാളിവർഗ ക്ഷേമം എന്നിവയ്‌ക്കെല്ലാം കടുത്ത ആഘാതമാണ്‌ ഈ ഭരണം സൃഷ്ടിക്കുന്നത്‌. സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത  അതിന്റെ സത്തയായ സാമ്രാജ്യത്വവിരുദ്ധത പങ്കുവയ്‌ക്കാത്ത ഈ രാഷ്ട്രീയശക്തി ഭരണഘടനയെ അട്ടിമറിക്കാനും സ്വേച്ഛാധിപത്യഭരണം സ്ഥാപിക്കാനുമാണ്‌ ശ്രമിക്കുന്നത്‌. സങ്കുചിതവും പിന്തിരിപ്പനുമായ ദേശീയവാദത്തിന്റെ പേരിലാണ്‌ ഈ ശ്രമം.

വ്യാജ ദേശീയതയെന്ന ഈ വെല്ലുവിളിയെ സാമ്രാജ്യത്വവിരുദ്ധതയും മതനിരപേക്ഷതയും എല്ലാവരെയും ഉൾക്കൊള്ളുന്ന ദേശീയതയുംകൊണ്ട്‌ നേരിടണം. സ്വാതന്ത്ര്യത്തിനായുള്ള സാമ്രാജ്യവിരുദ്ധ സമരത്തിന്റെ മുന്നണിപ്പടയായ കമ്യൂണിസ്റ്റുകാർക്കാണ്‌ അത്‌ ചെയ്യാൻ കഴിയുക. എല്ലാ ജനാധിപത്യ–-മതനിരപേക്ഷ ശക്തികളെയും അണിനിരത്താൻ കമ്യൂണിസ്റ്റ്‌,‌ ഇടതുപക്ഷ ശക്തികളുടെ ഐക്യം കെട്ടിപ്പടുക്കേണ്ടത്‌ അനിവാര്യമാണ്‌. ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ  പ്രത്യയശാസ്‌ത്ര അടിത്തറ മാർക്‌സിസം–-ലെനിനിസമാണ്‌. റിവിഷനിസത്തിനെതിരെ നടന്ന ദീർഘസമരത്തിന്റെ ഭാഗമായാണ്‌ 1964ൽ സിപിഐ എം രൂപംകൊണ്ടത്‌. ഉടൻതന്നെ ഇടതുപക്ഷ സാഹസികതയ്‌ക്കെതിരെയും സിപിഐ എമ്മിന്‌ പൊരുതേണ്ടി വന്നു. ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന വസ്‌തുനിഷ്‌ഠസാഹചര്യത്തിൽ മാർക്‌സിസം –-ലെനിനിസം പ്രയോഗിച്ചതിന്റെ ഫലമായി ഉണ്ടായ സിപിഐ എം പരിപാടി ജനകീയ ജനാധിപത്യവും അതുവഴി സോഷ്യലിസവുമാണ്‌ ലക്ഷ്യംവയ്‌ക്കുന്നത്‌. ഈ ശാസ്‌ത്രീയ സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും അടിസ്ഥാനത്തിൽ ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനം വർഗചൂഷണമില്ലാത്ത സാമൂഹ്യ അടിച്ചമർത്തലില്ലാത്ത ഒരു സമൂഹത്തിലേക്കാണ്‌ മുന്നേറാൻ ശ്രമിക്കുന്നത്‌.

ബഹുജന സംഘടനകളുടെ ആരംഭം

 സാമൂഹ്യ പരിവർത്തനത്തിനായി നാനാജനവിഭാഗങ്ങളെയാകെ അണിനിരത്തുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായി കമ്യൂണിസ്റ്റുകാർ വിവിധ വർഗ ബഹുജനസംഘടനകൾക്ക് രൂപംനൽകുന്നതിന് മുൻകൈെയടുത്തു. 1936ൽ തന്നെ മൂന്ന് അഖിലേന്ത്യാ സംഘടനകൾ–- ആൾ ഇന്ത്യ കിസാൻ സഭ (എഐകെഎസ്), ആൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ (എഐഎസ്എഫ്), പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ (പിഡബ്ല്യുഎ)–- രൂപീകരിക്കപ്പെട്ടു. കോൺഗ്രസിലെ ഇടതുപക്ഷ പുരോഗമന വിഭാഗങ്ങളുമായി ചേർന്ന് കമ്യൂണിസ്റ്റുകാരാണ് അവയുടെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചത്.

കിസാൻസഭ

കമ്യൂണിസ്റ്റുകാരുടെ പ്രവർത്തനങ്ങൾ വിശിഷ്യ, ആൾ ഇന്ത്യ വർക്കേഴ്സ് ആൻഡ് പെസന്റ്സ് പാർടിയിലൂടെയും മീറത്ത്‌ ഗൂഢാലോചന കേസിലെ കുറ്റാരോപിതരുടെ പൊതുപ്രസ്താവനയിലൂടെയും വിശദീകരിക്കപ്പെട്ട ആശയങ്ങൾ  ഇടതുപക്ഷത്തിന്റെ വ്യാപനത്തിന് വലിയ സംഭാവന നൽകി; കൃഷിക്കാർക്കിടയിൽ ഇത് ഗണ്യമായ സ്വാധീനം ചെലുത്തി. തങ്ങളുടേതായ ഒരു സ്വതന്ത്ര വർഗ സംഘടന രൂപപ്പെടുത്തുകയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതുകയും ചെയ്യുക എന്ന കാഴ്ചപ്പാടോടെ അവർ പ്രവർത്തിക്കാൻ ആരംഭിച്ചു. കിസാൻസഭയ്ക്കു കീഴിൽ കർഷകജനസാമാന്യത്തെ സംഘടിപ്പിച്ചുകൊണ്ട് അവരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിന്റെ മുൻനിരയിൽ കമ്യൂണിസ്റ്റുകാരായിരുന്നു.

ഈ കാലഘട്ടത്തിൽ നിലനിന്നിരുന്ന മർദനപരമായ നികുതി സംവിധാനത്തിനും ചൂഷണത്തിനുമെതിരെ പടുകൂറ്റൻ സമരങ്ങൾ നടന്നു. നിർബന്ധിതമായി പണിയെടുപ്പിക്കലിനും (അടിമവേല) മറ്റു രൂപങ്ങളിലുള്ള ചൂഷണത്തിനുമെതിരെയുള്ള പ്രക്ഷോഭങ്ങളായിരുന്നു അവ. 1930കളിലെ രൂക്ഷമായ സാമ്പത്തികപ്രതിസന്ധി കർഷകജനതയുടെ ബാധ്യതകൾ പിന്നെയും വർധിപ്പിച്ചു. 1936ൽ അഖിലേന്ത്യാ കിസാൻ സഭ രൂപീകരിക്കുന്നതിനുമുമ്പ്‌ അടിയന്തരാശ്വാസത്തിനായി മാത്രമല്ല,  മറിച്ച് ഭൂപ്രഭുവ്യവസ്ഥയ്ക്കെതിരെയും വ്യക്തമായ ദിശാബോധത്തോടെയുമുള്ള സുവ്യക്തമായ പരിപാടിയോടുകൂടി വിവിധ സംസ്ഥാനതല സംഘടനകൾ രൂപീകൃതമായി. കൃഷിക്കാരെ സംഘടിപ്പിക്കുന്നതിനും അവരെ സമരങ്ങളിലേക്ക് നയിക്കുന്നതിനും കമ്യൂണിസ്റ്റ് നേതാക്കൾ കോൺഗ്രസ് സോഷ്യലിസ്റ്റുകളുമായി കൈകോർത്തു.

കിസാൻസഭയുടെ സ്ഥാപക സമ്മേളനം (1930) ലഖ്നൗവിൽ ചേർന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തോട്‌ അനുബന്ധിച്ചായിരുന്നു. വർഗസംഘടനയെന്ന നിലയിൽ പ്രത്യേക അസ്തിത്വം സൂക്ഷിക്കുന്നതിനൊപ്പം ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി കിസാൻ സഭയെ ഉയർത്തിക്കാണിക്കുകയെന്നതായിരുന്നു ആശയം. ഇ എം എസ് നമ്പൂതിരിപ്പാടിനെയും ഹർകിഷൻ സിങ് സുർജിത്തിനെയുംപോലെയുള്ള പിൽക്കാല തലമുറയിലെ പല കമ്യൂണിസ്റ്റ് നേതാക്കളും ഈ സ്ഥാപക സമ്മേളനത്തിൽ പങ്കെടുത്തു.

വിദ്യാർഥി ഫെഡറേഷൻ

റഷ്യൻ വിപ്ലവം സംബന്ധിച്ച കൃതികൾ, സോഷ്യലിസമുണ്ടാക്കിയ നേട്ടങ്ങൾ, ഭഗത്സിങ്ങിനെപ്പോലെയുള്ള ഇന്ത്യൻ വിപ്ലവകാരികളുടെ പ്രവർത്തനങ്ങൾ എന്നിവ യുവജനങ്ങൾക്കിടയിൽ അതിഗംഭീരമായ സ്വാധീനം ചെലുത്തിയിരുന്നു. കമ്യൂണിസ്റ്റുകാരുടെ സ്വാധീനം മനസ്സില്ലാമനസ്സോടെ കോൺഗ്രസ് അംഗീകരിച്ചിരുന്ന ഒരു വസ്തുതയാണ്; ബ്രിട്ടീഷുകാരെ ഈ വസ്തുത വളരെയേറെ ആശങ്കപ്പെടുത്തുകയുമുണ്ടായി.

ഭഗത്സിങ്ങും സഹപ്രവർത്തകരും സ്ഥാപിച്ച നവ്ജവാൻ ഭാരത്‌സഭ പഞ്ചാബ് പ്രദേശത്തെ വലിയൊരു വിഭാഗം യുവജനങ്ങളെയും വിദ്യാർഥികളെയും ആകർഷിച്ചു. ബോംബെ പ്രദേശ് യൂത്ത്‌ലീഗും ആൾ ബംഗാൾ സ്റ്റുഡന്റ്സ് അസോസിയേഷനും (പിന്നീട് ഇത് പിളർന്ന് ബംഗാൾ പ്രദേശ് സ്റ്റുഡന്റ്സ് അസോസിയേഷൻ രൂപീകരിക്കപ്പെട്ടു) ഈ കാലത്ത് രൂപീകരിച്ച സമാനമായ മറ്റു ചില സംഘടനകളാണ്. ഈ സംഘടനകളുടെ സമ്മേളനങ്ങൾ പാസാക്കിയ പ്രമേയങ്ങൾ സമ്പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു; ഏറെ പ്രധാനപ്പെട്ട കാര്യം വർഗീയതയ്ക്കെതിരായും അവ പ്രമേയം പാസാക്കിയെന്നതാണ്.

മീററ്റ്‌ ഗൂഢാലോചനക്കേസും ലാഹോർ ഗൂഢാലോചനക്കേസും (ഇതിലാണ് ഭഗത്‌സിങ്ങിനെയും സഖാക്കളെയും ഉൾപ്പെടുത്തിയിരുന്നത്) വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമിടയിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് മീററ്റ്, പഞ്ചാബ്, ബോംബെ എന്നിവിടങ്ങളിൽ വിദ്യാർഥി സംഘടനകൾ ഈ വിചാരണകളെ അപലപിച്ചുകൊണ്ടുള്ള പ്രമേയങ്ങൾ പാസാക്കുകയും ഡിഫൻസ് കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു. മീററ്റ് കോളേജിലെ വിദ്യാർഥികൾ ഈ ആവശ്യത്തിനായി മീററ്റ് കമ്യൂണിസ്റ്റ്സ് സേവാ സംഘ് രൂപീകരിച്ചു. ഈ കാലഘട്ടത്തിൽത്തന്നെ, ചന്ദ്രരാജേശ്വര റാവുവിനെപ്പോലെയുള്ള നേതാക്കൾ തന്റെ സഹപ്രവർത്തകർക്കൊപ്പം 1931ൽ ബനാറസ് സർവകലാശാലയിൽ യങ് കമ്യൂണിസ്റ്റ് രൂപീകരിച്ചു.

മദ്രാസ് പ്രസിഡൻസിയിൽ സമ്പൂർണ സ്വാതന്ത്ര്യം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ 1935ൽ പുരോഗമന യുവസമ്മേളനം ചേർന്നു. ഈ പശ്ചാത്തലത്തിലാണ് ഈ പ്രവിശ്യാ വിദ്യാർഥി സംഘടനകളെയെല്ലാം ഏകോപിപ്പിക്കുന്നതിനും അഖിലേന്ത്യാ സംഘടന രൂപീകരിക്കുന്നതിനുമുള്ള പരിശ്രമങ്ങൾ നടന്നത്. ഈ പരിശ്രമങ്ങൾ 1936ൽ സഫലമായി; യുണൈറ്റഡ് പ്രൊവിൻസിലെ (ഉത്തർപ്രദേശ്) വിദ്യാർഥികളാണ് ഈ ഉത്തരവാദിത്തം ഏറ്റെടുത്ത് 1936ൽ സമ്മേളനം സംഘടിപ്പിച്ചത്. പുരോഗമന സാഹിത്യസംഘടന (പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ)

1936ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനവേളയിൽ ലഖ്നൗവിൽ ആയിരുന്നു പുരോഗമന സാഹിത്യസംഘടനയുടെ (പിഡബ്ല്യുഎ) സ്ഥാപക സമ്മേളനം ചേർന്നത്. അഖിലേന്ത്യാ പുരോഗമന സാഹിത്യസംഘടനയുടെ രൂപീകരണത്തിന് പ്രചോദനമായത് മാക്സിം ഗോർക്കിയുടെയും യൂറോപ്പിലെ പുരോഗമനവാദികളായ മറ്റ് എഴുത്തുകാരുടെയും നേതൃത്വത്തിൽ രൂപംകൊണ്ട ഫാസിസ്റ്റു വിരുദ്ധരായ എഴുത്തുകാരുടെ സംഘടനയാണ്. കമ്യൂണിസ്റ്റുകാർ മുൻകൈയെടുത്ത് രൂപീകരിച്ച സംഘടനയ്ക്ക് രവീന്ദ്രനാഥ ടാഗോറിന്റെയും സരോജിനി നായിഡുവിന്റെയും മുൻഷി പ്രേംചന്ദിന്റെയും മുൽക്‌ രാജ്‌ ആനന്ദിന്റെയും രാജ്യത്തെ മറ്റ് ഒന്നാംകിട എഴുത്തുകാരുടെയും അനുഗ്രഹാശംസകൾ ഉണ്ടായിരുന്നു.

(കടപ്പാട്: പീപ്പിൾസ് ഡെമോക്രസി)

പാർടിക്ക്‌ അഖിലേന്ത്യാ കേന്ദ്രം

കമ്യൂണിസ്റ്റ് പാർടി 1920ൽ സ്ഥാപിക്കപ്പെട്ടുവെങ്കിലും ആദ്യത്തെ ഒരു ദശകക്കാലത്തുടനീളം സ്ഥിരമായി പ്രവർത്തിക്കുന്ന കേന്ദ്ര നേതൃത്വമില്ലാതെ പ്രവർത്തനം നടത്തേണ്ടതായി വന്നു. കമ്യൂണിസ്റ്റ് പാർടി ഉണ്ടായിരുന്നുവെന്നതും ഓരോ പാർടി അംഗവും രാഷ്ട്രീയവും സംഘടനാപരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നതും ശരിയാണ്. എന്നാൽ, അവരുടെ മുഖ്യപ്രവർത്തനമണ്ഡലം, പ്രത്യേകിച്ചും 1920കളുടെ രണ്ടാം പകുതിയിൽ പെസന്റ്സ് ആൻഡ് വർക്കേഴ്സ് പാർടി ആയിരുന്നു. ഒരു ബഹുജന വിപ്ലവ പാർടി കെട്ടിപ്പടുക്കുന്നതിലായിരുന്നു അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്; അതിൽ കമ്യൂണിസ്റ്റ് ഇതരർക്കുപോലും പങ്കുവഹിക്കാനുണ്ടായിരുന്നു.

പരസ്യമായി കേന്ദ്രീകൃതമായ ഒരു കമ്യൂണിസ്റ്റ് പാർടി രൂപീകരിക്കുന്നതിനുള്ള ശ്രമം നടക്കവേയാണ്‌ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർക്കുമേൽ മീററ്റ് കേസ് അടിച്ചേൽപ്പിക്കപ്പെട്ടത്. 1928 ഡിസംബർ 27 മുതൽ 29 വരെ കൽക്കത്തയിൽ ചേർന്ന സിപിഐയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ രഹസ്യയോഗത്തിൽ ഇത് ചർച്ച ചെയ്യപ്പെടുകയുണ്ടായി. എന്നാൽ, എന്തെങ്കിലുമൊരു നടപടി കൈക്കൊള്ളുന്നതിനുമുമ്പ്‌, ഇതുസംബന്ധിച്ച് മൂർത്തമായ തീരുമാനത്തിൽ എത്തിച്ചേരുന്നതിനു മുമ്പുതന്നെ മിക്കവാറും എല്ലാ പ്രമുഖ നേതാക്കളും അറസ്റ്റ്‌ ചെയ്യപ്പെട്ടു; ഇത് എല്ലാ പ്രമുഖ കമ്യൂണിസ്റ്റ് പ്രവർത്തനകേന്ദ്രങ്ങളിലും സംഘടനാപരമായ വിടവിന് ഇടയാക്കി.

ഒറ്റപ്പെട്ട കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ പ്രവർത്തനം നടത്തിയിരുന്നെങ്കിലും പ്രത്യയശാസ്ത്രപരമോ സംഘടനാപരമായിപ്പോലുമോ ഏകീകൃത സ്വഭാവം ഉണ്ടായിരുന്നില്ല. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ശേഷിയുള്ള കേന്ദ്ര സംഘടനയും ഉണ്ടായിരുന്നില്ല. വ്യത്യസ്ത കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ പരസ്പരം ബന്ധപ്പെടാതെ വേറിട്ട് നിൽക്കുകയായിരുന്നു. അതേസമയത്ത്, 1933 ആദ്യം ജാമ്യം നേടി ജയിലിനുപുറത്തുവന്ന ഡോ. ജി അധികാരി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന വിവിധ മാർക്സിസ്റ്റ്–- ഇടതുപക്ഷ ഗ്രൂപ്പുകളെ ചലിപ്പിക്കുന്നതിലും ഏകീകൃതമായ ഒരു പാർടി വീണ്ടും രൂപപ്പെടുത്തുന്നതിലും പ്രമുഖമായ പങ്കുവഹിക്കുകയുണ്ടായി.

മീററ്റ് തടവുകാരുടെ മോചനത്തോടുകൂടി, അവർ തടവിലാക്കപ്പെട്ടതോടെ അറ്റുപോയ പഴയബന്ധം പുനഃസ്ഥാപിക്കപ്പെട്ടുവെന്നുമാത്രമല്ല, നിരവധി പുതിയ വ്യക്തികളും ഗ്രൂപ്പുകളും പാർടിയിലേക്ക് ആകൃഷ്ടരാകുകയുമുണ്ടായി. ജയിൽ മോചിതരായ വിപ്ലവകാരികളായ  ദേശീയവാദികളിൽ ഗണ്യമായ വിഭാഗത്തിനും ഗാന്ധിയൻ സമരശൈലിയുടെ പാപ്പരത്തത്തെക്കുറിച്ചും സ്വാതന്ത്ര്യസമരത്തെ സോഷ്യലിസത്തിലേക്കും കമ്യൂണിസത്തിലേക്കും നയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധ്യപ്പെടുകയുണ്ടായി. സോഷ്യലിസ്റ്റ്–- കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾക്ക് വളരാൻ അനുയോജ്യമായ ഇത്തരമൊരന്തരീക്ഷത്തിലാണ് കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ സ്ഥിരമായി പ്രവർത്തിക്കുന്ന കേന്ദ്ര നേതൃത്വത്തോടുകൂടി ഉയർന്നുവന്നത്.

1933 ഡിസംബറിൽ ബംഗാളിലെ കമ്യൂണിസ്റ്റുകാർ കൽക്കത്തയിൽ അഖിലേന്ത്യാ സമ്മേളനം വിളിച്ചുചേർത്തു. ഡോ. ജി അധികാരി, അബ്ദുൾ ഹാലിം, സോമനാഥ് ലാഹിരി, ഡോ. രണേൻസെൻ (ബംഗാൾ), പി സി ജോഷി (കാൺപുർ), എസ് ജി പടാക്ക, ഗുർദീപ്‌സിങ് (പഞ്ചാബ്) എന്നിവർ ഇതുസംബന്ധിച്ച കൂടിയാലോചനകളിൽ പങ്കെടുത്തു. മൂന്ന് വിധത്തിൽ ആ യോഗം പ്രാധാന്യമർഹിക്കുന്നതായിരുന്നു: (1) സിപിഐയുടെ താൽക്കാലിക കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു. (2) താൽക്കാലികമായി കരട് നിയമാവലി അംഗീകരിക്കപ്പെട്ടു. (3) കരട് രാഷ്ട്രീയ തീസിസ് അംഗീകരിക്കപ്പെട്ടു. ഡോ. അധികാരിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു; പ്രൊവിൻഷ്യൽ (പ്രവിശ്യാ)കമ്മിറ്റികൾ എത്രയും വേഗം പുനഃസംഘടിപ്പിക്കണമെന്നും തീരുമാനിച്ചു.

കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും രൂപീകരിക്കപ്പെട്ടത്, കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ രേഖകൾ കമ്യൂണിസ്റ്റുകാർക്കും ഇടതുപക്ഷക്കാർക്കും ലഭ്യമാക്കൽ, ഇന്ത്യൻ രാഷ്ട്രീയസാഹചര്യം, ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ, ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരുമായി ബന്ധം സ്ഥാപിക്കൽ എന്നിത്യാദി കാര്യങ്ങളിൽ കമ്യൂണിസ്റ്റ് പാർടിയുടെ കാഴ്ചപ്പാടും നയങ്ങളും വിശദീകരിക്കുന്ന രേഖകൾ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾകൊണ്ട് അടയാളപ്പെടുത്തപ്പെട്ടു.

സിപിഐയുടെ താൽക്കാലിക കേന്ദ്രകമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയ തീസിസ്, കേന്ദ്രീകൃതവും അച്ചടക്കമുള്ളതും ഏകീകരിക്കപ്പെട്ടതും ബഹുജന സ്വഭാവമുള്ളതും ഒളിവിൽ പ്രവർത്തിക്കുന്നതുമായ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കലാണ് അടിസ്ഥാനപരവും മുഖ്യവുമായ കടമയെന്ന് തറപ്പിച്ചുപറയുകയുണ്ടായി. കരട് തീസിസ് അംഗീകരിച്ച സിപിഐ കോമിന്റേണുമായി ഔപചാരികമായി അഫിലിയേറ്റ് ചെയ്തു. ഇതോടെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം പുതിയൊരു ഗതിക്രമത്തിലേക്ക് കടന്നു.

കൽക്കത്ത യോഗത്തിന്റെ നേതൃത്വത്തെയും  തീരുമാനങ്ങളെയും കോമിന്റേൺ അംഗീകരിച്ചു; 1934ൽ കോമിന്റേൺ മുഖപത്രമായ ഇംപ്രെക്കോറിൽ രണ്ട് പ്രധാന രേഖ പ്രസിദ്ധീകരിച്ചു–-താൽക്കാലിക കരട് നിയമാവലിയും കരട് രാഷ്ട്രീയ തീസിസും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര നേതൃത്വം കമ്യൂണിസ്റ്റ് ഇന്റർനാഷണൽ നിർദേശിച്ച ചട്ടക്കൂടിനുള്ളിൽ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിലെ മാറ്റങ്ങൾ വിലയിരുത്തിക്കൊണ്ട് പ്രവർത്തനമാരംഭിച്ചു. ദേശീയവും സാർവദേശീയവുമായ സാഹചര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരുന്നതിനാൽ ഇത് എളുപ്പമുള്ള കടമയായിരുന്നില്ല.

തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രനേതൃത്വം (വ്യക്തികളുടെ മാറ്റത്തോടുകൂടി) 1964ൽ പാർടി പിളർന്നതുവരെ തുടർന്നു. മുമ്പ്‌ നടത്തിയ നിഷ്ഫലമായ ശ്രമങ്ങൾക്കുപരി 1933–-34 കാലത്താണ് പാർടി സെന്ററിന്റെ വിജയകരമായ രൂപീകരണം സാധ്യമായത് എന്ന് ഒറ്റവാക്യത്തിൽ പറയാൻ കഴിയും. 1934ഓടുകൂടി കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ ഒരു ദശകത്തിലേറെക്കാലത്തെ മർദന നടപടികളെയെല്ലാം അതിജീവിച്ചുകൊണ്ട് സജീവമായി പ്രവർത്തനമാരംഭിച്ചു.

(കടപ്പാട്‌: പീപ്പിൾസ്‌ ഡെമോക്രസി)

ആദ്യ പാർടി കോൺഗ്രസ്‌ ബോംബെയിൽ

 കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ (സിപിഐ) ഒന്നാം കോൺഗ്രസ് 1943ൽ ബോംബെയിൽ ചേർന്നു. മെയ് 23 മുതൽ ജൂൺ ഒന്നുവരെ എട്ട്‌ ദിവസമായാണ് സമ്മേളനം നടന്നത്. 15563 മെമ്പർഷിപ്പിനെ പ്രതിനിധാനംചെയ്‌ത്‌ 139 പേർ പങ്കെടുത്തു.  പാർടിയുടെയും ട്രേഡ് യൂണിയനുകളുടെയും കിസാൻ സഭയുടെയും മറ്റ് ബഹുജന സംഘടനകളുടെയും മെമ്പർഷിപ്പിൽ  വർധനയുണ്ടായ പശ്ചാത്തലത്തിലാണ് പാർടി കോൺഗ്രസ് ചേർന്നത്.

സർവോപരി, രാജ്യത്ത് നിലവിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകളാകെ ഒരൊറ്റ ശക്തമായ കമ്യൂണിസ്റ്റ് പാർടിയായി വിളക്കിച്ചേർക്കപ്പെട്ടു. 1941ൽ  ഘാദ്രി കീർത്തി ഗ്രൂപ്പ് പാർടിയിൽ ലയിക്കുകയും ബാബ സോഹൻസിങ് ഭാക്നയെപ്പോലുള്ള അതിന്റെ നേതാക്കൾ പ്രതിനിധികളായി ഒന്നാം കോൺഗ്രസിൽ പങ്കെടുക്കുകയും ചെയ്തു.

1933 അവസാനം 150 ആയിരുന്ന പാർടി മെമ്പർഷിപ്പ് 1942ൽ 4400 ആയും 1943ലെ മെയ് ദിനത്തോടെ അത് 15,563 ആയും വളർന്നുവെന്ന് കോൺഗ്രസിൽ അവതരിപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി.  2637 മുഴുവൻസമയ പ്രവർത്തകരുമുണ്ടായിരുന്നു.  32,166 വളന്റിയർമാരും കിഷോർ ബാഹിനിയിൽ (യുവജന സംഘടന) 9,000 അംഗങ്ങളും വനിതാ സംഘടനയിൽ 41,100 അംഗങ്ങളും (ഇതിൽ 700 പേർ പാർടി അംഗങ്ങളായിരുന്നു; അംഗങ്ങളിൽ അഞ്ച്‌ ശതമാനം വനിതകളുള്ള ഏക പാർടിയായിരുന്നു അന്ന് കമ്യൂണിസ്റ്റ് പാർടി) വിദ്യാർഥി സംഘടനയിൽ 39,155 അംഗങ്ങളും കിസാൻ സഭയിൽ 3,85,370 അംഗങ്ങളും (ഇതിൽ 5500 പേരും പാർടി അംഗങ്ങളായിരുന്നു) ട്രേഡ് യൂണിയനുകളിൽ 3,01,400 അംഗങ്ങളും (4000 പാർടി അംഗങ്ങളായിരുന്നു) ഉണ്ടായിരുന്നു. എസ് എ  ഡാങ്കെയും ബങ്കിം മുഖർജിയും യഥാക്രമം ട്രേഡ് യൂണിയന്റെയും കിസാൻ സഭയുടെയും പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു.

ക്രെഡൻഷ്യൽ റിപ്പോർട്ട് പ്രകാരം 139 പ്രതിനിധികളിൽ 22 തൊഴിലാളികളും 25 കർഷകരും 86 ബുദ്ധിജീവികളും  മൊത്തം പ്രതിനിധികളിൽ 13 സ്ത്രീകളും മൂന്നു ദളിതരും 13 മുസ്ലിങ്ങളും എട്ട്‌ സിഖുകാരും രണ്ട് പാഴ്സികളും ഒരു ജൈനനും ഉണ്ടായിരുന്നു. പാർടിക്കുമേലുണ്ടായിരുന്ന നിരോധനം പിൻവലിച്ചെങ്കിൽപ്പോലും ഒന്നാം കോൺഗ്രസ് നടന്ന സമയത്തും 695 പാർടി അംഗങ്ങൾ ജയിലുകളിൽ നരകയാതന അനുഭവിക്കുകയായിരുന്നു. അവരിൽ 105 പേർ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നവരായിരുന്നു; പ്രതിനിധികളിൽ 70 ശതമാനം പേരും ഒന്നോ അതിലധികമോ തവണ ജയിലിൽ കഴിഞ്ഞവരായിരുന്നു.  എല്ലാ പ്രതിനിധികളുടെയും ജയിൽവാസ കാലാവധി കൂട്ടിയാൽ അത് 411 വർഷം വരും. പാർടി നേതാക്കളുടെ രാഷ്ട്രീയ ജീവിതത്തിലെ പകുതിയോളം കാലം ജയിലുകൾക്കുള്ളിലായിരുന്നു ചെലവഴിക്കപ്പെട്ടിരുന്നത്. അവരിൽ രണ്ടു പേർ സ്ത്രീകളായിരുന്നു.കൽപ്പന ദത്തും കമല ചാറ്റർജിയും; ഇവർ ഇരുവരും ഏഴരവർഷംവീതം ജയിലിൽ കഴിഞ്ഞിരുന്നു.

പാർടിയിലുള്ളവരുടെ പ്രായഘടനയും പ്രതിനിധിസംഘം പ്രതിഫലിപ്പിക്കുന്നുണ്ട്‌. 68 ശതമാനം പേർ 35 വയസ്സിൽ താഴെയും പ്രായമുള്ളവരാണ്; എന്നാൽ, എട്ട്‌ പ്രതിനിധികൾ ആദ്യ പഥികരാണ്; അവർ 1929നു മുമ്പുതന്നെ പാർടിയിൽ ചേർന്നവരാണ്. പ്രതിനിധികളിൽ ഒരാൾപോലും നിരക്ഷരനല്ല എന്ന പ്രത്യേകതയുമുണ്ട്.

പൊതുയോഗത്തോടുകൂടിയാണ് കോൺഗ്രസ് ആരംഭിച്ചത്; ഏകദേശം 25,000 ആളുകൾ ആ പങ്കെടുത്തിരുന്നു. സഖാക്കൾ മുസഫർ അഹമ്മദ്, എസ് എ ഡാങ്കെ, പഴയൊരു തൊഴിലാളിയും ബോംബെ പ്രവിശ്യയുടെ സെക്രട്ടറിയുമായിരുന്ന ഭയ്യാജി കുൽക്കർണി, കേരളത്തിൽ നിന്നുള്ള പി കൃഷ്ണപിള്ള, കൽക്കത്തയിൽ നിന്നുള്ള മഹിളാ നേതാവ് മണികുന്തള  സെൻ, റെയിൽവേ തൊഴിലാളിയും ബോംബെ കമ്മിറ്റിയുടെ സെക്രട്ടറിയുമായിരുന്ന ഡി എസ് വൈദ്യ, വിദ്യാർഥി നേതാവായിരുന്ന നർഗീസ് ബാട്‌ലിവാല എന്നിവരായിരുന്നു പ്രസീഡിയത്തിൽ ഉണ്ടായിരുന്നത്.  ബങ്കിം  മുഖർജി പതാക ഉയർത്തി; ബാബ സോഹൻ സിങ്‌ ഭക്ന രക്തസാക്ഷിപ്രമേയം അവതരിപ്പിച്ചു.

പാർടി ജനറൽ സെക്രട്ടറി പി സി ജോഷി ഒമ്പത്‌ മണിക്കൂർ എടുത്താണ് രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചത്. "തൊഴിലാളിവർഗത്തിന്റെ  കടമകളും ദേശീയ പ്രതിരോധവും' സംബന്ധിച്ച റിപ്പോർട്ട് ബി ടി രണദിവെ അവതരിപ്പിച്ചു. ഗ്രൂപ്പുകൾക്കിടയിലെ റിപ്പോർട്ടുകൾ കേൾക്കുന്നതിനും ചർച്ചകൾക്കും ചർച്ചകളുടെ  റിപ്പോർട്ടിങ്ങിനുമായാണ് ഏറെ സമയവും ചെലവിട്ടത്.  ആറു സഹോദര പാർടികൾ ബ്രിട്ടൻ,  ദക്ഷിണാഫ്രിക്ക, അമേരിക്ക, ചിലി, ക്യൂബ, ക്യാനഡ എന്നിവർ കോൺഗ്രസിന് ആശംസ അർപ്പിച്ച്‌ സന്ദേശങ്ങൾ അയച്ചപ്പോൾ ശ്രീലങ്കയിൽനിന്നും ബർമയിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു.

ചിറ്റഗോങ്ങിൽ നിന്നുള്ളവരെപ്പോലെ ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ ജീവൻ ത്യജിച്ചവരുടെ ധീരരായ അമ്മമാരും രോഗാവസ്ഥയിലുള്ള പാർടി നേതാക്കളും പാർടി കോൺഗ്രസിന് അഭിവാദ്യമർപ്പിച്ച് സന്ദേശങ്ങൾ അയച്ചിരുന്നു.

പി സി ജോഷി അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തിൽ സാർവദേശീയ, ദേശീയ പശ്ചാത്തലവും കമ്യൂണിസ്റ്റ് പാർടി അംഗീകരിച്ച അടവും വ്യാവസായിക ഉൽപ്പാദനവും ഭക്ഷ്യ ഉൽപ്പാദനവും വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിന്റെയും സമഗ്രമായ ജനകീയ ഐക്യം കെട്ടിപ്പടുക്കേണ്ടതിന്റെയും ആവശ്യകതയും അതിന്റെ കാരണങ്ങളുമെല്ലാം വിശദീകരിച്ചു. ഇതിനെത്തുടർന്ന് വിവിധ പ്രവിശ്യാ സെക്രട്ടറിമാർ പ്രവർത്തനങ്ങളും  അനുഭവങ്ങളും വിശദീകരിക്കുന്ന റിപ്പോർട്ടുകൾ അവതരിപ്പിച്ചു.  ഭക്ഷ്യഉൽപ്പാദനം വർധിപ്പിക്കേണ്ടതിന്റെ  ആവശ്യകതയെ സംബന്ധിച്ച് ഇ എം എസും വിദ്യാർഥികളെക്കുറിച്ച് അരുണും ബാലസംഘത്തെക്കുറിച്ച് കുഞ്ഞനന്തനും കനകും യശോദയും അന്നപൂർണയും പൂരൺ മേത്തയും വനിതകളെ സംബന്ധിച്ചും സംസാരിച്ചു. ജി അധികാരി പുതിയ നിയമാവലി അവതരിപ്പിച്ചു.

കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം പ്രസ്താവിച്ചത് ഇപ്പോഴത്തെ മുഖ്യ കടമ "ദേശീയ ഗവൺമെന്റ് നേടിയെടുക്കുന്നതിന് ദേശീയ പ്രതിരോധത്തിനായി ദേശീയ ഐക്യം' ആണെന്നാണ്. "എല്ലാ രാഷ്ട്രീയ നേതാക്കളെയും മോചിപ്പിക്കുക', "ഭക്ഷ്യപ്രശ്നത്തിൽ ഇടപെടൽ', "പൂഴ്ത്തി വയ്പിനെതിരെയും ഭക്ഷ്യ കലാപങ്ങൾ തടയുന്നത് ഉറപ്പുവരുത്തുന്നതിനായും' "അഞ്ചാം പത്തികളെ ഒറ്റപ്പെടുത്തുന്നതിനു'വേണ്ടിയും എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കൊപ്പം ഈ  കടമകൾ നിറവേറ്റുന്നതിനായുള്ള ക്യാമ്പയിനുകൾക്കായി പാർടി ഒന്നടങ്കം രംഗത്തിറങ്ങണമെന്നും  പ്രമേയം ആഹ്വാനം ചെയ്തു.

ഫാസിസത്തിന്റെ പരാജയം ഉറപ്പുവരുത്താനും വ്യാവസായിക ഉൽപ്പാദനവും ഭക്ഷ്യ ഉൽപ്പാദനവും വർധിപ്പിക്കുന്നതിനുവേണ്ടി പ്രവർത്തിക്കാനും ഒന്നിച്ചുനിൽക്കാനും കോൺഗ്രസ് തൊഴിലാളികളെയും കർഷകരെയും ആഹ്വാനംചെയ്തു. അവർ ഈ ലക്ഷ്യത്തിനായി ഒന്നിച്ചു നീങ്ങുന്നില്ലെങ്കിൽ അവർക്ക് തങ്ങളുടെ സംഘടന ശക്തിപ്പെടുത്താനോ "ആവശ്യമായ നിലയിൽ ക്ഷാമബത്ത, കൂലി വർധന,  ബോണസ്, യൂണിയനുകളുടെ അംഗീകാരം, തരിശുഭൂമി വിതരണം, ജലസേചന സൗകര്യം, വിത്ത്, പാട്ടവും പലിശയും ഇളവ് നൽകലോ  ആശ്വാസം നൽകലോ' തുടങ്ങിയവപോലുള്ള ആവശ്യങ്ങൾ നേടിയെടുക്കാനോ കഴിയില്ലെന്ന കാര്യവും പ്രമേയം അവരോട് വ്യക്തമാക്കി. വിദ്യാർഥികളുടെ ഐക്യത്തിനായും ആഹ്വാനം ചെയ്തു.

"ഒരു ബഹുജന രാഷ്ട്രീയശക്തിയിൽനിന്ന്‌ ഒരു ബഹുജന രാഷ്ട്രീയസംഘടന'യായി പാർടിയെ പരിവർത്തനപ്പെടുത്താനും "അധ്വാനിക്കുന്ന ജനലക്ഷങ്ങൾക്കുമപ്പുറം ഇന്ത്യയിലെ മൊത്തം ജനങ്ങൾക്കുമേൽക്കൂടി' പാർടിയുടെ രാഷ്ട്രീയസ്വാധീനം ഉറപ്പാക്കാനും പാർടി കോൺഗ്രസ് തീരുമാനിച്ചു. പാർടി അംഗങ്ങളുടെയും മുഴുവൻസമയ പ്രവർത്തകരുടെയും വളന്റിയർമാരുടെയും എണ്ണവും ഫണ്ടും അതിനൊപ്പം ട്രേഡ് യൂണിയനുകളുടെയും കിസാൻസഭയുടെയും വിദ്യാർഥി സംഘടനകളുടെയും മഹിളാ സംഘടനയുടെയും കുട്ടികളുടെ സംഘടനയുടെയും മെമ്പർഷിപ്പും  വർധിപ്പിക്കുന്നതിനും പാർടി കോൺഗ്രസ് തീരുമാനിച്ചു.

രാഷ്ട്രീയ സാഹചര്യങ്ങൾ ശരിയായി മനസ്സിലാക്കുന്നതിലും അടവുകൾ നിശ്ചയിക്കുന്നതിലും എന്തെല്ലാം പരിമിതികളുണ്ടെങ്കിലും എല്ലാ പ്രമേയങ്ങളും റിപ്പോർട്ടുകളും അംഗീകരിച്ചത് ഏകകണ്ഠമായിട്ടായിരുന്നു.  സെൻട്രൽ കമ്മിറ്റിയെയും ജനറൽ സെക്രട്ടറിയെയും തെരഞ്ഞെടുത്തു. സ്വയം വിമർശനപരമായ ചർച്ചകളിൽനിന്ന് വളരെയേറെ കാര്യങ്ങൾ പഠിച്ചുവെന്ന് ഏകകണ്ഠമായി ചിന്തിച്ചു എന്നാണ് കോൺഗ്രസിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യവെ പി സി ജോഷി പ്രസ്താവിച്ചത്. പാർടിയുടെ സ്ഥാപകാംഗമായ മുസഫർ അഹമ്മദ് സമാപനപ്രസംഗം നടത്തി.

(കടപ്പാട്‌: പീപ്പിൾസ്‌ ഡെമോക്രസി)

മുസഫർ അഹമ്മദ്‌ ധീരനായ കമ്യൂണിസ്‌റ്റ്‌

 ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ മുന്നിൽ നയിച്ചവരിൽ പ്രമുഖ സ്ഥാനമായിരുന്നു മുസഫർ അഹമ്മദിന്‌. ബംഗ്ലാദേശിലെ നവഖാലി ജില്ലയിലെ സാൻ ഡ്വിപ്പിൽ 1889 ആഗസ്ത് അഞ്ചിനാണ്‌ സഖാവ് മുസഫർ അഹമ്മദ് ജനിച്ചത്‌. 1913ൽ മെട്രിക്കുലേഷൻ പരീക്ഷ പാസായ അദ്ദേഹം കൽക്കത്തയിലേക്ക് പോയി ഹുഗ്ലി മൊഹ്സിൻ കോളേജിൽ ചേർന്നു.  1910കളുടെ ഒടുവിലും 1920കളുടെ തുടക്കത്തിലും നഗരത്തിലെ ദരിദ്രരുമായി നടത്തിയ ആശയവിനിമയമായിരുന്നു മുസഫർ അഹമ്മദിന്റെ രാഷ്ട്രീയപരിവർത്തനത്തിൽ പ്രധാന പങ്കുവഹിച്ചത്. കൽക്കത്ത നഗരത്തിന്റെ വിശാലമായ പശ്ചാത്തലവും അദ്ദേഹത്തിന്റേതായ സങ്കടങ്ങളും ഒരു രാഷ്ട്രീയപ്രക്ഷോഭകാരിയാക്കി മാറ്റി.  1918ലാണ്‌ പാർടിയുടെ മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായി മാറിയത്‌. 1973 ഡിസംബർ 18ന് അന്തരിക്കുന്നതുവരെ, അവസാനശ്വാസംവരെ ആ നില തുടർന്നു. പഠനശേഷം  ശ്രദ്ധ തൊഴിലാളികളുടെ പ്രശ്നങ്ങളിലേക്ക് തിരിഞ്ഞു; അതോടൊപ്പംതന്നെ മാർക്സിസ്റ്റ് സാഹിത്യത്തിലും ആകൃഷ്ടനായി. ഇന്ത്യയിലെ അധ്വാനിക്കുന്നവരുടെ ജീവിതത്തെക്കുറിച്ച്  നിരവധി ലേഖനങ്ങളെഴുതി; പ്രത്യേകിച്ചും നാവികരുടെ ജീവിതത്തെക്കുറിച്ചും തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ആവശ്യങ്ങളെ സംബന്ധിച്ചുമാണ് എഴുതിയത്.

മുസഫർ അഹമ്മദ് ഇന്ത്യയുടെ കൊളോണിയൽ ഫ്യൂഡൽ പ്രദേശങ്ങളിൽ കമ്യൂണിസ്റ്റ്‌ പാർടി സംഘടിപ്പിക്കുന്നതിൽ ഏർപ്പെട്ടു. അപകടങ്ങൾ മുസഫർ അഹമ്മദിന്റെ സന്തത സഹചാരിയായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലുമായി മൊത്തം 20 വർഷത്തിലേറെക്കാലം ജയിലിൽ കഴിഞ്ഞു; കടുത്ത കഷ്ടപ്പാടുകൾ സഹിച്ച് എട്ട്‌ വർഷം ഒളിവിൽ കഴിഞ്ഞു. ആദ്യം തടവറയിൽ അടയ്ക്കപ്പെട്ടത് 1818ലെ മൂന്നാം റെഗുലേഷൻ നിയമപ്രകാരമായിരുന്നു; അതിന്റെ തുടർച്ചയായി കാൺപുർ ഗൂഢാലോചന കേസിലും ജയിൽവാസം അനുഭവിച്ചു. കടുത്ത രോഗബാധയെത്തുടർന്ന് ജയിലിൽനിന്ന് മോചനം ലഭിച്ച ഉടൻതന്നെ  കാൺപുർ കമ്യൂണിസ്റ്റ് സമ്മേളനത്തിൽ പങ്കെടുത്തു; കാൺപുരിൽനിന്ന്‌ മടങ്ങുമ്പോൾ കമ്യൂണിസ്റ്റ്‌ പാർടി കെട്ടിപ്പടുക്കുകയെന്ന ഉത്തരവാദിത്തം മുസഫർ അഹമ്മദ് ഏറ്റെടുത്തു. ലാംഗലിന്റെ പത്രാധിപർ എന്ന ഉത്തരവാദിത്തവും ഏറ്റെടുത്തു (പിന്നീട് ലാംഗൽ എന്ന പ്രസിദ്ധീകരണം ഗണവാണി എന്നു പേര് മാറ്റി); മാർക്സിസ്റ്റ് തത്വശാസ്ത്രം, സാർവദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം, വിപ്ലവ തൊഴിലാളിവർഗപ്രസ്ഥാനം എന്നിവയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും  പ്രാമുഖ്യം നൽകി.

1927 മേയിൽ ബോംബെയിൽ ചേർന്ന കമ്യൂണിസ്റ്റുകാരുടെ യോഗത്തിൽ മുസഫർ അഹമ്മദ് പങ്കെടുത്തു; എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1927 മാർച്ചിൽ കാൺപുരിൽ ചേർന്ന അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ (എഐടിയുസി) സമ്മേളനത്തിലും  പങ്കെടുത്തു. എഐടിയുസിയുടെ തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റായിരുന്നു. ബംഗാൾ വർക്കേഴ്സ് ആൻഡ്‌ പെസന്റ്സ് പാർടിയുടെ മൂന്നാമത് സമ്മേളനം (1928) അദ്ദേഹത്തെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1929 ജനുവരിയിൽ കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ആറാം കോൺഗ്രസിന്റെ പ്രമേയങ്ങളെയും തീരുമാനങ്ങളെയും കുറിച്ച് ചർച്ച ചെയ്യുന്നതിന് കൽക്കത്തയിൽ കമ്യൂണിസ്റ്റുകാരുടെ രഹസ്യയോഗം ചേർന്നു. ഈ യോഗത്തിന്‌ മുൻകൈയെടുത്തവരിൽ ഒരാൾ മുസഫർ അഹമ്മദായിരുന്നു.

മീററ്റ് ഗൂഢാലോചനകേസിലെ പ്രധാന കുറ്റാരോപിതരിൽ ഒരാൾ മുസഫർ അഹമ്മദായിരുന്നു. യുപിയിലെ നൈനി സെൻട്രൽ ജയിലിലായിരുന്നു അദ്ദേഹം ജയിൽവാസം അനുഭവിച്ചത്; പിന്നീട്  ഡാർജിലിങ്ങിലെയും ബർദ്വാനിലെയും ഫരീദ്പുരിലെയും ജയിലുകളിൽ ഏകാന്ത തടവിലടച്ചു. ജയിൽമോചനത്തിനുശേഷം കിസാൻസഭ കെട്ടിപ്പടുക്കുന്നതിന് പ്രത്യേക ശ്രദ്ധചെലുത്തി. അഖിലേന്ത്യാ കിസാൻസഭ (എഐകെഎസ്) കെട്ടിപ്പടുക്കുന്നതിന്  മുൻകൈയടുത്തു. എഐകെഎസിന്റെ ആദ്യ സമ്മേളനത്തിൽ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.1937ൽ രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനും ആന്തമാനിൽ തടവിലടയ്‌ക്കപ്പെട്ടിരുന്ന ദേശീയവിപ്ലവകാരികളെ മടക്കിക്കൊണ്ടുവരുന്നതിനുമുള്ള പ്രസ്ഥാനത്തിൽ മുസഫർ പങ്കെടുത്തു. 1937 മുതൽ 1943 വരെ രാജ്യത്തുടനീളം പാർടി കെട്ടിപ്പടുക്കുന്ന പ്രവർത്തനത്തിൽ  മുഴുകി.

സ്വാതന്ത്ര്യാനന്തരം 1948ൽ കമ്യൂണിസ്റ്റ്‌ പാർടി നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടു; ഡിഫെൻസ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം മുസഫർ അഹമ്മദിനെ അറസ്റ്റ് ചെയ്തു. ആറുമാസത്തിനുശേഷം മോചിപ്പിച്ചു. ജയിലിൽനിന്ന് മോചിപ്പിച്ചതിനു തൊട്ടുപിന്നാലെ കരുതൽ തടങ്കൽ നിയമപ്രകാരം വീണ്ടും അറസ്റ്റ് ചെയ്തു. അലിപ്പുർ ജയിലിൽനിന്ന് മോചിപ്പിച്ചതിനെത്തുടർന്ന്  കൽക്കത്തയിൽനിന്ന് പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കി. പിന്നീട്  നവദ്വീപിലെ പട്ടണത്തിൽ താമസമാക്കുകയും അവിടെനിന്ന് ഒളിവിൽ പോകുകയും ചെയ്തു. 1940ൽ, പാർടിയുടെ ഒളിവിലുള്ള ഓഫീസിൽ പ്രവർത്തിക്കവെയാണ് തന്റെ മരുമക്കളെന്ന് വിളിക്കാറുണ്ടായിരുന്ന സഖാക്കൾ അദ്ദേഹത്തെ കാക്കാ ബാബു എന്ന് വിളിക്കാനാരംഭിച്ചത്. പാർടി വൃത്തങ്ങളിലും പുറത്തും  സ്നേഹാദരങ്ങളോടെ കാക്കാ ബാബുവെന്നാണ് വിളിച്ചിരുന്നത്.ജയിലിലായിരുന്നതിനാൽ 1964ലെ കൽക്കത്ത കോൺഗ്രസിലും രോഗം ബാധിച്ചതിനാൽ മധുര കോൺഗ്രസിലും (1972) ഒഴികെ തുടക്കം മുതലുള്ള എല്ലാ പാർടി കോൺഗ്രസുകളിലും മുസഫർ അഹമ്മദ് പങ്കെടുത്തിരുന്നു. മീററ്റ് ഗൂഢാലോചന കേസിൽ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തിരുന്നപ്പോഴും 1933ൽ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിരുന്നു. തുടർന്നുള്ള എല്ലാ പാർടി കോൺഗ്രസുകളിലും 1948ലേതൊഴികെ,  കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുകയുണ്ടായി. മരണംവരെ കേന്ദ്ര കമ്മിറ്റി അംഗമായി തുടർന്നു.

പാർടി പത്രങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നതിന് മാർഗനിർദേശം നൽകുന്നതിൽ മുസഫർ അഹമ്മദ് പ്രധാന പങ്ക് വഹിച്ചിരുന്നു. സ്വന്തം ഔദ്യോഗിക ജിഹ്വയില്ലാതെ കമ്യൂണിസ്റ്റ് പാർടിക്ക് വളരാനാകില്ല എന്നദ്ദേഹം ഊന്നിപ്പറയാറുണ്ടായിരുന്നു. ഗണശക്തി പ്രസ് കെട്ടിപ്പടുക്കുന്നതിന് മുഖ്യമായും വഴികാട്ടിയായും പ്രചോദനമായും നിന്നു. നാഷണൽ ബുക്ക്‌ ഏജൻസിയുടെ സംഘാടകരിൽ ഒരാളുമായിരുന്നു. ജനയുദ്ധ, സ്വാധീനത ദിനപ്പത്രം, ഗണശക്തി സായാഹ്നപത്രം, ദേശ്ഹിതൈഷി വാരിക, നന്ദൻ മാസിക, ഏക് സാരഥി (വനിതാസംഘടനയുടെ പ്രസിദ്ധീകരണം) എന്നിങ്ങനെയുള്ള വിവിധ പാർടി പ്രസിദ്ധീകരണങ്ങളുടെ നടത്തിപ്പിനുവേണ്ട ഉപദേശവും മാർഗനിർദേശങ്ങളും നൽകിയിരുന്നു.

വായനയുടെ കാര്യത്തിൽ അത്യാവേശമുള്ളയാളായിരുന്നു മുസഫർ അഹമ്മദ്; എല്ലാവരെയും കൂടുതൽ കൂടുതൽ വായിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്നു. തിരക്കേറിയ ദിനചര്യകൾക്കിടയിലും ഓരോ സഖാവിന്റെയും വ്യക്തിഗതമായ പ്രശ്നങ്ങൾ കേൾക്കാൻ  അസാമാന്യമായ ക്ഷമ പ്രകടിപ്പിച്ചിരുന്നു. തന്റെ ജീവിതത്തിലുടനീളം മാർക്സിസം ലെനിനിസത്തോട് മുസഫർ അഹമ്മദ് തികഞ്ഞ വിശ്വസ്തതയും വിധേയത്വവും പുലർത്തിയിരുന്നു. അദ്ദേഹം വിനയാന്വിതനായിരുന്നു; പക്ഷേ അതോടൊപ്പംതന്നെ, വലതുപക്ഷ അവസരവാദത്തിനും ഇടതുപക്ഷ സെക്റ്റേറിയനിസത്തിനും എതിരായ പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകാരനായിരുന്നു.

ഇന്നും ജ്വലിക്കുന്ന വീരതെലങ്കാന

 നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലെയും ഒപ്പം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെയും അത്യുജ്വലമായ അധ്യായങ്ങളിലൊന്നാണ് തെലങ്കാനയിലെ ജനകീയ സായുധസമരം. 1946ൽ മുമ്പത്തെ ഹൈദരാബാദ് സംസ്ഥാനത്ത് നിലനിന്നിരുന്ന നൈസാം ഭരണത്തിന്റെ ഫ്യൂഡൽ ചൂഷണത്തിനെതിരായി ആരംഭിച്ച സമരം 1951 വരെ തുടർന്നു. ജനങ്ങളുടെ, പ്രത്യേകിച്ച് തെലങ്കാനയിലെ ജനങ്ങളുടെ, സാമൂഹ്യ സാമ്പത്തിക ജീവിതത്തിൽ ആധിപത്യം വഹിച്ചിരുന്ന അടിസ്ഥാന ഘടകം അനിയന്ത്രിതമായ ഫ്യൂഡൽ ചൂഷണമായിരുന്നു. സംസ്ഥാനത്തെ ഭൂമിയുടെ 60 ശതമാനത്തോളവും സർക്കാർ ഭൂമിയായിരുന്നു; 10 ശതമാനത്തോളം നൈസാമിന്റെ സ്വന്തം എസ്റ്റേറ്റുമായിരുന്നു. പലവിധത്തിലുള്ള നിയമവിരുദ്ധ നിർബന്ധ പിരിവുകളും നിർബന്ധിതമായുള്ള ജോലിയെടുപ്പിക്കലും സർവസാധാരണമായിരുന്നു.

ജാഗിർദാർമാർക്കു പുറമെ, ദേശ്‌മുഖ്‌മാരും ദേശ്പാണ്ഡെകളുമുണ്ടായിരുന്നു; ആദ്യകാലത്ത് അവരായിരുന്നു സർക്കാരിനുവേണ്ടി നികുതി പിരിച്ചിരുന്നത്. പിന്നീട് അവർ കള്ളക്കളികളിലൂടെ ഏറ്റവും ഫലഭൂയിഷ്‌ഠമായ ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി തട്ടിയെടുത്ത് ഭൂപ്രഭുക്കളായി മാറി. ഈ ഭൂമിയിൽ കൃഷിചെയ്തിരുന്ന കർഷകർ കുടിയാന്മാരുടെ നിലയിലേക്ക് തരംതാഴ്ത്തപ്പെട്ടു. 

തെലങ്കാനയിൽ പരക്കെയുണ്ടായിരുന്ന സാമൂഹ്യ പ്രതിഭാസമായിരുന്നു വെറ്റി സമ്പ്രദായം. ഓരോ ദളിത് കുടുംബവും കുടുംബത്തിൽനിന്ന് ഒരു ആണിനെ വെറ്റി ചെയ്യുന്നതിന് അയക്കണമായിരുന്നു. ഭൂപ്രഭുവിന്റെ വീട്ടിലെ വീട്ടുജോലികൾ ചെയ്യുന്നതും സന്ദേശവാഹകരായി പ്രവർത്തിക്കുന്നതും ഇവരുടെ ജോലിയായിരുന്നു. ചെരുപ്പ് തുന്നുകയോ കാർഷികജോലികൾക്കായുള്ള തുകൽ ഉപകരണങ്ങൾ തയ്യാറാക്കുകയോ ചെയ്തിരുന്ന ദളിതർ ഇവ ഭൂപ്രഭുക്കൾക്ക് വില വാങ്ങാതെ നൽകാൻ നിർബന്ധിതരായിരുന്നു. കർഷകരെയും വെറ്റിയിൽനിന്ന്‌ ഒഴിവാക്കിയിരുന്നില്ല. ഭൂപ്രഭുക്കളുടെ പാടത്ത് വെള്ളം നനച്ചുകഴിയുന്നതുവരെ കർഷകർക്ക് സ്വന്തം പാടം നനയ്ക്കാൻ പറ്റുമായിരുന്നില്ല. കർഷകത്തൊഴിലാളികൾ കൂലിയൊന്നും കൂടാതെ ഭൂപ്രഭുക്കളുടെ പാടത്ത് പണിയെടുക്കണമായിരുന്നു.

ഈ ഫ്യൂഡൽ തട്ടിയെടുക്കലുകളിൽ ഏറ്റവും വഷളായത് പെൺകുട്ടികളെ ‘അടിമ'കളാക്കി വയ്ക്കലാണ്. ഭൂപ്രഭുക്കൾ തങ്ങളുടെ പെൺമക്കളെ വിവാഹം കഴിച്ച്‌ കൊടുക്കുമ്പോൾ ഈ അടിമ പെൺകുട്ടികളെ സമ്മാനമായി നൽകുന്നു. ഭൂപ്രഭുക്കൾ ഈ പെൺകുട്ടികളെ തങ്ങളുടെ വെപ്പാട്ടികളായും ഉപയോഗിക്കുന്നു. ഈ പ്രശ്നമുന്നയിച്ചാണ് 1940കളുടെ തുടക്കത്തിൽ കർഷകജനത ഭൂപ്രഭുക്കളുമായി ഏറ്റുമുട്ടിയത്. ആ കാലമായപ്പോൾ കമ്യൂണിസ്റ്റ്‌ പാർടി സംഘടിത ശക്തിയായി കഴിഞ്ഞിരുന്നു. നൈസാമിന്റെ ഭരണം സ്വേച്ഛാധിപത്യഭരണമായിരുന്നു. ഇത്തരത്തിലുള്ള ഒരു ഭരണ സംവിധാനത്തിനെതിരെ ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിന്റെ വികാസത്താൽ സ്വാധീനിക്കപ്പെട്ട് അസംഖ്യം ലിബറൽ ചിന്താഗതിക്കാർ ആന്ധ്ര മഹാസഭ എന്നപേരിൽ സംഘടിതരായി. മഹാരാഷ്ട്ര പരിഷത്തും കന്നട പരിഷത്തുമായി മറ്റു രണ്ടുമേഖലയിലെ ലിബറലുകളും സംഘടിച്ചു.

തുടക്കത്തിൽ ആന്ധ്ര മഹാസഭയുടെ പ്രവർത്തനം ഭരണസംവിധാനത്തിൽ പരിഷ്കരണം, പൗര സ്വാതന്ത്ര്യങ്ങൾ, കൂടുതൽ സ്കൂളുകൾ, ഭൂസ്വത്തുള്ള പ്രമാണിവർഗത്തിനുള്ള സൗജന്യങ്ങൾ തുടങ്ങിയവ ആവശ്യപ്പെടുന്ന പ്രമേയങ്ങൾ പാസാക്കുന്നതിൽ പരിമിതപ്പെട്ടിരുന്നു. ആന്ധ്ര മഹാസഭയെ ജനങ്ങളിലേക്കെത്തിക്കാൻ കമ്യൂണിസ്റ്റ്‌ പാർടി വിസ്മയകരവും ബൃഹത്തുമായ പ്രവർത്തനമാണ് നടത്തിയത്. കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ ഇടതുപക്ഷം വെറ്റി സമ്പ്രദായം നിർത്തലാക്കൽ, കൊള്ളപ്പാട്ടം ചുമത്തൽ, കുടിയാന്മാരെ ഒഴിപ്പിക്കൽ എന്നിവ നിരോധിക്കലും ഭൂമിയിൽ ഉടമസ്ഥാവകാശം നൽകലും, നികുതിയും പാട്ടവും കുത്തനെ വെട്ടിക്കുറയ്ക്കൽ,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കുകയും ഈ ആവശ്യങ്ങൾക്കു പിന്നിൽ ജനങ്ങളെ അണിനിരത്തുകയും ചെയ്തു.

1944ന്റെ തുടക്കംമുതൽ കമ്യൂണിസ്റ്റ്‌ പാർടിയുടെ നേതൃത്വത്തിൽ ആന്ധ്ര മഹാസഭ സെമിന്ദാർമാർക്കും ദേശ്‌മുഖ്‌കൾക്കുമെതിരെ നിരവധി സമരം നടത്തി. വെറ്റി നടപ്പാക്കുന്നതും അവസാനിപ്പിച്ചു. 1946 ജൂലൈയിൽ ഒരു പ്രകടനം സംഘടിപ്പിക്കുകയുണ്ടായി; ഇതിനുനേരെ ഭൂപ്രഭുക്കൾ വെടിവച്ചു; ഇത് ദൊദ്ദി കൊമരയ്യ എന്ന ഗ്രാമീണ സംഘം നേതാവിന്റെ മരണത്തിന് ഇടയാക്കി. കൊമരയ്യയുടെ രക്തസാക്ഷിത്വം കർഷകജനതയുടെ അണകെട്ടി നിന്നിരുന്ന രോഷം കത്തിജ്വലിപ്പിച്ചു. നൽഗോണ്ടയിലെ എല്ലാ താലൂക്കിലുമുള്ള ജനങ്ങൾ കൂട്ടത്തോടെ ഉണർന്നെണീറ്റു. ഒരു ഗ്രാമത്തിലെ ആളുകൾ ലാത്തികളും കവണകളുമെല്ലാമായി അയൽ ഗ്രാമങ്ങളിലേക്ക് മാർച്ചുചെയ്ത് അവരെയും അണിനിരത്തി. ഏതാനും ആഴ്ചകൾക്കുള്ളിൽ, നൽഗോണ്ടയിലെയും അയൽ ജില്ലകളിലെയും ഏകദേശം 300–-400 ഗ്രാമത്തിൽ പ്രസ്ഥാനം വ്യാപിച്ചു. ഭൂമിയുടെയും ഒഴിപ്പിക്കലിന്റെയും വെറ്റിയുടെയും നിർബന്ധിത ധാന്യ ലെവികളുടെയും പ്രശ്നം സെമിന്ദാരി സമ്പ്രദായം ഇല്ലാതാക്കുക എന്ന മുദ്രാവാക്യവുമായി ബന്ധപ്പെടുത്തപ്പെട്ടു. 

കമ്യൂണിസ്റ്റ്പാർടി ജനകീയവളന്റിയർ സേനയ്ക്കുള്ള പരിശീലനം ആരംഭിച്ചു;  ഈ വളന്റിയർമാരാണ് 1945ലും 1946ലും ഭൂപ്രഭുക്കളുടെ ഗുണ്ടാ ആക്രമണങ്ങളിൽനിന്ന് കർഷകരെ സംരക്ഷിച്ചത്. തെലങ്കാനയിലെ ജനങ്ങളുടെ അസംതൃപ്തിയും മുന്നേറ്റവും അത്യഗാധമായിരുന്നു. അതുകൊണ്ടുതന്നെയാണ് അവർ വെറ്റിക്ക് അറുതിവരുത്തിയത്. ജനങ്ങൾ ഭൂപ്രഭുക്കളുടെ സായുധ ആക്രമണങ്ങളെ ചെറുക്കാൻ തുടങ്ങി.  കർഷകരുടെ മുന്നേറ്റം നൈസാം ഭരണത്തിന്റെ അടിത്തറയെത്തന്നെ പിടിച്ചുലച്ചു.

ഇന്ത്യ സർക്കാർ നൈസാം സർക്കാരിന് ആയുധങ്ങളും പടക്കോപ്പുകളും നൽകുകയും ചെയ്തു. നൈസാം ‘റസാക്കർമാർ' എന്നറിയപ്പെടുന്ന സായുധ കൊലയാളിസംഘത്തെ സംഘടിപ്പിച്ചു; ഇവർ സർക്കാരിന്റെ പിന്തുണയോടെ ഗ്രാമീണർക്കുമേൽ ആക്രമണമഴിച്ചുവിട്ടു. ചരിത്രത്തിൽ ആദ്യമായി ‘‘കൃഷിഭൂമി കർഷകന്'' എന്ന മുദ്രാവാക്യം ഉയർത്തപ്പെട്ടു. 

പാർടി പതിനായിരത്തോളം അംഗങ്ങളുള്ള വില്ലേജ് സ്ക്വാഡുകളും  രണ്ടായിരത്തിലധികം അംഗങ്ങളുള്ള സ്ഥിരം ഗറില്ലാ സ്ക്വാഡുകളും രൂപീകരിച്ചു. സമരത്തിൽ രണ്ടായിരത്തോളം പോരാളികളും നേതാക്കളും ജീവൻ ബലിയർപ്പിച്ചു. വെറ്റി, നിയമവിരുദ്ധമായ പിടിച്ചുപറിക്കലുകൾ, ഭൂമിയിൽനിന്ന് ഒഴിപ്പിക്കൽ, കൊള്ളപ്പലിശയ്ക്കുള്ള വായ്പകൾ, അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പീഡനങ്ങൾ, ഗ്രാമങ്ങളിലെ മർദനങ്ങൾ എന്നിവയ്ക്കെല്ലാം അറുതിവരുത്തി. 

1948 സെപ്തംബർ 13ന് കേന്ദ്ര സർക്കാർ ‘‘പൊലീസ് നടപടി'' ആരംഭിച്ചു. ഇന്ത്യൻ സൈന്യം തെലങ്കാനയിലേക്ക് കടന്ന് ഒരാഴ്ചയ്ക്കുള്ളിൽ ആക്രമണം ആരംഭിച്ചു. എല്ലാ ഗറില്ലാ സ്ക്വാഡുകളെയും പാർടിയെയും നശിപ്പിക്കാൻ തീരുമാനിച്ചുറച്ച ആക്രമണമാണുണ്ടായത്. ഓടിപ്പോയിരുന്ന ദേശ്‌മുഖ്‌മാരും ഭൂപ്രഭുക്കളും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിവരികയും തങ്ങളുടെ ഭൂമിയും ധാന്യങ്ങളും തിരിച്ചുപിടിക്കാൻ അധികൃതരുമായി കൈകോർക്കുകയും ചെയ്തു. 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നപ്പോൾ ഔപചാരികമായി രാജപ്രമുഖൻ എന്ന നിലയിൽ നൈസാമിനെയാണ് പ്രഖ്യാപിച്ചത്.

തെലങ്കാന സമരത്തിലെ പോരാളികളെ വ്യാജ വിചാരണകൾക്ക് വിധേയരാക്കുകയും അവരിൽ ചിലർക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. പുതിയ ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വരുന്നതിനുമുമ്പുതന്നെ തെലങ്കാന പോരാളികളുടെ വധശിക്ഷ രഹസ്യമായി തിരക്കിട്ട് നടപ്പാക്കാനുള്ള വ്യഗ്രതയിലായിരുന്നു ഇന്ത്യ സർക്കാർ.

ഒരു വിഭാഗം സഖാക്കൾ ഇന്ത്യൻ സൈന്യത്തിന്റെ സായുധ ആക്രമണങ്ങൾക്കെതിരായ സായുധ ചെറുത്തുനിൽപ്പ് ഉപേക്ഷിക്കണമെന്നും പരസ്യമായതും നിയമവിധേയമായതുമായ സമരരൂപങ്ങൾ സ്വീകരിക്കണമെന്നും വാദിക്കുകയുണ്ടായി. നിലവിൽ തെലങ്കാന സായുധ ചെറുത്തുനിൽപ്പ് തുടരാൻ കഴിയില്ലെന്നും സമരം പിൻവലിക്കാനുള്ള സമയമായിക്കഴിഞ്ഞെന്നും തീരുമാനിക്കപ്പെട്ടു. സായുധസമരം തുടരുകയാണെങ്കിൽ, അത് വ്യക്തിഗത ഭീകരപ്രവർത്തനമായി അധഃപതിക്കുകയെന്ന വിപത്ത് വ്യക്തമായിരുന്നു. 

അതുപോലെതന്നെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ തെലങ്കാന സമരത്തെ സംരക്ഷിക്കുന്നതിനായി പ്രധാനപ്പെട്ട ഐക്യദാർഢ്യ പ്രക്ഷോഭവും ക്യാമ്പയിനുമൊന്നും ഉണ്ടായതുമില്ല. തെലങ്കാന സായുധസമരം പിൻവലിക്കാനുള്ള തീരുമാനം 1951 ഒക്ടോബർ 21ന് പ്രഖ്യാപിക്കപ്പെട്ടു.

പൂർണസ്വാതന്ത്ര്യത്തിനുവേണ്ടി

 ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് കമ്യൂണിസ്റ്റുകാർ നൽകിയ നിർണായക സംഭാവനകൾ എന്തെല്ലാമായിരുന്നു? രണധീരതയും ത്യാഗസന്നദ്ധതയും മാത്രമായിരുന്നില്ല അവരുടെ കൈമുതൽ. ഏറ്റവും സാധാരണക്കാരായ ജനങ്ങളെ അണിനിരത്തിയാൽ മാത്രമേ സ്വാതന്ത്ര്യസമരത്തിന്റെ ലക്ഷ്യം കൈവരിക്കാനാകൂ എന്ന് തുടക്കംമുതൽക്കേ കമ്യൂണിസ്റ്റുകാർക്ക് ബോധ്യമുണ്ടായിരുന്നു.

കമ്യൂണിസ്റ്റുകാർ പ്രതിനിധാനംചെയ്ത വിപ്ലവാശയങ്ങളുടെയും കോൺഗ്രസ് നേതാക്കൾ മുറുകെ പിടിച്ച യാഥാസ്ഥിതിക വീക്ഷണത്തിന്റെയും ഏറ്റുമുട്ടലിന്റെ ആദ്യവേദിയായിരുന്നു ദേശബന്ധു ചിത്തരഞ്ജൻ ദാസിന്റെ അധ്യക്ഷതയിൽ, 1921ൽ അഹമ്മദാബാദിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 36–-ാമത് സമ്മേളനം. ദ ഹിസ്‌റ്ററി ഓഫ്‌ ദ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന ബൃഹദ്ഗ്രന്ഥത്തിൽ കോൺഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരനായ ഡോ. പട്ടാഭി സീതാരാമയ്യ ഈ വസ്തുത എടുത്തുകാട്ടുന്നു. മഹാത്മാഗാന്ധി ഉദ്ഘോഷിച്ച "സ്വരാജ്', (1920ൽ കൽക്കത്തയിൽ ചേർന്ന കോൺഗ്രസ് സമ്മേളനം അംഗീകരിച്ചു) കോൺഗ്രസിന്റെ മുദ്രാവാക്യമായിരുന്ന കാലഘട്ടം. ഈ പശ്ചാത്തലത്തിൽ ചേർന്ന അഹമ്മദാബാദ് സമ്മേളനത്തിൽ, മൗലാന ഹസ്രത്ത് മൊഹാനി "സ്വരാജ്' എന്ന മുദ്രാവാക്യത്തിന് ഭേദഗതി നിർദേശിക്കുന്ന പ്രമേയം അവതരിപ്പിച്ചു. സ്വാമി കുമാരാനന്ദ ഈ പ്രമേയത്തെ പിന്താങ്ങി. ആദ്യത്തെ തലമുറയിൽപ്പെട്ട ഇന്ത്യൻ കമ്യൂണിസ്റ്റുകാരായിരുന്നു ഇരുവരും. അതേക്കുറിച്ച് പട്ടാഭി സീതാരാമയ്യ തന്റെ ഗ്രന്ഥത്തിൽ പറയുന്നു:

""സ്വരാജി''നെ, ""എല്ലാ വിദേശനിയന്ത്രണങ്ങളിൽനിന്നും വിമുക്തമായ പരിപൂർണ സ്വാതന്ത്ര്യം'' എന്ന വിധത്തിൽ ഭേദഗതി ചെയ്ത് നിർവചിക്കണമെന്ന് നിർദേശിച്ചുകൊണ്ട് മൗലാനാ ഹസ്രത് മൊഹാനി തുടക്കംകുറിച്ച വിവാദം നമുക്കിനി പരിശോധിക്കേണ്ടതുണ്ട്. സംഭവിച്ചതിന്റെയെല്ലാം ഏറ്റവും സ്വാഭാവികമായ ഗതി എന്ന നിലയിൽ, കാലത്തിന്റെ വിദൂരതയിലിരുന്ന് തിരിഞ്ഞുനോക്കുമ്പോൾ, കോൺഗ്രസോ ഗാന്ധിയോ അതിനെ ചെറുത്തത് എന്തിനെന്ന് ആരുംതന്നെ അത്ഭുതപ്പെട്ടുപോകും. പക്ഷേ, ആ സന്ദർഭത്തിൽ ഇങ്ങനെയാണ് ഗാന്ധിജി പ്രതികരിച്ചത്.’’


മുന്നോട്ടുള്ള പാത തെരഞ്ഞെടുത്തവർ

ചരിത്രത്തിലെ പിന്നിട്ട കാലഘട്ടങ്ങളിലേക്ക് തിരിച്ചുപോകാൻ മഹാത്മാഗാന്ധി നൽകിയ ഉപദേശം ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിലെ ഭൂരിപക്ഷം പ്രതിനിധികളും അംഗീകരിച്ചു. ഹസ്രത്ത് മൊഹാനി അവതരിപ്പിച്ച പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം അങ്ങനെ തള്ളപ്പെട്ടു. പക്ഷേ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അപകടം ബോധ്യപ്പെട്ടു. തങ്ങൾക്ക് നേരിടാവുന്ന നഷ്ടം ഒഴിവാക്കാൻ അവർ തിടുക്കത്തിൽ നടപടികളെടുത്തു. സമ്മേളനം കഴിഞ്ഞ് വൈകാതെതന്നെ ബ്രിട്ടീഷ് ഗവൺമെന്റ് പരിപൂർണ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രമേയം അവതരിപ്പിച്ച ഹസ്രത് മൊഹാനിയെ അറസ്റ്റ്‌ചെയ്തു.

ഒറ്റപ്പെട്ട ശബ്ദമായിരുന്നില്ല ഹസ്രത് മൊഹാനിയുടേത്. 1920 ഒക്ടോബർ 17ന് താഷ്‌കന്റിൽ രൂപംകൊണ്ട ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർടിയുടെ തീരുമാനപ്രകാരം, എം എൻ റോയിയും അബനിമുഖർജിയും ചേർന്ന് അഹമ്മദാബാദ് സമ്മേളനത്തിനുമുമ്പ് ഒരു "മാനിഫെസ്റ്റോ' കോൺഗ്രസിന്റെ ഒട്ടേറെ പ്രമുഖ നേതാക്കൾക്ക് വിദേശത്തുനിന്ന് അയച്ചിരുന്നു. അജ്മീറിൽനിന്നുള്ള രണ്ട് പ്രതിനിധികൾ ഈ രേഖ വീണ്ടും അച്ചടിപ്പിച്ച് പ്രതിനിധികൾക്കിടയിൽ വിതരണംചെയ്തു. ഇതേക്കുറിച്ച് ചർച്ചചെയ്യണമെന്ന് അഭ്യർഥിക്കുന്ന ഒരു പ്രമേയവും അവർ അവതരിപ്പിച്ചു. രേഖ ലഭിച്ചവരിൽ മറ്റൊരാളായിരുന്നു ഹസ്രത് മൊഹാനി. ""സമ്പൂർണ സ്വാതന്ത്ര്യം'' ആവശ്യപ്പെടുന്ന പ്രമേയമായാണ് അദ്ദേഹം അത് അവതരിപ്പിച്ചത്. അങ്ങനെ കമ്യൂണിസ്റ്റ് ആശയങ്ങൾ കോൺഗ്രസ് സമ്മേളനവേദിയിൽ ഇദംപ്രഥമമായി പ്രതിധ്വനിച്ചു. തുടർന്നുള്ള കാലഘട്ടങ്ങളായപ്പോഴേക്കും ഈ ആശയഗതിക്ക് കൂടുതൽ സ്വാധീനം ലഭിക്കുകയും ചെയ്തു.

( കടപ്പാട്‌ : പീപ്പിൾസ്‌ ഡെമോക്രസി)

എം എന്‍ റോയി ആദ്യപഥികനായ കമ്യൂണിസ്റ്റ്‌

 എം  എൻ റോയി എന്ന് പൊതുവെ അറിയപ്പെടുന്ന മാനബേന്ദ്രനാഥ് റോയി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യനാളുകളിലെ പ്രമുഖ വ്യക്തിയാണ്. 1920 ഒക്ടോബറിൽ താഷ്‌കെന്റിൽ കമ്യൂണിസ്റ്റ് പാർടിയുടെ രൂപീകരണത്തിന് മുൻകൈയെടുത്തത് റോയി ആയിരുന്നു. 1921നുശേഷം ഇന്ത്യയിൽ ഉയർന്നുവന്നിരുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾക്കിടയിൽ കമ്യൂണിസ്റ്റ് പാർടിയുടെ പങ്കിനെക്കുറിച്ച് പ്രചരിപ്പിച്ചതും അദ്ദേഹമായിരുന്നു. കമ്യൂണിസ്റ്റ് ഇന്റർനാഷണലിലെ പ്രമുഖ വ്യക്തിയായി മാറുന്നതിനുമുമ്പ്‌ അദ്ദേഹം നിരവധി സാഹസികമായ കാലങ്ങളിലൂടെ കടന്നുപോയിരുന്നു.

ബംഗാളിലെ 24 പർഗാന ജില്ലയിലെ ആർബേലിയ ഗ്രാമത്തിലാണ് റോയി ജനിച്ചത്. ഹൗറ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടത്; എന്നാൽ, 1911ൽ കുറ്റവിമുക്തനാക്കപ്പെട്ടു. ന്യൂയോർക്കിലെ പബ്ലിക് ലൈബ്രറിയിലായിരുന്നു റോയി ആദ്യമായി കാൾ മാർക്സിന്റെ കൃതികളുമായി പരിചയപ്പെടുന്നത്. സ്റ്റാൻഫോർഡിൽവച്ച് റോയി കണ്ടുമുട്ടിയ ഈവ്ലിൻ ട്രെൻഡിനെ പിന്നീട് അദ്ദേഹം വിവാഹം കഴിച്ചു. 

കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പ്രമുഖ നേതാവായിമാറിയ മിഖായിൽ ബൊറോഡിനുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചത് മെക്സിക്കോയിൽ വച്ചായിരുന്നു. ബൊറോഡിനായിരുന്നു റോയിയെ മാർക്സിസത്തിലേക്ക് ആകർഷിച്ചത്. കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി എം എൻ റോയിയെ കോമിന്റേൺ കോൺഗ്രസ് തെരഞ്ഞെടുത്തു. തുടർന്ന്, അദ്ദേഹത്തെ മധ്യ ഏഷ്യൻ ബ്യൂറോയുടെ മേധാവിയായി നിയോഗിച്ചു; ആ പദവിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം താഷ്‌കെന്റിലേക്ക് പോയത്. 1920 ഒക്ടോബർ 17 ന്‌ ആദ്യത്തെ ഇന്ത്യൻ കമ്യൂണിസ്റ്റ് ഗ്രൂപ്പിന് രൂപം നൽകാൻ അദ്ദേഹം മുൻകൈയെടുത്തു. 1926ൽ അദ്ദേഹം പ്രസീഡിയത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പൊളിറ്റിക്കൽ സെക്രട്ടറിയറ്റിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും  ലോക കോൺഗ്രസിലും നിർണായകസ്ഥാനങ്ങൾ വഹിക്കുകയുമുണ്ടായി.

1924ലെ കാൺപുർ ഗൂഢാലോചന കേസിനുശേഷം (അതിൽ റോയി ഉൾപ്പെട്ടിരുന്നു) "റവല്യൂഷണറി നാഷണലിസ്റ്റ് പാർടി' രൂപീകരിക്കാൻ അദ്ദേഹം ആഹ്വാനംചെയ്തു. ഏറെത്താമസിയാതെ അദ്ദേഹം കോമിന്റേൺ നേതൃത്വത്തോട് വിയോജിപ്പിലായി. 1929 ഡിസംബറിൽ റോയി കമ്യൂണിസ്റ്റ് ഇന്റർനാഷണലിൽനിന്ന്‌ പുറത്താക്കപ്പെട്ടു.1943ൽ അദ്ദേഹം മാർക്സിസം ഉപേക്ഷിക്കുകയും "റാഡിക്കൽ ഹ്യൂമനിസം'എന്ന പുതിയൊരു തത്വസംഹിത സ്വീകരിക്കുകയും ചെയ്തു. 1921നും 1926നും ഇടയിൽ ഇന്ത്യയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വികസിപ്പിക്കുന്നതിൽ എം എൻ റോയിയുടെ മാർഗദർശകമായ സംഭാവനകൾ വിസ്മരിക്കാൻ കഴിയുന്നതല്ല.

(കടപ്പാട്‌: പീപ്പിൾസ് ഡെമോക്രസി)


Tuesday, October 6, 2020

കമ്യൂണിസ്റ്റ്‌ പാർടി രൂപം കൊണ്ടപ്പോൾ

 കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികമാണ്‌ 17ന്‌. പാർടിയുടെയും പ്രസ്ഥാനത്തിന്റെയും മുന്നേറ്റചരിത്രവും വിവിധ ദശാസന്ധികളിൽ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം വഹിച്ച പങ്കും വിശദമാക്കുന്ന ലേഖനങ്ങളും കുറിപ്പുകളും  ഇന്നുമുതൽ വായിക്കാം

 ഒന്നാം ലോകയുദ്ധത്തിനുമുമ്പ്‌ പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ ദേശീയവിപ്ലവകാരികൾ 1920കളുടെ ആദ്യമായിരുന്നു കമ്യൂണിസ്റ്റുകാരായി മാറിയത്. പരസ്പരം സമ്പർക്കം പുലർത്തിയിരുന്ന രണ്ടു ഘടകം അവരെ സ്വാധീനിച്ചിരുന്നു: ഒന്നാമത്, ദേശീയ പ്രസ്ഥാനത്തിനുള്ളിൽ ഒന്നാം ലോകയുദ്ധത്തിന്റെ കാലത്തും അതിന് തൊട്ടുമുമ്പും മിതവാദികളായ നേതാക്കളും വിപ്ലവകാരികളായ അണികളും തമ്മിൽ ഉയർന്നുവന്ന സമരത്തിന്റെ അനുഭവം.

രണ്ടാമത്, ലോകമാസകലമുള്ള വിപ്ലവകാരികളെ എന്നപോലെ ഇന്ത്യൻ വിപ്ലവകാരികളെയും 1917 നവംബറിലെ റഷ്യൻ തൊഴിലാളിവർഗവിപ്ലവം ആവേശം കൊള്ളിച്ചു. ഒട്ടേറെ ഇന്ത്യൻ വിപ്ലവകാരികൾ ലോകത്തിലെ ആദ്യത്തെ തൊഴിലാളിവർഗ വിപ്ലവത്തിന്റെ നാട്ടിലേക്ക് ഏറെക്കുറെ ഒരു തീർഥയാത്രതന്നെ നടത്തി. ബുദ്ധിമുട്ട് നിറഞ്ഞ ഇത്തരമൊരു സംരംഭം ഏറ്റെടുക്കാത്തവർ ബോംബെയിലും കൽക്കത്തയിലും മദ്രാസിലും യുപി, പഞ്ചാബ് മേഖലയിലും ചെറിയ കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾക്ക് രൂപം നൽകി.

സിപിഐ താഷ്‌കന്റിൽ രൂപീകരിക്കപ്പെട്ടു

നിരവധി യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ക്യാനഡയിലും മറ്റും പോയി പ്രവാസികളായി കഴിഞ്ഞിരുന്ന ഇന്ത്യൻ വിപ്ലവകാരികളെയും റഷ്യൻ വിപ്ലവം സ്വാധീനിച്ചു. അവരിൽ ചിലർ താഷ്‌കന്റ്‌ (ഇന്നത്തെ ഉസ്‌ബെക്കിസ്ഥാൻ തലസ്ഥാനം) എന്ന സോവിയറ്റ് നഗരത്തിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ എന്ന പേരിൽ പാർടി സംഘടിപ്പിക്കുന്നതിന്‌ മുൻകൈയടുത്തു. 1920 ഒക്ടോബർ 17 നായിരുന്നു ആദ്യ യോഗം ചേർന്നത്‌. എം എൻ റോയ്‌, അബനി മുഖർജി, (ഇരുവരുടെയും ഭാര്യമാരും) മുഹമ്മദ്‌ അലി, മുഹമ്മദ്‌ ഷഫീഖ്‌, എം പി ബി ടി ആചാര്യ എന്നിവർ ആ യോഗത്തിൽ പങ്കെടുത്തു. ഷഫീഖിനെയാണ്‌ സെക്രട്ടറിയായി തെരഞ്ഞെടുത്തത്‌. ഇന്ത്യക്ക് പുറത്തുവച്ചാണ് രൂപീകരിക്കപ്പെട്ടതെങ്കിലും നാട്ടിലുള്ള നിരവധി യുവ ഇന്ത്യൻ കമ്യൂണിസ്റ്റുകാരെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ ഈ പുതിയ സംഘടന ഒരുപാട് കാര്യങ്ങൾ  ചെയ്തു. സ്വന്തം നാട്ടിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്ന കമ്യൂണിസ്റ്റുകാരുടെ നിരവധി കൊച്ചുകൊച്ചു ഗ്രൂപ്പുകൾക്ക് മാർക്സിസം–-ലെനിനിസത്തിൽ ആദ്യമായി സൈദ്ധാന്തികവും പ്രായോഗികവുമായ വിദ്യാഭ്യാസം നൽകിയത് ആ സംഘടനയായിരുന്നു. അതുകൊണ്ട് ‘‘കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ ആയി മാറിയതിന്റെ ആദ്യ അടിത്തറയായി താഷ്‌കന്റ് കമ്മിറ്റിയെ കണക്കാക്കാവുന്നതാണ്.

എന്നാൽ, ഇതിന് ഒരു പ്രധാന പോരായ്മയുണ്ട്. താഷ്‌കന്റ് കമ്മിറ്റി സ്വയം കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ എന്ന് വിളിക്കുന്നുണ്ടെങ്കിലും അത്‌ പ്രവർത്തിച്ചിരുന്നത്, അതിന്റെ ഓഫീസ് രാജ്യത്തിനുപുറത്തായിരുന്നു. ഈ കാരണത്താൽ, ഇന്ത്യൻ കമ്യൂണിസ്റ്റുകാരിൽ ഒരു വിഭാഗം താഷ്കന്റിൽ രൂപീകരിക്കപ്പെട്ട സംഘടനയെ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ അടിത്തറയായി കണക്കാക്കിയിരുന്നില്ല. ആയതിനാൽ, അവർ യുപിയിലെ കാൺപുർ നഗരത്തിൽ ഇന്ത്യൻ കമ്യൂണിസ്റ്റുകാരുടെ പരസ്യമായ ഒരു സമ്മേളനം ചേരാൻ തീരുമാനിച്ചു. അങ്ങനെ കാൺപുരിൽ നിയമവിധേയമായി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ രൂപീകരിക്കുകയുമുണ്ടായി. ചിലരുടെ അഭിപ്രായത്തിൽ ഇതാണ് യഥാർഥത്തിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ അടിത്തറ; കാരണം ഇത് രൂപീകരിക്കപ്പെട്ടതും പ്രവർത്തിച്ചതും രാജ്യത്തിനുള്ളിലാണ്.’’ എന്ന്‌ ഇ എം എസ്‌ എഴുതി.

ഒക്ടോബർ സോഷ്യലിസ്‌റ്റ്‌ വിപ്ലവം ലോകത്തെങ്ങുമുള്ള ഇന്ത്യക്കാരായ വിപ്ലവകാരികളെയും സ്വാധീനിച്ചു. ബർലിനിൽ വീരേന്ദ്രനാഥ ചതോപാധ്യായും അമേരിക്കയിലെ ഗദർപാർടിക്കാരും ബോൾഷെവിക്കുകളുമായി ബന്ധം വയ്‌ക്കാൻ ആഗ്രഹിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഖിലാഫത്ത്‌ പ്രസ്ഥാനക്കാർ ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം തുടരണമെന്ന പക്ഷക്കാരായിരുന്നു. അതിൽ ചിലർ പോരാട്ടം തുടരാനായി അഫ്‌ഗാനിസ്ഥാനിലേക്ക്‌ പോയി. അവിടെനിന്ന്‌ പലരും താഷ്‌കന്റിലേക്ക്‌ എത്തി. ഈ മുഹാജിറുകളെ സോവിയറ്റ്‌ അധികൃതർ സ്വീകരിക്കുകയും ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടം തുടരാൻ അവരെ സഹായിക്കുകയും ചെയ്‌തു. കമ്യൂണിസ്‌റ്റ്‌ പാർടിയുമായും ബോൾഷെവിക്ക്‌‌ വിപ്ലവകാരികളുമായി ബന്ധപ്പെട്ട ഇവരിൽ 25 പേർ കമ്യൂണിസം പഠിക്കാനായി മോസ്‌കോയിലെ കമ്യൂണിസ്‌റ്റ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ടോയ്‌ലേഴ്‌സ്‌ ഓഫ്‌ ഈസ്‌റ്റിൽ ചേർന്നു. കമ്യൂണിസ്‌റ്റ്‌ ഇന്റർനാഷനിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട എം എൻ റോയ്‌ ഏഷ്യാറ്റിക്ക്‌ ബ്യൂറോയുടെ ചുമതലക്കാരനായി താഷ്‌കന്റിലെത്തി.  മുഹാജിറുകൾക്കിടയിൽ പ്രവർത്തിക്കാൻ ഇത്‌  റോയിക്ക്‌ അവസരം നൽകി. കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ രൂപം നൽകി ബ്രിട്ടീഷ്‌ വിരുദ്ധസമരം തുടരാൻ ഉത്‌സുകരായിരുന്നു ഈ മുഹാജിറുകൾ. ഇതേ ഘട്ടത്തിൽ തന്നെയാണ്‌ ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയും ഇന്തോ ചൈന കമ്യൂണിസ്‌റ്റ്‌ പാർടിയും രൂപംകൊണ്ടത്‌.

താഷ്‌കന്റിലെ കമ്യൂണിസ്‌റ്റ്‌ ഗ്രൂപ്പിന്റെ ലഭ്യമായ രേഖകൾ അനുസരിച്ച്‌ രണ്ട്‌ യോഗമാണ്‌ ചേർന്നിട്ടുള്ളത്‌. 1920 ഡിസംബർ 15ന്റെ യോഗത്തിന്റെ മിനിട്‌സ്‌ അനുസരിച്ച്‌ മൂന്നുപേരെ പുതുതായി കാൻഡിഡേറ്റ്‌ മെമ്പർമാരായി പാർടിയിൽ ഉൾപ്പെടുത്തി. അബ്‌ദുൾ ആദേർ സെഹ്‌റായി, മസൂദ്‌ അലി ഷാ കാസി, അക്‌ബർഷാ എന്നിവരായിരുന്നു അത്‌. ഈ ഘട്ടത്തിലാണ്‌ ബർലിനിലുള്ള വീരേന്ദ്ര നാഥ്‌ ചതോപാധ്യായയും മറ്റും മോസ്‌കോയിലെത്തി കൊമിന്റേണുമായി ചർച്ച നടത്തിയത്‌. ഇന്ത്യൻ സ്വാതന്ത്ര്യത്തിനുശേഷം കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണം എന്നതായിരുന്നു അവരുടെ പദ്ധതി. എം എൻ റോയ്‌ ഗ്രൂപ്പിനെ കമ്യൂണിസ്റ്റ്‌ പാർടിയായി അംഗീകാരം നൽകുന്നതിനെയും ചതോപാധ്യായ എതിർത്തു. എന്നാൽ, എല്ലാ വിഭാഗത്തിന്റെയും വീക്ഷണങ്ങൾ കേട്ടശേഷം കൊമിന്റേൺ താഷ്‌കന്റിലെ ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ ഗ്രൂപ്പിന്‌ അംഗീകാരം നൽകി. എന്നാൽ, താഷ്‌കന്റിലെ ഈ കമ്യൂണിസ്‌റ്റ്‌ ഗ്രൂപ്പിന്‌ ഒരു പരിപാടി ഉണ്ടായിരുന്നില്ല. എങ്കിലും കമ്യൂണിസ്‌റ്റ്‌ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഈ സമിതിക്ക്‌ കഴിഞ്ഞു.

1921ൽ അഹമ്മദാബാദിൽ ചേർന്ന എഐസിസി സമ്മേളനത്തിലെ പ്രതിനിധികൾക്ക്‌ എം എൻ റോയിയും അബനി മുഖർജിയും ഒരു തുറന്നകത്ത്‌ എഴുതുകയുണ്ടായി. ട്രേഡ്‌യൂണിയൻ ആവശ്യങ്ങളും കിസാൻസഭയുടെ ആവശ്യങ്ങളും സ്വന്തം ആവശ്യങ്ങളായി കോൺഗ്രസ്‌ മുന്നോട്ടുവയ്‌ക്കണമെന്ന്‌ അവർ ആവശ്യപ്പെട്ടു. രാജ്യത്ത്‌ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ആവശ്യപ്പെടുന്നതിന്‌ മുമ്പുതന്നെ സിപിഐ അതിന്റെ രൂപീകരണകാലംമുതൽ പരിപൂർണ സ്വാതന്ത്ര്യം എന്ന ആവശ്യം ശക്തമായി മുന്നോട്ടുവച്ചിരുന്നു. അഹമ്മദാബാദ്‌ കോൺഗ്രസിൽ ഹസ്രത്ത്‌ മൊഹാനി പരിപൂർണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കുകയും ചെയ്‌തു. കമ്യൂണിസത്തിലേക്ക്‌ ആകർഷിക്കപ്പെട്ട മൊഹാനി അതിൽ അംഗമാകുകയും ചെയ്‌തിരുന്നു. അപ്രായോഗികമെന്ന്‌ പറഞ്ഞ്‌ ആ പ്രമേയത്തെ ഗാന്ധിജി എതിർക്കുകയുണ്ടായി.

ഇതിനിടയിൽ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലായി പ്രവർത്തിക്കുന്ന കമ്യൂണിസ്‌റ്റ്‌‌ ഗ്രൂപ്പുകളുമായി കൊമിന്റേണിന്റെ സഹായത്തോടെ എം എൻ റോയ്‌ ബന്ധപ്പെട്ടു. മുംബൈയിലെ എസ്‌ എ ഡാങ്കെ, കൊൽക്കത്തയിലെ മുസഫർ അഹമ്മദ്‌, മദിരാശിയിലെ ശിങ്കാരവേലു ചെട്ടിയാർ എന്നിവരുമായാണ്‌  ബന്ധപ്പെട്ടത്‌. 1922–-23 കാലത്താണ്‌ ‘വാൻഗാർഡ്‌ ഓഫ്‌ ഇന്ത്യൻ ഇൻഡിപെൻഡൻസ്‌’ എന്ന പ്രസിദ്ധീകരണത്തിന്‌ എം എൻ റോയ്‌ തുടക്കമിട്ടത്‌‌. കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക പ്രസിദ്ധീകരണമായിരുന്നു ഇത്‌. ബർലിനിൽ നിന്നായിരുന്നു ആദ്യം അച്ചടിച്ചത്‌. കമ്യൂണിസ്‌റ്റ്‌ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച പ്രസീദ്ധീകരണമായിരുന്നു ഇത്‌. കമ്യൂണിസ്റ്റ്‌‌ പ്രചാരണം ശക്തമാകുന്നതിന്റെ അപകടം മനസ്സിലാക്കിയ ബ്രിട്ടീഷ്‌ ഭരണാധികാരികൾ ‘വാൻഗാർഡ്’‌ ഇന്ത്യയിൽ നിരോധിച്ചു. താഷ്‌കന്റിൽ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ഗ്രൂപ്പിന്‌ തുടക്കമിട്ട 1920ൽ തന്നെയാണ്‌ ഓൾ ഇന്ത്യ ട്രേഡ്‌യൂണിയൻ കോൺഗ്രസിനും(എഐടിയുസി)  രൂപം നൽകുന്നത്‌. കമ്യൂണിസ്‌റ്റ്‌ പാർടിയുമായി ബന്ധപ്പെട്ടതോടെ ഈ ട്രേഡ്‌യൂണിയൻ സംഘടന തൊഴിലാളി വർഗത്തിന്റെ  ഉശിരുള്ള പ്രസ്ഥാനമായി വളർന്നു. അതായത്‌ കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ രൂപീകരണത്തിലെ നിർണായക വഴിത്തിരിവാണ്‌ താഷ്‌കന്റിൽ 1920ൽ രൂപംകൊണ്ട കമ്യൂണിസ്‌റ്റ്‌ ഗ്രൂപ്പ്‌.

Wednesday, September 18, 2013

വെളിയം ഭാര്‍ഗവന് ആദരാഞ്ജലി

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ അദ്ദേഹം ഏറെനാളായി ശ്വാസകോശരോഗ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. പട്ടം വൃന്ദാവന്‍ കോളനിയിലായിരുന്നു താമസം. റിട്ട അധ്യാപിക സുനിതയാണ് ഭാര്യ. മകള്‍: മഞ്ജു (എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, കെഎസ്ഇബി) മരുമകന്‍: അജിത്( സൈന്റിസ്റ്റ്, സിഎസ്ഐആര്‍).

പ്രതിസന്ധിഘട്ടത്തില്‍ ധീരമായ നേതൃത്വത്തിലൂടെ പാര്‍ടിയെ മുന്നോട്ട് നയിച്ച വെളിയം കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയേയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും ശക്തിപ്പെടുത്തുന്നതില്‍ നിസ്തുലമായ പങ്കാണ് വഹിച്ചത്. 1928 ല്‍ കൊല്ലം ജില്ലയിലെ വെളിയം പടിഞ്ഞാറ്റുകരയില്‍ പരമ്പരാഗത നെയ്ത്തു കുടുംബത്തില്‍ ജനനം. കെ ഭാര്‍ഗവന്‍ എന്നാണ് യഥാര്‍ഥ പേര്. വെളിയം സംസ്കൃത സ്കൂളിലായിരുന്നു പഠനം. വേദങ്ങളും ഉപനിഷത്തുകളും പഠിച്ച് ആത്മീയതയുടെ വഴി സ്വീകരിച്ച വെളിയം പിന്നീട് അടിയുറച്ച കമ്യൂണിസ്റ്റുകാരനാവുകയായിരുന്നു. കാവിയുടുത്ത് തല മുണ്ഡനം ചെയ്ത് മൂന്ന് വര്‍ഷം സന്യാസിയായി അലഞ്ഞു. പോയടത്തെല്ലാം കള്ളന്മാരെ കണ്ടതിനാലാണ് സന്യാസത്തില്‍ നിന്ന് പിന്തിരിഞ്ഞതെന്ന് അദ്ദേഹം പീന്നീട് പറഞ്ഞിട്ടുണ്ട്. പേടി തോന്നാത്ത വിശപ്പറിയാത്ത ഈ സന്യാസി ജീവിതം പിന്നീടുള്ള വെളിയത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് ചവിട്ടുപടിയായി.

സന്യാസ ജീവിതത്തില്‍നിന്നും മടങ്ങിവന്ന വെളിയം കൊട്ടാരക്കര സ്കൂളിലും കൊല്ലം എസ് എന്‍ കോളേജിലും പഠിച്ചു. കോളെജില്‍ വിദ്യാര്‍ഥി ഫെഡറേഷന്റെ അംഗമായിരുന്നു. 1948ല്‍ 21 മാത്തെ വയസില്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. കൊട്ടാരക്കര താലൂക്കിലും കൊല്ലം ജില്ലയുടെ മറ്റ് ഭാഗങ്ങളിലും കമ്യൂണസിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. നാട്ടില്‍ നടന്ന പ്രക്ഷോഭങ്ങളും മുന്നില്‍ കണ്ട ജനങ്ങളുടെ യാതനകളുമാണ് അദ്ദേഹത്തെ കമ്യൂണിസ്റ്റാക്കിയത്. ഭരണകൂടത്തിന്റെ നിരന്തര പീഡനങ്ങള്‍ക്ക് വെളിയം ഇരയായി. 1954 ലെ ട്രാന്‍സ്പോര്‍ട് സമരകാലത്ത് പൊലീസുകാര്‍ വെളിയത്തിന്റെ മീശയും തലമുടിയും പിഴുതു. പൊലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിനേറ്റ ക്ഷതം ജീവിതാവസാനം വരെ വേദനയായി കൊണ്ടു നടന്നു വെളിയം.

അവിഭക്ത കമ്യൂണിസ്റ്റു പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഒരിക്കല്‍ വെളിയം പഞ്ചായത്തില്‍ അംഗമായി. രണ്ട് തവണയേ അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചുള്ളൂ. 1957 ലും 60 ലും ചടയമംഗലത്തുനിന്ന് ജയിച്ച് എംഎല്‍എ ആയി. 64ല്‍ പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐയില്‍ ഉറച്ചുനിന്നു. പീന്നീട് പാര്‍ടിയെ ശക്തിപ്പെടുത്താന്‍ സംഘടനാ രംഗത്ത് ഉറച്ചുനിച്ച വെളിയം പാര്‍ടിയുടെ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാനിയായി.പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ സ്നേഹപൂരവം ആശാനെന്ന് വിളിച്ചു.

1956 മുതല്‍ പാര്‍ടി സംസ്ഥാന കൗണ്‍സില്‍ അംഗമായി. 1998 ലെ കണ്ണൂര്‍ സമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പി കെ വാസുദേവന്‍ നായര്‍ സ്ഥാന മൊഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. 2010 നവംബര്‍ 14 വരെ ആ സ്ഥാനത്ത് തുടര്‍ന്ന് പീന്നീടാണ് അനാരോഗ്യം മൂലം പാര്‍ടി നേതൃസ്ഥാനത്ത് നിന്ന് ഒഴിഞ്ഞത്. പാര്‍ടി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു. .

deshabhimani

Tuesday, April 9, 2013

രാഹുലും മോഡിയും കോര്‍പറേറ്റ് കളിപ്പാവ: ഗുരുദാസ് ദാസ് ഗുപ്ത


 കോണ്‍ഗ്രസും ബിജെപിയും പ്രധാനമന്ത്രി സ്ഥാനാര്‍ഥികളായി ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ഗാന്ധിയും നരേന്ദ്രമോഡിയും കോര്‍പറേറ്റുകളുടെ കളിപ്പാവകള്‍ മാത്രമാണെന്ന് എഐടിയുസി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത എംപി പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസും ബിജെപിയും പൂര്‍ണമായും കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലാണ്. തെരഞ്ഞെടുപ്പ് നടക്കുന്നതിനുമുമ്പുതന്നെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കോര്‍പറേറ്റുകള്‍. അതിന്റെ ഭാഗമായാണ് രാഹുല്‍ഗാന്ധിയെയും മോഡിയെയും വിളിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്. ഇടതുപക്ഷ പാര്‍ടികളെ സംബന്ധിച്ചിടത്തോളം വ്യക്തികളല്ല പ്രധാനം, നയങ്ങളാണ്. കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുന്ന നവഉദാര നയങ്ങളെയും മതമൗലികവാദത്തെയും ചെറുത്തു തോല്‍പ്പിക്കണമെന്നതാണ് ഇടതുപക്ഷം പറയുന്നതെന്നും ദാസ് ഗുപ്ത പറഞ്ഞു.

deshabhimani 090413

Sunday, January 27, 2013

ദേശീയ നേതാക്കളെ ആര്‍എസ്എസ് ഹൈജാക്ക് ചെയ്യുന്നു: സ്വാമി അഗ്‌നിവേശ്


കൊച്ചി: സ്വാമി വിവേകാനന്ദന്‍ അടക്കമുള്ള ദേശീയ നേതാക്കളെ ആര്‍ എസ് എസ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ് കുറ്റപ്പെടുത്തി.
സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികാചരണത്തിന്റെ ഭാഗമായി എഐവൈഎഫും എഐഎസ്എഫും സംയുക്തമായി സംഘടിപ്പിച്ച 'നവോത്ഥാന സദസ്സ്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാമി വിവേകാനന്ദനെയും ഗാന്ധിജിയെയും ഭഗത്‌സിംഗിനെയും അംബേദ്കറെയുംപോലുള്ള നേതാക്കളെ രാജ്യത്ത് സമത്വത്തിനായി പോരടിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഹിന്ദുത്വസംഘടനകള്‍ക്ക് വിവേകാനന്ദനെപോലുള്ളവരുടെ പാരമ്പര്യം അവകാശപ്പെടാന്‍ യാതൊരു അര്‍ഹതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കാഷായ ഭീകരതയ്‌ക്കെതിരായ സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ വാക്കുകളെ വിമര്‍ശിക്കാനും ബിജെപി, ആര്‍എസ്എസ് സംഘടനകള്‍ക്ക് യാതൊരു അവകാവുമില്ല. സ്വാമി വിവേകാനന്ദനും ദയാനന്ദ സരസ്വതിയുംപോലും ഈ വാക്കുകളെ വിമര്‍ശിക്കില്ല. കഴിഞ്ഞ 45 വര്‍ഷമായി കാഷായ വസ്ത്രം ധരിക്കുന്ന താനും ആ വാക്കുകളെ വിമര്‍ശിക്കുന്നില്ല. സുശീല്‍ കുമാര്‍ ഷിന്‍ഡേ എന്താണ് അര്‍ത്ഥമാക്കിയതെന്ന് ഞങ്ങള്‍ക്ക് അറിയാം. സുഷീല്‍കുമാര്‍ ഷിന്‍ഡേയും ജയറാം രമേഷും രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമൊക്കെ ഹിന്ദുക്കളാണ്. എന്നാല്‍ ബിജെപി മാത്രം ഇതിനെ എതിര്‍ക്കുന്നതിന് പിന്നിലെ കള്ളത്തരം വ്യക്തമാണ്.   വിവേകാനന്ദനെയും ഗാന്ധിജിയെയും ഭഗത്‌സിംഗിനെയുംപോലുള്ള നേതാക്കളെ പ്രതീകങ്ങളായി ഏറ്റെടുത്തുള്ള പ്രക്ഷോഭത്തിന് ഇടതുപക്ഷം തയ്യാറാകണം. കുടുംബത്തില്‍പോലും രണ്ടാംതരക്കാരായി കണക്കാക്കപ്പെടുന്ന സ്ത്രീകള്‍ക്കുവേണ്ടിയും ദളിതര്‍ക്കുവേണ്ടിയും സമരംനടത്തണം. വര്‍മ കമ്മീഷന്‍ സ്ത്രീസ്വാതന്ത്ര്യത്തിനുള്ള മാനിഫെസ്‌റ്റോയാണ്.   മദ്യവര്‍ജ്ജനം ലക്ഷ്യമിട്ട ശ്രീ നാരായണ ഗുരുവിനെ മദ്യരാജാവായ വെള്ളാപ്പള്ളി നടേശന്‍ തട്ടിയെടുത്തു. കേരളത്തിലെ വിജയ്മല്ല്യയാണ് വെള്ളാപ്പള്ളി. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളം കാണുമ്പോള്‍ മദ്യവും സ്വര്‍ണവും മാഫിയയെയുമാണ് ദൈവത്തിന് കൂടുതല്‍ ഇഷ്ടമെന്ന് തോന്നിപ്പോകും.  വി പി സിംഗ് സാമൂഹിക നീതി ലക്ഷ്യമിട്ട് മണ്ഡല്‍ കമ്മീഷന്‍ നടപ്പാക്കാനൊരുങ്ങിയപ്പോള്‍ കമണ്ഡല്‍ രഥയാത്രയുമായി അതിനെ തകര്‍ക്കാനാണ് അഡ്വാനി തയ്യാറായത്. അയോധ്യയില്‍ മാത്രം 27 ക്ഷേത്രങ്ങളാണുള്ളത്. ഓരോ ക്ഷേത്രാധികൃതരും തങ്ങളുടെ ക്ഷേത്രത്തിലാണ് രാമന്‍ പിറന്നത് എന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവിടുത്തെ ബാബറി മസ്ജിദിന്റെ മിമ്പറം സ്ഥിതിചെയ്യുന്ന നാലടി സ്ഥലത്താണ് രാമന്‍ ജനിച്ചതെന്ന് പ്രചരിപ്പിച്ച് പള്ളി തകര്‍ക്കാനാണ് അദ്വാനിയും കൂട്ടരും തയ്യാറായത്. ജാതിരഹിത സമൂഹത്തിനായി നിലകൊണ്ട വിവേകാനന്ദന് എങ്ങിനെ ഇവരെ അംഗീകരിക്കാനാകും. രാജ്യത്തെ ഏറ്റവും ദരിദ്രര്‍ക്കായി നയം രൂപീകരിക്കാനാണ് ഗാന്ധിജി നെഹ്രുവിനോട് അഭ്യര്‍ത്ഥിച്ചതെങ്കിലും നെഹ്രു ഉള്‍പ്പെടെ ഒരു പ്രധാനമന്ത്രിമാര്‍ക്കും അത്തരമൊരു നയം രൂപീകരിക്കാനായില്ലെന്നും അഗ്‌നിവേശ് പറഞ്ഞു.

എറണാകുളം ടൗണ്‍ഹാള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എഐസ്എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ അധ്യക്ഷനായി. മഹിളാസംഘം സംസ്ഥാന സെക്രട്ടറി കമലാ സദാനന്ദന്‍, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍, എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി കെ പി സന്ദീപ്, എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി സി സന്‍ജിത്ത്, ടി എം ഹാരിസ്, കെ ആര്‍ പ്രതീഷ്, ഡിവിന്‍ കെ ദിനകരന്‍ എന്നിവര്‍ സംസാരിച്ചു.

janayugom

Wednesday, January 16, 2013

സാന്ത്വന പരിപാലന യത്‌നങ്ങള്‍ക്ക് വിജയം നേരുന്നു


വികസനത്തെക്കുറിച്ചുള്ള തോരാത്ത അവകാശവാദങ്ങള്‍ക്കു നടുവിലാണ് നാം ജീവിക്കുന്നത്. അതിന്റെ വക്താക്കള്‍ അക്കങ്ങളും ശതമാനങ്ങളും പറഞ്ഞ് തങ്ങളുടെ വാദങ്ങള്‍ സമര്‍ഥിക്കാന്‍ മിടുക്കുള്ളവരാണ്. അംബരചുംബികളായ മഹാസൗധങ്ങളും അതിവേഗപ്പാതകളും വയല്‍ നികത്തിയും മല ഇടിച്ചുമുണ്ടാക്കുന്ന വിമാനത്താവളങ്ങളും വികസനത്തിന്റെ അളവുകോലാണെന്ന് അവര്‍ വാദിക്കുന്നു. ആഗോളവല്‍ക്കരണം ലോകത്തെ പഠിപ്പിച്ച വികസന സങ്കല്‍പങ്ങളില്‍ പണവും ലാഭവും തന്നെയാണ് കേന്ദ്രസ്ഥാനം കൈയടക്കിയത്. പാവപ്പെട്ട മനുഷ്യരും അവരുടെ ദൈന്യതനിറഞ്ഞ ജീവിതവും പണത്തിന്റെ പളപളപ്പുകളില്‍ ആരുടെയും കണ്ണില്‍പ്പെടാതെ ഞെരിഞ്ഞമരുകയാണ്. ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവുമില്ലാത്തവര്‍, ഭൂമിയും വിദ്യാഭ്യാസവും ലഭിക്കാത്തവര്‍, രോഗപീഡകളാല്‍ വലയുന്നവര്‍- അവരെ കാണുവാനും കേള്‍ക്കുവാനും അധികാര കേന്ദ്രങ്ങള്‍ക്ക് മടിയാണ്. അവരുടെ കണ്ണീരിനും കാത്തിരിപ്പിനും മുമ്പില്‍ കരിമ്പാറയെ തോല്‍പിക്കുന്ന നിസംഗതയാണ് ചൂഷകവര്‍ഗ ഭരണക്കാര്‍ പുലര്‍ത്തുന്നത്. 'മനുഷ്യന്‍! എത്ര മനോഹരമായ പദം!' എന്നു പറഞ്ഞ മാക്‌സിം ഗോര്‍ക്കിയുടെ വാക്കുകള്‍ക്ക് ഇവിടെ അര്‍ഥമില്ലാതാവുകയാണ്. ആ മഹാസങ്കല്‍പത്തിന്റെ അര്‍ഥവും മഹത്വവും വീണ്ടെടുക്കാനുള്ള പരിശ്രമങ്ങളാണ് സാമൂഹികമാറ്റത്തിന്റെ ശക്തികള്‍ക്ക് ഇന്ന് ഏറ്റെടുക്കാനുള്ളത്. സാന്ത്വന പരിപാലനത്തിന്റെ രംഗത്തേക്ക് കടന്നുവരാനുള്ള സി പി ഐ (എം) തീരുമാനത്തെ ഈ പശ്ചാത്തലത്തിലാണ് ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നത്.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ശൈലികളെക്കുറിച്ചും സമീപനങ്ങളെക്കുറിച്ചും ജനങ്ങള്‍ ഇന്ന് നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. സമൂഹത്തിനും ജനങ്ങള്‍ക്കും സാമൂഹിക പുരോഗതിക്കും വേണ്ടിയുള്ള ബോധപൂര്‍വമായ ഇടപെടല്‍ എന്നതില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം വഴിതെറ്റിപ്പോകുന്നുവെന്ന വിമര്‍ശനം വ്യാപകമാണ്. ''ത്യാഗമെന്നതേ നേട്ടം, താഴ്മ താന്‍ അഭ്യുന്നതി'' എന്ന ദേശീയ പ്രസ്ഥാനത്തിന്റെ പൈതൃകം രാഷ്ട്രീയ പ്രവര്‍ത്തകര്‍ മറന്നുപോയതായി പലരും പരിതപിക്കുന്നു. പണത്തിനു പരമപ്രാധാന്യം കല്‍പിക്കുന്ന ചൂഷകവര്‍ഗം സമൂഹത്തിനുമേല്‍ അടിച്ചേല്‍പിച്ച മൂല്യബോധമാണ് നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയെ ഈ പതനത്തിലെത്തിച്ചത്. നിരന്തരവും വിട്ടുവീഴ്ച ഇല്ലാത്തതുമായ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തെയും ഇത്തരം വലതുപക്ഷ ദുഷിപ്പുകള്‍ പിടികൂടും. മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും കാലം മുതല്‍ ഉണ്ടായിട്ടുള്ളതാണ് ഈ ജാഗ്രതപ്പെടുത്തല്‍. ഇന്ത്യയിലെ പ്രധാന ഇടതുപക്ഷ പാര്‍ട്ടികളായ സി പി ഐയും സി പി ഐ (എം) ഉം തങ്ങളുടെ ആശയസംഘടനാ രേഖകളില്‍ ഈ വസ്തുത എന്നും ഊന്നിപ്പറഞ്ഞിട്ടുണ്ട്. സമൂഹത്തിലെ കഷ്ടപ്പെടുന്നവരുമായുള്ള ഐക്യപ്പെടല്‍ ഈ പ്രത്യയശാസ്ത്ര ജാഗ്രതയുടെ ഭാഗം തന്നെയാണ്. സി പി ഐ (എം) തുടങ്ങിവയ്ക്കുന്ന മനുഷ്യകാരുണ്യ പ്രസ്ഥാനത്തിന് ഇത്തരത്തില്‍ വിപുലമായ ആശയതലമുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

മാറാവ്യാധികള്‍ക്കടിപ്പെട്ട് ദുരിതങ്ങളുടെ കണ്ണുനീര്‍ കുടിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ജീവിതശൈലീരോഗങ്ങള്‍ എന്ന തലക്കെട്ടിനു താഴെ പുതിയ പുതിയ രോഗങ്ങള്‍ മനുഷ്യനെ വേട്ടയാടുന്നു. ചികിത്സാരംഗവും അതിന്റെ ഫലമായി അതിവേഗം കമ്പോളവല്‍ക്കരിക്കപ്പെട്ടു. സര്‍ക്കാര്‍ നയങ്ങള്‍ പൊതുജന ആരോഗ്യ സംവിധാനത്തെ കൈയൊഴിയുമ്പോള്‍ പഞ്ചനക്ഷത്ര ആശുപത്രികള്‍ കൂണുപോലെ മുളച്ചുവരുന്നു. കൈനിറയെ പണമില്ലാത്തവരുടെ കുടുംബങ്ങള്‍ ഈ അവസ്ഥയില്‍ പകച്ചുനില്‍ക്കുകയാണ്. സാന്ത്വനപരിപാലനത്തിന്റെ സ്‌നേഹസ്പര്‍ശത്തിനു വേണ്ടി കാത്തിരിക്കുന്നവരില്‍ 82 ശതമാനത്തിനും ഇന്ന് അത് ലഭ്യമല്ലെന്ന് പാലിയേറ്റീവ് രംഗത്തെ വിദഗ്ധര്‍ പറയുന്നു. ആ ചുറ്റുപാടിലാണ് സി പി ഐ (എം) അതിന്റെ എല്ലാ ലോക്കല്‍ കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ സാന്ത്വന പരിപാലനത്തിനുവേണ്ടിയുള്ള വളന്റിയര്‍നിരയെ അണിനിരത്തുന്നത്. ഇരുപത് പേര്‍ വീതമെങ്കിലുമുള്ള ഈ സന്നദ്ധസംഘം കഷ്ടതപേറുന്ന മനുഷ്യര്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കും. സി പി ഐ (എം) തുടങ്ങിവയ്ക്കുന്ന ഈ മാതൃക നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനശൈലിയില്‍ പാവങ്ങള്‍ക്കനുകൂലമായ ഗുണപരമായ മാറ്റത്തിനുവേണ്ടിയുള്ള ബോധപൂര്‍വമായ തുടക്കമാകട്ടെ എന്നു ഞങ്ങള്‍ ആശംസിക്കുന്നു.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ നീണ്ട അധ്യായങ്ങള്‍ പതിഞ്ഞുകിടപ്പുണ്ട്. വസൂരിയും കോളറയും പടര്‍ന്നുപിടിച്ച ഗ്രാമങ്ങളില്‍ കമ്യൂണിസ്റ്റ് സഖാക്കള്‍ കാരുണ്യത്തിന്റെ ജീവല്‍സ്പര്‍ശവുമായെത്തിയ എത്രയെത്ര അനുഭവങ്ങളാണ് മുന്‍തലമുറകള്‍ നമുക്കു പറഞ്ഞുതന്നിട്ടുള്ളത്. വിപ്ലവത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് മനുഷ്യസ്‌നേഹത്തിന്റെ മുഖവും മൂല്യവുമുണ്ടെന്നാണ് ത്യാഗധനരായ ആദ്യപഥികര്‍ നമ്മെ പഠിപ്പിച്ചത്. അതു കൈമോശം വന്നാല്‍ ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വേര്‍തിരിവിന്റെ വരകള്‍ നേര്‍ത്തുനേര്‍ത്ത് ഇല്ലാതായിപ്പോകും. സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ എല്ലാ ഉള്‍തുടിപ്പുകളും ഉള്‍ക്കൊള്ളുമ്പോഴാണ് വിപ്ലവപ്രസ്ഥാനം അതിന്റെ ദൗത്യനിര്‍വഹണത്തിന് പ്രാപ്തമാകുന്നത്. ആ യാഥാര്‍ഥ്യങ്ങളില്‍ വിശപ്പും ദാരിദ്ര്യവും കണ്ണുനീരും രോഗവ്യഥകളും ഉള്‍ചേര്‍ന്നിട്ടുണ്ട്. ബൂര്‍ഷ്വാ വികസനത്തിന്റെ കാര്യപരിപാടികളില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന ഈ സത്യം തിരിച്ചറിഞ്ഞുകൊണ്ടേ ഇടതുപക്ഷത്തിന് അതിന്റെ വ്യത്യസ്തമായ വികസനപരിപ്രേക്ഷ്യം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയു. കേരളത്തില്‍ അങ്ങോളമിങ്ങോളം അനിഷേധ്യമായ ബഹുജനപിന്തുണയുള്ള സി പി ഐ (എം) തുടക്കംകുറിക്കുന്ന സാന്ത്വന പരിപാലന പ്രസ്ഥാനം ഈ സത്യത്തിന്റെമേലുള്ള കയ്യൊപ്പാണെന്ന് ഞങ്ങള്‍ കരുതുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരാകാന്‍ ഈ മാതൃക എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രചോദനമാകട്ടെ.

janayugom editorial

Tuesday, January 15, 2013

പണിമുടക്ക് ചരിത്രദൗത്യം ജോയിന്റ് കൗണ്‍സില്‍


കേരളത്തില്‍ പതിറ്റാണ്ടുകളായി നിലനിന്ന സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി അട്ടിമറിച്ച് പകരം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി സാമൂഹിക സുരക്ഷാ അടിത്തറയെ തകിടം മറിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ നയത്തിനെതിരെ നടന്ന അതിശക്തമായ പണിമുടക്കം ചരിത്ര ദൗത്യമാണെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

രാജ്യത്ത് രണ്ടു പതിറ്റാണ്ടിലേറെക്കാലമായി നടന്നു വരുന്ന നവ-ലബിറല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി സിവില്‍ സര്‍വ്വീസിനെ ഉള്‍പ്പടെ തകര്‍ത്ത് സേവന മേഖലകള്‍ പൂര്‍ണ്ണമായും സ്വകാര്യ വല്‍ക്കരിക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുടര്‍ന്നു പോരുന്നത്. ഇതിന്റെ ഭാഗമായാണ് തസ്തിക വെട്ടിക്കുറയ്ക്കലും നിയമന നിരോധനം വ്യാപകമാക്കുകയും കരാര്‍ നിയമനങ്ങള്‍ പ്രോത്സാഹിപ്പിച്ചും ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നത്.

സിവില്‍ സര്‍വ്വീസിന്റെ നിലനില്‍പ്പിനെ അപകടപ്പെടുത്തുകയും അതിലൂടെ സാമൂഹ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യും. പെന്‍ഷന്‍ എന്ന സാമൂഹ്യ സുരക്ഷ ഇല്ലാതാകുന്നതോടെ സിവില്‍ സര്‍വ്വീസ് അപ്രസക്തമാകും. യോജിച്ച പോരാട്ടത്തിലൂടെ ചെറുത്തു തോല്‍പ്പിക്കാമായിരുന്ന പങ്കാളിത്ത പെന്‍ഷന്‍ ഉത്തരവ് എന്‍ ജി ഒ അസോസിയേഷന്റെ നിലപാടുമൂലം പൂര്‍ണ്ണ വിജയത്തിലെത്തിയില്ല. ഇതിനവര്‍ വരുംകാലങ്ങളില്‍ മറുപടി പറയേണ്ടിവരും. 

ത്യാഗങ്ങള്‍ സഹിച്ചും, ശമ്പളം നഷ്ടപ്പെടുത്തിയും, ശിക്ഷണ നടപടികളെ ധീരമായി നേരിട്ടും പണിമുടക്കില്‍ ഉറച്ചു നിന്ന മുഴുവന്‍ ജീവനക്കാരെയും അഭിവാദ്യം ചെയ്യുന്നതതായി ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍നായര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

janayugom

Saturday, September 15, 2012

പുറത്തുവന്നത് ക്രിമിനല്‍മുഖം


ജില്ലാ പഞ്ചാ. പ്രസിഡന്റിന്റെ വീട് ആക്രമിച്ച സംഭവം: സിപിഐ നേതാവ് പിടിയില്‍

വെഞ്ഞാറമൂട്: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രമണി പി നായരുടെ വീട് ആക്രമിക്കുകയും ഔദ്യോഗികവാഹനം കത്തിക്കുകയും ചെയ്ത കേസില്‍ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ സിപിഐ നേതാവ് പിടിയില്‍. വലിയ കട്ടയ്ക്കാല്‍ ചെമ്പിട്ടവിളവീട്ടില്‍ സോണി (34)യാണ് പിടിയിലായത്. ആലന്തറ മൂലൂര്‍ക്കോണത്തുവച്ചാണ് ഇയാളെ അറസ്റ്റുചെയ്തത്. സിപിഐ വലിയകട്ടയ്ക്കാല്‍ ബ്രാഞ്ച് അംഗമായ ഇയാള്‍ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ്. ഈ കേസിലെ മൂന്നാംപ്രതിയായ ജയചന്ദ്രനെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ വിവരങ്ങളെതുടര്‍ന്നാണ് നാലാംപ്രതിയായ സോണിയെ അറസ്റ്റുചെയ്തതെന്ന് വെഞ്ഞാറമൂട് സിഐ പി വേലായുധന്‍നായര്‍ പറഞ്ഞു. ക്രിമിനല്‍ ഗൂഢാലോചന, ആസൂത്രണം, പങ്കാളിത്തം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇതോടെ കേസിലെ ഒന്നും രണ്ടും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടന്‍തന്നെ പ്രതികള്‍ കുടുങ്ങുമെന്നും വെഞ്ഞാറമൂട് സിഐ പറഞ്ഞു. ആക്രമണത്തിനുപിന്നിലെ ഗൂഢാലോചനയില്‍ കൂടുതല്‍പേര്‍ പങ്കെടുത്തിട്ടുള്ളതായും പൊലീസ് പറയുന്നു. സംഭവം സിപിഐ എമ്മിന്റെമേല്‍ കെട്ടിവയ്ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് അക്രമത്തിനുപിന്നിലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട് സിപിഐയില്‍ ചേര്‍ന്നവരും കോണ്‍ഗ്രസ് ഐ വിഭാഗവും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയും അവിശുദ്ധ കൂട്ടുകെട്ടും ഇതോടെ കൂടുതല്‍ വ്യക്തമാകുകയാണ്. കേസില്‍ സിപിഐയിലെ പ്രമുഖ നേതാക്കള്‍ ഗൂഢാലോചനയിലും ആസൂത്രണത്തിലും പങ്കെടുത്തതായും പൊലീസ് പറയുന്നു.

സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ആഹ്വാനംചെയ്ത ഹര്‍ത്താലിനെ മറയാക്കി ആഗസ്ത് മൂന്നിന് പുലര്‍ച്ചെ 1.30നാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ വീട് ആക്രമിച്ച് ഔദ്യോഗികവാഹനം കത്തിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അറസ്റ്റിലായവരെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

രമണി പി നായരുടെ വീടാക്രമണം: എഐവൈഎഫ് നേതാവ് അറസ്റ്റില്‍

വെഞ്ഞാറമൂട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായരുടെ വീട് ആക്രമിക്കുകയും ഔദ്യോഗികവാഹനം കത്തിക്കുകയും ചെയ്ത കേസില്‍ സിപിഐ പ്രവര്‍ത്തകനും എഐവൈഎഫ് വെഞ്ഞാറമൂട് ലോക്കല്‍കമ്മിറ്റി അംഗവുമായ മക്കാംകോണം പുത്തന്‍വീട്ടില്‍ ജയചന്ദ്രന്‍നായര്‍ (34) അറസ്റ്റില്‍. വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്ക് രാത്രി സെക്യൂരിറ്റി ജീവനക്കാരനായ ഇയാളെ വെഞ്ഞാറമൂട് സിഐ പി വേലായുധന്‍നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ സിപിഐ നേതാക്കള്‍ ഉള്‍പ്പെടെ മറ്റ് അഞ്ച് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. അക്രമം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ സിപിഐയും ഒരുവിഭാഗം കോണ്‍ഗ്രസുകാരും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ഈ അറസ്റ്റിലൂടെ തകര്‍ന്നത്.

ആഗസ്ത് മൂന്നിന് പുലര്‍ച്ചെ 1.30ഓടെയാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രമണി പി നായരുടെ വലിയകട്ടയ്ക്കാലിലെ വീടിനും ഔദ്യോഗികവാഹനത്തിനും നേരെ ആക്രമണം ഉണ്ടായത്. ഹര്‍ത്താലിനെ മറയാക്കി സംഭവം സിപിഐ എമ്മിന്റെ മേല്‍ കെട്ടിവയ്ക്കാനായിരുന്നു ശ്രമം. മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതി കുടുങ്ങാന്‍ കാരണം. സംഭവവുമായി ബന്ധപ്പെട്ട ഇരുപതിനായിരത്തോളം മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുകയും സംശയം തോന്നിയ അഞ്ച് നമ്പരുകളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുകയുമായിരുന്നു. സംഭവദിവസം ഇയാള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ 12.11വരെ ഫോണുകള്‍ വഴി പരസ്പരം ബന്ധപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് ഫോണുകള്‍ നിശ്ചലമായി. പുലര്‍ച്ചെ രണ്ടോടെ വീണ്ടും ഫോണ്‍വഴി പുലരുവോളം ബന്ധപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു. രാത്രി സെക്യൂരിറ്റിയായ ഇയാളുടെ മൊബൈലിന്റെ ടവര്‍ വേരിയേഷന്‍ കാരണമാണ് പിടികൂടാന്‍ സഹായിച്ചത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മുരൂര്‍ക്കോണം ഏലായില്‍നിന്ന് കമ്പൊടിച്ച് വേസ്റ്റ് തുണിയില്‍ കെട്ടി തീ കത്തിച്ചശേഷമാണ് കാറിന് തീയിട്ടത്. ആസൂത്രണം, ഗൂഢാലോചന, പങ്കാളിത്തം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

പുറത്തുവന്നത് ക്രിമിനല്‍മുഖം

വെഞ്ഞാറമൂട്: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രമണി പി നായരുടെ വീടിനും വാഹനത്തിനുംനേരെ ഉണ്ടായ ആക്രമണത്തില്‍ സിപിഐ നേതാക്കള്‍ അറസ്റ്റിലായതോടെ വെളിവാകുന്നത് ക്രിമിനല്‍ മുഖം. സിപിഐ എമ്മിനോടൊപ്പം നിന്ന് എല്ലാ ആനുകൂല്യങ്ങളും നേടിയശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയില്‍നിന്ന് പണം വാങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കോലിയക്കോട് എന്‍ കൃഷ്ണന്‍നായരെ തോല്‍പ്പിക്കാനും പാര്‍ടി അനുഭാവികളെ പാര്‍ടിയില്‍നിന്ന് അകറ്റാനും സദാശ്രമിച്ച ഇക്കൂട്ടരുടെ സാമ്പത്തികക്രമക്കേടും പാര്‍ടിവിരുദ്ധ നിലപാടും അന്വേഷിക്കുമെന്നായപ്പോള്‍ ആദര്‍ശം പറഞ്ഞ് പുറത്തുപോവുകയായിരുന്നു. കോണ്‍ഗ്രസുമായി അവിശുദ്ധസഖ്യമുണ്ടാക്കി രാത്രിയില്‍ സാമൂഹ്യവിരുദ്ധ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സിപിഐ എമ്മിന്റെമേല്‍ കെട്ടിവയ്ക്കാനും പലവട്ടം ഈ സംഘം ശ്രമിച്ചിരുന്നു. എന്നാല്‍, രമണി പി നായരുടെ വീടും വാഹനവും ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയിലായതോടെ സിപിഐയുടെ കപടമുഖം കൂടുതല്‍ വ്യക്തമായി. അമ്പലംമുക്ക് ബോംബുസ്ഫോടന കേസും വലിയകട്ടയ്ക്കാലിലെ ഡിവൈഎഫ്ഐയുടെ വെയ്റ്റിങ്ഷെഡ് തകര്‍ത്ത സംഭവവും ഇവരുടെ നേതൃത്വത്തിലാണെന്ന ആരോപണം ഇതോടെ ബലപ്പെട്ടു. രമണി പി നായരുടെ വീട് ആക്രമണക്കേസില്‍ മൂന്നും നാലും പ്രതികളെമാത്രമാണ് അറസ്റ്റുചെയ്തത്. സംഭവത്തില്‍ സിപിഐയിലെ ഉന്നതരായ രണ്ട് നേതാക്കളാണ് ഒന്നും രണ്ടും പ്രതികള്‍. രണ്ടു പ്രതികളെ അറസ്റ്റുചെയ്തതോടെ സിപിഐ നേതാക്കള്‍ ഒളിവില്‍ പോയി.

deshabhimani 150912

Wednesday, August 15, 2012

സിപിഐ മറക്കുന്നത് ചരിത്രം


രണ്ട് കമ്യൂണിസ്റ്റ് പാര്‍ടികള്‍ തമ്മിലുള്ള സാഹോദര്യത്തിന് സിപിഐ സംസ്ഥാനനേതൃത്വം പോറലേല്‍പ്പിക്കുന്നു. ഒരു ദശകത്തോളം സിപിഐ അകപ്പെട്ടിരുന്ന "മാര്‍ക്സിസ്റ്റ് വിരുദ്ധ മുന്നണി" രാഷ്ട്രീയത്തിന് അവസാനംകുറിച്ച് സിപിഐ ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ എത്തിയതും ഇരു പാര്‍ടിയുടെയും പ്രവര്‍ത്തകര്‍ ഐക്യത്തിലായതും ബോധപൂര്‍വമായ വര്‍ഗ- സംഘടന- സമരപ്രവര്‍ത്തനങ്ങളിലൂടെയാണ്. എം എന്‍ ഗോവിന്ദന്‍നായര്‍, എന്‍ ഇ ബാലറാം, പി കെ വാസുദേവന്‍നായര്‍, വെളിയം ഭാര്‍ഗവന്‍ തുടങ്ങിയ നേതാക്കള്‍ അതിനായി തെളിച്ച പാതയെ വിസ്മരിക്കുന്ന സമീപനമാണ് സിപിഐ എമ്മിനോട് കേരളത്തിലെ സിപിഐയിലെ ഇന്നത്തെ ഒരുവിഭാഗം നേതാക്കള്‍ കാട്ടുന്നത്. ആ തെറ്റുതിരുത്തി ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുകയെന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇത് വിസ്മരിക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും മറ്റും. ഈ സമീപനം സ്വീകരിച്ചശേഷം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധസമരത്തിന് ശക്തികൂട്ടേണ്ട അവസരത്തില്‍ തര്‍ക്കം ഉന്നയിക്കുന്നത് നന്നല്ലെന്ന പന്ന്യന്റെ അഭിപ്രായം ഇരട്ടത്താപ്പാണ്.

വാക്കും പ്രവൃത്തിയും ഒന്നാണോയെന്ന ആത്മാര്‍ഥമായ ആത്മപരിശോധന സിപിഐ നേതൃത്വം നടത്തിയാല്‍ തെറ്റില്‍നിന്ന് മോചിതമാകും. എല്‍ഡിഎഫിലെ ഏറ്റവും ജനസ്വാധീനമുള്ള പാര്‍ടിയായ സിപിഐ എമ്മിനെ അടിച്ചമര്‍ത്താന്‍, രണ്ട് കൊലക്കേസുകള്‍ മറയാക്കി, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതിനെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്ന സമീപനം സിപിഐ സ്വീകരിച്ചു എന്നതാണ് പ്രധാനപ്രശ്നം. കള്ളക്കേസും നേതാക്കളുടെ അറസ്റ്റും പൗരസ്വാതന്ത്ര്യലംഘനമാണ്. അതിനെതിരെ സമരം വളരുമ്പോള്‍ ജനവിരുദ്ധത മുഖമുദ്രയാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പതനം അനിവാര്യമാകും. ഇതിനെ തടയുന്ന വര്‍ഗവഞ്ചനയാണ് സിപിഐ കാട്ടിയത്. അതിനാലാണ് കള്ളക്കേസിന്റെ മറവിലെ ഭരണനടപടികളിലും ഗുണ്ടാ ആക്രമണങ്ങളിലും പി ജയരാജന്റെ അറസ്റ്റിലും പ്രതിഷേധിച്ച ജനവികാരത്തില്‍ സിപിഐ പങ്കുചേരാതിരുന്നത്.

കരുണാകരന്റെ ഭരണകാലത്ത് അടക്കം പൊലീസ് നടപടികളിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് സിപിഐ ഉള്‍പ്പെടുന്ന എല്‍ഡിഎഫ്, സംസ്ഥാന ബന്ദ് ഉള്‍പ്പെടെ പലവട്ടം നടത്തിയിട്ടുണ്ട്. എ കെ ജി സെന്റര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബന്ദ് നടന്നപ്പോള്‍ കുടപ്പനക്കുന്നില്‍ രക്തസാക്ഷിയായത് സിപിഐയുടെ ഉശിരന്‍ നേതാവ് ജയപ്രകാശ് ആണ്. അന്ന് പൊലീസിന്റെ കമ്യൂണിസ്റ്റ് വേട്ടയ്ക്കെതിരെ തീപാറുന്ന പ്രസംഗം നടത്തിയത് വെളിയം ഭാര്‍ഗവനാണ്. ഈ കാലത്തും അതിന് മുമ്പും ശേഷവും കണ്ണൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഹിന്ദുവര്‍ഗീയ ഫാസിസത്തിന് എതിരെ സിപിഐ എം രംഗത്ത് വന്നപ്പോള്‍, അനേകം പ്രവര്‍ത്തകര്‍ രക്തസാക്ഷികളായി. ചെറുത്തുനില്‍പ്പില്‍ അനേകം ആര്‍എസ്എസുകാരും കൊല്ലപ്പെട്ടു.

പക്ഷേ, അന്നൊന്നും കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫും ആര്‍എസ്എസും സിപിഐ എമ്മിനെതിരെ ചൊരിഞ്ഞ ആക്ഷേപങ്ങളെ ശക്തിപ്പെടുത്താന്‍ കൂട്ടുനില്‍ക്കുന്ന വര്‍ഗവഞ്ചന സിപിഐ നേതൃത്വം സ്വീകരിച്ചിട്ടില്ല. നായനാര്‍ ഭരിക്കുമ്പോള്‍ മനുഷ്യനും തെങ്ങിനും വിലയില്ലെന്ന് സി എച്ച് മുഹമ്മദ്കോയ പ്രസംഗിച്ചപ്പോള്‍ അതിന് ചുട്ടമറുപടി നല്‍കിയത് പി കെ വിയാണ്. സ്വന്തം ചങ്ങാതികക്ഷിയെ മാന്തി രാഷ്ട്രീയ എതിരാളികളെ സുഖിപ്പിച്ച് സ്വന്തം പാര്‍ടിക്ക് രാഷ്ട്രീയവ്യക്തിത്വം ഉണ്ടാക്കാമെന്ന തലതിരിഞ്ഞ അപക്വരാഷ്ട്രീയം അന്നത്തെ സിപിഐ രാഷ്ട്രീയനേതൃത്വത്തിന് ഇല്ലായിരുന്നു. യുഡിഎഫ് ഭരണത്തിന്റെ തിന്മകള്‍ക്കെതിരായ ജനകീയപ്രക്ഷോഭത്തിന്റെ ആണിക്കല്ലാണ് പൗരാവകാശം സംരക്ഷിക്കാനുള്ള പോരാട്ടവും. അത് മറക്കുന്നത് ഉമ്മന്‍ചാണ്ടി ഭരണത്തിനെതിരായ വിപുലമായ പോരാട്ടത്തെ ക്ഷീണിപ്പിക്കല്‍ തന്നെയാണ്.
(ആര്‍ എസ് ബാബു)

കാനം ഇടതുപക്ഷ ഐക്യം തകര്‍ക്കുന്നവരുടെ കോടാലിക്കൈയാവരുത്-സിപിഐ എം

സിപിഐ എമ്മിന്റെ അനശ്വരരായ രക്തസാക്ഷികളെക്കുറിച്ച് അവജ്ഞയോടെ പ്രസംഗിച്ച കാനം രാജേന്ദ്രന്‍ ഇടതുപക്ഷമുന്നേറ്റത്തെ തകര്‍ക്കാനുള്ള വലതുപക്ഷ ഗൂഢാലോചനക്കാരുടെ കോടാലിക്കൈയാകരുതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അന്തിക്കാട്ടെ ചരിത്രം സസൂക്ഷ്മം പരിശോധിക്കാന്‍ തയ്യാറാകാത്തതാണ് അനശ്വര രക്തസാക്ഷി സി കെ സുബ്രഹ്മണ്യനെക്കുറിച്ചുള്ള അജ്ഞതയ്ക്കു കാരണം. ഐതിഹാസിക സമരഭൂമിയായ അന്തിക്കാട്ട് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിളര്‍പ്പിനുശേഷം സിപിഐ എമ്മിലേക്കുണ്ടായ പ്രവര്‍ത്തകരുടെ കുത്തൊഴുക്കില്‍ വിറളിപൂണ്ട സിപിഐക്കാര്‍ നടത്തിയ അറുകൊലയായിരുന്നു സുബ്രഹ്മണ്യേന്റേത്. "70ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണലൂരില്‍നിന്ന് സിപിഐ-കോണ്‍ഗ്രസ് കക്ഷികളുടെ നേതൃത്വത്തിലുള്ള മാര്‍ക്സിസ്റ്റ്വിരുദ്ധമുന്നണി സ്ഥാനാര്‍ഥി എന്‍ ഐ ദേവസിക്കുട്ടി വിജയിച്ചു. ഇതോടെ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ വലിയ കടന്നാക്രമണമുണ്ടായി. സിപിഐ പ്രവര്‍ത്തകനായിരുന്ന പൂക്കാട്ട് സുബ്രഹ്മണ്യനും വലിയൊരു വിഭാഗം പ്രവര്‍ത്തകരും ആ പാര്‍ടി വിട്ട് സിപിഐ എമ്മുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സിപിഐയുടെ അവസരവാദം തിരിച്ചറിഞ്ഞ അന്തിക്കാട്ടെ ഉജ്വല പോരാളികള്‍ കുടുംബത്തോടെ സിപിഐ വിടുന്ന സ്ഥിതിയുണ്ടായി. ഇതിനു തടയിടാന്‍ പൂക്കാട്ട് സുബ്രഹ്മണ്യനെ പൊതുജനമധ്യത്തില്‍ കൊലപ്പെടുത്താനാണ് സിപിഐ തീരുമാനിച്ചത്.

ഇതിന്റെ മുന്നൊരുക്കമായി നിരന്തരസംഘര്‍ഷം സൃഷ്ടിക്കപ്പെട്ടു. സിപിഐ എം പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ചു മര്‍ദിക്കല്‍ നിത്യസംഭവമായി. തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഐ-കോണ്‍ഗ്രസ് സഖ്യം 1970 ഒക്ടോബര്‍ രണ്ടിന് വൈകിട്ട് അഞ്ചിന് അന്തിക്കാട് എന്‍ ഐ ദേവസിക്കുട്ടി പങ്കെടുത്ത പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചിരുന്നു. ഈ സമയം ഹൈസ്കൂള്‍ പരിസരത്ത് പണ്ടാരന്‍ ശ്രീധരന്‍ എന്ന സിപിഐ പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്നു നിന്ന അക്രമികള്‍ പൂക്കാട്ട് സുബ്രഹ്മണ്യനെയും ഒപ്പമുണ്ടായിരുന്ന അന്തിക്കാട് ഹൈസ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി ശങ്കരന്‍കണ്ടത്ത് സുബ്രഹ്മണ്യനെയും ആക്രമിച്ചു. മാരകായുധങ്ങളുമായി ചാടിവീണ സംഘത്തിന്റെ കുത്തേറ്റ പൂക്കാട്ട് സുബ്രഹ്മണ്യന്‍ ഓടി രക്ഷപ്പെട്ടെങ്കിലും ശങ്കരന്‍കണ്ടത്ത് സുബ്രഹ്മണ്യന്‍ കൊല്ലപ്പെട്ടു. ഒമ്പതുകുത്തേറ്റ് വയര്‍ പിളര്‍ന്ന് കുടല്‍ പുറത്തുചാടി 150 മീറ്ററോളം ഓടി മെയിന്‍ റോഡില്‍ എത്തി കല്ലട്ടിയില്‍ പിടഞ്ഞുവീഴുകയായിരുന്നു സുബ്രഹ്മണ്യന്‍. തൃശൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഒമ്പതോടെ മരിച്ചു. പട്ടാപ്പകല്‍ പൊതുജനമധ്യത്തില്‍, നിരാലംബനായ സ്കൂള്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത് എന്തിനാണെന്ന് കാനം രാജേന്ദ്രനും സുഹൃത്തുക്കളും ആത്മപരിശോധന നടത്തണം.

ഇപ്പോഴും ആര്‍ക്കും വിവരമില്ലാത്തതെന്നും നാട്ടുകാര്‍പോലും കേട്ടിട്ടില്ലാത്തതെന്നും പ്രഘോഷിച്ച രാജേന്ദ്രന്‍ അന്തിക്കാട്ടെ പഴയകാലപ്രവര്‍ത്തകരോട് ഇതുസംബന്ധിച്ച് ആരായുന്നത് നന്നായിരിക്കും. കര്‍ഷകത്തൊഴിലാളികളായ ശങ്കരന്‍കണ്ടത്ത് കോരന്റെയും കാളിക്കുട്ടിയുടെയും മൂത്തമകന്‍ സുബ്രഹ്മണ്യനെ മറക്കേണ്ടത് കാനത്തിനും കൂട്ടര്‍ക്കും അത്യന്താപേക്ഷിതമാണ്. ഈ ക്രൂരകൃത്യത്തിന് നേതൃത്വം നല്‍കിയ സിപിഐ പ്രവര്‍ത്തകന്‍ പണ്ടാരന്‍ ശ്രീധരനെ കോടതി ജീവപര്യന്തം ശിക്ഷിച്ചുവെന്നതും ചരിത്രമാണ്-എ സി മൊയ്തീന്‍ പറഞ്ഞു.

സിപിഐ നിലപാട് മുന്നണിക്ക് ദോഷം: വൈക്കം വിശ്വന്‍

പ്രതിപക്ഷത്തെ മുഖ്യ പാര്‍ടിയായ സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ ഘടകകക്ഷികള്‍ രംഗത്തിറങ്ങുമ്പോള്‍ ഒരു പാര്‍ടിമാത്രം മാറിനില്‍ക്കുന്നത് മുന്നണിയെ ദുര്‍ബലപ്പെടുത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. എല്‍ഡിഎഫില്‍ വ്യത്യസ്ത കക്ഷികള്‍ ഉള്ളതുകൊണ്ട് അഭിപ്രായവ്യത്യാസങ്ങളും സ്വാഭാവികമാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

തര്‍ക്കങ്ങള്‍ ഇപ്പോള്‍ മാത്രമല്ല മുമ്പും ഉണ്ടായിട്ടുണ്ട്. പ്രതിപക്ഷത്തെ പ്രധാനകക്ഷിയാണ് സിപിഐ എം. സിപിഐ എമ്മിനെ തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭരണാധികാരികള്‍ പ്രവര്‍ത്തിക്കുന്നത്. 1972ല്‍ തന്നെ ചിലര്‍ ആക്രമിച്ച് മൃതപ്രായനാക്കിയിട്ട് പോയതായിരുന്നല്ലോ. അക്രമരാഷ്ട്രീയത്തെക്കുറിച്ച് പറയുന്നവര്‍ ഇതോര്‍ക്കണം. സിപിഐ എമ്മിനെ കൊലയാളി പാര്‍ടിയെന്ന് വിളിച്ച് ആക്ഷേപിക്കുകയും നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നത് ഇടതുപക്ഷത്തെതന്നെ ജനമധ്യത്തില്‍ താറടിച്ച് കാണിക്കാനാണ്. ഇതിനുമുമ്പും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരെ സംഘടിതമായ ആക്രണങ്ങള്‍ നടന്നിട്ടുണ്ട്. അത്തരം ആക്രമണങ്ങളെ അതിജീവിച്ച് മുന്നേറാന്‍ പാര്‍ടിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തരുത്: പിണറായി

മൂവാറ്റുപുഴ: എല്‍ഡിഎഫിനെ ദുര്‍ബലമാക്കുന്ന നടപടികളില്‍നിന്ന് സിപിഐ പിന്മാറണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എമ്മിന്റെ എറണാകുളം ജില്ലയിലെ കിഴക്കന്‍മേഖല ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സിപിഐ എമ്മിനെ ഒറ്റതിരിച്ച് ആക്രമിച്ചതിനു പിന്നിലെ രാഷ്ട്രീയത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ സിപിഐക്ക് കഴിഞ്ഞില്ല. ആക്രമണത്തിലെ രാഷ്ട്രീയലക്ഷ്യം മനസ്സിലാക്കി സിപിഐ എം ഒറ്റയ്ക്കല്ലെന്നുപറയാനുള്ള ബാധ്യത തങ്ങളുടെ സുഹൃത്തുക്കള്‍ കാണിക്കുകയാണ് വേണ്ടിയിരുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇടതുപക്ഷം ഒന്നിച്ചുനില്‍ക്കേണ്ട സന്ദര്‍ഭത്തില്‍ അനാവശ്യവിവാദം ഐക്യത്തെ ശക്തിപ്പെടുത്തുമോ എന്ന് അവര്‍ ചിന്തിക്കണം. ആരെയാണോ നേരിടേണ്ടത് അവരെ എതിര്‍ത്തുകൊണ്ടാണ് കരുത്ത് കാട്ടേണ്ടത്. ഇക്കാര്യം സിപിഐ സ്വയംവിമര്‍ശനപരമായി പരിശോധിക്കണം.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയെ പിന്തുണച്ചത് ഇരുപതാം പാര്‍ടി കോണ്‍ഗ്രസിലെടുത്ത നിലപാടിനു വിരുദ്ധമാണെന്നുപറഞ്ഞ് ഒരാള്‍ സിപിഐ എമ്മിനെ രാഷ്ട്രീയം ഓര്‍മിപ്പിക്കുന്നതു കണ്ടു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബിനെ പിന്തുണച്ചതില്‍ ഒരു പിശകുമില്ല, വ്യതിയാനവുമില്ല. ജസ്റ്റിസ് കൃഷ്ണയ്യരെയും ക്യാപ്റ്റന്‍ ലക്ഷ്മിയെയും രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിപ്പിച്ചിട്ടുണ്ട്. അന്ന് ഇടതുപക്ഷത്തോടൊപ്പം നില്‍ക്കാന്‍ ചില കക്ഷികള്‍ ഉണ്ടായിരുന്നു. ഇത്തവണ അവര്‍ പ്രത്യേക പക്ഷത്തിനൊപ്പം നിലപാടെടുത്തു. വേറൊരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ആരും സന്നദ്ധരായില്ല. പിന്നെയുള്ളത് കോണ്‍ഗ്രസ്-ബിജെപി സ്ഥാനാര്‍ഥികള്‍. പ്രണബിനെ പിന്തുണക്കുംമുമ്പ് ഇടതുപാര്‍ടികളുമായി സിപിഐ എം ആശയവിനിമയം നടത്തി. കോണ്‍ഗ്രസുകാരായ ശങ്കര്‍ദയാല്‍ ശര്‍മയെയും കെ ആര്‍ നാരായണനെയും രാഷ്ട്രപതി സ്ഥാനത്തേക്ക് മുമ്പ് പിന്തുണച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ്സിന്റെ ജനവിരുദ്ധനയങ്ങളെ സിപിഐ എം പിന്താങ്ങിയിട്ടില്ല. പൊതുജനങ്ങളെ അണിനിരത്തി രാജ്യത്താകെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിട്ടുമുണ്ട്. അതേ നിലപാടുതന്നെയാണ് ഇത്തവണയും സ്വീകരിച്ചത്. ഏതെങ്കിലും ഘട്ടത്തില്‍ ഇത്തരം കൂട്ടുകെട്ടിനെ സ്ഥാനമാനം നേടിയെടുക്കാനും സിപിഐ എം ഉപയോഗിച്ചിട്ടില്ല. ജനസംഘം മുതലുള്ള അനുഭവം മുന്നിലുണ്ട്. അവരോടൊപ്പം മന്ത്രിസഭയില്‍ ഇരിക്കാന്‍ സിപിഐ എം പോയിട്ടില്ല. സിപിഐ എം എന്നും ഇടതുപക്ഷ രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിച്ചത്.

പി ജയരാജനെ കാണാന്‍ എല്‍ഡിഎഫിലെ സിപിഐ ഒഴികെയുള്ള എല്ലാ കക്ഷി നേതാക്കളും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോകാന്‍ തയ്യാറായപ്പോഴും അവര്‍ ഇതേ നിലപാട് തന്നെയാണെടുത്തത്. ആപല്‍ഘട്ടത്തില്‍ തങ്ങള്‍ ആരുടെ കൂടെയാണെന്ന് വ്യക്തമാക്കി.&ാറമവെ; മറ്റു ഘടകകക്ഷികള്‍ ജയരാജനെ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ സിപിഐയെയും ബന്ധപ്പെട്ടിരുന്നു എന്നാണറിയാന്‍ കഴിഞ്ഞത്. സിപിഐ നിലപാടുകള്‍&ാറമവെ; എല്‍ഡിഎഫ് ഐക്യത്തെ ശക്തിപ്പെടുത്താനോ ദുര്‍ബലപ്പെടുത്താനോ എന്ന് അവര്‍ വിലയിരുത്തണം- പിണറായി പറഞ്ഞു.

സിപിഐ എമ്മിനെതിരായ ആക്രമണം എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ : ആര്‍ എസ് പി

സിപിഐ എമ്മിന് നേരെ നടക്കുന്ന ആക്രമണങ്ങള്‍ എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താനുള്ള യുഡിഎഫ് ശ്രമം മാത്രമാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് എംഎല്‍എ പറഞ്ഞു. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിയാക്കാന്‍ പൊലീസിന് ഒരു തെളിവുമില്ല. ഫോണ്‍ സംസാരം ജയരാജന്‍ കേട്ടെന്നുപറയുന്നത് വെറും നിഗമനംമാത്രമാണ്. ഈ നിഗമനം വച്ച് മാത്രം പ്രതിയാക്കാനാകില്ലെന്നും അസീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുന്നണിയിലെ വലിയ കക്ഷി ആപത്തില്‍പെടുമ്പോള്‍ കുത്തിനോവിക്കാനും ലാഭമുണ്ടാക്കാനും ആര്‍എസ്പി ശ്രമിക്കില്ല. അത് ആര്‍എസ്പി നയവുമല്ലെന്ന് സിപിഐ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരണമായി അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ തന്‍പിള്ള നയമാണ് സംസ്ഥാനത്ത് നടക്കുന്നത്. കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ മുസ്ലിംലീഗ് നേതാവ് പി കെ ബഷീറിനെതിരെ കേസില്ല, അന്വേഷണമില്ല, നടപടിയില്ല. സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരില്‍ കണ്ടെന്നുപറഞ്ഞ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപിക്കെതിരെയും നടപടിയില്ല. നിരവധി കേസുകളില്‍ സുധാകരന്റെ പങ്ക് അദ്ദേഹത്തിന്റെ ഡ്രൈവര്‍തന്നെ വെളിപ്പെടുത്തിയിട്ടും നടപടിയില്ല. എല്‍ഡിഎഫ് യോഗം വിളിച്ച് പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ആവശ്യപ്പെടും. യുഡിഎഫ് സര്‍ക്കാര്‍ അനുദിനം നിരവധി ജനദ്രോഹ നയങ്ങള്‍ നടപ്പാക്കുകയാണ്. ഇതിനെതിരെ യോജിച്ച പ്രക്ഷോഭം നടത്താന്‍ കഴിയണമെന്നും അസീസ് പറഞ്ഞു.

deshabhimani 150812

Tuesday, April 10, 2012

പന്ന്യന്‍ രവീന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി


സിപിഐ സംസ്ഥാന സെക്രട്ടറിയയായി പന്ന്യന്‍ രവീന്ദ്രനെ തെരഞ്ഞെടുത്തു. കെ പ്രകാശ് ബാബു, സി എന്‍ ചന്ദ്രന്‍ എന്നിവരാണ് അസിസ്റ്റന്റ് സെക്രട്ടറിമാര്‍. ഒമ്പതംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നുവെന്ന് കെ ഇ ഇസ്മയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.സംസ്ഥാന കണ്‍ട്രോള്‍കമ്മീഷന്‍ ചെയര്‍മാനായി ഇ ചന്ദ്രശേഖരന്‍ നായരെ തെരഞ്ഞെടുത്തു. നിലവില്‍ സിപിഐ ദേശീയ സെക്രട്ടറിയറ്റംഗമാണ് പന്ന്യന്‍.

കണ്ണൂര്‍ ജില്ലയിലെ കക്കാട് സ്വദേശിയാണ്. എഐവൈഎഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2005ല്‍ തിരുവനന്തപുരം ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അച്ഛന്‍ സിവി രാമന്‍; അമ്മ യശോദ. രത്നവല്ലിയാണ് ഭാര്യ. മക്കള്‍: രാഗേഷ്, അഡ്വ. രൂപേഷ്, രതീഷ്.

deshabhimani 100412

Saturday, March 31, 2012

സിപിഐയുടെ അമരത്ത് തെലുങ്കാനയുടെ സമരവീര്യം


എസ് സുധാകര റെഡ്ഡി സിപിഐ ജനറല്‍ സെക്രട്ടറി

പട്ന: സിപിഐ ജനറല്‍ സെക്രട്ടറിയായി എസ് സുധാകര റെഡ്ഡിയെ 21ാം പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. 138 അംഗ നാഷണല്‍ കൗണ്‍സിലിനെയും 31 അംഗ കേന്ദ്ര എക്സിക്യൂട്ടീവിനെയും 9 അംഗ കേന്ദ്ര സെക്രട്ടറിയേറ്റിനെയും സമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്തു.

പന്ന്യന്‍ രവീന്ദ്രന്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായി. കാനം രാജേന്ദ്രന്‍, കെ ഇ ഇസ്മയില്‍, സി ദിവാകരന്‍, ആനി രാജ എന്നിവരുള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള 14 പേര്‍ ദേശീയ കൗണ്‍സില്‍ അംഗങ്ങളായി. ബിനോയ് വിശ്വവും ചിഞ്ചുറാണിയുമാണ് ദേശീയ കൗണ്‍സിലിലെത്തിയ കേരളത്തില്‍ നിന്നുള്ള പുതിയ അംഗങ്ങള്‍.

വി എസ് സുനില്‍ കുമാറിന് പകരം കെ രാജന്‍ കാന്റിഡേറ്റ് അംഗമാകും. വെളിയം ഭാര്‍ഗവന്‍ ദേശീയ കൗണ്‍സിലില്‍ തുടരും. നാലുതവണ സെക്രട്ടറിയായ എ ബി ബര്‍ദന്‍ കേന്ദ്ര സെക്രട്ടറിയേറ്റില്‍ തുടരും.

സിപിഐയുടെ അമരത്ത് തെലുങ്കാനയുടെ സമരവീര്യം

പട്ന: തെലുങ്കാനയുടെ സമരപാരമ്പര്യവുമായാണ് എസ് സുധാകര റെഡ്ഡി സിപിഐയെ നയിക്കാനെത്തുന്നത്. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഭാഗമായ തെലുങ്കാന സായുധ സമര പോരാളിയായിരുന്ന സുരവരം വെങ്കിട് രാമറെഡ്ഡിയുടെ അഞ്ചു മക്കളില്‍ മൂത്തയാളാണ് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. ആന്ധ്ര മഹാസഭയില്‍ അംഗമായിരുന്ന രാമറെഡ്ഡിയുടെ മൂത്ത സഹോദരന്‍ പ്രതാപ റെഡ്ഡിയും സ്വാതന്ത്ര സമര പോരാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന രവിനാരായണയുമായുള്ള അടുപ്പം വെങ്കിട് രാമറെഡ്ഡിയെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോരാളിയാക്കി.

കുടിയേറ്റ തൊഴിലാളികള്‍ ഏറ്റവും അധികമുള്ള ജില്ലയാണ് പാരമുരു എന്ന പേരുള്ള മെഹബൂബ് നഗര്‍. അവിടെ ആലംപൂര്‍ താലൂക്കില്‍ കുഞ്ച്പോട് ഗ്രാമത്തിലാണ് എസ് സുധാകര്‍ റെഡ്ഡി ജനിച്ചത്. സമീപ ജില്ലയായ കുര്‍ണൂലിലായിരുന്നു വിദ്യാഭ്യാസം. വെങ്കിടേശ്വര യൂണിവേഴ്സിറ്റിയില്‍ കോളജ് വിദ്യാഭ്യാസ കാലത്തുതന്നെ എഐഎസ്എഫ് പ്രവര്‍ത്തനങ്ങളില്‍ സുധാകര്‍ റെഡ്ഡി സജീവമായിരുന്നു. വിദ്യാര്‍ത്ഥി വിഷയങ്ങളില്‍ മുന്നണി പോരാളിയായിതന്നെ സുധാകര്‍ നിലയുറപ്പിച്ചു. ബി എ ഹിസ്റ്ററിക്ക് ശേഷം ഓസ്മാനിയ യൂണിവേഴ്സിറ്റിയില്‍ നിയമ വിദ്യാഭ്യാസത്തിന് ചേര്‍ന്നു. കോളജിലെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. സുധാകര്‍ റെഡ്ഡിയുടെ സഹപാഠിയാണ് കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി.
വിശാഖപട്ടണത്ത് സ്റ്റീല്‍ പ്ലാന്റ് സ്ഥാപനത്തിനുവേണ്ടി സമരം ചെയ്തവരില്‍ മുന്‍നിരയിലായിരുന്നു സുധാകര്‍ റെഡ്ഡി. എല്‍ എല്‍ എം വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ അദ്ദേഹം പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹിയാക്കി. എഐഎസ്എഫ് ജനറല്‍ സെക്രട്ടറിയായി രണ്ട് പ്രാവശ്യം സുധാകര്‍ റെഡ്ഡി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് എഐവൈഎഫ് അദ്ധ്യക്ഷനായി ഒരുവട്ടവും. 1968ല്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമായി. ഡല്‍ഹിയില്‍നിന്നും 70കളുടെ മദ്ധ്യത്തോടെ സുധാകര്‍ റെഡ്ഡി സംസ്ഥാനത്ത് വീണ്ടും സജീവമായി.

തുടര്‍ന്ന് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായും പിന്നീട് സ്റ്റേറ്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെടു. പന്ത്രണ്ടാം ലോക്സഭയിലും പതിനാലാം ലോക്സഭയിലും സുധാകര്‍ റെഡ്ഡി അംഗമായിരുന്നു. എഐടിയുസി വര്‍ക്കിങ്് വുമന്‍സ് കൗണ്‍സില്‍ ദേശീയ സെക്രട്ടറിയും അംഗന്‍വാടി വര്‍ക്കേഴ്സ് ഫെഡറേഷന്‍ അഖിലേന്ത്യാ കോ-കണ്‍വീനറുമായ ബി വി വിജയലക്ഷ്മിയാണു ഭാര്യ. മക്കളായ നിഖിലും കപിലും വിവാഹിതരാണ്.

deshabhimani

Thursday, March 29, 2012

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ ആഹ്വാനം


ഇടതുപക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് രാജ്യത്ത് വിശാലമായ ജനാധിപത്യ ഐക്യനിര കെട്ടിപ്പടുക്കണമെന്ന് സിപിഐ ഇരുപത്തൊന്നാം പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധിസമ്മേളനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ നേതാക്കളുടെ ആഹ്വാനം. നവഉദാര നയങ്ങള്‍ക്കും ഫെഡറലിസത്തെ തകര്‍ക്കുന്ന കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കുമെതിരെ പോരാട്ടത്തിനായി ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്ന് പാര്‍ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ എല്ലാ ഇടതുപക്ഷ ശക്തികളെയും ഉള്‍പ്പെടുത്തി സംയുക്തവേദി രൂപീകരിക്കാന്‍ കഴിയണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സമ്മേളനത്തില്‍ ആശംസാപ്രസംഗം നടത്തുകയായിരുന്നു കാരാട്ട്.

തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയേറ്റെങ്കിലും വിവിധ വിഭാഗം ജനങ്ങളെ ബാധിക്കുന്ന ഗൗരവമായ പ്രശ്നങ്ങളില്‍ ജനങ്ങളെ അണിനിരത്താനും പ്രക്ഷോഭം സംഘടിപ്പിക്കാനുമുള്ള ഇടതുപക്ഷ പാര്‍ടികളുടെ കഴിവിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് ബര്‍ദന്‍ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ ജനങ്ങളുടെ പിന്തുണ നേടാന്‍ കഴിഞ്ഞിട്ടില്ല. ചില പ്രാദേശിക പാര്‍ടികളാണ് നേട്ടമുണ്ടാക്കിയത്. വരുംനാളുകളില്‍ പ്രാദേശിക പാര്‍ടികളെയും അവയുടെ പങ്കിനെയും കുറിച്ച് പുനര്‍ചിന്തനം നടത്തണം. രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവം തകര്‍ക്കാനും അധികാര കേന്ദ്രീകരണത്തിനുമായി കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍നിന്ന് ശക്തമായ എതിര്‍പ്പ് ഉയരുന്നുണ്ട്. കോര്‍പറേറ്റ് പ്രമാണികളെ ഇടയ്ക്കിടെ കാണാനും സംസാരിക്കാനും സമയം കണ്ടെത്തുന്ന പ്രധാനമന്ത്രിക്ക് കര്‍ഷകരുടെയോ തൊഴിലാളികളുടെയോ പ്രതിനിധികളെ നേരില്‍ കാണാന്‍ സമയമില്ലെന്നും ബര്‍ദന്‍ പറഞ്ഞു.

അമേരിക്കന്‍ സാമ്രാജ്യത്വത്തോടുള്ള വിധേയത്വം തുടരാനും നവഉദാര നയങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുകയെന്നത് ഭരണവര്‍ഗം പ്രധാന ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണെന്ന് കാരാട്ട് ആശംസാപ്രസംഗത്തില്‍ പറഞ്ഞു. ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിന്റെ സ്വതന്ത്രശക്തി വര്‍ധിപ്പിക്കണം. ഇടതുപക്ഷ ഐക്യം കൂടുതല്‍ ശക്തമാക്കണം. ഇതിന് സിപിഐ എമ്മും സിപിഐയും അടുത്ത് സഹകരിക്കണം. ബൂര്‍ഷ്വ-ഭഭൂപ്രഭു സംവിധാനത്തിന് ബദലാകാന്‍ കഴിയുന്ന ഇടതുപക്ഷ ജനാധിപത്യ സഖ്യം രൂപീകരിക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കണം. നവ ഉദാരവല്‍ക്കരണം സാമ്പത്തികമേഖലയില്‍മാത്രം ഒതുങ്ങുന്നതല്ല. രാഷ്ട്രീയ, സാമൂഹ്യ മേഖലകളെയും അത് ആക്രമിക്കുന്നു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും വ്യാപിക്കുന്ന വന്‍ അഴിമതി ഇത് സൃഷ്ടിച്ച കോര്‍പറേറ്റ്-രാഷ്ട്രീയ-ഉദ്യോഗസ്ഥ അച്ചുതണ്ടിന്റെ ഫലമാണ്. അഴിമതിക്കെതിരായ സമരം നവ ഉദാരവല്‍ക്കരണത്തിനും അഴിമതിക്കാരുടെ കൂട്ടുകെട്ടിനുമെതിരായ സമരംകൂടിയാണ്. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേതൂവല്‍ പക്ഷികളാണ്. രണ്ട് പാര്‍ടികളും നവഉദാര നയങ്ങള്‍ നടപ്പാക്കാന്‍ മുന്നില്‍ നില്‍ക്കുന്നവരുമാണ്-കാരാട്ട് പറഞ്ഞു. ഇടതുപക്ഷം പൊതു പരിപാടി തയ്യാറാക്കി പ്രക്ഷോഭങ്ങളും പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ദേവബ്രത ബിശ്വാസ് പറഞ്ഞു.

deshabhimani 290312