Sunday, August 16, 2015

ദേശീയ പണിമുടക്കിന്റെ രാഷ്ട്രീയം 2

ദേശീയ ഗവണ്‍മെന്‍റിന്‍റെ വെബ്സൈറ്റ് പരതിയാല്‍ കിട്ടുന്ന ഒരു കണക്കുണ്ട്, ഇന്ത്യന്‍ പൊതുമേഖലയിലെ സ്ഥിരം തൊഴിലുകളുടെ എണ്ണം അതിഭീകരമായ അളവില്‍ കുറഞ്ഞു വരുന്നതിന്‍റെ സ്ഥിതിവിവരക്കണക്കാണത്. ഇതില്‍ കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടുന്നില്ല എന്നുവെച്ചാല്‍ പുതിയ തലമുറയിലെ മഹാഭൂരിപക്ഷവും ഉള്‍പ്പെടുന്നില്ല!

പൊതുമേഖലയിലെ സ്ഥിരം തൊഴില്‍ശക്തി

2006-07 16.14 ലക്ഷം
2007-08 15.65 ലക്ഷം
2008-09 15.33 ലക്ഷം
2009-10 14.90 ലക്ഷം
2010-11 14.40 ലക്ഷം
2011-12 13.98 ലക്ഷം

അതായത് 6 വര്‍ഷം കൊണ്ട് 2,16,000 സ്ഥിരം തൊഴില്‍ തസ്തികകള്‍ ഇല്ലാതായി! 1988 മുതല്‍ 31.3.2012 വരെയുള്ള കാലത്ത് ഇന്ത്യന്‍ പൊതുമേഖലയില്‍ നിന്ന് നിര്‍ബന്ധിത വി. ആര്‍. എസ് നല്‍കി പിരിച്ചയക്കപ്പെട്ടവര്‍ 6.18 ലക്ഷം തൊഴിലാളികളാണ്! ഇതിങ്ങനെ സംഭവിക്കുമ്പോഴാണ് 34% തൊഴിലും താല്‍ക്കാലിക/കരാര്‍/കൂലി തൊഴിലാളികളാണ് എന്ന സത്യം നമ്മെ നോക്കി പരിഹസിക്കുന്നത്..അതായത് 13.98 ലക്ഷം സ്ഥിരം തൊഴിലാളികളുള്ള ഇന്ത്യന്‍ പൊതുമേഖലയില്‍ 4.66 ലക്ഷം പേര്‍ കരാര്‍/കൂലി തൊഴിലാളികളാണ്. അവര്‍ തീര്‍ച്ചയായും പുതിയ തലമുറക്കാര്‍ തന്നെ! ഈ വികസനരേഖയില്‍ നിങ്ങളില്ല, ശരിയല്ലേ?

2014-ല്‍ പ്രസിദ്ധീകരിച്ച കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്‍റെ ഒരു സര്‍വ്വെ ഫലം പറയുന്നത് പഠിക്കാത്തവര്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 3.7 ശതമാനമാണന്നാണ്. എന്നാല്‍ 15-29 പ്രായക്കാരായ ചെറുപ്പക്കാരായ വിദ്യാസമ്പന്നരുടെ ഇടയിലെ തൊഴിലില്ലായ്മാ നിരക്ക് അതിന്‍റെ പത്ത് മടങ്ങാണുപോലും! 36.6% ഗ്രാമീണ യുവജനങ്ങള്‍ തൊഴില്‍ രഹിതരാണെങ്കില്‍ നഗരത്തിലത് 26.5% ആണ്. നമ്മുടെ നാടിന്‍റെ വളര്‍ച്ചാനിരക്ക്, നമ്മുടെ ജീവിതത്തില്‍ പ്രതിഫലിക്കുന്നില്ല എന്നാണര്‍ത്ഥം! അവിടെയും യുവാക്കളില്ല.

ഇനിയൊരു അസോച്ചം പഠനറിപ്പോര്‍ട്ടാണുള്ളത്. 2014 ഫെബ്രുവരിയില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് നമ്മളെ ഞെട്ടിപ്പിക്കേണ്ട വാര്‍ത്ത തന്നെ. കഴിഞ്ഞ ഒറ്റ വര്‍ഷത്തെ സംഘടിതമേഖലയിലെ കരാര്‍ തൊഴിലാളികളുടെ വര്‍ദ്ധനവ് 39% ആയിരുന്നുവത്രെ! എന്നാല്‍ സ്ഥിരസ്വഭാവമുള്ള തൊഴില്‍ വളര്‍ച്ചാനിരക്ക് 25% ല്‍ താഴെ മാത്രം! "ഇന്ത്യയില്‍ താല്‍ക്കാലിക തൊഴില്‍ ഒരു സ്ഥിരം പ്രതിഭാസമാവുന്നു.. ഇന്ത്യന്‍ തൊഴില്‍ ശക്തി 'കാഷ്വലാ' വുന്നു" എന്നാണ് അസോച്ചത്തിന്‍റെ പഠനറിപ്പോര്‍ട്ടിന്‍റെ തലവാചകം തന്നെ! മുതലാളിമാര്‍ 'പഠിച്ചാലും' പഠനം സത്യം പറയും! അവിടെയും യുവജനങ്ങള്‍ കൂലിക്കാര്‍ തന്നെ!
റിപ്പോര്‍ട്ട് പറയുന്നത് ഇന്ത്യന്‍ ടെലികോം മേഖലയിലെ 60% തൊഴിലും താല്‍ക്കാലിക-കരാര്‍ പണി ആണെന്നാണ്! ഓട്ടോ മൊബൈല്‍ രംഗത്ത് 56 ശതമാനം കരാര്‍ പണിക്കാരാണുള്ളത്. നിര്‍മ്മാണം 52%; ധനകാര്യമേഖല 51%; ഐ.ടി-ബി. പി. ഓ 42%; വിനോദയാത്ര/ഹോട്ടല്‍ 35%; ഫാര്‍മ/ഹെല്‍ത്ത് കെയര്‍ 32%; വിദ്യാഭ്യാസം 54% എന്നിങ്ങനെയാണ് കൂലിതൊഴിലാളിപ്പടയുടെ കണക്ക്! ചുരുക്കത്തില്‍ ഇന്ത്യയിന്ന് കൂലിതൊഴിലാളികളുടെ നാടായി തീര്‍ന്നിരിക്കുന്നു! യുവതലമുറ കൂലിപ്പണിക്കാര്‍ മാത്രം!

കരാര്‍ തൊഴിലാളിപ്പടയില്‍ "ശാസ്ത്രകാരന്മാര്‍, ഡോക്ടര്‍മാര്‍, ബിസിനസ് മാനേജര്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ തുടങ്ങിയവരൊക്കെ ധാരാളമായുണ്ടെന്ന്" റിപ്പോര്‍ട്ട് പറയുന്നു!

അസോച്ചം സെക്രട്ടറി ജനറല്‍ ഡി. എസ്. റാവത്ത് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുകൊണ്ട് പറഞ്ഞ വാചകം നമ്മോട് 'ഗൗരവപൂര്‍വം' ചിലത് 'ചെയ്യാന്‍' പ്രേരിപ്പിക്കുന്നുണ്ട്! അത് നാം ചെയ്യുമോ എന്നത് വേറെ കാര്യം! "ഒരേ സ്വഭാവമുള്ള തൊഴിലിന് സ്ഥിരം തൊഴിലാളിക്ക് നല്‍കുന്ന കൂലിയുടെ മൂന്നിലൊന്നിലും താഴെയാണ് കരാര്‍ തൊഴിലാളിക്ക് നല്‍കുന്നത്. കരാര്‍ തൊഴിലാളിക്ക് യാതൊരു തൊഴില്‍ സുരക്ഷയുമില്ല.. ആരോഗ്യസഹായം, ഗ്രാറ്റിവിറ്റി, പ്രോവിഡന്‍റ് ഫണ്ട്, വിദ്യാഭ്യാസ സഹായങ്ങള്‍, പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷൂറന്‍സ്, അവധി ആനുകൂല്യങ്ങള്‍ തുടങ്ങിയവയൊന്നും അവര്‍ക്കില്ല..." ഇങ്ങനെയാണ്. കോര്‍പ്പറേറ്റ് ലോകം ലാഭത്തിന്‍റെ ഹിമാലയം തീര്‍ക്കുന്നതെന്ന് മാത്രം അദ്ദേഹം പറഞ്ഞില്ല! എന്നാല്‍ ആ സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്! പക്ഷേ പുതിയ തലമുറ അത് മനസിലാക്കുന്നുണ്ടോ?പഴയവരുടെ കഥ പറയാനില്ല.

കടപ്പാട്: People Against Globalisation/അജയൻ

1 comment:

  1. തൊഴില്‍ മേഖല വളരണമെങ്കില്‍ വമ്പിച്ച മുതല്‍ മുടക്കുള്ള പദ്ധതികളെ പറ്റിയുള്ള നമ്മുടെ കാഴ്ചപാട് മാറണം. പദ്ധതി കുറഞ്ഞ സമയത്തിനുള്ളില്‍ തീര്‍ക്കണം എന്നോ അതില്‍ നിന്ന് എത്ര ലാഭം കൊയ്യാം എന്നോ അല്ല ഇനി ചിന്തിക്കേണ്ടത്. ആ പദ്ധതി മൂലം എത്ര ഇന്ത്യക്കാര്‍ക്ക് സ്ഥിര ജോലിക്ക് അവസരം കിട്ടി എന്ന് കൂടി നോക്കണം. കാപിറ്റല്‍ ഗുഡ്സ് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യേണ്ടതായിട്ടുള്ള പദ്ധതികളെ ലോ പ്രയോറിടി ഗണത്തില്‍ പെടുത്തണം. സര്‍ക്കാര്‍ വക കോണ്ട്രാക്ട് എടുക്കുന്ന സ്ഥാപനങ്ങളുടെ എലിജിബിലിടി മാനദണ്ഡം പരിഗണിക്കുമ്പോള്‍ ആ സ്ഥാപനങ്ങളിലെ സ്ഥിര ജോലിക്കാരുടെ സംഖ്യയും ഒരു പ്രധാന വിഷയം ആയി എടുക്കണം. ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ചെയ്താലേ ഇന്ത്യ ഇനി രക്ഷപെടാന്‍ പോകുന്നുള്ളൂ. അധികാരികള്‍ ഉള്ള ബുദ്ധി കീശയില്‍ ഇട്ടു രാഷ്ട്രീയം കളിച്ചു നാട്ടുകാരെ രസിപ്പിക്കാതെ രാജ്യത്തിന്റെ ഗുണത്തിനു വേണ്ടി ചിന്തിക്കണം.

    ReplyDelete