Tuesday, May 26, 2009

എല്‍ഡിഎഫ് സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്

എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കി നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനത്തിന്റെ വികസനരംഗത്തും ക്ഷേമ പ്രവര്‍ത്തനങ്ങളിലും അഭൂതപൂര്‍വമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചു. ആഗോളവത്കരണ നയങ്ങളുടെയും ആഗോള സാമ്പത്തിക പ്രതിസന്ധിയുടെയും കെടുതികളുടെ ഭീഷണമായ അന്തരീക്ഷത്തില്‍നിന്നുകൊണ്ട് ജനങ്ങള്‍ക്ക് പരമാവധി ആശ്വാസ-ആനുകൂല്യങ്ങള്‍ എത്തിക്കുന്നതിന് ഈ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.

കാര്‍ഷിക-വ്യാവസായിക രംഗങ്ങളില്‍ ഉല്‍പാദനം വര്‍ധിപ്പിച്ചുകൊണ്ടുമാത്രമെ കേരളത്തിന് മുന്നേറാനാവൂ എന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ വ്യക്തമാക്കുകയുണ്ടായി. വി എസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഈ രണ്ടു മേഖലകളും അങ്ങേയറ്റം മുരടിപ്പിലും തകര്‍ച്ചയിലുമായിരുന്നു. 1500ലേറെ കര്‍ഷകര്‍ കടക്കെണിമൂലം ആത്മഹത്യചെയ്തു. സംസ്ഥാനത്തെ 42 പൊതുമേഖലാസ്ഥാപനങ്ങളില്‍ 30 എണ്ണവും നഷ്ടത്തിലായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ നിസ്സാരവിലയ്ക്ക് സ്വകാര്യവത്കരിക്കുക എന്ന അജന്‍ഡയായിരുന്നു യുഡിഎഫ് സര്‍ക്കാരിനെ നയിച്ചത്. അതുപോലെ ചെറുകിട പരമ്പരാഗത വ്യവസായ മേഖലകള്‍ തകര്‍ച്ചയിലായിരുന്നു.

ഇന്ത്യയുടെതന്നെ ചരിത്രത്തില്‍ ആദ്യമായി കര്‍ഷക കടാശ്വാസകമ്മീഷന്‍ ഈ സര്‍ക്കാര്‍ രൂപവത്കരിച്ചു. കടക്കെണിയിലായ കര്‍ഷകര്‍ക്ക് പരമാവധി ആശ്വാസം നല്‍കുന്നതിനായി കമ്മീഷന് അര്‍ധ ജുഡീഷ്യല്‍ അധികാരം നല്‍കി; ആവശ്യമായ ഫണ്ട് ലഭ്യമാക്കി. സഹകരണ സംഘങ്ങളില്‍നിന്നും എടുത്തിട്ടുള്ള കടങ്ങള്‍ എഴുതിത്തള്ളി ആത്മഹത്യചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് 50,000 രൂപ ധനസഹായം നല്‍കി. കര്‍ഷകര്‍ക്ക് ആത്മവിശ്വാസം ഉളവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു. അതോടെ കാര്‍ഷക ആത്മഹത്യ ഇല്ലാതായി. 2009-10ലെ ബജറ്റില്‍ കാര്‍ഷിക കടാശ്വാസത്തിനായി 25 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

ലോകംതന്നെ ഭക്ഷ്യ പ്രതിസന്ധിയുടെ ഭീഷണിയിലാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ കാര്യം പറയുകയും വേണ്ട. കാര്‍ഷിക രംഗത്തെ ഉല്‍പാദന മുരടിപ്പ് മാറ്റി കാര്‍ഷികോല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള കര്‍മപരിപാടികള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കി. സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയെ, കേരളത്തിന്റെ പതിനൊന്നാം പഞ്ചവത്സര പദ്ധതിയിലെ മുന്‍നിര പരിപാടികളിലൊന്നാക്കി മാറ്റി. ഭക്ഷ്യോത്പാദനവുമായി ബന്ധമുള്ള എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രാദേശിക സര്‍ക്കാരുകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഭക്ഷ്യോത്പാദനരംഗത്ത് ഒരു കുതിച്ചുചാട്ടമാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിട്ടിരിക്കുന്നത്. അവശേഷിക്കുന്ന നെല്‍വയലുകള്‍ സംരക്ഷിച്ചും തരിശിട്ടവ കൃഷിയോഗ്യമാക്കിയും നെല്‍കൃഷിക്കാരോടും കര്‍ഷകത്തൊഴിലാളികളോടുമുള്ള സാമൂഹിക ഉത്തരവാദിത്വം നിറവേറ്റിയും നെല്‍കൃഷി ആദായകരമാക്കി മാത്രമേ ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധിക്കൂ. നെല്ലിന്റെ നിലവിലുള്ള ഉല്‍പാദനം പ്രതിവര്‍ഷം 6.3 ലക്ഷം ടണ്ണാണ്. അത് 9.45 ലക്ഷം ടണ്ണാക്കി 11-ാം പദ്ധതിക്കാലത്ത് ഉയര്‍ത്താനാണ് ഭക്ഷ്യസുരക്ഷാ പദ്ധതി ലക്ഷ്യമിടുന്നത്. അതുപോലെ പാലിന്റെ ഉല്‍പാദനം 70 ശതമാനം വര്‍ദ്ധിപ്പിച്ച് 35 ലക്ഷം ടണ്ണാക്കാനും മുട്ടയുടെ ഉല്‍പാദനം ഇരട്ടിയാക്കി ഉയര്‍ത്തി 240 കോടി എണ്ണമാക്കാനുമാണ് ലക്ഷ്യമിടുന്നത്. മറ്റ് അനുബന്ധ വിളകളുടെ ഉല്‍പാദനത്തിലും വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും.

യുഡിഎഫ് ഭരണകാലത്ത് ഒരു കിലോനെല്ലിന്റെ താങ്ങുവില 7 രൂപയായിരുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം അത് ആദ്യം 8 രൂപയായും പിന്നീട് 9 രൂപയായും അതിനുശേഷം 10 രൂപയായും വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ 11 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഈ മൂന്നുവര്‍ഷത്തിനുള്ളില്‍ 4 രൂപയുടെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.

നെല്‍കൃഷിക്ക് ഇന്‍ഷ്വറന്‍സ്, പലിശരഹിത വായ്പ, തരിശുഭൂമിയില്‍ കൃഷിചെയ്യാന്‍ പ്രത്യേക സഹായം, ഉല്‍പാദന ബോണസ് എന്നിവ ഏര്‍പ്പെടുത്തി. കൂടാതെ ഈ സര്‍ക്കാര്‍ നെല്‍കൃഷിക്ക് 10,000 രൂപ നഷ്ടപരിഹാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തേങ്ങയ്ക്ക് 4 രൂപ 40 പൈസ താങ്ങുവില സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. തേങ്ങയുടെയും കൊപ്രയുടെയുംമേല്‍ ചുമത്തിയിരുന്ന നികുതി ഉപേക്ഷിച്ചു. ഇതിലൂടെ 35 കോടി രൂപയുടെ ആശ്വാസമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. അഞ്ച് ഏക്കര്‍വരെയുള്ള കൃഷിക്ക് വൈദ്യുതി സൌജന്യമാക്കിയിട്ടുണ്ട്.

കര്‍ഷകര്‍ക്ക് പുതിയതായി പെന്‍ഷന്‍പദ്ധതി ആവിഷ്കരിച്ചു. അര്‍ഹരായവര്‍ക്ക് പ്രതിമാസം 300 രൂപ പെന്‍ഷന്‍ ലഭിക്കും.

2006ല്‍ ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 12 പൊതുമേഖലാസ്ഥാപനങ്ങളേ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. പൊതുമേഖലയുടെ ആകെ നഷ്ടം 69.49 കോടി രൂപയായിരുന്നു. ഇപ്പോള്‍ 30 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. പൊതു മേഖലാ സ്ഥാപനങ്ങള്‍ എല്ലാം ചേര്‍ന്ന് 166.77 കോടി രൂപയുടെ ലാഭം സംസ്ഥാന ഖജനാവിന് നല്‍കിക്കൊണ്ടിരിക്കുന്നു. തൊഴിലാളികളെ വിശ്വാസത്തിലെടുത്ത്, അവരില്‍ ആത്മവിശ്വാസം ഉറപ്പിച്ചും പൊതുമേഖലയുടെ തലപ്പത്ത് പ്രൊഫഷണലുകളെ നിയമിച്ചും മികച്ച സ്ഥാപനങ്ങള്‍ക്കും സിഇഒമാര്‍ക്കും അവാര്‍ഡുനല്‍കി പ്രോത്സാഹിപ്പിച്ചും ആണ് സര്‍ക്കാര്‍ ഈ നേട്ടം സുസാധ്യമാക്കിയത്. പ്രതിമാസ അവലോകനയോഗം കൃത്യമായി കൂടിയത് പിഴവുകള്‍ പരിഹരിക്കുന്നതില്‍ ഗണ്യമായ സംഭാവനയാണ് നല്‍കിയത്.

പരമ്പരാഗത മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കിയ പരിഗണന ആ രംഗങ്ങളില്‍ വന്‍ ചലനങ്ങള്‍ ഉളവാക്കി. കയര്‍, കൈത്തറി, കശുവണ്ടി രംഗങ്ങളില്‍ ശ്രദ്ധേയമായ പുരോഗതി ഉണ്ടാവുകയും ആ മേഖലകളില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങളുണ്ടാവുകയും ചെയ്തു. ഹാന്‍ടെക്സിനു ഹാന്‍വീവിനും പുനരുദ്ധാരണ പാക്കേജ് നടപ്പാക്കി. ഖാദി തൊഴിലാളികള്‍ക്ക് 25 ശതമാനം വേതന വര്‍ദ്ധനവ് ഏര്‍പ്പെടുത്തി. മത്സ്യത്തൊഴിലാളി കടാശ്വാസപദ്ധതിയും മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും സ്ഥലവും വീടും നല്‍കുന്ന പദ്ധതിയും ആവിഷ്കരിച്ചു.

കര്‍ഷകത്തൊഴിലാളികള്‍, കയര്‍, കൈത്തറി, കശുവണ്ടി, ബീഡിതെറുപ്പ്, പനമ്പുവെട്ട് തുടങ്ങിയ മേഖലകളില്‍നിന്ന് വിരമിച്ചവര്‍, അഗതികള്‍, വിധവകള്‍ തുടങ്ങിയവര്‍ക്ക് നല്‍കിയിരുന്ന ക്ഷേമപെന്‍ഷനുകള്‍ യുഡിഎഫിന്റെകാലത്ത് 100-110 രൂപയായിരുന്നു; മാസങ്ങളായി കുടിശികയുമായിരുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ പെന്‍ഷനുകള്‍ കുടിശിക തീര്‍ത്തുനല്‍കി. പെന്‍ഷന്‍ തുക ആദ്യം 200 രൂപയായും ഇപ്പോള്‍ 250 രൂപയായും വര്‍ധിപ്പിച്ചു. കൂടാതെ, ഒരു ക്ഷേമനിധിയിലും അംഗമല്ലാത്തവരും അറുപതുവയസ്സു പിന്നിട്ടവരും ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവരുമായ എല്ലാവര്‍ക്കും 250 രൂപ പ്രതിമാസം വാര്‍ദ്ധക്യകാല പെന്‍ഷന്‍ അനുവദിച്ചു.

വിവര സാങ്കേതികരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റമാണ് ഇക്കാലയളവിലുണ്ടായത്. ഇന്‍ഫോപാര്‍ക്കില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഇന്‍ഫോ ടെക്നോളജി വികസനത്തിന് ഈ വര്‍ഷം 900 കോടി രൂപ ചെലാഴിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ ഐ ടി പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. തിരുവനന്തപുരത്ത് ടെക്നോസിറ്റിക്കായി 507 ഏക്കര്‍ സ്ഥലത്തിന്റെ ഏറ്റെടുക്കല്‍ പുരോഗമിക്കുന്നു. നിലവിലുള്ള ടെക്നോപാര്‍ക്കിന്റെ വികസനത്തിനായി 100 ഏക്കര്‍ ഏറ്റെടുക്കും. സ്മാര്‍ട്ട്സിറ്റി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ടൂറിസം മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം നേരിട്ട് ദൃശ്യമാകുന്ന മേഖലയാണ് അത്. എന്നിട്ടും ഭാവനാത്മകമായ നയസമീപനങ്ങളിലൂടെ ടൂറിസംരംഗത്തെ വരുമാനത്തിനും തൊഴിലവസരത്തിനും വന്‍ വര്‍ദ്ധനവ് വരുത്തി. മികച്ച ടൂറിസം സംസ്ഥാനത്തിനുള്ള ദേശീയ അവാര്‍ഡും മികച്ച ടൂറിസം ബോര്‍ഡിനുള്ള ഗലീലിയോ അവാര്‍ഡും കേരളത്തെ തേടിയെത്തിയതിന്റെ കാരണവും മറ്റൊന്നല്ല.

സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് പരമപ്രധാനമായ ഒന്നാണ് വൈദ്യുതി. അതുകൊണ്ടുതന്നെ വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കേണ്ട ത് അനിവാര്യമാണ്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 4000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കേരളത്തിന്റെ നിരന്തരമായ ശ്രമംമൂലം ഒറീസയില്‍ ഒരു കല്‍ക്കരി പാടം കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കല്‍ക്കരി ഉപയോഗിച്ച് 2000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായി കമ്പനി രൂപവത്കരിച്ചു. കാസര്‍കോട്ടെ ചീമേനിയില്‍ 2000 മെഗാവാട്ടിന്റെ കല്‍ക്കരി നിലയം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം വൈദ്യുത പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് യുദ്ധകാല വേഗതയാണ് നല്‍കിയത്. നേര്യമംഗലം എക്സ്റ്റന്‍ഷന്‍ (25 മെഗാവാട്ട്), കുറ്റ്യാടി ട്രെയില്‍റേസ് (3.5 മെഗാവാട്ട്) എന്നിവ പൂര്‍ത്തിയാക്കി. കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ (100 മെഗാവാട്ട്) ഈ വര്‍ഷം പൂര്‍ത്തീകരിക്കും. 60 മെഗാവാട്ടിന്റെ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്റെ പണി പുരോഗമിക്കുന്നു. 163 മെഗാവാട്ടിന്റെ അതിരപ്പള്ളി പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കാന്‍ സാധിച്ചു. ഇടുക്കിയിലെ രാമക്കല്‍മേട്ടിലും പാലക്കാട്ടെ അട്ടപ്പാടിയിലുമായി 25 മെഗാവാട്ടിന്റെ കാറ്റാടി നിലയങ്ങള്‍ സ്ഥാപിച്ച് ഉല്‍പാദനം നടത്തിവരുന്നു. കാറ്റില്‍നിന്ന് 200 മെഗാവാട്ടിന്റെ വൈദ്യുതി ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്നു.

അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കുന്നതില്‍ വന്‍ പുരോഗതിയാണ് ഈ കാലയളവിലുണ്ടായത്. മൂന്നാറില്‍ മാത്രം 12000 ഏക്കര്‍ ഭൂമി വീണ്ടെടുത്ത് ലാന്റ് ബാങ്കില്‍ നിക്ഷേപിച്ചു. സംസ്ഥാനത്തൊട്ടാകെ 15,000ല്‍പരം ഏക്കറാണ് വീണ്ടെടുക്കാനായത്.

സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീടു നല്‍കുന്നതിനുള്ള ഇ എം എസ് സമ്പൂര്‍ണ്ണ ഭവനപദ്ധതി ആവിഷ്കരിച്ചു. അഞ്ചുലക്ഷം വീടുകള്‍ 2011നകം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നു. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഒരേക്കര്‍വീതം ഭൂമി നല്‍കുന്ന പദ്ധതിയുടെ ഭാഗമായി 1917 കുടുംബങ്ങള്‍ക്ക് ആറളം ഫാമില്‍ ഭൂമി നല്‍കി. കണ്ണൂര്‍ ജില്ലയിലെ 300 ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമിവീതം നല്‍കി. 14,048 ആദിവാസി കുടുംബങ്ങള്‍ക്ക് കൈവശാവകാശ രേഖ നലകി. ഭൂരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി നല്‍കുന്ന പദ്ധതി ആരംഭിച്ചു. കണ്ണൂര്‍ ജില്ലയിലെ 3000 ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കിക്കൊണ്ടാണ് ഇതാരംഭിച്ചത്. സംസ്ഥാനത്തൊട്ടാകെ 70,100 ഭൂ രഹിതര്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ട്.

സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി 1441 കോടി രൂപയുടെ പദ്ധതികള്‍ ആരംഭിച്ചു. തീരദേശമേഖലയുടെ സമ്പൂര്‍ണ വികസനത്തിനുതകുന്ന പദ്ധതികളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ മാതൃകയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസം കമ്മീഷന്‍ രൂപവത്കരിച്ചു. മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തി. ട്രോളിംഗ് നിരോധനകാലത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൌജന്യറേഷന്‍ ഏര്‍പ്പെടുത്തി.

26 ലക്ഷം കുടുംബങ്ങള്‍ക്ക് 2 രൂപ നിരക്കില്‍ അരിയും ഗോതമ്പും വിതരണം ചെയ്തു തുടങ്ങി. ഇത് പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. പൊതു വിപണിയിലെ കരിഞ്ചന്ത അവസാനിപ്പിക്കാനും ഇത് സഹായകമാകും.

അസംഘടിത മേഖലകളില്‍ ജോലിചെയ്യുന്ന 10 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് ഷോപ്സ് ആന്റ് എസ്റ്റാബ്ളിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി നിയമം. ജോലിസ്ഥിരത, പെന്‍ഷന്‍, കുടുംബപെന്‍ഷന്‍, അവധി, പ്രസവാനുകൂല്യങ്ങള്‍ തുടങ്ങിയവ ഉറപ്പാക്കുന്നതാണ് ഈ നിയമം.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ ജീവനക്കാര്‍ക്കും മുഴുവന്‍ ക്ഷാമബത്തയും കൊടുത്തുതീര്‍ത്തു. പെന്‍ഷന്‍കാരുടെ ക്ഷാമബത്തയുടെ കുടിശിക തവണകളായാണ് നല്‍കിവന്നത്. അതുമാറ്റി ഒറ്റത്തവണയായി നല്‍കി. ഇതുമൂലം മൂന്നുലക്ഷത്തിലധികം പെന്‍ഷന്‍കാര്‍ക്ക് പ്രയോജനം ലഭിച്ചു. പൊതുജനാരോഗ്യരംഗം കാര്യക്ഷമമാക്കാന്‍ സാധിച്ചു. ആശുപത്രികളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചത് അവശജനവിഭാഗങ്ങള്‍ക്ക് വന്‍ ആശ്വാസമായി. പൊതുവിതരണ സമ്പ്രദായം മെച്ചപ്പെട്ടതും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് വലിയ ആശ്വാസമായി.

വിലക്കയറ്റം തടയുന്നതിന് 25000 വിലക്കയറ്റ വിരുദ്ധ ചന്തകള്‍ വഴി 20 മുതല്‍ 55 ശതമാനം വരെ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തു. അതുമൂലം വിലക്കയറ്റത്തിന്റെ കെടുതിയില്‍ നിന്ന് ഒട്ടൊക്കെ ജനങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞു.

ആശ്വാസ നടപടികളും ക്ഷേമ പ്രവര്‍ത്തനങ്ങളും ഏര്‍പ്പെടുത്തിയപ്പോഴും ജനങ്ങളുടെ തലയില്‍ സര്‍ക്കാര്‍ ഭാരം അടിച്ചേല്‍പിച്ചില്ല. നികുതിപിരിവു കാര്യക്ഷമമാക്കിയതുമൂലം 22 ശതമാനത്തിന്റെ വര്‍ദ്ധനവ് നികുതി വരുമാനത്തിലുണ്ടായി. നികുതിയേതര വരുമാനം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. ഡാമുകളിലെ മണല്‍ ഉപയോഗപ്പെടുത്താനും വന്‍കിട തോട്ടങ്ങളുടെയും മറ്റും പാട്ടത്തുകയില്‍ വര്‍ദ്ധനവുവരുത്താനുമുള്ള സര്‍ക്കാരിന്റെ തീരുമാനം ഇതിന്റെ ഭാഗമാണ്. മികച്ച ധനകാര്യ മാനേജ്മെന്റിലൂടെ ഒരു ദിവസംപോലും ട്രഷറി പൂട്ടാതെ ധന ഇടപാട് കാര്യക്ഷമമായി നടത്താന്‍ സാധിച്ചു.

എല്ലാക്കാലത്തും ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളെ ക്ഷണിച്ചുവരുത്തിയിരുന്നത് പൊലീസ് വകുപ്പാണ്. ഭാവനാപൂര്‍ണമായ നയസമീപനങ്ങളിലൂടെയും ശക്തമായ നടപടികളിലൂടെയും പൊലീസ് സേനയുടെ സ്വഭാവത്തിന് അടിമുടി മാറ്റമുണ്ടാക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചു. പൊലീസ് സേനയെ അഴിമതിമുക്തമാക്കാന്‍ ഒരു പരിധിവരെ സാധിച്ചെന്നുമാത്രമല്ല അവരെ അനാവശ്യമായ അതിക്രമങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ സാധിക്കുകയും ചെയ്തു. എല്ലാ തെരഞ്ഞെടുപ്പുവേളകളിലും സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍വിമര്‍ശിക്കപ്പെടുന്നത് പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ ഉദാഹരിച്ചുകൊണ്ടാണ്. ഈ തെരഞ്ഞെടുപ്പില്‍ പൊലീസിനെ വിമര്‍ശിക്കാന്‍ യുഡിഎഫിനോ ബിജെപിക്കോ മാധ്യമങ്ങള്‍ക്കോ കഴിഞ്ഞില്ല. അത്രമാത്രം കുറ്റമറ്റതായിരുന്നു ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍.

വല്ലാര്‍പാടം ട്രാന്‍സ്ഷിപ്പ്മെന്റ് കണ്ടെയ്നര്‍ പദ്ധതിയുടെ തടസ്സങ്ങള്‍ നീക്കാന്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍മൂലം സാധിച്ചു. പ്രവര്‍ത്തനം പുരോഗമിക്കുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനിടയിലുണ്ടായ തടസ്സങ്ങള്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പാലക്കാട് റെയില്‍വെ കോച്ചുഫാക്ടറിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.

കൊച്ചിയിലെ മെട്രോ റെയില്‍വെ നിര്‍മ്മിക്കുന്നതിന് പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനായി 20 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.

കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി നേടിയെടുക്കാനായി. 2200 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ വേഗത്തില്‍ നടന്നുവരുന്നു.

കേരളത്തിന്റെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ ജലപാത വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ത്വരിതഗതിയില്‍ നടക്കുന്നു. ദേശീയ ജലപാത 3ന്റെ ഭാഗമായ കൊല്ലം-കോട്ടപ്പുറം ജലപാത കമ്മീഷന്‍ചെയ്തു. കോട്ടപ്പുറം - നീലേശ്വരം പാതയുടെ പ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നു. കൊല്ലം-കോവളം പാതയുടെ പ്രവര്‍ത്തനവും മുന്നേറുന്നു.

ഐഎസ്ആര്‍ഒയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജി തിരുവനന്തപുരത്ത് സ്ഥാപിച്ചത്, കണ്ണൂരില്‍ നാഷണല്‍ ഫാഷന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്, കേരളത്തിന് കേന്ദ്ര സര്‍വകലാശാല അനുവദിക്കപ്പെട്ടത്, അലിഗഡ് മുസ്ളിം യൂണിവേഴ്സിറ്റിയുടെ കാമ്പസിന് അനുമതി ലഭിച്ചത് - എല്ലാം സംസ്ഥാന സര്‍ക്കാരിന്റെ ചിട്ടയായ പ്രവര്‍ത്തനംമൂലമാണ്.

സംസ്ഥാനത്തിന്റെ വികസന - ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വമ്പിച്ച മുന്നേറ്റമാണ് ഈ മൂന്നുവര്‍ഷക്കാലയളവില്‍ ഉണ്ടായത്.

ഗിരീഷ് ചേനപ്പാടി

2 comments:

  1. ഇന്ത്യയുടെതന്നെ ചരിത്രത്തില്‍ ആദ്യമായി കര്‍ഷക കടാശ്വാസകമ്മീഷന്‍ ഈ സര്‍ക്കാര്‍ രൂപവത്കരിച്ചു. കടക്കെണിയിലായ കര്‍ഷകര്‍ക്ക് പരമാവധി ആശ്വാസം നല്‍കുന്നതിനായി കമ്മീഷന് അര്‍ധ ജുഡീഷ്യല്‍ അധികാരം നല്‍കി; ആവശ്യമായ ഫണ്ട് ലഭ്യമാക്കി. സഹകരണ സംഘങ്ങളില്‍നിന്നും എടുത്തിട്ടുള്ള കടങ്ങള്‍ എഴുതിത്തള്ളി ആത്മഹത്യചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് 50,000 രൂപ ധനസഹായം നല്‍കി. കര്‍ഷകര്‍ക്ക് ആത്മവിശ്വാസം ഉളവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു. അതോടെ കാര്‍ഷക ആത്മഹത്യ ഇല്ലാതായി. 2009-10ലെ ബജറ്റില്‍ കാര്‍ഷിക കടാശ്വാസത്തിനായി 25 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

    ReplyDelete