Thursday, February 27, 2014

എസ്ബിടി പ്യൂണ്‍ റാങ്ക്ലിസ്റ്റില്‍ ഭൂരിഭാഗവും അന്യസംസ്ഥാനക്കാര്‍

വര്‍ഷങ്ങള്‍ക്കുശേഷം നടന്ന എസ്ബിടി പ്യൂണ്‍ (സബോര്‍ഡിനേറ്റ് കേഡര്‍) തസ്തികയിലെ റാങ്ക് ലിസ്റ്റില്‍ ഭൂരിഭാഗവും അന്യസംസ്ഥാനക്കാര്‍. തസ്തികയിലേക്ക് നടത്തിയ പരീക്ഷയില്‍ മലയാളത്തെ ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. കഴിഞ്ഞ ദിവസമാണ് 566 പേരുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതില്‍ മുന്നൂറോളം പേര്‍ അന്യസംസ്ഥാനക്കാരാണ്.

കേരളത്തിനകത്ത് 761-ഉം കേരളത്തിന് പുറത്ത് 269-ഉം ഉള്‍പ്പെടെ 1030 ഒഴിവുകളാണ് ആകെയുള്ളത്. കേരളത്തില്‍നിന്നുമാത്രം 56,000 പേര്‍ നവംബര്‍ 24ന് നടന്ന പരീക്ഷയെഴുതി. ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഒഴിവുകളുടെ പകുതിയോളം പേരെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതില്‍ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരായതില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.

കാസര്‍കോട്- 4, കണ്ണൂര്‍- 23, വയനാട്- 10, കോഴിക്കോട്- 54, മലപ്പുറം- 39, പാലക്കാട്- 39, തൃശൂര്‍- 84, എറണാകുളം- 137, ഇടുക്കി- 13, കോട്ടയം- 83, പത്തനംതിട്ട- 46, ആലപ്പുഴ- 41, കൊല്ലം- 75, തിരുവനന്തപുരം- 113 എന്നിങ്ങനെയാണ് സംസ്ഥാനത്തെ ജില്ല തിരിച്ചുള്ള ഒഴിവ്. 5850-11,350 ആണ് ശമ്പള സ്കെയില്‍. സെപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ മൂന്നുവരെ ഓണ്‍ലൈന്‍ വഴി 1,16,000 പേര്‍ അപേക്ഷിച്ചു. ഫീസിനത്തില്‍ മാത്രം 1,13,37,550 രൂപയാണ് എസ്ബിടിക്ക് ലഭിച്ചത്.

എസ്എസ്എല്‍സി അടിസ്ഥാന യോഗ്യതയായ തസ്തികക്ക് പ്ലസ്ടു മുതല്‍ ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്ക് അപേക്ഷിക്കാനാകില്ല. ഐബിപിഎസ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍) ആണ് പരീക്ഷ നടത്തിയത്. നിരവധി പിശകുകളും ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്കുമാത്രം ഉത്തരമെഴുതാന്‍ കഴിയുന്ന ചോദ്യങ്ങളും പരീക്ഷയിലുണ്ടായിരുന്നെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ജില്ലാ അടിസ്ഥാനത്തില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും അഖിലേന്ത്യാതലത്തില്‍ നിശ്ചിത മാര്‍ക്ക് കണക്കാക്കി പട്ടിക തയ്യാറാക്കിയതും വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്.

ജില്ലാ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് പകരം ഒരുമിച്ച് ലിസ്റ്റ് തയ്യാറാക്കിയതിന് പിന്നില്‍ മലയാളികളല്ലാത്തവരെ തിരുകിക്കയറ്റാനുള്ള അധികൃതരുടെ താല്‍പ്പര്യമാണെന്ന് പറയപ്പെടുന്നു. ഒഴിവുകളില്‍ വിമുക്തഭടന്‍മാരും വികലാംഗരും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കുമുള്ള സംവരണവും പുതിയ പട്ടികയിലൂടെ അട്ടിമറിക്കപ്പെട്ടു. കേരളത്തിന്റെ സ്വന്തം ബാങ്കെന്ന് അവകാശപ്പെടുന്ന എസ്ബിടി മലയാളത്തെ ഒഴിവാക്കി ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യപേപ്പര്‍ തയ്യാറാക്കി പരീക്ഷ നടത്തുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എസ്ബിടി സ്റ്റാഫ് യൂണിയന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രേഖാമൂലം ഹെഡ് ഓഫീസില്‍ പരാതി നല്‍കിയിരുന്നു.

ആര്‍ ഹണീഷ്കുമാര്‍ deshabhimani

No comments:

Post a Comment