പ്ലസ്വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള ദിവസങ്ങള്‍ ഒരാഴ്ച പിന്നിടുമ്പോഴും ഏകജാലക ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ സാങ്കേതിക തടസ്സങ്ങള്‍ പരിഹരിക്കാനായില്ല. പ്രവേശന നടപടികള്‍ അലങ്കോലമായതിനാല്‍ അപേക്ഷാതീയതി മൂന്നുദിവസം വര്‍ധിപ്പിച്ച് ജൂണ്‍ 15 ആക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉത്തരവ് തിങ്കളാഴ്ച ഉണ്ടായേക്കും. പ്രവേശനത്തിന് സ്കൂളുകളില്‍ അപേക്ഷിക്കാനുള്ള ഫോറം അച്ചടി ഇനിയും പൂര്‍ത്തിയായിട്ടില്ല. അച്ചടിച്ചവ തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളില്‍ സ്കൂളുകളില്‍ എത്തിക്കും. അപേക്ഷകളുടെ വിതരണത്തിന് കാലതാമസമുണ്ടായാല്‍ തീയതി വീണ്ടും നീട്ടേണ്ടിവരുമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പൊതു വിദ്യാഭ്യാസവകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഓണ്‍ലൈന്‍ സംവിധാനത്തില്‍ തകരാര്‍ വന്നതിനെത്തുടര്‍ന്ന് പ്രശ്നപരിഹാരത്തിന്റെ ഭാഗമായി സ്കൂളുകളിലെ കംപ്യൂട്ടര്‍ ലാബുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചശേഷം അപേക്ഷയുടെ പ്രിന്റും അനുബന്ധരേഖകളും സ്കൂള്‍തല ഹെല്‍പ്പ് ഡസ്കിലുള്ളവര്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണം. ഓപ്ഷനുകള്‍ ഉള്‍പ്പെടെ ഏതുതരത്തിലുള്ള തിരുത്തലുകള്‍ക്കുമുള്ള അപേക്ഷ വെള്ളപേപ്പറില്‍ പ്രത്യേകമായി രക്ഷാകര്‍ത്താവിന്റെ ഒപ്പോടുകൂടി കൈപ്പറ്റി ഓണ്‍ലൈന്‍ അപേക്ഷ പ്രിന്റിനൊപ്പം സൂക്ഷിക്കണം. വെരിഫിക്കേന്‍ സമയത്ത് ഇത് അപ്്ഡേറ്റ് ചെയ്യണം. മറ്റ് ജില്ലകളില്‍നിന്ന് അപേക്ഷിക്കുന്നവര്‍ക്ക്, അപേക്ഷയുടെ പ്രിന്റ് ഔട്ട് ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കഡറി സ്കൂളില്‍ നേരിട്ട് സമര്‍പ്പിക്കാന്‍ കഴിയുമെങ്കില്‍ ക്യാഷ് പെയ്ഡ് ടു സ്കൂള്‍ എന്ന രീതിയില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രിന്റ് ഔട്ട് നേരിട്ട് സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ ജില്ലയുടെ നിര്‍ദിഷ്ട സ്കൂള്‍ പ്രിന്‍സിപ്പലിന് ഡിഡി എടുത്തശേഷം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് പ്രിന്റ്ഔട്ടും അനുബന്ധരേഖകളും ഡിഡിയും തപാലില്‍ അയക്കണം. അപേക്ഷയോടൊപ്പം എല്ലാത്തരം സര്‍ട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ മാത്രമേ സ്വീകരിക്കൂ. 3,32,023 പേര്‍ ഇതുവരെ അപേക്ഷാനടപടികള്‍ പൂര്‍ത്തിയാക്കിയതായി ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് അവകാശപ്പെട്ടു. അപേക്ഷിച്ചകരുടെ എണ്ണം ജില്ല തിരിച്ച്: തിരുവനന്തപുരം-30027, കൊല്ലം-28086, പത്തനംതിട്ട-12687, ആലപ്പുഴ-26,251, കോട്ടയം-20487, ഇടുക്കി-12272, എറണാകുളം-30,891, തൃശൂര്‍-24124, പാലക്കാട്-29588, കോഴിക്കോട്-26602, മലപ്പുറം-46484,വയനാട്-8801, കണ്ണൂര്‍-22687, കാസര്‍കോട്-13036.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് എസ്എഫ്ഐ ഉപരോധിച്ചു
പ്ലസ് വണ്‍ അപേക്ഷാ സംവിധാനത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് ഉപരോധിച്ചു. ഏകജാലക ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ കാര്യക്ഷമമാക്കുക, അപേക്ഷാ തീയതി നീട്ടുക, പ്രോസ്പെക്ടസും അപേക്ഷാ ഫോറവും ഉടന്‍ സ്കൂളുകളിലെത്തിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ഥികള്‍ ഡയറക്ടറേറ്റ് ശനിയാഴ്ച പകല്‍ പതിനൊന്നോടെ ഉപരോധിച്ചത്. പ്രക്ഷോഭകര്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിലെത്തുമ്പോള്‍ ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരൊന്നും ഓഫീസിലുണ്ടായിരുന്നില്ല. തുടര്‍ന്ന് മുദ്രാവാക്യം വിളിച്ച് വിദ്യാര്‍ഥികള്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വി വിജയ്തിലകിന്റെ മുറിയിലേക്ക് തള്ളിക്കയറുകയായിരുന്നു.
ലക്ഷക്കണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഓണ്‍ലൈന്‍ റജിസ്ട്രേഷനായി അക്ഷയ സെന്ററുകള്‍ക്കുമുന്നിലും ഇന്റര്‍നെറ്റ് കഫേകള്‍ക്ക് മുന്നിലും കാത്തുകിടക്കേണ്ട ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാതെ മടങ്ങില്ലെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറിയിച്ചതോടെ പ്രശ്നപരിഹാരത്തിന് അധികാരികള്‍തന്നെ രംഗത്തിറങ്ങി. ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചാലേ സമരം അവസാനിപ്പിക്കൂ എന്നായി വിദ്യാര്‍ഥികള്‍. തുടര്‍ന്ന് ഏകജാലക ഓണ്‍ലൈന്‍ റജിസ്ട്രേഷന്റെ ചുമതലക്കാരായ ഐസിടി സെല്ലിലെ ഉദ്യോഗസ്ഥര്‍ എത്തി. അപേക്ഷിക്കാനുള്ള തീയതി നീട്ടുന്നതടക്കം എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായി ഐസിടി കോ- ഓര്‍ഡിനേറ്റര്‍ ബി മുരളീധരന്‍പിള്ള എഴുതി നല്‍കി. ഓണ്‍ലൈന്‍ സംവിധാനത്തിന്റെ നിലവിലുള്ള പോരായ്മകള്‍ ശനിയാഴ്ചതന്നെ പരിഹരിക്കും, അപേക്ഷാ ഫോറവും പ്രോസ്പെക്ടസും ജൂണ്‍ ആദ്യവാരം മുഴുവന്‍ സ്കൂളുകളിലും എത്തിക്കും, അപേക്ഷാ തീയതി നീട്ടാന്‍ നടപടി സ്വീകരിക്കും, ഹെല്‍പ് ഡെസ്ക്കുകള്‍ കാര്യക്ഷമമാക്കും എന്നിവയാണ് എസ്എഫ്ഐ നേതാക്കള്‍ക്ക് ഡയറക്ടറേറ്റ് രേഖാമൂലം നല്‍കിയ ഉറപ്പുകള്‍. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജൂഖാന്‍, സംസ്ഥാന വൈസ്പ്രസിഡന്റ് ആര്‍ എസ് ബാലമുരളി, ജില്ലാ സെക്രട്ടറി എ എം അന്‍സാരി, പ്രസിഡന്റ് എം ആര്‍ സിബി, സംസ്ഥാന കമ്മിറ്റി അംഗം ബി നിയാസ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
ഐടിഐ ഫീസ് കുത്തനെ കൂട്ടി
ഐടിഐ വിദ്യാര്‍ഥികളുടെ ഫീസ് അഞ്ചിരട്ടിവരെ വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ആയിരക്കണക്കിന് വിദ്യാര്‍ഥികളെ കൊള്ളയടിക്കുന്ന ഉത്തരവ് തൊഴില്‍വകുപ്പ് പുറത്തിറക്കിയത്. പുതിയ ഉത്തരവ് പ്രകാരം ഐടിഐ പ്രവേശനത്തിനുള്ള അപേക്ഷാ ഫീസ് 10 രൂപയില്‍നിന്ന് 50 രൂപയാക്കി ഉയര്‍ത്തി. സര്‍ക്കാര്‍-സ്വകാര്യ ഐടിഐകളിലെവിടെയും പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ 100 രൂപ പ്രവേശന/രജിസ്ട്രേഷന്‍ ഫീസായി നല്‍കേണ്ടിവരും. ആറുമാസ/ഒരുവര്‍ഷ കോഴ്സുകള്‍ക്ക് 40 രൂപയും രണ്ടുവര്‍ഷ/മൂന്നുവര്‍ഷ കോഴ്സുകള്‍ക്ക് 50 രൂപയും പരീക്ഷാ ഫീസ് നൂറുരൂപയുമാക്കി. എല്ലാ വിഭാഗത്തിലും പരാജയപ്പെടുന്ന വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷ എഴുതുമ്പോള്‍ ഫീസ് 60 രൂപയില്‍നിന്ന് 150 രൂപയാക്കി. വൈകിയുള്ള അപേക്ഷയ്ക്ക് 50 രൂപ അധികം നല്‍കണം. സ്വകാര്യവിദ്യാര്‍ഥികളുടെ പരീക്ഷാ ഫീസ് 500ല്‍നിന്ന് 1000 രൂപയാക്കി. പ്രൈവറ്റ് വിദ്യാര്‍ഥികളുടെ വൈകിയുള്ള അപേക്ഷയ്ക്ക് 500 രൂപ അധികം നല്‍കണം. ജയിച്ച വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് പുനഃപരിശോധനാ ഫീസ് 10ല്‍നിന്ന് 50 രൂപയാക്കി. സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് 100 രൂപ ഫീസ് ഈടാക്കും. ഭാഗികമായി കേടുപാടുവന്ന സര്‍ട്ടിഫിക്കറ്റ് മാറുന്നതിനുള്ള ഫീസ് 25ല്‍നിന്ന് 100 രൂപയായും പൂര്‍ണമായും കേടുപാട് സംഭവിച്ചതിനുള്ള ഫീസ് 75ല്‍നിന്ന് 200 രൂപയുമാക്കി. മെയിന്റന്‍സ് ഫീസ് ആറുമാസ/ഒരുവര്‍ഷ കോഴ്സുകള്‍ക്ക് 300ല്‍നിന്ന് 400 രൂപയും രണ്ടുവര്‍ഷ/മൂന്നുവര്‍ഷ കോഴ്സുകള്‍ക്ക് 400ല്‍നിന്ന് 500 രൂപയുമായി ഉയര്‍ത്തി. ഇരുവിഭാഗത്തിലും സുരക്ഷാനിക്ഷേപവും ക്വാഷന്‍ നിക്ഷേപവും കൗണ്‍സില്‍ ഫീസും കായിക ഫീസും ഇരട്ടിയാക്കി. മാഗസിന്‍ ഫീസ് ആറുമാസ/ഒരുവര്‍ഷ കോഴ്സുകള്‍ക്ക് 10ല്‍നിന്ന് 50 രൂപയും രണ്ടുവര്‍ഷ/മൂന്നുവര്‍ഷ കോഴ്സുകള്‍ക്ക് 10ല്‍നിന്ന് 100 രൂപയുമായി ഉയര്‍ത്തി.
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് (കേരള) വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സ്വകാര്യ തൊഴില്‍ദാതാക്കള്‍ 1000 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ ജോലി ലഭിക്കുന്ന ഉദ്യോഗാര്‍ഥികളുടെ ആദ്യമാസത്തെ ശമ്പളത്തിന്റെ പകുതി തൊഴില്‍വകുപ്പ് കമീഷന്‍ ഈടാക്കും. എംപ്ലോയ്മെന്റ് എക്സ്ച്ചേഞ്ചില്‍നിന്ന് ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ നേരിട്ട് ശേഖരിക്കുന്ന സ്വകാര്യ തൊഴില്‍ദാതാക്കള്‍ 1250 രൂപ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടവരും. സ്വകാര്യ ഐടിഐ മാനേജ്മെന്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസുകളും വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഐടിഐ തുടങ്ങുന്നതിനുള്ള അപേക്ഷാ ഫീസ് 5000ല്‍നിന്ന് 25,000 രൂപയാക്കി. വൈകിയുള്ള അപേക്ഷാ ഫീസ് 2500ല്‍നിന്ന് 5000 രൂപയാക്കും. നിലവിലുള്ള ഐടിഐയില്‍ പുതിയ ട്രെയ്ഡോ യൂണിറ്റോ തുടങ്ങുന്നതിനുള്ള ഫീസ് 2500 രൂപയില്‍നിന്ന് 5000 രൂപയാക്കി. ഇതിനായുള്ള വൈകിയുള്ള അപേക്ഷയ്ക്കുള്ള അധിക ഫീസ് 1500 രൂപ ഇരട്ടിയാക്കി. വകുപ്പുതല ആദ്യപരിശോധനാ ഫീസ് 3500 രൂപയില്‍നിന്ന് 6000 രൂപയാക്കി. പുനഃപരിശോധനാ ഫീസ് 5000ല്‍നിന്ന് 8000 രൂപയാകും. സ്റ്റാന്‍ഡിങ് കമ്മിറ്റി പരിശോധനാ ഫീസ് 20,000 രൂപയാക്കും. നിലവില്‍ 10,000 രൂപയാണ്. ഐടിഐയുടെ പ്രവര്‍ത്തന സ്ഥലംമാറ്റത്തിന് 6000 രൂപ പുതുതായി ഏര്‍പ്പെടുത്തി.
deshabhimani
No comments:
Post a Comment