Tuesday, October 25, 2016

ആദിവാസിപ്രശ്നവും ഇടതുപക്ഷവും

ആദിവാസി പ്രശ്നങ്ങളില്‍ ഇടതുപക്ഷം സ്വീകരിക്കുന്ന പ്രതിബദ്ധമായ നിലപാടുകളെ കുറച്ചുകാണിക്കാനും ഇടതും വലതുമൊക്കെ ഒരുപോലെയാണെന്ന് വരുത്തിതീര്‍ക്കാനുമുള്ള ആസൂത്രിതമായ നീക്കങ്ങളാണ് കോണ്‍ഗ്രസും ബി.ജെ.പിയും ഒരു വിഭാഗം മാധ്യമങ്ങളും കഴിഞ്ഞ കുറേക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കുത്തിപ്പൊക്കുന്ന കോണ്‍ഗ്രസും ബി.ജെ.പിയും തങ്ങള്‍ അടിച്ചേല്‍പിച്ച നവലിബറല്‍ നയങ്ങളുടെ ദുരന്തപരിണതിയാണ് ആദിവാസികളുടെ വംശഹത്യ എന്നകാര്യം ബഹളങ്ങള്‍ സൃഷ്ടിച്ച് മറച്ചുപിടിക്കുകയാണല്ലോ.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നമ്മുടെ പൊതുബോധവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഭാഷയിലെ വരേണ്യധാരണകളെക്കുറിച്ചുള്ള എന്റെ എഫ്.ബി പോസ്റ്റും ഇത്തരം വിവാദങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടാനായി തെറ്റായി എടത്ത് ഉദ്ധരിക്കുന്ന നിര്‍ഭാഗ്യകരമായ സാഹചര്യവും ഉണ്ടായി. തന്റെ നിയമസഭാ മറുപടിയില്‍ ബോധപൂര്‍വം ആദിവാസികളെ അധിക്ഷേപിക്കുന്ന ഒന്നുമില്ലെന്നും സ്പീക്കര്‍ക്ക് പ്രതിപക്ഷനേതാവിന്റെ സാന്നിധ്യത്തില്‍ അത് പരിശോധിക്കാവുന്നതേയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കിയിട്ടും വിവാദം കത്തിച്ചുപിടിക്കാനാണ് യു.ഡി.എഫ് നേതൃത്വം വൃഥാ ശ്രമിക്കുന്നത്.


1940 കളില്‍ മഹാരാഷ്ട്രയിലെ ആദിവാസികളുടെ യോഗത്തില്‍ സംസാരിക്കുന്ന ഗോദാവരി പരുലേക്കര്‍1940 കളില്‍ മഹാരാഷ്ട്രയിലെ ആദിവാസികളുടെ യോഗത്തില്‍ സംസാരിക്കുന്ന ഗോദാവരി പരുലേക്കര്‍

വിവാദങ്ങള്‍ സൃഷ്ടിച്ച് വസ്തുതകളെയും ശരിയായ രാഷ്ട്രീയ സംവാദങ്ങളെയും അസാധ്യമാക്കുക എന്നതാണ് എക്കാലത്തെയും വലതുപക്ഷ രാഷ്ട്രീയ തന്ത്രം. ഇതില്‍ നിന്നു വ്യത്യസ്തമായി ആദിവാസികള്‍ നേരിടുന്ന വംശഹത്യ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാനുള്ള അടിസ്ഥാനപരമായ രാഷ്ട്രീയ ഭരണസമീപനമെന്ത് എന്നതാണ് സാമൂഹ്യനീതിക്കും ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളുന്ന എല്ലാവിഭാഗം ജനങ്ങളും ആലോചിക്കേണ്ടത്. കോണ്‍ഗ്രസും ബി.ജെ.പിയും ആദിവാസി സമൂഹങ്ങളെ എക്കാലത്തും വേട്ടയാടുകയാണ് ചെയ്തത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ആദിവാസികള്‍ക്കു നേരെ നിറയൊഴിച്ചത് യു.ഡി.എഫ് സര്‍ക്കാരാണ്. മുത്തങ്ങയില്‍ പിടഞ്ഞുമരിച്ച ജോഗിയുടെ അനാഥമായ കുടുംബത്തിന് സഹായം നല്‍കിയത് എല്‍.ഡി.എഫ് സര്‍ക്കാരായിരുന്നു. കേരളത്തില്‍ വലിയ ആദിവാസി പ്രേമം ചമയുന്ന ബി.ജെ.പിയുടെ ഝാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ ദഡികലയില്‍ കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് 6 ആദിവാസികളെയാണ് വെടിവെച്ചുകൊന്നത്. കുടിയാന്‍ നിയമവും ഭരണഘടനയുടെ ആദിവാസി സംരക്ഷണ വ്യവസ്ഥകളും കാറ്റില്‍പറത്തി ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെയാണ് ബി.ജെ.പി സര്‍ക്കാര്‍ നിറയൊഴിച്ചത്.

കേരളം നേടിയ സാമൂഹ്യപുരോഗതിയുടെയും ജീവിതഗുണനിലവാരിത്തിന്റെയും നേട്ടങ്ങള്‍ ഇനിയുമെത്തിയിട്ടില്ലാത്ത ദളിത്–ആദിവാസി–മത്സ്യത്തൊഴിലാളി വിഭാഗങ്ങളടങ്ങുന്ന നമ്മുടെ ജനസംഖ്യയില്‍ 32 ശതമാനത്തോളം വരുന്ന ദുര്‍ബലജനവിഭാഗങ്ങളുടെ പരിരക്ഷയും പുരോഗതിയും ലക്ഷ്യംവെച്ചുള്ള വികസനകാഴ്ചപ്പാടാണ് ഇടതുപക്ഷജനാധിപത്യ മുന്നണി ഗവണ്‍മെന്റ് മുന്നോട്ടുവെച്ചിട്ടുള്ളത്. ഭൂപരിഷ്കരണം തൊട്ട് സാര്‍വത്രിക വിദ്യാഭ്യാസവും സാമൂഹ്യക്ഷേമപെന്‍ഷനുകളും വരെയുള്ള കേരളവികസനത്തിന്റെ അടിസ്ഥാനമായി വര്‍ത്തിച്ച നയപരിഷ്കാരങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് ഇടതുപക്ഷവും കമ്യൂണിസ്റ്റുപാര്‍ടിയുമാണ്. കൊളോണിയല്‍ ഭൂനയങ്ങള്‍ ദൃഢീകരിച്ച ബ്രഹ്മസ്വം–ദേവസ്വം ഭൂവുടമാബന്ധങ്ങളെ പരിവര്‍ത്തനപ്പെടുത്തിയതും ജാതിജന്മിത്വത്തിന്റെ അധീശത്വത്തിന് അന്ത്യം കുറിച്ചതും ഇ.എം.എസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ നടപടികളായിരുന്നു.

സമൂഹത്തിലെ ഏറ്റവും ദുര്‍ബലരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ആദിവാസി വിഭാഗങ്ങളുടെ അതിജീവനത്തിനുള്ള നയസമീപനം കഴിഞ്ഞകാല വികസനാനുഭവങ്ങളെയും ആഗോളവല്‍ക്കരണം സൃഷ്ടിച്ച പുതിയ സാഹചര്യങ്ങളെയും പരിശോധിച്ചുകൊണ്ട് നാലാം കേരളപഠനകോണ്‍ഗ്രസ് മുന്നോട്ടുവെക്കുകയുണ്ടായി. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഈയൊരു നയപരിപ്രേക്ഷ്യത്തില്‍ നിന്നാണ് ആദിവാസി സമൂഹം നേരിടുന്ന ഭൂപ്രശ്നമടക്കമുള്ളവയ്ക്ക് പരിഹാരം തേടാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാരും പട്ടികജാതി/പട്ടികവകുപ്പ് മന്ത്രിയും വളരെ പ്രതിബദ്ധതയോടെയാണ് ആദിവാസികള്‍ നേരിടുന്ന വംശഹത്യ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും അധികാരത്തിലിരുന്ന ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തെക്കാളും ദളിത് ആദിവാസി വിഭാഗങ്ങളുടെ ജീവിതം കേരളത്തില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നുള്ളതും ഒരു യാഥാര്‍ത്ഥ്യമാണ്. നവലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ച് അടിച്ചേല്‍പ്പിക്കപ്പെടുന്ന കോര്‍പ്പറേറ്‌റ്വല്‍ക്കരണവും ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള സാമൂഹ്യ സുരക്ഷാപദ്ധതികളുടെയും സബ്സിഡി സഹായങ്ങളുടെയും വെട്ടിക്കുറക്കലും ഏറ്റവും തീക്ഷ്ണമായി ബാധിക്കുന്നത് ആദിവാസി സമൂഹങ്ങളെയാണ്.

ഇടതുപക്ഷത്തിന്റെ ആദിവാസി ഉന്നമനവും ശാക്തീകരണവും ലക്ഷ്യംവെച്ചുള്ള ഇടപെടലുകള്‍ എല്ലാകാലത്തും വലതുപക്ഷശക്തികളെ പരിഭ്രാന്തമാക്കിയിട്ടുണ്ട്. നവലിബറല്‍ നയങ്ങളുടെയും ഭൂമാഫിയകളുടെയും താല്പര്യമനുസരിച്ചാണല്ലോ ആദിവാസിവിരുദ്ധ നടപടികള്‍ കോണ്‍ഗ്രസും ബി.ജെ.പിയും എല്ലാകാലത്തും സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ പൊതുസമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ നിന്ന് വളരെ സവിശേഷമായ നിരവധി പ്രശ്നങ്ങള്‍ ആദിവാസി ജനത നേരിടുന്നുണ്ട്. ആഗോളവല്ക്കരണം സൃഷ്ടിച്ച വ്യത്യസ്ത സ്വത്വവിഭാഗങ്ങളുടെ വേരറുക്കുന്നതും ഭാവിരഹിതവുമായ വികസനയങ്ങളുടെ ഇരകളാണ് വയനാട്ടിലെയും അട്ടപ്പാടിയിലെയുമെല്ലാം ആദിവാസികള്‍.

പട്ടിണിയും പോഷകാഹാരക്കുറവുമാണ് അട്ടപ്പാടിയിലെ നവജാത ശിശുക്കളുടെ മരണത്തിന് കാരണമാകുന്നത്. അതേപോലെ വയനാട്ടില്‍ വ്യാപകമാകുന്ന സിക്കിള്‍സെല്‍ അനീമിയക്ക് കാരണം തലമുറകളായ പോഷകാഹാരക്കുറവാണ്. ഇത് കേവലമായ ആരോഗ്യപരിപാലനപ്രശ്നം മാത്രമല്ല. ആദിവാസിമേഖലകളിലെ അടിസ്ഥാന ഉല്പാദനമേഖലകളിലെ തകര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. അട്ടപ്പാടിയെക്കുറിച്ചുള്ള എല്ലാ പഠനങ്ങളും ഒരേപോലെ ചൂണ്ടിക്കാണിക്കുന്നത് പരമ്പരാഗതമായ ധാന്യ–പയര്‍ കൃഷിയുടെ തകര്‍ച്ചയാണ് ഭക്ഷ്യക്ഷാമവും പോഷകാഹാരക്കുറവും വ്യാപകമാക്കിയത്. ഈ മേഖലയിലെ അവസ്ഥ വളരെ ആപല്‍ക്കരമാണെന്നാണ് പഠനങ്ങളെല്ലാം വിലയിരുത്തിയിട്ടുള്ളത്.

നാലാം അന്താരാഷ്ട്രപഠനകോണ്‍ഗ്രസ് മുന്നോട്ടുവെച്ച രേഖയില്‍ ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ പല ആദിവാസി വിഭാഗങ്ങളും വംശഹത്യ നേരിടുമെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈയൊരവസ്ഥയെ പ്രതിരോധിക്കാന്‍ സംയോജിതമായ ഇടപെടലുകള്‍ ഉണ്ടാവണം. ഇതിന് പരമ്പരാഗത കൃഷിരീതികളും ആധുനിക കൃഷിരീതികളും ആദിവാസികള്‍ക്ക് സ്വീകാര്യമായ രീതിയില്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള പദ്ധതി നടപ്പാക്കണം. അതിന് ആദിവാസികള്‍ക്ക് ഭൂമി ഉറപ്പുവരുത്തണം. അവരെ കൃഷിക്കാരായി മാറ്റാനുള്ള പദ്ധതികള്‍ ശാസ്ത്രീയമായി ആവിഷ്കരിച്ച് നടപ്പിലാക്കണം. നീര്‍ത്തട വികസനം, ജലസേചന സൌകര്യങ്ങള്‍, വനനദി സംരക്ഷണം തുടങ്ങി ഹ്രസ്വകാല ദീര്‍ഘകാല പദ്ധതികള്‍ ഇതിനായി ആവിഷ്കരിക്കണം. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് ഊരുകൂട്ടങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി സംഘടിപ്പിക്കണം. ആദിവാസിയുടെ  പ്രശ്നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കാണാനുള്ള, ആദിവാസി കേന്ദ്രീകൃതമായ വികസന പരിപ്രേക്ഷ്യം രൂപപ്പെടുത്തുകയാണ് ഇടതുപക്ഷം ചെയ്തത്. ഈയൊരു പരിപ്രേക്ഷ്യത്തില്‍ നിന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്.


വയനാട്ടിലെ ആദിവാസി സമര ഭൂമിയില്‍ വൃന്ദ കാരാട്ട് വയനാട്ടിലെ ആദിവാസി സമര ഭൂമിയില്‍ വൃന്ദ കാരാട്ട്

കേരളത്തില്‍ ചില പഠനങ്ങള്‍ അനുസരിച്ച് നാല്‍പത്തിയെട്ടോളം ആദിവാസി സമൂഹങ്ങളുണ്ട്. 2011–ലെ സെന്‍സസ് കണക്കനുസരിച്ച് 35 ആദിവാസി വിഭാഗങ്ങളുണ്ട്. 1961–ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ആദിവാസി ജനസംഖ്യ 2,64,356 ആയിരുന്നു. 1981–ല്‍ 2,61,475 ആയി കുറഞ്ഞു. പുതിയ കണക്കനുസരിച്ച് ആദിവാസി ജനസംഖ്യ 1,46,000 ആയി കുറഞ്ഞിരിക്കുകയാണ്. ഈ കണക്കുകാണിക്കുന്നത് ആദിവാസി സമൂഹം നേരിടുന്ന വംശനാശ ഭീഷണിയാണ്. 1990–കള്‍ക്കുശേഷം നടപ്പാക്കിയ നിയോലിബറല്‍ നയങ്ങള്‍ ഇതിന് ആക്കം കൂട്ടുകയാണ് ചെയ്തിരിക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ആദിവാസികളെ വംശഹത്യയലേക്ക് നയിക്കുന്ന കോണ്‍ഗ്രസും ബി.ജെ.പിയും അടിച്ചേല്‍പ്പിക്കുന്ന നിയോലിബറല്‍ നയങ്ങള്‍ക്കെതിരായുള്ള സമരം ശക്തിപ്പെടുത്തേണ്ടതുണ്ട്. കേരളം പോലെ തങ്ങള്‍ അധികാരത്തിലിരിക്കുന്ന പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന കേന്ദ്രഘടനയുടെ പരിമിതികള്‍ക്കകത്തുനിന്നും ആദിവാസികളുടെ അതിജീവനത്തിനും പുരോഗതിക്കും ആവശ്യമായ ബദല്‍ നയങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുകയും വേണം.

ഇടതുപക്ഷ സര്‍ക്കാരുകളുടെ ഭരണകാലത്താണ് ആദിവാസികളുടെ ഭൂമി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടായത്. യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോഴെല്ലാം പൊതുവിതരണത്തെ ദുര്‍ബലപ്പെടുത്തി ഭക്ഷ്യലഭ്യത ഇല്ലാതാക്കുകയാണ് ചെയ്തത്. അതേപോലെ ആദിവാസി സമരങ്ങളുടെ ഭാഗമായി രൂപപ്പെട്ട എല്ലാ കരാറുകളും വന്‍കിട തോട്ടമുടമകള്‍ക്കും ഭൂമാഫിയകള്‍ക്കും വേണ്ടി നടപ്പാക്കാതിരിക്കുകയാണ് അവര്‍ ചെയ്തത്.
ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് ആദിവാസികളുടെ അതിജീവനത്തിനും പുരോഗതിക്കും ആവശ്യമായ രീതിയില്‍ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കാനും ആദിവാസി മേഖലകളുടെ പരിസ്ഥിതിയെ ഹനിക്കാത്ത തരത്തില്‍ ഊരുകളെ പൊതുജീവിതവുമായി ബന്ധിപ്പിക്കുന്ന റോഡുകളും ഗതാഗത സൌകര്യങ്ങളും രൂപപ്പെടുത്താനാണ് നോക്കുന്നത്.

സ്വാഭാവികമായ നീരൊഴുക്കുകളെ സംരക്ഷിച്ചുകൊണ്ട് മഴവെള്ള സംഭരണികള്‍ തീര്‍ത്തും ഊരുകള്‍ക്ക് ജലസ്വയംപര്യാപ്തത ഉണ്ടാക്കണം. ആദിവാസികളുടെ പാര്‍പ്പിടപ്രശ്നം അട്ടപ്പാടിയിലെ അഹാഡ്സ് മാതൃകയില്‍ ഭവനനിര്‍മ്മാണ പദ്ധതി ആവിഷ്കരിക്കണം. ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നടക്കുന്ന അഴിമതി പൂര്‍ണമായി അവസാനിപ്പിക്കണം അതിനായുള്ള സോഷ്യല്‍ ഓഡിറ്റിംഗ് സമ്പ്രദായം രൂപീകരിക്കണം.

ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമിയെങ്കിലും എല്ലാവര്‍ക്കും ലഭ്യമാക്കണം. തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കി അതത് പ്രദേശത്തെ ഗ്രാമപഞ്ചായത്തുകള്‍ ആദിവാസികള്‍ക്കു നല്‍കണം. തോട്ടം മേഖലയില്‍ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ കൃഷിക്ക് ഉപയോഗപ്പെടുത്തണം. 2005–ലെ വനാവകാശ നിയമം ശാസ്ത്രീയമായി നടപ്പിലാക്കണം. ജലസേചന സൌകര്യമുള്ള ഭൂമി ആദിവാസികള്‍ക്ക് ഉറപ്പുവരുത്തണം. കൈയേറ്റക്കാരെ ഒഴിപ്പിക്കണം. നിയമവിരുദ്ധമായി കൈവശംവെച്ചിരിക്കുന്ന ആദിവാസി ഭൂമി തിരിച്ചെടുക്കണം. തൊഴില്‍, വിദ്യാഭ്യാസം ആരോഗ്യം പോഷകാഹാരം ഇതെല്ലാം ഉറപ്പുവരുത്താന്‍ കഴിയുന്ന നിരന്തരമായ ഇടപെടലുകളും അതിനാവശ്യമായ അഡ്‌മിനിസ്ട്രേറ്റീവ് സംവിധാനങ്ങളുമാണ് ഇടതുപക്ഷം വിഭാവനം ചെയ്യുന്നത്. ആ ദിശയിലുള്ള പ്രായോഗിക ഇടപെടലുകളാണ് ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്.

കെ ടി കുഞ്ഞിക്കണ്ണന്‍, deshabhimani Tuesday Oct 25, 2016

ഇ മെയില്‍: ktkozhikode@gmail.com

No comments:

Post a Comment