Sunday, June 1, 2014

തെരഞ്ഞെടുപ്പുചെലവും ഇനി ത്രിതല പഞ്ചായത്തുകള്‍ വഹിക്കണം

സംസ്ഥാനത്ത് അടുത്ത തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ചെലവ് ത്രിതല പഞ്ചായത്തുകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നു. 100 കോടി രൂപയുടെ ബാധ്യതയാണ് പഞ്ചായത്തുകള്‍ ഏറ്റെടുക്കേണ്ടിവരുന്നത്. ഇതിനായി പദ്ധതിവിഹിതത്തില്‍നിന്ന് പ്രത്യേകം വകയിരുത്തല്‍ നടത്തണമെന്ന് വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല ഏകോപന സമിതി യോഗം നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്തുകള്‍ 20 ലക്ഷം വീതവും ബ്ലോക്ക് പഞ്ചായത്തുകള്‍ അഞ്ചു ലക്ഷംവീതവും ഗ്രാമപഞ്ചായത്തുകള്‍ ഒമ്പതു ലക്ഷംവീതവും വകയിരുത്തണമെന്നാണ് നിര്‍ബന്ധിത നിര്‍ദേശം. 14 ജില്ലാ പഞ്ചായത്തും 152 ബ്ലോക്ക് പഞ്ചായത്തും 978 ഗ്രാമ പഞ്ചായത്തും തുക വകയിരുത്തണം.

പ്രത്യേകമായി രൂപകല്‍പ്പനചെയ്ത മള്‍ട്ടി പോസ്റ്റ് വോട്ടിങ് യന്ത്രം തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്‍ സര്‍ക്കാര്‍ സഹായം തേടിയിരുന്നു. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിലേക്ക് ഒരു യന്ത്രത്തില്‍ത്തന്നെ വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന സംവിധാനമാണിത്. മൂന്ന് ബാലറ്റ് യൂണിറ്റുണ്ടാകും. ഇതിനായി 40,000 വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങാനാണ് ആലോചന. 35 കോടി രൂപ ചെലവുവരും. ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് യന്ത്രത്തിന്റെ നിര്‍മാതാക്കള്‍. മഹാരാഷ്ട്രയ്ക്ക് കോര്‍പറേഷന്‍ ഇവ തയ്യാറാക്കി നല്‍കിയിട്ടുണ്ട്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയാകും ആദ്യം യന്ത്രം ഉപയോഗിക്കുക. രണ്ടാമത് കേരളവും. സംസ്ഥാനത്ത് 37,000 ബൂത്താണ് തെരഞ്ഞെടുപ്പിനായി ക്രമീകരിക്കുക. നൂറുകോടി രൂപയാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായി വേണ്ടിവരുന്നതെന്ന് കമീഷന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ തുക പൂര്‍ണമായും ത്രിതല പഞ്ചായത്തുകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് പലരൂപത്തില്‍ കവരുന്നതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ തീരുമാനവും. കഴിഞ്ഞവര്‍ഷം പദ്ധതിവിഹിതത്തിന്റെ ബഹുഭൂരിപക്ഷവും വകമാറ്റുകയോ ചെലവഴിക്കപ്പെടാതെ പോകുകയോചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായ കടുത്ത നിയന്ത്രണങ്ങളും പദ്ധതിച്ചെലവ് ഇല്ലാതാക്കി. ഒരു കോടിയിലേറെ രൂപയുടെ എല്ലാ ചെലവുകള്‍ക്കും ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന കര്‍ശന നിര്‍ദേശം ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പദ്ധതികള്‍ അനിശ്ചിതത്വത്തിലാക്കി.

ജി രാജേഷ്കുമാര്‍ deshabhimani

No comments:

Post a Comment