Monday, December 2, 2013

പരസ്യവിവാദത്തിനു പിന്നില്‍

ദേശാഭിമാനിയുടെ പ്രസിദ്ധീകരണം നിലച്ചുകാണണമെന്ന് ആഗ്രഹിക്കുന്ന സ്ഥാപിതതാല്‍പ്പര്യക്കാരുടെ ഒരു ചെറുന്യൂനപക്ഷം എന്നും ഇവിടെ ഉണ്ടായിരുന്നു. എല്ലാ ധനസ്രോതസ്സുകളും വറ്റി അതിന്റെ പ്രസിദ്ധീകരണം നിലച്ചാല്‍ അത് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ പ്രസരണം ഇല്ലാതായിക്കൊള്ളുമല്ലോ. പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് പൊതുവിലും ഇടതുപക്ഷ പ്രസ്ഥാനത്തിന് വിശേഷിച്ചും എതിരായി നടത്തുന്ന കള്ളപ്രചാരവേലകള്‍ക്ക് മറുപടിയില്ലാതാവുമല്ലോ. ഈ താല്‍പ്പര്യങ്ങളാണ് എന്നും ഇവരെ നയിച്ചിട്ടുള്ളത്.

ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ദേശാഭിമാനിയുടെ മുന്‍ഗാമിയായിരുന്ന പ്രഭാതത്തിനുപോലും ഇത് നേരിടേണ്ടിവന്നിട്ടുണ്ട്. 1935ല്‍ ഇ എം എസിന്റെ പത്രാധിപത്യത്തില്‍ ഷൊര്‍ണൂരില്‍ നിന്നിറങ്ങിയിരുന്ന പ്രഭാതം നിര്‍ത്തിവയ്ക്കേണ്ടിവന്നത്, പത്രത്തിന് താങ്ങാനാവാത്ത വന്‍തുക ബ്രിട്ടീഷ് സാമ്രാജ്യത്വം പിഴയിട്ടത്തിനെത്തുടര്‍ന്നാണ്. നേരിട്ട് നിരോധിക്കുകയായിരുന്നില്ല; സാമ്പത്തികമായി ഞെരുക്കി ഇല്ലായ്മചെയ്യുകയായിരുന്നു എന്നര്‍ഥം.

1938ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ മുഖപത്രമായി പ്രഭാതം വീണ്ടും വന്നു. അപ്പോഴുണ്ടായി പ്രസിദ്ധീകരണാനുമതി നിഷേധിക്കല്‍. 1942ല്‍ വാരികയായി ദേശാഭിമാനി പുറത്തിറങ്ങി. കയ്യൂര്‍ സഖാക്കളെ തൂക്കിലേറ്റിയതിനെതിരെ "തൂക്കുമരത്തിന്റെ വിളി" എന്ന ശീര്‍ഷകത്തില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചപ്പോള്‍ വീണ്ടും വന്നു പിഴശിക്ഷ! ഇതൊന്നും വെറും പിഴശിക്ഷയായിരുന്നില്ല. പിഴയടയ്ക്കാന്‍ മാര്‍ഗമില്ലാതെ പത്രം പൂട്ടിപ്പോകണം എന്ന കൃത്യമായ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നീക്കങ്ങളായിരുന്നു. പ്രഭാതവും ദേശാഭിമാനിയുമൊക്കെ പ്രചരിപ്പിക്കുന്ന ആശയങ്ങളെ ആ തലത്തില്‍ ചെറുക്കാനാവില്ലെന്ന് ബോധ്യപ്പെട്ട അധികൃതര്‍ പത്രത്തിന്റെ കഥകഴിക്കാനുദ്ദേശിച്ചു നടത്തിയ നീക്കങ്ങള്‍തന്നെയായിരുന്നു അത്. ആദ്യമൊക്കെ പിഴ ശിക്ഷയ്ക്കുമുന്നില്‍ പണമില്ലാതെ പൂട്ടിയിടേണ്ടിവന്നെങ്കില്‍ പിന്നെപ്പിന്നെ പിഴശിക്ഷയടയ്ക്കാന്‍ വേണ്ടതിലേറെ പണം പത്രത്തെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച ജനങ്ങള്‍ തരുന്ന സ്ഥിതിയായി. അപ്പോള്‍പിന്നെ പത്രത്തെ ഇല്ലായ്മചെയ്യാന്‍ അധികാരികള്‍ വേറെ വഴി നോക്കിത്തുടങ്ങി.

1946ല്‍ ദിനപത്രമായി പുറത്തിറങ്ങിയ ദേശാഭിമാനിയെ തിരുവിതാംകൂര്‍ ദിവാന്‍ രണ്ടുവട്ടവും കൊച്ചി രാജാവ് ഒരുതവണയും നിരോധിച്ചു. തൊഴിലാളികള്‍ സംഘടിക്കേണ്ടതിന്റെയും ജനാധിപത്യത്തിന്റെയും ആവശ്യകതയെക്കുറിച്ച് എഴുതിയതിനായിരുന്നു അത്. സാമ്രാജ്യത്വം വര്‍ഗീയതയെ ജനകീയ ഐക്യം തകര്‍ക്കാനുള്ള ആയുധമായി ഉപയോഗിക്കുമെന്ന് മുന്നറിയിപ്പുനല്‍കിയ ഇ എം എസിന്റെ "ആഹ്വാനവും താക്കീതും" എന്ന ലേഖനം പ്രസിദ്ധീകരിച്ചതിന് പൊതുരക്ഷയുടെ പേരുപറഞ്ഞ് മദിരാശി റെസിഡന്‍സി ദേശാഭിമാനിയെ ഒരു ഓര്‍ഡിനന്‍സിലൂടെ നിരോധിച്ചു. പത്രാധിപസമിതിയിലുള്ളവരെയാകെ ജയിലിലടച്ചു. ഒരുപാട് കള്ളക്കേസുകളും പിഴശിക്ഷകളും പിന്നാലെയെത്തി. 1947 ജൂണ്‍ 20ന് വന്‍തുക പിഴകെട്ടിവയ്ക്കുകയോ പത്രം പൂട്ടുകയോ ചെയ്യാന്‍ അധികാരികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ജനങ്ങള്‍ പണംനല്‍കി ദേശാഭിമാനിയെ രക്ഷിച്ചു. 1948ല്‍ വീണ്ടും നിരോധനം. എ കെ ജി ജയിലില്‍നിന്നിറങ്ങി രാജ്യത്തും പുറത്തും സഞ്ചരിച്ച് പണം ശേഖരിച്ചുവന്ന് "51ല്‍ പത്രം പുനാരരംഭിച്ചു. അന്നു വിദേശത്തുപോയി പണം ശേഖരിച്ചതിനെതിരെയും വന്നു ആക്ഷേപം.

നിരോധനങ്ങളും പിഴശിക്ഷകളും ലിക്വിഡേഷനുകളും അറസ്റ്റുകളും ജയിലിലടയ്ക്കലുകളുമൊക്കെ തരണംചെയ്താണ് ദേശാഭിമാനി വളര്‍ന്നുവന്നത്. അങ്ങനെയാണ് ഒമ്പത് കേന്ദ്രങ്ങളില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന കേരളത്തിലെ ഏറ്റവും പ്രചാരമുള്ള മൂന്നാമത്തെ പത്രമായും വെബ്സൈറ്റും ഇ-പേപ്പറും ഒക്കെയുള്ള ആധുനിക സ്ഥാപനമായും ദേശാഭിമാനി വളര്‍ന്നത്; കല്ലച്ചില്‍നിന്ന് പേജിനേഷന്‍ സംവിധാനത്തിലേക്ക് ദേശാഭിമാനി വളര്‍ന്നത്. ഈ പത്രം നിലനില്‍ക്കുന്നതുകൊണ്ടാണ് ഇടതുപക്ഷത്തിന് പൊതുവിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പ്രത്യേകിച്ചും എതിരായി നിരന്തരം നടക്കുന്ന ദുഷ്പ്രചാരണങ്ങളും വിഷലിപ്തമായ കള്ളക്കഥകളും ഒട്ടൊക്കെയെങ്കിലും തുറന്നുകാട്ടപ്പെടുന്നത്; ഇടതുപക്ഷ- ജനാധിപത്യ പുരോഗമനാശയങ്ങള്‍ നാട്ടില്‍ പ്രചരിക്കുന്നത്. ഈ അവസ്ഥയ്ക്ക് അറുതിവരണമെന്ന് ആഗ്രഹിക്കുന്ന പഴയ നാടുവാഴിത്ത ശക്തികളും ആധുനിക മുതലാളിത്ത ശക്തികളും വര്‍ഗീയശക്തികളുമൊക്കെ ഇപ്പോള്‍ ദേശാഭിമാനിക്കെതിരെ പൂര്‍വാധികം ശക്തിയോടെ രംഗത്തുവന്നിരിക്കുകയാണ്- ഒരു പരസ്യത്തെച്ചൊല്ലി. ഇവരാരും ദേശാഭിമാനിയുടെയോ അതിനുപിന്നിലുള്ള പ്രസ്ഥാനത്തിന്റെയോ അഭ്യുദയകാംക്ഷികളല്ല എന്നത് എടുത്തുപറയേണ്ട കാര്യമില്ല.

പത്രത്തില്‍വരുന്ന വാര്‍ത്തകളെല്ലാം പത്രം നടത്തുന്ന പ്രസ്ഥാനത്തിന്റെ അഭിപ്രായമല്ല പ്രതിഫലിപ്പിക്കുക. മന്‍മോഹന്‍സിങ് മുതല്‍ ഉമ്മന്‍ചാണ്ടിവരെയും ബറാക് ഒബാമ മുതല്‍ ബഞ്ചമിന്‍ നെതന്യാഹുവരെയും ബിജു രാധാകൃഷ്ണന്‍ മുതല്‍ സരിതാനായര്‍വരെയും ഉള്ളവര്‍ പറയുന്നത് പത്രത്തില്‍ വരുന്നുണ്ട്. അതൊക്കെ പത്രത്തിന്റെ അഭിപ്രായമാണോ? വാര്‍ത്തയുടെ കാര്യംതന്നെ ഇതാണെങ്കില്‍ പരസ്യത്തിന്റെ കാര്യം പറയാനില്ല. പരസ്യം കൊടുക്കുന്നതിന് പരസ്യദാതാവിന്റെ സമസ്ത ചെയ്തികള്‍ക്കുമുള്ള ന്യായീകരണം എന്ന അര്‍ഥമില്ല. ഒരു പത്രവും അങ്ങനെ അര്‍ഥം കല്‍പ്പിക്കാറുമില്ല. എന്നിട്ടും ദേശാഭിമാനിയെ ആക്രമിക്കാന്‍ അത് ഒരു കാരണമായി. ഉദ്ദേശം വ്യക്തം, ദേശാഭിമാനി സിപിഐ എമ്മിന്റെ മുഖപത്രമാണ്. അതേസമയം, അത് വാണിജ്യാടിസ്ഥാനത്തില്‍ നടക്കുന്ന പത്രവുമാണ്. പരസ്യങ്ങള്‍ ഉണ്ടായാലേ പത്രം നിലനില്‍ക്കൂ. പത്രം നിലനിന്നാലേ സമത്വത്തിന്റെയും സോഷ്യലിസത്തിന്റെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കാനാവൂ. ഏതു പരസ്യം വരുമ്പോഴും പരസ്യദാതാവിന്റെ ജീവിതപശ്ചാത്തലം പൊലീസ് വെരിഫിക്കേഷന് വിട്ട് റിപ്പോര്‍ട്ട് വാങ്ങിക്കുക സാധ്യമായ കാര്യമല്ല. ദേശാഭിമാനിക്കെന്നല്ല, ഒരു പത്രത്തിനും. പരസ്യദാതാവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ശേഖരിച്ചിട്ടേ പത്രം പരസ്യം കൊടുക്കൂവെന്നു വന്നാല്‍ അധികം പരസ്യമൊന്നും കൊടുക്കേണ്ടിവരില്ല. വില്‍പ്പനനികുതി സംബന്ധമായോ ആദായനികുതി സംബന്ധമായോ സാമ്പത്തിക എന്‍ഫോഴ്സ്മെന്റ് വിഭാഗവുമായി ബന്ധപ്പെട്ടോ ഒരു കേസുമില്ലെന്ന് സത്യവാങ്മൂലം നല്‍കുന്നവരുടെ പരസ്യമേ കൊടുക്കൂവെന്ന് ഒരു പത്രം നിലപാടെടുത്താല്‍ ആ പത്രം പരസ്യം കിട്ടാതെ പൂട്ടിപ്പോകുകയേ ഉള്ളൂ. അങ്ങനെ പൂട്ടിപ്പോകാനായി ഒരു പത്രവും നിന്നുകൊടുക്കാറുമില്ല. പത്രങ്ങള്‍ക്ക് ചെയ്യാവുന്നത് മറ്റൊരു കാര്യമാണ്. പരസ്യംതരുന്നവരാല്‍ വാര്‍ത്തയില്‍ സ്വാധീനിക്കപ്പെടാതെ നോക്കുക. ആ ജാഗ്രത എന്നും ദേശാഭിമാനി പാലിച്ചുപോന്നിട്ടുണ്ട്. അത് ഇനിയുമുണ്ടാകും. അതേസമയം, പരസ്യമാണെന്ന പ്രതീതിപോലും സൃഷ്ടിക്കാതെ പരസ്യത്തെ വാര്‍ത്തയുടെ പരിവേഷംനല്‍കി അവതിരപ്പിക്കുകയും അങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന പത്രങ്ങളുണ്ട്. പെയ്ഡ്ന്യൂസ് സംസ്കാരത്തിന്റെ ആ വക്താക്കളും ദേശാഭിമാനിക്കെതിരായ പടയില്‍ അണിചേര്‍ന്നിരിക്കുന്നു എന്നതാണ് സത്യം. പാര്‍ടിസംഘടനയെ കൂടുതല്‍ ഊര്‍ജസ്വലവും സംശുദ്ധവുമാക്കാനുള്ള തീരുമാനത്തോടെ ഉജ്വലമായി സമാപിച്ച സിപിഐ എം പ്ലീനത്തിന്റെ ശോഭകെടുത്താന്‍ ഇടതുപക്ഷവിരുദ്ധര്‍ കണ്ടെത്തിയ ആയുധമായിരുന്നു ഇതെന്നതും വ്യക്തം.

കാലാവധി തീരുമ്പോള്‍ പലിശസഹിതം പണം തിരിച്ചുനല്‍കാമെന്ന വ്യവസ്ഥയില്‍ ഡിമാന്‍ഡ്ഡ്രാഫ്റ്റിലൂടെ നിയമവിധേയമായി ദേശാഭിമാനി മുമ്പൊരിക്കല്‍ പണം സ്വരൂപിച്ചതിനെപോലും കൈക്കൂലി എന്ന് ചിത്രീകരിക്കുന്ന നിലയുണ്ടായിട്ടുണ്ട് ഇവിടെ. കൈക്കൂലി പലിശസഹിതം തിരിച്ചുനല്‍കാമെന്ന വ്യവസ്ഥയില്‍ ഡിമാന്‍ഡ്ഡ്രാഫ്റ്റായോ ചെക്കായോ ആണോ വാങ്ങുക? കോടതി ആ കേസ് എടുത്ത് ചവറ്റുകൊട്ടയിലിട്ടു. എങ്കിലും വലിയ ഒരു വിഭാഗത്തെ ദേശാഭിമാനിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതിന് അതിനുമുമ്പുള്ള ഘട്ടത്തിലെ ദുഷ്പ്രചാരണംകൊണ്ട് സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് സാധിച്ചു. അതേപോലെ പുകമറയുണ്ടാക്കലാണ് ഇപ്പോഴും നടക്കുന്നത്. ദേശാഭിമാനിയെ എല്ലാ ധനസ്രോതസ്സുകളില്‍നിന്നും വിടുവിച്ച് ഒറ്റപ്പെടുത്തി പൂട്ടിക്കുക എന്ന തന്ത്രം.

ദേശീയ സ്വാതന്ത്ര്യസമരം മുന്നോട്ടുകൊണ്ടുപോകുന്നതിനായി പലയിടങ്ങളില്‍നിന്നായി വന്‍തോതില്‍ പണം വന്നപ്പോള്‍, ആ സംഭാവനകളില്‍ കളങ്കിതപണവുമുണ്ടാകുമെന്നും അതുകൊണ്ട് അത് നമ്മള്‍ സ്വീകരിച്ചുകൂടെന്നും ആചാര്യ കാകാ കലേല്‍ക്കര്‍ ഗാന്ധിജിയോടു പറഞ്ഞു. ചെലവാക്കുന്നത് നല്ല കാര്യത്തിനാണെങ്കില്‍ ഒരു പണവും കളങ്കിതമല്ല എന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. ഗാന്ധിജി പറഞ്ഞിടത്തേക്കുപോലും പോകാതെ കളങ്കിത പണം സംഭാവനയായി സ്വീകരിക്കില്ല എന്ന നിലപാടെടുത്തിട്ടുള്ള ഒരു പ്രസ്ഥാനത്തെയാണ്, പത്രത്തിന് നേരിട്ട് ഒരു ഉത്തരവാദിത്തവുമില്ലാത്ത പരസ്യത്തിന്റെ പേരില്‍ ഇവിടെ അപകീര്‍ത്തിപ്പെടുത്താന്‍ നോക്കുന്നത്. പരസ്യം പത്രത്തിന്റേതല്ല, പരസ്യദാതാവിന്റേതുമാത്രമാണ്.

deshabhimani editorial 021213

No comments:

Post a Comment