Sunday, August 15, 2021

സ്‌മരണകളിരമ്പുന്ന പാളയം രക്തസാക്ഷി മണ്ഡപം; ഒരുക്കിയത്‌ 1957 ലെ കമ്യൂണിസ്‌റ്റ്‌ സർക്കാർ

തിരുവനന്തപുരം > 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ മുഴുവന്‍ പേരുടെയും സ്‌മരണയുമായി ഉയർന്നുനിൽക്കുകയാണ്‌ പാളയം രക്തസാക്ഷി മണ്ഡപം. കേരളത്തിലെ പ്രധാന സ്വാതന്ത്ര്യസമര സ്‌മാരകമായ പാളയം രക്തസാക്ഷിമണ്ഡപം പണികഴിപ്പിച്ചത്‌ 1957 ലെ കമ്യൂണിസ്‌റ്റ്‌ സർക്കാരിന്റെ കാലത്താണ്‌. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ശതാബ്‌ദി ആഘോഷിക്കാൻ ഇഎംസിന്റെ നേതൃത്വത്തിലുള്ള ആദ്യകമ്യൂണിസ്റ്റ് സർക്കാർ തീരുമാനിക്കുകയായിരുന്നു. ലോകത്തിൽ ആദ്യമായി ബാലറ്റ്‌ പേപ്പറിലൂടെ കമ്യൂണിസ്‌റ്റ്‌ സർക്കാർ അധികാരത്തിലേറി മൂന്ന്‌ മാസത്തിനുശേഷമാണ്‌ പാളയം രക്തസാക്ഷി മണ്ഡപം ഉദ്‌ഘാടനംചെയ്‌ത്‌. മണ്ഡപം രാജ്യത്തിന്‌ സമർപ്പിച്ചതാകട്ടെ അന്നത്തെ രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദും. 1957 ആഗസ്‌ത്‌ 14നായിരുന്നു ഉദ്‌ഘാടനം. ചടങ്ങിനായി രാഷ്‌ട്രപതി എത്തിയപ്പോൾ സ്വീകരിച്ചത്‌ ‘ബലികുടീരങ്ങളെ’ എന്ന്‌ തുടങ്ങുന്ന വിപ്ലവഗാനവും.


ഒന്നാം സ്വാതന്ത്രസമര രക്തസാക്ഷികളുടെ ഓർമ്മയ്‌ക്കാണ്‌ പാളയത്ത് രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചത്. ഒന്നാം സ്വാതന്ത്രസമരത്തിന്റെ 100ാം വാർഷിക ചടങ്ങിൽ രക്തസാക്ഷികളുടെ സ്‌മ‌രണയ്‌ക്കായി “ബലികുടീരങ്ങളേ” ഒരുക്കിയത്‌ വയലാറും ദവരാജനും ചേർന്നാണ്‌. രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ മുഴുവന്‍ പേര്‍ക്കുമുള്ള സ്‌മാരകത്തിന്റെ ഉദ്ഘാടന വേളയില്‍ ആവേശം പകരുന്ന ഗാനം തന്നെ ഒരുക്കണമെന്ന് സംഘാടകര്‍ക്ക് നിര്‍ബന്ധമായിരുന്നു. രചന വയലാറും സംഗീതം ജി ദേവരാജനും ആകണമെന്ന് നിര്‍ദേശിച്ചത് ജോസഫ് മുണ്ടശേരിയായിരുന്നു.

രക്തസാക്ഷി മണ്ഡപം തുറന്നുകൊടുത്തശേഷം വിജെടി ഹാളില്‍ 50 ഗായകര്‍ ചേര്‍ന്നാണ്‌ 'ബലികുടീരങ്ങളേ' ആദ്യമായി ആലപിച്ചത്. ഗായകരില്‍ കെ എസ് ജോര്‍ജ്, പിന്നീട് നടനായി മാറിയ ജോസ് പ്രകാശ്, അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ്, കെപിഎസി സുലോചന എന്നിവരുമുണ്ടായിരുന്നു. ഗാനം രചിക്കാന്‍ അന്ന് മറ്റു പല രചയിതാക്കളുടെയും പേര് നിര്‍ദേശിച്ചെങ്കിലും വിപ്ലവത്തിന്റെ തീയുള്ള മനസ്സില്‍ നിന്നാവണം വരികളെന്ന തീരുമാനമാണ് വയലാറില്‍ എത്തിയത്.

No comments:

Post a Comment