മൂവാറ്റുപുഴ മണ്ഡലം ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് ചെല്ലുമ്പോൾ വേദിയിൽ തന്നെ രണ്ടു പുരോഹിതൻമാരെ കണ്ടു. അതിഥികളായി വന്നതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, അവർ രണ്ടുപേരും ജാഥയിലെ സ്ഥിരം അംഗങ്ങളാണെന്ന് പരിചയപ്പെട്ടപ്പോൾ പറഞ്ഞു. ഫാദർ പോൾ തോമസ് പീച്ചിയിലും ഫാദർ ബിജു തോമസ് ചക്രവേലിലും. കൂത്താട്ടുകുളം ഏരിയയിലെ പാലക്കുഴ ലോക്കലിലെ പാർടി അംഗങ്ങളാണ്. പുരോഹിതൻമാർ പാർടി അംഗങ്ങളാണെന്നത് പലർക്കും അത്ഭുതമായിരുന്നു. ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ പാർടി സ്വീകരിക്കുന്ന അയവേറിയ സമീപനമാകാമിതെന്ന് ചിലർ സൂചിപ്പിക്കുന്നത് കേട്ടു. എന്നാൽ, പാലക്കുഴക്ക് അടുത്തുള്ള കോലഞ്ചേരി ഏരിയയിലെ വെണ്ണിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ സനൽകുമാർ, ആ ചുമതല ഏറ്റെടുത്ത് മുഴുവൻ സമയപ്രവർത്തകനാകുന്നതുവരെ തൊഴിലെടുത്തിരുന്നത് പൂജാരിയായാണ്. സംസ‌്കൃത കോളേജിൽ എംഎ സംസ‌്കൃതം പഠിക്കുന്ന കാലത്ത് എസ്എഫ്ഐ ജില്ലാകമ്മിറ്റി അംഗമായിരുന്ന സനൽ അന്നും പൂജ നടത്തിയാണ് കുടുംബത്തിനും തനിക്കും ആവശ്യമായ വരുമാനം കണ്ടെത്തിയിരുന്നത്.
പുരോഹിതനും പൂജാരിക്കും പാർടി അംഗമാകാമോ എന്ന ചോദ്യം വളരെ പഴക്കമുള്ള ചോദ്യമാണ്. ഇ എം എസ് ചിന്തയിലെ ചോദ്യോത്തരം പംക്തിയിൽ പല തവണ ഇതിനു മറുപടിയും നൽകിയിട്ടുണ്ട്. ‘the attitude of workers party to religion’ എന്ന ലേഖനത്തിൽ ലെനിൻ ഇതേ ചോദ്യത്തെ തന്നെ അഭിസംബോധന ചെയ്യുന്നുണ്ട്. ഒരു പുരോഹിതൻ പൊതുവായ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ബോധപൂർവം പാർടി ചുമതലകൾ നിർവഹിക്കുകയും പാർടി പരിപാടി അംഗീകരിക്കുകയും ചെയ‌്താൽ ഏതു പുരോഹിതനും പാർടി അംഗമാകാമെന്ന് ലെനിൻ ഉത്തരം നൽകി.( ലെനിൻ സമാഹൃതകൃതികൾ വോള്യം 15) മതത്തെ സമരം ചെയ‌്ത‌് ഇല്ലാതാക്കാൻ കഴിയില്ലെന്നും അതിന്റെ വേരുകളെ കാണാതെ സമീപിക്കുകയും മതനിരാസ നിലപാടും നിരീശ്വരവാദവും മുദ്രാവാക്യമായി സ്വീകരിക്കുന്നതുമായ രീതി തൊഴിലാളി വർഗപാർടിക്കില്ലെന്ന നിലപാടും ലെനിൻ വ്യക്തമാക്കുകയുണ്ടായി. മതം നശിക്കട്ടെ, നിരീശ്വരവാദം നീണാൾ വാഴട്ടെ എന്നത് ഉപരിപ്ലവകരമായ നിലപാടാണെന്നും ലെനിൻ വ്യക്തമാക്കുകയുണ്ടായി.
മതം മനുഷ്യനെ അന്യവൽക്കരിക്കുന്നതും ഒരു വർഗത്തിനു മറ്റൊന്നിനെ ചൂഷണം ചെയ്യുന്നതിന് ന്യായീകരിക്കുന്ന സംവിധാനവുമാണെന്ന് ഒരു വിഭാഗം വിശദീകരിക്കുന്നുണ്ട്. ചരിത്രപരമായി അത് ശരിയാണ്. ചില ഘട്ടങ്ങളിൽ മതം രാഷ്ട്രീയ ആധിപത്യത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണമായിരുന്നു
വർഗസമരത്തിന്റെ കലയും ശാസ‌്ത്രവും
മതത്തെ കുറിച്ചുള്ള സമീപനം വ്യക്തമാക്കുന്ന രേഖ 1980 ഒക്ടോബറിൽ ക്യൂബൻ കമ്യൂണിസ്റ്റ് പാർടി പ്രസിദ്ധപ്പെടുത്തി. ചരിത്രത്തിൽ ആദ്യമായാണ് അധികാരത്തിലിരിക്കുന്ന കമ്യൂണിസ്റ്റ് പാർടി മതത്തെ സംബന്ധിച്ച് ഒരു രേഖ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയത്. അതിൽ ക്യൂബൻ കമ്യൂണിസ്റ്റ് പാർടി ഇപ്രകാരം വ്യക്തമാക്കി. ‘‘ മതം മനുഷ്യനെ അന്യവൽക്കരിക്കുന്നതും ഒരു വർഗത്തിനു മറ്റൊന്നിനെ ചൂഷണം ചെയ്യുന്നതിന് ന്യായീകരിക്കുന്ന സംവിധാനവുമാണെന്ന് ഒരു വിഭാഗം വിശദീകരിക്കുന്നുണ്ട്. ചരിത്രപരമായി അത് ശരിയാണ്. ചില ഘട്ടങ്ങളിൽ മതം രാഷ്ട്രീയ ആധിപത്യത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണമായിരുന്നു. ഇന്ന്, ഞങ്ങളുടെ അനുഭവം വിശ്വാസിക്ക് അവരുടെ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് ചരിത്രത്തിന്റേയും സമൂഹത്തിന്റേയും ആവശ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് വിപ്ലവകാരികളാകാമെന്നതാണ്. ഞങ്ങളുടെ അനുഭവത്തിൽ ഒരാൾക്ക് ഒരേ സമയം വിശ്വാസിയും വിപ്ലവകാരിയുമാകാമെന്നാണ്.’’ ഈ രേഖയെ അടിസ്ഥാനപ്പെടുത്തിയുള്ള ഫ്രെൽ ബെറ്റോയുടെ ചോദ്യത്തിനു ഫിദൽ, വിശ്വാസിക്ക് കമ്യൂണിസ്റ്റാകാമെന്നും രണ്ടു കൂട്ടരും ചേർന്ന് ലോകത്തെ ചൂഷണത്തിൽനിന്ന‌് മോചിപ്പിക്കാൻ കഴിയുമെന്നും വ്യക്തമാക്കി ( പേജ് 237 fidel on religion). ചൂഷണത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടത്തിനു വരുന്നവരെ സംബന്ധിച്ച് വിശ്വാസിയാണോ അല്ലയോ എന്ന ചോദ്യം അപ്രസക്തമാണെന്നും ഫിദൽ വ്യക്തമാക്കി.
ലെനിനും ഫിദലും മുന്നോട്ടുവച്ച കാഴ്ചപ്പാടുകൾ മാർക്സിസത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ്. എന്നാൽ, മതത്തെ കുറിച്ചുള്ള മാർക‌്സിന്റെ നിരീക്ഷണങ്ങളെ മതം മനുഷ്യന്റെ കറുപ്പാണെന്ന ഒരു വാചകത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് മതവിരുദ്ധമെന്ന മട്ടിലാണ് പൊതുവെ അവതരിപ്പിക്കാറുള്ളത്. മാർക‌്സിന്റെ മതനിരീക്ഷണങ്ങൾ നിഷേധാത്മകമായി മാത്രമാണ് പലരും സമീപിക്കുന്നതെന്നും അതിൽ വ്യക്തമായ ഗുണപരമായ വശങ്ങൾ കണ്ടില്ലെന്നു നടിക്കുന്നുവെന്നും ഹരോൾഡ് സിൻ വ്യക്തമാക്കുന്നുണ്ട്. മതമല്ല മനുഷ്യനെ സൃഷ്ടിച്ചതെന്നും മനുഷ്യനാണ് മതത്തെ സൃഷ്ടിച്ചതെന്നും ഹെഗലിയൻ ദർശനത്തിന്റെ വിമർശനത്തിൽ സൂചിപ്പിക്കുന്ന മാർക‌്സ‌് മതം ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയവും ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവും മർദിതന്റെ നെടുവീർപ്പുമാണെന്ന് സൂചിപ്പിക്കുന്നു. ഇതിന്റെ തുടർച്ചയിലാണ് മതം മനുഷ്യന്റെ കറുപ്പാണ് എന്ന് കൂട്ടിച്ചേർക്കുന്നത്. opium of the people എന്ന പ്രയോഗം നടത്തുന്നത്. മതം വേദനസംഹാരിയായി എങ്ങനെ പ്രവർത്തിക്കുന്നുവെന്നാണ് മാർക‌്സ‌് വിശദീകരിക്കുന്നത്. മതം താൽക്കാലികമായ ആശ്വാസമാണ് നൽകുന്നത്. ജീവിത യാഥാർഥ്യങ്ങൾ മുഖത്തുവന്നടിക്കുമ്പോൾ ആശ്വാസം അപ്രത്യക്ഷമാകും. മതത്തെ സൃഷ്ടിക്കുന്നത് നിലനിൽക്കുന്ന സാഹചര്യങ്ങളാണെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. നിലവിലുള്ളതെല്ലാം വിധിയാണെന്ന ബോധം സൃഷ്ടിക്കുന്ന മതം സൃഷ്ടിക്കുന്ന പൊതുബോധത്തെ വിമർശിക്കുമ്പോൾ തന്നെ മതവിശ്വാസത്തിലേക്ക് തിരിയാൻ മനുഷ്യൻ നിർബന്ധിതമാകുന്ന സാഹചര്യം പ്രധാനമാണെന്നും ഈ വേരിനെ പരിഗണിക്കാതെയുള്ള ഏതു മതവിമർശവും ശാസ്ത്രീയമല്ലെന്നും മാർക‌്സ‌് പല ഘട്ടങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.
മാർക‌്സിസം യാന്ത്രിക ഭൗതികവാദമോ യുക്തിവാദമോ അല്ല. ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമെന്നു കാണുമ്പോൾ തന്നെ ആശയത്തിനെ അംഗീകരിക്കുകയും അതിനു ചെലുത്താൻ കഴിയുന്ന സ്വാധീനത്തെ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. ആശയം ജനങ്ങൾ ഏറ്റെടുത്താൽ അത് ഭൗതികശക്തിയായി മാറുമെന്നും മാർക‌്സ‌് വ്യക്തമാക്കി. മാർക‌്സിസവും ഒരു ആശയമാണ്. മതം നിലവിലുള്ളതിനെ സംരക്ഷിക്കാനുള്ള ഉപകരണമായി മാറുന്നതിനെയാണ് ശക്തമായ വിമർശനത്തിന‌് മാർക‌്സ‌് വിധേയമാക്കുന്നത്. എന്നാൽ, മതവിശ്വാസികളായ ജനങ്ങൾ വിശ്വാസങ്ങളിൽ ആശ്വാസം തേടുന്നതിന്റെ യാഥാർഥ്യം തിരിച്ചറിയുന്ന മാർക്സിസം മത നിരാസമല്ല. മാർക്സിസം വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള സമരത്തിന്റേയും ഏറ്റുമുട്ടലിന്റേയും ദർശനമല്ല. അത് വർഗസമരത്തിന്റെ കലയും ശാസ്ത്രവുമാണ്. ദുരിതം അനുഭവിക്കുന്ന ചൂഷിത വർഗത്തിലെ മഹാഭൂരിപക്ഷവും വിശ്വാസികളാണ്.
വർഗീയതയ‌്ക്ക‌് എതിരായ പോരാട്ടം
ഇന്ത്യയിൽ ഏതൊരു പൗരനും അവരവർക്ക് ഇഷ്ടപ്പെട്ട വിശ്വാസം പിന്തുടരുന്നതിന‌് ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിനൊപ്പമാണ് സിപിഐ എം നിൽക്കുന്നത്. സിപിഐ എം ജനകീയ ജനാധിപത്യ വിപ്ലവത്തിനായി പ്രവർത്തിക്കുന്ന പാർടിയാണ്. സിപിഐ എം പരിപാടിയിൽ ജനകീയ ജനാധിപത്യ ഗവൺമെന്റിന്റെ പരിപാടിയിൽ മതവിശ്വാസത്തിനും ആരാധനക്കുമുള്ള അവകാശം ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. ഏതൊരു പൗരനും അവനോ അവൾക്കോ ഇഷ്ടമുള്ള മതവിശ്വാസങ്ങൾക്ക് അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നവരാണ് കമ്യൂണിസ്റ്റുകാർ. എന്നാൽ, വിശ്വാസവും വർഗീയതയും രണ്ടാണ്. ഹിന്ദുവും ഹിന്ദുത്വവും രണ്ടാണ്. മതത്തിന്റെ രാഷ്ട്രീയ പ്രയോഗമാണ് വർഗീയത. ഹിന്ദുവിന്റെ മതവിശ്വാസത്തെ വർഗീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കാനാണ് ഹിന്ദുത്വം ശ്രമിക്കുന്നത‌്. ഭാരതീയ സംസ്കൃതിയുടെ ഭാഗമായുള്ള സങ്കൽപ്പമല്ല ഹിന്ദുത്വമെന്നത്. അത് സവർക്കറിന്റെ സംഭാവനയാണ്. ഹിന്ദു വിശ്വാസം എല്ലാ മതവിശ്വാസങ്ങളെയും അംഗീകരിക്കുന്നതാണ്. പൗരാണിക ദർശനത്തിൽ നിരീശ്വരവാദം പോലും ശക്തമായ ധാരയായിരുന്നു. എന്നാൽ, ഹിന്ദുത്വം ക്രിസ്ത്യാനിയെയും മുസ്ലിമിനെയും കമ്യൂണിസ്റ്റുകാരനെയും ശത്രുവായി പ്രഖ്യാപിക്കുന്നതാണ്. മഹാത്മാഗാന്ധിയെ പോലും ഉൾക്കൊള്ളാൻ കഴിയാത്ത അസഹിഷ്ണുതയുടേതാണ് ഹിന്ദുത്വം. യഥാർഥത്തിൽ ഹിന്ദുത്വത്തെ എതിർത്തുപരാജയപ്പെടുത്തേണ്ടത് ശരിയായ വിശ്വാസിയുടെ കൂടി കടമയാണ്. വിശ്വാസിയുടെ വിശ്വാസത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും വർഗീയവാദിയിൽനിന്ന‌് മോചിപ്പിക്കുകയെന്നത് മതനിരപേക്ഷ സമരമാകുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്.
എന്നാൽ, തങ്ങളുടെ വർഗീയ നിലപാടുകൾ വിശ്വാസമാണെന്ന മട്ടിലാണ‌് ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്. അതിനെ അടിസ്ഥാനപ്പെടുത്തി കമ്യൂണിസ്റ്റുകാർ അധികാരത്തിൽവന്നാൽ ആരാധന സ്വാതന്ത്ര്യമില്ലാതാക്കുമെന്ന് പ്രചാരവേലയും ശക്തം. ലോകത്ത് പൊതുവെ കമ്യൂണിസ്റ്റ് പാർടികൾക്കെതിരെ ശത്രുക്കൾ നടത്തുന്ന പ്രചാരവേലയാണിത്. സംഘപരിവാരത്തിന്റെ നാവായി മാറിയ സെൻകുമാർ ചൈനയിൽ പള്ളികളുടെ അവസ്ഥയെ തെറ്റായി ചർച്ചകളിൽ പരാമർശിച്ചതും ഇതിന്റെ ഭാഗമാണ്. ഉപരാഷ്ട്രപതിയായിരുന്ന ഹമീദ് അൻസാരിയുമൊന്നിച്ച് ചൈനയിൽ പോയപ്പോൾ സിയാനിലെ ഗ്രേറ്റ് മോസ‌്ക‌് സന്ദർശിക്കുകയുണ്ടായി. എത്രമാത്രം പ്രാധാന്യത്തോടെയാണ് അവർ പൗരാണികമായ മോസ‌്ക‌് സംരക്ഷിച്ചിരിക്കുന്നതെന്ന് നേരിൽ മനസ്സിലാക്കുകയുണ്ടായി. നമസ‌്കാരത്തിനായി എത്തുന്നവരുമായി ഞങ്ങൾ സംസാരിക്കുകയും ചെയ‌്തിരുന്നു.
1957 ഏപ്രിൽ അഞ്ചിന് കേരളത്തിൽ ഇ എം എസ് നയിച്ച സർക്കാർ അധികാരത്തിൽവന്ന അന്നുമുതൽ നിരീശ്വരവാദം വളർത്തുന്നുവെന്നും ആരാധനാലയങ്ങൾ നശിപ്പിക്കുമെന്നും ശക്തമായി പ്രചരിപ്പിച്ചിരുന്നു. അതിനുശേഷമുള്ള ആറാമത്തെ ഇടതുപക്ഷ സർക്കാരാണ് കേരളം ഭരിക്കുന്നത്. ഈ സർക്കാരുകൾ ഒന്നും തന്നെ മതവിശ്വാസത്തെ ദുർബലപ്പെടുത്തുന്ന നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല. എൽഡിഎഫ് സർക്കാരുകളുടെ കാലത്തെ ദേവസ്വം ബോർഡുകളും വഖഫ് ബോർഡുകളും അതാതു വിശ്വാസ സമൂഹത്തിന്റെ ശരിയായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന രൂപത്തിൽ മാത്രമേ പ്രവർത്തിച്ചിട്ടുള്ളു. തകർച്ചയിലായിരുന്ന മലബാർ മേഖലയിലെ ക്ഷേത്രങ്ങളെ ദേവസ്വം ബോർഡിനു കീഴിലാക്കി അവയെ മെച്ചപ്പെടുത്തുകയും പൂജാരി മുതലുള്ള എല്ലാ ക്ഷേത്ര ജീവനക്കാർക്കും മാന്യമായ വേതനം ഉറപ്പുവരുത്തുകയും ചെയ‌്തത‌് ഇടതുപക്ഷ സർക്കാരാണ്. മണ്ഡലകാലത്ത‌് സൗകര്യങ്ങൾ വിലയിരുത്താനായി കമ്യൂണിസ്റ്റായ മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല സന്ദർശിച്ചതും അവിടെ അപ്പോൾ നിലനിന്നിരുന്ന ആചാരങ്ങൾക്ക് അനുസരിച്ചു തന്നെയാണ്.
വിശ്വാസത്തിന്റെ പ്രശ്നത്തെ കേവലം യുക്തിയുടെയും സാങ്കേതികത്വത്തിന്റെയും പേരിൽ സമീപിക്കുന്നതിനും ഈ സർക്കാരുകൾ ശ്രമിച്ചിട്ടില്ല. ശബരിമല കേസിൽ സുപ്രീംകോടതിയിൽ എൽഡിഎഫ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം തന്നെ ഈ കാഴ്ചപ്പാട് അനുസരിച്ചായിരുന്നു. ലിംഗസമത്വത്തിന്റെ കാര്യത്തിൽ തങ്ങളുടെ നിലപാട് ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ വിശ്വാസത്തിന്റെ പ്രശ്നമായതുകൊണ്ട് അത്തരം കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവർ അംഗങ്ങളായ സംവിധാനത്തിന്റെ അഭിപ്രായം കൂടി പരിഗണിക്കേണ്ടതുണ്ട്. ഈ സമീപനത്തിന്റെ തുടർച്ച തന്നെയാണ് സിപിഐ എം സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോകുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതും.
വിശ്വാസത്തിന്റെ ഭാഗമായ ആചാരങ്ങൾ ഭരണഘടനയ‌്ക്ക് വിധേയമാണെന്ന ശബരിമല കേസിലെ വിധി നടപ്പിലാക്കേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുകയും ചെയ്യുന്നു. ദൈവത്തിനില്ലാത്ത വിവേചനം മനുഷ്യന്റെ സൃഷ്ടിയാണെന്നും മനുഷ്യനെ തുല്യതയോടെ കാണാത്ത എല്ലാ ആചാരങ്ങളും നിർമിതമാണെന്നും സുപ്രീംകോടതി വിധി ആധികാരികമായി പ്രഖ്യാപിക്കുന്നു. എല്ലാ കാലത്തും തെറ്റായ വ്യാഖ്യാനങ്ങൾ വഴി പുരുഷ കേന്ദ്രീകൃത സമൂഹം സ്ത്രീയുടെ അവകാശങ്ങൾ നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും സുപ്രീംകോടതി പറയുന്നു.
സിപിഐ എമ്മിനും ഇടതുപക്ഷത്തിനും വോട്ടുചെയ്യുന്നവരിൽ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. അവരുടെ വിശ്വാസത്തെ സംരക്ഷിക്കുന്ന സമീപനമാണ് ഇടതുപക്ഷ സർക്കാരുകൾ സ്വീകരിക്കുന്നതും. വർഗീയതക്ക് എതിരായ പോരാട്ടത്തിൽ ശരിയായ നിലപാട് സ്വീകരിക്കുന്ന വിശ്വാസ സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതിനാണ് ചിലർ ശ്രമിക്കുന്നത്. ഭരണഘടനയെയും നിയമവ്യവസ്ഥയെയും സംരക്ഷിക്കേണ്ടത് ഏതു മതവിഭാഗത്തിൽപ്പെട്ടവരുടേയും വിശ്വാസം സംരക്ഷിക്കുന്നതിന‌് അനിവാര്യമാണ്.
മനുഷ്യനും ദൈവവും തമ്മിലുള്ള തീർത്തും സ്വീകാര്യമായ കാര്യമാണ് മതവിശ്വാസമെന്ന് സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് തെരഞ്ഞെടുപ്പ് നിയമങ്ങളെ സംബന്ധിച്ച കേസിൽ വ്യക്തമാക്കുകയുണ്ടായി. മതവിശ്വാസം ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്ന് സ്റ്റേറ്റ് പരിഗണിക്കണമെന്നും സുപ്രീംകോടതി ഈ കേസിൽ വ്യക്തമാക്കുകയുണ്ടായി. വിശ്വാസവും അതിന്റെ ഭാഗമായ ആശ്വാസവും വൈയക്തികമായ കാര്യമാണ്. ഇതൊന്നും വായിക്കാത്തവരാണ് മല കയറിയവർ വിശ്വാസിയാണോയെന്ന് സംസ്ഥാന സർക്കാർ പരിശോധിക്കണമെന്ന മട്ടിൽ ആധികാരികമായി ചോദിച്ചുകൊണ്ടിരിക്കുന്നത്. മതവിശ്വാസത്തെ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് ഉപയോഗിക്കുന്നവർ നടത്തുന്ന നുണ പ്രചാരവേലകളെ തുറന്നുകാണിക്കേണ്ടത് വിശ്വാസ സമൂഹത്തിന്റെ കൂടി ആവശ്യമാണ്. അതുവഴി മാത്രമേ എല്ലാവർക്കും അവരവരുടെ വിശ്വാസങ്ങൾക്ക് അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തെയും മതനിരപേക്ഷതയെയും സംരക്ഷിക്കാൻ കഴിയുകയുള്ളു.
പി രാജീവ്
No comments:
Post a Comment