എൽഡിഎഫ് സർക്കാർ അധികാരമേറ്റ് നാലര വർഷത്തിനിടെ പട്ടയം നൽകിയത് 1,63,691 പേർക്ക്. ബുധനാഴ്‌ചമാത്രം 6607 പേർ ഭൂമിയുടെ അവകാശികളായി. പതിറ്റാണ്ടായി ഭൂമിക്ക് രേഖ ലഭിക്കാൻ ഓഫീസുകൾ കയറിയിറങ്ങി തളർന്നവർക്കും പട്ടയം ലഭിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 82,000 പട്ടയംമാത്രമാണ് നൽകിയത്.
ഭൂരഹിത കേരളം പദ്ധതിയുടെ ഭാഗമായി നൽകിയതാകട്ടെ വെറും കടലാസുമാത്രം. അവർക്കും എൽഡിഎഫ് സർക്കാർ പട്ടയം നൽകി. പട്ടയ വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു.തൃശൂർ, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കൂടുതൽ പേർക്ക് പട്ടയം നൽകിയത്–- യഥാക്രമം 41,387ഉം 31,807ഉം. മലപ്പുറത്ത് 28,420 പേർക്ക് നൽകി. ബുധനാഴ്‌ച നൽകിയ 6607ൽ 2000 ഇടുക്കിയിലാണ്. തിരുവനന്തപുരം ജില്ലയിൽ നൽകിയ 81ൽ തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിന് 1962ൽ സ്ഥലം വിട്ടുനൽകിയ പള്ളിത്തുറ ചർച്ചിനും സ്‌കൂളിനും നൽകിയ പട്ടയവും ഉൾപ്പെടും.
വർഷങ്ങൾ നീണ്ട നിയമക്കുരുക്കയച്ച് പട്ടയങ്ങൾ നൽകാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകി. അർഹരായിട്ടും അര നൂറ്റാണ്ടിലേറെ കാത്തിരുന്നവർക്ക് പ്രത്യേക ഉത്തരവിലൂടെ പട്ടയം നൽകി. ഇടുക്കി പദ്ധതിപ്രദേശത്തെ പത്തുചങ്ങലയിൽ മൂന്നുചങ്ങലവിട്ടുള്ള പ്രദേശത്ത് നൽകിയ പട്ടയമാണ് ഇതിൽ പ്രധാനം. മൂന്നുചങ്ങലയിലും പട്ടയം നൽകാൻ നടപടി ആകുന്നു.
യുഡിഎഫ് സർക്കാർ നൽകിയ പല പട്ടയവും വ്യാജമായിരുന്നു. ജനസമ്പർക്ക പരിപാടിയിൽ ഒരു രേഖയും പരിശോധിക്കാതെയാണ് തോന്നുംപോലെ പട്ടയം നൽകിയത്. ഭൂരഹിത കേരളം പദ്ധതിയിലെ പട്ടയഭൂമി കണ്ടെത്താൻ ഉടമകൾ മാസങ്ങളോളം അലഞ്ഞു. ഇതിന് പരിഹാരമുണ്ടാക്കാനും എൽഡിഎഫ് സർക്കാരിനായി.
റഷീദ‌് ആനപ്പുറം
No comments:
Post a Comment