Sunday, April 1, 2012

കമ്യൂണിസ്റ്റ് പ്രസ്ഥാനം പാവങ്ങള്‍ക്ക് അഭിമാനബോധം നല്‍കി- തോമസ് ഐസക്


വടകര: പാവങ്ങള്‍ക്ക് കൂലിയും ഭക്ഷണവും മെച്ചപ്പെട്ട ജീവിതവും നല്‍കിയ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അവയെക്കാളുപരി പാവങ്ങള്‍ക്ക് അഭിമാനബോധവും നല്‍കിയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക് പറഞ്ഞു. ഈ അഭിമാന ബോധത്തെ ചോദ്യം ചെയ്യുന്ന നടപടികളാണ് യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥയാണ് കേരളത്തിലേത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് ഇത് നേടിക്കൊടുത്തത്. കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രത്തില്‍ തെറ്റ്കുറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. അത് തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമായുള്ള പ്രവര്‍ത്തനത്തിനിടയില്‍ സംഭവിച്ചതാണ്. കോണ്‍ഗ്രസ്സിന് ഇങ്ങനെ അവകാശപ്പെടാന്‍ കഴിയുമോ. ഡോ. തോമസ് ഐസക് ചോദിച്ചു. വില്ല്യാപ്പള്ളിയില്‍ കമ്മ്യൂണിസ്റ്റ് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരയാക്കൂല്‍ താഴെനിന്നും വൈക്കിലശ്ശേരി റോഡില്‍ നിന്നും ആരംഭിച്ച രണ്ട് വിളംബരജാഥകള്‍ വില്ല്യാപ്പള്ളി ടൗണില്‍ സംഗമിച്ച ശേഷമായിരുന്നു കുടുംബസംഗമം. കെ കെ മോഹനന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശ്രീധരന്‍, ടി കെ കുഞ്ഞിരാമന്‍, കെ ടി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ടി എം ദാസന്‍ സ്വാഗതം പറഞ്ഞു. ഉഷാചന്ദ്രബാബുവിന്റെ ഏകപാത്ര നാടകവുമുണ്ടായി.

അരങ്ങിലെ സംഗീതവസന്തവുമായി "മുടിനാരേഴായ് കീറീട്ട് "

മലയാളി സഹൃദയ മനസ്സുകളില്‍ അരങ്ങിന്റെ പുതിയാകാശവും പുതിയഭൂമിയും സൃഷ്ടിച്ച നാടകാചാര്യന്‍ കെ ടി മുഹമ്മദിന്റെ നാടകഗാനങ്ങളുടെ സിഡി പുറത്തിറങ്ങുന്നു. മാറുന്ന ദുനിയാവിന്റെ നറുമണം പരത്തിയ മുടിനാരേഴായ്കീറീട്ട്, താമരപ്പൂങ്കാവനത്തില്, കൈലുകള്‍ പിടിക്കണ കൈകളുണ്ടുയരണ് ..തുടങ്ങി കാലഘട്ടം ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഭാവസാന്ദ്രവും നാടോടിത്തം നിറഞ്ഞതുമായ ഗാനങ്ങളാണ് "മുടിനാരേഴായ്കീറീട്ട്" എന്ന പേരില്‍ പുറത്തിറക്കുന്നത്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഏപ്രില്‍ മൂന്നിന് കോഴിക്കോട്ട് നടക്കുന്ന സെമിനാറില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സിഡി പ്രകാശനം ചെയ്യും. 10 ഗാനങ്ങളാണ് സിഡിയിലുള്ളത്. വിഖ്യാത സംഗീതജ്ഞന്‍ കെ രാഘവന്‍മാഷ് സംഗീതസംവിധാനം നിര്‍വഹിച്ച പാട്ടും പ്രശസ്തഗായകന്‍ വി ടി മുരളി പാടിയ പാട്ടുകളുമുണ്ട് ഇതില്‍.

സിഡിയില്‍ ഏറ്റവും ശ്രദ്ധേയം ""തെളിയട്ടെ വിളക്കുകള്‍ തമസ്സിന്റെ തലവെട്ടി..."" എന്ന പാട്ടാണ്. ഇരുട്ട് പരത്തുന്ന മതയാഥാസ്ഥിതികതക്കെതിരെ ഗതികെട്ട മനുഷ്യന്റെ മനസ്സുകളുയരാനാഹ്വാനംചെയ്ത് നാടകലോകത്ത് ഇതിഹാസം സൃഷ്ടിച്ച "ഇത് ഭൂമിയാണ്" നാടകത്തിലെ ഈ ഗാനം ഭാനുപ്രകാശും സംഘവുമാണ് ഹൃദ്യസുന്ദരമായി പാടിയിരിക്കുന്നത്. ഇത് ഭൂമിയാണ് എന്ന നാടകത്തിലെ ""കൈലുകള്‍പിടിക്കണ കൈകളുണ്ടുയരണ്, കൈകളില്‍ കിലുങ്ങണ വളകളൊച്ചകൂട്ടണ് .........കറുപ്പായ കൈകകള് കറുത്തോരടുക്കളവിട്ട് പടക്കിറങ്ങണ്... എന്നത് കെ ടിയുടെ മാര്‍ച്ചിങ് സോങ്ങായറിയപ്പെടുന്ന നാടകഗാനമാണ്. അഫ്സലും സംഘവുമാണിത് ആലപിച്ചത്. സ്ത്രീവിമോചനത്തിന്റെകൂടി ഗാഥയായ ഈ പാട്ടിനൊപ്പം കണ്ണീരണിഞ്ഞു നോക്കിടുന്നതാരുടെ നേരെ എന്ന കാഫറിലെ പാട്ടും ശ്രദ്ധേയമാണ്. രോഷ്നിമേനോനാണ് ആലപിച്ചത്. ടൈറ്റില്‍ സോങ്ങായ "മുടിനാരേഴായ് കീറീട്ട്" വൈകാരികശോഭയും ആര്‍ദ്രതയും വഴിയുന്ന സ്വരമാധുരിയില്‍ മഴയാണ് പാടിയിരിക്കുന്നത്. ഇത് ഭൂമിയാണ് നാടകത്തിലെ പാട്ടിലൂടെ ഒരു കാലത്തിന്റെ സാമൂഹ്യാവസ്ഥയിലേക്കുണര്‍ത്തുകയാണ് കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ മഴ.

കെപിഎസിക്കായി കെ ടി രചിച്ച പെന്‍ഡുലത്തിലെ അന്ന് ഞാന്‍ അന്തിക്ക് എന്നതാണ് ആദ്യഗാനം. രാഘവന്‍മാഷ് സംഗീതം നല്‍കിയ പാട്ട് പാടിയത് വി ടി മുരളിയാണ്. അജയ്ഗോപാല്‍, മുരളിയുടെ മകള്‍ നീത എന്നിവരാണ് മറ്റുഗായകര്‍. രാമനാട്ടുകര വിജയനും പാട്ടുകള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നു. കെടിയുടെ ഓര്‍മ്മകള്‍ക്ക് ആദരംചാര്‍ത്തുന്ന ഈ അമൂല്യ ഗാനോപഹാരം മഞ്ജുഭാഷയാണ് സംഗീതപ്രേമികള്‍ക്ക് സമ്മാനിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന സോഷ്യലിസത്തിന്റെ ഭാവി എന്ന സെമിനാറില്‍ പ്രകാശ് കാരാട്ട് ഇബ്രാഹിം വെങ്ങരക്ക് നല്‍കി "മുടിനാരേഴായ്കീറീട്ട്" പ്രകാശനം ചെയ്യും.

ചരിത്ര സ്മരണയില്‍ "ആവാഹം"

വഞ്ചനയും കുടിലതയുമുള്ള ജന്മിവാഴ്ചക്ക് ഗ്രാമത്തിലെ "നിഷേധികളായ ചെറുപ്പക്കാര്‍" അറുതി വരുത്തുന്നതിന്റെ കഥയാണ് മാവൂര്‍ നവധാര തിയറ്റേഴ്സ് അവതരിപ്പിച്ച "ആവാഹം". അറിവില്ലായ്മയും അന്ധവിശ്വാസവുമുള്ള ജനങ്ങള്‍ക്കുമേല്‍ അധികാരം പ്രയോഗിക്കാന്‍ ജന്മിക്ക് പ്രയാസമില്ല. നിരന്തരം ചൂഷണം നടത്തുമ്പോഴും രാമന്‍ പുലയനും കുടുംബവും ജന്മിക്കായി പ്രാര്‍ഥിക്കുകയും വഴിപാടുകള്‍ നേരുകയും ചെയ്യുന്നു. നരിമുഖം ധരിച്ച് ജന്മി നാട്ടിലെ സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നു. പിന്നീട് മരിച്ച നിലയിലാണ് ഇവരെ ആളുകള്‍ കാണുന്നത്. അനീതിക്കെതിരെ പ്രതികരിക്കുന്ന കുഞ്ഞനെയും ഗോപാലനെയും ആരും അംഗീകരിക്കാനോ, അവരുടെ വാക്കുകള്‍ കേള്‍ക്കാനോ തയ്യാറാകുന്നില്ല. രാമന്‍ പുലയന്റെ ഭാര്യ കാളിയെ ജന്മി പിടിച്ചുകൊണ്ടുപോകുന്നു. ഗുഹാമുഖത്തുവച്ച് ജന്മിയുടെ മുഖം മൂടി കുഞ്ഞനും സംഘവും വലിച്ചു പുറത്തിടുന്നു. ജന്മിയുടെ യഥാര്‍ഥ മുഖം വെളിപ്പെടുകയായിരുന്നു അവിടെ. പശ്ചാത്തലത്തില്‍ തോറ്റവും നാടന്‍ പാട്ടുകളും താളം തീര്‍ത്തു.

രാമന്‍ പുലയനായി ആര്‍ ഗോപിനാഥും ജന്മിയായി സാബു അരീക്കോടും വേഷമിട്ടു. സംവിധായകനായ മാവൂര്‍ വിജയന്‍ നാടകത്തില്‍ കാര്യസ്ഥന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഗോപാലന്‍ കൊല്ലാര്‍കണ്ടി, സുധാകരന്‍ ചൂലൂര്‍, ജി ആര്‍ വാര്യര്‍, ഒ ടി ചൂലൂര്‍, മിര്‍ഷാദ്, ബിജു, പി ഗംഗാധരന്‍, കെ ടി പ്രകാശന്‍, പുഷ്പാധരന്‍, ശിഖ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നത്. പുരുഷന്‍ കടലുണ്ടി എംഎല്‍എയുടെതാണ് രചന. വിജയന്‍ കോവൂര്‍ സംഗീതം നിര്‍വഹിച്ചു.

മാപ്പിളപ്പാട്ടിന് മതമില്ല

പുത്തന്‍ അറിവുകള്‍ പകര്‍ന്ന് "മാപ്പിള സാഹിത്യം-കല" സെമിനാര്‍. മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ വി എം കുട്ടിയും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി കെ ഹംസയും ആശയം പങ്കുവച്ചപ്പോള്‍ നിറഞ്ഞസദസ് അത് അംഗീകരിച്ചു. എസ്കെ പൊറ്റെക്കാട്ട് നഗറില്‍ (ഇഎംഎസ് സ്റ്റേഡിയം) അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറാണ് അറിവിന്റെ പുതിയ പാത തുറന്നത്. ഏറനാടന്‍ ശൈലിയില്‍ മാപ്പിളപ്പാട്ടും, കഥപറച്ചിലും തമാശകളുമായി ടി കെ ഹംസ എന്ന രാഷ്ട്രീയ നേതാവിന്റെ "മറ്റൊരു മുഖം" കണ്ടവര്‍ തരിച്ചുപോയി. വി എം കുട്ടിയെന്ന മാസ്മരിക ഗായകന്റെ നാവില്‍നിന്നുതിര്‍ന്ന ഇശലുകള്‍ക്കൊപ്പം സദസ് താളം പിടിച്ചു.

മാപ്പിളപ്പാട്ട് മതത്തിനതീതമാണെന്ന കാഴ്ചപ്പാട് വെളിവാക്കുന്നതായി സെമിനാര്‍. മാപ്പിളപ്പാട്ടിന്റെ ആവിര്‍ഭാവം കേരളത്തിലെ ഹൈന്ദവ, ക്രൈസ്തവ, നാടോടി സംഗീതത്തില്‍ നിന്നാണെന്ന് ഇരുവരും വിശദീകരിച്ചു. പണ്ടുകാലത്ത് എല്ലാമതങ്ങളും ഒരുപോലെ കഴിഞ്ഞതിന്റെ തെളിവാണ് മാപ്പിളപ്പാട്ട്. ക്രിസ്ത്യാനികളുടെ മൈലാഞ്ചിപ്പാട്ട്, ഹിന്ദുക്കളുടെ കുമ്മികളിപ്പാട്ട് എന്നിവയില്‍ നിന്നെല്ലാം രൂപപ്പെട്ടതാണ് മാപ്പിളപ്പാട്ടിന്റെ ഈണം. കാകളി, കേക, മഞ്ജരി വൃത്തങ്ങളിലാണ് പണ്ട്് മാപ്പിളപ്പാട്ടുകള്‍ രചിച്ചത്. അതുകൊണ്ട് മാപ്പിളപ്പാട്ടെന്നാല്‍ മുസ്ലിങ്ങളുടെ മാത്രം പാട്ടല്ലെന്ന് വി എം കുട്ടി പറഞ്ഞു. സാമ്രാജ്യത്വത്തിനെതിരെ പോരാടിയ മുസ്ലിങ്ങള്‍ക്ക് ഇംഗ്ലീഷ് ഭാഷയോട് കടുത്ത ശത്രുതയായിരുന്നെന്നും അതുകൊണ്ട് ലിപിയും പദങ്ങളുമില്ലാത്ത ഒരു ഭാഷയാണ് പണ്ട് മലബാറില്‍ ഉപയോഗിച്ചിരുന്നതെന്നും ടി കെ ഹംസ പറഞ്ഞു. ആ ഭാഷയാണ് മാപ്പിളപ്പാട്ട് രചിക്കാന്‍ ഉപയോഗിച്ചത്. ഇപ്പോള്‍ ഇറങ്ങുന്നതൊന്നും മാപ്പിളപ്പാട്ടായി കണക്കാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ചാണ് അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. വചനം ബുക്ക്സ് പ്രസിദ്ധീകരിച്ച "സ്ത്രീപക്ഷ വായനയുടെ മാപ്പിള പക്ഷാന്തരങ്ങള്‍" എന്ന പുസ്തകം ടി കെ ഹംസ വി എം കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു. കെഎസ്ടിഎ ജില്ലാ സെക്രട്ടറി കെ കെ രഘുനാഥന്‍ സ്വാഗതവും കെ ടി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

deshabhimani 010412

1 comment:

  1. പാവങ്ങള്‍ക്ക് കൂലിയും ഭക്ഷണവും മെച്ചപ്പെട്ട ജീവിതവും നല്‍കിയ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അവയെക്കാളുപരി പാവങ്ങള്‍ക്ക് അഭിമാനബോധവും നല്‍കിയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക് പറഞ്ഞു. ഈ അഭിമാന ബോധത്തെ ചോദ്യം ചെയ്യുന്ന നടപടികളാണ് യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥയാണ് കേരളത്തിലേത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് ഇത് നേടിക്കൊടുത്തത്. കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രത്തില്‍ തെറ്റ്കുറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. അത് തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമായുള്ള പ്രവര്‍ത്തനത്തിനിടയില്‍ സംഭവിച്ചതാണ്. കോണ്‍ഗ്രസ്സിന് ഇങ്ങനെ അവകാശപ്പെടാന്‍ കഴിയുമോ. ഡോ. തോമസ് ഐസക് ചോദിച്ചു. വില്ല്യാപ്പള്ളിയില്‍ കമ്മ്യൂണിസ്റ്റ് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete