Sunday, August 23, 2015

സത്യം പറയാമല്ലോ ഈ പണിമുടക്കം ഞങ്ങള്‍ ആഗ്രഹിക്കുന്നതല്ല. പക്ഷേ വേറെ എന്ത് വഴി?

ബാങ്ക്-ഇന്‍ഷൂറന്‍സ്-ടെലികോ ജീവനക്കാരും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും സ്വകാര്യമേഖലാ തൊഴിലാളികളും എല്ലാവരും ഒന്നായിച്ചേര്‍ന്നാണ് ഈ പണിമുടക്കം.
കൂലിക്കൂടുതലിനല്ല, ബോണസ് നേടാനല്ല സാമ്പത്തികാനുകൂല്യങ്ങള്‍ ഏതെങ്കിലും കിട്ടാനുമല്ല പക്ഷേ, ഇപ്പോഴെങ്കിലും ചെറുക്കാനായില്ലെങ്കില്‍, ഇനിയുമിതിങ്ങനെ തുടരാനനുവദിച്ചാല്‍ എല്ലാം പിടിവിട്ടുപോകും എന്നറിയാവുന്നതുകൊണ്ടാണ്
നാടിനു വേണ്ടി, നാട്ടാര്‍ക്കു വേണ്ടി, നമുക്കൊക്കെയും വേണ്ടി -അതില്‍ കുത്തകകള്‍ മാത്രം ഒഴിവാണ് കേട്ടോ- ശമ്പളവും കൂലിയും നഷ്ടപ്പെടുത്തി പണിമുടക്കുന്നത്. സെപ്തംബര്‍ 2  ന് രാജ്യത്ത് പണിയെടുക്കുന്നവരെല്ലാം ഒന്നിച്ച് ഒരേ ആവശ്യങ്ങളുയര്‍ത്തി പണിമുടക്കുകയാണ്. ഒത്തുചേര്‍ന്നാവശ്യപ്പെടുന്നത് നയങ്ങള്‍ തിരുത്താനാണ് നിയമങ്ങളെല്ലാം മാറ്റിയെഴുതുമ്പോള്‍, മുന്‍ഗണനകളെല്ലാം തിരുത്തിക്കുറിക്കുമ്പോള്‍, സാധാരണ മനുഷ്യര്‍ പിഴിഞ്ഞൂറ്റപ്പെടുകയാണ്. നോക്കൂ അനുഭവങ്ങള്‍. കൃഷിഭൂമി ഇനിമേല്‍ കര്‍ഷകര്‍ക്ക് കനകം വിളയിക്കാനുള്ളതല്ല, വന്‍കിടക്കാര്‍ക്ക് ലാഭമൂറ്റാനായി ഏറ്റെടുത്ത് കൊടുക്കാനുള്ള പാഴ്മണ്ണാണ്. വനഭൂമി ഇനിമേല്‍ വനവാസികള്‍ക്കുള്ളതല്ല, ഖനനക്കുത്തകകള്‍ക്ക് കുഴിച്ചൂറ്റാനുള്ളതാണ്.
കടലോരമിനി കടലിന്റെ മക്കള്‍ക്കുള്ളതല്ല കൂറ്റന്‍ ട്രോളറുടമകള്‍ക്കും റിസോര്‍ട്ടുടമകള്‍ക്കും മദിച്ചു പുളച്ചമ്മാനമാടാനുള്ളതാണ്. തൊഴില്‍ശാലകളിനിമേല്‍ തൊഴിലാളികള്‍ക്ക് പണിയെടുക്കാനുള്ളതല്ല. അടിമകളെ പണിക്ക് നിര്‍ത്തി ലാഭം കൊയ്യാനുള്ള വിയര്‍പ്പു പുരകളാണ്.

ഇന്നലെവരെ നമുക്കൊക്കെയും കിട്ടിപ്പോന്ന സേവനങ്ങള്‍ക്ക് കനത്ത വിലയാണീടാക്കുന്നത്. കുടിവെള്ളമായാലും വൈദ്യുതിയായാലും യാത്രാക്കൂലിയായാലും ടെലിഫോണായാലും ആരോഗ്യവും വിദ്യാഭ്യാസവുമടക്കം എല്ലാ കൈവിട്ടുപോവുകയാണ്. വമ്പന്‍മാര്‍ക്ക് പതിച്ചുകൊടുക്കയാണ്. അവര്‍ നമ്മെ പിഴിഞ്ഞൂറ്റുകയാണ്. പൊതുവിതരണ സമ്പ്രദായം തകര്‍ത്തെറിഞ്ഞ് വിലനിയന്ത്രണമാകെ വേണ്ടെന്നു വെച്ച് കുത്തിച്ചോര്‍ത്തുകയാണ് നമ്മുടെ മടിശ്ശീലയാകെ!

അവര്‍ കൊടുത്ത കള്ളക്കണക്കനുസരിച്ച് കുത്തകകള്‍ സര്‍ക്കാറിലേയ്ക്കടയ്‌ക്കേണ്ട നികുതിയില്‍ 5,80,000 കോടിയാണീ വര്‍ഷം വേണ്ടെന്നുവെച്ചത്. അത് വീട്ടാനായി സാധാരണക്കാരന്‍ ഫോട്ടോ സ്റ്റാറ്റെടുക്കുമ്പോഴും ടെലഫോണ്‍ ബില്ലടയ്ക്കുമ്പോഴും 14 ശതമാനം സേവന നികുതി കൊടുക്കണം.നികുതിവല പരത്തി വിരിക്കുകയാണ്. പെട്ടിക്കടക്കാരന്‍ നികുതിവലയില്‍ വമ്പന്മാര്‍ക്ക് വന്‍ ഇളവുകള്‍! എല്ലാം തലതിരിച്ചിടുകയാണ്.
തൊഴില്‍ നിയമങ്ങള്‍ മുതലാളിമാര്‍ക്ക് വേണ്ടി തിരുത്തിയെഴുതുകയാണ്. സബ്‌സിഡികളൊക്കെയും കുത്തകകള്‍ക്ക് പൊതുമേഖലയാകെ വന്‍കിടക്കാര്‍ക്ക്- എണ്ണയും പ്രകൃതിവാതകവും മാത്രമല്ല ബാങ്കിങും ഇന്‍ഷൂറന്‍സും ടെലികോമുമെല്ലാം
റിലയന്‍സിനെ പോലുള്ള കുത്തകകള്‍ക്ക് പതിച്ചുകൊടുക്കുന്നു. എണ്ണ വില അവര്‍ തീരുമാനിക്കും, വായ്പാ കുടിശ്ശിക അവര്‍ പിരിച്ചെടുക്കും.

പൊതുമേഖല തകര്‍ത്തിട്ടു വേണം അവരുടെ നായാട്ടിനത് വിട്ടുകൊടുക്കാന്‍ !! ലാഭത്തിലോടിയിരുന്ന ബി.എസ്.എന്‍.എല്ലിനെ  പരിധിക്ക് പുറത്ത് തന്നെ നിര്‍ത്താനായി കേന്ദ്ര സര്‍ക്കാര്‍ നേരിട്ടിടപെടുകയാണ്. ഉപകരണങ്ങള്‍ വാങ്ങാനനുവദിക്കുന്നില്ല. സര്‍ക്കാര്‍ കൊടുക്കാനുള്ള കാശൊന്നും കൊടുക്കുന്നുമില്ല. ഇപ്പോഴത് വിദേശ പ്രത്യക്ഷ നിക്ഷേപത്തിന് തുറന്നിടുകയാണ്.  പ്രധാനമന്ത്രിയും പ്രസിഡണ്ടും തമ്മിലുള്ള സംസാരം  വിദേശ ടെലിഫോണ്‍ കമ്പനികള്‍ വഴിയായാല്‍ കുത്തിച്ചോര്‍ത്തുക നമ്മുടെ പ്രതിരോധ രഹസ്യങ്ങളാണ്!

ഇന്‍ഷൂറന്‍സ് മേഖലയുടെ വാതിലുകള്‍ തുറന്നിട്ട് കൊടുക്കണമെന്ന ആവശ്യത്തിന്  മുപ്പതോളം വര്‍ഷത്തെ പഴക്കമുണ്ട്.ചെറുത്തുനിന്ന് തോല്‍പ്പിച്ചതാണ് 86 മുതല്‍ ! പക്ഷേ ഇപ്പോഴിതാ പുതിയ ഭേദഗതി വഴി വിദേശികള്‍ക്ക് പച്ചപ്പരവതാനി വിരിക്കുന്നു!! എല്‍.ഐ.സിക്ക് സര്‍ക്കാര്‍ നല്‍കുന്ന സോവറിന്‍ ഗ്യാരണ്ടി വേണ്ടെന്നു വെക്കണം പോല്‍! വിദേശ കമ്പനികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനത്തോട് മത്സരിക്കാന്‍ ലവല്‍പ്ലേയിങ്ങ് ഫീല്‍ഡ് ഒരുക്കണമത്രെ!

നമ്മുടെ പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നു; സ്വകാര്യബാങ്കുകളെ വിദേശവല്‍ക്കരിക്കുകയാണ് അതും പോരാഞ്ഞ്, കോര്‍പ്പറേറ്റുകള്‍ക്കൊക്കെ ബാങ്ക് തുറക്കാന്‍ അനുവാദം. ബാങ്കുകളില്‍ ഇനി ചെറുകിട വായ്പകളില്ല.
അതിനായി മൈക്രോ ക്രെഡിറ്റ് സംവിധാനം. പലിശ എത്രയുമാവാം, അത് ചന്തക്ക് വിടും. സാധാരണക്കാര്‍ക്ക് ഇനി ബാങ്കുകള്‍ അപ്രാപ്യം! അതു മറച്ചുപിടിക്കാന്‍ 'ജന്‍ധന്‍'! ആര്‍ക്കും എക്കൗണ്ട് തുറക്കാം.
''എന്റെ അക്കൗണ്ട് എന്റെ അഭിമാനം''- പണ്ട് സോണിയ തുടങ്ങിയ തട്ടിപ്പ് ഇപ്പോള്‍ മോഡി സ്വന്തം പേരിലാക്കുന്നു.

വൈദ്യുതി മേഖലയും വാട്ടര്‍ അഥോറിറ്റിയും മാത്രമല്ല നമുക്ക് സേവനങ്ങള്‍ നല്‍കിപ്പോരുന്ന എല്ലാ സ്ഥാപനങ്ങളും ഒന്നിച്ചു പതിച്ചു കൊടുക്കുകയാണ് വന്‍മുതലാളിമാര്‍ക്ക് ! ഇനിയും കാണികളായി നോക്കി നില്‍ക്കാനാവുമോ?
നമ്മുടെ ഖജനാവിലേക്ക് ചെല്ലേണ്ട ലാഭവിഹിതം സ്വകാര്യ മുതലാളിമാരുടെ കീശവീര്‍പ്പിക്കാനെറിഞ്ഞുകൊടുത്താല്‍ നാളെ നികുതിപ്പണമായി നമ്മളില്‍ നിന്നു തന്നെ അത്രയും തുക കവര്‍ന്നെടുക്കും. അതുകൊണ്ടു തന്നെ പൊതുമേഖല സംരക്ഷിക്കേണ്ട ബാധ്യത സാധാരണക്കാരായ നമ്മുടേതാണ്. ഇത് തിരിച്ചറിഞ്ഞ് പ്രതിരോധം തീര്‍ത്ത യൂണിയനുകളെ പൊളിച്ചടക്കാനാണ് സര്‍ക്കാര്‍ നീക്കം. അതിനായാണ് തൊഴില്‍ നിയമ ഭേദഗതികള്‍.പണിമുടക്കവകാശമടക്കം നിരോധിക്കുകയാണ്! പണിമുടക്കിയാല്‍ പിഴകൊടുക്കണമത്രെ! നിക്ഷേപകരെ ആകര്‍ഷിക്കാനാണത്രെ ഇത്! കേട്ടിട്ടില്ലേ, മാരുതിയിലെ തൊഴിലാളികളില്‍ 147 പേര്‍ ജയിലിലായിട്ട് വര്‍ഷങ്ങളായി .ജാമ്യമനുവദിക്കാത്തതിന് കോടതി പറഞ്ഞ ന്യായം വിദേശ നിക്ഷേപകര്‍ പേടിച്ച് പിന്മാറാതിരിക്കാനാണ് എന്ന്! തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികള്‍ക്ക് വേണ്ടിയല്ല മുതലാളിമാരെ സഹായിക്കാനാണെന്നു വന്നാല്‍ അതനുവദിച്ച് കൊടുക്കാനാവുമോ? അതുകൊണ്ട് തന്നെയാണീ പണിമുടക്കം.

5 മത്തിക്ക് 50 രൂപ വിലയുള്ളപ്പോള്‍ മിനിമം കൂലി ദിവസം 500 രൂപ എങ്കിലുമാവേണ്ടേ? ആവണമെന്ന് മുഴുവന്‍ തൊഴിലാളിയൂണിയനുകളും !! ആവില്ലെന്നും, ആക്കില്ലെന്നും ഉടമകള്‍ !!!ആകയാല്‍ 15000 രൂപ മിനിമം കൂലി
പ്രതിമാസം വേണമെന്നാണാവശ്യം

ഇതില്‍ സര്‍ക്കാര്‍ എവിടെ നില്‍ക്കണം? ഈ സര്‍ക്കാര്‍ ഉടമകള്‍ക്കൊപ്പം. അച്ഛാ ദിന്‍ ആയാ ഹൈ എന്ന് ഉടമകള്‍!!!

ഇവിടെ ആര്‍ക്കാണ് കൂലിക്കുറവെന്ന് പലര്‍ക്കും സംശയം? മറന്നു പോവേണ്ട - നിങ്ങളുടെ വീട്ടില്‍ ആരോഗ്യകാര്യമന്വേഷിച്ച് വരുന്ന ആശാ വര്‍ക്കര്‍ക്ക് ദിവസക്കൂലി 20 രൂപയാണ്. 600 രൂപ ഓണറേറിയം ! കഷ്ടം തോന്നിയിട്ട് കാര്യമില്ല.
പറ്റുമെങ്കില്‍ പണിമുടക്കിനൊപ്പം ചേരൂ. സര്‍ക്കാര്‍ യുദ്ധ പ്രഖ്യാപനം നടത്തുകയാണ്.  തൊഴിലാളികളോട്, കര്‍ഷകരോട്,  കര്‍ഷകതൊഴിലാളികളോട്, യുവജനങ്ങളോട്, തൊഴില്‍ രഹിതരോട് തൊഴില്‍രഹിതനു നേരെ വാതില്‍ കൊട്ടിയടക്കുകയാണ്. കരാര്‍ തൊഴില്‍ പെരുകുന്നു. സ്ഥിരം ജോലി ഇല്ലാതാവുന്നു. അതിനു പുറമെ ഫിക്‌സഡ് ടേം അപ്പോയ്‌മെന്റ് എന്ന പേരില്‍ പുതിയൊരു തൊഴില്‍ രീതിക്ക് പച്ചക്കൊടികാട്ടി മുതലാളിമാരെ സഹായിക്കുകയാണ് സര്‍ക്കാര്‍ !
ഇതൊക്കെ കണ്ടും കേട്ടും കണ്ണും പൂട്ടിയിരിക്കാം. രാമനാമം ചൊല്ലി ജപിച്ചിരിക്കാം. അല്ലാഹുവിലും കര്‍ത്താവിലും എല്ലാം സമര്‍പ്പിച്ച് കാത്തിരുന്നാല്‍ തീരാ ദുരിതങ്ങളിലേക്കാണ് കണ്‍തുറക്കുക. ആകയാല്‍ ഇപ്പോള്‍, ഇപ്പോള്‍ തന്നെ ഒന്നിച്ചുനിന്നെതിരിടുകയാണ് തൊഴിലാളികള്‍! പണിയെടുക്കുന്നവരുടെ പ്രശ്‌നം മാത്രമല്ല പണിയില്ലാതാകുന്നവരുടെയും പണികിട്ടാത്തവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെയൊക്കെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുകയാണ് തൊഴിലാളികള്‍ !
ജാതിയും മതവും രാഷ്ട്രീയവും  മറന്ന് പണിയെടുക്കുന്നവരാകെ ഒന്നിച്ചുപറയുന്നു: കിട്ടില്ലിതിനു ഞങ്ങളെ; തിരുത്തൂ നയങ്ങള്‍ നിങ്ങള്‍ ! ഉടമവര്‍ഗത്തിനെതിരായാണ് പോരാട്ടം നയങ്ങള്‍ തിരുത്തിക്കാന്‍ ! ആ നയങ്ങള്‍ക്ക് പിന്നിലുള്ള രാഷ്ട്രീയം തിരിച്ചറിഞ്ഞ് തൊഴിലാളി വര്‍ഗ രാഷ്ട്രീയമുയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യയില്‍ പണിയെടുക്കുന്നവരൊന്നാകെ ഒന്നിച്ചു കണ്ണിചേരുകയാണീ പണിമുടക്കില്‍ ! ആരു തന്നെ ആയിക്കൊള്ളട്ടെ നിങ്ങള്‍ - വന്‍കിടകുത്തകയോ ഭൂപ്രഭുവോ അല്ലെങ്കില്‍ -
ഞങ്ങള്‍ നിങ്ങളുമായി ഐക്യപ്പെടുന്നു !! പോരാടുന്നത് നിങ്ങള്‍ക്ക് വേണ്ടിക്കൂടിയാണ്. ഒരു പക്ഷേ നിങ്ങളില്‍പ്പലരും അത് തിരിച്ചറിയുന്നില്ലെങ്കിലും ! വരൂ, ഞങ്ങള്‍ക്കൊപ്പം ചേരൂ ഇതല്ലാതെ വേറെയില്ല മാര്‍ഗം !

സപ്തംബര്‍ 2 പണിമുടക്കം വിജയിപ്പിക്കുക !!

*
എ.കെ.രമേശ്
കടപ്പാട്: befi trivandrum facebook

No comments:

Post a Comment