അഗളി: അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിച്ച നവജാതശിശുക്കളുടെ എണ്ണം 15 ആയി. എന്നാല്‍, സര്‍ക്കാരിന് അനക്കമില്ല. ആദിവാസി സമൂഹത്തോട് സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരതയ്ക്കെതിരെ വന്‍ രോഷം ഉയരുന്നു. പോഷകാഹാരക്കുറവിനെത്തുടര്‍ന്ന് കഴിഞ്ഞ ഒരുമാസത്തിനിടെ അട്ടപ്പാടിയില്‍ നാല് നവജാതശിശുക്കളാണ് മരിച്ചത്. കുഞ്ഞുങ്ങളുടെ മരണത്തിനു പുറമേ ഈ വര്‍ഷം ഇരുപതിലധികം ഗര്‍ഭഛിദ്രവും നടന്നു. അട്ടപ്പാടിയില്‍ ആദിവാസികളുടെ വംശഹത്യയാണ് നടക്കുന്നതെന്ന് ഡോ. ഇക്ബാലിന്റെ നേത്വത്തിലുള്ള മെഡിക്കല്‍ സംഘം നടത്തിയ നിരീക്ഷണം യാഥാര്‍ഥ്യമാവുകയാണ്.
2012ല്‍ അട്ടപ്പാടിയില്‍ 63 നവജാതശിശുക്കള്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം 40 കുഞ്ഞുങ്ങളും മരിച്ചിരുന്നു. ഈ വര്‍ഷമാകട്ടെ പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ മരിക്കുന്ന വാര്‍ത്തയാണ് തുടര്‍ച്ചയായി പുറത്തുവരുന്നത്. ഇത്രയൊക്കെ സംഭവിച്ചിട്ടും അടിയന്തരനടപടിക്ക് സര്‍ക്കാര്‍ തയ്യാറാവുന്നില്ല. നൂറുകോടിയോളം രൂപയുടെ പാക്കേജ് നടപ്പാക്കുന്നുവെന്ന് സര്‍ക്കാര്‍ പറയുന്ന അട്ടപ്പാടിയിലാണ് വീണ്ടും പോഷകാഹാരക്കുറവുമൂലം കുഞ്ഞുങ്ങള്‍ മരിക്കുന്നത്. ഊരുകളില്‍ പദ്ധതികളൊന്നും എത്തുന്നില്ലായെന്ന് തുടക്കംമുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. അത് ശരിവയ്ക്കുന്നതാണ് കുഞ്ഞുങ്ങളുടെ മരണവാര്‍ത്ത. പദ്ധതികള്‍ നടപ്പാക്കുന്നുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ദാരിദ്ര്യവും തൊഴിലില്ലായ്മയും കുടിവെള്ളക്ഷാമവും ഊരുകളില്‍ അതേപടി നിലനില്‍ക്കുന്നു.
വിവിധ വകുപ്പുകളുടെ ഏകോപനം കടലാസില്‍ ഒതുങ്ങുന്നു. പട്ടികവര്‍ഗ വകുപ്പും ആരോഗ്യവകുപ്പും ഒരുപോലെ വീഴ്ചവരുത്തുന്നു. ഗര്‍ഭിണികളെ ആശുപത്രിയിലെത്തിക്കുന്നതിലും വേണ്ട പരിചരണം നല്‍കുന്നതിലും വീഴ്ചവരുത്തുന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണം. ചെറിയ അസുഖങ്ങള്‍ക്കുപോലും കോഴിക്കോട്, തൃശൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്. റഫര്‍ ചെയ്താല്‍ ആദിവാസികളുടെ സംരക്ഷണത്തില്‍നിന്ന് അധികൃതര്‍ കൈയൊഴിയും. പലരും പണം കടംവാങ്ങിയാണ് ചികിത്സ തേടുന്നത്.
മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. റേഷന്‍കാര്‍ഡില്‍ പട്ടികവര്‍ഗം എന്ന് സീല്‍ ചെയ്യാത്തതിനാല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു. കഴിഞ്ഞമാസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച കുഞ്ഞിന്റെ അമ്മ രജിത അവിടെനിന്ന് അട്ടപ്പാടിയിലെത്തിയത് ബസിലായിരുന്നു. പോഷകാഹാരക്കുറവുമൂലം അട്ടപ്പാടിയില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നില്ല എന്ന നിലപാടിലാണ് ആരോഗ്യവകുപ്പും സര്‍ക്കാര്‍ ഏജന്‍സികളും. കുഞ്ഞുങ്ങള്‍ തുടര്‍ച്ചയായി മരിച്ചുവീണ കഴിഞ്ഞവര്‍ഷവും സര്‍ക്കാര്‍ ഇതേ നിലപാടാണ് എടുത്തത്. കുഞ്ഞുങ്ങള്‍ മരിക്കാന്‍ കാരണം സ്ത്രീകള്‍ മദ്യപിക്കുന്നതാണെന്നായിരുന്നു ഒരു മന്ത്രി പറഞ്ഞത്്.
No comments:
Post a Comment