Monday, February 18, 2013
വേലൂര്‍: സമരചരിത്രത്തില്‍ വീരേതിഹാസം രചിച്ച നാട്
വിപ്ലവ പോരാട്ടങ്ങളുടെയും കലാസാഹിത്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെയും നാടാണ് വേലൂര്‍. പഴവൂര്, തയ്യൂര്, വെള്ളാറ്റഞ്ഞൂര്, തോന്നല്ലൂര്, പുലിയന്നൂര്, കുറുവന്നൂര്, കിരാലൂര് എന്നീ ഊരുകളുടെ ചേര്‍ച്ചയാണിവിടം. വേലകളുടെ ഊരായ വേലൂരിന്റെ കിഴക്കുഭാഗത്ത് കോടശേരി മലയും വടക്കു-കിഴക്കുഭാഗത്തായി തയ്യൂര്‍ കോട്ടക്കുന്നുമാണ്. മച്ചാട് മാമലകളില്‍നിന്ന് ഉത്ഭവിക്കുന്ന വടക്കാഞ്ചേരിപ്പുഴ (കേച്ചേരിപ്പുഴ) വേലൂരിന്റെ പടിഞ്ഞാറുഭാഗത്തുകൂടെയാണ് ഒഴുകുന്നത്. വേലൂരിന്റെ പച്ചപ്പ് എന്നുപറയുന്നത് ഈ പുഴയുടെ തീരപ്രദേശങ്ങളായ പാത്രമംഗലം, പുലിയന്നൂര്‍, തണ്ടിലം, കുറുവന്നൂര്, വെള്ളാറ്റഞ്ഞൂര് എന്നിവിടങ്ങളാണ്.
കേരളത്തിന്റെ സമരചരിത്രത്തില്‍ വീരേതിഹാസം രചിച്ച നാടാണ് വേലൂര്‍. 1955ല്‍ നടന്ന വാഴാനി കനാല്‍ തൊഴിലാളികളുടെ സമരം തലപ്പിള്ളി താലൂക്കിലെ പ്രക്ഷോഭക്കൊടുങ്കാറ്റായിരുന്നു. ജോലിസമയം ക്ലിപ്തപ്പെടുത്തുന്നതിനും തൊഴിലാളികളോട് മേസ്തിരിമാരുടെ മാന്യമായ പെരുമാറ്റത്തിനും വേണ്ടി നടത്തിയ ആ സമരത്തിന്റെ അലയൊലിയാണ് തലപ്പിള്ളി താലൂക്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരുറപ്പിച്ചത്. അന്ന് സമരത്തിന് നേതൃത്വം കൊടുത്തത് എ എസ് എന്‍ നമ്പീശന്‍ മാസ്റ്ററായിരുന്നു. കെ പി അരവിന്ദാക്ഷന്‍, എ എം ഷണ്‍മുഖന്‍, എം എം രാഘവന്‍, സി പി ജോസ്, കുറ്റിക്കാട് ലോന, എ എല്‍ ഫ്രാന്‍സിസ്, കെ എസ് ശങ്കരന്‍ എന്നിവരായിരുന്നു പ്രമുഖ നേതാക്കള്‍. സ്ത്രീകളുടെ അവകാശ സമരചരിത്രത്തില്‍ ശ്രദ്ധേയമായ സ്ഥാനമാണ് വേലൂരിലെ മാറുമറയ്ക്കല്‍ സമരത്തിനുള്ളത്. മണിമലര്‍ക്കാവ് ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് താലമെടുക്കുന്ന സ്ത്രീകള്‍ ഏതു ജാതിയില്‍പ്പെട്ടവരായാലും മാറുമറയ്ക്കാന്‍ പാടില്ലെന്നായിരുന്നു ആചാരം. ഇതിനെതിരെ വേലൂരിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചു. വേളത്ത് ലക്ഷ്മിക്കുട്ടിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ മാറുമറച്ച് താലമെടുത്ത് നടത്തിയ സമരം വന്‍വിജയമായി. 1956ലെ സമരത്തിനുശേഷമാണ് ഈ ദുരാചാരം അവസാനിപ്പിച്ചത്.
വേലൂരില്‍ വ്യക്തിമുദ്ര പതിപ്പിച്ച പൊതുപ്രവര്‍ത്തകരില്‍ അഗ്രിമ സ്ഥാനത്ത് നില്‍ക്കുന്നത് എ എസ് എന്‍ നമ്പീശന്‍ മാസ്റ്ററാണ്. സിപിഐ എമ്മിന്റെ നേതൃനിരയിലെത്തിയ അദ്ദേഹം വടക്കാഞ്ചേരി, കുന്നംകുളം എന്നിവിടങ്ങളില്‍നിന്ന് രണ്ടുതവണ എംഎല്‍എയായി. കേരള സംഗീത നാടക അക്കാദമിയുടെ എക്സിക്യുട്ടീവ് മെമ്പറും കേരള കലാമണ്ഡലത്തില്‍ വൈസ് ചെയര്‍മാനുമായിരുന്നു. ആദ്യകാല കോണ്‍ഗ്രസ് നേതാവായിരുന്നു അഡ്വ. മാടമ്പ് നാരായണന്‍ നമ്പൂതിരി. വി ടി യോടും ഇ എം എസിനോടുമൊപ്പം യോഗക്ഷേമസഭാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. തന്റെ യൗവ്വനം മുഴുവന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കായി സമര്‍പ്പിച്ച ത്യാഗിയായ പൊതുപ്രവര്‍ത്തകനായിരുന്നു സി പി ജോസ്. വാഴാനി കനാല്‍ സമരവുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തനരംഗത്തെത്തിയ കെ എസ് ശങ്കരന്‍ മിച്ചഭൂമിസമരം നേതൃത്വം നല്‍കിയതിന് വര്‍ഷങ്ങളോളം ജയില്‍വാസമനുഭവിച്ചിട്ടുണ്ട്്. കേരളത്തിന്റെ വിദ്യാഭ്യാസ പൈതൃകം അവകാശപ്പെടാവുന്ന പ്രദേശമാണ് വേലൂര്‍. നാട്ടിലെ ഏറ്റവും പഴക്കംചെന്ന ട്യൂഷന്‍ സെന്റര്‍ സുന്ദരയ്യയുടേതാണ്. സാമൂഹ്യബോധമുള്ള തലമുറയെ സൃഷ്ടിക്കുന്നതില്‍ ബോധി പാരലല്‍ കോളേജ് വഹിച്ച പങ്ക് നിസ്തുലമാണ്. വൈദ്യമേഖലയില്‍ ഏറെ പാരമ്പ്യരമുള്ള വേലൂരിലെ എന്നല്ല തൃശൂര്‍ ജില്ലയിലെതന്നെ ആദ്യ അലോപ്പതി കണ്ണുഡോക്ടറാണ് കണ്ണുനമ്പീശന്‍ എന്ന പേരില്‍ പ്രശസ്തനായ കിരാലൂരിലെ താമരത്തിരുത്തി വാസുദേവന്‍ നമ്പീശന്‍.
നാടകത്തിന് ഏറെ വേരോട്ടമുള്ള മണ്ണാണ് വേലൂരിലേത്. ചിത്രകലാ വിഹായസ്സില്‍ മിന്നല്‍പ്പിണര്‍പോലെ കടന്നുവന്ന് അകാലത്തില്‍ പൊലിഞ്ഞ കലാകാരനായിരുന്നു സി ടി സൈമണ്‍. കാലടി സംസ്കൃത സര്‍വകലാശാലയില്‍ ചിത്രകലാ അധ്യാപകനായിരുന്ന കെ കെ സുരേഷ് കുട്ടംകുളത്തിന്റെ 5000 അടി നീളം വരുന്ന യയാതിയുടെ രചന ലിംക ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംനേടിയിട്ടുണ്ട്. മാടമ്പ് സൂര്യശര്‍മന്‍ മാസ്റ്ററുടെ വെട്ടുകല്ലില്‍ കൊത്തിയ നിരവധി ശില്‍പ്പങ്ങള്‍ വേലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തലയെടുപ്പോടെ നില്‍ക്കുന്നു. ജയന്‍ പാത്രമംഗലവും കൊത്തുപണിയിലെ വിദഗ്ധനാണ്. അര്‍ണോസ് പാതിരി വേലൂരിന് ഒഴിച്ചുകൂടാനാകാത്ത വ്യക്തിത്വമാണ്. ജര്‍മനിയില്‍ ജനിച്ച് 19-ാം വയസില്‍ ഇന്ത്യയിലേക്ക് കപ്പല്‍ കയറിയ പാതിരി ഏറെനാളത്തെ അമ്പഴക്കാട്ടെ താമസത്തിനുശേഷം 1710ലാണ് വേലൂരിലെത്തിയത്. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ മേല്‍നോട്ടത്തില്‍ ദേവാലയവും ഭവനവും പണി കഴിപ്പിച്ച പാതിരി പിന്നീട് സാഹിത്യരംഗം തന്റെ കര്‍മവേദിയാക്കുകയായിരുന്നു. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കേ അര്‍ണോസ് പാതിരിഭവനം വേലൂരില്‍ പുനര്‍നിര്‍മിച്ചു. സാഹിത്യപ്രവര്‍ത്തന പാരമ്പര്യത്താല്‍ സമ്പന്നമാണ് വേലൂര്‍. മാടമ്പുമനയ്ക്കലെ സാഹിത്യ സ്പര്‍ശത്തിന്റെ ഇങ്ങേത്തലയ്ക്കലെ കണ്ണിയാണ് മാടമ്പ് കുഞ്ഞുക്കുട്ടന്‍. മലയാള സാഹിത്യത്തില്‍ തന്റേതായ ഇടം സൃഷ്ടിച്ച കവി ആര്‍ രാമചന്ദ്രന്‍ വേലൂര്‍ പഞ്ചായത്തിലെ ആദ്യ പ്രസിഡന്റായ ആര്‍ രാമകൃഷ്ണയ്യരുടെ മകനാണ്. ഏറെക്കാലം വേലൂരില്‍ താമസിച്ച ഭക്തശിരോമണി വാഴക്കുന്നം നമ്പൂതിരിയുടെ പ്രതിമ ഗുരുവായൂരമ്പലത്തിലെ നാലമ്പലത്തിനുള്ളിലെ തൂണില്‍ കൊത്തിവച്ചിട്ടുണ്ട്. മേല്‍പ്പത്തൂരും പൂന്താനവും കഴിഞ്ഞാല്‍ ഭക്തന്മാര്‍ വാഴക്കുന്നം നമ്പൂതിരിയെയാണ് ഭക്തഗുരുവായി കണ്ടിരുന്നത്. പ്രസിദ്ധ മജീഷ്യന്‍ വാഴക്കുന്നം നമ്പൂതിരി ഇദ്ദേഹത്തിന്റെ സഹോദരനാണ്.
തലപ്പിള്ളിയിലെ ചെത്തുകാരുടെ ക്ഷേമത്തിനുവേണ്ടി രൂപം കൊണ്ടതാണ് ചക്കര സൊസൈറ്റി. പിന്നീടിത് വേലൂര്‍ സര്‍വീസ് സഹകരണ ബാങ്കായി. അതിന്റെ ജീവനാഡിയായി പ്രവര്‍ത്തിച്ചത് സി പി ജോസായിരുന്നു. ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക്സ് വോട്ടിങ് മെഷീന്‍ 1979ല്‍ കണ്ടുപിടിച്ച താമരത്തിരുത്തി കേശവന്‍ നമ്പീശന്‍ (ജൂനിയര്‍), പ്രശസ്ത മദ്ദളകലാകാരനായ വെള്ളാറ്റഞ്ഞൂര്‍ ശങ്കരന്‍ നമ്പീശന്‍, രാമന്‍ നമ്പീശന്‍, ചെണ്ടവാദ്യ കലാകാരനായിരുന്ന കലാമണ്ഡലം തയ്യൂര്‍ മൂത്തമന കേശവന്‍ നമ്പൂതിരി തുടങ്ങി ചരിത്രത്തെ സ്വാധീനിച്ചവരുടെ നീണ്ടപട്ടികതന്നെ വേലൂരിലുണ്ട്. സംസ്കാര സമ്പന്നരായ ഒരുപാട് ശുദ്ധാത്മാക്കള്‍, സമത്വ ചിന്തയിലൂന്നി നെറികേടിനെ നേരിട്ട നിരവധി പ്രക്ഷോഭകാരികള്‍, പ്രവാസികള്‍, ഇങ്ങനെ ഒരുപാട് മനുഷ്യരുടെ വാസസ്ഥാനമായ ഒരു തുണ്ടുഭൂമിയാണ് വേലൂര്‍. പൊലീസിന്റെ ക്രൂരമര്‍ദനത്തിലും നേതാക്കളെ ഒറ്റു കൊടുക്കാന്‍ തയ്യാറാകാതെ യൗവ്വനത്തില്‍ മരണപ്പെട്ട മേയ്ക്കേപ്പാട്ടെ ലക്ഷ്മിയുടെ മകന്‍, കനാല്‍ തൊഴിലാളി സമരത്തെ മര്‍ദിച്ചൊതുക്കുന്നതുകണ്ട് സഹിക്കവയ്യാതെ തന്റെ നെഞ്ചിലെ കുപ്പായം വലിച്ചുകീറി വെയ്ക്കടാ വെടി എന്ന് പൊലീസുകാരനെ വെല്ലുവിളിച്ച സാധാരണക്കാരില്‍ അസാധാരണക്കാരിയായ കെ ആര്‍ കൊച്ച എന്ന തൊഴിലാളി... പഠിതാക്കള്‍ വേലൂരിന്റെ ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് ഉചിതമാകും.
സി എഫ് ജോണ്‍ ജോഫി deshabhimani 180213
Labels:
ചരിത്രം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment