Tuesday, April 28, 2009

അക്ഷയ തൃതീയ എന്ന അന്ധവിശ്വാസം

ഈ വര്‍ഷവും അക്ഷയതൃതീയ വരുന്നു. ഇതെഴുതുമ്പോള്‍ സ്വര്‍ണ്ണക്കടകളുടെ പരസ്യങ്ങള്‍ വന്നു തുടങ്ങിയിട്ടേയുള്ളൂ. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ അക്ഷയതൃതീയ നാളിലെ സ്വര്‍ണ്ണവില്‍പന ആരേയും അമ്പരപ്പിക്കുംവിധം വലുതായിരുന്നു. സാധാരണ കേരളത്തിലെ ഏറ്റവും വലിയ ക്യൂ ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പനശാലകള്‍ക്ക് മുന്നിലാണ്. അതിന്റെ പതിന്മടങ്ങ് വലിയ ക്യൂ ആയിരുന്നു കഴിഞ്ഞ ഏപ്രില്‍ 30ന് സ്വര്‍ണ്ണക്കടയ്ക്ക്മുന്നില്‍.

അക്ഷയതൃതീയയും സ്വര്‍ണ്ണവും തമ്മില്‍ എന്താണ് ബന്ധം?

ആദ്യം അക്ഷയതൃതീയ എന്താണെന്ന് നോക്കാം. ഉത്തരഭാരതത്തിലെ സവര്‍ണ്ണ ഹൈന്ദവരുടെ ഒരു പുണ്യദിനമാണത്. വിശേഷിച്ചും വിഷ്ണുഭക്തരുടെ. വൈശാഖമാസത്തിലെ വെളുത്ത പക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് അക്ഷയ തൃതീയ. ശകവര്‍ഷ കലണ്ടറിലെ രണ്ടാമത്തെ മാസമാണ് വൈശാഖം. ആദ്യത്തേത് ചൈത്രം. കലണ്ടര്‍ എടുത്തുനോക്കൂ. ഈ വര്‍ഷം ഏപ്രില്‍ 21നാണ് വൈശാഖമാസം ആരംഭിക്കുന്നത്. ശകവര്‍ഷം 1931-ാമാണ്ടാണിത്.

ഏപ്രില്‍ 21ന് വൈശാഖമാസം ആരംഭിക്കുന്നു. ഏപ്രില്‍ 25ന് അതായത് വൈശാഖം അഞ്ചിന് അമാവാസി. 26ന് വെളുത്തപക്ഷം ആരംഭിക്കുന്നു. അതായത് ചന്ദ്രന്‍ തെളിഞ്ഞുതുടങ്ങുന്നു. തുടര്‍ന്നുള്ള പതിനഞ്ച് ദിവസമാണ് വെളുത്തപക്ഷം. ചന്ദ്രന്‍ പൂര്‍ണ്ണചന്ദ്രനിലേക്ക് വളരുന്ന കാലം. പ്രഥമയും ദ്വിതീയയും 26ന്. തൃതീയ 27ന്. ഇത്രയും കാര്യങ്ങള്‍ നമ്മുടെ സാധാരണ കലണ്ടര്‍ നോക്കിയാല്‍ മനസ്സിലാക്കാം. ഇതുപ്രകാരം ഈ വര്‍ഷം ഏപ്രില്‍ 27നാണ് അക്ഷയതൃതീയ. കഴിഞ്ഞവര്‍ഷം ഇത് ഏപ്രില്‍ 30ന് ആയിരുന്നു.

ഇനി എന്താണ് ഈ ദിവസത്തിന്റെ പ്രാധാന്യം? അന്ന് ഉപവസിക്കുകയും വിഷ്ണുവിന് അന്നം നിവേദിക്കുകയും ബ്രാഹ്മണര്‍ക്ക് അന്നദാനം നടത്തുകയും വേണം എന്ന് വിഷ്ണുധര്‍മ്മസൂത്രം പറയുന്നു. ഇങ്ങനെ ചെയ്താല്‍ പുണ്യം ലഭിക്കും. അക്ഷയതൃതീയ ദിനത്തില്‍ ലഭിക്കുന്ന പുണ്യം അക്ഷയം ആയിരിക്കും എന്ന് വിശ്വാസം.

ഇനി രണ്ടാമത്തെ കാര്യം. എന്താണ് ഈ ദിവസവും സ്വര്‍ണ്ണക്കച്ചവടവും തമ്മിലുള്ള ബന്ധം. അന്നത്തെ പുണ്യം അക്ഷയമായിരിക്കും എന്നേ വിശ്വാസം പറയുന്നുള്ളൂ. അന്ന് കിട്ടുന്ന സ്വര്‍ണ്ണത്തിന് എന്തെങ്കിലും സവിശേഷതയുള്ളതായി ഒരു വിശ്വാസവും പറയുന്നില്ല.

പക്ഷേ ഉത്തരഭാരതത്തില്‍ മറ്റുചില സാഹചര്യങ്ങള്‍ കൂടിയുണ്ട്. അവിടെ സവര്‍ണ്ണ ഹൈന്ദവര്‍ ശൈശവ വിവാഹത്തില്‍ വിശ്വസിക്കുന്നവരാണ്. കുട്ടികളോട് ചെയ്യുന്ന കൊടും ക്രൂരതയും അനാചാരവുമാണിതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല. അതുകൊണ്ട് ശൈശവ വിവാഹം നിയമംമൂലം നിരോധിച്ചിട്ടുണ്ട്. എന്നാലും ഈ മതഭ്രാന്തന്മാര്‍ തരംകിട്ടിയാല്‍ ഇപ്പോഴും ശൈശവ വിവാഹം സംഘടിപ്പിക്കും.

മുമ്പ് കാലത്ത് ശൈശവ വിവാഹം സാധാരണയായിരുന്നു. ഇതൊരു പുണ്യ പ്രവൃത്തിയാണ് എന്ന് വിശ്വസിച്ചിരുന്നവര്‍ ഈ ദുഷ്കര്‍മ്മത്തിനായി തെരഞ്ഞെടുത്തിരുന്ന ദിവസം അക്ഷയ തൃതീയ നാള്‍ ആയിരുന്നു. അതുകൊണ്ട് ഉത്തരേന്ത്യയിലെ സ്വര്‍ണ്ണക്കച്ചവടക്കാര്‍ക്കും തുണിക്കച്ചവടക്കാര്‍ക്കും ഈ ദിനം വലിയ കൊയ്താണ്. എപ്പോഴും അന്ധവിശ്വാസങ്ങളില്‍നിന്ന് മുതലെടുക്കുന്നവര്‍ കച്ചവടക്കാരാണല്ലോ? അവര്‍ അക്ഷയതൃതീയക്ക് വലിയ പരസ്യംകൊടുത്തു. ശൈശവവിവാഹം നടന്നില്ലെങ്കിലും സ്വര്‍ണ്ണം വാങ്ങല്‍ ഒരു അനുഷ്ഠാനമായി മാറി. സ്വര്‍ണ്ണക്കച്ചവടക്കാരാണ് ഇതിനുവേണ്ട പ്രചാരവേല സംഘടിപ്പിച്ചത്. അവര്‍ വിശ്വാസത്തിന് ഒരു ചെറിയ തിരുത്തല്‍ വരുത്തി. അക്ഷയ തൃതീയ നാളിലെ പുണ്യം പൊലിക്കുമെന്നതിന് പകരം അന്ന് ലഭിക്കുന്ന സ്വര്‍ണ്ണം പൊലിക്കും എന്നാക്കിമാറ്റി പ്രചാരം. ജനം കെണിയില്‍ വീണു.

ഇത് ഉത്തര ഭാരതത്തിലെ കാര്യം. കേരളത്തില്‍ ഇങ്ങനെയൊരു പുണ്യദിനം അടുത്തകാലംവരെ ഉണ്ടായിരുന്നില്ല. പൊലിക്കുന്ന പുണ്യത്തിലായിരുന്നില്ലല്ലോ കര്‍മ്മത്തിലൂടെ ലഭിക്കുന്ന പുണ്യത്തിലായിരുന്നല്ലോ നമ്മുടെ വിശ്വാസം. എന്നാല്‍ പൊലിക്കുന്ന സമൃദ്ധിയെക്കുറിച്ച് നമുക്കൊരു വിശ്വാസമുണ്ടായിരുന്നു. അത് പക്ഷേ വിഷുനാളിലെ കണിയിലും കൈനീട്ടത്തിലുമാണ് നമ്മള്‍ അനുഷ്ഠിച്ചത്. അന്ന് കാണുന്ന സമൃദ്ധിയുടെ കണിയും ലഭിക്കുന്ന കൈനീട്ടവും വര്‍ഷം മുഴുവന്‍ പൊലിക്കുമെന്ന് നമ്മള്‍ വിശ്വസിച്ചു. വിശ്വാസം ഫലിക്കാഞ്ഞിട്ടോ, സമ്പത്തിനോടുള്ള അത്യാര്‍ത്തി മൂത്തിട്ടോ ചുളുവില്‍ സമ്പത്തുണ്ടാക്കുന്ന വെപ്രാളത്തിലാണ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍.

പെട്ടെന്ന് സമ്പത്ത് കിട്ടാന്‍ രണ്ടു മാര്‍ഗ്ഗങ്ങളേയുള്ളൂ. ഒന്നുകില്‍ നിയമവിരുദ്ധമായ എന്തെങ്കിലും തട്ടിപ്പുകള്‍, കള്ളക്കടത്ത്, മയക്കുമരുന്ന് കച്ചവടം അങ്ങനെയെന്തെങ്കിലും. അല്ലെങ്കില്‍ പിന്നെ ദൈവം പ്രസാദിക്കണം. ലോട്ടറിയടിക്കുകയാണ് ഒരു മാര്‍ഗ്ഗം. ലോട്ടറിയില്‍ ഒരു 'റിസ്ക്ഫാക്ടര്‍' ഉണ്ട്. ലോട്ടറിയെടുക്കുന്ന എല്ലാവര്‍ക്കും സമ്മാനം അടിക്കുകയില്ല. സമ്മാനം കിട്ടാത്തവര്‍ക്ക് മുടക്കുമുതല്‍ നഷ്ടം.

മലയാളിയുടെ ഈ വൃത്തികെട്ട ധനമോഹം മുതലെടുക്കുന്നത് സ്വര്‍ണ്ണക്കച്ചവടക്കാരാണ്. അക്ഷയതൃതീയ സ്വര്‍ണ്ണം വാങ്ങാന്‍ പറ്റിയ നാളാണെന്നും അന്ന് ലഭിക്കുന്ന സ്വര്‍ണ്ണം പൊലിക്കുമെന്നും പത്രപരസ്യം നല്‍കിയത് അവരാണ്. ചില അതി ബുദ്ധിമാന്‍മാര്‍ തങ്ങളുടെ സ്വര്‍ണ്ണക്കടയില്‍ പൂജാരിമാരേയും ജോത്സ്യന്മാരേയും നിയമിക്കുകകൂടി ചെയ്തതോടെ കേരളം ഒന്നാകെ സ്വര്‍ണ്ണക്കടക്കാരുടെ കെണിയില്‍ മൂക്കുംകുത്തി വീണു.

പുലര്‍ച്ച മുതല്‍ പാതിരാവ് വരെ സ്വര്‍ണ്ണക്കടയ്ക്ക് മുന്നിലെ നീണ്ട ക്യൂ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും ഉണ്ടായിരുന്നു. ഈ വര്‍ഷം ഇതെഴുതുമ്പോള്‍ പത്രപ്പരസ്യങ്ങള്‍ വന്നു തുടങ്ങിയിട്ടേയുള്ളൂ. അതിന്റെ ഫലമെന്താകുമെന്ന് ഏപ്രില്‍ 27 കഴിയുമ്പോള്‍ അറിയാം. എന്നാല്‍ ഇതുവരെ വന്ന പരസ്യങ്ങളില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. സ്വര്‍ണ്ണം മാത്രമല്ല, ഇത്തവണ പ്ളാറ്റിനം ആഭരണങ്ങളുടെ പരസ്യവും വന്നിട്ടുണ്ട്. അക്ഷയതൃതീയ നാളില്‍ പൊലിപ്പിക്കുന്ന ലോഹങ്ങളുടെ പട്ടിക വികസിപ്പിച്ചതും അതില്‍ പ്ളാറ്റിനം ഉള്‍പ്പെടുത്തിയതും ആരാണാവോ?

പ്ളാറ്റിനം ആഭരണക്കച്ചവടക്കാരും ചാകര കണ്ട് വലയുമായി ഇറങ്ങിയിരിക്കുന്നു.!!

അക്ഷയതൃതീയ എന്താണെന്ന് ആദ്യമേ എഴുതിയിരുന്നു. പ്രഥമ, ദ്വിതീയ, തൃതീയ എന്നൊക്കെയുള്ളത് ചന്ദ്രനെ അടിസ്ഥാനമാക്കി തീയതി കണ്ടുപിടിക്കാനുള്ള ഒരു പഴയ മാര്‍ഗ്ഗമാണ്. നേരത്തെ പറഞ്ഞില്ലേ, അമാവാസി കഴിഞ്ഞാല്‍ ഒന്നാം നാള്‍ പ്രഥമ, അടുത്തത് ദ്വിതീയ, തുടര്‍ന്ന് തൃതീയ, ചതുര്‍ത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുര്‍ദശി എന്നിങ്ങനെ ആകെ പതിനാല് ദിനങ്ങള്‍. പതിനഞ്ചാംനാള്‍ പൌര്‍ണ്ണമി അഥവ വെളുത്തവാവ്. അടുത്ത ദിവസം മുതല്‍ വീണ്ടും പ്രഥമ, ദ്വിതീയ എന്ന് തുടങ്ങി ചതുര്‍ദശിവരെ. അടുത്തദിവസം അമാവാസി അഥവാ കറുത്തവാവ്. അപ്പോള്‍ ഒരു മാസമായി. സൌരമാസവും ചാന്ദ്രമാസവും തമ്മില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉള്ളതുകൊണ്ട് ഇതില്‍ ചെറിയ അഡ്ജസ്റ്റ്മെന്റുകള്‍ വരും. ചിലപ്പോള്‍ ഒരേ പക്ഷത്തില്‍ രണ്ട് പ്രഥമ വരാം. ചിലപ്പോള്‍ രണ്ട് നാളുകള്‍ ഉദാ: പ്രഥമയും ദ്വിതീയയും ഒറ്റ ദിവസമാകാം.

അപ്പോള്‍ നമ്മള്‍ ഒന്നാം തീയതി, രണ്ടാം തീയതി എന്ന് പറയുന്നതുപോലെയുള്ള അര്‍ത്ഥമേ പ്രഥമ, ദ്വിതീയ തുടങ്ങിയ നാളെണ്ണലിനും ഉള്ളൂ. മാസത്തിന്റെ പേരും പ്രഥമയ്ക്കും ചതുര്‍ദശിക്കും ഇടയിലുള്ള നാളും പറഞ്ഞാല്‍ ഏത് ദിവസമാണ് എന്ന് മനസ്സിലാക്കാം. അമാവാസി മുതല്‍ പൌര്‍ണ്ണമിവരെയും പൌര്‍ണ്ണമി മുതല്‍ അടുത്ത അമാവാസിവരെയുഃം രണ്ട് പക്ഷങ്ങള്‍ ഉള്ളതിനാല്‍ വെളുത്ത പക്ഷമോ കറുത്തപക്ഷമോ എന്നുകൂടി പറഞ്ഞാല്‍ കൃത്യം തീയതിയാകും. ഉദാഹരണത്തിന് 2009 ഏപ്രില്‍ 23ന് എന്റെ പന്ത്രണ്ടാം വിവാഹ വാര്‍ഷികമാണ് എന്ന കാര്യം ശകവര്‍ഷ കലണ്ടര്‍ പ്രകാരം എങ്ങനെ പറയും? 1931 വൈശാഖം കറുത്തപക്ഷത്തെ ത്രയോദശി നാളില്‍ വിവാഹ വാര്‍ഷികമാണ് എന്നുപറഞ്ഞാല്‍ പഴയകാലത്ത് ആളുകള്‍ക്ക് കാര്യം മനസ്സിലാകും.

ഇതിലേതെങ്കിലും ദിവസം വിഷ്ണുവുമായി പ്രത്യേകം സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിവുള്ള ഗോളമല്ല ചന്ദ്രന്‍ എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ചന്ദ്രന്‍ അല്ല കലണ്ടര്‍ നിര്‍മ്മിച്ചത്. സൂര്യ ചന്ദ്രന്മാരുടെയും മറ്റ് ആകാശഗോളങ്ങളുടെയും ആപേക്ഷിക സ്ഥാനങ്ങള്‍ നോക്കി മനുഷ്യരാണ് കലണ്ടര്‍ നിര്‍മ്മിച്ചത്.

ഇത്തരം വിശ്വാസങ്ങള്‍ ശക്തിപ്പെടുന്നത് നമ്മുടെ മനസ്സില്‍ കാലാകാലങ്ങളിലായി അടിഞ്ഞുകൂടുന്ന മൂല്യബോധത്തിന്റെകൂടി സ്വാധീനത്തിന്റെ ഫലമാണ്. ഉദാഹരണമായി എന്തുകൊണ്ട് ഈ വര്‍ഷം അക്ഷയതൃതീയ നാളില്‍ പ്ളാറ്റിനം ആഭരണം കടന്നുവന്നു? പ്ളാറ്റിനം വെളുത്ത ലോഹമാണ്. വെളുത്തതാണ് ദൈവത്തിന് ഇഷ്ടം. വെളുപ്പാണ് സൌന്ദര്യം എന്ന നമ്മുടെ മൂല്യബോധമാണ് ഈ പ്രചാരണത്തെ ശരിവെയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഇനി കേവലയുക്തിയെ അടിസ്ഥാനമാക്കിയുള്ള ചില ചോദ്യങ്ങളും ചോദിക്കാം. എന്തുകൊണ്ടാണ് സ്വര്‍ണ്ണം പൊലിക്കുന്നത്. ഈയവും അലൂമിനിയവും ഒക്കെ ലോഹങ്ങളാണല്ലോ? അവ പൊലിക്കുകയില്ലേ? സ്വര്‍ണ്ണം സമ്പത്തിന്റെ പ്രതീകമാണ്. പൊലിക്കുന്നത് സമ്പത്താണ്. അപ്പോള്‍ അക്ഷയതൃതീയ നാളില്‍ നമ്മള്‍ ഒരു ഗ്രാം സ്വര്‍ണ്ണം വാങ്ങുന്നു എന്ന് വിചാരിക്കുക. അതിന്റെ വില സ്വര്‍ണ്ണക്കച്ചവടക്കാരന് കൊടുത്തു. കിട്ടിയതിന് തുല്യമായ പണം നഷ്ടപ്പെട്ടു. അതായത് സ്വര്‍ണ്ണം വാങ്ങുന്നതിന് മുമ്പും പിമ്പും നമ്മുടെ ആകെ സമ്പത്തിന് മാറ്റമൊന്നുമില്ല. കുറച്ച് പണം സ്വര്‍ണ്ണത്തിന്റെ രൂപത്തിലേക്ക് മാറി. പിന്നെങ്ങനെയാണ് പൊലിക്കുന്നത്?

ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ മനസ്സിലാക്കാന്‍ കഴിവുള്ള ബുദ്ധിയും വിവരവും ഉള്ളവര്‍തന്നെയാണ് മലയാളികള്‍. വിശേഷിച്ചും സ്വര്‍ണ്ണക്കടയ്ക്കുമുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ പാവപ്പെട്ടവരോ നിരക്ഷരരോ അല്ല. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും മതിയായ സാമ്പത്തിക സുരക്ഷയും ഉള്ളവരാണ്. എന്നാല്‍ കച്ചവടക്കാര്‍ പ്രചരിപ്പിച്ച ഒരു അന്ധവിശ്വാസത്തില്‍ കുടുങ്ങി അവര്‍ സ്വന്തം വിദ്യാഭ്യാസ യോഗ്യതയെ പരിഹാസ്യമാക്കുന്നു. ഒരുകാലത്ത് യുക്തിചിന്തയുടേയും പുരോഗമന ആശയങ്ങളുടേയും കൊടിപറപ്പിച്ച കേരളത്തിന് ഇത് അപമാനകരമാണ്.

ജോജി കൂട്ടുമ്മേല്‍

11 comments:

 1. മുമ്പ് കാലത്ത് ശൈശവ വിവാഹം സാധാരണയായിരുന്നു. ഇതൊരു പുണ്യ പ്രവൃത്തിയാണ് എന്ന് വിശ്വസിച്ചിരുന്നവര്‍ ഈ ദുഷ്കര്‍മ്മത്തിനായി തെരഞ്ഞെടുത്തിരുന്ന ദിവസം അക്ഷയ തൃതീയ നാള്‍ ആയിരുന്നു. അതുകൊണ്ട് ഉത്തരേന്ത്യയിലെ സ്വര്‍ണ്ണക്കച്ചവടക്കാര്‍ക്കും തുണിക്കച്ചവടക്കാര്‍ക്കും ഈ ദിനം വലിയ കൊയ്താണ്. എപ്പോഴും അന്ധവിശ്വാസങ്ങളില്‍നിന്ന് മുതലെടുക്കുന്നവര്‍ കച്ചവടക്കാരാണല്ലോ? അവര്‍ അക്ഷയതൃതീയക്ക് വലിയ പരസ്യംകൊടുത്തു. ശൈശവവിവാഹം നടന്നില്ലെങ്കിലും സ്വര്‍ണ്ണം വാങ്ങല്‍ ഒരു അനുഷ്ഠാനമായി മാറി.

  ReplyDelete
 2. തുടരുക അന്ധവിശ്വാസങ്ങള്‍ക്കെതിരയുള്ള ഈ പോരാട്ടം..

  ReplyDelete
 3. എന്റെ നാട്ടിൽ മിക്കവാറും എല്ലാ സ്വർണ്ണക്കടകളും സവറ്ണ്ണഹിന്ദുക്കളുടെതാണ്. അതു കൊണ്ടുതന്നെ അക്ഷതൃതീയ എന്ന അനാചാരം പ്രചരിപ്പിക്കുന്നതിൽ വിശ്വഹിന്ദുപരിഷത്തിനും ആറെസ്സെസ്സിനും പങ്കുണ്ടെന്നു ഞാൻ ന്യായമായും സംശയിക്കുന്നു.
  അധ്വാനിക്കുന്നവരുടേയും ഭാരംചുമക്കുന്നവരുടേയും ആധിപത്യം വിഭാ‍വനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ്വ്യവസ്തിതി വരണമെങ്കിൽ ഇത്തരം അനാചാരങ്ങളെ അടിത്തറയാക്കി നിലനിൽക്കുന്ന സവർണ്ണ്ണഹിന്ദുമതം നശിക്കണം.അതിനോടു മൃദുസമീപനമെടുക്കുന്ന കോങ്ഗ്രസ്സും തകരണം. നമ്മുടെ ഇടയിലെ ‘കുടുംബാങ്ഗങ്ങളുടെ നിർബ്ബന്ദ്ധംകൊണ്ടോ,തലയിൽ മുണ്ടിട്ടോ അമ്പലത്തില്പോകുന്നവരുടെ കൂടി കണ്ണുതുറപ്പിക്കുന്ന ഇത്തരം പോസ്റ്റുകൾ ബ്ലോഗ് എന്ന മാധ്യമഥ്തിന്റെ തന്നെ മൂല്യം കൂട്ടുന്നു. അഭിവാദ്യങ്ങൾ!

  ReplyDelete
 4. chithragupthan said...
  എന്റെ നാട്ടിൽ മിക്കവാറും എല്ലാ സ്വർണ്ണക്കടകളും സവറ്ണ്ണഹിന്ദുക്കളുടെതാണ്. അതു കൊണ്ടുതന്നെ അക്ഷതൃതീയ എന്ന അനാചാരം പ്രചരിപ്പിക്കുന്നതിൽ വിശ്വഹിന്ദുപരിഷത്തിനും ആറെസ്സെസ്സിനും പങ്കുണ്ടെന്നു ഞാൻ ന്യായമായും സംശയിക്കുന്നു.
  ചിത്രഗുപ്തൻ ഏതു നാട്ടുകാരനാണെന്നറിഞ്ഞാൽ നന്നായിരുന്നു. ഞാൻ തൃശൂർക്കാരനാണ്. അവിടെ 75-80% കൃസ്ത്യാനികളാണ് സ്വർണ്ണ കച്ചവടക്കാർ.
  ഒന്നു ചോദിക്കട്ടെ. എന്തു കാര്യത്തിനും ചാനലുകാർ ആടിതിമിർക്കാറുണ്ടല്ലോ. ഏതെങ്കിലും ചാനലിൽ ഈ അന്ധവിശ്വാസത്തെക്കുറിച്ച് ഒരു വാചകം പോലും പറഞ്ഞു കേട്ടില്ല. പറയില്ല. കറുപ്പ് വെളുപ്പാക്കുന്ന അധോലോക ബന്ധമുള്ള സ്വർണ്ണകച്ചവടക്കാരുടെ പരസ്യത്തിലാണ് അവർക്കും താല്പര്യം. ജനങ്ങൾക്ക് ബോധം വരുത്തണമെന്നുള്ള ചാനലുകാരിൽ നിന്നു പോലും കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ല.

  ReplyDelete
 5. “chithragupthan said...

  എന്റെ നാട്ടിൽ മിക്കവാറും എല്ലാ സ്വർണ്ണക്കടകളും സവറ്ണ്ണഹിന്ദുക്കളുടെതാണ്. അതു കൊണ്ടുതന്നെ അക്ഷതൃതീയ എന്ന അനാചാരം പ്രചരിപ്പിക്കുന്നതിൽ വിശ്വഹിന്ദുപരിഷത്തിനും ആറെസ്സെസ്സിനും പങ്കുണ്ടെന്നു ഞാൻ ന്യായമായും സംശയിക്കുന്നു.“

  ദാണ്ടെ കിടക്കുന്നു!! :) ചിത്രഗുപ്താ ചിരിപ്പിക്കരുത്..

  ആലുകാസും അവരുടെ മക്കളും, ജോസ്കോയും, ഫ്രാന്‍സിസ് & സണ്‍സും, ആലപ്പാട്ടും, അവതാര്‍ ഗ്രൂപ്പും, മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പും, ചെമ്മണ്ണൂരും, പി.ടി ജോര്‍ജ്ജും അങ്ങേരുടെ മക്കളും, ചക്കാലക്കല്‍ സതേണും ഒക്കെ ഹിന്ദുക്കളാണെന്നും വിശ്വഹിന്ദുപരിഷത്ത് ആണെന്നും അറിഞ്ഞില്ല ഗുപ്തഗുരുക്കളേ... :) പ്ലീസ് ചിരിപ്പിക്കരുത്...

  സുഹൃത്തേ ഇങ്ങിനെ വിഷയം മാറ്റി അതിലെ ചതിയുടേയും തട്ടിപ്പിന്റേയും കാര്യങ്ങളെ ഇങ്ങിനെ ലഘൂകരിക്കാതെ.. ഇതു 100% ബിസിനസ്സ് തട്ടിപ്പാണെന്ന് ഏതു കൊച്ചു കുഞ്ഞിനും അറിയാം. പത്ര/വിഷ്വല്‍ മീഡിയകള്‍ അതു ഭംഗിയായി മൂടി വെക്കുന്നു. സ്വര്‍ണ്ണഭ്രമരായ പെണ്ണുങ്ങള്‍ (ആണുങ്ങളും) ഈ അവസരം ശരിക്കും ഉപയോഗിക്കുന്നു. കച്ചവടക്കാര്‍ അതു ശരിക്കും മുതലാക്കുന്നു. ശരിക്കും താഴെ തട്ടുമുതല്‍ മേലെ തട്ടൂ വരെ ശരിക്കും ചതി-വെട്ടിപ്പ്-വഞ്ചന- ഇതില്‍ പ്രധാനികള്‍ സ്വര്‍ണ്ണ കച്ചവടക്കാര്‍ തന്നെ. സംശയമില്ല. ജ്വല്ലറിക്കാര്‍ നടത്തുന്ന പരസ്യങ്ങള്‍ക്കും പരിപാടികള്‍ക്കും അപ്പുറം വിശ്വഹിന്ദുവും ഹിന്ദുമുന്നണിയും ഈ പരിപാടി നടത്തുന്നുണ്ട് എന്ന് 32 വര്‍ഷമായി ഇവിടെ ജീവിക്കുന്ന എനിക്കറിഞ്ഞൂടാ..
  ;)

  ഈ പോസ്റ്റിന് ഒരു സപ്പോര്‍ട്ട്-സല്യൂട്ട്

  ReplyDelete
 6. ഈ അന്ധവിശ്വാസം പോലെ മലയാളിയെ ബാധിച്ച ഒന്നയിരുന്നു മനുഷിയ ദൈവങ്ങൾ.....അതിനെക്കുറിച്ചു...
  http://www.ottakkannan.co.cc/2009/04/blog-post_26.html

  ReplyDelete
 7. പോസ്റ്റിലെ വിഷയത്തിനു ഒരു പ്രത്യേക നന്ദി

  പണ്ട്‌ സഞ്ജയന്‍ എഴുതിയിരുന്നു

  " ലോകത്ത്‌ വിഡ്ഢികള്‍ ഉള്ളിടത്തോളം കാലം ഹൃദയമില്ലാത്തവര്‍ക്ക്‌ ജീവിക്കുവാന്‍ ഒരു പ്രയാസവും ഇല്ല "
  എന്ന്‌ രുദ്രാക്ഷക്കച്ചവടക്കാരന്റെ കഥ പറഞ്ഞിടത്ത്‌

  ഇവിടങ്ങളില്‍ അക്ഷയതൃതീയ പ്രധാനമായി കരുതുന്നില്ല . ഇവിടെ ഒക്കെ ദീപാവലിയ്ക്കു മുമ്പുള്ള ധന്‍ തേരസ്‌ ആണ്‌ കച്ചവടക്കാരുടെ ആശ്രയം

  ReplyDelete
 8. ബഹുമാനപ്പട്ട ജനശക്തീീീീീീ...........
  അന്ധവിശ്വാസങ്ങളും അനാചാരങ്ങളും,അവ ഉണ്ടാകാനിടയായ
  വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ സ്വയം ഇല്ലാതാകുന്ന കാലത്തേ ഇല്ലാതാകുകയുള്ളു എന്നല്ലേ പപപപാര്ട്ടി ലൈനും കൂടാതെ സഖാവ് ഇ.എം.എസ്സ്-ജിയും തുടര്‍ന്നുള്ള ഞമ്മുടെ പാര്‍ട്ടിയുടെ സൈദ്ധാന്തിക ചിന്തോല്പാദകരും മൊഴിഞ്ഞിരിക്കുന്നത്.അതിന്‍പടി അവ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ബോധവത്ക്കരണം നടത്തുകയോ സാംസ്ക്കാരികപ്രവര്‍ത്തനം നടത്തുകയോ ചെയ്യുന്നതുകൊണ്ട് പ്രയോജനം ഇല്ലാത്ത കാര്യമാണെന്ന് അവിടുത്തെ ബോദ്ധ്യപ്പടുത്തേണ്ട കാര്യമില്ലല്ലോ. ഇതിന്‍ പ്രകാരമല്ലേ നമ്മള്‍ യുക്തിവാദികളെ തള്ളിപ്പറഞ്ഞത്.വെറുതെയെന്തിനാ അന്ധവിശ്വാസങ്ങളെ എതിര്‍ത്ത് വിശവാസികളുടെ നാല് വോട്ട് നഷ്ടപ്പെടുത്തുന്നത് ?!!!!!!!!
  ആ പണി യുകതിവാദികള്‍ക്കു വിട്ടുകൊടുത്തേക്കു.

  ReplyDelete
 9. എന്റെ നാട്ടിൽ മിക്കവാറും എല്ലാ സ്വർണ്ണക്കടകളും സവറ്ണ്ണഹിന്ദുക്കളുടെതാണ്. അതു കൊണ്ടുതന്നെ അക്ഷതൃതീയ എന്ന അനാചാരം പ്രചരിപ്പിക്കുന്നതിൽ വിശ്വഹിന്ദുപരിഷത്തിനും ആറെസ്സെസ്സിനും പങ്കുണ്ടെന്നു ഞാൻ ന്യായമായും സംശയിക്കുന്നു.“

  ചിത്രഗുപ്താ അങ്ങയുടെ നാട് കേരളത്തിൽ ഉള്ളതല്ല എന്നു തോന്നുന്നു... ഇങ്ങനെയൊന്നു തള്ളിയില്ലേൽ പിന്നെന്തു കമ്മ്യൂണിസം അല്ലേ?

  കച്ചവടത്തിനു വേണ്ടി വിശ്വാസങ്ങളെ പടച്ചുണ്ടാക്കുന്ന മലയാളിയുടെ മനസ്സിനെ ആദ്യം ചികിത്സിക്കണം.. എന്നിട്ടാവാം സ്വർണ്ണക്കടക്കാരന്റെ ജാതിയും കൊടിയുടെ നിറവും അന്വേഷിച്ചു പോകുന്നത്

  ReplyDelete