Sunday, August 16, 2015

ദേശീയ പണിമുടക്കിന്റെ രാഷ്ട്രീയം 3

'ഐ.ടി.മേഖലയിലെ ജോലി-അതിന്‍റെ നൊമ്പരം' എന്ന കുറിപ്പില്‍ 'ദിഹിന്ദു'വിന്‍റെ ലേഖിക അഞ്ചു ശീവാസിന്‍റെ ഒരു കുറിപ്പുണ്ട് (ഡിസം:30:2013) കഴിഞ്ഞ 3 വര്‍ഷമായി ഐ.ടി.മേഖലയില്‍ "കൂലികൊടുക്കാതെ നിലനിര്‍ത്തിയിരിക്കുന്ന ബിരുദധാരികളുടെ പടയാണുള്ളതെന്ന്" അവര്‍ നിരീക്ഷിക്കുന്നു! കാമ്പസ് റിക്രൂര്‍ട്ട്മെന്‍റിന്‍റെ മായികപ്രപഞ്ചത്തില്‍ കരകാണാതെ തപ്പിത്തടയുന്ന ഇന്ത്യന്‍ ബിരുദധാരികളുടെ ദയനീയ ചിത്രമാണ് അഞ്ചുവിന്‍റെ കുറിപ്പിലുള്ളത്. അത് ഏതാണ്ടിങ്ങനെയാണ്..

2013 മാര്‍ച്ച് 4നാണ് സംഭവം. ഇന്ത്യന്‍ ഐ.ടി. വ്യവസായ മേഖലയിലുണ്ടായ ഏറ്റവും വലിയ പ്രതിഷേധ പ്രകടനമായി അതിനെ കാണാം. എച്.സി.എല്‍ എന്ന ഐ.ടി.കമ്പനിക്കു മുമ്പില്‍ നൂറു കണക്കിന് പുതിയ എഞ്ചിനീയറിംഗ് ബിരുദധാരികളായ ചെറുപ്പക്കാര്‍ ഒരുമിച്ചുചേര്‍ന്ന് ഉന്നയിച്ച ആവശ്യം "ഞങ്ങള്‍ക്ക് നിങ്ങള്‍ തന്ന തൊഴില്‍ വാഗ്ദാനം പാലിക്കൂ" എന്നായിരുന്നു! രണ്ടു വര്‍ഷം മുമ്പാണ് അവര്‍ക്കെല്ലാം കമ്പനി തൊഴില്‍ 'വാഗ്ദാനം' ചെയ്തുകൊണ്ടുള്ള കത്തുകള്‍ നല്‍കിയത്! കൃത്യമായി പറഞ്ഞാല്‍ 2011 സെപ്റ്റംബറില്‍! പഠിച്ചിറങ്ങിയിട്ട് 2 വര്‍ഷം കഴിഞ്ഞിട്ടും, വാഗ്ദാനം ആവര്‍ത്തിച്ചു കൊണ്ടിരുന്നതല്ലാതെ തൊഴില്‍ മാത്രം അവര്‍ നല്‍കിയില്ല! മറ്റെവിടെയും തൊഴില്‍ സ്വീകരിക്കാനാവാതെ തങ്ങളെ കുരുക്കിയിട്ടിരിക്കുന്ന ഒഇഘ കമ്പനിക്കെതിരെ പൊട്ടിത്തെറിച്ച യുവ എഞ്ചിനീയര്‍മാര്‍ക്ക് ഈ അനന്തമായ കാത്തിരിപ്പിന് കമ്പനി എന്തെങ്കിലും നഷ്ടപരിഹാരം നല്‍കിയോ? ഇല്ല. 2013 ഒക്ടോബറില്‍ പുതിയൊരു ബാച്ചിനെ കമ്പനി ഇങ്ങനെ ഓഫര്‍ നല്‍കി 'വാങ്ങിവെച്ച'പ്പോള്‍ രണ്ടു വര്‍ഷമായി ഓഫറുമായി കാത്തിരിക്കുന്നവരെ കമ്പനി നിരാകരിക്കുകയാണ്! അവരുടെ 'യോഗ്യത പോരെ'ന്നാണ് കമ്പനിയുടെ ഇപ്പോഴത്തെ വാദം! ഈ പ്രവണത ഇന്ത്യന്‍ ഐ.ടി.വ്യവസായത്തിന്‍റെ മുഴുവന്‍ മുഖമുദ്രയായിക്കഴിഞ്ഞു എന്നാണ് ലേഖിക കൂട്ടിച്ചേര്‍ക്കുന്നത്! ആരാണീ കാപട്യത്തെ സാര്‍വത്രികവല്‍ക്കരിച്ചത്! കടം വാങ്ങി എഞ്ചിനീയറിംഗ് പഠിക്കാന്‍ പ്രേരിപ്പിച്ചവരോട് ഈ ചോദ്യം ചോദിക്കേണ്ടതല്ലേ? അഞ്ചുശ്രീവാസ് തുടരുന്നു...... എന്ന ഐ.ടി.ഭീമന്‍റെ 'റൊട്ടേഷന്‍ പോളിസി'യേക്കുറിച്ച്... കൂടുതല്‍ ഭീകരമായ മനുഷ്യാവകാശലംഘനത്തിന്‍റെ കഥയാണത്.. അവര്‍ ജീവനക്കാരെ വിദേശത്തേക്കയക്കുന്നത് "യാതൊരു മുന്നറിയിപ്പുമില്ലാതെ മടങ്ങാന്‍ തയ്യാറായിരിക്കണമെന്ന" കരാറിലാണത്രെ. പിറന്നുവീണ് ദിവസങ്ങള്‍ക്കകം  തന്‍റെ കുഞ്ഞിനേയും കുടുംബത്തെയും കൂട്ടി വിമാനം കയറേണ്ടിവന്നവരുടെ എത്രയെത്ര കഥകള്‍!

ഇന്‍ഫോസിസ് കമ്പനി അമേരിക്കന്‍ ഗവണ്‍മെന്‍റിന് 34 ദശലക്ഷം ഡോളര്‍ പിഴയടച്ചത് ഈയിടെയാണ്.. സന്ദര്‍ശനവിസയില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രോഗ്രാമര്‍മാരെ അമേരിക്കയില്‍ എത്തിച്ച് പണിയെടുപ്പിച്ച വെട്ടിപ്പിനായിരുന്നു ആ പിഴ! അതങ്ങനെ തുടരുമ്പോള്‍ 2013 ഒക്ടോബറില്‍ കര്‍ണാടക സര്‍ക്കാര്‍ ഐ.ടി.മേഖലയെ സമസ്ത തൊഴില്‍ നിയമങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്! 14 മണിക്കൂര്‍ വരെ ജോലി ചെയ്യിപ്പിക്കുന്ന; ബി.പി.ഒ.തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് പകുതി വേതനം മാത്രം നല്‍കുന്ന; യാതൊരു കാരണവുമില്ലാതെ പുറത്താക്കപ്പെടുന്ന രീതി നിലനില്‍ക്കുന്ന ഐ.ടി.മേഖലയിലാണ് തൊഴില്‍ നിയമങ്ങള്‍ വേണ്ടതെന്നിരിക്കെയാണ്, സര്‍ക്കാരിന്‍റെ ഈ നടപടി എന്ന് ലേഖിക നമ്മെ ഓര്‍മ്മിപ്പിക്കുന്നു! "സാങ്കേതിക വിദ്യാരംഗം ഏറ്റവും കുറഞ്ഞ കൂലിയെന്ന മല്‍സര ഓട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന്" അവര്‍ എഴുതുന്നു! ഐ.ടി.യെന്ന മഹാപ്രതീക്ഷ ഒരു 'നിര്‍ദ്ദോഷമായ വഞ്ചന' ആയിന്നുവെന്നും, ആ വഞ്ചനയില്‍ നാം മയങ്ങി ഉറങ്ങുകയാണെന്നും അവര്‍ പറയുന്നു. "കമ്പോള സമ്പദ്വ്യവസ്ഥ ഒരു നിര്‍ദ്ദോഷമായ കാപട്യം" എന്ന ഹാര്‍വാര്‍ഡ് സാമ്പത്തികശാസ്ത്രകാരന്‍റെ നിരീക്ഷണത്തെ ശരിവയ്ക്കുന്ന പരിണാമമാണ് ഐ.ടി.യുടെ മേല്‍ നാം കെട്ടിപ്പൊക്കുന്ന പ്രതീക്ഷകളെന്ന് ഹിന്ദു ലേഖിക ഉറപ്പിച്ചു പറയുമ്പോള്‍ അത് നമുക്കുള്ള ഏറ്റവും പക്വമായ മുന്നറിയിപ്പാണ്! ആ മുന്നറിയിപ്പ്, ഒരു പാഠമാണ്! നമുക്ക് വേണ്ടത് മാന്യമായ ജീവിതമാണ്... അത് നല്‍കുവാന്‍ വേണ്ടുന്ന നയങ്ങളാണ്... അതിന് തയ്യാറുള്ള രാഷ്ട്രീയമാണ്... ഇന്ത്യൻ തൊഴിലാളി വർഗ്ഗം ഒന്നിച്ച് നിന്ന് ഈ വിഷയം ഉന്നയിക്കുകയാണ് ദേശീയ പണിമുടക്കിലൂടെ .. അത് വിളിച്ചു പറയാൻ മടിയെന്തിനാണു്..?

കടപ്പാട്: People Against Globalisation/അജയൻ

1 comment:

  1. അമേരിക്ക ഇന്ത്യക്കാര്‍ക്ക് കൊടുത്തുകൊണ്ടിരിക്കുന്ന പുതിയ ഓപിയം ലഹരി ആണ് ഐ ടി എന്ന ബിസിനസ്‌ പ്രതിഭാസം. ഈ ലഹരിയില്‍ വീണ ഇന്ത്യ പുതിയ അടിമത്തം ഏറ്റു വാങ്ങി കഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ ഐ ടി കമ്പനികള്‍ക്ക് അമേരിക്ക ജോലി കൊടുക്കുന്നത് വെട്ടി കുറച്ചാല്‍ ഇന്ത്യന്‍ ഐ ടി കമ്പനികളുടെ സ്ഥിതി എന്താകും എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഐ ടി അല്ലാതെ ഒരു മേഖലയിലും ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് വൈദഗ്ധ്യം ഇല്ല എന്ന് വേണമെങ്കില്‍ പറയാം. ഐ ടി യില്‍ തന്നെ അത് ശരിയായ രീതിയില്‍ അല്ല എന്നത് വേറൊരു കാര്യം. ഇന്ത്യന്‍ ഐ ടി കമ്പനികള്‍ അമേരിക്ക വച്ച് നീട്ടിയ ഔദാര്യത്തിന്റെ നിജ സ്ഥിതി അറിയാതെ തുള്ളുന്നു എന്ന് വേണമെങ്കില്‍ കരുതാം.

    ReplyDelete