Monday, October 8, 2018

ശബരിമലവിധിയും സിപിഐ എമ്മും

പ്രായഭേദമെന്യേ എല്ലാ സ്‌ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാൻ അവകാശമുണ്ടെന്ന്‌ പ്രഖ്യാപിച്ച സുപ്രീംകോടതിവിധി ദുരുപയോഗിച്ചുകൊണ്ട്‌ വർഗീയധ്രുവീകരണം നടത്തി സിപിഐ എമ്മിനും സർക്കാരിനും എതിരെ സങ്കുചിത രാഷ്ട്രീയ മുതലെടുപ്പ്‌ നടത്തുന്നതിനായി കോൺഗ്രസും ബിജെപിയും ശ്രമിക്കുകയാണ്‌. സിപിഐ എമ്മും സംസ്ഥാന സർക്കാരും യുവതികളായ സ്‌ത്രീകളെ കയറ്റി ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണെന്ന്‌ ഒരേതൂവൽ പക്ഷികളായി ഇവർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ രണ്ടു പാർടികളുടെയും അഖിലേന്ത്യാനേതൃത്വം സ്വീകരിച്ച നിലപാടിൽനിന്നുമാറി മതഭ്രാന്ത്‌ ഇളക്കിവിടുന്നതിനാണ്‌ ചെന്നിത്തലയും ശ്രീധരൻപിള്ളയും നേതൃത്വം നൽകുന്നത്‌.

ഒന്നാമതായി, സ്‌ത്രീകൾക്ക്‌ എല്ലാ മേഖലയിലും തുല്യത വേണമെന്ന കാര്യത്തിൽ സിപിഐ എമ്മിന‌് സുവിദിതമായ നിലപാടുണ്ട്‌. അത്‌ ക്ഷേത്രത്തിലെ സ്‌ത്രീപ്രവേശനത്തിന്റെ കാര്യത്തിലായാലും ക്രിസ്‌ത്യൻപള്ളിയുടെ കാര്യത്തിലായാലും മുസ്ലിംപള്ളികളുടെ കാര്യത്തിലായാലും ഒരേ സമീപനംതന്നെയാണ്‌. സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഈ നിലപാടിൽ വെള്ളംചേർക്കാൻ സിപിഐ എം ഒരുകാലത്തും ശ്രമിച്ചിട്ടില്ല. രാജ്യത്തെ ഭരണഘടന അയിത്തം കുറ്റകരമാണെന്ന്‌ പ്രഖ്യാപിക്കുന്നതാണ്‌. അയിത്തം ഇപ്പോഴും പ്രയോഗത്തിലിരിക്കുന്ന സ്ഥലങ്ങളിലെല്ലാം അതിനെതിരായ ശക്തമായ നിലപാടും സിപിഐ എം സ്വീകരിക്കാറുണ്ട്‌.

രണ്ടാമതായി, വിശ്വാസത്തിന്റെ കാര്യത്തിൽ തങ്ങളുടെ നിലപാട്‌ അടിച്ചേൽപ്പിക്കാൻ സിപിഐ എം ശ്രമിക്കാറില്ല. യാഥാർഥ്യബോധത്തോടെതന്നെയാണ്‌ സിപിഐ എം സമീപനം സ്വീകരിക്കുന്നത്‌. ആരാധനാലയങ്ങളിലേക്കുള്ള സ്‌ത്രീകളുടെ പ്രവേശനത്തിന്റെ കാര്യത്തിലായാലും മറ്റ‌് അനാചാരങ്ങളുടെ കാര്യത്തിലായാലും അതതു മതവിഭാഗങ്ങൾക്കകത്തുനിന്നാണ്‌ ആദ്യം വിയോജിപ്പും പ്രക്ഷോഭവും ഉയർന്നുവരേണ്ടതെന്ന നിലപാടാണ്‌ പാർടി സ്വീകരിച്ചിട്ടുള്ളത്‌. അത്തരം പോരാട്ടങ്ങളോട്‌ ഐക്യപ്പെടുന്നതിനും അതിനായി കടുത്ത ത്യാഗമനുഷ്‌ഠിക്കുന്നതിനും ചരിത്രത്തിൽ എക്കാലത്തും കമ്യൂണിസ്റ്റുകാർ ശ്രമിച്ചിട്ടുണ്ട്‌. എ കെ ജിയും കൃഷ്‌ണപിള്ളയും ഗുരുവായൂർ സത്യഗ്രഹത്തിൽ കൊടിയമർദനം ഏറ്റുവാങ്ങിയത്‌ അവർക്ക്‌ ക്ഷേത്രദർശനം നടത്തി പ്രാർഥിക്കുന്നതിനുവേണ്ടിയായിരുന്നില്ലെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ.

മൂന്നാമതായി, തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിൽവന്ന കമ്യുണിസ്റ്റ‌് പാർടി നയിച്ച സർക്കാരുകൾ ആ അധികാരം ഉപയോഗിച്ച്‌ തങ്ങളുടെ പ്രത്യയശാസ്‌ത്രനിലപാടുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറില്ല. താൻ ശ്വസിക്കുന്നതുപോലും കമ്യൂണിസ്റ്റ‌് സമുദായം സൃഷ്ടിക്കുന്നതിനുവേണ്ടിയാണെന്നും എന്നാൽ, തന്റെ ഗവൺമെന്റിന്റെ പരിപാടി കമ്യൂണിസ്റ്റ‌് സമുദായം സൃഷ്ടിക്കലായിരിക്കുകയില്ലെന്നും ചരിത്രം സൃഷ്ടിച്ച്‌ മുഖ്യമന്ത്രിയായ ആദ്യസന്ദർഭത്തിൽത്തന്നെ ഇ എം എസ്‌ വ്യക്തമാക്കുകയുണ്ടായി. ഇന്നത്തെ സാമൂഹ്യവ്യവസ്ഥയ‌്ക്ക്‌ അകത്തുനിന്ന‌് സാധ്യമായ ജനോപകാരപരിപാടികൾ നടപ്പാക്കാനാണ്‌ ശ്രമിക്കുകയെന്നും അന്ന്‌ ഇ എം എസ്‌ വ്യക്തമാക്കി. ജനാധിപത്യസംവിധാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ എല്ലാവരുടേതുമാണ്‌. മഹാഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കുന്നതിനും ആ സർക്കാരിന‌് ഉത്തരവാദിത്തമുണ്ട്‌. ഈ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിൽത്തന്നെയാണ്‌ ശബരിമല കേസിൽ എൽഡിഎഫ്‌ സർക്കാരുകൾ സമീപനം സ്വീകരിച്ചിട്ടുള്ളത്‌.

സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടാണ്‌ ഈ വിധിയിലേക്ക്‌ നയിച്ചതെന്ന്‌ ബിജെപിയും സംസ്ഥാന സർക്കാർ ചോദിച്ചുവാങ്ങിയ വിധിയാണെന്ന്‌ പ്രതിപക്ഷനേതാവും പറയുന്നുണ്ട്‌. സംസ്ഥാന സർക്കാർ എടുക്കുന്ന നിലപാട്‌ അംഗീകരിക്കുന്ന സംവിധാനം മാത്രമാണ്‌ ഇന്ത്യയിലെ ഉന്നതനീതിപീഠമെന്നാണോ ഇവർ പറയുന്നത്‌? ശബരിമലയിൽ യുവതികളുടെ പ്രവേശനം വിലക്കിയ 1991ലെ ഹൈക്കോടതി ഉത്തരവ്‌ വായിക്കുകയാണെങ്കിൽ  അന്ന്‌ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും അതിൽ കക്ഷിയായിരുന്ന കമീഷണറും നൽകിയ സത്യവാങ്‌മൂലത്തിലെ നിലപാട്‌ മനസ്സിലാക്കാം. മണ്ഡലകാലത്തും മകരവിളക്കിനും വിഷുവിനും ഒഴികെ സ്‌ത്രീകൾ ശബരിമലയിൽ ദർശനം നടത്താറുണ്ടെന്നും അത‌് ശരിയാണെന്നുമാണ്‌ ഇവർ വാദിച്ചത്‌. അന്നത്തെ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ ചെന്നിത്തല പിന്തുണയ‌്ക്കുന്നുണ്ടോ? ഈ നിലപാട്‌ തള്ളിക്കൊണ്ടാണല്ലോ ജസ്റ്റിസ്‌ പരിപൂർണനും ജസ്റ്റിസ്‌ മാരാരും അടങ്ങുന്ന ബെഞ്ച്‌ വിധി പ്രഖ്യാപിച്ചത്‌. 2007ൽ എൽഡിഎഫ്‌ സർക്കാർ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽനിന്ന‌് വ്യത്യസ്‌തമായ നിലപാട്‌ 2016 ഫെബ്രുവരിയിൽ, തെരഞ്ഞെടുപ്പിനുമുമ്പായി യുഡിഎഫ്‌ സർക്കാർ സ്വീകരിക്കുകയുണ്ടായി.

2016 നവംബറിൽ എൽഡിഎഫ്‌ സർക്കാർ, ഇതു തിരുത്തി 2007ലെ നിലപാട്‌ തന്നെയാണ്‌ തങ്ങളുടേതെന്ന്‌  കോടതിയിൽ വ്യക്തമാക്കി. 411 പേജുള്ള വിധിന്യായത്തിൽ ആദ്യത്തെ 95 പേജുകളിലായി 145 ഖണ്ഡികകളിലായാണ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര എഴുതിയ വിധിയുള്ളത്‌. അതിനോട്‌ യോജിച്ചുകൊണ്ടുതന്നെ ജസ്റ്റിസ്‌ നരിമാനും ജസ്റ്റിസ്‌ ചന്ദ്രചൂഡും എഴുതിയതും ജസ്റ്റിസ്‌ ഇന്ദു മൽഹോത്രയുടെ വിയോജനവും ഉൾപ്പെടെയാണ്‌ 411 പേജുകൾ. മുഖ്യവിധിയിൽ ഒറ്റ ഖണ്ഡികയിൽമാത്രമാണ്‌ സംസ്ഥാന സർക്കാരിന്റെ നിലപാട്‌ സുചിപ്പിക്കുന്നത്‌. സ്‌ത്രീകളോട്‌ ഒരു വിവേചനവും പാടില്ലെന്നതാണ്‌ സംസ്ഥാന സർക്കാരിന്റെ നിലപാടെന്ന്‌ വിധി സൂചിപ്പിക്കുന്നു.

സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിന്റെ നാലാമത്തെ ഖണ്ഡികയിൽ ആരാധന നടത്തുന്നതിൽനിന്ന‌് ആരെയും തടയരുതെന്നതാണ്‌ തങ്ങളുടെ നിലപാടെങ്കിലും വർഷങ്ങളായി തുടരുന്ന ആചാരമെന്നനിലയിലും ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമെന്നനിലയിലും ഇതിനെ സാധൂകരിക്കുന്ന ഹൈക്കോടതിവിധിയുള്ളതിനാലും ഈ പ്രശ്‌നം പഠിക്കുന്നതിനായി ഉചിതമായ ഒരു കമീഷനെ നിയോഗിക്കുന്നതായിരിക്കും നല്ലതെന്ന്‌ സംസ്ഥാന സർക്കാർ വ്യക്തമാക്കി.

എല്ലാ സ്‌ത്രീകൾക്കും ദർശനം അനുവദിക്കാമോയെന്നു പരിശോധിച്ച്‌ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കുന്നതിന്‌ ഹിന്ദുയിസത്തിൽ ആഴത്തിൽ അറിവുള്ള പണ്ഡിതരും അംഗീകരിക്കപ്പെട്ട, അഴിമതിരഹിതരായ സാമൂഹ്യപരിഷ്‌കർത്താക്കളും അടങ്ങുന്ന കമീഷനെ നിയമിക്കണമെന്നും സർക്കാർ പറഞ്ഞു. സ്‌ത്രീകൾക്ക്‌ പ്രവേശനം അനുവദിക്കുന്നത്‌ ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കുമെന്ന വാദം ശരിയാണെന്ന്‌ സർക്കാർ കരുതുന്നില്ലെങ്കിലും അത്‌ പരിഗണിച്ചും മണ്ഡലകാലത്തും മറ്റുമുള്ള പരിമിതികൾ പരിഗണിച്ചും വേണമെങ്കിൽ സ്‌ത്രീകൾക്ക്‌ ശബരിമലയിൽ ദർശനം നടത്തുന്നതിന്‌ പ്രത്യേക സീസണാകാമെന്ന കാര്യവും സൂചിപ്പിച്ചു.  കെ എൽ മോഹനവർമ്മയുടെയും അമ്പലപ്പുഴ രാമവർമ്മയുടെയും മറ്റും ചരിത്രം വിശദീകരിക്കുന്ന കുറിപ്പുകളും ഈ സത്യവാങ്‌മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.
നിലവിലുള്ള കോടതിനിർദേശമനുസരിച്ച‌് പത്തിനും അമ്പതിനുമിടയിലുള്ള സ്‌ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നത്‌ തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും സർക്കാർ സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി.

എന്നുമാത്രമല്ല, ഇതു സംബന്ധിച്ച്‌ ഒരു നിയമനിർമാണം നടത്തുന്നതിനും സർക്കാരിന‌് ഉദ്ദേശ്യമില്ലെന്നും സുപ്രീംകോടതിയുടെ വിധിക്കായി കാത്തിരിക്കുകയാണെന്നും അതിന്‌ അനുസരിച്ചുമാത്രമേ നടപടികൾ സ്വീകരിക്കുകയുള്ളെന്നും ഉറപ്പുനൽകുകയും ചെയ്‌തു. ഇതിൽ എവിടെയാണ്‌ സിപിഐ എം വിശ്വാസികളുടെ വിശ്വാസത്തിന്‌ എതിരായ നിലപാട്‌ സ്വീകരിച്ചിട്ടുള്ളത്‌. എന്നാൽ, സ്‌ത്രീകൾക്കെതിരായ വിവേചനം അംഗീകരിക്കാൻ സിപിഐ എമ്മിനാകില്ല. പക്ഷേ, വിശ്വാസത്തിന്റെ മേഖലയിൽ അത്‌ അടിച്ചേൽപ്പിക്കാൻ സിപിഐ എം നയിക്കുന്ന സർക്കാരുകൾ തയ്യാറാകാറില്ല. ഇപ്പോൾ, എല്ലാ വാദങ്ങളും വിശദമായി  പരിശോധിച്ച്‌ ഉന്നത നീതിപീഠം വിധി പ്രഖ്യാപിച്ചു.

12 വർഷം നീണ്ട ഈ പ്രക്രിയയിൽ ഏതൊരാൾക്കും തങ്ങളുടെ നിലപാട്‌ വ്യക്തമാക്കി കക്ഷിചേരാൻ കോടതി അനുവദിച്ചിരുന്നു. പ്രവേശനത്തെ എതിർക്കുന്ന എൻഎസ്‌എസും മറ്റു സംഘടനകളും മാത്രമല്ല, അനുകൂലിക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളും തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിച്ചു. എന്നാൽ, ഇപ്പോൾ കലാപത്തിന്‌ ആഹ്വാനംചെയ്യുന്ന കോൺഗ്രസും ബിജെപിയും കക്ഷിചേരാൻ ശ്രമിച്ചില്ല. എന്നുമാത്രമല്ല, ഈ രണ്ടു പാർടികളുടെ നേതൃത്വവും സ്‌ത്രീപ്രവേശനത്തെ അനുകൂലിച്ച്‌ പരസ്യനിലപാട്‌ കോടതിക്കുപുറത്ത്‌ പ്രകടിപ്പിക്കുകയും ചെയ്‌തു.

നാലാമതായി, കോടതി, വിധി പ്രഖ്യാപിച്ചെങ്കിലും അതിന്റെ ഭാഗമായി സ്‌ത്രീകളുമായി ക്ഷേത്രപ്രവേശനം നടത്തുന്നതിനും സിപിഐ എമ്മില്ല. ആളുകളെ വിശ്വാസത്തിന്റെ വഴിയിലൂടെ ക്ഷേത്രത്തിലേക്ക്‌ ആകർഷിക്കുന്നതിന്‌ പ്രവർത്തിക്കുന്ന ദർശനമുള്ള പാർടിയല്ല സിപിഐ എം. എന്നാൽ, വിശ്വാസിയായ സ്‌ത്രീക്ക്‌ ശബരിമലയിൽ ദർശനം നടത്തുന്നതിനുള്ള നിയമപരമായ അവകാശം സംരക്ഷിക്കപ്പെടുകയുംവേണം. സുപ്രീംകോടതി വിധി പ്രഖ്യാപിച്ചാൽ അതാണ്‌ രാജ്യത്തെ നിയമം. പാർലമെന്റ‌് പാസാക്കുന്ന നിയമങ്ങൾ ഭരണഘടനയ‌്ക്ക്‌ അനുസൃതമാണോയെന്ന്‌  പരിശോധിക്കുന്നതിനുള്ള ജുഡീഷ്യൽ റിവ്യൂവിനുള്ള അധികാരം സുപ്രീംകോടതിക്ക്‌ ഭരണഘടന നൽകുന്നുണ്ട്‌. അപ്പോൾ ഭരണഘടനാ വിരുദ്ധമെന്ന്‌ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്‌ വിധിച്ച കാര്യത്തിൽ നിയമനിർമാണം വേണമെന്ന്‌ ചെന്നിത്തലയും ശ്രീധരൻപിള്ളയും പറയുന്നത്‌ എത്ര അസംബന്ധമാണ്‌. അതുകൊണ്ടു തന്നെ സുപ്രീംകോടതിവിധി നടപ്പാക്കേണ്ടത്‌  സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്‌. അല്ലെങ്കിൽ അധികാരത്തിൽ തുടരാൻപോലും ഭരണഘടനാപരമായി സർക്കാരിനുകഴിയില്ല.

ആചാരങ്ങൾ എക്കാലത്തും ഒരുപോലെയല്ലെന്ന കാര്യം സുപ്രീംകോടതി ഓർമിപ്പിക്കുന്നുണ്ട്‌. നവോത്ഥാനകാലം എത്രമാത്രം അനാചാരങ്ങൾ അവസാനിപ്പിച്ചു. മാറുമറയ‌്ക്കാതെമാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാവൂ എന്ന ഉത്തരവ്‌ കൊച്ചി രാജ്യത്തുണ്ടായിരുന്നു. മറ്റു ചില ക്ഷേത്രങ്ങളിലും ഇത്തരം തീട്ടൂരങ്ങൾ ഉണ്ടായിരുന്നു. അത്‌ അവസാനിപ്പിച്ചപ്പോൾ തങ്ങൾക്ക്‌ മാറ്‌ മറച്ച്‌ ദൈവകോപം ലഭിക്കേണ്ടെന്നുപറഞ്ഞ്‌ പ്രകടനം നടത്തിയവരും ഉണ്ട്‌. പിന്നോക്കക്കാരന്‌ വഴിനടക്കാൻ അവകാശം ലഭിച്ചിട്ടും അതിന‌് തയ്യാറാകാതിരുന്നവരുമുണ്ടായിരുന്നു. ആർത്തവകാലം കുടുംബത്തിൽനിന്നുപോലും സ്‌ത്രീ പുറത്തായിരുന്നു. വീട്ടിലോ അടുക്കളയിലോ കയറാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയൊക്കെ ഉണ്ടായിരുന്നോ എന്ന്‌ ഇന്നിന്റെ തലമുറ സംശയിക്കുമായിരിക്കും. പുരോഗമനശക്തികളുടെ പോരാട്ടങ്ങളും അതിന്റെ തുടർച്ചയിലെ നിയമനിർമാണങ്ങളുമാണ്‌ ആധുനിക കേരളത്തെ രൂപപ്പെടുത്തിയത്‌. അതിൽനിന്ന‌് പാഠം ഉൾക്കൊള്ളാൻ തയ്യാറാവുകയാണ്‌ വേണ്ടത്‌. ഭരണഘടനാവിരുദ്ധവും ആധുനിക സമൂഹത്തിന‌് നിരക്കാത്തതുമായ ഒരു ആചാരം അവസാനിപ്പിക്കാൻ ലഭിച്ച സന്ദർഭമാണിത്‌. പ്രളയാനന്തരകേരളം ഉറച്ച മതനിരപേക്ഷതയുടേതാണ്‌. ഏറ്റവും ദുർഘടമായ പ്രതിസന്ധിഘട്ടത്തെ ജനങ്ങളെ ഒപ്പം അണിനിരത്തി അതിജീവിക്കുന്നതിന‌് നേതൃത്വംനൽകിയ എൽഡിഎഫ്‌ സർക്കാരിന്‌ പൊതുസമൂഹത്തിൽ നല്ല സ്വീകാര്യതയുണ്ട്‌. ഇതു രണ്ടിനെയും തകർക്കാൻ കഴിയുമോയെന്നതിനാണ്‌ സിപിഐ എം വിരുദ്ധത എന്ന ഒറ്റ അജൻഡയിൽനിന്ന‌് കോൺഗ്രസ്‌– ബിജെപി കൂട്ടുകെട്ട്‌ ശ്രമിക്കുന്നത്‌. അതിന്‌ ഏതറ്റംവരെ പോകാനും അവർക്ക്‌ മടിയില്ല. അതിനെ തുറന്നുകാണിക്കാനും മതനിരപേക്ഷകേരളത്തെ സംരക്ഷിക്കാനും കഴിയേണ്ടതുണ്ട്‌.

*
പി രാജീവ‌്

ശബരിമല സ്ത്രീപ്രവേശനം

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം  ( 8.10.18 )

ശബരിമല സ്ത്രീപ്രവേശനം

ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ കാലവര്‍ഷക്കെടുതിയെയാണ് നാം നേരിട്ടത്. നാം കാണിച്ച ഒത്തൊരുമയും ജനാധിപത്യബോധവും മനുഷ്യസ്നേഹവും തുല്യതയിലധിഷ്ഠിതമായ നമ്മുടെ കാഴ്ചപ്പാടും അതിനെ അതിജീവിക്കാന്‍ നമുക്ക് കരുത്തായി. അതിന്‍റെ തുടര്‍ച്ചയില്‍ പുനര്‍നിര്‍മ്മാണത്തിന് ലോകത്തെമ്പാടുമുള്ള അനുഭവങ്ങളെ സ്വാംശീകരിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് നാം പരിശ്രമിക്കുന്നത്.

കാലവര്‍ഷക്കെടുതി അതിജീവിക്കുന്നതില്‍ നാം കാണിച്ച ഒത്തൊരുമയും സാഹോദര്യ സ്നേഹവുമാണ് ലോകത്തെമ്പാടുമുള്ള ജനങ്ങളുടെ സഹായം നമുക്ക് ലഭിക്കുന്നതിനിടയാക്കിയത്.  ഇങ്ങനെ എറ്റവുമധികം ഒത്തൊരുമയും ഐക്യബോധവും മനുഷ്യസ്നേഹവും സമത്വത്തിലധിഷ്ഠിതമായ കാഴ്ചപ്പാടും മുന്നോട്ടുവച്ച കാലത്ത് ജീവിക്കുന്നവര്‍ എന്ന അഭിമാനബോധം മലയാളികളില്‍ രൂപപ്പെട്ടുവന്ന ഘട്ടം കൂടിയാണ് ഇത്. പ്രളയത്തെ അതിജീവിച്ച് മുന്നേറുന്ന ജനത എന്ന അംഗീകാരം നേടിയ ഘട്ടം കൂടിയാണിത്.

ഇത്തരമൊരു മുന്നേറ്റം നമുക്ക് സാധ്യമായത് കേരളത്തിന്‍റെ സവിശേഷമായ സാമൂഹ്യ പരിതസ്ഥിതിയില്‍ നിന്നാണ് എന്നത് ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്ന കാര്യമാണ്. അത്തരമൊരു സ്ഥിതിവിശേഷം എങ്ങനെ രൂപപ്പെട്ടുവെന്ന പരിശോധനകൂടി നടത്തുന്നത് കൂടുതല്‍ മുന്നേറ്റത്തിന് ഇടയാക്കുകയും ചെയ്യും.

നവോത്ഥാനം ഉഴുതുമറിച്ച മണ്ണ്

ഇന്ത്യ മുഴുവന്‍ ചുറ്റി സഞ്ചരിച്ച സ്വാമി വിവേകാനന്ദന്‍ കേരളത്തിലെത്തിയപ്പോള്‍ നമ്മുടെ നാടിനെ വിശേഷിപ്പിച്ചത് ഭ്രാന്താലയം എന്നായിരുന്നു. എന്നാല്‍, ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സംസ്ഥാനമായി മാറുന്ന സ്ഥിതിയുണ്ടായി. ഇതിന് ഇടയാക്കിയത് നവോത്ഥാന ആശയങ്ങളും അതിനെ ജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച നവോത്ഥാന പ്രസ്ഥാനങ്ങളുമായിരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണില്‍ ദേശീയ പ്രസ്ഥാനവും കര്‍ഷ തൊഴിലാളി പ്രസ്ഥാനങ്ങളും ഇടപെട്ടതോടെയാണ് വലിയ മാറ്റം കേരളത്തിലുണ്ടായത്.
ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി തുടങ്ങിയ നിരവധി നവോത്ഥാന നായകര്‍ കേരളത്തിന്‍റെ ജന്മിത്ത ആചാര ക്രമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് രംഗപ്രവേശനം ചെയ്തു. ശ്രീനാരായണ ഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ കേരളത്തിന്‍റെ വിപ്ലവകരമായ സാമൂഹ്യമാറ്റത്തിന് അടിസ്ഥാനമായി. വില്ലുവണ്ടിയിലൂടെ സവര്‍ണ്ണര്‍ക്ക് മാത്രം സഞ്ചരിക്കുന്ന വഴികളിലൂടെ മുന്നേറിയ അയ്യങ്കാളി നവോത്ഥാനത്തെ ജനാധിപത്യപരമായ പോരാട്ടങ്ങളുമായി ബന്ധിപ്പിച്ചു. ചട്ടമ്പിസ്വാമികളെപ്പോലെയുള്ളവര്‍ നിലനില്‍ക്കുന്ന ആചാരങ്ങളിലെയും സമ്പ്രദായങ്ങളിലെയും പോരായ്മകളിലേക്ക് വിരല്‍ചൂണ്ടി നമ്മെ നവീകരിക്കുന്നതിന് നേതൃത്വം നല്‍കി. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ സവിശേഷത എന്നത് അടിസ്ഥാന ജനവിഭാഗങ്ങളില്‍ നിന്ന് രൂപപ്പെട്ടുവന്നതും അത് മറ്റ് വിഭാഗങ്ങളിലേക്ക് പടര്‍ന്നുകയറുകയും ചെയ്ത ഒന്നായിരുന്നുവെന്നതാണ്.

ഈ നവോത്ഥാന മുദ്രാവാക്യങ്ങളെ സ്വാംശീകരിച്ചുകൊണ്ട് ദേശീയ പ്രസ്ഥാനവും ഇടപെടുകയുണ്ടായി. നാട്ടുരാജ്യങ്ങളിലെ ആചാരപരമായ പ്രശ്നങ്ങളിലും മറ്റും ഇടപെടേണ്ടതില്ലെന്ന ധാരണകളെ തിരുത്തി അത്തരം പ്രശ്നങ്ങളില്‍ ദേശീയ പ്രസ്ഥാനം ഇടപെടണമെന്ന കാഴ്ചപ്പാട് രൂപപ്പെട്ടത് കേരളത്തിലാണ്. വൈക്കം സത്യാഗ്രഹം നടന്നത് ആ പശ്ചാത്തലത്തിലാണ്. ഇന്ത്യക്ക് വഴികാട്ടിയായി പ്രക്ഷോഭത്തിലൂടെ കേരളം മാറുകയായിരുന്നു.
1924 ലെ വൈക്കം സത്യാഗ്രഹത്തില്‍ ടി.കെ മാധവന്‍, സി.വി കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ക്ക് പുറമെ മന്നത്ത് പത്മനാഭനെപ്പോലെയുള്ള സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളും ആ പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്തു. വൈക്കം ക്ഷേത്രത്തിന്‍റെ നാളുവഴികളിലൂടെയും ഹിന്ദുക്കളിലെ അവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച രീതിക്കെതിരായിട്ടായിരുന്നു ആ പോരാട്ടം. ഗാന്ധിജി ഉള്‍പ്പെടെ ഈ പോരാട്ടത്തെ പിന്തുണയ്ക്കുന്ന സ്ഥിതിയുണ്ടായി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമൂഹ്യ പരിഷ്ക്കര്‍ത്തക്കളും അതില്‍ പങ്കെടുത്തു. മന്നത്ത് പത്മനാഭന്‍റെ നേതൃത്വത്തില്‍ ഒരു സവര്‍ണ്ണ ജാഥ തിരുവനന്തപുരത്തേക്ക് കാല്‍ നടയായി പുറപ്പെടുകയും സത്യാഗ്രഹത്തിന് അനുകൂലമായി പൊതുജനാഭിപ്രായം രൂപീകരിക്കുകയും ചെയ്തു. നിലനില്‍ക്കുന്ന അന്നത്തെ ആചാരത്തിനെതിരായുള്ള സമരത്തിലൂടെയാണ് മന്നത്ത് പത്മനാഭന്‍ കേരളത്തിന്‍റെ സാമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനത്തില്‍ സുപ്രാധനമായ സ്ഥാനം വഹിക്കുന്ന നിലയിലേക്ക് ഉയര്‍ന്നത്. തന്‍റെ ചുറ്റുപാടുമുള്ള ആചാരങ്ങളിലെ മനുഷ്വത്വരഹിതമായ സമീപനങ്ങള്‍ക്കെതിരെ തൂടര്‍ന്ന് പോരാടിക്കൊണ്ടാണ് മന്നത്ത് പത്മനാഭന്‍ മുന്നോട്ടുപോയത് എന്നും ഈ അവസരത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യമാണ്. സാമുദായിക പരിഷ്ക്കരണം മാത്രമല്ല, അതിനപ്പുറം മനുഷ്യരുടെയെല്ലാം പ്രശ്നങ്ങളിലേക്ക് ഇടപെടുന്ന നവോത്ഥാന പാരമ്പര്യമായിരുന്നു മന്നത്ത് പത്മനാഭന്‍ ഉയര്‍ത്തിപ്പിടിച്ചത്. സമുദായത്തിലെ തെറ്റായ ആചാരങ്ങള്‍ക്കെതിരെ പൊരുതി പൊതുധാരയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളായിരുന്നു ഇക്കാലത്ത് മന്നത്ത് പത്മനാഭന്‍ സ്വീകരിച്ചത്.

വൈക്കം സത്യാഗ്രഹത്തിന്‍റെ തുടര്‍ച്ചയായി ഇത്തരം പ്രക്ഷോഭങ്ങള്‍ നമ്മുടെ നാട്ടില്‍ വളര്‍ന്നുവരികയുണ്ടായി. തുടര്‍ന്ന് ഗുരുവായൂര്‍ സത്യാഗ്രഹം, പാലിയം സമരം തുടങ്ങിയ മുന്നേറ്റങ്ങളും നമ്മുടെ മണ്ണിലുണ്ടായി. ഈ പ്രക്ഷോഭങ്ങള്‍ ക്ഷേത്രപ്രവേശനത്തിനും ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ ജനാധിപത്യബോധത്തിന്‍റെ അലകള്‍ നാടെങ്ങും പ്രസരിപ്പിച്ചു. യാഥാസ്ഥിതിക ചിന്താധാരകള്‍ സൃഷ്ടിച്ച എതിര്‍പ്പുകളെ മറികടന്നുകൊണ്ട് അത് മുന്നേറി.
സ്ത്രീജീവിതത്തിലും മാറ്റമുണ്ടായി

ജാതീയമായ അടിച്ചമര്‍ത്തലിനെതിരായ കീഴാള ജനവിഭാഗത്തില്‍ നിന്ന് രൂപപ്പെട്ടുവന്ന് എല്ലാ വിഭാഗങ്ങളിലേക്കും പടര്‍ന്നുകയറിയ നവോത്ഥാന കാഴ്ചപ്പാട് സ്ത്രീകളുടെ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടു. അത് കേരളത്തിലെ സ്ത്രീകളുടെ ജീവിതത്തില്‍ പുതിയ വഴി വെട്ടിത്തുറന്നു. എല്ലാവിഭാഗത്തിലെ സ്ത്രീകളിലും മാറ്റത്തിന്‍റെ കാറ്റുമായി നവോത്ഥാന പ്രസ്ഥാനം വളര്‍ന്നുവന്നു. മാറിടം മറയ്ക്കാനുള്ള അവകാശം, വിധവാ വിവാഹം, സ്ത്രീവിദ്യാഭ്യാസം മുതലായ ഇടപെടലുകളിലൂടെ, സ്ത്രീകളെ അരങ്ങത്തേക്ക് കൊണ്ടുവരുന്നതിനുള്ള  പ്രക്ഷോഭമായി അത് മാറി. ജന്മിത്തം മുന്നോട്ടുവച്ച സ്ത്രീവിരുദ്ധമായ ആശയങ്ങളെ അത് വകഞ്ഞുമാറ്റിക്കൊണ്ടിരുന്നു. ഘോഷ ബഹിഷ്കരണം പോലുള്ള സമരങ്ങളിലേക്കും അത് പടര്‍ന്നുകയറുകയായിരുന്നു.

രണ്ടാംകിട പൗന്മാരായി മാറ്റിനിര്‍ത്തപ്പെട്ട ജാതീയമായി അടിച്ചമര്‍ത്തപ്പെട്ടവരെയും സ്ത്രീകളെയും മുന്നോട്ടുനയിക്കുന്നതും മറ്റു വിഭാഗങ്ങളില്‍ ജനാധിപത്യപരമായ ജീവിതക്രമങ്ങളെ മുന്നോട്ടുവയ്ക്കുന്നതായും ഇത് മാറി. സ്ത്രീകളുടെ ആവശ്യങ്ങളും ജാതീയമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങളും ഇതിന്‍റെ തുടര്‍ച്ചയായി മുന്നോട്ടുവന്നു. ജീവിതത്തിന്‍റെ സൂഷ്മതലങ്ങളില്‍ തന്നെ മാറ്റത്തിന്‍റെ മഹാസാഗരമായി ഈ മുന്നേറ്റം മാറി. ഭൂപരിഷ്ക്കരണം കൂടി നടപ്പിലാക്കപ്പെട്ടതോടെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ മാത്രമല്ല, സാമ്പത്തിക രംഗത്തും ജന്മിത്വത്തിന്‍റെ അടിസ്ഥാന ഘടകങ്ങള്‍ പിഴുതുമാറ്റപ്പെടുന്ന സ്ഥിതിയുണ്ടായി. അങ്ങനെയാണ് സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളം ആധുനിക കേരളം എന്ന നിലയിലേക്ക് വളരുന്ന സ്ഥിതിയുണ്ടായത്.
ദായക്രമങ്ങളിലും മാറ്റമുണ്ടാകുന്നു

ഇതിന്‍റെ ഭാഗമായി നമ്മുടെ ജീവിതത്തിന്‍റെ ആചാരങ്ങളിലും സ്ത്രീകളിലും വലിയമാറ്റങ്ങളുണ്ടായി. ആധുനിക വിദ്യാഭ്യാസത്തിന്‍റെയും തൊഴിലിന്‍റെയും ലോകത്തേക്ക് സ്ത്രീകള്‍ മുന്നേറി. ഇന്ന് എല്ലാ മേഖലകളിലും സ്ത്രീകളുടെ മുന്നേറ്റം ലോകത്ത് നടന്നുകൊണ്ടിരിക്കുകയാണ്. സ്ത്രീകളുടെ സൂക്ഷ്മ ജീവിതത്തിലും ഇതിന് സമാനമായ മുന്നേറ്റങ്ങള്‍ വികസിച്ചു.

ആദ്യ ആര്‍ത്തവത്തെ ഏറെ ആഘോച്ചിരുന്ന രീതിക്ക് പൊതുവില്‍ മാറ്റമുണ്ടായി. ആ ഘട്ടങ്ങളില്‍ സ്ത്രീകളെ അടുക്കളയില്‍ നിന്നുള്‍പ്പെടെ മാറ്റിനിര്‍ത്തപ്പെടുക എന്ന ജീവിതചര്യക്കും മാറ്റമുണ്ടായി. അങ്ങനെ സാമൂഹ്യമുന്നേറ്റങ്ങള്‍ക്കനുസരിച്ച് വ്യക്തിജീവിതത്തിന്‍റെ സൂഷ്മ അടരുകളില്‍ പോലും നടത്തിയ സ്വാധീനമാണ് ആധുനിക കേരളത്തിന്‍റെ രൂപീകരണത്തിന് പശ്വാത്തലമായത്. എല്ലാ മനുഷ്യര്‍ക്കും തുല്യാവകാശമെന്ന കാഴ്ചപ്പാട് പ്രായോഗികമാക്കാന്‍ നടത്തിയ ഇടപെടലുകളാണ് കേരളത്തെ ഇന്നത്തെ കേരളമായി മാറ്റുന്നതിന് അടിസ്ഥാനമായിത്തീര്‍ന്നത്.

ഈ മാറ്റത്തിന്‍റെ രീതി പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. അതാത് ജനവിഭാഗങ്ങളിലെ  ആചാരങ്ങള്‍ക്കും തെറ്റായ സമ്പ്രദായങ്ങള്‍ക്കും എതിരായ സമരങ്ങള്‍ രൂപപ്പെട്ടുവന്നത് അതാത് സമൂഹത്തിനകത്ത് നിന്ന് ഉയര്‍ന്നുവന്ന തീക്ഷണമായ സംഘര്‍ഷങ്ങളില്‍ നിന്നാണ്. അത്തരം സംഘര്‍ഷങ്ങളെ പൊതുസമൂഹം സ്വീകരിക്കുകയും പുരോഗമനപരമായ ധാരകള്‍ക്കൊപ്പം നിലനില്‍ക്കുകയും ചെയ്തിരുന്നു. അങ്ങനെ രൂപപ്പെട്ടുവന്ന മാറ്റങ്ങളാണ് നമ്മുടെ ആചാരങ്ങളെയും സമ്പ്രദായങ്ങളെയും തിരുത്തിക്കുറിച്ചത്. മരുമക്കത്തായം മാറി മക്കത്തായം വന്നു. എല്ലാ ക്ഷേത്രങ്ങളിലും ഹിന്ദുമതത്തില്‍പെട്ട എല്ലാവര്‍ക്കും പ്രവേശനം നല്‍കുന്ന ക്ഷേത്രപ്രവേശന വിളംബരം ഒരു നിയമമെന്ന രീതിയിലേക്ക് മാറുകയും ചെയ്തു. ഇങ്ങനെ ഒരോ വിഭാഗത്തിനകത്തു നിരന്തരമായി ഉയര്‍ന്നുവന്ന സംഘര്‍ഷങ്ങളുടെയും അതില്‍ നിന്നും രൂപപ്പെട്ടുവന്ന ആശയസംവിധാനങ്ങളുടെയും അനന്തരഫലമായാണ് നമ്മുടെ ജീവിതം മാറിമറിഞ്ഞത. അത്തരം പുരോഗമനപരമായ മുന്നേറ്റങ്ങളെ പിന്തുണച്ചുകൊണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിലപാട് സ്വീകരിച്ചു. അത് കേരളത്തിന്‍റെ മുന്നേറ്റത്തിന് സുപ്രധാനമായ പങ്ക് വഹിച്ചു.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ചര്‍ച്ചകളിലേക്ക് നാം കടക്കുമ്പോള്‍ കേരളത്തിന്‍റെ ഈ സാമൂഹ്യമുന്നേറ്റത്തിന്‍റെ ചരിത്രം കൂടി ഉള്‍ക്കൊള്ളേണ്ടതുണ്ട്. ആ പശ്ചാത്തലത്തില്‍ നിന്നുവേണം ഇപ്പോള്‍ വന്ന കോടതി വിധിയെയും സര്‍ക്കാരിന്‍റെ നിലപാടുകളെയും കാണാന്‍.

ശബരിമലയിലെ സ്ത്രീ പ്രവേശനവും അതുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് അടുത്ത കാലത്തു തന്നെ ഉണ്ടായിട്ടുണ്ട്. ഇത്തരം വ്യവഹാരങ്ങള്‍ക്ക് ഇടയാക്കിയത് സര്‍ക്കാരിന്‍റെ ഏതെങ്കിലും തീരുമാനങ്ങളായിരുന്നില്ല.

ശബരിമലയില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവോ നല്‍കിയ കേസോ നടത്തിയ നിയമനിര്‍മ്മാണമോ അല്ല, 1991 ലെ ഹൈക്കോടതി വിധിയിലേക്കും ഇപ്പോഴത്തെ സുപ്രീംകോടതി വിധിയിലേക്കും എത്തിച്ചേര്‍ന്നത്. ഇപ്പോഴത്തെ സുപ്രീംകോടതി വിധിയെ മനസ്സിലാക്കണമെങ്കില്‍ അതിനുമുമ്പ് ഹൈക്കോടതിയില്‍ ഉണ്ടായ പൊതുതാത്പര്യ ഹര്‍ജിയെക്കൂടി മനസ്സിലാക്കേണ്ടതുണ്ട്. 1990 ല്‍ എസ്. മഹേന്ദ്രന്‍ എന്ന വ്യക്തി ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് അയച്ച ഒരു കത്ത് പൊതുതാത്പര്യ ഹര്‍ജിയായി ഹൈക്കോടതി പരിഗണിച്ചതോടെയാണ് ഈ വിഷയം കേരളത്തില്‍ കോടതി വ്യവഹാര രംഗത്ത് അടുത്ത കാലത്ത് സജീവമായത്.

മഹേന്ദ്രന്‍റെ കത്ത്

ശബരിമലയില്‍ യുവതികള്‍ കയറുന്നുവെന്നും അവിടെ പ്രാര്‍ത്ഥന നടത്തുന്നുവെന്നുമുള്ള പരാതിയാണ് മഹേന്ദ്രന്‍ കത്തിലുന്നയിച്ചത്. വിഐപികളുടെ ഭാര്യമാര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്നും, മുന്‍ ദേവസ്വം കമ്മീഷണര്‍ ശ്രീമതി. ചന്ദ്രികയുടെ പേരക്കുട്ടിക്ക് അവിടെ ചോറൂണ് നല്‍കിയിട്ടുണ്ടെന്നും ഉദാഹരണമായി അദ്ദേഹം എടുത്തുപറയുകയും ചെയ്തു. ഇത് സാക്ഷ്യപ്പെടുത്തുന്നതിനായി ശ്രീമതി. ചന്ദ്രികയും അവരുടെ മകളും സ്ത്രീകളുള്‍പ്പെടെയുള്ള ബന്ധുജനങ്ങളും ചടങ്ങില്‍ പങ്കെടുക്കുന്ന ഫോട്ടോ 19.08.1990 ല്‍  ജډഭൂമി പത്രത്തില്‍ വന്നത് അദ്ദേഹം സമര്‍പ്പിക്കുകയും ചെയ്തു. ബന്ധപ്പെട്ടവര്‍ക്കെതിരെ ഉചിത നടപടി സ്വീകരിക്കണമെന്ന ആവശ്യവും കോടതിയില്‍ ഉന്നയിച്ചു. തുടര്‍ന്ന് കോടതി ബന്ധപ്പെട്ടയാളുകള്‍ക്ക് നോട്ടീസ് അയക്കുകയും കേസ് ആരംഭിക്കുകയും ചെയ്തു.

കോടതിയുടെ അഭിപ്രായം

1991 ലെ ഹൈക്കോടതി വിധിയില്‍ ഇത് സംബന്ധിച്ച് വിശദീകരിക്കുന്നുണ്ട്. അതില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു. 'പരാതിക്കാരനായ ശ്രീ. മഹേന്ദ്രന്‍, ശ്രീമതി. ചന്ദ്രിക, ദേവസ്വം ബോര്‍ഡിന്‍റെ അഭിഭാഷകന്‍ എന്നിവരുടെ വിശദീകരണം കേട്ടുകഴിഞ്ഞപ്പോള്‍ ശബരിമല ക്ഷേത്രത്തിന്‍റെ വിശ്വാത്തെക്കുറിച്ച് അടിസ്ഥാനപരമായതും വലിയ സ്വാധീനം ചെലുത്തുന്നതുമായ ചോദ്യങ്ങളാണ് പരിഗണനയ്ക്കായി ഉയര്‍ന്നുവരുന്നത് എന്ന കാര്യം ഞങ്ങള്‍ക്ക് തോന്നി. അതിനാല്‍ പരാതിയെ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം പൊതുതാത്പര്യ ഹര്‍ജി എന്ന നിലയില്‍ ഒ.പി 9015/1990 ആയി പരിവര്‍ത്തിപ്പിച്ചു.'

ഇങ്ങനെ ജډഭൂമി പത്രത്തില്‍ ശബരിമലയില്‍ നടന്ന ചോറൂണില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതായ ഫോട്ടോ പ്രസിദ്ധീകരിച്ചത് കാണിച്ചുകൊണ്ടാണ്  ഈ കേസ് കോടതിയില്‍ സജീവമാകുന്നത്. അല്ലാതെ ഏതെങ്കിലും തരത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരോ ബന്ധപ്പെട്ടവരോ നടത്തിയ ഇടപെടലിന്‍റെ ഭാഗമായല്ല ഈ പ്രശ്നം ഉയര്‍ന്നുവന്നത്.

ഈ കേസില്‍ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വിമണ്‍ ലോയേഴ്സിന്‍റെ കേരളഘടകം, കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രസിഡന്‍റ് എം.വി ഗോപാലകൃഷ്ണന്‍ എന്നിവര്‍ കക്ഷിചേരാന്‍ അനുമതി തേടുകയും, ഹൈക്കോടതി നിയമങ്ങളുടെ 152(2) ചട്ടമനുസരിച്ച് ഈ ഹര്‍ജികള്‍ അനുവദിക്കുകയും ചെയ്തു. അതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് പുരോഗമിച്ചത്. പലവിധ വാദങ്ങള്‍ ഇക്കാലത്ത് ഉയര്‍ന്നുവന്നു.

കേസിന്‍റെ വിചാരണയില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍

ഇതുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങള്‍ ഈ കേസിന്‍റെ വിചാരണയില്‍ ഉയര്‍ന്നുവന്നു. 1991 ലെ കോടതി വിധിയില്‍ ഓരോ കക്ഷിയും ഉന്നയിച്ച വാദങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ആ വിധിയുടെ ഭാഗമായി കോടതി പരിശോധിച്ച കാര്യങ്ങള്‍ ഒന്നു മനസ്സിലാക്കുന്നത് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് ഏറെ സഹായകമാണ്. വിവിധ കക്ഷികളുടെ വാദങ്ങള്‍ കോടതി വിധിയില്‍ ഉദ്ധരിച്ചുകാണുന്നുണ്ട്. കൊല്ലവര്‍ഷം 1115 ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ മഹാറാണിയും ദിവാനുംഒപ്പമുണ്ടായിരുന്നുവെന്ന വാദം ഉയര്‍ന്നുവരികയുണ്ടായി. അടുത്തവര്‍ഷങ്ങളില്‍ നിരവധി ഭക്തര്‍ അവിടെ കുട്ടികളുടെ ചോറൂണിനായി എത്തിയ കാര്യവും പരാമര്‍ശിക്കുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ നിര്‍ദ്ദിഷ്ട ചാര്‍ജ്ജുകള്‍ നല്‍കുമ്പോള്‍ ബോര്‍ഡ് രസീതികള്‍ നല്‍കുകയും ചെയ്തിരുന്നു എന്ന വാദവും അവതരിപ്പിക്കുന്നുണ്ട്. ശബരിമലയിലെ ആചാരക്രമങ്ങളില്‍ വന്ന മാറ്റങ്ങളും കോടതി വിധിയില്‍ പരാമര്‍ശവിഷയമാകുന്നുണ്ട്.

20 വര്‍ഷക്കാലമായി പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രതിമാസ പൂജയ്ക്കായി അമ്പലം തുറക്കുമ്പോള്‍ സന്ദര്‍ശിക്കാന്‍ അനുവാദമുണ്ടായിരുന്നു എന്നത് വാദത്തിനിടയില്‍ ഉയര്‍ന്നുവന്ന കാര്യവും രേഖപ്പെടുത്തുന്നുണ്ട്. മണ്ഡലം, മകരവിളക്ക്, വിഷുക്കാലങ്ങളില്‍ മാത്രമാണ്  സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ലായിരുന്നുവെന്ന വാദങ്ങളും അതില്‍ രേഖപ്പെടുത്തുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് ക്ഷേത്രത്തിന്‍റെ ആചാരങ്ങളെയും മതവികാരങ്ങളെയും പരിഗണിച്ച് ചെയ്യേണ്ട കാര്യമാണെന്നും പരാതിക്കാരന്‍റെ മൗലികാവശങ്ങളിലൊന്നുപോലും ലംഘിച്ചിട്ടില്ലെന്നും അതുകൊണ്ട് ഹര്‍ജി പിന്‍വലിക്കണമെന്നുമുള്ള വാദമാണ് ദേവസ്വം ബോര്‍ഡ് അവതരിപ്പിച്ചത് എന്നും വ്യക്തമാവുന്നുണ്ട്.

ചന്ദ്രികയുടെ മറുപടി

മഹേന്ദ്രന്‍റെ പരാതിക്ക് ആധാരമായ ഒരു കാര്യം ദേവസ്വം കമ്മീഷണറായ ചന്ദ്രിക തന്‍റെ പേരക്കുട്ടിയുടെ ചോറൂണ് ശബരിമലയില്‍ നടത്തിയെന്നതുകൂടിയായിരുന്നു. ദേവസ്വം കമ്മീഷണറായിരുന്ന ചന്ദ്രികയാവട്ടെ മലയാളമാസം 1166 ചിങ്ങം ഒന്നാം തീയ്യതി ക്ഷേത്രത്തില്‍ സന്ദര്‍ശിച്ചിട്ടുണ്ട് എന്ന കാര്യം കോടതിയില്‍ പറയുകയുണ്ടായി. 10 മുതല്‍ 50 വയസ് വരെയുള്ള സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച നിരോധനം മണ്ഡല, മകരവിളക്ക്, വിഷു സമയത്ത് മാത്രമാണ് ഉള്ളത് എന്നും മറ്റു സമയങ്ങളില്‍ നിയന്ത്രണമില്ലെന്ന കാര്യവും അവര്‍ വ്യക്തമാക്കിയതായി ഹൈക്കോടതി വിധിയില്‍ തന്നെ രേഖപ്പെടുത്തുന്നുണ്ട്. പ്രതിമാസ പൂജകള്‍ നടക്കുമ്പോള്‍ എല്ലാ പ്രായക്കാരായ സ്ത്രീകളും ശബരിമല സന്ദര്‍ശിക്കാറുണ്ട്. പ്രതിമാസ പൂജ സമയത്ത് ക്ഷേത്രത്തില്‍ സ്ത്രീകളുടെ പ്രവേശനം നടക്കുന്നത് ക്ഷേത്രത്തിന്‍റെ ആചാര അനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായല്ല എന്ന നിലപാട് അവര്‍ സ്വീകരിച്ചതായും വിധിയില്‍ പറയുന്നുണ്ട്.

ചീഫ് സെക്രട്ടറി

ചീഫ് സെക്രട്ടറി നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ തിരു-കൊച്ചി ക്ഷേത്ര പ്രവേശന നിയമത്തിലെ 3-ാം വകുപ്പ് പ്രകാരം എല്ലാ ഹിന്ദുവിനും ക്ഷേത്രത്തില്‍ പ്രവേശിക്കാനും ആരാധന നടത്താനും അവകാശമുണ്ടെന്നും വ്യക്തമാക്കി. ശബരിമല ക്ഷേത്രത്തില്‍ 10 മുതല്‍ 50 വരെ പ്രായമുള്ള വനിതകളുടെ പ്രവേശനം മണ്ഡലം, മകരവിളക്ക് വിഷു സമയത്ത് നിരോധിച്ചുകൊണ്ട് എല്ലാ വര്‍ഷവും ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിക്കാറുണ്ടെന്നും പ്രതിപാദിച്ചിട്ടുണ്ട്. പരാതിക്കാരന്‍ നല്‍കിയ ഹര്‍ജി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം നിലനില്‍ക്കുന്നതല്ലെന്നും പരാതി തള്ളിക്കളയണമെന്നും ചീഫ് സെക്രട്ടറിയും പറഞ്ഞു.

കുമ്മനം രാജശേഖരന്‍റെ കത്ത്

ഈ കേസില്‍ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം ഹിന്ദുമുന്നണിയുടെ അക്കാലത്തെ സംസ്ഥാന സെക്രട്ടറി ശ്രീ. കുമ്മനം രാജശേഖരന്‍ ക്ഷേത്രം തന്ത്രിയായിരുന്ന ശ്രീ. മഹേശ്വരരിന് അയച്ച കത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുവന്നു എന്നതാണ്. പ്രസ്തുത കത്തില്‍ ശബരിമലയില്‍ വിവാഹ ചടങ്ങുകളും വനിതകളുടെ ഡാന്‍സും സിനിമാ ഷൂട്ടിംഗും നടന്നുവെന്ന കാര്യം വ്യക്തമാക്കിയിരുന്നു. ഈ കത്തിന് ക്ഷേത്രം തന്ത്രിയായിരുന്ന മഹേശ്വരര് അയച്ച മറുപടി കോടതിക്ക് മുമ്പാകെ വരികയുണ്ടായി. ഇത് കാണിക്കുന്നത് അക്കാലത്ത് ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനവും അവര്‍ പങ്കെടുക്കുന്ന മറ്റു ചടങ്ങുകളും നടക്കുന്നുണ്ട് എന്ന കാര്യമാണ്.

ഹൈക്കോടതി വിധി

ഇത്തരം പ്രശ്നങ്ങളെല്ലാം വിശദമായ പരിശോധനയ്ക്ക് ഹൈക്കോടതി വിധേയമാക്കി. അതിന്‍റെ അടിസ്ഥാനത്തില്‍ വിധി പുറപ്പെടുവിച്ചു. ശബരിമല കയറുന്നതിന് 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ശബരിമല തീര്‍ത്ഥാടനകേന്ദ്രത്തിലെ കാലാവര്‍ത്തിയായിട്ടുള്ള ആചാരമാണ് എന്ന് വ്യക്തമാക്കി. അതുകൊണ്ട് തന്നെ ആ നിയന്ത്രണം നടപ്പിലാക്കുക എന്ന തീരുമാനമാണ് എടുത്തത്. ഇക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിക്കുകയും കേരള സര്‍ക്കാരിനോട് പോലീസ് ഉള്‍പ്പെടെയുള്ള എല്ലാ സഹായവും ദേവസ്വം ബോര്‍ഡിന് നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. ഇങ്ങനെ നേരത്തേ ഉണ്ടായി എന്ന് പറയുന്ന സ്ത്രീ പ്രവേശനത്തിന് അറുതി വരുത്തുകയാണ് കോടതി 1991 ഏപ്രില്‍ 5 നുള്ള വിധിയില്‍ ചെയ്തിട്ടുള്ളത്.

സര്‍ക്കാര്‍ ചെയ്തത്

1991 ന് ശേഷം ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ശബരിമലയിലെ തീര്‍ത്ഥാടകരുടെ പ്രവേശനം നടന്നിട്ടുള്ളത്. ഇതിനെ സഹായിക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്തിട്ടുള്ളത്. ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു നിലപാട് ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ല. ഈ സര്‍ക്കാരും ഇതിന് മാറ്റം വരുത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. ഇത് പ്രകാരമായിരുന്നു ശബരിമലയില്‍ കാര്യങ്ങള്‍ നടന്നത്.

സുപ്രീം കോടതിയില്‍ വന്ന പുതിയ റിട്ട്

പിന്നീട് 2006 ല്‍ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിക്ക് മുമ്പാകെ ഒരു റിട്ടായി വരികയായിരുന്നു. ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷനും മറ്റുള്ളവരും ആണ് ഈ റിട്ട് നല്‍കിയത്. ഈ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ എതിര്‍കക്ഷിയായി ഉള്‍പ്പെടുത്തിയിരുന്നു. അതിനാല്‍ സര്‍ക്കാരിനോട് സുപ്രീംകോടതി ഇക്കാര്യത്തില്‍ അഭിപ്രായം ചോദിച്ചു.

ആദ്യ അഫിഡവിറ്റ് വി.എസ് സര്‍ക്കാരിന്‍റെ കാലത്ത്

13.11.2007 ല്‍ അധികാരത്തിലിരുന്ന വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്നാല്‍ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഈ സത്യവാങ്മൂലം പിന്‍വലിച്ച് പുതിയ ഒരു സത്യവാങ്മൂലം 05.02.2016 ന് സമര്‍പ്പിച്ചു (ഈ അഫിഡവിറ്റില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തുകൊണ്ടാണ് യുഡിഎഫ് നിലപാട് സ്വീകരിച്ചത്). വീണ്ടും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 2007 ല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അതേ അഫിഡവിറ്റ് നിലനിര്‍ത്തുന്നതിന് തീരുമാനിച്ചു. ഈ സത്യവാങ്മൂലത്തില്‍ പറഞ്ഞ കാര്യങ്ങള്‍ താഴെ പറയുന്നതാണ്.

സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാട്

ഈ സത്യവാങ്മൂലത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത നിലപാട് എന്താണ് എന്നുകൂടി മനസ്സിലാക്കുമ്പോഴാണ് റിവ്യൂ ഹര്‍ജി സര്‍ക്കാര്‍ എന്തുകൊണ്ട് സമര്‍പ്പിക്കുന്നില്ല എന്ന കാര്യം കൂടി വ്യക്തമാവുക.

സര്‍ക്കാര്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ ഇവയാണ്.

1.    സ്ത്രീകള്‍ക്കോ സമൂഹത്തിലെ ഏതെങ്കിലുമൊരു വിഭാഗത്തിനോ എതിരെ ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുന്നതിന് സര്‍ക്കാര്‍ എതിരാണ്. സാമൂഹ്യനീതി ഉറപ്പുവരുത്തുക എന്നതാണ് നിലവിലുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നയം. അതുകൊണ്ട് തന്നെ സ്ത്രീ പ്രവേശനത്തിന് സര്‍ക്കാര്‍ എതിരല്ല.

2.    മുന്‍കാലങ്ങളിലും സ്ത്രീകള്‍ ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട് എന്നതുമായി ബന്ധപ്പെട്ട ചരിത്രപരമായ കാര്യങ്ങള്‍ ഇതില്‍ വ്യക്തമാക്കി. മഹാരാജാവ് ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ മഹാറാണിയും സന്ദര്‍ശിച്ചിരുന്നുവെന്നതു പോലുള്ള കാര്യങ്ങളും ചൂണ്ടിക്കാണിച്ചു.

3.    അതിന്‍റെ അടിസ്ഥാനത്തില്‍ ഹിന്ദുമത ആചാരത്തിലും ദൈവത്തിലും ക്ഷേത്ര ആരാധനയിലും വിശ്വസിക്കുന്നവരെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനോ ആരാധന നടത്തുന്നതിനോ പ്രായ വ്യത്യാസമില്ലാതെ അനുവദിക്കണം എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു.

4.    ഈ നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം സര്‍ക്കാര്‍ ഓര്‍മ്മിപ്പിച്ചു. ശബരിമല ക്ഷേത്രത്തിന്‍റെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടത് വര്‍ഷങ്ങളായി തുടരുന്ന ആചാരമായതിനാലും, അത് വിശ്വാസങ്ങളുമായും മൂല്യങ്ങളുമായും ബന്ധപ്പെട്ടതിനാലും, ജനങ്ങള്‍ സ്വീകരിച്ചതിനാലും, ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട ഹൈക്കോടതി വിധി നിലവിലുണ്ടെന്നും ഓര്‍മ്മിപ്പിച്ചു.

5.    ഇതിന്‍റെ അടിസ്ഥാനത്തില്‍ ഒരു അപേക്ഷ സര്‍ക്കാര്‍ സമര്‍പ്പിച്ചു. ഹിന്ദു ധര്‍മ്മശാസ്ത്രത്തില്‍ ആധികാരിക പരിജ്ഞാനമുള്ള പ്രമുഖ പണ്ഡിതരും അഴിമതിയില്ലാത്തവരും ബഹുമാന്യരുമായ സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളും ഉള്‍പ്പെട്ട ഒരു കമ്മീഷന്‍ നിയോഗിച്ച് അവരോട് പ്രായവ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകള്‍ക്കും ക്ഷേത്രാരാധന അനുവദിക്കാമോ എന്നതില്‍ അവരുടെ നിര്‍ദ്ദേശങ്ങളും കാഴ്ചപ്പാടുകളും ലഭ്യമാക്കണമെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശം.

6.    സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്രമസമാധാന പ്രശ്നവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഉണ്ടാവും എന്നതാണ് പേടിയെങ്കില്‍ അതിന് സ്ത്രീകള്‍ക്ക് പ്രത്യേക സന്ദര്‍ശന കാലം നിശ്ചയിച്ച് അത് പരിഹരിക്കാവുന്നതാണ് എന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇത്തരമൊരു പേടി സര്‍ക്കാരിനില്ലെന്ന കാര്യവും എടുത്തുപറഞ്ഞു.

7.    ആചാരങ്ങളില്‍ മാറ്റം ശബരിമലയിലും ഉണ്ടായിട്ടുണ്ട് എന്ന കാര്യവും ഓര്‍മ്മിപ്പിച്ചു. അതിന്‍റെ ഉദാഹരണമായി, എല്ലാ മലയാള മാസത്തിലും ആദ്യത്തെ 5 ദിവസം പൂജ നടക്കുന്നുണ്ട്. ഈ കീഴ്വഴക്കം തുടങ്ങിയത് ജനത്തിരക്ക് കുറക്കാനാണ്. മുമ്പില്ലാതിരുന്ന തുലാഭാരം എന്ന ആചാരം ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്, എന്ന കാര്യവൂം ഓര്‍മ്മിപ്പിച്ചു.

8.    ഇക്കാര്യങ്ങള്‍ പറഞ്ഞ ശേഷം എന്തുതന്നെയാണെങ്കിലും സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു വിവാദമുണ്ടാക്കാന്‍ താല്‍പര്യമില്ല എന്ന കാര്യവും ഓര്‍മ്മിപ്പിച്ചു.

9.    ഈ സത്യവാങ്മൂലം സമര്‍പ്പിക്കാനിടയായത് കോടതി സര്‍ക്കാരിന്‍റെ കാഴ്ചപ്പാട് അറിയിക്കാനാവശ്യപ്പെട്ടതുകൊണ്ടാണെന്നും വ്യക്തമാക്കി.

10.    ചില കാര്യങ്ങളും ഇതോടൊപ്പം എടുത്തുപറഞ്ഞു.

a.    10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ തടയുന്നതിനുള്ള സാധ്യമായ എല്ലാ നടപടികളും നിലവിലുള്ള കോടതി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.

b.    സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു നിയമനിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നില്ല.

c.    സര്‍ക്കാര്‍ കോടി വിധി കാത്തിരിക്കുകയാണ്. വിധി പ്രകാരം പ്രവര്‍ത്തിക്കും.

സംസ്ഥാനസര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാണ്. ഈ പ്രശ്നത്തില്‍ കോടതി ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ്, ഇത്തരമൊരു സത്യവാങ്മൂലം സര്‍ക്കാര്‍ നല്‍കിയത്. എല്ലാവര്‍ക്കും പ്രവേശനം നല്‍കുക എന്നതാണ് സര്‍ക്കാരിന്‍റെ നയമെങ്കിലും ആചാരപരമായ വിഷയമായതുകൊണ്ട് ആ രംഗത്തെ പ്രമുഖരുടെ കൂടി അഭിപ്രായം സ്വീകരിച്ചുകൊണ്ട് മാത്രമേ നടപടി സ്വീകരിക്കാവൂ എന്ന കാര്യമാണ് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ഒരു നിയമനിര്‍മ്മാണം സര്‍ക്കാര്‍ നടപ്പിലാക്കില്ലെന്നും വിധി നടപ്പിലാക്കുമെന്നുമാണ് സമര്‍പ്പിച്ചത്.

കമ്മീഷനെ നിയോഗിക്കണെമെന്നും അതിനുശേഷമേ അന്തിമവിധിയിലേക്ക് കടക്കാവൂ എന്നുമുള്ള സര്‍ക്കാര്‍ നിലപാട് വിശ്വാസത്തെയും ആചാരത്തെയും ബഹുമാനിക്കുന്ന നിലപാട് തന്നെയാണ്. അവരുടെ അഭിപ്രായം അറിയാതെ അന്തിമതീരുമാനം  എടുക്കരുതെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.

പുനപരിശോധനാ ഹര്‍ജിയെ സംബന്ധിച്ച് ഇപ്പോള്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ പറഞ്ഞ നിലപാടിന്‍റെ അടിസ്ഥാനത്തില്‍ വന്ന ഒരു വിധിയില്‍ പുനപരിശോധാനാ ഹര്‍ജി എങ്ങനെയാണ് സാധ്യമാവുക. കോടതി വിധി എന്തായാലും അത് നടപ്പിലാക്കാമെന്നാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. സ്ത്രീ പ്രവേശനത്തില്‍ അനുകൂലമായാലും പ്രതികൂലമായാലും ആ വിധി സ്വീകരിച്ച് നടപ്പിലാക്കുമെന്നാണ് ഇതിനര്‍ത്ഥം. ആ നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്നത് എങ്ങനെയാണ് ശരിയായിത്തീരുക. മാത്രമല്ല, അത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഉറപ്പിന് എതിരായിത്തീരുകയും ചെയ്യും. അതുകൊണ്ട് കൂടിയാണ് റിവ്യൂ ഹര്‍ജി സമര്‍പ്പിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം മറ്റാരെങ്കിലും പുനപരിശോധന ഹര്‍ജിക്ക് പോകുന്നതിനും സര്‍ക്കാരിന് തടസ്സമില്ല.

കോണ്‍ഗ്രസ്സിന്‍റെ നിലപാട്

വിധി വന്നപ്പോള്‍ കോണ്‍ഗ്രസ്സിന്‍റെ അഖിലേന്ത്യാ നേതൃത്വം വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. കോണ്‍ഗ്രസ്സ് അഖിലേന്ത്യാ കമ്മറ്റിയുടെ ട്വീറ്റില്‍ ഇങ്ങനെ പറഞ്ഞു "We welcome the historic Supreme Court Judgment allowing entry of women of all ages in to the Sabarimala Temple’  (അതായത്, ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.) എന്നായിരുന്നു നിലപാട്.


ഇങ്ങനെ കോണ്‍ഗ്രസ്സിന്‍റെ അഖിലേന്ത്യാ നേതൃത്വം സുപ്രീംകോടതി വിധിയെ ചരിത്രപരം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് സ്വാഗതം ചെയ്തത് എന്ന കാര്യം നാം ഓര്‍ക്കേണ്ടതുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിധി എല്ലാവര്‍ക്കും ബാധകമാണെന്ന് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുപ്രീംകോടതി വിധി എല്ലാവര്‍ക്കും ബാധകമാണെന്നും അത് അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് എന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ നേരത്തേ കൊടുത്ത സത്യവാങ്മൂലം എന്തായാലും അത് ഇനി പ്രസക്തമല്ല എന്ന നിലപാടുമാണ് സ്വീകരിച്ചത്.

ഇത്തരത്തില്‍ വിധിയെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് അടുത്ത ദിവസങ്ങളില്‍ മറിച്ചൊരു നിലപാട് സ്വീകരിച്ചുകാണുന്നത് വിസ്മയകരമാണ്. ഇത് പ്രതിപക്ഷ നേതാവിന്‍റെ തന്നെ വിശ്വാസ്യത തകര്‍ക്കുന്ന നടപടിയാണ് എന്ന കാര്യം അദ്ദേഹം ആലോചിക്കുന്നത് നന്നാവും.

കോണ്‍ഗ്രസ്സ് ദേശീയ പ്രസ്ഥാനത്തിന്‍റെ പാരമ്പര്യം അവകാശപ്പെട്ടുകൊണ്ടാണ് നിലനില്‍ക്കുന്നത്. അവ ഒന്നിനുപുറകെ ഒന്നായി കൈയ്യൊഴിയുകയും ഹിന്ദുവര്‍ഗീയതയുമായി സമരസപ്പെടുകയും ചെയ്യുന്ന നിലപാട് എടുക്കുന്നതാണ് കോണ്‍ഗ്രസ്സിന്‍റെ തകര്‍ച്ചയ്ക്കും ബിജെപിയുടെ വളര്‍ച്ചയ്ക്കും കളമൊരുക്കിയത്. ഇക്കാര്യം കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ വിസ്മരിക്കാതിരിക്കണം.

കേരളത്തിലെ കോണ്‍ഗ്രസ്സിന്‍റെ പാരമ്പര്യത്തിനും കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമായ നിലപാടാണ് ഇക്കാര്യത്തില്‍ അവര്‍ സ്വീകരിച്ചിട്ടുള്ളത്. കേരളത്തില്‍ ദേശീയ പ്രസ്ഥാനം ശക്തിപ്പെട്ടതോടെ സാമൂഹ്യനവോത്ഥാനത്തിന്‍റെ മുദ്രാവാക്യങ്ങള്‍ എറ്റെടുത്തുകൊണ്ടാണ് അവര്‍ മുന്നോട്ടുപോയിരുന്നത്. ഇന്ത്യയില്‍ ഇത്തരം പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ്സ് ഇടപെടാന്‍ പാടില്ലെന്ന നിലപാട് സ്വീകരിച്ച ഘട്ടത്തില്‍ ഒരു പ്രത്യേക സമരമെന്ന നിലയിലാണ് കോണ്‍ഗ്രസ്സ് വൈക്കം സത്യാഗ്രഹത്തെ പിന്തുണയ്ക്കുന്ന സ്ഥിതിയുണ്ടായത്. ആദ്യകാല കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇത്തരം നവോത്ഥാന മുന്നേറ്റങ്ങളില്‍ സജീവമായിരുന്നു താനും. ജാതീയമായി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും സ്വാതന്ത്ര്യം നിഷേധിക്കുന്ന നയങ്ങള്‍ക്കെതിരെ നിലയുറപ്പിച്ച കേരളത്തിലെ കോണ്‍ഗ്രസ്സിന്‍റെ പഴയകാല പാരമ്പര്യത്തെപ്പോലും ഇവര്‍ തകര്‍ത്തിരിക്കുകയാണ്. കോണ്‍ഗ്രസ്സിന്‍റെ ദേശീയ നയത്തിനപ്പുറം നിലപാട് എടുത്ത അക്കാലത്തെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്‍റെ പാരമ്പര്യത്തെയാണ് ഇവിടുത്തെ കോണ്‍ഗ്രസ്സുകാര്‍ ഇപ്പോള്‍ കൈയ്യൊഴിയുന്നത്. ഇത് കേരളത്തിലെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന് ഭാവിയില്‍ ഏല്‍പ്പിക്കാന്‍ പോകുന്ന ആഘാതം എത്ര വലുതായിരിക്കുമെന്ന് ചരിത്രം വ്യക്തമാക്കും.

ബിജെപിയുടെ നിലപാട്

ബിജെപിയുടെ നിലപാടും ഇതിന് സമാനമായതാണ്. ബിജെപിയെ നയിക്കുന്ന ആര്‍.എസ്.എസിന്‍റെ അഖിലേന്ത്യാ നേതൃത്വം ഈ വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു. കേരളത്തിലെ ബിജെപി നേതാക്കളും എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം എന്ന കാര്യമാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീടാണ് വിധിക്കെതിരായി രംഗത്തിറങ്ങുകയും തെരുവുകളില്‍ കലാപം സൃഷ്ടിക്കുന്നതിനും തയ്യാറായിട്ടുള്ളത്. കേരളത്തിന്‍റെ സാമൂഹ്യ മുന്നേറ്റത്തില്‍ ഒരുപാട് നിയമങ്ങളും ആചാരങ്ങളും ജനവിരുദ്ധമാണ് എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ നവോത്ഥാന മുന്നേറ്റങ്ങളുടെ ഫലമായി മാറ്റപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത്തരം മുന്നേറ്റങ്ങളിലൊന്നും പങ്കെടുത്തില്ലെന്ന് മാത്രമല്ല, അതിനെ തകര്‍ക്കാന്‍ ശ്രമിച്ച നിലപാടുകളായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇരട്ടത്താപ്പ് നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. മഹാരാഷ്ട്രയിലെ ശനി ശിംഗ്നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധി ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അവിടെ നടപ്പിലാക്കുകയുണ്ടായി. ഒരു തരത്തിലുള്ള എതിര്‍പ്പും ബിജെപി സര്‍ക്കാരിന്‍റേയോ പാര്‍ടിയുടേയോ ഭാഗത്തുനിന്നും ഉണ്ടായില്ല. ശനി ശിംഗ്നാപൂര്‍ ക്ഷേത്രത്തില്‍ ബോംബെ ഹൈക്കോടതി വിധി വരുന്നതിന് മുമ്പ് വരെ സ്ത്രീ പ്രവേശന കാര്യത്തില്‍ സമ്പൂര്‍ണ്ണ വിലക്കായിരുന്നുവെങ്കില്‍ ശബരിമലയുടെ കാര്യത്തില്‍ ഭാഗിക നിയന്ത്രണം മാത്രമായിരുന്നു. മഹാരാഷ്ട്രയില്‍ മറ്റൊരു സുപ്രധാനവിധി സുപ്രീംകോടയില്‍ നിന്നുമുണ്ടായി. മുംബൈ നഗരത്തിനടുത്ത് ഹാജി അലിദര്‍ഗയില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് എടുത്തുകളയുകയും പ്രാര്‍ത്ഥനാ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തതായിരുന്നു അത്.

 ഇത്തരത്തില്‍ എല്ലാ മതത്തിലുംപെടുന്ന വിശ്വാസികളായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ആരാധനാ കാര്യങ്ങളില്‍ തുല്യമായ അവകാശമാണ് ഭരണഘടനാ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കോടതികള്‍ അനുവദിച്ചിരിക്കുന്നത്. ഇത്തരം പ്രശ്നങ്ങളോട് രാജ്യത്താകെ ഒരേ നിലപാടാണ് രാഷ്ട്രീയ പാര്‍ടികള്‍ സാധാരണ നിലയില്‍ സ്വീകരിക്കേണ്ടത്. എന്നാല്‍ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം ആകാം, എന്നാല്‍ കേരളത്തില്‍ പാടില്ല എന്ന പരിഹാസ്യമായ നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്.

മഹാരാഷ്ട്രയിലുയര്‍ത്താതിരുന്ന എതിര്‍പ്പാണ് കേരളത്തില്‍ ബിജെപി ഉയര്‍ത്തുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. ഇങ്ങനെ ഇരട്ടത്താപ്പുകളുടെ നടുവില്‍ നിന്നുകൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ എത്രകാലം കഴിയും എന്നതാണ് ഇവിടെ ഉയര്‍ന്നുവരുന്ന പ്രശ്നം.

രാഷ്ട്രീയമായ താത്പര്യത്തോടെ

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്‍റെ നിലപാട് സ്പഷ്ടമാണ്. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യ സ്വാതന്ത്ര്യവും അവസരവും ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്‍റെ നയം. സ്ത്രീകളെ ഇത്തരത്തിലേക്ക്  ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട് എന്നാണ് സര്‍ക്കാരിന്‍റെ കാഴ്ചപ്പാട്. ജെന്‍റര്‍ ബജറ്റിങ് നടപ്പിലാക്കിക്കൊണ്ട് ബജറ്റിന്‍റെ 16 ശതമാനം സ്ത്രീകളുടെ പ്രത്യേക പദ്ധതികള്‍ക്കായി സര്‍ക്കാര്‍ മാറ്റിവച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രത്യേക വകുപ്പ് തന്നെ സര്‍ക്കാര്‍ ആരംഭിച്ചു. പോലീസ് വനിതാ ബറ്റാലിയനും ഫയര്‍ഫോഴ്സില്‍ സ്ത്രീകള്‍ക്ക് പ്രത്യേക റിക്രൂട്ട്മെന്‍റും സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. പോലീസില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനും പ്രതിജ്ഞാബദ്ധമായ നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു. സ്ത്രീപീഡനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ട്രാന്‍സ്ജെന്‍ററുകള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ വിഭാഗങ്ങളുടെ പ്രശ്നങ്ങളും സവിശേഷമായിത്തന്നെ കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന്‍റെ ഭാഗമായി അബ്രാഹ്മണരെ പൂജാരികളായും സര്‍ക്കാര്‍ ഉയര്‍ത്തി. ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്‍റില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും പിന്നോക്കവിഭാഗങ്ങള്‍ക്കുമുള്ള സംവരണതോത് വര്‍ധിപ്പിച്ചുകൊണ്ടും സര്‍ക്കാര്‍ മുന്നോട്ടുനീങ്ങി. ഇത്തരത്തില്‍ സമൂഹത്തിന്‍റെ ജനാധിപത്യപരമായ വളര്‍ച്ചയ്ക്കായുള്ള നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടുവച്ചുകൊണ്ടാണ് സര്‍ക്കാര്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. അത് ഇനിയും തുടരും.

ഏത് മതത്തില്‍ വിശ്വസിക്കുന്നവരുടെയും അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഭരണഘടനാപരമായ കാഴ്ചപ്പാടുകളെ മുറുകെപ്പിടിച്ചുകൊണ്ട് പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. അതുകൊണ്ട് തന്നെ അത്തരം ഉത്തരവാദിത്തം നിറവേറ്റാനും പരമോന്നത കോടതിയുടെ വിധി നടപ്പിലാക്കുവാനും സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ ഏതെങ്കിലും വിഭാഗത്തിനുണ്ടായിട്ടുണ്ടെങ്കില്‍ അവരുമായി ചര്‍ച്ച ചെയ്യാനും തെറ്റിദ്ധാരണകള്‍ തിരുത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മതവിശ്വാസത്തെയും അതിന്‍റെ ഭാഗമായുള്ള ആരാധനാ സമ്പ്രദായങ്ങളെയും സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എല്ലാവര്‍ക്കും തുല്യ നീതി ലഭിക്കുക എന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തില്‍ അവ നടപ്പിലാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വിശ്വാസികളുമായി ഏറ്റുമുട്ടുക എന്നത് സര്‍ക്കാര്‍ നയമല്ല. അവര്‍ക്ക് സൗകര്യമൊരുക്കുന്നതിനാണ് സര്‍ക്കാര്‍ എല്ലാ ഘട്ടത്തിലും പരിശ്രമിച്ചിട്ടുള്ളത്. അത് തുടരുക തന്നെ ചെയ്യും. അതേ സമയം രാഷ്ട്രീയ പ്രേരിതമായി സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ പുറപ്പെടുന്നവരുടെ പരിശ്രമങ്ങള്‍ക്ക് ഒരു കാരണവശാലും സര്‍ക്കാര്‍ കീഴടങ്ങുകയുമില്ല.

https://www.facebook.com/CMOKerala/videos/240742183269974/?permPage=1