Thursday, April 3, 2014

സുനന്ദയുടെ മുറിപ്പാടുകള്‍ ചിത്രങ്ങളില്‍ വ്യക്തം

മരണശേഷമുള്ള സുനന്ദ പുഷ്കറിന്റെ ചിത്രങ്ങളില്‍ അവരുടെ കവിളിലും കൈത്തണ്ടയിലുമുള്ള കരുവാളിച്ച പാടുകള്‍ വ്യക്തം. കഴുത്തില്‍ വരിഞ്ഞുമുറുക്കിയത് പോലുള്ള പാടുമുണ്ട്. "ഇന്ത്യാ ലീഗല്‍" എന്ന വാരികയാണ് മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ഡല്‍ഹിയിലെ ലീല പാലസിലെ മുറിയില്‍ ജനുവരി 17നാണ് സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തരൂരിന്റെ ഐപിഎല്‍ കള്ളക്കളികള്‍ പുറത്താക്കുമെന്ന് മരണത്തിനുമുമ്പ് സോഷ്യല്‍മീഡിയ സൈറ്റുകളില്‍ വെളിപ്പെടുത്തിയിരുന്നു. തനിക്ക് ഒട്ടേറെ കാര്യം വെളിപ്പെടുത്താനുണ്ടെന്ന് ബര്‍ഖ ദത്ത്, നളിനി സിങ്, രാജീവ് കന്‍വല്‍ തുടങ്ങിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരോട് മരണത്തിന് തലേന്ന് അവര്‍ വിളിച്ചറിയിക്കുകയും ചെയ്തു. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മൂന്നംഗ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. അസ്വാഭാവിക മരണമുണ്ടാകുമ്പോള്‍ വ്യത്യസ്ത ആശുപത്രികളിലെ ഡോക്ടര്‍മാരുള്‍പ്പെട്ട സംഘമാണ് പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ല. അസ്വാഭാവികമരണമാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അല്‍പ്രാക്സ് എന്ന മരുന്ന് അമിത അളവില്‍ ശരീരത്തില്‍ എത്തിയതിനെ തുടര്‍ന്ന് വിഷമായി പരിണമിച്ച് മരണം സംഭവിച്ചേക്കാമെന്നാണ് നിഗമനം. പ്രാഥമികാന്വേഷണം നടത്തിയ സബ്ഡിവിഷണല്‍ മജിസ്ട്രേട്ട് ആത്മഹത്യ, കൊലപാതകം എന്നീ രണ്ടുസാധ്യതകള്‍ പരിശോധിക്കാനാണ് പൊലീസിനോട് നിര്‍ദേശിച്ചത്. എന്നാല്‍, അന്വേഷണനടപടികളിലേക്ക് കടക്കാതെ രാസപരിശോധനാഫലത്തിന് കാത്തിരിക്കാനായിരുന്നു പൊലീസിന്റെ തീരുമാനം.

ഒരാഴ്ചമുമ്പ് രാസപരിശോധനാഫലം വന്നപ്പോള്‍ സ്ഥിതി സങ്കീര്‍ണമായി. അല്‍പ്രാക്സ് മരുന്ന് സുനന്ദയുടെ ശരീരത്തില്‍ ഇല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നത്. മുറിയില്‍നിന്ന് കണ്ടെടുത്ത ഒഴിഞ്ഞ അല്‍പ്രാക്സ് സ്ട്രിപ്പുകള്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ ബോധപൂര്‍വം വച്ചതാണോയെന്ന ചോദ്യമാണ് ഉയരുന്നത്. സുനന്ദയുടെ ശരീരത്തില്‍ പതിനഞ്ചോളം മുറിപ്പാടുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുകൈത്തണ്ടകളിലുമായി ആഴത്തില്‍ കടിയേറ്റ പാടും കുത്തിവയ്പിന്റെ പാടുമുണ്ട്. കഴുത്തിലും കവിളിലും മുറിപ്പാടുകളുണ്ട്. ഇതെങ്ങനെ സംഭവിച്ചെന്നതിന് വിശദീകരണമില്ല. മരണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ സുനന്ദയും തരൂരും തുടര്‍ച്ചയായി വഴക്കിട്ടതിന് സാക്ഷികള്‍ നിരവധി. മുറിപ്പാടുകള്‍ വ്യക്തമാക്കുന്ന സുനന്ദയുടെ മരണശേഷമുള്ള ചിത്രങ്ങള്‍കൂടി പുറത്താകുന്നതോടെ തരൂര്‍ കൂടുതല്‍ പ്രതിരോധത്തിലാകുകയാണ്.

deshabhimani

No comments:

Post a Comment