Wednesday, February 26, 2014

ശശി തരൂരിന്റെ വഞ്ചന അവസാനിപ്പിക്കണം: കടകംപള്ളി

തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്ന കാര്യത്തില്‍ ശശി തരൂര്‍ തുടര്‍ച്ചയായി ജനത്തെ വഞ്ചിക്കുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍. ജനത്തെ വിഡ്ഢികളാക്കുന്ന പണി ഉടന്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഹൈക്കോടതി ബെഞ്ച് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ദീര്‍ഘകാലമായി തിരുവനന്തപുരത്ത് സമരം തുടരുന്നു. എല്‍ഡിഎഫ് കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി നടത്തിയ വികസനസമരത്തിലെ മുഖ്യമുദ്രാവാക്യങ്ങളിലൊന്നായിരുന്നു ഹൈക്കോടതി ബെഞ്ച് തലസ്ഥാനത്ത് സ്ഥാപിക്കുകയെന്നത്. ഈ ജനകീയസമ്മര്‍ദത്തിനൊടുവിലാണ് ജുഡീഷ്യല്‍ കമ്മിറ്റി രൂപീകരണമുണ്ടായത്. എംപിയായി തെരഞ്ഞെടുത്താല്‍ 100 ദിവസത്തിനകം തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ച ശശി തരൂര്‍, ഇക്കാര്യത്തില്‍ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ തയ്യാറാകാതെ, ഇപ്പോള്‍ ജുഡീഷ്യല്‍ കമ്മിറ്റി രൂപീകരണത്തോടെ എല്ലാമായെന്ന് പ്രചരിപ്പിച്ച് വീണ്ടും ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുകയാണ്. ജുഡീഷ്യല്‍ കമ്മിറ്റി രൂപീകരിച്ച് നാലുമാസമായിട്ടും, ആ കമ്മിറ്റി യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച് ഒരു തീരുമാനം പോലും കൈക്കൊണ്ടിട്ടില്ല. തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കണമെന്ന ആവശ്യം ഹൈക്കോടതി ഫുള്‍ ബെഞ്ച് രണ്ടു തവണ നിരാകരിച്ചതാണ്. നിര്‍ദിഷ്ട ജുഡീഷ്യല്‍ കമ്മിറ്റിയുടെ ശുപാര്‍ശയെന്ന നിലയിലെങ്കിലും ഈ പ്രശ്നം വീണ്ടും ഉയര്‍ന്നുവന്നാല്‍ മാത്രമേ ഹൈക്കോടതിയുടെ പരിഗണനയില്‍ വീണ്ടും വരൂ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുംമുമ്പ് ജുഡീഷ്യല്‍ കമ്മിറ്റിയുടെ ശുപാര്‍ശ ഉണ്ടാകുന്നതിനുള്ള ഇടപെടല്‍ പോലും ശശി തരൂരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

ഈ വസ്തുതകളെല്ലാം മറച്ച്, ജുഡീഷ്യല്‍ കമ്മിറ്റി രൂപീകരണത്തോടെ ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കാനുള്ള എല്ലാ തടസ്സവും മാറിയെന്ന തരത്തിലുള്ള തരൂരിന്റെ പ്രചാരണം ശുദ്ധതട്ടിപ്പാണ്. അഞ്ചുവര്‍ഷം മുമ്പ് ഇക്കാര്യം പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചതുപോലെ വീണ്ടും വഞ്ചിക്കാനുള്ള പാഴ്ശ്രമം മാത്രമാണിത്. തിരുവനന്തപുരത്തെ ജനങ്ങളുടെ ഓര്‍മശക്തിയെയും ക്ഷമയെയും പരിഹസിക്കുന്ന നടപടി ഉടന്‍ അവസാനിപ്പിക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

ശശി തരൂരിന്റെ രാജിക്കായി 67 കേന്ദ്രത്തില്‍ ധര്‍ണ

സുനന്ദ പുഷ്കറുടെ അസ്വാഭാവികമരണത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ മുമ്പില്‍ കുറ്റവാളിയായ ശശി തരൂര്‍ എല്ലാ അധികാരസ്ഥാനങ്ങളും രാജിവച്ച് സ്വതന്ത്രമായ അന്വേഷണത്തെ നേരിടണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് തിരുവനന്തപുരം പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ പ്രാദേശിക സായാഹ്നധര്‍ണകള്‍ നടത്തി. എല്‍ഡിഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമായിരുന്നു ധര്‍ണ. ഏഴ് അസംബ്ലി നിയോജകമണ്ഡലങ്ങളിലായി 67 കേന്ദ്രങ്ങളിലാണ് സായാഹ്നധര്‍ണ നടന്നത്. തമ്പാനൂരിലും പേട്ടയിലുംധര്‍ണ മുന്‍മന്ത്രി എം വിജയകുമാര്‍ ഉദ്ഘാടനംചെയ്തു. വഴുതക്കാട്ട് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വവും ആറ്റിപ്ര കല്ലിങ്കലില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും കാഞ്ഞിരംകുളത്ത് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ വി ഗംഗാധരന്‍നാടാരും വഞ്ചിയൂരില്‍ സിപിഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയും മുക്കോലയില്‍ ജമീല പ്രകാശം എംഎല്‍എയും ധര്‍ണ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ മണക്കാട്ട് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി രാമചന്ദ്രന്‍നായര്‍, ടൈറ്റാനിയത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി അജയകുമാര്‍, വലിയതുറയില്‍ ചാല മോഹനന്‍, ചെന്തിട്ടയില്‍ പാളയം രാജന്‍, പൂന്തുറയില്‍ എസ് എ സുന്ദര്‍, പെരുന്താന്നിയില്‍ എസ് ആര്‍ ശക്തിധരന്‍, അമ്പലത്തറയില്‍ ജെ സലിംകുമാര്‍, കമലേശ്വരത്ത് ജയകുമാര്‍, കരമനയില്‍ മുടവന്‍മുകള്‍ രാജശേഖരന്‍ നായര്‍, പൂജപ്പുരയില്‍ ഡോ. സഞ്ജീവ്കുമാര്‍ എന്നിവര്‍ ഉദ്ഘാടനംചെയ്തു.

വട്ടിയൂര്‍ക്കാവില്‍ ഇ ജി മോഹനന്‍, ജനറല്‍ ആശുപത്രി ജങ്ഷനിലും ശാസ്തമംഗലത്തും ബി എസ് രാജീവ്, നെട്ടയത്ത് ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാര്‍, നന്ദന്‍കോട്ട് എം ജി മീനാംബിക, പൊട്ടക്കുഴിയില്‍ കെ എസ് ബാലന്‍, മരുതന്‍കുഴിയില്‍ പി മധുസൂദനന്‍, പാളയം മാര്‍ക്കറ്റിനുമുന്നില്‍ കുറ്റിയാനിക്കാട് മധു, പേരൂര്‍ക്കടയില്‍ ഗീതാഗോപാല്‍, നാലാഞ്ചിറയില്‍ എം ഹരിലാല്‍, വാഴോട്ടുകോണത്ത് ഇന്ദിരാ രവീന്ദ്രന്‍ എന്നിവര്‍ ധര്‍ണ ഉദ്ഘാടനംചെയ്തു. നേമം നിയോജകമണ്ഡലത്തിലെ പാപ്പനംകോട്ട് ആര്‍ പ്രദീപും നെടുങ്കാട്ട് കരമന ഹരിയും തിരുമലയില്‍ പുത്തന്‍കട വിജയനും കഴക്കൂട്ടത്ത് ജി ആര്‍ അനിലും പൗഡിക്കോണത്ത് എ പി മുരളിയും ശ്രീകാര്യത്ത് ആറ്റിപ്ര സദാനന്ദനും കടകംപള്ളി കുടവൂരില്‍ കെ വിശ്വനാഥനും കല്ലമ്പിള്ളിയില്‍ പി മോഹനും മണ്ണന്തലയില്‍ പി ബിജുവും ഉള്ളൂരില്‍ പട്ടം വാമദേവന്‍ നായരും മെഡിക്കല്‍ കോളേജ് ജങ്ഷനില്‍ പ്രൊഫ. ടി എന്‍ രാമന്‍പിള്ളയും കോവളം മണ്ഡലത്തിലെ പുതിയതുറയിലും പൂവാറിലും പി രാജേന്ദ്രകുമാറും വാഴമുട്ടത്ത് എം എം ഇബ്രാഹിമും പൂങ്കുളത്ത് ഗോപാലകൃഷ്ണന്‍ നായരും വെങ്ങാനൂരില്‍ പുല്ലുവിള സ്റ്റാന്‍ലിയും ബാലരാമപുരത്ത് വെങ്ങാനൂര്‍ ഭാസ്കരനും ശാന്തിവിളയില്‍ കല്ലിയൂര്‍ ശ്രീധരനും പുന്നമൂട്ടില്‍ വെങ്ങാനൂര്‍ ബ്രൈറ്റും ധര്‍ണ ഉദ്ഘാടനംചെയ്തു. പാറശാലയിലെ പാലിയോട്ടും നെയ്യാറ്റിന്‍കരയിലും എന്‍ രതീന്ദ്രനും പാറശാലയില്‍ കടകുളം ശശിയും മഞ്ചവിളാകത്ത് എ എം അന്‍സാരിയും നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ മാവിളക്കടവില്‍ സി കെ ഹരീന്ദ്രനും ചെങ്കവിളയില്‍ മധുസൂദനന്‍നായരും നെല്ലിമൂട്ടില്‍ കൊടങ്ങാവിള വിജയകുമാറും ധര്‍ണ ഉദ്ഘാടനംചെയ്തു. മറ്റ് കേന്ദ്രങ്ങളിലും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജനനേതാക്കള്‍ പങ്കെടുത്ത് സംസാരിച്ചു. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന ഈ ധര്‍ണയില്‍ പങ്കെടുത്ത എല്ലാ ജനങ്ങളെയും എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി അഭിവാദ്യംചെയ്തു.

deshabhimani

No comments:

Post a Comment