Sunday, March 10, 2019

സാഭിമാനം: ജനകീയതയുടെയും അനുഭവ സമ്പന്നതയുടെയും കരുത്ത്

തിരുവനന്തപുരം > ജനകീയതയുടെയും അനുഭവ സമ്പന്നതയുടെയും കരുത്തും രാഷ‌്ട്രീയ മികവും ഉൾച്ചേർന്ന 16 അംഗ സ്ഥാനാർഥിപ്പട്ടിക സിപിഐ എം പുറത്തിറക്കി. സിപിഐയുടെ നാല‌് സ്ഥാനാർഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതോടെ തെരഞ്ഞെടുപ്പ‌് പ്രഖ്യാപനത്തിന‌ുമുമ്പ‌ുതന്നെ 20 എൽഡിഎഫ‌് സ്ഥാനാർഥികളും മത്സരരംഗത്തിറങ്ങി. ആറ‌് സിറ്റിങ‌് എംപിമാരും രണ്ട‌് മുൻ രാജ്യസഭാ അംഗങ്ങളും നാല‌് എംഎൽഎമാരും  അടങ്ങിയതാണ‌് സിപിഐ എം സ്ഥാനാർഥിപ്പട്ടിക. സ്ഥാനാർഥിപ്പട്ടികയിൽ രണ്ട‌് പേർ സിപിഐ എം സ്വതന്ത്രരാണ‌്. രണ്ട‌് ജില്ലാ സെക്രട്ടറിമാരും രണ്ട‌് വനിതകളും പട്ടികയിലുണ്ട‌്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണനാണ‌് സിപിഐ എം സ്ഥാനാർഥികളെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത‌്.

സിറ്റിങ‌് എംപിമാരായ പി കെ ശ്രീമതി (കണ്ണൂർ), ഡോ. പി കെ ബിജു (ആലത്തൂർ), എം ബി രാജേഷ‌് (പാലക്കാട‌്), ഇന്നസെന്റ‌് (ചാലക്കുടി), അഡ്വ. ജോയ‌്സ‌് ജോർജ‌് (ഇടുക്കി), ഡോ. എ സമ്പത്ത‌് (ആറ്റിങ്ങൽ) എന്നിവർ അതേ മണ്ഡലങ്ങളിൽ വീണ്ടും ജനവിധി തേടും. മുൻ രാജ്യസഭാ അംഗങ്ങളായ പി രാജീവ‌് (എറണാകുളം), കെ എൻ ബാലഗോപാൽ (കൊല്ലം), സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ (വടകര), കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവൻ (കോട്ടയം) എന്നിവരും  സ്ഥാനാർഥികളാണ‌്. എംഎൽഎമാരായ എ പ്രദീപ‌്കുമാർ (കോഴിക്കോട‌്), അഡ്വ. എ എം ആരിഫ‌് (ആലപ്പുഴ), വീണ ജോർജ‌് (പത്തനംതിട്ട) എന്നിവരും പി വി അൻവർ സിപിഐ എം സ്വതന്ത്രനായി പൊന്നാനിയിലും ജനവിധി തേടും.

കാസർകോട‌് സിപിഐ എം മുൻ ജില്ലാ സെക്രട്ടറി കെ പി സതീഷ‌്ചന്ദ്രനും മലപ്പുറത്ത‌് എസ‌്എഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് വി പി സാനുവും സ്ഥാനാർഥികളാണ‌്. സിപിഐ സ്ഥാനാർഥികളിൽ എംഎൽഎമാരായ സി ദിവാകരൻ തിരുവനന്തപുരത്തും ചിറ്റയം ഗോപകുമാർ മാവേലിക്കരയിലും മത്സരിക്കും. മുൻ എംഎൽഎകൂടിയായ രാജാജി മാത്യുതോമസ‌് തൃശൂരിലും പി പി സുനീർ വയനാട്ടിലും സ്ഥാനാർഥികളാണ‌്.

കെ പി സതീഷ‌്ചന്ദ്രൻ  തൃക്കരിപ്പൂർ മണ്ഡലത്തിൽനിന്ന‌് രണ്ട‌് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായ പി കെ ശ്രീമതി രണ്ടാം തവണയാണ‌് ലോക‌്സഭയിലേക്ക‌് മത്സരിക്കുന്നത‌്. കഴിഞ്ഞ എൽഡിഎഫ‌് സർക്കാരിൽ ആരോഗ്യമന്ത്രിമായിരുന്നു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവും മുൻ എംഎൽഎയുമാണ‌് പി ജയരാജൻ. കൂത്തുപറമ്പിൽനിന്നാണ‌്  തെരഞ്ഞെടുക്കപ്പെട്ടത‌്.

സിപിഐ സംസ്ഥാന എക‌്സിക്യൂട്ടീവ‌് അംഗമായ പി പി സുനീർ എൽഡിഎഫ‌് മലപ്പുറം ജില്ലാ കൺവീനറുമാണ‌്. എ പ്രദീപ‌്കുമാർ 13 വർഷമായി കോഴിക്കോട‌് നോർത്ത‌് മണ്ഡലത്തിലെ എംഎൽഎ. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം. ദേശീയ തലത്തിൽ ഉജ്വലമായ നിരവധി വിദ്യാർഥി സമരങ്ങൾക്കും ക്യാമ്പയിനുകൾക്കും നേതൃപരമായ പങ്കുവഹിച്ചു വി പി സാനു. തെരഞ്ഞെടുപ്പ‌് രംഗത്ത‌് പുതുമുഖം. പി വി അൻവർ നിലവിൽ നിലമ്പൂർ എംഎൽഎയാണ‌്. വിദ്യാർഥി രാഷ‌്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്ത‌് വന്നു.

എം ബി രാജേഷ‌് പാലക്കാട്ടുനിന്ന‌് മൂന്നാംതവണയാണ‌് ജനവിധി തേടുന്നത‌്. കഴിഞ്ഞ തവണ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം കരസ്ഥമാക്കി.

ഡോ. പി കെ ബിജു മൂന്നാം തവണയാണ‌് ആലത്തൂരിൽ ലോക‌്സഭയിലേക്ക‌് മത്സരിക്കുന്നത‌്. എസ‌്എഫ‌്ഐയിലൂടെ പൊതുപ്രവർത്തനം തുടങ്ങി.  രാജാജി മാത്യുതോമസ‌് സിപിഐ സംസ്ഥാന എക‌്സിക്യൂട്ടീവ‌് അംഗമാണ‌്. ജനയുഗം പത്രാധിപർ. നിയമസഭയിൽ ഒല്ലൂർ മണ്ഡലത്തെ പ്രതിനിധാനംചെയ‌്തു.

2014ൽ ചാലക്കുടിയിൽ എൽഡിഎഫ‌് സ്വതന്ത്രനായി വിജയിച്ച ഇന്നസെന്റ‌് ഇത്തവണ സിപിഐ എം സ്ഥാനാർഥിയാണ‌്. ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി 12 വർഷം പ്രവർത്തിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം, ദേശാഭിമാനി ചീഫ‌് എഡിറ്റർ എന്നീ ചുമതലകൾ വഹിച്ചുവരികയാണ‌് പി രാജീവ‌്. 2009ൽ രാജ്യസഭാംഗം. സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു.

ഇടുക്കിയിലെ സിപിഐ എം സ്വതന്ത്രനായ അഡ്വ. ജോയ‌്സ‌് ജോർജ‌്  മലയോരമേഖലയിലെ ഭൂപ്രശ‌്നം ഉയർത്തി നടത്തിയ സമരത്തിലെ ശ്രദ്ധേയ നായകനാണ‌്. 2006ൽ കോട്ടയം മണ്ഡലത്തിൽനിന്ന‌് നിയമസഭാംഗമായ വി എൻ വാസവൻ റബ‌്കോ മുൻ ചെയർമാനുമാണ‌്. ആലപ്പുഴയിൽനിന്ന‌് ലോക‌്സഭയിലേക്ക‌് കന്നിയങ്കം കുറിക്കുന്ന എ എം ആരിഫ‌് 2006ൽ അരൂർ മണ്ഡലത്തിൽനിന്നാണ‌് നിയമസഭയിൽ എത്തിയത‌്. 1996 മുതൽ സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായി. മാവേലിക്കരയിൽ മത്സരിക്കുന്ന ചിറ്റയം ഗോപകുമാർ നിലവിൽ അടൂർ എംഎൽഎയാണ‌്. സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ‌്.

ദൃശ്യമാധ്യമപ്രവർത്തകയായിരുന്ന വീണ ജോർജ‌് 2016ലാണ‌് നിയമസഭയിലേക്ക‌് ആറന്മുളയിൽനിന്ന‌് വിജയിച്ചത‌്. പത്തനംതിട്ടയിൽനിന്ന‌് ലോക‌്സഭയിലേക്ക‌് ആദ്യമത്സരം കുറിക്കുകയാണ‌്. കെ എൻ ബാലഗോപാൽ ലോക‌്സഭയിലേക്ക‌് കൊല്ലത്ത‌് ആദ്യമായി മത്സരിക്കുകയാണ‌്. 2010ൽ രാജ്യസഭാ അംഗമായിരുന്നു. ആറ്റിങ്ങലിൽ എ സമ്പത്ത‌് നാലാം തവണയാണ‌് ജനവിധി തേടുന്നത‌്. കഴിഞ്ഞ തവണ 69,500 വോട്ടിന്റെ ഭൂരിപക്ഷം നേടി. തിരുവനന്തപുരത്ത‌് ആദ്യമായി ലോക‌്സഭാ മത്സരത്തിനിറങ്ങുന്ന സി ദിവാകരൻ നിലവിൽ നെടുമങ്ങാട‌് എംഎൽഎയാണ‌്. 2006ൽ എൽഡിഎഫ‌് മന്ത്രിസഭയിൽ ഭക്ഷ്യ
മന്ത്രിയായിരുന്നു.

No comments:

Post a Comment