Sunday, June 1, 2014

ഏകീകൃത സിവില്‍കോഡില്‍ ചര്‍ച്ച വേണമെന്ന് കേന്ദ്രമന്ത്രി

രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച വേണമെന്ന് കേന്ദ്ര കൃഷിമന്ത്രിയും ബിജെപി നേതാവുമായ രാധാ മോഹന്‍സിങ്. ജമ്മു-കശ്മീരിന് പ്രത്യേക പദവിനല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കുന്ന കാര്യം ഭരണഘടനയുടെ ഭാഗമായി തുടരുന്ന കാര്യം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്രസിങ് പ്രഖ്യാപിച്ചിരുന്നു. മുസ്ലിങ്ങള്‍ ഇപ്പോള്‍ ന്യൂനപക്ഷമല്ലെന്നും പാഴ്സികളാണ് ന്യൂനപക്ഷങ്ങളുടെ പരിഗണന അര്‍ഹിക്കുന്നതെന്നും ന്യൂനപക്ഷമന്ത്രി നജ്മ ഹെപ്ത്തുള്ളയും അഭിപ്രായപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായാണ് ആര്‍എസ്എസ് പ്രചാരകനായ കേന്ദ്ര കൃഷിമന്ത്രിയുടെ വിവാദപ്രസ്താവന.

തീവ്രഹിന്ദുത്വ അജന്‍ഡയില്‍ അയോധ്യയിലെ രാമക്ഷേത്രനിര്‍മാണത്തിനു പുറമെയുള്ള രണ്ട് വിഷയങ്ങളാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കലും 370-ാം വകുപ്പ് റദ്ദാക്കലും. ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നാണ് കൃഷിമന്ത്രി പറഞ്ഞത്. അനുകൂലവും പ്രതികൂലവുമായി ഉയരുന്ന വാദങ്ങള്‍ കേള്‍ക്കുന്നതില്‍ ലജ്ജിക്കേണ്ടതില്ല- മന്ത്രി പറഞ്ഞു. ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് ലോക്സഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോഡി പ്രഖ്യാപിച്ചിരുന്നു. രാമക്ഷേത്രം, ഏകീകൃത സിവില്‍കോഡ്, 370-ാം വകുപ്പിന്റെ റദ്ദാക്കല്‍ എന്നിവയില്‍ വിട്ടുവീഴ്ചയില്ലെന്നും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്നത് സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യമാണ്. മുസ്ലിം, ക്രൈസ്തവ, സിഖ് വിഭാഗങ്ങള്‍ക്ക് നിലവിലുള്ള നിയമങ്ങള്‍ ഹിന്ദുതാല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്ന് ആര്‍എസ്എസ് പ്രചരിപ്പിക്കുന്നു. പാര്‍ലമെന്റില്‍ മതിയായ ഭൂരിപക്ഷം ലഭിച്ചാല്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നതാണ് ബിജെപിയുടെ പ്രഖ്യാപിതനയം. മൃദുവായ സ്വരത്തിലാണ് വിവാദവിഷയങ്ങള്‍ ഇപ്പോള്‍ അവതരിപ്പിക്കുന്നതെങ്കിലും ഇതിനു പിന്നിലുള്ള ഉദ്ദേശ്യം വ്യക്തമാണ്. ശക്തമായ വര്‍ഗീയപ്രചാരണം അഴിച്ചുവിട്ടാണ് ബിജെപി ഉത്തര്‍പ്രദേശിലും ബിഹാറിലും നേട്ടമുണ്ടാക്കിയത്. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ഡല്‍ഹി, ജമ്മു-കശ്മീര്‍ സംസ്ഥാനങ്ങളില്‍ ഇക്കൊല്ലവും ബിഹാറില്‍ അടുത്തവര്‍ഷവും നിയമസഭാതെരഞ്ഞെടുപ്പ് നടക്കും. ലോക്സഭാതെരഞ്ഞെടുപ്പില്‍ വിജയിച്ച തന്ത്രം നിയമസഭാതെരഞ്ഞെടുപ്പുകളിലും പരീക്ഷിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

deshabhimani

രാജ്യവ്യാപക പ്രതിഷേധം ഉയരുന്നു

ഉത്തര്‍പ്രദേശിലെ ബദൗനില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികളെ ബലാത്സംഗംചെയ്ത് കൊന്നശേഷം കെട്ടിത്തൂക്കിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം. കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പൊലീസ് കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ട് മഹിളാസംഘടനകളുടെയും വിദ്യാര്‍ഥി യുവജന സംഘടനകളുടെയും ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. ഡല്‍ഹിയില്‍ അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ യുപി ഭവനിലേക്ക് മാര്‍ച്ച് നടത്തി.

സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കാന്‍ യുപി സര്‍ക്കാര്‍ നടത്തുന്ന ശ്രമത്തില്‍ പ്രതിഷേധം അലയടിച്ചു. സമരത്തിന് പിന്തുണയര്‍പ്പിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ യുവജനങ്ങളും എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും മാര്‍ച്ചില്‍ അണിനിരന്നു. സാംസ്കാരിക മേഖലയില്‍ നിന്നുള്ളവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ്പ്രസിഡന്റ് സുധ സുന്ദരരാമന്‍, ആശ ശര്‍മ, മൈമുന മുള്ള എന്നിവര്‍ സംസാരിച്ചു.

deshabhimani

കേരളത്തിലെ പോസ്റ്റ് ഓഫീസുകള്‍ കോര്‍ ബാങ്കിങ് മേഖലയിലേക്ക്

കേരളത്തിലെ പോസ്റ്റ് ഓഫീസുകള്‍ കോര്‍ ബാങ്കിങ് സേവനമേഖലയിലേക്ക് പ്രവേശിക്കുന്നു. ഇനിമുതല്‍ ബാങ്കുകള്‍വഴി ലഭ്യമായിരുന്ന സാമ്പത്തികസേവനങ്ങള്‍ പോസ്റ്റ് ഓഫീസുകള്‍വഴി ലഭ്യമാകും. ലോകത്തിലെതന്നെ ഏറ്റവും വലിയ തപാല്‍വകുപ്പാണ് ഇന്ത്യന്‍ തപാല്‍വകുപ്പ്. ഇന്ത്യന്‍ പോസ്റ്റ് 2012 പ്രോജക്ട്, 25,000 ഡിപ്പാര്‍ട്മെന്റല്‍ പോസ്റ്റ് ഓഫീസ് കേന്ദ്രങ്ങളും 1,30,000 ഗ്രാമീണ പോസ്റ്റ് ഓഫീസ് കേന്ദ്രങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. 4909 കോടി രൂപ നിക്ഷേപമുള്ള ഈ പദ്ധതിവഴി തപാല്‍വകുപ്പിന്റെ എല്ലാ ബാങ്കിങ് സേവനങ്ങളും ഇനി കോര്‍ ബാങ്കിങ് രീതിയിലേക്ക് മാറും. നെയ്യാറ്റിന്‍കര ഹെഡ് പോസ്റ്റ് ഓഫീസില്‍ ഈ സേവനം നിലവില്‍വന്നു. കൊട്ടാരക്കരയില്‍ ജൂണ്‍ ആദ്യത്തില്‍ ഈ സേവനം ലഭ്യമാകും. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി കേരളത്തിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ഈ സേവനം ലഭ്യമാകുമെന്ന് ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ (കേരള) അറിയിച്ചു.

കോര്‍ ബാങ്കിങ് സൗകര്യത്തിന് ആവശ്യമായ നെറ്റ് വര്‍ക്കിങ് ജോലികള്‍ ഫിനാക്കിള്‍ കോര്‍ ബാങ്കിങ് സൊല്യൂഷന്‍സ് ഏറ്റെടുത്ത് നടത്തുകയാണ്. ഈ സൗകര്യം നിലവില്‍വരുന്നതോടെ ഉപയോക്താക്കള്‍ക്ക് ഏത് പോസ്റ്റ് ഓഫീസില്‍നിന്നും തങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടില്‍ പണം പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം. ഭാവിയില്‍ ഈ പോസ്റ്റ് ഓഫീസ് സിബിഎസ് ശൃംഖലയെ മറ്റു ബാങ്കുകളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ രാജ്യത്തെ 162 ഹെഡ് പോസ്റ്റ് ഓഫീസും 226 സബ്പോസ്റ്റ് ഓഫീസും സിബിഎസിലേക്ക് മാറ്റി. 2.17 കോടി അക്കൗണ്ടാണ് കോര്‍ബാങ്കിങ് സേവനത്തിലേക്ക് മാറിയത്.

deshabhimani

പ്ലസ് വണ്‍ അപേക്ഷ 15 വരെ; ഓണ്‍ലൈന്‍ പ്രതിസന്ധി തുടരുന്നു

പ്ലസ്വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള ദിവസങ്ങള്‍ ഒരാഴ്ച പിന്നിടുമ്പോഴും ഏകജാലക ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ സാങ്കേതിക തടസ്സങ്ങള്‍ പരിഹരിക്കാനായില്ല. പ്രവേശന നടപടികള്‍ അലങ്കോലമായതിനാല്‍ അപേക്ഷാതീയതി മൂന്നുദിവസം വര്‍ധിപ്പിച്ച് ജൂണ്‍ 15 ആക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉത്തരവ് തിങ്കളാഴ്ച ഉണ്ടായേക്കും. പ്രവേശനത്തിന് സ്കൂളുകളില്‍ അപേക്ഷിക്കാനുള്ള ഫോറം അച്ചടി ഇനിയും പൂര്‍ത്തിയായിട്ടില്ല. അച്ചടിച്ചവ തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളില്‍ സ്കൂളുകളില്‍ എത്തിക്കും. അപേക്ഷകളുടെ വിതരണത്തിന് കാലതാമസമുണ്ടായാല്‍ തീയതി വീണ്ടും നീട്ടേണ്ടിവരുമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പൊതു വിദ്യാഭ്യാസവകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ സംവിധാനത്തില്‍ തകരാര്‍ വന്നതിനെത്തുടര്‍ന്ന് പ്രശ്നപരിഹാരത്തിന്റെ ഭാഗമായി സ്കൂളുകളിലെ കംപ്യൂട്ടര്‍ ലാബുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചശേഷം അപേക്ഷയുടെ പ്രിന്റും അനുബന്ധരേഖകളും സ്കൂള്‍തല ഹെല്‍പ്പ് ഡസ്കിലുള്ളവര്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണം. ഓപ്ഷനുകള്‍ ഉള്‍പ്പെടെ ഏതുതരത്തിലുള്ള തിരുത്തലുകള്‍ക്കുമുള്ള അപേക്ഷ വെള്ളപേപ്പറില്‍ പ്രത്യേകമായി രക്ഷാകര്‍ത്താവിന്റെ ഒപ്പോടുകൂടി കൈപ്പറ്റി ഓണ്‍ലൈന്‍ അപേക്ഷ പ്രിന്റിനൊപ്പം സൂക്ഷിക്കണം. വെരിഫിക്കേന്‍ സമയത്ത് ഇത് അപ്്ഡേറ്റ് ചെയ്യണം. മറ്റ് ജില്ലകളില്‍നിന്ന് അപേക്ഷിക്കുന്നവര്‍ക്ക്, അപേക്ഷയുടെ പ്രിന്റ് ഔട്ട് ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കഡറി സ്കൂളില്‍ നേരിട്ട് സമര്‍പ്പിക്കാന്‍ കഴിയുമെങ്കില്‍ ക്യാഷ് പെയ്ഡ് ടു സ്കൂള്‍ എന്ന രീതിയില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രിന്റ് ഔട്ട് നേരിട്ട് സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ ജില്ലയുടെ നിര്‍ദിഷ്ട സ്കൂള്‍ പ്രിന്‍സിപ്പലിന് ഡിഡി എടുത്തശേഷം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് പ്രിന്റ്ഔട്ടും അനുബന്ധരേഖകളും ഡിഡിയും തപാലില്‍ അയക്കണം. അപേക്ഷയോടൊപ്പം എല്ലാത്തരം സര്‍ട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ മാത്രമേ സ്വീകരിക്കൂ. 3,32,023 പേര്‍ ഇതുവരെ അപേക്ഷാനടപടികള്‍ പൂര്‍ത്തിയാക്കിയതായി ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് അവകാശപ്പെട്ടു. അപേക്ഷിച്ചകരുടെ എണ്ണം ജില്ല തിരിച്ച്: തിരുവനന്തപുരം-30027, കൊല്ലം-28086, പത്തനംതിട്ട-12687, ആലപ്പുഴ-26,251, കോട്ടയം-20487, ഇടുക്കി-12272, എറണാകുളം-30,891, തൃശൂര്‍-24124, പാലക്കാട്-29588, കോഴിക്കോട്-26602, മലപ്പുറം-46484,വയനാട്-8801, കണ്ണൂര്‍-22687, കാസര്‍കോട്-13036.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് എസ്എഫ്ഐ ഉപരോധിച്ചു

പ്ലസ് വണ്‍ അപേക്ഷാ സംവിധാനത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് ഉപരോധിച്ചു. ഏകജാലക ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ കാര്യക്ഷമമാക്കുക, അപേക്ഷാ തീയതി നീട്ടുക, പ്രോസ്പെക്ടസും അപേക്ഷാ ഫോറവും ഉടന്‍ സ്കൂളുകളിലെത്തിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ഥികള്‍ ഡയറക്ടറേറ്റ് ശനിയാഴ്ച പകല്‍ പതിനൊന്നോടെ ഉപരോധിച്ചത്. പ്രക്ഷോഭകര്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിലെത്തുമ്പോള്‍ ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരൊന്നും ഓഫീസിലുണ്ടായിരുന്നില്ല. തുടര്‍ന്ന് മുദ്രാവാക്യം വിളിച്ച് വിദ്യാര്‍ഥികള്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വി വിജയ്തിലകിന്റെ മുറിയിലേക്ക് തള്ളിക്കയറുകയായിരുന്നു.

ലക്ഷക്കണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഓണ്‍ലൈന്‍ റജിസ്ട്രേഷനായി അക്ഷയ സെന്ററുകള്‍ക്കുമുന്നിലും ഇന്റര്‍നെറ്റ് കഫേകള്‍ക്ക് മുന്നിലും കാത്തുകിടക്കേണ്ട ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാതെ മടങ്ങില്ലെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറിയിച്ചതോടെ പ്രശ്നപരിഹാരത്തിന് അധികാരികള്‍തന്നെ രംഗത്തിറങ്ങി. ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചാലേ സമരം അവസാനിപ്പിക്കൂ എന്നായി വിദ്യാര്‍ഥികള്‍. തുടര്‍ന്ന് ഏകജാലക ഓണ്‍ലൈന്‍ റജിസ്ട്രേഷന്റെ ചുമതലക്കാരായ ഐസിടി സെല്ലിലെ ഉദ്യോഗസ്ഥര്‍ എത്തി. അപേക്ഷിക്കാനുള്ള തീയതി നീട്ടുന്നതടക്കം എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായി ഐസിടി കോ- ഓര്‍ഡിനേറ്റര്‍ ബി മുരളീധരന്‍പിള്ള എഴുതി നല്‍കി. ഓണ്‍ലൈന്‍ സംവിധാനത്തിന്റെ നിലവിലുള്ള പോരായ്മകള്‍ ശനിയാഴ്ചതന്നെ പരിഹരിക്കും, അപേക്ഷാ ഫോറവും പ്രോസ്പെക്ടസും ജൂണ്‍ ആദ്യവാരം മുഴുവന്‍ സ്കൂളുകളിലും എത്തിക്കും, അപേക്ഷാ തീയതി നീട്ടാന്‍ നടപടി സ്വീകരിക്കും, ഹെല്‍പ് ഡെസ്ക്കുകള്‍ കാര്യക്ഷമമാക്കും എന്നിവയാണ് എസ്എഫ്ഐ നേതാക്കള്‍ക്ക് ഡയറക്ടറേറ്റ് രേഖാമൂലം നല്‍കിയ ഉറപ്പുകള്‍. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജൂഖാന്‍, സംസ്ഥാന വൈസ്പ്രസിഡന്റ് ആര്‍ എസ് ബാലമുരളി, ജില്ലാ സെക്രട്ടറി എ എം അന്‍സാരി, പ്രസിഡന്റ് എം ആര്‍ സിബി, സംസ്ഥാന കമ്മിറ്റി അംഗം ബി നിയാസ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

ഐടിഐ ഫീസ് കുത്തനെ കൂട്ടി

ഐടിഐ വിദ്യാര്‍ഥികളുടെ ഫീസ് അഞ്ചിരട്ടിവരെ വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ആയിരക്കണക്കിന് വിദ്യാര്‍ഥികളെ കൊള്ളയടിക്കുന്ന ഉത്തരവ് തൊഴില്‍വകുപ്പ് പുറത്തിറക്കിയത്. പുതിയ ഉത്തരവ് പ്രകാരം ഐടിഐ പ്രവേശനത്തിനുള്ള അപേക്ഷാ ഫീസ് 10 രൂപയില്‍നിന്ന് 50 രൂപയാക്കി ഉയര്‍ത്തി. സര്‍ക്കാര്‍-സ്വകാര്യ ഐടിഐകളിലെവിടെയും പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ 100 രൂപ പ്രവേശന/രജിസ്ട്രേഷന്‍ ഫീസായി നല്‍കേണ്ടിവരും. ആറുമാസ/ഒരുവര്‍ഷ കോഴ്സുകള്‍ക്ക് 40 രൂപയും രണ്ടുവര്‍ഷ/മൂന്നുവര്‍ഷ കോഴ്സുകള്‍ക്ക് 50 രൂപയും പരീക്ഷാ ഫീസ് നൂറുരൂപയുമാക്കി. എല്ലാ വിഭാഗത്തിലും പരാജയപ്പെടുന്ന വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷ എഴുതുമ്പോള്‍ ഫീസ് 60 രൂപയില്‍നിന്ന് 150 രൂപയാക്കി. വൈകിയുള്ള അപേക്ഷയ്ക്ക് 50 രൂപ അധികം നല്‍കണം. സ്വകാര്യവിദ്യാര്‍ഥികളുടെ പരീക്ഷാ ഫീസ് 500ല്‍നിന്ന് 1000 രൂപയാക്കി. പ്രൈവറ്റ് വിദ്യാര്‍ഥികളുടെ വൈകിയുള്ള അപേക്ഷയ്ക്ക് 500 രൂപ അധികം നല്‍കണം. ജയിച്ച വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് പുനഃപരിശോധനാ ഫീസ് 10ല്‍നിന്ന് 50 രൂപയാക്കി. സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് 100 രൂപ ഫീസ് ഈടാക്കും. ഭാഗികമായി കേടുപാടുവന്ന സര്‍ട്ടിഫിക്കറ്റ് മാറുന്നതിനുള്ള ഫീസ് 25ല്‍നിന്ന് 100 രൂപയായും പൂര്‍ണമായും കേടുപാട് സംഭവിച്ചതിനുള്ള ഫീസ് 75ല്‍നിന്ന് 200 രൂപയുമാക്കി. മെയിന്റന്‍സ് ഫീസ് ആറുമാസ/ഒരുവര്‍ഷ കോഴ്സുകള്‍ക്ക് 300ല്‍നിന്ന് 400 രൂപയും രണ്ടുവര്‍ഷ/മൂന്നുവര്‍ഷ കോഴ്സുകള്‍ക്ക് 400ല്‍നിന്ന് 500 രൂപയുമായി ഉയര്‍ത്തി. ഇരുവിഭാഗത്തിലും സുരക്ഷാനിക്ഷേപവും ക്വാഷന്‍ നിക്ഷേപവും കൗണ്‍സില്‍ ഫീസും കായിക ഫീസും ഇരട്ടിയാക്കി. മാഗസിന്‍ ഫീസ് ആറുമാസ/ഒരുവര്‍ഷ കോഴ്സുകള്‍ക്ക് 10ല്‍നിന്ന് 50 രൂപയും രണ്ടുവര്‍ഷ/മൂന്നുവര്‍ഷ കോഴ്സുകള്‍ക്ക് 10ല്‍നിന്ന് 100 രൂപയുമായി ഉയര്‍ത്തി.

നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് (കേരള) വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സ്വകാര്യ തൊഴില്‍ദാതാക്കള്‍ 1000 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ ജോലി ലഭിക്കുന്ന ഉദ്യോഗാര്‍ഥികളുടെ ആദ്യമാസത്തെ ശമ്പളത്തിന്റെ പകുതി തൊഴില്‍വകുപ്പ് കമീഷന്‍ ഈടാക്കും. എംപ്ലോയ്മെന്റ് എക്സ്ച്ചേഞ്ചില്‍നിന്ന് ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ നേരിട്ട് ശേഖരിക്കുന്ന സ്വകാര്യ തൊഴില്‍ദാതാക്കള്‍ 1250 രൂപ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടവരും. സ്വകാര്യ ഐടിഐ മാനേജ്മെന്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസുകളും വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഐടിഐ തുടങ്ങുന്നതിനുള്ള അപേക്ഷാ ഫീസ് 5000ല്‍നിന്ന് 25,000 രൂപയാക്കി. വൈകിയുള്ള അപേക്ഷാ ഫീസ് 2500ല്‍നിന്ന് 5000 രൂപയാക്കും. നിലവിലുള്ള ഐടിഐയില്‍ പുതിയ ട്രെയ്ഡോ യൂണിറ്റോ തുടങ്ങുന്നതിനുള്ള ഫീസ് 2500 രൂപയില്‍നിന്ന് 5000 രൂപയാക്കി. ഇതിനായുള്ള വൈകിയുള്ള അപേക്ഷയ്ക്കുള്ള അധിക ഫീസ് 1500 രൂപ ഇരട്ടിയാക്കി. വകുപ്പുതല ആദ്യപരിശോധനാ ഫീസ് 3500 രൂപയില്‍നിന്ന് 6000 രൂപയാക്കി. പുനഃപരിശോധനാ ഫീസ് 5000ല്‍നിന്ന് 8000 രൂപയാകും. സ്റ്റാന്‍ഡിങ് കമ്മിറ്റി പരിശോധനാ ഫീസ് 20,000 രൂപയാക്കും. നിലവില്‍ 10,000 രൂപയാണ്. ഐടിഐയുടെ പ്രവര്‍ത്തന സ്ഥലംമാറ്റത്തിന് 6000 രൂപ പുതുതായി ഏര്‍പ്പെടുത്തി.

deshabhimani

തെരഞ്ഞെടുപ്പുചെലവും ഇനി ത്രിതല പഞ്ചായത്തുകള്‍ വഹിക്കണം

സംസ്ഥാനത്ത് അടുത്ത തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ചെലവ് ത്രിതല പഞ്ചായത്തുകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നു. 100 കോടി രൂപയുടെ ബാധ്യതയാണ് പഞ്ചായത്തുകള്‍ ഏറ്റെടുക്കേണ്ടിവരുന്നത്. ഇതിനായി പദ്ധതിവിഹിതത്തില്‍നിന്ന് പ്രത്യേകം വകയിരുത്തല്‍ നടത്തണമെന്ന് വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല ഏകോപന സമിതി യോഗം നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്തുകള്‍ 20 ലക്ഷം വീതവും ബ്ലോക്ക് പഞ്ചായത്തുകള്‍ അഞ്ചു ലക്ഷംവീതവും ഗ്രാമപഞ്ചായത്തുകള്‍ ഒമ്പതു ലക്ഷംവീതവും വകയിരുത്തണമെന്നാണ് നിര്‍ബന്ധിത നിര്‍ദേശം. 14 ജില്ലാ പഞ്ചായത്തും 152 ബ്ലോക്ക് പഞ്ചായത്തും 978 ഗ്രാമ പഞ്ചായത്തും തുക വകയിരുത്തണം.

പ്രത്യേകമായി രൂപകല്‍പ്പനചെയ്ത മള്‍ട്ടി പോസ്റ്റ് വോട്ടിങ് യന്ത്രം തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്‍ സര്‍ക്കാര്‍ സഹായം തേടിയിരുന്നു. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിലേക്ക് ഒരു യന്ത്രത്തില്‍ത്തന്നെ വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന സംവിധാനമാണിത്. മൂന്ന് ബാലറ്റ് യൂണിറ്റുണ്ടാകും. ഇതിനായി 40,000 വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങാനാണ് ആലോചന. 35 കോടി രൂപ ചെലവുവരും. ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് യന്ത്രത്തിന്റെ നിര്‍മാതാക്കള്‍. മഹാരാഷ്ട്രയ്ക്ക് കോര്‍പറേഷന്‍ ഇവ തയ്യാറാക്കി നല്‍കിയിട്ടുണ്ട്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയാകും ആദ്യം യന്ത്രം ഉപയോഗിക്കുക. രണ്ടാമത് കേരളവും. സംസ്ഥാനത്ത് 37,000 ബൂത്താണ് തെരഞ്ഞെടുപ്പിനായി ക്രമീകരിക്കുക. നൂറുകോടി രൂപയാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായി വേണ്ടിവരുന്നതെന്ന് കമീഷന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ തുക പൂര്‍ണമായും ത്രിതല പഞ്ചായത്തുകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് പലരൂപത്തില്‍ കവരുന്നതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ തീരുമാനവും. കഴിഞ്ഞവര്‍ഷം പദ്ധതിവിഹിതത്തിന്റെ ബഹുഭൂരിപക്ഷവും വകമാറ്റുകയോ ചെലവഴിക്കപ്പെടാതെ പോകുകയോചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായ കടുത്ത നിയന്ത്രണങ്ങളും പദ്ധതിച്ചെലവ് ഇല്ലാതാക്കി. ഒരു കോടിയിലേറെ രൂപയുടെ എല്ലാ ചെലവുകള്‍ക്കും ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന കര്‍ശന നിര്‍ദേശം ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പദ്ധതികള്‍ അനിശ്ചിതത്വത്തിലാക്കി.

ജി രാജേഷ്കുമാര്‍ deshabhimani

സ്കൂള്‍ പിരീഡുകള്‍ എട്ടാക്കി; ഉച്ചഭക്ഷണസമയം കുറയ്ക്കില്ല

സ്കൂള്‍ ടൈംടേബിള്‍ പരിഷ്കരിച്ചുകൊണ്ടുള്ള എസ്സിഇആര്‍ടി ശുപാര്‍ശ ഭേദഗതികളോടെ പൊതുവിദ്യാഭ്യാസവകുപ്പ് അംഗീകരിച്ചു. ക്ലാസ് പിരീഡുകള്‍ ഏഴില്‍നിന്ന് എട്ടായി ഉയരും. നിലവിലുള്ള ഓരോ പിരീഡില്‍നിന്ന് അഞ്ചു മിനിറ്റുവീതം എടുത്ത് അധിക പിരീഡിന് സമയം കണ്ടെത്തുക. എന്നാല്‍, ഉച്ചഭക്ഷണസമയം കുറയ്ക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഉച്ചഭക്ഷണസമയം 12.40 മുതല്‍ 1.40 വരെയായിരിക്കും. ഉച്ചഭക്ഷസമയം 35 മിനിറ്റായി ചുരുക്കണമെന്നായിരുന്നു എസ്ഇആര്‍ടി ശുപാര്‍ശ. വിദ്യാഭ്യാസവകുപ്പിന്റെ ക്യൂഐപി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കും. മൂന്നരലക്ഷത്തോളം പുതിയ വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് പ്രതീക്ഷ. സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ഒരുക്കവും യോഗത്തില്‍ അവലോകനംചെയ്തു. എന്നാല്‍, തസ്തികനിര്‍ണയം പൂര്‍ത്തിയായപ്പോള്‍ പുറത്തായ 12,000 അധ്യാപകരെ സംരക്ഷിക്കുന്ന കാര്യത്തിലും ഇവര്‍ക്ക് ശമ്പളം അനുവദിക്കുന്നതിലും തീരുമാനമായില്ല. നാല്‍പ്പതുമുതല്‍ 45 മിനിറ്റുവരെയുണ്ടായിരുന്ന പിരീഡുകളുടെ ദൈര്‍ഘ്യം 35 മുതല്‍ 40 മിനിറ്റായി ചുരുങ്ങും. രാവിലെ പത്തിന്് ക്ലാസ് ആരംഭിക്കുന്ന സ്കൂളുകളില്‍ 10.40 വരെയായിരിക്കും ആദ്യ പിരീഡ്. രണ്ടാം പിരീഡ് 10.40 മുതല്‍ 11.20 വരെ. ഇതിനുശേഷം 10 മിനിറ്റ് ഇടവേള. 11.30 മുതല്‍ 12.05 വരെയും 12.05 മുതല്‍ 12.40 വരെയുമുള്ള പിരീഡുകള്‍ക്കുശേഷം 1.40 വരെ ഉച്ചഭക്ഷണസമയം. ഉച്ചയ്ക്കുശേഷമുള്ള പിരീഡുകളുടെ ദൈര്‍ഘ്യം: 1.40-2.15, 2.15-2.50, 2.50-2.55 (ഇടവേള), 2.55-3.30, 3.30-4.00 എന്നിങ്ങനെയായിരിക്കും. ദൈര്‍ഘ്യം കുറഞ്ഞ പിരീഡുകളില്‍ ഒരേവിഷയം ആവര്‍ത്തിച്ച് വരുന്നത് ഒഴിവാക്കണം.

സര്‍ഗവേളയുടെ ചുമതല അതത് അധ്യാപകര്‍ക്ക് നല്‍കണം. കലാകായിക പ്രവൃത്തിപരിചയമേഖലകളില്‍ കുട്ടികള്‍ക്ക് പഠനാവസരം ലഭിക്കത്തക്കവിധം അധ്യാപകരെ വിന്യസിക്കണമെന്നും തീരുമാനമുണ്ട്. പൊതുവദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ക്ലസ്റ്റര്‍ യോഗങ്ങള്‍, അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കാത്തവര്‍ക്കുള്ള പരിശീലന തീയതികള്‍ എന്നിവയും തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണ ഭട്ട്, എഡിപിഐ ആര്‍ രാജന്‍, കെ എന്‍ സുകുമാരന്‍ (കെഎസ്ടിഎ), കെ സലാഹുദ്ദീന്‍ (ജിഎസ്ടിയു) തുടങ്ങി അധ്യാപക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

deshabhimani

ഡീസല്‍വില 50 പൈസ കൂട്ടി

രാജ്യത്ത് ഡീസല്‍വില ലിറ്ററിന് അമ്പതുപൈസ കൂട്ടി. സംസ്ഥാനതല നികുതിമാറ്റംകൂടി പരിഗണിക്കുമ്പോള്‍ 65 പൈസമുതല്‍ 75 പൈസവരെ വര്‍ധനയുണ്ടാകും. വിലവര്‍ധന അര്‍ധരാത്രിമുതല്‍ നിലവില്‍വന്നു. മൂന്നാഴ്ചക്കിടെ രണ്ടാംവട്ടമാണ് ഡീസല്‍വില കൂട്ടുന്നത്. പെട്രോള്‍വിലയില്‍ മാറ്റമില്ല. എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള ആദ്യവിലവര്‍ധനയാണിത്്. എണ്ണകമ്പനികളുമയായി പുതിയ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ചര്‍ച്ച നടത്തിയ ശേഷമാണ് വിലവര്‍ധന പ്രഖ്യാപിച്ചത്.

പ്രതിമാസ ഇന്ധനവിലവര്‍ധന തുടരുമെന്നും ഡീസല്‍വില്‍പ്പനയില്‍ "എണ്ണകമ്പനികള്‍ക്കുള്ള നഷ്ടം" നികത്തപ്പെടുന്നതുവരെ അത് തുടരുമെന്നും പെട്രോളിയംമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ധനവില നിശ്ചയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ രണ്ടാം യുപിഎ സര്‍ക്കാരിന്റെ നിലപാട് തന്നെയാണ് എന്‍ഡിഎ സര്‍ക്കാരിനുമെന്ന് ഇതോടെ വ്യക്തമായി. ഇന്ധന സബ്സിഡി നല്‍കുന്നതുമൂലമുള്ള "നഷ്ടം" നികത്താന്‍ പ്രതിമാസം ഡിസല്‍വില അമ്പതുപൈസ കൂട്ടാന്‍ ജനുവരിയില്‍ രണ്ടാംയുപിഎ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതുവരെ 15 തവണയായി ഡീസല്‍വിലയില്‍ ലിറ്ററിന് 9.55 രൂപവരെ കൂട്ടി. ലോക്സഭാതെരഞ്ഞെടുപ്പ് അവസാനിച്ചതിന് തൊട്ടു പിന്നാലെ മെയ് 12ന് ഡീസല്‍വില 1.09 രൂപ കൂട്ടി. ഡോളറുമായി താരതമ്യംചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപ നില മെച്ചപ്പെടുത്തി നില്‍ക്കുമ്പോഴാണ് വീണ്ടും ഡിസല്‍വില കൂട്ടിയത്. ലിറ്ററിന് 4.41 രൂപ നഷ്ടത്തിലാണ് ഡീസല്‍ വില്‍ക്കുന്നതെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ അവകാശവാദം.

deshabhimani