Wednesday, April 15, 2015

അമേരിക്കയ്ക്ക് കീഴടങ്ങിയ ഭരണം: കാരാട്ട്

ബംഗാളിന് ഐക്യദാര്‍ഢ്യം

സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണങ്ങളെ ധീരമായി ചെറുക്കുന്ന പാര്‍ടിയുടെയും ഇടതുപക്ഷത്തിന്റെയും പ്രവര്‍ത്തകരെയും 21-ാം പാര്‍ടി കോണ്‍ഗ്രസ് അഭിവാദ്യംചെയ്തു. ഉദ്ഘാടനപ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ബംഗാളിലെ പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചത്. മൂന്നുവര്‍ഷത്തിനുള്ളില്‍ 99 സിപിഐ എം പ്രവര്‍ത്തകരാണ് രക്തസാക്ഷികളായതെന്ന് കാരാട്ട് പറഞ്ഞു. ജനങ്ങളുടെ പിന്തുണയോടെ അവിടെ തിരിച്ചുവരാനാകുമെന്ന് ഉറപ്പുണ്ട്. കൊല്‍ക്കത്ത കോര്‍പറേഷനുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പ് കാരണം പല പ്രതിനിധികള്‍ക്കും വരാനായിട്ടില്ല. പകരക്കാരായ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഈ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന നേതാക്കളായ സുഭാഷ് മുഖോപാധ്യായ, മാനസ് മുഖര്‍ജി എന്നിവരെ പ്രചാരണത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു. ഗുരുതരമായ പരിക്കുകളോടെ ഇവര്‍ ആശുപത്രിയിലാണ്.

അംബേദ്കറിന് ആദരം

സമര്‍ മുഖര്‍ജി നഗര്‍ > ഭരണഘടനാ ശില്‍പ്പി എന്നനിലയില്‍ ഡോ. ബി ആര്‍ അംബേദ്കര്‍ ഉയര്‍ത്തിപ്പിടിച്ച മതേതരമൂല്യങ്ങള്‍ ഏതുവിധേനയും അട്ടിമറിക്കാനാണ് നരേന്ദ്രമോഡി സര്‍ക്കാരും സംഘപരിവാറും ശ്രമിക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വിശാഖപട്ടണത്തെ ദാബാഗാര്‍ഡനില്‍ അംബേദ്കര്‍പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിബി അംഗങ്ങളും മറ്റ് നേതാക്കളും അംബേദ്കര്‍പ്രതിമയില്‍ മാലചാര്‍ത്തി. അംബേദ്കറിന്റെ ജന്മവാര്‍ഷികദിനം മുന്‍നിര്‍ത്തിയായിരുന്നു ആദരവ്. രാജ്യത്തെ ദളിതര്‍ക്കും അവഗണിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും വേണ്ടി നിലകൊണ്ട വ്യക്തിത്വമാണ് അംബേദ്കര്‍. അവരുടെ അവകാശങ്ങള്‍ക്കും ജീവിതപുരോഗതിക്കുമായി അദ്ദേഹം ശബ്ദമുയര്‍ത്തി. സ്വാതന്ത്ര്യം, മതേതരത്വം, സോഷ്യലിസം എന്നീ ആശയങ്ങളെ അടിത്തറയാക്കിയുള്ള ഭരണഘടനയാണ് അംബേദ്കര്‍ വിഭാവനംചെയ്തത്. എന്നാല്‍, അംബേദ്കര്‍ എന്തിനെല്ലാംവേണ്ടി നിലകൊണ്ടോ അതെല്ലാം അട്ടിമറിക്കാനാണ് മോഡിസര്‍ക്കാരിന്റെ ശ്രമം. ഈ സാഹചര്യത്തില്‍ മതേതരസംരക്ഷണമെന്ന ദൗത്യത്തിന് പ്രസക്തിയേറുകയാണ്- കാരാട്ട് പറഞ്ഞു.

അമേരിക്കയ്ക്ക് കീഴടങ്ങിയ ഭരണം: കാരാട്ട്

സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > രാജ്യത്ത് വര്‍ഗീയശക്തികള്‍ക്ക് മേല്‍ക്കൈ നേടാനും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിഷലിപ്തമായ പ്രചാരണത്തിനും മോഡിസര്‍ക്കാര്‍ വഴിയൊരുക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ബീഫ് നിരോധനംപോലുള്ള നടപടികളിലൂടെ ന്യൂനപക്ഷങ്ങളുടെ ഭക്ഷണാവകാശങ്ങളും സാംസ്കാരികാവകാശങ്ങളും ലംഘിക്കുകയാണ്. പുനര്‍മതപരിവര്‍ത്തനവും ക്രിസ്ത്യന്‍ പള്ളികളടക്കമുള്ള ദേവാലയങ്ങള്‍ക്കുനേരെയുള്ള ആക്രമണവും ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികളാണ്്. വിദ്യാഭ്യാസ സംവിധാനത്തിലും ഗവേഷണ, സാംസ്കാരിക സ്ഥാപനങ്ങളിലും ആര്‍എസ്എസിന്റെ അജന്‍ഡയാണ് നടപ്പാക്കുന്നത്. ഹിന്ദുത്വത്തിന്റെ പിന്തിരിപ്പന്‍ പുരുഷാധിപത്യമൂല്യങ്ങള്‍ സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. മോഡിസര്‍ക്കാരിന്റെ വിദേശനയത്തിലും വലതുപക്ഷ അജന്‍ഡ വ്യക്തമാണ്.

ഏഷ്യയിലെ ലക്ഷ്യങ്ങള്‍ നേടാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ക്കാണ് ഇന്ത്യ അരുനില്‍ക്കുന്നത്. വിദേശമൂലധനത്തിന് ഇന്ത്യന്‍ സമ്പദ്ഘടന തുറന്നിടാനും പേറ്റന്റ്, ബൗദ്ധിക സ്വത്തവകാശങ്ങളില്‍ വെള്ളം ചേര്‍ക്കാനുമുള്ള അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്ക് മോഡിസര്‍ക്കാര്‍ വഴങ്ങിയിരിക്കുന്നു. ഡോ. ബി ആര്‍ അംബേദ്കറിന്റെ 125-ാം ജന്മവാര്‍ഷികദിനത്തില്‍ ആരംഭിച്ച പാര്‍ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനപ്രസംഗത്തില്‍ ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പിയെ കാരാട്ട് അനുസ്മരിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ അടിത്തറയെയാണ് ബിജെപിയും ആര്‍എസ്എസും തകര്‍ക്കുന്നത്. ഗാന്ധിഘാതകന്‍ ഗോഡ്സെയെയാണവര്‍ പ്രകീര്‍ത്തിക്കുന്നത്. തുടര്‍ച്ചയായി പുറപ്പെടുവിക്കുന്ന ഓര്‍ഡിനന്‍സുകളും മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും പക്ഷത്തുള്ള ബുദ്ധിജീവികള്‍ക്കെതിരെയുള്ള അസഹിഷ്ണുതയും ഏകാധിപത്യ ഭരണസംവിധാനത്തിന്റെ സൂചനകളാണ് നല്‍കുന്നത്.

ലോകമുതലാളിത്തത്തിന് 2008ലെ സാമ്പത്തികപ്രതിസന്ധികളില്‍നിന്ന് പൂര്‍ണമായി തിരിച്ചുവരാന്‍ കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിച്ചുകൊണ്ടാണ് തിരിച്ചടിയെ മറികടക്കാന്‍ ശ്രമിക്കുന്നത്. ചെലവുചുരുക്കലിന്റെ പേരില്‍ വേതനം വെട്ടിക്കുറയ്ക്കുന്ന നയങ്ങള്‍ക്കെതിരെ ഗ്രീസ് ജനത തിരിച്ചടി നല്‍കി. അവിടെ അധികാരത്തില്‍വന്ന പുതിയ സര്‍ക്കാര്‍ ഒരു ബദല്‍പാത വാഗ്ദാനംചെയ്തിട്ടുണ്ട്. നവലിബറല്‍ നയങ്ങള്‍ക്കും ചെലവുചുരുക്കലിനുമെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് ഇത് പുതിയ രാഷ്ട്രീയദിശ നല്‍കിയിരിക്കുന്നു. ലാറ്റിനമേരിക്കയില്‍ സാമ്രാജ്യത്വത്തെ നിരാകരിച്ച് വികസനത്തിന്റെ പുതിയ പാത വെട്ടിത്തുറക്കുകയാണ് ഇടതുപക്ഷസര്‍ക്കാരുകള്‍. അമേരിക്കന്‍ പിന്തുണയുള്ള വലതുപക്ഷശക്തികള്‍ക്കെതിരെ പൊരുതുന്ന വെനസ്വേലയിലെ സര്‍ക്കാരിന് സിപിഐ എം അഭിവാദ്യമര്‍പ്പിക്കുന്നു. ക്യൂബയുമായി നയതന്ത്രബന്ധങ്ങള്‍ പുനഃസ്ഥാപിച്ചിട്ടും സാമ്പത്തിക ഉപരോധം പിന്‍വലിക്കാന്‍ അമേരിക്ക തയ്യാറായിട്ടില്ല. അമേരിക്കന്‍ അടിച്ചമര്‍ത്തലിനും മതമൗലികവാദികള്‍ക്കും ഇടയില്‍പ്പെട്ട പലസ്തീനിലെയും പശ്ചിമേഷ്യയിലെയും ജനങ്ങള്‍ക്കും ക്യൂബന്‍ ജനതയ്ക്കും അഭിവാദ്യം അര്‍പ്പിക്കുന്നു. നേപ്പാളിലും ശ്രീലങ്കയിലും പാകിസ്ഥാനിലും ജനാധിപത്യത്തിനുവേണ്ടി പൊരുതുന്ന ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ കക്ഷികള്‍ക്കും ബംഗ്ലാദേശില്‍ മതമൗലികവാദികള്‍ക്കെതിരെ രൂക്ഷസമരത്തിലേര്‍പ്പെട്ട ജനാധിപത്യ മതനിരപേക്ഷ ശക്തികള്‍ക്കും ഐക്യദാര്‍ഢ്യം അര്‍പ്പിക്കുന്നതായി കാരാട്ട് പറഞ്ഞു.

ആശയ അടിത്തറ ശക്തമാക്കും: എസ് ആര്‍ പി

സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > എല്ലാ വിഭാഗം ജനങ്ങളുടെയും അതിശക്തമായ സമരങ്ങള്‍ക്ക് രൂപംനല്‍കുന്നതിന് സിപിഐ എമ്മിനെ കൂടുതല്‍ ചടുലവും തീക്ഷ്ണവുമാക്കുന്നതോടൊപ്പം പാര്‍ടിയുടെ ആശയപരമായ അടിത്തറ ശക്തമാക്കണമെന്ന് പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ടിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനായിരിക്കണം പരമമായ പ്രാധാന്യമെന്ന് 21-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിലെ അധ്യക്ഷപ്രസംഗത്തില്‍ എസ് ആര്‍ പി പറഞ്ഞു.

രാഷ്ട്രീയ അടവുനയത്തിന്റെ അവലോകനം, പുതിയ രാഷ്ട്രീയ അടവുനയം, ആഗോളവല്‍ക്കരണം ആരംഭിച്ചശേഷം വിവിധ വര്‍ഗങ്ങളിലും വിവിധ വിഭാഗം ജനങ്ങളിലുമുണ്ടായ സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളെക്കുറിച്ചുള്ള പഠനം, പാര്‍ടി സംഘടനയുടെയും ബഹുജനമുന്നണിയുടെയും പ്രവര്‍ത്തനങ്ങളുടെ അവലോകനം എന്നീ ദൗത്യങ്ങളാണ് പാര്‍ടി കോണ്‍ഗ്രസിനുള്ളത്. സിപിഐ എമ്മിനെ ശക്തിപ്പെടുത്തുന്നതിനുള്ള ദൗത്യങ്ങള്‍ നിശ്ചയിക്കാന്‍ ഇത് സഹായിക്കും. പാര്‍ടി കോണ്‍ഗ്രസ് ഇതിനുള്ള സുപ്രധാന നാഴികക്കല്ലാകും.

ഇടതുപക്ഷപാര്‍ടികളുടെ ഐക്യം ഇന്നത്തെ സാഹചര്യത്തില്‍ പ്രധാനമാണ്. നവലിബറല്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളിവര്‍ഗത്തെയും കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും മധ്യവര്‍ഗത്തെയും കൈവേലക്കാരെയും സമരോത്സുകമാക്കുന്നതില്‍ സിപിഐ എം മുന്നണിയിലുണ്ട്. സാമൂഹികമായ അടിച്ചമര്‍ത്തലിന് ഇരയാകുന്ന ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനുള്ള സമരത്തിലും പാര്‍ടി മുന്നിലുണ്ട്. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും മതനിരപേക്ഷതയും സംരക്ഷിക്കാനും സിപിഐ എം നിരന്തര സമരത്തിലാണ്. തൊഴിലാളിസംഘടനകളുടെ ഐക്യസമരവേദി വളര്‍ത്തിയെടുത്ത് വിജയകരമായ സമരങ്ങള്‍ നടത്തിയതും ഇന്ത്യന്‍ തൊഴിലാളിവര്‍ഗ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ഭൂമി ഏറ്റെടുക്കല്‍പോലുള്ള പ്രശ്നങ്ങളില്‍ ഇതിനുസമാനമായി കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ഏകീകൃത സമരങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ മുന്‍കൈയെടുക്കണമെന്നും എസ് ആര്‍ പി പറഞ്ഞു.

പ്രതിസന്ധി മറികടക്കാന്‍ ഇടതുപക്ഷത്തിനാകും: സുധാകര്‍റെഡ്ഡി

സമര്‍ മുഖര്‍ജി നഗര്‍ > രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ഇടതുപക്ഷം കൂടുതല്‍ കരുത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ടുപോകണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍റെഡ്ഡി പറഞ്ഞു. ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്തുള്ള സമരങ്ങളിലൂടെ ജനങ്ങളുമായി ബന്ധം സ്ഥാപിക്കണം. ഇടതുപാര്‍ടികള്‍ അവരുടെ അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തണം. വിശാല ഇടത് ജനാധിപത്യഐക്യത്തിനുള്ള മുന്നുപാധിയാണ് ഇടത് ഐക്യം. ജനങ്ങളില്‍ ആത്മവിശ്വാസം പകരാന്‍ ഇടതുപക്ഷത്തിന് കഴിയണമെന്നും സുധാകര്‍റെഡ്ഡി പറഞ്ഞു.

സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസിനെ അഭിവാദ്യംചെയ്യുകയായിരുന്നു അദ്ദേഹം.നമ്മുടെ എഴുത്തുകാര്‍, ചരിത്രകാരന്മാര്‍, മത- ഭാഷാ ന്യൂനപക്ഷങ്ങള്‍, ദളിതര്‍, ആദിവാസികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളെ സംരക്ഷിക്കാന്‍ ഇടതുപക്ഷംമാത്രമേ ഉള്ളൂ. അവര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതും ഇടതുപക്ഷത്തെയാണ്. ഈ വെല്ലുവിളി ഏറ്റെടുക്കണം. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടികളെ ജനം എഴുതിത്തള്ളിയിട്ടില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളില്‍ മനംമടുത്ത ജനം ഏക ബദല്‍ എന്ന നിലയിലാണ് ബിജെപിയെ തെരഞ്ഞെടുത്തത്. എന്നാല്‍, രാജ്യത്തിന്റെ മതേതരത്വത്തിനും പരമാധികാരത്തിനും വെല്ലുവിളി നേരിട്ടുതുടങ്ങിയതോടെ ആ പ്രതീക്ഷ അസ്തമിച്ചു. ജനങ്ങളുടെ അമര്‍ഷമാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ജനങ്ങളുടെ വിശ്വാസം നേടിയെടുത്താല്‍ ബിജെപിയെയും വലതുപക്ഷ രാഷ്ട്രീയത്തെയും തടഞ്ഞുനിര്‍ത്താനും തോല്‍പ്പിക്കാനും കഴിയുമെന്ന് ഡല്‍ഹി തെരഞ്ഞെടുപ്പ് തെളിയിച്ചു. ഇതില്‍നിന്ന് ഇടതുപക്ഷം പാഠം ഉള്‍ക്കൊള്ളണമെന്ന് സുധാകര്‍റെഡ്ഡി പറഞ്ഞു.

പോരാട്ടത്തിന് കരുത്തേകും: ദേബബ്രത

സമര്‍ മുഖര്‍ജി നഗര്‍ > വര്‍ഗീയ- മൂലധന ശക്തികള്‍ക്കെതിരായ തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടത്തിന് പുതിയ ഊര്‍ജവും കരുത്തും പകരാന്‍ സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസിന് കഴിയുമെന്ന് ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ് പറഞ്ഞു.

തെരഞ്ഞെടുപ്പിലെ പരാജയം മുന്‍നിര്‍ത്തിമാത്രം ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടെന്ന് പറയാന്‍ കഴിയില്ല. ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അധികാരവര്‍ഗം എങ്ങനെയാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതെന്ന് നാം കണ്ടതാണ്. സാമ്രാജ്യത്വത്തിന്റെയും മുതലാളിത്തത്തിന്റെയും ചൂഷണത്തിന് വിധേയരാകുന്ന സാധാരണക്കാര്‍ ബദല്‍ തേടുകയാണ്. രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മതനിരപേക്ഷത തകര്‍ക്കുകയും വര്‍ഗീയ ചേരിതിരിവ് രൂക്ഷമാക്കുകയുമാണ് ചെയ്യുന്നത്. നവലിബറല്‍ സാമ്പത്തികനയം അടിച്ചേല്‍പ്പിച്ച് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. ഇതിനെതിരായ മുന്നേറ്റത്തിന് ഇടതുപക്ഷഐക്യം കൂടുതല്‍ ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment