നുണയാണ് അടിത്തറ. നുണതന്നെ മേല്‍ക്കൂരയും. അങ്ങനെയാണ് എപ്പോഴും ഫാസിസ്റ്റ് പ്രചാരണം. കള്ള പ്രചാരണത്തിന് കള്ളക്കണക്ക് വേണം. ലോകത്തെ എല്ലാ ഫാസിസ്റ്റ് സംഘടനകളും ഇത്തരം കണക്കുണ്ടാക്കാന്‍ ആളെ വെക്കും. ഇന്ത്യയില്‍ സംഘപരിവാറിനു ഇത്തരം അവതാരങ്ങള്‍ പലതാണ്. ഇന്ത്യയില്‍ മറ്റൊരിടത്തുമില്ലാത്തതുപോലെ മലപ്പുറത്ത് മുസ്ളീങ്ങള്‍ പെറ്റുപെരുകുകയാണെന്ന് അവര്‍ നാടാകെ പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. സംഘി പ്രചാരകന്‍ ഡോ. ഗോപാലകൃഷ്ണന്റെ കണക്കും ആ വഴിയ്ക്കായത് സ്വാഭാവികം.
എന്താണ് യാഥാര്‍ത്ഥ്യം?
ഇന്ത്യയില്‍ നാന്നൂറിലേറെ ജില്ലകളില്‍ മലപ്പുറത്തെക്കാള്‍ കൂടുതലാണ് പ്രത്യുല്പാദന നിരക്ക് (ഫെര്‍ട്ടിലിറ്റി നിരക്ക്). എന്ന് മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ഈ നിരക്ക് കുറച്ചുകൊണ്ടുവരുന്ന ജില്ലകളിലൊന്നാണ് മലപ്പുറം. (താഴെ രഞ്ജിത് മാമ്പിള്ളിയുടെ പോസ്റ്റ് കാണുക). കേരളത്തിലെ പൊതുസ്ഥിതിയെ അപേക്ഷിച്ച് കൂടുതലാണെന്നതൊഴിച്ചാല്‍ മലപ്പുറത്ത് അത്ഭുതപ്പിറവികളൊന്നും നടക്കുന്നില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
ശരാശരി ഒരു സ്ത്രീയ്ക്കുള്ള കുട്ടികളുടെ എണ്ണമാണ് ഫെര്‍ട്ടിലിറ്റി റേറ്റ്. ഇത് കിട്ടാനുള്ള മുഖ്യ സ്രോതസ് സെന്‍സസിലെ സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റ (എസ്ആര്‍എസ്) മാണ്. വര്‍ഷാടിസ്ഥാനത്തിലോ മൂന്നുവര്‍ഷക്കണക്കിലോ എല്ലാ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കണക്ക് ലഭ്യമാകും. ജില്ലാടിസ്ഥാനത്തില്‍ ഈ കണക്ക് ലഭ്യമല്ല.
1971 മുതല്‍ 2011–13 വരെയുള്ള വര്‍ഷങ്ങളിലെ കണക്ക് താഴത്തെ ഗ്രാഫില്‍.
സെന്‍സസ് കണക്കില്‍ നിന്ന് സമാഹരിച്ച വിവരം. ഇന്ത്യ, കേരളം, ഗുജറാത്ത് എന്നീ കണക്കുകളാണിത്.
ഇനി 2011 ലെ സെന്‍സസ് കണക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലെ ഫെര്‍ട്ടിലിറ്റി റേറ്റ് നോക്കാം. അതനുസരിച്ച് കേരളത്തിന്റെ ശരാശരി 1.6. ഗുജറാത്തിന്റെ കണക്ക് 2.4. ദേശീയ ശരാശരി 2.7. അതായത് ഇന്ത്യയിലാകെ എടുത്താല്‍ ഒരു സ്ത്രീയ്ക്ക് ശരാശരി 2.7 കുട്ടികളുണ്ടെങ്കില്‍ കേരളത്തില്‍ അത് 1.6ഉം ഗുജറാത്തില്‍ അത് 2.4ഉം ആണ്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഫെര്‍ട്ടിലിറ്റി റേറ്റ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഫെര്‍ട്ടിലിറ്റി റേറ്റ്
ജില്ലാതലത്തില്‍ സര്‍ക്കാരിന് കണക്കില്ല. ആ കണക്ക് കൂട്ടിയെടുക്കണം. അത് വിദഗ്ദ്ധര്‍ കൂട്ടിയെടുത്തിട്ടുണ്ട്. 2011ലെ സെന്‍സസ് കണക്ക് ആധാരമാക്കി പ്രശസ്ത ജനസംഖ്യാ ശാസ്ത്ര വിദഗ്ദ്ധന്‍ ക്രിസ്റ്റോ ഗുല്‍മോട്ടോ (പാരീസ്) യും തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ ഇരുദയ രാജനും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇവിടെയുണ്ട്. എക്കണോമിക്സ് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ ഇതിന്റെ ചുരുക്കം പ്രസിദ്ധീകരിക്കുയും ചെയ്തിരുന്നു. ( Economic & Political Weekly (Fertility at the District Level in India Lessons from the 2011 Census, Vol. 48, Issue No. 23, 08 Jun, 2013)
ആ കണക്കനുസരിച്ച് മലപ്പുറം ജില്ലയിലെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് (ടിഎഫ്ആര്‍) 2.2 ആണ്. രാജ്യത്ത് 2011 ലെ സെന്‍സസ് കണക്ക് ലഭ്യമായ 593 ജില്ലകളില്‍ 400ല്‍ അധികം ജില്ലകളില്‍ അത് അതിലും കൂടുതലാണ്. ഇന്ത്യയിലെ ആകെ ശരാശരി എടുത്താലും അത് 2.3 ആണ്– മലപ്പുറത്തെക്കാള്‍ കുടുതല്‍. ഗുജറാത്തിലെ ആകെ എടുത്താലും അത് മലപ്പുറത്തേക്കാള്‍ കൂടുതല്‍ അതായത്–2.3. ഗുജറാത്തിലെ ആകെയുള്ള 26 ജില്ലകളില്‍ (ഇപ്പോള്‍ ഗുജറാത്തില്‍ 33 ജില്ലയുണ്ട്; 7 ജില്ലകള്‍ കഴിഞ്ഞ സെന്‍സസിനു ശേഷം 2013 ല്‍ വന്നവയാണ് ) പതിനാറിടത്തും മലപ്പുറത്തെ 2.2 ന് ഒപ്പമോ അതിനു മുകളിലോ ആണ് ഫെര്‍ട്ടിലിറ്റി റേറ്റ് എന്ന് ഈ കണക്ക് വ്യക്തമാക്കുന്നു. ദോഹദ് ജില്ലയില്‍ 4.2 ഉം ഡാംഗ്സില്‍ 3.6 ഉം ബനാസ്‌കാന്തയില്‍ 3.3 ഉം കച്ചില്‍ 3.1 ഉം. മലപ്പുറത്തെക്കാള്‍ വളരെ ഉയരെ. അതായത് ഗോപാലകൃഷ്ണന്റെ വാദം അംഗീകരിച്ചാല്‍ ഗുജറാത്തിലും ഭൂരിപക്ഷം ജില്ലകളിലും പശുവിനെപോലെയല്ല പ്രസവം. ഒരു കാര്യം കൂടി ഗുജറാത്തിന്റെ ഇപ്പോഴത്തെ 2.3 എന്ന ഫെര്‍ട്ടിലിറ്റി റേറ്റ് 1985 -87 കാലത്തെ കേരളത്തിലെ നിരക്കിനൊപ്പമാണ്. (അതായത് "വിജ്രംഭിത' ഗുജറാത്ത് ഇക്കാര്യത്തിലും കേരളത്തിന്റെ 20 വര്‍ഷം പിന്നിലാണെന്നര്‍ത്ഥം.)
ഗുജറാത്തിലെ വിവിധ ജില്ലകളിലെ ഫെര്‍ട്ടിലിറ്റി റേറ്റ്. മഞ്ഞ നിറത്തിലുള്ളത് മലപ്പുറത്തേക്കള്‍ നിരക്കുള്ള ജില്ലകള്‍. ഗുജറാത്തിലെ വിവിധ ജില്ലകളിലെ ഫെര്‍ട്ടിലിറ്റി റേറ്റ്. മഞ്ഞ നിറത്തിലുള്ളത് മലപ്പുറത്തേക്കള്‍ നിരക്കുള്ള ജില്ലകള്‍.
ഈ ജില്ലകളൊക്കെ മുസ്ലീം ഭൂരിപക്ഷ ജില്ലകളാകും എന്നാകും സംഘി പണ്ഡിതര്‍ പറയുക. അതുകൊണ്ട് ആ കണക്കും നോക്കാം. (അവലംബം 2011 സെന്‍സസ്).
ദോഹദ് (ഹിന്ദുക്കള്‍- 96.15, മുസ്ലീങ്ങള്‍- 3.12); ഡാംഗ്സ് (ഹിന്ദുക്കള്‍- 89.16, മുസ്ലീങ്ങള്‍- 1.57); ബനാസ്‌കാന്ത (ഹിന്ദുക്കള്‍- 92.62, മുസ്ലീങ്ങള്‍-6.84); കച്ച് (ഹിന്ദുക്കള്‍- 76.89, മുസ്ലീങ്ങള്‍- 21.14). എല്ലാം ഹിന്ദു ഭൂരിപക്ഷ ജില്ലകള്‍. ഗുജറാത്തില്‍ ആകെ മുസ്ലീം ജനസംഖ്യ 9.7 ശതമാനം മാത്രമാണ്.
ഫെര്‍ട്ടിലിറ്റി റേറ്റ് കൂടുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. അതില്‍ മുഖ്യമാണ്, എല്ലാരംഗത്തുമുള്ള പിന്നോക്കാവസ്ഥ. മതവും ഒരു ഘടകമാണ് (ഒരു ഘടകം മാത്രം) മലപ്പുറം ഒരു പിന്നോക്ക ജില്ലയാണ്. മലപ്പുറം കഴിഞ്ഞാല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് ഉയര്‍ന്നു നില്‍ക്കുന്ന മറ്റ് രണ്ടു ജില്ലകള്‍ കാസര്‍കോടും (1.8) വയനാടും (1.7) ആണെന്നും കാണാം. മുമ്പ് രാജ്യമാകെ പിന്നോക്കമായിരുന്നു. അന്ന് എല്ലാവരും പെറ്റുകൂട്ടി. ഇപ്പോഴത്തെ പുതുതലമുറക്കാരുടെ അമ്മുമ്മമാരുടെ അമ്മമാരും മിക്കവരും പത്തുവരെ പെറ്റവരാകും. പിന്നോക്കാവസ്ഥ കുറയുന്നതനുസരിച്ച് പ്രസവനിരക്കും കുറയും. സാമ്പത്തിക സ്ഥിതിയും വിദ്യാഭ്യാസ (സ്ത്രീ സാക്ഷരത) വും സാമൂഹികപദവിയും ഉയരുന്നതിനനനുസരിച്ച് അത് കുറയും. മലപ്പുറത്തിനും ഇത് ബാധകം. കേരളത്തിലെ പൊതു കണക്കിനെക്കാള്‍ പിന്നിലാണ് മലപ്പുറം. ഇക്കാര്യത്തില്‍ മലപ്പുറത്ത് പ്രത്യേക ശ്രദ്ധ ചെലുത്തിയുള്ള ഇടപെടല്‍ വേണം താനും. അവിടുത്തെ പൊതുസ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് അവിടെയും ഫെര്‍ട്ടിലിറ്റി റേറ്റ് കുറയുകയാണ്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ഫെര്‍ട്ടിലിറ്റി റേറ്റ് കുറയുന്ന ജില്ലകളിലൊന്നാണ് മലപ്പുറം.
ശ്രീകുമാര്‍ ശേഖര്‍ Deshabhimani
(വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. എന്‍ അജിത് കുമാര്‍, സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്റ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്, കൊച്ചി)
രഞ്ജിത് മാമ്പിള്ളി ഫേസ് ബുക്കിലെഴുതിയ ഈ കുറിപ്പ് കൂടി കാണുക.
രഞ്ജിത് മാമ്പിള്ളി
പന്നി പ്രസവം !!
ഒരിക്കല്‍ ന്യയോര്‍ക്കിലെ ഒരു ട്രെയിനില്‍ വച്ച് അറിയാതെ അടുത്തു നിന്നൊരാളുടെ കാലില്‍ ചവിട്ടി. ക്ഷമ ചോദിക്കാന്‍ മുതിരുന്നതിനു മുന്‍പെ അയാള്‍ തെറി തുടങ്ങി. തെറിയെന്നു വെച്ചാല്‍ നല്ല എമണ്ടന്‍ തെറി. പാവത്തിനെ കുറ്റം പറയാന്‍ പറ്റില്ല. 110 കിലോ കയറിയപ്പൊ റോഡ് റോളറിന്‍റെ അടിയില്‍ പെട്ട പോലായിട്ടുണ്ടാവണം. തെറി ഇങ്ങനെ അനര്‍ഗ്ഗള നിര്‍ഗ്ഗളം പ്രവഹിക്കുകയാണ്. അപ്പനും അമ്മയ്‌ക്കും കൂടാതെ മൊത്തം ഇന്‍ഡ്യക്കാര്‍ക്കിട്ടും കിട്ടുന്നുണ്ട്. നല്ല ഒന്നാന്തരം വംശീയ അധിഷേപം. പൊട്ടൊറ്റൊ സ്കിന്‍, മസാല മണം എന്നൊക്കെ നിരുപദ്രവകരമായ തെറികള്‍ അവസാനം ഇന്‍ഡ്യന്‍ ജനസംഖ്യയില്‍ എത്തി. അന്ന് ആ മഹാനുഭാവന്‍ ഉപയോഗിച്ചു കേട്ട വാക്കാണ് 'പന്നി പെറുന്ന' പോലെ പ്രസവിക്കുന്നവന്‍റെ മോനെ എന്നത്.
രണ്ട് ഡോക്ടറേറ്റൊക്കെ ഉള്ള ഒരാള്‍ മലപ്പുറത്തെ സ്ത്രീകളെ കുറിച്ച് ഇതേ വാചകം ഈ കഴിഞ്ഞ ദിവസം പറഞ്ഞത് കേട്ടപ്പോള്‍ ദെജാവു അടിച്ചു പോയി. ആ പ്രയോഗം ചെന്ന് കൊണ്ടവരുടെ വികാരം കൄത്യമായി എനിക്ക് മനസ്സിലാകും. ഞാനും ഇര ആയതാണല്ലൊ.
ഭാഗ്യത്തിന് ഗോപാലകൄഷ്ണനുള്ള ഉത്തരം ഒരു ചെറിയ ഗൂഗിള്‍ സേര്‍ച്ച് അകലെയുണ്ട്. മലപ്പുറത്തെ ഫെര്‍ട്ടിലിറ്റി റേറ്റ് എന്താണ്. റീപ്ലേസ്മെന്‍റ് റേറ്റ് എത്രയാണ്. ജനസംഖ്യാ വര്‍ദ്ധന തോത് എത്രയാണ് എന്നീ മൂന്നു കാര്യങ്ങള്‍ കണ്ട് പിടിച്ചാല്‍ ഗോപാലകൄഷ്ണനുള്ള ഉത്തരമായി. ഇനി സേര്‍ച്ച് ചെയ്ത് കണ്ട് പിടിക്കാന്‍ ബുദ്ധിമുട്ടണമെന്നുമില്ല. തുടര്‍ന്ന് വായിക്കുക.
ഒരു സ്ത്രീക്ക് എത്ര കുട്ടികള്‍ എന്ന കണക്കാണ് ഫെര്‍ട്ടിലിറ്റി റേറ്റ്. റീപ്ലേസ്മെന്‍റ് റേറ്റ് അല്‍പം കൂടെ ഗഹനമാണ്. ഒരു ഭാര്യയും ഭര്‍ത്താവും അടങ്ങുന്ന കുടുംബത്തിനു രണ്ട് കുട്ടികള്‍ ഉണ്ടായി എന്ന് വെയ്‌ക്കുക. മാതാപിതാക്കള്‍ മരിക്കുമ്പോള്‍ അവരെ അവരുടെ മക്കള്‍ വെച്ച് റീപ്ലേസ് ചെയ്യും. റീപ്ലേസ്മെന്‍റ് റേറ്റ് 2 ആണെങ്കില്‍ ജനസംഘ്യാ വര്‍ദ്ധനവുണ്ടാകില്ല. 2 പേര്‍ മരിക്കുമ്പോള്‍, 2 പേരെ വെച്ച് റീപ്ലേസ് ചെയ്യുന്നു എന്നര്‍ത്ഥം. പക്ഷെ വിവാഹിതരാകുന്ന എല്ലാവര്‍ക്കും കുട്ടികളുണ്ടാകുന്നില്ല. പല കുട്ടികളും ശൈശവത്തില്‍ മരിച്ചു പോകുകയും ചെയ്യും. അതിനാല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് 2 എന്നതില്‍ അല്‍പം കൂടിയിരിക്കും. അത് 2.08 ആക്കി നിര്‍ത്തിയാല്‍ ജനസംഖ്യാ വര്‍ദ്ധന കണ്ട്രോള്‍ ചെയ്യാമെന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞന്‍മ്മാരുടെ ഒരു അനുമാനം.
മലപ്പുറത്തിന്‍റെ ഫെര്‍ട്ടിലിറ്റി റേറ്റ് നിലവിലെ സെന്‍സ്സസ് പ്രകാരം 2.4 ആണ്. അതായത് ഒരു സ്‌ത്രീക്ക് ഏകദേശം രണ്ടര കുട്ടികള്‍ എന്നാണ് കണക്ക്. ഗോപാലകൄഷ്ണന്‍റെ വാദം ശരിയാകണമെങ്കില്‍ ചുരുങ്ങിയത് 4.5 എങ്കിലും ഫെര്‍ട്ടിലിറ്റി റേറ്റ് വേണം. അതായത് ഒരോ തലമുറയും മുന്‍പത്തെ തലമുറയുടെ ഇരട്ടി ആകുമെന്നര്‍ത്ഥം. ഒരോ സെന്‍സ്സസ്സ് പ്രകാരം ഈ തോത് കുറയുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 1974 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തിലെ കണക്കു പ്രകാരം 4.3 ആയിരുന്ന റേറ്റ് 2005 ലെ കണക്ക് പ്രകാരം 2.4 ആയി കുറഞ്ഞു. പതിനൊന്ന് കൊല്ലത്തിനു ശേഷം ഇത് ഇനിയും കുറഞ്ഞിരിക്കാനാണ് സാദ്ധ്യത. ഗോപാലകൄഷ്ണന് താരാത്മ്യം ചെയ്യാന്‍ ഇന്‍ഡ്യയിലെ മറ്റ് സംസ്ഥാനങ്ങളുടെ ഫെര്‍ട്ടിലിറ്റി റേറ്റ് താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. (കമന്റ് ഇതാണ്Indian states ranking by fertility rate-എഡിറ്റർ) (പെട്ടെന്ന് കണ്ട ഒരു സംസ്ഥാനത്തിന്‍റെ കണക്ക് പറയാം, ഗുജറാത്. 2.31 ആണ് 2013 ലെ കണക്ക്)
ജനസംഖ്യാ വര്‍ദ്ധനത്തിന്‍റെ തോതെടുക്കുക. ഇന്‍ഡ്യയിലെ ജനസംഖ്യാ വര്‍ദ്ധനവിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയ ഒരു ഡിസ്‌ട്രിക്ടാണ് മലപ്പുറം. 1981-1991 ല്‍ വളര്‍ച്ചാ സൂചികയില്‍ 28.87% രേഖപ്പെടുത്തിയ സ്ഥലം 11.65% കുറഞ്ഞ് 2001 ല്‍ 17.22% ല്‍ നില്‍ക്കുന്നു. അതായത് ഗോപാലകൄഷ്ണന്‍റെ വാദങ്ങള്‍ അംഗീകരിക്കണമെങ്കില്‍ ഓരോ സെന്‍സ്സസ്സ് കഴിയുമ്പഴും ഈ ശതമാനം ഉയര്‍ന്നു ഉയര്‍ന്നു വരണം.
ഇത്രയൊക്കെ മേന്‍മ മലപ്പുറത്തിന് അവകാശപ്പെടാമെങ്കിലും ഇനിയും ബഹു ദൂരം പോകാനുണ്ട്. കേരളത്തിലെ ഫെര്‍ട്ടിലിറ്റി റേറ്റ് 1.7 ആണ്. ഇന്‍ഡ്യയുടെ 2013 ലെ നാഷണല്‍ ആവറേജിനെക്കാളും (2.34) ഒരല്‍പം മുകളിലാണ് ഇപ്പഴും മലപ്പുറം. (തത്കാലം 2005 ലെ കണക്ക് തന്നെ ഞാനിവടെ ഉപയോഗിക്കുന്നു. 2013 ലെ ഇന്‍ഡ്യന്‍ ആവറേജിനോട് 2005 ലെ മലപ്പുറത്തിന്‍റെ ആവറേജ് കംപയര്‍ ചെയ്യുന്നതിലെ പിശക് തത്കാലം വിസ്മരിക്കുക). എന്നാലും ഗോപാലകൄഷ്ണന്‍ ആരോപിക്കുന്ന പോലൊരു വളര്‍ച്ചാനിരക്കിന്‍റെ ഏഴയലത്ത് മലപ്പുറം ഇല്ല എന്ന് അസന്ദിഗ്ദ്ധമായി പറയാന്‍ കഴിയും.
കേരളം ആരോഗ്യ മേഖലയില്‍ കൈവരിച്ച അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് മലപ്പുറത്തിന്‍റെ നേട്ടങ്ങള്‍ക്ക് കാരണം. ഇതിലെ വിരോധാഭാസം, ഈ നേട്ടങ്ങളുടെ ഒരു പങ്ക് അവകാശപ്പെടാവുന്ന ഒരു വ്യക്തിയാണ് ഗോപാലകൄഷ്ണന്‍. (പുള്ളി ആരോഗ്യ മേഖലയില്‍ ജോലി ചെയ്തിരുന്ന ഒരു ഫാര്‍മസ്സിസ്‌റ്റ് ആണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.). പുള്ളിയുടെ പ്രസ്താവന മലര്‍ന്നു കിടന്ന് തുപ്പുന്ന പരിപാടിയായി പോയി. ഇനി ഇത്തരം പ്രസ്താവനകള്‍ വിശ്വസിക്കുന്നതിന് മുന്‍പ് ഗഹനമായി പഠനം ഒന്നും നടത്തണ്ട. ഒരല്‍പം കോമണ് സെന്‍സ് ഉപയോഗിക്കുക. സ്വന്തം സുഹൄദ് വലയത്തില്‍ ഒന്ന് തിരഞ്ഞ് നോക്കുക. പത്തു മക്കളുള്ള, നാലു ഭാര്യമാരുള്ള എത്ര മലപ്പുറം മുസ്ലീമുകളെ നേരിട്ടറിയാം ?. വലിയ സ്‌റ്റാറ്റിസ്‌റ്റിക്സിന്‍റെ പിന്‍ബലമൊന്നുമില്ലാതെ പേഴ്സണല്‍ അനക്ഡോട്ടല്‍ എവിഡന്‍സ്സുകളില്‍ നിന്ന് കണ്ട് പിടിക്കാവുന്നതേ ഉള്ളു. എന്നിട്ടും നിങ്ങള്‍ക്ക് വിശ്വാസം വരുന്നില്ലെങ്കില്‍ എന്‍റെ കൂടെ വാ. ന്യൂയോര്‍ക്കിലെ തിരക്കുള്ള ട്രെയിനില്‍ ആരുടെയെങ്കിലും കാലില്‍ ഒന്ന് ചവിട്ടി നോക്കിയാല്‍ മതി.
No comments:
Post a Comment