Saturday, September 18, 2010

അല്പം കൂടി കോലീബി വാര്‍ത്തകള്‍

കോ-ലീ-ബി സഖ്യത്തിന്റെ പിടിപ്പുകേട്: കാഞ്ഞങ്ങാടിന് നഷ്ടമായത് പാര്‍ക്കിങ് ഏരിയയും റോഡും

കാഞ്ഞങ്ങാട്: കോ-ലീ-ബി സഖ്യത്തിന്റെ പിടിപ്പുകേടിനെ തുടര്‍ന്ന് റെയില്‍വെ സ്റ്റേഷന് സമീപം പാര്‍ക്കിങ് ഏരിയ നിര്‍മിക്കാനുള്ള പദ്ധതി നഗരസഭ ഉപേക്ഷിച്ചു. ഇതോടെ ടൌണില്‍ നിന്ന് റെയില്‍വെ സ്റ്റേഷനിലേക്ക് എളുപ്പത്തില്‍ ബന്ധപ്പെടാനുള്ള റോഡ് അസാധ്യമായി. സ്വകാര്യവ്യക്തികള്‍ നഗരസഭയ്ക്ക് വാഗ്ദാനം ചെയ്ത 35 സെന്റ് സ്ഥലത്ത് പാര്‍ക്കിങ് ഏരിയ നിര്‍മിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഈ സ്ഥലത്തോട് ചേര്‍ന്നുള്ള കെട്ടിട ഉടമ തടസപെടുത്തയതാണ് പാര്‍ക്കിങ് ഏരിയയും എളുപ്പറോഡും നഗരസഭയ്ക്ക് നഷ്ടമായത്.

ബസ്സ്റ്റാന്റിന് സമീപത്തെ പെട്രോള്‍പമ്പിന് എതിര്‍വശത്തുള്ള വ്യാപാരസമുച്ചയത്തിന് മധ്യത്തിലൂടെ റെയില്‍വെ സ്റ്റേഷനിലേക്ക് എളുപ്പ റോഡ് നിര്‍മിക്കാന്‍ ആറ് മീറ്റര്‍ വീതിയില്‍ നഗരസഭയ്ക്ക് നേരത്തെ സ്ഥലം വിട്ടുകിട്ടിയിരുന്നു. അനധികൃതമായി നിര്‍മിച്ച വ്യാപാര സമുച്ചയത്തിന് നിര്‍മാണ ചട്ടങ്ങളില്‍ ഇളവ് നല്‍കിയാണ് റോഡിനുള്ള സ്ഥലം നഗരസഭ സ്വന്തമാക്കിയത്. പാര്‍ക്കിങ് ഏരിയയിലേക്ക് ഈ റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡുണ്ടാക്കാനുള്ള നഗരസഭയുടെ നീക്കമാണ് തടസപ്പെട്ടത്. കെട്ടിട ഉടമയും കോ-ലീ-ബി സഖ്യത്തിലെ പ്രമുഖരും ചേര്‍ന്ന് നഗരസഭയുടെ താല്‍പര്യങ്ങള്‍ ബലികഴിക്കുന്ന കരാറിന് ഭരണസമിതി തയ്യാറായതോടെ കരാര്‍ വ്യവസ്ഥകളിലെ പഴുതുകള്‍ ഉപയോഗിച്ചാണ് കെട്ടിടം ഉടമ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചത്. ഇതോടെ നഗരസഭയ്ക്ക് ദാനം കിട്ടിയ ഭൂമിയില്‍ പാര്‍ക്കിങ് ഏരിയയും റെയില്‍വെ സ്റ്റേഷനിലേക്കുള്ള എളുപ്പ റോഡുമാണ് കാഞ്ഞങ്ങാടിന് നഷ്ടമായത്.

നഗരസഭയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ ഉപേഷിച്ച പദ്ധതിക്ക് പകരം കൈലാസ് തിയേറ്റര്‍ പരിസരത്തെ 57സെന്റ് ഭൂമി അക്വയര്‍ ചെയ്യാന്‍ നഗരസഭ തീരുമാനിച്ചു. പാര്‍ക്കിങ് ഏരിയക്ക് തടയിട്ട കെട്ടിട ഉടമയുമായി ബന്ധപ്പെട്ടവരുടെ കൈവശമുള്ളതാണ് ഈ സ്ഥലവും. കോ-ലീ-ബി സഖ്യത്തിലെ പ്രമുഖര്‍ ഇതിന്റെ മറവിലും വിലപേശല്‍ ആരംഭിച്ചതായി ആക്ഷേപമുണ്ട്.

നാണക്കേടിന് പാലക്കാടിന് നാലുവര്‍ഷം

പാലക്കാട്: കോ-ലീ-ബി അവിശുദ്ധ സഖ്യത്തിന്റെ ഭരണത്തില്‍ കഴിഞ്ഞ നാലുവര്‍ഷം പാലക്കാട് നഗരസഭ സാക്ഷ്യംവഹിച്ചത് വികസനമുരടിപ്പിന്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ്-ലീഗ്-ബിജെപി ഭരണത്തിന് പാലക്കാട്ട് അന്ത്യമായി. പക്ഷെ നാടിനെ നശിപ്പിച്ച ഭരണസഖ്യത്തിന് ജനകീയ കോടതിയില്‍ വിചാരണ നേരിടാതെ വയ്യ. പാലക്കാട് നഗരത്തിലേതുപോലെ പൊട്ടിപൊളിഞ്ഞ റോഡുകള്‍ സംസ്ഥാനത്ത് ഒരിടത്തുമില്ല. 23 കോടി രൂപയുടെ ചേരിവികസനപദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്ന സ്ഥിതിവരെയുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസനപദ്ധതികള്‍ നടപ്പാക്കാനും കഴിഞ്ഞില്ല. ഭരണമില്ലാത്ത നാലുവര്‍ഷമായിരുന്നു കോ-ലീ-ബി സഖ്യത്തിനു കീഴിലെ പാലക്കാട് നഗരസഭ.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വരികയും ബിജെപിപിന്തുണയോടെ ഭരിക്കില്ലെന്ന് എല്‍ഡിഎഫ് തീരുമാനിക്കുകയും ചെയ്തതോടയാണ് നഗരസഭ കോ-ലീ-ബി സഖ്യത്തിന്റെ ഭരണത്തിലായത്. എല്‍ഡിഎഫിനും ബിജെപിക്കും 17 വീതവും യുഡിഎഫിന് 16ഉംസീറ്റാണ് ലഭിച്ചത്. ബിജെപി പിന്തുണയോടെ ഭരണംവേണ്ടെന്നു പ്രഖ്യാപിച്ച് എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തേക്കു മത്സരിച്ചില്ല. മൂന്നാംസ്ഥാനത്തായ യുഡിഎഫുംമത്സരിച്ചില്ല. പട്ടികജാതിവിഭാഗക്കാര്‍ ആരുമില്ലാതിരുന്നതിനാല്‍ ബിജെപിക്കും മത്സരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടന്ന വൈസ്ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയിലെ എസ് ആര്‍ ബാലസുബ്രഹ്മണ്യം വിജയിച്ചു. ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണച്ചതിന്റെ പേരില്‍ വിജയിച്ച ചെയര്‍മാന്‍സ്ഥാനം സിപിഐ എം പ്രതിനിധി രാജിവച്ചു. തുടര്‍ന്ന് കോണ്‍ഗ്രസിലെ വി ദേവയാനിയെ ചെയര്‍പേഴസണായി കോടതി പ്രഖ്യാപിച്ചു. ബിജെപിപിന്തുണ എല്‍ഡിഎഫ് സ്വീകരിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് കോണ്‍ഗ്രസ്-ലീഗും-ബിജെപിയും ചേര്‍ന്ന് നടത്തിയ ഒത്തുകളിയായിരുന്നു ചെയര്‍മാന്‍ തെരഞ്ഞുെടപ്പില്‍ നടന്നതെന്ന് പീന്നീടുണ്ടായ സംഭവങ്ങള്‍ തെളിയിച്ചു. വൈസ്ചെയര്‍മാനായി മുസ്ളിംലീഗിലെ അബ്ദുള്‍ അസീസിനെ തെരഞ്ഞെടുത്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായി ബിജെപിയിലെ എന്‍ ശിവരാജനും കൃഷ്ണകുമാറും കോണ്‍ഗ്രസിലെ മുകേഷ്കുമാറും ലീഗിലെ കാജാഹുസൈനും തെരഞ്ഞെടുക്കപ്പെട്ടു. .
(ഇ എസ് സുഭാഷ്)

ദേശാഭിമാനി 18092010

6 comments:

  1. കോ-ലീ-ബി അവിശുദ്ധ സഖ്യത്തിന്റെ ഭരണത്തില്‍ കഴിഞ്ഞ നാലുവര്‍ഷം പാലക്കാട് നഗരസഭ സാക്ഷ്യംവഹിച്ചത് വികസനമുരടിപ്പിന്

    ReplyDelete
  2. leagum bijepiyum onnikkunnuvnkil ath nalla lakshanamaanu. vargeeyatha athikaarathinte maravilenkilum illaathaavatte

    janashakthi vishamichchu samayam kalayalle

    ReplyDelete
  3. അങ്ങിനെ അല്ല സംഭവം. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതകള്‍ ആവശ്യം വന്നാല്‍ പരസ്പരം യോജിക്കുകയും സഹായിക്കുകയും ചെയ്യും.

    ReplyDelete
  4. പാലക്കാട്: തദ്ദേശസ്വയംഭരണസ്ഥാപനതെരഞ്ഞെടുപ്പിലേക്ക് കണ്ണാടി പഞ്ചായത്തില്‍ കോണ്‍ഗ്രസ്-ബിജെപിയും സഖ്യം മത്സരരംഗത്ത്. 'പൌരമുന്നണി' രൂപീകരിച്ചാണ് എല്‍ഡിഎഫിനെതിരെ ഇവര്‍ മത്സരിക്കുന്നത്. ആകെയുള്ള 15 സീറ്റില്‍ കോണ്‍ഗ്രസ് എട്ട് സീറ്റിലും ബിജെപി മൂന്നു സീറ്റിലും 'സര്‍ഗ'യിലുള്ളവര്‍ നാലുസീറ്റിലുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും കൊടിയും ചിഹ്നവും മാറ്റിവച്ചാണ് 'പൌരമുന്നണി' മത്സരിക്കുന്നത്. ബിജെപിയുമായി ഒരുബന്ധവും കോഗ്രസിനുണ്ടാക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നെങ്കിലും കണ്ണാടിയില്‍ കോണ്‍ഗ്രസും ബിജെപിയും പരസ്യമായാണ് സഖ്യമുണ്ടാക്കിയിട്ടുള്ളത്.

    ReplyDelete
  5. നന്മണ്ട പഞ്ചായത്തില്‍ കോ-ലീ-ബി സഖ്യം. ആകെയുള്ള 17 വാര്‍ഡില്‍ നാല് വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികളെ പിന്തുണക്കാനും ബാക്കി 13 വാര്‍ഡുകളില്‍ യുഡിഎഫിനെ സഹായിക്കാനും കോബ്ബ്ഗ്രസ് - ബിജെപി പഞ്ചായത്ത് ഭാരവാഹികള്‍ നടത്തിയ രഹസ്യചര്‍ച്ചയിലാണ് തീരുമാനമുണ്ടായതെന്നറിയുന്നു. ബിജെപി പഞ്ചായത്ത് ഭാരവാഹികളായ അനൂപ്, ടി ദേവദാസ്, ഷാജു, കോണ്‍ഗ്രസ് ബ്ളോക്ക് സെക്രട്ടറി സി കെ ബാലന്‍, മണ്ഡലം പ്രസിഡന്റ് എ ശ്രീധരന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. നാല്, പത്ത്, 17 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികളെ സ്വതന്ത്രവേഷമണിയിച്ചാണ് കോണ്‍ഗ്രസ് പിന്തുണക്കുന്നത്. നാലാം വാര്‍ഡില്‍ ആര്‍എസ്എസ് ജില്ലാ ഭാരവാഹി ബാലന്‍ ചെറുവോട്ടും പത്താംവാര്‍ഡില്‍ ബിജെപി പഞ്ചായത്ത് സെക്രട്ടറി അരികുഴിയില്‍ പ്രഭാകരന്റെ ഭാര്യ സുശീല പ്രഭാകരനും 17-ാം വാര്‍ഡില്‍ മഹിളാ മോര്‍ച്ചയുടെ ജില്ലാ നേതാവും കഴിഞ്ഞതവണ മത്സരിച്ച ഷീബാ മോഹനനും താമരചിഹ്നം മാറ്റി സ്വതന്ത്രചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഈ വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. 12-ാം വാര്‍ഡില്‍ ബ്ളോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സി കെ ബാലനും 16-ാം വാര്‍ഡില്‍ മണ്ഡലം പ്രസിഡന്റ് എ ശ്രീധരനുമാണ് മത്സരിക്കുന്നത്. ഇവിടെ ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല.

    ReplyDelete
  6. പരാജയഭീതി പൂണ്ട കോഗ്രസും ലീഗും ജില്ലയില്‍ പലയിടങ്ങളിലും ബിജെപിയുമായി തെരഞ്ഞെടുപ്പു ധാരണയില്‍. ചേലക്കര മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കൊടുങ്ങല്ലൂരില്‍ എടവിലങ്ങിലുമാണ് പരസ്യധാരണ. പരസ്പരം സ്ഥാനാര്‍ഥിയെ നിര്‍ത്താതെയും സ്വതന്ത്ര വേഷത്തിലുമാണ് ഈ കോ-ലീ-ബി കൂട്ടുകെട്ട്.

    ReplyDelete