Sunday, June 2, 2013

അസംതൃപ്തരെ മെരുക്കാന്‍ ഖജനാവും ചോര്‍ത്തുന്നു

പുനഃസംഘടനാതര്‍ക്കത്തില്‍ കുരുങ്ങി ഭരണസംവിധാനം നിശ്ചലമായതോടെ അസംതൃപ്തരെ കൂടെ നിര്‍ത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ ഖജനാവ് ചോര്‍ത്തുന്നു. പുതിയ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍, ബാച്ചുകള്‍, പിഎസ്സി അംഗത്വം, മന്ത്രിപദവിയോടെ സ്ഥാനമാനങ്ങള്‍ തുടങ്ങിയ തീരുമാനങ്ങളിലൂടെ അതിഭീമമായ സാമ്പത്തികബാധ്യത അടിച്ചേല്‍പ്പിക്കുകയാണ്് സര്‍ക്കാര്‍. കോണ്‍ഗ്രസും യുഡിഎഫും കൂട്ടക്കുഴപ്പത്തിലാണെങ്കിലും സ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടിയുള്ള വിലപേശല്‍ മൂര്‍ധന്യത്തിലാണ്്. ഇടയുന്നവരെ മെരുക്കാന്‍ ചോദിക്കുന്നതെന്തും കൊടുക്കാം എന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്.

കഴിഞ്ഞവര്‍ഷം പതിനയ്യായിരത്തോളം പ്ലസ്വണ്‍ സീറ്റാണ് ഒഴിഞ്ഞുകിടന്നത്. ഇത് പരിഗണിക്കാതെയാണ് ഈ വര്‍ഷം 150 പുതിയ സ്കുളുകളും ബാച്ചും അനുവദിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും എയ്ഡഡ് മേഖലയിലാണ്. ഒരു സ്കൂളില്‍ 20 മുതല്‍ 30 വരെ അധ്യാപകരെയും പുറമെ മറ്റു ജീവനക്കാരെയും നിയമിക്കാന്‍ മാനേജര്‍ക്ക് അധികാരമുണ്ട്. 25 ലക്ഷം രൂപ വരെയാണ് ഹയര്‍സെക്കന്‍ഡറി അധ്യാപകനിയമനത്തിന് കോഴ. ഇവര്‍ക്കെല്ലാം ശമ്പളം സര്‍ക്കാര്‍ നല്‍കണം. മുന്‍വര്‍ഷങ്ങളിലെ പ്രവേശനം പരിശോധിച്ച് ആവശ്യമുള്ളയിടത്ത് മാത്രം സ്കൂളോ ബാച്ചുകളോ അനുവദിക്കുന്നതിനു പകരം ആവശ്യപ്പെടുന്നവര്‍ക്കെല്ലാം വച്ചുനീട്ടുകയാണ് സര്‍ക്കാര്‍.

ഏറ്റവും കൂടുതല്‍ പിഎസ്സി അംഗങ്ങളുള്ള സംസ്ഥാനമാണ് കേരളം. ഇതൊന്നും പരിഗണിക്കാതെയാണ് മൂന്നുപേരെ വീണ്ടും ഉള്‍പ്പെടുത്തിയത്. അംഗങ്ങളുടെ എണ്ണം 12ല്‍ നിന്ന് 18 ആക്കിയത് മുന്‍ യുഡിഎഫ് സര്‍ക്കാരാണ്. ഇപ്പോള്‍ അംഗസംഖ്യ 21 ആയി. ശമ്പളവും ആനുകൂല്യങ്ങളുമായി മാസം രണ്ടുലക്ഷത്തോളം രൂപ പിഎസ്സി അംഗത്തിനായി സര്‍ക്കാര്‍ ചെലവിടണം. ഒരംഗത്തിന് സിഎ കാറ്റഗറിയിലുള്ള ഓരോ പിഎയെയും ഒരു ഡഫേദാരെയും നിയമിക്കണം. സര്‍ക്കാര്‍ ശമ്പളത്തോടെ ഡ്രൈവറെയും ഓരോ അംഗത്തിനും വയ്ക്കാം.

പിഎസ്സിയില്‍ 400 ജീവനക്കാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ജീവനക്കാരുടെ കുറവ് നിയമന നടപടികളുടെ താളംതെറ്റിക്കുന്നു. മേഖല-ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. പക്ഷേ മൂന്നുപേരെ തിരുകിക്കയറ്റി ജംബോ പിഎസ്സി വിപുലീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പിന്നോക്കസമുദായക്ഷേമം ലക്ഷ്യമാക്കിയുള്ള മൂന്ന് കോര്‍പറേഷനുകളില്‍ നിസ്സാരപ്രതിഫലത്തോടെ പാര്‍ട്ടൈം ചെയര്‍മാന്മാര്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ആര്‍ ബാലകൃഷ്ണപിള്ളയെ മന്ത്രിപദവിയോടെ മുന്നോക്കസമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനായി വാഴിക്കാന്‍ നീക്കമുള്ളത്. പിള്ളയെ മെരുക്കാന്‍ മന്ത്രിപദവിയുള്ള ചെയര്‍മാന്‍ സ്ഥാനം വച്ചുനീട്ടിയെങ്കിലും മകനെ തിരികെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന പിള്ളയുടെ ആവശ്യം നിലനില്‍ക്കുന്നു.

പഠനനിലവാരം അങ്ങേയറ്റം മോശമായ സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ അടയ്ക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതാണ്. നിലവാരമുയര്‍ത്താന്‍ അടിയന്തര നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ധരിപ്പിച്ചു. എന്നാല്‍ എന്‍ജിനിയറിങ് പ്രവേശനത്തിന് കണക്കില്‍ ചുരുങ്ങിയത് 50 മാര്‍ക്ക് വേണമെന്ന നിബന്ധന 45 ആക്കി ചുരുക്കി. വിദ്യാര്‍ഥികളില്ലാതെ കുഴങ്ങുന്ന സ്വാശ്രയകോളേജുകളുടെ സമ്മര്‍ദമാണിതിന് പിന്നില്‍. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തെച്ചൊല്ലി ഉണ്ടായ രൂക്ഷമായ തര്‍ക്കത്തോടെ ഭരണം പൂര്‍ണ സ്തംഭനത്തിലാണ്. കോണ്‍ഗ്രസ് മന്ത്രിമാര്‍ അഴിച്ചുപണി കാത്തിരിക്കുന്നു. ഇവര്‍ കൈകാര്യംചെയ്യുന്ന വകുപ്പുകളുടെ പ്രവര്‍ത്തനം നിലച്ചു. സംസ്ഥാനത്ത് മരണം വിതച്ച് പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും ആരോഗ്യവകുപ്പിന്റെ നിസ്സഹായാവസ്ഥ ഭരണത്തകര്‍ച്ചയുടെ ആഴം തുറന്നുകാട്ടുന്നു.
(കെ എം മോഹന്‍ദാസ്)

deshabhimani

ഗ്രൂപ്പ്പോര്: കോണ്‍. മണ്ഡലം സെക്രട്ടറിയെ വെട്ടിക്കൊന്നു

തൃശൂര്‍: യൂത്ത്കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് മണ്ഡലം സെക്രട്ടറിയെ കോണ്‍ഗ്രസിലെ മറുവിഭാഗം പട്ടാപ്പകല്‍ ഭാര്യയുടെ മുന്നില്‍ വെട്ടിക്കൊന്നു. അയ്യന്തോള്‍ മണ്ഡലം സെക്രട്ടറി ഈച്ചരത്ത് വീട്ടില്‍ മധുവാണ് (44) കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.
 
തൃശൂര്‍ നഗരത്തിന് സമീപം അയ്യന്തോളില്‍ കാര്‍ത്യായനി ക്ഷേത്രനടയിലെ ദീപസ്തംഭത്തിനു സമീപം ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം. കാര്‍ത്യായനി ക്ഷേത്രകമ്മിറ്റി വൈസ് പ്രസിഡന്റായ മധു രാവിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് മാരകായുധങ്ങളുമായി കാത്തുനിന്ന നാലംഗസംഘം ആക്രമിച്ചത്. ഓട്ടോയിലെത്തിയ സംഘം ആദ്യം മധുവിനെ ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് ഓട്ടോയിലുണ്ടായിരുന്ന മൂന്നു പേര്‍ ചേര്‍ന്ന് മധുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമികള്‍ ഓട്ടോയില്‍ തന്നെ രക്ഷപ്പെട്ടു.മധുവിനോടൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ ഭാര്യ ജ്യോതി സമീപത്തെ ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് ആക്രമം നടന്നത്. ഭാര്യ ജ്യോതിയുടെ നിലവിളികേട്ടെത്തിയ നാട്ടുകാരാണ് മധുവിനെ ആശുപത്രിയിലെത്തിച്ചത്. 10.25ഓടെ മരിച്ചു. വെട്ടേറ്റ് കഴുത്ത് പിളര്‍ന്നനിലയിലായിരുന്നു. മുഖത്തും വയറ്റിലും മറ്റുമായി ഇരുപത്തേഴ് വെട്ടേറ്റു. സംഭവത്തില്‍ അടാട്ട് സ്വദേശി മാര്‍ട്ടിന്‍, ചാവക്കാട് സ്വദേശി ഷിനോജ്, അയ്യന്തോള്‍ സ്വദേശികളായ പ്രവീണ്‍, സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.
 
യൂത്ത് കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം തെരഞ്ഞെടുപ്പിനെച്ചൊല്ലി ഐ വിഭാഗത്തിലെ ചേരിതിരിവാണ് മധുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. മണ്ഡലം പ്രസിഡന്റായി ഐ ഗ്രൂപ്പിലെ പ്രേംജി കൊള്ളന്നൂര്‍ തെരഞ്ഞെടുക്കപ്പെട്ടതുമുതലാണ് തര്‍ക്കം രൂക്ഷമായത്. ഐ ഗ്രൂപ്പിലെ മധു ഉള്‍പ്പെടുന്ന വിഭാഗം തെരഞ്ഞെടുപ്പ് അംഗീകരിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞ വിഷുനാളില്‍ പ്രേംജി കൊള്ളന്നൂരിനെ ഒരുസംഘം ആക്രമിച്ചു. പിന്നീട് ഇരുവിഭാഗങ്ങളും കൊലവിളി മുഴക്കിയിരുന്നു. മധുവിനെ അവസാനിപ്പിക്കുമെന്ന് മറുവിഭാഗം ഭീഷണി മുഴക്കിയിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ഐജി എസ് ഗോപിനാഥ്, സിറ്റി പൊലീസ് കമീഷണര്‍ പി പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.
 
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍പൊലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. നേത്യാര്‍മഠത്തില്‍ പരേതരായ അപ്പന്‍നായരുടെയും (ബാലകൃഷ്ണന്‍നായര്‍) ഈച്ചരത്ത് വീട്ടില്‍ അമ്മിണിയമ്മയുടെയും (ജാനകിയമ്മ) മകനാണ് മധു. ഭാര്യ ജ്യോതി തൃശൂര്‍ ജില്ലാ സഹ. ബാങ്ക് ജീവനക്കാരിയാണ്. മക്കള്‍: മിഥുന്‍, മഞ്ജു. ഇരുവരും തൃശൂര്‍ കേരളവര്‍മ കോളേജില്‍ ബിരുദവിദ്യാര്‍ഥികളാണ്. സഹോദരങ്ങള്‍: പരേതനായ ഗോപാലകൃഷ്ണന്‍, രാധാകൃഷ്ണന്‍, ശാന്ത, പങ്കജം, സതി, രമ. സംസ്കാരം ഞായറാഴ്ച പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തില്‍.

deshabhimani

Saturday, June 1, 2013

ലൈംഗികബന്ധം വിസമ്മതിക്കുന്നത് വിവാഹമോചനത്തിനു കാരണം: കോടതി

 ജീവിതപങ്കാളിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നത് വിവാഹമോചനത്തിനു കാരണമാവുമെന്ന് ഹൈക്കോടതി. വിവാഹമോചന നിയമത്തിലെ ക്രൂരതയുടെ നിര്‍വചനത്തില്‍ ലൈംഗികബന്ധത്തിനുള്ള വിസമ്മതവും ഉള്‍പ്പെടുമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചുവെന്ന കാരണത്താല്‍ വിവാഹമോചനം അനുവദിച്ച കുടുംബകോടതി വിധിക്കെതിരെ ഭര്‍ത്താവ് സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് കോടതി ഉത്തരവ്.

ആരോഗ്യകരവും സന്തോഷപ്രദവുമായ ദാമ്പത്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് ലൈംഗികബന്ധമെന്നും വിവാഹത്തിന്റെ അടിസ്ഥാന ഘടകമാണിതെന്നും കോടതി വിലയിരുത്തി. ആരോഗ്യകരമായ ലൈംഗികബന്ധം കൂടാതെ വിവാഹബന്ധം കൂടുതല്‍കാലം നിലനില്‍ക്കില്ലെന്നും ലൈംഗികബന്ധം നിഷേധിക്കുന്നത് സ്ത്രീകളുടെ മാനസികനിലയെ ബാധിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ വിവാഹമോചനം അനുവദിച്ച കുടുംബകോടതിവിധിയില്‍ ഇടപെടാന്‍ കാരണമില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. വിവാഹമോചനം അനുവദിച്ച ആലപ്പുഴ കുടുംബകോടതി വിധി ചോദ്യംചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

deshabhimani

ജനകീയ കൂട്ടായ്മയില്‍ വീരേന്ദ്രകുമാറിനെതിരെ രൂക്ഷ വിമര്‍ശം

കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സോഷ്യലിസ്റ്റ് നേതാക്കള്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയില്‍ എം പി വീരേന്ദ്രകുമാറിനെതിരെ രൂക്ഷ വിമര്‍ശം. മുന്‍ എംപിയും മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവുമായ പി വിശ്വംഭരനും കെ കൃഷ്ണന്‍കുട്ടിയുമടക്കം പങ്കടുത്ത കൂട്ടായ്മയില്‍ എച്ച്എംഎസ് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. തമ്പാന്‍ തോമസ് അധ്യക്ഷനായി. എംഎല്‍എമാരായ മാത്യു ടി തോമസ്, സി കെ നാണു, മുന്‍ എംഎല്‍എ എം കെ പ്രേംനാഥ്, സിഎംപി നേതാവ് എം കെ കണ്ണന്‍, സാബു ജോര്‍ജ്, ടോമി മാത്യു, അഡ്വ. വി എം നാരായണന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ജില്ലകളില്‍നിന്നായി ആയിരത്തോളംപേര്‍ പങ്കെടുത്ത യോഗം പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നതിന് സമിതിയും രൂപീകരിച്ചു. പി വിശ്വംഭരന്‍ (ചെയര്‍മാന്‍), കെ കൃഷ്ണന്‍കുട്ടി (ജനറല്‍ കണ്‍വീനര്‍), തമ്പാന്‍ തോമസ് (ജനറല്‍ സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.

ഗാട്ട് കരാറിന്റെ കാണാച്ചരടുകള്‍ കണ്ടുപിടിച്ച് പുസ്തകം എഴുതിപ്പിച്ച് പുരസ്കാരം വാങ്ങിയ വ്യക്തി ഇപ്പോള്‍ അതേ കരാര്‍ ഒപ്പിട്ടവരുമായി കൂട്ടുചേര്‍ന്നിരിക്കുകയാണെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത പി വിശ്വംഭരന്‍ പറഞ്ഞു. വയനാട്ടില്‍ കാടുനശിപ്പിച്ച് കാപ്പിത്തോട്ടം ഉണ്ടാക്കിയയാള്‍ മന്ത്രിയായപ്പോള്‍ ഇനി ആരും മരം വെട്ടരുതെന്ന കപട പരിസ്ഥിതിവാദവും ഉയര്‍ത്തി. സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാരിന്റെ അവസ്ഥ കുറുന്തോട്ടിക്ക് വാതം പിടിച്ചതുപോലെയാണ്. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ പരിഹരിക്കേണ്ട കെപിസിസി പ്രസിഡന്റുതന്നെ ഇപ്പോള്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രശ്നമായിരിക്കുയാണെന്നും വിശ്വംഭരന്‍ പറഞ്ഞു.

ആഗോളവല്‍ക്കരണത്തിനെതിരെ പുസ്തകം എഴുതിയവര്‍ കൊക്കകോള പ്രശ്നത്തില്‍ ഒത്തുതീര്‍പ്പ് ആകാമെന്നാണ് ഇപ്പോള്‍ പറയുന്നതെന്ന് കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊക്കകോള പ്രശ്നത്തില്‍ ട്രിബ്യൂണലിനെ നിയമിച്ചു. ഇതിന് മൂന്നുവര്‍ഷമായിട്ടും കേന്ദ്രം അംഗീകാരം നല്‍കിയിട്ടില്ല. ആഗോളവല്‍ക്കരണത്തെ എതിര്‍ക്കുന്നവര്‍ ഇതിനെതിരെ മിണ്ടുന്നില്ല. അട്ടപ്പാടിയില്‍ സുസ്ലോണ്‍ കമ്പനി ആദിവാസികളുടെ ഭൂമി കൈയേറിയപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയെ ക്കൊണ്ട് അന്വേഷിപ്പിച്ചു. കമ്പനി കൈക്കലാക്കിയത് ആദിവാസി ഭൂമിതന്നെയെന്ന് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കി. അന്ന് ആദിവാസി സ്നേഹം പറഞ്ഞവര്‍ ഇപ്പോള്‍ അനങ്ങുന്നില്ല. വയനാട്ടില്‍ ആദിവാസികളുടെ ഭൂമി കൈയേറിയതിനെപ്പറ്റിയും മിണ്ടാട്ടമില്ല. ബോള്‍ഗാട്ടി ഭൂമി കൈമാറ്റത്തെക്കുറിച്ചും മെട്രോ റെയിലിന്റെ ഭൂമി കൈയേറിയെന്ന ആക്ഷേപത്തെക്കുറിച്ചും കുത്തകകള്‍ക്കെതിരെ സംസാരിക്കുന്നവര്‍ മൗനം പാലിക്കുന്നു. "ഗാട്ടും കാണാച്ചരടും" എന്ന പുസ്തകം ജനതാദള്‍ പ്രവര്‍ത്തകരെക്കൊണ്ട് വിറ്റഴിപ്പിച്ചവര്‍ ആഗോളവല്‍ക്കരണത്തെ അനുകൂലിക്കുന്നവരുടെ ഒപ്പം പോയത് എന്തിനെന്ന് വിശദമാക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച ജോസ് തെറ്റയില്‍ എംഎല്‍എ പറഞ്ഞു.

deshabhimani

എസ്എഫ്ഐ മാര്‍ച്ചിനു നേരെ പൊലീസ് അതിക്രമം; നിരവധി പേര്‍ക്ക് പരിക്ക്

മുക്കം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനപരീക്ഷാ ചോദ്യപേപ്പര്‍ ചില സ്ഥാപനങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതില്‍ പ്രതിഷേധിച്ച് ചാത്തമംഗലം എംഇഎസ് രാജ റസിഡന്‍ഡഷ്യല്‍ സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിലേക്ക് വിദ്യാര്‍ഥി-യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം. പൊലീസ് നടത്തിയ ബലപ്രയോഗത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ടി പി ബിനീഷിനെ പൊലീസുകാര്‍ വളഞ്ഞിട്ട് ക്രൂരമായി മര്‍ദിച്ചു. തലക്കും പുറത്തും ഗുരുതരമായി പരിക്കേറ്റ ബിനീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി കെ സുമേഷ്, യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എം സമീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം അശ്വിന്ത്, കുന്നുമ്മല്‍ ഏരിയാ സെക്രട്ടറി രാഗില്‍, കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറി സക്കറിയ എന്നിവരെയും മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചക്ക് ഒന്നോടെ പരീക്ഷാ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആദ്യം പൊലീസ് ലാത്തി വീശി. പിന്നീട് ജലപീരങ്കിയും ടിയര്‍ഗ്യാസും പ്രയോഗിച്ചു. പ്രകോപനമൊന്നുമില്ലാതെയാണ് ബിനീഷ് അടക്കമുള്ള എസ്എഫ്ഐ നേതാക്കളെ പൊലീസ് മര്‍ദ്ദിച്ചത്. മുദ്രവാക്യം വിളിച്ച് നീങ്ങിയ ഇവരെ പൊലീസ് പിന്തുടര്‍ന്ന് വേട്ടയാടുകയായിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ ജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് അതിക്രമം.

കേരള പ്രൈവറ്റ് മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ നേതൃത്വത്തില്‍ സംസ്ഥാനത്തെ 11 സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 360 എംബിബിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിനാണ് ചാത്തമംഗലം കളന്‍തോട് എംഇഎസ് രാജ സ്കൂളില്‍ വെള്ളിയാഴ്ച പരീക്ഷ നടന്നത്. ഉച്ചക്ക് രണ്ടരക്കായിരുന്നു പരീക്ഷ. എംബിബിഎസ് സീറ്റിന് ലക്ഷങ്ങള്‍ കോഴ വാങ്ങിയ ചില സ്ഥാപനങ്ങള്‍ ഇടനിലക്കാര്‍ മുഖേന ചോദ്യങ്ങള്‍ ചോര്‍ത്തി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയതായി ചില ചാനലുകളില്‍ വാര്‍ത്ത വന്നിരുന്നു. വിശ്വാസ്യത നഷ്ടപ്പെട്ട പ്രവേശനപരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പട്ടാണ് വിദ്യാര്‍ഥി-യുവജന സംഘടനകള്‍ പരീക്ഷാ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയത്. എസ്എഫ്ഐയെ കൂടാതെ എഐഎസ്എഫ്, എെഐവൈഎഫ്, കെഎസ്യു, എബിവിപി, എസ്ഐഒ തുടങ്ങിയ സംഘടനകളും പരീക്ഷാ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സംഘര്‍ഷത്തിനിടെ 964 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി.

ലാത്തിച്ചാര്‍ജില്‍ വ്യാപക പ്രതിഷേധം

കോഴിക്കോട്: മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്‍ക്കരിക്കാനും കച്ചവടവല്‍ക്കരിക്കാനുമുള്ള സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ നിഷ്ഠൂരമായി ലാത്തിച്ചാര്‍ജുചെയ്ത പൊലീസ് നടപടിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലാണുള്ളത്. ലാത്തിച്ചാര്‍ജിലും പൊലീസ് നടത്തിയ കല്ലേറിലും പരിക്കുപറ്റിയ വിദ്യാര്‍ഥികളുടെ പേരില്‍ കെട്ടിച്ചമച്ച കുറ്റങ്ങള്‍ ചാര്‍ത്തി കേസെടുക്കാനുള്ള ശ്രമത്തില്‍നിന്നും പൊലീസ് പിന്തിരിയണം.

മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ മൂല്യങ്ങളും തകര്‍ക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഉന്നത നിലവാരം തകര്‍ക്കുന്ന സമീപനത്തിന്റെ ഭാഗമാണ് സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ക്ക് സ്വന്തം പരീക്ഷ നടത്തി പ്രവേശനം അനുവദിക്കാനുള്ള അധികാരം നല്‍കുന്നത്. വിദ്യാഭ്യാസ കച്ചവടത്തിന്റെ നെറികെട്ട രൂപമാണിത്. നാടിന്റെ പൊതുതാല്‍പര്യത്തെ മുന്‍നിര്‍ത്തി എസ്എഫ്ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന സമരത്തെ ആ അര്‍ഥത്തില്‍ പരിഗണിക്കാന്‍ രക്ഷിതാക്കളും ബഹുജനങ്ങളും തയ്യാറാകണം. സമര രംഗത്തുവരുന്ന വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നയത്തിനെതിരെ എല്ലാ ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് സിപിഐ എം അഭ്യര്‍ഥിച്ചു.

എസ്എഫ്ഐ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി. ഡിവൈഎഫ്ഐ ജില്ലാ സെന്ററില്‍നിന്നും ആരംഭിച്ച മാര്‍ച്ച് ജില്ലാ സെക്രട്ടറി എന്‍ രാജേഷ് ഉദ്ഘാടനം ചെയ്തു. എം ബിജുലാല്‍ അധ്യക്ഷനായി. എ എം റഷീദ്, സി എം ജംഷീര്‍ എന്നിവര്‍ സംസാരിച്ചു. എം വരുണ്‍ ഭാസ്കര്‍ സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ കട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി പ്രതീക്ഷകേന്ദ്രത്തിന് സമീപം പ്രകടനം നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കോഴിക്കോട്-മുക്കം റോഡ് ഉപരോധിച്ചു

deshabhimani

കലിക്കറ്റ് സര്‍വകലാശാല സ്വകാര്യനിക്ഷേപം തേടുന്നു

കലിക്കറ്റ് സര്‍വകലാശാല ബൃഹദ് പദ്ധതികള്‍ നടപ്പാക്കാന്‍ സ്വകാര്യ സംരംഭകരില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നു. 23 കോടി രൂപ ചെലവുവരുന്ന പദ്ധതികള്‍ക്കാണ് ഗള്‍ഫ് വ്യവസായികളില്‍നിന്നും നിക്ഷേപം സ്വീകരിക്കുന്നത്. ഇതുസംബന്ധിച്ച് സര്‍വകലാശാലാ അധികൃതരും സ്വകാര്യസംരംഭകരും ആദ്യവട്ട ചര്‍ച്ച നടത്തി. സിന്‍ഡിക്കേറ്റിന്റെ അനുമതി ലഭിച്ചാലുടന്‍ നിക്ഷേപം സ്വീകരിക്കാനാണ് തീരുമാനം. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല അതിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യനിക്ഷേപം തേടുന്നത്. സര്‍വകലാശാലയുടെ പരമാധികാരത്തിലും സ്വയംഭരണത്തിലും ബാഹ്യശക്തികള്‍ക്ക് ഇടപെടാനുള്ള സൗകര്യമൊരുങ്ങുമെന്ന ആശങ്ക ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.

15 കോടി ചെലവില്‍ കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസിന് പുതിയ കെട്ടിടം, അഞ്ചുകോടിയുടെ സ്പോര്‍ട്സ് ഹോസ്റ്റല്‍, കായികമേഖലയുടെ നവീകരണത്തിന് മൂന്നുകോടി എന്നിങ്ങനെ മൂന്ന് പദ്ധതികള്‍ക്കാണ് ആദ്യഘട്ടത്തില്‍ നിക്ഷേപം സ്വീകരിക്കുന്നത്. മലയാളിയായ പ്രമുഖ ഗള്‍ഫ് വ്യവസായി പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറാണെന്നുകാണിച്ച് സര്‍വകലാശാലക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, വെറും നിക്ഷേപമായി പണം നല്‍കാന്‍ ഇവര്‍ സന്നദ്ധരല്ല. സര്‍വകലാശാലയുടെ ഗവേണിങ് ബോഡിയില്‍ സ്ഥാനം, മുടക്കുന്ന തുകയ്ക്കനുസരിച്ച് ലാഭവിഹിതം, കെട്ടിടങ്ങള്‍ക്ക് പേരിടാനുള്ള അധികാരം തുടങ്ങി നിരവധി നിബന്ധന കമ്പനി മുന്നോട്ടുവച്ചതായാണ് വിവരം. വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍സലാം മുന്‍കൈയെടുത്താണ് പദ്ധതി ആവിഷ്കരിച്ചത്. ലീഗ് സിന്‍ഡിക്കേറ്റംഗങ്ങളുടെ പരിപൂര്‍ണ പിന്തുണയുമുണ്ട്.

നിക്ഷേപം സ്വീകരിക്കുന്നത് സംബന്ധിച്ച് സര്‍വകലാശാല സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായമാരാഞ്ഞപ്പോള്‍ അനുകൂല മറുപടിയാണ് ലഭിച്ചത്. കഴിഞ്ഞ 27ന് ചേര്‍ന്ന സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ചക്കുവന്നെങ്കിലും തീരുമാനമായിരുന്നില്ല. ഇത്തരം നിക്ഷേപം സ്വീകരിക്കുമ്പോള്‍ സര്‍വകലാശാല ചില വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന് സിന്‍ഡിക്കേറ്റ് കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. ഇതിനെതിരെ ചില കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തി. വെറും നിക്ഷേപമായി മാത്രം പണം സ്വീകരിച്ചാല്‍ മതിയെന്നും മറ്റ് ഒരു സൗകര്യവും ചെയ്തുകൊടുക്കേണ്ടതില്ലെന്നും അഭിപ്രായമുയര്‍ന്നു. തുടര്‍ന്ന് വിഷയം മാറ്റിവയ്ക്കുകയായിരുന്നു. കോണ്‍ഗ്രസ് അംഗങ്ങളെ അനുനയിപ്പിച്ച് പദ്ധതി നടപ്പാക്കാനാണ് ലീഗ് ശ്രമം

deshabhimani

പോപ്പുലര്‍ ഫ്രണ്ട് അഴിഞ്ഞാട്ടം: പൊലീസ് കൈകെട്ടി നിന്നു

നിയമവിരുദ്ധ നടപടികള്‍ തടയല്‍ നിയമത്തിനെതിരെ സംഘടിപ്പിച്ച റാലിയുടെ മറവില്‍ തലസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഴിഞ്ഞാടാന്‍ പൊലീസ് മനഃപൂര്‍വം അവസരമൊരുക്കി. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്റര്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഉപരോധിച്ചിട്ടും പൊലീസ് കൈകെട്ടിനിന്നു. മണിക്കൂറുകളോളം എ കെ ജി സെന്ററിനു മുന്‍വശവും സമീപറോഡുകളും കൈയടക്കി പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രകോപനം സൃഷ്ടിച്ചിട്ടും പൊലീസ് കാഴ്ചക്കാരായി. പ്രകോപനപരമായ മുദ്രാവാക്യമുയര്‍ത്തി പകല്‍ രണ്ടോടെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഇവിടെ എത്തിയിട്ടും പൊലീസ് അനങ്ങിയില്ല. നഗരത്തില്‍ വലിയ പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കുന്ന ഘട്ടത്തില്‍ പൊലീസ് നടത്താറുള്ള പതിവ് കൂടിയാലോചന പോലും ഇത്തവണ ഉണ്ടായില്ല. തീവ്രവാദസംഘടന സംഘടിപ്പിച്ച പ്രകടനമായിട്ടുപോലും പൊലീസ് നിസ്സംഗമായതും ദുരൂഹം. പ്രകടനക്കാര്‍ക്ക് അസൗകര്യമുണ്ടാകരുതെന്ന നിര്‍ബന്ധബുദ്ധി പൊലീസിനുണ്ടായിരുന്നു. ഉന്നതങ്ങളില്‍നിന്ന് ഇത്തരത്തില്‍ നിര്‍ദേശം കിട്ടിയതായാണ് സൂചന. നിയമവിരുദ്ധ നടപടികള്‍ തടയല്‍ നിയമം ദുരുപയോഗപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിനോ യുഡിഎഫ് സര്‍ക്കാരിനോ എതിരായി പ്രകടനത്തില്‍ ഒരു ശബ്ദവുമുയര്‍ന്നില്ല.

ഇത്തരത്തില്‍ പ്രകടനങ്ങള്‍ നടക്കുമ്പോള്‍ ആവശ്യമായ മുന്നൊരുക്കം സ്വീകരിക്കാറുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച് വിഭാഗത്തില്‍നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റാലിയുടെ സ്വഭാവവും പങ്കെടുക്കാനിടയുള്ളവരുടെ ഏകദേശ കണക്കും മനസ്സിലാക്കിയാണ് സുരക്ഷ ക്രമീകരിക്കുക. ഇതിനു മുന്നോടിയായി നഗരത്തിലെ എല്ലാ അസിസ്റ്റന്റ് കമീഷണര്‍മാരുടെയും സിഐമാരുടെയും യോഗം കമീഷണര്‍ വിളിക്കും. ഏതെല്ലാം കേന്ദ്രങ്ങളിലൂടെ പ്രകടനം അനുവദിക്കണമെന്നും, ഗതാഗതം എങ്ങനെ ക്രമീകരിക്കണമെന്നും ധാരണയിലെത്തും. ആവശ്യമായ പൊലീസ് സേനയെ ക്യാമ്പുകളില്‍നിന്ന് നിയോഗിക്കും. അത്യാവശ്യത്തിന് ഉപയോഗിക്കാന്‍ ക്യാമ്പുകളില്‍ സേനയെ സജ്ജമാക്കി നിര്‍ത്തും. പോപ്പുലര്‍ ഫ്രണ്ട് റാലിയുടെ കാര്യത്തില്‍ ഇതൊന്നുമുണ്ടായില്ല. ആശാന്‍ സ്ക്വയറില്‍നിന്ന് പ്രകടനം ആരംഭിക്കുമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. പുത്തരിക്കണ്ടത്തായിരുന്നു റാലി. റോഡുകളില്‍നിന്ന് മാറിനിന്ന പൊലീസ് ഗതാഗതനിയന്ത്രണം പോപ്പുലര്‍ഫ്രണ്ട് വളന്റിയര്‍മാരെ ഏല്‍പ്പിച്ചു. ആശാന്‍ സ്ക്വയറിനുപകരം എ കെ ജി സെന്ററിനുമുന്നില്‍ വടക്കന്‍ ജില്ലകളില്‍നിന്നുള്ളവര്‍ സംഘടിച്ചു. ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ വന്നിട്ടും ഇടപെടലുമുണ്ടായില്ല. സിപിഐ എം പ്രവര്‍ത്തകര്‍ അങ്ങേയറ്റം ആത്മസംയമനം പാലിച്ചതുമൂലമാണ് പ്രശ്നങ്ങള്‍ ഉണ്ടാകാതിരുന്നത്. നഗരത്തില്‍ പലയിടത്തും കാല്‍നടയാത്രക്കാര്‍ കുടുങ്ങി. ഇവരെ സഹായിക്കാന്‍ പൊലീസുകാരെ കണ്ടില്ല. സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് അധികൃതര്‍ ഒരുവിധത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ലെന്നാണ് വിവരം.

deshabhimani