Sunday, May 31, 2009

നഷ്ടപ്പെട്ട നീലാംബരി

പുന്നയൂര്‍ക്കുളത്തെ നീര്‍മാതളത്തോട് മൂന്നരക്കോടി ജനങ്ങളുടെ മലയാളം ഇങ്ങനെ പറയുന്നു:

"കമല മടങ്ങിവരികയാണ്. നിഷ്കളങ്കയായ കുട്ടിയുടെ പതിവു പരിഭവങ്ങളില്ലാതെ. നേര്‍ത്ത പുഞ്ചിരിയും കാരണമില്ലാത്ത പൊട്ടിച്ചിരിയും അര്‍ഥവത്തായ പൊട്ടത്തരങ്ങളുമില്ലാതെ. ഇനി ഒരിക്കലും വീടുമാറ്റമില്ലാത്ത നിര്‍നിമേഷയായ സ്ഥിരവാസിയായി.''

നീര്‍മാതളം വേദന ഉള്ളിലൊതുക്കി നിശബ്ദയായി നില്‍ക്കുകയാണ്; കാറ്റില്‍ ഉലയാതെ. ഈ നീര്‍മാതളം പൂത്തതിന്റെ നിലാവെളിച്ചമാണ് മലയാളഭാഷയ്ക്ക് കമല സുരയ്യ പകര്‍ന്നുനല്‍കിയത്. മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തിലും കമല ദാസ് എന്ന പേരില്‍ ഇംഗ്ളീഷിലും എഴുതി ലോകപ്രശസ്തിയുടെ പടവുകള്‍ കയറിയ കമലയുടെ സാഹിത്യത്തിനും ജീവിതത്തിനും അരങ്ങൊരുക്കിയത് ബാലാമണിയമ്മയുടെ മാതൃത്വത്തിന്റെ പരിലാളനയില്‍ നാലപ്പാട് തറവാട്ടില്‍ പൂത്തുലഞ്ഞ അദ്വിതീയമായ സര്‍ഗാത്മകാനുഭവമാണ്. വിസ്മയകരമായ ഭാവനയും രൂപവും പുലര്‍ത്തിയ മാധവിക്കുട്ടിരചനകളുടെ അന്തര്‍ധാര സ്നേഹത്തിനുവേണ്ടിയുള്ള ഒടുങ്ങാത്ത ദാഹമാണ്. മിത്തും യാഥാര്‍ഥ്യവും ഇടകലര്‍ന്ന കഥാലോകത്തില്‍ നിര്‍വചനങ്ങളില്ലാത്ത പ്രണയത്തിന്റെ താഴ്വാരം തേടി അവര്‍ അലഞ്ഞു. എന്റെ വാളും പരിചയും സ്നേഹമാണെന്ന് മാധവിക്കുട്ടി വിളിച്ചുപറഞ്ഞിരുന്നു. സ്നേഹത്തിന്റെ വ്യത്യസ്ത മുഖങ്ങളും സ്ത്രീപുരുഷബന്ധത്തിന്റെ പുനര്‍നിര്‍വചനവുമാണ് അവര്‍ വരച്ചുകാട്ടിയത്. ആര്‍ഭാടരഹിതമായ ഭാഷയില്‍ വളരെ വലിയ ധ്വനിയോടെ, നിര്‍മലമായ ഒരു പുഴപോലെ മാധവിക്കുട്ടിയുടെ സാഹിത്യജീവിതം നിറഞ്ഞൊഴുകി. പുന്നയൂര്‍ക്കുളത്തെയും കൊല്‍ക്കത്തയിലെ ഫ്ളാറ്റിനെയും ചുറ്റിപ്പറ്റിയുള്ള കഥകള്‍ക്ക് ഒരേസമയം പ്രാദേശികതയുടെയും സാര്‍വലൌകികതയുടെയും മാനമാണുണ്ടായത്. സ്ത്രീപുരുഷ സമത്വത്തിനും സ്ത്രീസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള കലഹങ്ങള്‍ ഫെമിനിസ്റ്റ് എന്ന പ്രഖ്യാപിത ലേബലില്ലാതെതന്നെ മാധവിക്കുട്ടിയെ ഫെമിനിസത്തിന്റെ പതാകവാഹകയാക്കി. 'എന്റെ കഥ'യിലൂടെ അവര്‍ പിച്ചിച്ചീന്തിയത് സദാചാരത്തിന്റെ കപടമായ മുഖമാണ്. ജീവിതത്തിലെ നീതിനിഷേധങ്ങളോടാണ് കമല ചൊടിച്ചത്. ആ ചൊടിയാണ് അവരെ പേരും മതവും ഉപേക്ഷിക്കുന്ന തലംവരെ എത്തിച്ചത്.

മലയാളസാഹിത്യത്തെ ലോകസാഹിത്യവുമായി അടുപ്പിച്ച ആധുനിക എഴുത്തുകാരില്‍ ഒന്നാംനിരയിലാണ് മാധവിക്കുട്ടി. ഒരുപക്ഷേ, മലയാളസാഹിത്യ ലോകത്തുനിന്ന് അന്തര്‍ദേശീയതലത്തില്‍ തിരിച്ചറിയപ്പെടുന്ന ആദ്യവ്യക്തിയും അവര്‍തന്നെ. സാന്ദ്രമായ കാല്‍പ്പനികതയുടെ ലാവണ്യഭൂമികയാണ് മാധവിക്കുട്ടിയുടെ രചനകളെ ജനപ്രിയമാക്കിയത്. കപടമായ സദാചാര പരികല്‍പ്പനകളോടുമാത്രമല്ല, അന്തസ്സാരശൂന്യമായ ആചാരവൈകൃതങ്ങളോടും അവര്‍ പോരടിച്ചു; അതിന്റെ മുഖാവരണം വലിച്ചുകീറുകയും വിയോജിപ്പുകള്‍ മറയില്ലാതെ രേഖപ്പെടുത്തുകയും ചെയ്തു. ബാലാമണിയമ്മയടക്കമുള്ള മുന്‍ഗാമികളില്‍നിന്നും പിന്നാലെ വന്നവരില്‍നിന്നും മാധവിക്കുട്ടിയെ വേറിട്ടുനിര്‍ത്തുന്നത് തനിക്ക് തോന്നുന്നത് പറയാനുള്ള ധീരതയാണ്. ആ ധീരത മനസ്സിന്റെ കടുപ്പംകൊണ്ടുണ്ടാകുന്നതല്ല. തികഞ്ഞ നിഷ്കളങ്കതയും കെട്ടുപാടുകളുടെ നിരാസവും അവര്‍ക്ക് നല്‍കിയ സാധ്യതകളാണ്. കേരളീയ സമൂഹത്തിന്റെ പരിമിതമായ പരിവൃത്തത്തിനപ്പുറം നാഗരികജീവിതം പകര്‍ന്നുനല്‍കിയ ലോകവീക്ഷണവും വ്യക്തിപരമായ പ്രത്യേകതകളുമായി ബന്ധപ്പെട്ട ഏകാന്തതയും മൌലികതയാര്‍ന്ന ഒരു ഭാവനാലോകം സൃഷ്ടിക്കാന്‍ അവര്‍ക്ക് പ്രേരണയായി.
പരിമിതികളില്ലാത്ത പ്രണയം എന്ന ഏകവികാരത്തില്‍ കേന്ദ്രീകരിച്ചാണ് മാധവിക്കുട്ടിയുടെ ലോകം വികസിക്കുന്നത് എന്നത് ഹ്രസ്വദൃഷ്ടികളുടെ സാഹിത്യാവലോകനമാണ്. ചുട്ടുപൊള്ളുന്ന ജീവിതനിലങ്ങളില്‍നിന്ന് സ്നേഹത്തിന്റെ ധ്രുവനക്ഷത്രത്തോട് സ്വയം ചേര്‍ത്തുവയ്ക്കാന്‍ കൊതിക്കുന്ന സ്ത്രീമനസ്സ് മാധവിക്കുട്ടിയുടെ രചനകളുടെ ഉപരിതലത്തില്‍തന്നെ ദൃശ്യമാണ്. ഫെമിനിസത്തിന്റെ സാമ്പ്രദായികമായ അന്തഃക്ഷോഭങ്ങളെയാണ് സ്വന്തമായ വഴിയിലൂടെ മാധവിക്കുട്ടി ആവിഷ്കരിച്ചത്. ജീവിതത്തിന്റെ നിരാലംബതയെക്കുറിച്ചുള്ള ദാര്‍ശനിക ഗഹനമായ ഉല്‍ക്കണ്ഠകള്‍ ആ കവിതകളിലും കഥകളിലും മറഞ്ഞുകിടപ്പുണ്ട്. തന്റെതന്നെ ഉള്ളിലേക്കിറങ്ങിച്ചെല്ലാന്‍ വ്യഗ്രത കാട്ടിയതുകൊണ്ടാകണം, ചുറ്റുപാടുകളുടെ വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളെ വേണ്ടത്ര തിരിച്ചറിയാനുള്ള പരിമിതി മാധവിക്കുട്ടിയില്‍ പ്രകടമാണ്. സാമ്പത്തിക സാമൂഹിക യാഥാര്‍ഥ്യങ്ങളെ അര്‍ഥത്തിലും ആഴത്തിലും മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, എഴുത്തുകാരിയുടെ ശരിയായ സാമൂഹ്യദര്‍ശനം രൂപപ്പെടുത്താനോ പ്രകാശിപ്പിക്കാനോ സാധിക്കാതെ വരും. ഈ വിമര്‍ശം മാധവിക്കുട്ടിയുടെ കാര്യത്തിലും യാഥാര്‍ഥ്യമാണ്. സാമൂഹിക യാഥാര്‍ഥ്യങ്ങളോട് പച്ചയായി പ്രതികരിക്കാറുള്ള അവരില്‍നിന്ന് അപക്വമെന്നു പ്രത്യക്ഷത്തില്‍ തോന്നിക്കുന്ന പ്രതികരണങ്ങള്‍ വരാറുള്ളതും മറ്റൊന്നുകൊണ്ടല്ല. താന്‍ മലയാളത്തില്‍ എഴുതിയതെല്ലാം വ്യര്‍ഥമായോ എന്ന് അവര്‍ ഒടുവില്‍ വ്യാകുലപ്പെട്ടിരുന്നു. കഥാപാത്രങ്ങള്‍ എഴുത്തുകാരിതന്നെയാണെന്ന പ്രചാരണവും ഓരോ കൃതിയെയും വിവാദങ്ങളില്‍ മുക്കി ചര്‍ച്ചചെയ്യുന്നതിന്റെ ദുരനുഭവങ്ങളുമാണ് കമല സുരയ്യയെ അങ്ങനെ പറയിച്ചത്. സുകുമാര്‍ അഴീക്കോട് അനുസ്മരിച്ചപോലെ, അവര്‍ എന്തിനെക്കുറിച്ച് പറയുമ്പോഴും മറ്റൊരാള്‍ പറഞ്ഞതുപോലെയാകില്ല. നമ്മുടെ മനസ്സിന്റെ ആഴങ്ങളിലുള്ള കാഴ്ചകളാണ് മാധവിക്കുട്ടിയുടെ വാക്കുകളില്‍ നിറയുന്നത്. ആകാശത്തിന്റെ നേര്‍മയുള്ള എഴുത്താണത്. ഓരോ വാക്കിലും നിയതമായ ദൃശ്യങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.
ആമിയും കമലയും അമ്മയും മുത്തശ്ശിയുമായി നമ്മുടെ മുന്നിലെത്തുന്നത് ആരാണ്? അത് നാംതന്നെയോ; നമ്മുടെ ജീവിതംതന്നെയോ എന്ന് മനസ്സില്‍ ഒരിക്കലെങ്കിലും തോന്നാത്ത വായനക്കാരുണ്ടാകില്ല. വ്യവസ്ഥാപിത കല്‍പ്പനകളും ചട്ടക്കൂടുകളും ഉല്ലംഘിച്ച് അനുകരണീയമായ വഴികളിലൂടെയാണ് മാധവിക്കുട്ടി സഞ്ചരിച്ചത്. യാഥാസ്ഥിതികത്വത്തിന്റെ നെറ്റിചുളിപ്പിക്കുന്നത് എഴുത്തിന്റെ ശൈലിതന്നെയായി. സ്ത്രീപക്ഷത്ത് നില്‍ക്കുന്നതുതന്നെ പുരോഗമനപരമാണെന്നിരിക്കെ മാധവിക്കുട്ടിയെക്കുറിച്ച് നമുക്ക് തുറന്നമനസ്സോടെ പറയാം- അവര്‍ പുരോഗമനപക്ഷത്ത് നിന്ന എഴുത്തുകാരിയാണെന്ന്. ആര്‍ജവം, ധീരത, സത്യസന്ധത എന്നിവയാണ് മാധവിക്കുട്ടിയെ ഉയരങ്ങളില്‍ എത്തിക്കുന്നത്. നഷ്ടപ്പെട്ട നീലാംബരി എന്നത് അവരുടെ രചനയാണ്. നീലാംബരി കരുണയുടെയും വാത്സല്യത്തിന്റെയും രാഗമാണ്. 'ഓമനത്തിങ്കള്‍ കിടാവോ' എന്ന ഗാനമാണ് നാം നീലാംബരി രാഗത്തില്‍ ഹൃദയത്തിലേറ്റിയിട്ടുള്ളത്. മാധവിക്കുട്ടിയും ആ നീലാംബരിയില്‍ മലയാളത്തെ കൈകളിലെടുത്ത് താരാട്ടുപാടുകയാണ്. പുണെയിലെ ജഹാംഗീര്‍ ആശുപത്രിയില്‍നിന്ന് അനന്തപുരിയിലെ പാളയം ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ എത്തുന്ന ആ താരാട്ടുപാട്ട് വിശ്വമലയാളത്തെ ഉറക്കുകയല്ല; ഉണര്‍ത്തുകയാണ് ചെയ്യുക. ആ നീലാംബരി മലയാളിയുടെ മനസ്സില്‍നിന്ന് ഒരിക്കലും നഷ്ടപ്പെടുകയില്ല.

ദേശാഭിമാനി മുഖപ്രസംഗം

കരുത്താര്‍ജിക്കുന്ന പൊതു വിദ്യാഭ്യാസരംഗം

കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോകുകയാണ്. എല്ലാവിഭാഗം ജനങ്ങളുടെയും ആത്മാര്‍ഥമായ സഹകരണവും പിന്തുണയും സമാഹരിച്ചുള്ള നിരവധി ക്രിയാത്മകപ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ പുരോഗതി ഉണ്ടാകുന്നത്. “ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം”എന്ന മുദ്രാവാക്യം മൂന്നുവര്‍ഷംമുമ്പ് മുമ്പോട്ടുവച്ചപ്പോള്‍ ആവേശകരമായ പ്രതികരണമാണുണ്ടായത്. തുടര്‍ന്ന് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും കാര്യക്ഷമതയില്‍നിന്ന് സുസ്ഥിര മികവിലേക്കുള്ള പ്രയാണവും അധ്യാപകരും രക്ഷാകര്‍ത്താക്കളും സമൂഹവും ഏറ്റെടുത്തു എന്നുപറയാം. പാഠ്യപദ്ധതി പരിഷ്കരണം ദേശീയപാഠ്യപദ്ധതി നിര്‍ദേശങ്ങള്‍ പരിഗണിച്ച് കേരള പാഠ്യപദ്ധതി ചട്ടക്കൂട് -2007 വികസിപ്പിച്ചു. സംസ്ഥാനതല പാഠ്യപദ്ധതി വികസിപ്പിച്ച ആദ്യ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനാണ്. കേരളത്തിലെ ഏതാണ്ടെല്ലാ പഞ്ചായത്തിലും ഇതുസംബന്ധിച്ച ചര്‍ച്ച നടന്നു. 1,50,000ത്തോളം പേര്‍ ഈ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇതേ തുടര്‍ന്ന് പാഠപുസ്തകങ്ങളും പരിഷ്കരിക്കാന്‍ ആരംഭിച്ചു. വിദ്യാഭ്യാസരംഗത്തെ നൂതനവും ശാസ്ത്രീയവുമായ കാഴ്ചപ്പാടുകള്‍ക്കനുസൃതമായി പാഠ്യപദ്ധതി നവീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആശങ്കകള്‍ പലര്‍ക്കും ഉണ്ടായിരുന്നു. സംശയദൃഷ്ടിയോടെയാണ് പലരും ഇതിനെ നോക്കിക്കണ്ടത്. വിവാദങ്ങളും പ്രക്ഷോഭ പരിപാടികളുംവരെ ഉണ്ടായി. സര്‍ക്കാര്‍ ഇത്തരം പ്രതികരണങ്ങളെ ജനാധിപത്യപരമായി സമീപിച്ചു. എല്ലാവിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്തും എന്നാല്‍ അക്കാദമിക താല്‍പ്പര്യങ്ങള്‍ ബലികഴിക്കാതെയും നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായി. സ്വയം വിമര്‍ശനപരമായി ഓരോന്നും പുനഃപരിശോധിക്കാനും മെച്ചപ്പെടുത്താനുമുള്ള അവസരങ്ങളാക്കി ഇത്തരം സന്ദര്‍ഭങ്ങളെ പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.

2,4,6,8 ക്ളാസുകളിലെ പാഠപുസ്തകങ്ങളാണ് ഈ വര്‍ഷം പരിഷ്കരിച്ച് നടപ്പാക്കുന്നത്. 1,3,5,7 ക്ളാസുകളിലെ നവീകരിച്ച പാഠപുസ്തകങ്ങള്‍ വീണ്ടും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും ഒപ്പം 9, 10 ക്ളാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കാനുള്ള നടപടികളും എസ്സിഇആര്‍ടിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. പാഠപുസ്തകങ്ങളും പഠനരീതിയും മാറ്റുന്നത് വിദ്യാഭ്യാസ ഗുണനിലവാരം ഉയരാന്‍ സഹായകമാകുന്നു എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രൈമറി, അപ്പര്‍പ്രൈമറി തലങ്ങളില്‍ പഠനനിലവാരം ഉയര്‍ത്താനായി എന്ന് എന്‍സിഇആര്‍ടി നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സെക്കന്‍ഡറി തലത്തിലും മാറ്റം ദൃശ്യമാണ്. എസ്എസ്എല്‍സി റിസള്‍ട്ട് ഇതിന് തെളിവാണ്.

കംപ്യൂട്ടര്‍ സാങ്കേതികവിദ്യ

1016 വിദ്യാലയങ്ങളില്‍ 5068 കംപ്യൂട്ടര്‍ വിതരണം ചെയ്തും 681 സ്കൂളുകള്‍ക്ക് എല്‍സിഡി പ്രോജക്ടുകള്‍ നല്‍കിയും 1226 പ്രിന്ററുകള്‍, 696 സ്കാനറുകള്‍, 371 ഹാന്‍ഡിക്യാമറകള്‍, 385 ജനറേറ്ററുകള്‍ എന്നിവ വിദ്യാലയങ്ങള്‍ക്ക് ലഭ്യമാക്കിയും 1013 സര്‍ക്കാര്‍ സ്കൂളിലും 614 എയ്ഡയ് വിദ്യാലയത്തിലും ബ്രോഡ്ബാന്റ് കണക്ഷനുകള്‍ ഏര്‍പ്പെടുത്തിയും ഐടി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള പഠനത്തിന് ശക്തമായ അടിത്തറ പാകിയിരിക്കുകയാണ്. പ്രൈമറി തലത്തില്‍ കംപ്യൂട്ടര്‍ പഠനത്തിന് ഓരോ ജില്ലയിലും പ്രതിവര്‍ഷം 50 ലക്ഷം രൂപ വീതം അനുവദിച്ചു. ഹൈസ്കൂളുകളില്‍ ഐടി വിദ്യാഭ്യാസത്തിന് പ്രത്യേക പാഠപുസ്തകവും അപ്പര്‍പ്രൈമറി തലത്തില്‍ പഠനസഹായികളും തയ്യാറാക്കി. വിക്ടേഴ്സ് ചാനലിലൂടെ 17 മണിക്കൂര്‍ പ്രതിദിന വിദ്യാഭ്യാസപരിപാടി സംപ്രേഷണം ചെയ്യുന്നു. എസ്ഐഇടി യുടെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുള്ള നൂറുകണക്കിന് റിസോഴ്സ് സിഡിക്കുള്ള വര്‍ധിച്ച ആവശ്യവും സ്വീകാര്യതയും പരിഗണിച്ച് കൂടുതല്‍ സിഡികള്‍ നിര്‍മിക്കുന്നതിനും നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. എല്ലാ ക്ളാസിലും കംപ്യൂട്ടര്‍ എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി എല്ലാ അധ്യാപകര്‍ക്കും കംപ്യൂട്ടര്‍ സഹായത്തോടെയുള്ള പഠനരീതിയില്‍ സമഗ്രമായ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി ഐടി അറ്റ് സ്കൂള്‍ സംവിധാനവും സര്‍വശിക്ഷാ അഭിയാനും സംയുക്തമായി ഏറ്റെടുത്തിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈ രംഗത്ത് നല്‍കുന്ന സംഭാവനകളും വിലപ്പെട്ടതാണ്.

ഭൌതികസൌകര്യങ്ങള്‍ മെച്ചപ്പെടുന്നു

അടിസ്ഥാനസൌകര്യങ്ങളുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കിയത്. 3139 ക്ളാസ്മുറി, 5877 ടോയ്ലറ്റ്, 3811 വിദ്യാലയങ്ങളില്‍ കുടിവെള്ളം വിതരണ സംവിധാനം, 1970 വിദ്യാലയങ്ങള്‍ക്ക് ചുറ്റുമതില്‍, 52000 ഫര്‍ണിച്ചര്‍ എന്നിവ നല്‍കാനായത് ശ്രദ്ധേയമായ നേട്ടമാണ്. സ്കൂള്‍ ലൈബ്രറികളുടെ നവീകരണത്തിനായി 575 ലക്ഷം രൂപയും പഠനോപകരണ ഗ്രാന്റിനത്തില്‍ 1898.9 ലക്ഷം രൂപയും വിനിയോഗിച്ചു. ഇതു കൂടാതെ വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി ശരാശരി 50 ലക്ഷം രൂപ ഓരോ ജില്ലയ്ക്കും അനുവദിച്ചു. ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. ശിശുസൌഹൃദപരമായ വൃത്തിയും വെടിപ്പുമുള്ള ആധുനിക സാങ്കേതികവിദ്യാസംവിധാനങ്ങളുള്ള ആകര്‍ഷകമായ വിദ്യാലയങ്ങള്‍ എന്ന സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കുകയാണ്.

പഠനപ്രോത്സാഹന പദ്ധതികള്‍

സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കംനില്‍ക്കുന്ന കുട്ടികളെ ഉയര്‍ന്ന മികവോടെ മുഖ്യധാരയില്‍ എത്തിക്കുന്നതിനായി വിവിധതരം സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തി. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മേഖലയിലെ പതിനായിരം കുട്ടികള്‍ക്ക് അയ്യായിരം രൂപ വീതം സ്കോളര്‍ഷിപ്പായി നല്‍കി. കേന്ദ്രഗവമെന്റ് അനുവദിച്ച മൈനോരിറ്റി സ്കോളര്‍ഷിപ്പിന്റെ നിബന്ധനകള്‍ വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് തടസ്സമായിരുന്നു. ഇതു മാറ്റുന്നതിനും പരമാവധി കുട്ടികള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു.

ഏകജാലകം

ഹയര്‍സെക്കന്‍ഡറി പ്രവേശനപ്രക്രിയയില്‍ കൃത്യത, സുതാര്യത, സാമൂഹ്യനീതി എന്നിവ ഉറപ്പുവരുത്തുന്നതിന് ഏകജാലക പ്രവേശന പ്രക്രിയക്ക് കഴിഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷം ആകെ ലഭ്യമായ 212080 മെറിറ്റ് സീറ്റില്‍ ഏകജാലക പ്രവേശനം വഴി 202627 സീറ്റില്‍ പ്രവേശനം നടത്തി. മാനേജ്മെന്റ് കമ്യൂണിറ്റി ക്വോട്ടകളിലെ പ്രവേശനം ഏകജാലകത്തിലൂടെ ആയിരുന്നില്ല. 2005-06ല്‍ ആകെ സീറ്റിന്റെ 78.39 ശതമാനത്തിലാണ് പ്രവേശനം നടന്നതെങ്കില്‍ 2008-09ല്‍ ഏകജാലകം വഴി 95.54 ശതമാനം സീറ്റില്‍ പ്രവേശനം നടത്തി. ഒബിസി, പട്ടികജാതി പട്ടികവര്‍ഗവിഭാഗം വിദ്യാര്‍ഥികള്‍ക്കാണ് ഇതിലൂടെ ഏറെ പ്രയോജനം ലഭിച്ചത്. ഒബിസി വിഭാഗത്തില്‍ 38.48 ശതമാനം കുട്ടികള്‍ക്കാണ് 2005ല്‍ പ്രവേശനം ലഭിച്ചത്. ഇത് കഴിഞ്ഞ വര്‍ഷം 54.40 ശതമാനമായി വര്‍ധിച്ചു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലും ഇരട്ടിയിലധികം വര്‍ധന പ്രവേശനതോതില്‍ ഉണ്ടായി. മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നേടാന്‍ അവസരമൊരുക്കിയ ഏകജാലക പ്രവേശനരീതി വിദ്യാഭ്യാസമേഖലയിലെ പ്രതിലോമപ്രവണതകള്‍, പാഴ്‌ചെലവുകള്‍ തുടങ്ങിയവ ഇല്ലാതാക്കുന്നതിനും സാമൂഹ്യനീതിയും സുതാര്യതയും ഉറപ്പാക്കുന്നതിനും വഴിയൊരുക്കി. കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തനം കുറ്റമറ്റതാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

അധ്യാപക പരിശീലനം

പാഠ്യപദ്ധതിയിലുണ്ടായ മാറ്റം, പഠനം കാര്യക്ഷമമാക്കുന്നതിനുള്ള ശ്രമങ്ങള്‍, ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍, പുതിയ പഠനരീതികള്‍, പഠന മനഃശാസ്ത്രരംഗത്തെ പുതിയ പ്രവണതകള്‍, വൈജ്ഞാനികമേഖലയിലുണ്ടാകുന്ന വളര്‍ച്ച, പഠനം ഫലപ്രദമാക്കുന്നതിനായി നടത്തിയ ഗവേഷണാനുഭവങ്ങള്‍ തുടങ്ങിയവ അധ്യാപകരുടെ കാര്യശേഷി നിരന്തരം ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് നമ്മെ നയിച്ചു. ഇതിന്റെ ഭാഗമായി ഒരുവര്‍ഷം 20 ദിവസത്തെ പരിശീലനം നടത്താനാണ് തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷത്തെ അനുഭവങ്ങള്‍ പരിശോധിച്ച് അധ്യാപകസംഘടനകളുടെ അഭിപ്രായംകൂടി പരിഗണിച്ച് കാര്യക്ഷമമായ അധ്യാപകപരിശീലനത്തിന് പ്രവര്‍ത്തനപദ്ധതി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. കൂടുതല്‍ കാര്യക്ഷമമായ പരിശീലനപരിപാടി ആസൂത്രണംചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതു ഒഴിവു ദിവസങ്ങളൊഴികെയുള്ള ശനിയാഴ്ചകള്‍കൂടി പ്രയോജനപ്പെടുത്തിയുള്ള പരിശീലനമായിരിക്കും വരുംവര്‍ഷം നടത്തുക.

ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ്

അന്തരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷമായി 2009-10 ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തില്‍ ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് എന്ന പ്രത്യേക പരിപാടി നടപ്പാക്കുന്നു. കുട്ടികള്‍ക്ക് ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട 100 പരീക്ഷണ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍, ഓരോ സ്കൂളിലും കൊച്ച് ഒബ്സര്‍വേറ്ററികള്‍, എല്ലാ വിദ്യാര്‍ഥികള്‍ക്കും വര്‍ക്ക് ബുക്കുകള്‍, ഓരോ ജില്ലയിലും ശരാശരി പത്തുവീതം ഒബ്സര്‍വേറ്ററികള്‍, ഓരോ പഞ്ചായത്തിലും നക്ഷത്രനിരീക്ഷണ സഹവാസ ക്യാമ്പുകള്‍, സയന്‍സ്, ഗണിതം, സാമൂഹ്യശാസ്ത്ര ക്ളബുകളെ പ്രവര്‍ത്തനക്ഷമമാക്കല്‍ ജില്ലാതല അധ്യാപക കൂട്ടായ്മകള്‍, സെമിനാറുകള്‍, ശാസ്ത്ര കോണ്‍ഗ്രസുകള്‍, സ്കൂളുകള്‍ക്ക് ഗലീലിയോ അവാര്‍ഡുകള്‍, സയന്‍സ് ഒളിമ്പ്യാഡുകള്‍, വീഡിയോജാഥകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതുവഴി അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ കുട്ടികളുടെ ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലുള്ള പഠന നിലവാരം മെച്ചപ്പെടുത്താനും ശാസ്ത്രാവബോധം വര്‍ധിപ്പിക്കാനും കഴിയുമെന്നു കരുതുന്നു.

എന്റെ മരവും മണ്ണെഴുത്തും

കൊച്ചുമരങ്ങള്‍ മരം നട്ടാല്‍ പച്ചപിടിക്കും മലയാളം’എന്ന മുദ്യാവാക്യമുയര്‍ത്തി നടപ്പാക്കിയ എന്റെ മരം പരിപാടി ഏറെ അംഗീകാരം നേടിയ ഒന്നാണ്. കുട്ടികളില്‍ പാരിസ്ഥിതികാവബോധം വളര്‍ത്തുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയുണ്ടായി. എന്റെ മരം പദ്ധതിയുടെ തുടര്‍ച്ചയായി മണ്ണെഴുത്തു ഡയറി, വര്‍ണോത്സവം, വനസഞ്ചാരം, പരിസ്ഥിതി ക്യാമ്പുകള്‍, പ്രോജക്ടുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ വര്‍ഷം നടപ്പാക്കിയത്. പരിസ്ഥിതിസൌഹൃദപരവും നിര്‍മലവുമായി വിദ്യാലയാന്തരീക്ഷം ഒരുക്കുന്നതിനും മാലിന്യവിമുക്തകേരളം എന്ന ലക്ഷ്യത്തിന് അനുപൂരകമായ തരത്തിലുള്ള പ്രവര്‍ത്തനസംസ്കാരം രൂപപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് ‘തെളിമ’ എന്ന പേരില്‍ വര്‍ക്ക് ബുക്ക് തയ്യാറാക്കി വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇംഗ്ളീഷ് പഠനം

യൂണിസെഫിന്റെ പ്രതിനിധി ശ്രീമതി അരുണാരത്നം കേരളം സന്ദര്‍ശിച്ചപ്പോള്‍ തിരുവനന്തപുരത്തുവച്ച് പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന യുപി സ്കൂള്‍ വിദ്യാര്‍ഥികളുമായി ആശയ വിനിമയം നടത്തിയതിന്റെ അനുഭവം വിവരിക്കുകയുണ്ടായി. ഇംഗ്ളീഷില്‍ അനായാസം ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞു. ദേശീയ സെമിനാറില്‍ പ്രദര്‍ശിപ്പിച്ച നാല്‍പ്പതില്‍പ്പരം മലയാളം പ്രദര്‍ശനപാനലുകളിലെ ഉള്ളടക്കം കുട്ടികള്‍ ഇംഗ്ളീഷില്‍ വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. പൊതുവിദ്യാലയങ്ങളിലെ ഇംഗ്ളീഷ് പഠനം ലക്ഷ്യത്തിലേക്കുതന്നെയാണ് എന്നാണ് അവരുടെ നിരീക്ഷണം. ഇംഗ്ളീഷ് മീഡിയത്തില്‍ പോയാലേ കുട്ടികള്‍ ഇംഗ്ളീഷ് സ്വായത്തമാക്കൂ എന്ന ചിലരുടെ അബദ്ധധാരണ തിരുത്തിക്കുറിക്കാന്‍ പര്യാപ്തമായ നിരവധി തെളിവുകള്‍ പൊതുവിദ്യാലയങ്ങളില്‍ പ്രകടമാണ്. സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ ഇംഗ്ളീഷ് പഠനം മെച്ചപ്പെടുത്തുന്നതിനായി തെരഞ്ഞെടുത്ത നൂറു പഞ്ചായത്തില്‍ ആവിഷ്കരിച്ച ഗവേഷണപദ്ധതി ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്. പൊതു സദസ്സുമായി ഇംഗ്ളീഷില്‍ ആശയവിനിമയം ചെയ്തതും ഇംഗ്ളീഷില്‍ ഇന്‍ലാന്‍ഡ് മാഗസിന്‍, പത്രങ്ങള്‍, കൈയെഴുത്തു മാസികകള്‍ ഇവ തയ്യാറാക്കിയതും കഥകളും കവിതകളും ലേഖനങ്ങളും സിനിമയും നാടകവുമൊക്കെ രൂപപ്പെടുത്തിയതും കുട്ടികളുടെ കഴിവ് ഇംഗ്ളീഷില്‍ വളരെ വര്‍ധിച്ചു എന്നതിന്റെ തെളിവാണ്. എട്ടാംക്ളാസ് വരെ പാഠപുസ്തകം പരിഷ്കരിച്ചത് ഇംഗ്ളീഷ് പഠനത്തിന്റെ നിലവാരം ഉയര്‍ത്താന്‍ സഹായിച്ചു. റീജണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷ് (ബംഗളൂരു) കേരളീയാനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് ഇതേ മാതൃകയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ പോകുകയാണ്. തന്നെയുമല്ല ആര്‍ഐഇയുടെയും ഈ രംഗത്തെ മറ്റ് ഏജന്‍സികളുടെയും സഹകരണത്തോടെ അധ്യാപകപരിശീലനവും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇംഗ്ളീഷ് ഭാഷ കൈകാര്യംചെയ്യാനുള്ള അധ്യാപകരുടെ പ്രാപ്തി വര്‍ധിപ്പിക്കേണ്ടത് അടിയന്തരപ്രാധാന്യം നല്‍കേണ്ട കാര്യമാണ്. പത്തുവര്‍ഷത്തെ മികച്ച ഇംഗ്ളീഷ് പഠനം നമ്മുടെ കുട്ടികളുടെ ആത്മവിശ്വാസവും കഴിവും വര്‍ധിപ്പിക്കുമെന്നും മാത്രമല്ല പുതിയലോക സാഹചര്യത്തിന്റെ ആവശ്യങ്ങളെ നേരിടാന്‍ അവരെ സജ്ജരാക്കുകയും ചെയ്യും. ഇംഗ്ളീഷ് പഠനം മെച്ചപ്പെടുത്താനുള്ള ക്രിയാത്മകപദ്ധതി തയ്യാറാക്കുന്ന ഘട്ടത്തില്‍ നാം സ്വയം ചോദിക്കേണ്ട മറ്റൊരു കാര്യമുണ്ട്. മലയാളഭാഷ നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടതില്ലേ. മാതൃഭാഷാപഠനമല്ലേ കുട്ടികള്‍ക്ക് അതും ചെറുക്ളാസില്‍ ആശയസ്വാംശീകരണത്തിന് സഹായകമാകുക. അക്കാദമിക പണ്ഡിതന്മാര്‍ എല്ലാം ചൂണ്ടിക്കാട്ടുന്ന ഒന്നുണ്ട്, സ്വന്തം മാതൃഭാഷയില്‍ തന്നെയാകണം പ്രാഥമികഘട്ടത്തില്‍ പഠനം നടത്തേണ്ടത്.

കാര്യക്ഷമമായ വിദ്യാഭ്യാസ സേവനങ്ങള്‍

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്നും പൊതുസമൂഹത്തിന് മെച്ചപ്പെട്ടതും കാര്യക്ഷമവുമായ സേവനങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്. ഇതിന് സഹായകമാകുംവിധം പൌരാവകാശരേഖ കഴിവതുംവേഗം പ്രസിദ്ധീകരിക്കുന്നതാണ്. വിദ്യാഭ്യാസ സംവിധാനത്തിലെ ചിലരെങ്കിലും പരാതിക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി അഴിമതിയോ സ്വജന പക്ഷപാതമോ നടത്തുന്നു എന്ന പരാതി ഉയര്‍ന്നുവരുന്നുണ്ട്. നമ്മുടെ ഓഫീസുകളെയെല്ലാം അഴിമിതിവിമുക്തവും കാര്യക്ഷമവും ആക്കേണ്ടതാണ്. ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ ശരിയല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നു എന്ന് നിങ്ങള്‍ക്ക് അനുഭവപ്പെട്ടാല്‍ അക്കാര്യം വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിനെ അറിയിക്കാം. വ്യക്തികളുടെ പേര് സൂചിപ്പിക്കുന്നത് നന്നായിരിക്കും. ആരെയും ശിക്ഷിക്കാനല്ല. അത്തരം വ്യക്തികളെ തിരുത്താന്‍ സഹായിക്കാനാണ്.

പ്രവേശനത്തിന്റെ സന്ദേശം

ഇന്ന് ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കേരളം അക്ഷരലോകത്തേക്ക് വരവേല്‍ക്കുകയാണ്. എല്ലാ ജില്ലയിലും പഞ്ചായത്തിലും വിദ്യാലയങ്ങളിലും പ്രവേശനോത്സവം ആഹ്ളാദകരമായ തുടക്കമാകും. പ്രവേശനോത്സവത്തിലൂടെ കേരളം പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള കര്‍മപദ്ധതികള്‍ക്കും തുടക്കം കുറിക്കുകയാണ്. എട്ടാം ക്ളാസുവരെ എല്ലാ കുട്ടികള്‍ക്കും സൌജന്യ പാഠപുസ്തകം എത്തിക്കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനം ഏറെ ഫലപ്രദമായിരുന്നു. കൃത്യമായ ആസൂത്രണവും ഇച്ഛാശക്തിയും വിദ്യാഭ്യാസമേഖലയില്‍ കൂട്ടായ്മയുടെ പ്രവര്‍ത്തന സംസ്കാരവും മികവിന്റെ തിളക്കവും ഉണ്ടാക്കാന്‍ നമുക്കെല്ലാം കൂട്ടായി ആഗ്രഹിക്കാം. അതിനായി കൈകോര്‍ക്കുക.

എം എ ബേബി വിദ്യാഭ്യാസമന്ത്രി

Friday, May 29, 2009

തെരഞ്ഞെടുപ്പു ഫലത്തിന്റെ രണ്ടു ചിത്രം

പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഏതാനും ദിവസത്തിനുശേഷം നടന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞത് സിപിഐ എമ്മിന്റെ ശത്രുക്കളെയും പാര്‍ടിവിരുദ്ധ മാധ്യമങ്ങളെയും കുറച്ചൊന്നുമല്ല അങ്കലാപ്പിലാഴ്ത്തിയത്. നിഷ്പക്ഷ പത്രമെന്ന് വിശേഷിപ്പിക്കുന്ന മലയാളമനോരമ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് വളരെ വിചിത്രമായ രീതിയിലാണെന്നുതന്നെ പറയാം. ദൃശ്യമാധ്യമങ്ങളില്‍ മാര്‍ക്സിസ്റ്റ് വിരുദ്ധ മുഖമുള്ളവരുടെ മുന്‍പന്തിയിലുള്ള ഇന്ത്യാവിഷന്‍ എല്‍ഡിഎഫിന് നേരിയ ഭൂരിപക്ഷം എന്നാണ് പറഞ്ഞത്. മനോരമയില്‍ ഈ വാര്‍ത്ത വായിക്കാന്‍ കൊതിച്ചവര്‍ നിരാശരായിക്കാണും. 14 പേജ് മറിച്ചുനോക്കിയിട്ടും എല്‍ഡിഎഫ് വിജയവാര്‍ത്ത കാണാനില്ല. പതിനഞ്ചാമത്തെ പേജില്‍ എട്ടാമത്തെ കോളത്തില്‍ ഏറ്റവും താഴെ അപ്രധാനമായാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എല്‍ഡിഎഫ് തകര്‍ന്നുകാണാന്‍ മോഹിച്ചവരില്‍ ഈ തെരഞ്ഞെടുപ്പുഫലം എത്രത്തോളം നിരാശയുണ്ടാക്കുന്നുവെന്ന് തിരിച്ചറിയാന്‍ ഇതൊക്കെ ധാരാളം.

പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ഇടതുപക്ഷത്തിന് അപ്രതീക്ഷിത തിരിച്ചടിയാണുണ്ടായത് എന്നതില്‍ സംശയമില്ല. കേരളത്തിലും ബംഗാളിലുമുണ്ടായ പരാജയം ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതുതന്നെയാണ്. സിപിഐ എം തെരഞ്ഞെടുപ്പിനെ കാണുന്നത് വര്‍ഗസമരത്തിന്റെ ഭാഗമായിട്ടാണ്. വര്‍ഗസമരത്തില്‍ താല്‍ക്കാലിക പരാജയവും വിജയവുമൊക്കെ സ്വാഭാവികമാണ്. എന്നാല്‍, അന്തിമവിജയം അനിവാര്യമാണെന്നാണ് ശാസ്ത്രീയ വിശകലനത്തില്‍ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നത്. വിജയത്തിനും പരാജയത്തിനും തക്കതായ കാരണങ്ങള്‍ കാണും. സൂക്ഷ്മമായ പരിശോധനയിലൂടെ പരാജയകാരണം കണ്ടെത്തുകയും വീഴ്ചകള്‍ മനസ്സിലാക്കി പരിഹരിക്കുകയും ജനപിന്തുണ വീണ്ടെടുക്കുകയുമാണ് ചെയ്യേണ്ടത്. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനുശേഷം സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗം ചേര്‍ന്ന് പ്രാഥമികമായ പരിശോധന നടത്തുകയുണ്ടായി. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും തെരഞ്ഞെടുപ്പുഫലം പ്രാഥമികമായ പരിശോധനയ്ക്ക് വിധേയമാക്കി. ഈ വിശകലനത്തിന്റെ സാരാംശമാണ് സംസ്ഥാന സെക്രട്ടറി പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.

എല്‍ഡിഎഫിന്റെയോ പാര്‍ടിയുടെയോ അടിത്തറയ്ക്ക് തകര്‍ച്ചയോ ഇളക്കമോ പറ്റിയിട്ടില്ലെന്ന് വോട്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇടതുപക്ഷം യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതുമുതല്‍ കോണ്‍ഗ്രസ് അഴിച്ചുവിട്ട പ്രചാരവേല ഇടതുപക്ഷം ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്നതാണ്. ബിജെപി അധികാരത്തില്‍ വരുമെന്ന ആശങ്ക കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ ഒരുവിഭാഗം സമ്മതിദായകരെ പ്രേരിപ്പിച്ചുവെന്നത് വ്യക്തമാണ്. തൂക്കുപാര്‍ലമെന്റാണ് വരാന്‍പോകുന്നതെന്ന സര്‍വെ റിപ്പോര്‍ട്ടുകളും സ്വാധീനിച്ചിരിക്കും. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയില്ലെങ്കില്‍ പകരം ബിജെപിയാണ് വരികയെന്നും അവരെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുമെന്നും അവര്‍ പിന്തുണ നേടുമെന്നും ഭയപ്പാടുണ്ടായിട്ടുണ്ട്. ഈ ആപദ്ഭീതി കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുന്നവരെയും ജയിപ്പിക്കേണ്ടത് ആവശ്യമാണെന്ന് മതനിരപേക്ഷ ചിന്താഗതിക്കാരില്‍ ധാരണയുണ്ടാക്കാന്‍ കാരണമായെന്നുവേണം കരുതാന്‍. ഇത് കോണ്‍ഗ്രസിന്റെ വിജയത്തിന് സഹായിച്ച മുഖ്യ ഘടകമാണെന്നും കാണാം.

കേരളത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. എല്‍ഡിഎഫിന് പിന്തുണ നല്‍കിയ ഒരു ചെറിയ വിഭാഗം മറുഭാഗത്തിന് പിന്തുണ നല്‍കാന്‍ ഇടയായിട്ടുണ്ട്. കേരളത്തിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു തൊട്ടുപിറകെ വന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ വന്‍ വിജയം ഈ വിലയിരുത്തല്‍ ശരിയാണെന്നതിന്റെ തെളിവാണ്.

2001ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നശേഷം കേരളത്തില്‍ നടന്ന തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളുടെ ഫലവും 2006ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനുശേഷമുണ്ടായ തെരഞ്ഞെടുപ്പുഫലങ്ങളും താരതമ്യം ചെയ്താല്‍ ഇക്കാര്യം ബോധ്യപ്പെടും. യുഡിഎഫ് ഭരണമുള്ളപ്പോള്‍ നടന്ന എറണാകുളം ലോക്സഭാ ഉപതെരഞ്ഞെടുപ്പ്, കൂത്തുപറമ്പ്, അഴീക്കോട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍, 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പ്, തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് എന്നിവയിലും 2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് തുടര്‍ച്ചയായി വിജയിച്ചു. ഈ കാലയളവില്‍ തിരുവല്ല നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍മാത്രമാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് ജയിക്കാനായത്. അതില്‍തന്നെ 10,000 വോട്ടിന്റെ ഭൂരിപക്ഷം പകുതിയില്‍ താഴെയായി കുറഞ്ഞു.

എന്നാല്‍, 2006ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനുശേഷം നടന്ന തിരുവമ്പാടി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തന്നെയാണ് ജയിച്ചത്. തുടര്‍ന്ന് പല ഘട്ടങ്ങളിലായി നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിന് പറയത്തക്ക തിരിച്ചടിയൊന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍, ലോക്സഭാ തെരഞ്ഞെടുപ്പുകഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകം 20 വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 13ലും എല്‍ഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുകയാണുണ്ടായത്. യുഡിഎഫിനാകട്ടെ, പകുതി സീറ്റില്‍പോലും ജയിക്കാനായില്ല. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു. കോണ്‍ഗ്രസിനും ബിജെപിക്കും നിലവിലുള്ള രണ്ടു സീറ്റ് വീതം നഷ്ടമായി. ഒരു വാര്‍ഡിലെ ഫലം പരിശോധിച്ചപ്പോള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 620 വോട്ട് എല്‍ഡിഎഫിന് കുറവായിരുന്നിടത്ത് എല്‍ഡിഎഫ് പിന്തുണച്ച സ്ഥാനാര്‍ഥി 500ല്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

ദിവസങ്ങള്‍ക്കകമാണ് ഈ മാറ്റം സംഭവിച്ചത് എന്നോര്‍ക്കേണ്ടതുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ എല്‍ഡിഎഫിന്റെ ബഹുജനപിന്തുണ നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പുഫലം. പത്രസമ്മേളനത്തില്‍ പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചതുപോലെ പറ്റിയ വീഴ്ചകള്‍ പരിഹരിച്ച് പൂര്‍വാധികം ശക്തിയായി മുന്നോട്ടുപോയാല്‍ എല്‍ഡിഎഫിന് നഷ്ടപ്പെട്ട ബഹുജനപിന്തുണ വീണ്ടെടുക്കാന്‍മാത്രമല്ല, ബഹുദൂരം മുന്നോട്ടുപോകാനും കഴിയുമെന്ന ആത്മവിശ്വാസം പകരുന്ന അനുഭവവുമാണിത്.

ദേശാഭിമാനി മുഖപ്രസംഗം

Thursday, May 28, 2009

പൊതുമേഖലയിലെ വിസ്മയത്തിന്റെ കാണാപ്പുറങ്ങള്‍

കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ലാഭത്തിലേക്കു കുതിക്കുന്നു എന്ന വാര്‍ത്ത പലര്‍ക്കും വിശ്വസിക്കാനാകുന്നില്ല. ഇത്തരം കാര്യങ്ങള്‍ അറിയുകയും ഗൌരവപൂര്‍വം പഠിക്കുകയും ചെയ്യുന്നു എന്നു കരുതുന്ന പത്രമാധ്യമ പ്രവര്‍ത്തകര്‍ക്കുപോലും വിശ്വസിക്കാനാകാത്ത മാറ്റമാണ് ഈ രംഗത്ത് ഉണ്ടാകുന്നത്. ഈ സാഹചര്യം എന്നെ സംബന്ധിച്ചു തികച്ചും അഭിമാനകരമാണ്. എങ്കിലും ഇത്തരമൊരു മാറ്റം നമ്മുടെ സംസ്ഥാനത്തു സംഭവിക്കുമ്പോള്‍ അതു മുഴുവന്‍ ജനങ്ങള്‍ക്കും ബോധ്യപ്പെട്ടിരിക്കണം എന്ന നിര്‍ബന്ധംകൊണ്ടാണ് ഇങ്ങനെയൊരു ലേഖനം എഴുതുന്നത്.

വ്യവസായവകുപ്പിനു കീഴിലുള്ള 45 കമ്പനികളുടെ മൊത്തം പ്രവര്‍ത്തനലാഭത്തിന്റെ കണക്കില്‍നിന്നു തുടങ്ങാം.

സുശീലാഗോപാലന്‍ വ്യവസായമന്ത്രിയായിരുന്ന കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭ സ്ഥാനമൊഴിഞ്ഞപ്പോള്‍ സംസ്ഥാന പൊതുമേഖല മെച്ചപ്പെട്ടുവരുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. ഈ മേഖലയിലെ മുഴുവന്‍ കമ്പനികളുംകൂടി ഉണ്ടാക്കിയ നഷ്ടം 2001-02 ല്‍ 15.04 കോടി രൂപയായിരുന്നു. ആ നില തുടര്‍ന്നിരുന്നെങ്കില്‍ നഷ്ടം വീണ്ടും കുറഞ്ഞുവരുമായിരുന്നു. എന്നാല്‍, ഭരണമാറ്റത്തെത്തുടര്‍ന്ന് ആ വര്‍ഷം യുഡിഎഫ് അധികാരത്തിലെത്തി. അതോടെ ആകെ നഷ്ടം 2002-03 ല്‍ 51.67 കോടി രൂപയായി! തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 62.84 കോടിയും 73.15 കോടിയും രൂപയായി നഷ്ടം വളര്‍ന്നു. 2005-06 ലും വെറും രണ്ടര കോടിയുടെ വ്യത്യാസത്തില്‍ അത് 69.65 കോടിയായി നിലനിന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഇതായിരുന്നു സ്ഥിതി.

2006-07 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം മാസമാണ് ഈ മന്ത്രിസഭ വരുന്നത്. പിന്നീടുള്ള 10 മാസം ഞങ്ങള്‍ ശ്രദ്ധ ഊന്നിയത് സംസ്ഥാന പൊതുമേഖലയിലാണ്. അതിന്റെ മാറ്റം ആ സാമ്പത്തികവര്‍ഷത്തിന്റെ അന്ത്യത്തില്‍ വിസ്മയകരമാംവണ്ണം പ്രകടമായി. പത്തുമാസംകൊണ്ട് 69.65 കോടിയുടെ നഷ്ടത്തില്‍നിന്ന് ഈ 45 സ്ഥാപനങ്ങള്‍ 92.4 കോടി രൂപയുടെ ലാഭത്തിലേക്കു മാറി! വ്യത്യാസം 161.69 കോടി രൂപയുടേതാണ്! ആ ഒറ്റവര്‍ഷംകൊണ്ടാണ് ലാഭത്തിലുള്ള കമ്പനികളുടെ എണ്ണം 12 ല്‍ നിന്ന് 23 ലേക്ക് ഉയര്‍ന്നത്. അടുത്തവര്‍ഷം ലാഭമുള്ള കമ്പനികള്‍ 27 ആയും കഴിഞ്ഞവര്‍ഷം 28 ആയും ഉയര്‍ന്നു. ഈ രണ്ടു വര്‍ഷങ്ങളില്‍ ലാഭത്തിലുള്ള പൊതുമേഖലാ വ്യവസായങ്ങളുടെ എണ്ണത്തിലുണ്ടായ വളര്‍ച്ചയേക്കാള്‍ ഉയര്‍ന്നതാണ് ലാഭത്തിന്റെ തോത്. 2007-08 ല്‍ 80.31 കോടിയും 2008-09 ല്‍ 166.77 കോടി രൂപയുമാണ് ഈ കമ്പനികള്‍ ഉണ്ടാക്കിയ ലാഭം.

ഈ മാറ്റം അവിശ്വസനീയമാണ് എന്നതുകൊണ്ടുതന്നെ അത് അംഗീകരിക്കാന്‍ പലരും തയ്യാറാകുന്നില്ല. മുന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച പരിഷ്കരണശ്രമങ്ങളുടെ ഫലമാണ് ഈ മൂന്നു വര്‍ഷത്തെ നേട്ടങ്ങള്‍ എന്നു പറയാന്‍പോലും പലരും ചങ്കൂറ്റം കാട്ടി. എന്നാല്‍, അത്തരക്കാര്‍ക്കായി ചില വിവരങ്ങള്‍കൂടി ഇവിടെ ചേര്‍ക്കട്ടെ.

ഈ മന്ത്രിസഭ നിലവില്‍ വരുമ്പോള്‍ ഉണ്ടായിരുന്ന സാഹചര്യം ഏവര്‍ക്കും അറിയാം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച ചൌധരി കമ്മറ്റിയുടെ ശുപാര്‍ശപ്രകാരം അന്നു നഷ്ടത്തിലുള്ള കമ്പനികള്‍ക്കു നിശ്ചയിച്ചിരുന്ന അന്തിമവിധികള്‍ അടച്ചുപൂട്ടുക, ആസ്തികള്‍ വില്‍ക്കുക, സ്വകാര്യമേഖലയ്ക്കു കൈമാറുക, ജീവനക്കാര്‍ക്കു സ്വയം പിരിയല്‍ സൌകര്യം നല്‍കുക എന്നിങ്ങനെയായിരുന്നു. ഇപ്രകാരം 17 കമ്പനിയെയാണ് ബലി നല്‍കാന്‍ വിധിച്ചിരുന്നത്. എന്നാല്‍, ഇവയെ ഒന്നും ഈ സര്‍ക്കാര്‍ കൈവിട്ടില്ല. വധശിക്ഷ നടപ്പാക്കാനായി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ച ഈ കമ്പനികളുടെ കാര്യത്തില്‍ ഇന്നു വന്നിരിക്കുന്ന മാറ്റം മാത്രം പരിശോധിച്ചാല്‍ മതി കാര്യം വ്യക്തമാകാന്‍. അവയുടെ കഥ ഇങ്ങനെ: കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന്റെ കാര്യം നോക്കുക. സ്വയംപിരിയല്‍ നടപ്പാക്കാനും പുനഃസംഘടന വിജയിച്ചില്ലെങ്കില്‍ വില്‍ക്കാനുമായിരുന്നു തീരുമാനം. ജി.ഒ.(എംഎസ്)56/03/ വ്യവസായവകുപ്പ് - നമ്പര്‍ ഉത്തരവ്. എന്നാല്‍, 2001 മുതല്‍ 2006 വരെ അഞ്ചു കൊല്ലവും 1.51 കോടി, 3.22 കോടി, 2.85 കോടി, 3.12 കോടി എന്ന ക്രമത്തില്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തിയിരുന്ന കമ്പനി 2006-07 ല്‍ 2.37 കോടി ലാഭമുണ്ടാക്കി. ഇതെങ്ങനെ എന്നുകൂടി അറിയുക. അതുവരെ കെഎസ്ഇബി പുറംകമ്പനികളില്‍നിന്നു വൈദ്യുതി മീറ്ററുകള്‍ വാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, ഈ സര്‍ക്കാര്‍ വന്ന ഉടന്‍ എടുത്ത തീരുമാനം പൊതുമേഖലാ സ്ഥാപനങ്ങള്‍ പരസ്പരം സഹകരിക്കുക എന്നതാണ്. അതുപ്രകാരം വൈദ്യുതി ബോര്‍ഡ് യുണൈറ്റഡ് ഇലക്ട്രിക്കല്‍സില്‍നിന്നു മീറ്ററുകള്‍ വാങ്ങാന്‍ തീരുമാനിച്ചു. അതാണ് ആ കമ്പനിയെ രക്ഷിച്ചത്. ഇതേത്തുടര്‍ന്ന് 25 കോടി രൂപയുടെ പുനഃസംഘാടന പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതെങ്ങനെ മുന്‍ സര്‍ക്കാരിന്റെ പരിപാടിയാകും? ഇതേ പരസ്പര സഹകരണ നിര്‍ദേശമാണ് ആലപ്പുഴ കെഎസ്ഡിപിയെയും രക്ഷിച്ചത്. ഇനി അങ്കമാലി ടെല്‍ക്കിന്റെ കാര്യം എടുക്കാം. ഈ കമ്പനിയുടെ 26 മുതല്‍ 49 വരെ ശതമാനം ഓഹരി വില്‍ക്കാനും 50 ശതമാനം ഭൂമി വില്‍ക്കാനും സ്വയംപിരിയല്‍ ഏര്‍പ്പെടുത്താനുമാണ് ജി.ഒ (എംഎസ്) 55/03/ വ്യവസായവകുപ്പ് -നമ്പര്‍ ഉത്തരവു വഴി യുഡിഎഫ് സര്‍ക്കാര്‍ നിശ്ചയിച്ചത്. എന്നാല്‍, ഇതൊന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തില്ല. ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ വ്യവസായനയത്തിലെ കേന്ദ്രപൊതുമേഖലയുമായുള്ള സഹകരണം എന്ന തത്വം അനുസരിച്ച് എന്‍ടിപിസിയുമായി സംയുക്തസംരംഭം തുടങ്ങാന്‍ അവസരം ഒരുക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ഫലമോ? 2007-08 ല്‍ 9.16 കോടി രൂപ ഈ കമ്പനി ലാഭമുണ്ടാക്കി. 2008-09 വര്‍ഷത്തെ ലാഭം 32.50 കോടിയാണ്!

ഇപ്പോള്‍ വിപുലമായ വികസന പദ്ധതികള്‍ നടപ്പാക്കിവരികയാണ്. ചൌധരി കമ്മറ്റി ശുപാര്‍ശപ്രകാരം ഇലക്ട്രോണിക് വികസന കോര്‍പറേഷനില്‍നിന്നു വേര്‍പ്പെടുത്താനും കോര്‍പറേഷന്റെ ഓഹരികള്‍ സ്വകാര്യസംരംഭകര്‍ക്കു വില്‍ക്കാനും ഭൂമി വില്‍ക്കാനും ഒക്കെ നിര്‍ദേശിക്കപ്പെട്ട കമ്പനിയാണ് കെല്‍ട്രോ കമ്പോണന്റ്സ് കോംപ്ളക്സ്. ഈ കമ്പനിയുടെ നഷ്ടം 2001-02 ല്‍ 2.99 കോടിയായിരുന്നത് യുഡിഎഫ് ഭരണം തീരുമ്പോഴേക്ക് 3.09 കോടി രൂപയായി വളര്‍ന്നിരുന്നു. എന്നാല്‍, ഈ സര്‍ക്കാരിന്റെ ആദ്യവര്‍ഷം ഈ നഷ്ടം രണ്ടരക്കോടിയായി കുറയുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നാല് ലക്ഷവും 56 ലക്ഷവും രൂപ വീതം ലാഭമായി മാറുകയുംചെയ്തു. ആദ്യം 50 ശതമാനംവരെ ഓഹരി വില്‍ക്കാനും നാലു കൊല്ലത്തിനുശേഷം പൂര്‍ണമായും വില്‍ക്കാനും ഭൂമിയും മറ്റ് ആസ്തികളും വില്‍ക്കാനും വിആര്‍എസ് നല്‍കാനും 2003ല്‍ ഉത്തരവിടപ്പെട്ട കെല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി യഥാക്രമം 1.22 ഉം 4.5 ഉം 2.5 ഉം കോടി രൂപവീതം ലാഭമുണ്ടാക്കി നിലനില്‍ക്കുന്നു. പൂട്ടിക്കെട്ടാനോ സ്വകാര്യവല്‍ക്കരിക്കാനോ വിധിച്ച കോഴിക്കോട് സ്റീല്‍ കോംപ്ളക്സ് 2007-08 ല്‍ 65 ലക്ഷം രൂപ ലാഭമുണ്ടാക്കുക മാത്രമല്ല, കേന്ദ്ര നവരത്ന കമ്പനിയുമായി ഉണ്ടാക്കിയ സംയുക്തസംരംഭത്തിന്റെ അടിസ്ഥാനത്തില്‍ വളര്‍ന്നുവികസിക്കുകയാണ്. സ്റീല്‍ റോളിങ് മില്‍ അടക്കമുള്ള വികസനങ്ങള്‍ അവിടെ നടന്നുവരുന്നു. കേരളത്തിന്റെ ഉരുക്കാവശ്യത്തിനുതന്നെ അടിത്തറയാകുകയാണീ സ്ഥാപനം. ട്രാവന്‍കൂര്‍ വനവ്യവസായം (എഫ്ഐടി) സ്വകാര്യവല്‍ക്കരണ വിധിയില്‍നിന്നാണ് 48 ലക്ഷം രൂപയുടെ ലാഭത്തിലേക്ക് ഈ മന്ത്രിസഭയുടെ ആദ്യവര്‍ഷം ഉയര്‍ന്നത്. ബജറ്റ് വിഹിതം നല്‍കരുതെന്ന് 2002ല്‍ ഉത്തരവിലൂടെ തീരുമാനിച്ച ചേര്‍ത്തല ഓട്ടോകാസ്റിന് ഈ സര്‍ക്കാര്‍ മൂന്നു കോടി രൂപ ബജറ്റ് വിഹിതം നല്‍കി. ബാങ്കുമായുള്ള ബാധ്യതകള്‍ ഒറ്റത്തവണകൊണ്ടു തീര്‍പ്പാക്കി. 2006-07 ല്‍ കമ്പനി 20 ലക്ഷം ലാഭവും ഉണ്ടാക്കി. ഇരുപത്താറില്‍ തുടങ്ങി 74 വരെ ശതമാനം ഓഹരി വില്‍ക്കാനും പോഴ്സലൈന്‍ ഡിവിഷന്‍ അടച്ചുപൂട്ടാനും വിധിക്കപ്പെട്ട കേരള സിറാമിക്സും 2006-07 ല്‍ ലാഭത്തിലായി. പോഴ്സലൈന്‍ ഡിവിഷന്‍ ഇപ്പോള്‍ വീണ്ടും തുറക്കുകയാണ്. കെല്‍ട്രോ കൌണ്ടേഴ്സിന് ആസ്തികള്‍ വില്‍ക്കാനും വിആര്‍എസ് നല്‍കി ജീവനക്കാരെ ഒഴിവാക്കാനും ആയിരുന്നു വിധി. ഈ സര്‍ക്കാര്‍ വന്നതോടെ ഈ നടപടികള്‍ നിര്‍ത്തുകയും ശേഷിച്ച ജീവനക്കാരെ ഇലക്ട്രോണിക് വികസന കോര്‍പറേഷനു കൈമാറുകയുംചെയ്തു. വില്‍ക്കാന്‍ പറഞ്ഞ ആസ്തികള്‍ നികുതി വകുപ്പിനു കൈമാറി. തൊഴിലാളികളെ വിശ്വാസത്തിലെടുത്തു വേണം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എന്ന് മാനേജുമെന്റുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അഭിമാനപൂര്‍വം പറയട്ടെ, ഈ മൂന്നു വര്‍ഷത്തിനിടെ സംസ്ഥാന പൊതുമേഖലാ വ്യവസായത്തില്‍ ഒറ്റ തൊഴില്‍ത്തര്‍ക്കമോ സമരമോ ഉണ്ടായിട്ടില്ല. സ്വകാര്യ വ്യവസായ മേഖലയിലും പ്രശ്നങ്ങള്‍ ഇല്ലതന്നെ. പ്രശാന്തമായ സഹകരണാത്മകമായ തൊഴിലന്തരീക്ഷം! കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഒരു പൊതുമേഖലാ സ്ഥാപനവും തുടങ്ങിയിട്ടില്ല എന്നു സങ്കടപ്പെടുന്ന ഒരു റിപ്പോര്‍ട്ട് അടുത്തിടെ വായിക്കാനിടയായി. അതെഴുതിയ ലേഖകന്‍, കഴിഞ്ഞ ഏതെല്ലാം യുഡിഎഫ് മന്ത്രിസഭകള്‍ പൊതുമേഖലാ യൂണിറ്റുകള്‍ സ്ഥാപിച്ചു എന്നു പറഞ്ഞു കണ്ടില്ല. എന്നാല്‍, അവിടെയും അഭിമാനിക്കാന്‍ ഈ സര്‍ക്കാരിനു വകയുണ്ട്. തുറക്കാന്‍ തടസ്സങ്ങളുള്ള കേരള സോപ്സ് ആന്‍ഡ് ഓയില്‍സ് ലിമിറ്റഡിന് പകരം കേരള സോപ്സ് എന്ന പേരില്‍ പുതിയ കമ്പനി സ്ഥാപിച്ചു. ഈ വര്‍ഷം അവസാനിക്കുംമുമ്പ് അതിന്റെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തുകയുംചെയ്യും. വയനാട്ടില്‍ ബാംബൂ കോര്‍പറേഷന്‍ ബാംബൂ പ്രോസസിങ് യൂണിറ്റും, ചെറുവണ്ണൂരില്‍ ബാംബൂടൈല്‍ ഫാക്ടറിയും സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണ്.

പശ്ചാത്തലസൌകര്യ വികസനത്തിന്റെ കാര്യത്തിലും മറ്റേതു സര്‍ക്കാരിനേക്കാളും മുന്നേറ്റം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഉണ്ടായി എന്നതും തിമിരംമൂലം കാണാന്‍ കഴിയാത്ത ചിലരുണ്ട്. വ്യവസായ പാര്‍ക്കുകള്‍ക്കായി ഏറ്റവുമധികം ഭൂമി ഏറ്റെടുത്തത് ഈ മന്ത്രിസഭയുടെ കാലത്താണ്. 1993 ല്‍ കിന്‍ഫ്ര സ്ഥാപിതമായതുമുതല്‍ ഏറ്റെടുത്ത ആകെ സ്ഥലം രണ്ടായിരത്തിനാനൂറോളം ഏക്കറാണ്. എന്നാല്‍, ഈ സര്‍ക്കാരിന്റെ കാലത്തു മാത്രം ഏറ്റെടുക്കാന്‍ തീരുമാനമായത് 3300 ല്‍ അധികം ഏക്കറാണ്. ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിരവധി പാര്‍ക്കുകള്‍ കിന്‍ഫ്രയും ജില്ലാ വ്യവസായകേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. വികസിപ്പിച്ചെടുത്ത പ്ളോട്ടുകള്‍ക്കു പുറമെ ഇടതടവില്ലാതെയുള്ള വൈദ്യുതി പ്രസരണ സംവിധാനം, ജലശുദ്ധീകരണത്തിനും വിതരണത്തിനുമുള്ള സംവിധാനം, വാര്‍ത്താവിനിമയ സൌകര്യങ്ങള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ്, സംഭരണ സംവിധാനം തുടങ്ങി വ്യവസായസംരംഭകര്‍ക്കു വേണ്ട എല്ലാ സംവിധാനവും പാര്‍ക്കില്‍ സജ്ജീകരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ കിന്‍ഫ്രയുടെ വിവിധ വ്യവസായപാര്‍ക്കുകളില്‍ സംരംഭകര്‍ക്ക് ഭൂമി അലോട്ട് ചെയ്തിട്ടുണ്ട്. വിവിധ വ്യവസായ സംരംഭങ്ങള്‍ വഴി ഏകദേശം ഏഴായിരത്തഞ്ഞൂറോളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 20,000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എളമരം കരീം

ലോകസഭാ തെരഞ്ഞെടുപ്പും 'വിശ്വാസികളുടെ വിജയ'വും

കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ ക്രിസ്ത്യാനികള്‍ പൊതുവെയും, കത്തോലിക്കര്‍ പ്രത്യേകിച്ചും, ഇടതുപക്ഷ വിരുദ്ധചേരിയില്‍ അണിചേര്‍ന്ന്, വലതുപക്ഷത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ സഭാധികാരികള്‍ കളമൊരുക്കി. പല രൂപതകളിലും ഇടവക-ഫൊറോന-രൂപതാ തലത്തില്‍ സമിതികള്‍ക്കു രൂപംകൊടുത്തു. പ്രകടനങ്ങളും പൊതുയോഗങ്ങളും കുടുംബകൂട്ടായ്മകളും സംഘടിപ്പിച്ചു. പലയിടങ്ങളിലും വൈദികര്‍ അവരുടെ പള്ളിയള്‍ത്താരകള്‍ തെരഞ്ഞെടുപ്പുവേദികളാക്കി. വീടുവീടാന്തരമുള്ള സ്ക്വാഡ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി കന്യാസ്ത്രീകളടക്കം ഇടപെട്ടു. കത്തോലിക്കാ മെത്രാന്‍ സമിതികള്‍ അവരുടെ ഇടയലേഖനങ്ങളില്‍ നിക്ഷ്പക്ഷതയുടെ മുഖം കാട്ടിയെങ്കിലും, അവയുടെ അന്തര്‍ധാര ഇടതുപക്ഷവിരുദ്ധമായിരുന്നുവെന്ന് ഒറ്റവായനയില്‍ പ്രകടമായിരുന്നു. ആ ധാരയുടെ പിന്‍ബലത്തിലാണ് വൈദികര്‍ അവരുടെ ഇടവകകളില്‍ വിശദീകരിച്ചു പ്രസംഗിച്ചതും പരസ്യമായി ഇടപെട്ടു പ്രവര്‍ത്തിച്ചതും. കേരളചരിത്രത്തില്‍ കത്തോലിക്കാ വൈദികരും കന്യാസ്ത്രീകളും ഇത്ര പരസ്യമായി രാഷ്ട്രീയത്തില്‍ ഇടപെട്ട സംഭവമില്ല - 1959 ലെ 'വിമോചന'സമരമൊഴിച്ചാല്‍. ഇത്ര വോട്ടിനു വലതുപക്ഷസ്ഥാനാര്‍ഥി ജയിച്ചില്ലെങ്കില്‍ ഞാന്‍ അങ്ങേയറ്റം മാനിക്കുന്ന എന്റെ ളോഹപോലും ഊരിക്കളയും എന്നുവരെ വാശിയോടെ പന്തയം വച്ച വൈദികരുണ്ടായിരുന്നു.

യുഡിഎഫ് അഭൂതപൂര്‍വമായ തെരഞ്ഞെടുപ്പുനേട്ടം കൈവരിച്ചു. ചില മാധ്യമങ്ങളുടെ വിലയിരുത്തലില്‍ ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ചാലക്കുടി, മാവേലിക്കര എന്നീ എട്ടു മണ്ഡലത്തില്‍ ക്രൈസ്തവരുടെ വോട്ടുകളുടെ ഏകീകരണം യുഡിഎഫിന്റെ വിജയത്തിനു കാരണമായെന്നാണ്. ചങ്ങനാശേരി മുന്‍ രൂപതാധിപന്‍ മാര്‍ ജോസഫ് പവ്വത്തിലും എറണാകുളം അങ്കമാലി അതിരൂപതാ തലവന്‍ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലും എല്ലാ മെത്രാന്മാര്‍ക്കുവേണ്ടി ഈ വിജയം ക്രൈസ്തവരുടെ വിജയമായി, ഇടതുപക്ഷ സര്‍ക്കാരിനെതിരെയുള്ള ജനവിധിയായി എടുത്തു കാട്ടിക്കഴിഞ്ഞു. മതമൌലികത രൂഢമൂലമായാല്‍ അന്ധത അതിന്റെ അനിവാര്യഘടകമെന്നു കേട്ടിട്ടുണ്ടെങ്കിലും അനുഭവസ്ഥമായത് ഇപ്പോഴാണ്.

കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരാണ് സഭയുടെ എന്നത്തെയും കണ്ണിലെ കരട്. ഇടതുപക്ഷം എത്ര ജനക്ഷേമകരമായ നടപടികളെടുത്താലും സഭ അതൊന്നും കാണാതെപോകുന്നു. 'നിരീശ്വരത്വം' എന്ന ഏറുപടക്കം ഇടതുപക്ഷത്തിനെതിരെ പൊട്ടിച്ച് ഇവര്‍ സാഘോഷം മുന്നേറുന്നു. ഇടതുപക്ഷസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പദ്ധതികളൊക്കെത്തന്നെ കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും വേണ്ടിയാണ്, അവര്‍ ദൈവവിശ്വാസിയാണോ ദൈവനിഷേധിയാണോ എന്ന പരിഗണനയൊന്നുമില്ലാതെ. പദ്ധതികളുടെ സെക്കുലര്‍ സ്വഭാവം ശ്രദ്ധേയമായ ഒന്നാണ്. ഈ സര്‍ക്കാര്‍ ആസൂത്രണംചെയ്തു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുമുഖ പരിപാടികള്‍ക്കുള്ള മറ്റൊരു സവിശേഷത ഇവയുടെ ഊന്നല്‍ സമൂഹത്തിലെ തഴയപ്പെട്ട, ഓരങ്ങളിലേക്കു തള്ളിനീക്കപ്പെട്ട, സാമൂഹ്യമായും സാമ്പത്തികമായും അവശത അനുഭവിക്കുന്ന ജനങ്ങളുടെ ഉന്നമനമാണ്. അതേസമയം യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ കൊണ്ടുവന്നിട്ടുള്ള മിക്ക പദ്ധതികളുടെയും ക്ഷേമലക്ഷ്യം എന്തായിരുന്നു? വ്യക്തമായും മുതലാളിത്തപരം തന്നെ. സഭാനേതൃത്വം, യേശുദര്‍ശനത്തിന്റെയും ക്രിസ്തീയ/ധാര്‍മിക തത്വങ്ങളുടെയും വെളിച്ചത്തില്‍ വസ്തുനിഷ്ഠമായി ഇന്നു കേരളം ഭരിക്കുന്ന സര്‍ക്കാരിനെ വിലയിരുത്തിയാല്‍, ഒരു രീതിയിലും അവരെ എതിര്‍ക്കാന്‍ പറ്റുകയില്ല. യേശു തന്റെ ജീവിതത്തിലൂടെയും പഠനത്തിലൂടെയും എടുത്തുകാട്ടിത്തന്ന ദരിദ്രപക്ഷ ഇടപെടല്‍, കൂടുതല്‍ ശാസ്ത്രീയമായും സംഘടിതമായും ഈ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുകയാണ് ചെയ്തുവരുന്നത്. എങ്ങനെയാണ് യേശുവിനെയും തന്റെ ദര്‍ശനത്തെയും മാതൃകയായി എടുത്ത സഭാധികാരികള്‍ക്ക് ഇവരെ എതിര്‍ക്കാന്‍ പറ്റുക? ഒരിക്കലും പറ്റുകയില്ല. യേശുവിന്റെ പക്ഷം വെടിഞ്ഞിട്ട്, കോസ്റന്റൈന്‍ ചക്രവര്‍ത്തിയുടെ പിന്‍ഗാമികളാണവരെങ്കില്‍ ഈ സര്‍ക്കാരിന്റെ ചെയ്തികളെ എതിര്‍ക്കേണ്ടിവരും. അപ്പോള്‍ അടിസ്ഥാന ചോദ്യമിതാണ്; ഇന്നത്തെ സഭാമേലധ്യക്ഷന്മാര്‍ യേശുവിനൊപ്പമോ കോസ്റന്റൈയിനൊപ്പമോ?

പ്രകടമായി സഭ സംഘടിതമായി എതിര്‍ത്തതു സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസനിയമത്തെയാണ് - അതിനോടനുബന്ധിച്ച് ഒത്തിരി കോടതിയുദ്ധങ്ങളും. മിക്ക കേസുകളുടെ വിധികളും സര്‍ക്കാര്‍ നിലപാടിനു എതിരുമായിരുന്നു. എന്താണിത് കാണിക്കുന്നത്? സാമൂഹ്യനീതിയും മെരിറ്റും ഉറപ്പുവരുത്തുന്ന നിയമത്തെ സഭാനേതൃത്വം അട്ടിമറിക്കുന്നു. അതായത് സഭ സമ്പന്നരുടെ പക്ഷത്തു വേരുറപ്പിക്കുന്നു. കോടതിയോ അവര്‍ക്കു കാവല്‍നില്‍ക്കുന്നു. ഇതിന്റെ തിക്തഫലം അനുഭവിക്കുന്നതു സര്‍ക്കാരല്ല, പാവപ്പെട്ട ജനമാണ്. അതേ, സഭയുടെ ഏറെ പണവും സമയവും ചെലവഴിച്ചുകൊണ്ടുള്ള ഈ നിയമയുദ്ധം സാമാന്യജനവിരുദ്ധമാണ്. അക്കാരണത്താല്‍തന്നെ യേശുവിരുദ്ധവുമാണ്.

ഏറ്റവും തമാശ ജനിപ്പിക്കുന്നതും തീര്‍ത്തും നിരുത്തരവാദപരവുമായ രണ്ടു പ്രസ്താവനകള്‍, തെരഞ്ഞെടുപ്പുഫലം അറിഞ്ഞ മെയ് 16നു വൈകിട്ടുതന്നെ കെസിബിസിയുടെ വക്താവ് ടിവി ചാനലിലൂടെ നടത്തുകയുണ്ടായി.

1. വിശ്വാസികളെ പീഡിപ്പിച്ചതിനുള്ള ഫലമാണീ തോല്‍വി; വിശ്വാസികളുടെ വിജയമാണിത്.
2. നിശബ്ദമായ ഒരു വിമോചനസമരം വിജയിച്ചു.

എന്താണിതിന്റെ അര്‍ഥം? ഓരോന്നിനെപ്പറ്റിയും അല്‍പ്പം വിശദീകരണം.

ആരാണു വിശ്വാസികളെ പീഡിപ്പിച്ചത്? ആരാണ് വിശ്വാസികളുടെ സഹായത്തിന് എത്തിയതെന്ന് സത്യസന്ധമായി വിലയിരുത്തണം. ഒറീസയില്‍ ക്രിസ്ത്യാനികളെ ആക്രമിച്ചപ്പോള്‍, അവരുടെ വീടുകളും പള്ളികളും തീയിട്ടു നശിപ്പിച്ചപ്പോള്‍, കന്യാസ്ത്രീകളെയടക്കം നീചമായി ബലാത്സംഗം ചെയ്തപ്പോള്‍, പള്ളിയുടെ മുകളില്‍ കാവിക്കൊടി കെട്ടിയുയര്‍ത്തിയപ്പോള്‍, ആരാണു വിശ്വാസികളുടെ രക്ഷയ്ക്ക് എത്തിയത്? ഇടതുപക്ഷമാണെന്നു ഭുവനേശ്വര്‍ ആര്‍ച്ച്ബിഷപ് റാഫേല്‍ ചീനത്ത് ആവര്‍ത്തിച്ചുപറയുന്നു. ന്യൂനപക്ഷത്തിനു എപ്പോഴും തുണ ഇടതുപക്ഷമായിരുന്നു. അവിടെ നല്ല ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് മിണ്ടിയില്ലല്ലോ. മിണ്ടിയാല്‍ വോട്ടു പോകും. ഇനി കേരളത്തില്‍ എവിടെയാണു ഇടതുപക്ഷം വിശ്വാസികളെ പീഡിപ്പിച്ചത്? കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി കത്തോലിക്കാസഭാനേതൃത്വം ഏതെല്ലാം കുത്സിതരീതിയിലാണ് രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ട് സാമാന്യ കത്തോലിക്കരെ, അവരുടെ സഭാധികാരവും സ്വാധീനവും ഉപയോഗിച്ചുകൊണ്ടുതന്നെ, ഈ സര്‍ക്കാരിന് എതിരെ അണിനിരത്തിയത്? അതും സാമൂഹ്യനീതി ലക്ഷ്യമാക്കി നടപ്പാക്കാന്‍ ശ്രമിച്ച ചില ഭരണനടപടികള്‍ക്കും നയങ്ങള്‍ക്കുമെതിരെയും.

ഇനി സഭയുടെ നിശബ്ദവും അല്ലാത്തതുമായ വിമോചനസമരങ്ങളിലേക്കു വരാം. 1959ല്‍ സഭ ഇളക്കിവിട്ട വിമോചനസമരം എന്തിനുവേണ്ടിയായിരുന്നു? ആ വിമോചനസമരം എന്തിനെയാണോ എതിര്‍ത്തത്, ആ നിയമം കേരള ഭരണകൂടം പാസാക്കി. അതിന്റെ ഗുണം കേരളത്തില്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ക്രിസ്ത്യാനികളാണ്. 80 ശതമാനത്തോളം വിദ്യാലയങ്ങളും സഭയുടേതാണ്. അവിടത്തെ അധ്യാപകരൊക്കെ ഇ എം എസ് മന്ത്രിസഭ കൊണ്ടുവന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റിയിട്ടാണ് ഇതു പറയുന്നതെന്നോര്‍ക്കണം. ഒരു ഉദാഹരണം. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ അധീനതയിലുള്ള എറണാകുളം അങ്കമാലി അതിരൂപതയുടെ വിസ്തീര്‍ണം വെറും 1500 ച.കി.മീറ്റര്‍. ആകെ കത്തോലിക്കാ കുടുംബങ്ങള്‍ 94,807. വിശ്വാസികള്‍ 4,69,287. കേരളജനസംഖ്യ 3,18,41,374. അതായത് അറുപത്തിയെട്ടില്‍ ഒന്നായി വരും. ഇവര്‍ക്കുള്ള കത്തോലിക്കാ സ്കൂളുകളോ 248. അവിടെ 2685 അധ്യാപകര്‍ക്ക് ശമ്പളം സര്‍ക്കാര്‍ നല്‍കുന്നു. അതായത് കുറഞ്ഞത് അഞ്ചു കോടി രൂപയെങ്കിലും ഒരു മാസത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ കത്തോലിക്കാ സ്കൂളിലെ അധ്യാപകര്‍ക്കായിമാത്രം സര്‍ക്കാര്‍ ചെലവഴിക്കുന്നു. മറ്റ് ആനുകൂല്യങ്ങള്‍ വേറെയും. ഇങ്ങനെ 29 രൂപതയുണ്ട്. എത്രായിരം കോടി രൂപയാണ് കത്തോലിക്കാ സഭ ഓരോ മാസവും സര്‍ക്കാരില്‍നിന്ന് എണ്ണിവാങ്ങുന്നത് എന്നു കാണുമ്പോള്‍, അവരുടെ നിശബ്ദ വിമോചനസമരത്തിന്റെ കള്ളി പുറത്തുവരുകയാണ്. ഈ പറയുന്നതിനോടു അവര്‍ക്ക് അല്‍പ്പം ആത്മാര്‍ഥതയുണ്ടെങ്കില്‍, സര്‍ക്കാരിന്റെ പണം വാങ്ങാതിരിക്കണം.

ഇങ്ങനെ പറഞ്ഞുപോകാന്‍ ഒരുപാടു വകയുണ്ട്. അതിനു തുനിയാതെ ഇവയുടെയൊക്കെ ആത്യന്തികഫലം എന്തായിരിക്കുമെന്നുമാത്രം സൂചിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം.

കേരള കത്തോലിക്കാസഭ എല്ലാംകൊണ്ടും യേശുവിരുദ്ധ നടപടികളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. കത്തോലിക്കാസഭാനേതൃത്വം തങ്ങളുടെ 'കുഞ്ഞാടു'കളില്‍ മതമൌലികതാവാദത്തിന്റെ വിഷവിത്തു പാകിക്കൊണ്ടിരിക്കുന്നു. മതമൌലികതയുടെ സ്വാഭാവിക പരിണതഫലമാണ് വര്‍ഗീയത. അതിന്റെ തീവ്രഭാവമാണ് മതതീവ്രവാദം. കേരളത്തിന്റെ ഏറ്റവും മോഹനഭാവമായി പലരും നേരത്തെ എടുത്തുകാട്ടിയിട്ടുള്ള മതസൌഹാര്‍ദത്തെയും മതനിരപേക്ഷതയെയും കാറ്റില്‍ പറത്തിക്കൊണ്ട്, മതമൌലികതയുടെ വിത്തുവിതയ്ക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. ഈ നീക്കം വിശ്വാസികളുടെ വിജയ'മായിരിക്കും; പക്ഷേ കേരളജനതയുടെ പരാജയവും. അതിനു ചുക്കാന്‍ പിടിക്കുന്ന കത്തോലിക്കാ സഭാധികാരികള്‍ക്ക് ചരിത്രം മാപ്പുതരില്ല.

ഫാ. അലോഷ്യസ് ഡി ഫെര്‍ണാന്റസ്

Tuesday, May 26, 2009

എല്‍ഡിഎഫ് സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്

എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കി നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനത്തിന്റെ വികസനരംഗത്തും ക്ഷേമ പ്രവര്‍ത്തനങ്ങളിലും അഭൂതപൂര്‍വമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചു. ആഗോളവത്കരണ നയങ്ങളുടെയും ആഗോള സാമ്പത്തിക പ്രതിസന്ധിയുടെയും കെടുതികളുടെ ഭീഷണമായ അന്തരീക്ഷത്തില്‍നിന്നുകൊണ്ട് ജനങ്ങള്‍ക്ക് പരമാവധി ആശ്വാസ-ആനുകൂല്യങ്ങള്‍ എത്തിക്കുന്നതിന് ഈ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.

കാര്‍ഷിക-വ്യാവസായിക രംഗങ്ങളില്‍ ഉല്‍പാദനം വര്‍ധിപ്പിച്ചുകൊണ്ടുമാത്രമെ കേരളത്തിന് മുന്നേറാനാവൂ എന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ വ്യക്തമാക്കുകയുണ്ടായി. വി എസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഈ രണ്ടു മേഖലകളും അങ്ങേയറ്റം മുരടിപ്പിലും തകര്‍ച്ചയിലുമായിരുന്നു. 1500ലേറെ കര്‍ഷകര്‍ കടക്കെണിമൂലം ആത്മഹത്യചെയ്തു. സംസ്ഥാനത്തെ 42 പൊതുമേഖലാസ്ഥാപനങ്ങളില്‍ 30 എണ്ണവും നഷ്ടത്തിലായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ നിസ്സാരവിലയ്ക്ക് സ്വകാര്യവത്കരിക്കുക എന്ന അജന്‍ഡയായിരുന്നു യുഡിഎഫ് സര്‍ക്കാരിനെ നയിച്ചത്. അതുപോലെ ചെറുകിട പരമ്പരാഗത വ്യവസായ മേഖലകള്‍ തകര്‍ച്ചയിലായിരുന്നു.

ഇന്ത്യയുടെതന്നെ ചരിത്രത്തില്‍ ആദ്യമായി കര്‍ഷക കടാശ്വാസകമ്മീഷന്‍ ഈ സര്‍ക്കാര്‍ രൂപവത്കരിച്ചു. കടക്കെണിയിലായ കര്‍ഷകര്‍ക്ക് പരമാവധി ആശ്വാസം നല്‍കുന്നതിനായി കമ്മീഷന് അര്‍ധ ജുഡീഷ്യല്‍ അധികാരം നല്‍കി; ആവശ്യമായ ഫണ്ട് ലഭ്യമാക്കി. സഹകരണ സംഘങ്ങളില്‍നിന്നും എടുത്തിട്ടുള്ള കടങ്ങള്‍ എഴുതിത്തള്ളി ആത്മഹത്യചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് 50,000 രൂപ ധനസഹായം നല്‍കി. കര്‍ഷകര്‍ക്ക് ആത്മവിശ്വാസം ഉളവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു. അതോടെ കാര്‍ഷക ആത്മഹത്യ ഇല്ലാതായി. 2009-10ലെ ബജറ്റില്‍ കാര്‍ഷിക കടാശ്വാസത്തിനായി 25 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

ലോകംതന്നെ ഭക്ഷ്യ പ്രതിസന്ധിയുടെ ഭീഷണിയിലാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ കാര്യം പറയുകയും വേണ്ട. കാര്‍ഷിക രംഗത്തെ ഉല്‍പാദന മുരടിപ്പ് മാറ്റി കാര്‍ഷികോല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള കര്‍മപരിപാടികള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കി. സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയെ, കേരളത്തിന്റെ പതിനൊന്നാം പഞ്ചവത്സര പദ്ധതിയിലെ മുന്‍നിര പരിപാടികളിലൊന്നാക്കി മാറ്റി. ഭക്ഷ്യോത്പാദനവുമായി ബന്ധമുള്ള എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രാദേശിക സര്‍ക്കാരുകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഭക്ഷ്യോത്പാദനരംഗത്ത് ഒരു കുതിച്ചുചാട്ടമാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിട്ടിരിക്കുന്നത്. അവശേഷിക്കുന്ന നെല്‍വയലുകള്‍ സംരക്ഷിച്ചും തരിശിട്ടവ കൃഷിയോഗ്യമാക്കിയും നെല്‍കൃഷിക്കാരോടും കര്‍ഷകത്തൊഴിലാളികളോടുമുള്ള സാമൂഹിക ഉത്തരവാദിത്വം നിറവേറ്റിയും നെല്‍കൃഷി ആദായകരമാക്കി മാത്രമേ ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധിക്കൂ. നെല്ലിന്റെ നിലവിലുള്ള ഉല്‍പാദനം പ്രതിവര്‍ഷം 6.3 ലക്ഷം ടണ്ണാണ്. അത് 9.45 ലക്ഷം ടണ്ണാക്കി 11-ാം പദ്ധതിക്കാലത്ത് ഉയര്‍ത്താനാണ് ഭക്ഷ്യസുരക്ഷാ പദ്ധതി ലക്ഷ്യമിടുന്നത്. അതുപോലെ പാലിന്റെ ഉല്‍പാദനം 70 ശതമാനം വര്‍ദ്ധിപ്പിച്ച് 35 ലക്ഷം ടണ്ണാക്കാനും മുട്ടയുടെ ഉല്‍പാദനം ഇരട്ടിയാക്കി ഉയര്‍ത്തി 240 കോടി എണ്ണമാക്കാനുമാണ് ലക്ഷ്യമിടുന്നത്. മറ്റ് അനുബന്ധ വിളകളുടെ ഉല്‍പാദനത്തിലും വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും.

യുഡിഎഫ് ഭരണകാലത്ത് ഒരു കിലോനെല്ലിന്റെ താങ്ങുവില 7 രൂപയായിരുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം അത് ആദ്യം 8 രൂപയായും പിന്നീട് 9 രൂപയായും അതിനുശേഷം 10 രൂപയായും വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ 11 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഈ മൂന്നുവര്‍ഷത്തിനുള്ളില്‍ 4 രൂപയുടെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.

നെല്‍കൃഷിക്ക് ഇന്‍ഷ്വറന്‍സ്, പലിശരഹിത വായ്പ, തരിശുഭൂമിയില്‍ കൃഷിചെയ്യാന്‍ പ്രത്യേക സഹായം, ഉല്‍പാദന ബോണസ് എന്നിവ ഏര്‍പ്പെടുത്തി. കൂടാതെ ഈ സര്‍ക്കാര്‍ നെല്‍കൃഷിക്ക് 10,000 രൂപ നഷ്ടപരിഹാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തേങ്ങയ്ക്ക് 4 രൂപ 40 പൈസ താങ്ങുവില സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. തേങ്ങയുടെയും കൊപ്രയുടെയുംമേല്‍ ചുമത്തിയിരുന്ന നികുതി ഉപേക്ഷിച്ചു. ഇതിലൂടെ 35 കോടി രൂപയുടെ ആശ്വാസമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. അഞ്ച് ഏക്കര്‍വരെയുള്ള കൃഷിക്ക് വൈദ്യുതി സൌജന്യമാക്കിയിട്ടുണ്ട്.

കര്‍ഷകര്‍ക്ക് പുതിയതായി പെന്‍ഷന്‍പദ്ധതി ആവിഷ്കരിച്ചു. അര്‍ഹരായവര്‍ക്ക് പ്രതിമാസം 300 രൂപ പെന്‍ഷന്‍ ലഭിക്കും.

2006ല്‍ ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 12 പൊതുമേഖലാസ്ഥാപനങ്ങളേ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. പൊതുമേഖലയുടെ ആകെ നഷ്ടം 69.49 കോടി രൂപയായിരുന്നു. ഇപ്പോള്‍ 30 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. പൊതു മേഖലാ സ്ഥാപനങ്ങള്‍ എല്ലാം ചേര്‍ന്ന് 166.77 കോടി രൂപയുടെ ലാഭം സംസ്ഥാന ഖജനാവിന് നല്‍കിക്കൊണ്ടിരിക്കുന്നു. തൊഴിലാളികളെ വിശ്വാസത്തിലെടുത്ത്, അവരില്‍ ആത്മവിശ്വാസം ഉറപ്പിച്ചും പൊതുമേഖലയുടെ തലപ്പത്ത് പ്രൊഫഷണലുകളെ നിയമിച്ചും മികച്ച സ്ഥാപനങ്ങള്‍ക്കും സിഇഒമാര്‍ക്കും അവാര്‍ഡുനല്‍കി പ്രോത്സാഹിപ്പിച്ചും ആണ് സര്‍ക്കാര്‍ ഈ നേട്ടം സുസാധ്യമാക്കിയത്. പ്രതിമാസ അവലോകനയോഗം കൃത്യമായി കൂടിയത് പിഴവുകള്‍ പരിഹരിക്കുന്നതില്‍ ഗണ്യമായ സംഭാവനയാണ് നല്‍കിയത്.

പരമ്പരാഗത മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കിയ പരിഗണന ആ രംഗങ്ങളില്‍ വന്‍ ചലനങ്ങള്‍ ഉളവാക്കി. കയര്‍, കൈത്തറി, കശുവണ്ടി രംഗങ്ങളില്‍ ശ്രദ്ധേയമായ പുരോഗതി ഉണ്ടാവുകയും ആ മേഖലകളില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങളുണ്ടാവുകയും ചെയ്തു. ഹാന്‍ടെക്സിനു ഹാന്‍വീവിനും പുനരുദ്ധാരണ പാക്കേജ് നടപ്പാക്കി. ഖാദി തൊഴിലാളികള്‍ക്ക് 25 ശതമാനം വേതന വര്‍ദ്ധനവ് ഏര്‍പ്പെടുത്തി. മത്സ്യത്തൊഴിലാളി കടാശ്വാസപദ്ധതിയും മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും സ്ഥലവും വീടും നല്‍കുന്ന പദ്ധതിയും ആവിഷ്കരിച്ചു.

കര്‍ഷകത്തൊഴിലാളികള്‍, കയര്‍, കൈത്തറി, കശുവണ്ടി, ബീഡിതെറുപ്പ്, പനമ്പുവെട്ട് തുടങ്ങിയ മേഖലകളില്‍നിന്ന് വിരമിച്ചവര്‍, അഗതികള്‍, വിധവകള്‍ തുടങ്ങിയവര്‍ക്ക് നല്‍കിയിരുന്ന ക്ഷേമപെന്‍ഷനുകള്‍ യുഡിഎഫിന്റെകാലത്ത് 100-110 രൂപയായിരുന്നു; മാസങ്ങളായി കുടിശികയുമായിരുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ പെന്‍ഷനുകള്‍ കുടിശിക തീര്‍ത്തുനല്‍കി. പെന്‍ഷന്‍ തുക ആദ്യം 200 രൂപയായും ഇപ്പോള്‍ 250 രൂപയായും വര്‍ധിപ്പിച്ചു. കൂടാതെ, ഒരു ക്ഷേമനിധിയിലും അംഗമല്ലാത്തവരും അറുപതുവയസ്സു പിന്നിട്ടവരും ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവരുമായ എല്ലാവര്‍ക്കും 250 രൂപ പ്രതിമാസം വാര്‍ദ്ധക്യകാല പെന്‍ഷന്‍ അനുവദിച്ചു.

വിവര സാങ്കേതികരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റമാണ് ഇക്കാലയളവിലുണ്ടായത്. ഇന്‍ഫോപാര്‍ക്കില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഇന്‍ഫോ ടെക്നോളജി വികസനത്തിന് ഈ വര്‍ഷം 900 കോടി രൂപ ചെലാഴിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ ഐ ടി പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. തിരുവനന്തപുരത്ത് ടെക്നോസിറ്റിക്കായി 507 ഏക്കര്‍ സ്ഥലത്തിന്റെ ഏറ്റെടുക്കല്‍ പുരോഗമിക്കുന്നു. നിലവിലുള്ള ടെക്നോപാര്‍ക്കിന്റെ വികസനത്തിനായി 100 ഏക്കര്‍ ഏറ്റെടുക്കും. സ്മാര്‍ട്ട്സിറ്റി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ടൂറിസം മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം നേരിട്ട് ദൃശ്യമാകുന്ന മേഖലയാണ് അത്. എന്നിട്ടും ഭാവനാത്മകമായ നയസമീപനങ്ങളിലൂടെ ടൂറിസംരംഗത്തെ വരുമാനത്തിനും തൊഴിലവസരത്തിനും വന്‍ വര്‍ദ്ധനവ് വരുത്തി. മികച്ച ടൂറിസം സംസ്ഥാനത്തിനുള്ള ദേശീയ അവാര്‍ഡും മികച്ച ടൂറിസം ബോര്‍ഡിനുള്ള ഗലീലിയോ അവാര്‍ഡും കേരളത്തെ തേടിയെത്തിയതിന്റെ കാരണവും മറ്റൊന്നല്ല.

സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് പരമപ്രധാനമായ ഒന്നാണ് വൈദ്യുതി. അതുകൊണ്ടുതന്നെ വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കേണ്ട ത് അനിവാര്യമാണ്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 4000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കേരളത്തിന്റെ നിരന്തരമായ ശ്രമംമൂലം ഒറീസയില്‍ ഒരു കല്‍ക്കരി പാടം കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കല്‍ക്കരി ഉപയോഗിച്ച് 2000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായി കമ്പനി രൂപവത്കരിച്ചു. കാസര്‍കോട്ടെ ചീമേനിയില്‍ 2000 മെഗാവാട്ടിന്റെ കല്‍ക്കരി നിലയം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം വൈദ്യുത പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് യുദ്ധകാല വേഗതയാണ് നല്‍കിയത്. നേര്യമംഗലം എക്സ്റ്റന്‍ഷന്‍ (25 മെഗാവാട്ട്), കുറ്റ്യാടി ട്രെയില്‍റേസ് (3.5 മെഗാവാട്ട്) എന്നിവ പൂര്‍ത്തിയാക്കി. കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ (100 മെഗാവാട്ട്) ഈ വര്‍ഷം പൂര്‍ത്തീകരിക്കും. 60 മെഗാവാട്ടിന്റെ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്റെ പണി പുരോഗമിക്കുന്നു. 163 മെഗാവാട്ടിന്റെ അതിരപ്പള്ളി പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കാന്‍ സാധിച്ചു. ഇടുക്കിയിലെ രാമക്കല്‍മേട്ടിലും പാലക്കാട്ടെ അട്ടപ്പാടിയിലുമായി 25 മെഗാവാട്ടിന്റെ കാറ്റാടി നിലയങ്ങള്‍ സ്ഥാപിച്ച് ഉല്‍പാദനം നടത്തിവരുന്നു. കാറ്റില്‍നിന്ന് 200 മെഗാവാട്ടിന്റെ വൈദ്യുതി ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്നു.

അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കുന്നതില്‍ വന്‍ പുരോഗതിയാണ് ഈ കാലയളവിലുണ്ടായത്. മൂന്നാറില്‍ മാത്രം 12000 ഏക്കര്‍ ഭൂമി വീണ്ടെടുത്ത് ലാന്റ് ബാങ്കില്‍ നിക്ഷേപിച്ചു. സംസ്ഥാനത്തൊട്ടാകെ 15,000ല്‍പരം ഏക്കറാണ് വീണ്ടെടുക്കാനായത്.

സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീടു നല്‍കുന്നതിനുള്ള ഇ എം എസ് സമ്പൂര്‍ണ്ണ ഭവനപദ്ധതി ആവിഷ്കരിച്ചു. അഞ്ചുലക്ഷം വീടുകള്‍ 2011നകം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നു. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഒരേക്കര്‍വീതം ഭൂമി നല്‍കുന്ന പദ്ധതിയുടെ ഭാഗമായി 1917 കുടുംബങ്ങള്‍ക്ക് ആറളം ഫാമില്‍ ഭൂമി നല്‍കി. കണ്ണൂര്‍ ജില്ലയിലെ 300 ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമിവീതം നല്‍കി. 14,048 ആദിവാസി കുടുംബങ്ങള്‍ക്ക് കൈവശാവകാശ രേഖ നലകി. ഭൂരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി നല്‍കുന്ന പദ്ധതി ആരംഭിച്ചു. കണ്ണൂര്‍ ജില്ലയിലെ 3000 ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കിക്കൊണ്ടാണ് ഇതാരംഭിച്ചത്. സംസ്ഥാനത്തൊട്ടാകെ 70,100 ഭൂ രഹിതര്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ട്.

സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി 1441 കോടി രൂപയുടെ പദ്ധതികള്‍ ആരംഭിച്ചു. തീരദേശമേഖലയുടെ സമ്പൂര്‍ണ വികസനത്തിനുതകുന്ന പദ്ധതികളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ മാതൃകയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസം കമ്മീഷന്‍ രൂപവത്കരിച്ചു. മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തി. ട്രോളിംഗ് നിരോധനകാലത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൌജന്യറേഷന്‍ ഏര്‍പ്പെടുത്തി.

26 ലക്ഷം കുടുംബങ്ങള്‍ക്ക് 2 രൂപ നിരക്കില്‍ അരിയും ഗോതമ്പും വിതരണം ചെയ്തു തുടങ്ങി. ഇത് പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. പൊതു വിപണിയിലെ കരിഞ്ചന്ത അവസാനിപ്പിക്കാനും ഇത് സഹായകമാകും.

അസംഘടിത മേഖലകളില്‍ ജോലിചെയ്യുന്ന 10 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് ഷോപ്സ് ആന്റ് എസ്റ്റാബ്ളിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി നിയമം. ജോലിസ്ഥിരത, പെന്‍ഷന്‍, കുടുംബപെന്‍ഷന്‍, അവധി, പ്രസവാനുകൂല്യങ്ങള്‍ തുടങ്ങിയവ ഉറപ്പാക്കുന്നതാണ് ഈ നിയമം.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ ജീവനക്കാര്‍ക്കും മുഴുവന്‍ ക്ഷാമബത്തയും കൊടുത്തുതീര്‍ത്തു. പെന്‍ഷന്‍കാരുടെ ക്ഷാമബത്തയുടെ കുടിശിക തവണകളായാണ് നല്‍കിവന്നത്. അതുമാറ്റി ഒറ്റത്തവണയായി നല്‍കി. ഇതുമൂലം മൂന്നുലക്ഷത്തിലധികം പെന്‍ഷന്‍കാര്‍ക്ക് പ്രയോജനം ലഭിച്ചു. പൊതുജനാരോഗ്യരംഗം കാര്യക്ഷമമാക്കാന്‍ സാധിച്ചു. ആശുപത്രികളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചത് അവശജനവിഭാഗങ്ങള്‍ക്ക് വന്‍ ആശ്വാസമായി. പൊതുവിതരണ സമ്പ്രദായം മെച്ചപ്പെട്ടതും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് വലിയ ആശ്വാസമായി.

വിലക്കയറ്റം തടയുന്നതിന് 25000 വിലക്കയറ്റ വിരുദ്ധ ചന്തകള്‍ വഴി 20 മുതല്‍ 55 ശതമാനം വരെ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തു. അതുമൂലം വിലക്കയറ്റത്തിന്റെ കെടുതിയില്‍ നിന്ന് ഒട്ടൊക്കെ ജനങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞു.

ആശ്വാസ നടപടികളും ക്ഷേമ പ്രവര്‍ത്തനങ്ങളും ഏര്‍പ്പെടുത്തിയപ്പോഴും ജനങ്ങളുടെ തലയില്‍ സര്‍ക്കാര്‍ ഭാരം അടിച്ചേല്‍പിച്ചില്ല. നികുതിപിരിവു കാര്യക്ഷമമാക്കിയതുമൂലം 22 ശതമാനത്തിന്റെ വര്‍ദ്ധനവ് നികുതി വരുമാനത്തിലുണ്ടായി. നികുതിയേതര വരുമാനം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. ഡാമുകളിലെ മണല്‍ ഉപയോഗപ്പെടുത്താനും വന്‍കിട തോട്ടങ്ങളുടെയും മറ്റും പാട്ടത്തുകയില്‍ വര്‍ദ്ധനവുവരുത്താനുമുള്ള സര്‍ക്കാരിന്റെ തീരുമാനം ഇതിന്റെ ഭാഗമാണ്. മികച്ച ധനകാര്യ മാനേജ്മെന്റിലൂടെ ഒരു ദിവസംപോലും ട്രഷറി പൂട്ടാതെ ധന ഇടപാട് കാര്യക്ഷമമായി നടത്താന്‍ സാധിച്ചു.

എല്ലാക്കാലത്തും ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളെ ക്ഷണിച്ചുവരുത്തിയിരുന്നത് പൊലീസ് വകുപ്പാണ്. ഭാവനാപൂര്‍ണമായ നയസമീപനങ്ങളിലൂടെയും ശക്തമായ നടപടികളിലൂടെയും പൊലീസ് സേനയുടെ സ്വഭാവത്തിന് അടിമുടി മാറ്റമുണ്ടാക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചു. പൊലീസ് സേനയെ അഴിമതിമുക്തമാക്കാന്‍ ഒരു പരിധിവരെ സാധിച്ചെന്നുമാത്രമല്ല അവരെ അനാവശ്യമായ അതിക്രമങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ സാധിക്കുകയും ചെയ്തു. എല്ലാ തെരഞ്ഞെടുപ്പുവേളകളിലും സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍വിമര്‍ശിക്കപ്പെടുന്നത് പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ ഉദാഹരിച്ചുകൊണ്ടാണ്. ഈ തെരഞ്ഞെടുപ്പില്‍ പൊലീസിനെ വിമര്‍ശിക്കാന്‍ യുഡിഎഫിനോ ബിജെപിക്കോ മാധ്യമങ്ങള്‍ക്കോ കഴിഞ്ഞില്ല. അത്രമാത്രം കുറ്റമറ്റതായിരുന്നു ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍.

വല്ലാര്‍പാടം ട്രാന്‍സ്ഷിപ്പ്മെന്റ് കണ്ടെയ്നര്‍ പദ്ധതിയുടെ തടസ്സങ്ങള്‍ നീക്കാന്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍മൂലം സാധിച്ചു. പ്രവര്‍ത്തനം പുരോഗമിക്കുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനിടയിലുണ്ടായ തടസ്സങ്ങള്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പാലക്കാട് റെയില്‍വെ കോച്ചുഫാക്ടറിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.

കൊച്ചിയിലെ മെട്രോ റെയില്‍വെ നിര്‍മ്മിക്കുന്നതിന് പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനായി 20 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.

കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി നേടിയെടുക്കാനായി. 2200 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ വേഗത്തില്‍ നടന്നുവരുന്നു.

കേരളത്തിന്റെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ ജലപാത വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ത്വരിതഗതിയില്‍ നടക്കുന്നു. ദേശീയ ജലപാത 3ന്റെ ഭാഗമായ കൊല്ലം-കോട്ടപ്പുറം ജലപാത കമ്മീഷന്‍ചെയ്തു. കോട്ടപ്പുറം - നീലേശ്വരം പാതയുടെ പ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നു. കൊല്ലം-കോവളം പാതയുടെ പ്രവര്‍ത്തനവും മുന്നേറുന്നു.

ഐഎസ്ആര്‍ഒയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജി തിരുവനന്തപുരത്ത് സ്ഥാപിച്ചത്, കണ്ണൂരില്‍ നാഷണല്‍ ഫാഷന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്, കേരളത്തിന് കേന്ദ്ര സര്‍വകലാശാല അനുവദിക്കപ്പെട്ടത്, അലിഗഡ് മുസ്ളിം യൂണിവേഴ്സിറ്റിയുടെ കാമ്പസിന് അനുമതി ലഭിച്ചത് - എല്ലാം സംസ്ഥാന സര്‍ക്കാരിന്റെ ചിട്ടയായ പ്രവര്‍ത്തനംമൂലമാണ്.

സംസ്ഥാനത്തിന്റെ വികസന - ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വമ്പിച്ച മുന്നേറ്റമാണ് ഈ മൂന്നുവര്‍ഷക്കാലയളവില്‍ ഉണ്ടായത്.

ഗിരീഷ് ചേനപ്പാടി

Sunday, May 24, 2009

തെരഞ്ഞെടുപ്പുഫലം: കോണ്‍ഗ്രസിന്റെ വിചിത്രമായ വിലയിരുത്തല്‍

പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണുണ്ടായത്. കേരളത്തില്‍ എല്‍ഡിഎഫിന്റെ സീറ്റ് 18ല്‍നിന്ന് നാലായി കുറഞ്ഞു. പശ്ചിമബംഗാളിലും ഗണ്യമായി കുറഞ്ഞു. ഈ പരാജയം അപ്രതീക്ഷിതമാണ്. ദേശീയതലത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ഇടതുപക്ഷം സ്വീകരിച്ച നയം ശ്ളാഘനീയമാണെന്ന് ആരും സമ്മതിക്കും. രാഷ്ട്രത്തിന്റെ പൊതുതാല്‍പ്പര്യവും ജനങ്ങളുടെ താല്‍പ്പര്യവും ശരിയായ രീതിയില്‍ പരിഗണിച്ചുകൊണ്ടാണ് പാര്‍ലമെന്റിനകത്തും പുറത്തും ഇടതുപക്ഷം പ്രവര്‍ത്തിച്ചത്. വര്‍ഗീയ ഫാസിസ്റ്റുകളെ അധികാരത്തില്‍നിന്നകറ്റി നിര്‍ത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മന്ത്രിസഭയില്‍ ചേരാന്‍ പലരും നിര്‍ബന്ധിച്ചിട്ടും പുറത്തുനിന്ന് പിന്തുണനല്‍കാന്‍ തീരുമാനിച്ചത്. എങ്ങനെയെങ്കിലും അധികാരത്തിലെത്തുകയെന്ന നയം ഇടതുപക്ഷത്തിനില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതാണ്. യുപിഎ അംഗീകരിച്ച ദേശീയ പൊതുമിനിമം പരിപാടി പൂര്‍ണമായി നടപ്പാക്കാനാണ് ഇടതുപക്ഷം സമ്മര്‍ദംചെലുത്തിയത്. സ്വതന്ത്രവിദേശ നയത്തില്‍നിന്ന് വ്യതിചലിച്ച് അമേരിക്കന്‍ സാമ്രാജ്യത്വവുമായി തന്ത്രപരമായ ബന്ധം സ്ഥാപിക്കുകയും ഇന്ത്യ അമേരിക്ക ആണവസഹകരണകരാര്‍ നടപ്പാക്കാന്‍ ശാഠ്യംപിടിക്കുകയും അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി ഇന്ത്യയെ മാറ്റാന്‍ ശ്രമിക്കുകയുംചെയ്തതുകൊണ്ടാണ് യുപിഎ സര്‍ക്കാരിന് നല്‍കിയ പിന്തുണ വേണ്ടത്ര മുന്നറിയിപ്പു നല്‍കിക്കൊണ്ടു പിന്‍വലിച്ചത്. ഇടതുപക്ഷം നല്‍കിയ പിന്തുണയെ സോണിയ ഗാന്ധിതന്നെ നന്ദിപൂര്‍വം സ്മരിക്കുകയും പുകഴ്ത്തുകയും ചെയ്തതാണ്. ബിജെപിക്കും കോഗ്രസിനുമെതിരായ ബദല്‍നയം ആവിഷ്കരിച്ച് നടപ്പാക്കാന്‍ കഴിവുള്ള മൂന്നാംമുന്നണിയെ അധികാരത്തിലെത്തിക്കാനാണ് ഇടതുപക്ഷവും സിപിഐ എമ്മും ശ്രമിച്ചത്. കേരളത്തിലാണെങ്കില്‍ കഴിഞ്ഞ മൂന്നുവര്‍ഷ കാലയളവില്‍ ബദല്‍നയം നടപ്പാക്കാനാണ് എല്‍ഡിഎഫ് ഭരണം ശ്രമിച്ചത്. അക്കാര്യത്തില്‍ വലിയ അളവില്‍ വിജയിക്കാന്‍ കഴിഞ്ഞുവെന്നതാണ് സത്യം.

എന്നിട്ടും എന്തുകൊണ്ട് ദേശീയ നിലവാരത്തില്‍ ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടു, കേരളത്തില്‍ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് പരിശോധിച്ച് യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്താനും പോരായ്മകള്‍ അതിവേഗം പരിഹരിച്ച് നഷ്ടപ്പെട്ട ബഹുജനസ്വാധീനവും പിന്തുണയും തിരിച്ചുപിടിക്കാനുമാണ് സിപിഐ എം ശ്രമിക്കുന്നത്. ഈ പരിശോധന മുകള്‍ത്തട്ടുമുതല്‍ താഴെത്തട്ടുവരെ നടക്കും. തികഞ്ഞ ഗൌരവബുദ്ധിയോടെയാണ് പാര്‍ടി ഈ ശ്രമം ആരംഭിച്ചിട്ടുള്ളത്. ഇത് വളരെ ശ്രമകരമായ ഒരു ജോലിയാണെന്ന ഉത്തമബോധ്യം പാര്‍ടിക്കാകെയുണ്ട്.

മെയ് 16ന് വോട്ടെണ്ണല്‍ നടക്കുമ്പോള്‍ ചില ചാനലുകളിലെ ചര്‍ച്ചയ്ക്കിടയില്‍ ഉണ്ടായ അനുഭവമാണ് ഇതെഴുതാനുള്ള പ്രേരണ. തെരഞ്ഞെടുപ്പില്‍ 20ല്‍ 16ഉം ജയിച്ച യുഡിഎഫിനെ നയിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോഗ്രസിന്റെ നേതാക്കള്‍ പ്രകടിപ്പിച്ച അഭിപ്രായം അല്‍പ്പത്തം നിറഞ്ഞതും വിചിത്രവുമായാണ് തോന്നിയത്. യുഡിഎഫിന്റെ വിജയകാരണം യുപിഎ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണനേട്ടത്തിന്റെ വിജയമായി തെരഞ്ഞെടുപ്പ് വിജയത്തെ വിലയിരുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയുന്നില്ല. അവര്‍ പറഞ്ഞ കാര്യങ്ങള്‍ നോക്കുക:

-പൊന്നാനി സീറ്റിന് വാശിപിടിച്ച് സിപിഐയെ പിണക്കി.
-ആര്‍എസ്പിക്ക് സീറ്റ് കൊടുക്കാതെ അവരുടെ വിരോധം സമ്പാദിച്ചു.
-കോഴിക്കോട് സീറ്റ് ജനതാദളില്‍നിന്ന് പിടിച്ചെടുത്ത് അവരെ എല്‍ഡിഎഫില്‍നിന്ന് ചവിട്ടി പുറത്താക്കി.
-പിഡിപി നേതാവ് മഅ്ദനിയുമായി വേദി പങ്കിടുകയും അവരുമായി യോജിച്ച് എല്‍ഡിഎഫിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു.
-ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയില്ല.
-പിണറായി വിജയന്‍ ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു. ധിക്കാരവും ധാര്‍ഷ്ട്യവുമാണ് ഇതിനൊക്കെ അടിസ്ഥാനം. അതുകൊണ്ട് എല്‍ഡിഎഫിന്റെ പരാജയത്തില്‍ കാരണക്കാരന്‍ പിണറായി വിജയനാണ്.

അതിവിചിത്രമായ ഈ കണ്ടെത്തലുകളില്‍ തെളിയുന്നത് പ്രതിയോഗിയുടെ പരാജയകാരണം വിലയിരുത്തലാണ് തെരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യുന്നതിന്റെ മര്‍മം എന്ന ധാരണയാണ്. യുഡിഎഫിന്റെ മികവുകൊണ്ടല്ല വിജയിച്ചത്; എല്‍ഡിഎഫിന്റെ പിഴവുകൊണ്ടാണെന്ന്. യുപിഎ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തിന്റെ നേട്ടംകൊണ്ടല്ല കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ജയിച്ചതെന്ന് ആ പാര്‍ടിതന്നെ പറയുന്നു! ഒരു പാര്‍ടി ഇങ്ങനെ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത് ആദ്യമാണെന്നു തോന്നുന്നു. ഇതിന്റെ പിറകിലെ അജന്‍ഡ കണ്ടെത്താന്‍ പ്രയാസമില്ല.

സിപിഐ എമ്മിന്റെ സെക്രട്ടറിയെ ലക്ഷ്യമാക്കിയാണ് കുറച്ചുകാലമായി യുഡിഎഫ് കരുനീക്കം നടത്തിയത്. അതാണ് തുടരുന്നതും. ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്നും പിണറായി വിജയന്‍ കോടതിയില്‍ ഹാജരായി നിരപരാധിത്വം തെളിയിക്കുകയുമാണ് വേണ്ടതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നത്. കോടതിയില്‍ നേരിട്ട് ഹാജരായി നിരപരാധിത്വം തെളിയിക്കണമെന്ന വാദത്തിന്റെ പിറകിലുള്ള നിഗൂഢലക്ഷ്യം ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നുതേയുള്ളൂ. അതുകൊണ്ടുതന്നെ ലാവ്ലിന്‍ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നാണ് പാര്‍ടി പിബി പ്രഖ്യാപിച്ചത്. അതാകട്ടെ അക്ഷരംപ്രതി ശരിവച്ചുകൊണ്ടു ഇഞ്ചോടിഞ്ച് പൊരുതുകതന്നെചെയ്യും. സ്ഥാനാര്‍ഥിനിര്‍ണയവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും ആരും ഒറ്റയ്ക്ക് കൈകാര്യംചെയ്യുന്ന വിഷയമല്ല. ബന്ധപ്പെട്ട പാര്‍ടിഘടകം കൂട്ടായ ചര്‍ച്ചയിലൂടെയാണ് തീരുമാനമെടുക്കുന്നത്. വിജയത്തിനാകട്ടെ, പരാജയത്തിനാകട്ടെ ഏതെങ്കിലും ഒരു വ്യക്തിക്കു മാത്രമാണ് ബന്ധമെന്ന് ആരോപിക്കുന്നത് അടിസ്ഥാനമില്ലാത്തതാണ്. അങ്ങനെയാണെങ്കില്‍ പഴയകാലചരിത്രം ഓര്‍മിക്കേണ്ടതുണ്ട്.

അടിയന്തരാവസ്ഥ പിന്‍വലിച്ചതിനെത്തുടര്‍ന്ന് 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധി ഉള്‍പ്പെടെയുള്ള വന്‍ തോക്കുകള്‍ തോല്‍ക്കുകയും കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് പുറംതള്ളപ്പെടുകയും ചെയ്തപ്പോള്‍ കേരളത്തില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് ജയിച്ചത്. അന്നത്തെ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് ലോക്സഭയില്‍ ഒരു സീറ്റുപോലും ലഭിക്കുകയുണ്ടായില്ല. പാര്‍ടിസെക്രട്ടറിയാണ് പരാജയത്തിന് ഉത്തരവാദിയെന്ന് ആരും പറഞ്ഞില്ല. 2001ല്‍ യുഡിഎഫ് 140ല്‍ 100 സീറ്റ് നേടി അധികാരത്തിലെത്തി. യുഡിഎഫ് ഭരണകാലത്ത് എറണാകുളം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പോളാണ് ജയിച്ചത്. ഒരുലക്ഷത്തില്‍പ്പരം വോട്ടിന് യുഡിഎഫ് ജയിച്ച സ്ഥാനത്താണ് ഈ വിജയം എന്നോര്‍ക്കണം. അന്ന് പിണറായി വിജയനായിരുന്നു സംസ്ഥാനസെക്രട്ടറി. പിന്നീട് കൂത്തുപറമ്പ്, അഴീക്കോട് നിയമസഭാ ഉപതെരഞ്ഞെടുപ്പു നടന്നു. ആയിരക്കണക്കിന് പൊലീസുകാരെ അവിടെ നിയോഗിച്ച് ഭീഷണിപ്പെടുത്തി. എന്നിട്ടും സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിനാണ് കൂത്തുപറമ്പില്‍ പി ജയരാജന്‍ ജയിച്ചത്. അഴീക്കോട്ട് നല്ല ഭൂരിപക്ഷത്തോടെ പ്രകാശന്‍മാസ്റ്ററും ജയിച്ചു. തുടര്‍ന്നാണ് 2004ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ 18 സീറ്റും നേടി എല്‍ഡിഎഫ് ഗംഭീരമായി ജയിച്ചത്. അന്നും പിണറായി വിജയനായിരുന്നു സെക്രട്ടറി. പിന്നീട് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പു നടന്നു. 14ല്‍ 13 ജില്ലാപഞ്ചായത്തിലും എല്‍ഡിഎഫ് ഭൂരിപക്ഷം കരസ്ഥമാക്കി. എല്ലാ കോര്‍പറേഷനും ഭൂരിപക്ഷം മുനിസിപ്പാലിറ്റിയിലും ബ്ളോക്ക്പഞ്ചായത്തിലും പഞ്ചായത്തിലും എല്‍ഡിഎഫ് ജയിച്ചു. അന്നും സെക്രട്ടറി പിണറായിതന്നെയായിരുന്നു. 2006ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 140ല്‍ 99 സീറ്റും നേടി എല്‍ഡിഎഫ് ചരിത്രവിജയം കൈവരിച്ചു. അന്നും സംസ്ഥാനസെക്രട്ടറി പിണറായിതന്നെയായിരുന്നു. അത് കഴിഞ്ഞാണ് തിരുവമ്പാടി ഉപതെരഞ്ഞെടുപ്പു വന്നുപെട്ടത്. തിരുവമ്പാടി തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചു. ഉമ്മന്‍ചാണ്ടി, കെ എം മാണി, കുഞ്ഞാലിക്കുട്ടി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങി എല്ലാവരും അവിടെ കേന്ദ്രീകരിച്ചു. തിരുവമ്പാടിയില്‍ മുസ്ളിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗം സമ്മതിദായകര്‍ ഭൂരിപക്ഷമാണ്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍ അവിടെ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പിന് നേതൃത്വംനല്‍കി. അവിടെയും എല്‍ഡിഎഫ് വിജയിച്ചു.

തിരുവമ്പാടി ഉപതെരഞ്ഞെടുപ്പിനും ഇപ്പോഴത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനും ഇടയ്ക്ക് പിണറായി വിജയനില്‍ എന്തെങ്കിലും മാറ്റം സംഭവിച്ചതായി ഒരാള്‍ക്കും ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ടിയുടെ അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് മാധ്യമപ്രവര്‍ത്തകരെ വെല്ലുവിളിച്ചു. പിണറായി വിജയന്‍ അഴിമതിക്കാരനാണെന്ന് തെളിയിക്കാന്‍ നിങ്ങളുടെ കൈവശം എന്തെങ്കിലും തെളിവുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കൂ എന്നുതന്നെ പറഞ്ഞു. അവര്‍ക്കൊന്നും ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞില്ല.

തെരഞ്ഞെടുപ്പില്‍ ജയിച്ച കക്ഷി എല്‍ഡിഎഫിന്റെ പരാജയകാരണം വിശകലനംചെയ്തു കണ്ടെത്താന്‍ ശ്രമിക്കുന്നത് അസാധാരണമായ ഒരു പ്രതിഭാസമാണ്. കോണ്‍ഗ്രസിന്റെ ഈ അജന്‍ഡ തിരിച്ചറിയാന്‍ പ്രയാസമില്ല. പിഡിപി 2001ല്‍ യുഡിഎഫിന് പിന്തുണ നല്‍കിയപ്പോള്‍ ഒരു പ്രശ്നവുമില്ല. അന്ന് അബ്ദുള്‍നാസര്‍ മഅ്ദനി ജയിലിലായിരുന്നു. കുറ്റാരോപിതനായിരുന്നു. 2009ല്‍ മഅ്ദനി കുറ്റക്കാരനല്ലെന്ന് കണ്ടു കോടതി നിരുപാധികം വിട്ടയച്ചതാണ്. മഅ്ദനി തന്റെ നയം മാറ്റിയതായി പരസ്യമായി ബഹുജനസമക്ഷം പ്രഖ്യാപിച്ചു. അങ്ങനെയുള്ള പിഡിപി എല്‍ഡിഎഫിനെ സഹായിച്ചതെങ്ങനെയാണ് പിണറായിയുടെ കുറ്റമായി മാറുക. അതുകൊണ്ടുതന്നെ വികലമായ കണ്ടെത്തലും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ജനങ്ങള്‍ തള്ളിക്കളയുകതന്നെ ചെയ്യും.

തെരഞ്ഞെടുപ്പുപരാജയത്തിന്റെ യഥാര്‍ഥകാരണം വിശകലനംചെയ്തു കണ്ടെത്തുകതന്നെ ചെയ്യും. പോരായ്മകളും കുറവുകളും പരിഹരിക്കും. പാര്‍ടി അംഗങ്ങളുടെയും അനുഭാവികളുടെയും അഭ്യുദയകാക്ഷിംകളുടെയും സഹകരണത്തോടെയും സഹായത്തോടെയും നഷ്ടപ്പെട്ട പിന്തുണ തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. അതിലാണ് പാര്‍ടിയാകെ ഏര്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ പ്രതിയോഗികള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പാര്‍ടി വിജയിക്കുകതന്നെ ചെയ്യും. മറ്റൊന്ന് അധിനിവേശവിരുദ്ധരുടെയും അതിവിപ്ളകകാരികളായി രംഗത്തുവന്നവരുടെയും കാര്യമാണ്. എഡിബിക്കെതിരായും ആഗോളവല്‍ക്കരണത്തിനും സാമ്രാജ്യത്വ അധിനിവേശത്തിനും എതിരാണെന്നും പറഞ്ഞു പുറത്തുപോയവര്‍ സാമ്രാജ്യത്വ അധിനിവേശത്തിന് കുടപിച്ച കോണ്‍ഗ്രസിന്റെ കൂടാരത്തിലാണ് എത്തിയത്. ഇക്കൂട്ടര്‍ യഥാര്‍ഥ പാര്‍ടി ശത്രുക്കളാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിന് അവസരം ലഭിച്ചതും നന്നായി.


വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി

Thursday, May 21, 2009

കള്ളപ്പണം എന്ന മഹാവിപത്ത്

ഇന്ത്യയിലെ ബൂര്‍ഷ്വാ രാഷ്ട്രീയ നേതാക്കന്മാരും ബിസിനസ്സുകാരും കൈക്കൂലി വാങ്ങിയും കള്ളക്കച്ചവടം ചെയ്തും നികുതിവെട്ടിച്ചും കുന്നുകൂട്ടുന്ന കള്ളപ്പണം സൂക്ഷിച്ചുവെയ്ക്കുന്നത് സ്വിറ്റ്സര്‍ലണ്ടിലേതുപോലുള്ള ബാങ്കുകളിലാണ്. അവിടെ ബാങ്കുകളില്‍ രഹസ്യമായ പേരുകളിലും വെറും നമ്പര്‍ മാത്രമുള്ള അക്കൌണ്ടുകളിലും സ്വകാര്യമായി സൂക്ഷിക്കുന്ന പണത്തിന്റെ കണക്കൊന്നും ഇന്ത്യാ ഗവണ്‍മെന്റിനെ അറിയിക്കാന്‍ സ്വിറ്റ്സര്‍ലന്റ് ഇപ്പോള്‍ ബാധ്യസ്ഥമല്ല. ആരുടെ പേരിലുള്ള അക്കൌണ്ടാണെന്നോ എത്ര തുകയുണ്ടെന്നോ ഇന്ത്യാ ഗവണ്‍മെന്റിന് ഔദ്യോഗികമായി അറിയില്ല; ആദായനികുതി വകുപ്പിനും അറിയില്ല. ഇന്ത്യയിലെ ബാങ്കുകളില്‍ സാധാരണക്കാരായ നമ്മള്‍ പതിനായിരമോ ഇരുപതിനായിരമോ രൂപ നിക്ഷേപിച്ചാല്‍, അഥവാ ബാങ്കില്‍നിന്ന് അത്രയും തുക പിന്‍വലിച്ചാല്‍, ഉടനെ ആദായനികുതി വകുപ്പിന് വിവരം ലഭിക്കും. അവര്‍ക്ക് വേണമെങ്കില്‍ പണത്തിന്റെ സ്രോതസ്സിനെക്കുറിച്ച്, അഥവാ അത് ചെലവാക്കിയ രീതിയെക്കുറിച്ച് അന്വേഷണം നടത്താം. അക്കൌണ്ട് ഉടമയുടെ ആദായനികുതിയുടെ കണക്കില്‍ അത് ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍, തുടര്‍ നടപടികള്‍ കൈക്കൊള്ളാം.

എന്നാല്‍ സ്വിറ്റ്സര്‍ലണ്ടിലെ ബാങ്കില്‍ കൊണ്ടുപോയി നിക്ഷേപിക്കുന്ന പണത്തിന് ഈ വക നിയമങ്ങളൊന്നും ബാധകമല്ല. പണ്ട് ബോഫോഴ്സ് തോക്ക് ഇടപാടില്‍ ലഭിച്ച 64 കോടി രൂപയുടെ കൈക്കൂലിപ്പണം രാജീവ് ഗാന്ധിയുടെ സ്വന്തക്കാര്‍ സ്വിസ്സ് ബാങ്കില്‍ നിക്ഷേപിച്ചത് 'ലോട്ടസ്' എന്ന കള്ളപ്പേരിലുള്ള അക്കൌണ്ടിലായിരുന്നു. ലോട്ടസ് - താമര - രാജീവം എന്ന് അര്‍ഥം വഴി അത് രാജീവ്ഗാന്ധിയുടെ പേരിലുള്ള അക്കൌണ്ടാണെന്ന് ഊഹിക്കാം. അതെന്തായാലും കാല്‍ നൂറ്റാണ്ടോളം കാലം അതിനെക്കുറിച്ച് വിശദമായി അന്വേഷിച്ച സിബിഐയ്ക്ക് ഒന്നും കണ്ടെത്താനോ തെളിയിക്കാനോ കഴിയാതെ പോയത്, അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് ഗവണ്‍മെന്റുകളുടെ രാഷ്ട്രീയതന്ത്രം കൊണ്ടു തന്നെയായിരുന്നു.

ഇങ്ങനെ ഇന്ത്യയില്‍നിന്ന് സ്വിസ് ബാങ്കുകളിലേക്ക് ഒഴുകുന്ന പണം കള്ളപ്പണമാണ്; അന്യായമായ മാര്‍ഗങ്ങളിലൂടെ സംഭരിച്ച പണമാണ്. രാജ്യത്തുനിന്ന് സമ്പത്ത് അങ്ങനെ ഒലിച്ചുപോവുകയാണ്. ശതകോടിക്കണക്കിന് കോടി രൂപ വരും അത്. ഇത്രയും വലിയ തുക ഓരോ കൊല്ലവും രാജ്യത്തിനു പുറത്തേക്ക് ഒലിച്ചുപോകുന്നതിനെക്കുറിച്ച് പലപ്പോഴും രാജ്യത്തിനുള്ളില്‍ ചര്‍ച്ച നടക്കാറുണ്ട്; തര്‍ക്കമുണ്ടാകാറുണ്ട്. ഒടുവില്‍ അത് വിസ്മരിക്കപ്പെടുകയും ചെയ്യും. ഇത്തവണയും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അതിനെക്കുറിച്ച് ചര്‍ച്ച നടന്നു. പ്രശ്നം സുപ്രീംകോടതിയുടെ മുന്നിലെത്തി. ഇങ്ങനെ വിദേശത്തേക്കു പോകുന്ന കള്ളപ്പണത്തിന്റെ കണക്കിനെക്കുറിച്ച് അഫിഡവിറ്റ് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. കേന്ദ്ര ഗവണ്‍മെന്റ് ആദ്യം സമര്‍പ്പിച്ച അഫിഡവിറ്റ് ഒട്ടും തൃപ്തികരമല്ലാത്തതുകൊണ്ട് വിശദമായ അഫിഡവിറ്റ് സമര്‍പ്പിക്കാന്‍ വീണ്ടും കേന്ദ്ര ഗവണ്‍മെന്റിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇനി തിരഞ്ഞെടുപ്പിന്റെ ഫലം വന്ന്, പുതിയ ഗവണ്‍മെന്റ് വന്നിട്ടുവേണം, വീണ്ടും ആ കേസ് തുടര്‍ന്ന് നടത്താന്‍. ഏതായാലും സ്വിസ്സ് ബാങ്ക് അക്കൌണ്ടില്‍ വന്‍ തുകകള്‍ നിക്ഷേപിച്ച ഇന്ത്യക്കാര്‍ ആരൊക്കെയാണെന്നുള്ള വിശദവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാരിന് (കോണ്‍ഗ്രസ് സര്‍ക്കാരായാലും, ബിജെപി സര്‍ക്കാരായാലും) ഒരു താല്‍പര്യവുമില്ല എന്ന് വ്യക്തമാണ്. അതുകൊണ്ടാണല്ലോ ആദ്യം സുപ്രിംകോടതിയില്‍ അപൂര്‍ണവും അവ്യക്തവുമായ അഫിഡവിറ്റ് സമര്‍പ്പിച്ച്, സര്‍ക്കാര്‍ ഒഴിഞ്ഞുമാറാന്‍ നോക്കിയത്.

സ്വിസ്സ് ബാങ്കുകളില്‍ കൊണ്ടുപോയിടുന്ന പണത്തിന് ആദായനികുതി ഒടുക്കുന്നില്ല എന്നതാണ് ഒന്നാമത്തെ കാര്യം. ഇങ്ങനെ ആദായനികുതി വെട്ടിപ്പ് നടത്തുന്ന നിക്ഷേപകന്‍ രാജ്യത്ത് നിലവിലുള്ള വിദേശനാണയ വിനിമയ നിയമവും മറ്റ് ബന്ധപ്പെട്ട നിയമങ്ങളും ലംഘിക്കുകയും ചെയ്യുന്നുവെന്നതാണ് രണ്ടാമത്തെ കാര്യം. അതുകൊണ്ട് അത് നിയമവിരുദ്ധമായ ഇടപാടാണ്; അധാര്‍മികമാണ്. ഇങ്ങനെ കൊള്ളയടിച്ച് സൂക്ഷിക്കുന്ന പണം ചെറിയ തുകയൊന്നുമല്ല താനും. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന നമ്മുടെ രാജ്യത്ത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുമായിരുന്ന സമ്പത്താണ് ഇങ്ങനെ വിദേശബാങ്കുകളില്‍ കുന്നുക്കൂടിക്കിടക്കുന്നത് എന്നതാണ് മൂന്നാമത്തെ കാര്യം. സ്വിസ്സ് ബാങ്കുകളില്‍ അത് ചുമ്മാ കെട്ടിക്കിടക്കുമ്പോള്‍, ഇന്ത്യാ ഗവണ്‍മെന്റും ഇന്ത്യന്‍ ജനതയും പണലഭ്യതക്കുറവുമൂലം വിഷമിക്കുന്നു. കടല്‍ക്കൊള്ളക്കാര്‍ കൊള്ള മുതല്‍ ഏതെങ്കിലും വിദൂര ദ്വീപുകളില്‍ കൊണ്ടുപോയി രഹസ്യമായി ഗുഹകളില്‍ സൂക്ഷിച്ചുവെയ്ക്കുന്നതായി പഴയ കഥകളില്‍ വായിച്ചിട്ടില്ലേ? അതിനു തുല്യമാണിത്. സ്വാര്‍ഥചിന്ത മാത്രമുള്ള ചില വരേണ്യവ്യക്തികള്‍, രാജ്യതാല്‍പര്യത്തെ വിസ്മരിച്ച്, ചെയ്യുന്ന രാജ്യദ്രോഹകരമായ പ്രവൃത്തിയാണിത്.

ഇങ്ങനെ അവിഹിതമായി സമ്പാദിച്ച സ്വത്ത് വിദേശത്തു കൊണ്ടുപോയി നിക്ഷേപിച്ച്, നിയമലംഘനം നടത്തുന്നവരെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണം; അവരുടെ അവിഹിതമായ സ്വത്ത് കണ്ടുകെട്ടണം; അവരെ പ്രോസിക്യൂട്ട് ചെയ്യണം. അവരില്‍നിന്ന് കണ്ടുകെട്ടുന്ന സ്വത്ത് ഇന്ത്യയിലെ സാധാരണക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണം. അങ്ങനെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച കൈവരിക്കണം. അതാണ് സര്‍ക്കാരിന്റെ ധാര്‍മികമായ ചുമതല. ധാര്‍മികതയ്ക്കപ്പുറം സാമ്പത്തികമായ നീതിയും സമത്വവും കൈവരിക്കുന്നതിനും അത് ആവശ്യമാണ്. നിയമം എല്ലാവര്‍ക്കും ബാധകമാണല്ലോ.

ഇന്ത്യയ്ക്ക് അതിന് മാതൃകയാക്കാവുന്ന ഒരു സംഭവം ഈയിടെയുണ്ടായി. ആദായനികുതി വെട്ടിച്ച് നിരവധി അമേരിക്കക്കാര്‍ സ്വിസ്സ് ബാങ്കുകളില്‍ വലിയ അളവില്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. അവരുടെ നികുതി വെട്ടിപ്പ് പരിശോധിച്ച അമേരിക്കയിലെ (യുഎസ്എ) ഇന്റേണല്‍ റവന്യൂ സര്‍വീസ്, അവരില്‍ 250 പേരുടെ സ്വിസ്സ് ബാങ്കിലെ അക്കൌണ്ടുകളുടെ വിശദ വിവരങ്ങള്‍ നല്‍കാന്‍ സ്വിറ്റ്സര്‍ലാണ്ടിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസ്സിനോട് ആവശ്യപ്പെട്ടു. മേല്‍പറഞ്ഞ 250 പേര്‍ വിദേശ നിക്ഷേപത്തിലൂടെ 30 കോടി ഡോളറിന്റെ ആദായനികുതി വെട്ടിപ്പ് നടത്തിയെന്നാണ് ഇന്റേണല്‍ റവന്യൂ സര്‍വീസ് കണ്ടെത്തിയത്. നികുതി വെട്ടിപ്പിന് കളമൊരുക്കിയ വകയില്‍ 78 കോടി ഡോളര്‍ അമേരിക്കന്‍ സര്‍ക്കാരിന് നല്‍കിക്കൊണ്ടാണ് യുബിഎസ് എന്ന സ്വിസ്സ് ബാങ്ക് പ്രശ്നം ഒത്തുതീര്‍പ്പാക്കിയത്.

ഇതൊരു ചെറിയ തുകയാണെന്ന കാര്യത്തില്‍ സംശയമില്ല. കാരണം 19000ല്‍പരം അമേരിക്കക്കാര്‍ക്ക് വിവിധ സ്വിസ്സ് ബാങ്കുകളില്‍ രഹസ്യ അക്കൌണ്ടുകളുണ്ട്. അവര്‍ 2000 കോടി ഡോളറിലധികം വരുന്ന തുകയുടെ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ നികുതിവകുപ്പിന്റെ കണക്ക്. 2002നും 2007നും ഇടയ്ക്ക് മാത്രം നടത്തിയ നികുതിവെട്ടിപ്പാണിത്.

സ്വിസ്സ് ബാങ്കുകളുമായി ഇടപാട് നടത്തുന്ന നിരവധി അക്കൌണ്ട് ഉടമകളില്‍ ഒരു ഭാഗം മാത്രമാണ് അമേരിക്കക്കാര്‍. അവരുടെ അക്കൌണ്ടിലെ കണക്കുകള്‍ പരസ്യമാക്കാന്‍ സ്വിസ്സ് ബാങ്ക് അധികൃതരും സ്വിസ്സ് ഗവണ്‍മെന്റും ഒടുവില്‍ നിര്‍ബന്ധിതരായെങ്കില്‍, ഇന്ത്യാഗവണ്‍മെന്റ് നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍, സ്വിസ്സ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ അക്കൌണ്ടുകളിലെ തുകകളുടെ കണക്ക് ഇന്ത്യാ ഗവണ്‍മെന്റിനും ശേഖരിക്കാന്‍ കഴിയും. അവ തിരിച്ചുകൊണ്ടുവരാന്‍ കഴിയും. അക്കൌണ്ട് ഉടമകള്‍ നടത്തിയ നികുതി വെട്ടിപ്പ് കണ്ടെത്താനും നികുതിയും പിഴയും ഈടാക്കാനും കഴിയും.

"സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പോളിസി'' എന്ന വേദിയുടെ "ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി'' എന്ന പരിപാടിയുടെ കണക്കനുസരിച്ച് വികസ്വര രാഷ്ട്രങ്ങളില്‍നിന്ന് 85,860 കോടി ഡോളറിനും 1.06 ലക്ഷം കോടി ഡോളറിനും ഇടയില്‍ വരുന്ന സംഖ്യ 2006ല്‍ മാത്രം സ്വിസ്സ് ബാങ്കുകളിലേക്ക് നിയമവിരുദ്ധമായി ഒഴുകിപ്പോയിട്ടുണ്ട്. ഈ വികസ്വര രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 2200 കോടി ഡോളറിനും 2700 കോടി ഡോളറിനും ഇടയില്‍ വരുന്ന ഒരു സംഖ്യ, ഇന്ത്യയില്‍നിന്ന് 2002നും 2006നും ഇടയില്‍ ഓരോ കൊല്ലവും സ്വിസ്സ് ബാങ്കുകളിലേക്ക് ഒഴുകിയിട്ടുണ്ടെന്നാണ് കണക്ക്. (റഷ്യ, മെക്സിക്കോ, സൌദി അറേബിയ, ചൈന എന്നിവയാണത്രെ ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ള രാജ്യങ്ങള്‍). എത്ര കുറച്ചു കണക്കാക്കിയാലും ഇന്ത്യയില്‍നിന്ന് കൊല്ലംതോറും 1,10,000 കോടി രൂപയുടെ കള്ളപ്പണം നികുതിവെട്ടിച്ച്, സ്വിസ് ബാങ്കുകളിലേക്ക് ഒഴുകിപ്പോകുന്നുവെന്നര്‍ഥം. ഇതിന്റെ നാലിലൊന്ന് തുക, ഇവരില്‍നിന്ന് ആദായനികുതിയിനത്തില്‍ പിടിച്ചെടുത്താല്‍ത്തന്നെ, ഇന്ത്യാഗവണ്‍മെന്റിന്റെ ജനക്ഷേമ പരിപാടിയായ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ കഴിയും. ആ തുക മുഴുവന്‍ പിടിച്ചെടുത്താലോ, ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം മൂന്നരശതമാനം കണ്ട് ഉയര്‍ത്താന്‍ കഴിയും. അങ്ങനെ നമ്മുടെ വളര്‍ച്ചാനിരക്ക് ഇടിഞ്ഞുവരുന്നത് തടഞ്ഞുനിര്‍ത്താന്‍ കഴിയും.

അതുകൊണ്ട് ആദായനികുതി നിയമങ്ങളും വിദേശ നാണയ വിനിമയ നിയമങ്ങളും കൂടുതല്‍ കര്‍ശനമാക്കിക്കൊണ്ട് ഇന്ത്യാ ഗവണ്‍മെന്റ് വിഭവ സമാഹരണം ഊര്‍ജിതമാക്കണം. അതോടൊപ്പം തന്നെ വിദേശ ബാങ്കുകളില്‍ (സ്വിസ്സ് ബാങ്കുകളടക്കം) സൂക്ഷിച്ചിട്ടുള്ള ഇന്ത്യാക്കാരായ നിക്ഷേപകരുടെ അക്കൌണ്ടിലുള്ള പണത്തിന്റെ വിശദമായ കണക്കുകള്‍ നല്‍കാന്‍ അതതു ഗവണ്‍മെന്റുകളെ നിര്‍ബന്ധിതമാക്കുകയും വേണം. അതിനുള്ള ഒരു വഴി, അമേരിക്കന്‍ ഗവണ്‍മെന്റ് കാണിച്ചുതന്നിട്ടുണ്ട്. ഇങ്ങനെ വിദേശ ബാങ്കുകളില്‍നിന്ന് വിവരങ്ങള്‍ ലഭിക്കുന്നതിന് അനുകൂലമായ അന്താരാഷ്ട്ര കാലാവസ്ഥ ഉണ്ടാക്കുന്നതിനായി നാം അന്താരാഷ്ട്ര സാമ്പത്തിക വേദികളെ ഉപയോഗപ്പെടുത്തുകയും വേണം. വ്യക്തികളുടെയും കമ്പനികളുടെയും വില്‍പന, ലാഭം, നികുതി, നിക്ഷേപം തുടങ്ങിയവ സംബന്ധിച്ച കണക്കുകളും വിവരങ്ങളും വിവിധ രാജ്യങ്ങള്‍ തമ്മില്‍ത്തമ്മില്‍ കൈമാറുന്നതിനുള്ള അന്താരാഷ്ട്ര വ്യവസ്ഥയുണ്ടാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് മുന്‍കയ്യെടുക്കണം. (എന്നാല്‍ ഖേദകരമെന്നു പറയട്ടെ, സുപ്രീംകോടതിയില്‍ കേന്ദ്ര ഗവണ്‍മെന്റ് സമര്‍പ്പിച്ച ഒന്നാം സത്യവാങ്മൂലത്തില്‍ ആ വഴിക്കുള്ള എന്തെങ്കിലും നീക്കം നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നുള്ളതിന്റെ നേരിയ സൂചനപോലുമില്ല).

എന്നാല്‍ ഇന്ത്യയില്‍ ഉണ്ടാകുന്ന കള്ളപ്പണത്തിന്റെ ഒരുഭാഗം മാത്രമേ ഇങ്ങനെ സ്വിസ്സ് ബാങ്കുകളിലേക്കും മറ്റും ഒഴുകിപ്പോകുന്നുള്ളൂ. വലിയ ഭാഗം ഇവിടെത്തന്നെ കിടന്ന് കറങ്ങുകയാണ്. അത് കണ്ടെത്താനും കണ്ടുകെട്ടാനും അവയ്ക്കുമേല്‍ നികുതി ചുമത്താനും കൂടുതല്‍ എളുപ്പമാണ്. തുടര്‍ന്ന് കള്ളപ്പണം ഉണ്ടാകാതിരിക്കാന്‍, പഴുതുകള്‍ അടയ്ക്കാനും കഴിയും. സര്‍ക്കാരിന് അതിനുള്ള ഇച്ഛാശക്തി ഉണ്ടാവണമെന്നു മാത്രം.

കള്ളപ്പണ സമ്പദ്വ്യവസ്ഥയുടെ വ്യാപ്തി, വെട്ടിച്ചുമാറ്റിയ നികുതിയുടെ അളവ്, നികുതിദായകരും നികുതിവകുപ്പും തമ്മിലുള്ള തര്‍ക്കത്തിന്റെ ഫലമായി നിയമക്കുരുക്കില്‍ കുടുങ്ങിക്കിടക്കുന്ന നികുതിത്തുകയുടെ അളവ് - ഇതൊക്കെ അമ്പരപ്പിക്കുംവിധം വലുതാണ്. നികുതിവെട്ടിപ്പിന്റെ പ്രശ്നം മാത്രമല്ല ഇത്. നികുതിവെട്ടിപ്പ് നടത്താന്‍ അനുകൂലമായ വിധത്തില്‍ ആദായനികുതി നിയമത്തില്‍ നിരവധി പഴുതുകള്‍ ഉണ്ട് എന്ന കാര്യവും നാം ഓര്‍ക്കണം. ഇങ്ങനെയുള്ള ആനുകൂല്യങ്ങളും പഴുതുകളും കാരണം ചോര്‍ന്നുപോകുന്ന നികുതിപ്പണം ലക്ഷക്കണക്കിന് കോടി രൂപ വരും. അതൊക്കെ ഫലപ്രദമായി സംഭരിച്ചാല്‍, ജനക്ഷേമ പരിപാടികള്‍ക്ക്, ഫണ്ട് ഇല്ല എന്ന ഗവണ്‍മെന്റിന്റെ ഒഴികഴിവിന് പോംവഴിയാകും.

ഇങ്ങനെ നിയമവിരുദ്ധമായി ഇന്ത്യയില്‍നിന്ന് പണം വിദേശത്തേക്ക് ഒഴുകുന്നതോടൊപ്പം തന്നെ നിയമവിധേയമായ രീതിയിലുള്ള ഒഴുക്കും നടക്കുന്നുണ്ട് എന്ന കാര്യം നാം വിസ്മരിക്കരുത്. നിയമവിധേയമായ ഈ ഒഴുക്ക്, ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ കുത്തനെ വര്‍ധിച്ചിട്ടുമുണ്ട്. ഇറക്കുമതി ചെയ്യപ്പെടുന്ന ചരക്കുകള്‍ക്ക് വില കൂട്ടിയിടുകയും കയറ്റുമതി ചരക്കുകള്‍ക്ക് വില കുറച്ചിടുകയും ചെയ്തുകൊണ്ട് നികുതി വെട്ടിപ്പ് നടത്തുകയും അങ്ങനെ ലഭിക്കുന്ന പണം വിദേശങ്ങളില്‍ നിക്ഷേപിക്കുകയുമാണ് ഒരു മാര്‍ഗം. പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്റെ പേരില്‍ ഇന്ത്യയില്‍നിന്ന് വിദേശങ്ങളിലേക്കുള്ള പണത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കുന്നതാണ് മറ്റൊരു മാര്‍ഗം. പ്രത്യക്ഷ വിദേശ നിക്ഷേപം വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്നപോലെത്തന്നെ, ഇന്ത്യയില്‍നിന്ന് വിദേശത്തേക്കും ഒഴുകുന്നുണ്ട്. 2008-09 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ ഒമ്പത് മാസങ്ങളില്‍ (ഏപ്രില്‍ തൊട്ട് ഡിസംബര്‍ വരെ) ഇന്ത്യയിലേക്ക് ഒഴുകിയെത്തിയ വിദേശ പ്രത്യക്ഷ നിക്ഷേപം 2700 കോടി ഡോളറിന്റേതാണെങ്കില്‍ ഇന്ത്യയില്‍നിന്ന് വിദേശങ്ങളിലേക്ക് ഒഴുകിയത് 1200 കോടി ഡോളറിന്റേതാണ് - ഏതാണ്ട് അഞ്ചില്‍ രണ്ടുഭാഗം. ഉദാരവല്‍ക്കരണത്തിന്റെ ഫലമായി വിദേശങ്ങളിലേക്ക് വ്യക്തികള്‍ അയച്ച പണത്തിന്റെ ഒഴുക്കും വര്‍ധിച്ചിട്ടുണ്ട്. 2004-05 വര്‍ഷത്തില്‍ അത് 0.96 കോടി ഡോളറും 2005-06 വര്‍ഷത്തില്‍ 2.5 കോടി ഡോളറും 2006-07 വര്‍ഷത്തില്‍ 7.28 കോടി ഡോളറും ആയിരുന്നുവെങ്കില്‍ 2007-2008 വര്‍ഷത്തില്‍ അത് 44.05 കോടി ഡോളറായി ഉയര്‍ന്നു. നാം വിദേശനാണയം നേടുന്നതും വിദേശത്തേക്ക് നമ്മുടെ ആസ്തികള്‍ ഒഴുകുന്നതും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലെന്നര്‍ഥം.
*
പി വി അഖിലേഷ് ചിന്ത വാരിക

ഈ വിഷയത്തിലെ മറ്റു പോസ്റ്റുകള്‍

94,55,000 കോടി രൂപയുടെ വെട്ടിപ്പ്

കള്ളപ്പണം

Wednesday, May 20, 2009

തെരഞ്ഞെടുപ്പ് - സി.പി.എം പി.ബി പ്രസ്താവന

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്, ബിജെപി ഇതര കക്ഷികളുമായി ഇടതുപക്ഷം ഉണ്ടാക്കിയ കൂട്ടുകെട്ടിനെ വിശ്വാസ്യതയുള്ള ദേശീയബദലായി ജനങ്ങള്‍ കണ്ടില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അഭിപ്രായപ്പെട്ടു. ബിജെപി അധികാരത്തില്‍ തിരിച്ചുവരരുതെന്ന് ആഗ്രഹിച്ച ന്യൂനപക്ഷ ജനതയും മതനിരപേക്ഷ വിശ്വാസികളും കോണ്‍ഗ്രസിനെ വര്‍ധിച്ച തോതില്‍ പിന്തുണച്ചു. ലോക്സഭാ തെരഞ്ഞെടുപ്പുഫലത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച ചേര്‍ന്ന പൊളിറ്റ്ബ്യൂറോ യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിലയിരുത്തല്‍.

ദേശീയവും സംസ്ഥാന അടിസ്ഥാനത്തിലുള്ളതുമായ ഘടകങ്ങള്‍ ഇടതുപക്ഷത്തിന്റെ മോശമായ പ്രകടനത്തിന് വഴിവച്ചു. ഇക്കാര്യത്തില്‍ സ്വയംവിമര്‍ശനപരമായ പരിശോധന ബന്ധപ്പെട്ട സംസ്ഥാന കമ്മിറ്റികളും കേന്ദ്രകമ്മിറ്റിയും നടത്തി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും. പാര്‍ടിയില്‍നിന്ന് അകന്ന ജനവിഭാഗങ്ങളുടെ പിന്തുണയും വിശ്വാസവും വീണ്ടെടുക്കാന്‍ എല്ലാ ശ്രമവും നടത്തും. ബിജെപിക്കെതിരായ ജനവിധികൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. വര്‍ഗീയ അജന്‍ഡയും വലതുപക്ഷ സാമ്പത്തിക നയങ്ങളും മാത്രമാണ് ബിജെപി വാഗ്ദാനം ചെയ്തത്. 2004 ല്‍ത്തന്നെ ജനങ്ങള്‍ ഇത് തള്ളിക്കളഞ്ഞു. വരുഗാന്ധിയും നരേന്ദ്രമോഡിയും മറ്റും വര്‍ഗീയസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗങ്ങളാണ് തെരഞ്ഞെടുപ്പുകാലത്ത് നടത്തിയത്. ഇടതുപക്ഷത്തിന്റെ കടുത്ത സമ്മര്‍ദഫലമായി നടപ്പാക്കിയ തൊഴിലുറപ്പുപദ്ധതി, വനാവകാശനിയമം, മറ്റ് സാമൂഹ്യക്ഷേമ നടപടികള്‍ എന്നിവ യുപിഎ സര്‍ക്കാരിന് നല്ല പ്രതിച്ഛായ നേടിക്കൊടുത്തു.

2004 ലെ തെരഞ്ഞെടുപ്പിനേക്കാളും 61 സീറ്റും രണ്ട് ശതമാനത്തോളം വോട്ടും കോണ്‍ഗ്രസിന് അധികമായി ലഭിച്ചു. ബിജെപിക്കാകട്ടെ സഖ്യകക്ഷികളുമായി അധികാരത്തിലെത്താനുള്ള ശ്രമത്തിന് തുടര്‍ച്ചയായി രണ്ടാംതവണയും തിരിച്ചടിയേറ്റു. 22 സീറ്റ് കുറഞ്ഞ ബിജെപിക്ക് മൂന്ന് ശതമാനത്തിലധികം വോട്ടും നഷ്ടമായി.

കേരളത്തിലും ബംഗാളിലും സിപിഐ എമ്മിനും ഇടതുപക്ഷപാര്‍ടികള്‍ക്കും കനത്ത തിരിച്ചടി ലഭിച്ചത് ഉല്‍ക്കണ്ഠ ഉളവാക്കുന്നു. ഈ രണ്ട് സംസ്ഥാനത്തായി 25 സീറ്റ് പാര്‍ടിക്ക് നഷ്ടമായി. 16 സീറ്റാണ് ആകെ ലഭിച്ചത്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 5.66 ശതമാനം വോട്ടില്‍നിന്ന് നേരിയ ശതമാനം വോട്ട് സിപിഐ എമ്മിന് കുറഞ്ഞു. ഇത്തവണ 5.33 ശതമാനം വോട്ട് ലഭിച്ചു.

രണ്ട് സീറ്റിലും സിപിഐ എം സ്ഥാനാര്‍ഥികളെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ത്രിപുരയിലെ ജനങ്ങളെ പൊളിറ്റ്ബ്യൂറോ അഭിനന്ദിച്ചു. സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാ മണ്ഡലത്തിലും ഇടതുമുന്നണിക്ക് മുന്നിലെത്താനായത് വന്‍നേട്ടമാണ്.

ജനവിധി അംഗീകരിച്ച് സിപിഐ എമ്മും ഇടതുപക്ഷപാര്‍ടികളും പാര്‍ലമെന്റില്‍ ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ഇത് സാധാരണ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കും. പുതിയ സര്‍ക്കാര്‍ ഈ പ്രശ്നം പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിക്കണം. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സിപിഐ എം മുന്‍പന്തിയിലുണ്ടാവും. ഇടതുപക്ഷ പാര്‍ടികളുടെ ഐക്യം ശക്തമാക്കുന്നതോടൊപ്പം പ്രതിപക്ഷത്തുള്ള മറ്റ് മതനിരപേക്ഷ പാര്‍ടികളുമായും സഹകരിച്ചു പ്രവര്‍ത്തിക്കും-പിബി പറഞ്ഞു.

ഇംഗ്ലീഷിലുള്ള പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ഇവിടെ

Sunday, May 17, 2009

തെരഞ്ഞെടുപ്പ് ഫലം ഉള്‍ക്കൊള്ളുന്നു

സി.പി.എം പോളിറ്റ് ബ്യൂറോയുടെ പ്രസ്താവന

The elections to the Lok Sabha have resulted in a victory for the Congress and its allies who will be in a position to form the new government. The CPI(M) and the Left parties have suffered a major set back in these elections. This necessitates a serious examination of the reasons for the Party's poor performance. The CPI(M) will continue its cooperation with the non-Congress, non-BJP secular parties with whom we have been working. The CPI(M) assures all those who have reposed faith in the Party in these elections that we will continue to champion the interests of the working people, national sovereignty and secularism.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവന

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം ഉള്‍ക്കൊണ്ട് പാര്‍ടിയുടെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ദേശീയ തലത്തില്‍ യുപിഎയ്ക്ക് അനുകൂലമായി ഉണ്ടായ പൊതുസ്ഥിതിയുടെ സ്വാധീനം കേരളത്തിലെ ജനവിധിയിലും ദൃശ്യമാണ്. എന്നാല്‍ സിപിഐ എമ്മിനും മുന്നണിക്കും സ്ഥിരമായി ലഭിക്കുന്ന കുറച്ച് വോട്ടുകള്‍ ഇത്തവണ ലഭിച്ചിട്ടില്ല എന്നത് പാര്‍ടി ഗൌരവമായി കാണും. ഇത്തരമൊരു അവസ്ഥ കേരളം പോലുള്ള സംസ്ഥാനത്ത് എന്തുകൊണ്ട് രൂപപ്പെട്ടുവെന്ന് പാര്‍ടി എല്ലാ നിലവാരത്തിലും പരിശോധിക്കും. എല്ലാ വിഭാഗം കമ്യൂണിസ്റ്റ് വിരുദ്ധരെയും ഏകോപിപ്പിക്കാന്‍ യുഡിഎഫും ചില കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും നിരന്തരം നടത്തിയ പ്രവര്‍ത്തനങ്ങളുടെ സ്വാധീനവും ഈ ജനവിധിയിലുണ്ട്. തെരഞ്ഞെടുപ്പ് ഫലം ഉള്‍ക്കൊണ്ട് പാര്‍ടിയോടൊപ്പം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും സിപിഐ എം തുടര്‍ന്നും നടത്തുമെന്ന് സെക്രട്ടറിയറ്റ് വ്യക്തമാക്കി.

Friday, May 15, 2009

റാഗിങ്: പ്രതിവിധി ക്യാമ്പസ് ജനാധിപത്യം

റാഗിങ് തടയാനായി യുജിസി 2008 മെയ് 17ന് ഒരു പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കുമയച്ച സര്‍ക്കുലറില്‍ സ്ഥാപന മേധാവികള്‍ കൈക്കൊള്ളേണ്ട നടപടികള്‍ വിശദീകരിക്കുന്നു. സുപ്രീംകോടതിയുടെവരെ ഉത്തരവുകളുടെയും നിരവധി നിയമനിര്‍മാണങ്ങളുടെയും തുടര്‍ച്ചയാണിത്. ഇത്രയൊക്കെ ഇടപെടലുകളുണ്ടായിട്ടും റാഗിങ് എന്തുകൊണ്ടാണ് അവസാനിപ്പിക്കാന്‍ കഴിയാത്തത്. ഗവമെന്റും ഇതര ഏജന്‍സികളും റാഗിങ്ങിനെതിരെ കഴിഞ്ഞ അഞ്ചുവര്‍ഷം വലിയ പ്രചാരണമാണ് നടത്തിയത്. ഇതേ കാലയളവിലാണ് രാജ്യത്ത് ഏറ്റവുമധികം റാഗിങ് കേസുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടതും. ഇതില്‍ത്തന്നെ 2007-08 അധ്യയനവര്‍ഷം അതിനുമുമ്പത്തെ നാലു വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയിലധികമായി. 2003-08 അധ്യയനവര്‍ഷം റാഗിങ് കാരണം 28 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ഇതില്‍ 11 കൊലപാതകവും അഞ്ച് ആത്മഹത്യയും 2007-08 അധ്യയനവര്‍ഷം മാത്രമാണ്. 11 പേര്‍ ആത്മഹത്യചെയ്തു.

1983ലെ കര്‍ണാടക എഡ്യൂക്കേഷണല്‍ ആക്ട് റാഗിങ്ങിനെ നിര്‍വചിച്ചിരിക്കുന്നത്

'ഒരു വിദ്യാര്‍ഥിയെ തമാശരൂപേണയോ അല്ലാതെയോ അവന് ലഭിക്കേണ്ട മാനുഷിക പരിഗണനയെ നിഷേധിക്കുന്ന ഏതെങ്കിലും കാര്യം ചെയ്യാന്‍ പ്രേരിപ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്യുകയോ അവനെ പരിഹാസപാത്രമാക്കുകയോ അല്ലെങ്കില്‍ അവനെ ഏതെങ്കിലും നിയമപരമായ പ്രവൃത്തി ചെയ്യുന്നതില്‍നിന്ന് ക്രിമിനല്‍ശക്തി ഉപയോഗിച്ചോ അല്ലാതെയോ വിലക്കുകയോ തടസ്സപ്പെടുത്തുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്നത്' എന്നാണ്.

ഒരു വിദ്യാര്‍ഥിയുടെ അന്തസ്സിനെയും അഭിമാനത്തെയും വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണ് റാഗിങ്. ഏറെ പ്രതീക്ഷയുമായാണ് നവാഗത വിദ്യാര്‍ഥി കലാലയത്തിലേക്ക് കടന്നുചെല്ലുക. സ്നേഹസാന്ദ്രമായ വരവേല്‍പ്പുകളാണ് അവരാഗ്രഹിക്കുക. എന്നാല്‍, പലര്‍ക്കും അനുഭവം അങ്ങനെയല്ല.

ആര്‍ കെ രാഘവന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങളെടുക്കാം. ഭുവനേശ്വറിലെ ഫാര്‍മസി വിദ്യാര്‍ഥിയായ ബിജോയ് മഹാരതി തുടര്‍ച്ചയായ റാഗിങ് പീഡനത്താലാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥി എസ് പി മനോജ് ആത്മഹത്യചെയ്തതും റാഗിങ് കാരണമാണ്. ഹോസ്റല്‍ മുറിയില്‍ ആത്മഹത്യചെയ്ത ഇംഫാലിലെ നാഗാ വിദ്യാര്‍ഥി, പട്ന സയന്‍സ് കോളേജില്‍ റാഗിങ് തടയാന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പ്, ഹൈദരാബാദില്‍ മൂന്ന് വിദ്യാര്‍ഥികളെ നഗ്നരാക്കി നടത്തിച്ച് ക്യാമറയില്‍ പകര്‍ത്തിയത്, ഡല്‍ഹിയിലെ പ്രശസ്തമായ ഐഐടിയില്‍ നൂറോളം വിദ്യാര്‍ഥികളെ ഹോസ്റലിന്റെ ഇടനാഴിയിലൂടെ നഗ്നരാക്കി നടത്തിയത് ഇങ്ങനെ നിരവധി സംഭവങ്ങള്‍. ജൂനിയര്‍ വിദ്യാര്‍ഥികളെ നഗ്നരാക്കി ശരീരം പൊള്ളിച്ച അനുഭവമാണ് ഗുജറാത്ത് വിദ്യാപീഠത്തിലേത്. മഹാത്മജിയുടെ ആഹ്വാനപ്രകാരം സ്ഥാപിതമായ സ്ഥാപനമാണിത്. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ പെണ്‍കുട്ടികള്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ കൂട്ടമായി ലൈംഗികപീഡനത്തിനിരയാക്കുകയാണ് ചെയ്തത്. രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ചതാണ് ഈ സര്‍വകലാശാല. നഗ്നനാക്കി തന്നെ പീഡിപ്പിച്ച രണ്ട് സീനിയര്‍ വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയ ഹൈദരാബാദിലെ മാനേജ്മെന്റ് വിദ്യാര്‍ഥിയുടെ പ്രതികാരം മറ്റൊരു കഥ. കൂടാതെ ഇന്റര്‍നാഷണല്‍ സ്കൂളുകളില്‍ ഉള്‍പ്പെടെയുള്ള റാഗിങ് അനുഭവങ്ങളും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. രാഘവന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതിനുശേഷമാണ് ഹിമാചല്‍ യൂണിവേഴ്സിറ്റിയില്‍ അമന്‍ കുച്റു എന്ന വിദ്യാര്‍ഥി കൊല്ലപ്പെട്ടത്. ഡോ. രാജേന്ദ്രപ്രസാദിന്റെ പേരിലുള്ള കോളേജില്‍ ഭീകരമായ റാഗിങ് പീഡനത്തിനാണ് ഒന്നാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ കുച്റു വിധേയനായത്.

റാഗിങ്ങിന്റെ ക്രൂരത ചര്‍ച്ചചെയ്യുമ്പോഴും ഇരയാകുന്ന വിദ്യാര്‍ഥിക്ക് നീതി ലഭ്യമാക്കുന്നതില്‍ തികഞ്ഞ പരാജയമാണുണ്ടാകുന്നത്. പല ക്യാമ്പസുകളിലും പരാതിക്കാരോടുള്ള സമീപനം മറ്റൊരു റാഗിങ്ങാണ്. പ്രത്യേകിച്ച് സ്വാശ്രയ കോളേജുകളില്‍. പ്രതികളുടെ പേരു കേട്ടപാതിയില്‍
അധ്യാപകശ്രേഷ്ഠരുടെ ഉപദേശങ്ങളുണ്ടാകും. കോളേജല്ലേ, ചെറിയ തോതിലൊക്കെ അഡ്ജസ്റുചെയ്യുക. ചില കോളേജുകളില്‍ പ്രതികളുടെ രക്ഷിതാക്കള്‍ മാനേജ്മെന്റിന്റെ പ്രധാന സാമ്പത്തിക കേന്ദ്രമായിരിക്കും. ബില്‍ഡിങ് ഫണ്ടിലേക്ക്, പ്രിന്‍സിപ്പലിന്റെ സ്പെഷ്യല്‍ മാനേജരുടെ ഡെവലപ്മെന്റ് ഫണ്ടിലേക്ക് ഉപേക്ഷയില്ലാതെ സഹായിച്ചവര്‍. അവരുടെ മക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരു വിമ്മിട്ടം സാധാരണംമാത്രം. സമ്പന്നപുത്രരും ക്രിമിനലുകളുമാണ് റാഗിങ്ങിന് നേതൃത്വം നല്‍കുന്നത്. ആദ്യകാലങ്ങളില്‍ ഗവമെന്റും ഇതര അധികാരകേന്ദ്രങ്ങളും ഇതിനെ അവഗണിക്കുകയായിരുന്നു. അധികാരശ്രേണിയില്‍ തലപ്പത്തിരിക്കുന്നവരുടെ മക്കള്‍ ഇതിനിരയായപ്പോഴാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

വിദ്യാര്‍ഥി യൂണിയനുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ക്യാമ്പസുകളെ റാഗിങ് വിമുക്തമെന്നു വേണമെങ്കില്‍ വിളിക്കാം. ആര്‍ കെ രാഘവന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ സംഭവങ്ങള്‍ നടന്ന ഒരിടത്തുപോലും ശരിയാംവിധമുള്ള വിദ്യാര്‍ഥി യൂണിയനില്ല. കോളേജുകളില്‍ ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തേണ്ടതിന്റെ പ്രാധാന്യം ആര്‍ കെ രാഘവന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. ലിങ്ദോ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അടിവരയിടുന്നു.

2006ലെ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ആര്‍ കെ രാഘവന്‍ കമ്മിറ്റി രൂപപ്പെട്ടത്. സുപ്രീംകോടതിതന്നെയാണ് ജെ എം ലിങ്ദോയുടെ നേതൃത്വത്തിലുള്ള കമീഷനെ നിയോഗിച്ചതും. ഈ രണ്ട് റിപ്പോര്‍ട്ടും യഥാവിധി നടപ്പാക്കേണ്ടതിന്റെ മുഖ്യചുമതല ആരുടേതാണ്? കലാലയത്തിലെ വിദ്യാര്‍ഥിക്കോ അധ്യാപകനോ അല്ല. കേന്ദ്ര ഗവമെന്റിനും യുജിസി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സമിതികള്‍ക്കുമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമാണ് നമ്മള്‍ കണ്ടത്. രാഘവന്‍ തന്റെ റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന കഴിവുകള്‍ പ്രകടിപ്പിക്കാന്‍അവസരമൊരുക്കണമെന്നു പറയുന്നു. കലോത്സവങ്ങളും കായികമേളകളും ഇതില്‍ ഉള്‍പ്പെടും. അലസ മനസ്സ് ചെകുത്താന്റെ പണിപ്പുരയാണ് എന്നോര്‍മപ്പെടുത്തിയാണ് ഇത് പരാമര്‍ശിച്ചത്.

ഇന്ത്യയിലെ 26 കേന്ദ്ര സര്‍വകലാശാലകളില്‍ നാലിടത്തു മാത്രമാണ് വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബഹുഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥി യൂണിയനുകള്‍ പരിചിതമേയല്ല. രാഘവന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ റാഗിങ്ങിനെ ഇല്ലാതാക്കാന്‍ വിദ്യാര്‍ഥി സംഘടനകളുടെ ഇടപെടല്‍ ഏറെ സഹായകരമെന്ന് വിലയിരുത്തുന്നു. ആന്റി റാഗിങ് സ്ക്വാഡില്‍ വിദ്യാര്‍ഥികളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉണ്ടാകണമെന്നും നിര്‍ദേശിക്കുന്നു. യുജിസി നിയമിച്ച 1999ലെ കമ്മിറ്റിയും വിദ്യാര്‍ഥിപ്രാതിനിധ്യം നിര്‍ദേശിക്കുന്നു.

റാഗിങ്ങിനെതിരെ ധാര്‍മികതയുടെ ഗിരിപ്രഭാഷണങ്ങള്‍ നടത്തുന്നവരാണ് ഗവമെന്റിന്റെയും യുജിസിയുടെയും തലപ്പത്ത്. പരാമര്‍ശിക്കപ്പെട്ട കമീഷനുകളുടെ റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് ഇച്ഛാശക്തിയോടെ നടപ്പാക്കപ്പെടാത്തത്? രാഷ്ട്രീയവും സാമ്പത്തികവുമായ അധികാരം കൈയാളുന്നവരുടെ താല്‍പ്പര്യം ഹനിക്കപ്പെടുമെന്നതിനാലാണ്. വിദ്യാര്‍ഥി യൂണിയന്‍ റാഗിങ്ങിനെന്നപോലെ വിദ്യാഭ്യാസക്കച്ചവടത്തിനും എതിരായിത്തീരും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്യാമ്പസുകളിലെ ജനാധിപത്യപരമായ പ്രവര്‍ത്തനം ഇന്ന് അസാധ്യമാണ്. കോഗ്രസും ബിജെപിയും ഇതര ബൂര്‍ഷ്വാ പാര്‍ടികളും വിദ്യാര്‍ഥിയുടെ ജനാധിപത്യ സ്വാതന്ത്ര്യത്തിന് തടയിടുന്നു. ഗുണ്ടാസംഘങ്ങളുടെ വിളയാട്ടമാണ് അവിടങ്ങളില്‍. ചോദിക്കാനും എതിര്‍ക്കാനും ആരുമില്ലാത്ത വേദനിപ്പിക്കുന്ന ശൂന്യത. റാഗിങ്ങിനെ ചെറുക്കുകയും ക്രിമിനല്‍ ഗ്യാങ്ങുകളുടെ വിളയാട്ടത്തിന് തടയിടുകയും ചെയ്തത് ശരിയായ രാഷ്ട്രീയബോധമുള്ള വിദ്യാര്‍ഥികളാണ്. അരാഷ്ട്രീയതയുടെ ഉല്‍പ്പന്നമാണ് റാഗിങ്. മാനവികതയില്ലാത്ത വലതുപക്ഷ രാഷ്ട്രീയത്തിന്റെ സൃഷ്ടിയാണിത്. നിയമനിര്‍മാണങ്ങളോ കോടതി ഉത്തരവുകളോ കൊണ്ടുമാത്രം സാധ്യമാകുന്ന ഒന്നല്ല റാഗിങ് വിമുക്ത ക്യാമ്പസ്. റാഗിങ്ങിന് മറുമരുന്ന് ക്യാമ്പസിന്റെ ജനാധിപത്യവല്‍ക്കരണം മാത്രമാണ്.

വി ശിവദാസന്‍ ദേശാഭിമാനി

Thursday, May 14, 2009

ജാതിയുടെ പേരില്‍ കുടിവെള്ളനിഷേധം

തമിഴ്‌നാടിനോട് ചേര്‍ന്നുള്ള അതിര്‍ത്തിഗ്രാമങ്ങളില്‍ ജാതിയുടെ പേരില്‍ കുടിവെള്ളം നിഷേധിക്കുന്നു. പാലക്കാട് വടകരപ്പതി പഞ്ചായത്തിലെ ഒഴലപ്പതിയിലും കുപ്പാണ്ടക്കൌണ്ടന്നൂരിലും പട്ടികജാതികോളനിയിലെ 'ചക്കിലിയ' സമുദായത്തില്‍പ്പെട്ട 30കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം നിഷേധിക്കുന്നത്. മൂന്നു ദിവസത്തിലൊരിക്കല്‍ രണ്ട് മണിക്കൂര്‍ മാത്രം വെള്ളം ലഭിക്കുന്ന പൊതുടാപ്പില്‍നിന്ന് കൌണ്ടര്‍വിഭാഗം ഉള്‍പ്പെടെ ഉന്നതജാതിയിലുള്ളവര്‍ വെള്ളമെടുത്ത ശേഷമേ ചക്കിലിയര്‍ക്ക് വെള്ളമെടുക്കാന്‍ അനുവാദമുള്ളൂ. ഉയര്‍ന്ന ജാതിക്കാരുടെ കുടത്തിനടുത്ത് ഇവരുടെ കുടങ്ങള്‍ വായ്ക്കുവാനോ കുടങ്ങള്‍ കൂട്ടിമുട്ടാനോ പാടില്ല. അറിയാതെ മുട്ടിയാല്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും കുടം വലിച്ചെറിയുകയും ചെയ്യുമെന്ന് കോളനി നിവാസികളായ പാപ്പാത്തിയും പഴണിയാളും പറയുന്നു. ഉയര്‍ന്ന ജാതിക്കാരുടെ ആവശ്യം കഴിഞ്ഞ് ഒന്നോ രണ്ടോ കുടം വെള്ളംമാത്രമാണ് ഇവര്‍ക്ക് കിട്ടുക. പണി ഉപേക്ഷിച്ചാണ് വെള്ളത്തിനായി ഇവര്‍ കാത്തിരിക്കുന്നത്.

500മീറ്റര്‍ അകലെയുള്ള പൈപ്പില്‍നിന്ന് മണിക്കൂറുകള്‍ കാത്തുനിന്നാല്‍ കിട്ടുന്ന ഒരു കുടം വെള്ളം ഉപയോഗിച്ചാണ് ജീവിതം കഴിച്ചുകൂട്ടുന്നതെന്ന് കോളനിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന തങ്കമ്മ (80) പറഞ്ഞു. റോഡിന് അപ്പുറമുള്ള തമിഴ്‌നാട്ടിലെ തങ്കയന്‍കൌണ്ടപുതൂരിലുള്ള പൊതുടാപ്പില്‍നിന്ന് ഒന്നോ രണ്ടോ കുടംവെള്ളം എടുക്കാന്‍ തമിഴ് ജനത കനിയണം. അവര്‍ ആവശ്യത്തിന് വെള്ളം എടുത്തശേഷമേ ഇവര്‍ക്ക് നല്‍കൂ. ആഴ്ചയില്‍ ലഭിക്കുന്ന അഞ്ചോ, ആറോ കുടം വെള്ളത്തിലാണ് ഓരോ കുടുംബത്തിന്റെയും ജീവിതം. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ നൂറോളംപേര്‍ ഇവിടെയുണ്ട്. കുളിക്കാനും അലക്കാനും കിലോമീറ്ററുകള്‍ വെള്ളം അന്വേഷിച്ചുപോകണം. ഈ ദുരിതംകാരണം ചില കുടുംബങ്ങള്‍ കോളനി ഉപേക്ഷിച്ച് പോയി. ഉയര്‍ന്ന ജാതിക്കാരുടെ ധിക്കാരത്തിനെതിരെ പരാതിപറഞ്ഞാല്‍ കോളനിയില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും മര്‍ദിക്കുമെന്നും തോട്ടങ്ങളില്‍ കൂലിവേല ചെയ്യാന്‍ അനുവദിക്കില്ലെന്നും കോളനിവാസികള്‍ പരാതിപ്പെട്ടു. നിരവധിതവണ പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. വര്‍ഷങ്ങളായി ആവശ്യപ്പെട്ട ശേഷം കോളനിയില്‍ പൈപ്പ്ലൈനും അഞ്ച് പൊതുടാപ്പും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ടാപ്പിലൂടെ ഒരുതുള്ളി വെള്ളംപോലും ഇതുവരെ എത്തിയിട്ടില്ല. 50 മീറ്റര്‍ അകലെ ഉയര്‍ന്ന ജാതിക്കാര്‍ താമസിക്കുന്ന പ്രദേശത്തുകൂടി കുടിവെള്ളംപൈപ്പിലൂടെ ലഭ്യമാക്കുന്നുണ്ട്. 500മീറ്റര്‍ അകലെയായി പമ്പ്ഹൌസും കുഴല്‍ക്കിണറും ഉണ്ടെങ്കിലും അധികൃതരുടെ അനാസ്ഥമൂലം വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമാണ്

ദേശാഭിമാനി വാര്‍ത്ത

Tuesday, May 12, 2009

കത്തോലിക്ക തൊഴിലാളിസംഘടനയോ! പരീക്ഷിച്ച് പരാജയപ്പെട്ട സംരംഭം

കത്തോലിക്ക സഭ ട്രേഡ് യൂണിയന്‍ രംഗത്തേക്ക് പ്രവേശിക്കാന്‍ പോകുന്നതായി സൂചിപ്പിക്കുന്ന കെസിബിസി സര്‍ക്കുലര്‍ ഏപ്രില്‍ 26ന് പള്ളികളില്‍ പ്രാര്‍ഥനാവേളയില്‍ വായിച്ചതായി മാധ്യ മങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ആയിരത്തി തൊള്ളായിരത്തി നാല്‍പതുകളുടെ ആദ്യപാദത്തില്‍തന്നെ കത്തോലിക്ക സഭ ഈ സംരംഭം പരീക്ഷിച്ചുനോക്കി പരാജയപ്പെട്ടതാണെന്ന സത്യം സഭയുടെ ഇന്നത്തെ അധികാരികള്‍ ഓര്‍മിക്കുന്നില്ലായിരിക്കാം.

ആലുവ, കളമശേരി, ഏലൂര്‍, എടയാര്‍ വ്യവസായ മേഖലയിലെ ആദ്യത്തെ ആധുനിക വ്യവസായശാല എന്ന് പറയാവുന്നത് 1935-36ല്‍ കളമശേരിയില്‍ സ്ഥാപിക്കപ്പെട്ട ശ്രീചിത്രാ മില്‍സ് ആണ്. അവിടെ ജോലിക്കാരായവരില്‍ ബഹുഭൂരിപക്ഷവും കത്തോലിക്ക സമുദായാംഗങ്ങളും. അവരാണെങ്കിലോ വലിയ ഈശ്വരഭക്തന്മാരും മതവിശ്വാസികളും. തുച്ഛമായ കൂലിയും ക്ളിപ്തമല്ലാത്ത അധികജോലിസമയവും. തങ്ങള്‍ സംഘടിച്ച് കൂട്ടായി വിലപേശേണ്ടതുണ്ടെന്ന് ആ സാധു ഗ്രാമീണര്‍ക്കറിയില്ലായിരുന്നു. എങ്കിലും അവര്‍ക്ക് യുക്തമെന്നുതോന്നിയ രീതിയില്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. അങ്ങനെ മാസങ്ങള്‍ക്കുശേഷം അന്നത്തെ മാതൃഭൂമിയുടെ ആലുവ ലേഖകന്‍ ജോസഫ് ടി കായനാട്ട് പ്രസിഡന്റും ജെ എം പീറ്റര്‍ സെക്രട്ടറിയുമായി ഒരു യൂണിയന്‍ സംഘടിപ്പിക്കപ്പെട്ടു. അടുത്തുള്ള മഞ്ഞുമ്മല്‍ കര്‍മലീത്താ കൊവേന്തയിലെ റവ. ഫാ. ജെറോമിന് ഇത് സഹിച്ചില്ല. തൊഴിലാളികള്‍ വരിയിട്ടു പണം പിരിച്ച പള്ളിയിലെ പെരുനാള്‍ ആഘോഷിക്കയും ധ്യാനം ഇരിക്കയും മറ്റുമാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. അതുതന്നെയല്ല, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 'ഉത്തര തിരുവിതാംകൂര്‍ കാത്തലിക് ലേബര്‍ അസോസിയേഷന്‍' എന്നൊരു സംഘടന രൂപീകരിക്കുകയുംചെയ്തു. ഇടപ്പള്ളി സ്വദേശിയായ ശ്രീചിത്രാ മില്‍സിലെ ജീവനക്കാരനും തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസിന്റെ 1114ലെ പതിനാലാം ഡിക്ടേറ്ററുമായിരുന്ന എ വി ജോസഫിന്റെ (എ സി ജോര്‍ജിന്റെയും എ സി ജോസിന്റെയും പിതൃസഹോദരന്‍) അനുയായിയും മരണംവരെ കോണ്‍ഗ്രസുകാരനുമായ ജോ പെട്ട ആയിരുന്നു സംഘടനയുടെ സെക്രട്ടറി. ജാതിയുടെ പേരില്‍ തൊഴിലാളികളെ ഭിന്നിപ്പിച്ച് അവരുടെ സംഘടനയെ ദുര്‍ബലപ്പെടുത്തി അവകാശങ്ങള്‍ നിഷേധിക്കുകയാണ് അസോസിയേഷന്റെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞയുടന്‍ പെട്ടയും അനുയായികളും സലാംപറഞ്ഞ് പിരിഞ്ഞു. മാത്രമല്ല, ഫാക്ടറി ലേബേഴ്സ് യൂണിയന്റെ ആഹ്വാനത്തില്‍ ഉത്തേജിതനായി ജോ പെട്ട നിയമവിരുദ്ധമാക്കപ്പെട്ട ജാഥയില്‍ പങ്കെടുത്ത് ശിക്ഷിക്കപ്പെട്ട് രണ്ടുകൊല്ലം ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. റവ. ഫാ. ജെറോം അന്തരിക്കുന്നതുവരെ കമ്യൂണിസ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്നു.

ഇക്കഥകള്‍ കൂടുതല്‍ വിശദമായി ഈ ലേഖകന്‍തന്നെ എഴുതി ചിന്ത പബ്ളിഷേഴ്സ് പ്രസിദ്ധീകരിച്ചിട്ടുള്ള 'ആലുവ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ആദ്യനാളുകള്‍' എന്ന പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്. വ്യവസായത്തൊഴിലാളികള്‍ മാത്രമല്ല, എല്ലാ തുറകളിലുമുള്ള തൊഴിലാളികള്‍ ഇന്ന് എത്രയോ പ്രബുദ്ധരാണ്. മാത്രമല്ല, രാഷ്ട്രീയഭേദം വിഗണിച്ച വര്‍ഗ ഏകീകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാന്മാരുമാണ്. ഈ പ്രവണത കേരളത്തിലും ഇന്ത്യയിലും മാത്രമായി ഒതുങ്ങിനില്‍ക്കുന്നതായും കാണുന്നില്ല. അങ്ങനെ ആഗോളതലത്തില്‍ കുത്തിയൊഴുകിവരുന്ന ശക്തമായ ഈ പ്രവാഹത്തെ ജാതി എന്ന പഴമുറംകൊണ്ട് തടഞ്ഞുനിര്‍ത്തിക്കളയാമെന്ന് കെസിബിസി വ്യാമോഹിക്കുമോ?

പയ്യപ്പിള്ളി ബാലന്‍ ദേശാഭിമാനി 130509

പ്രേക്ഷകന്റെ കത്തും മറുപടിയും

(ഞങ്ങള്‍ക്കു വന്ന ഒരു കത്തും അതിനുള്ള മറുപടിയും ഇതോടൊപ്പം - എന്‍. പി. ചന്ദ്രശേഖരന്‍, പീപ്പിള്‍ ടി.വി)

കത്ത്:

ഞാന്‍ പതിവായി വൈകുന്നേരം 6.30നുള്ള വാര്‍ത്ത കേള്‍ക്കാറുണ്ട്. 4.5.09ലെ വാര്‍ത്തയിലെ ഒരു പ്രസ്താവനയാണ് എന്നെ ഈ ലറ്റര്‍ എഴുതാന്‍ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം നഷ്ടപ്പെടുന്നു എന്ന അര്‍ത്ഥത്തിലായിരുന്നു വാര്‍ത്ത.

3.5.09-ല്‍ ദിഗ്വിജയ്സിംഗുമായി കരണ്‍താപ്പറിന്റെ അഭിമുഖവും (NDTV)ഞാന്‍ കണ്ടിരുന്നു. (അതിന്റെ അടിസ്ഥാനത്തിലായിരുന്നു വാര്‍ത്ത) കോണ്‍ഗ്രസ് വിജയിക്കുമെന്നും തീര്‍ച്ചയായും അധികാരത്തില്‍ വരുമെന്നും ദിഗ്വിജയ്സിംഗ് ആവര്‍ത്തിച്ചു വിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു. ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യുമെന്ന കരണ്‍താപ്പറിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനാണ്, ഭരണത്തില്‍ വരാന്‍ കഴിഞ്ഞില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുകയില്ലെന്നും പ്രതിപക്ഷത്തിരിക്കുമെന്നും ദിഗ്വിജയ്സിംഗ് മറുപടി പറഞ്ഞത്.

വാസ്തവത്തില്‍ ആ ചോദ്യവും മറുപടിയും ആവശ്യമില്ലാത്തതായിരുന്നു. ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന (ഭൂരിപക്ഷം കിട്ടുന്ന) രാഷ്ട്രീയപാര്‍ട്ടി ഗവണ്‍മെന്റ് രൂപീകരിക്കുമെന്നും അല്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുമെന്നുമുള്ള വിവരം വിദ്യാഭ്യാസമില്ലാത്ത സാധാരണക്കാര്‍ക്കുപോലും അറിയാവുന്ന ഒരു പരമാര്‍ത്ഥമല്ലേ? ആ വിവരം ദിഗ്വിജയ്സിംഗ് ചോദ്യത്തിനു മറുപടിയായി പറഞ്ഞെന്നുമാത്രം. ആത്മവിശ്വാസത്തിന്റെ പേരില്‍, തോറ്റാലും ഞങ്ങള്‍ ഗവണ്‍മെന്റുണ്ടാക്കു മെന്നാണോ മറുപടി പറയേണ്ടിയിരുന്നത്?

ഞാന്‍ കോണ്‍ഗ്രസ്സ് അല്ല, ഒരു രാഷ്ട്രീയപാര്‍ട്ടിയിലും പ്രത്യക കൂറുള്ളവനല്ല. എങ്കിലും വാര്‍ത്തയിലെ ഈ വളച്ചൊടിപ്പ് (അതിലുണ്ടായ ഗുരുതരമായ ആശയമാറ്റത്തെപ്പറ്റി അറിവില്ലാതിരുന്നതുകൊണ്ടാണോ എന്നറിയില്ല) എന്നില്‍ അവജ്ഝയാണുണ്ടാക്കിയത്.

ഇക്കാര്യം ഒന്ന് പരിശാധിച്ച് നാക്കിയാല്‍ കൊള്ളാം.

എം. രാമചന്ദ്രന്‍ നായര്‍

മറുപടി:

കരണ്‍ താപ്പര്‍ ദിഗ്വിജയ്സിംഗുമായി നടത്തിയ അഭിമുഖത്തിന്റെ വാര്‍ത്ത കൈരളി ടി വി വളച്ചൊടിച്ചു കൊടുത്തു എന്ന താങ്കളുടെ അഭിപ്രായം അറിയിക്കുന്ന കത്തുകിട്ടി. താഴെപ്പറയുന്ന കാര്യങ്ങള്‍ അറിയിക്കട്ടെ.

1.ആ വാര്‍ത്ത രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം പൊതുവ കൈരളി ടി വി റിപ്പാര്‍ട്ടു ചെയ്ത നിലയില്‍ തന്നെയാണ് റിപ്പാര്‍ട്ട് ചെയ്തത്. ഉദാഹരണം - congress ready to play role of opposition: Dig Vijay (CNN-IBN)

2. താങ്കള്‍ നിരീക്ഷിക്കുന്നതുപോലെ "തോറ്റാല്‍ എന്തു ചെയ്യും" എന്ന 'അനാവശ്യ' ചോദ്യമല്ല താപ്പര്‍ ചോദിച്ചത്. "UPAയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ പുതിയ സഖ്യകക്ഷികളെ കണ്ടെത്തുമോ" എന്ന പ്രസക്തമായ ചോദ്യമാണ്.

3. താങ്കള്‍ നിരീക്ഷിക്കുന്നതുപോലെ "തോറ്റാല്‍ പ്രതിപക്ഷത്തിരിക്കും" എന്ന ലളിതമായ ഉത്തരമല്ല ദിഗ്വിജയ് സിംഗ് പറഞ്ഞത്. "ഞങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ മാനം ഇടിഞ്ഞുവീഴി"ല്ലെന്ന പരാമര്‍ശത്തിലൂടെ യു പിഎയ്ക്കു ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ പുതിയ സഖ്യകക്ഷികളെ കണ്ടെത്തി കൂട്ടുമന്ത്രിസഭയോ പിന്തുണയ്ക്കുന്ന മന്ത്രിസഭയാ ഉണ്ടാക്കില്ലെന്ന തീര്‍ത്തും പ്രധാനപ്പെട്ട ഉത്തരമാണ്.

4. താപ്പറിന്റെ ചോദ്യത്തിന്റെ രാഷ്ട്രീയമായ അര്‍ത്ഥം, യു പി എയ്ക്കു തനിച്ചു ഭരിക്കാനായില്ലെങ്കില്‍ BJPയ്ക്കു പങ്കാളിത്തമോ BJP പിന്തുണ നല്‍കുന്നതോ ആയ സര്‍ക്കാര്‍ വരാതിരിക്കാന്‍ എന്തു ചെയ്യും എന്നാണ്. കോണ്‍ഗ്രസ്, BJP ഇതര മതേതരകക്ഷികളോടു ചേര്‍ന്നു സര്‍ക്കാരുണ്ടാക്കുകയോ അല്ലെങ്കില്‍ അങ്ങനെയൊരു സര്‍ക്കാരിനു പുറത്തു നിന്നു പിന്തുണ നല്‍കുകയോ ചെയ്യുമോ എന്നാണ്.

5. ദിഗ്വിജയിന്റെ ഉത്തരത്തിന്റെ രാഷ്ട്രീയമായ അര്‍ത്ഥം, ആ രണ്ടു സാധ്യതയും തള്ളിക്കളയുന്നു എന്നതാണ്; തെരഞ്ഞെടുപ്പു കഴിഞ്ഞുള്ള സാഹചര്യത്തിലെ മതതര കടമകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ കടമ നിറവറ്റുന്നതിനെപ്പറ്റി തല്‍കാലത്തേക്കെങ്കിലും കോണ്‍ഗ്രസ് ആലോചിക്കുന്നില്ല എന്നതാണ്.

മാത്രവുമല്ല, കൈരളി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയതുപോലെ കോണ്‍ഗ്രസ്സിന്റെ ആത്മവിശ്വാസക്കുറവും ദിഗ്വിജയിന്റെ മറുപടിയില്‍ പ്രതിഫലിക്കുന്നുണ്ട്. "തോറ്റാലോ" എന്ന് എത്ര തവണ ചോദിച്ചാലും ജയിക്കും എന്ന് ആത്മവിശ്വാസമുള്ള നേതൃത്വം "തോല്‍ക്കില്ല" എന്ന ഉത്തരമേ പറയൂ. ജയിക്കുമെന്ന് കോണ്‍ഗ്രസ്സിന് ഉറപ്പുണ്ടായിരുന്നെങ്കില്‍ 64 വയസ്സും 38 കൊല്ലത്തെ രാഷ്ട്രീയ പ്രവര്‍ത്തനപരിചയവുമുള്ള, വാര്‍ത്താലേഖകരുടെ ഒരുപാടു ചോദ്യം കേട്ടു മുതിര്‍ന്ന, ദിഗ്വിജയ്സിംഗ് തോറ്റാല്‍ പ്രതിപക്ഷത്തിരിക്കുമെന്ന് പറയില്ല. BJP-കാണ്‍ഗ്രസ്സിതര മതതര സര്‍ക്കാര്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ ഉണ്ടാകും എന്ന സാധ്യത നിലനില്‍ക്കുന്നില്ലെന്ന സന്ദശം, കോണ്‍ഗ്രസ് ചേരിയിലില്ലാത്ത മതേതര കക്ഷികള്‍ക്കു നല്‍കുക എന്ന രാഷ്ട്രീയ ദൌത്യമാണ് ആ മുതിര്‍ന്ന നേതാവ് നിറവറ്റിയത്.

അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്ത സൃഷ്ടിക്കുന്ന അനുഭവങ്ങളില്‍ നിന്നാവാം രാമചന്ദ്രന്‍ നായര്‍ തന്റെ നിഗമനത്തില്‍ എത്തിയത്. അദ്ദേഹത്തിന്റെ ആ ധാരണ തെറ്റല്ല. മാധ്യമപ്രവര്‍ത്തനത്തില്‍ അങ്ങനെയും ചെയ്യുന്നവരുണ്ട്. മൂന്നു പതിറ്റാണ്ടിന്റെ തൊഴില്‍ പരിചയമുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കരണ്‍ താപ്പറിന്റെ ഈ ചോദ്യത്തെയും അതിനെപ്പററി കൈരളിയടക്കമുള്ള മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളയും അത്തരം മാധ്യമ പ്രവര്‍ത്തനാഭാസത്തില്‍ പെടുത്താനാവില്ല എന്ന് ചൂണ്ടിക്കാട്ടട്ടെ. താപ്പറിന്റെ ഈ ചോദ്യം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കി നടത്തിയ മികച്ച ഇടപെടലാണ്. കൈരളി അടക്കമുള്ള മാധ്യമങ്ങള്‍ ചെയ്തത്, ആ അഭിമുഖത്തിന് ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ നല്‍കാവുന്ന ഏറ്റവും മികച്ച റിപ്പാര്‍ട്ടിംഗുമാണ്.

രാഷ്ട്രീയത്തിന്റെയും വാര്‍ത്താ പ്രവര്‍ത്തനത്തിന്റെയും നാനാര്‍ത്ഥങ്ങള്‍ സൂക്ഷ്മനിരീക്ഷണത്തിലൂടെ കണ്ടെത്താന്‍ പ്രേക്ഷകര്‍ മുതിരുന്നത് തീര്‍ത്തും ആഹ്ളാദകരമാണ്. ആ പ്രക്രിയയെ സഹായിക്കാനാണ് ശ്രീ രാമചന്ദ്രന്‍ നായരുടെ കത്തും മറുപടിയും പ്രസിദ്ധീകരിക്കുന്നത്. കത്തിന് രാമചന്ദ്രന്‍ നായര്‍ക്കു നന്ദി.

Sunday, May 10, 2009

കേന്ദ്രം കേരളത്തെ ഇരുട്ടിലാക്കുന്നു

ദൈനംദിന ജീവിതത്തിന്റെയും സമൂഹത്തിന്റെ സര്‍വതോമുഖമായ വികസനത്തിന്റെയും ചാലകശക്തിയാണ് വൈദ്യുതി. അതുകൊണ്ടുതന്നെ ജനപക്ഷത്തുള്ള ഏതൊരു സര്‍ക്കാരും വൈദ്യുതി മേഖലയെ കരുതലോടും ദീര്‍ഘവീക്ഷണത്തോടും മാത്രമേ സമീപിക്കൂ. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഈ രംഗത്തും നിരന്തരം സങ്കുചിതരാഷ്ട്രീയം കളിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍. സിബിഐ, ജുഡീഷ്യറി, ഗവര്‍ണര്‍മാര്‍ തുടങ്ങി എന്തും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് കരുവാക്കുന്നതുപോലെ വൈദ്യുതിയെയും ഉപയോഗിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഏറ്റവും ഒടുവിലിതാ, കേരളത്തിനുള്ള വൈദ്യുതിവിഹിതത്തില്‍നിന്ന് 75 മെഗാവാട്ട്കൂടി കേന്ദ്രം വെട്ടിക്കുറച്ചിരിക്കുന്നു. അഭൂതപൂര്‍വമായ വേനല്‍ച്ചൂടില്‍ സംസ്ഥാനം വെന്തുരുകുമ്പോഴാണ് കേന്ദ്രത്തിന്റെ ഈ 'സമ്മാനം'. ഇത് കേരളത്തിനുള്ള കേന്ദ്രത്തിന്റെ ഇരുട്ടടിയാണ്. ഒന്നാമത്, രാജ്യം പൊതുവെ വൈദ്യുതിപ്രതിസന്ധിയില്‍ ഉഴലുമ്പോഴും പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ലാതെ പിടിച്ചുനില്‍ക്കുന്നതിനുള്ള 'ശിക്ഷ'. രണ്ടാമത്, പച്ചയായ രാഷ്ട്രീയ പകപോക്കല്‍.

ലോക്സഭാതെരഞ്ഞെടുപ്പിന്റെ സുരക്ഷാക്രമീകരണത്തിന് തമിഴ്നാടിന് കൂടുതല്‍ വൈദ്യുതി വേണ്ടിവരുന്നതിനാല്‍ അങ്ങോട്ടുനല്‍കുന്നതിനാണ് കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ചത് എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. കേരളത്തിനോടൊപ്പം കര്‍ണാടകത്തിനുള്ള വിഹിതവും വെട്ടിക്കുറച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഈ രണ്ട് സംസ്ഥാനത്തോടും സ്വീകരിച്ച സമീപനം നോക്കിയാല്‍ കേന്ദ്രത്തിന്റെ രാഷ്ട്രീയ ദുഷ്ടലാക്ക് വ്യക്തമാകും. ശരാശരി 7000 മെഗാവാട്ടാണ് കര്‍ണാടകത്തിന്റെ പ്രതിദിന വൈദ്യുതി ഉപഭോഗം. കേരളത്തിന്റേത് ശരാശരി 2800 മെഗാവാട്ടും. എന്നാല്‍, കര്‍ണാടകത്തിനുള്ള കേന്ദ്രവിഹിതം 25 മെഗാവാട്ട് വെട്ടിക്കുറച്ചപ്പോള്‍, കേരളത്തിന്റേത് 75 മെഗാവാട്ട് കുറച്ചു.

വൈദ്യുതിവിഹിതത്തിന്റെ കാര്യത്തില്‍ കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനം ഇതാദ്യമല്ല. 1041 മെഗാവാട്ടാണ് കേരളത്തിന് അനുവദിക്കപ്പെട്ട കേന്ദ്രവൈദ്യുതി വിഹിതം. കായംകുളം താപനിലയത്തില്‍നിന്നുള്ള വിലകൂടിയ വൈദ്യുതി ഉപയോഗിക്കുന്നത് കണക്കിലെടുത്ത് താല്‍ച്ചാര്‍ താപ വൈദ്യുതിനിലയത്തില്‍നിന്നുള്ള വിലകുറഞ്ഞ വൈദ്യുതി 180 മെഗാവാട്ടും കേരളത്തിന് അനുവദിച്ചു. കൂടാതെ അ അലോക്കേറ്റഡ് വിഹിതമായി 144 മെഗാവാട്ടും. ഇത് പിന്നീട് കേവലം 13 മെഗാവാട്ടായി കുറച്ചു. ഇതിനുപുറമെയാണ് കായംകുളത്തിന് പകരമുള്ള 180 മെഗാവാട്ടില്‍നിന്ന് ഇപ്പോള്‍ 75 മെഗാവാട്ട് കുറച്ചത്.

ശാസ്ത്രീയവും കാര്യക്ഷമവുമായ ഊര്‍ജമാനേജ്മെന്റിലൂടെയാണ് കേരളം വൈദ്യുതിരംഗത്ത് നിയന്ത്രണങ്ങളൊന്നുമില്ലാതെ പിടിച്ചുനില്‍ക്കുന്നത്. ഏറ്റവും ഒടുവില്‍, താരതമ്യേന തണുപ്പുള്ള നവംബര്‍-ജനുവരി കാലയളവില്‍ ഇന്ത്യന്‍ ആഭ്യന്തരവിപണിയില്‍നിന്ന് വിലകുറഞ്ഞ പരമാവധി വൈദ്യുതി കേരളം വിലകൊടുത്തുവാങ്ങി. ഈ സമയത്ത് കേരളത്തിലെ ജലപദ്ധതികളില്‍ ഉല്‍പ്പാദനം കുറച്ച് പരമാവധി വെള്ളം സംഭരിച്ചു. കഴിഞ്ഞവര്‍ഷം (2007-08) 930 കോടി യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നത്ര വെള്ളമാണ് സംഭരണികളില്‍ ലഭിച്ചത്. ഇക്കൊല്ലമാകട്ടെ 540 കോടി യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം മാത്രവും. എന്നിട്ടും ജൂണ്‍ പകുതിവരെ ആവശ്യമുള്ള വെള്ളം കരുതിവയ്ക്കാന്‍ കഴിഞ്ഞത് ഊര്‍ജമാനേജ്മെന്റിന്റെ മികവ് മൂലമാണ്. പവര്‍കട്ടും ലോഡ് ഷെഡിങ്ങുമില്ലാതെതന്നെ പിടിച്ചുനില്‍ക്കുന്നതും അതുകൊണ്ടുതന്നെ. ഇക്കാര്യത്തില്‍ ഇന്ത്യക്കാകെ മാതൃകയാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍.

കേന്ദ്രസര്‍ക്കാരാകട്ടെ മറ്റുപല മേഖലകളിലുമെന്നപോലെ വൈദ്യുതിഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും മൂര്‍ത്തമായി ഒന്നുംചെയ്യാതെ ജനങ്ങളെ കബളിപ്പിക്കുകയാണ്. വൈദ്യുതി പ്രതിസന്ധി ശാശ്വതമായി പരിഹരിക്കുന്നതിനുള്ളതാണ് ആണവകരാര്‍ എന്ന പ്രചാരണവും ഇതിന്റെ ഭാഗമായിരുന്നു. 2010 ല്‍ 20,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനമാണ് ആണവകരാര്‍ ലക്ഷ്യമിടുന്നത്. അക്കാലത്ത് ആവശ്യമുള്ളതാകട്ടെ നാലരലക്ഷം മെഗാവാട്ടും. അതായത് ആവശ്യകതയുടെ ഏതാണ്ട് നാല് ശതമാനം മാത്രം. സ്വന്തം കഴിവില്ലായ്മയുടെ ദുരന്തഫലമാകട്ടെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കുമേല്‍ കെട്ടിവയ്ക്കുന്നു. അതാണിപ്പോള്‍ വൈദ്യുതി വിഹിതത്തിന്റെ കാര്യത്തിലും സംഭവിച്ചത്. നിരന്തരമായ ബോധവല്‍ക്കരണം, വ്യവസായശാലകളുടെ അവധി-പ്രവൃത്തിസമയ ക്രമീകരണം തുടങ്ങിയവയിലൂടെ കേരളത്തില്‍ വൈദ്യുതഉപഭോഗം നന്നായി നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, വേനല്‍ കടുത്തതോടെ വൈദ്യുതഉപഭോഗം വന്‍തോതില്‍ ഉയരുകയാണ്. കഴിഞ്ഞ ദിവസം ഇത് സര്‍വകാല റെക്കോഡിലെത്തി. അതായത് കൂടുതല്‍ വൈദ്യുതി ആവശ്യമുള്ള സമയമാണിത്. അപ്പോഴാണ് നിലവിലുള്ള വിഹിതംതന്നെ കേന്ദ്രം വെട്ടിക്കുറച്ചിരിക്കുന്നത്. കേരളത്തെ ഇരുട്ടിലേക്ക് തള്ളിവിടുന്നതാണ് കേന്ദ്രത്തിന്റെ ഈ നടപടി.

ദേശാഭിമാനി മുഖപ്രസംഗം 110509

Friday, May 8, 2009

ബുദ്ധിജീവി കൂട്ടായ്മയിലെ കപട വിപ്ലവകാരികള്‍

വോട്ടെടുപ്പിനുശേഷം ഫലപ്രഖ്യാപനത്തിനു ഇത്രനീണ്ട ഒരു ഇടവേള കേരളത്തില്‍ ഇത് ആദ്യമാണെന്ന് തോന്നുന്നു. തെരഞ്ഞെടുപ്പു കാലയളവില്‍ മുഖ്യധാരാമാധ്യമങ്ങള്‍ മനഃപൂര്‍വം തമസ്കരിച്ച പല പ്രധാന രാഷ്ട്രീയ വിഷയങ്ങളും വീണ്ടും സജീവമായി ചര്‍ച്ച ചെയ്യാനുളള അവസരം കൂടിയാണ് ഈ ഇടവേള. കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയെ കൊഞ്ഞനംകുത്തുന്ന തരത്തില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന പല അരാഷ്ട്രീയ അടവുകളെയും വിചാരണ ചെയ്യുന്നതിനും പ്രയോജനപ്പെടുത്താവുന്നതാണ് ഈ സന്ദര്‍ഭം. ആഗോളവല്‍ക്കരണം എന്ന അശ്വമേധവുമായി ദ്വിഗ്വിജയം ലക്ഷ്യമാക്കി ഇറങ്ങിത്തിരിച്ചിരിക്കുന്ന അമേരിക്കന്‍ ഏജന്റന്‍മാരെയും, ഹിന്ദുത്വം എന്ന കപടമുദ്രാവാക്യം ഉയര്‍ത്തി - ഈ മഹാരാജ്യത്തിന്റെ ചരിത്രപരവും സാംസ്കാരികവും ആയ വൈവിധ്യത്തെ ഉന്മൂലനം ചെയ്ത് ഏകശിലാനിര്‍മിതമായ സവര്‍ണമേല്‍ക്കോയ്മ സുസ്ഥിരമാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഫാസിസ്റുകളെയും ഒഴിവാക്കിക്കൊണ്ടുളള ഒരു ബദല്‍ രാഷ്ട്രീയ കൂട്ടുകെട്ടിനെ ശക്തിപ്പെടുത്തുക എന്ന ഇടതുപക്ഷ മുദ്രാവാക്യത്തിന്റെ മുഴക്കം നഷ്ടപ്പെടുത്താനുളള അടവുകളാണ് വലതുപക്ഷവും അതിന്റെ സഖ്യകക്ഷികളും മുഖ്യമായും തെരഞ്ഞെടുപ്പുകാലത്ത് നിരന്തരമായി ഉയര്‍ത്തിക്കൊണ്ടിരുന്നത്.

ഇതിനായി അടിസ്ഥാനരഹിതമായ അഴിമതിക്കഥകള്‍ മുതല്‍ അബ്ദുള്‍നാസര്‍ മഅ്ദനിയെ കേന്ദ്രീകരിച്ചുള്ള ഭാവനാസൃഷ്ടികള്‍വരെ നിരന്തരമായി മുഴക്കിക്കൊണ്ടിരുന്നു. തെരഞ്ഞെടുപ്പിന്റെ രണ്ടുനാള്‍മുമ്പ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് എന്റെ രാഷ്ട്രീയം എന്റെ വോട്ട് എന്ന ശീര്‍ഷകത്തില്‍ കെ വേണു മുതല്‍ എം ഗീതാനന്ദന്‍ വരെയുളള പ്രച്ഛന്ന ഇടതുപക്ഷക്കാരെയും ഏതാനും ശുദ്ധമതമൌലികതാവാദികളെയും, അണിനിരത്തിക്കൊണ്ടു 13 ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. വാരികയുടെ കവര്‍ സ്റ്റോറി എന്ന നിലയില്‍ തയ്യാറാക്കപ്പെട്ട ഈ ലേഖനങ്ങളിലെ വാചകമടികള്‍ക്കു തെരഞ്ഞെടുപ്പിനു മുമ്പു ആരും മറുപടി എഴുതാന്‍ പോകുന്നില്ലെന്ന ധൈര്യം പത്രാധിപ സമിതിക്കുണ്ടായിരിക്കണം.

തിളക്കം നഷ്ടപ്പെടാത്ത ചിന്തകള്‍

'എന്റെ വോട്ട് എന്റെ സ്വപ്നങ്ങള്‍ക്ക് ' എന്ന വി കെ ശ്രീരാമന്റെയും, എന്റെ വോട്ട് എന്റെ രാഷ്ട്രീയ കക്ഷിക്ക് ' എന്ന ഒ പി സുരേഷിന്റെയും 'ഓരോ മനുഷ്യന്റെയും തീരുമാനം'എന്ന ഭാസുരേന്ദ്രബാബുവിന്റെയും ലേഖനങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ബാക്കി 10 ലേഖനങ്ങളും മാതൃഭൂമി മനോരമാദി പത്രമുത്തശ്ശികളുടെ പഴകിപ്പുളിച്ച വേദാന്തങ്ങള്‍ മാത്രമായിരുന്നു എന്നു കാണാം. നിന്റെ അടിമത്തത്തിനായി ഞാനെന്റെ നിര്‍ഭാഗ്യത്തെ കൈമാറുകയില്ലെന്നു നന്നായറിഞ്ഞുകൊള്‍ക. പിതാവ് സീയൂസിന്റെ ദൂതനാവുന്നതിലും ഭേദം ആജീവനാന്തം ഈ പാറക്കെട്ടുകളില്‍ ചങ്ങലക്കിട്ടു കിടക്കുകതന്നെയാണെന്നു ഞാന്‍ കരുതുന്നു.' ഈസ്കിലിസിന്റെ പ്രോമിത്യൂസിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ടുളള വി കെ ശ്രീരാമന്റെ പ്രൌഢോജ്വലമായ ലേഖനം മൂന്നാം മുന്നണി സ്വപ്നം എന്ന പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ പരിഹാസത്തിനുളള ചുട്ട മറുപടിയാകുന്നു.

സിപിഐ എമ്മില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ പുകയുന്നു എന്ന കിംവദന്തിക്കും, നിരാശാബാധിതരായ വിമത മാര്‍ക്സിസ്റ്റുകളുടെ വിതണ്ഡവാദങ്ങള്‍ക്കും, പി ഡി പി എന്ന ആഗോള ഭീകരന്മാര്‍ക്ക് മാര്‍ക്സിസ്റ്റു പാര്‍ടി കീഴടങ്ങിയെന്ന വ്യാജമുറവിളികള്‍ക്കും വമ്പന്‍പ്രാധാന്യം നല്‍കിയ മാധ്യമങ്ങള്‍ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ദേശീയവും അന്തര്‍ദേശീയവുമായ പ്രാധാന്യത്തെ ഏതുവിധം തമസ്കരിച്ചുകളഞ്ഞു എന്ന വസ്തുത സമര്‍ഥമായി വിശകലനം ചെയ്യുന്നതായി ഒ പി സുരേഷ് എന്ന യുവകവിയുടെ മാതൃഭൂമി ലേഖനം (പേജ്. 52). കോണ്‍ഗ്രസ്-ബിജെപി എന്നീ രണ്ടു ധ്രുവങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തെ ബഹുസ്വരസമന്വിതമായ ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളിലേക്ക് കെട്ടഴിച്ചുവിടാന്‍ പര്യാപ്തമായ ഒരു തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന ഭാസുരേന്ദ്രബാബുവിന്റെ നിഗമനത്തോട് സാമാന്യബുദ്ധിയുള്ള ആര്‍ക്കും വിയോജിക്കാനാവില്ല. കൈമോശംവന്ന ഗാന്ധിയന്‍ സ്വാതന്ത്ര്യസമരമൂല്യങ്ങളെയും നെഹ്റുവിയന്‍ സ്വതന്ത്രമൂല്യങ്ങളെയും സ്വാശ്രയ മൂല്യങ്ങളേയും സ്വാംശീകരിച്ചുകൊണ്ട് ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തില്‍ നവീനമായ ഒരു അന്തര്‍ദേശീയ പരിസരത്തിലേക്ക് ഇന്ത്യന്‍ ജനാധിപത്യം വളരുന്ന ഘട്ടത്തിലാണ് ഈ തെരഞ്ഞെടുപ്പു നടക്കുന്നതെന്നുള്ള യാഥാര്‍ഥ്യത്തെയും ജനശ്രദ്ധയില്‍നിന്ന് മറച്ചുപിടിച്ചുകൊണ്ടുള്ള ഒരു പ്രചാരണ പരിപാടിക്കാണ് ഇവിടുത്തെ പള്ളിരാഷ്ട്രീയവും മാധ്യമപ്പടയും ഒത്തുചേര്‍ന്ന് ചുക്കാന്‍പിടിച്ചത്. അവര്‍ അഭിനയ മികവുകാണിച്ച ഈ നാടകം അവരെ സംബന്ധിച്ചിടത്തോളം ശുഭാന്ത്യമായിരിക്കുകയില്ലെന്നു യാഥാര്‍ഥ്യത്തിലേക്കു വിരല്‍ചൂണ്ടിക്കൊണ്ടാണ് ഭാസുരേന്ദ്രബാബു തന്റെ ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്.

പിതാക്കന്മാരുടെ കാലടികളെ പിന്തുടരുന്ന മക്കള്‍

പാടെ വിവസ്ത്രമാക്കപ്പെട്ട ആഴ്ചപ്പതിപ്പിന്റെ നാണം മറയ്ക്കാന്‍ പേരിനുമാത്രം നല്‍കപ്പെട്ട ഈ മൂന്നു ഇടതുപക്ഷാനുകൂല ലേഖനങ്ങള്‍ കൊണ്ടുമാത്രം കഴിയാതെ പോയി. മറ്റു 10 ലേഖനങ്ങളിലൂടെ ചാക്കില്‍ ഒളിപ്പിച്ചുവെച്ച പൂച്ച പുറത്തുചാടി, മ്യാവൂ, മ്യാവൂ എന്നു കരയുന്നു. ആ കരച്ചിലില്‍ മറഞ്ഞിരിക്കുന്ന ഇടതുപക്ഷ വിരോധം ജുഗുപ്സാവഹമാംവിധം പ്രകടമാകുന്നു. സ്ഥാനാര്‍ഥിക്കുപ്പായവുമായി ഡല്‍ഹിയില്‍ തമ്പടിച്ചുകൊണ്ട് കോണ്‍ഗ്രസ് കളിച്ചു പഠിക്കുന്ന ചാണ്ടി ഉമ്മന്‍ വായനക്കാര്‍ക്ക് സമ്മാനിക്കുന്ന ആപ്തവാക്യം ഇങ്ങനെ-മതേതരത്വം ഊട്ടിയുറപ്പിക്കാനും ജനാധിപത്യം സംരക്ഷിക്കാനും കോണ്‍ഗ്രസ്സിനെ അധികാരത്തിലേറ്റുക മാത്രമാണ് ഇന്ത്യന്‍ ജനതയ്ക്ക് മുമ്പിലുളള ഏകമാര്‍ഗം.

പ്രായത്തിന്റെ പക്വതാരാഹിത്യവും, ഉമ്മന്‍ചാണ്ടിയുടെ മകനെന്ന പ്രത്യേക പരിഗണനയും ഒക്കെ മുന്‍നിറുത്തി ഇത്തരം ചെറുകിട ജല്പനങ്ങളെ കണ്ടില്ലെന്ന് വയ്ക്കാം. എന്നാല്‍ മാര്‍ക്സിസം ലെനിനിസം അരച്ചു കലക്കിക്കുടിച്ച മുന്‍ വിപ്ലവകാരി സാക്ഷാല്‍ കെ വേണു ചാണ്ടി ഉമ്മന്റെ അതേ ഭാഷയില്‍ എഴുതുമ്പോള്‍ ചിരിക്കണോ കരയണോ സഹതപിക്കണമോ എന്തു വേണമെന്നറിയാതെ വായനക്കാര്‍ സന്നിഗ്ധാവസ്ഥയിലെത്തുന്നു. കമ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കല്പങ്ങളെക്കുറിച്ച് ഗവേഷണ പ്രബന്ധം രചിച്ചു യുവ വിപ്ലവകാരികളെ പുളകം കൊള്ളിച്ച വേണു സഖാവ് ഇപ്പോള്‍ സോണിയ -രാഹുല്‍ ദ്വന്ദ്വത്തിന്റെ വീട്ടുമുറ്റത്തു നട്ടുവളര്‍ത്തിയിരിക്കുന്ന ജനാധിപത്യ പൂമരം പൂത്തുലഞ്ഞു കായ്ഫലം നല്‍കുന്നതും പ്രതീക്ഷിച്ചു കണ്ണില്‍ എണ്ണയൊഴിച്ചു കാവല്‍ നില്‍ക്കുന്നത് കാണാന്‍ ബഹുരസം.

മുസ്ളിം യൂത്ത് ലീഗ് സംസ്ഥാന നേതാവായ കെ എം ഷാജി, പോപ്പുലര്‍ ഫ്രണ്ടിന്റെ ക്യാമ്പസ് വിഭാഗ സെക്രട്ടറി സി അബ്ദുറൌഫ് തുടങ്ങിയവരും അവരുടെ വോട്ട് യുഡിഎഫ് ചിഹ്നങ്ങളില്‍ പതിപ്പിക്കുന്നതിനു പറയുന്ന ന്യായം ഒന്നുമാത്രം. സിപിഐ എം എന്ന ദുര്‍ഭൂതത്തെ ഉച്ചാടനം ചെയ്യുക. എന്തുകൊണ്ടെന്നല്ലെ സിപിഐ എം മഅ്ദനിയുടെ മാനസാന്തരത്തെ മാനിക്കുന്നു. മതേതരത്വത്തെ അംഗീകരിക്കാത്ത ജമാ അത്ത് ഇസ്ളാമി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു. മലപ്പുറത്തെയും മഞ്ചേരിയെയും ചുവപ്പിക്കാനിറങ്ങിയിരിക്കുന്നു. ആരാണ് അസ്സല്‍ മതേതരവാദികളെന്നല്ലെ. പേരിലും കൊടിയിലും എല്ലാം മതചിഹ്നം പ്രതിഷ്ഠിച്ചിരിക്കുന്നെങ്കിലും പ്രസംഗത്തില്‍ മതേതരത്വം എന്നു സദാ ഉരുവിടുന്ന മുസ്ളിം ലീഗുകാര്‍. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ പാണക്കാട് തങ്ങളോടൊ ഇ അഹമ്മദിനോടൊ ചോദിച്ചു ബോധ്യപ്പെടുക.

ഉത്തരം താങ്ങുന്ന പല്ലികള്‍

പ്രത്യക്ഷ വലതുപക്ഷ ലിഖിതങ്ങളെ മാറ്റിനിര്‍ത്തിയാല്‍ അവശേഷിക്കുന്ന ലേഖനങ്ങളില്‍ പ്രാധാന്യം പരോക്ഷ വലതുപക്ഷാഭിമുഖ്യത്തോടു കൂറുകാണിക്കുന്ന സോഷ്യല്‍ ആക്റ്റിവിസ്റുകളുടെ ലേഖനങ്ങള്‍ക്കാണ്. കെ കെ കൊച്ച്, ജ്യോതിനാരായണന്‍, ഗീതാനന്ദന്‍-ഇവരെ ഈ വിഭാഗത്തില്‍പ്പെടുത്തി വിശകലനം ചെയ്യുന്നതായിരിക്കും സൌകര്യം. തീവ്രവിപ്ലവത്തിന്റെ ഹാങ്ഓവര്‍ വിട്ടുമാറാത്ത ഈ വിഭാഗം ലേഖകന്മാര്‍ ഉത്തരംതാങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയിലാണെന്നും തോന്നുന്നു. ഈ സമൂഹവും അതിന്റെ പ്രശ്നങ്ങളും ആകെ താങ്ങുന്നത് തങ്ങളുടെ ചുമലുകളാണ് എന്നു ഭാവിക്കുന്ന ശുദ്ധാത്മാക്കള്‍! പലരും ഇവരിലേക്കു അപൂര്‍വമായി ആകര്‍ഷിക്കപ്പെടാറുണ്ട്. ലോകത്തെ പഠിപ്പിക്കുക എന്നത് തങ്ങളുടെ ബാധ്യതയാണെന്നു കരുതുന്ന ഇവര്‍ ലോകത്തില്‍നിന്ന് യാതൊരു പാഠങ്ങളും പഠിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഈ മുന്‍ വിപ്ലവകാരികളില്‍ ഏറെപ്പേരും സ്വന്തം ഈഗോയുടെ തടവറയില്‍ ബന്ധിതരായി കഴിഞ്ഞുകൊണ്ട് വമ്പിച്ച ബഹുജന അടിത്തറയുള്ള സിപിഐ എമ്മിനെ ധൈഷണികമായി ആക്രമിക്കാന്‍ പാടുപെടുന്നു. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ പാടെ നിരസിക്കുന്ന ഇവര്‍ വലതുപക്ഷ സ്ഥാനാര്‍ഥികളില്‍ നിന്ന് വന്‍ തോതില്‍ ധനസഹായം പറ്റിതെരഞ്ഞെടുപ്പു ഗോദായില്‍ സ്വതന്ത്രവേഷം കെട്ടിയ സ്ഥാനാര്‍ഥികളായി പ്രത്യക്ഷപ്പെടുന്നു. ഇത്തരം നപുംസക സ്ഥാനാര്‍ഥികള്‍ക്കു വോട്ടു ചെയ്തുവേണം ജനകീയ സമരങ്ങള്‍ വിജയിപ്പിക്കാന്‍ എന്ന വിചിത്രമായ കണ്ടെത്തലാണ് കെ കെ കൊച്ചും എം ഗീതാനന്ദനും ജ്യോതിനാരായണനും അവതരിപ്പിക്കുന്നത്.

ഗീതാനന്ദന്റെ ലേഖനത്തിലെ ചില പരാമര്‍ശങ്ങള്‍ കാണുക. മറ്റു മതസാമുദായിക വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ അരമനകളും പള്ളികളും സന്ദര്‍ശിക്കുന്നവര്‍ ദളിത് ആദിവാസി സമുദായ പ്രശ്നങ്ങളുടെ പിന്തുണ തേടി അവരുടെ സമുദായ നേതാക്കളെ കാണാന്‍ ചെല്ലാറില്ല. ദളിത് ആദിവാസികളും മറ്റു സമുദായങ്ങളെപ്പോലെ തന്നെ ഒരു വോട്ടുബാങ്കാണെന്നും ഇപ്പോള്‍ അവര്‍ക്കും സമുദായ നേതാക്കന്മാരായി തങ്ങളുണ്ടെന്നും, മുഖ്യധാരാരാഷ്ട്രീയകക്ഷികളുടെ നേതാക്കന്മാര്‍ വിലപേശല്‍ തന്ത്രങ്ങളുമായി എന്തുകൊണ്ട് തങ്ങളെ സമീപിക്കുന്നില്ലെന്നുമുള്ള സംശയമാണ് ഗീതാനന്ദന്റെ ചോദ്യത്തിലൂടെ പുറത്തു വരുന്നത്. സാമുദായിക വിഭാഗീയതകളെ മറികടക്കാനുള്ള മതേതര ജനാധിപത്യകൂട്ടായ്മ എന്ന കമ്യൂണിസ്റ്റ് ദര്‍ശനത്തോട് ഈ അഭിനവ ദളിത് മിശിഹാകള്‍ യോജിക്കുന്നതല്ല.

ഇവരുടെ നേതൃത്വത്തിനു പിന്നാലെ തല കുനിച്ചു നടക്കുന്ന പാവം ദളിത്, ആദിവാസികളെ ഏതറവുശാലയിലേക്കായിരിക്കും ഇവര്‍ നയിക്കുക എന്ന സംശയം നമുക്കു മുമ്പില്‍ ബാക്കിനില്‍ക്കുന്നു. ഹിന്ദുമൌലികാതാവാദത്തിനു ബദലായി മുസ്ളിം മതമൌലികാതാവാദം ഉയര്‍ത്തുന്നതുപോലെയോ അതിലും അപകടകരമോ ആണ് ഇവരുയര്‍ത്തുന്ന ദളിത് മൌലികതാവാദം. ദളിതരും ആദിവാസികളും ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗംതന്നെയാണെന്നും കമ്യൂണിസ്റ്റു പാര്‍ടി വിഭാവനം ചെയ്യുന്ന തൊഴിലാളി വര്‍ഗസംസ്കാരത്തിന്റെ മുന്‍നിരയില്‍ സ്ഥാനം നേടേണ്ടവര്‍ ഇവര്‍ തന്നെയാണെന്നുമുള്ള പ്രാഥമിക പാഠംപോലും അംഗീകരിക്കാന്‍ ഈ തീവ്രവാദികള്‍ തയ്യാറല്ല. ദളിതരും ആദിവാസികളും ഇന്നനുഭവിക്കുന്ന ദുരിതവും കഷ്ടപ്പാടും കൂടുതല്‍ രൂക്ഷമാക്കാനെ ഈ നിലപാട് സഹായിക്കൂ. എരിതീയില്‍ നിന്നു വറചട്ടിയിലേക്കു തള്ളിയിടുന്ന ഏര്‍പ്പാടാകരുത് ഇവര്‍ നടത്തുന്ന ദളിത് വിമോചന പ്രവര്‍ത്തനങ്ങള്‍. ആരാണിവരോട് ഇതൊക്കെപ്പറഞ്ഞു കൊടുക്കുക? വോട്ടു ബാങ്കുരാഷ്ട്രീയത്തില്‍ തങ്ങളുടേതായ ഫിക്സഡ് ഡെപ്പോസിറ്റ് വര്‍ധിപ്പിക്കുന്നതിലൂടെ എല്ലാ പ്രശ്നവും പരിഹരിക്കപ്പെട്ടുകൊള്ളും എന്ന വ്യാമോഹമാണ് ഇവര്‍ ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ക്കു സമ്മാനിക്കുന്നത്.

സെക്കുലറിസത്തിന്റെ വ്യാഖ്യാനഭേദങ്ങള്‍

രണ്ടു വിപരീതദിശകളില്‍നിന്നു സഞ്ചാരംതുടങ്ങി പരസ്പരം അറിയാതെ ഒരേ ദിശയില്‍ സന്ധിച്ച്, ലക്ഷ്യമാക്കിയതിന്റെ എതിര്‍ദിശയിലേക്കൊരുമിച്ചു സഞ്ചരിക്കുന്ന ലേഖകന്മാരാണ് ഒ അബ്ദുറഹ്മാനും ഹമീദ് ചേന്നമംഗലൂരും. നിലവിലുള്ള മതേതരത്വസങ്കല്പങ്ങള്‍ വ്യാജമാണെന്നും രണ്ടുപേരും സമ്മതിക്കുന്നു. ഒരാള്‍ക്ക് ഇസ്ളാം ഒഴികെ സര്‍വരും മതമൌലികതാവാദികളും മതേതരത്വത്തിന്റെ ശത്രുക്കളുമാണ്. മറ്റേയാള്‍ക്കാകട്ടെ സര്‍വമതങ്ങളും മതേതരത്വത്തിനെതിരാണ്. അല്പമെങ്കിലും അനുഭാവം സവര്‍ണഹിന്ദുത്വത്തിന്റെ ദേശീയതാസങ്കല്പത്തോടാണ്. അതുകൊണ്ടാണിപ്പോള്‍ സ്ഥിരമായ എഴുത്തു ദേശാഭിമാനിയില്‍നിന്നും മാതൃഭൂമിയില്‍ നിന്നും ജന്മഭൂമിയിലേക്കു മാറ്റിയിരിക്കുന്നത്. ജന്മഭൂമിക്കിപ്പോള്‍ ഏറ്റം പ്രിയപ്പെട്ട മതേതരവാദി ഹമീദ് ചേന്നമംഗലൂരായിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ വേണം ഒ അബ്ദുറഹ്മാന്റെയും ഹമീദ് ചേന്നമംഗലൂരിന്റെയും പരസ്പരവിരുദ്ധ രാഷ്ട്രീയ ദര്‍ശനങ്ങളില്‍ വിയോജിപ്പിന്റെ എന്നപോലെ യോജിപ്പിന്റെയും തലങ്ങള്‍ കണ്ടെത്താനാകുന്നത്.

ഏറെക്കാലമായി തീവ്രമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മതേതരത്വം. കോണ്‍ഗ്രസു മുതല്‍ ബിജെപി വരെയുള്ള സര്‍വരാഷ്ട്രീയ കക്ഷികളും നാഴികയ്ക്ക് നാല്പതുവട്ടം മതേതരത്വത്തെ പിടിച്ച് ആണയിടുന്നു. തങ്ങളിലാരാണ് കൂടുതല്‍ മതേതരവാദികളെന്നതിനെക്കുറിച്ച് മതാധിഷ്ഠിത രാഷ്ട്രീയകക്ഷികള്‍പോലും വീറോടും വാശിയോടും തര്‍ക്കിക്കുന്നു. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ അടിസ്ഥാന ഭരണഘടനാതത്വങ്ങളോടുളള ഈ കക്ഷികളുടെ പ്രതിബദ്ധത കപടമാണെന്ന് ബഹുജനങ്ങള്‍ക്ക് പലവട്ടം ബോധ്യപ്പെട്ടുകഴിഞ്ഞിട്ടും എന്തിനാണിവര്‍ ഈ തര്‍ക്കം തുടരുന്നത്?

ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നീ അടിസ്ഥാനതത്വങ്ങളില്‍ ഇന്ന് ഏറെ ആശയക്കുഴപ്പം നിലനില്‍ക്കുന്നത് മതേതരത്വം (Secularism) എന്ന ആശയത്തിനാണെന്ന് തോന്നുന്നു. ശിവസേന മുതല്‍ മുസ്ളിംലീഗ് വരെ സര്‍വരും മതേതരത്വത്തിന്റെ മുഖംമൂടിയണിയുമ്പോള്‍ യഥാര്‍ഥത്തില്‍ എന്താണീ സാധനം എന്നറിയാനുളള ആഗ്രഹം സാമാന്യജനങ്ങളില്‍ വര്‍ധിക്കുന്നു. ഭാഷാപരമായി വളരെ കുഴപ്പംപിടിച്ച ഒരു പദപ്രയോഗമാണ് മതേതരത്വം-അഥവാ സെക്യുലറിസം. ഇതിന്റെ കൃത്യമായ അര്‍ഥം ഗ്രഹിക്കുവാന്‍ ഈ വാക്ക് ആവിര്‍ഭവിച്ച ചരിത്രപശ്ചാത്തലം കൂടെ മനസ്സിലാക്കേണ്ടതുണ്ട്. ആധുനിക പാശ്ചാത്യപ്രബുദ്ധതയുടെ അതിപ്രധാനമായ ഒരു തിരിച്ചറിവ് എന്ന നിലയിലാണ് ഈ വാക്ക് പ്രാബല്യത്തില്‍ വരുന്നത്. യൂറോപ്പില്‍ കത്തോലിക്കരും പ്രൊട്ടസ്റന്റുകാരും തമ്മില്‍ ദീര്‍ഘകാലം യുദ്ധം ചെയ്തു. ജയ-പരാജയങ്ങള്‍ ഇരുകക്ഷികളെയും നിര്‍ദിഷ്ടമായ ഇടവേളകള്‍ക്ക് ശേഷം മാറിമാറി പുണര്‍ന്നുകൊണ്ടിരുന്നു. 1648-ല്‍ വെസ്റ്റ് ഫേലിയാ ഉടമ്പടി മുഖേന യുദ്ധവിരാമം കുറിച്ചു സമാധാനം സ്ഥാപിതമായപ്പോള്‍ ഉഭയകക്ഷിധാരണപ്രകാരം മതത്തെ സംബന്ധിച്ച് ഒരു ധാരണ നിലവില്‍ വന്നു. ഇതുപ്രകാരം രാജാവിന്റെ മതം ജനങ്ങളും സ്വീകരിക്കണമെന്നതു നിര്‍ബന്ധമാക്കി. ഈ തത്വത്തിന്റെ പരസ്യമായ നിഷേധമായിരുന്നു ഫ്രഞ്ചു വിപ്ലവത്തെ തുടര്‍ന്നു യൂറോപ്പില്‍ പ്രബലമായ സെക്യുലര്‍ അഥവാ മതനിരപേക്ഷതത്വങ്ങള്‍. ഇതനുസരിച്ച് മതവും രാഷ്ട്രീയവും തമ്മില്‍ ക്രമവിരുദ്ധമായ ബന്ധമൊന്നും പാടില്ല. ഒരു രാജ്യത്തെ പൌരനെന്നനിലയില്‍ ആ രാജ്യത്തു പ്രാബല്യത്തിലുളള മതവിശ്വാസം സ്വീകരിച്ചുകൊളളണമെന്ന ബാധ്യതയൊന്നും പൌരന്മാര്‍ക്കില്ല. മതം ഒരു വ്യക്തിയുടെ സ്വതന്ത്രമായ തീരുമാനത്തിന്റെയും തെരഞ്ഞെടുപ്പിന്റേയും ഫലമായിരിക്കണം. ഇതായിരുന്നു സെക്യുലറിസ്റുകള്‍ ഉയര്‍ത്തിപ്പിടിച്ച ആശയം. ഭൂരിപക്ഷത്തിന്റെയോ ന്യൂനപക്ഷത്തിന്റെയോ ഇതു രണ്ടിലും പെടാത്തതോ ആയ മതവിശ്വാസങ്ങള്‍ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമായി സ്വീകരിക്കാനോ തിരസ്കരിക്കാനോ ഉളള സ്വാതന്ത്യം സെക്യുലറിസം പൌരന്മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

നമ്മുടെ രാജ്യത്ത് ഈ ആശയത്തിനു പ്രചാരം നല്‍കിയത് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു ആയിരുന്നു. നെഹ്റുവിന്റെ സമകാലികനായിരുന്ന വീരസവര്‍ക്കറിന്റെയും അദ്ദേഹം നേതൃത്വം കൊടുത്തിരുന്ന ഹിന്ദുമഹാസഭയുടെയും സങ്കല്പത്തിലുള്ള ഹൈന്ദവരാഷ്ട്രം എന്ന ആശയത്തെ നെഹ്റു അത്യന്തം ഭയപ്പെട്ടിരുന്നു. അടുത്തകാലത്തുമാത്രം ഇന്ത്യയിലുടനീളം സജീവമായിത്തുടങ്ങിയ ഹിന്ദുത്വരാഷ്ട്രം എന്ന ആശയം 1947ല്‍ തന്നെ പ്രാബല്യത്തില്‍ വന്നിരുന്നെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ ഏറെ പരിതാപകരമാകുമായിരുന്നു. ഇതു പരിഗണിക്കുമ്പോള്‍ നമ്മുടെ ഭരണഘടനയില്‍ ‘സെക്കുലറിസം’ എന്ന തത്വത്തിനു പ്രാമുഖ്യം നല്‍കിയതിന് നെഹ്റുവിന്റെ ക്രാന്തദര്‍ശിത്വത്തെ നമുക്കഭിനന്ദിക്കാതിരിക്കാനാവില്ല.

നെഹ്റു വിഭാവനം ചെയ്ത സെക്യൂലര്‍ സ്റേറ്റ് എന്ന പദപ്രയോഗം ഒരു ഭാരതീയഭാഷയിലേക്കും കൃത്യമായ അര്‍ഥവിവക്ഷയോടെ വിവര്‍ത്തനം ചെയ്യുക അസാധ്യമാണ്. സെക്കുലര്‍ എന്ന ഇംഗ്ളീഷ് പദത്തിനു പ്രാപഞ്ചികം. ഐച്ഛികം, ഐഹികം, ലോകായതം എന്നൊക്കെയാണ് അര്‍ഥം. മതരാഷ്ട്രമെന്നോ മതേതരരാഷ്ട്രമെന്നോ ഒക്കെയുള്ള സത്തകള്‍ക്കും സെക്കുലര്‍ സ്റ്റേറ്റിന്റെ കൃത്യമായ അര്‍ഥത്തെ വിനിമയം ചെയ്യാന്‍ ആവുകയില്ല. വടക്കേ ഇന്ത്യയില്‍ പ്രത്യേകിച്ചും മതം എന്ന് പദത്തേക്കാള്‍ 'ധര്‍മം' എന്ന പദമാണ് റിലിജിയന്‍ എന്ന ഇംഗ്ളീഷ് വാക്കിന്റെ തത്സമമായി ഉപയോഗിക്കപ്പെട്ടുപോരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ മതനിരപേക്ഷതയ്ക്കു പകരം ധര്‍മനിരപേക്ഷം എന്ന പ്രയോഗിച്ചാല്‍ കാര്യങ്ങളാകെ കുഴഞ്ഞുമറിയും. പദപ്രയോഗത്തിലെ ഈ അപകടത്തെക്കുറിച്ചു നെഹ്റു ബോധവാനായിരുന്നു. വിഭജനത്തെതുടര്‍ന്ന് പാകിസ്ഥാന്‍ ഒരു ഇസ്ളാമിക രാഷ്ട്രമെന്നു സ്വയം പ്രഖ്യാപിക്കുമ്പോള്‍ ഭാരതം ഒരു ഹൈന്ദവരാഷ്ട്രമായി കരുതപ്പെടാതിരിക്കാനുള്ള ഒരു മുന്‍കരുതലായിരുന്നു നെഹ്റുവിന്റേത്. ഇത്തരം പ്രവണതകളെ മുളയിലേ നുള്ളിക്കളയാന്‍ പര്യാപ്തമായ തത്തുല്യമായ മറ്റൊരു പദത്തിന്റെ അഭാവത്തിലാണ് നെഹ്റു സെക്കുലറിസം എന്ന ലേബല്‍ രാജ്യത്തിന്റെ തിരുനെറ്റിയില്‍ ഒട്ടിച്ചുവച്ചത്. മഹാത്മജിയുടെ പോലും എതിര്‍വാദങ്ങളെ അവഗണിച്ചുകൊണ്ടാണ് നെഹ്റു 1931ല്‍ സെക്കുലര്‍ സ്റ്റേറ്റ് പ്രമേയം കോണ്‍ഗ്രസ് സമ്മേളനത്തെക്കൊണ്ട് അംഗീകരിപ്പിച്ചത്.

സര്‍വമതത്തിനും വിശ്വാസത്തിനും പൂര്‍ണ സ്വാതന്ത്ര്യമുള്ള ഒരു സ്വതന്ത്ര സെക്കുലര്‍ സ്റ്റേറ്റാണ് നാം പണിതുയര്‍ത്തിയത് എന്ന് നെഹ്റു രാഷ്ട്രത്തോട് പരസ്യമായി പറഞ്ഞു. നെഹ്റുവിന്റെ സെക്കുലറിസം ശുദ്ധമതവിരുദ്ധതയാണെന്നും ഇന്ത്യയുടെ അടിസ്ഥാനവികാരം മതപരമാണെന്നുമുള്ള വാദഗതിക്ക് ഒട്ടേറെ അനുയായികളെ ലഭിച്ചു. അന്നത്തെ ജനസംഘവും അവരുടെ പിന്‍തുടര്‍ച്ചക്കാരായ ആര്‍ എസ് എസ് -ബി ജെ പി കക്ഷികളും നെഹ്റു മതവിരുദ്ധനാണെന്നും പറഞ്ഞു. ഇന്ത്യയുടെ ആദ്ധ്യാത്മപാരമ്പര്യത്തെ മാനിക്കാത്ത ശുദ്ധമതനിഷേധിയുമാണെന്ന് ഹിന്ദുത്വാനുകൂലികള്‍ പറഞ്ഞുകൊണ്ടേയിരുന്നു. പാകിസ്ഥാന്റെ ജനയിതാവായ ജിന്നയും സ്വകാര്യ ജീവിതത്തില്‍ ശുദ്ധമതവിരുദ്ധനായിട്ടുകൂടി അധികാരം നിലനിര്‍ത്താന്‍ ഇസ്ളാമിക് മുഖംമൂടി അണിയുകയായിരുന്നു. പ്രയോഗത്തില്‍ മൃദുഹിന്ദുത്വം പിന്തുടര്‍ന്നിരുന്ന നെഹ്റു തത്വത്തില്‍ സെക്കുലറിസ്റായിരുന്നു. ജിന്നയാകട്ടെ തത്വത്തില്‍ മതനിഷേധിയായിരിക്കുമ്പോള്‍ തന്നെ പ്രയോഗത്തില്‍ ഇസ്ളാമിക മുഖംമൂടി അണിഞ്ഞു. അധികാരം നിലനിര്‍ത്താനുള്ള അടവുകള്‍ പയറ്റി. പില്‍ക്കാലത്ത് ഇരുരാഷ്ട്രങ്ങളെയും കൂടുതല്‍ സങ്കീര്‍ണമായ പ്രശ്നങ്ങളിലേക്ക് തള്ളിയിടുകയായിരുന്നു ഈ നിലപാട്.

ഈ പശ്ചാത്തലത്തില്‍ വേണം ഒ അബ്ദുറഹ്മാന്റെയും ഹമീദ് ചേന്ദമംഗലൂരിന്റെയും വാദഗതികളെ പരിശോധിക്കാന്‍. ഇടതു വലതുമുന്നണികളെ ഒരുപോലെ എതിര്‍ക്കുന്ന ഇവരിരുവര്‍ക്കും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ബദല്‍ ചിന്തകളോട് ഒരു തരത്തിലും പൊരുത്തപ്പെടാനാവുന്നില്ല. തങ്ങളകപ്പെട്ട വിഷമവൃത്തത്തെക്കുറിച്ചിരുവര്‍ക്കും മതിയായ ബോധ്യമില്ല. സാമ്രാജ്യത്വവിരോധം പോലുള്ള വിഷയങ്ങളില്‍ ഇരുവര്‍ക്കുമുള്ള എതിര്‍പ്പിന്റെ കാഠിന്യത്തെ കുറച്ചുകാണുന്നില്ല. ഇടതും വലതുമല്ലാത്ത - കോണ്‍ഗ്രസും ബി ജെ പിയുമല്ലാത്ത മറ്റേതോ കേന്ദ്രങ്ങളില്‍ നിന്ന് യഥാര്‍ഥ ജനാധിപത്യവും മതേതരത്വവും ഒക്കെ കുതിച്ചുയരുമെന്നു പ്രതീക്ഷിക്കുന്ന ഇത്തരം കാല്പനിക വിപ്ലവകാരികളുടെ കാഴ്ചപ്പാടുകള്‍ സാധാരണ വായനക്കാരന്റെ മുമ്പില്‍ ചതിക്കുഴികള്‍ തീര്‍ക്കുകയാണ്.

ഹമീദ് ചേന്ദമംഗലൂരിന്റെ നിലപാടുകള്‍ ഈയിടെയായി ഏറെ വിചാരണചെയ്യപ്പെട്ടിട്ടുണ്ട്. ഏറെ പ്രസിദ്ധമായ ശരിഅത്ത് വിരുദ്ധസമരത്തിന്റെ മുന്‍നിരയിലേക്ക് വേഗം ഉയര്‍ന്നുവന്ന ഒരു പരിഷ്കരണവാദിയായിരുന്നു അദ്ദേഹം. ഇസ്ളാം ഉള്‍പ്പെട്ട ഒരു മതത്തിലും താന്‍ വിശ്വസിക്കുന്നില്ലെന്നും എങ്കില്‍ത്തന്നെ ഇസ്ളാംമതത്തിലെ ഇരകളാക്കപ്പെട്ട പാവങ്ങള്‍ക്കുവേണ്ടി വേട്ടക്കാര്‍ക്കെതിരെ വിരല്‍ ചൂണ്ടാനും വിമര്‍ശനശരങ്ങള്‍ വര്‍ഷിക്കാനും തനിക്ക് മാനുഷികമായ കടപ്പാടുണ്ടെന്നും പ്രഖ്യാപിക്കുന്ന കെ ഇ എന്നുമായി താരതമ്യപ്പെടുത്തുമ്പോള്‍ തങ്ങളുടെ കാലത്തെ സാമൂഹ്യപരിഷ്കരണ സംരംഭങ്ങളില്‍ ഹമീദ്മാഷിന്റെ പങ്ക് തുലോം തുച്ഛമാണെന്നു ആരും പറഞ്ഞുപോകും.

പിഡിപി-സിപിഐഎം ബന്ധത്തിന്റെ പേരില്‍ ആശയക്കുഴപ്പങ്ങള്‍ക്ക് ആഴം കൂട്ടുന്നതരത്തില്‍ നിരന്തരമായി വായ്ത്താരി മുഴക്കുന്ന ഹമീദ് ചേന്ദമംഗലൂരും എം എന്‍ കാരശ്ശേരിയും ഉള്‍പ്പെടെയുളള മതേതര മുസ്ളിം മുദ്രയണിഞ്ഞ പരിഷ്കരണവാദികളുടെ വാദഗതികള്‍ക്ക് പിന്നിലെ കാപട്യത്തെ താഹ മാടായി ഏപ്രില്‍ലക്കം പച്ചക്കുതിര മാസികയില്‍ സസൂഷ്മം വിചാരണചെയ്യുന്നുണ്ട്. അതു കൂടെ ഇവിടെ ചേര്‍ത്തുവച്ചു വായിക്കാവുന്നതാണ്.

മതേതര മുസ്ളിം ഒരു വ്യാജപരികല്‍പ്പന ആണെന്നു താഹ മാടായി മാര്‍ക്സിസ്റ് പാര്‍ടി- മഅ്ദനി ബന്ധത്തെ വിമര്‍ശിക്കുന്നവര്‍ക്കുളള മറുപടിയെന്നനിലയില്‍ സ്ഥാപിക്കുന്നു. താഹയുടെ നിരീക്ഷണം.'മതേതര മുസ്ളിം എന്ന കെട്ടുകഥയ്ക്ക് പകരം സി പി എം രൂപപ്പെടുത്തുന്ന പുതിയ കഥാമൌലൂദുകള്‍ വലിയ കാലൂഷ്യങ്ങളാണ് സൃഷ്ടിക്കാന്‍ പോകുന്നത്. ഒരു മുസ്ളിമിന് ബദല്‍ മറ്റൊരു മുസ്ളിം അല്ല അങ്ങനെ ആയിരിക്കുകയും അരുത്. മുസ്ളിം സംഘടനകള്‍പോലും പരസ്പരം ബദലുകളല്ല. പൊതു സമ്മതനായ ഒരു ഹിന്ദുവിനുപോലും ഒരു മുസ്ളിം വോട്ടു ചെയ്യുമെന്നതാണ് സത്യം. കാരണം ഒരു മതേതര മുസ്ളിമിനേക്കാള്‍ ശുദ്ധരും നിഷ്കളങ്കരുമാണ് ഒരു യാഥാസ്ഥിതിക മുസ്ളിം.''' ഒരു മുസ്ളിം എന്ന നിലയില്‍ മുസ്ളിം സമുദായത്തിന്റെ സുരക്ഷയെക്കുറിച്ചും സംസാരിക്കാതെ മുസ്ളിം സമുദായത്തെ അഭിസംബോധന ചെയ്യാനോ ഹമീദ് ചേന്ദമംഗല്ലൂരിനോ എം എന്‍ കാരശ്ശേരിക്കോ ഉള്ളതിലും ഏറെ അവകാശം തീര്‍ച്ചയായും അബദുല്‍ നാസര്‍ മഅ്ദനിക്കും പി കെ കുഞ്ഞാലിക്കുട്ടിക്കും ഉണ്ട്. ഇവരില്‍ ആരുടെ പക്ഷമാണ് തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ക്കു കൂടുതല്‍ ജനസ്വീകാര്യത ലഭ്യമാക്കാന്‍ സഹായകമാവുക എന്നതിന്റെ അടിസ്ഥാനത്തിലാണ് സിപിഐ എം പോലൊരു പാര്‍ടി അതിന്റെ പരസ്പരസഹകരണത്തിനുള്ള കൈകള്‍ നീട്ടിക്കൊടുക്കുന്നത്.

വിപുലമാകുന്ന കമ്യൂണിസ്റ് ബഹുജന അടിത്തറയും സെക്കുലര്‍ മുസ്ളിം എന്ന വ്യാജപരികല്‍പ്പനയും

കമ്യൂണിസ്റ് ഇടതുപക്ഷരാഷ്ട്രീയത്തിന് വിപുലമായ ബഹുജന അടിത്തറയാണുള്ളത്. ഇതു മനസ്സിലാക്കാതെയുള്ള വിമര്‍ശനമാണ് മാര്‍ക്സിസ്റുപാര്‍ടി-പിഡിപി സഹകരണത്തെ മുന്‍നിറുത്തി സ്വയം സെക്കുലറിസ്സുകള്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടുള്ള ഇവരുടെ വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ ജനശ്രദ്ധയില്‍പ്പെടുത്തുന്നത്. ഒരു ദശാബ്ദം ജയിലില്‍ പീഡിപ്പിക്കപ്പെട്ടിട്ടും ആരോപണങ്ങളില്‍ ഒന്നുപോലും തെളിയിക്കപ്പെടാനാകാത്ത സാഹചര്യത്തില്‍ ജയില്‍ വിമോചിതനായ അബ്ദുല്‍ നാസര്‍ മഅ്ദനിയെന്ന മതാധ്യാപകനും, അദ്ദേഹം നയിക്കുന്ന രാഷ്ട്രീയ പാര്‍ടിയും നിരുപാധിക പിന്തുണയുമായി ഇടതുപക്ഷകക്ഷികളെ സമീപിക്കുമ്പോള്‍ ഹോയ് ഹോയ് വിളിച്ച്, സ്വന്തം വഴിത്താരയില്‍ നിന്നു പാവം ദളിതനെ ആട്ടിയകറ്റിയിരുന്ന പഴയ നമ്പൂതിരിയുടെ മട്ടില്‍, അയിത്തം പാലിച്ചു ശുദ്ധത കാക്കണമെന്നു സിപിഐ എമ്മിനെ ഉപദേശിക്കുന്നവരുടെ ഉള്ളിലിരുപ്പ് വ്യക്തമാണ്. പാര്‍ടിയെയും അതിന്റെ ജനകീയാടിത്തറയെയും ശിഥിലമാക്കുക. ഹമീദ് ചേന്ദമംഗലൂര്‍ മാതൃഭൂമി ലേഖനത്തില്‍ താന്‍ കണ്ട തെരഞ്ഞെടുപ്പു ചിത്രങ്ങളെന്ന മട്ടില്‍ ചരടുപൊട്ടിച്ചു പറപ്പിക്കുന്ന പട്ടം യുഡിഎഫിന്റെ മരക്കൊമ്പിലാണ് ഉടക്കിയിരിക്കുന്നത്. മുമ്പേതന്നെ താന്‍ സ്വന്തമാക്കിക്കഴിഞ്ഞ ഇടതുപക്ഷസഹയാത്രികന്‍, പുരോഗമന പക്ഷവാദി, മതേതരമുസ്ളിം തുടങ്ങിയ വിശേഷണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാദങ്ങളെ അവഗണിച്ചു തള്ളുന്നത് ശരിയാവില്ല എന്നതിനാലാണ് അദ്ദേഹത്തിന്റെ വാദഗതികളെ ഇവിടെ കൂടുതല്‍ ചര്‍ച്ചയ്ക്കു വിഷയമാക്കുന്നത്.

തന്റെ ലേഖനത്തില്‍ ഹമീദ് ഊന്നല്‍ കൊടുക്കുന്നത് കേവലമായ മതനിരപേക്ഷത എന്ന ആശയത്തിനാണ്. ഒട്ടും സുഗ്രാഹ്യമല്ല ഇത്. ഇന്ത്യയുടെ ഭൂതകാലചരിത്രത്തില്‍ സംഭവിച്ച രാജ്യവിഭജനം എന്ന കൈത്തെറ്റ് കേവലം മതപരം മാത്രമായിരുന്നു എന്ന ധാരണ ശരിയല്ല. ഹിന്ദു-മുസ്ളിം വേര്‍തിരിവ് തന്നെ നമ്മുടെ ഈ ഉപഭൂഖണ്ഡത്തില്‍ അരങ്ങേറുന്നത് സവര്‍ണ ഹിന്ദുമതത്തിന്റെ പീഡനങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് എന്ന നിലയിലായിരുന്നു എന്ന കാര്യം ഇസ്ളാമിന്റെ ചരിത്രപരമായ പങ്ക് എന്ന ഗ്രന്ഥത്തില്‍ എം എന്‍ റോയ് നിരീക്ഷിച്ചിട്ടുണ്ട്. മതപ്രവാചകന്മാര്‍ കേവലം മതതത്വങ്ങളുമായി മാത്രമല്ല ജനങ്ങളെ സമീപിച്ചിരുന്നത്. തങ്ങളുടെ കാലത്തെ സമൂഹത്തെ ഗുണപരമായി മുന്നോട്ടു നയിക്കുന്ന മാറ്റത്തിന്റെ ശില്പികള്‍ കൂടെ ആയിരുന്നു അവര്‍. ഇതു മനസ്സിലാക്കാതെയുള്ള മതവിമര്‍ശനമാണ് മതേതരവാദികളെന്ന സ്വയം വിശേഷണത്തില്‍ അഭിരമിക്കുന്ന പല സാമൂഹ്യ ചിന്തകരും നടത്തുന്നത്. ഇതിന്റെ ഫലമായിട്ടാണ് സമീപകാലത്തുയര്‍ന്നുവന്ന പാഠപുസ്തക വിവാദത്തെ മുന്‍നിറുത്തി ചേന്ദമംഗലൂര്‍ ഇങ്ങനെ നീരീക്ഷിക്കുന്നത്. ' "മതനിരപേക്ഷമൂല്യങ്ങളെക്കാള്‍ വലത് മതാന്ധരുടെ പിന്തുണയാണെന്ന തത്വം അംഗീകരിക്കുകയായിരുന്നു സര്‍ക്കാര്‍.''' സത്യമെന്തായിരുന്നു എന്നു നമുക്കേവര്‍ക്കും അറിയാം. ഇത്തരം ചില പാഠപുസ്തക പരാമര്‍ശങ്ങളുടെ പേരില്‍ കേരളം അറബിക്കടലില്‍ താണുപോകുന്നു എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടുള്ള പ്രചാരണകോലാഹലങ്ങളാണ് മാതൃഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും ബഹുജനങ്ങള്‍ക്കാരാധ്യരായ മതാധ്യക്ഷരും നടത്തിയത്. ജനങ്ങളുടെ മേല്‍ ഒരു ജനകീയ സര്‍ക്കാരിന് കെട്ടിവയ്ക്കാനാവുന്നതല്ലല്ലോ മതനിരപേക്ഷ മൂല്യങ്ങള്‍. ഇപ്പോള്‍ സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട മിക്ക മതനിരപേക്ഷ മൂല്യങ്ങളും ഓരോ നിര്‍ദിഷ്ട കാലയളവിനുള്ളില്‍ മതത്തില്‍ നിന്നുതന്നെ പിറവിയെടുത്തവയാണെന്ന കാര്യം മത ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും.

മതമൌലികവാദികളുടെ അടഞ്ഞ സമൂഹത്തിനു സമാന്തരമായി മറ്റൊരു അടഞ്ഞ സമൂഹം സൃഷ്ടിക്കലല്ല ഇന്നു കമ്യൂണിസ്റ്റു പാര്‍ടികള്‍ ലക്ഷ്യമാക്കുന്നത്.

സമ്പന്ന നാഗരികതയുടെ അളവുകോലുകളും അയഥാര്‍ഥമായ നിഗമനങ്ങളും

താന്‍ ഏതുചേരിയില്‍, തന്റെ വോട്ട് ആര്‍ക്ക് എന്നീ ചോദ്യങ്ങള്‍ക്കൊന്നും ഒരുത്തരവും നല്‍കാത്ത, ആരെയും പിണക്കാത്ത, ആര്‍ക്കും എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന തരത്തില്‍ അസംഘടിതരുടെ സംഘപ്പൊരുള്‍ എന്ന പേരില്‍ കഥാകൃത്ത് സേതു ഈ ചര്‍ച്ചയില്‍ പങ്കു ചേരുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഒട്ടുമുക്കാലും, സര്‍ഗാത്മകസാഹിത്യകാരന്റെ ധിഷണാവൈഭവത്തിന് നിരക്കുന്നവ തന്നെ. സംഘടിത സമൂഹങ്ങള്‍ അസംഘടിതരായി സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്നവരുടെ അവകാശങ്ങളെ അപഹരിക്കുന്നു എന്നത് നമ്മള്‍ കേട്ടുപഴകിയ പല്ലവിയാണ്. ഇദ്ദേഹത്തിന്റെ നിഗമനങ്ങളില്‍ പലതും ഉപരിപ്ലവപരവും ഏറെക്കുറെ വികസിത പാശ്ചാത്യനാടുകളെ അവലംബിച്ചു നടത്തിയിട്ടുള്ള പഠനങ്ങളുടെ ഉല്പന്നങ്ങളുമാണ്. നമ്മുടെ നാട്ടിലെ യുവജനങ്ങളില്‍ രാഷ്ട്രീയ നിസ്സംഗത വളര്‍ന്നുവരുന്നു, അവര്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുന്നു എന്നൊക്കെ ഉളള നിഗമനങ്ങള്‍ ലഭ്യമായ കണക്കുകള്‍ ശരിവയ്ക്കുന്നില്ല. മാറി മാറി വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഏറെക്കുറേ 80% ആളുകള്‍ വോട്ടു രേഖപ്പെടുത്തുന്നതായിട്ടാണ് ഔദ്യോഗിക - അനൌദ്യോഗിക കണക്കുകള്‍. സേതു ആക്ഷേപിക്കുന്നതുപോലെ യുവജനങ്ങള്‍ പ്രത്യേകമായ ഒരു രാഷ്ട്രീയവിമുഖതയും കാണിക്കുന്നതായും നമുക്കനുഭവപ്പെടുന്നില്ല. അദ്ദേഹം പറയുന്ന അസംഘടിതരായ അസംതൃപ്തര്‍ എന്ന നിലയില്‍ നമ്മള്‍ കാണുന്നത് ബഹുരാഷ്ട്രകുത്തകകള്‍ക്കുവേണ്ടി സേവനം ചെയ്യുന്നവരും, മോശമല്ലാത്ത പ്രതിഫലം കൈപ്പറ്റുന്നവരും, തോട്ടം ഉടമകളും, ബിസിനസ്സ് കോര്‍പറേറ്റുകളോടു ബന്ധപ്പെട്ട എക്സിക്യൂട്ടീവുകളും മറ്റുമാണ്. അവര്‍ സദാ അരാഷ്ട്രീയതയുടെ സുവിശേഷം ഉരുവിട്ടുകൊണ്ടിരിക്കും. പഞ്ചനക്ഷത്രസൌകര്യങ്ങളില്‍ അന്തിയുറങ്ങുന്നവരും സ്വന്തം നാട്ടില്‍ വേരുകളില്ലാത്തവരുമായ ഇത്തരക്കാരുടെ പരിദേവനങ്ങള്‍ക്ക് കാതോര്‍ക്കാനുളള സമയമല്ല ഇത് എന്നതിനാല്‍ ഇതിലെ പല നിഗമനങ്ങളെയും അവഗണിക്കാവുന്നതേയുള്ളൂ. ഇന്ത്യയിലെ പ്രമുഖ കമ്യൂണിസ്റ്പാര്‍ടിയായ സിപിഐ എം ഇന്ന് ലോകത്തിന്റെ തന്നെ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ് പാര്‍ടിയാണ്. ഈ പാര്‍ടിയുടെ വര്‍ധിച്ചുവരുന്ന ജനകീയാടിത്തറയില്‍ വെകളിപൂണ്ട പ്രതിലോമശക്തികളോടൊപ്പം ചില മതനിരപേക്ഷ മൌലികതാവാദികളും രംഗത്ത് വന്നിരിക്കുന്നതിന്റെ പ്രതിഫലനമാണ് ഇവിടെ ചര്‍ച്ചാവിഷയമായ ' 'എന്റെ വോട്ട് - എന്റെ രാഷ്ട്രീയം' ' എന്ന മാതൃഭൂമി വാരികയിലെ ലേഖന സമാഹാരം.

കെ സി വര്‍ഗീസ് ദേശാഭിമാനി