Sunday, October 23, 2016

നജീബ് ഒരാൾ മാത്രമല്ല.... ഈ വിദ്യാർത്ഥി വേട്ട തുടരരുത്


ജെഎന്‍യു വീണ്ടും സമരമുഖത്താണ്. രാജ്യതലസ്ഥാനത്ത് ശൈത്യത്തിന്റെ വരവ് വിളംബരം ചെയ്ത് രാത്രികള്‍ തണുത്ത് വിറച്ചുതുടങ്ങി. അപ്പോഴും കലാലയത്തിന്റെ ഭരണകാര്യാലയത്തിനു ചുറ്റുമുള്ള ഏഴ് കവാടങ്ങള്‍ വളഞ്ഞ് വിദ്യാര്‍ഥികള്‍ അന്തരീക്ഷത്തെ മുദ്യാവാക്യമുഖരിതമാക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു രാത്രി മുഴുവന്‍ വൈസ് ചാന്‍സലറും റെക്ടറും ഉള്‍പ്പടെയുള്ള അധികാരികള്‍ക്ക് പുറത്തുകടക്കാനാവാകെ അതിനകത്ത് കഴിയേണ്ടിവന്നു.

ഇടയ്ക്ക് മാധ്യമങ്ങള്‍ക്കുമുന്നില്‍ പരമസാധു ചമഞ്ഞ് പുറത്തിറങ്ങാന്‍ ശ്രമിച്ച വിസിയോട് നിങ്ങളെ ഞങ്ങള്‍ കായികമായി തടയുകയോ കൈയ്യേറ്റം ചെയ്യുകയോ ഇല്ലെന്നും എന്നാല്‍ പുറത്തിറങ്ങണമെങ്കില്‍ ഞങ്ങളുടെയെല്ലാം ശരീരങ്ങളെ ചവിട്ടിമെതിച്ച് പോകാമെന്നും പറഞ്ഞ് വിദ്യാര്‍ഥിയൂണിയന്‍ നേതാക്കളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കവാടത്തിനുമുന്നില്‍ നിരന്നു കിടന്നു. വിദ്യാര്‍ഥികളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ കീഴടങ്ങി വിസിക്കും കൂട്ടര്‍ക്കും രണ്ടു തവണ തിരികെ പോകേണ്ടി വന്നു. ജെഎന്‍യു വിദ്യാര്‍ഥികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മുന്നിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് ഇതെഴുതുന്നത്. ഒരുപക്ഷേ, ഇപ്പോള്‍ സമരത്തിന്റെ ചിത്രം വീണ്ടും മാറിയിട്ടുണ്ടാകാം. അല്ലെങ്കില്‍ നമ്മളെല്ലാം കാത്തിരിക്കുന്ന നജീബ് നമ്മളിലേക്ക് തിരികെ വന്നിട്ടുണ്ടാകാം.

ഒക്ടോബര്‍ പതിനഞ്ചിനാണ് നജീബ് അഹമ്മദ് എന്ന ജെഎന്‍യുവിലെ ഒന്നാം വര്‍ഷ ബയോടെക്നോളജി ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയെ കാണാതാകുന്നത്. അതിന്റെ തലേ ദിവസം ചില അസാധാരണമായ സംഭവങ്ങള്‍ നജീബ് താമസിക്കുന്ന മാഹി-മാണ്ഢവി ഹോസ്റ്റലില്‍ നടന്നിരുന്നു. നജീബിനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് 16നു ചേര്‍ന്ന വാര്‍ഡന്‍ കമ്മറ്റി യോഗം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവര്‍ എബിവിപി പ്രവര്‍ത്തകരായിരുന്നു. ഇരുപതോളം വിദ്യാര്‍ഥികള്‍ പൊലീസില്‍ ഒന്നിലധികം തവണ നടന്ന ഈ ആക്രമണത്തിന് സാക്ഷ്യം പറഞ്ഞിട്ടുണ്ട്. വെറുപ്പും വിദ്വേഷവും വമിക്കുന്ന ആക്രോശങ്ങളോടെയാണ് നജീബിനെ എബിവിപി സംഘം കൈകാര്യം ചെയ്തതെന്ന് സംഭവം നടക്കുമ്പോള്‍ പരിസരത്തുണ്ടായിരുന്നവര്‍ തുറന്നു പറയുന്നുണ്ട്. ഇതിനു മുന്‍പ് ഹോസ്റ്റല്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നജീബിന്റെ റൂമില്‍ ചെന്ന എബിവിപി പ്രവര്‍ത്തകരെ നജീബ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന എബിവിപിയുടെ ആരോപണവും നിലനില്‍ക്കുന്നു. അങ്ങനെയായിരുന്നെങ്കില്‍ തന്നെ പരാതി നല്‍കുന്നതിനു പകരം ഒരു വിദ്യാര്‍ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുവാനും വര്‍ഗീയ വിഷം വമിപ്പിക്കുവാനും മുസ്ലീം വിദ്യാര്‍ഥികള്‍ തീവ്രവാദികളാണ് എന്ന് ഹോസ്റ്റല്‍ ചുവരില്‍ എഴുതിവെക്കാനും അവര്‍ കാണിച്ച ധൈര്യത്തെ ഭയന്നേ തീരു. അതിനെ അടക്കിനിര്‍ത്താനും അവസാനിപ്പിക്കാനും സാധിക്കാത്തിടത്ത് ജനാധിപത്യം വാഴില്ല.

നജീബിന് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ല. അല്ലെങ്കില്‍ അറിയുന്ന ആരും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഫോണും പേഴ്സും നജീബിന്റെ കൈയ്യില്‍ ഇല്ല. പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊന്നും എത്തിയിട്ടില്ല. ഇതിനേക്കാല്‍ പേടിപ്പെടുത്തുന്നത് മറ്റൊരു നിശബ്ദതയാണ്. സംഭവം നടന്ന് ആറ് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രേഖാമൂലം ഒരു പരാതി കൊടുക്കാന്‍ പോലും സര്‍വകലാശാല അധികൃതര്‍ തയ്യാറായിട്ടില്ല. ഗോരക്ഷയുടെ പേരില്‍ മനുഷ്യരെ കൊന്ന് മര്‍ദ്ദിക്കുന്ന ഭ്രാന്തിനെതിരെ പ്രതിഷേധയോഗം നടത്തിയതിനും കാമ്പസ് ചുവരില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനും വരെ വിദ്യാര്‍ഥികള്‍ക്ക് അന്വേഷണ വിധേയമായി നോട്ടീസ് അയച്ച ഏകാധിപതികള്‍ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്ന കലാലയമാണ് ജെഎന്‍യു. എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറി ജി സുരേഷിന് കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഹാജരാകാന്‍ പറഞ്ഞ് നോട്ടീസ് ലഭിച്ചത് കാമ്പസിലെ രൂക്ഷമായ ഹോസ്റ്റല്‍ പ്രതിസന്ധിയെക്കുറിച്ച് പോസ്റ്റര്‍ പതിച്ചതിനാണ്. ആയിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കുന്നതല്ല, അതിനെതിരെ പ്രതികരിക്കുന്നതാണ് അപരാധം.!! കാമ്പസിനകത്ത് ഒരു പ്രതിഷേധയോഗത്തില്‍ കോലം കത്തിച്ചതിനെക്കുറിച്ച് മിനിറ്റുകള്‍ക്കകം റ്റ്വീറ്റ് ചെയ്ത് അന്വേഷണം പ്രഖ്യാപിച്ച വിസിയുള്ള കാമ്പസാണിത്. ഇക്കൂട്ടരാണ് തങ്ങളുടെ ഒരു വിദ്യാര്‍ഥിയെ ദുരൂഹമായ സാഹചര്യത്തില്‍ കാണാതായിട്ടും അഞ്ച് ദിവസം മൗനവ്രതമിരുന്നത്.

നജീബ് അഹമ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ബസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് ഞായറാഴ്ച രാത്രി നടത്തിയ പ്രതിഷേധ പ്രകടനം.നജീബ് അഹമ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ബസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് ഞായറാഴ്ച രാത്രി നടത്തിയ പ്രതിഷേധ പ്രകടനം.

അക്രമം നടത്തിയ എബിവിപി പ്രവര്‍ത്തകരെ വിളിച്ചിരുത്തി ചര്‍ച്ച ചെയ്യാന്‍ തയ്യാറായ അധികൃതര്‍ നിറകണ്ണുകളുമായി വിങ്ങലടക്കാനാകാതെനിന്ന നജീബിന്റെ ഉമ്മയെയും സഹോദരിയെയും നാലു ദിവസത്തോളം കാണാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി അവരെ കാണാന്‍ തയ്യാറായെങ്കിലും അങ്ങേയറ്റം അപഹാസ്യപരമായ പരാമര്‍ശങ്ങളായിരുന്നു അവരോട് നടത്തിയത്. സംഭവത്തില്‍ യാതൊരുവിധ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ സര്‍വകലാശാല തയ്യാറായില്ല. അന്വേഷണം ത്വരിതപ്പെടുത്താന്‍ സഹായിക്കുംവിധം നജീബിന് മര്‍ദ്ദനമേറ്റ സംഭവമെങ്കിലും പൊലീസില്‍ ഔദ്യോഗികമായി അറിയിക്കണം എന്ന ബന്ധുക്കളുടെ അപേക്ഷയോടും അവര്‍ മുഖം തിരിച്ചു. ഒടുവില്‍ തങ്ങളുടെ പ്രിയപ്പെട്ടവന്റെ തിരോധാനത്തെക്കുറിച്ച് ആശങ്കപ്പെട്ടിരിക്കുന്നവരെ തങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നും കോടതിയില്‍ കാണാം എന്നും വെല്ലുവിളിച്ചാണ് ഇറക്കിവിട്ടത്. വിദ്യാര്‍ഥി സമരം രൂക്ഷമാകാന്‍ തുടങ്ങിയപ്പോള്‍ യൂണിവേഴ്സിറ്റി ഇറക്കിയ പത്രക്കുറിപ്പ് നജീബില്‍ കുറ്റം ആരോപിച്ചുകൊണ്ടുള്ളതും നജീബിനെ ആക്രമിച്ചവശനാക്കിയതിനെതിരെ ഒരക്ഷരം ഉരിയാടാത്തതുമായിരുന്നു. വിദ്യാര്‍ഥി രോഷത്തെതുടര്‍ന്നാണ് രണ്ട് ദിവസം കഴിഞ്ഞ് ഇത് തിരുത്താന്‍ അവര്‍ തയ്യാറായത്. ഇതൊക്കെയാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെ രക്ഷിക്കാന്‍ സര്‍വകലാശാല അധികൃതര്‍ തന്നെ വ്യഗ്രത കാട്ടുന്നു എന്ന സംശയത്തെ ബലപ്പെടുത്തുന്നത്.

എന്താണ് കേന്ദ്ര ഗവണ്മെന്റിന്റെ നിലപാട്? വൈസ് ചാന്‍സലര്‍ ഭരണകാര്യാലയത്തിനുള്ളില്‍ കുടുങ്ങിയപ്പോള്‍ മണിക്കൂറുകള്‍ക്കകം പ്രതികരണവുമായി രംഗത്തെത്തിയ കൂട്ടര്‍ക്ക് രാജ്യതലസ്ഥാനത്തെ ഒരു സുപ്രധാന കാമ്പസില്‍ നിന്നും ഒരു വിദ്യാര്‍ഥിയെ അസാധാരണമായ സാഹചര്യത്തില്‍ കാണാതായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇടപെടണം എന്ന് തോന്നിയില്ല. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഒരു പരിപാാടി സംഘടിപ്പിച്ചതിന് രോഹിത് വെമുലയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് നിരന്തരം കത്തുകളയയ്ക്കുകയും ഒടുവില്‍ രോഹിത് വെമുലയുടെ മരണം ഉറപ്പാക്കുകയും ചെയ്തവരാണ് നജീബിന്റെ തിരോധാനത്തെക്കുറിച്ച് മൗനികളാകുന്നത്.

വലിയ വിദ്യാര്‍ഥിപങ്കാളിത്തത്തോടുകൂടി തീര്‍ത്തും സമാധാനപരമായാണ് സമരം പുരോഗമിക്കുന്നത്. കേസില്‍ കക്ഷി ചേരാന്‍ സര്‍വകലാശാല വിസമ്മതിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേക്ക് പതിനേഴിന് രാത്രി ആയിരത്തോളം വിദ്യാര്‍ഥികള്‍ മാര്‍ച്ച് ചെയ്തു. സമരക്കാര്‍ക്കു മുന്നിലേക്ക് ഇറങ്ങിവരേണ്ടിവന്ന കമ്മീഷണര്‍ക്ക് അന്വേഷണം ഊര്‍ജ്ജിതമാകുമെന്ന് ഉറപ്പുനല്‍കേണ്ടി വന്നു.

വിദ്യാര്‍ഥികള്‍ സ്വാഭാവികമായ രോഷത്തിലാണ്. ഇത്രയെല്ലാം നടന്നിട്ടും അവര്‍ക്ക് അങ്ങനെയാകാന്‍ കഴിയുന്നില്ലെങ്കില്‍ ആ കലാലയത്തെക്കുറിച്ച് ജനാധിപത്യ സമൂഹത്തിന് നിരാശപ്പെടാനല്ലാതെ പ്രതീക്ഷിക്കാന്‍ ഒന്നുമുണ്ടാകുമായിരുന്നില്ല. തമ്പുരാക്കന്മാര്‍ വാഴുന്ന ഭരണസമുച്ചയത്തിന്റെ ഏറെയൊന്നും ബലമില്ലാത്ത ചില്ലുകളില്‍ ഒന്നിനു പോലും ഇതുവരെ പോറലേറ്റിട്ടില്ല. ക്രിമിനല്‍ കുറ്റം ചെയ്തുകൊണ്ടിരിക്കുന്ന വൈസ് ചാന്‍സലറുടെ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ പുറത്ത് നിറുത്തിയിട്ടിട്ടുണ്ട്. അതില്‍ ഒന്നിന്റെ ടയര്‍ പഞ്ചറാവുക പോലും ചെയ്തിട്ടില്ല. സമരത്തെ നിയമ വിരുദ്ധമെന്നും അക്രമമെന്നും വിളിക്കുന്നവര്‍ ജെഎന്‍യു വിദ്യാര്‍ഥികളുടെ സഹിഷ്ണുതയെ പരിഹസിക്കുകയാണ്.

ഉജ്ജ്വയിനിലെ മാധവ് കോളേജ് പ്രഫസ്സര്‍ എച്ച് എസ് സബര്‍വാളിനെ കൊലപ്പെടുത്തിയ, ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയുടെ പ്രിന്‍സിപ്പള്‍ ആയിരുന്ന പരിമള്‍ ത്രിവേദിയെ വീടാക്രമിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച, 300 രാമായണങ്ങള്‍ എന്ന എ കെ രാമാനുജത്തിന്റെ ലേഖനം പാഠഭാഗത്ത് ഉള്‍പ്പെടുത്തിയതിനെതിരെ ദില്ലി യൂണിവേഴ്സിറ്റിയില്‍ കലാപം സൃഷ്ടിച്ച, ഗുരുവായൂരപ്പന്‍ കോളേജിലെ പ്രിന്‍സിപ്പളിന്റെ വീടാക്രമിച്ച സംഘപരിവാര വിദ്യാര്‍ഥി പരിഷത്താണ് ഇപ്പോള്‍ സമാധാനപരമായ ഒരു സമരത്തിനെതിരെ അക്രമമെന്ന് നിലവിളിക്കുന്നത്.

രാധിക വെമുലയെന്ന അമ്മയുടെ കണ്ണുനീര്‍ കണ്ടവരാണ് നമ്മള്‍. ഇവിടെയിതാ മറ്റൊരമ്മ കണ്ണീര്‍ വാര്‍ക്കുന്നു. നമ്മുടെ യൂണിവേഴ്സിറ്റികള്‍ ഇനിയും ഈ വിദ്യാര്‍ഥി വേട്ട തുടരരുത്. സംഘപരിവാരം അതിന്റെ ആക്രോശം തുടരരുത്. നജീബ് ഒരാള്‍ മാത്രമല്ല…

 നിതീഷ് നാരായണൻ എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടിവ് അംഗവും ജെഎന്‍യുവില്‍ ഗവേഷകനുമാണ് ലേഖകന്‍

Friday Oct 21, 2016
http://www.deshabhimani.com/special/where-is-najeeb-ahmed-jnu-student-who-is-missing-from-campus/597300

No comments:

Post a Comment