Sunday, January 31, 2016

സഹനവും സമരവും ഇഴചേര്‍ത്ത ജീവിതം

അറ്റുവീഴാറായനിലയില്‍ തൊലിയില്‍ തൂങ്ങിനില്‍കുന്ന വലതു കൈപ്പത്തി. അറ്റുപോയ ഇടതു കൈപ്പത്തിയിലെ പെരുവിരല്‍. തലയോട്ടിയോളം തുളച്ചുകയറിയ ബോംബിന്റെ അവശിഷ്ടം. വലതു തോളെല്ലിനും വലതു കാല്‍പാദത്തിലും നട്ടെല്ലിനുമേറ്റ പരിക്ക്. എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ പ്ളാസ്റ്റിക് ആന്‍ഡ് മൈക്രോവാസ്കുലര്‍ വിഭാഗം മേധാവി ഡോ. ജയകുമാര്‍ തലശേരി സെഷന്‍സ് കോടതിമുമ്പാകെ സമര്‍പ്പിച്ച പി ജയരാജന്റെ പരിക്കുസംബന്ധിച്ച മൊഴി ആരെയും നടുക്കുന്നതാണ്. 140 പേജുള്ള വിധിന്യായത്തില്‍ കേസിലെ പന്ത്രണ്ടാം സാക്ഷിയായ ഡോക്ടറുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

1999 ആഗസ്ത് 25ന്റെ തിരുവോണനാളില്‍ സന്ധ്യയോടെ തലശേരി സഹകരണ ആശുപത്രിയില്‍ പി ജയരാജനെ എത്തിക്കുമ്പോള്‍ അര്‍ധപ്രാണന്‍ മാത്രമായിരുന്നു ബാക്കി. പരിശോധിച്ച ഡോ. എം ഡി ജോര്‍ജ് മരണമൊഴിയടക്കം രേഖപ്പെടുത്തി. മരിക്കുമെന്ന് വൈദ്യശാസ്ത്രം കരുതുന്ന ഘട്ടത്തില്‍ രേഖപ്പെടുത്തുന്ന മൊഴി. ആര്‍എസ്എസ്സുകാര്‍ വെട്ടി തുണ്ടമാക്കിയ ആ ശരീരത്തിനുമുന്നില്‍ നില്‍കുമ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ ആരും കരുതിയതല്ല. ഒരു നിമിഷംപോലും പാഴാക്കാതെ അറ്റുവീഴാറായ വലതു കൈപ്പത്തിയുമായി നേരെ എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്കുള്ള കുതിപ്പ്.

26ന് പുലര്‍ച്ചെ ഒന്നേമുക്കാലിന് അവിടെയെത്തുമ്പോഴേക്കും രക്തംനല്‍കാന്‍ തയാറായി കാത്തുനിന്ന തൊഴിലാളികള്‍. ശസ്ത്രക്രിയക്കായി കാത്തുനിന്ന ഡോക്ടര്‍മാരും ആശുപത്രി അധികൃതരും. പതിനേഴ് മാരക മുറിവുകളുണ്ടായിട്ടും അതിവേഗത്തിലുള്ള വിദഗ്ധ ചികിത്സയിലൂടെ പി ജയരാജന്‍ ജീവിതത്തിലേക്ക് പതുക്കെ പിച്ചവച്ചപ്പോള്‍ നിരാശരായത് കണ്ണൂരിലെ ആര്‍എസ്എസ് നേതൃത്വമായിരുന്നു.
പി ജയരാജനെ വധിക്കാന്‍ ബോംബും കൊടുവാളുമായെത്തിയ ആറ് ആര്‍എസ്എസ്സുകാര്‍ക്ക് വിവിധ വകുപ്പുകള്‍ പ്രകാരം തലശേരി ജില്ലാ സെഷന്‍സ് കോടതി വിധിച്ചത് നാല്‍പ്പത്തേഴര വര്‍ഷത്തെ തടവും ഓരോ ലക്ഷം രൂപവീതം പിഴയും. പിഴയടച്ചാല്‍ പി ജയരാജന് നല്‍കാനും അടച്ചില്ലെങ്കില്‍ അഞ്ച്വര്‍ഷംകൂടി തടവ് അനുഭവിക്കാനുമാണ് കോടതി 2007 ജൂണ്‍ 29ന് വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 143, 147, 148, 452, 436, 326, 307, സ്ഫോടകവസ്തു നിയമത്തിലെ 3, 5 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് പ്രസ്താവിച്ചതിനാല്‍ പത്ത് വര്‍ഷം തടവ് മതിയാകും. വിധിക്കെതിരായ അപ്പീല്‍ ഇപ്പോള്‍ ഹൈക്കോടതിയിലാണ്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വടകര ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായ പി ജയരാജന്‍ തിരുവോണത്തിന് വീട്ടിലെത്തി സദ്യയും കഴിച്ച് വിശ്രമിക്കുമ്പോഴാണ് ബോംബ് സ്ഫോടന ശബ്ദം കേട്ടത്. വാതില്‍ തുറന്ന് പുറത്തുവരുമ്പോഴേക്കും അയല്‍വീട്ടുകാരി നിലവിളിച്ചുകൊണ്ട് ഓടിവരുന്നു. വാളും ബോംബും മറ്റു മാരകായുധങ്ങളുമായി വരുന്ന സംഘത്തെ കണ്ടപ്പോള്‍ വാതിലടയ്ക്കാന്‍ ശ്രമിച്ചു. അക്രമികള്‍ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്നു. ശരീരമാസകലം വെട്ടിനുറുക്കി, അവന്‍ ചത്തെന്ന് പറഞ്ഞ് മടങ്ങി.

ജീവിതത്തിലേക്ക് ഫിനിക്സ്പക്ഷിയെപ്പോലെ ഉയിര്‍ത്തെണീറ്റപ്പോഴും ആര്‍എസ്എസ് അക്രമം നല്‍കിയ ശാരീരിക വിഷമതകള്‍ വിട്ടൊഴിയുന്നില്ല. ഷര്‍ട്ട് ധരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള പി ജയരാജന്റെ ബുദ്ധിമുട്ട് കാണുമ്പോള്‍ ആരുടെയും കണ്ണുനിറയും. വെട്ടേറ്റുതൂങ്ങിയ വലതുകൈ തുന്നിച്ചേര്‍ത്തെങ്കിലും പഴയതുപോലെ ഒന്നിനും വയ്യ. വലതുകൈ ഇന്ന് പ്രവര്‍ത്തനക്ഷമമല്ല. ഇടതുകൈയിലെ നാലു വിരലില്‍ സ്പൂണ്‍ പിടിപ്പിച്ചാണ് ഭക്ഷണം കഴിക്കുന്നത്. എഴുത്തും ഇടതുകൈകൊണ്ടുതന്നെ.

ശാരീരിക വിഷമതകള്‍ വശംകെടുത്തുമ്പോഴും കണ്ണൂരിന്റെ ഈ ചുവന്ന സൂര്യന്‍ തളര്‍ന്നുപോകുന്നില്ല. സദാസമയവും ജനങ്ങള്‍ക്കിടയില്‍ ജീവിച്ച് എല്ലാ വേദനയും മറക്കുന്നു. എനിക്കാരോടും വിരോധമില്ല, എന്നെ കൊല്ലാന്‍ ആയുധങ്ങളുമായി വന്നവരോട് പോലും–ഇത് പറയാന്‍ പി ജയരാജന് മാത്രമേ സാധിക്കൂ. രാഷ്ട്രീയമായി അതിശക്തമായി എതിര്‍ക്കുമ്പോള്‍പോലും വ്യക്തിബന്ധം അണയാതെ സൂക്ഷിക്കുന്ന കമ്യൂണിസ്റ്റ്.
കൊല്ലാനെത്തിയ സംഘത്തിലുണ്ടായിരുന്ന ആര്‍എസ്എസ്  വിഭാഗ് കാര്യവാഹക് വി ശശിധരനുമായി സമാധാനയോഗത്തില്‍ ഒന്നിച്ചിരിക്കാനും സംസാരിക്കാനും ഒരിക്കലും അദ്ദേഹം മടിച്ചില്ല. ജില്ലയുടെ സമാധാനത്തിനായി ഒന്നിലേറെ തവണ ഒന്നിച്ചിരുന്ന് സംസാരിച്ചു. അതാണ് പി ജയരാജന്റെ മഹത്വം. 2014 ജനുവരി 28ന്റെ സായാഹ്നത്തില്‍ പാനൂര്‍ മൈതാനത്ത് ചെങ്കൊടികള്‍ക്കുകീഴെ ആ സ്നേഹത്തണല്‍തേടി സംഘപരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും ഒഴുകിയെത്തിയ മുഹൂര്‍ത്തം വിസ്മരിക്കാനാവില്ല. ബിജെപി മുന്‍ ദേശീയസമിതി അംഗം ഒ കെ വാസുവും മുന്‍ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ അശോകനും ഉള്‍പ്പെടെയുള്ളവര്‍ ചെങ്കൊടിയേന്തിയപ്പോള്‍ ഇരമ്പിമറിഞ്ഞ ജനസാഗരം. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ രാഷ്ട്രീയ ഇടപെടലിന്റെകൂടി ഭാഗമായാണ് ആയിരങ്ങള്‍ അന്ന് ചെങ്കൊടിത്തണല്‍ തേടിയെത്തിയത്. കൊലക്കത്തിയില്‍നിന്ന് രക്ഷപ്പെട്ട പി ജയരാജനോടുള്ള ആര്‍എസ്എസിന്റെ ശത്രുത ആളിക്കത്തിച്ചതായിരുന്നു ആ സംഭവം. തിരുവോണത്തെ ചോരയില്‍മുക്കിയ ആര്‍എസ്എസ് അന്ന് മുതല്‍ പി ജയരാജന് പിറകെയുണ്ട്.



മനോജ് വധക്കേസും ആര്‍എസ്എസ് ഗൂഢാലോചനയും

 തലശേരി > കതിരൂര്‍ മനോജ് കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസം പുറത്തുവന്ന ആര്‍എസ്എസ് ജില്ലാ കാര്യകാരിയുടെ പ്രസ്താവനയുണ്ട്്്്. പൊലീസ് അന്വേഷണം ആരംഭിക്കുംമുമ്പേ ഇറക്കിയ പ്രസ്താവനയില്‍ ഗൂഢാലോചന തെളിഞ്ഞിരുന്നു.”'കഴിഞ്ഞ ദിവസം കണ്ണൂരില്‍ അഞ്ഞൂറോളം സിപിഐ എം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അണികളെ ഭയപ്പെടുത്തി കൊഴിഞ്ഞുപോക്ക് തടയുകയാണ് സിപിഐ എം ലക്ഷ്യം. പി ജയരാജന്റെ വീട്ടില്‍ നടന്ന ഗൂഢാലോചനയിലാണ് മനോജ് കൊല്ലപ്പെട്ടത്' –ഇതായിരുന്നു സിബിഐ വേദവാക്യമായി സ്വീകരിച്ച ആ പ്രസ്താവന.

രസകരമായ കാര്യം, സിബിഐ തലശേരി ജില്ലാ സെഷന്‍സ്കോടതിമുമ്പാകെ പി ജയരാജനെ പ്രതിചേര്‍ത്ത് ജനുവരി 21ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് പ്രസ്താവനയിലെ അതേ വാക്കുകളും പ്രയോഗവും വള്ളിപുള്ളിവിടാതെയുണ്ടെന്നതാണ്.  ആര്‍എസ്എസ് എഴുതിനല്‍കിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ട പണിമാത്രമായിരുന്നു സിബിഐക്ക്. പ്രതിയല്ലെന്ന് സിബിഐ നീതിപീഠത്തിന് മുമ്പാകെ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും പ്രതിചേര്‍ക്കാനുള്ള രാഷ്ട്രീയ വ്യഗ്രതയും താല്‍പര്യവുമാണ് സംഘപരിവാര്‍ പ്രകടിപ്പിച്ചത്.
ആര്‍എസ്എസ് പ്രസ്താവന അതേരൂപത്തില്‍ അന്വേഷക സംഘം കുറ്റപത്രത്തില്‍ ചേര്‍ക്കുന്നതുവരെയുള്ള മനോജ് കേസിന്റെ നാള്‍വഴിയില്‍ പി ജയരാജനെതിരായ വേട്ടയാടലിന്റെ ഭീകരസ്വരൂപം ഒളിഞ്ഞിരിപ്പുണ്ട്. പ്രതിചേര്‍ക്കാന്‍ തെളിവെവിടെയെന്ന് ചോദിക്കുമ്പോള്‍ കോടതിയില്‍ സിബിഐക്ക് കൈമലര്‍ത്തേണ്ടിവരുന്നത് ആര്‍എസ്എസ് തയ്യാറാക്കിയ തിരക്കഥമാത്രം കൈയിലുള്ളതുകൊണ്ടാണ്. കേസ്ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ചോദ്യംചെയ്ത് കൂടുതല്‍ തെളിവ് ശേഖരിക്കട്ടെയെന്ന് പറയുന്നു. ഇത്ര ഗതികെട്ട അവസ്ഥയില്‍ സിബിഐക്ക് ഒരു കോടതിയിലും നില്‍ക്കേണ്ടിവന്നിട്ടുണ്ടാവില്ല.
കണ്ണൂരും സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനും എന്തുകൊണ്ട് ലക്ഷ്യമാക്കപ്പെടുന്നുവെന്നതിന്റെ കാരണങ്ങള്‍ പലതാണ്്. സംഘപരിവാറിന് സമീപകാലത്തുണ്ടായ തിരിച്ചടി തന്നെയാണ് അതില്‍ മുഖ്യം. ശാഖകളുടെ എണ്ണംകുറയുന്നു, പ്രചാരകന്മാര്‍പോലും അകലുന്നു, നേതാക്കള്‍ ബിജെപിവിട്ട് സിപിഐ എമ്മില്‍ചേരുന്നു...അങ്ങനെ കാര്യകാരിമാരെ അസ്വസ്ഥമാക്കുന്ന ഘടകങ്ങള്‍ ഏറെ.
കമ്യൂണിസ്റ്റ്പാര്‍ടി പ്രവര്‍ത്തനം ആരംഭിച്ച അതേകാലത്തു തന്നെ തിരുവങ്ങാട് കേന്ദ്രമായി ശാഖതുടങ്ങിയതാണ് ആര്‍എസ്എസ്സും. കൈയിലിരിപ്പ്കൊണ്ട് ഉപ്പിട്ടകലംപോലെ ക്ഷയിക്കുന്നു, ദുര്‍ബലമാകുന്നു. സിപിഐ എം ജനങ്ങളുടെ നാനാവിധ പ്രശ്നങ്ങളില്‍ ഇടപെട്ടും സമരങ്ങള്‍ നയിച്ചും ആശ്വാസംപകര്‍ന്നുമാണ് ജില്ലയുടെ ജനമനസില്‍ ഇടംനേടിയത്. സുഖത്തിലും ദുഃഖത്തിലും ആശ്വാസവും പ്രതീക്ഷയും തേടി ജനം ചെങ്കൊടിയുടെ തണല്‍തേടിയെത്തി. കൊലക്കേസുകള്‍ ഉപയോഗിച്ചുള്ള രാഷ്ട്രീയവേട്ട അരങ്ങുതകര്‍ത്തിട്ടും ഇക്കഴിഞ്ഞ തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം എല്‍ഡിഎഫ് നേടിയതിന്റെ കാരണം മറ്റൊന്നല്ല. കൊന്നും ആക്രമിച്ചും ഇല്ലാതാക്കാന്‍ നോക്കിയിട്ടും കരുത്തോടെ ജില്ലയില്‍ വിപ്ളവപ്രസ്ഥാനവും അതിനെ നയിക്കുന്ന പി ജയരാജനും നിലകൊള്ളുന്നു.

 മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തലയും ഗൂഢാലോചന നടത്തിയാണ് മനോജ്വധം രാഷ്ട്രീയ ആയുധമാക്കാനുള്ള തിരക്കഥ രൂപപ്പെടുത്തിയത്. ആര്‍എസ്എസ് പ്രാന്തകാര്യവാഹക് പി ഗോപാലന്‍കുട്ടി, ബിജെപിനേതാക്കളായ വി മുരളീധരന്‍, പി കെ കൃഷ്ണദാസ് എന്നിവര്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിയാലോചനയിലാണ് കേസില്‍ യുഎപിഎ ചുമത്താനും സിബിഐക്ക് വിടാനും തീരുമാനിച്ചത്.

പി ജയരാജനെ കൊല്ലാന്‍ നോക്കിയിട്ടും കഴിയാത്തതിന്റെ പക തീര്‍ക്കാന്‍ അവസരം പാര്‍ത്തുകഴിഞ്ഞ ആര്‍എസ്എസിന് വീണുകിട്ടിയ അവസരമായിരുന്നു കതിരൂര്‍ മനോജ് വധം. കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവത് എന്നിവരെല്ലാം ഈ കേസില്‍ വഴിവിട്ട നീക്കത്തിനായി ഇടപെട്ടു. 1999ല്‍ പി ജയരാജനെ വധിക്കാന്‍ ആര്‍എസ്എസ് തീരുമാനിക്കുന്നതിന് തൊട്ടുമുമ്പുള്ള മാസങ്ങളില്‍ അദ്ദേഹത്തെ അക്രമിയായി ചിത്രീകരിക്കുന്ന വാര്‍ത്തകള്‍, പരമ്പരകള്‍, നോട്ടീസുകള്‍ എന്നിവ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ബിജെപി മുഖപത്രത്തില്‍ അക്കാലത്ത്  പ്രചരിപ്പിച്ച ഗീബല്‍സിയന്‍ നുണകള്‍ക്ക് കണക്കില്ല. ഇപ്പോള്‍ പ്രതിചേര്‍ക്കുമ്പോഴും പുതിയരൂപത്തില്‍ കഥകള്‍ ആവര്‍ത്തിക്കുന്നു. സാധാരണ സാധാരണകൊലക്കേസില്‍ ഭീകരവിരുദ്ധ നിയമം ചുമത്തിയതോടെ തുടങ്ങുന്നു മനോജ്വധത്തിലെ രാഷ്ട്രീയഗൂഢാലോചന.

രാഷ്ട്രീയ വേട്ടക്കായി യുഎപിഎ

 തലശേരി > രാജ്യത്തിന്റെ അഖണ്ഡതക്കും പരമാധികാരത്തിനും വെല്ലുവിളിയുയര്‍ത്തുന്ന ഭീകരരെ നേരിടാന്‍ കൊണ്ടുവന്ന നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം അഥവാ യുഎപിഎ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ പ്രയോഗിക്കുന്നതിനാണ് കണ്ണൂര്‍ സാക്ഷ്യംവഹിക്കുന്നത്. ഭീകരവാദികളെ കൈകാര്യംചെയ്യുന്നതിന് ആവിഷ്കരിച്ച നിയമം കതിരൂര്‍ മനോജ്കേസില്‍ എങ്ങനെ ചേര്‍ത്തുവെന്നത്  നിയമവൃത്തങ്ങളിലും പൊതുസമൂഹത്തിലും ഉയരുന്ന സുപ്രധാന ചോദ്യമാണ്. യുഎപിഎ ചുമത്താനുള്ള ഒരുസാഹചര്യവും കേസിലുണ്ടായിരുന്നില്ല. എന്നിട്ടും രാഷ്ട്രീയ വേട്ടക്കായി കോണ്‍ഗ്രസും ആര്‍എസ്എസ്സും കൈകോര്‍ത്തു.

യുഎപിഎയുടെ നഗ്നമായ ദുരുപയോഗമാണ് കതിരൂര്‍കേസില്‍ കാണുന്നത്. ഒരു തെളിവുംവേണ്ട ആരെയും പ്രതിയാക്കാമെന്ന സമീപനം. ആര്‍എസ്എസ് വിഭാഗ് കാര്യവാഹക് വി ശശിധരന്റെ പരാതിപ്രകാരം കതിരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ രാജ്യത്തിന്റെ പരമാധികാരത്തിനോ അഖണ്ഡതക്കോ ഹാനിവരുത്തുന്ന എന്തെങ്കിലും ആരെങ്കിലും ചെയ്തെന്ന സൂചനപോലുമില്ല. എന്നിട്ടും യുഡിഎഫ് സര്‍ക്കാരും ആര്‍എസ്എസ് നേതൃത്വവും തമ്മിലുള്ള ധാരണ പ്രകാരം യുഎപിഎയിലെ 13(എ) വകുപ്പ് 2014 സെപ്തംബര്‍ ഏഴിന് ചേര്‍ത്തു.
സിപിഐ എം പ്രവര്‍ത്തകരെയും നേതാക്കളെയും ഭീകരവിരുദ്ധനിയമത്തില്‍ ഉള്‍പ്പെടുത്തി ജയിലിലടക്കുകയായിരുന്നു ലക്ഷ്യം. കൊലക്കേസ് അന്വേഷിക്കാന്‍ ക്രിമിനല്‍നിയമങ്ങളും നടപടിക്രമങ്ങളും രാജ്യത്തുണ്ട്.  അതിനൊപ്പം യുഎപിഎ കൂടി തിരുകിക്കയറ്റിയത് 180 ദിവസമെങ്കിലും ജാമ്യം ലഭിക്കാതെ ജയിലിലടക്കാമെന്ന ദുഷ്ടലാക്കോടെയാണ്. ഇപ്പോള്‍ നിരപരാധിയായ പി ജയരാജനെതിരെയാണെങ്കില്‍ നാളെ ആര്‍ക്കെതിരെയും നിയമം ദുരുപയോഗിക്കപ്പെടാം. ആര്‍എസ്എസ് സമ്മര്‍ദത്തിന് വഴങ്ങി ഗൂഢാലോചനക്കുറ്റം ആരോപിച്ച് പ്രതിചേര്‍ക്കപ്പെട്ട സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ മുന്‍എംഎല്‍എ കൂടിയാണ്. അദ്ദേഹത്തോട് ആര്‍എസ്എസ്സിനുള്ള വിദ്വേഷം മനസിലാക്കാം. ആ പകയും വിരോധവും തീര്‍ക്കാന്‍ യുഡിഎഫ് സര്‍ക്കാരും കേന്ദ്രകുറ്റാന്വേഷണ ഏജന്‍സിയുമെല്ലാം ഒത്താശചെയ്യുന്നുവെന്നത് അത്ര നിസ്സാരമല്ല.

കിഴക്കെകതിരൂരില്‍ ജനിച്ച് കതിരൂര്‍ ഹൈസ്കൂളിലും ബ്രണ്ണന്‍കോളേജിലും പഠിച്ച് വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ സഹനപാത താണ്ടിയാണ്  സമരനായകനായി പി ജയരാജന്‍ വളര്‍ന്നത്. ഫാസിസ്റ്റുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു എന്നും. അടിയന്തരാവസ്ഥക്കെതിരായ ചെറുത്തുനില്‍പ്, തലശേരി കലാപകാലത്ത് നടത്തിയ സമാധാന ശ്രമങ്ങള്‍, എണ്ണമറ്റ സമരങ്ങള്‍,  എംഎല്‍എയെന്ന നിലയിലുള്ള പ്രവര്‍ത്തനം–അങ്ങനെയാണ് ജനമനസില്‍ സ്നേഹത്തണലായി പി ജയരാജന്‍ വളര്‍ന്നത്. ഈയൊരു ജനസമ്മതിയെയും അതിലുപരി കമ്യൂണിസ്റ്റ്പ്രസ്ഥാനത്തെയും തകര്‍ക്കുന്നതിനാണ് ആര്‍എസ്എസ്സും കോണ്‍ഗ്രസും കണ്ണൂരില്‍ കൈകോര്‍ത്തത്. പലവിധ പരീക്ഷണങ്ങളും നേരിട്ട് വളര്‍ന്നതാണ് കണ്ണൂരിലെ കമ്യൂണിസ്റ്റ്പ്രസ്ഥാനം. കള്ളക്കേസുകളും കടന്നാക്രമണങ്ങളുമുണ്ടായി. അതിനെയെല്ലാം ജീവന്‍നല്‍കി ചെറുത്തും പൊരുതിയുമാണ് സിപിഐ എം മഹാപ്രസ്ഥാനമായി മാറിയത്. ആര്‍എസ്എസ്സും കോണ്‍ഗ്രസും സിബിഐയും ചേര്‍ന്ന് കതിരൂര്‍ കേസിനെ ഉപയോഗിച്ച് നടത്തുന്ന നെറികെട്ട രാഷ്ട്രീയവേട്ടയും കണ്ണൂരിലെ പ്രബുദ്ധ ജനത തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുമെന്ന് ഉറപ്പ്.

ഭീകരവിരുദ്ധനിയമം ഭീകരനിയമമാകുന്നുവോ?

തലശേരി > കതിരൂര്‍ കേസില്‍ യുഎപിഎ ചുമത്തിയുള്ള രാഷ്ട്രീയവേട്ടയെ നിയമവിദഗ്ധരും ചോദ്യംചെയ്യുകയാണ്. നീതിനിഷേധമാണിതെന്ന അഭിപ്രായമാണ് ഉയരുന്നത്. ഭീകരവിരുദ്ധനിയമം ഭീകരനിയമമായി മാറിയതിന്റെ ഉദാഹരണമാണ് യുഎപിഎയെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. കൊലപാതകമുള്‍പ്പെടെ ഏതു കുറ്റവും പൌരന്റെ മേല്‍ ആരോപിക്കേണ്ടതും തെളിയിക്കേണ്ടതും ഭരണഘടനയ്ക്ക് വിധേയമായി നിലവിലുള്ള ക്രിമിനല്‍ നിയമം അനുസരിച്ചാണ്. ഭീകരവിരുദ്ധനിയമം ഭീകരര്‍ക്കെതിരെ പ്രയോഗിക്കണം. നിര്‍ഭാഗ്യവശാല്‍ ഭീകരതയ്ക്ക് കൃത്യമായ നിര്‍വചനമില്ല. അതുകൊണ്ട് അത് രാഷ്ട്രീയമായി പ്രയോഗിക്കപ്പെടുന്നു. യുഎപിഎയുടെ പ്രയോഗം ന്യായീകരിക്കത്തക്കതാണോ എന്ന പരിശോധന കോടതികള്‍ ഉചിത സമയത്ത് നടത്താതിരിക്കുന്നതും പ്രശ്നമാണ്. പ്രതികളുടെ ജാമ്യം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ ഇല്ലാതാകരുത്. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ദുരുപയോഗിക്കാനുള്ളതല്ല യുഎപിഎയെന്നും സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു.
 രാജ്യദ്രോഹക്കുറ്റംചെയ്യുന്നവര്‍ക്കെതിരെ പ്രയോഗിക്കേണ്ട നിയമം, സാധാരണ കൊലപാതകങ്ങളില്‍ ചുമത്തുന്നത് നിയമപരമായി ശരിയല്ലെന്ന് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് പറഞ്ഞു. നിയമത്തിന്റെ ദുരുപയോഗമാണിവിടെ സംഭവിക്കുന്നത്. വസ്തുതകള്‍ പരിശോധിച്ചാവണം യുഎപിഎ പ്രയോഗിക്കേണ്ടതെന്നും കതിരൂര്‍ മനോജ്കേസില്‍ അതുണ്ടായില്ലെന്നും അഡ്വ. കെ വിശ്വന്‍ പറഞ്ഞു. അന്വേഷണത്തിന്റെ തുടക്കത്തില്‍ കേസില്‍ യുഎപിഎ ചുമത്തി. രാഷ്ട്രീയവേട്ടക്കുള്ള ആയുധമാക്കി കേസിനെ ദുരുപയോഗിക്കുകയാണ്. രാഷ്ട്രീയഎതിരാളികളെ വേട്ടയാടാന്‍ നിയമം ദുരുപയോഗിക്കുന്ന പ്രവണത വര്‍ധിക്കുന്നുവെന്ന സുപ്രീംകോടതിയുടെ 2011ലെ വിധി ഇവിടെ പ്രസക്തമാണെന്നും  വിശ്വന്‍ പറഞ്ഞു.

പി ദിനേശന്‍

No comments:

Post a Comment