മണ്ടോടി കണ്ണന്, കൊല്ലാച്ചേരി കുമാരന്, പാറോള്ളതില്‍ കണാരന്, അളവക്കന്‍ കൃഷ്ണന്, കെ എം ശങ്കരന്, മേനോന് കണാരന്, സി കെ ചാത്തു, പുറവില്‍ കണാരന്, വി പി ഗോപാലന്, വട്ടക്കണ്ടി രാഘൂട്ടി |
സവര്‍ണജാതി ജന്മിത്വത്തിനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ സാമൂഹ്യമുന്നേറ്റങ്ങള്‍ വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെ കാരക്കാട് മേഖലയില്‍ സജീവമായിരുന്നു. നവോത്ഥാന നേതാക്കള്‍ ഉഴുതുമറിച്ച മണ്ണിലാണ് കമ്യൂണിസ്റ്റ് ആശയങ്ങള്‍ കിളിര്‍ത്തുവന്നത്. വാഗ്ഭടാനന്ദ പ്രസ്ഥാനത്തിന്റെ, ആത്മവിദ്യാസംഘത്തിന്റെ നവീനാശയങ്ങളെ മനസ്സിലേക്ക് ആവാഹിച്ച ഒരുതലമുറയായിരുന്നു ഒഞ്ചിയത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്.
1939ല്‍തന്നെ സ. മണ്ടോടി കണ്ണന്റെ നേതൃത്വത്തില്‍ ഒഞ്ചിയത്ത് പാര്‍ടിയുടെ ആദ്യസെല്‍ രൂപംകൊണ്ടു. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ജനജീവിതത്തെ ദുരിതപൂര്‍ണമാക്കിയിരുന്ന 1940കളില്‍ പൂഴ്ത്തിവയ്പുകാര്‍ക്കും കരിഞ്ചന്തക്കാര്ക്കുമെതിരെ നിരവധി സമരങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ നടക്കുന്നു. വസൂരിയും കോളറയുംപോലുള്ള പകര്‍ച്ചവ്യാധികള്‍ ബാധിച്ച് ഒറ്റപ്പെട്ടുകഴിയുന്നവരെ കമ്യൂണിസ്റ്റുകാര്‍ ശുശ്രൂഷിച്ചു.
‘ഭരണാധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജന്മിമാരുടെയും കുത്തകബൂര്‍ഷ്വാവര്‍ഗങ്ങളുടെയും താല്‍പ്പര്യങ്ങളാണ് സംരക്ഷിച്ചത്. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും രൂക്ഷമായി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലാണ് ഉയര്‍ന്നുവന്നത്. പൊലീസിനെ ഇറക്കിയും ദേശരക്ഷാസംഘം എന്ന പേരില്‍ കുപ്രസിദ്ധമായ ചെറുപയര്‍പട്ടാളത്തെ ഇളക്കിവിട്ടും കമ്യൂണിസ്റ്റുകാരെ അടിച്ചമര്‍ത്തുകയാണ് കോണ്‍ഗ്രസും സര്‍ക്കാരും ചെയ്തത്. അന്നും ഇന്നത്തെപ്പോലെ മനോരമയും മാതൃഭൂമിയുമെല്ലാം കമ്യൂണിസ്റ്റുകാരെക്കുറിച്ച് നുണക്കഥകള്‍ പ്രചരിപ്പിക്കുകയായിരുന്നു.
1948 ഫെബ്രുവരിയില്‍ കൊല്‍ക്കത്തയില്‍ നടന്ന അവിഭക്തപാര്‍ടിയുടെ രണ്ടാം കോണ്‍ഗ്രസിന്റെ തീരുമാനം വിശദീകരിക്കാനാണ് പാര്‍ടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരാന്‍ നിശ്ചയിച്ചത്. ഈ വിവരം മണത്തറിഞ്ഞ എംഎസ്പി സംഘം യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന പാര്‍ടി നേതാക്കളെ പിടികൂടാനായി കോണ്‍ഗ്രസിന്റെ ദേശരക്ഷാസംഘവുമായി ചേര്‍ന്ന് കെണിയൊരുക്കുകയായിരുന്നു. മുക്കാളിയിലെത്തിയ എംഎസ്പി സംഘം കോണ്‍ഗ്രസിന്റെ ചെറുപയര്‍പട്ടാളത്തിന്റെ സഹായത്തോടെ ഒഞ്ചിയത്തേക്ക് നീങ്ങി.
ഏപ്രില്‍ 30ന് പുലര്‍ച്ചെ നാലിന് അവര്‍ മണ്ടോടി കണ്ണന്റെ വീട്ടില്‍ പാഞ്ഞുകയറി. കണ്ണനെ കിട്ടാത്ത രോഷം തീര്‍ക്കാനായി പാര്‍ടി പ്രവര്‍ത്തകരുടെയും സാധാരണജനങ്ങളുടെയും വീടുകളിലെല്ലാം ഭീകരത സൃഷ്ടിച്ചു. ഒഞ്ചിയത്തെ കര്‍ഷകകാരണവര്‍ പുളിയുള്ളതില്‍ ചോയിയെയും മകന് കണാരനെയും പിടികൂടി കൈയാമംവച്ച് പൊലീസ് കിഴക്കോട്ട് നീങ്ങി. ഈ സമയത്താണ് ഒഞ്ചിയത്തിന്റെ പുലര്‍കാല നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് അന്തരീക്ഷത്തില്‍ മെഗഫോണ്‍ വിളി ഉയര്‍ന്നത്. അതിങ്ങനെയായിരുന്നു; പ്രിയമുള്ളവരെ ഒഞ്ചിയത്ത് എംഎസ്പിക്കാര്‍ എത്തിയിരിക്കുന്നു. നമ്മുടെ സഖാക്കളെ അവര്‍ പിടിച്ചുകൊണ്ടുപോകുന്നു. എല്ലാവരും ഓടിവരിന്‍...”മെഗഫോണ്‍ വിളികേട്ട് ചെറ്റക്കുടിലുകളില്‍ ഓലച്ചൂട്ടുകള്‍ മിന്നി. നാട്ടുകാര്‍ കൂട്ടംകൂട്ടമായി ഒന്നിച്ചുകൂടി. കോണ്‍ഗ്രസ് ഭരണത്തിന്റെ വേട്ടപ്പട്ടികള്‍ക്കുനേരെ വിരല്‍ചൂണ്ടി ഒഞ്ചിയത്തെ ജനങ്ങള്‍ ഒന്നിച്ചുചോദിച്ചു: ഇവരെ നിങ്ങള്‍ എന്തിനാണ് അറസ്റ്റ് ചെയ്തത്? ഇവരെ വിട്ടുതരണം...ഒഞ്ചിയം ഗ്രാമത്തിന്റെ ഈ അഭ്യര്‍ഥന കേള്‍ക്കാന്‍ കൂട്ടാക്കാതെ പൊലീസ് സേന മുന്നോട്ടുനീങ്ങി. അവര്‍ക്കു പിറകെ അറസ്റ്റ് ചെയ്തവരെ വിട്ടുതരണമെന്ന് അലറിവിളിച്ചുകൊണ്ട് നാട്ടുകാരും.
ചെന്നാട്ടുതാഴെ വയലിനടുത്തെത്തുമ്പോഴേക്കും ഒരു ഗ്രാമമാകെ പൊലീസ് സേനയ്ക്ക് മുന്നോട്ടുപോകാനാകാത്തവിധം അവിടെ ഒന്നിച്ചുകൂടിയിരുന്നു. നിരപരാധികളായവരെ അറസ്റ്റ് ചെയ്തുകൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിശ്ചയദാര്‍ഢ്യമായിരുന്നു അവിടെ ജ്വലിച്ചുനിന്നത്. ഇതോടെ എംഎസ്പിക്കാര്‍ അസ്വസ്ഥരായി ഭീഷണിമുഴക്കി. ഇന്‍സ്പെക്ടര്‍ തലൈമ ജനങ്ങള്‍ പിരിഞ്ഞുപോകണമെന്ന് ആക്രോശിക്കാന്‍ തുടങ്ങി. നിര്‍ധനരും നിരായുധരുമായ പാവം നാട്ടിന്‍പുറത്തുകാരുടെ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കാനാണ് കോഴിപ്പുറത്ത് മാധവമേനോന്റെ പൊലീസ് സേന മുതിര്‍ന്നത്. ജനക്കൂട്ടത്തിനുനേരെ അവര്‍ 17 ചുറ്റ് വെടിയുതിര്‍ത്തു. ചെന്നാട്ടുതഴെ വയലില്‍ ചോരയൊഴുകി. എട്ട് കമ്യൂണിസ്റ്റ് പോരാളികളും അവിടെ പിടഞ്ഞുവീണു.
അളവക്കന്‍ കൃഷ്ണന്, മേനോന് കണാരന്, പുറവില്‍ കണാരന്, പാറോള്ളതില്‍ കണാരന്, കെ എം ശങ്കരന്, സി കെ ചാത്തു, വി പി ഗോപാലന്, വട്ടക്കണ്ടി രാഘൂട്ടി... ഈ രണധീരരുടെ മൃതദേഹം ഒഞ്ചിയത്തെ പൊടിമണലില്‍ ചോരയില്‍ കുതിര്‍ന്ന്കിടന്നു. പ്രിയപ്പെട്ട സഖാക്കളുടെ മൃതദേഹങ്ങള്‍ പിസിസിയുടെ ലോറിയില്‍ കയറ്റി വടകരയ്ക്ക് കൊണ്ടുപോകുകയായിരുന്നു. വൈകിട്ട് പുറങ്കര കടപ്പുറത്ത് ഒറ്റക്കുഴിവെട്ടി അട്ടിയിട്ട് മൂടി. പിന്നീട് നടന്നത് നരനായാട്ടായിരുന്നു. ഒഞ്ചിയം പ്രദേശത്തെയാകെ ഭരണകൂട‘ഭീകരത അഴിച്ചുവിട്ടു. സഖാക്കള്‍ മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും മൃഗീയമായ മര്‍ദനത്തെതുടര്‍ന്ന് രക്തസാക്ഷികളായി.
ഒഞ്ചിയത്തെ ബോള്‍ഷെവിക് ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന മണ്ടോടി കണ്ണന്റെ ജീവിതവും രക്തസാക്ഷിത്വവും കമ്യൂണിസ്റ്റുകാര്‍ക്കെല്ലാം മാതൃകയാണ്. ലോക്കപ്പുമുറിയില്‍ ക്രൂരമായ മര്‍ദനത്തെതുടര്‍ന്ന് സ്വന്തം ശരീരത്തില്‍നിന്ന് ഒലിച്ചിറങ്ങിയ രക്തത്തില്‍ കൈവിരല്‍ മുക്കി ലോക്കപ് ഭിത്തിയില്‍ അരിവാള്‍ ചുറ്റിക വരച്ച വിപ്ളവധീരതയുടെ പര്യായമാണ് മണ്ടോടി കണ്ണന്.
നവലിബറല്‍ നയങ്ങളും വര്‍ഗീയ ഫാസിസവും രാജ്യത്തിന്റെ പരമാധികാരവും സ്വാശ്രയത്വവും അപകടപ്പെടുത്തുന്ന സാഹചര്യമാണ് ഇന്നുള്ളത്. മോഡി സര്‍ക്കാര്‍ ഇന്ത്യയെ വിദേശമൂലധനശക്തികള്‍ക്ക് അടിയറവയ്ക്കുകയാണ്. പശുവിന്റെ പേരില്‍ നരഹത്യകള്‍ അഴിച്ചുവിടുന്നു. വിദ്യാഭ്യാസത്തെയും സംസ്കാരത്തെയും ചരിത്രത്തെയും കാവിവല്‍ക്കരിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നു. ഭക്ഷ്യസബ്സിഡിയും വളം പാചകവാതക സബ്സിഡിയും എടുത്തുകളഞ്ഞ് ജനജീവിതം ദുരിതപൂര്‍ണമാക്കി. മതനിരപേക്ഷതയും ഫെഡറലിസവും തകര്‍ത്ത് ഹിന്ദുരാഷ്ട്ര നിര്‍മിതിക്കായുള്ള ശ്രമങ്ങള്‍ സംഘപരിവാറും കേന്ദ്രസര്‍ക്കാരും ത്വരിതഗതിയിലാക്കിയിരിക്കുകയാണ്. കേരളത്തില്‍ പിണറായി വിജയന് നേതൃത്വം കൊടുക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നവലിബറല്‍ നയങ്ങള്‍ക്ക് ബദലുകള്‍ സൃഷ്ടിക്കാനുള്ള ശ്രമകരമായ നീക്കങ്ങളിലാണ്. സാമൂഹ്യക്ഷേമപദ്ധതികള്‍ വിപുലപ്പെടുത്തിയും ഉല്‍പ്പാദനമേഖലകള്‍ ഊര്‍ജിതമാക്കിയും കേരളത്തിന്റെ വികസനപ്രതിസന്ധിയെ മുറിച്ചുകടക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.
യുഡിഎഫും ബിജെപിയും വന്‍കിട മാധ്യമസഹായത്തോടെ സര്‍ക്കാരിനെ വളഞ്ഞിട്ടാക്രമിക്കുകയാണ്. 1957ലെ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിച്ച കുപ്രസിദ്ധമായ വിമോചനസമരത്തിന്റെ വഷളന്‍ ആവര്‍ത്തനങ്ങള്‍ പരീക്ഷിച്ചുനോക്കുകയാണ്. യുഎപിഎ പിന്‍വലിച്ചും സ്വാശ്രയകൊള്ളയ്ക്ക് വിലങ്ങുതീര്‍ക്കുന്ന നിയമനിര്‍മാണങ്ങള്‍ക്ക് തുടക്കംകുറിച്ചും പിണറായി സര്‍ക്കാര്‍ ഇന്ത്യക്കാകെ മാതൃകയാകുന്ന ചുവടുവയ്പുകള്‍ നടത്തുമ്പോള്‍ യുഡിഎഫും ബിജെപിയും പരിഭ്രാന്തരാകുകയാണ്. വലതുപക്ഷ ഗൂഢാലോചനകള്‍ക്കും മൂലധനശക്തികളുയര്‍ത്തുന്ന വെല്ലുവിളികള്‍ക്കുമെതിരെ ജനങ്ങളെയാകെ അണിനിരത്തിക്കൊണ്ടുള്ള പ്രതിരോധങ്ങള്‍ ഉയര്‍ത്താന്‍ ഒഞ്ചിയത്തെ ധീരരക്തസാക്ഷികളുടെ സ്മരണ നമുക്ക് പ്രചോദനവും പ്രേരണയുമാകും
പി മോഹനന്
(സിപിഐ എം കോഴിക്കോട് ജില്ലാസെക്രട്ടറിയാണ് ലേഖകന്‍)