ഇന്ന് മോഡി സർക്കാരിനെ വിമർശിക്കുന്നവരെ രാജ്യദ്രോഹികൾ എന്ന് ആക്ഷേപിക്കുന്നവരാണ് സംഘപരിവാറുകാർ. സർക്കാരിനെ എതിർക്കുന്നവർക്ക് സ്‌ഥാനം പാകിസ്‌ഥാനിലാണെന്നും അവർ ആക്രോശിക്കും. എന്നാൽ സംഘപരിവാറിന്റെ സ്‌ഥാപക നേതാക്കൾക്ക് ഈ രാജ്യത്തോടും സ്വാതന്ത്ര്യസമരത്തോടും എന്തായിരുന്നു നിലപാട്. അറിയുക, ആരാണ് യഥാർഥ രാജ്യദ്രോഹികളെന്ന്
[ഗാന്ധിജിയെ വധിച്ച കേസിൽ കുറ്റാരോപിതരായ ആർഎസ്‌എസ്‐ ഹിന്ദുമഹാസഭാ നേതാക്കൾ. മുൻനിരയിൽ ഇടത്തുനിന്ന് വലത്തോട്ട്: നാഥുറാം വിനായക് ഗോഡ്‌സെ, നാരായൺ ആപ്‌തെ, വിഷ്‌ണു കാർക്കറെ. രണ്ടാം നിരയിൽ ഇടത്തുനിന്ന് വലത്തോട്ട് ഡി ആർ ബാഡ്‌ഗെ, ശങ്കർ കിസ്‌തയ്യ, ഗോപാൽ ഗോഡ്‌സെ. മൂന്നാം നിരയിൽ വി ഡി സവർക്കർ, ഡി എസ് പച്ചുരെ. 1948 മെയ് മാസത്തിൽ കേസിന്റെ വിചാരണ വേളയിൽ എടുത്ത ചിത്രം]
സ്വാതന്ത്ര്യസമരത്തിൽനിന്ന് പൂർണമായും വിട്ടു നിന്ന, കൊളോണിയൽ മേധാവിത്വം ഇന്ത്യയിൽ തുടരണമെന്ന് ആത്മാർഥമായി ആഗ്രഹിച്ച ഒരു പ്രസ്ഥാനം മാത്രമേ രാജ്യത്തുള്ളൂ. അത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൊടി ഉയർത്തുന്ന ആർഎസ്‌എസാണ്. രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ടയുതിർക്കാൻ മടിക്കാത്ത പ്രസ്‌ഥാനം ഇന്നും സ്വാതന്ത്ര്യസമരം മുന്നോട്ടുവച്ച മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളെയും രാഷ്ട്രത്തിന്റെ ഐക്യത്തെയും നിരന്തരം വധിച്ചുകൊണ്ടിരിക്കുകയാണ്. ദശാബ്‌ദങ്ങൾ നീണ്ട സ്വാതന്ത്ര്യപോരാട്ടത്തിന്റെ പ്രോജ്വലമായ ചരിത്രത്തിലെങ്ങും ഹിന്ദുത്വരാഷ്ട്രീയ ശക്തികൾക്ക് ഇടമില്ല. എന്നാൽ സ്വാതന്ത്ര്യ സമരത്തെ ദുർബലമാക്കാൻ അവർ അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു താനും. ആ കറുത്ത ഏടുകളിലേക്ക്–-
സ്വാതന്ത്ര്യപോരാളികളെ പിന്തിരിപ്പിച്ചു ഹെഡ്‌ഗേവാർ
സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട ഘട്ടത്തിൽ 1925ലാണ് ആർഎസ്‌എസ് രൂപംകൊള്ളുന്നത്. സ്ഥാപകൻ കെ ബി ഹെഡ്‌ഗേവാർ വ്യക്തിയെന്ന നിലയിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിലിൽ കിടന്നിട്ടുണ്ടെങ്കിലും സംഘടനയെന്ന നിലയിൽ ആർഎസ്‌എസ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കണമെന്ന് ഒരിക്കൽപോലും ആഹ്വാനം ചെയ്‌തിട്ടില്ല. ആർഎസ്‌എസിന് മുന്നോടിയായി രൂപീകരിക്കപ്പെട്ട പഞ്ചാബിലെ ഹിന്ദു മഹാസഭ 1909ൽ മിന്റോ പ്രഭുവിനയച്ച കത്തിൽ അക്കാലത്തെ രാഷ്ട്രീയ പ്രക്ഷോഭങ്ങളെ അരാജവാദകപരമെന്നാണ് മുദ്ര കുത്തിയത്. ഇതേവർഷം ചേർന്ന അഖിലേന്ത്യാ ഹൈന്ദവസമ്മേളനത്തിൽ ‘ഒരുവൻ പ്രഥമമായി ഹിന്ദുവാണെന്നും പിന്നീട് മാത്രമേ അവൻ ഇന്ത്യക്കാരനാകുന്നുള്ളുവെന്നും’ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെയോ അടിച്ചമർത്തപ്പെട്ട ഇന്ത്യൻ ജനവിഭാഗങ്ങളുടെ മോചനത്തിന് വേണ്ടിയോ സ്വന്തം നിലയിൽ ഒരു സമരവും നടത്താത്ത സംഘടന കൂടിയാണ് ആർഎസ്‌എസ്. ഹെഡ്‌ഗേവാർ 1931ന് ശേഷം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടില്ല. സ്വാതന്ത്ര്യപോരാളികളെ ഹെഡ്‌ഗേവാർ പിന്തിരിപ്പിച്ചതായി അദ്ദേഹത്തിന് ശേഷം സർസംഘചാലകായ എം എസ് ഗോൾവാൾക്കർ വ്യക്തമാക്കിയിട്ടുണ്ട്. 1930–-31ൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുക്കാതിരുന്നാൽ, സ്വാതന്ത്ര്യാനന്തരം സംഘടന പിറകിലാകുമെന്നും അതൊഴിവാക്കപ്പെടണമെന്നും അഭ്യർഥിച്ച് ഒരു പ്രതിനിധി സംഘം ഹെഡ്‌ഗേവാറെ കണ്ടകാര്യമാണ് 1960 മാർച്ച് ഒമ്പതിന് ഇൻഡോറിലെ പ്രസംഗത്തിൽ ഗോൾവാൾക്കർ ഓർത്തെടുത്തത്. ‘സത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിലിൽ പോകാൻ തയ്യാറാണെന്ന് ഒരു മാന്യൻ പറഞ്ഞപ്പോൾ ഡോക്ടർജി പ്രതികരിച്ചു. ‘അപ്പോൾ ആരാണ് നിങ്ങളുടെ കുടുംബത്തെ പുലർത്തുക? ആ മാന്യൻ മറുപടി നൽകി ‘രണ്ട് വർഷക്കാലത്തേക്ക് എന്റെ കുടുംബത്തിന് വേണ്ടതെല്ലാം മാത്രമല്ല ആവശ്യാനുസരണം പിഴകൾ ഒടുക്കാനുള്ള വിഭവങ്ങളും ഞാൻ കരുതിയിട്ടുണ്ട്’ അപ്പോൾ ഡോക്ടർജി പ്രതിവചിച്ചു. ‘നിങ്ങൾ വിഭവങ്ങൾ പൂർണമായും സമാഹരിച്ചിട്ടുണ്ടെങ്കിൽ രണ്ട് വർഷക്കാലം സംഘിന് വേണ്ടി പ്രവർത്തിക്കാൻ വരിക.’ അതായത് നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന്.
ജിന്നയ്‌ക്കൊപ്പം ഭരിച്ചു ‘ഭീരു’ സവർക്കർ
ഹിന്ദുത്വ രാഷ്ട്രീയമെന്ന പ്രത്യയശാസ്‌ത്രത്തിന് വിത്തിട്ടത് വി ഡി സവർക്കറായിരുന്നു. സ്വാതന്ത്ര്യ സമര നായകനായാണ് ഹിന്ദുത്വവാദികൾ സവർക്കറെ വാഴ്‌ത്തുന്നത്. ഭാരതരത്‌നം നൽകണമെന്നാണ് പുതിയ ആവശ്യം. ബ്രിട്ടനിൽ പഠിക്കുമ്പോൾ കടുത്ത ബ്രിട്ടീഷ് വിരുദ്ധനായിരുന്നു സവർക്കർ. അതിന്റെ പേരിൽ ബാരിസ്റ്റർഷിപ് നിഷേധിച്ചു, അറസ്റ്റുചെയ്‌തു. ജീവപര്യന്തം തടവിന് ശിക്ഷിച്ച് ബ്രിട്ടനിൽനിന്നും പുറത്താക്കി അൻഡമാൻ ജയിലിലടച്ചു. ജയിൽവാസം നീണ്ടതോടെ ആറുതവണ മാപ്പപേക്ഷ നൽകിയ സവർക്കർ സ്വാതന്ത്ര്യ പോരാട്ടത്തെ വഞ്ചിച്ചവരിൽ മുമ്പനായി. ‘(ബ്രിട്ടീഷ്)സർക്കാരിനെ അവരാഗ്രഹിക്കുംവിധം സേവിക്കാൻ തയ്യാറാണെന്ന്' എഴുതിക്കൊടുത്ത് മോചിതനായ ‘ഭീരു’ സവർക്കർ ബിജെപിക്കാർക്ക് ‘വീര സവർക്കർ.’ അക്രമപാത ഉപേക്ഷിക്കുമെന്നും ബ്രിട്ടീഷ് നിയമങ്ങളും ഭരണഘടനയും അംഗീകരിക്കുമെന്നും മൊണ്ടേഗു ചെംസ്‌ഫോർഡ് ഭരണപരിഷ്‌കാരങ്ങൾ വിജയിപ്പിക്കാൻ ശ്രമിക്കുമെന്നും സവർക്കർ എഴുതിയ കത്തിൽ പറയുന്നുണ്ട്. (1995 ഏപ്രിൽ ഏഴ് ലക്കം ഫ്രണ്ട്‌ലൈൻ). ഈ മാപ്പപേക്ഷയുടെ ബലത്തിൽ മോചിതനായ സവർക്കർ ബ്രിട്ടീഷ് തിട്ടൂരമനുസരിച്ച് രത്‌നഗിരി ജില്ലയിൽനിന്ന് പുറത്തുപോകാതെ ജീവിച്ചു. രാഷ്ട്രീയ പ്രവർത്തനം പുനരാരംഭിച്ചത് 1937ൽ പ്രവിശ്യകളിൽ കോൺഗ്രസ് ഭരണം വന്നപ്പോൾ മാത്രം. ഹിന്ദു മഹാസഭ പ്രസിഡന്റായി. പിന്നീട് ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുത്തില്ല. ഈ സാമ്രാജ്യത്വ സേവ ക്വിറ്റ് ഇന്ത്യാ സമരകാലത്തെ നിലപാടുകളിൽ വ്യക്തം. 1942 ആഗസ്‌ത് എട്ടിന് കോൺഗ്രസ് അവതരിപ്പിച്ച ക്വിറ്റ് ഇന്ത്യാ പ്രമേയത്തിന് ഹിന്ദു മഹാസഭയും ആർഎസ്‌എസും എതിരായിരുന്നു. ഇന്ത്യ മുഴുവൻ സഞ്ചരിച്ച് യുവാക്കളോട് ബ്രിട്ടീഷ് സേനയിൽ ചേരാൻ സവർക്കർ ആവശ്യപ്പെട്ടു. ഗാന്ധിജി ക്വിറ്റ് ഇന്ത്യാ മുദ്രാവാക്യം ഉയർത്തിയപ്പോൾ സവർക്കർ പറഞ്ഞു: ‘ഹിന്ദുസംഘടനകളിലുള്ളവരോട് എനിക്കുള്ള നിർദേശം (ബ്രിട്ടീഷ്) ഗവർമെന്റിൽ എന്തെങ്കിലും പദവികളിലുള്ളവർ തുടർന്നും കൃത്യനിർവഹണം നടത്തണമെന്നാണ്’ (എ ജി നൂറാണി, ഫ്രണ്ട്‌ലൈൻ ഡിസംബർ 1, 1995). 1942 ആഗസ്‌ത് 31ന് ഹിന്ദു മഹാസഭ വർക്കിങ് കമ്മിറ്റി പാസാക്കിയ പ്രമേയത്തിലും ഇതാവർത്തിക്കപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവിശ്യാ സർക്കാരുകളോട് രാജിവയ്‌ക്കാൻ ആവശ്യപ്പെട്ടപ്പോൾ സവർക്കറും ഹിന്ദുമഹാസഭയും അതിനെ എതിർത്തു. മാത്രമല്ല ജിന്നയുടെ മുസ്ലിംലീഗുമായി ചേർന്ന് സിന്ധിലും ബംഗാളിലും സഖ്യസർക്കാരിൽ തുടരുകയും ചെയ്‌തു. ബംഗാളിൽ ജനസംഘത്തിന്റെ പ്രഥമ അധ്യക്ഷൻ ശ്യാമപ്രസാദ് മുഖർജി തന്നെ അംഗമായിരുന്നു. 1943 ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം ഇങ്ങനെ എഴുതിവച്ചു: ‘ആർഎസ്‌എസ് ക്രമസമാധാനത്തിന് ഭീഷണി ഉയർത്തുമെന്ന് വാദിക്കുക വിഷമമാണ്.’ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭകാലത്തെ അക്രമസംഭവങ്ങൾ പ്രതിപാദിക്കവെ ബോംബെ ആഭ്യന്തരവകുപ്പ് ഇങ്ങനെ കുറിച്ചു: ‘നിയമത്തിന്റെ നാലതിരുകൾക്കുള്ളിൽ പ്രവർത്തിക്കുന്നതിൽ സംഘ് അതീവ ശ്രദ്ധ പുലർത്തി. 1942 ആഗസ്‌തിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളിൽനിന്ന് അവർ വിട്ടു നിന്നു.’ രണ്ടംലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് പ്രവിശ്യാസർക്കാരുകൾ രാജിവച്ചപ്പോൾ 1939 ഒക്ടോബർ മൂന്നിന് വൈസ്രോയി ലിൻലിത്‌ഗോവിനെ സന്ദർശിച്ച സവർക്കർ ബ്രിട്ടിഷുകാർക്ക് എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തു. തുടർന്ന് ലിൻലിത്‌ഗോ, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫ് ഇന്ത്യ, സെറ്റ്‌ലാൻഡ് പ്രഭുവിനയച്ച കത്തിൽ ഇങ്ങനെ എഴുതി ‘ഹിന്ദുയിസവും ഗ്രേറ്റ് ബ്രിട്ടനും ചങ്ങാത്തം സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. ഭൂതകാലവിരോധം ഇനി മാറ്റിവയ്‌ക്കാം’ (ദ ആർഎസ്‌എസ് എ മെനസ് ടു ഇന്ത്യ: എജി നൂറാനി.) ബ്രിട്ടീഷ് സേനയിൽ ചേരാൻ ആഹ്വാനംചെയ്‌തതിനെ പലരും രൂക്ഷമായി വിമർശിച്ചപ്പോൾ സവർക്കർ പറഞ്ഞത് ഹിന്ദുക്കളെ സൈനികവൽക്കരിക്കാനാണ് താനിത് ചെയ്യുന്നതെന്നാണ്. ‘ഹിന്ദുക്കളെ സൈനികവൽക്കരിക്കുക, രാഷ്ട്രത്തെ ഹിന്ദുവൽക്കരിക്കുക' എന്ന മുദ്രാവക്യമാണ് അന്ന് സവർക്കർ ഏറ്റെടുത്തത്.
ദ്വിരാഷ്‌ട്രവാദം ഉന്നയിച്ചു
ജിന്നക്ക് മുമ്പ് ദ്വിരാഷ്ട്രവാദം ഉന്നയിച്ചത് സവർക്കറായിരുന്നു. ജിന്ന ഈ വാദം മുന്നോട്ടുവയ്‌ക്കുന്നതിന് രണ്ട് വർഷം മുമ്പ് സവർക്കർ ദ്വിരാഷ്ട്രവാദം മുന്നോട്ടുവച്ചിരുന്നു.1937ൽ അഹമ്മദാബാദിൽ വച്ചാണ് സവർക്കർ ദ്വിരാഷ്ട്രവാദം ഉയർത്തുന്നത്. ‘രണ്ട് രാഷ്‌ട്രങ്ങൾ ചേർന്നതാണ് ഇന്ത്യ. ഹിന്ദുക്കളും മുസ്ലിംങ്ങളും' എന്ന് സവർക്കർ പ്രഖ്യാപിച്ചു. ഇത് കഴിഞ്ഞ് രണ്ട് വർഷങ്ങൾക്ക് ശേഷം 1939ലാണ് ജിന്ന ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.
ബ്രിട്ടനെതിരെ പൊരുതേണ്ടെന്ന് പറഞ്ഞു ഗോൾവാൾക്കർ
ഹിന്ദുരാഷ്ട്രത്തിന്റെ രൂപീകരണം ഉറപ്പു നൽകാത്തതിനാൽ സ്വാതന്ത്ര്യസമരത്തിൽനിന്ന് വിട്ടുനിൽക്കുക എന്ന നയമാണ് രണ്ടാം സർസംഘചാലക് എം എസ് ഗോൾവാൾക്കർ സ്വീകരിച്ചത്. ബ്രിട്ടീഷുകാർക്കെതിരെ പൊരുതുക എന്നത് ആർഎസ്‌എസ് അജൻഡയുടെ ഭാഗമല്ലെന്ന് ഗോൾവാൾക്കർ സംശയരഹിതമായി പ്രഖ്യാപിച്ചു. ‘മതത്തെയും സംസ്‌കാരത്തെയും പ്രതിരോധിക്കുന്നതിലുടെയുള്ള രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കറിച്ചാണ് നമ്മുടെ പ്രതിജ്ഞയിൽ പറഞ്ഞതെന്ന കാര്യം നാം ഓർമിക്കണം. അതിൽ ബ്രിട്ടീഷുകാരുടെ നിർഗമനത്തെക്കുറിച്ച് ഒരു പരാമർശവുമില്ല.’ (ഗുരുജി സമഗ്ര ദർശനം വാല്യം നാല്). നിസ്സഹകരണ പ്രസ്ഥാനത്തെയും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെയും ഗോൾവാൾക്കർ പരസ്യമായി തള്ളിപ്പറഞ്ഞു. ‘നിസ്സംശയമായും സമരം മോശപ്പെട്ട ഫലങ്ങളുണ്ടാക്കും. 1920–-21ലെ പ്രസ്ഥാനത്തിന് ശേഷം കുട്ടികൾ അനുസരണയില്ലാത്തവരായി തീർന്നിരിക്കുന്നു. ഇതെവിടെയും സമരത്തിനുശേഷം പ്രതീക്ഷിക്കാവുന്ന ഉൽപ്പന്നങ്ങളാണ്. ഇതിനെ ശരിയാംവിധം നിയന്ത്രിക്കാൻ നമുക്ക് കഴിഞ്ഞില്ല. 1942ന് ശേഷം നിയമത്തെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലെന്ന് പലപ്പോഴും ആളുകൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.’ ബ്രിട്ടീഷ് ഭരണാധികാരികളുടെ ക്രൂരനിയമങ്ങൾ അനുസരിക്കണമെന്നാണ് ഗോൾവാൾക്കർ പറഞ്ഞത്. കൊളോണിയൽ മേധാവിത്വം ഒരനീതിയാണെന്നു പോലും ഗോൾവാൾക്കർ കരുതുന്നില്ല. ‘ദുർബലരോട് കാണിക്കുന്ന അന്യായത്തിന് പ്രബലനെ കുറ്റപ്പെടുത്തുന്നത് വിഫലമാണ്. സംഘിന് അതിന്റെ വിലപ്പെട്ട സമയം മറ്റുള്ളവരെ ആക്ഷേപിച്ചോ വിമർശിച്ചോ പാഴാക്കേണ്ട ആവശ്യമില്ല. വൻമത്സ്യം ചെറുമത്സ്യത്തെ ഭക്ഷിക്കുമെന്ന് നമുക്ക് അറിയാമെങ്കിൽ അതിന് വൻമത്സ്യത്തെ കുറ്റപ്പെടുത്തുന്നത് ശുദ്ധഭ്രാന്താണ്.’ (ഗുരുജി സമഗ്ര ദർശൻ വാല്യം നാല് )
ത്രിവർണപതാക അവർക്ക് ദുശ്ശകുനം
ദേശീയ പതാകയെ അംഗീകരിക്കാൻ ഹിന്ദുത്വ രാഷ്‌ട്രവാദികൾ തയ്യാറായിരുന്നില്ല. മൂവർണക്കൊടി ദുശ്ശകുനമാണെന്നും കാവിപ്പതാകയാണ് വേണ്ടതെന്നുമായിരുന്നു വാദം. ആർഎസ്‌എസിന്റെ ഇംഗ്ലീഷ് മുഖവാരികയായ ‘ഓർഗനൈസറി’ന്റെ മൂന്നാം ലക്കത്തിൽ(1947 ജൂലായ് 17) പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ സ്വതന്ത്ര ഇന്ത്യൻ പതാക കാവിപ്പതാകയാകണമെന്ന് ആവശ്യപ്പെട്ടു. ജൂലായ് 31 ലക്കത്തിൽ രാജ്യത്തിന്റെ പേര് ഹിന്ദുസ്ഥാൻ എന്നാകണമെന്നും ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തലേന്ന് ‘കാവിപ്പതാകയ്‌ക്ക് പിറകിലെ നിഗൂഢത’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ ചെങ്കോട്ടയിൽ ത്രിവർണ പതാകയല്ല കാവിപ്പതാകയാണ് ഉയർത്തേണ്ടത് എന്നാണ് ആവശ്യപ്പെടുന്നത്. ‘വിധിയുടെ (ബ്രിട്ടീഷുകാരുടെ ) പിൻവാങ്ങൽമൂലം അധികാരത്തിലെത്തിയ ത്രിവർണപതാക നമ്മുടെ കൈകളിൽ തന്നേക്കാമെങ്കിലും അതൊരിക്കലും ആദരിക്കപ്പെടുകയോ ഹിന്ദുക്കൾ അതിനെ സ്വന്തമെന്ന് വിളിക്കുകയോ ചെയ്യുകയില്ല. മൂന്ന് എന്ന വാക്ക് തന്നെ തിന്മയാണ്. മൂന്ന് നിറത്തിലുള്ള പതാക തീർച്ചയായും വളരെ മാനസിക പ്രശ്‌നങ്ങളുണ്ടാക്കും, രാജ്യത്തിന് ക്ഷതമേൽപ്പിക്കും.’(ഗോൾവാൾക്കറുടെ നാം അഥവാ നമ്മുടെ രാഷ്ട്രത്വം നിർവചിക്കപ്പെടുന്നു ഒരു വിമർശനം –- ഷംസുൽ ഇസ്ലാം).
കൊന്നു, അഹിംസയുടെ പ്രവാചകനെ
സ്വാതന്ത്ര്യസമരത്തോടുള്ള ഹിന്ദുത്വവാദികളുടെ വെറുപ്പും വിദ്വേഷവും ഗാന്ധിവധത്തിലാണ് കലാശിച്ചത്. ആർഎസ്‌എസിന്റെ മുൻ ബൗദ്ധിക് പ്രചാരകും പുണെയിലെ ഹിന്ദുമഹാസഭാ സെക്രട്ടറിയുമായ ഗോഡ്‌സെയാണ് ഗാന്ധിജിയെ വെടിവച്ച് കൊന്നത്. മൊറാർജി ദേശായ് ആത്മകഥയിൽ എഴുതി: ‘നാഥുറാം വിനായക് ഗോഡ്‌സെയായിരുന്നു കൊലയാളി. അയാൾ പുണെയിലെ ആർഎസ്‌എസ് പ്രവർത്തകനും പത്രത്തിന്റെ അധിപനുമായിരുന്നു. ‘ശ്യാമപ്രസാദ് മുഖർജിക്കയച്ച കത്തിൽ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേൽ പറഞ്ഞു: ‘ഹിന്ദുമഹാസഭയിലെ തീവ്രവാദി വിഭാഗത്തിന് ഗൂഢാലോചനയിൽ പങ്കാളിത്തമുണ്ട്. ആർഎസ്‌എസ് പ്രവർത്തനങ്ങൾ ഗവൺമെന്റിന്റെയും രാജ്യത്തിന്റെയും നിലനിൽപ്പിന് വ്യക്തമായ ഭീഷണിയായിട്ടുണ്ട്’. ഗോൾവാൾക്കറിന് 1948 സെപ്‌തംബർ 11ന് എഴുതിയ കത്തിൽ പട്ടേൽ പറഞ്ഞു: ‘അവരുടെ (ആർഎസ്‌എസ്) പ്രസംഗങ്ങളെല്ലാം വർഗീയവിഷം നിറഞ്ഞതാണ്. ഈ വിഷലിപ്‌ത പ്രചാരണങ്ങളുടെ അന്തിമഫലം ഗാന്ധിജിയുടെ അമൂല്യമായ ജീവിതം രാജ്യത്തിന് നഷ്ടപ്പെട്ടതാണ്.’ ഗാന്ധിജിയുടെ മുസ്ലിം പ്രീണനമാണ് പാകിസ്ഥാൻ രൂപീകരണത്തിന് കാരണമെന്ന് കള്ളം പ്രചരിപ്പിച്ചാണ് രാഷ്ട്രപിതാവിനെ അവർ വധിച്ചത്. സമൂഹത്തിന് വിനാശം വിതക്കുന്ന രാക്ഷസനെയാണ് വധിച്ചതെന്ന് പറഞ്ഞ് മധുരപലഹാരം വിതരണം ചെയ്യാൻ പോലും സംഘപരിവാർ അംഗങ്ങൾ തയ്യാറായി. ഗാന്ധിജിയെ വധിച്ചതിൽ ഒരു പശ്‌ചാത്താപവും ഗോഡ്‌സെ പ്രകടിപ്പിച്ചിരുന്നില്ല. ഗോഡ്‌സെയുടെ ഉദ്ദേശ്യം നല്ലതായിരുന്നു. മാർഗം പിഴച്ചുപോയി എന്നാണ് ആർഎസ്‌എസ് മേധാവിയായിരുന്ന രാജേന്ദ്ര സിങ് പ്രതികരിച്ചത്.
വി ബി പരമേശ്വരൻ
No comments:
Post a Comment