Saturday, April 29, 2017

കാലി വളര്‍ത്താന്‍ ആളില്ലാതാകുന്നു

ദരിദ്രനായ ക്ഷീരകര്‍ഷകന്‍ പെഹ് ലുഖാനെ വിഎച്ച്പി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകരായ 'ഗോസംരക്ഷകര്‍' ഏപ്രില്‍ ഒന്നിന് രാജസ്ഥാനിലെ അല്‍വറില്‍ അടിച്ചുകൊലപ്പെടുത്തിയ സംഭവം 'ഗോവധ നിരോധന വിവാദത്തിന്റെ' കാര്‍ഷികവശങ്ങള്‍ ദേശീയശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കയാണ്. ബിജെപി സര്‍ക്കാരുകളുടെ പിന്തുണയോടെ സംഘപരിവാര്‍, നിരപരാധികളായ മുസ്ളിങ്ങള്‍ക്കുനേരെ നടത്തിവരുന്ന ക്രിമിനല്‍ കടന്നാക്രമണങ്ങളുടെ ധാര്‍മികവും നിയമപരവുമായ വശങ്ങള്‍ അങ്ങേയറ്റം ഗൌരവതരവും അവ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യവും അഖണ്ഡതയും തകര്‍ക്കുന്നതുമാണ്.

ഈ സാഹചര്യത്തില്‍തന്നെ, കര്‍ഷകര്‍ക്ക് അവരുടെ കന്നുകാലി സമ്പത്തിന്മേലുള്ള അവകാശം മുഖ്യധാരാ മാധ്യമങ്ങളില്‍ കാര്യമായി ചര്‍ച്ചചെയ്യപ്പെടുന്നു. ഗോവധനിരോധനം എന്ന ആവശ്യം ക്ഷീരമേഖലയ്ക്ക് വിനാശകരമാണെന്ന് വിദഗ്ധരും നയരൂപീകര്‍ത്താക്കളും ഒരുപോലെ അഭിപ്രായപ്പെടുന്നു. അങ്ങനെയൊരു സ്ഥിതി ഉണ്ടായാല്‍ ക്ഷീരകര്‍ഷകര്‍ അവരുടെ തൊഴില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയും ഇന്ത്യയില്‍നിന്നുതന്നെ പശു അപ്രത്യക്ഷമാവുകയും ചെയ്തേക്കാം.

കന്നുകാലി സമ്പത്തും കര്‍ഷകരും

സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതുപോലെ ഗോവധനിരോധനം എന്നത് മതവികാരത്തിന്റെയോ ഹിന്ദു-മുസ്ളിം, ഹിന്ദു-ദളിത് സംഘര്‍ഷങ്ങളുടെയോ വിഷയമല്ല. മറിച്ച്, കാര്‍ഷിക സമ്പദ്ഘടനയില്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന കാര്‍ഷികപ്രശ്നമാണ്. ഇന്ത്യയുടെ മൊത്തം ആഭ്യന്തരവരുമാനത്തില്‍ 7.35 ശതമാനവും കാര്‍ഷികവരുമാനത്തിന്റെ 26 ശതമാനവും മൃഗസംരക്ഷണമേഖലയില്‍നിന്നാണ്. കര്‍ഷകകുടുംബങ്ങളുടെ വരുമാനത്തിന്റെ 30 ശതമാനത്തോളം കന്നുകാലികളില്‍നിന്നും ഇവയില്‍നിന്നുള്ള ഉപോല്‍പ്പന്നങ്ങളില്‍നിന്നുമാണ്. രാജ്യത്തെ കന്നുകാലികളില്‍ 50 ശതമാനവും 2.5 ഏക്കറില്‍ താഴെ ഭൂമിയുള്ള കര്‍ഷക കുടുംബങ്ങളുടേതാണ്. കന്നുകാലിവ്യാപാരത്തിനുള്ള നിരോധനം ദരിദ്ര-ചെറുകിട ഉല്‍പ്പാദകരെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കും.

കറവവറ്റിയ കാലികളെ കര്‍ഷകര്‍ ഓരോ സീസണിലും വില്‍ക്കുന്നു. കൃഷിക്കുവേണ്ട വിത്തും വളവും വാങ്ങാനും കന്നുകുട്ടികളെ വാങ്ങാനും ചികിത്സ, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കുടുംബ ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്താനും കര്‍ഷകര്‍ക്ക് ഇത് പ്രധാന മാര്‍ഗമാണ്. നൂറുകണക്കിനു വര്‍ഷങ്ങളായി കര്‍ഷകര്‍ ഇങ്ങനെ കന്നുകാലികളെ വില്‍ക്കുന്നു. ഗോവധ നിരോധനവും തുടര്‍ന്നുണ്ടാകുന്ന കന്നുകാലിവ്യാപാര നിരോധനവും ഇപ്പോള്‍ത്തന്നെ പ്രതിസന്ധി നേരിടുന്ന കാര്‍ഷികമേഖലയെ കൂടുതല്‍ കുഴപ്പത്തിലേക്കും ചെറുകിട ഉല്‍പ്പാദകരെ കടക്കെണിയിലേക്കും തള്ളിവിടും. കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടത്തിന് പരിഹാരം കാണാതെ അവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ കഴിയുന്നത് എങ്ങനെയാണ്?

പരിസ്ഥിതിയിലും വിഭവങ്ങളിലും ഉണ്ടാകുന്ന പ്രത്യാഘാതം

 പശുവിന്റെ ആയുസ്സ് 20-25 വര്‍ഷമാണ്. നിലവില്‍ കറവവറ്റിയ പശുക്കളുടെ എണ്ണം മൊത്തം പശുക്കളുടെ 1-3 ശതമാനംമാത്രമാണ്. കാലികളില്‍ 10 വയസ്സില്‍ കൂടുതലുള്ള ആണ്‍മൃഗങ്ങളുടെ എണ്ണം ആകെയുള്ള ആണ്‍കന്നുകാലികളില്‍ രണ്ട് ശതമാനംമാത്രവും. കശാപ്പ് നിലച്ചാല്‍ ഇവയുടെ എണ്ണം 50 ശതമാനത്തോളമാകും. 'വിശുദ്ധ പശുക്കളെ' സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് വലിയ കോലാഹലമുണ്ടാക്കുന്ന ഹിന്ദിമേഖലയില്‍പ്പോലും കര്‍ഷകകുടുംബങ്ങള്‍ കറവവറ്റിയ പശുക്കളെ വില്‍ക്കുകയും വാങ്ങുന്നവര്‍ അവയെ കശാപ്പ് ചെയ്യുകയും ചെയ്യുന്നുണ്ട്.  ആര്‍എസ്എസ്-ബിജെപി  പ്രവര്‍ത്തകരിലും നേതാക്കളിലുംതന്നെ കന്നുകാലി സമ്പത്തുള്ളവര്‍ ഇപ്രകാരംചെയ്യുന്നു. ന്യൂഡല്‍ഹിയിലെ തന്റെ വസതിയില്‍ പശുക്കളെ വളര്‍ത്തുന്ന ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് നേതാക്കളുടെയും അനുയായികളുടെയും ക്ഷീരഫാമുകളില്‍ എത്ര പശുക്കള്‍ക്ക് സ്വാഭാവിക അന്ത്യം സംഭവിച്ചിട്ടുണ്ടെന്ന് ആര്‍എസ്എസ് പരിശോധന നടത്തുമോ? പശുവിനെ കറവവറ്റിയാല്‍ എല്ലാവരും വില്‍ക്കും.

ആസൂത്രണ കമീഷന്‍ അംഗമായിരുന്ന കിരിത് പരേഖ് ഈയിടെ എഴുതിയ ലേഖനത്തില്‍ പറയുന്നത് രാജ്യത്ത് ഗോവധനിരോധനം ഫലപ്രദമായി നടപ്പാക്കിയാല്‍ കന്നുകാലികളുടെ എണ്ണം രണ്ടായിരത്തി പന്ത്രണ്ടോടെ 18 കോടിയായും 2027ല്‍ 36 കോടിയായും ഉയരുമെന്നാണ്. ഇത് പരിസ്ഥിതിയിലും വിഭവങ്ങളിലും കനത്ത സമ്മര്‍ദം സൃഷ്ടിക്കും.

കര്‍ഷകര്‍ക്കുമേലുള്ള ദുരിതഭാരം

 ഗോവധനിരോധനം ക്ഷീരകര്‍ഷകര്‍ക്ക് അപരിഹാര്യമായ ദുരിതത്തിനു കാരണമാകും. 25 വര്‍ഷംവരെ ജീവിക്കുന്ന പശു മൂന്നുമുതല്‍ 10 വയസ്സുവരെയാണ് പാല്‍ നല്‍കുക. കറവവറ്റിയ പശുക്കളെ വിപണിവിലയ്ക്ക് വില്‍ക്കും. ഇപ്പോള്‍ ബിജെപി നിയന്ത്രണത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ ഗോസംരക്ഷണ നിയമങ്ങള്‍ കൊണ്ടുവരികയും പശുവിനെ കൊല്ലുന്നത് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാക്കുകയും ചെയ്തു. അങ്ങനെ ഈ സംസ്ഥാനങ്ങളില്‍ കന്നുകാലിവ്യാപാരത്തിന് അന്ത്യംകുറിച്ചു. കറവവറ്റിയ മൃഗങ്ങള്‍ക്ക് വിലയില്ലാതായി. ഹരിയാനയില്‍ എരുമകളെയും ഗോസംരക്ഷണനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു,

ഇതുകാരണം കറവവറ്റിയ എരുമകളെയും വില്‍ക്കാന്‍ കഴിയുന്നില്ല. വരുമാനം നല്‍കാത്ത പശുക്കളെ കര്‍ഷകന് വില്‍ക്കാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല, അവയെ തീറ്റിപ്പോറ്റേണ്ടിയും വരുന്നു. ഇത് ക്ഷീരകര്‍ഷകര്‍ക്കുനേരെയുള്ള കടന്നാക്രമണമാണ്. പശുസംരക്ഷണനിയമങ്ങള്‍ പാസാക്കിയ ബിജെപി സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ മൌനംപാലിക്കുന്നു. കറവവറ്റിയ കാലികളെ വില്‍ക്കാന്‍ കഴിയാത്തവിധത്തില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

കറവവറ്റിയ പശുക്കളെ സര്‍ക്കാര്‍ വാങ്ങണം

വിഎച്ച്പിയും ബജ്രംഗ്ദളുംപോലുള്ള സംഘപരിവാര്‍ സംഘടനകളുടെ ഭ്രാന്തമായ നടപടികളും ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന കര്‍ശനമായ ഗോസംരക്ഷണ നിയമങ്ങളും വഴി ലക്ഷ്യമിടുന്നത്, ആസൂത്രിതമായും സമൂഹത്തില്‍ പടിപടിയായി വിഷലിപ്തമായ പ്രചാരണം നടത്തിയും ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് സങ്കുചിത രാഷ്ട്രീയ, തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ കൈവരിക്കലാണ്. ശരിയായ ബോധമുള്ള ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ല, കാരണം വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സമാധാനപരമായി ഒന്നിച്ചുകഴിയാനുള്ള സാഹചര്യമാണ് സംഘപരിവാര്‍ ഇല്ലാതാക്കുന്നത്. കര്‍ഷകവര്‍ഗത്തെ അവരുടെ സാമ്പത്തികതാല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച് ആര്‍എസ്എസിന്റെ വര്‍ഗീയ പ്രചാരണത്തെ ഫലപ്രദമായി  ചെറുക്കാന്‍ കഴിയും. അങ്ങനെ വര്‍ഗീയശക്തികളെ ഒറ്റപ്പെടുത്താന്‍ കര്‍ഷകരുടെ വര്‍ഗപരമായ കാഴ്ചപ്പാടിലും അവരുടെ സാമ്പത്തികതാല്‍പ്പര്യങ്ങളിലും ഊന്നല്‍നല്‍കണം.

ഡെയ്റിഫാമുകള്‍ ലാഭകരമായി നടത്താനുള്ള സാഹചര്യമൊരുക്കാന്‍, കറവവറ്റിയ പശുക്കളെ സര്‍ക്കാര്‍ കമ്പോളവിലയ്ക്ക് കര്‍ഷകരില്‍നിന്ന് വാങ്ങണമെന്ന് അഖിലേന്ത്യ കിസാന്‍സഭ ആവശ്യപ്പെടുന്നു. ബിജെപി സര്‍ക്കാരുകള്‍ കൊണ്ടുവന്ന ഗോസംരക്ഷണനിയമങ്ങളില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തണം. എല്ലാ കന്നുകാലി ചന്തകളും വീണ്ടും പ്രവര്‍ത്തിപ്പിക്കുകയും കന്നുകാലികളുടെ സ്വതന്ത്രമായ വ്യാപാരം അനുവദിക്കുകയും ചെയ്യണം. ഈ മുദ്രാവാക്യം ആര്‍എസ്എസ്-ബിജെപി അനുഭാവികളായ കര്‍ഷകര്‍ക്കുപോലും ഗുണകരമാണ്.

അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍ വിളകള്‍ തിന്നുതീര്‍ക്കുന്നതാണ് മറ്റൊരു വിപത്ത്. അടുത്തിടെയായി ഇത്തരം കന്നുകാലികളുടെ എണ്ണം പെരുകിവരുന്നു. ഈയിടെ നടന്ന അഖിലേന്ത്യ കിസാന്‍സഭാ സമ്മേളനങ്ങളില്‍ കര്‍ഷകര്‍ ഈ പ്രശ്നം വലിയ അപകടമായി ചൂണ്ടിക്കാണിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ ഈ കന്നുകാലികളെ സംരക്ഷിക്കണം. ഇതിനായി സങ്കേതങ്ങങ്ങള്‍ സ്ഥാപിക്കുകയും ഭക്ഷണവും ചികിത്സയും നല്‍കുകയും ചെയ്യണം. സംസ്ഥാനസര്‍ക്കാരുകളെ ഇതിനായി ബാധ്യസ്ഥമാക്കുന്ന വിധത്തില്‍ ഗോസംരക്ഷണനിയമത്തില്‍ ഭേദഗതി കൊണ്ടുവരണം. 'വിശുദ്ധ പശുക്കളെ സര്‍ക്കാര്‍ ചെലവില്‍ സംരക്ഷിക്കുന്നതിനുള്ള ദൈവിക ഉത്തരവാദിത്തം' ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും മന്ത്രിസഭയിലെ 'സ്വയംസേവകരും' ഏറ്റെടുക്കണം; ഇതിന്റെ ഭാരം കര്‍ഷകരുടെ തോളില്‍ വച്ചുകൊടുക്കരുത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കര്‍ഷകരെ ഈ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ അഖിലേന്ത്യ കിസാന്‍സഭ തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകരെ രാഷ്ട്രീയവല്‍ക്കരിക്കാനും 'വിശുദ്ധ പശു'വിന്റെ അടിസ്ഥാനത്തിലുള്ള ആര്‍എസ്എസിന്റെ വര്‍ഗീയ അജന്‍ഡ തുറന്നുകാണിക്കാനും ഇത് ഉപകരിക്കും.

ശ്രദ്ധ തിരിച്ചുവിടലിന്റെ രാഷ്ട്രീയം

കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ മോഡിസര്‍ക്കാരും ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും ദയനീയമായി പരാജയപ്പെട്ടു. ഉല്‍പ്പാദനച്ചെലവിന്റെ ഒന്നരയിരട്ടി മിനിമം താങ്ങുവില നല്‍കുമെന്ന തെരഞ്ഞെടുപ്പുവാഗ്ദാനം പാലിക്കാതെ കര്‍ഷകരെ ബിജെപി വഞ്ചിച്ചു. മോഡിഭരണത്തിന്റെ മൂന്നുവര്‍ഷത്തില്‍ കര്‍ഷകആത്മഹത്യ 26 ശതമാനം വര്‍ധിച്ചു. കാര്‍ഷികമേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചു.

ഇതുവഴി ബഹുരാഷ്ട്ര കോര്‍പറേഷനുകള്‍ക്ക് കാര്‍ഷിക സംഭരണം, സംസ്കരണം, വിപണനം എന്നീ മേഖലകള്‍ ഉടന്‍തന്നെ ഏറ്റെടുക്കാന്‍ കഴിയും. 2016-17ലെ ബജറ്റില്‍ കാര്‍ഷികോല്‍പ്പന്ന വിപണിയില്‍ ഇ-വിപണനം അനുവദിച്ചു. കാര്‍ഷികോല്‍പ്പന്ന- സംസ്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് തുച്ഛമായ വിലയില്‍ സംഭരണം നടത്താന്‍ ഇത് സൌകര്യമൊരുക്കും. ഏറ്റവും പുതിയ ബജറ്റില്‍ രാജ്യത്ത് കരാര്‍കൃഷിക്ക് അനുമതി നല്‍കി. ഇങ്ങനെ, മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനേക്കാള്‍ വേഗത്തില്‍ മോഡിസര്‍ക്കാര്‍ നവഉദാര സാമ്പത്തികനയങ്ങള്‍ നടപ്പാക്കുകയാണ്.

ഇത്തരം കര്‍ഷകവിരുദ്ധനയങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനും കര്‍ഷകരെ ഭിന്നിപ്പിക്കാനും ആര്‍എസ്എസ് തലവന്‍ 'വിശുദ്ധ പശു'വിന്റെ പേരില്‍ വര്‍ഗീയ അസ്വാസ്ഥ്യം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. താലിബാനെയോ ഐഎസിനെയോ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ സായുധരായ 'ഗോസംരക്ഷണസംഘങ്ങള്‍' നിരപരാധികളെ അടിച്ചുകൊല്ലുകയും രാജ്യത്ത് അരാജകത്വം പൂര്‍ണമാക്കുകയുംചെയ്യുന്നു. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ പിന്തുണയോടെ കര്‍ഷകരുടെ ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ചും അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇടതുജനാധിപത്യ ബദല്‍ കെട്ടിപ്പടുത്തുംമാത്രമേ ബിജെപി-ആര്‍എസ്എസ് ദ്വന്ദ്വത്തിന്റെ പിന്തിരിപ്പന്‍, ദേശവിരുദ്ധനയങ്ങളെ നേരിടാന്‍ കഴിയൂ

പി കൃഷ്ണപ്രസാദ്
(അഖിലേന്ത്യ കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറിയാണ് ലേഖകന്‍)

No comments:

Post a Comment