നോം ചോംസ്‌കി. -ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും വിശിഷ്‌ടരായ ധൈഷണികരില്‍ ഒരാള്‍. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ഇടതുപക്ഷ ചിന്തകന്‍. ഭാഷാ ശാസ്‌ത്രജ്ഞൻ, രാഷ്ട്രീയ പ്രവര്‍ത്തകന്‍. വാര്‍ധക്യത്തിലും ധൈഷണിക ജീവിതം അദ്ദേഹം തുടരുന്നു. വീണുകിട്ടിയ ചില അവസരങ്ങളില്‍ അദ്ദേഹം സംഭാഷണത്തിന് തയ്യാറായി. ജീവിതത്തെയും രാഷ്ട്രീയത്തെയും പറ്റി പറഞ്ഞു. സമകാലീന ഇന്ത്യ, കേരളം, രാഷ്ട്രീയ മുന്നേറ്റങ്ങള്‍ എല്ലാം സംഭാഷണത്തിന്റെ ഭാഗമായി
തൊണ്ണൂറ്റിരണ്ടാം വയസ്സിൽ പ്രായത്തിന്റെ അവശതകൾ മറികടന്ന് ഓരോ നിമിഷവും ലോകത്തിന്റെ ദാർശനികവും രാഷ്ട്രീയവുമായ സമസ്യകളെ വിശകലനംചെയ്യുന്നു, നോം ചോംസ്‌കി. കോവിഡിന്റെ ആരംഭദശയിലായിരുന്നു ദീർഘ ഭാഷണങ്ങളുടെ തുടക്കം. ലഘുവായതും എന്നാൽ ആശയംകൊണ്ട് പ്രതീക്ഷ നൽകുന്നതുമായ ജ്ഞാനവൃദ്ധന്റെ വാക്കുകൾ നൽകുന്ന അനുഭവം വേറെതന്നെ!
കോവിഡിനെതിരായ ഡോണൾഡ് ട്രംപിന്റെ ആദ്യപരാജയം, തുടർന്ന് തെരഞ്ഞെടുപ്പിലുണ്ടായ പരാജയം, ഇന്ത്യയിലെ സർക്കാരിന്റെ ഫാസിസ്റ്റ് ആഭിമുഖ്യമുള്ള നയങ്ങൾ, കേരളത്തിലെ ഇടതുപക്ഷ മുന്നേറ്റം. ലോകത്തിലെ ചെറിയ ചലനങ്ങൾപോലും അദ്ദേഹം ഓർത്തെടുക്കുന്നു. ലോകത്തെ മുതലാളിത്ത, ഫാസിസ്റ്റ് സർക്കാരുകൾക്ക് ചോംസ്‌കിയുടെ ചിന്താധാര എന്നും തലവേദന ഉണ്ടാക്കി.
അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങൾക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നതുകൊണ്ടുതന്നെ ദശകങ്ങളായി കോർപറേറ്റ് ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാണദ്ദേഹം. 1950കളുടെ തുടക്കം മുതൽ ലോകത്തെ ജനാധിപത്യ വിപ്ലവങ്ങൾക്കെല്ലാം താത്വിക മാനം ചമയ്‌ക്കാനും ചിന്തയുടെ അഗ്നി പടർത്താനും ഈ മനുഷ്യന് കഴിഞ്ഞു. ഒരു അക്കാദമിക് എന്ന നിലയിൽ ഒതുങ്ങിപ്പോയിരുന്നുവെങ്കിൽ ഇന്നുകാണുന്ന രീതിയിൽ അദ്ദേഹത്തിന് ലോകത്തെ ബുദ്ധിജീവികളുടെ ഇടയിൽ സ്വാധീനം ഉറപ്പിക്കാനും അതിന്റെ നേതൃനിരയിലേക്ക് ഉയരുവാനും കഴിയുമായിരുന്നില്ല.
ഇന്ത്യയെ ഓർത്ത് എനിക്ക് ഭയമാണ്
‘‘I don’t have anything relevant, I’m afraid.’’
ഇന്ത്യൻ സർക്കാരിന്റെ ഫാസിസ്റ്റ് ആഭിമുഖ്യമുള്ള നയങ്ങളിൽ തന്റെ ആശങ്കകൾ മറച്ചുവയ്‌ക്കുന്നില്ല, ചോംസ്‌കി. കഴിഞ്ഞ ദശകം ഇന്ത്യൻ ജനാധിപത്യത്തിൽ ഉണ്ടാക്കിയ മാറ്റം അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ഭരണകൂടം പൗരന്റെ ജീവനിലും ജീവിതത്തിലും തങ്ങളുടെ അധികാരം നിലനിർത്താൻ അനിയന്ത്രിതമായ ഇടപെടലുകൾ നടത്തുന്നു. പ്രസക്തി നഷ്‌ടപ്പെട്ട ഒന്നായി രാജ്യത്തെ ഭരണഘടനയെ കാണുന്നതും അത് പരിവർത്തനം ചെയ്യുപ്പെടുന്നുവെന്ന തോന്നലും ഉണ്ടാക്കുന്ന ഭയം മനുഷ്യവംശത്തിന്റെ തന്നെ ഇടപെടൽ കാംക്ഷിക്കുന്ന ഒന്നാണ്. മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റുകൾ, തുടർന്നുള്ള കസ്റ്റഡി മരണങ്ങൾ. രാജ്യദ്രോഹ കുറ്റം ചുമത്തൽ, രാജ്യത്തെ പ്രധാനപ്പെട്ട സർവകലാശാലകളിൽ നടക്കുന്ന ഭരണകൂട ആക്രമണങ്ങൾ അങ്ങനെ പലതും. ഇന്ത്യയെ കാത്തിരിക്കുന്നത് ഒരു വലിയ ഭയത്തിന്റെ വരവാണ്.
ഏകാധിപതികൾ ഉണ്ടാകുന്നത്
ഏകാധിപതികൾ ഉണ്ടാകുന്നത് അവർ കൃത്രിമമായി നിർമിക്കുന്ന നായക പരിവേഷങ്ങളിലൂടെയാണ്. രക്ഷകന്റെ രൂപത്തിൽ അവതരിക്കുന്ന ഈ ബിംബങ്ങൾ ക്രമേണ വ്യക്തിയിലും സമൂഹത്തിലും ഇടപെടും. അധികാര രൂപങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. പോസ്റ്റ് ട്രൂത്ത് മാധ്യമങ്ങളിൽ ഇടപെടുന്നത്, ഭരണകൂട പ്രീണനം നടത്തുന്നത് എന്നിങ്ങനെ പരസ്‌പര ആശ്രിതത്വത്തിന്റെ ഒരു മാതൃക ഇവിടെ ഉണ്ടായിവരുന്നു. ലോകത്ത് ഇപ്പോഴുള്ള ഭരണകൂടങ്ങൾ, അവിടെയുള്ള രാഷ്ട്രീയ നയങ്ങൾ, അധികാരികൾ എന്നിവയിൽ ഇതിന്റെ രൂപം കാണാൻ സാധിക്കും.
ഇടതുപക്ഷ രാഷ്‌ട്രീയം
ഇടതുപക്ഷത്തോട് ചേർന്ന് എക്കാലവും ജീവിച്ച നോം ചോംസ്‌കി അതുകൊണ്ടുതന്നെ ലോകത്തിലെ സാമ്രാജ്യത്വ ശക്തികൾക്ക് അപ്രിയനായിരുന്നു. അക്കാദമിക് സംഭാവനകൾക്കുമപ്പുറം സ്വന്തം രാജ്യത്തിന്റെ യുദ്ധക്കൊതിക്കും സിഐഎ പോലുള്ള സംഘടനകളെ ഉപയോഗിച്ചു നടത്തിയ അട്ടിമറികൾക്കും എതിരെ ശബ്‌ദിക്കാനും താൻ നയിക്കുന്ന വിദ്യാർഥി സമൂഹത്തിൽ സ്വാധീനം ചെലുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. വിയറ്റ്നാം മുതൽ ഇറാഖ് വരെയുള്ള അമേരിക്കൻ അധിനിവേശങ്ങളെ ചോദ്യംചെയ്‌തു. ലോകത്തിൽ ഉണ്ടായിരുന്ന ഇടതുപക്ഷ സർക്കാർ നയങ്ങളെ പിന്തുണയ്‌ക്കാനും വേണ്ട രീതിയിൽ ഉപദേശങ്ങൾ നൽകാനും അദ്ദേഹത്തിന് സാധിച്ചു.
സംഘപരിവാറിന്റെ പക
ഇന്ത്യയിലെ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് സ്വഭാവം നേരിട്ട് അനുഭവിച്ചയാളാണ് ചോംസ്കി, 2001 ലെ കേരളം സന്ദർശന വേളയിൽ. സംഘപരിവാർ ഗുണ്ടകൾ കൊല്ലത്തുവച്ച് അദ്ദേഹത്തെ അപായപ്പെടുത്താൻ ശ്രമിച്ചു. അമേരിക്കൻ ചാരൻ എന്നാരോപിച്ചായിരുന്നു ആക്രമണം. ഇന്ന് അതേ ആളുകൾ അമേരിക്കയുടെ ദാസ്യവേല ചെയ്യുന്നു എന്നത് വിരോധാഭാസം. ഫാസിസ്റ്റുകളുടെ കമ്യൂണിസ്റ്റ് വിരോധമാണ് കൊല്ലത്ത് നടപ്പാക്കിയത്.
കേരളം പ്രതീക്ഷയുടെ തുരുത്ത്
സംഭാഷണങ്ങളുടെ ഒടുക്കം ലോകത്തിന്റെ പ്രതീക്ഷയുടെ തുരുത്തായി ഈ വിഖ്യാതചിന്തകൻ കേരളത്തെ അടയാളപ്പെടുത്തുന്നു. ഇന്ത്യക്ക് മാത്രമല്ല, ലോകത്തെ ഇടതുപക്ഷ മുന്നേറ്റങ്ങളുടെ ഭാഗമായി ഈ ചെറുദേശത്തെ അദ്ദേഹം വ്യാഖ്യാനിക്കുന്നു. കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്ന ദിവസം അദ്ദേഹം ഇങ്ങനെ എഴുതി അവസാനിപ്പിക്കുന്നു: ‘‘പ്രതീക്ഷയുടെ, സ്വാതന്ത്ര്യത്തിന്റെ ഗാഥകൾ പേറി ഈ നാട് ഇന്ത്യയിലെ ഫാസിസ്റ്റ് മുന്നേറ്റങ്ങളെ ചെറുക്കും.’’ ഇത് പ്രവചനാത്മകമായല്ല തന്റെ ജീവിതത്തിലെ ധൈഷണിക ബുദ്ധികൊണ്ടാണദ്ദേഹം പറഞ്ഞുറപ്പിക്കുന്നത്.
അഖിൽ എസ് മുരളീധരൻ
No comments:
Post a Comment