Tuesday, March 29, 2016

പയ്യപ്പിള്ളി ബാലന്‍: നരകപീഡനം അതിജീവിച്ച വിപ്ളവക്കരുത്ത്

പയ്യപ്പിള്ളി ബാലന്‍ അന്തരിച്ചു

കൊച്ചി > സ്വാതന്ത്യ്ര സമരസേനാനിയും വ്യവസായ ജില്ലയിലെ കമ്യൂണിസ്റ്റ് കാരണവരും പ്രശസ്ത എഴുത്തുകാരനുമായ പയ്യപ്പിള്ളി ബാലന്‍ അന്തരിച്ചു. 91 വയസായിരുന്നു.ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഐ എം കളമശേരി ഏരിയ കമ്മിറ്റി അംഗവും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ഏലൂര്‍ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അബുദാബി ശക്തി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മഞ്ഞുമ്മല്‍ പയ്യപ്പിള്ളി പാപ്പിയമ്മയുടെയും നാവുള്ളി കൂടാനക്കാട്ട് ഇരവിരാമന്‍പിള്ളയുടെയും മകനായി 1925 ജൂണ്‍ ഒന്നിനാണ് ബാലകൃഷ്ണപിള്ള എന്ന പയ്യപ്പിള്ളി ബാലന്‍ ജനിച്ചത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലും പിന്നീട് 1965ലെ കേന്ദ്രകോണ്‍ഗ്രസ് സര്‍ക്കാരിന്റെ കമ്യൂണിസ്റ്റ് വേട്ടയിലും അടിയന്തിരാവസ്ഥയിലും തടവിലാക്കപ്പെട്ടു. തടവറയില്‍ നിഷ്ഠുര പീഡനത്തിനും പുറത്ത് രാഷ്ട്രീയ എതിരാളികളുടെ ക്രൂരമര്‍ദനത്തിനും ഇരയായിട്ടുണ്ട്.

ആലുവ അദ്വൈതാശ്രമം സംസ്കൃതപാഠശാല വിദ്യാര്‍ഥിയായിരിക്കെ 13–ാം വയസ്സില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ചാണ് പൊതുരംഗത്ത് എത്തിയത്. പിന്നീട് ഇടപ്പള്ളി ഇംഗ്ളീഷ് ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 1942 ആഗസ്ത് ഒമ്പതിന് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലും പങ്കാളിയായി. 1945–ല്‍ ആലുവ യുസി കോളേജില്‍ വിദ്യാര്‍ഥി ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകനായി.

1950ലാണ് ഇടപ്പള്ളിക്കേസില്‍ അറസ്റ്റിലായത്. ഈ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഏഴ് വര്‍ഷത്തിലധികം ജയില്‍വാസമനുഷ്ഠിച്ചു. 57ലെ ഇഎംഎസ് സര്‍ക്കാര്‍ രാഷ്ട്രീയ തടവുകാരെ വിട്ടയച്ചപ്പോഴാണ് മോചിതനായത്. പിന്നീട് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി ആലുവ മണ്ഡലം കമ്മിറ്റി സെക്രട്ടറി, ജില്ലാ കൌണ്‍സില്‍ അംഗം, സിപിഐ എം ജില്ലാകമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലേക്കും അദ്ദേഹം ഉയര്‍ന്നു. ദേശാഭിമാനി കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ കുറച്ചുകാലം പത്രത്തില്‍ ജോലി ചെയ്തു. ആര്‍എസ്എസ്, കോണ്‍ഗ്രസ് ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

പരേതയായ ശാന്താദേവിയാണ് ഭാര്യ. ഡോ. ജ്യോതി(തൃപ്പൂണിത്തുറ അനുഗ്രഹ ക്ളിനിക്), ബിജു(കെല്‍), ദീപ്തി(റിനൈ മെഡിസിറ്റി) എന്നിവര്‍ മക്കള്‍. ആര്‍ എസ് ശ്രീകുമാര്‍(കൊച്ചി റിഫൈനറി), വി എ ശ്രീകുമാര്‍(അബുദാബി), സന്ധ്യ(കെല്‍) എന്നിവര്‍ മരുമക്കളാണ്

ഇടപ്പള്ളി സംഭവവും ഈ കേസിലെ പ്രതികള്‍ തടവറയില്‍ അനുഭവിച്ച നിഷ്ഠുര പീഡനങ്ങളും വിവരിച്ച 'ആലുവാപ്പുഴ പിന്നെയും ഒഴുകി' ആണ് പയ്യപ്പിള്ളി ബാലന്റെ പ്രധാന കൃതി. 'ആലുവ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ആദ്യനാളുകള്‍', 'മായാത്ത സ്മരണകള്‍ മങ്ങാത്ത മുഖങ്ങള്‍(രണ്ടുഭാഗം)', 'പാലിയം സമരകഥ', 'പൊരുതിവീണവര്‍', 'സ്റ്റാലിന്റെ പ്രസക്തി', ചരിത്രം പൊളിച്ചെഴുതുകയോ, 'ആലുവ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം','അവരുടെ വഴികള്‍ എന്റെ കാഴ്ചകള്‍' എന്നീ പുസ്തകങ്ങളും രചിച്ചു. മായാത്ത സ്മരണകളുടെ രണ്ടാം ഭാഗം പ്രകാശനത്തിന് ഒരുങ്ങുകയാണ്. ആത്മകഥാംശമുള്ള ജ്ഞാനസ്നാനം എന്ന നോവലും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇത് ഉടന്‍ പുറത്തിറങ്ങും.

നരകപീഡനം അതിജീവിച്ച വിപ്ളവക്കരുത്ത്

കൊച്ചി > പോരാട്ടവും സമരമുഖങ്ങളുംകൊണ്ട് സംഭവ ബഹുലമായിരുന്നു പയ്യപ്പിള്ളി ബാലന്റെ ജീവിതം. കേട്ടാല്‍ മനുഷ്യ മനസ് മരവിക്കുന്ന കൊടുംക്രൂരതകളാണ് പയ്യപ്പിള്ളി ബാലനും ഇടപ്പള്ളി കേസിലെ സഖാക്കളും ജയിലില്‍ അനുഭവിച്ചത്.

അനീതികള്‍ക്കെതിരെ പോരാട്ടവേദിയിലേക്ക് പയ്യപ്പിള്ളി ബാലന്‍ കാലെടുത്തുവയ്ക്കുന്നത് 13–ാം വയസ്സിലാണ്. ആലുവ സംസ്കൃതസ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു അന്ന്. തിരുവിതാംകൂര്‍ സ്റ്റേറ്റ് പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച് നടത്തിയ പ്രകടനത്തില്‍ ഗാന്ധിത്തൊപ്പിയണിഞ്ഞ് ഉറക്കെ മുദ്രാവാക്യം വിളിച്ച് അണിചേര്‍ന്ന പയ്യപ്പിള്ളി പിന്നീടങ്ങോട്ട് സാമൂഹ്യതിന്മകള്‍ക്കെതിരായ സമരമുഖങ്ങളിലെല്ലാം സജീവസാന്നിധ്യമായി.

ഏലൂര്‍ എഫ്എസിടിയില്‍ ജീവനക്കാരനായിരിക്കെ 25–ാം വയസ്സിലാണ് ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. ചെയ്യാത്ത കുറ്റത്തിന് ഏറ്റുവാങ്ങേണ്ടിവന്നത് കൊടിയ ലോക്കപ്പ്മര്‍ദ്ദനവും ഏഴുവര്‍ഷത്തെ ജയില്‍വാസവും. 1950 ഫെബ്രുവരി 28ന് പകല്‍ ജോലിസ്ഥലത്തുവച്ചായിരുന്നു അറസ്റ്റ്. ഓഫീസില്‍ വന്ന് പയ്യപ്പിള്ളി ബാലന്‍ ആരാണെന്ന് മനസിലാക്കിയപാടെ ഇന്‍സ്പെക്ടര്‍ ചെകിടത്ത് ആഞ്ഞടിച്ചു. ഗുണ്ടുപൊട്ടുന്ന ഒച്ചയിലായിരുന്നു അടി. കസേരയിലേക്ക് മറിഞ്ഞുവീണ ബാലന്റെ ചെവിക്കല്ല് ആ അടിയില്‍ പൊട്ടി. ഒരു ചെവിയുടെ ശ്രവണശേഷി അതോടെ ഇല്ലാതായി. തുടര്‍ന്ന് ജീപ്പിലേക്ക് തൂക്കിയെറിഞ്ഞ പയ്യപ്പിള്ളിയെ തോക്കിന്റെ പാത്തികൊണ്ട് പൊലീസുകാര്‍ നെഞ്ചില്‍ ആഞ്ഞാഞ്ഞ് കുത്തി. ഇത് കണ്ട് കമ്പനിയിലെ തൂപ്പുജോലിക്കാരിയായിരുന്ന ഒരുസ്ത്രീ ബോധംകെട്ടുവീണു. ക്രൂരമര്‍ദനം കണ്ട തനിക്ക് പിന്നീട് ആറേഴ് മാസത്തേക്ക് ഉറങ്ങാനായില്ലെന്നാണ് ഫാക്ടില്‍ പയ്യപ്പിള്ളിയുടെ സഹപ്രവര്‍ത്തകനായിരുന്ന എഴുത്തുകാരന്‍ പോട്ടയില്‍ എന്‍ ജി നായര്‍ പിന്നീട് എഴുതിയത്. കണ്ണടയ്ക്കുമ്പോള്‍ ഭീകരരംഗം സ്വപ്നം കണ്ട് അദ്ദേഹം ഞെട്ടിയുണരുമായിരുന്നു.

അവിടെനിന്ന് തുടങ്ങിയ മര്‍ദ്ദനം 86 ദിവസം ലോക്കപ്പിലും തുടര്‍ന്നു. കൊടിയ മര്‍ദനത്തിന്റെ ഫലമായി രണ്ട് സഖാക്കള്‍– കെ യു ദാസും എ ബി ജോസഫും– അറസ്റ്റിലായി ദിവസങ്ങള്‍ക്കകം ലോക്കപ്പില്‍ മരിച്ചു. മറ്റുപലരും മൃതപ്രായരായി. 'അറസ്റ്റ് ചെയ്ത ഉടനെ ആദ്യത്തെ രണ്ടുമൂന്നുദിവസം വിശപ്പ് എന്തെന്ന് ഞങ്ങള്‍ അറിഞ്ഞതേയില്ല. ദഹനേന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ടോ ജഠരാഗ്നി തീരെ കെട്ടുപോയതുകൊണ്ടോ അല്ല. വിശപ്പ് എന്ന വികാരം ബോധമണ്ഡലത്തില്‍ നിന്ന് നിഷ്കാസനം ചെയ്യപ്പെട്ടിരുന്നു. ബോധമണ്ഡലത്തില്‍ ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. വേദന, വേദന മാത്രം.' എന്നാണ് ഈ ദിനങ്ങളെ  പയ്യപ്പിള്ളി ബാലന്‍ രേഖപ്പെടുത്തിയത്.
വിചാരണക്കാലത്ത് നിന്നുതിരിയാന്‍ ഇടമില്ലാത്ത ഇരുള്‍ നിറഞ്ഞ ജയില്‍ സെല്ലിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. കഷ്ടി ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട ഭക്ഷണം മാത്രമാണ് നല്‍കിയിതുന്നത്. അതുതന്നെ വായില്‍വയ്ക്കാന്‍ കൊള്ളാത്തത്്. ആഴ്ചയിലൊരിക്കലെങ്കിലും കുളിക്കാന്‍ അനുവദിച്ചതാവട്ടെ തടവുകാരുടെ നിരാഹാരസമരത്തെ തുടര്‍ന്നും. ഇതുസംബന്ധിച്ച് തടവുകാരെ പരിശോധിക്കാനെത്തിയ ഡോക്ടറോട് പരാതിപ്പെട്ടതിനും പയ്യപ്പിള്ളി ബാലന്‍ ക്രൂരമായി മര്‍ദിക്കപ്പെട്ടു. ജയിലിലെ നിഷ്ഠുരമായ ഉരുട്ടല്‍ പീഡനം അക്കാലത്താണ് തുടങ്ങിയത്. പയ്യപ്പിള്ളി ബാലനടക്കം ഇടപ്പള്ളി കേസിലെ തടവുകാര്‍ അതിനെയും അതിജീവിച്ചവരാണ്.

തടവുകാരെ വിചാരണയ്ക്കായി കോടതിയില്‍ കൊണ്ടുപോയിരുന്നത് പോലും മൃഗങ്ങളെ എന്നപോലെയായിരുന്നു. മുഴുത്ത കയര്‍കൊണ്ട് രണ്ടുപേരുടെ കൈകള്‍ തമ്മില്‍ കെട്ടി ജയിലില്‍ നിന്ന് നടത്തിയാണ് ഒരു കിലോമീറ്ററോളം അകലെയുള്ള കോടതിയിലേക്ക് കൊണ്ടുപോയിരുന്നത്. ഇവരെ കൊടുംഭീകരരായി ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ച് ഭീതിവിതയ്ക്കാനായിരുന്നു ഇത്. പയ്യപ്പിള്ളിയിലെ കമ്യൂണിസ്റ്റും പോരാളിയും കൂടുതല്‍ കരുത്താര്‍ജ്ജിച്ചത് ഈ സാഹചര്യങ്ങളെയെല്ലാം ചെറുത്താണ്. അടിയുറച്ച കമ്യൂണിസ്റ്റ് ആശയാവബോധവും തോല്‍ക്കാനനുവദിക്കാത്ത ആത്മവീര്യവുമാണ് ബാലകൃഷ്ണപിള്ളയെന്ന പയ്യപ്പിള്ളി ബാലനെ മുന്നോട്ടുനയിച്ചത്.

പയ്യപ്പള്ളി ബാലന്‍ ത്യാഗിവര്യനായ കമ്മ്യൂണിസ്റ്റ്: കോടിയേരി

തിരുവനന്തപുരം > കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സംഭാവന നല്‍കിയ ത്യാഗിവര്യനായ കമ്മ്യൂണിസ്റ്റുകാരനായിരുന്നു പയ്യപ്പിള്ളി ബാലനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ബാലസംഘം, വായനശാല പ്രവര്‍ത്തനങ്ങളിലൂടെയാണ് പയ്യപ്പിള്ളി ബാലന്‍ പൊതുരംഗത്ത് സജീവമായത്. 1945ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗമായ സഖാവ് സ്വാതന്ത്യ്രസമരത്തിലും സജീവമായി. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ തടവിന് ശിക്ഷിക്കപ്പെട്ടു. തടവിലും ഒളിവിലുമായി കഴിയേണ്ടിവന്ന സഖാവ് ചരിത്രകാരനെന്ന നിലയിലും സജീവമായ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാലത്തെ വളര്‍ച്ചയെ സംബന്ധിച്ച് പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പുതിയ തലമുറയ്ക്ക് രാഷ്ട്രീയത്തെ മനസിലാക്കാന്‍ ഏറെ സഹായിക്കുന്നതുമാണ്. സഖാവിന്റെ വേര്‍പാട് ഉണ്ടാക്കിയ ദുഃഖത്തില്‍ കുടുംബാംങ്ങളോടൊപ്പം ഞാനും പങ്കുചേരുന്നുവെന്ന് കോടിയേരി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

പയ്യപ്പിള്ളി ബാലന്റെ നിര്യാണത്തില്‍ പിണറായി അനുശോചിച്ചു

കണ്ണൂര്‍>സ്വാതന്ത്യ്ര സമരസേനാനിയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉശിരനായ പോരാളിയുമായിരുന്നു പയ്യപ്പിള്ളി ബാലനെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലും 1965ലെ കേന്ദ്രകോണ്‍ഗ്രസ് സര്‍ക്കാരിന്റെ കമ്യൂണിസ്റ്റ് വേട്ടയിലും അടിയന്തിരാവസ്ഥയിലും തടവിലാക്കപ്പെട്ടു. തടവറയില്‍ നിഷ്ഠുര പീഡനത്തിനും പുറത്ത് രാഷ്ട്രീയ എതിരാളികളുടെ ക്രൂരമര്‍ദനത്തിനും ഇരയായ സഖാവ് അവിസ്മരണീയമായ സംഭാവനകളാണ് പ്രസ്ഥാനത്തിനും നാടിനും നല്കിയത്.

ഇടപ്പള്ളി സംഭവവും ആ കേസിലെ പ്രതികള്‍ തടവറയില്‍ അനുഭവിച്ച നിഷ്ഠുര പീഡനങ്ങളും വിവരിച്ച ‘ആലുവാപ്പുഴ പിന്നെയും ഒഴുകി’ എന്ന അദ്ദേഹത്തിന്റെ പുസ്തകം ഒരു കാലഘട്ടത്തിന്റെ ചരിത്രത്തിലേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരിട്ട വേട്ടയുടെ രൂക്ഷതയിലേക്കും പുതിയ തലമുറയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്.

പയ്യപ്പള്ളിയുടെ വേര്‍പാടില്‍ വേദനിക്കുന്ന സഖാക്കള്‍ക്കും കുടുംബത്തിനുമൊപ്പം ചേരുന്നതായും പിണറായി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

No comments:

Post a Comment