Friday, June 24, 2011

സ്മാര്‍ട്ട്സിറ്റി സേവന സെസിലേക്ക് 50 ശതമാനം ഭൂമി മറ്റാവശ്യത്തിന്

സ്മാര്‍ട്ട്സിറ്റി കേന്ദ്ര സെസ് നിയമത്തിന്റെ പരിധിയില്‍ പ്പെടുത്താനും പദ്ധതിക്ക് സേവന മേഖലാ സെസ് പദവി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായ-ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പദ്ധതി ഏറ്റെടുത്ത ദുബായ് ടീകോം കമ്പനി പ്രതിനിധികളുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. കേന്ദ്ര നിയമം ബാധകമാക്കുന്നതോടെ സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്തെ 50 ശതമാനം ഭൂമി ഐടി ആവശ്യത്തിനും ബാക്കി 50 ശതമാനം ഐടി ഇതര സംരംഭങ്ങള്‍ക്കും വിനിയോഗിക്കാന്‍ ടീകോമിന് അവസരം ലഭിക്കും. എന്നാല്‍ , സംസ്ഥാന സെസ് നിയമപ്രകാരം ഭൂമിയുടെ 70 ശതമാനം ഐടി ആവശ്യത്തിനും 30 ശതമാനം ഐടി അനുബന്ധ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കണമായിരുന്നു. പദ്ധതി നടപ്പാക്കുന്നതിന് ടീകോമിന് നാല് ഏക്കര്‍ ഭൂമി കൂടി വിട്ടുകൊടുക്കും. കിന്‍ഫ്രയുടെ സ്ഥലമാണ് കൊടുക്കുകയെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

പദ്ധതിക്ക് കേന്ദ്ര നിയമപ്രകാരം സേവന സെസ് പദവി ലഭിക്കുന്നതിനാണ് നാല് ഏക്കര്‍ കൂടി നല്‍കിയത്. നേരത്തെ നല്‍കിയത് 246 ഏക്കറാണ്.സേവനമേഖലാ സെസിന് 250 ഏക്കര്‍ വേണമെന്നാണ് വ്യവസ്ഥ. കേന്ദ്രനിയമത്തിനു വിരുദ്ധമായി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വ്യവസ്ഥകള്‍ സെസ് ആനുകൂല്യം ലഭിക്കുന്നതിന് എടുത്തുകളഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിക്ക് സര്‍ക്കാര്‍ വിട്ടുനല്‍കുന്ന ഭൂമി ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പായി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് 10 ദിവസത്തിനകം ടീകോം വ്യവസായവകുപ്പിന് അപേക്ഷ നല്‍കണം. അപേക്ഷ ലഭിച്ച് 15 ദിവസത്തിനകം സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കും. സ്മാര്‍ട്ട്സിറ്റി പദ്ധതി ഐടി വ്യവസായം മാത്രമാവില്ല. സേവനമേഖല കൂടി ഉള്‍പ്പെടുത്തും. ഇതോടെ ബാങ്ക്, ആശുപത്രി, ഭവന സമുച്ചയം, തിയറ്റര്‍ കോംപ്ലക്സ് തുടങ്ങി ഐടി ഇതര സ്ഥാപനങ്ങളും വരും.

മുന്‍ യുഡിഎഫ് സര്‍ക്കാരുണ്ടാക്കിയ കരാറായിരുന്നു നല്ലതെന്ന് അവകാശപ്പെട്ട ഉമ്മന്‍ചാണ്ടി, എല്‍ഡിഎഫ് കാലത്തെ കരാര്‍ പുതുക്കി പദ്ധതിക്ക് കാലതാമസമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞു. കരാര്‍ അതുപോലെ തുടരും. സ്മാര്‍ട്ട് സിറ്റി സേവന സെസിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഐടി വ്യവസായത്തിന്റെ വ്യാപ്തി കുറയും. അതിനാല്‍ തൊഴിലവസരം കുറയുമെന്ന ആശങ്കയുണ്ട്. 90,000 തൊഴിലവസരം സൃഷ്ടിക്കുമെന്ന കരാര്‍ വ്യവസ്ഥയില്‍ നിന്ന് വ്യതിചലിക്കാന്‍ ടീകോമിന് അവസരം ലഭിക്കുന്നതാണ് സേവന സെസ്പദവി. ഒക്ടോബര്‍ 31നുമുമ്പ് സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്നുതന്നെ പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മാണം തുടങ്ങും. മൂന്നരലക്ഷം ചതുരശ്ര അടിയിലെ നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ നടക്കുക. 2012 ഒക്ടോബര്‍ 31നുമുമ്പ് സ്മാര്‍ട്ട്സിറ്റി ആദ്യഘട്ടം പൂര്‍ത്തിയാക്കും. ജൂലൈ 15നു കേന്ദ്ര സെസ് കമ്മിറ്റി സ്മാര്‍ട്ട്സിറ്റിയുടെ അപേക്ഷയില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പി കെ കുഞ്ഞാലിക്കുട്ടിയെ സ്മാര്‍ട്ട്സിറ്റി ചെയര്‍മാനായും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണനെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും തെരഞ്ഞെടുത്തു. മുഖ്യമന്ത്രിയാണ് രക്ഷാധികാരി. മന്ത്രി കെ ബാബു, ടീകോം സിഇഒ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല, ഇന്‍വെസ്റ്റേഴ്സ് ഓപ്പറേഷന്‍സ് വിഭാഗം മേധാവി ഇസ്മായില്‍ നാഖി, സ്മാര്‍ട്ട്സിറ്റി മാനേജിങ് ഡയറക്ടര്‍ ബാജു ജോര്‍ജ്, ടീകോം ഇന്‍വെസ്റ്റ്മെന്റ് സിഇഒ അനിരുദ്ധ് ഡാംകി, സ്മാര്‍ട്ട് സിറ്റി ഗവേണിങ് ബോഡി അംഗം എം എ യൂസഫലി, ഐടിയുടെ കൂടി ചുമതലയുള്ള വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

റിയല്‍ എസ്റ്റേറ്റിന് സാധ്യതയേറി; തൊഴിലവസരവും കുറയും

കേരളത്തിലെ ഐടി മേഖലയില്‍ കേന്ദ്ര സെസ് നിയമം ബാധകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ സ്മാര്‍ട്ട് സിറ്റി അടക്കമുള്ള പദ്ധതികള്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് മാറാന്‍ സാധ്യതയേറി. ഐടി വ്യവസായത്തിന് നല്‍കുന്ന ഭൂമിയില്‍ ഈ മേഖലയ്ക്ക് മുന്‍ഗണന ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സുവ്യക്തമായ നയത്തിന്റെ കടയ്ക്കലാണ് പുതിയ സര്‍ക്കാര്‍ കത്തിവയ്ക്കുന്നത്. കേന്ദ്ര സെസ് നിയമം നിലനില്‍ക്കുമ്പോള്‍ത്തന്നെ സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യം സംരക്ഷിക്കാനാണ് ഐടി മേഖലയില്‍ സെസ് അനുവദിക്കുന്നതിന് പ്രത്യേക വ്യവസ്ഥകള്‍ നടപ്പാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. കേന്ദ്ര സെസ് നിയമം അനുസരിച്ച് പദ്ധതി പ്രദേശത്തെ 50 ശതമാനം ഭൂമി ഐടി ആവശ്യങ്ങള്‍ക്കും ബാക്കി ഐടി ഇതര ആവശ്യങ്ങള്‍ക്കും വിനിയോഗിക്കാം. എന്നാല്‍ , സംസ്ഥാനത്തിന്റെ ഐടി സെസ് നയത്തില്‍ പദ്ധതി പ്രദേശത്തിന്റെ 70 ശതമാനം ഭൂമി ഉറപ്പായും ഐടി-ഐടി അനുബന്ധ ആവശ്യത്തിന് വിനിയോഗിക്കണമെന്ന് വ്യവസ്ഥ ചെയ്തു. കരാറിലെ ഈ വ്യവസ്ഥ അട്ടിമറിക്കാന്‍ ടീകോമിന് അവസരം നല്‍കുന്നതാണ് പുതിയ തീരുമാനം.

കേന്ദ്ര സെസ് നിയമപ്രകാരം വിവിധോദ്ദേശ്യ സേവന സാമ്പത്തിക മേഖലയായി സ്മാര്‍ട്ട് സിറ്റി പദ്ധതിപ്രദേശമായി മാറുന്നതോടെ ഭൂമി ഏത് ആവശ്യത്തിനും ഉപയോഗിക്കാനുള്ള അധികാരം ടീകോമിന് ലഭിക്കും. ഐടി-ഐടി അനുബന്ധമേഖലയില്‍ 90,000 തൊഴില്‍ അവസരം ഒരുക്കുമെന്ന കരാര്‍ വ്യവസ്ഥ ലംഘിക്കപ്പെടും. പദ്ധതിപ്രദേശത്ത് പത്തുവര്‍ഷത്തിനുള്ളില്‍ 8.80 ദശലക്ഷം ചതുരശ്ര അടി കെട്ടിടം നിര്‍മിക്കണമെന്നും ഇതില്‍ 6.21 ദശലക്ഷം ചതുരശ്രയടി കെട്ടിടം ഐടി - ഐടി അനുബന്ധ ആവശ്യത്തിന് വിനിയോഗിക്കണമെന്നും വ്യക്തമായ വ്യവസ്ഥ കരാറിലുണ്ട്. ഓരോ വര്‍ഷവും നിര്‍മിക്കേണ്ട കെട്ടിടത്തിന്റെ അളവും ലഭ്യമാക്കേണ്ട തൊഴിലവസരവും നിശ്ചയിച്ചിരുന്നു. ഇതും അട്ടിമറിക്കപ്പെടും. ഭൂമിക്ക് വില്‍പ്പനാവകാശം ഇല്ലെങ്കിലും ഭൂമി റിയല്‍എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ടീകോമിന് അവസരമൊരുക്കി. ഐടി പാര്‍ക്കുകള്‍ക്കായി അപേക്ഷ നല്‍കിയ സ്ഥാപനങ്ങള്‍ക്ക് റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ഐടി വ്യവസായം ആരംഭിക്കാന്‍ സെസ് പദവിക്കായി നിരവധി അപേക്ഷ സര്‍ക്കാര്‍ പരിഗണനയിലാണ്.

കൈമാറ്റ ഭൂമി വിലയില്‍ അവ്യക്തത

സ്മാര്‍ട്ട്സിറ്റി പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കായി ടീകോമിന് കൈമാറുന്ന നാലേക്കര്‍ ഭൂമിയുടെ വില സംബന്ധിച്ച് അവ്യക്തത. 2006ല്‍ 246 ഏക്കര്‍ ഭൂമിക്ക് 35 കോടി രൂപമാത്രമാണ് വിലയായി അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നിശ്ചയിച്ചത്. 2007 മേയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഒപ്പിടുമ്പേള്‍ ഭൂമിവിലയായി 104 കോടി രൂപയെന്ന ആവശ്യം ടീകോമിന് അംഗീകരിക്കേണ്ടിവന്നു. എന്നാല്‍ , അപ്പോഴത്തെ ഭൂമിവില അനുസരിച്ച് 300 കോടി സര്‍ക്കാരിന് നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷനേതാവായിരിക്കെ ഉമ്മന്‍ചാണ്ടി ആരോപിച്ചിരുന്നു. സര്‍ക്കാരുമായി അന്തിമ കരാറില്‍ ഒപ്പിടുമ്പോഴോ ദീര്‍ഘകാലത്തെ ചര്‍ച്ചകളിലോ നാല് ഏക്കര്‍ ഭൂമി കൂടുതല്‍ വേണമെന്ന ആവശ്യം ടീകോം ഉന്നയിച്ചിട്ടില്ലെന്ന് സ്മാര്‍ട്ട്സിറ്റി മുന്‍ ചെയര്‍മാന്‍ എസ് ശര്‍മ പറഞ്ഞു. കരാറിന് പുറമേയുള്ള ആവശ്യങ്ങളും അനുവാദങ്ങളും വരുന്നതിനുപിന്നില്‍ ദുരൂഹതയുണ്ടെന്നും ശര്‍മ പറഞ്ഞു.
 
തൊഴില്‍സാധ്യത മൂന്നിലൊന്നായി കുറയും: വി എസ്
സ്മാര്‍ട്ട്സിറ്റി പദ്ധതി സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാരെ ടുത്ത തീരുമാനം സംസ്ഥാന താല്‍പ്പര്യത്തിനു വിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. 70 ശതമാനം ഭൂമി ഐടി ആവശ്യത്തിനായും 30 ശതമാനം ഭൂമി ഐടി അനുബന്ധ ആവശ്യത്തിനായും ഉപയോഗിക്കണമെന്ന നിബന്ധന മാറ്റി 50 ശതമാനം ഭൂമി ഐടി ഇതര സംരംഭങ്ങള്‍ക്ക് വിനിയോഗിക്കാന്‍ അവസരം നല്‍കുന്നത് തൊഴില്‍ സാധ്യത മൂന്നിലൊന്നായി കുറയ്ക്കും. ഇതു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും വി എസ് പറഞ്ഞു.

deshabhimani 240611

1 comment:

  1. സ്മാര്‍ട്ട്സിറ്റി കേന്ദ്ര സെസ് നിയമത്തിന്റെ പരിധിയില്‍ പ്പെടുത്താനും പദ്ധതിക്ക് സേവന മേഖലാ സെസ് പദവി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായ-ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പദ്ധതി ഏറ്റെടുത്ത ദുബായ് ടീകോം കമ്പനി പ്രതിനിധികളുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. കേന്ദ്ര നിയമം ബാധകമാക്കുന്നതോടെ സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്തെ 50 ശതമാനം ഭൂമി ഐടി ആവശ്യത്തിനും ബാക്കി 50 ശതമാനം ഐടി ഇതര സംരംഭങ്ങള്‍ക്കും വിനിയോഗിക്കാന്‍ ടീകോമിന് അവസരം ലഭിക്കും. എന്നാല്‍ , സംസ്ഥാന സെസ് നിയമപ്രകാരം ഭൂമിയുടെ 70 ശതമാനം ഐടി ആവശ്യത്തിനും 30 ശതമാനം ഐടി അനുബന്ധ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കണമായിരുന്നു. പദ്ധതി നടപ്പാക്കുന്നതിന് ടീകോമിന് നാല് ഏക്കര്‍ ഭൂമി കൂടി വിട്ടുകൊടുക്കും. കിന്‍ഫ്രയുടെ സ്ഥലമാണ് കൊടുക്കുകയെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

    ReplyDelete