Sunday, October 23, 2016
വിലാസിനിച്ചേച്ചി ഓര്‍ക്കുന്നു; കൂലിക്കുവേണ്ടി നടത്തിയ സമരങ്ങള്‍
'പാടം ഞങ്ങടെ വീടാണേ,
കതിര്‍മണി ഞങ്ങടെ സ്വത്താണേ
വിയര്‍പ്പൊഴുക്കാതൂണുകഴിക്കും, വമ്പന്മാരേ ജന്മികളേ
ദൈവംകൊണ്ടുത്തന്നതാണോ, സേഫിലിരിക്കും ആധാരം...'
1967ല്‍ എറണാകുളത്തും പരിസരപ്രദേശങ്ങളിലും നടന്ന മിച്ചഭൂമിസമരത്തില്‍ പങ്കെടുത്തപ്പോള്‍ ഏറ്റുചൊല്ലിയ മുദ്രാവാക്യങ്ങള്‍ ഒരുവരിപോലും മറന്നിട്ടില്ല കര്‍ഷകത്തൊഴിലാളിയായ വിലാസിനി. ഏഴാംവയസ്സില്‍ അമ്മ കുറുമ്പയ്ക്കൊപ്പം പാടത്തു പണിക്കിറങ്ങിയ കലൂര്‍ കണിയാംപടിത്തുണ്ടി കെ കെ വിലാസിനിയെന്ന വിലാസിനിച്ചേച്ചിയുടെ ഓര്‍മകളില്‍ ഇന്നും അന്നത്തെ സമരവും മുദ്രാവാക്യംവിളികളും പച്ചപിടിച്ചുനില്‍ക്കുന്നു. മിച്ചഭൂമി സമരം മാത്രമല്ല, 1960കളിലും എഴുപതുകളുടെ തുടക്കത്തിലും കര്‍ഷകത്തൊഴിലാളികള്‍ കൂലിക്കൂടുതലിനും ജോലിക്കും എട്ടിലൊന്ന് പതത്തിനുമായി നടത്തിയ ഒട്ടേറെ സമരങ്ങളില്‍ പങ്കെടുത്തതിന്റെ ഓര്‍മകളില്‍ വിലാസിനിച്ചേച്ചിയുടെ മനസ്സില്‍ ഇരമ്പിയെത്തുന്നു. കെഎസ്‌കെടിയു 21–ാം സംസ്ഥാനസമ്മേളനത്തിന് ജില്ല വേദിയാകാനൊരുമ്പോള്‍ വിലാസിനിയുടെ സ്മരണകള്‍ക്ക് തിളക്കമേറുകയാണ്.
പരമ്പരാഗത കര്‍ഷകത്തൊഴിലാളികളായിരുന്നു വിലാസിനിയുടെ അമ്മയും അച്ഛനും. അമ്മയ്ക്കൊപ്പം വിലാസിനിയും ഏഴാം വയസ്സില്‍ പാടത്ത് പണിക്കിറങ്ങി. ഞാറുനടാനും കളപറിക്കാനും കൊയ്യാനും മെതിക്കാനുമെല്ലാം ജില്ലയുടെ പല ഭാഗത്തുമെത്തി. കണ്ണെത്താദൂരത്ത് പരന്നുകിടന്ന കലൂര്‍ പുഞ്ചയിലും കതൃക്കടവിലും എളംകുളത്തും മനയ്ക്കപ്പാടത്തും മാമംഗലത്തും ചിറ്റൂരിലും വയലാര്‍പാടത്തുമൊക്കെ കൃഷിപ്പണിക്കിറങ്ങി. കുഞ്ഞുനാള്‍മുതല്‍ കര്‍ഷകത്തൊഴിലാളി യൂണിയനിലും ചേര്‍ന്നു. 1957ല്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ രൂപീകരിച്ചതുമുതല്‍ അതില്‍ അംഗവുമായി. യൂണിയന്റെ കണയന്നൂര്‍ താലൂക്ക് കമ്മിറ്റി അംഗംവരെയായി.
1967ലാണ് എറണാകുളത്തും പരിസരങ്ങളിലും മിച്ചഭൂമിക്കായി തൊഴിലാളികളുടെ സമരം തുടങ്ങിയതെന്ന് വിലാസിനി ഓര്‍ക്കുന്നു. 80 ദിവസം നീണ്ട സമരം. ദിവസവും വിലാസിനിയും മകള്‍ കുഞ്ഞുമോളും സമരത്തില്‍ പങ്കെടുത്തു. സമരം അവസാനിക്കുന്ന ദിവസം കാക്കനാടിനു സമീപമുള്ള തെങ്ങോട് യൂണിയന്‍ നേതാക്കള്‍ക്കൊപ്പം മിച്ചഭൂമിയില്‍ കടന്നുകയറി ചെങ്കൊടി നാട്ടിയതു പറയുമ്പോള്‍ വിലാസിനിയുടെ വാക്കുകളില്‍ ആവേശം. കെ എ ഉമ്മര്‍, കോരു, കര്‍ഷകത്തൊഴിലാളികളായ രാഘവന്‍, ഗോപാലന്‍ എന്നിവരായിരുന്നു സമരത്തിന്റെ നേതൃനിരയില്‍.
മുമ്പൊക്കെ പാടത്ത് പണിയെടുപ്പിക്കാന്‍ ഒരു മൂപ്പനുണ്ടാകും. അന്തിക്ക് വരമ്പത്ത് 12 അണ കൂലിയുമായി മൂപ്പനെത്തും. കൂലി കൂട്ടണമെന്നു പറഞ്ഞ് ആരംഭിച്ച സമരം തകര്‍ക്കാന്‍ ജന്മിയുടെ ആളുകള്‍ പല അടവുകളുമെടുത്തു. പുറത്തുനിന്ന് കുറഞ്ഞ കൂലിക്ക് ആളെയിറക്കാന്‍ നോക്കിയത് തൊഴിലാളികളെത്തി തടഞ്ഞു. ഒടുവില്‍ കൂലി കൂട്ടി. എട്ടിലൊന്ന് പതം വേണമെന്ന ആവശ്യവും ആദ്യം നിഷേധിച്ചു. പത്തിലൊന്ന് തരാമെന്ന് ഭൂവുടമകള്‍. പറ്റില്ലെന്ന് തൊഴിലാളികളും. കൂട്ടായ പോരാട്ടത്തിനൊടുവില്‍ അതും വിജയംകണ്ടു.
ട്രാക്ടറിറക്കലിനെതിരായ സമരത്തിലും മുന്‍നിരയിലുണ്ടായിരുന്നു വിലാസിനി. 1960ലായിരുന്നു ആ സമരം. മകരക്കൊയ്ത്തു കഴിഞ്ഞ് അടുത്ത കൃഷിക്കായി നിലമൊരുക്കാന്‍ തൊഴിലാളികളെ ഒഴിവാക്കി ട്രാക്ടര്‍ ഇറക്കാന്‍ തീരുമാനിച്ചു. യന്ത്രമിറക്കിയപ്പോള്‍ പറ്റില്ലെന്നുപറഞ്ഞ് യന്ത്രത്തിനു മുന്നില്‍ കയറിനിന്നുതടുത്തു വിലാസിനിയും കൂട്ടരും. പൊലീസിന്റെ മര്‍ദനത്തിനും ഇരയായിട്ടുണ്ട്. 1974ല്‍ എറണാകുളത്ത് അരി പൂഴ്ത്തിവച്ചതറിഞ്ഞ് അത് പിടിച്ചെടുത്ത് വിതരണംചെയ്യുമ്പോഴാണ് പൊലീസ് മര്‍ദനം.
എറണാകുളം–കോട്ടയം റെയില്‍പ്പാതയ്ക്കായി സ്ഥലം നികത്തിയതോടെയാണ് നഗരത്തില്‍ കൃഷി നിലച്ചതെന്ന് വിലാസിനി കൂട്ടിച്ചേര്‍ക്കുന്നു. അക്കൊല്ലം വെള്ളക്കെട്ടുണ്ടായി കൃഷിയാകെ നശിച്ചു. പാടത്ത് കൃഷിയില്ലാതായി. കൃഷി നശിച്ച പാടത്ത് ഇപ്പോള്‍ വിളയുന്നത് ഫ്ളാറ്റുകളാണല്ലോയെന്ന് വിലാസിനിച്ചേച്ചി പറഞ്ഞുനിര്‍ത്തി.
മഞ്ജു കുട്ടികൃഷ്ണന്‍
കടപ്പാട് ദേശാഭിമാനി Saturday Oct 22, 2016
Labels:
പോരാട്ടം
Subscribe to:
Post Comments (Atom)
No comments:
Post a Comment