Sunday, August 16, 2015

ദേശീയ പണിമുടക്കിന്റെ രാഷ്ട്രീയം 5

ഇനി "തൊഴിലാളി"ഇല്ല .. കൂലിയടിമ മാത്രം..!

നരേന്ദ്രമോഡിയുടെ പരിവാര്‍ മുന്‍ഗാമി അടല്‍ ബിഹാരി ബാജ്പേയ് പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് രണ്ടാം ലേബര്‍ കമ്മീഷനെ നിയമിച്ചതും റിപ്പോര്‍ട്ട് നല്‍കിയതും! 2002 ഡിസംബറില്‍ പ്രസിദ്ധീകരിച്ച് പി.എ.ജി ബുള്ളറ്റിന്‍ ഈ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ളതായിരുന്നു! ഞങ്ങള്‍ അന്ന് റിപ്പോര്‍ട്ടിനെ വിശകലനം ചെയ്തുകൊണ്ടുകൊടുത്ത കുറിപ്പുകളുടെ തലക്കെട്ടുകള്‍ ഇങ്ങനെയൊക്കെയാണ്! "90 കോടി കൂലിയടിമകളും 12 കോടി യജമാനന്മാരും... രണ്ടാംലേബര്‍ കമ്മീഷന്‍ സ്വപ്നം കാണുന്നു..." "അന്താരാഷ്ട്ര പ്രമാണങ്ങള്‍ അട്ടിമറിയുന്നു." "സംഘടിക്കാനും കൂട്ടായി വിലപേശാനും ആത്മാഭിമാനത്തോടെ ജീവിക്കാനും ഞങ്ങളനുവദിക്കില്ല..." "തൊഴിലുടമകളുടെ മാനിഫെസ്റ്റോ" "അവര്‍ക്ക് ദേശീയ മിനിമം കൂലിക്ക് അര്‍ഹരായില്ല... ജീവിച്ചിരിക്കാനുള്ള കാശു കൊടുക്കുക" "അപേക്ഷിച്ച് 60 ദിവസത്തിനകം അനുമതി ലഭിച്ചില്ലെങ്കില്‍ ലഭിച്ചതായി കണക്കാക്കി കമ്പനി അടച്ചുപൂട്ടാം!" ആന്‍റിലേബര്‍ കമ്മീഷന്‍റെ തേന്‍മൊഴികള്‍" "വിവേകമുള്ളവര്‍ ആരായാലും, അവര്‍ മുതലാളിമാരായാലും ഈ റിപ്പോര്‍ട്ടിനോട് സഹതപിക്കും..." "തൊഴിലാളിക്ക് പ്രത്യേക കോടതിവരുന്നു... അവിടെ ജഡ്ജിമാര്‍ ഉദ്യോഗസ്ഥരാണ്പോലും..." ഐ.എന്‍.ടി.യു.സിയുടെയും ബി.എം.എസിന്‍റെയും പ്രതിനിധികള്‍ ഈ ലേബര്‍ കമ്മീഷനില്‍ അംഗങ്ങളായിരുന്നു. ഇവിടെ എടുത്തുകൊടുത്ത തലവാചകങ്ങള്‍ തന്നെ, രണ്ടാം ലേബര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം എന്തായിരുന്നുവെന്ന് വിശദീകരിക്കാന്‍ ധാരാളം മതിയെന്ന് ഞങ്ങള്‍ കരുതുന്നു! നരേന്ദ്രമോഡി ഗവണ്‍മെന്‍റ് അക്ഷരാക്ഷത്തില്‍ ഈ റിപ്പോര്‍ട്ട് അതുപോലെ നടപ്പാക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്! 2002-ല്‍ ആഗോളമുതലാളിമാര്‍ക്കുവേണ്ടി തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് ഇപ്പോഴും അട്ടത്തിരുന്നതിന്‍റെ കാരണം എന്താണ്? റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന തൊഴിലാളി പ്രക്ഷോഭങ്ങളും, ഇന്ത്യയിലെ പാര്‍ലിമെന്‍റില്‍ ഇടതുപക്ഷത്തിനുണ്ടായിരുന്ന വര്‍ദ്ധിച്ച സാന്നിദ്ധ്യവും ആയിരുന്നു അതിന്‍റെ കാരണം. ഒറ്റക്ക് അധികാരം ലഭിക്കാതിരുന്നതിനാല്‍, കോണ്‍ഗ്രസിനോ ബിജെപിക്കോ ഇത്രയും കാടനായ നിയമങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നതാണ് രണ്ടാമത്തെ കാരണം! പക്ഷേ ഇപ്പോള്‍  കാലം മാറിയിരിക്കുന്നു... ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷമുണ്ട്. ഇടതുപക്ഷത്തിന്‍റെ പാര്‍ലിമെന്‍റിലെ സാന്നിദ്ധ്യം ശുഷ്കമായിരിക്കുന്നു. രണ്ടിന്‍റെയും 'വില'യാണ് ഇന്ത്യയിലെ തൊഴിലാളിവര്‍ഗ്ഗം ഇപ്പോള്‍ ഒടുക്കിക്കൊണ്ടിരിക്കുന്നത്!

നരേന്ദ്രമോഡി വന്ന് തൊട്ടടുത്ത നാളുകളില്‍ തന്നെ പാര്‍ലമെന്‍റ് പാസാക്കിയ തൊഴില്‍ നിയമങ്ങളെയും വരാന്‍പോകുന്ന പുതിയ നിയമങ്ങളേയും പിഎജി 105-ല്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അതാവര്‍ത്തിക്കുന്നില്ല. കൂലിയടിമത്വത്തിന്‍റെ മാര്‍ഗ്ഗരേഖകള്‍, രണ്ടാംലേബര്‍ കമ്മീഷന്‍ പറഞ്ഞതിലും തീവ്രമായി, തയ്യാറായിക്കഴിഞ്ഞുവെന്നുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ ദിവസവും വന്നുകൊണ്ടിരിക്കുകയാണ്... നേരത്തെ പറയാതിരുന്ന ചില വാര്‍ത്തകളിലേക്കൊന്ന് കടന്നുചെല്ലാം!

@ സമരങ്ങള്‍ക്ക് കൂച്ചുവിലങ്ങ്... സമരത്തിന് ഒന്നരമാസത്തെ നോട്ടീസ്... കാരണം കാണിക്കാതെ ജോലിക്ക് ഹാജരാകാതിരിക്കുകയോ, പത്തോ അതില്‍ കൂടുതലോ പേര്‍ നോട്ടീസ് നല്‍കാതെ വരാതിരിക്കുകയോ ചെയ്താല്‍ 8 ദിവസത്തെ വേതനം കട്ടു ചെയ്യും!

@ 300 പേര്‍ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍, തൊഴിലാളികളെ പിരിച്ചുവിടാനോ, 'ലേ ഓഫ്' ചെയ്യാനോ സര്‍ക്കാര്‍ അനുമതി വേണ്ടാ...

@ തൊഴിലാളിക്ക് കുടിശിക ലഭിക്കാനുണ്ടെങ്കില്‍ റവന്യൂ റിക്കവറിയിലൂടെ മാത്രമേ ഈടാക്കാനാവൂ...

@തൊഴിലുടമക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ നടപടി എടുക്കാന്‍ തൊഴിലാളിക്കവകാശമില്ല!

@ ഒരു സ്ഥാപനത്തിലെ യൂണിയന്‍ ഭാരവാഹികളില്‍ ഒരാള്‍ ആ സ്ഥാപനത്തിലെതന്നെ ആളാവണം. മൊത്തം യൂണിയന്‍ ഭാരവാഹികളില്‍ രണ്ടുപേര്‍ മാത്രമേ പുറത്തുനിന്നുള്ള ആളാവാന്‍ പാടുള്ളൂ!ഹ ഒരു സ്ഥാപനത്തില്‍ സംഘടന രജിസ്റ്റര്‍ ചെയ്യാന്‍ തൊഴിലാളികളുടെ 10 ശതമാനമോ 100 പേരോ അംഗങ്ങളാവണം!

@ പണിമുടക്ക് നടത്തില്ലെന്ന് തൊഴിലാളിക്കും തൊഴിലുടമക്കും തമ്മില്‍ കരാറുണ്ടാക്കാം! നിയമന ഉത്തരവില്‍ തന്നെ ഈ കാര്യം എഴുതി ചേര്‍ക്കാം. കരാര്‍ ലംഘിച്ച് പണി മുടക്കിയാല്‍ 20,000 രൂപാ പിഴയടക്കണം!

@ തൊഴില്‍ തര്‍ക്കങ്ങളില്‍ ലേബര്‍ കോടതി, ഇന്‍റസ്ട്രിയല്‍ ട്രൈബ്യൂണല്‍ എന്നീ രണ്ടു സംവിധാനങ്ങള്‍ ഇല്ല. ട്രൈബ്യൂണല്‍ മാത്രം!

@ പിരിച്ചു വിടപ്പെടുന്ന തൊഴിലാളിക്ക് 45 ദിവസത്തെ വേതനം നഷ്ട പരിഹാരം നല്‍കണം.

@ നൂറോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ അച്ചടക്കനടപിടകളുമായി ബന്ധപ്പെട്ട സ്റ്റാന്‍റിംഗ് ഓര്‍ഡര്‍ ബാധകമാകൂ... (രാജ്യത്തെ 85% വ്യവസായ യൂണിറ്റുകളിലും 100-ല്‍ താഴെയാണ് തൊഴിലാളികള്‍).

@ ഒരു വന്‍കിട വ്യവസായത്തെ (1000-ല്‍ അധികം പേര്‍ പണിയെടുക്കുന്നത്) 300 പേര്‍ വീതമുള്ള യൂണിറ്റുകളാക്കി, സാങ്കേതികമായി 'മുറിക്കാന്‍' തൊഴിലുടമക്ക് അവകാശമുണ്ട്... അപ്പോള്‍ തൊഴിലാളിക്ക് സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കാം. അനുമതിയില്ലാതെ പിരിച്ചുവിടാം... ലേ ഓഫ് ചെയ്യാം!

'ലേബര്‍ കോഡ് ഓണ്‍ ഇന്‍റസ്ട്രിയല്‍ റിലേഷന്‍സ് ബില്ലി'ലേതാണ് ഈ വ്യവസ്ഥകള്‍. 1926ലെ ട്രേഡ് യൂണിയന്‍ നിയമം; 1946ലെ ഇന്‍റസ്ട്രിയല്‍ എംപ്ലോയ്മെന്‍റ് നിയമം; 1947ലെ വ്യവസായ തര്‍ക്കനിയമം എന്നിവ ഏകോപിപ്പിച്ചാണ് മുകളില്‍ പറഞ്ഞ ഒറ്റ നിയമം ആക്കുന്നത്.

മൂലധനത്തിന്‍റെ പാദം കഴുകി ആ വെള്ളം കുടിക്കുന്നവരെക്കുറിച്ച് എന്തിന് അധികം പറയണം![പി ഏ ജി ലക്കം 107  പേജ് 51 ]

അതെ  ഇതാണ്,  ഈ കൊണ്ഗ്രെസ്സുകരുടെയും ബിജെപിക്കരുടെയും നേതാക്കൾ തന്നെയായ  ദേശീയ തൊഴിലാളി സംഘടനകളുടെ നേതാക്കളെ  പ്രകൊപിപിക്കുന്നത്..?ഇനി രാജ്യത്തു  തൊഴിലാളിയില്ല കൂലിയടിമ മാത്രമാകുന്നതിനെക്കുറിച്ചുള്ള ഉൽക്ക് ണ്ടയാണ് അവരെ സമരത്തിന്‌  പ്രേരിപ്പിക്കുന്നത് .ആത്മാഭിമാനമുള്ള മനുഷ്യരായി  തൊഴിലെടുക്കുന്ന  80 ശതമാനം വരുന്ന ഇന്ത്യാക്കാരെയും  കാണാത്ത കക്ഷി രക്ഷ്ട്രീയം ഞങ്ങൾക്കിനി വേണ്ടാന്ന്  പറയേണ്ടിവരുമെന്നുള്ള മുന്നറിയിപ്പാണത്... ആ മുന്നറിയിപ്പ്  തൊഴിലാളിക്ക്  മനുഷ്യാവകാശങ്ങൾ  നൽകുന്ന  രക്ഷ്ട്രീയം  സ്വീകരിക്കാനുള്ള ആഹ്വാനം  കൂടിയാണ് .. അങ്ങനെ മനസ്സിലാക്കുമ്പോൾ പണിമുടക്ക്‌ ഒരു വലിയ രക്ഷ്ട്രീയ സമരമായിതീരും.   ഇടതുപക്ഷം അത്  മനസ്സിലാക്കുന്നില്ലങ്കിൽ പിന്നെ ആരാണ് അത് മനസ്സിലാക്കേണ്ടത്..?[end]

കടപ്പാട്: People Against Globalisation/അജയൻ  

1 comment:

  1. ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണം കുറെയൊക്കെ പഴയ തൊഴിലാളി നേതാക്കള്‍ കൂടി ആണെന്ന് മറക്കരുത്.

    ReplyDelete