Sunday, May 31, 2009

നഷ്ടപ്പെട്ട നീലാംബരി

പുന്നയൂര്‍ക്കുളത്തെ നീര്‍മാതളത്തോട് മൂന്നരക്കോടി ജനങ്ങളുടെ മലയാളം ഇങ്ങനെ പറയുന്നു:

"കമല മടങ്ങിവരികയാണ്. നിഷ്കളങ്കയായ കുട്ടിയുടെ പതിവു പരിഭവങ്ങളില്ലാതെ. നേര്‍ത്ത പുഞ്ചിരിയും കാരണമില്ലാത്ത പൊട്ടിച്ചിരിയും അര്‍ഥവത്തായ പൊട്ടത്തരങ്ങളുമില്ലാതെ. ഇനി ഒരിക്കലും വീടുമാറ്റമില്ലാത്ത നിര്‍നിമേഷയായ സ്ഥിരവാസിയായി.''

നീര്‍മാതളം വേദന ഉള്ളിലൊതുക്കി നിശബ്ദയായി നില്‍ക്കുകയാണ്; കാറ്റില്‍ ഉലയാതെ. ഈ നീര്‍മാതളം പൂത്തതിന്റെ നിലാവെളിച്ചമാണ് മലയാളഭാഷയ്ക്ക് കമല സുരയ്യ പകര്‍ന്നുനല്‍കിയത്. മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തിലും കമല ദാസ് എന്ന പേരില്‍ ഇംഗ്ളീഷിലും എഴുതി ലോകപ്രശസ്തിയുടെ പടവുകള്‍ കയറിയ കമലയുടെ സാഹിത്യത്തിനും ജീവിതത്തിനും അരങ്ങൊരുക്കിയത് ബാലാമണിയമ്മയുടെ മാതൃത്വത്തിന്റെ പരിലാളനയില്‍ നാലപ്പാട് തറവാട്ടില്‍ പൂത്തുലഞ്ഞ അദ്വിതീയമായ സര്‍ഗാത്മകാനുഭവമാണ്. വിസ്മയകരമായ ഭാവനയും രൂപവും പുലര്‍ത്തിയ മാധവിക്കുട്ടിരചനകളുടെ അന്തര്‍ധാര സ്നേഹത്തിനുവേണ്ടിയുള്ള ഒടുങ്ങാത്ത ദാഹമാണ്. മിത്തും യാഥാര്‍ഥ്യവും ഇടകലര്‍ന്ന കഥാലോകത്തില്‍ നിര്‍വചനങ്ങളില്ലാത്ത പ്രണയത്തിന്റെ താഴ്വാരം തേടി അവര്‍ അലഞ്ഞു. എന്റെ വാളും പരിചയും സ്നേഹമാണെന്ന് മാധവിക്കുട്ടി വിളിച്ചുപറഞ്ഞിരുന്നു. സ്നേഹത്തിന്റെ വ്യത്യസ്ത മുഖങ്ങളും സ്ത്രീപുരുഷബന്ധത്തിന്റെ പുനര്‍നിര്‍വചനവുമാണ് അവര്‍ വരച്ചുകാട്ടിയത്. ആര്‍ഭാടരഹിതമായ ഭാഷയില്‍ വളരെ വലിയ ധ്വനിയോടെ, നിര്‍മലമായ ഒരു പുഴപോലെ മാധവിക്കുട്ടിയുടെ സാഹിത്യജീവിതം നിറഞ്ഞൊഴുകി. പുന്നയൂര്‍ക്കുളത്തെയും കൊല്‍ക്കത്തയിലെ ഫ്ളാറ്റിനെയും ചുറ്റിപ്പറ്റിയുള്ള കഥകള്‍ക്ക് ഒരേസമയം പ്രാദേശികതയുടെയും സാര്‍വലൌകികതയുടെയും മാനമാണുണ്ടായത്. സ്ത്രീപുരുഷ സമത്വത്തിനും സ്ത്രീസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള കലഹങ്ങള്‍ ഫെമിനിസ്റ്റ് എന്ന പ്രഖ്യാപിത ലേബലില്ലാതെതന്നെ മാധവിക്കുട്ടിയെ ഫെമിനിസത്തിന്റെ പതാകവാഹകയാക്കി. 'എന്റെ കഥ'യിലൂടെ അവര്‍ പിച്ചിച്ചീന്തിയത് സദാചാരത്തിന്റെ കപടമായ മുഖമാണ്. ജീവിതത്തിലെ നീതിനിഷേധങ്ങളോടാണ് കമല ചൊടിച്ചത്. ആ ചൊടിയാണ് അവരെ പേരും മതവും ഉപേക്ഷിക്കുന്ന തലംവരെ എത്തിച്ചത്.

മലയാളസാഹിത്യത്തെ ലോകസാഹിത്യവുമായി അടുപ്പിച്ച ആധുനിക എഴുത്തുകാരില്‍ ഒന്നാംനിരയിലാണ് മാധവിക്കുട്ടി. ഒരുപക്ഷേ, മലയാളസാഹിത്യ ലോകത്തുനിന്ന് അന്തര്‍ദേശീയതലത്തില്‍ തിരിച്ചറിയപ്പെടുന്ന ആദ്യവ്യക്തിയും അവര്‍തന്നെ. സാന്ദ്രമായ കാല്‍പ്പനികതയുടെ ലാവണ്യഭൂമികയാണ് മാധവിക്കുട്ടിയുടെ രചനകളെ ജനപ്രിയമാക്കിയത്. കപടമായ സദാചാര പരികല്‍പ്പനകളോടുമാത്രമല്ല, അന്തസ്സാരശൂന്യമായ ആചാരവൈകൃതങ്ങളോടും അവര്‍ പോരടിച്ചു; അതിന്റെ മുഖാവരണം വലിച്ചുകീറുകയും വിയോജിപ്പുകള്‍ മറയില്ലാതെ രേഖപ്പെടുത്തുകയും ചെയ്തു. ബാലാമണിയമ്മയടക്കമുള്ള മുന്‍ഗാമികളില്‍നിന്നും പിന്നാലെ വന്നവരില്‍നിന്നും മാധവിക്കുട്ടിയെ വേറിട്ടുനിര്‍ത്തുന്നത് തനിക്ക് തോന്നുന്നത് പറയാനുള്ള ധീരതയാണ്. ആ ധീരത മനസ്സിന്റെ കടുപ്പംകൊണ്ടുണ്ടാകുന്നതല്ല. തികഞ്ഞ നിഷ്കളങ്കതയും കെട്ടുപാടുകളുടെ നിരാസവും അവര്‍ക്ക് നല്‍കിയ സാധ്യതകളാണ്. കേരളീയ സമൂഹത്തിന്റെ പരിമിതമായ പരിവൃത്തത്തിനപ്പുറം നാഗരികജീവിതം പകര്‍ന്നുനല്‍കിയ ലോകവീക്ഷണവും വ്യക്തിപരമായ പ്രത്യേകതകളുമായി ബന്ധപ്പെട്ട ഏകാന്തതയും മൌലികതയാര്‍ന്ന ഒരു ഭാവനാലോകം സൃഷ്ടിക്കാന്‍ അവര്‍ക്ക് പ്രേരണയായി.
പരിമിതികളില്ലാത്ത പ്രണയം എന്ന ഏകവികാരത്തില്‍ കേന്ദ്രീകരിച്ചാണ് മാധവിക്കുട്ടിയുടെ ലോകം വികസിക്കുന്നത് എന്നത് ഹ്രസ്വദൃഷ്ടികളുടെ സാഹിത്യാവലോകനമാണ്. ചുട്ടുപൊള്ളുന്ന ജീവിതനിലങ്ങളില്‍നിന്ന് സ്നേഹത്തിന്റെ ധ്രുവനക്ഷത്രത്തോട് സ്വയം ചേര്‍ത്തുവയ്ക്കാന്‍ കൊതിക്കുന്ന സ്ത്രീമനസ്സ് മാധവിക്കുട്ടിയുടെ രചനകളുടെ ഉപരിതലത്തില്‍തന്നെ ദൃശ്യമാണ്. ഫെമിനിസത്തിന്റെ സാമ്പ്രദായികമായ അന്തഃക്ഷോഭങ്ങളെയാണ് സ്വന്തമായ വഴിയിലൂടെ മാധവിക്കുട്ടി ആവിഷ്കരിച്ചത്. ജീവിതത്തിന്റെ നിരാലംബതയെക്കുറിച്ചുള്ള ദാര്‍ശനിക ഗഹനമായ ഉല്‍ക്കണ്ഠകള്‍ ആ കവിതകളിലും കഥകളിലും മറഞ്ഞുകിടപ്പുണ്ട്. തന്റെതന്നെ ഉള്ളിലേക്കിറങ്ങിച്ചെല്ലാന്‍ വ്യഗ്രത കാട്ടിയതുകൊണ്ടാകണം, ചുറ്റുപാടുകളുടെ വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളെ വേണ്ടത്ര തിരിച്ചറിയാനുള്ള പരിമിതി മാധവിക്കുട്ടിയില്‍ പ്രകടമാണ്. സാമ്പത്തിക സാമൂഹിക യാഥാര്‍ഥ്യങ്ങളെ അര്‍ഥത്തിലും ആഴത്തിലും മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, എഴുത്തുകാരിയുടെ ശരിയായ സാമൂഹ്യദര്‍ശനം രൂപപ്പെടുത്താനോ പ്രകാശിപ്പിക്കാനോ സാധിക്കാതെ വരും. ഈ വിമര്‍ശം മാധവിക്കുട്ടിയുടെ കാര്യത്തിലും യാഥാര്‍ഥ്യമാണ്. സാമൂഹിക യാഥാര്‍ഥ്യങ്ങളോട് പച്ചയായി പ്രതികരിക്കാറുള്ള അവരില്‍നിന്ന് അപക്വമെന്നു പ്രത്യക്ഷത്തില്‍ തോന്നിക്കുന്ന പ്രതികരണങ്ങള്‍ വരാറുള്ളതും മറ്റൊന്നുകൊണ്ടല്ല. താന്‍ മലയാളത്തില്‍ എഴുതിയതെല്ലാം വ്യര്‍ഥമായോ എന്ന് അവര്‍ ഒടുവില്‍ വ്യാകുലപ്പെട്ടിരുന്നു. കഥാപാത്രങ്ങള്‍ എഴുത്തുകാരിതന്നെയാണെന്ന പ്രചാരണവും ഓരോ കൃതിയെയും വിവാദങ്ങളില്‍ മുക്കി ചര്‍ച്ചചെയ്യുന്നതിന്റെ ദുരനുഭവങ്ങളുമാണ് കമല സുരയ്യയെ അങ്ങനെ പറയിച്ചത്. സുകുമാര്‍ അഴീക്കോട് അനുസ്മരിച്ചപോലെ, അവര്‍ എന്തിനെക്കുറിച്ച് പറയുമ്പോഴും മറ്റൊരാള്‍ പറഞ്ഞതുപോലെയാകില്ല. നമ്മുടെ മനസ്സിന്റെ ആഴങ്ങളിലുള്ള കാഴ്ചകളാണ് മാധവിക്കുട്ടിയുടെ വാക്കുകളില്‍ നിറയുന്നത്. ആകാശത്തിന്റെ നേര്‍മയുള്ള എഴുത്താണത്. ഓരോ വാക്കിലും നിയതമായ ദൃശ്യങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.
ആമിയും കമലയും അമ്മയും മുത്തശ്ശിയുമായി നമ്മുടെ മുന്നിലെത്തുന്നത് ആരാണ്? അത് നാംതന്നെയോ; നമ്മുടെ ജീവിതംതന്നെയോ എന്ന് മനസ്സില്‍ ഒരിക്കലെങ്കിലും തോന്നാത്ത വായനക്കാരുണ്ടാകില്ല. വ്യവസ്ഥാപിത കല്‍പ്പനകളും ചട്ടക്കൂടുകളും ഉല്ലംഘിച്ച് അനുകരണീയമായ വഴികളിലൂടെയാണ് മാധവിക്കുട്ടി സഞ്ചരിച്ചത്. യാഥാസ്ഥിതികത്വത്തിന്റെ നെറ്റിചുളിപ്പിക്കുന്നത് എഴുത്തിന്റെ ശൈലിതന്നെയായി. സ്ത്രീപക്ഷത്ത് നില്‍ക്കുന്നതുതന്നെ പുരോഗമനപരമാണെന്നിരിക്കെ മാധവിക്കുട്ടിയെക്കുറിച്ച് നമുക്ക് തുറന്നമനസ്സോടെ പറയാം- അവര്‍ പുരോഗമനപക്ഷത്ത് നിന്ന എഴുത്തുകാരിയാണെന്ന്. ആര്‍ജവം, ധീരത, സത്യസന്ധത എന്നിവയാണ് മാധവിക്കുട്ടിയെ ഉയരങ്ങളില്‍ എത്തിക്കുന്നത്. നഷ്ടപ്പെട്ട നീലാംബരി എന്നത് അവരുടെ രചനയാണ്. നീലാംബരി കരുണയുടെയും വാത്സല്യത്തിന്റെയും രാഗമാണ്. 'ഓമനത്തിങ്കള്‍ കിടാവോ' എന്ന ഗാനമാണ് നാം നീലാംബരി രാഗത്തില്‍ ഹൃദയത്തിലേറ്റിയിട്ടുള്ളത്. മാധവിക്കുട്ടിയും ആ നീലാംബരിയില്‍ മലയാളത്തെ കൈകളിലെടുത്ത് താരാട്ടുപാടുകയാണ്. പുണെയിലെ ജഹാംഗീര്‍ ആശുപത്രിയില്‍നിന്ന് അനന്തപുരിയിലെ പാളയം ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ എത്തുന്ന ആ താരാട്ടുപാട്ട് വിശ്വമലയാളത്തെ ഉറക്കുകയല്ല; ഉണര്‍ത്തുകയാണ് ചെയ്യുക. ആ നീലാംബരി മലയാളിയുടെ മനസ്സില്‍നിന്ന് ഒരിക്കലും നഷ്ടപ്പെടുകയില്ല.

ദേശാഭിമാനി മുഖപ്രസംഗം

1 comment:

  1. പുന്നയൂര്‍ക്കുളത്തെ നീര്‍മാതളത്തോട് മൂന്നരക്കോടി ജനങ്ങളുടെ മലയാളം ഇങ്ങനെ പറയുന്നു:

    "കമല മടങ്ങിവരികയാണ്. നിഷ്കളങ്കയായ കുട്ടിയുടെ പതിവു പരിഭവങ്ങളില്ലാതെ. നേര്‍ത്ത പുഞ്ചിരിയും കാരണമില്ലാത്ത പൊട്ടിച്ചിരിയും അര്‍ഥവത്തായ പൊട്ടത്തരങ്ങളുമില്ലാതെ. ഇനി ഒരിക്കലും വീടുമാറ്റമില്ലാത്ത നിര്‍നിമേഷയായ സ്ഥിരവാസിയായി.''

    നീര്‍മാതളം വേദന ഉള്ളിലൊതുക്കി നിശബ്ദയായി നില്‍ക്കുകയാണ്; കാറ്റില്‍ ഉലയാതെ. ഈ നീര്‍മാതളം പൂത്തതിന്റെ നിലാവെളിച്ചമാണ് മലയാളഭാഷയ്ക്ക് കമല സുരയ്യ പകര്‍ന്നുനല്‍കിയത്. മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തിലും കമല ദാസ് എന്ന പേരില്‍ ഇംഗ്ളീഷിലും എഴുതി ലോകപ്രശസ്തിയുടെ പടവുകള്‍ കയറിയ കമലയുടെ സാഹിത്യത്തിനും ജീവിതത്തിനും അരങ്ങൊരുക്കിയത് ബാലാമണിയമ്മയുടെ മാതൃത്വത്തിന്റെ പരിലാളനയില്‍ നാലപ്പാട് തറവാട്ടില്‍ പൂത്തുലഞ്ഞ അദ്വിതീയമായ സര്‍ഗാത്മകാനുഭവമാണ്. വിസ്മയകരമായ ഭാവനയും രൂപവും പുലര്‍ത്തിയ മാധവിക്കുട്ടിരചനകളുടെ അന്തര്‍ധാര സ്നേഹത്തിനുവേണ്ടിയുള്ള ഒടുങ്ങാത്ത ദാഹമാണ്. മിത്തും യാഥാര്‍ഥ്യവും ഇടകലര്‍ന്ന കഥാലോകത്തില്‍ നിര്‍വചനങ്ങളില്ലാത്ത പ്രണയത്തിന്റെ താഴ്വാരം തേടി അവര്‍ അലഞ്ഞു. എന്റെ വാളും പരിചയും സ്നേഹമാണെന്ന് മാധവിക്കുട്ടി വിളിച്ചുപറഞ്ഞിരുന്നു. സ്നേഹത്തിന്റെ വ്യത്യസ്ത മുഖങ്ങളും സ്ത്രീപുരുഷബന്ധത്തിന്റെ പുനര്‍നിര്‍വചനവുമാണ് അവര്‍ വരച്ചുകാട്ടിയത്. ആര്‍ഭാടരഹിതമായ ഭാഷയില്‍ വളരെ വലിയ ധ്വനിയോടെ, നിര്‍മലമായ ഒരു പുഴപോലെ മാധവിക്കുട്ടിയുടെ സാഹിത്യജീവിതം നിറഞ്ഞൊഴുകി. പുന്നയൂര്‍ക്കുളത്തെയും കൊല്‍ക്കത്തയിലെ ഫ്ളാറ്റിനെയും ചുറ്റിപ്പറ്റിയുള്ള കഥകള്‍ക്ക് ഒരേസമയം പ്രാദേശികതയുടെയും സാര്‍വലൌകികതയുടെയും മാനമാണുണ്ടായത്. സ്ത്രീപുരുഷ സമത്വത്തിനും സ്ത്രീസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള കലഹങ്ങള്‍ ഫെമിനിസ്റ്റ് എന്ന പ്രഖ്യാപിത ലേബലില്ലാതെതന്നെ മാധവിക്കുട്ടിയെ ഫെമിനിസത്തിന്റെ പതാകവാഹകയാക്കി. 'എന്റെ കഥ'യിലൂടെ അവര്‍ പിച്ചിച്ചീന്തിയത് സദാചാരത്തിന്റെ കപടമായ മുഖമാണ്. ജീവിതത്തിലെ നീതിനിഷേധങ്ങളോടാണ് കമല ചൊടിച്ചത്. ആ ചൊടിയാണ് അവരെ പേരും മതവും ഉപേക്ഷിക്കുന്ന തലംവരെ എത്തിച്ചത്.

    മലയാളത്തിന്റെ പ്രിയകഥാകാരിക്ക് ജനശക്തിയുടെ ആദരാഞ്ജലികള്‍.

    ReplyDelete