Tuesday, November 4, 2014

സദാചാര ഗുണ്ടകള്‍ക്കെതിരെ കോഴിക്കോട്ട് യുവതയുടെ സ്നേഹമതില്‍

കോഴിക്കോട്: സൈ്വരജീവിതം തകര്‍ക്കുന്ന സദാചാര ഗുണ്ടായിസത്തിനും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കുമെതിരെ അണിനിരക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ചരിത്രമുറങ്ങുന്ന കടപ്പുറത്ത് യുവതയുടെ സ്നേഹമതില്‍. സാംസ്കാരിക പാരമ്പര്യത്തിന് കളങ്കമേല്‍പ്പിച്ച് ഭരണത്തിന്റെ പിന്‍ബലത്തോടെ സദാചാരപൊലീസാകുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് സംഘടിപ്പിച്ച സ്നേഹശൃംഖലയില്‍ നൂറുകണക്കിന് പേര്‍ പങ്കാളികളായി. യുവതയ്ക്ക് ഐക്യദാര്‍ഢ്യമേകി സാംസ്കാരിക പ്രവര്‍ത്തകരും വേദി പങ്കിട്ടു.

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കോഴിക്കോട് ബീച്ചില്‍ നടത്തിയ സ്നേഹശൃംഖല സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സദാചാര ഗുണ്ടകളായി യുവമോര്‍ച്ചക്കാരും ക്വട്ടേഷന്‍ ഗുണ്ടകളായി യൂത്തുകോണ്‍ഗ്രസുകാരും നിയമം കൈയിലെടുത്ത് നടത്തുന്ന അതിക്രമങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ചും കര്‍ശനമായ നിയമ നടപടി ആവശ്യപ്പെട്ടുമാണ് യുവതീയുവാക്കളുടെ കൂട്ടായ്മ. ജില്ലാ പ്രസിഡന്റ് സി അശ്വനിദേവ് അധ്യക്ഷനായി.

വര്‍ഗീയ ശക്തികള്‍ക്ക് നിയമം കയ്യിലെടുക്കാന്‍ സര്‍ക്കാര്‍ ഒത്താശചെയ്യുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് പറഞ്ഞു. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പ്രതിഷേധിക്കുന്നവരെ ശത്രുരാജ്യത്തെ സൈന്യക്കാരെന്നപോലെ നേരിടുന്നതിനോട് ഒരിക്കലും യോജിക്കാനാകില്ല. സദാചാരത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് വര്‍ഗീയ ശക്തികളുടെ അജണ്ടയെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ ചെറുക്കണം. വര്‍ഗീയ ശക്തികള്‍ താല്‍പര്യത്തിനുസരിച്ച് അവര്‍ക്കിഷ്ടമുള്ള രീതിയില്‍ പ്രതിഷേധം നടത്തണമെന്ന നിലപാട് ഫാസിസമാണ്. സ്വാതന്ത്രത്തോടെയും സുഗമമായും മുന്നോട്ട് പോകലിന് തടസം നില്‍ക്കുന്ന സദാചാര ഗുണ്ടകളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും നീക്കത്തെയും എന്തുവിലകൊടുത്തും തടയണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം സ്വരാജും സംസാരിച്ചു. സാദാചാര പൊലീസിന്റെ വിളയാട്ടത്തെകുറിച്ച് ഏറെ ചര്‍ച്ചചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിന്റെ ഒത്താശയോടെ അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ട സംഭവങ്ങള്‍ നടക്കുകയാണ്. ഇതിനെതിരെ ജാഗ്രതവേണമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment