‘‘വെറുക്കപ്പെട്ട യൂണിയൻ ജാക്ക് കൊടി മരങ്ങളിൽനിന്ന് കീഴോട്ട് വലിച്ചിറക്കി തൽസ്ഥാനത്ത് നമ്മുടെ ത്രിവർണ പതാക ഉയർത്തുമ്പോൾ വിങ്ങിപ്പൊട്ടുന്ന നമ്മുടെ ഹൃദയങ്ങൾ ഈ ദിനം കൈവരുത്തുന്നതിനുള്ള പ്രാഥമിക സംരംഭമായ സമരങ്ങളെ അനുസ്‌മരിക്കും...’’ ആദ്യ സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യാഘോഷത്തിന് ആഹ്വാനം ചെയ്‌തുള്ള ‘ദേശാഭിമാനി’ മുഖപ്രസംഗമാണിത്. ദേശീയപതാകയുടെ ചിത്രത്തോടൊപ്പം ‘പ്രതിജ്ഞ’ എന്ന ശീർഷകത്തിൽ ഒന്നാംപേജിലാണ് മുഖപ്രസംഗം. ബ്രിട്ടീഷുകാരെ തുരത്തി രാഷ്‌ട്രം സ്വതന്ത്രമാകുന്നതിന്റെ ആഹ്ലാദം പങ്കുവയ്‌ക്കുന്നതാണിത്. സ്വാതന്ത്ര്യദിനം കമ്യൂണിസ്റ്റുകാർ കരിദിനമായി ആചരിച്ചെന്നും തള്ളിപ്പറഞ്ഞെന്നുമുള്ള പച്ചനുണകൾ പ്രചരിക്കുന്നതിനിടയിൽ ചരിത്രത്തിലെ ജ്വലിക്കുന്ന സത്യപ്രകാശനരേഖയാണ് 1947 ആഗസ്‌ത് 15ലെ പാർടി മുഖപത്രമായ ‘ദേശാഭിമാനി’.
1947 ആഗസ്‌റ്റ് 15ന് പുറത്തിറങ്ങിയ ദേശാഭിമാനി പത്രം |
സ്വാതന്ത്ര്യപ്പിറവിയിലെ അതിരറ്റ അഭിമാനവും ആമോദവും അടയാളപ്പെടുത്തുന്ന വാർത്തകളുമായാണ് അന്ന് ‘ദേശാഭിമാനി’ പുറത്തിറങ്ങിയത്. ‘‘ആഗസ്‌ത് 15ന് പ്രകടനങ്ങളിലും പൊതുയോഗങ്ങളിലും പതാക വന്ദനങ്ങളിലുമായി ഭംഗിയേറിയ ഈ രാജ്യത്തെല്ലായിടത്തും നമ്മുടെ തലക്ക് മീതെ അഭിമാനപൂർവം പാറിപ്പറക്കുന്ന, ദേശീയപതാകയുടെ വിവിധ വർണങ്ങളിലൂടെ, രാഷ്‌ട്രത്തിനാകെ ആഹ്ലാദം നൽകുന്ന ഈ ദിനം കൈവരുന്നതിനുവേണ്ടി തങ്ങളുടെ ജീവൻ ബലി അർപ്പിച്ച രക്തസാക്ഷികളെ നാം അനുസ്‌മരിക്കും...’’ എന്നാണ് മുഖപ്രസംഗത്തിന്റെ തുടക്കം.
‘‘രക്തസാക്ഷികൾ നിലംപതിച്ച ഭൂപ്രദേശങ്ങളുടെ പേർ എടുത്ത് പറയേണ്ടതില്ല. അവരുടെ ആദർശങ്ങളും വിശ്വാസങ്ങളും എന്തായിരുന്നുവെന്ന് വേറെ വേറെ പരിശോധിക്കേണ്ടതില്ല. അവർ നമ്മുടെ രാജ്യത്തിന്റെ പൊതുസ്വത്താണ്, നമ്മുടെ രാജ്യത്തിലെ ഓരോ നാട്ടിൻപുറങ്ങളിലും ഓരോ നഗരത്തിലും അവരുണ്ട്, വിശാലവും സുശക്തവുമായ നമ്മുടെ ദേശീയപ്രസ്ഥാനത്തിനുള്ളിലുള്ള ഓരോ കക്ഷിയിലും വിഭാഗത്തിലും അവരുണ്ട്’’–- സ്വാതന്ത്ര്യപ്പിറവി എല്ലാ വിഭാഗത്തിന്റെയും സുദിനമാണെന്ന് ഓർമിപ്പിക്കുന്നതാണ് ഈ വരികൾ.
സ്വാതന്ത്ര്യദിനത്തിൽ ജയിൽമോചിതരാകുന്ന ഇ എം എസ്, ഉണ്ണിരാജ എന്നിവരെക്കുറിച്ചുള്ള വാർത്തയും ഒന്നാംപേജിലുണ്ട്. 1947 തുടക്കത്തിൽ ബ്രിട്ടീഷുകാർ നിരോധിച്ച ‘ദേശാഭിമാനി’ സ്വാതന്ത്ര്യപ്പിറവിക്ക് മൂന്നുദിവസം മുമ്പാണ് പുനഃപ്രസിദ്ധീകരിച്ചത്.
പി വി ജീജോ
No comments:
Post a Comment