Thursday, May 7, 2009

കേരളത്തിലെ തൊഴിലന്തരീക്ഷം

ഈ വര്‍ഷത്തെ സാര്‍വദേശീയ തൊഴിലാളിദിനത്തില്‍ കേരളത്തില്‍ പ്രധാന ചര്‍ച്ചാവിഷയമായത് കേരള ഹൈക്കോടതിയില്‍നിന്ന് ട്രേഡ് യൂണിയനുകളെക്കുറിച്ചുണ്ടായ നിരീക്ഷണമാണ്. മെയ്ദിനത്തലേന്നുതന്നെ അങ്ങനെയൊരു നിരീക്ഷണമുണ്ടായത് യാദൃശ്ചികമാണ്. ആഗോളവല്‍ക്കരണത്തിന്റെയും ആഗോള സാമ്പത്തികമാന്ദ്യത്തിന്റെയും ഫലമായി ലോകമെങ്ങും തൊഴിലാളികള്‍ കടുത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഇത്തവണ മെയ്ദിനം എത്തിയത്. അതുകൊണ്ടുതന്നെ മെയ്ദിനത്തലേന്ന് കേരളത്തിലെ തൊഴിലന്തരീക്ഷം സംബന്ധിച്ചുണ്ടായ നിരീക്ഷണം സാമാന്യത്തിലധികം ചര്‍ച്ച ചെയ്യപ്പെട്ടു. കൊച്ചി തുറമുഖത്തെ ഒരു തൊഴില്‍ത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് തൊഴിലന്തരീക്ഷം സംബന്ധിച്ച പരാമര്‍ശമുണ്ടായത്. കേരളത്തിലെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഉത്തരവാദിത്തബോധമില്ലെന്നും ഇവിടെ നിരന്തരം പണിമുടക്കാണെന്നും അതുകൊണ്ട് വ്യവസായനിക്ഷേപം വരുന്നില്ലെന്നും വ്യവസായങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവുകയാണെന്നുമൊക്കെ പരാമര്‍ശമുണ്ടായതായാണ് പത്രവാര്‍ത്ത. ഇത്തരം സാമാന്യവല്‍ക്കരണം ഏകപക്ഷീയവും നിര്‍ഭാഗ്യകരവുമാണ്.

വാസ്തവത്തില്‍ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി ഏറ്റവും മികച്ച തൊഴിലന്തരീക്ഷമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. തൊഴില്‍ സമരങ്ങള്‍ ഏറ്റവും കുറച്ചുമാത്രമാണ് നടന്നിട്ടുളളത്. തൊഴില്‍തര്‍ക്കങ്ങള്‍ ത്രികക്ഷി ചര്‍ച്ചയിലൂടെ അതിവേഗം പരിഹരിക്കുക എന്ന സമീപനമാണ് സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. ട്രേഡ് യൂണിയനുകള്‍ പൊതുവെ അതുമായി സഹകരിക്കുന്നതായാണ് അനുഭവം. വ്യവസായരംഗത്തെ സമാധാനത്തിന്റെയും ആരോഗ്യകരമായ അന്തരീക്ഷത്തിന്റെയും കാര്യത്തില്‍ അടുത്ത കാലത്ത് കേരളം മാതൃകയായിട്ടുണ്ട്. അതുകൊണ്ടുതന്നെ മുന്‍പൊന്നുമില്ലാത്തവിധം പുതിയ പുതിയ സംരംഭങ്ങള്‍ നടത്താന്‍ നിക്ഷേപകര്‍ മുന്നോട്ടുവരുന്നുമുണ്ട്. വ്യവസായ, ഐടി, ടൂറിസം മേഖലകളിലെല്ലാം ഏറ്റവും നിക്ഷേപ സൌഹൃദ സംസ്ഥാനമാണ് കേരളമെന്ന് ഇപ്പോള്‍ പരക്കെ അംഗീകരിക്കപ്പെടുന്നു. വ്യവസായമെന്നാല്‍ മൂലധനം മാത്രമല്ല, മൂലധനം മാത്രമാണ് പ്രധാനം എന്ന് വാദിക്കുന്നത് പിന്തിരിപ്പന്മാരാണ്. കര്‍മശേഷിയും വൈദഗ്ധ്യവും ഐക്യബോധവും അവകാശബോധവുമുളള തൊഴിലാളികളാണ് വ്യവസായത്തിന്റെ ജീവന്‍. അതുകൊണ്ടാണ് കേരളം അതിവേഗം നിക്ഷേപ സൌഹൃദ സംസ്ഥാനമായി മാറുന്നത്. എന്നാല്‍, ട്രേഡ് യൂണിയനുകളും തൊഴിലാളികളുടെ അവകാശബോധവും കാരണം കേരളം ഒരിക്കലും നന്നാകില്ലെന്ന് ശപിക്കുന്നവരുണ്ട്. കേരളം വ്യവസായങ്ങളുടെ കാര്യത്തില്‍ പിന്നോട്ടുപോവുകയാണെന്ന് അസ്ഥാനത്ത് വിലപിക്കുക, ആ അവാസ്തവ നിഗമനത്തിന്റെ ഭാഗമായി തൊഴിലാളികളെയും ട്രേഡ് യൂണിയനുകളെയും ശത്രുപക്ഷത്ത് നിര്‍ത്തി അവഹേളിക്കുക എന്ന സമീപനം മുതലാളിത്തപക്ഷപാതികള്‍ പണ്ടേ തുടങ്ങിയതാണ്.

കേരളത്തില്‍ വ്യവസായരംഗത്ത് സമാധാനമില്ലെന്നും തൊഴിലന്തരീക്ഷം കലുഷമാണെന്നും പറയുന്നവര്‍ സമീപകാല അനുഭവങ്ങള്‍ താരതമ്യംചെയ്യാന്‍ തയ്യാറാകണം. യുഡിഎഫ് ഭരണകാലത്ത് കേരളം വ്യവസായങ്ങളുടെ മരുപ്പറമ്പായി പരിണമിച്ചിരുന്നു, പൊതുമേഖലാ വ്യവസായങ്ങള്‍ നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അവ അടച്ചുപൂട്ടലിന്റെയും വില്‍പ്പനയുടെയും വക്കത്തായിരുന്നു. നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. അതുപോലെ തോട്ടങ്ങള്‍ അടച്ചുപൂട്ടി. എന്നാല്‍, അടച്ചു പൂട്ടപ്പെട്ട തോട്ടങ്ങള്‍ എല്ലാംതന്നെ തുറന്നു. അക്കാലത്ത് അടച്ചിട്ട വ്യവസായശാലകള്‍ ഒന്നൊന്നായി തുറന്നു പ്രവര്‍ത്തിപ്പിക്കുകയാണിപ്പോള്‍. നഷ്ടംകാരണം വില്‍ക്കാന്‍ തീരുമാനിച്ചിരുന്ന പൊതുമേഖലാ വ്യവസായങ്ങളുടെ സ്ഥിതി ഇന്ന് പാടെ മാറിയിരിക്കുന്നു. മാനേജ്മെന്റ് കാര്യക്ഷമമാക്കിക്കൊണ്ടും തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് അവരുടെ പൂര്‍ണ സഹകരണം ഉറപ്പാക്കിക്കൊണ്ടും പൊതുമേഖലാ വ്യവസായങ്ങളെ പുനരുദ്ധരിക്കാന്‍ നമുക്ക് കഴിഞ്ഞു. മൂന്നു വര്‍ഷം മുമ്പ് കേവലം 12 പൊതുമേഖലാ വ്യവസായ സ്ഥാപനം മാത്രമായിരുന്നു ലാഭത്തിലെങ്കില്‍ ഇന്ന് 30 പൊതുമേഖലാ വ്യവസായ സ്ഥാപനംലാഭത്തിലായി. വ്യവസായ-തൊഴില്‍ അന്തരീക്ഷം ആരോഗ്യകരമാക്കിയതിന്റെ സദ്ഫലമാണിത്. ഇതൊന്നും കാണാതെ ഇവിടെ നിത്യേന സമരമാണ്, കൊടിപിടിത്തമാണ്, വ്യവസായ മേഖലയില്‍ അശാന്തിയാണ് എന്ന് സാമാന്യവല്‍ക്കരിച്ച് ആക്ഷേപിക്കുകയും വ്യവസായങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് വഴിമാറിപ്പോകുകയാണ് എന്ന അയഥാര്‍ഥ നിഗമനത്തിലെത്തുകയും ചെയ്യുന്നത് ആശാസ്യമല്ല. ഇത്തരം സാമാന്യവല്‍ക്കരണം വാസ്തവത്തില്‍ സംസ്ഥാനത്തെ വ്യവസായ വികസനത്തിന് പ്രോത്സാഹനമല്ല നല്‍കുന്നത്.

ഇങ്ങനെ പറയുന്നതിനര്‍ഥം ട്രേഡ് യൂണിയനുകളുടെ പ്രവര്‍ത്തനമാകെ കുറ്റമറ്റതാണ് എന്നല്ല, കോടതികളില്‍ നിന്നടക്കം ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ അതിന്റെ സത്തയില്‍ ഉള്‍ക്കൊള്ളാനും സ്വയം വിമര്‍ശനം നടത്തി തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകാനും തയ്യാറാകേണ്ടതുണ്ട്. തൊഴില്‍ചെയ്യുന്ന വ്യവസായത്തിന്റെ, അതല്ലെങ്കില്‍ സ്ഥാപനത്തിന്റെ നിലനില്‍പ്പും വളര്‍ച്ചയും അവിടത്തെ തൊഴിലാളികളുടെ, പ്രത്യേകിച്ച് ട്രേഡ് യൂണിയനുകളുടെ പ്രഥമപരിഗണന തന്നെയാവണം. അവകാശവാദങ്ങള്‍ക്ക് യാഥാര്‍ഥ്യ ബോധത്തിന്റെ പിന്‍ബലമുണ്ടാകണം. അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് പ്രത്യക്ഷസമരങ്ങള്‍ അവസാനത്തെ വഴി മാത്രമാകണം. അനുരഞ്ജനത്തിന്റെ സാധ്യതകള്‍ എല്ലാം അടഞ്ഞാല്‍മാത്രമേ പണിമുടക്കിലേക്ക് കടക്കാവൂ. തൊഴിലാളികളുടെ സംഘടിതശക്തിയാണ് ട്രേഡ് യൂണിയന്‍. കൃഷിക്കാരുടെയും തൊഴിലാളികളുടെയും സംഘടിത ശക്തികൊണ്ടാണ്, ത്യാഗോജ്വലമായ പോരാട്ടങ്ങള്‍കൊണ്ടാണ് കേരളം ഇന്നത്തെ നിലയില്‍ പുരോഗമിച്ചതും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ന്നതും. എന്നാല്‍, ഈ സംഘടിതശക്തി ദുരുപയോഗപ്പെടുത്താനും അപൂര്‍വം ചിലപ്പോള്‍ സാധ്യതകളില്ലാതില്ല. അങ്ങനെ ദുരുപയോഗപ്പെടുത്താതിരിക്കണമെങ്കില്‍, ദുരുപയോഗപ്പെടുത്തുന്നത് ശക്തമായി തടയണമെങ്കില്‍ ശരിയായ രാഷ്ട്രീയവീക്ഷണം ആവശ്യമാണ്. തൊഴിലാളിവര്‍ഗ രാഷ്ട്രീയം മുറുകെ പിടിച്ചുകൊണ്ടേ ദുഷ്പ്രവണതകളെ തടയാനാകൂ.

തൊഴിലാളികള്‍, ട്രേഡ് യൂണിയനുകള്‍ സ്വന്തം അവകാശങ്ങള്‍ക്കു വേണ്ടി മാത്രം പൊരുതുന്നവരല്ല, സാമ്പത്തികമാത്ര സമരവാദികളുമല്ല, കൃഷിക്കാരുടെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും സമൂഹത്തിന്റെയാകെയും താല്‍പ്പര്യങ്ങള്‍ സംരംക്ഷിക്കുന്ന മുന്നണിപ്പടിയാളികളാണ്. നമ്മുടെ സംസ്ഥാനത്തടക്കം മഹാഭൂരിപക്ഷം തൊഴിലാളികളും ഇന്ന് ഫലത്തില്‍ അസംഘടിതമേഖലയിലാണ്. അന്യസംസ്ഥാനങ്ങളില്‍നിന്നുളള പതിനായിരക്കണക്കിന് തൊഴിലാളികള്‍ നമ്മുടെ നാട്ടില്‍ വന്ന് കഠിനാധ്വാനംചെയ്യുന്നു. കരാറുകാരുടെയും കങ്കാണിമാരുടെയും കടുത്ത ചൂഷണത്തിന് ഇരയാവുകയാണവര്‍. തികച്ചും പരിതാപകരമായ സാഹചര്യത്തിലാണ് അവര്‍ കഴിയുന്നത്. അവരടക്കം അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുകയും ചൂഷണത്തില്‍നിന്ന് അവര്‍ക്ക് രക്ഷ നേടിക്കൊടുക്കുകയും ചെയ്യേണ്ടതുണ്ട്.

ആഗോളവല്‍ക്കരണവും-ഉദാരവല്‍ക്കരണവും ലോകത്തെ തൊഴിലന്തരീക്ഷത്തെ അട്ടിമറിച്ചിരിക്കുകയാണ്. വ്യവസായ അന്തരീക്ഷം മോശമാകുന്നതിന് കാരണം ട്രേഡ് യൂണിയനുകളാണെന്ന് നിരീക്ഷിക്കുന്ന നീതിപീഠങ്ങള്‍ ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ കോടിക്കണക്കായ തൊഴിലാളികളില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന അശാന്തിയെയും അസ്വാസ്ഥ്യത്തെയും കാണുന്നില്ല. മുതലാളിത്തലോകം കടുത്ത സാമ്പത്തികത്തകര്‍ച്ചയിലേക്ക് മൂക്കുകുത്തി വീണിരിക്കുന്ന സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ സാര്‍വദേശീയ തൊഴിലാളിദിനം ആചരിച്ചത്. അമേരിക്കയിലും ബ്രിട്ടനിലും ജപ്പാനിലും ഫ്രാന്‍സിലുമെല്ലാം ഫാക്ടറികള്‍ അടച്ചുപൂട്ടുന്നതിന്റെയും പതിനായിരക്കണക്കിനു തൊഴിലാളികള്‍ പിരിച്ചുവിടപ്പെടുന്നതിന്റെയും ബാങ്കിങ്-ഇന്‍ഷുറന്‍സ് മേഖലയുടെ തകര്‍ച്ചയുടെയും വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. വേതനം ഗണ്യമായി വെട്ടിക്കുറയ്ക്കപ്പെടുകയും ക്ഷാമബത്തയടക്കമുള്ള ആനുകൂല്യങ്ങള്‍ റദ്ദാക്കുകയും ചെയ്യുകയാണ്. ആഗോളവല്‍ക്കരണത്തിന്റെ പ്രയോക്താക്കള്‍ തൊഴിലാളികളെയും ജീവനക്കാരെയും പീഡിപ്പിക്കാനുള്ള അവസരമായി സാമ്പത്തികമാന്ദ്യം ഉപയോഗപ്പെടുത്തുകയാണ്.

തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കും തൊഴിലാളിദ്രോഹ നടപടികള്‍ക്കുമെതിരെ ലോകത്തെങ്ങും ട്രേഡ് യൂണിയനുകള്‍ സമരപാതയിലാണ്. കഴിഞ്ഞ മെയ് ദിനത്തില്‍ ഫ്രാന്‍സിലും ജര്‍മനിയിലും ബ്രിട്ടനിലുമെല്ലാം നടന്ന തൊഴിലാളിറാലികളില്‍ ലക്ഷങ്ങള്‍ അണിനിരന്നു. പാരീസ് നഗരത്തില്‍മാത്രം 1,60,000 തൊഴിലാളികള്‍ അണിനിരന്ന വമ്പിച്ച പ്രകടനം നടന്നെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ലോകയുദ്ധാനന്തരം ഫ്രാന്‍സിലെ എല്ലാ ട്രേഡ് യൂണിയനും ഒരു ബാനറിനു പിന്നില്‍ അണിനിരന്ന് പ്രകടനം നടത്തിയത് ഇതാദ്യമായാണ്. ബെര്‍ലിനിലും മറ്റ് യൂറോപ്യന്‍ നഗരങ്ങളിലുമെല്ലാം ഇത്തരത്തില്‍ പണിമുടക്കുകളും റാലികളും നിത്യസംഭവമായിരിക്കുന്നു. തൊഴിലില്ലായ്മ അതിരൂക്ഷമാവുകയും വേതനം മരവിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥക്കെതിരായ പോരാട്ടങ്ങളാണ് എങ്ങും നടക്കുന്നത്. പുതിയ സാമ്പത്തികനയങ്ങള്‍ തൊഴിലാളികള്‍ ദീര്‍ഘകാലത്തെ ത്യാഗോജ്വലങ്ങളായ സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യുന്നിടത്തോളമെത്തിയിരിക്കുന്നു. സ്ഥിരം ജോലിക്കും നിശ്ചിത തൊഴില്‍സമയത്തിനുമെല്ലാം മേല്‍ കരിനിഴല്‍ വീഴുകയാണ്. കരാര്‍ജോലിയും പുറംകരാറും യൂസ് ആന്‍ഡ് ത്രോ സംസ്കാരവും തൊഴില്‍മേഖലകളില്‍ വ്യാപകമാവുകയാണ്. സ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിഷേധം അതിന്റെ ഭാഗമാണ്. നിയമനനിരോധനം മറ്റൊരു പ്രശ്നം. ഇതിനെല്ലാം ജുഡീഷ്യറിപോലും കൂട്ടുനില്‍ക്കുന്ന സ്ഥിതിയുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ല എന്നും പിരിച്ചുവിടല്‍ ഉടമയുടെ അവകാശമാണ് എന്നുമൊക്കെയുള്ള വിധികള്‍ നമ്മുടെ നാട്ടില്‍ വലിയ കോലാഹലങ്ങളുണ്ടാക്കിയതാണ്. അതിന്റെയെല്ലാം തുടര്‍ച്ചയായി വേണം സംസ്ഥാനത്തെ തൊഴിലന്തരീക്ഷത്തെക്കുറിച്ചുള്ള ഏകപക്ഷീയമായ നിരീക്ഷണം.

വി എസ് അച്യുതാനന്ദന്‍

1 comment:

  1. ഈ വര്‍ഷത്തെ സാര്‍വദേശീയ തൊഴിലാളിദിനത്തില്‍ കേരളത്തില്‍ പ്രധാന ചര്‍ച്ചാവിഷയമായത് കേരള ഹൈക്കോടതിയില്‍നിന്ന് ട്രേഡ് യൂണിയനുകളെക്കുറിച്ചുണ്ടായ നിരീക്ഷണമാണ്. മെയ്ദിനത്തലേന്നുതന്നെ അങ്ങനെയൊരു നിരീക്ഷണമുണ്ടായത് യാദൃശ്ചികമാണ്. ആഗോളവല്‍ക്കരണത്തിന്റെയും ആഗോള സാമ്പത്തികമാന്ദ്യത്തിന്റെയും ഫലമായി ലോകമെങ്ങും തൊഴിലാളികള്‍ കടുത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഇത്തവണ മെയ്ദിനം എത്തിയത്. അതുകൊണ്ടുതന്നെ മെയ്ദിനത്തലേന്ന് കേരളത്തിലെ തൊഴിലന്തരീക്ഷം സംബന്ധിച്ചുണ്ടായ നിരീക്ഷണം സാമാന്യത്തിലധികം ചര്‍ച്ച ചെയ്യപ്പെട്ടു. കൊച്ചി തുറമുഖത്തെ ഒരു തൊഴില്‍ത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് തൊഴിലന്തരീക്ഷം സംബന്ധിച്ച പരാമര്‍ശമുണ്ടായത്. കേരളത്തിലെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഉത്തരവാദിത്തബോധമില്ലെന്നും ഇവിടെ നിരന്തരം പണിമുടക്കാണെന്നും അതുകൊണ്ട് വ്യവസായനിക്ഷേപം വരുന്നില്ലെന്നും വ്യവസായങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവുകയാണെന്നുമൊക്കെ പരാമര്‍ശമുണ്ടായതായാണ് പത്രവാര്‍ത്ത. ഇത്തരം സാമാന്യവല്‍ക്കരണം ഏകപക്ഷീയവും നിര്‍ഭാഗ്യകരവുമാണ്.

    ReplyDelete